অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യവും ജീവിതരീതികളും

ആരോഗ്യവും ജീവിതരീതികളും

  1. വെയിലേറ്റ് കരുവാളിക്കാതിരിക്കാന്‍…
  2. അമിതമായി വെള്ളം കുടിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം
  3. ഗര്‍ഭിണികളിലെ ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍..
  4. അറിയാം അള്‍സറിന്റെ പ്രധാനലക്ഷണങ്ങള്‍…
  5. കുഞ്ഞുങ്ങളുടെ തൊണ്ടയില്‍ എന്തെങ്കിലും കുടുങ്ങിയാല്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍….
  6. വൃക്കയിലെ കല്ല് ഇല്ലാതാക്കാന്‍ ഇവ കഴിക്കാം
  7. നിങ്ങളുടെ കുട്ടിക്ക് മലബന്ധമുണ്ടോ ; ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍…
  8. ഗര്‍ഭസ്ഥശിശുവിന്റെ ബുദ്ധിവളര്‍ച്ചയ്ക്ക് അമ്മ കഴിക്കേണ്ട ആഹാരങ്ങള്‍…
  9. വേനല്‍ക്കാലത്ത് ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങള്‍
  10. സൂര്യപ്രകാശം അസുഖങ്ങള്‍ക്ക് ഒരു മരുന്ന്
  11. എക്കിള്‍ ഉണ്ടാവുന്നത് എങ്ങനെ? നിര്‍ത്താന്‍ പല വഴികള്‍
  12. ഇയര്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍
  13. പൊള്ളലേറ്റല്‍ ചെയ്യേണ്ട പ്രഥമശുശ്രൂഷകള്‍ എന്തെല്ലാം…
  14. ഗര്‍ഭകാലത്തിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുന്ന ഗര്‍ഭിണികള്‍ അറിയാന്‍ …
  15. സ്ത്രീകളിലെ മൈഗ്രെയ്ന്‍
  16. സൂക്ഷിക്കാം… കൊഴുപ്പും ഫാറ്റിലിവറും..
  17. ആരോഗ്യമുള്ള കുഞ്ഞു പല്ലുകള്‍ക്കായി…
  18. സ്ത്രീകളിലെ തൈറോയ്ഡ്

വെയിലേറ്റ് കരുവാളിക്കാതിരിക്കാന്‍…

വേനല്‍ക്കാലത്ത് എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നമാണ് മുഖവും ചര്‍മ്മവും കരുവാളിക്കുന്നത്. കഴുത്ത്, കൈകള്‍, തോള്‍ എന്നിടിവിടങ്ങളിലാണ് സാധാരണയായി വെയിലേറ്റ് കരുവാളിപ്പ് ഉണ്ടാവുന്നത്.

സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാക്കുന്നത്. ഇതിന് പ്രതിവിധി തേടുമ്പോള്‍ വെയിലേല്‍ക്കുന്നത് കഴിവതും കുറയ്ക്കണം. പ്രത്യേകിച്ച് പകല്‍ 11 മണിക്കും 2 മണിക്കും ഇടയിലുള്ള സമയം പുറത്തിറങ്ങുമ്പോള്‍ കൂട ചൂടുകയോ തണല്‍ തേടുകയോ ചെയ്യുക.

ശരീരഭാഗങ്ങള്‍ പരമാവധി മൂടുന്ന തരത്തിലുള്ള വസ്ത്രം ധരിക്കുക. പരമാവധി ഇഴയടുപ്പമുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ തിരഞ്ഞെടുക്കുക.

വെയിലത്ത് പുറത്തിറങ്ങുമ്പോള്‍ സണ്‍ സ്‌ക്രീന്‍ ക്രീം ഉപയോഗിക്കുക. ക്രീം തിരഞ്ഞെടുക്കുമ്പോള്‍ സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍(spf) 30 എങ്കിലുമുള്ള സണ്‍ സ്‌ക്രീന്‍ ഉപയോഗിക്കണം. അള്‍ട്രാവയലറ്റ് രശ്മികളെ ചെറുക്കാന്‍ ശേഷിയുള്ള ക്രീം തിരഞ്ഞെടുക്കുക. പകല്‍ പുറത്തിറങ്ങുന്നതിന് 20 മിനുട്ട് മുന്‍പ് സണ്‍സ്‌ക്രീന്‍ പുരട്ടണം. 3-4 മണിക്കൂറിന്റെ ഇടവേളകളില്‍ ക്രീം പുരട്ടുകയും ചെയ്യണം.

ചര്‍മ്മം കരുവാളിച്ചാല്‍ ഇരുണ്ട നിറം മാറാന്‍ ക്രീമുകള്‍ ലഭ്യമാണ്. കെമിക്കല്‍ പീലിങ് വളരെയേറെ ഫലപ്രദമാണ്. വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് സൂര്യപ്രകാശത്തിന്റെ തീവ്രത കുറയ്ക്കാന്‍ സഹായിക്കും.

അമിതമായി വെള്ളം കുടിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം

വേനലില്‍ വെള്ളം ധാരാളം കുടിക്കേണ്ടതുണ്ട്. എന്നാല്‍ അമിതമായി വെള്ളം കുടിക്കുന്നത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് പഠനങ്ങള്‍. വെള്ളം കൂടുതല്‍ കുടിക്കുമ്പോള്‍ രക്തത്തിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുകയും ഹൃദയത്തിന് അമിത സമ്മര്‍ദ്ദമുണ്ടാക്കുകയും ചെയ്യും.

വെള്ളം കൂടുതലാകുമ്പോള്‍ ശരീരത്തിലെ ധാതുക്കള്‍ വേണ്ട രീതിയില്‍ ആഗിരണം ചെയ്യാന്‍ കഴിയാതെ വരും. ഇത് പോഷകക്കുറവ് കാരണമുള്ള പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും.

കൂടുതല്‍ വെള്ളം കുടിക്കുമ്പോള്‍ വൃക്കകള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതായി വരും. ഇത് വൃക്കയുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കും.

പകല്‍ ഉറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, പകല്‍ ഉറക്കം അല്‍ഷിമേഴ്‌സിന് കാരണമാകും
പകല്‍ ഉറക്കം അമിതമായാല്‍ അല്‍ഷിമേഴ്‌സിന് കാരണമാകുമെന്ന് പഠനറിപ്പോര്‍ട്ട്. തലച്ചോറില്‍ ഉണ്ടാകുന്ന അമിലോയ്ഡ് പ്ലേഗ്‌സിന്റെ സാന്നിധ്യമാണ് ഇതിന് കാരണമാകുന്നത്.

രാത്രി ആവശ്യത്തിന് ഉറക്കം കിട്ടാതെ വരികയും അതിനാല്‍ പകല്‍ ഉറക്കം തൂങ്ങി നടക്കുകയും ചെയ്യുന്നവരില്‍ ബ്രെയിനിനെ കൊല്ലുന്ന ഈ അമിലോയ്ഡ് പ്ലേഗ്‌സിന്റെ സാന്നിധ്യം ഉണ്ടാവുകയും ഇവ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. ഇത് ക്രമേണ പൂര്‍ണ്ണമായ സ്മൃതി നാശത്തിന് കാരണമാവുകയും ചെയ്യും.

നേരത്തെയും ഇത്തരം പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ടെങ്കിലും അമിലോയ്ഡ് പ്ലേഗ്‌സിന്റെ സാന്നിധ്യം അല്‍ഷിമേഴ്‌സിന് കാരണമാകുന്നു എന്ന കാര്യത്തില്‍ ഇപ്പോഴാണ് വ്യക്തത വരുന്നത്.

70 വയസ് കഴിഞ്ഞ ഡിമെന്‍ഷ്യ ബാധിതരല്ലാത്ത 283 പേരില്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പഠനത്തിന് വിധേയരായ 63 പേരില്‍ അമിത ഉറക്കം ഉള്ളതായി കണ്ടത്തി. ഇത് അമിലോയ്ഡ് പ്ലേഗ്‌സിന്റെ വര്‍ദ്ധനവാണെന്ന് മനസ്സിലാവുകയായിരുന്നു. ഇത് പതുക്കെ സ്മൃതി നാശത്തിലേക്ക് വഴിവെയ്ക്കും.

ഗര്‍ഭിണികളിലെ ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍..

നിങ്ങളുടെ ഉള്ളില്‍ ഒരു കുഞ്ഞുജീവന്‍ തുടിക്കുന്നുവെന്നറിയുമ്പോള്‍ മുതല്‍ അതിനുവേണ്ടിയുള്ള ശ്രദ്ധയും കാത്തിരിപ്പുമായിരിക്കും. ഗര്‍ഭിണിയാകുമ്പോള്‍ ഓരോര്‍ത്തര്‍ക്കും ഓരോ തരത്തിലായിരിക്കും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നത്. നാം അറിയാതെ തന്നെ ശരീരത്തില്‍ പലതരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകുന്നു. ഗര്‍ഭകാലത്തെ ഈ മാറ്റങ്ങള്‍ സര്‍വ്വ സാധാരണമാണെങ്കിലും ഓരോ ഗര്‍ഭിണിയും ആ മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കണം.
ചില സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്തുണ്ടാകുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണിത്. ഏഴാം മാസം മുതല്‍ വയറിന് ചുറ്റും കടുത്ത ചൊറിച്ചില്‍ അനുഭവപ്പെട്ട് തുടങ്ങും. എല്ലാവര്‍ക്കും ഈ പ്രശ്‌നമുണ്ടായേക്കില്ല, എന്നാല്‍ ഇത് സാധാരണമാണ് താനും. കുഞ്ഞ് ഉദരത്തില്‍ വളരുന്നത് അനുസരിച്ച് ഗര്‍ഭപാത്രം വികസിക്കും തത്ഫലമായി ശരീരത്തിലെ തൊലി വലിഞ്ഞു മുറുകും. ഇതാണ് ഈ ചൊറിച്ചിലിന് പിന്നില്‍. ഗര്‍ഭകാലത്തുത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തനം മൂലം തൊലി ഉണങ്ങി വരളുന്നതും ചൊറിച്ചിലിന് കാരണമാണ്. മോയ്‌സ്ചുറൈസിങ് ക്രീമുകള്‍ ധാരാളമായി ഉപയോഗിച്ച് ഇതിനൊരു ആശ്വാസം നേടാനാകും.

ഗര്‍ഭകാലത്ത് വായില്‍ നിന്നും മൂക്കില്‍ നിന്നും രക്താംശം വരുന്നതായി കാണപ്പെടും. ഇത് ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായിട്ടാണ്. വായിലേക്കും മൂക്കിലേക്കുമുള്ള രക്തയോട്ടം ഈ ഹോര്‍മോണുകള്‍ വര്‍ദ്ധിപ്പിക്കും.
സ്‌പൈഡര്‍ വെയ്ന്‍സ്

എട്ടുകാലിയുടെ കാലുകളോ വലയോ പോലെ കാണപ്പെടുന്ന പര്‍പ്പിള്‍ നിറത്തിലുള്ള വരകളാണിത്. കാലുകളിലാകും ഇത് ആദ്യം പ്രത്യക്ഷപ്പെടുക. കാലുകള്‍ കണ്ടാല്‍ പത്ത് വയസ്സ് ഒറ്റയടിക്ക് കൂടിയത് പോലെയും തോന്നും. ഗര്‍ഭാവസ്ഥ മൂലമുണ്ടാകുന്ന സമ്മര്‍ദ്ദം മൂലം തടിച്ചു വരുന്ന ഞരമ്ബുകളാണിവ. ഈസ്ട്രജന്‍ അളവ് കൂടുന്നതും ഈ സ്‌പൈഡര്‍ വെയ്ന്‍സ് ഉണ്ടാകാന്‍ കാരണമാകുന്നു. ഗര്‍ഭകാലത്ത് നാലാം മാസം മുതലാണ് ഇവ കാണപ്പെട്ടു തുടങ്ങുന്നത്. ഏവരിലും ഇതുണ്ടാകും. കുട്ടിയുണ്ടായിക്കഴിയുന്നതോടെ ഇവ ക്രമേണ അപ്രത്യക്ഷമാകുന്നതാണ് രീതി. അതല്ലെഹ്കില്‍ ലേസര്‍ ചികിത്സയോ സലൈന്‍ കുത്തിവയ്‌പ്പോ എടുത്ത് വേണം ഇത് മാറ്റാന്‍.
ഗര്‍ഭകാലത്ത് പല തരത്തിലുള്ള സ്വപ്നങ്ങള്‍ ഗര്‍ഭിണികള്‍ കാണും. സന്തോഷകരമായ സ്വപ്നങ്ങള്‍ ചിലര്‍ കാണും. ചിലരുടെ സ്വപ്നങ്ങളില്‍ കുഞ്ഞ് ആണായിരിക്കുമോ പെണ്ണായിരിക്കുമോയെന്ന് വരെ ഈ സ്വപ്നങ്ങള്‍ കാണിച്ചു തരും. കുഞ്ഞിനോ അടുത്തള്ളയാര്‍ക്കെങ്കിലുമോ അരുതാത്തത് സംഭവിക്കുന്നുവെന്ന ദുഃസ്വപ്നങ്ങളും കണ്ടേക്കാം. എന്നാല്‍ ഈ സ്വപ്നങ്ങളെക്കുറിച്ച് പുറത്താരോടും ഗര്‍ഭവതികള്‍ പറയാറില്ല. ഇതൊരു ദുഃശ്ശകുനമായി കണ്ട് സുഹൃത്തുക്കളും കുടുംബാംഗങ്ങളും പെരുമാറിയാലോ എന്ന ഭയവും ഈ മൂടിവയ്ക്കലിന് പിന്നിലുണ്ട്. ഇങ്ങനെ ദുഃസ്വപ്നങ്ങള്‍ കണ്ടാല്‍ ഏറെ വിശ്വാസമുള്ള ആരോടെങ്കിലും അത് തുറന്ന് പറയുന്നത് നന്നായിരിക്കും.

അറിയാം അള്‍സറിന്റെ പ്രധാനലക്ഷണങ്ങള്‍…

ഇന്നത്തെ ജീവിതശൈലിയില്‍ അള്‍സര്‍ എന്ന രോഗം ഒരു പുതുമയല്ല. എന്നാല്‍ അള്‍സറിനെ നിസാരമായി തള്ളികളയാനും പറ്റില്ല. കുടലിലോ വയറിന്റെ ഭിത്തിയിലൊ ഉണ്ടാകുന്ന വ്രണങ്ങളാണ് അള്‍സറായി മാറുന്നത്. കൃത്യസമയത്ത് ചികിത്സ നല്‍കിയില്ലെങ്കില്‍ അത് ക്യാന്‍സറിന് കാരണമാകും. കഠിനമായ വയറുവേദനയാണ് പ്രധാന ലക്ഷണം . എന്നാല്‍ മറ്റ് ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും അത് തിരിച്ചറിയാന്‍ സാധിക്കുന്നില്ല. അള്‍സറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ നോക്കാം..
വയറുവേദന
പലപ്പോഴും അള്‍സറിന്റെ വേദന മറ്റുള്ള വയറു വേദനയില്‍ നിന്ന് അല്‍പം വ്യത്യസ്തമായിരിക്കും. പൊക്കിളിനടുത്തായാണ് കഠിനമായ വേദന അനുഭവപ്പെടുന്നത്. മാത്രമല്ല വയറ്റിനുള്ളില്‍ പുകച്ചിലും നീറ്റവും ഉണ്ടാവും. മാത്രമല്ല രാത്രി സമയത്താണ് ഇത്തരം വേദന വര്‍ദ്ധിച്ച് കാണപ്പെടുന്നതും.
വയറു വീര്‍ക്കല്‍

ഭക്ഷണം കഴിക്കാതെ തന്നെ വയറു വീര്‍ത്ത അവസ്ഥ നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? എങ്കില്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനു മുന്‍പ് ശ്രദ്ധിക്കേണ്ടത് നിങ്ങള്‍ക്ക് അള്‍സര്‍ ഉണ്ടോ എന്നതാണ്. വയറു വീര്‍ക്കുന്നത് അള്‍സറിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്.
മനം പിരട്ടല്‍

ഭക്ഷണം കഴിച്ച ഉടനേ ഛര്‍ദ്ദിക്കുക എന്ന അവസ്ഥ നിങ്ങളില്‍ ഉണ്ടെങ്കില്‍ അത് പലപ്പോഴും പല വിധത്തില്‍ നിങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നതിന്റെ സൂചനയാണ്. അള്‍സര്‍ ഉണ്ടെങ്കില്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ കാണിക്കുന്നതാണ്.
മലബന്ധം

മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ ശരീരത്തെ ആകെ താളം തെറ്റിയ്ക്കും. മാത്രമല്ല പെട്ടെന്നുണ്ടാകുന്ന വയറുവേദനയാണ് ഇതിന്റെ ലക്ഷണം. ഇത് മൂര്‍ച്ഛിച്ച് പിന്നെ ക്യാന്‍സര്‍ സാധ്യതയിലേക്ക് നയിക്കും എന്ന് സംശയം വേണ്ട.
ഭാരം കുറയുക

അകാരണമായി ഭാരം കുറയുക അകാരണമായി ഭാരം കുറയുന്നതാണ് മറ്റൊരു പ്രശ്നം. ഭക്ഷണം നിയന്ത്രിക്കാതെ തന്നെ അകാരണമായി ഭാരം കുറയുന്നത് അല്‍പം ഗൗരവത്തോടെ കാണേണ്ട പ്രശ്നമാണ്.
നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചില്‍ അള്‍സറിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. ആസിഡ് റിഫ്ളക്സ് കൊണ്ടുണ്ടാവുന്ന പ്രശ്നങ്ങള്‍ നെഞ്ചെരിച്ചിലിന്റെ ആക്കം കൂട്ടാറുണ്ട്. എന്നാല്‍ അള്‍സര്‍ മൂലമുണ്ടാകുന്ന നെഞ്ചെരിച്ചില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണം കഴിച്ച് കഴിഞ്ഞ ഉടന്‍ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ നിങ്ങളില്‍ തോന്നുന്നുവെങ്കില്‍ അള്‍സര്‍ ലക്ഷണമായി കണക്കാക്കാവുന്നതാണ്.

കുഞ്ഞുങ്ങളുടെ തൊണ്ടയില്‍ എന്തെങ്കിലും കുടുങ്ങിയാല്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍….

നാല് വയസ്സിനു താഴെയുള്ള കുട്ടികളില്‍ കണ്ടുവരുന്ന ഒരു പ്രവണതയാണ് എന്ത് കണ്ടാലും അത് വായിലിടുന്നത്. കൗതുകവും ജിജ്ഞാസയും കൊണ്ട് കുട്ടികള്‍ പല വസ്തുക്കളും വായിലിടും. പക്ഷേ അബദ്ധ വച്ചാല്‍ ശ്വാസനാളത്തില്‍ കുരുങ്ങി പോകാറുണ്ട്. അതുപോലെ ഭക്ഷണവസ്തുക്കളും കുട്ടികളുടെ തൊണ്ടയില്‍ കുരുങ്ങാറുണ്ട്. ഉടന്‍ ജീവന്‍രക്ഷാപ്രവര്‍ത്തനം നടത്തിയില്ലെങ്കില്‍ ജീവന് തന്നെ അപകടം പറ്റിയേക്കാം. ചിലപ്പോള്‍ ആശുപത്രിയില്‍ എത്തിക്കാനുള്ള സമയം കിട്ടിയെന്നു വരില്ല. ഈ സാഹചര്യത്തില്‍ ചെയ്യാന്‍ കഴിയുന്ന രക്ഷാ പ്രവര്‍ത്തനം പരിചയപ്പെടാം..

തീരെ ചെറിയ കുഞ്ഞാണെങ്കില്‍ കൈത്തണ്ടയില്‍ കമഴ്ത്തിക്കിടത്തുക. തള്ളവിരലും ചൂണ്ടുവിരലിനുമിടയിലുള്ള ഭാഗം കുഞ്ഞിന്റെ കഴുത്തിനെ താങ്ങുന്ന വിധത്തിലായിരിക്കണം. കുഞ്ഞിന്റെ രണ്ട് കാലുകളും കൈത്തണ്ടയുടെ രണ്ട് ഭാഗത്തായിരിക്കണം. കുഞ്ഞിന്റെ തലഭാഗം അല്പ്പം കീഴോട്ടായി പിടിക്കുക. രക്ഷാപ്രവര്‍ത്തനം നടത്തുന്നയാളുടെ കാല്‍ മുട്ട് മുന്നോട്ടാക്കി കുഞ്ഞിനെയെടുത്തിരിക്കുന്ന കൈയ്ക്ക് സപ്പോര്‍ട്ട് നല്‍ കാം.
കുമ്പിട്ടു നിന്ന് മറ്റേകൈ കുഞ്ഞിന്റെ പുറത്ത് കൈപ്പലകള്‍ക്കിടയിലായി വച്ച് ശക്തിയായി 5 തവണ ഇടിക്കുക. കുലുക്കുന്ന വിധത്തിലാണ് കൈപ്പലകള്‍ക്കിടയില്‍ ഇടിക്കേണ്ടത്. ഈ കുലുക്കത്തിനിടയില്‍ തൊണ്ടയില്‍ കുടുങ്ങിയ വസ്തു പുറത്തേക്ക് വരേണ്ടതാണ്. വസ്തു പുറത്തേക്ക് വന്നില്ലെങ്കില്‍ ഉടന്‍ നെഞ്ചില്‍ മര്‍ദ്ദം നല്കണം. രണ്ട് വിരലുകള്‍ ഉപയോഗിച്ച് കുഞ്ഞിന്റെ നെഞ്ചില്‍ 5 തവണ മര്‍ദ്ദം ഏല്പ്പിക്കണം. ചൂണ്ടുവിരലും നടുവിരലുമാണ് ഇതിനായി ഉപയോഗിക്കേണ്ടത്.പഴയതുപോലെ കുഞ്ഞിനെ കൈത്തണ്ടയില്‍ കമഴ്ത്തിക്കിടത്തി പുറത്ത് ശക്തിയായി 5 തവണ ഇടിക്കുക. തൊണ്ടയില്‍ കുടുങ്ങിയ വസ്തു പുറത്തു പോകുന്നത് വരെയോ കുഞ്ഞില്‍ ചോക്കിങ്ങ് ലക്ഷണം മാറി കരയുന്നതു വരെയോ അല്ലെങ്കില്‍ വിദഗ്ധ ചികിത്സ ലഭ്യമാകുന്നതു വരെയോ ഇത് തുടരണം.
ശുശ്രൂഷക്കിടയില്‍ കുഞ്ഞിനു ബോധം നഷ്ടപ്പെട്ടാല്‍ സംഗതി കൂടുതല്‍ ഗുരുതരമാണെന്നറിയുക. അവിടെ ശുശ്രൂഷാ രീതി മാറ്റണം. എന്നതിനാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനു മുമ്പായി അടിയന്തിര രക്ഷാപ്രവര്‍ത്തനം നടത്തണം. കുട്ടിക്ക് ബോധം നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ കുഞ്ഞിനെ തറയില്‍ മലര്‍ത്തിക്കിടത്തുക. എന്നിട്ട് വായ തുറന്ന് ശ്വാസവഴി നേരെയാക്കാം. വായില്‍ എന്തെങ്കിലും വസ്തു കിടപ്പുണ്ടെങ്കില്‍ അത് നീക്കം ചെയ്യണം. ഒരിക്കലും തൊണ്ടയ്ക്കകത്തേക്ക് കൈകള്‍ ഇട്ട് സാധനങ്ങള്‍ എടുക്കുകയുമരുത്. തുടര്‍ന്ന് കുഞ്ഞിന്റെ വായും മൂക്കും ഒന്നിച്ചു ചേര്‍ത്തു വച്ച് ഒരു തവണ കൃത്രിമ ശ്വാസം നല്‍ കുക. കുഞ്ഞിന്റെ പ്രതികരണം ശ്രദ്ധിക്കുക. നെഞ്ചില്‍ ചലനമുണ്ടെങ്കില്‍ 2 തവണ കൂടി ശ്വാസം നല്‍ കാം. നെഞ്ചില്‍ ചലനമില്ലെങ്കില്‍ വായ ഒന്നുകൂടി പരിശോധിച്ച് ഒരു ശ്വാസം കൂടി നല്‍ കുക. ഉടന്‍ തന്നെ നെഞ്ചില്‍ മര്‍ദ്ദം ഏല്പ്പിച്ച് പുനരുജ്ജീവന ചികിത്സ ആരംഭിക്കണം. മര്‍ദ്ദം ഏല്‍ പ്പിക്കുമ്പോള്‍ കുഞ്ഞിന്റെ നെഞ്ച് പകുതിയോളം താഴണം. ഒരു മിനിറ്റില്‍ 100 എന്ന രീതിയില്‍ വേണം ഇതു ചെയ്യ്യാന്‍. 30 തവണ നെഞ്ചില്‍ മര്‍ദ്ദം നല്‍ കുമ്പോള്‍2 തവണ കൃത്രിമ ശ്വാസം എന്ന നിലയിലിത് ക്രമീകരിക്കണം.
4 വയസിനു മുകളിലുള്ള കുട്ടിയാണെങ്കില്‍ കയ്യില്‍ കിടത്തി പ്രഥമ ശുശ്രൂഷ നല്‍ കാനാവില്ല.മുതിര്‍ന്നവരില്‍ ചെയ്യുന്നതു പോലെ പിറകില്‍ നിന്ന് നെഞ്ചിനും വയറിനുമിടയില്‍ മര്‍ദ്ദം ഏല്‍ പ്പിക്കാനുമാവില്ല. പ്രഥമ ശുശ്രൂഷ നല്‍ കുന്നയാള്‍ ഒരു മുട്ടുകുത്തിയിരിക്കുക. മറ്റേകാലില്‍ കുട്ടിയെ ഇരുത്തി മുതിര്‍ന്നവരില്‍ ചെയ്യുന്നതു പോലെ നെഞ്ചിനും വയറിനുമിടയില്‍ മര്‍ദ്ദം ഏല്പ്പിക്കുക. ഒരു മുഷ്ടി ചുരുട്ടി വയറ്റത്ത് നെഞ്ചിനും പൊക്കിലിനും ഇടയിലായി വയ്ക്കുക. മറ്റേ കൈ ചുരുട്ടിയ കയ്യുടെ മേലെ വയ്ക്കുക. തുടര്‍ന്ന് നെഞ്ചിനും പൊക്കിളിനും മധ്യേയായി മുഷ്ടി കൊണ്ട് മുന്നോട്ടും പിറകോട്ടും തോണി തുഴയുന്നതു പോലെ ശക്തിയായി മര്‍ദ്ദം ഏല്‍ പ്പിക്കുക. ഇങ്ങനെ ഏല്‍പ്പിക്കുന്ന മര്‍ദ്ദം മൂലം കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങിയ വസ്തു പുറത്തേക്ക് വരും. ഇതിനിടയില്‍ കുട്ടിക്ക് ബോധം നഷ്ടപ്പെടുന്ന അവസ്ഥ വന്നാല്‍ നെഞ്ചില്‍ മര്‍ദ്ദം കൊടുത്തും കൃത്രിമ ശ്വാസോഛ്വാസം നല്‍കിയും പുനരുജ്ജീവന ചികിത്സ ഉടന്‍ തന്നെ ആരംഭിക്കുക.

വൃക്കയിലെ കല്ല് ഇല്ലാതാക്കാന്‍ ഇവ കഴിക്കാം

ഒരിക്കല്‍ വൃക്കയില്‍ കല്ല് വന്നാല്‍, ആ വേദന അനുഭവിച്ചവര്‍ പറയും മനുഷ്യന്റെ ഉറക്കംകെടുത്തുമെന്ന്. തെറ്റായ ഭക്ഷണക്രമം തന്നെയാണ് ഇതിനുള്ള പ്രധാനകാരണം. രോഗത്തില്‍ ഭൂരിഭാഗവും സ്വയംവരുത്തിവെക്കുന്നതാണ്. വൃക്കയില്‍ കല്ല് വന്നവര്‍ക്കുള്ള ഭക്ഷണക്രമം പ്രധാനമാണ്.
ശ്രദ്ധിച്ചില്ലെങ്കില്‍ അസുഖം മൂര്‍ഛിക്കാനും അത് നിങ്ങള്‍ക്ക് നിദ്രാവിഹീന രാത്രികള്‍ സമ്മാനിക്കാനും കാരണമാകും.

വിറ്റാമിന്‍ സിയെ ശരീരം ഓക്‌സലേറ്റ് ചെയ്യുമ്പോഴാണ് വൃക്കയില്‍ കല്ലുണ്ടാകുന്നത്. അതുകൊണ്ട് തന്നെ വൃക്കയില്‍ കല്ലിന്റെ അസുഖത്തിന് സാധ്യതയുള്ളവര്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെയും ഭക്ഷണനിയന്ത്രണ വിദഗ്ദനെയും കാണണം. അവരുടെ ഉപദേശപ്രകാരം ഭക്ഷണത്തില്‍ നിയന്ത്രണം കൊണ്ടുവരണം. അവര്‍ക്കുള്ള ചില ഭക്ഷണക്രമങ്ങള്‍.
ധാന്യങ്ങളാവാം

അലിയാത്ത നാരുകളുള്ള ഗോതമ്പ്, റൈ, ബാര്‍ലി, അരി എന്നീ ധാന്യങ്ങള്‍ മൂത്രത്തില്‍ കാല്‍സ്യത്തിന്റെ അളവ് കുറക്കാന്‍ സഹായിക്കും. മലത്തിലൂടെ കാല്‍സ്യം പുറത്തുപോകാനും ഇവ സഹായകമാണ്. കാല്‍സ്യം ഓക്‌സലേറ്റ് കല്ലുകള്‍ ആണെങ്കില്‍ പാലും പാല്‍ ഉപയോഗിച്ചുള്ള ചായ, ചോക്ലേറ്റ് തുടങ്ങിയ ഉപേക്ഷിക്കണം.

വെള്ളം കുടി മുടക്കരുത്

ദിവസം എട്ട് മുതല്‍ പത്ത് വരെ ഗ്ലാസ് വെള്ളം കുടിക്കുന്നത് മൂത്രം കൂടുതല്‍ ഒഴിക്കാനും അതുവഴി കല്ലുണ്ടാക്കുന്ന ധാതുക്കള്‍ അടിഞ്ഞുകൂടുന്നത് തടയാനും കഴിയും.

ഉപ്പിനോട് അകലം പാലിക്കാം

ഉപ്പില്ലാതെ ഭക്ഷണം പലര്‍ക്കും അരോചകമാണ്. എന്നാല്‍ വൃക്കയില്‍ കല്ലുവന്നവര്‍ ഉപ്പിനോട് അകലം പാലിച്ചേ മതിയാകൂ. ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് ചുരുക്കണം. മൂത്രത്തില്‍ കാല്‍സ്യത്തിന്റെ അളവ് കുറക്കാന്‍ ഇത് സഹായിക്കും. ഉപ്പിന്റെ അംശം കൂടുതലുള്ള സ്‌നാക്‌സ്, സൂപ്പുകള്‍, ഇറച്ചി എന്നിവയോട് വിട്ടുനില്‍ക്കുന്നതാണ് ഗുണകരം.
ഇലക്കറികള്‍

ഓക്‌സാലിക് ആസിഡിന്റെ അംശം കൂടുതലുള്ള ചീര, സ്‌ട്രോബറി, ഗോതമ്പ് തവിട്, കശുവണ്ടിയുടേത് ഉള്‍പ്പെടെയുള്ള പരിപ്പ്, ചായ തുടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ മൂത്രത്തില്‍ കാല്‍സ്യത്തിന്റെ അംശം കൂട്ടാന്‍ വഴിവെക്കും. ഇവയുടെ ഉപയോഗം നിയന്ത്രിച്ചില്ലെങ്കില്‍ വൃക്കയില്‍ കല്ലിന്റെസാന്നിധ്യം നിലനിര്‍ത്തും.
പാലും പാലുല്‍പ്പന്നങ്ങളും
കുറഞ്ഞ കൊഴുപ്പുള്ള ഒരു കപ്പ് പാലില്‍ 300 മില്ലി ഗ്രാം കാല്‍സ്യം അടങ്ങിയിട്ടു?ണ്ടാകും. ഇത്തരം പാലും പാലുല്‍പ്പന്നങ്ങളും കൂടുതലായാല്‍ മൂത്രത്തില്‍ കാല്‍സ്യത്തിന്റെ അളവ് ഉയര്‍ന്നുനില്‍ക്കാനും വൃക്കയില്‍ കല്ലുണ്ടാകാന്‍ കാരണമാവുകയും ചെയ്യും.

പഞ്ചസാരയും വില്ലനാണ്

കാല്‍സ്യം രൂപപ്പെടുത്തുന്നതില്‍ അതുവഴി വൃക്കയില്‍ കല്ലുണ്ടാക്കുന്നതിലും പഞ്ചസാരക്കും പങ്കുണ്ട് പഞ്ചസാരയുടെ അംശമുള്ള ഭക്ഷണം ഇവര്‍ ഉപേക്ഷിക്കണം.

ഇറച്ചിയും മുട്ടയും വേണ്ട

ഇറച്ചി, മുട്ട, മത്സ്യം എന്നിവ മൂത്രത്തില്‍ യൂറിക് ആസിഡിന്റെ അളവ് അനിയന്ത്രിതമാക്കും. പാല്‍ നല്‍കാത്ത ജീവികളില്‍ നിന്നുള്ള ഭക്ഷണ പദാര്‍ഥങ്ങളും മൂത്രത്തില്‍ കാല്‍സ്യത്തിന്റെ അളവ് വര്‍ധിപ്പിക്കാന്‍ കാരണമാകും.

നിങ്ങളുടെ കുട്ടിക്ക് മലബന്ധമുണ്ടോ ; ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍…

കുഞ്ഞുങ്ങളുടെ ആരോഗ്യമാണ് മാതാപിതാക്കള്‍ക്ക് വലുത്. അത് എത്ര തിരക്ക് പിടിച്ച ജീവിതത്തിലായാലും കുഞ്ഞുങ്ങളുടെ കാര്യം നോക്കാന്‍ മാതാപിതാക്കള്‍ സമയം കണ്ടെത്താറുണ്ട്. എന്നാല്‍ കുട്ടികള്‍ക്ക് സമയം ഇല്ലാതായാലോ ? മൂന്ന് വയസ്സ് മുതല്‍ തുടങ്ങുന്ന നഴ്‌സറി വിദ്യാഭ്യാസം കുട്ടികളില്‍ ധാരാളം ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷടിക്കുന്നു. രാവിലെ തിരക്കിനിടയില്‍ ഭക്ഷണം കഴിക്കാത്തതും കൃത്യസമയത്ത് ടോയ്‌ലറ്റില്‍ പോകാത്തതും ഒക്കെ കുട്ടികളില്‍ മലബന്ധത്തിന് കാരണമാകുന്നു. കുട്ടികളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന പ്രശ്‌നമാണ് മലബന്ധം.
സ്ഥിരമായുണ്ടാകുന്ന മലബന്ധം പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. മലബന്ധത്തിന് മരുന്നുകളെ ആശ്രയിക്കുന്നത് നല്ലതല്ല.തുടര്‍ച്ചയായി മരുന്നു നല്‍കുന്നത് നല്ല ശീലമല്ല. കാരണം അത് ശീലമായി മാറിയേക്കാം.

കുട്ടികളില്‍ മലബന്ധം ഒഴിവാക്കാന്‍ ചില പ്രത്യേക വീട്ട് മരുന്നുകളുണ്ട്.
നാടന്‍ പ്രയോഗം നടത്തുന്നതിലൂടെ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നില്ല എന്നതാണ് പ്രധാനം.
കറ്റാര്‍വാഴയും കുട്ടികളിലെ മലബന്ധത്തിനുളള നല്ലൊരു പരിഹാരമാണ്. 2 ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ 1 ഗ്ലാസ് ഇളംചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കുന്നത് മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്.

തൈര്
കുട്ടികള്‍ക്ക് ദിവസവും ഒരു ബൗള്‍ തൈര് കൊടുക്കുന്നത് ഏറെ നല്ലതാണ്. കാല്‍സ്യം മുതലായ ആരോഗ്യഗുണങ്ങള്‍ക്കൊപ്പം മലബന്ധമകറ്റാനും ഇത് ഏറെ നല്ലതാണ്.
ഉണക്കമുന്തിരി

ഉണക്കമുന്തിരി വെള്ളത്തിലിട്ടു കുതിര്‍ത്ത് ഈ വെള്ളം കുടിയ്ക്കുന്നതും ഉണക്കമുന്തിരി കഴിയ്ക്കുന്നതും കുട്ടികളിലെ മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്.

നെയ്യ്

രാത്രി കിടക്കാന്‍ നേരം ഒരു സ്പൂണ്‍ നെയ്യും 1 ഗ്ലാസ് ചൂടുവെള്ളവും കുട്ടിയ്ക്കു നല്‍കുക. ഇത് രാവിലെയുള്ള ശോധനയ്ക്കു നല്ലതാണ്. അല്ലെങ്കില്‍ രാവിലെ വെറുംവറ്റിലും ഇതു ചെയ്യാം.

ഫൈബറടങ്ങിയ ഭക്ഷണങ്ങള്‍

ധാരാളം ഫൈബറടങ്ങിയ ഭക്ഷണങ്ങള്‍ കുട്ടികള്‍ക്കു നല്‍കുക. പച്ചക്കറികളും പഴവര്‍ഗങ്ങളും മുളപ്പിച്ച ധാന്യങ്ങളുമെല്ലാം ഗുണം ചെയ്യും.

വെള്ളം

വെള്ളവും ഇതുപോലെ ആരോഗ്യകരമായ പാനീയങ്ങളും ധാരാളമായി കുട്ടികള്‍ക്കുള്ള ഭക്ഷണശീലങ്ങളില്‍ ഉള്‍പ്പെടുത്തുക.

പ്രത്യേക പഴവര്‍ഗങ്ങള്‍

ചില പ്രത്യേക പഴവര്‍ഗങ്ങള്‍ കുട്ടികള്‍ക്കു നല്‍കുന്നത് മബന്ധത്തില്‍ നിന്നുള്ള നല്ലൊരു പരിഹാരമാണ്. ഓറഞ്ച്, ആപ്പിള്‍, പേരയ്ക്ക, പ്രൂണ്‍സ്, പഴം എന്നിവ ഏറെ നല്ലതാണ്.
മോളാസസ്

മോളാസസ് കുട്ടികള്‍ക്കു നല്‍കുന്നതും മലബന്ധത്തില്‍ നിന്നുളള രക്ഷയാണ്. ബ്ലാക്സ്ട്രാപ് മൊളാസസില്‍ മഗ്നീഷ്യം ധാരാളമുണ്ട്. ഇതാണ് മലബന്ധമകറ്റാന്‍ സഹായിക്കുന്നത്.

ചൂടുവെള്ളം

രാവിലെ എഴുന്നേറ്റാലുടന്‍ കുട്ടിയ്ക്ക് ഒരു ഗ്ലാസ് ചൂടുവെള്ളം നല്‍കി ടോയ്‌ലറ്റില്‍ പോകുകയെന്ന ശീലം വളര്‍ത്തിയെടുക്കുക. ഇത് മലബന്ധത്തിനുള്ള പരിഹാരമാണ്.

ഗര്‍ഭസ്ഥശിശുവിന്റെ ബുദ്ധിവളര്‍ച്ചയ്ക്ക് അമ്മ കഴിക്കേണ്ട ആഹാരങ്ങള്‍…

ആരോഗ്യവും ബുദ്ധിയും ഉള്ള കുഞ്ഞാണ് ഏതൊരു അച്ഛന്റേയും അമ്മയുടേയും ആഗ്രഹം. അതുകൊണ്ട് ഗര്‍ഭാവസ്ഥയില്‍ തന്നെ അതീവ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.ആരോഗ്യമുള്ള അമ്മയില്‍ നിന്നാണ് ആരോഗ്യമുള്ള കുഞ്ഞുണ്ടാകുന്നത്. ഗര്‍ഭകാലത്ത് അമ്മയുടെ ശീലങ്ങള്‍ കുഞ്ഞിനെ സ്വാധീനിക്കുന്നു. അതുപോലെ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ ആരോഗ്യവും ബുദ്ധിയുമുള്ള കുഞ്ഞിനെ ലഭിക്കുന്നു. അതിനായി ഗര്‍ഭാവസ്ഥയില്‍ തന്നെ നിര്‍ബന്ധമായും കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട് . ഗര്‍ഭകാലത്തിന്റെ അവസാനഘട്ടത്തില്‍ ഇനി പറയുന്ന ഭക്ഷണങ്ങള്‍ കഴിച്ചാല്‍ അത് കുഞ്ഞിന്റെ ആരോഗ്യവും സൗന്ദര്യവും കൂടാന്‍ സഹായിക്കുന്നു. അമ്മയുടെ കൃത്യമായ ആഹാരശീലങ്ങള്‍ കുഞ്ഞിന്റെ ബുദ്ധിവളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുന്നു.
ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് പരിപ്പ്. ഇത് സൂപ്പര്‍ ന്യൂട്രിയന്റ് എന്ന ഘടകത്തിലാണ് വരുന്നത്. അതുകൊണ്ട് തന്നെ പരിപ്പ് കഴിക്കുന്നതും കുഞ്ഞിന്റെ ബുദ്ധിവളര്‍ച്ചക്ക് സഹായിക്കുന്നു. എന്നാല്‍ പരിപ്പ് ധാരാളം കഴിക്കാന്‍ പാടില്ല. ഇത് പല തരത്തിലും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു.

തൈര് കഴിക്കുന്നത് നല്ലതാണ്. കാല്‍സ്യം ധാരാളം പാലിലും തൈരിലും ഉണ്ട്. ഗര്‍ഭകാലത്തെ ഭക്ഷണ ശീലങ്ങളില്‍ അതുകൊണ്ട് തന്നെ തൈരിനെ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.
നിലക്കടല കൊണ്ട് കുഞ്ഞിന്റെ ആരോഗ്യവും ബുദ്ധിയും വര്‍ദ്ധിപ്പിക്കാം. അതിനായി പല വിധത്തില്‍ ഉപയോഗിക്കാവുന്ന ഒരു നല്ല സ്‌നാക്‌സ് ആണ് നിലക്കടല. ഇതിലുള്ള വിറ്റാമിന്‍ ഇ ആണ് കുഞ്ഞിന്റെ ആരോഗ്യത്തിന് സഹായിക്കുന്നത്.
നമ്മള്‍ സാധാരണ എപ്പോഴും കഴിക്കാത്ത ഒന്നാണ് മത്തന്‍ വിത്ത്. എന്നാല്‍ ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ ജനിക്കാന്‍ പോവുന്ന കുഞ്ഞിന് വരെ ആരോഗ്യം നല്‍കുന്നതാണ്. ഇതില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. എല്ലാ വിധത്തിലും ഇത് ഗര്‍ഭസ്ഥശിശുവിന് ആരോഗ്യം നല്‍കുന്നു.
മത്സ്യങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ഇതില്‍ തന്നെ മത്തി കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇതിലുള്ള വിറ്റാമിന്‍ ഡി പല വിധത്തില്‍ നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. കുഞ്ഞിന്റെ നാഡി ഞരമ്പുകള്‍ക്ക് ഉണര്‍ച്ചയും ബുദ്ധിയും നല്‍കുന്ന കാര്യത്തിലും മുന്നിലാണ് മത്തി.

പക്കറികള്‍ കഴിക്കുന്നതും നല്ലതാണ്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ആരോഗ്യം മാത്രമല്ല ബുദ്ധിശക്തിക്കും സഹായിക്കുന്ന ഒന്നാണ് ചീര. ഇതിലുള്ള വിറ്റാമിനുകള്‍ ഡി എന്‍ എ സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടാകുമ്പോള്‍ അതിനെ ഇല്ലാതാക്കുന്നു.

വേനല്‍ക്കാലത്ത് ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങള്‍

മാര്‍ച്ച് മാസം വേനല്‍ക്കാല രോഗങ്ങളുടെ ആരംഭമായിരിക്കും. ചെങ്കണ്ണ്,
ചിക്കന്‍പോക്‌സ് തുടങ്ങിയ വേനല്‍ക്കാല രോഗങ്ങള്‍ പടികടന്നെത്തും. അതുകൊണ്ടുതന്നെ ആരോഗ്യകാര്യത്തില്‍ അതീവജാഗ്രത പുലര്‍ത്തേണ്ടതാണ്.

വേനല്‍ക്കാലത്ത് ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങള്‍

  • ചൂടുകാലത്തിന്റെ തുടക്കമായതിനാല്‍ അന്തരീക്ഷത്തിലെ താപവ്യതിയാനങ്ങള്‍ ആരോഗ്യത്തെ ബാധിക്കും. കൂടുതല്‍ സൂക്ഷിക്കുക
  • ഛര്‍ദി, അതിസാരം, വയറിളക്കം തുടങ്ങിയ സാംക്രമിക രോഗങ്ങളുടെ വിളയാട്ടം പ്രതീക്ഷിക്കാം. വ്യത്യസ്തങ്ങളായ വൈറല്‍ പനികളും ഈ സമയത്തു പരക്കെ കാണാറുണ്ട്.
  • ഈ സമയത്ത് ചുമ, ആസ്മ, വിശപ്പില്ലായ്മ, കഫ പ്രശ്‌നം, അലര്‍ജികള്‍, തുടങ്ങിയവയും കണ്ടു വരാറുണ്ട്. രണ്ടാഴ്ചയിലധികം നീണ്ടു നില്‍ക്കുന്ന ചുമ വന്നാല്‍ ക്ഷയരോഗ പരിശോധന വേണം.
  • ചില ദിവസങ്ങളില്‍ രാത്രി താപനില താഴ്ന്നു ഡിസംബറിലെ പോലെ തണുപ്പനുഭവപ്പെടാം. ദിനരാത്ര ഭേദമില്ലാതെ ജോലി ചെയ്യുന്നവരെയും ദീര്‍ഘദൂരയാത്രികരെയുമാണ് ഇതു ബാധിക്കുക.
  • ചൂടു കൂടി വരുന്നതിനാല്‍ ശരീരം നന്നായി വിയര്‍ക്കുക വഴി ജലനഷ്ടം ഉണ്ടാകാം. പരിഹാരമായി ഇടവിട്ട് വെള്ളം കുടിക്കുക. പരീക്ഷാക്കാലത്ത് ഉറക്കമിളച്ചുള്ള കുട്ടികളുടെ പഠിത്തം ആവശ്യത്തിനു മതി. ശരിയായ രീതിയില്‍ വിശ്രമം നല്‍കി വേണം കുട്ടികളെ പഠനത്തിനു നിര്‍ബന്ധിക്കാന്‍.
  • അപ്രതീക്ഷിതമായി കടന്നു വരുന്ന പനി വില്ലനാകാം. തൊണ്ടവേദനയുടെയും തുമ്മലിന്റെയും രൂപത്തില്‍ അസ്വാസ്ഥ്യങ്ങള്‍ ആരംഭിക്കാം. ഇത് പതിയെ കടുത്ത ശരീരവേദനയിലേക്കും പനിയിലേക്കും മാറിയാല്‍ ഡോക്ടറെ കണ്ട് ചികിത്സ തേടണം.

സൂര്യപ്രകാശം അസുഖങ്ങള്‍ക്ക് ഒരു മരുന്ന്

സൂര്യപ്രകാശവും അസുഖങ്ങള്‍ക്ക് ഒരു മരുന്നാണ്. എല്ലാ ജീവജാലങ്ങള്‍ക്കും സൂര്യപ്രകാശം അവശ്യവസ്തുവാണ്. എന്നാല്‍ അമിതമായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ആരോഗ്യത്തിന് ഹാനികരവുമാണ്. സൂര്യ പ്രകാശം മൂഡ് നന്നാക്കാനുള്ള ഉപാധിയാണ്. ശരീരത്തിലെ കൊഴുപ്പ് കത്തിച്ച് കളയാനും സൂര്യപ്രകാശം സഹായിക്കും. വേദനസംഹാരിയായി പ്രവര്‍ത്തിക്കാനും സൂര്യപ്രകാശത്തിന് സാധിക്കും. വേദന കുറക്കാന്‍ സഹായിക്കുന്ന വൈറ്റമിന്‍ ഡി ശരീരത്തില്‍ വേദനസംഹാരിയായും പ്രവര്‍ത്തിക്കുന്നു.

സൂര്യപ്രകാശമില്ലാത്ത അന്തരീക്ഷം ഉദാസീനമാക്കുന്ന അവസ്ഥയാണ് മൂടിക്കെട്ടിയ അന്തരീക്ഷത്തിലാണ് ജോലിചെയ്യുകയും ജീവിക്കുകയും ചെയ്യുന്നതെങ്കില്‍ മനസിലും പ്രവര്‍ത്തികളിലും ഇത് പ്രതിഫലിക്കും. കൂടുതല്‍ നേരം
സൂര്യപ്രകാശത്തില്‍ ചെലവിടുന്നവര്‍ക്ക് ഏകാഗ്രതയും ശ്രദ്ധയും കൂടുകയും ചെയ്യും.

സൂര്യപ്രകാശത്തോടൊപ്പം ഭൂമിയിലേക്കെത്തുന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ ക്യാന്‍സര്‍ അടക്കമുള്ള മാരക അസുഖങ്ങള്‍ക്ക് കാരണമാകാറുണ്ട്. അമിതമായ സൂര്യപ്രകാശം സൂര്യാതാപത്തിനും ഇടയാക്കും. ഇക്കാരണങ്ങള്‍ക്കൊണ്ട് സൂര്യപ്രകാശം ഒട്ടും ഏല്‍ക്കാതിരിക്കുന്നതും നല്ലതല്ലെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്.
മറവി രോഗമായ അല്‍ഷിമേഴ്സിനും സൂര്യപ്രകാശം ഗുണകരമാണ്. ശരീരത്തിന്റെ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാനും സോറിയാസിസ് അടക്കമുള്ള ചര്‍മ്മരോഗങ്ങള്‍ പരിഹരിക്കാനും സൂര്യപ്രകാശം സഹായിക്കും. ആസ്തമ രോഗികള്‍ക്കും സൂര്യപ്രകാശം ഏല്‍ക്കുന്നത് ഗുണകരമാണ്. കാരണം അലര്‍ജി മാറുന്നതിന് സൂര്യപ്രകാശം സഹായിക്കും.

എക്കിള്‍ ഉണ്ടാവുന്നത് എങ്ങനെ? നിര്‍ത്താന്‍ പല വഴികള്‍

എക്കിള്‍ (Hiccups) ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാം. അമിതമായി ചിരിക്കുക, ധൃതിപിടിച്ച് ഭക്ഷണം കഴിക്കുക, ദഹനക്കുറവുണ്ടാവുക, ഏറെ എരിവുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കുക തുടങ്ങിയ അവസരങ്ങളില്‍ നമുക്ക് എക്കിള്‍ അനുഭവപ്പെടാറുണ്ട്. ഡയഫ്രത്തിലെ കോച്ചിവലിയാണ് എക്കിളിന് കാരണം. അതേസമയം, എക്കിള്‍ അമിതമാവുന്നത് അപകടകരമാകാറുണ്ട്.

ശരീരത്തിനകത്തുള്ള ഡയഫ്രത്തിലോ, അതിലേക്കുള്ള നാഡികളിലോ എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെടുമ്പോള്‍ ഡയഫ്രം പെട്ടന്ന് ചുരുങ്ങുകയും ഈ ചുരുങ്ങല്‍ തടയുന്നതിന് വേണ്ടി ചെറുനാക്ക് അടയുകയും ചെയ്യുന്നു. ചെറുനാക്കിന്റെ അടയലാണ് നമുക്ക് എക്കിളായി അനുഭവപ്പെടുന്നത്. എക്കിള്‍ ഒരു രോഗമല്ല. എന്നാല്‍ മെനഞ്ചറ്റിസ്, ന്യൂമോണിയ, യുറേമിയ എന്നീ രോഗങ്ങള്‍ ഉള്ളവര്‍ക്ക് തുടര്‍ച്ചയായി എക്കിള്‍ അനുഭവപ്പെടാറുണ്ട്.

ഭക്ഷണം കഴിക്കുന്നതിനിടെയും ശേഷവും അല്ലാത്ത സമയങ്ങളിലും എക്കിള്‍ അനുഭവപ്പെടാറുണ്ട്. എക്കിള്‍ അനിയന്ത്രിതമായി തുടര്‍ന്നാല്‍ അപകടം സംഭവിക്കാറുമുണ്ട്. ഇത് നിയന്ത്രിക്കുന്നതിനും നിര്‍ത്തുന്നതിനും പല മാര്‍ഗങ്ങള്‍ പരീക്ഷിക്കാം. ഇതില്‍ ഓരോ മാര്‍ഗത്തിന്റെയും പ്രായോഗികത അത് പരീക്ഷിക്കുന്ന വ്യക്തിയുടെ ശരീരം അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. സാധാരണ പ്രയോഗത്തിലുള്ള ചില മാര്‍ഗങ്ങളാണ് ചുവടെ പറയുന്നു.

  • ഒരു സ്പൂണ്‍ പഞ്ചസ്സാരയോ കല്‍ക്കണ്ടത്തരിയോ ചവച്ചരച്ച് കഴിക്കുക
  • എക്കിള്‍ അനുഭവപ്പെട്ടാലുടന്‍ മൂന്നു നാല് വായു ഗുളികകള്‍ ചവച്ചരച്ച് കഴിക്കുക.
  • മുക്കാല്‍ മിനിറ്റ് നേരത്തേക്ക് ശ്വാസം പിടിച്ചു നില്‍ക്കുക. തുടര്‍ന്ന് ശ്വാസം വിടുക.
  • ശ്വാസം വിടാതെ ഒരു ഗ്ലാസില്‍നിന്ന് പതിനഞ്ച് തവണ വെള്ളം വലിച്ചുകുടിക്കുക.
  • ഒരു തുണിയില്‍ ഐസ് ക്യൂബ് കെട്ടി വയറിനും നെഞ്ചിനുമിടയില്‍ ഉരോദരഭിത്തിയുടെ ഭാഗത്ത് ഏതാനും നിമിഷം വയ്ക്കുക.
  • മൂന്നു മണിക്കൂറിനു ശേഷവും ഈ മാര്‍ഗങ്ങളൊന്നും ഫലപ്രദമല്ലെന്നു കണ്ടാല്‍ എത്രയും വേഗം ഒരു ഡോക്ടറെ സമീപിക്കുക.ചെവിയില്‍ ബഡ്സ് ഉപയോഗിക്കുമ്പോള്‍

ചെവിക്കുള്ളിലെ അഴുക്ക് കളയാന്‍ കാട്ടന്‍ ബഡ്സ്, പിന്‍, സ്ലൈഡ്, തീപ്പെട്ടിക്കൊള്ളി തുടങ്ങിയവ ഉപയോഗിക്കുന്നവരുണ്ട്. ഇവയില്‍ ബഡ്‌സ് ഉപയോഗിക്കുന്നത് പലര്‍ക്കും ഒരു ശീലമാണ്. എന്നാല്‍ ചെവിക്കുള്ളിലെ അഴുക്ക് നീക്കം ചെയ്യാന്‍ ബഡ്സ് ഉപയോഗിക്കുന്നത് ചെവിക്ക് ദോഷം ചെയ്യുമെന്നാണ് പുതിയ പഠനം. നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെയര്‍ എക്സലന്‍സിന്റെ പഠനത്തിലാണ് ബഡ്സ് ഉപയോഗത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് പറയുന്നത്.

ചെവിയിലെ അഴുക്ക് അഥവാ ചെവിക്കായം രൂപപ്പെടുന്നത് ചെവിയിലെ അഴുക്കും പൊടിയും കളയാനുള്ള സ്വാഭാവികമായ ശുചീകരണ പ്രക്രിയയാണ്. ശരീരത്തിലെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇത് സ്വയം പുറന്തള്ളപ്പെടും. എന്നാല്‍ പലരും ബഡ്സ് ഉപയോഗിച്ച് ചെവിക്കായം പുറത്ത് കളയുകയാണ് ചെയ്യുന്നത്. എന്നാല്‍ ബഡ്സ് ഉപയോഗം ചെവിക്കുള്ളിലെ മൃദുവായ തൊലിക്ക് പരിക്കേല്‍ക്കാന്‍ കാരണമാകുമെന്നും ഇത് കേള്‍വിയെ തന്നെ തകരാറിലാക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

ബഡ്സ് ഉപയോഗിക്കുന്നതുമൂലം ചെവിക്കായം കൂടുതല്‍ ഉള്ളിലേക്ക് പോകുകയും ചെവിക്കല്ലിനു ക്ഷതം സംഭവിക്കാന്‍ കാരണമാകുകയും ചെയ്യും. ചെവിക്കുള്ളില്‍ ചൊറിച്ചിലോ അസ്വസ്ഥതകളോ തോന്നിയാല്‍ ഡോക്ടറുടെ സഹായം തേടുകയാണ് ഉത്തമം.

ഇയര്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍

ദീര്‍ഘ നേരം ഇയര്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ കേള്‍വിശക്തി കുറയ്ക്കാനിടയുണ്ട്. സാധാരണയായി സ്മാര്‍ട്ട്ഫോണുമായി ബന്ധിപ്പിച്ച് ഇയര്‍ഫോണില്‍ ശബ്ദത്തിന്റെ തോത് ഉയര്‍ത്തുമ്പോള്‍ സുരക്ഷാമുന്നറിയിപ്പ് സന്ദേശം സ്‌ക്രീനില്‍ തെളിയാറുണ്ട്. എന്നാല്‍ ശബ്ദം പോരെന്ന തോന്നലില്‍  ആ മുന്നറിയിപ്പ് ഒഴിവാക്കും. ശബ്ദം കൂട്ടിയിടും. 85 ഡെസിബലില്‍ കൂടുതലുള്ള ശബ്ദം സ്ഥിരമായി കേള്‍ക്കുന്നതാണ് പിന്നീട് കേള്‍വിത്തകരാറിലേക്ക് നയിക്കുന്നത്. എന്നാല്‍, ദീര്‍ഘനേരം സംസാരിക്കുമ്പോള്‍ ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നതാണ് നല്ലത്. എന്നാല്‍ നല്ല ഗുണനിലവാരമുള്ളവ മാത്രമേ ഉപയോഗിക്കാവൂ.

ഗുണനിലവാരമുള്ള ഇയര്‍ഫോണുകള്‍ കുറഞ്ഞ ഫ്രീക്വന്‍സിയിലുള്ള ശബ്ദം മാത്രമേ പുറപ്പെടുവിക്കൂ. ഗുണനിലവാരം കുറഞ്ഞ ഇയര്‍ഫോണുകള്‍ ശബ്ദത്തെ നന്നായി കടത്തിവിടില്ല. അപ്പോള്‍ വീണ്ടും ശബ്ദം കൂട്ടേണ്ടി വരും. ഇത് ശബ്ദത്തിന്റെ ഫ്രീക്വന്‍സി കൂടാന്‍ ഇടയാക്കുകയും കേള്‍വിത്തകരാറിന് ഇടയാക്കുകയും ചെയ്യും.
ഇയര്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ പരമാവധി ശബ്ദം കുറച്ചുവെയ്ക്കുക.

ഇയര്‍കനാലിലേക്ക് ഇറക്കിവയ്ക്കുന്ന തരത്തിലുള്ള ഇയര്‍ബഡ് ഇയര്‍ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ ശബ്ദം പരമാവധി കുറച്ചുവെയ്ക്കുക. ചെവിയെ ഒന്നാകെ മൂടുന്ന ഹെഡ്ഫോണ്‍ ഉപയോഗിച്ചാല്‍ പുറത്തുനിന്നുള്ള മറ്റ് ശബ്ദങ്ങള്‍ വ്യക്തമാവും. അപ്പോള്‍ ഇയര്‍ഫോണിലെ ശബ്ദം പരമാവധി കുറച്ചുവെക്കാം. കോള്‍ കണക്ട് ആയ ശേഷം മാത്രമേ ഫോണ്‍ ചെവിയോട് ചേര്‍ക്കാവൂ.റേഞ്ച് കുറവുള്ള സ്ഥലത്ത് നിന്നും ദീര്‍ഘനേരം സംസാരിക്കരുത്. സിഗ്‌നല്‍ ദുര്‍ബലമാവുന്നത് റേഡിയേഷന്‍ കൂട്ടി ചെവിയുടെ ആരോഗ്യത്തിന് ദോഷം ചെയ്യും. ഇയര്‍ഫോണ്‍ കൃത്യമായി വൃത്തിയാക്കണം. അല്ലെങ്കില്‍ അണുബാധയുണ്ടായേക്കും. ഇതും കേള്‍വിത്തകരാറിന് കാരണമായേക്കാം.

പൊള്ളലേറ്റല്‍ ചെയ്യേണ്ട പ്രഥമശുശ്രൂഷകള്‍ എന്തെല്ലാം

പല രീതിയില്‍ ശരീരത്ത് പൊള്ളലേല്‍ക്കാം. പൊള്ളലിനു ശേഷം സംഭവിക്കുന്ന അണുബാധയാണ് ഏറ്റവും പ്രശ്നം. അഗ്‌നിബാധ മൂലവും ആസിഡ്, രാസ വസ്തുക്കള്‍ തുടങ്ങിയവ വഴിയും ഗ്യാസ് പോലുള്ളവ പൊട്ടിത്തെറിച്ചും വൈദ്യുതി, മിന്നല്‍ എന്നിവ വഴിയുമൊക്കെ പൊള്ളലേല്‍ക്കാം.
പൊള്ളലേറ്റല്‍ ചെയ്യേണ്ട പ്രഥമശുശ്രൂഷ

  • തീയണച്ച് പൊള്ളലേറ്റയാളെ രക്ഷിക്കുക.
  • പൊള്ളലേറ്റ ഭാഗത്ത് ജലം ധാരയായി ഒഴിക്കണം. ഐസ് വയ്ക്കരുത്. കുറേനേരം വെള്ളം ഒഴിച്ചു കൊടുത്താല്‍ പൊള്ളല്‍ ഉള്ളിലേക്ക് വ്യാപിക്കുന്നത് തടയാനാകും.
  • പൊള്ളലേറ്റ ഭാഗത്ത് ഉപ്പ്, തേന്‍, പഞ്ചസാര, പേസ്റ്റ്, ചായപ്പൊടി പോലുള്ളവയൊന്നും പുരട്ടരുത്.
  • പൊള്ളലേറ്റ ഭാഗത്ത് പൈപ്പില്‍ നിന്ന് ശുദ്ധജലം ധാരയായി ഒഴിച്ചുകൊടുക്കാം.
  • ബോധക്ഷയം സംഭവിച്ചിട്ടില്ലെങ്കില്‍ വെള്ളം കുടിക്കാന്‍ കൊടുക്കണം. ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടെങ്കില്‍ കൃത്രിമശ്വാസം നല്‍കാം.
  • പൊള്ളലേറ്റ ഭാഗത്ത് ഉണ്ടാകുന്ന കുമിളകള്‍ പൊട്ടിക്കരുത്.
  • വസ്ത്രങ്ങള്‍ കത്തിയതിന്റെ ഭാഗങ്ങള്‍ മുറിവിനോട് ചേര്‍ന്നിരിപ്പുണ്ടെങ്കില്‍ വലിച്ചിളക്കാന്‍ ശ്രമിക്കരുത്. ആഭരണങ്ങളോ ഒട്ടിപ്പിടിച്ചിട്ടില്ലാത്ത വസ്ത്രങ്ങളോ ഉണ്ടെങ്കില്‍ പതുക്കെ മാറ്റുക.
  • പൊള്ളലേറ്റയാളെ ഓടാന്‍ അനുവദിക്കാതെ നിലത്ത് കിടന്ന് ഉരുട്ടുകയോ കട്ടിയുള്ള ചാക്കോ തുണിയോ ഉപയോഗിച്ച് പൊതിയുകയോ ചെയ്യുക.

പൊള്ളലേല്‍ക്കുമ്പോള്‍ ചര്‍മത്തിലെ രക്തക്കുഴലുകള്‍ക്ക് നാശം സംഭവിക്കുകയും ഇവയില്‍ക്കൂടി രക്തത്തിലെ പ്രോട്ടീന്‍ ഘടകങ്ങളും ലവണങ്ങളും നഷ്ടപ്പെടുകയും ചെയ്യും. പലപ്പോഴും പുറമെ കാണില്ലെങ്കിലും പൊള്ളല്‍ ഉള്ളിലേക്ക് വ്യാപിക്കാനിടയുണ്ട്. ഇത് തിരിച്ചറിയാന്‍ സമയമെടുക്കും. പൊള്ളലേറ്റ ഭാഗത്ത് പൊടിയും അണുക്കളും കയറി ഉണ്ടാകുന്ന അണുബാധ ദോഷം ചെയ്യും.

ഗര്‍ഭകാലത്തിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുന്ന ഗര്‍ഭിണികള്‍ അറിയാന്‍ …

ഒരു സ്ത്രീ ഗര്‍ഭാവസ്ഥയിലിരിക്കുമ്പോഴാണ് അവള്‍ക്ക് കൂടുതല്‍ പരിചരണവും ശ്രദ്ധയും ആവശ്യമുള്ളത്. അതുകൊണ്ട് തന്നെ ഗര്‍ഭാവസ്ഥയില്‍ ആരോഗ്യത്തോടെ ഇരിക്കാനാണ് എല്ലാ സ്ത്രീകളും ശ്രമിക്കുന്നത്.മാനസികമായും ശാരീരികമായും പല മാറ്റങ്ങളും സംഭവിക്കുന്നത് ഗര്‍ഭാവസ്ഥയിലാണ്. അതുപോലെ തന്നെ പല തരത്തിലുള്ള മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയുമൊക്കെ ഉണ്ടാകുന്നതും ഈ അവസ്ഥയിലാണ്.

ഗര്‍ഭകാലം മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പല തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. ഗര്‍ഭത്തിന്റെ അവസാന കാലങ്ങളില്‍ അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യം നിര്‍ണായക ഘട്ടത്തിലാണ്.

ഗര്‍ഭാവസ്ഥയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഗര്‍ഭാവസ്ഥയില്‍ കാലിലും കൈയ്യിലും നീര് സാധാരണയായി ഉണ്ടാകാറുണ്ട്. എന്നാല്‍ അസാധാരണമായ രീതിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറെ കണേണ്ടത് അത്യാവശ്യമാണ്.

പ്രസവത്തിന് മുമ്പ് വജൈനല്‍ ബ്ലീഡിംഗ് ഉണ്ടാകുന്നുവെങ്കില്‍ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.

ക്രമാതീതമായി ശരീരം ഭാരം കൂടുന്നത് സൂക്ഷിക്കണം.

ചര്‍മത്തിലെ ചൊറിച്ചില്‍ സാധാരണ ഗര്‍ഭകാലത്ത് ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത് കൂടുകയാണെങ്കില്‍ ശ്രദ്ധിക്കണം.

രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉള്ള സ്ത്രീകളില്‍ കാഴ്ച മങ്ങല്‍ ഉണ്ടാകാറുണ്ട. ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടങ്കില്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്.

പ്രസവം അടുക്കുന്നതോടെ ഫ്‌ളൂയിഡുകള്‍ പുറത്തേക്ക് വരാറുണ്ട്. എന്നാല്‍ മാസം അടുക്കുന്നതിന് മുമ്പ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ വൈദ്യ സഹായം തേടണം.

ഗര്‍ഭകാലത്ത് കുഞ്ഞ് അനങ്ങുന്നുണ്ടോയെന്ന് ഇടയ്ക്ക് ഇടയ്ക്ക് ശ്രദ്ധിക്കണം.

സ്ത്രീകളിലെ മൈഗ്രെയ്ന്‍

മൈഗ്രെയ്ന്‍ കാരണം ബുദ്ധിമുട്ടുന്നവര്‍ ഒരുപാട് പേരുണ്ട് നമുക്ക് ചുറ്റും. അതില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളും. സ്ത്രീകളിലെ ജനിതകപരമായ വ്യത്യാസവും രോഗപ്രതിരോധശേഷിയുമാണ് ഇതിന് കാരണം.ശ്വേത രക്താണുക്കളിലെ മാസ്റ്റ് സെല്ലുകളില്‍ വരുന്ന വ്യത്യാസങ്ങളാണ് ഈ രോഗങ്ങള്‍ക്ക് കാരണമാകുന്നത്.
സ്ത്രീകളിലും പുരുഷന്മാരിലും മാസ്റ്റ് സെല്ലുകള്‍ ഒരേ അളവിലാണ് ക്രോമസോമുകളില്‍ ഉണ്ടാവുക. എന്നാല്‍ എക്സ് വൈ സെക്സ് ക്രോമസോമുകളില്‍ ജീനുകള്‍ വ്യത്യസ്ത രീതിയില്‍ പെരുമാറിയേക്കാം.ഇതാണ് സ്ത്രീകളില്‍ ഇത്തരം രോഗാവസ്ഥകള്‍ക്ക് കാരണം.

തലവേദനയുള്ള സ്ത്രീകളില്‍ ചിലപ്പോള്‍ ഡിപ്രഷനു കാരണമാകുന്നതും സെക്സ് സംബന്ധിയായ പ്രശ്നങ്ങളാണ്. തലവേദനയ്ക്കു കഴിയ്ക്കുന്ന ചില മരുന്നുകള്‍ ചിലപ്പോഴെങ്കിലും സെക്സ് ജീവിതത്തേയും ബാധിച്ചേക്കും.
അതുപോലെ ചിലരില്‍ സെക്സ് സ്ട്രെസിനുള്ള മരുന്നായി മാറുന്നുണ്ട്. ഈ സമയത്ത് തലച്ചോറില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ചില ഹോര്‍മോണുകളാണ് ഇതിന് കാരണം. ചിലരില്‍ സെക്സിന് ശേഷം തലവേദന വരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിപി കൂടുന്നതും തലച്ചോറിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിക്കുന്നതുമാണ് ഇതിന് കാരണമായി പറയുന്നത്.

സൂക്ഷിക്കാം… കൊഴുപ്പും ഫാറ്റിലിവറും..

നമ്മുടെ ശരീരത്തിലെ പ്രധാന അവയവമാണ് കരള്‍. കരളിന്റെ പ്രവര്‍ത്തനം തകരാറിലായാല്‍ അത് മനുഷ്യശരീരത്തെ ആകമാനം സാരമായി ബാധിക്കുന്നു.
നമ്മുടെ ത്യാഗസമ്പന്നനായ കരളിന് നമ്മുടെ ശരീരത്തില്‍ തന്നെ ഒരു പ്രധാന ശത്രുവുണ്ട്. ശത്രു അത്ര നിസാരനല്ലാത്തതുകൊണ്ടുതന്നെ കുറച്ച് പേടിക്കേണ്ടതുണ്ട്. ഇനി കാര്യത്തിലേയ്ക്ക് കടക്കാം…

ഫാറ്റി ലിവര്‍ .. പേരുപോലെ തന്നെ കൊഴുപ്പ് വില്ലനാകുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍.
കരളില്‍ കൊഴുപ്പ് അടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. കരളിന്റെ കോശങ്ങളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി കരളിനെ നശിപ്പിക്കുകയും ശരീരപ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുകയും ചെയ്യുന്നു.

ഇന്നത്തെ ജീവിതശൈലിയാണ് ഫാറ്റി ലിവറിലേയ്ക്ക്
നയിക്കുന്നത്.
കലോറി് കൂടിയ ഫാസ്റ്റ് ഫുഡും സോഫ്റ്റ് ഡ്രിങ്കുകളുമാണ് ഫാറ്റി ലിവറിന് കാരണമാകുന്നത്.
ഫാറ്റി ലിവര്‍ രണ്ടു തരമുണ്ട്, ആല്‍ക്കഹോളിക്, നോണ്‍ ആല്‍ക്കഹോളിക് വിഭാഗത്തില്‍ പെട്ടവ. മദ്യപിച്ചും അല്ലാതെയും ഇതു വരാമെന്നര്‍ത്ഥം.

മദ്യത്തിനു പുറമെ കൊളസ്ട്രോള്‍, ബിപി, അമിതവണ്ണം, ടൈപ്പ് 2 ഡയബെറ്റിസ് തുടങ്ങിയവയും ഫാറ്റി ലിവറിന് കാരണമാണ്.

അമിതവണ്ണമുള്ളവര്‍ക്ക് മാത്രമാണ് ഫാറ്റിലിവര്‍ ഉണ്ടാകുവെന്ന ധാരണ പൊതുവെയുണ്ട്. എന്നാല്‍ മെലിഞ്ഞവര്‍ക്കും ഈ രോഗ സാധ്യത തള്ളി കളയാനാവില്ല.

ഈ അവസ്ഥ ലീന്‍ ഫാന്‍ ലിവര്‍ എന്നാണ് അറിയപ്പെടുന്നത്. പോഷകമില്ലായ്മ, തൈറോയ്ഡ് രോഗങ്ങള്‍ ഉള്ളവര്‍, മെറ്റബോലിക് സിന്‍ഡ്രോം ഉള്ളവര്‍ എന്നിവര്‍ക്കാണ് ലീന്‍ ഫാറ്റി ലിവര്‍ ഉണ്ടാകാനുള്ള കൂടുതല്‍ സാധ്യത. ഈ അവസ്ഥ വളരെ അപൂര്‍വമായിട്ടാണ് കാണപ്പെടുന്നത്.

ഫാറ്റി ലിവറിന് വീട്ടു വൈദ്യം
ചെറുനാരങ്ങ

ചെറുനാരങ്ങയിലെ എന്‍സൈം ഗ്ലൂട്ടാത്തിയോണ്‍ എന്ന എന്‍സൈം കരളിലെ കൊഴുപ്പ് നീക്കാന്‍ സഹായിക്കും.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീയിലെ ക്യാച്ചെന്‍സ്്് ലിവറിലെ കൊഴുപ്പ് നീക്കാനും ലിവറിന്റെ ശരിയായ പ്രവര്‍ത്തനത്തിനും സഹായിക്കും . ദിവസം രണ്ടുമൂന്ന് കപ്പ് ഗ്രീന്‍ ടീ കുടിയ്ക്കാം.

മഞ്ഞള്‍

ആന്റി ഓക്‌സിഡന്റായ മഞ്ഞള്‍ ഫാറ്റി ലിവര്‍ സിന്‍ഡ്രോം അകറ്റാനുള്ള വഴിയാണ്.

നെല്ലിക്ക

നെല്ലിക്ക കഴിക്കുന്നതും നെല്ലിക്കാജ്യൂസ് കുടിക്കുന്നതും നല്ലതാണ്.

ആരോഗ്യമുള്ള കുഞ്ഞു പല്ലുകള്‍ക്കായി…

കുഞ്ഞിന്റെ ആരോഗ്യകാര്യത്തില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്നാണ് പല്ലിന്റെ ആരോഗ്യം. നമ്മുടെ പിഞ്ചോമനകള്‍ക്ക് ആരോഗ്യമുള്ളതും ഉറച്ചതുമായ പല്ല് ലഭിക്കാനായി ആദ്യ പല്ലുകള്‍ മുളയ്ക്കുന്നതിന് മുന്‍പ് തന്നെ കുഞ്ഞിന്റെ മോണകള്‍ കൃയ്യമായി ശുചീകരിക്കേണ്ടതുണ്ട്.

ഒരു നവജാത ശിശുവിനെ ഊട്ടിയ ശേഷം നിങ്ങള്‍ക്ക് നിങ്ങളുടെ വിരലുകള്‍ കൊണ്ട് തന്നെ അവന്റെ മോണകളെ വൃത്തിയാക്കാവുന്നതാണ്. അതല്ലെങ്കില്‍ വളരെ ലോലമായ ഒരു തുണിക്കഷണം എടുത്ത് മൃദുവായി നനച്ചശേഷം കുഞ്ഞു മോണകളെ തുടയ്ക്കാം. ഇത് നിങ്ങളുടെ കുഞ്ഞിന്റെ വായിലെ രോഗാണുക്കളെ അകറ്റി നിര്‍ത്താന്‍ സഹായകമാകുന്നു. അതുപോലെതന്നെ വളരെ മൃദുലമായി കുഞ്ഞിന്റെ നാക്കും വൃത്തിയാക്കുക.

കുഞ്ഞിന് 20 മാസം പ്രായമാകുമ്പോള്‍ തന്നെ പല്ല് തേപ്പ് ആരംഭിക്കാം. ആദ്യസമയങ്ങളില്‍ പല്ല് തേപ്പിന്റെ അവകാശം അവനുതന്നെ കൊടുക്കുക. വളരെ സോഫ്റ്റായ ബ്രഷ് വേണം ഉപയോഗിക്കാന്‍. കുഞ്ഞുങ്ങളെ ആകര്‍ഷിക്കാനായി വിവിധതരത്തിലുള്ള ബ്രഷുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.

ആദ്യം തന്നെ ഒരു നോണ്‍ ഫ്‌ലൂറിഡേറ്റസ് ടൂത്ത്‌പേസ്റ്റ് ഉപയോഗിച്ച് തുടങ്ങാം. ഫ്‌ലൂറിന്‍ കലര്‍ന്ന ടൂത്ത്‌പേസ്റ്റുകള്‍ ഉപയോഗിക്കുന്നത് കുഞ്ഞുങ്ങള്‍ വായ കഴുകാനും തുപ്പാനുമൊക്കെ പഠിച്ച ശേഷം മതി (പിച്ചവച്ച് നടക്കാന്‍ തുടങ്ങുന്ന കുഞ്ഞുങ്ങള്‍ക്കുള്ള ഇത്തരം ടൂത്ത്‌പേസ്റ്റുകള്‍ മിക്ക മെഡിക്കല്‍ ഷോപ്പുകളിലുംലഭ്യമാണ്).

തിളപ്പിച്ചാറ്റിയ കുടിവെള്ളം മാത്രം കുഞ്ഞുങ്ങളുടെ പല്ലുതേപ്പിനായി ഉപയോഗിക്കുക. ഒരുപക്ഷേ തുപ്പികളയാതെ പേസ്റ്റ് ഉള്ളിലേയ്ക്കിറക്കിയാലും ചൂടുവെള്ളം ഉപയോഗിക്കുന്നത്‌കൊണ്ട് പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല.
നിങ്ങളുടെ കുഞ്ഞിന് പല്ലുകള്‍ മുളച്ചു വരുമ്പോള്‍ തന്നെ ചവയ്ക്കാനുള്ള പ്രേരണ വളര്‍ന്നുവരാം , അതിനാല്‍ അവന്റെ ഭക്ഷണക്രമത്തില്‍ പതിയെ പതിയെ പഴങ്ങളും പച്ചക്കറികളും കൂട്ടി ചേര്‍ക്കാം. ഒട്ടിപ്പിടിടിക്കുന്ന ഭക്ഷണങ്ങളുംമധുരപലഹാരങ്ങളുമൊക്കെ കുഞ്ഞുങ്ങള്‍ക്ക് കൂടുതലായി കൊടുക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കണം. അതുപോലെതന്നെ പാല്‍കുപ്പി ചുണ്ടില്‍ വച്ചുകൊണ്ടു കൊണ്ട് ഉറങ്ങുന്നത് പല്ലുകള്‍ക്ക് നല്ലതല്ല. ഇത് പരുക്കേറ്റതും പെട്ടെന്ന് കേടാവുന്നതുമായ പല്ലുകള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ഇത് ക്യാവിറ്റീസിനും കാരണമാകുന്നു.

സ്ത്രീകളിലെ തൈറോയ്ഡ്

സ്ത്രീകളെ ഏറ്റവുമധികം അലട്ടുന്ന ശാരീരിക പ്രശ്‌നമാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാര്‍ . ശരീരത്തിന്റെ ഭൂരിഭാഗം പ്രവര്‍ത്തനങ്ങളേയും നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ് .

തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറുകള്‍ മൂലം രക്തത്തില്‍ തൈറോയ്ഡ് ഹോര്‍മോണിന്റെ അളവില്‍ ഏറ്റകുറച്ചിലുകള്‍ സംഭവിക്കാം . ഇത് പല ശാരീരിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.
ഹൈപ്പര്‍ തൈറോയ്ഡ്, ഹൈപ്പോതൈറോയ്ഡ് എന്നിങ്ങനെ രണ്ടു വിധം തൈറോയ്ഡ് പ്രശ്നങ്ങളുണ്ട്. തൈറോയ്ഡ് ഗ്രന്ഥി അമിതമായി തൈറോക്സിന്‍ ഉല്‍പാദിപ്പിക്കുമ്പോഴാണ് ഹൈപ്പര്‍ തൈറോയ്ഡാകുന്നത്. കുറഞ്ഞ അളവില്‍ ഉല്‍പാദിപ്പിയ്ക്കുന്നത് ഹൈപ്പോതൈറോയ്ഡ് പ്രശ്നത്തിന് വഴി വയ്ക്കും.
ഹൈപ്പര്‍, ഹൈപ്പോ തൈറോയ്ഡുകള്‍ ആര്‍ത്തവത്തേയും ബാധിയ്ക്കും. ഹൈപ്പോതൈറോയ്ഡ് അമിതമായ ബ്ലീഡിംഗിനും ഹൈപ്പര്‍ തൈറോയ്ഡ് കുറവു ബ്ലീഡിംഗിനും കാരണമാകും. അതുപോലെ തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാര്‍ വന്ധ്യതാ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

ഹൈപ്പര്‍ തൈറോയ്ഡ് ശരീരഭാരം കുറയ്ക്കുകയും ഹൈപ്പോ തൈറോയ്ഡ് ശരീരഭാരം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം അമിതമായി ചൂടു തോന്നുവാനും വിയര്‍പ്പു കൂടുവാനും ഇട വരുത്തും.
ഹൈപ്പോതൈറോയ്ഡുള്ളവര്‍ക്ക് കൊളസ്ട്രോള്‍ അളവ് കൂടും. ശരീരത്തിലെ അപചയപ്രക്രിയ ശരിയായി നടക്കാത്തതു കൊണ്ട് കൊഴുപ്പടിഞ്ഞു കൂടുന്നതാണ് ഇതിന് കാരണം.

രക്തത്തിലെ തൈറോയ്ഡ് ഹോര്‍മോണ്‍ അളക്കുന്നതുവഴി രോഗനിര്‍ണയം നടത്താവുന്നതാണ്. ക്യത്രിമ തൈറോയ്ഡ് ഹോര്‍മോണ്‍ ഉപയോഗിച്ചാണ് ഹൈപ്പോ തൈറോയ്ഡിസം ചികിത്സിക്കേണ്ടത് . ബീറ്റാബ്ലോക്കര്‍ , മെതിമാസോള്‍ , കാര്‍ബിമാസോള്‍ , എന്നീ മരുന്നുകള്‍ ഉപയോഗിച്ച് ഹൈപ്പര്‍ തൈറോയ്ഡ് ചികിത്സ നടത്താവുന്നതാണ്.

കടപ്പാട് :24kerala.com

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate