অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ന്യൂമോണിയ അപകടകാരിയാണ്; ശ്രദ്ധിക്കുക

ശ്വാസകോശത്തില്‍ ഉണ്ടാകുന്ന അണുബാധയുളളതാണ് ന്യുമോണിയ എന്ന് പറയുന്നത്. അപകടകരമായ ഒരു രോഗമാണ് ഇത്. സാധാരണയായി ബാക്ടീരിയ, വൈറല്‍, അല്ലെങ്കില്‍ ഫംഗസ് മുതലായവയിലൂടെയാണ് ന്യുമോണിയായുടെ അണുബാധ ഉണ്ടാകുന്നത്.

ലോകത്ത് ഒട്ടേറെ കുഞ്ഞുങ്ങള്‍ ന്യൂമോണിയ പിടിപ്പെട്ട് മരണപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ രോഗത്തെ ഭയപ്പെടേണ്ടതാണ്. തുടക്കത്തിലേ ശ്രദ്ധിച്ചാല്‍ ന്യൂമോണിയയില്‍ നിന്ന് രക്ഷനേടാം

രോഗം വരുന്ന വഴി

മഴക്കാലത്തും മഞ്ഞുകാലത്തുമാണ് ന്യൂമോണിയയുടെ ആക്രമണം കൂടുതലായി കാണപ്പെടുന്നത്. ജലദോഷം അഥവാ ഇന്‍ഫ്‌ളുവന്‍സയെ തുടര്‍ന്നും ന്യൂമോണിയ പിടിപെടാം. മറ്റേതെങ്കിലും രോഗചികിത്സയ്ക്കായി ആസ്പത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികള്‍ക്ക് അവിടെവെച്ച് ന്യൂമോണിയ ഉണ്ടാവാന്‍ സാധ്യതയുണ്ട്.
ഹോസ്പിറ്റല്‍ അക്വയര്‍ഡ് ന്യൂമോണിയ എന്ന ഈ രോഗം വൃദ്ധജനങ്ങള്‍ക്ക് വേഗം പിടിപെടുന്നു. മാത്രമല്ല, ഇത് ഗുരുതരമാവാനുള്ള സാധ്യതയും അധികമാണ്. നെഞ്ചിന്റെയുും വയറിന്റെയും മറ്റും ശസ്ത്രക്രിയ കഴിഞ്ഞുകിടക്കുന്നവര്‍ക്കും അബോധാവസ്ഥയില്‍ കഴിയുന്നവര്‍ക്കുമാണ് ഇത്തരം ന്യൂമോണിയ വരാന്‍ അധികം സാധ്യത.

ലക്ഷണങ്ങള്‍

കടുത്തപനി, കുളിരും വിറയലും ശക്തിയായ ചുമ, കഫക്കെട്ട്, നെഞ്ചുവേദന, ശ്വാസതടസ്സം മുതലായവയാണ് ന്യൂമോണിയയുടെ സാധാരണ ലക്ഷണങ്ങള്‍. എന്നാല്‍, പ്രായമായവരില്‍ മേല്‍പറഞ്ഞ ലക്ഷണങ്ങളെല്ലാം കാണണമെന്നില്ല.
ഇക്കൂട്ടരില്‍ വെറും പനി, ക്ഷീണം, തളര്‍ച്ച, ചെറിയ ചുമ എന്നീ രോഗലക്ഷണങ്ങള്‍ മാത്രമായി പ്രകടമാവുന്നതിനാല്‍ ന്യൂമോണിയ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുകയും മാരകമായിത്തീരുകയും ചെയ്യാറുണ്ട്. ശരിയായ ചികിത്സ ആരംഭത്തില്‍ത്തന്നെ ലഭിച്ചില്ലയെങ്കില്‍ ന്യൂമോണിയ മൂര്‍ഛിക്കുകയും ഹൃദയം, മസ്തിഷ്‌കം, വൃക്ക മുതലായ പ്രധാന അവയവങ്ങളെക്കൂടി ബാധിക്കുകയും ചെയ്യുന്നു.

ചികിത്സ

രോഗകാരികളായ അണുക്കളെ കൃത്യമായി കണ്ടെത്തി ഉചിതമായ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് ചികിത്സിച്ചാല്‍ ന്യൂമോണിയ പൂര്‍ണമായും ഭേദമാക്കാം. പൂര്‍ണ ആരോഗ്യമുള്ളവര്‍ക്ക് ന്യൂമോണിയ വന്നാല്‍ ആശുപത്രികളില്‍ കിടത്തി ചികിത്സിക്കേണ്ടിവരാറില്ല. എന്നാല്‍, പ്രായാധിക്യമുള്ളവരെ നിര്‍ബന്ധമായും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതാണ്.
കൃത്യസമയത്ത് കണ്ടെത്തി ചികിത്സിച്ചാന്‍ പൂര്‍ണ്ണമായും സുഖപ്പെടുത്താവുന്ന രോഗം തന്നെയാണ് ന്യൂമോണിയ. എന്നാല്‍ ചുമയും ജലദോഷവും പലപ്പോഴും രോഗമായി പരിഗണിക്കാത്ത നമ്മള്‍ വീട്ടുമാത്ത കഫക്കെട്ട് പലപ്പോഴും ന്യൂമോണിയാണെന്ന് അറിയുമ്പോഴേക്കും ഏറെ വൈകിയിരിക്കും.

ന്യൂമോണിയ കുട്ടികളില്‍

ഇന്ത്യയില്‍ അഞ്ചുവയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണത്തിനു ഏറ്റവും മുന്നിലായി നില്‍ക്കുന്ന കാരണം ന്യൂമോണിയാണ്. ആദ്യം സാധരണ ചുമയും ജലദോഷവുമെല്ലാമായി പരിഗണിക്കുന്ന ന്യൂമോണിയ പലപ്പോഴും കുട്ടികളുടെ മരണത്തിനു പോലും വഴിവയ്ക്കാറുണ്ട്.
പൂര്‍ണ്ണ വളര്‍ച്ചയെത്തിയ വ്യക്തിയെക്കാള്‍ കുട്ടികള്‍ രോഗപ്രതിരോധ ശക്തി തീരെ കുറവായിരിക്കും എന്നത് തന്നെയാണ് ബാക്ടീരിയ മൂലം പകരുന്ന ഈ രോഗം കുട്ടികളെ കൂടുതല്‍ ആക്രമിക്കാനുള്ള പ്രധാനകാരണം.
യുനിസെഫ് (UNICEF) കണക്കുകള്‍ പ്രകാരം ഒരു ദിവസം 2,500 കുഞ്ഞുങ്ങള്‍ ന്യൂമോണിയ മൂലം മരിക്കുന്നുണ്ട്. ലോകത്താകമാനം ന്യൂമോണിയ മൂലം കുട്ടികല്‍ക്കുണ്ടാകുന്ന മരണങ്ങളില്‍ 20% ഇന്ത്യയിലാണ്. രോഗപ്രതിരോധ ശക്തികുറഞ്ഞ കുട്ടികളിലാണ് ന്യൂമോണിയ കൂടുതല്‍ അപകടകാരിയായി മാറുന്നത്. പലതരം രോഗാണുക്കള്‍ ഈ വിധം കുട്ടികളില്‍ ന്യമോണിയ ഉണ്ടാക്കുന്നുണ്ട്. ഇവ ന്യൂമോകോക്കസ്, സ്റ്റഫിലോകോക്കസ്, ക്ലമീഡിയ, മൈകോപ്ലാസ്മ, ക്ലെപ്‌സിയെല്ലാ, ന്യൂമോസിസ് എന്നിങ്ങനെ അറിയപ്പെടുന്നു.

കുട്ടികളിലെ ലക്ഷണങ്ങള്‍

ശ്വസനത്തിനുള്ള ബുദ്ധിമുട്ട് കുട്ടികളില്‍ കാണുന്ന ന്യൂമോണിയായുടെ പ്രധാന ലക്ഷണം. തുടര്‍ച്ചയായ ചുമയും ഇടവിട്ടുള്ള പനിയും ന്യൂമോണിയായുടെ മറ്റൊരു ലക്ഷണമാണ്. നിര്‍ജ്ജലീകരണമാണ് മറ്റൊരു പ്രധാന ലക്ഷം കുട്ടികളുടെ ശരീരത്തില്‍ ജലാംശം പൂര്‍ണ്ണമായി ഇല്ലാതെയാക്കാന്‍ ന്യൂമോണിയ കാരണമാകുന്നു. രോഗവസ്ഥയിലുള്ള കുട്ടി ചുമയ്ക്കുമ്പോള്‍ ഛര്‍ദ്ദിക്കുന്നതും ന്യമോണിയായുടെ പ്രധാന ലക്ഷണമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുട്ടികള്‍ക്കാവശ്യമായ എല്ല കുത്തിവയ്പ്പുകളും കൃത്യസമയത്ത് ചെയ്യുക എന്നത് തന്നെയാണ് ന്യൂമോണിയായെ പ്രതിരോധിക്കാനുള്ള ആദ്യ നടപടി അതോടെപ്പം അവരുടെ ഭക്ഷണക്രമത്തിലും നല്ല ശ്രദ്ധ പുലര്‍ത്തണം. നവജാതശിശുക്കള്‍ക്ക് ആറ് മാസത്തെക്ക് മുലപാല്‍ മാത്രം നല്‍കുകയും ആറുമാസത്തിന് ശേഷം മാത്രം സമീകൃത ആഹാരത്തോടൊപ്പം അമ്മയുടെ പാലും നല്കു. നല്ല രീതിയിലുള്ള ഭക്ഷണം ലഭിക്കുന്നതിലൂടെ കുട്ടികളിലെ രോഗപ്രതിരോധ ശക്തി വര്‍ദ്ധിക്കുകയും രോഗം പരത്തുന്ന വൈറസുകളുടെ ആക്രമണത്തെ ചെറുക്കാന്‍ കുട്ടികള്‍ പ്രാപ്തരാവുകയും ചെയ്യുന്നു.
അതുപോലെ തന്നെ മുലയൂട്ടുന്ന അമ്മമാരുടെ ശുചിത്വമുള്ള ജീവിതശൈലി സ്വീകരിക്കണം. മാതാപിതാക്കന്മരുടെ ശ്രദ്ധകുറവും പലപ്പോഴും അണുബാധയ്ക്ക് കാരണമാകാം. കുഞ്ഞുങ്ങള്‍ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. മുന്‍ കരുതലുകള്‍ എടുക്കുന്നതു പോലെ തന്നെ വീട്ടുവൈദ്യം ഒഴിവാക്കി കുട്ടികള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്പോള്‍ ഡോക്ടര്‍മാരുടെ സേവനം തേടാന്‍ മടികാണിക്കരുത്.
വാര്‍ദ്ധക്യത്തില്‍ ന്യൂമോണിയ
വാര്‍ധക്യസഹജമായ രോഗങ്ങളില്‍ ഏറ്റവും സാധാരണവും പലപ്പോഴും മാരകവുമായ രോഗമാണ് ന്യൂമോണിയ. മുന്‍കാലങ്ങളില്‍ 80 വയസ്സിനുമേല്‍ പ്രായമുള്ളവര്‍ക്ക് ന്യൂമോണിയ ബാധിച്ചാല്‍ അത് മരണത്തിലേ കലാശിക്ക ൂ. എന്നാല്‍ ഇന്ന് ശക്തിയേറിയ ആന്റിബയോട്ടിക്കുകളുടെ വരവോടെ സ്ഥിതി മാറി.
ശ്വാസകോശത്തിന്റെ ഉള്‍ഭാഗത്ത് സിലിയ എന്ന ഒരിനം നേരിയ തന്തുക്കളുണ്ട്. അവ ശ്വാസകോശത്തിന്റെ ഉള്ളിലേക്ക് കടക്കുന്ന രോഗാണുക്കളെ പുറംതള്ളുന്നു. പ്രായമേറുന്നതോടെ ഇവയുടെ പ്രവര്‍ത്തനം മന്ദീഭവിക്കുകയും ശ്വാസകോശത്തിന്റെ സ്വതഃസിദ്ധമായ പ്രതിരോധശക്തി ക്ഷയിക്കുകയും ചെയ്യുന്നു. പുകവലി ഈ സിലിയകള്‍ക്ക് സാരമായ കേടുവരുത്തുന്നു. സാധാരണഗതിയില്‍ ശ്വാസനാളത്തിലേക്ക് കടക്കുന്ന പദാര്‍ഥങ്ങളെ ഫലപ്രദമായി ചുമച്ചു പുറംതള്ളാന്‍ ശ്വാസകോശത്തിനു കഴിവുണ്ട്.
എന്നാല്‍ അബോധാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്കും വാര്‍ധക്യസഹജമായ രോഗങ്ങളുള്ളവര്‍ക്കും മറ്റും ഇത്തരത്തില്‍ ചുമയ്ക്കാനുള്ള കഴിവ് കുറയുന്നതിനാല്‍ ന്യൂമോണിയ പിടികൂടുന്നു. വാര്‍ധക്യത്തില്‍ സാധാരണമായ ക്രോണിക് ബ്രോങ്കൈറ്റിസ്, പ്രമേഹം, പോഷകാഹാരക്കുറവ്, അര്‍ബുദം,ഹൃദ്രോഗം മുതലായ രോഗങ്ങളും ന്യൂമോണിയയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഇങ്ങനെയുള്ളവരില്‍ പലപ്പോഴും ന്യൂമോണിയ ഗുരുതരവും മാരകവുമാകുന്നു.
മുന്‍കരുതലും ആവശ്യമാണ്
പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം ന്യൂമോണിയ തടയാന്‍ നമ്മുടെ ഭാഗത്ത് നിന്നും മുന്‍കരുതല്‍ ആവശ്യമാണ്. ഭക്ഷം കഴിക്കുന്നതി മുന്‍പും ജോലികള്‍ ചെയ്യ്തതിന് ശേഷവും സോപ്പുപയോഗിച്ച് കൈകള്‍ കഴുകുന്നത് ഒരു പതിവാക്കി നമ്മള്‍ മാറ്റണം.
മൂക്ക് ചീറ്റുമ്പോഴും തുമ്മുമ്പോഴും തൂവലകള്‍ ഉപയോഗിക്കുന്നത് രോഗാണുക്കളുടെ വ്യാപനം തടയും. പുകവലി പൂര്‍ണ്ണമായി ഉപേക്ഷിക്കുന്നത് ന്യൂമോണിയായെ തടയും. അതുപോലെ ശരീരത്തിന്റെ പ്രതിരോധശക്തി കൂട്ടുന്നതിനും ആരോഗ്യകരമായ ജീവിതത്തനും ആഴ്ച്ചയില്‍ അഞ്ച് ദിവസമെങ്കിലും വ്യായാമം ചെയ്യുന്നതും നമ്മള്‍ സ്വയം ചെയ്യാവുന്ന മുന്‍ കരുതലുകളില്‍ പെടുന്നവയാണ്.
പ്രായഭേതനമ്യ ആരിലും കടന്നു കൂടാന്‍ സാധ്യതയുള്ളതാണ് ന്യൂമോണിയായുടെ വൈറസുകള്‍. ശുചിത്വമുള്ള ജീവിതത്തിലൂടെയും പ്രതിരോധ മരുന്നുകളിലൂടെയും മാത്രമാണ് ന്യൂമോണിയായെ നമ്മുക്ക് തടഞ്ഞു നിര്‍ത്താന്‍ സാധിക്കൂ.
കടപ്പാട്:boldsky.com

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate