অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

യോഗ വിവരങ്ങൾ

ശരീരത്തെയും മനസിനെയും ഒരു പോലെ സ്വാധീനിക്കുന്ന, ഓര്‍മശക്തിയും ഊര്‍ജസ്വലതയും വര്‍ധിപ്പിക്കുന്ന വ്യായാമം.തിരക്കേറിയ ജീവിതത്തില്‍ എല്ലാ സമ്മര്‍ദങ്ങളെയും അകറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്കിടയില്‍ ഒരനുഗ്രഹമായി മാറുകയാണ് യോഗ. പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ച് ആന്തരികബാഹ്യ ശുചിത്വത്തിലൂന്നിയ നിത്യ പരിശീലനത്തിലൂടെ ആയുസിന്‍റെ ദൈര്‍ഘ്യം കൂട്ടുന്ന വ്യായാമം അതാണു യോഗാഭ്യാസം. സര്‍വരോഗ സംഹാരിയെന്നതടക്കം പല വിശേഷങ്ങളുണ്ട് യോഗക്ക്. ജീവിത ശൈലീ രോഗങ്ങള്‍ ഉള്‍പ്പെടെ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്കു യോഗാഭ്യാസം തീര്‍ച്ചയായും ആശ്വാസം പകരും. മനസിനെ നിയന്ത്രിക്കാനുള്ള കരുത്തു സ്വന്തമാവുന്നതു കൊണ്ടു തന്നെ സ്വഭാവ രൂപീകരണത്തിനും യോഗ സഹായിക്കും. ഓര്‍മശക്തിയും ഊര്‍ജസ്വലതയും വര്‍ധിപ്പിക്കാനും ഏറെ നല്ലത്.. മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തോടെ രചിക്കപ്പെട്ട കൃതിയാണ് അഷ്ടാംഗയോഗ. പതഞ്ജലി മഹര്‍ഷിയാണ് ഈ ഗ്രന്ഥത്തിന്‍റെ കര്‍ത്താവ്. യോഗ എന്ന വാക്കിന്‍റെ അര്‍ത്ഥം ചേര്‍ച്ച എന്നാണ്.
ആധുനികചികിത്സാ സമ്പ്രദായങ്ങളുടെ ഭാഗമായി യോഗയെ മാറ്റാനും അതുവഴി ആ പുരാതന സമ്പ്രദായത്തിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുമുള്ള പരിശ്രമങ്ങള്‍ ഒരു വശത്തു നടക്കുമ്പോള്‍ തന്നെ, സര്‍വ പ്രശ്നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയെന്ന നിലയില്‍ യോഗയെ ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമങ്ങളും ഊര്‍ജിതമാണ്. ആധുനികവൈദ്യശാസ്ത്രത്തെ അപേക്ഷിച്ച് വളരെ പുരാതനമായ ഒരു ചരിത്രമുണ്ട് യോഗയ്ക്ക്. നമ്മുടെ പൂര്‍വികരായ ഋഷിമാര്‍ ദീര്‍ഘകാലത്തെ ധ്യാനമനനാദികളാല്‍ നേടിയെടുത്ത വിജ്ഞാനമാണിത്. വാമൊഴിയിലൂടെ ശിഷ്യപരമ്പരകള്‍ക്കു പകര്‍ന്നുകിട്ടിയ ഈ വിജ്ഞാനം പിന്നീട് താളിയോലഗ്രന്ഥങ്ങളിലൂടെ വരമൊഴിയായി മാറി. തലമുറകളായി ഫലം കണ്ടുവരുന്നതും വിശ്വാസമാര്‍ജിച്ചതുമായ ഒരു ചികിത്സാമാര്‍ഗമാണിത്.
ഒരു ദിവസത്തില്‍ സൗകര്യപ്രദമായ ഏതു സമയത്തും യോഗാഭ്യാസം ചെയ്യാം. ഗര്‍ഭാവസ്ഥയില്‍ പോലും യോഗയാവാം. പരിശീലിച്ചു കഴിഞ്ഞാല്‍ പ്രത്യേകിച്ചു സഹായിയുടെ ആവശ്യം പോലുമില്ലാതെ തുടരാം. വാര്‍ധക്യത്തിലും ഗര്‍ഭിണിയായിരിക്കുമ്പോഴും വിവിധ ആരോഗ്യ പ്രശ്നമുള്ളപ്പോഴും യോഗ ചെയ്യുന്നതിന് ഒരു ഗുരുവിന്‍റെ സഹായം തേടുന്നതാണു നല്ലത്. ലളിതമായ ആസനങ്ങളും പ്രാണായാമങ്ങളും കൊണ്ടു തന്നെ വലിയ ഗുണം ലഭിക്കും. യോഗാഭ്യാസം ആരംഭിക്കുന്നതിനു മുന്‍പു ചില തയാറെടുപ്പുകള്‍ ആവശ്യമാണ്.


ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


യോഗാഭ്യാസം ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും പ്രാര്‍ഥന അല്ലെങ്കില്‍ ധ്യാനത്തോടെയായിരിക്കണമെന്നതാണ് അതിലേറ്റവും പ്രധാനപ്പെട്ടത്. ആന്തരികബാഹ്യശുദ്ധിയും യോഗാഭ്യാസത്തിനു പ്രധാനമാണ്. വൃത്തിയുള്ളതും ശുദ്ധ വായു സഞ്ചാരമുള്ളതുമായ തുറന്ന സ്ഥലമാവണം യോഗാഭ്യാസത്തിനായി തിരഞ്ഞെടുക്കേണ്ടത്. രാവിലെയോ വൈകുന്നേരമോ ഒരു നിശ്ചിത സമയം യോഗാഭ്യാസത്തിനായി മാറ്റിവയ്ക്കാം. പുലര്‍ച്ചെയാണ് ഏറ്റവും ഉത്തമം. ഒരിക്കലും ധൃതിയില്‍ ചെയ്യാന്‍ ശ്രമിക്കുകയുമരുത്.
അതു പോലെ തന്നെ പലതരം ചിന്തകളുമായി യോഗാഭ്യാസത്തിനു തുനിയരുത്. യോഗാഭ്യാസങ്ങളും മറ്റു ശാരീരിക വ്യായാമങ്ങളും കൂട്ടിക്കലര്‍ത്തി ചെയ്യുന്നതു നല്ലതല്ല. കുളി കഴിഞ്ഞു യോഗാഭ്യാസം ചെയ്യുന്നതാണ് ഉത്തമം. ഇനി യോഗാഭ്യാസം ചെയ്തിട്ടാണെങ്കില്‍ അര മണിക്കൂര്‍ കഴിഞ്ഞേ കുളിക്കാവൂ. ഭക്ഷണം കഴിഞ്ഞതിനു ശേഷം ഉടനെയും യോഗ ചെയ്യരുത്. ഭക്ഷണം പൂര്‍ണമായും ദഹിക്കാനുള്ള ഇടവേള കഴിഞ്ഞു മാത്രം യോഗ ചെയ്യുക. യോഗാഭ്യാസം കഴിഞ്ഞിട്ടായാലും അല്‍പ സമയം കഴിഞ്ഞു മാത്രമേ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും പാടുള്ളൂ. യോഗ ചെയ്യുമ്പോള്‍ അയഞ്ഞ കോട്ടണ്‍ വസ്ത്രം ധരിക്കുന്നതാണ് ഉത്തമം. വലിച്ചുവാരിയും സമയക്രമം ഇല്ലാതെയും ഭക്ഷണം കഴിക്കുന്ന ശീലം പൂര്‍ണമായും ഒഴിവാക്കുക. ആദ്യമായി യോഗ ചെയ്യുമ്പോള്‍ ആരോഗ്യമുള്ളവരായാലും ചില വിഷമതകള്‍ സാധാരണയാണ്. ശരീരത്തില്‍ ഉണ്ടാവുന്ന ശുദ്ധീകരണക്രിയയുടെ ലക്ഷമായി കണക്കാക്കിയാല്‍ മതി.

യോഗാ രീതികൾ


അര്‍ദ്ധമത്സ്യേന്ദ്രാസനം

അഭ്യസിക്കാന്‍ ഏറെ പ്രയാസമുള്ള ആസനമാണ് അര്‍ദ്ധമത്സ്യേന്ദ്രാസനം. മത്സ്യേന്ദ്രന്‍ എന്ന മഹര്‍ഷിയാണ് ഈ ആസനത്തിന്റെ ഉപജ്ഞാതാവ്. ഈ ആസനം അഭ്യസിക്കുന്നതിലൂടെ നട്ടെല്ലിനോട് ഘടിപ്പിച്ചിരിക്കുന്ന അസംഖ്യം ഞരമ്പുകള്‍ക്ക് ഉണര്‍വും ഉത്തേജനവും ലഭിക്കുന്നു. പുറത്തെ മാംസപേശികള്‍ക്ക് ദൃഢത ലഭിക്കുന്നു. നാഡീവ്യൂഹങ്ങള്‍ ശക്തങ്ങളാകുന്നു. പാന്‍‌ക്രിയാസിന്റെയും അഡ്രിനല്‍ ഡ്ലാന്‍ഡിന്റെയും പ്രവര്‍ത്തന ക്ഷമത വര്‍ദ്ധിക്കുകയും ചെയ്യും.

ചെയ്യേണ്ട വിധം
1. കാല്‍ രണ്ടും നേരെ മുന്‍‌പോട്ട് നീട്ടി നിവര്‍ന്നിരിക്കുക
2. വലതു കാല്‍ മുട്ടുമടക്കി ഉപ്പൂറ്റി മലദ്വാരത്തിന്റെ തൊട്ട് മുകളിലായി ചേര്‍ത്ത് മുട്ടും തുടയും നിലത്ത് പതിച്ചു വയ്ക്കുക.
3. ഇടതുകാല്‍ മുട്ടുമടക്കി അതിന്റെ പാദം കൈകൊണ്ട് പിടിച്ച് പൊക്കി വലതുകാലിന്റെ മുട്ടില്‍ വലതു വശത്തായി പതിച്ചു വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ വലതു കാലിന്റെ ഉപ്പൂറ്റിയുടെ സ്ഥാനം തെറ്റാതിരിക്കാന്‍ ശ്രദ്ധിക്കണം.
4. വലത്തേ കൈ ഇടത്തേ കാല്‍മുട്ടിന്റെ ഇടതുവശത്തേയ്ക്കെടുത്ത് നീട്ടി ഇടത്തേകാലിന്റെ പെരുവിരലില്‍ എത്തിച്ചു പിടിക്കുക.
5. ഇടത്തേ കൈ പുറകില്‍ കൂടി എടുത്ത് വലത്തേ തുടയില്‍ കമഴ്ത്തി വയ്ക്കുക. ഇപ്പോള്‍ പ്രാരംഭം പൂര്‍ത്തിയായി.
6. ശ്വാസം എടുത്തുവിട്ടുകൊണ്ട്, അറയ്ക്കു മുകള്‍ഭാഗം ഉടലും നെഞ്ചും തോളും കഴുത്തും തലയും കണ്ണും ഇടത്തുഭാഗത്തേയ്ക്ക് കഴിയുന്നത്ര തിരിക്കുക. ശ്വാസം വിട്ടു തീര്‍ന്നാല്‍ ശ്വാസം എടുത്തുകൊണ്ട് നേരെ വരിക.
7. ഇതുപോലെ അഞ്ചു പ്രാവശ്യം ഇടത്തോട്ടു തിരിയുക.
8. ഇനി, കൈകാലുകള്‍ ഇതേ ക്രമത്തില്‍ മാറ്റിവച്ച്, ശ്വാസം എടുത്തു വിട്ടുകൊണ്ട് വലത്തോട്ടും അഞ്ചു പ്രാവശ്യം തിരിയുക.

വക്രാസനം

നട്ടെല്ലിനെ ഇടത്തോട്ടും വലത്തോട്ടും തിരിക്കുന്നതിനുള്ള ഒരു അഭ്യാസമാണ് വക്രാസനം. ഇത് രണ്ട് വിധമുണ്ട്. ഈ യോഗം അഭ്യസിക്കുന്നതുമൂലം നട്ടെല്ലിന്റെ ഓരോ കണ്‍നികളും അയഞ്ഞു കിട്ടു. ഇതു മൂലം വിഷമം കൂടാതെ നിവരാനും കുനിയാനും തിരിയാനും ചെരിയാനുമെല്ലാം സാധിക്കുന്നു. പുറത്തെ മാംസപേശികള്‍ക്ക് ഉറപ്പും ബലവും അയവും ലഭിക്കുന്നതുകൊണ്ട് ഒരിയ്ക്കലും ഡിസ്ക് തെറ്റില്ല. നട്ടെല്ലിനോട് ബന്ധപ്പെട്ട ഒരു വൈഷമ്യവും ഉണ്ടാകുന്നതല്ല.

വക്രാസനം ഒന്ന്
ചെയ്യേണ്ട വിധം
1) കാല്‍ രണ്ടും നേരെ മുന്‍‌പിലേക്ക് നീട്ടി നട്ടെല്ലു വളയാതെ ശരിക്ക് നിവര്‍ന്നിരിക്കുക.
2) വലത്ത് കാല്‍മുട്ട് മടക്കി, ഇടത്തെ കാല്‍ മുട്ടിന്റെ ഇടത്തു വശത്തായി പാദം പതിച്ച് കുത്തി നിര്‍ത്തുക.
3) ഇടതു കൈ വലത്തേകാല്‍‌മുട്ടിന്റെ വലത്തു വശത്തേക്കെടുത്ത് നീട്ടി വലത്തുകാലിന്റെ പെരുവിരലില്‍ പിടിയിക്കുക. ഇത് സാധിക്കാത്തവര്‍ ഇടത്തെ കാല്‍മുട്ടിന് തൊട്ട് താഴെ വട്ടം പിടിയ്ക്കുക.
4) ഇനി വലത്തേ കൈയെടുത്ത് പുറകില്‍ കൂടി ചുറ്റിവന്ന് ഇടത്തേ തുടയില്‍ കമഴ്ത്തി വയ്ക്കുക. (ഇത് പ്രയാസമായി തോന്നുന്നവര്‍ വലത്തെ കൈ ആ വശത്തെ എളിയ്ക്ക് കൊടുത്ത് നിവര്‍ന്നിരിക്കുക)
5) ദീര്‍ഘമായി ശ്വാസം എടുത്ത് അല്പസമയം നിര്‍ത്തിയിട്ട്, സാവധാനം ശ്വാസം വിട്ടുകൊണ്ട്, അതേ ഇരിപ്പില്‍, അരയ്ക്കു മുകള്‍ ഭാഗം മുഴുവനും – പുറവും കഴുത്തും തോളും നെഞ്ചും തലയും കണ്ണും എല്ലാം വലത്തു ഭാഗത്തേയ്ക്ക് തിരികുക. കാലുകളുടെ സ്ഥാനത്തിന് ഇളക്കം വരുത്തരുത്.
6. ശ്വാസം മുഴുവന്‍ വിട്ടു തീര്‍ന്നാലും സ്വല്പസമയം അതേ നിലയില്‍ സ്ഥിതി ചെയ്തിട്ട്, സാവധാനം ശ്വാസം എടുത്തു കൊണ്ട് നേരെ വരിക. (അങ്ങനെ വലത്തോട്ട് തിരിയുമ്പോള്‍ നട്ടെല്ല് പിടിച്ച് പിരിക്കുന്നതുപോലെയുള്ള ഒരു അനുഭവം ഉണ്ടാവുന്നതാണ്)
7. വീണ്ടും ദീര്‍ഘമായി ശ്വാസം എടുക്കുക. അല്പം നിര്‍ത്തിയിട്ട് ആദ്യത്തെപ്പോലെ വലത്തോട്ട് പരമാവധി ശരീരത്തെ തിരിക്കുക.
ഇങ്ങനെ അഞ്ചു തവണ. ഇനി ഇതുപോലെ തന്നെ കൈകാ‍ലുകള്‍ മാറ്റി വച്ചും അഞ്ചു പ്രാവശ്യം ഇടത്തു ഭാഗത്തേക്കും നട്ടെല്ല് തിരിയ്ക്കുക.

വക്രാസനം രണ്ട്
ചെയ്യേണ്ട വിധം
1) കാലുകള്‍ നേരെ മുമ്പോട്ട് നീട്ടി നിവര്‍ന്നിരിക്കുക. പാദങ്ങള്‍ ഉപ്പൂറ്റികളില്‍ നിര്‍ത്തി കാല്‍‌വിരലുകള്‍ മുകളിലേയ്ക്കാക്കി പിടിക്കുക.
2) കൈകള്‍ മുട്ടു വളയ്ക്കാതെ ഉയര്‍ത്തി തോളിന്റെ നേരെ നീട്ടിപ്പിടിയ്ക്കുക. കൈപ്പത്തികള്‍ അടുത്തും അകന്നും പോകാതിരിയ്ക്കാന്‍ ശ്രദ്ധിക്കണം. ഉള്ളംകൈകള്‍ കമഴ്മ്മിരിക്കട്ടെ.
3) ദീര്‍ഘമായി ശ്വാസം എടുത്ത് രണ്ട് സെക്കന്‍ഡ് നിര്‍ത്തിയിട്ട് സാവധാനം ശ്വാസം വിട്ടുകോണ്ട് അരയ്ക്കു മുകള്‍ ഭാഗം മുഴുവന്‍ വലത്തോട്ട് തിരിക്കുക. കാലുകള്‍ സ്ഥാനത്ത് നിന്ന് മാറരുത്. നീട്ടിപ്പിടിച്ചിരിക്കുന്ന കാലുകള്‍ അതേവിധം തന്നെ വലത്തോട്ട് പൊയ്ക്കൊണ്ടിരിക്കണം. കണ്ണും കഴുത്തും തലയും തോളും എല്ലാം വലത്തോട്ട് ചെരിയണം.
4) ശ്വാസം വിട്ടു തീരുന്നതുവരെ പരമാവധി തിരിയുക. രണ്ട് സെക്കന്റ് ശ്വാസം പുറത്തു നിര്‍ത്തുക. അതിനു ശേഷം സാവധാനം ശ്വാസം എടുത്തുകൊണ്ട് നേരെ വരിക.
5) രണ്ട് സെക്കന്റ് നിന്നിട്ട് ശ്വാസം എടുക്കുക. മുകളില്‍ പറഞ്ഞ ക്രമം അനുസരിച്ച് ഇടത്തോട്ട് തിരിയുക. ഇങ്ങനെ ഓരോ വശത്തേയ്ക്കും അഞ്ചു തവണ വീതം മാറി മാറി അഭ്യസിയ്ക്കുക.

മകരാസനം

മകരം എന്ന സംസ്കൃത പദത്തിന് മുതല എന്നാണര്‍ത്ഥം. മുതല കരയ്ക്കു കയറി വെയില്‍ കൊള്ളാന്‍ കിടക്കുന്ന സമ്പ്രദായത്തെ അനുകരിച്ചാണ് ഈ ആസനം സംവിധാനം ചെയ്തിരിക്കുന്നത്. കമഴ്ന്നു കിടന്നുകൊണ്ടുള്ള അഭ്യാസവേളയില്‍ അല്പം വിശ്രമിക്കേണ്ട ഒരു ഘട്ടം വന്നാല്‍ ഈ ആസനം സ്വീകരിക്കാവുന്നതാണ്. ഇത് രണ്ട് വിധത്തിലുണ്ട് ഏതെങ്കിലും ഒന്ന് സൌകര്യാനുസരണം സ്വീകരിക്കാം.

നടുവേദന, നടുമിന്നല്‍, ഇടുപ്പ് വേദന, നടുകഴപ്പ്, സ്ലിപ്ഡ് ഡിസ്ക് ഇതെല്ലാം ശരിയാക്കാന്‍ മകരാസനം പ്രയോജനപ്പെടുന്നു. ശരീരം ക്ഷീണീച്ചിരിക്കുന്ന അവസരത്തില്‍ കുറച്ചു നേരം മകരാസനത്തില്‍ കിടന്നാല്‍ പെട്ടെന്ന് സര്‍വ്വക്ഷീണവും മാറുന്നതാണ്. നട്ടെല്ലിന് എന്തെങ്കിലും പ്രശ്നങ്ങളുള്ളവര്‍ കാലത്തും വൈകിട്ടും 15 മിനിട്ട് വീതം മകരാസനത്തില്‍ കിടക്കുന്നത് കൊണ്ട് വളരെ പ്രയോജനം കിട്ടുന്നതാണ്. സ്ഥാനം തെറ്റിയ ഡിസ്ക് യഥാസ്ഥാനത്തേയ്ക്ക് തിരിച്ചു പോകാനുള്ള ഒരു പ്രവണതയാണ് ഇതുകൊണ്ട് സംജാതമാകുന്നത്.

മകരാസനം ഒന്ന്

ചെയ്യേണ്ട വിധം
1. നെഞ്ചും വയറും നില പറ്റിയിരിക്കത്തക്കവണ്ണം കമഴ്ന്ന് കിടക്കുക. കാലുകള്‍ പുറകോട്ട് നീട്ടി അകറ്റി പാദങ്ങള്‍ ചെരിച്ച് തളര്‍ത്തി ഇടുക.
2. കൈകള്‍ മുട്ടു മടക്കി ചേര്‍ത്ത് പിടിച്ച് തലയണപോലെ തലയുടെ ചുവട്ടില്‍ വയ്ക്കുക. തല ഒരു വശം ചെരിച്ച് വയ്ക്കുന്നതാണ് സൌകര്യം.
3. ശരീരം മുഴുവന്‍ നിശ്ശേഷം തളര്‍ന്നു കിടക്കുന്നതായി മനസില്‍ സങ്കല്പിക്കുക. മുഖത്തെ മാംസപേശികളൊന്നും വലിച്ചു പിടിയ്ക്കരുത്.
4. ഈ കിടപ്പില്‍ ശ്വാസോച്ഛ്വാസം സ്വാഭാവികമായി നടന്നു കൊണ്ടിരിയ്ക്കട്ടെ. മനസ് അതു മാത്രം ശ്രദ്ധിച്ചു കൊണ്ടിരിക്കണം. യോഗപരിശീലനത്തിന് ഇടയ്ക്കാകുമ്പോള്‍ ഒന്നോ രണ്ടോ മിനിറ്റില്‍ കൂടുതല്‍ കിടക്കേണ്ട ആവശ്യം വരുന്നതല്ല. ഉറങ്ങിപ്പോകരുത്.

മകരാസനം രണ്ട്

ചെയ്യേണ്ട വിധം
1. കമഴ്ന്നു കിടന്ന് കാലുകള്‍ രണ്ടും പാദങ്ങള്‍ ചേര്‍ത്ത് നീട്ടിവയ്ക്കുക. കാല്‍ വിരലുകള്‍ നീട്ടിയും ഉപ്പൂറ്റികള്‍ ചേര്‍ന്നും ഇരിയ്ക്കണം.
2. കൈമുട്ടുകള്‍ അതാതു വശത്തു തോളിനു താഴെ ഊന്നി ഉള്ളം കൈകള്‍ നിവര്‍ത്തി താടിയ്ക്ക് ഇരുവശങ്ങളിലുമായി കവിളുകളില്‍ പതിച്ച് വയ്ക്കുക. കിടപ്പ് ഒറ്റ ലൈനില്‍ ആയിരിക്കണം. ചാഞ്ഞു ചരിഞ്ഞുമാകരുത്.

