ഇന്ന് കേരളത്തില്‍ എമ്പാടും സുവിദിതമായ ഒരു സംഗതിയാണ് കര്‍ക്കടക ചികിത്സ. കര്‍ക്കടക ചികിത്സയുടെ ആധികാരികതയിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ കേരളത്തില്‍ ശീലിച്ചുവന്നിരുന്ന ഒരു പാരമ്പര്യ ചികിത്സാരീതി മാത്രമല്ല, ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്ന ഋതുചര്യക്രമങ്ങളുടെ ശാസ്ത്രീയമായ പ്രയോഗരീതികൂടിയാണ് ഇത് എന്ന് മനസ്സിലാക്കാം. ധര്‍മമാര്‍ഗത്തിലൂടെ കര്‍മം ചെയ്ത് അര്‍ഥ, കാമ, മോക്ഷങ്ങളെ പ്രാപ്തമാക്കുക എന്നതാണ് ശരീരം ആരോഗ്യകരമായി സൂക്ഷിക്കേണ്ടതിന്‍െറ ആവശ്യകതയെക്കുറിച്ച് ആയുര്‍വേദം അനുശാസിക്കുന്നത്. ആയതിനാല്‍ ശാരീരികവും മാനസികവുമായ ആരോഗ്യരക്ഷക്ക് ആയുര്‍വേദം മുന്‍തൂക്കം നല്‍കിയിരുന്നു.
ആരോഗ്യത്തിന്‍െറ അടിസ്ഥാന ശിലകളായി ആയുര്‍വേദം കണക്കാക്കുന്നത് ത്രിദോഷങ്ങളുടെ സന്തുലനാവസ്ഥയാണ്. ഈ സന്തുലിതാവസ്ഥക്ക് ഭംഗം വരുമ്പോള്‍ രോഗങ്ങള്‍ കടന്നാക്രമിക്കും. ഈ അവസ്ഥക്ക് കാരണം പലതാണ്. മനസ്സുകൊണ്ടും വാക്കുകൊണ്ടും ശരീരംകൊണ്ടും നാം ചെയ്യുന്ന വികടകര്മങ്ങളുടെ അനന്തര ഫലം ത്രിദോഷങ്ങളുടെ ദുഷ്ടിക്ക് കാരണമാകുന്നു. അതുപോലെതന്നെ തുല്യ പ്രാധാന്യമുള്ളതാണ് കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങളും (ഋതുഭേദങ്ങള്‍) അതുമൂലം ശരീരത്തില്‍ സംഭവിക്കുന്ന ത്രിദോഷങ്ങളുടെ അസന്തുലിതാവസ്ഥയും. ഇതിനെ പ്രതിരോധിക്കുന്നതിനുവേണ്ടിയാണ് ഓരോ ഋതുക്കളിലും അനുഷ്ഠിക്കേണ്ട ജീവിതചര്യകളെക്കുറിച്ചും പഥ്യാനുഷ്ഠാനങ്ങളെക്കുറിച്ചും ഋതുചര്യയില്‍ പ്രതിപാദിച്ചിരിക്കുന്നത്.
ശിശിരം, വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം എന്നീ ആറു ഋതുക്കളാണ് ശാസ്ത്രത്തില്‍ പറയുന്നത്. എന്നാല്‍, കേരളത്തെ സംബന്ധിച്ചിടത്തോളം മൂന്നു ഋതുക്കളാണ് ആധിക്യേന അനുഭവപ്പെടുന്നത്. ഇത് വേനല്‍ക്കാലം, വര്‍ഷകാലം, മഞ്ഞുകാലം തുടങ്ങിയവയാണ്. ഇതില്‍ വര്‍ഷ ഋതുവിലാണ് കര്‍ക്കടകം വരുന്നത് എന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. ശരീരബലം ഏറ്റവും കുറയുന്ന ഒരു സമയമായിട്ടാണ് വര്‍ഷ ഋതു കണക്കാക്കപ്പെടുന്നത്. ഏറ്റവും അധികം പകര്‍ച്ചവ്യാധികള്‍ ഈ സമയത്തുതന്നെയാണല്ളോ നമുക്ക് അനുഭവപ്പെടുന്നത്. ശരീരബലം കുറയുമ്പോള്‍ ശരീരത്തിന്‍െറ പ്രതിരോധശേഷിയും നഷ്ടപ്പെടും.
‘ബലാധിഷ്ഠാനമാരോഗ്യം ആരോഗ്യാര്ഥം ക്രിയാക്രമം’ എന്ന ആചാര്യ വചനം ശരീരബലത്തിന്‍െറ പ്രാധാന്യത്തിന് അടിവരയിടുന്നു. കാലജമായ പ്രത്യേകതകളാല്‍ മലിനമായ ജലസ്രോതസ്സുകള്‍, സൂര്യരശ്മിയുടെ അഭാവം, ഈര്‍പ്പം നിറഞ്ഞുനില്ക്കുന്ന ചുറ്റുപാടുകള്‍- ഇവയെല്ലാം പ്രകൃതിയെയും ശരീരത്തെയും ഒരുപോലെ ദുഷിപ്പിക്കുന്നു. വേനല്‍ക്കാലത്ത് കഠിനമായ ചൂടില്‍ സംഭവിക്കുന്ന കഫദുഷ്ടിയും വര്‍ഷകാലത്തെ വാതകോപവും പിത്തദോഷത്തിന്െറ ചയാവസ്ഥയും ഒരുമിച്ച് ചേര്‍ന്ന് ത്രിദോഷങ്ങളുടെയും കോപകാലമായി കര്‍ക്കടകമാസം അനുഭവമാകുന്നു. ശരീരത്തിന്‍െറ പ്രതിരോധശേഷി നഷ്ടപ്പെടുന്ന ഈ സമയം പലവിധത്തിലുള്ള പകര്‍ച്ചവ്യാധികളുടെ വിഹാരരംഗമായി മാറുന്നതില്‍ അതിശയോക്തിക്ക് അവകാശമില്ല. ഇപ്രകാരം കാലത്തിന്‍െറ പ്രത്യേകതയാല്‍ ശരീരദൂഷണം സംഭവിച്ചിരിക്കുമ്പോള്‍ ഇതിന് ആക്കം കൂട്ടുന്നതും ഇന്ന് നമ്മള് ശീലിച്ചുപോരുന്ന വിരുദ്ധാഹാര വിഹാരരീതികളും പ്രശ്നം കൂടുതല്‍ ഗുരുതരമാക്കുന്നു. ഇതു തന്നെയാണ് ഈ സമയത്ത് കര്‍ക്കടക ചികിത്സയുടെ പ്രസക്തിയും.
