സമീകൃതാഹാരമാണ് മുട്ട എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം കാണില്ല. കാല്‍സ്യവും പ്രോട്ടീനും വൈറ്റമിനുകളുമടക്കം പല തരത്തില ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണിത്.
ആരോഗ്യപരമായി മാത്രമല്ല, സൗന്ദര്യപരമായ ഗുണങ്ങളാലും സമ്പുഷ്ടമാണ് മുട്ടവെള്ള. ഈജിപ്ത്, ചൈന, അറേബ്യന്‍ പെസിസുല എന്നിവിടങ്ങളില്‍ പുരാതന കാലം മുതല്‍ ഉപയോഗിച്ചു വന്നിരുന്ന സൗന്ദര്യ സംരക്ഷണ വഴിയാണ് മുട്ട. പ്രത്യേകിച്ചും മുട്ട വെള്ള. പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പല തരത്തിലും പരിഹാരമാകുന്ന ഒന്നാണ് മുട്ട വെള്ള. ഇതിലെ പ്രോട്ടീനുകളും ആല്‍ബുമിനുമെല്ലാം തന്നെ ചര്‍മത്തിന് പല തരത്തിലെ ഗുണങ്ങളും നല്‍കും.
മുട്ട വെള്ള സൗന്ദര്യ സംരക്ഷണത്തിനു പല ചേരുവകള്‍ക്കൊപ്പമോ അല്ലാതെയോ ഉപയോഗിയ്ക്കാം. ഒരു മാസം അടുപ്പിച്ച് മുട്ട വെള്ള മുഖത്തു പുരട്ടിയാല്‍ തന്നെ പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാകും, ഇത്.
ആന്റിഏജിംഗ്
മുട്ട വെള്ള നല്ലൊന്നാന്തരം ആന്റിഏജിംഗ് മാസ്‌കാണ്. ഇതു മുഖ കോശത്തിന് ഇലാസ്‌ററിസിറ്റി നല്‍കും. അയഞ്ഞു തൂങ്ങാതെ ചര്‍മത്തിന് ഇറുക്കം നല്‍കും. ചര്‍മം അയഞ്ഞു തൂങ്ങുന്നത് ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്ന പ്രധാനപ്പെട്ടൊരു വഴിയാണ്.
അകാല വാര്‍ദ്ധക്യം
ഇതുപോലെ മുഖത്തിന് അകാല വാര്‍ദ്ധക്യം വരുത്തുന്ന ഒന്നാണ് മുഖത്തുണ്ടാകുന്ന ചുളിവുകള്‍. ഇവയ്ക്കുളള നല്ലൊരു പരിഹാരം കൂടിയാണ് മുട്ട. വെള്ള. മുട്ട വെള്ള മുഖത്ത് ലെയറായി തേച്ചു പിടിപ്പിയ്ക്കുക. ഉറങ്ങുമ്പോള്‍ ഇത് പൊളിച്ചെടുക്കാം. ഇത് മുഖത്തെ ചുളിവുകള്‍ക്കു പരിഹാരം നല്‍കും. ഇതല്ലാതെ മുട്ട വെള്ളയ്‌ക്കൊപ്പം തേനും തൈരുമെല്ലാം കലര്‍ത്തി പുരട്ടുന്നതും നല്ല ആന്റി ഏജിംഗ് മിശ്രിതമാണ്.
എണ്ണമയമുളള ചര്‍മത്തിന്
എണ്ണമയമുളള ചര്‍മത്തിന് പറ്റിയ ഏറ്റവും നല്ലൊരു പരിഹാരമാണ് മുട്ട വെള്ള പ്രയോഗം. ഇത് ചര്‍മ സുഷിരങ്ങളുടെ വലിപ്പം കുറയ്ക്കുന്നതിലൂടെയാണ് ഇതിനു സഹായിക്കുന്നത്. മുഖം ആദ്യം ചെറുചൂടുവെള്ളം കൊണ്ടു കഴുകിയ ശേഷം മുഖത്ത് മുട്ട വെള്ള പുരട്ടാം. ഉണങ്ങുമ്പോള്‍ ഇളംചൂടുവെള്ളം കൊണ്ടു കഴൂകാം.
മുഖത്തെ സുഷിരങ്ങള്‍
മുഖത്തെ സുഷിരങ്ങള്‍ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇത്തരം സുഷിരങ്ങളില്‍ അഴുക്കും പൊടിയുമെല്ലാം അടിഞ്ഞു കൂടി മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്ക് സാധ്യത ഏറെയാണ്. മുഖത്തു മുട്ട വെള്ള പുരട്ടുമ്പോള്‍ ഇത്തരം ചര്‍മ സുഷിരങ്ങളുടെ വലിപ്പം കുറയും. ഇത് അടുക്കടിഞ്ഞു കൂടുന്നതും മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ വരുന്നതും തടയും. നാരങ്ങാനീരും മുട്ട വെള്ളയും കലര്‍ത്തി പുരട്ടുന്നതാണ് കൂടുതല്‍ നല്ലത്.
ചര്‍മത്തിന്റെ നിറം
ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒരു വഴി കൂടിയാണ് മുട്ട വെള്ള. ഇതിലെ പോഷകങ്ങള്‍ ചര്‍മ നിറം വര്‍ദ്ധിപ്പിയ്ക്കുന്നു. മുട്ട വെള്ളയില്‍ തേനും നാരങ്ങാനീരുമെല്ലാം കലര്‍ത്തി പുരട്ടുന്നത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ചില വഴികളാണ്. മുട്ടയ്‌ക്കൊപ്പം പഴുത്ത പപ്പായ ചേര്‍ത്തു പുരട്ടുന്നതും നല്ലതാണ്. ഇതൊന്നുമില്ലെങ്കില്‍ തന്നെയും മുട്ട വെള്ള മുഖത്ത് അടുപ്പിച്ചു പുരട്ടുന്നത് ഏറെ ഗുണം നല്‍കും.
ബ്ലാക് ഹെഡ്‌സ്
മുഖത്തെ ബ്ലാക് ഹെഡ്‌സിനുളള നല്ലൊരു പ്രതിവിധി കൂടിയാണ് മുട്ട വെള്ള. മുട്ട വെള്ള മുഖത്തെ സെബം വലിച്ചെടുത്ത് ചര്‍മ കോശങ്ങളെ വൃത്തിയാക്കുന്നു. മുഖത്തെ സുഷിരങ്ങള്‍ക്കു മുറുക്കം നല്‍കുന്നതിലൂടെ ബ്ലാക് ഹെഡ്‌സ് ഇത്തരം സുഷിരങ്ങിലൂടെ പുറന്തള്ളപ്പെടുന്നു.
കണ്‍തടത്തിലെ വീര്‍പ്പ്
കണ്‍തടത്തിലെ വീര്‍പ്പ് കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ഇത്. മുട്ട മഞ്ഞ ചൂണ്ടു വിരല്‍ കൊണ്ട് ഇവിടെ പുരട്ടുക. ഉണങ്ങുമ്പോള്‍ കഴുകിയ ശേഷം അല്‍പം വെളിച്ചെണ്ണ പുരട്ടുക. കണ്‍തടത്തിലെ വീര്‍മത മാറും.
മുഖ രോമങ്ങള്‍
മുഖ രോമങ്ങള്‍ പല സ്ത്രീകളേയും അലട്ടുന്ന സൗന്ദര്യ പ്രശ്‌നമാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് മുട്ട വെള്ള. മുഖത്ത് ഒരു ബ്രഷ് ഉപയോഗിച്ചു മുട്ട വെള്ള പുരട്ടുക. ഒരു ടിഷ്യൂ പേപ്പര്‍ എടുത്ത് കണ്‍ ഭാഗത്തും വായയുടെ ഭാഗത്തും അതേ ആകൃതില്‍ കട്ടു ചെയ്ത ശേഷം ഇതു മുഖത്തു വയ്ക്കുക. ഇതിനു മുകളില്‍ വീണ്ടും ഒരു തവണ മുട്ട വെള്ള പുരട്ടുക. ഇത് ഉണങ്ങുമ്പോള്‍ പെട്ടെന്നു തന്നെ പേപ്പര്‍ വലിച്ചെടുക്കുക. മുഖത്തെ ചെറിയ രോമങ്ങള്‍ അടക്കം പറിഞ്ഞു പോകും. കാര്യമായ വേദനയില്ലാതെ, വളരെ സുരക്ഷിതമായ രീതിയില്‍ മുഖ രോമങ്ങള്‍ നീക്കാന്‍ സാധിയ്ക്കുന്ന നല്ലൊരു വഴിയാണ്.
മുഖത്തിനു തിളക്കവും
മുഖത്തിനു തിളക്കവും മൃദുത്വവുമെല്ലാം നല്‍കാനുള്ള സ്വാഭാവിക വഴിയാണ് മുട്ട വെള്ള മുഖത്തു പുരട്ടുന്നത്. ഇത് അടുപ്പിച്ചു മുഖത്തു പുരട്ടിയാല്‍ ഇത്തരം ഗുണങ്ങള്‍ക്കുള്ള തികച്ചും സ്വാഭാവിക വഴിയാണെന്നു തന്നെ പറയേണ്ടി വരും.