ധനുരാസനം

ശരീരത്തെ വില്ലുപോലെ ആക്കുന്ന ഒരു അഭ്യാസമാണ് ധനുരാസനം. നട്ടെല്ലിന് വഴക്കമില്ലാത്തവര്‍ക്ക് ഈ ആസനം ഒരു പ്രയാസമായിരിക്കും. അങ്ങനെയുള്ളവര്‍ക്കാണ് ധനുരാസനത്തിന്റെ കൂടുതല്‍ ആവശ്യവും. ദിവസവും പരിശീലനം ചെയ്തുകൊണ്ടിരുന്നാല്‍ ഒന്നുരണ്ടു മാസം കൊണ്ട് ഏറെക്കുറെ പൂര്‍ണരൂപത്തില്‍ തന്നെ ചെയ്യാന്‍ സാധിക്കും. ഇത് അഭ്യസിക്കുന്നതിലൂടെ ശരീരത്തിനകത്തും പുറത്തുമുള്ള എല്ലാ അവയവങ്ങള്‍ക്കും നല്ല വ്യായാമം കിട്ടുന്നു. ശരീരത്തിലെ പ്രായേണ എല്ലാ സന്ധികള്‍ക്കും നല്ല അയവും കരുത്തും ലഭിക്കുന്നു. നട്ടെല്ലിന്റെ വളവ് മാറുന്നു. ശ്വാസകോശങ്ങള്‍ ശക്തങ്ങളാകുന്നു. നെഞ്ചിനും തോളുകള്‍ക്കും നല്ല വിരിവും വടിവും ഉണ്ടാകുന്നു. ഇങ്ങനെ പലതരത്തിലുള്ള പ്രയോജനങ്ങളും ധനുരാസനം പരിശീലിക്കുന്നതുകൊണ്ട് ലഭിക്കുന്നതാണ്.

ചെയ്യേണ്ട വിധം
1. കമഴ്ന്നു കിടന്ന് കാലുകള്‍ പുറകോട്ട് നീട്ടി പാദങ്ങള്‍ ചേര്‍ത്ത് കിടത്തിവയ്ക്കുക. കൈകള്‍ അതാതുവശങ്ങളില്‍ നീട്ടി മലര്‍ത്തിവയ്ക്കുക. നെറ്റി തറയില്‍ പതുക്കെ മുട്ടിച്ചുവയ്ക്കുക.
2. കാലുകള്‍ പുറകോട്ടു മടക്കി കൈകള്‍ എത്തിച്ച് കണ്ണുകളില്‍ മുറുക്കിപ്പിടിയ്ക്കുക.
3. ശ്വാസം എടുത്ത് ഉള്ളില്‍ നിര്‍ത്തിയിട്ട് ശിരസും നെഞ്ചും തോളും നിലത്തുനിന്നും ഉയര്‍ത്തുക. അങ്ങനെ മുന്‍‌ഭാഗം ഉയര്‍ത്താന്‍ തുടങ്ങുമ്പോള്‍ കാല്‍കൊണ്ട് ബലമായി പുറകോട്ട് വലിയ്ക്കണം. അതോടൊപ്പം കൈകള്‍ കൊണ്ട് കാലിനെ മേല്‍പ്പോട്ടും വലിച്ചു പൊക്കാന്‍ നോക്കണം. കാല്‍‌മുട്ടുകള്‍ അകന്നു പോകരുത്. അടിവയര്‍ മാത്രമായിരിക്കും ഇപ്പോള്‍ നിലത്തുള്ളത്.
4. പൊങ്ങിയ നിലയില്‍, ശ്വാസം വിടുക. വീണ്ടും ശ്വാസം എടുക്കുക. രണ്ട് സെക്കന്റ് ആ നിലയില്‍ നിന്നിട്ട്, തലയും കാലും കൈയും പൂര്‍വസ്ഥാനങ്ങളില്‍ വയ്ക്കുക. ക്ഷീണം തോന്നിയാല്‍ അല്‍പ്പനേരം കിടക്കുക.
5. ശ്വാസോച്ഛ്വാസം സ്വാഭാവികമായാല്‍ വീണ്ടും ആവര്‍ത്തിക്കുക.

ശലഭാസനം

ഗ്യാസ്‌ട്രബിള്‍, മലബന്ധം, ദഹനേന്ദ്രിയ സംബന്ധമായ ന്യൂനതകള്‍ തുടങ്ങി ഉദരസംബന്ധമായ പല വൈഷമ്യങ്ങളും ഒഴിവാക്കാന്‍ ഫലപ്രദമാണ് ശലഭാസനം. അടിവയറ്റിലെ എല്ലാ അവയവങ്ങള്‍ക്ക് നല്ല വ്യായാമം ലഭിക്കാനും ഈ ആസനം ഉപകരിക്കും. ജനനേന്ദ്രിയ വ്യൂഹത്തിനുണ്ടാകാവുന്ന പല പ്രശ്നങ്ങളും പരിഹരിക്കപ്പെടുകയും ചെയ്യും.

അര്‍ദ്ധശലഭാസനം
1. കമഴ്‌ന്നു കിടക്കുക, കാലുകള്‍ നേരെ പുറകോട്ട് നീട്ടി, പാദങ്ങള്‍ മലര്‍ത്തിയും ഉപ്പൂറ്റികള്‍ ചേര്‍ത്തും വിരലുകള്‍ നീട്ടിയും വയ്ക്കുക.
2. കൈകള്‍ അതതു വശങ്ങളില്‍ നീട്ടി, തള്ളവിരല്‍ അകത്തേക്കാക്കി ചുരുട്ടി മലര്‍ത്തി വയ്ക്കുക. കൈമുട്ടുകള്‍ വലിഞ്ഞു നീണ്ടിരിക്കണം. ചിത്രത്തിലെ പോലെ കൈവിരലുകള്‍ നിവര്‍ത്തി നീട്ടിവച്ചു ചെയ്യുന്നതിലും തെറ്റില്ല.
3. ചുണ്ടും താടിയും നിലത്ത് സ്പര്‍ശിച്ചിരിക്കണം.
4. ഒന്നു രണ്ടു തവണ സാധാരണ പോലെ ശ്വാസോച്ഛ്വാസം ചെയ്യുക. ഇനി അല്പം ദീര്‍ഘമായി ശ്വാസം എടുത്ത് ഉള്ളില്‍ നിര്‍ത്തിയിട്ട് വലത്തുകാല്‍ മുട്ട് വളയാതെയും കാല്‍ വിരലുകള്‍ കൂര്‍മ്പിച്ച് പിടിച്ചും നിലത്ത് നിന്നും നേരെ മുകളിലേക്ക് കഴിയുന്നത്ര ഉയര്‍ത്തുക.
5. മൂന്ന് സെക്കന്റ് ആ നിലയില്‍ നിന്നിട്ട് സാവകാശം താഴെ കൊണ്ടുവന്ന് പൂര്‍വസ്ഥാനത്തു വയ്ക്കുക. ശ്വാസം വിടുക.
6. ഇനി ശ്വാസം എടുത്തതിന് ശേഷം ആദ്യത്തെപ്പോലെ ഇടത്തുകാല്‍ ഉയര്‍ത്തുക, മൂന്ന് സെക്കന്റ് നിര്‍ത്തുക. സാവകാശം താഴെ കൊണ്ടുവന്ന് യഥാസ്ഥാനത്ത് വയ്ക്കുക, ശ്വാസം വിടുക.
7. നാല്-അഞ്ച് സെക്കന്റ് വിശ്രമിച്ചിട്ട് വീണ്ടും ഓരോ കാല്‍ മാറിമാറി അഞ്ചു തവണ വീതം ചെയ്യുക.
ഓരോ കാലും താഴെകൊണ്ടു വന്ന് വയ്ക്കുന്നതു വരെ ശ്വാസം പിടിച്ചു നിര്‍ത്താന്‍ വിഷമം തോന്നുന്നവര്‍, ശ്വാസം വിട്ടുകൊണ്ട് കാലുകള്‍ താഴെകൊണ്ടു വന്നു വയ്ക്കുക.

പൂര്‍ണ്ണശലഭാസനം
ഇതിനുള്ള തയാറെടുപ്പുകളെല്ലാം അര്‍ദ്ധശലഭാസനത്തിന് പറഞ്ഞിരിക്കുന്നതു തന്നെ.
1. ശ്വാസം എടുത്ത് ഉള്ളില്‍ നിര്‍ത്തിക്കൊണ്ട്, രണ്ടു കാലുകളും ഒപ്പം ചേര്‍ത്തുപിടിച്ച് മുട്ടുകള്‍ വളയാതെ വടിപോലെ നിലത്തു നിന്നും കഴിയുന്നത്ര ഉയര്‍ത്തുക. കാല്‍ രണ്ടും ചേര്‍ന്നിരിയ്ക്കണം. വിരലുകള്‍ കൂര്‍മ്പിച്ചും. രണ്ട് മൂന്ന് സെക്കന്റ് ആ നിലയില്‍ നിര്‍ത്തിയിട്ട്, സാവകാശം താഴെ കൊണ്ടു വന്ന് വച്ചിട്ട് ശ്വാസം സാവധാനം വിടുക. ശ്വാസം പിടിച്ചു നിവര്‍ത്തിക്കൊണ്ട് മടങ്ങിപ്പോരാന്‍ പ്രയാസം ഉള്ളവര്‍ ശ്വസം വിട്ടുകൊണ്ട് കാലുകള്‍ താഴെ കൊണ്ടുവന്നു വയ്ക്കുക.
2. കിതപ്പ് തോന്നിയാല്‍ രണ്ടു മൂന്നു തവണ ശ്വോസോച്ഛ്വാസം ചെയ്തു കിതപ്പു മാറ്റുക. അതിനുശേഷം വീണ്ടും അഭ്യസിക്കുക.
3. ഇങ്ങനെ അഞ്ചു തവണ ചെയ്യുക.

താരതമ്യേന കുറച്ചു പ്രയാസം തോന്നുന്ന ഒരു ആസനമാണ് പൂര്‍ണ്ണശലഭാസനം. ഇത് അഭ്യസിക്കാന്‍ വിഷമമുള്ളവര്‍ അര്‍ദ്ധശലഭാസനം പത്ത് തവണ വീതം ചെയ്യുക. കാലുകള്‍ കൂടുതല്‍ പൊക്കാന്‍ നോക്കുമ്പോള്‍ മുട്ടുകള്‍ വളയാതിരിക്കാന്‍ ശ്രദ്ധിക്കണം. കാലുകള്‍ ഒട്ടും വളയാതെ പൊക്കാന്‍ കഴിയുന്നിടത്തോളം പൊക്കിയാല്‍ മതി.

ശുണ്ഡാലാസനം

ആസ്തമ രോഗികള്‍ക്ക് വളരേയേറേ ഗുണം ചെയ്യുന്ന ആസനമാണ് ശുണ്ഡാലാസനം. ഇത് പതിവായി അഭ്യസിക്കുന്നതിലൂടെ ശ്വാസകോശങ്ങളുടെ സങ്കോചവികാസം വര്‍ദ്ധിക്കുന്നു. ആസ്തമയുള്ളവര്‍ കാലത്തും വൈകിട്ടും പതിനഞ്ച് തവണ വീതം ഈ ആസനം അഭ്യസിച്ചുകൊണ്ടിരുന്നാല്‍ വളരെ ആശ്വാസം ലഭിക്കുന്നതാണ്.

ചെയ്യേണ്ട വിധം

1. നിവര്‍ന്ന് നില്‍ക്കുക. പാദങ്ങള്‍ രണ്ട് മുതല്‍ രണ്ടര അടിവരെ അകറ്റി വയ്ക്കുക.

2. കൈകള്‍ അതാതു വശങ്ങളില്‍ നീണ്ടു തുടയോട് ചേര്‍ത്ത് പിടിക്കുക. നേരെ നോക്കുക.

3. സാവധാനം ശ്വാസം എടുക്കുന്നതോടൊപ്പം, കൈകള്‍ അതാതു വശങ്ങളില്‍ കൂടി (മുമ്പില്‍ കൂടിയല്ല) മുട്ടുവളയാതെ നേരെ തലയ്ക്കു മുകളിലേക്കെടുത്ത് നീട്ടി തൊഴുത് പിടിച്ചു നില്‍ക്കുക. കൈകള്‍ ചെവികളോട് ചേര്‍ന്നിരിക്കണം.

4. ശ്വാസം അകത്തേക്കെടുക്കുന്ന വേഗതയും കൈകള്‍ മുകളിലേക്കെടുക്കുന്ന വേഗതയും തുല്യമായിരിക്കണം.

5. രണ്ടുമൂന്നു സെക്കന്‍ഡ് ആ നില്പില്‍ നിന്നിട്ട്, സാവധാനം ശ്വാസം വിട്ടുകൊണ്ട്, അതേപടി, ഉടലും തലയും കൈകളും കുനിഞ്ഞു വന്ന്, ചേര്‍ത്ത് പിടിച്ചിരിക്കുന്ന കൈകള്‍, കാലുകളുടെ മധ്യത്തില്‍ക്കൂടി പുറകോട്ട് നീട്ടി, കഴിയുന്നത്ര പൊക്കിപ്പിടിക്കുക. ശ്വാസം വിട്ട് തീരുന്നതോടൊപ്പമാണ് ഇത്രയും നടക്കേണ്ടത്.

6. രണ്ടു മൂന്നു സെക്കന്‍ഡ്, ശ്വാസം വെളിയില്‍ നിര്‍ത്തിയശേഷം സാവധാനം ശ്വാസം എടുത്തുകൊണ്ട്, ഉടലും തലയും കൈയും ഒപ്പം ഉയര്‍ത്തി കൈകള്‍ ആദ്യത്തെപ്പോലെ മുകളിലേയ്ക്ക് നീട്ടിപ്പിടിച്ചു നില്‍ക്കുക.

7. രണ്ടു മൂന്നു സെക്കന്‍ഡ് കഴിഞ്ഞ് പതുക്കെ ശ്വാസം വിട്ടുകൊണ്ട് കൈകള്‍ അതാതു വശങ്ങളില്‍ കൂടി താഴേക്കെടുത്ത് തുടകളില്‍ ചേര്‍ത്തു വയ്ക്കുക. ശാരീരിക ചലങ്ങള്‍ ഓരോന്നും സാവധാനം വേണം.
ഇപ്പോള്‍ ഒരുതവണ ശുണ്ഡാലാസനമായി. ഇത് അഞ്ചു തവണ അഭ്യസിക്കുക (ആന തുമ്പിക്കൈ ആട്ടുന്നതിനെ അനുകരിച്ചുകൊണ്ടുള്ള ഒരു അഭ്യാസമാണിത്).

ഈ അഭ്യാസത്തില്‍ ദീര്‍ഘമായി രണ്ടു ശ്വാസവും രണ്ട് ഉച്ഛ്വാസവും നടക്കുന്നു.