ശരീരത്തിന് താങ്ങായിരിക്കുന്ന ത്രിദോഷങ്ങളുടെ അസന്തുലിതാവസ്ഥയെ പുന$ക്രമീകരിക്കുന്ന ചികിത്സാരീതികളും പഥ്യാഹാരങ്ങളുമാണ് കര്‍ക്കടക ചികിത്സകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതില്‍ പ്രധാനപ്പെട്ടത് ആയുര്‍വേദത്തിലെ പഞ്ചകര്‍മങ്ങളെന്ന് അറിയപ്പെടുന്ന ശോധന ചികിത്സകള്തന്നെയാണ്. വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം ഇവയാണ് പഞ്ചകര്മചികിത്സകളെന്നറിയപ്പെടുന്നത്. രക്തമോക്ഷത്തെ പ്രയോഗ വിരളത്വംകൊണ്ട് മാറ്റിനിര്‍ത്തിയാല്‍ മറ്റ് നാലു കാര്യങ്ങളും കേരളീയ പഞ്ചകര്‍മ ചികിത്സയില്‍ ഫലപ്രദമായി പ്രയോഗിക്കപ്പെടുന്നു. പഞ്ചകര്മങ്ങള്ക്ക് മുമ്പായി അതിനെ പൂര്‍ണ ഫലപ്രാപ്തിയില്‍ എത്തിക്കുന്നതിന് ചെയ്യുന്ന സ്നേഹ, സ്വേദ രൂപത്തിലുള്ള ക്രിയകളാണ് പൂര്‍വകര്‍മങ്ങള്‍. സ്നേഹ, സ്വേദങ്ങള്‍ ശരീരധാതുക്കളില്‍ വ്യാപിച്ചിരിക്കുന്ന ദുഷ്ടമലങ്ങളെ ഇളക്കിക്കൊണ്ടുവന്ന് കോഷ്ഠഗതമാക്കാന് പര്യാപ്തമാക്കുന്നു. ഇപ്രകാരം കോഷ്ഠത്തിലേക്ക് ആനയിക്കപ്പെട്ട ഇതുകളെ ഛര്‍ദിപ്പിച്ചും വയറിളക്കിയും വസ്തിരൂപേണയും പുറത്തുകളയുന്നതാണ് ശോധന ചികിത്സ. ഇലക്കിഴി, അഭ്യംഗം, പിഴിച്ചില്‍, ഞവരക്കിഴി തുടങ്ങിയവ പൂര്വകര്മങ്ങളില്പ്പെടുന്ന ക്രിയാക്രമങ്ങളാണ്.
കരിനൊച്ചിയില, പുളിയില, ആവണക്കില തുടങ്ങി വൈദ്യനിര്‍ദേശമനുസരിച്ച് ഒൗഷധസംപുഷ്ടമായ ഇലകളും തേങ്ങാപ്പീരയും വേപ്പെണ്ണയോ അനുയോജ്യമായ ഒൗഷധത്തൈലങ്ങളോ ചേര്‍ത്ത് വറുത്ത് കിഴികെട്ടി തൈലത്താല്‍ അഭ്യംഗം ചെയ്തശേഷം ശരീരത്തില്‍ കിഴി ഉഴിയുന്നു.
തവിട് കളയാത്ത ഞവരയരി, കുറുന്തോട്ടി കഷായം, പാല് ഇവ ചേര്‍ത്ത് വേവിച്ച് പായസപരുവത്തിലെടുത്ത് തുണിയില്‍ കിഴികെട്ടി നിശ്ചിതസമയം ശരീരം മുഴുവനായി വിധിപ്രകാരം കിഴിപിടിക്കുന്നു. കിഴിപിടിക്കുന്ന സമയം ശരീരത്തിലെ താപനില ഒരേരീതിയില്‍ ക്രമീകരിച്ച് ചെയ്യുന്നതിനായി പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് ഒരു സ്നിഗ്ധ സ്വേദമാണ്.
ഒൗഷധങ്ങളാല്‍ സംസ്കരിക്കപ്പെട്ട തൈലങ്ങള്‍ വ്യക്തിയുടെ ശരീരപ്രകൃതിക്ക് അനുയോജ്യമായവ തെരഞ്ഞെടുത്ത് ധാരപാത്തിയില്‍ കിടക്കുന്ന രോഗിയുടെ ഇരുവശത്തുമായി നില്ക്കുന്ന പരിചാരകര്‍ ശരീരം മുഴുവന്‍ ധാരയായി തൈലം ഒഴിക്കുന്നു. തൈലത്തിന്‍െറ ചൂട് ക്രമീകരിച്ചുകൊണ്ടിരിക്കും. ഇതും സ്നേഹസ്വേദത്തില് പെടുത്താവുന്ന പ്രക്രിയയാണ്.
ഒൗഷധസംസ്കൃതമായ തൈലം നെറ്റിയിലൂടെ ധാരപാത്രത്തില്നിന്ന് ധാരയായി വീഴ്ത്തുന്ന പ്രക്രിയയാണ് ഇത്. ഊര്ധ്വ ജത്രു വികാരങ്ങളില്‍ ഇത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. അതുപോലെ മാനസിക സമ്മര്ദംകൊണ്ടുണ്ടാകുന്ന ഉറക്കമില്ലായ്മയിലും മറ്റ് അനുബന്ധ വികാരങ്ങളിലും ഇത് വളരെ ഫലപ്രദമാണ്.
ശരീരപ്രകൃതിക്കും ദോഷദുഷ്ടിക്കും അനുയോജ്യമായ തൈലങ്ങള്കൊണ്ട് ശരീരം പൂര്‍ണമായി പുരട്ടിയശേഷം പ്രത്യേക രീതിയില്‍ മസാജ് ചെയ്യുകയും ശരീരം മുഴുവനായി വിയര്‍പ്പിക്കുകയും ചെയ്യുന്ന രീതിയാണിത്. മേല്പറഞ്ഞ ചികിത്സകളെക്കൊണ്ട് ശരീരമാലിന്യങ്ങളെ കോഷ്ഠത്തിലേക്ക് കൊണ്ടുവന്ന് വമനം, വിരേചനം, വസ്തി തുടങ്ങിയവയിലൂടെ പുറത്തുകളയുകയാണ് ചെയ്യുന്നത്.
ശിരോമാലിന്യങ്ങളെ പുറത്തുകളയുന്നതിനുവേണ്ടി ഒൗഷധസംസ്കൃതമായ നസ്യ തൈലങ്ങള്‍ യഥാവിധി നാസാദ്വാരങ്ങളില്‍ ഒഴിക്കുന്ന രീതിയാണിത്. ഇപ്രകാരം ശുദ്ധീകരിക്കപ്പെട്ട ശരീരത്തില്‍ വിവിധ തരത്തിലുള്ള പഥ്യാഹാരങ്ങളെ ശീലിപ്പിക്കുകയും അനുയോജ്യമായ ഒൗഷധങ്ങളെ പാനലേപനാദികളായി പ്രയോഗിക്കുകയും ചെയ്ത് ബലമുള്ളതാക്കുകയും അതുവഴി ശരീരത്തിന് രോഗപ്രതിരോധശേഷി കൈവരുത്തുകയും ചെയ്യുന്നു.
പലപ്പോഴും പഞ്ചകര്‍മ ചികിത്സ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സാമ്പത്തികമായി ചെലവേറിയ ഒരവസ്ഥയിലേക്ക് വന്നിട്ടുണ്ട്. അത്തരക്കാര്‍ക്ക് പഥ്യാഹാരവും അത്യാവശ്യം ശമനൗഷധങ്ങളുംകൊണ്ട് ആരോഗ്യത്തെ വീണ്ടെടുക്കാന്‍ കഴിയുന്നതാണ്. മധുരരസവും സ്നിഗ്ധഗുണവും ഉഷ്ണവീര്യവുമുള്ള ആഹാര ഒൗഷധങ്ങള്‍ പ്രയോഗിക്കപ്പെടണമെന്ന് ശാസ്ത്രം നിര്‍ദേശിക്കുന്നു. ത്രിദോഷഹരങ്ങളായ പഴകിയ യവം, ഗോതമ്പ്, ഞവരയരി, ചെറുപയര്‍ തുടങ്ങിയവ പഥ്യാഹാരങ്ങളായി ഉപയോഗിക്കാം.
കേരളീയര്‍ പാരമ്പര്യമായി ഉപയോഗിച്ചുവരുന്ന കര്‍ക്കടകത്തിലെ പഥ്യാഹാരത്തില് വരുന്നതാണ് കര്‍ക്കടകക്കഞ്ഞി. കര്‍ക്കടകക്കഞ്ഞി ഉണ്ടാക്കുന്നതിന് തവിട് കളയാത്ത നവരയരിയാണ് ഉത്തമം. തവിട് കളയാത്ത ഉണക്കലരിയും ഉപയോഗിക്കാവുന്നതാണ്. നവരയരി, സൂചിഗോതമ്പ്, ചെറുപയര്‍, ഉലുവ ഇവ ശുദ്ധജലത്തില്‍ കഴുകിയെടുത്ത് വേകാന്‍ പാകത്തിന് വെള്ളമൊഴിച്ച് വേവിച്ചശേഷം ഇതില്‍ വിഴാലരി, ചെറുപ്പുന്നയരി, കാര്‍കോകിലരി, കൊത്തംപാലയരി, ഏലത്തരി, കടകപാലയരി, ജീരകം, കരിംജീരകം, പെരുംജീരകം, എള്ള്, കരിംകുറിഞ്ഞി, കുറുന്തോട്ടി, തക്കോലം, ചുക്ക്, ശതകുപ്പ, മഞ്ഞള്‍ ഇവ സമം ചേര്‍ത്ത് പൊടിച്ച പൊടി ഒരാള്‍ക്ക് ഒരു നേരത്തേക്ക് അര ടീസ് സ്പൂണ്‍ എന്ന കണക്കില്‍ കലര്‍ത്തിയശേഷം ആവശ്യത്തിന് തേങ്ങാപ്പാലും ചേര്‍ത്ത് കര്‍ക്കടകക്കഞ്ഞി തയാറാക്കിയെടുക്കാം. ഇതില്‍ മധുരം ആവശ്യമെങ്കില്‍ കരിപ്പെട്ടിയും ചേര്‍ത്ത് സ്വാദിഷ്ടമാക്കാം. കേരളത്തില്‍ ദേശവ്യത്യാസങ്ങള്ക്കനുസരിച്ച് ഒൗഷധക്കൂട്ടുകളിലും വ്യത്യാസം കണ്ടുവരുന്നുണ്ട്. ദിവസം ഒരു നേരമോ രണ്ടുനേരമോ വര്‍ഷ ഋതുവില്‍ ഉടനീളം ഈ പഥ്യാഹാരം ഉപയോഗിക്കാവുന്നതാണ്. അതുപോലെ ഉലുവക്കഞ്ഞിയും പത്തിലക്കറിയും ഉപയോഗിക്കുന്ന രീതിയും നിലനിന്നിരുന്നു. പക്ഷേ, പുതിയ തലമുറക്ക് ഇക്കാര്യങ്ങളെക്കുറിച്ച് ഒട്ടുംതന്നെ ധാരണയില്ലാത്ത അവസ്ഥയാണ്.
നന്നായി തിളപ്പിച്ച വെള്ളം ചെറുചൂടോടുകൂടി കുടിക്കണം. തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം ചേര്‍ക്കുകയോ ഒരു തവണ വേവിച്ച ആഹാരം വീണ്ടും വേവിച്ച് ഉപയോഗിക്കുകയോ ചെയ്യുന്നത് ആയുര്‍വേദ വിധിപ്രകാരം അനുവദനീയമല്ല. എല്ലാ ആഹാരങ്ങളും ചൂടോടെ ഉപയോഗിക്കുകയും ചെയ്യേണ്ടതാണ്. ഈ സമയം വെജിറ്റേറിയന്‍ ഭക്ഷണമാണ് കൂടുതല്‍ സ്വീകാര്യം. ഫാസ്റ്റ് ഫുഡുകള്‍, കൃത്രിമ പാനീയങ്ങള്‍, തണുത്ത ആഹാരങ്ങള്‍, ശീതീകരിച്ച ഭക്ഷ്യവസ്തുക്കള്‍ ഇവ ഒഴിവാക്കണം. ഒൗഷധസംസ്കൃതമായ തൈലങ്ങള്‍ തേച്ച് ചൂടുവെള്ളത്തിലുള്ള കുളി ദിനചര്യയില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ടതാണ്. തണുപ്പില്‍നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിന് ഉതകുന്ന വസ്ത്രങ്ങളും ചെവി മൂടിയിരിക്കത്തക്ക വിധത്തിലുള്ള തൊപ്പിയും പുറത്തിറങ്ങുമ്പോള്‍ ചെരിപ്പ്, കുട തുടങ്ങിയവയും ഉപയോഗിക്കണം എന്ന് ആയുര്‍വേദം അനുശാസിക്കുന്നു. നനഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല. ദിവസം രണ്ടുനേരവും വീടും പരിസരവും നാം നിത്യേന ഇടപഴകുന്ന മറ്റ് സ്ഥലങ്ങളും വൃത്തിയാക്കി വെക്കേണ്ടതും വയമ്പ്, കുന്തിരിക്കം, അകില് തുടങ്ങിയ അണുനാശക ഒൗഷധങ്ങള്‍കൊണ്ട് പുകയേല്പിക്കേണ്ടതുമാണ്. കിടപ്പുമുറി ഈര്‍പ്പരഹിതമായി സൂക്ഷിക്കേണ്ടതാണ്. സമയത്തിന് ആഹാരം കഴിക്കുന്നത് ശീലമാക്കുകയും രാത്രിയില്‍ ഉറക്കമൊഴിപ്പ്, പകല്‍ ഉറക്കം ഇവ ഒഴിവാക്കുകയും ചെയ്യേണ്ടതാണ്. ശരീരാരോഗ്യംപോലെതന്നെ മാനസികാരോഗ്യവും രോഗപ്രതിരോധം, രോഗവിമുക്തി ഇവ കൈവരിക്കുന്നതില്‍ പ്രധാന ഘടകമായി പ്രവര്‍ത്തിക്കുന്നു. അരോഗദൃഢഗാത്രരായി കര്മംചെയ്ത് ജീവിക്കുന്നതിനുള്ള ആചാര്യനിര്ദേശം ഇത്തരുണത്തില്‍ ഓര്‍മിക്കുന്നത് ഉചിതമായിരിക്കും.
‘നിത്യം ഹിതാഹാരവിഹാര സേവി സമീക്ഷ്യകാരിവിഷയേഷ്വസക്ത
ദാതാസമസത്യപരക്ഷമാവാന് ആപ്തോപസേവീചഭവത്യരോഗ’
ദിവസവും ഹിതമായ ആഹാര വിഹാരങ്ങളെ അനുഷ്ഠിക്കുന്നവനും ആലോചനപൂര്വകമായി ശബ്ദാദികളായ വിഷയങ്ങളില്‍ പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നവനും സുഖത്തിലും ദു$ഖത്തിലും ഒരേ മനസ്സായിരിക്കുന്നവനും സത്യം, ക്ഷമ, ദാനശീലം ഇവയെ കൈമുതലാക്കിയിട്ടുള്ളവനും ഗുരുവചനങ്ങളനുസരിച്ച് ജീവിക്കുന്നവനുമായ വ്യക്തി വ്യാധിയോടുകൂടാത്തവനായിരിക്കുമെന്നാണ് മേല്പറഞ്ഞ ആചാര്യവചനത്തിന്െറ പൊരുള്‍.
ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തില്‍ മേല്പറഞ്ഞ എല്ലാ കാര്യങ്ങളും പ്രവൃത്തിയില്‍ കൊണ്ടുവരാന്‍ സാധിച്ചെന്നുവരില്ളെങ്കിലും കഴിയുന്നത്ര ശീലിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ആരോഗ്യപൂര്‍ണമായ ശരീരവും ധര്‍മാനുസൃതമായ കര്‍മത്തിലൂടെ ഈശ്വരപ്രാപ്തിയും സ്വന്തമാക്കാം
അവസാനം പരിഷ്കരിച്ചത് : 6/10/2020
കൂടുതല്‍ വിവരങ്ങള്‍
ആയുര്‍വേദ പരിഹാരമാര്‍ഗ്ഗങ്ങളെ കുറിച്ചുള്ള വിവരങ്ങള...
ആയുർവേദം-ഉത്പത്തി
കൂടുതല്‍ വിവരങ്ങള്‍