മലയാളികളില്‍ ദിവസവും കുളിക്കാത്തവരായി ആരുമില്ല. ദിവസം പല പ്രാവശ്യം കുളിക്കുന്നവരുടെയും നാടാണ് കേരളം. ശുചിത്വശീലം എന്നതിനപ്പുറം കുളിയുടെ മറ്റ് പ്രയോജനങ്ങള്‍ എന്തെല്ലാമാണ്. ആയുര്‍വേദ ശാസ്ത്രത്തില്‍ ക്ഷീണമകറ്റാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് കുളി. രാവിലെ എഴുന്നേറ്റ് പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിച്ച് പല്ലുതേച്ചശേഷം ദേഹത്ത് എണ്ണ തേച്ച് വ്യായാമവും കഴിഞ്ഞു വേണം കുളിക്കാന്‍. വ്യായാമം കഴിഞ്ഞ് 20 മിനിറ്റിന് ശേഷം ശരീരം സാധാരണ നിലയിലായ ശേഷമേ കുളിക്കാവൂ. വ്യായാമം ചെ
യ്യാന്‍ സാധിക്കാത്തവര്‍ക്ക് അല്പസമയം പൊടിയിട്ട് ദേഹം തിരുമ്മിയശേഷം കുളിക്കാം.
കുളിയുടെ ഗുണങ്ങള്‍
കുളി വിശപ്പിനെ ഉത്തേജിപ്പിക്കുന്നു, ക്ഷീണം ഇല്ലാതാക്കുന്നു. ശരീരത്തിനും മനസിനും ഉണര്‍വ് നല്കുന്നു. ശരീരത്തിലെ വിയര്‍പ്പും അഴുക്കുകളും കളഞ്ഞു വൃത്തിയാക്കുന്നു. ചൊറിച്ചില്‍ , ദേഹത്തിന്റെ നീറ്റല്‍ എന്നിവ അകറ്റുന്നു.
കുളി എങ്ങനെ എപ്പോള്‍
ചെറു ചൂടുവെള്ളത്തില്‍ ദേഹവും തണുത്തതോ ചൂടുള്ളതോ അല്ലാത്ത വെള്ളത്തില്‍ തലയും കുളിക്കണം; പ്രത്യേകിച്ചും കുഞ്ഞുങ്ങളും വയോജനങ്ങളും . അധികം ചൂടുള്ളതോ തണുത്തതോ ആയ വെള്ളം കുളിക്കാനുപയോഗിക്കരുത്. ചൂട് കൂടുതലുള്ള വെള്ളം തലയില്‍ ഒഴിക്കുന്നത് കണ്ണിനും മുടിക്കും കേടുണ്ടാക്കും.
കാലാവസ്ഥക്കനുസരിച്ച് വെള്ളത്തിന്റെ ചൂടും തണുപ്പും ക്രമീകരിക്കണം. വേനല്‍ക്കാലത്ത് തണുത്ത വെള്ളത്തിലും മഴക്കാലത്തും മഞ്ഞുകാലത്തും ഇളംചൂടുവെള്ളത്തിലും കുളിക്കാം. മഴക്കാലത്ത് നദികളിലും കുളങ്ങളിലും ഉള്ള കുളി ഒഴിവാക്കേണ്ടതാണ്.
ആഹാരം കഴിഞ്ഞ് ഉടനെ കുളിക്കുന്നത് ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിക്കുന്നു. അങ്ങനെയെങ്കില്‍ ആഹാരം ദഹിച്ച ശേഷം മാത്രമേ കുളിക്കാവൂ. സാധാരണയായി തലയിലും ദേഹത്തും എണ്ണ തേച്ചശേഷം ആണ് കുളിക്കേണ്ടത്. കുളിക്കുമ്ബോള്‍ മെഴുക്ക് കളയുന്നതിനായി വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിക്കാം. പെരുവലം, തെച്ചി വേരു ചതച്ചത് എന്നിവ മെഴുകു കളയാനായി ഉപയോഗിക്കാം. ചില രോഗങ്ങളുടെശമനത്തിനു അനിവാര്യവുമാണ്. ഉദാ : ചിക്കന്‍ പോക്സ് ഉള്ളപ്പോള്‍ പനിയില്ലെങ്കില്‍ എല്ലാ ദിവസവും കുളിക്കുന്നത് രോഗതീവ്രത കുറക്കുന്നു. ചിക്കന്‍ പോക്സ് ലെ കുമിളകള്‍ പരുക്കനായി തുടങ്ങുന്ന സമയത്തു വേപ്പിലയും മഞ്ഞളും അരച്ചു ദേഹത്തു പുരട്ടി കുളിക്കുന്നത് രോഗവ്യാപനത്തെ തടയുകയും ചെയ്യുന്നു.
എന്നും കുളിക്കണം എന്നു പറയുമ്ബോഴും ചില രോഗാവസ്ഥകളില്‍ കുളി ഒഴിവാക്കേണ്ടതാണ്.മുഖം ഒരു വശത്തേക്ക് കോടുക, കണ്ണ് രോഗങ്ങള്‍, ചെവിവേദന, വെള്ളമൊലിപ്പ്, പഴുപ്പ് എന്നിവയുള്ളപ്പോഴും വായയ്ക്കും പല്ലിനും രോഗമുള്ളപ്പോഴും ജലദോഷമുള്ളപ്പോഴും ദഹനക്കുറവുള്ള സമയത്തും കുളി ഒഴിവാക്കണം. എല്ലാ ദിവസവും രാവിലെ കാലവസ്ഥക്കനുസരിച്ച് തല ഉള്‍പ്പെടെയും വൈകുന്നേരം ദേഹം മാത്രമായും കുളിക്കുന്നതാണ് നല്ലത്
ഇത് ഓര്‍ത്തുവയ്ക്കൂ
അസ്ഥി സംബന്ധമായതും ആസ്ത്മ പോലെയുള്ള ശ്വാസരോഗങ്ങളും ഉള്ളവര്‍ ഒരു കാരണവശാലും വൈകിട്ട് അഞ്ചിന് ശേഷം തല കുളിക്കരുത്. വൈകിട്ട് അഞ്ച് മണിക്ക് ശേഷമുള്ള കുളി രോഗം വര്‍ധിക്കാന്‍ കാരണമാകും. കുളി അല്ലെങ്കില്‍ പലവിധത്തില്‍ ശരീരത്തിന് പുറമേ ജലത്തിന്റെ ഉപയോഗം , ഭാഗികമായോ പൂര്‍ണമായോ ശരീരത്തില്‍ ജലം ഒഴിക്കുന്നത്, മുങ്ങിയിരിക്കുന്നത് , പ്രകൃതി ചികിത്സയുടെ ഭാഗമായ ഒരു ചികിത്സാരീതി കൂടി ആയി വളര്‍ന്നിട്ടുണ്ട്. തണുത്ത വെള്ളത്തില്‍ കുളിക്കുന്നതോ ദേഹം മാത്രമായി മുങ്ങി കിടക്കുന്നതോ ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനത്തിന്റെ തോത് വര്‍ധിപ്പിക്കുന്നതായും, രക്തസമ്മര്‍ദ്ദം കുറക്കുന്നതായും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ഹൃദയാരോഗ്യത്തിന് ഇളം ചൂട് വെള്ളമാണ് ഉത്തമം. ഇളം ചൂടുവെള്ളത്തില്‍ കുളിക്കുന്നത് നല്ല കൊഴുപ്പിന്റെ അളവ് കൂട്ടുന്നതായും ചീത്ത കൊഴുപ്പു കുറക്കുന്നതായും തെളിഞ്ഞിട്ടുണ്ട്. മൂത്ര നാളിയുടെ അണുബാധയിലും വെള്ളപോക്കു തുടങ്ങിയ രോഗങ്ങളിലും തണുത്ത വെള്ളത്തിലുള്ള കുളിമരുന്നിന്റെ ശരിയായ ഉപയോഗത്തോടൊപ്പം രോഗ ശമനത്തിനും രോഗണിയന്ത്രണത്തിനും പ്രയോജനപ്പെടുന്ന ഒരു ശീലമായി കുളി ഉപയോഗപ്പെടുത്താം.
കടപ്പാട് ഇപേപ്പർ