ഭദ്രാസനം

സ്ത്രീകള്‍ക്ക് സുഖപ്രസവത്തിന് അനുകൂലമായ വിധം നാഭി പ്രദേശത്തെ മസിലുകള്‍ക്കും ജോയിന്റുകള്‍ക്കും ആന്തരികാവയവങ്ങള്‍ക്കും ഞരമ്പുകള്‍ക്കും ലിഗ്‌മെന്റുകള്‍ക്കുമെല്ലാം നല്ല അയവും ശക്തിയും കിട്ടുന്ന ഒരു ആസനമാണ് ഭദ്രാസനം. സ്വപ്നസ്ഖലനത്തിന് ഭദ്രാസനം ഒരു പ്രതിവിധിയാണ്. ഈ ശല്യമുള്ളവര്‍ രാത്രി ഭക്ഷണം കഴിഞ്ഞ് രണ്ടു മണിക്കൂറിനുശേഷമേ ഉറങ്ങാവൂ. പിന്നെ മലര്‍ന്ന് കിടന്ന് ഉറങ്ങുകയുമരുത്.

ചെയ്യേണ്ട വിധം
1) കാലുകള്‍ നീട്ടി നിവര്‍ന്നിരിക്കുക
2) കാലുകള്‍ അകത്തേയ്ക്ക് മടക്കി, ഉള്ളനടിയും ഉപ്പൂറ്റിയും വിരലുകളും ചേര്‍ത്ത് വയ്ക്കുക.
3) കൈകള്‍ കോര്‍ത്തുപിടിച്ച്, കാല്‍പ്പത്തികള്‍ രണ്ടും കൈയ്ക്കുള്ളിലേക്കാക്കി, ഉപ്പൂറ്റികള്‍ മലദ്വാരത്തിന്റെ മുകളില്‍, ജനനേന്ദ്രിയത്തിനു താഴെ വരത്തക്കവിധം വലിച്ചടുപ്പിക്കുക.
4) കാല്‍മുട്ടുകള്‍ നിലത്ത് പതിഞ്ഞും, ഒരേ രേഖയിലുമായിരിക്കണം. കാല്‍മുട്ടുകള്‍ നിലത്തോട് അടുക്കത്തക്ക വിധം ചെറിയ ഒരു ആയം രണ്ടു തുടകള്‍ക്കും കൊടുക്കണം. കാല്‍‌പത്തികള്‍ ശരിക്കും വലിച്ച് പിടിക്കണം. മേല്‍‌പ്പറഞ്ഞവിധം ഇരിക്കാന്‍ ഏറെക്കുറെ സാധിക്കണമെങ്കില്‍ മാസങ്ങളോളം പരിശീലനം ചെയ്തുകൊണ്ടിരിക്കണം.
5. ഉപ്പൂറ്റികള്‍ അതാത് വശങ്ങളില്‍ ജനനേന്ദ്രിയങ്ങള്‍ക്ക് താഴെ ചേര്‍ന്ന് പതിഞ്ഞിരിക്കാന്‍ ശ്രദ്ധിക്കണം. ഈ നിലയില്‍ ഏതാനും സെക്കന്‍ഡ് ഇരുന്നിട്ട് കാലുകള്‍ നീട്ടിവയ്ക്കുക. വീണ്ടും രണ്ടുമൂന്നു തവണ ആവര്‍ത്തിക്കുക.

ദിവസവും ഭദ്രാസനം പരിശീലനം ചെയ്തുകൊണ്ടിരുന്നാല്‍ വിജയം സുനിശ്ചിതമാണ്.

ബദ്ധപത്മാസനം

അടിവയറ്റിലെ എല്ലാ അവയവങ്ങള്‍ക്കും കരുത്തും പ്രവര്‍ത്തനക്ഷമതയും നല്‍കുന്ന ഒരു ആസനമാണ് ബദ്ധപത്മാസനം. ഈ ആസനം അഭ്യസിക്കുന്നതിലൂടെ ഷോള്‍ഡര്‍ സോക്കറ്റുകള്‍ക്ക് ഉറപ്പും ബലവും അയവും സിദ്ധിക്കുന്നു.

ചെയ്യേണ്ട വിധം:-

1. പത്മാസനത്തില്‍ ഇരിക്കുക

2. വലത്തേകൈ പുറകില്‍ കൂടി എടുത്തു വലത്തുകാലിന്റെ പെരുവിരലില്‍ മുറുക്കി വലിച്ചു പിടിക്കുക.

3. ഇടത്തുകൈ പുറകില്‍ കൂടി എടുത്തു ഇടത്തേ കാലിന്റെ പെരുവിരലില്‍ പിടിക്കുക.

4. ശ്വാസം മുഴുവന്‍ പുറത്തേക്ക് വിട്ടതിനു ശേഷം മുമ്പോട്ട് അല്പം ചാഞ്ഞുകൊടുത്താല്‍ രണ്ടു കാലിന്റെയും പെരുവിരലുകളില്‍ കൈ എത്തിച്ചു പിടിക്കാന്‍ പ്രയാസം തോന്നുകയില്ല. ആദ്യം ഇടത്തേ കൈകൊണ്ട് ഇടത്തെ വിരലില്‍ പിടിച്ചതിനു ശേഷം വലത്തുകൈ ഉപയോഗിക്കാവുന്നതുമാണ്.

5. നട്ടെല്ല് ശരിക്കും നിവര്‍ത്തുക. ബദ്ധപത്മാസനത്തില്‍ ഇരുന്നിട്ട് ദീര്‍ഘമായി ശ്വാസം സാവധാനം എടുത്ത് ശ്വാസകോശം നിറയ്ക്കുക. രണ്ടു സെക്കന്‍ഡ് ശ്വാസം അകത്ത് പിടിച്ചു നിര്‍ത്തിയശേഷം വളരെ സാവധാനം വിടുക. രണ്ടു സെക്കന്‍ഡ് ശ്വാസം എടുക്കാതിരിക്കുക. വീണ്ടും ആവര്‍ത്തിക്കുക. ഇങ്ങനെ പത്ത് തവണ ചെയ്യുക.

നൌകാസനം

വെള്ളത്തില്‍ കിടക്കുന്ന തോണിയുടെ രണ്ടു തലയും ഉയര്‍ന്നിട്ടാ‍ണല്ലോ. അതിനെ അനുകരിച്ച് ചെയ്യുന്ന ഒന്നാണ് നൌകാസനം. ഉദരത്തിലെ വിര, കൃമി, ഗ്യാസ് ട്രബിള്‍ തുടങ്ങിയവ ശമിക്കുന്നതിന് നൌകാസനം ഫലപ്രദമാണ്. ഇത് പതിവായി അഭ്യസിച്ചാല്‍ ശ്വസനേന്ദ്രിയങ്ങള്‍ക്ക് വികാസം ലഭിക്കുകയും സ്പൈനല്‍ നെര്‍വ്‌സ് ശക്തമാവുകയും ചെയ്യും.

ചെയ്യേണ്ട വിധം :

1. നേരെ നീണ്ട് നിവര്‍ന്ന് മലര്‍ന്ന് കിടക്കുക, കൈകള്‍ അതാതു വശങ്ങളില്‍ തുടയോടു ചേര്‍ത്ത് കമഴ്ത്തി വിരലുകള്‍ നീട്ടി പതിച്ചു വയ്ക്കുക.

2. ദീര്‍ഘമായി ശ്വാസം എടുത്തതിനു ശേഷം ശരീരം മുഴുവന്‍ – തലയും നെഞ്ചും കാലും കൈയും എല്ലാം – ഒറ്റയടിക്ക് ഒരു ആയത്തില്‍ നിലത്ത് നിന്നും ഒരടിയോളം ഉയര്‍ത്തുക. ശരീരം മുഴുവന്‍ ബലപ്പെടുത്തി നിര്‍ത്തണം. കാലിനു നേരെ തുടകളുടെ മുകളിലായി കൈകള്‍ നീട്ടിപ്പിടിക്കുക. (വിരലുകള്‍ മടക്കിയോ നിവര്‍ത്തിയോ ആകാം) നെറ്റി കൈകള്‍, പാദങ്ങള്‍ ഇവയെല്ലാം ഒരേ ഉയരത്തില്‍ ഒരേ രേഖയില്‍ ആയിരിക്കണം. കാലിന്റെ പെരുവിരലുകളിലേക്കായിരിക്കണം ദൃഷ്ടികള്‍. രണ്ടു മുന്നു സെക്കന്‍ഡ് ഉയര്‍ത്തിയ നിലയില്‍ നിന്നിട്ട് സാവധാനം കാലും തലയും കൈയും ഒപ്പം താഴെ കൊണ്ടു വന്ന് വയ്ക്കുക, ശ്വാസം വിടുക, ശരീരം മുഴുവന്‍ തളര്‍ത്തുക. രണ്ടു മൂന്നു തവണ സാധാരണപോലെ ശ്വോസോച്ഛ്വാസം ചെയ്തതിനു ശേഷം വീണ്ടും ചെയ്യുക.

ശരീരം മുഴുവനും ഒറ്റയടിക്ക് ബലപ്പെടുത്തുകയും തളര്‍ത്തുകയുമാണ് നൌകാസനത്തിന്റെ പ്രത്യേകത.

അര്‍ദ്ധ, പൂര്‍ണ്ണപവന മുക്താസനം

ആയുര്‍വേദശാസ്ത്രപ്രകാരം വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ മൂലമാണ് രോഗങ്ങള്‍ ഉണ്ടാവുന്നത്. ഈ മൂന്ന് ദോഷങ്ങള്‍ക്കും, പ്രത്യേകിച്ച് വാതദോഷം കൊണ്ടുണ്ടാകുന്ന ‘ഗ്യാസി’ന്റെ ശല്യത്തിനും പവനമുക്താസനങ്ങള്‍ വളരെ പ്രയോജനപ്പെട്ടതാണ്. സ്ത്രീകള്‍ക്ക് പ്രസവത്തിന് ശേഷം വയറു ചുരുങ്ങാന്‍ ഇത് നല്ലൊരു അഭ്യാസമാണ്. പ്രസവം കഴിഞ്ഞ് മൂന്നു മാസമായാല്‍ ഈ ആസനങ്ങള്‍ അഭ്യസിക്കാവുന്നതാണ്.

അര്‍ദ്ധപവന മുക്താസനം ചെയ്യേണ്ട വിധം:-
1. കാലുകള്‍ നീട്ടി മലര്‍ന്നു കിടക്കുക. കൈകള്‍ അതാതു വശങ്ങളില്‍ നീട്ടി കമഴ്ത്തി വയ്ക്കുക. കാലുകള്‍ ചേര്‍ത്ത് വയ്ക്കണം.
2. ശ്വാസം എടുത്ത് വിട്ടുകൊണ്ട് ഒരു കാല്‍ നേരെ മുകളിലേക്ക് പൊക്കി മുട്ടുമടക്കുക. ഇനി, കൈകള്‍ കോര്‍ത്ത് കാല്‍മുട്ടിന് താഴെ പിടിച്ച്, നെഞ്ചിനടുത്തേയ്ക്ക് കാല്‍മുട്ടും തുടയും പരമാവധി അടുപ്പിക്കുക. അപ്പോള്‍ നീട്ടിവച്ചിരിക്കുന്ന കാലിന്റെ മുട്ടോ പാദമോ തറയില്‍ നിന്ന് പൊങ്ങാന്‍ പാടില്ല.
3. ഈ നിലയില്‍ മൂന്നു സെക്കന്‍ഡ് മുട്ടിനെ വലിച്ച് പിടിച്ചു കൊണ്ടിരിക്കുക.
4. വീണ്ടും ദീര്‍ഘമായി ശ്വാസം എടുക്കുക. ശ്വാസം വിടാന്‍ തുടങ്ങുന്നതോടൊപ്പം തല നിലത്തു നിന്നും ഉയര്‍ത്തി മുട്ടിനോടടുപ്പിച്ച് മൂക്ക് മുട്ടില്‍ തൊടുവിക്കാന്‍ ശ്രമിക്കുക. മുട്ട് വലിച്ചുപിടിച്ചിരിക്കുന്ന കൈകള്‍ അയച്ചുകൊടുക്കരുത്.
5. മുട്ടും മൂക്കും പരമാവധി അടുത്തുകഴിഞ്ഞാല്‍ ശ്വാസം എടുത്തുകൊണ്ട് കൈയും തലയും അതാതിന്റെ സ്ഥാനങ്ങളില്‍ കൊണ്ടുപോയി വയ്ക്കുക.
6. മറ്റേക്കാലു കൊണ്ടും ഇതുപോലെ ചെയ്യുക.
ഓരോ കാലും മാറി മാറി അഞ്ചു പ്രാവശ്യം വീതം ചെയ്യുക. ഇതിലെ ഓരോ നിലയും മനസിരുത്തി സാവധാനമാണ് ചെയ്യേണ്ടത്. ഒന്നു രണ്ടു മാസത്തെ പരിശീലനത്തിനു ശേഷം ഒറ്റശ്വാസത്തില്‍ തന്നെ ഇതെല്ലാം ചെയ്യാവുന്നതാണ്.

പൂര്‍ണ്ണപവന മുക്താസനം:-
അര്‍ദ്ധപവന മുക്താസനത്തില്‍ ഓരോ കാല്‍ മാറിയാണ് ഉപയോഗിച്ചതെങ്കില്‍ പൂര്‍ണ്ണ മുക്താസനത്തില്‍ രണ്ടുകാലും ഒപ്പം പൊക്കി മടക്കുക എന്ന വ്യത്യാസം മാത്രമേയുള്ളൂ.
ചെയ്യേണ്ട വിധം:-
1. മലര്‍ന്നു കിടക്കുക, കൈകള്‍ അതാതു വശങ്ങളില്‍ നീട്ടി കമഴ്ത്തി വയ്ക്കുക.
2. സാധാരണ പോലെ തന്നെ ശ്വാസം എടുത്തു വിട്ടുകൊണ്ട് രണ്ടുകാലും മുട്ടുവളയ്ക്കാതെ ഒപ്പം മുകളിലേയ്ക്കെടുത്ത് മുട്ടുകള്‍ മടക്കുക. കൈകള്‍ കോര്‍ത്ത് പിടിച്ച് കാല്‍മുട്ടുകള്‍ വട്ടം പിടിക്കുക.
3. കോര്‍ത്തുപിടിച്ച കൈകള്‍ കൊണ്ട് കാല്‍മുട്ടുകളെ വട്ടം പിടിച്ച്, മുട്ടും തുടയും നെഞ്ചിനോടടുപ്പിക്കുക. അപ്പോള്‍ പൃഷ്ഠഭാഗം നിലത്തുനിന്നും ഉയരാതിരിക്കാന്‍ ശ്രദ്ധിച്ചുകൊള്ളണം.
4. കാല്‍മുട്ടുകള്‍ പരമാവധി നെഞ്ചിനോട് അടുത്തുകഴിഞ്ഞാല്‍ ദീര്‍ഘമായി ശ്വാസം എടുത്ത് അല്‍‌പം നേരം നിവര്‍ത്തിയ ശേഷം ശ്വാസം വിടുന്നതോടൊപ്പം നെഞ്ചും തലയും തോളും പൊക്കിക്കൊണ്ടുവന്ന് കാല്‍മുട്ടുകളുടെ നടുവില്‍ മൂ‍ക്ക് എത്തിക്കുവാന്‍ നോക്കുക. ഈ ശ്രമത്തില്‍ അരക്കെട്ട് നിലത്ത് നിന്നും പൊങ്ങാനിടവരരുത്.
5. ശ്വാസം മുഴുവന്‍ വിട്ടുതീര്‍ന്ന അവസ്ഥയില്‍ മൂന്നു സെക്കന്‍ഡ് നിന്നിട്ട് ശ്വാസം സാവധാനം എടുക്കുക. തലയും കൈകാലുകളും അതാതുസ്ഥാനങ്ങളിലേയ്ക്ക് കൊണ്ടുപോയി വയ്ക്കുക. അഞ്ച് പ്രാവശ്യം ഇത് ചെയ്യുക.

ഭുജംഗാസനം

പ്രധാനപ്പെട്ട യോഗാസനങ്ങളിലൊന്നാണ് ഭുജംഗാസനം. ഭുജംഗം എന്നാല്‍ പാമ്പ് എന്നാണര്‍ഥം. പാമ്പ് തല ഉയര്‍ത്തി പത്തി വിടര്‍ത്തി നില്‍ക്കുന്നതിന്റെ മാതൃക അനുകരിച്ച് ചെയ്യുന്നതാണ് ഭുജംഗാസനം. ഈ അസനം പതിവായി അഭ്യസിച്ചാല്‍ നട്ടെല്ലിന് അയവും പുറത്തെ മസിലുകള്‍ക്കും ഞരമ്പുകള്‍ക്കും പുഷ്ടിയും ബലവും വര്‍ദ്ധിക്കും. മലബന്ധത്തിന് ഈ ആസനം ഒരു പ്രതിവിധിയാണ്. നടുവേദനയോ നടുവെട്ടലോ ഒന്നും ഉണ്ടാകുന്നതല്ല. സ്ത്രീകളുടെ ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങളും ലൂക്കേറിയയും ഈ ആസനം പതിവായി അഭിസിച്ചാല്‍ ശമിപ്പിക്കാന്‍ കഴിയും.

ഭുജംഗാസനം ഹൃദയത്തെ ശക്തിപ്പെടുത്തുകയും ലിവര്‍, കിഡ്നി, അഡ്രിനല്‍ഗ്ലാന്‍ഡ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുകയും ചെയ്യും. ഒപ്പം ദഹനശക്തി വര്‍ദ്ധിക്കുകയും ചെയ്യും. ഹൃദ്രോഗവും രക്തസമ്മര്‍ദ്ദവും ഉള്ളവര്‍ വിദഗ്ധ ഉപദേശം തേടേണ്ടതാണ്.

ചെയ്യേണ്ട വിധം
1. കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായി കമഴ്ന്നു കിടക്കുക. ഉപ്പൂറ്റികള്‍ മുകളിലേക്ക് ആക്കിയും കാല്‍‌വിരലുകള്‍ കിടത്തി നേരെ നീട്ടിയും വയ്ക്കണം. കിടക്കുന്നത് ഒരേ രേഖയില്‍ ആയിരിക്കണം.
2. കൈകള്‍ ഉരത്തിനു താഴെ വിരലുകള്‍ ചേര്‍ത്ത് കമഴ്ത്തിവയ്ക്കുക. ഉരം വിട്ട് വിരലുകള്‍ നീണ്ടിരിക്കരുത്.
3. കൈമുട്ടുകള്‍ ശരീരത്തിനടുത്ത് നേരെ പുറകിലേയ്ക്കായിരിക്കണം.
4. നെറ്റി തറയില്‍ മുട്ടിച്ച് വയ്ക്കുക.
5. ശരീരം മുഴുവന്‍ തളര്‍ന്ന് കിടക്കട്ടെ.
6. സാവധാനം ശ്വാസം എടുത്തതിന് ശേഷം, കൈകള്‍ നിലത്ത് അമര്‍ത്താതെ, നെഞ്ചും തോളും തലയും നിലത്തുനിന്നും ഉയര്‍ത്തി, തല കഴിയുന്നത്ര പുറകോട്ട് വളച്ച് മുകളിലേക്ക് നോക്കുക. തുടര്‍ന്ന് കൈകള്‍ നിലത്ത് ഊന്നിക്കൊണ്ട്, പൊക്കിള്‍ വരെയുള്ള ശരീരഭാഗവും കൂടി നിലത്തു നിന്നും ഉയര്‍ത്തുക. ഇതെല്ലാം തുടര്‍ച്ചയായി നടക്കണം. ഇടയ്ക്ക് നിര്‍ത്തരുത്. ശരീരം കൂടി ഉയര്‍ത്താന്‍ തുടങ്ങുമ്പോള്‍, കൈപ്പത്തികളുടേ താഴത്തെ ഭാഗം കൊണ്ടാണ് നിലത്ത് ഊന്നല്‍ കൊടുക്കേണ്ടത്. പൊക്കിള്‍വരെ പൊങ്ങുക അതായത് പൊക്കിളും നിലവും തമ്മിലുള്ള അകലം പരമാവധി കുറഞ്ഞിരിക്കണം. ഈ നില്പില്‍ ശ്വാസം മുട്ടാന്‍ ഇടവരരുത്. അതിനു മുന്‍പായി സാവധാനം താഴെ വന്ന് ശ്വാസം വിടുക. പൊങ്ങിയ നിലയില്‍ നിന്നുകൊണ്ടുതന്നെ ശ്വാസോച്ഛ്വാസം ചെയ്യാവുന്നതാണ്. അതുകുറച്ചു നാളത്തെ പരിശീലനത്തിനു ശേഷം മതി.
7. താഴെ വന്ന് ഒന്നോ രണ്ടോ തവണ ശ്വാസോച്ഛ്വാസം ചെയ്തതിനുശേഷം ഇതുപോലെ തന്നെ അടുത്തത് ആരംഭിക്കുക. ഇങ്ങനെ അഞ്ചു തവണ ചെയ്യുക.

ഗരുഡാസനം

കാലിലെ മസിലുകളും ഞരമ്പുകളും ശക്തങ്ങളാക്കുന്ന ആസനമാണ് ഗരുഡാസനം. ഇടുപ്പു വേദന, സന്ധി വേദന, ഹൈഡ്രോസില്‍ ഇതെല്ലാം മാറുന്നതിന് ഈ ആസനം സഹായകരമാണ്. ഈ ആസനം അഭ്യസിക്കുന്നതിലൂടെ ശരീരത്തിന്റെ ബാലന്‍സിങ് പവറും വര്‍ദ്ധിക്കും.

ചെയ്യേണ്ട വിധം
1) നിവര്‍ന്ന് നേരെ നോക്കി നില്‍ക്കുക
2) വലത് കാലെടുത്ത് ഇടത്തെക്കാലിന്റെ ഇടതു വശത്തേക്ക് കൊണ്ടുവരിക.
3) വലത്തേ കാലിന്റെ പിള്ള ഇടത്തുകാലിന്റെ പിള്ളയില്‍ ചേര്‍ത്ത് വിരലുകള്‍ നേരെ കീഴ്പ്പോട്ടാക്കി പിടിക്കുക.
4) ഇനി ഇടത്തേകാല്‍മുട്ട് അല്പം മുമ്പിലേക്ക് വളച്ച്, വലത്തേ കാലിന്റെ പെരുംവിരല്‍ ഇടത്തേ പാദത്തിനോട് കഴിയുന്നത്ര എത്തിയ്ക്കുക. ക്രമേണ ഇടത്തെ ഉപ്പൂറ്റിയുടെ സമീപം പെരും‌വിരല്‍ കുത്തി നിര്‍ത്താന്‍ സാധിക്കും.
5) വലത്തുകൈ ഇടത്തു കൈയുടെ മുകളില്‍ കൂടി എടുത്ത് ഉള്ളംകൈ രണ്ടും ചേര്‍ത്ത് തൊഴുതുപിടിച്ചു നേരെ മുന്‍‌വശത്ത് കണ്ണിന് നേരെ ഏതെങ്കിലും ഒരു വസ്തുവില്‍ ദൃഷ്ടികള്‍ ഉറപ്പിച്ചു നില്‍ക്കുക.

ബാലന്‍സ് തെറ്റാതെ കഴിയുന്നത്ര സമയം നില്‍ക്കുക. പിന്നെ മറ്റേക്കാലില്‍ ഗരുഡാസനം അഭ്യസിക്കുക. അതും അത്രയും സമയം നില്‍ക്കുക.

അവസാനം പരിഷ്കരിച്ചത് : 2/19/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate