অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഇലുമ്പന്‍ പുളി കഴിക്കാന്‍ തുടങ്ങിയോ? എങ്കില്‍ അറിയാൻ

ഇലുമ്പന്‍ പുളി കഴിക്കാന്‍ തുടങ്ങിയോ? എങ്കില്‍ അറിയാൻ

പ്രകൃതിയില്‍ നിന്നുള്ള എല്ലാം വിഷവിമുക്തമാണെന്നും കണ്ണുമടച്ച്‌ വിശ്വസിക്കാം എന്നും ധരിച്ചുവെച്ചിരിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരളത്തിലെ പ്രമുഖരായ ഡോക്ടര്‍മാര്‍. പ്രകൃതിയില്‍ നിന്നു കിട്ടുന്ന എല്ലാ വസ്തുക്കളും അപ്പാടെ വിഴുങ്ങലല്ല ശരിയായ രീതി. അവയില്‍ നിന്നും ഉപയോഗപ്രദമായ വസ്തു മാത്രം വേര്‍തിരിച്ചെടുത്തു അതു മാത്രം ശരിയായ അളവില്‍ കഴിക്കുക എന്നതാണ് ശാസ്ത്രീയമായ, സുരക്ഷിതമായ രീതിയെന്നും ഇന്‍ഫോക്ലിനിക്കിന്റെ പുതിയ കുറിപ്പില്‍ പറയുന്നു.
ഇന്‍ഫോ ക്ലിനിക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
പ്രകൃതിദത്തമായത് എന്ന ഒരു വാക്ക് കേട്ടാല്‍ ഏതു കൊടും വിഷവും മടികൂടാതെ കഴിക്കാം എന്ന അവസ്ഥയിലാണ് ഇന്ന് സമൂഹം എത്തി നില്‍ക്കുന്നത്.
വ്യാജ വൈദ്യന്മാര്‍ മരുന്നു മാഫിയ എന്ന സാങ്കല്‍പ്പിക ഭൂതത്തെ തുറന്നു വിട്ടു അതിനു പിന്നിലൂടെ പടുത്തുയര്‍ത്തിയ ഒരു അന്ധവിശ്വാസമാണ് ഈ പ്രകൃതി പ്രേമത്തിന് പിന്നില്‍.
സത്യത്തില്‍ പ്രകൃതിയില്‍ നിന്നു ലഭിക്കുന്നവയെല്ലാം ആരോഗ്യസംരക്ഷണത്തിനു ഉതകുന്നവയാണോ?
പ്രകൃതിയിലൂടെ ഒന്നു കണ്ണോടിച്ചാല്‍ ഈ ചോദ്യത്തിനുള്ള ഉത്തരം എളുപ്പം ലഭിക്കും.
Hemlock എന്ന പേര് പലരുടേയും ഓര്മ്മിയില്‍ കാണും. ഒരു ചെടിയില്‍ നിന്നു ഉല്പ്പാദിപ്പിക്കുന്ന മാരകമായ വിഷമാണ് Hemlock. സോക്രട്ടീസിന്റെ വധശിക്ഷ നടപ്പാക്കിയത് ഹെംലോക്ക് കുടിപ്പിച്ചായിരുന്നു എന്നാണ് ചരിത്രം പറയുന്നതു .
കാഞ്ഞിരക്കായ കണ്ടിട്ടില്ലേ? മരത്തില്‍ നില്‍ക്കുന്നത് കാണാന്‍ എന്തു ഭംഗിയാണ് ! എന്നാല്‍ അതിനകത്തെ കുരു നല്ല ഉഗ്ര വിഷമാണ് എന്നു അറിയാത്തവര്‍ കുറവായിരിക്കും..
കുന്നിക്കുരു; ഹാ, ഭംഗിയുടെ പര്യായം. വിഷമാണ് എന്നു അറിയാമല്ലോ.. അതു പോലെ മഞ്ഞ അരളി/ കോളാമ്ബി എന്നറിയപ്പെടുന്ന ചെടിയുടെ കായ. കാണാന്‍ കൊള്ളാം…തിന്നു കഴിഞ്ഞാല്‍ ഹൃദയം പണിമുടക്കും… കഞ്ചാവ് ചെടി വളരുന്നതും പ്രകൃതിയില്‍ ആണല്ലോ…
ഇനിയുമുണ്ട് .. ഉമ്മത്തിന്‍ കായ…. അമിതമായി കഴിച്ചാല്‍ വിഷമാണ്.. എന്നാല്‍ ഈ വിഷക്കായ ആധുനിക വൈദ്യം മാനവരാശിക്ക് ഉപകാരപ്രദമായ രീതിയില്‍ വിനിയോഗിക്കുന്നുണ്ട്.. ഒരുപാട് ഉപയോഗങ്ങള്‍ ഉള്ള ഒരു മരുന്ന് ഇതില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.. അതാണ് പ്രകൃതി വാദികളും ശാസ്ത്രവും തമ്മിലുള്ള വ്യത്യാസം…
പ്രകൃതിയില്‍ നിന്നു കിട്ടുന്ന എല്ലാ വസ്തുക്കളും അപ്പാടെ വിഴുങ്ങലല്ല ശരിയായ രീതി. അവയില്‍ നിന്നും ഉപയോഗപ്രദമായ വസ്തു മാത്രം വേര്‍തിരിച്ചെടുത്തു അതു മാത്രം ശരിയായ അളവില്‍ കഴിക്കുക എന്നതാണ് ശാസ്ത്രീയമായ, സുരക്ഷിതമായ രീതി.
പ്രകൃതിയിലെ വിഷ വസ്തുക്കളുടെ കാര്യമാണ് ഈ പറഞ്ഞത്. എന്നാല്‍ വിഷം അല്ലാത്ത, സാധാരണ നമ്മള്‍ കഴിക്കുന്ന വസ്തുക്കളുടെ സ്ഥിതി എന്താണ്?
അമിതമായാല്‍ അമൃതും വിഷം എന്നാണല്ലോ ചൊല്ല് ? അതു ഇവിടെയും ബാധകമാണ്.
ഒരു ഉദാഹരണം പറയാം. ഫ്രൂട്സ് ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്! എന്നാല്‍ കിഡ്‌നി രോഗം കലശലായ ഒരാള്‍ കുറെ ഫ്രൂട്സ് ഒറ്റയടിക്ക് അകത്താക്കിയാല്‍ ഒരു ജീവന്‍ എടുക്കാന്‍ ആ ഫ്രൂട്സ് മതിയാകും.
എങ്ങനെയെന്നല്ലേ?
ഫ്രൂട്സ്സില്‍ പൊട്ടാഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. തകരാറിലായ ഒരു കിഡ്‌നിക്കു ആരോഗ്യമുള്ള കിഡ്‌നിയെ പോലെ ശരീരത്തില്‍ അമിതമായി എത്തുന്ന പൊട്ടാഷ്യം മൂത്രം വഴി പുറംതള്ളാന്‍ കഴിയില്ല. ഫലമോ. പൊട്ടാഷ്യത്തിന്റെ അളവ് രക്തത്തില്‍ ക്രമാതീതമായി കൂടും. അതു ഹൃദയസ്തംഭനത്തിനു കാരണമായി രോഗി മരിച്ചു പോവാം.
ഞാനറിയുന്ന ഒരാളുടെ ബന്ധു, സ്വന്തം രക്തം ടെസ്റ്റ് ചെയ്തപ്പോഴാണ് കൊളസ്ട്രോളും ചില കൊഴുപ്പംശങ്ങളും കൂടുതലാണ് എന്നറിയുന്നത്. കുറച്ചുനാള്‍ പഥ്യം നോക്കിയിട്ട് ശരിയാകുന്നില്ലെങ്കില്‍ മരുന്ന് കഴിക്കേണ്ടി വരും എന്ന് ഡോക്ടര്‍ പറഞ്ഞു. അപ്പോഴാണ് ആരോ പറഞ്ഞത്, കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് ഇലുമ്ബന്‍ പുളി നല്ലതാണെന്ന്.
ദിവസവും ഒരു ഗ്ലാസ് ഇരുമ്ബന്‍ പുളി ജ്യൂസ് അദ്ദേഹം അകത്താക്കാന്‍ തുടങ്ങി. നാലു ദിവസം കഴിഞ്ഞതേയുള്ളു. ഛര്‍ദ്ദി, വിശപ്പില്ലായ്മ, ക്ഷീണം… ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ ക്രിയാറ്റിനില്‍ വളരെ ഉയര്‍ന്നിരിക്കുന്നു. രണ്ട് വൃക്കകളും പൂര്‍ണ്ണചമായും പണിമുടക്കിയിരിക്കുന്നു. താല്‍ക്കാലികമായി ഡയാലിസിസ് ചെയ്ത് ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു. ഭാഗ്യവശാല്‍ വൃക്കകളുടെ പ്രവര്‍ത്തനശേഷി പതിയെ വീണ്ടെടുത്തു.
ഇതുപോലുള്ള പത്തു രോഗികള്‍ ഇലുമ്ബന്‍ പുളി ജ്യൂസ് കുടിച്ച്‌ കിഡ്നി ഫെയിലിയര്‍ ഉണ്ടായതായി ഇന്ത്യന്‍ വൃക്ക ജേര്‍ണ്ണലില്‍ റിപ്പോര്‍ട്ടുണ്ട്, (2013). പത്തുപേരും കേരളത്തില്‍ നിന്നുള്ളവരാണ്. കേരളത്തിലെ പല ആശുപത്രികളില്‍ നിന്നും ഈയിടെയായി ഇത്തരം കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
എന്നാല്‍ ശരിക്കും ഇലുമ്ബന്‍ പുളിക്ക് കൊളസ്ട്രോള്‍ കുറയ്ക്കുവാനുള്ള കഴിവുണ്ടോ? അതു ശരിക്കും അറിയില്ല. എന്നാല്‍ എലികളില്‍ ഇലുമ്ബന്‍പുരളി ജ്യൂസ് കൊളസ്ട്രോള്‍ കുറയ്ക്കുന്നതായി ഒരു പഠനം ഉണ്ടുതാനും.
ഇലുമ്ബന്‍ പുളി എങ്ങനെ കിഡ്‌നി തകര്‍ക്കും എന്നു അത്ഭുതപ്പെടേണ്ട. നേരത്തെ പറഞ്ഞില്ലേ പ്രകൃതിയില്‍ നിന്നു ലഭിക്കുന്ന എന്നത് കൊണ്ട് മാത്രം ഒരു വസ്തുവും ആരോഗ്യം പ്രധാനം ചെയ്യില്ല. ഇലുമ്ബന്‍ പുളിയില്‍ മറ്റു പഴ വര്‍ഗ്ഗങ്ങളെ അപേക്ഷിച്ചു പതിന്മടങ്ങു കൂടുതലുള്ള oxalate ആണ് വില്ലന്‍. ജ്യൂസില്‍ നിന്നും ആഗിരണം ചെയ്യപ്പെടുന്ന അമിതമായ oxalate ശരീരം പുറം തള്ളുന്നത് കിഡ്‌നി വഴിയാണ്. കിഡ്‌നി വഴി പുറംതള്ളപ്പെടുന്ന oxalate കിഡ്‌നി നാളികളില്‍ അടിഞ്ഞു കൂടുന്നതാണ് കിഡ്‌നിയുടെ പ്രവര്‍ത്തനം തകരാറിലാവാന്‍ കാരണം. വലിയ അളവില്‍ ഒന്നിച്ചു കഴിക്കുമ്ബോളാണ് ഇങ്ങനെ സംഭവിക്കുന്നത്. ചെറിയ അളവില്‍ സ്ഥിരമായി കഴിച്ചാല്‍ കിഡ്‌നിയില്‍ oxalate കല്ലുകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. നേരത്തെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ കിഡ്‌നി ബയോപ്‌സി ചെയ്തു oxalate അടിഞ്ഞു കൂടിയാണ് പ്രശ്‌നകാരണമായതെന്ന് സംശയലേശമന്യേ തെളിയിക്കുകയും ചെയ്തതാണ്.
നേരത്തെ കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്ന ആളുകളാണ് ഇവരെന്നു ഓര്‍ക്കണം.
പ്രമേഹത്തിനു വേണ്ടി ഇലുമ്ബന്‍ പുളി ജ്യൂസ് കഴിക്കുന്നവര്‍ പെട്ടന്ന് അപകടത്തില്‍ ചാടാന്‍ സാധ്യത കൂടുതലാണ്. പ്രമേഹവും പ്രഷറും കാരണം നേരത്തെ തന്നെ കിഡ്‌നി പ്രവര്‍ത്തനത്തില്‍ ചെറിയ തകരാറുകള്‍ ഉള്ളവര്‍ ജ്യൂസ് കുടിച്ചാല്‍ കിഡ്‌നിയുടെ കാര്യം കഷ്ടമാവും എന്നു എടുത്തു പറയേണ്ടതില്ലല്ലോ.
എന്റെ ചെറുപ്പത്തില്‍ അച്ഛന്റെ ഒരു പരിചയക്കാരന്‍ ആമാശയത്തില്‍ രക്തസ്രാവമുണ്ടായി മൃതപ്രായനായി. വിറ്റാമിന്‍ സി ലഭിക്കാന്‍ എല്ലാ ദിവസവും ഒരു ഗ്ലാസ് ചെറുനാരങ്ങാ ജ്യൂസ് (നാരങ്ങാ വെള്ളമല്ല, വെള്ളം ചേര്‍ക്കാത്ത പുളിയന്‍ സാധനം) കഴിക്കുമായിരുന്നത്രേ. ആമാശയത്തില്‍ അമ്ലത കൂടി അള്‍സ്ര് വന്ന് ബ്ലീഡിംഗ് ആയതാണ്.
അപ്പോള്‍ ഈ നാട്ടുമരുന്നുകളെല്ലാം തട്ടിപ്പും അപകടകാരികളും ആണെന്നാണോ? ഒരിക്കലുമല്ല. അങ്ങനെ പറഞ്ഞാല്‍ ആധുനിക വൈദ്യത്തിലെ മിക്ക മരുന്നുകളേയും തള്ളിപ്പറയേണ്ടിവരും. പലതിന്റെയും ഉത്ഭവം നാട്ടുമരുന്നുകളാണ്!
പതിനഞ്ചാം നൂറ്റാണ്ടില്‍ ജെസ്യൂട്ട് പാതിരിമാരാണ് മലേറിയ എന്ന മഹാമാരിയെ അതിജീവിക്കാന്‍ സൗത്ത് അമേരിക്കയിലെ ഒറിജിനല്‍ നിവാസികള്‍ സിങ്കോണ എന്ന മരത്തിന്റെ തൊലി ചവച്ചു തിന്നാറുണ്ടെന്ന് കണ്ടുപിടിച്ചത്. പതിയെപ്പതിയെ അത് യൂറോപ്പു മുഴുവന്‍ മലേറിയക്കെതിരായി ഉപയോഗിക്കാന്‍ തുടങ്ങി. അന്നത്തെ യൂറോപ്യന്‍ വൈദ്യം ഇതിനെ പുച്ഛിച്ചു തള്ളി. ഈ കാടന്‍ മരുന്ന് കൊണ്ട് ഒരു കാര്യവുമില്ലെന്ന് അന്നത്തെ ഡോക്ടര്‍മാര്‍ ഒക്കെ പറഞ്ഞു. വൈദ്യം ഒരു ശാസ്ത്രമാണ് എന്ന തോന്നല്‍ ഉറച്ചത് പതിനെട്ടാം നൂറ്റാണ്ട് മുതലാണ്. അപ്പോഴാണ് ചില ശാസ്ത്രജ്ഞര്‍ സിങ്കോണ ബാര്‍ക്ക് അഥവാ മരത്തോലില്‍ നിന്ന് ക്വിനൈല്‍ എന്ന മരുന്ന് വേര്‍തിരിച്ചെടുത്തത്. ഇന്നും ക്വിനൈന്റെ വകഭേദങ്ങളാണ് മലേറിയ വന്നാല്‍ ചികിത്സിക്കുന്ന മരുന്നുകളേറെയും.
എന്നാല്‍ ക്വിനൈന്‍ പാര്‍ശ്വഫലങ്ങളില്ലാത്ത ഒരു മരുന്നല്ല. കാഴ്ച നഷ്ടം തുടങ്ങി മരണം വരെ സംഭവിക്കാവുന്ന അപകടകാരിയായ ഒരു മരുന്നാണ് ക്വിനൈല്‍.
നമ്മുടെ ഇന്ത്യയില്‍ നാട്ടുവൈദ്യന്മാര്‍ മനോരോഗത്തിന് പണ്ടേ ഉപയോഗിക്കാറുള്ളതാണ് സര്‍പ്പഗന്ധി എന്ന സസ്യത്തിന്റെ വേര്. ഇതില്‍ നിന്ന് വേര്‍തികരിച്ചെടുത്ത ഒരു മരുന്നാണ് റിസര്‍പ്പിന്‍. രക്തസമ്മര്‍ദ്ദം കുറക്കാനും ഗുരുതരമനോരോഗങ്ങളുടെ ചികിത്സയ്ക്കും വളരെ നാളുകള്‍ ആധുനിക ഡോക്ടര്‍മാര്‍ റിസര്‍പ്പിന്‍ ഉപയോഗിച്ചിരുന്നു. പിന്നീട് ഇതുപയോഗിക്കുന്നത് കുറഞ്ഞു. ഗുരുതരമായ പല സൈഡ് എഫ്‌ഫെക്റ്റുകളും ഉണ്ടായിരുന്ന റിസെര്‍പ്പിന്‍ അതിനെക്കാള്‍ മികച്ചതും പാര്‍ശ്വഫലങ്ങള്‍ നന്നേ കുറഞ്ഞതുമായ മരുന്നുകള്‍ നിലവില്‍ വന്നതോടെ സ്വാഭാവികമായും പുറംതള്ളപ്പെട്ടു. അതാണല്ലോ ആധുനിക വൈദ്യശാസ്ത്രത്തിന്റെ രീതി.
റിസര്‍പ്പിന്‍ നിരവധി ജീവനുകള്‍ രക്ഷിച്ചിട്ടുള്ളതാണ്. എന്നാല്‍ കൂടുതല്‍ മികച്ചവര്‍ വരുമ്ബോള്‍ വഴിമാറിക്കൊടുത്തെ പറ്റൂ.
സ്വാഭാവിക ഉറവിടകങ്ങളില്‍ നിന്ന് ഉത്ഭവിച്ച ആധുനിക മരുന്നുകള്‍ക്ക് കൈയും കണക്കുമില്ല. പെനിസിലിന്‍ എന്ന ആന്റിബയോട്ടിക്കിന്റെ കണ്ടുപിടുത്തം മനുഷ്യചരിത്രത്തിന്റെ ഒരു നാഴികക്കല്ലാണ്. പെനിസിലിയം എന്ന ഒരു പൂപ്പലില്‍ നിന്നാണ് ഇതിന്റെ ഉത്ഭവം. സ്ട്രെപ്റ്റോമൈസിന്‍, ക്ലോറംഫെനിക്കോള്‍, ടെട്രാസൈക്ലിന്‍, പോളിമിക്സന്‍ തുടങ്ങിയ ആന്റിബയോട്ടിക്കുകളെല്ലാം തന്നെ ബാക്ടീരിയകളില്‍ നിന്നു തന്നെ വേര്‍തിവരിച്ചെടുത്തവയാണ്.
മൈക്രോസ്‌കോപ്പ് ഉപയോഗിച്ചുതുടങ്ങിയതിനുശേഷമാണ് അണുജീവികളും അവയുണ്ടാക്കുന്ന പ്രശ്നങ്ങളെയും പറ്റി നാം മനസ്സിലാക്കുന്നതു തന്നെ. അതിനുശേഷമാണല്ലോ, ബാക്ടീരിയയില്‍ നിന്ന് മരുന്നുണ്ടാക്കാം എന്ന് മനസ്സിലാക്കിയത്.
പാക്ലിടാക്സെല്‍ എന്ന അതിനൂതന കാന്‍സര്‍ മരുന്ന്, ആര്‍ട്ടമെസിനിന്‍ എന്ന മലേറിയ സംഹാരി, ഗാലാന്റിന്‍ എന്ന മസ്തിഷ്‌ക മരുന്ന് ഇവയെല്ലാം ചെടികളില്‍ നിന്ന് എടുത്ത മരുന്നുകള്‍ക്കുള്ള ഏറ്റവും പുതിയ ഉദാഹരണങ്ങളാണ്.
എന്തെങ്കിലും ഇഫക്ടുള്ള എന്തിനും സൈഡ് ഇഫക്ടുകള്‍ ഉണ്ടാവാനാണ് സാധ്യത. ഇലുമ്ബന്‍പുുളി കൊളസ്ട്രോള്‍ കുറയ്ക്കുമോ? അറിയില്ല. സാദ്ധ്യതയുണ്ട്. ചിലപ്പോള്‍ അപകടം ഉണ്ടാക്കുന്ന ഓക്സാലിക് ആസിഡ് ആയിരിക്കില്ല കൊളസ്ട്രോള്‍ കുറക്കുന്ന ഘടകം. ചിലപ്പോള്‍ ഇലുമ്ബന്‍പുളി പ്രമേഹത്തേയും പ്രതിരോധിച്ചേക്കാം. അങ്ങനെയും പറഞ്ഞുകേള്‍ക്കുന്നുണ്ട്. അതിന് ഏത് ഘടകമാണ് കാരണം?
ഘടകം തിരിച്ചറിയാതിരുന്ന കാലഘട്ടങ്ങളിലും ഔഷധ പ്രഭാവമുണ്ടെന്നു നിരീക്ഷിച്ച പലതും കാലാകാലങ്ങളില്‍ ജ്യൂസ് ഒക്കെ ആയി കുടിച്ച ചരിത്രം ഉണ്ട്. എന്നാല്‍ ഏതളവില്‍ കുടിക്കാം? എത്രത്തോളം സുരക്ഷിതമാണ് അത്? എന്തുമാത്രം ഇഫക്‌ട് ഉണ്ട്? ഇപ്പോഴുള്ള ചികിത്സകളേക്കാള്‍ മെച്ചമുണ്ടോ? ഉണ്ടെങ്കില്‍ എന്താണു കാരണം? സ്ഥിര ഉപയോഗം കൊണ്ട് പ്രശ്നങ്ങള്‍ ഉണ്ടാകുമോ?
ഇതിനൊക്കെ ഉത്തരം കിട്ടണമെങ്കില്‍ ശാസ്ത്രത്തെ ഒഴിവാക്കുകയോ തരണം ചെയ്യുകയോ ചെയ്താല്‍ പറ്റില്ല.
പൂര്‍ണ്ണമായും പാര്‍ശ്വ ഫലങ്ങളില്ലാത്ത ഒരു കാര്യമേയുള്ളു - പ്രാര്ത്ഥന.
'വിശ്വാസം - അതല്ലേ എല്ലാം.'
വിശ്വാസത്തിന്റെ എഫക്ടും പഠിച്ചിട്ടുണ്ട്. അതിന്റെ പേരാണ് പ്ലാസീബോ എഫക്‌ട്. ഒരു കാര്യം നമ്മുടെ അസുഖത്തെ ഭേദമാക്കും എന്നു വിശ്വസിച്ചാലും അതിനൊരു ഇഫക്ടുണ്ട്. പച്ചവെള്ളം കൊടുത്ത് അത് മരുന്നാണെന്ന് പറഞ്ഞാലും ചില അസുഖങ്ങള്‍ക്ക് ചില ആളുകളിലും ചെറിയ എഫക്‌ട് ഒക്കെ കാണും. അതിലും പഠനങ്ങള്‍ നടത്തിയിട്ടുണ്ട്.
അപ്പ ദേ എന്റെ ഒരു ഫ്രണ്ട് പറയുന്നു: ചിലര്‍ക്ക് മരുന്നാണെന്ന് പറഞ്ഞ് പച്ചവെള്ളം കൊടുത്താലും സൈഡ് ഇഫക്‌ട് വരുമത്രെ. നെഗറ്റീവ് പ്ലാസീബോ റെസ്പോണ്ടേഴ്‌സ് എന്നു പറയും ഇവരെ.
പ്രമേഹത്തിനും cholesterol നും ഉപയോഗിക്കുന്ന മരുന്നുകള്‍ കിഡ്‌നിയെ ബാധിക്കും എന്ന തെറ്റിദ്ധാരണയാണ് ജനങ്ങളെ ഇത്തരം അബദ്ധങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. വ്യാജന്മാരുടെ മനഃപൂര്‍വ്വമുള്ള പ്രചരണങ്ങള്‍ ഇത്തരം ധാരണകള്‍ക്കു ആക്കം കൂട്ടുകയും ചെയ്യുന്നുണ്ട്. പ്രകൃതിജന്യമായ വസ്തുക്കളില്‍ നമുക്ക് ഉപയോഗമുള്ളവ ഏതെന്നു കണ്ടു പിടിച്ചു അതു ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുകയാണി വേണ്ടത്. അതാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ രീതി.
കടപ്പാട്: ഇന്‍ഫോ ക്ലിനിക്‌

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate