കേരളത്തിലെ ഊര്‍ജ്ജ ഉപഭോഗം
കേരളത്തിലെ വൈദ്യുതി ഉപഭോഗത്തിന്റെ സിംഹഭാഗവും ഗാര്‍ഹിക മേഖല കയ്യടക്കിയിരിക്കുന്നു. 23 % വ്യവസായ മേഖലയും 18 % വ്യാപാര മേഖലയും 2% കാര്‍ഷിക മേഖലയും മറ്റുള്ളവ 6 % ഉം ഉപയോഗിക്കുന്നു.
ഇതില്‍ നിന്നും തീര്‍ത്തും വ്യക്തമാകുന്ന കാര്യം എന്തെന്നാല്‍ ഗാര്‍ഹിക മേഖലയിലാണ് നാം കേരളീയര്‍ക്ക് ഏറ്റവും കൂടുതല്‍ വൈദ്യുതി സംരക്ഷിക്കാന്‍ കഴിയുക എന്നുള്ളതാണ്. അതിനാല്‍ തന്നെ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ട മേഖലയായ ഗാര്‍ഹികമേഖലയില്‍ നമുക്ക് എങ്ങനെയൊക്കെ വൈദ്യുതി ലാഭം കൊണ്ടുവരാം എന്ന് നോക്കാം.
ഊര്‍ജ്ജ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍
ലൈറ്റിംഗ് സിസ്റ്റം
വിവിധ തരം പ്രകാശന ഉപകരണങ്ങള്‍
- സാധാരണ ബള്‍ബ്
- സി എഫ് എല്‍ (കോമ്പാക്റ്റ് ഫ്യൂറസെന്റ് ലാമ്പ്)
- ട്യൂബ് ലൈറ്റുകള്‍
- എല്‍ ഇ ഡി ലൈറ്റുകള്‍
സാധാരണ ബള്‍ബ്
- 10 % മാത്രം കാര്യക്ഷമം
- പ്രകാശത്തെക്കാള്‍ ചൂട് ഉത്പാദിപ്പിച്ചു വൈദ്യുതി നഷ്ടം ഉണ്ടാക്കുന്നു
- 1000 മണിക്കൂര്‍ പ്രവര്‍ത്തന കാലാവധി
- 60 വാട്ട് ബള്‍ബ് 16. 67 മണിക്കൂര്‍ പ്രവര്‍ത്തിക്കുമ്പോള്‍ 1 യൂണിറ്റ് വൈദ്യുതി ചെലവാകുന്നു.
സി എഫ് എല്‍
- 60 w സാധാരണ ബള്‍ബിന്റെ തുല്യപ്രകാശം നല്കാന് 14w സി എഫ് എല്‍ മതിയാകും.
- പ്രവര്‍ത്തന കാലാവധി 8000 മണിക്കൂര്‍
- അകത്ത് മെര്‍ക്കുറി ബാഷ്പം ഉള്ളതിനാല്‍ കേടായ സി എഫ് എല്‍ വലിച്ചെറിഞ്ഞു പൊട്ടിക്കാതിരിക്കുക. മെര്‍ക്കുറി ജലത്തിലും മറ്റും കലര്‍ന്നാല്‍ പ്രകൃതിക്ക് ദോഷം ചെയ്യും.
- 14 വാട്ട് സി എഫ് എല്‍ 71. 43 മണിക്കൂര്‍ പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് 1 യൂണിറ്റ് വൈദ്യുതി ചെലവാകുന്നത്.
എല്‍ ഇ ഡി ബള്‍ബ്
- 60 w സാധാരണ ബള്‍ബ് ഉപയോഗിക്കുന്നിടത്ത് 7w എല്‍ ഇ ഡി ബള്‍ബ് മതിയാകും.
- പ്രവര്‍ത്തന കാലാവധി 50,000 മണിക്കൂര്‍
- പ്രകൃതിക്ക് ദോഷകരമായ യാതൊരു ഘടകവും ഉപയോഗിച്ചിട്ടില്ല.
- വില നിലവില്‍ അല്പം കൂടുതല്‍ ആണെങ്കിലും സാധാരണ ബള്‍ബ് മാറ്റി സ്ഥാപിച്ച സ്ഥലങ്ങളില്‍ വൈദ്യുതി ബില്ലില്‍ വളരെ കുറവ് ഉണ്ടാകുന്നു.
- 7 w എല്‍ ഇ ഡി ബള്‍ബ് 1 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ച് 142.86 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നു.
- നമ്മുടെ വീടുകളിലെ 5 ബള്‍ബുകള്‍ എല്‍ ഇ ഡിയിലേക്ക് മാറ്റാം.
ട്യൂബ് ലൈറ്റുകള്‍
വിവിധ തരത്തിലുള്ളവ ഇന്ന് വിപണിയില്‍ ലഭ്യമാണ്. പ്രധാനമായും T12, T8, T5 , എല്‍ ഇ ഡി മുതലായവ
- T12 ലെ T ട്യൂബുലാര്‍ എന്നതിനെയും 12 എന്നത് ട്യൂബ് ലൈറ്റിന്റെ വ്യാസത്തെയും സൂചിപ്പിക്കുന്നു.
- T12 ട്യൂബും മാഗ്നെറ്റിക് ചോക്കും ഉപയോഗിക്കുന്ന ട്യൂബ് സെറ്റ് 40 W +10 W =50W വൈദ്യുതി ഉപയോഗിക്കുന്നു. മാഗ്നെറ്റിക് ചോക്കിന് പ്രവര്‍ത്തിക്കാനായി 15 W വൈദ്യുതി വേണം.
- T12 ട്യൂബും ഇലക്ട്രോണിക് ചോക്കുമാണ് ഉപയോഗിക്കുന്നതെങ്കില്‍ 40W +4W=44W വൈദ്യുതി ഉപയോഗിക്കുന്നു. ഇലക്ട്രോണിക് ചോക്കിന് പ്രവര്‍ത്തിക്കാനായി 4W വൈദ്യുതി വേണം.
- T8 ട്യൂബ് ലൈറ്റ് T12 വിനെക്കാള്‍ വ്യാസം കുറഞ്ഞത്(8/8 ഇഞ്ച്)
- T8 ട്യൂബ് ലൈറ്റും ഇലക്ട്രോണിക് ചോക്കും ഉപയോഗിക്കുമ്പോള്‍ 36W+4W=42W വൈദ്യുതി ഉപയോഗിക്കുന്നു. T8 ട്യൂബ് 36 W വൈദ്യുതി ഉപയോഗിക്കുന്നു.
- 5 സ്റ്റാര്‍ റേറ്റിംഗ് ഉള്ള T8 ട്യൂബ് ലൈറ്റിനു 3 സ്റ്റാര്‍ റേറ്റിംഗ് ഉള്ള ട്യൂബ് ലൈറ്റിനേക്കാള്‍ 50% കൂടുതല്‍ പ്രകാശം തരാന്‍ കഴിവുണ്ട്.
- T5 ട്യൂബ് ലൈറ്റ് T8 നേക്കാള്‍ വ്യാസം കുറഞ്ഞത് (5/8 ഇഞ്ച്)
- T5 ട്യൂബ് ലൈറ്റിനു പ്രവര്‍ത്തിക്കാനായി 28 വാട്ട് മതി.
- തുല്യപ്രകാശം തരുന്ന എല്‍ ഇ ഡി ട്യൂബ് ഉപയോഗിക്കുന്ന പക്ഷം 18 വാട്ട് വൈദ്യുതി മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂ. തന്മൂലം വൈദ്യുതി ലാഭവും ഉയര്‍ന്ന ഗുണമേന്മയും ഉയര്‍ന്ന പ്രവര്‍ത്തന കാലാവധിയും പ്രകൃതിക്ക് ദോഷകരമായ മെര്‍ക്കുറി ബാഷ്പം ഇല്ല എന്നുള്ളതും നേട്ടമായി മാറുന്നു.
- നിലവിലുള്ള ട്യൂബ് ലൈറ്റുകള്‍ക്ക് (T12, T8, T5) പകരം എല്‍ ഇ ഡി ട്യൂബ് ലൈറ്റുകള്‍ ഉപയോഗിച്ചാല്‍ ഒന്നിന് 41 രൂപ മുതല്‍ 131 രൂപ വരെ കറണ്ട് ചാര്ജ്ജിനത്തില് ലാഭിക്കാം.
ഓര്‍ക്കുക
- ചുമരില്‍ ഇളം നിറത്തിലുള്ള ചായം പൂശിയാല്‍ പ്രകാശം പ്രതിഫലിക്കുക വഴി മുറിക്കകത്ത് കൂടുതല്‍ പ്രകാശം ലഭിക്കുന്നു.
- കഴിവതും പകല്‍ സമയങ്ങളില്‍ ലൈറ്റുകള്‍ ഉപയോഗിക്കാതെ ജനലുകളും വാതിലുകളും തുറന്നിട്ട് സൂര്യപ്രകാശം ഉപയോഗിക്കുക.
- ലൈറ്റിന്റെ രിഫ്ലാക്ടരുകളും ഷേഡുകളും ഇടയ്ക്കിടെ തുടച്ചു വൃത്തിയാക്കുക.
- ബി ഇ ഇ സ്റ്റാര്‍ ലേബലിംഗ് ഉള്ള ഉത്പന്നങ്ങള്‍ (കൂടുതല്‍ കാര്യക്ഷമമായവ) ഉപയോഗിക്കുക.
- സൂര്യപ്രകാശം നഷ്ടപ്പെടുത്താതെ മുറിക്കുള്ളില്‍ എത്തിക്കുവാന്‍ ഉതകുന്ന ഡിസൈനുകള്‍ കെട്ടിടത്തില്‍ കൊണ്ട് വരിക.
- ടാസ്ക് ലൈറ്റിംഗ് (പ്രവൃത്തി സ്ഥലത്ത് മാത്രം പ്രകാശം നല്കുന്ന ടേബിള്‍ ലാംബ് പോലുളളവ) ഉപയോഗിക്കുക.
സീറോവാട്ട് ബള്‍ബ് എന്ന വില്ലന്‍
സീറോ വാട്ട് ബള്‍ബ് എന്ന് പറയപ്പെടുന്ന ബള്‍ബ് 16 വാട്ട് വരെ വൈദ്യുതി ഉപയോഗിക്കുന്നു. ഒരു ദിവസം മുഴുവന്‍ കത്തിചിടുന്ന ഒരു സീറോവാട്ട് ബള്‍ബ് 0.384 യൂനിറ്റ് വൈദ്യുതി ഉപയോഗിക്കുന്നു. അതായത് ഒരു മാസം ഏതാണ്ട് 11.52 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നു. ഇവയ്ക്ക് പകരം നമുക്ക് കുറഞ്ഞ വാട്ടില്‍ ഉള്ള എല്‍ ഇ ഡി ബള്‍ബ് ഉപയോഗിക്കാം. ഇവ വെറും 0.5 വാട്ട് വൈദ്യുതി മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഒരു മാസം മുഴുവന്‍ കത്തിച്ചിട്ടാല്‍ പോലും 0.36 യൂണിറ്റ് വൈദ്യുതി മാത്രമേ ഉപയോഗിക്കുന്നുള്ളൂ.
ഫാന്‍
ഫാന്‍ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. വര്‍ഷം മുഴുവനും രാവും പകലും നമ്മുടെ ഫാനുകള്‍ കറങ്ങി കൊണ്ടിരിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ നമ്മുടെ വീട്ടിലെ വൈദ്യുതി ഉപയോഗത്തിന്റെ നല്ലൊരു ഭാഗം ഫാനിന്റെ സംഭാവന ആണെന്ന് കാണാം. ഫാന്‍ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ വൈദ്യുതി ബില്ലില്‍ വലിയ മാറ്റം സാധ്യമാണ്.
പുതിയ ഫാന്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക
വില മാത്രം പരിഗണിച്ച് കാര്യക്ഷമത കുറഞ്ഞ ഫാന്‍ വാങ്ങുമ്പോള്‍ നമ്മള് ലാഭിക്കുന്നതിന്റെ എത്രയോ മടങ്ങ് പണമാണ് നമുക്ക് നഷ്ടപ്പെടാന്‍ പോകുന്നത് എന്ന കാര്യം ഓര്‍ക്കുക.
42 വാട്ട് മുതല്‍ 128 വാട്ട് വരെ ഉള്ള ഫാനുകള്‍ ഇന്ന് കമ്പോളത്തില്‍ ലഭ്യമാണ്. ഫാന്‍ കൂടുതല്‍ സമയം ഉപയോഗിക്കേണ്ടി വരുന്നതിനാല്‍ വാട്ടെജ് കൂടിയ ഫാനുകളുടെ ഉപയോഗം ഉയര്‍ന്ന ഊര്‍ജ്ജോപഭോഗത്തിനും ധനനഷ്ടത്തിനും കാരണമാകുന്നു. അതിനാല്‍ ഊര്‍ജ്ജ ക്ഷമത കൂടിയ 5 സ്റ്റാര്‍ ലേബലിംഗ് ഉള്ള ഫാനുകള്‍ വാങ്ങാന്‍ ശ്രദ്ധിക്കണം.
കൂടാതെ താഴെ പറയുന്ന കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുക
- റെസിസ്റ്റര്‍ ടൈപ്പ് റെഗുലേറ്ററില്‍ ചൂടിന്റെ രൂപത്തില്‍ വൈദ്യുതി നഷ്ടപ്പെടുന്നു. കുറഞ്ഞ വേഗതയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ചൂടിന്റെ രൂപത്തിലുള്ള ഊര്‍ജ്ജ നഷ്ടം ഉണ്ടാകുന്നില്ല എന്നതാണ് ഇലക്ട്രോണിക് റെഗുലേറ്ററിന്റെ മേന്മ.
- ഇലക്ട്രോണിക് റെഗുലേറ്റര്‍ ഉപയോഗിച്ച് മീഡിയം സ്പീഡില്‍ ഫാന്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഊര്‍ജോപയോഗം പകുതിയോളം കുറയ്ക്കാനാകും.
- 65 വാട്ട് ശേഷിയുള്ള ഒരു സീലിംഗ് ഫാന്‍ ഒരു മണിക്കൂര്‍ നേരം ഫുള്‍ സ്പീഡില്‍ പ്രവര്‍ത്തിപ്പിച്ചാല്‍ 0.065 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കും. എന്നാല്‍ ഫാനിന്റെ ഇലക്ട്രോണിക് റെഗുലേറ്ററിലെ സ്റ്റെപ് പൊസിഷന്‍ 5 നിന്നും 3 ആക്കി സ്പീഡ് കുറച്ചാല്‍ വൈദ്യുതി ഉപയോഗം 0.035 യൂണിറ്റ് വരെയായി കുറയും.
- സീലിംഗ് ഫാന്‍ ഉറപ്പിക്കുമ്പോള്‍ അതിന്റെ ലീഫിന് സീലിങ്ങുമായി ഒരടിയെങ്കിലും അകലമുണ്ടെന്നു ഉറപ്പു വരുതെണ്ടാതാണ്.
- ലീഫുകള്‍ ശരിയായ ചരിവിലാണോ ഘടിപ്പിച്ചിരിക്കുന്നത് എന്ന് നോക്കുക.
- ഫാന്‍ ലീഫിനു തറ നിരപ്പില്‍ നിന്നും ഉണ്ടായിരിക്കേണ്ട സുരക്ഷിതമായ അകലം 2.4 മീറ്ററാണ്.
- കറങ്ങുമ്പോള്‍ ബെയരിംഗ് ശബ്ദമുണ്ടാക്കുന്ന ഫാനുകള്‍ ഊര്‍ജ്ജ നഷ്ടം ഉണ്ടാക്കുന്നു.
- ഇപ്പൊ കമ്പോളത്തില്‍ ലഭ്യമായിട്ടുള്ള ബി എല്‍ ഡി സി ഫാനുകള്‍ക്ക് സാധാരണ ഫാനുകള്‍ക്ക് വേണ്ടതിന്റെ പകുതിയോളം വൈദ്യുതി മതിയാകും. റിമോട്ട് ബട്ടന് ഉപയോഗിച്ച് ഫാനിന്റെ സ്പീഡ് നിയന്ത്രിക്കാമെന്നുള്ളത് ഇതിന്റെ എടുത്തു പറയേണ്ട മേന്മയാണ്.
റെഫ്രിജറേറ്റര്‍ ( ഫ്രിഡ്ജ്)
റെഫ്രിജറേറ്റര്‍ വാങ്ങുമ്പോള്‍ ആവശ്യത്തിനു മാത്രം വലിപ്പമുള്ളതും ഊര്‍ജ്ജക്ഷമത കൂടിയതുമായ മോഡലുകള്‍ തിരഞ്ഞെടുക്കുക. നാലുപേര്‍ അടങ്ങിയ കുടുംബത്തിനു 165 ലിറ്റര്‍ ശേഷിയുള്ള റെഫ്രിജറേറ്റര്‍ മതിയാകും. വലിപ്പം കൂടുംതോറും വൈദ്യുതി ചിലവും കൂടും എന്ന കാര്യം ശ്രദ്ധിക്കുക.
റെഫ്രിജറേറ്ററുകളുടെ വൈദ്യുതി ഉപയോഗം അറിയുന്നതിന് ബി എസ് ഇ (ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി) സ്റ്റാര്‍ ലേബല്‍ സഹായിക്കുന്നു. അഞ്ച് സ്റ്റാര്‍ ഉള്ള 240 ലിറ്റര്‍ റെഫ്രിജറേറ്റര്‍ വര്‍ഷം 385 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുമ്പോള്‍ രണ്ട് സ്റ്റാര്‍ ഉള്ളവ വര്‍ഷം 706 യൂണിറ്റ് ഉപയോഗിക്കുന്നു. സ്റ്റാര്‍ അടയാളം ഇല്ലാത്ത പഴയ റെഫ്രിജറേറ്റര്‍ വര്‍ഷം 900 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നു.
സ്റ്റാര്‍ അടയാളം കൂടുംതോറും വൈദ്യുതി ഉപയോഗം കുറയുമെന്നര്‍ത്ഥം. കൂടുതല്‍ സ്റ്റാര്‍ ഉള്ള റെഫ്രിജറേറ്റര്‍ വാങ്ങുന്നതിന് വേണ്ടി ചിലവിടുന്ന അധികതുക തുടര്‍ന്ന് വരുന്ന മാസങ്ങളിലെ കുറഞ്ഞ വൈദ്യുതി ബില്ലിലൂടെ രണ്ടു മൂന്ന് വര്‍ഷത്തിനുള്ളില്‍ ലഭിക്കുന്നതിനാല്‍ സാമ്പത്തിക നേട്ടമാണ് ഉണ്ടാകുന്നത്.
റെഫ്രിജറേറ്റര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- റെഫ്രിജറേറ്ററിന് ചുറ്റും വായുസഞ്ചാരം ഉറപ്പാക്കുക. ഇതിനായി ഭിത്തിയില്‍ നിന്നും നാല് ഇഞ്ചെങ്കിലും അകലം ഉണ്ടായിരിക്കണം.
- റെഫ്രിജറേറ്ററിന്റെ വാതില്‍ ഭദ്രമായി അടഞ്ഞിരിക്കണം. ഇതിനായി വാതിലില്‍ ഉള്ള റബ്ബര്‍ ബീടിംഗ് കാലാകാലം പരിശോധിച്ച് പഴക്കം ചെന്നതാണെങ്കില്‍ മാറ്റുക.
- ആഹാര സാധനങ്ങള്‍ ചൂടാറിയതിന് ശേഷം മാത്രം റെഫ്രിജറേറ്ററില്‍ വക്കുക. എടുത്തു കഴിഞ്ഞാല്‍ തണുപ്പ് മാറിയതിന് ശേഷം മാത്രം ചൂടാക്കുക.
- കൂടെ കൂടെ റെഫ്രിജറേറ്റര്‍ തുറക്കുന്നത് ഊര്‍ജ്ജനഷ്ടമുണ്ടാക്കും.
- റെഫ്രിജറേറ്റര്‍ കൂടുതല്‍ നേരം തുറന്നിടുന്നത് ഒഴിവാക്കാനായി ആഹാര സാധനങ്ങള്‍ അടുക്കൊടെയും ചിട്ടയോടെയും ഒരു നിശ്ചിത സ്ഥാനത്ത് വയ്ക്കാന്‍ ശ്രദ്ധിക്കുക.
- റെഫ്രിജറേറ്ററിനകത് സൂക്ഷിക്കാനുള്ള സാധനങ്ങള്‍ തീരെ കുറവാണെങ്കില്‍ വെള്ളം നിറച്ച കുറെ ബോട്ടിലുകള്‍ വക്കുന്നത് വാതില്‍ തുറക്കുന്ന സമയത്ത് അകത്തെ തണുപ്പ് പെട്ടെന്ന് നഷ്ടപ്പെടാതെ നിലനിര്‍ത്താന്‍ സഹായിക്കും.
- കാലാസ്ഥ അനുസരിച്ചും ഉള്ളിലെ സാധനങ്ങളുടെ അളവ് അനുസരിച്ചും തെര്‍മോസ്റ്റാറ്റ് ക്രമീകരിക്കണം.
- റെഫ്രിജറേറ്ററില്‍ ആഹാരസാധനങ്ങള്‍ കുത്തിനിറച്ചു ഉപയോഗിക്കുന്നത് വൈദ്യുതി ചെലവ് കൂട്ടും. മാത്രമല്ല ഇങ്ങനെ ചെയ്യുന്നത് റെഫ്രിജറേറ്ററിന് അകത്തെ സുഗമമായ തണുത്ത വായു സഞ്ചാരത്തിന് തടസ്സം ഉണ്ടാക്കുന്നതിനാല്‍ ആഹാര സാധനങ്ങള്‍ കേടാകുകയും ചെയ്യും.
- ആഹാര സാധനങ്ങള്‍ അടച്ചു മാത്രം റെഫ്രിജറേറ്ററില്‍ സൂക്ഷിക്കുക. ഇത് ഈര്‍പ്പം റെഫ്രിജറേറ്റരിനകത് വ്യാപിക്കുന്നത് തടയുകയും തന്മൂലമുള്ള വൈദ്യുതി നഷ്ടം ഒഴിവാക്കുകയും ചെയ്യുന്നു.
- ഫ്രീസറില്‍ ഐസ് കൂടുതല്‍ കട്ട പിടിക്കുന്നത് ഊര്‍ജ്ജനഷ്ടമുണ്ടാക്കുന്നു. അതിനാല്‍ നിര്‍മ്മാതാവ് നിര്‍ദ്ദേശിച്ചിട്ടുള്ള സമയ ക്രമത്തില്‍ തന്നെ ഫ്രീസര്‍ ഡീ ഫ്രോസ്റ്റ് ചെയ്യുക.
- ഫ്രീസറില്‍ നിന്നെടുത്ത ആഹാരസാധനങ്ങള്‍ റെഫ്രിജറേറ്ററിന് അകത്തെ താഴെ തട്ടില്‍ വച്ച് തണുപ്പ് കുറഞ്ഞതിന് ശേഷം മാത്രം പുറത്തെടുക്കുക.
- വൈകിട്ട് വോള്‍ട്ടേജ് കുറവുള്ള സമയങ്ങളില്‍ റെഫ്രിജറേറ്റര്‍ ഓഫ് ചെയ്യുന്നതിലൂടെ വൈദ്യുതി ലാഭിക്കാനും പ്രവര്‍ത്തന കാലം നീട്ടാനും സാധിക്കും. റെഫ്രിജറേറ്റര്‍ ഓഫ് ചെയ്തിട്ട് വീണ്ടും ഓണ്‍ ചെയ്യുമ്പോള്‍ വൈദ്യുത ഉപയോഗം കൂടുമെന്നത് തെറ്റായ ധാരണയാണ്.
ഇസ്തിരിപ്പെട്ടി
വളരെ സൂക്ഷിച്ചു ഉപയോഗിക്കേണ്ട വൈദ്യുത ഉപകരണമാണ് ഇസ്തിരിപ്പെട്ടി. കാര്യക്ഷമമല്ലാത്ത ഉപയോഗക്രമമാണ് ഇതില്‍ ഊര്‍ജ്ജ നഷ്ടം വരുത്തി വക്കുന്നത്. ഓട്ടോമാറ്റിക് ഇലക്ട്രിക് അയണ്‍ ആണ് നല്ലത്. നിര്‍ദ്ദിഷ്ട താപനില എത്തികഴിഞ്ഞാല്‍ ഇസ്തിരിപ്പെട്ടി തനിയെ ഓഫായികൊള്ളും. ചൂട് വീണ്ടും കുറഞ്ഞാല്‍ തനിയെ ഓണ്‍ ആവുകയും ചെയ്യും. ഓട്ടോമാറ്റിക് ടെംപരേചര് കട്ട് ഓഫ് ഉള്ള ഇലക്ട്രിക് അയണിനു ഈ സംവിധാനം ഇല്ലാത്തതിനെ അപേക്ഷിച്ച് പകുതിയോളം വൈദ്യുതി മതിയാകും. അതായത് ഒരു കിലോവാട്ട് ശേഷിയുള്ള ഓട്ടോമാറ്റിക് അയണ്‍ ഒരു മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നതിന് 0.5 യൂണിറ്റോളം വൈദ്യുതി മതിയാകും.
ദിവസവുമുള്ള ഇസ്തിരിപ്പെട്ടിയുടെ ഉപയോഗം വൈദ്യുതി ബില്‍ കൂട്ടും. ഒരാഴ്ച്ചത്തേക്ക് വേണ്ട വസ്ത്രങ്ങള്‍ ഒരുമിച്ചു ഇസ്തിരി ഇടുന്നതാണ് ഉത്തമം. ഇസ്തിരിപ്പെട്ടി ചൂടായി കൊണ്ടിരിക്കുന്ന സമയവും ഇസ്തിരിപ്പെട്ടി ഓഫ് ചെയ്തതിനു ശേഷമുള്ള സമയവും ചൂട് കുറവ് ആവശ്യമുള്ള തുണിത്തരങ്ങള്‍ ഇസ്തിരി ഇടുന്നതിനു ഉപയോഗിക്കാം.
വസ്ത്രങ്ങള്‍ക്ക് നനവുണ്ടെങ്കില്‍ വൈദ്യുതി നഷ്ടം കൂടും. ഇസ്തിരി ഇടുന്ന സമയത്ത് സീലിംഗ് ഫാന്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. സീലിംഗ് ഫാനില്‍ നിന്ന് വരുന്ന കാറ്റ് ഇസ്തിരിപ്പെട്ടിയിലെ ചൂട് നഷ്ടപെടുത്തും. വൈകുന്നേരം വോള്‍ട്ടേജ് കുറവുള്ള സമയങ്ങളില്‍ ഇലക്ട്രിക് അയണ്‍ ഉപയോഗിക്കാതിരിക്കുക.
ടെലിവിഷന്‍
ടെലിവിഷന്‍ റിമോട്ടില്‍ മാത്രം ഓഫ് ചെയ്തു സ്റ്റാന്‍ഡ് ബൈ മോഡില്‍ ഇടുന്നത് അനാവശ്യ വൈദ്യുതി ഉപയോഗത്തിന് ഇടയാക്കും. ഉപയോഗം കഴിഞ്ഞാല്‍ സ്വിച്ച് ബോര്‍ഡില്‍ കൂടി പവര്‍ ഓഫ് ചെയ്യാന്‍ ശ്രദ്ധിക്കുക. എല്‍ ഇ ഡി എല്‍ സി ഡി ടെലിവിഷനുകളില്‍ അതെ വലിപ്പവും ക്വാളിറ്റിയും ഉള്ള സി ആര് ടി ടെലിവിഷനേക്കാള്‍ വൈദ്യുതി ഉപഭോഗം കുറവാണ്. 32 ഇഞ്ച് വലിപ്പമുള്ള ഒരു എല്‍ സി ഡി ടെലിവിഷന്‍ ഒരു മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ 0. 035 യൂണിറ്റ് വൈദ്യുതി ആവശ്യമുള്ളപ്പോള്‍ അതെ വലിപ്പത്തിലുള്ള സി ആര് ടി ടെലിവിഷന്‍ പ്രവര്‍ത്തിക്കാന്‍ 0.1 യൂണിറ്റ് വൈദ്യുതി വേണം.
ടെലിവിഷന്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന മുറിയുടെ വലിപ്പത്തിന് അനുസരിച്ച് സ്ക്രീനിന്റെ വലിപ്പം തിരഞ്ഞെടുക്കുന്നതാണ് ഉത്തമം.
ഉപകരണങ്ങള്‍ റിമോട്ടില്‍ ഓഫ് ചെയ്യുന്നതിന് പകരം പ്ലഗ് ഓഫ് ചെയ്യുക.
മിക്സി
മിക്സിയുടെ മോട്ടോറിന് വേഗം കൂടുതലാണ്. അതിനാല്‍ കൂടുതല്‍ നേരം മിക്സി പ്രവര്‍ത്തിപ്പിക്കുന്നത് നല്ലതല്ല. വെള്ളം ആവശ്യത്തിനു മാത്രം ഉപയോഗിക്കുക. വെള്ളം കൂടിയാല്‍ ആരായാന്‍ കൂടുതല്‍ സമയം എടുക്കും. വെള്ളം കുറഞ്ഞാല്‍ മിക്സിയുടെ ലോഡ് കൂടും.
പൊടിക്കുമ്പോള്‍ സാധനങ്ങള്‍ ജാരിനുള്ളില് കുത്തി നിറക്കുന്നത് മിക്സി ട്രിപ്പ് ആകാന്‍ കാരണമാകും. ട്രിപ്പ് ആകുകയും വീണ്ടും റീസെറ്റ് ചെയ്ത് ഓണ്‍ ചെയ്ത് ഉപയോഗിക്കുകയും ചെയ്യുന്നത് മൂലം മിക്സിയുടെ വൈണ്ടിംഗ് തകരാരിലാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജാറിന്റെ പകുതി മാത്രം നിറക്കുക. ആദ്യം കുറഞ്ഞ വേഗത്തിലും പിന്നെ അടുത്ത സ്റെപ്പിലും അവസാനം കൂടുതല്‍ വേഗത്തിലും ആക്കാം. മിക്സി ഇടക്കിടെ ഓഫ് ചെയ്യണം. വൈകിട്ട് വോള്‍ട്ടേജ് കുറവുള്ളപ്പോള്‍ മിക്സി പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
വെറ്റ് ഗ്രൈന്‍ഡര്‍
അരിയും ഉഴുന്നും കുതിര്‍ത്ത ശേഷം മാത്രമേ ആട്ടാവൂ.രണ്ടുമണിക്കൂര്‍ വെള്ളത്തിലിട്ട ശേഷം ആട്ടിയാല്‍ 15 ശതമാനം വൈദ്യുതി ലാഭിക്കാന്‍ കഴിയുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.
വെറ്റ് ഗ്രൈന്ഡറില് പരിധിയിലധികം അരിയോ ഉഴുന്നോ വെള്ളമോ ചേര്‍ക്കാതിരിക്കുക. ആവശ്യത്തിനു മാത്രം സാധനങ്ങള്‍ ഇട്ട് വെള്ളം പല തവണയായി ചെര്ക്കുന്നതാവും ഉത്തമം.
മൈക്രോ വേവ് ഓവന്
- മൈക്രോ വേവ് ഓവന് സാധാരണ ഇലക്ട്രിക് സ്റ്റവ്നെക്കാളും 50 % കുറച്ച് ഊര്‍ജ്ജമേ ഉപയോഗിക്കുന്നുള്ളൂ.
- വലിയ അളവിലുള്ള ഭക്ഷണസാധനങ്ങള്‍ പാചകം ചെയ്യാന്‍ മൈക്രോ വേവ് ഓവന് ഉപയോഗിക്കാതിരിക്കുക.
- ഓവന് ഇടക്കിടക്ക് തുറക്കുന്നതും അടക്കുന്നതും ഒഴിവാക്കുക. ഓരോ പ്രാവശ്യം തുറക്കുമ്പോഴും ഏകദേശം 25൦ c ചൂടാണ് നഷ്ടപ്പെടുന്നത്.
- ആഹാരപദാര്‍ത്ഥങ്ങള്‍ നന്നായി പാകമാകുന്നതിനു കുറച്ചു മുമ്പ് തന്നെ ഓവന് ഓഫ് ആകുന്ന തരത്തില്‍ ടൈമര്‍ ക്രമീകരിക്കുക.
- ബ്രെഡ്, പേസ്ട്രി, മുതലായ ചുരുക്കം ചില ആഹാര പദാര്‍ഥങ്ങള്‍ക്ക് മാത്രമേ പ്രീ ഹീറ്റിംഗ് ആവശ്യമുള്ളൂ.
- ഒരുമിച്ചു ഭക്ഷണം കഴിക്കുക. എല്ലാവര്‍ക്കുമുള്ള ആഹാര പദാര്‍ഥങ്ങള്‍ ഒരേ സമയം മൈക്രോ ഓവനില്‍ വച്ച് ചൂടാക്കി എടുക്കുക.
ഇന്‍ഡക്ഷന്‍ കുക്കര്‍
- ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിച്ച് പാചകം ചെയ്യുമ്പോള്‍ മൊത്തത്തിലുള്ള വൈദ്യുതി ഉപയോഗം കൂടുന്നതിനാല്‍ ഉയര്‍ന്ന നിരക്കിലുള്ള വൈദ്യുതി ചാര്‍ജ് നല്‍കേണ്ടി വരും. അതിനാല്‍ പാചക വാതകം ഉപയോഗിക്കുന്നതിനെ അപേക്ഷിച്ച് ചെലവ് കൂടുകയാണ് ചെയ്യുന്നത്. അതിനാല്‍ വിറകോ എല്‍ പി ജിയോ ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ മാത്രം ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിക്കുക.
- കുക്കറിന്റെ പ്രതലത്തില്‍ കാണിച്ചിരിക്കുന്ന വൃത്തത്തിനേക്കാള്‍ കുറഞ്ഞ അടി വട്ടമുള്ള പാത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
- പാചകത്തിന് ആവശ്യമുള്ള അളവില്‍ മാത്രം വെള്ളം ഉപയോഗിക്കുക. വെള്ളം തിളച്ചതിനു ശേഷം ഇന്‍ഡക്ഷന്‍ കുക്കറിന്റെ പവര്‍ കുറയ്ക്കാവുന്നതാണ്.
- പാചകത്തിന് പാത്രം വച്ചതിന് ശേഷം മാത്രം ഇന്‍ഡക്ഷന്‍ കുക്കര്‍ സ്വിച്ച് ഓണ്‍ ചെയ്യുക. അതുപോലെ സ്വിച്ച് ഓഫ് ചെയ്തതിന് ശേഷം മാത്രം പാത്രം മാറ്റുക.
- കൂടുതല്‍ നേരം പാചകം ചെയ്യേണ്ട ആവശ്യങ്ങള്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കര്‍ യോജിച്ചതല്ല.
വാഷിംഗ് മെഷിന്
പലതരം വാഷിംഗ് മെഷീനുകള്‍ കമ്പോളത്തില്‍ ലഭ്യമാണ്. മാനുവല്‍, സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകളില്‍ കഴുകാനും ഉണക്കാനും വ്യത്യസ്ത ഡ്രം ഉണ്ട്. അലക്കി കഴിഞ്ഞ് അടുത്ത ഡ്രമ്മിലേക്ക് തുണികള്‍ വാരി ഇടണം. ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകളില്‍ എല്ലാ പ്രവര്‍ത്തിയും ഒന്നിച്ചു ചെയ്യാം. ഓട്ടോമാറ്റിക് മെഷീനുകള്‍ രണ്ടു തരത്തില്‍ ഉണ്ട്.
- മുകളില്‍ നിന്ന് നിറക്കുന്നത് (ടോപ് ലോഡിംഗ്)
- മുന്നില്‍ നിന്ന് നിറക്കുന്നത് (ഫ്രണ്ട് ലോഡിംഗ് )
- ടോപ് ലോഡിംഗ് മെഷീനുകളെ അപേക്ഷിച്ച് ഫ്രണ്ട് ലോഡിംഗ് മെഷീനുകള്‍ക്ക് കുറച്ചു വെള്ളവും വൈദ്യുതിയും മാത്രമേ ആവശ്യമുള്ളൂ.
- ഫ്രണ്ട് ലോഡിംഗ് മെഷീനും ടോപ് ലോഡിംഗ് മെഷീനും പ്രത്യേകം ഡിറ്റര്‍ജന്റുകള്‍ ആണ് ഉപയോഗിക്കുന്നത്.
- വെള്ളം ചൂടാക്കി ഉപയോഗിക്കുന്ന തരം വാഷിംഗ് മെഷീനുകള്‍ വൈദ്യുതി കൂടുതല്‍ ഉപയോഗിക്കുന്നു. ഇവ കേരളത്തിലെ കാലാവസ്ഥക്ക് ആവശ്യമുള്ളതല്ല.
- നിര്‍ദ്ദേശിച്ചിരിക്കുന്ന പൂര്‍ണ്ണ ശേഷിയില്‍ തന്നെ പ്രവര്‍ത്തിപ്പിക്കുക. കുറച്ചു തുണി മാത്രം ദിവസവും എടുത്ത് അലക്കുന്ന രീതിക്ക് പകരം ആഴ്ചയില്‍ ഒരിക്കലോ രണ്ടു പ്രാവശ്യമോ ആയി ക്രമീകരിക്കുന്നത് വഴി ധാരാളം വെള്ളവും വൈദ്യുതിയും ലാഭിക്കാന്‍ സാധിക്കും.
- അഴുക്കില്ലാത്തതും അധികം ഉപയോഗിക്കാതതുമായ തുണികള്‍ക്ക് ക്വിക്ക് സൈക്കിള്‍ മോഡ് ഉപയോഗിക്കാം.
- വാഷിംഗ് മെഷീന് ലോഡ് ചെയ്തതിന് ശേഷം മാത്രം ഓണ്‍ ചെയ്യുക.
- ഉപയോഗം കഴിഞ്ഞാല്‍ വാഷിംഗ് മെഷീന്റെ സ്വിച്ച് ഓഫ് ചെയ്ത് പ്ലഗ് എടുത്തു മാറ്റുക.
- കഴിവതും വൈകുന്നേരം 6.30 മുതല്‍ 10 മണി വരെയുള്ള സമയങ്ങളില്‍ വാഷിംഗ് മെഷീന് ഉപയോഗിക്കാതിരിക്കുക.
- വസ്ത്രങ്ങള്‍ വെയിലത്ത് ഉണക്കുക.
വസ്ത്രം വെയിലത്ത് ഉണക്കുന്നതിലൂടെ 1592 രൂപ പ്രതിവര്‍ഷം ലാഭിക്കാന്‍ കഴിയും.
വാട്ടര്‍ പമ്പ്
എത്ര ആഴത്തില്‍ നിന്ന് എത്ര ഉയരത്തിലെക്കാനു വെള്ളം ഉയര്‍ത്തേണ്ടത്, എത്ര വെള്ളമാണ് ആവശ്യമായി വരുന്നത് എന്നീ ഘടകങ്ങള്‍ പരിഗണിച്ചു കൊണ്ട് അനുയോജ്യമായ പമ്പ് സെറ്റുകള്‍ തിരഞ്ഞെടുക്കുക.
ആഴം കുറഞ്ഞ സ്ഥലങ്ങളില്‍ ചെറിയ സെന്റ്രിഫ്യൂഗല്‍ പമ്പ് സെറ്റുകള്‍ ഉപയോഗിക്കാവുന്നതാണ്. ആഴം വളരെ കൂടിയ സ്ഥലങ്ങളില്‍ സബ് മേഴ്സിബിള് പമ്പുകളാണ് ഉത്തമം.
പമ്പ് സെറ്റുകള്‍ വാങ്ങുമ്പോള്‍ ഐ.എസ.ഐ മുദ്രയോടൊപ്പം ബി.ഇ.ഇ സ്റ്റാര്‍ ലേബലിംഗ് കൂടി ശ്രദ്ധിക്കുക. ത്രീഫെസ് മോണോ ബ്ലോക്ക്, സബ് മേഴ്സിബിള്, ഓപ്പണ്‍വെല്‍ എന്നീ തരത്തിലുള്ള പമ്പ് സെറ്റുകള്‍ നിലവില്‍ സ്റ്റാര്‍ ലേബലിംഗ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതോടൊപ്പം താഴെ പറയുന്ന കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുക.
- പമ്പ് സെറ്റില്‍ പറഞ്ഞിരിക്കുന്ന അളവില്‍ വ്യാസമുള്ള പൈപ്പുകള്‍ ഉപയോഗിക്കുക .
- പൈപ്പിങ്ങില് വളവും തിരിവും പരമാവധി കുറയ്ക്കുക.
- ഫൂട് വാല്‍വിന് വലിയ വാവട്ടവും ധാരാളം സുഷിരങ്ങളും ഉണ്ടായിരിക്കേണ്ടതാണ്. കൂടാതെ ഐ എസ് ഐ മാര്‍ക്കും ശ്രദ്ധിക്കുക.
- കിണറ്റില്‍ പമ്പിന്റെ സ്ഥാനം ജലനിരപ്പില്‍ നിന്ന് ഏതാണ്ട് 3 മീറ്റര്‍ പൊക്കത്തില്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം.
എയര്‍ കണ്ടീഷണര്‍
തിരഞ്ഞെടുക്കുമ്പോള്‍ വളരെയധികം സൂക്ഷിക്കേണ്ട ഒരുപകരണമാണ് എയര്‍ കണ്ടീഷണര്‍.സാധാരണ കണ്ടു വരുന്ന ഒരു ടണ്‍ എയര്‍ കണ്ടീഷണര്‍ 12 മണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ആറു യൂണിറ്റ് വൈദ്യുതി ചിലവാകും.
എയര്‍ കണ്ടീഷനുകളില്‍ വൈദ്യുതി ലാഭിക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
- വീടിന്റെ പുറം ചുമരുകളിലും റെരസ്സിലും വെള്ള നിറത്തിലുള്ള പെയിന്റ് ഉപയോഗിക്കുന്നതും ജനലുകള്‍ക്കും ഭിത്തികള്‍ക്കും ഷെയ്ഡ് നിര്‍മ്മിക്കുന്നതും വീടിന് ചുറ്റും മരങ്ങള്‍ വച്ചു പിടിപ്പിക്കുന്നതും അകത്തെ ചൂട് കുറയ്ക്കാന്‍ സഹായിക്കും.
- ശീതികരിക്കാനുള്ള മുറിയുടെ വലിപ്പം അനുസരിച്ച് അനുയോജ്യമായവ തിരഞ്ഞെടുക്കുക.
- വാങ്ങുന്ന സമയത്ത് ബി ഇ ഇ സ്റ്റാര്‍ ലേബല്‍ ശ്രദ്ധിക്കുക. 5 സ്റ്റാര്‍ ആണ് ഏറ്റവും കാര്യക്ഷമത കൂടിയത്.
- എയര്‍ കണ്ടീഷനരുകള് ഘടിപ്പിച്ച മുറികളിലേക്ക് ജനലുകള്‍, വാതിലുകള്‍, മറ്റു ദ്വാരങ്ങള്‍ എന്നിവയില്‍ കൂടി വായു അകത്തേക്ക് കടക്കുന്നില്ലെന്ന് ഉറപ്പു വരുത്തുക.
- ഫിലമെന്റ്റ് ബള്‍ബ് പോലുള്ള ചൂട് പുറപ്പെടുവിക്കുന്ന ഉപകരണങ്ങള്‍ മുറിയില്‍ നിന്ന് ഒഴിവാക്കുക.
- എയര്‍ കണ്ടീഷണറിന്റെ റ്റെംപറേച്ചര്‍ സെറ്റിംഗ് 22 ഡിഗ്രി സെല്‍ഷ്യസില്‍ നിന്നും ഓരോ ഡിഗ്രി കൂടുമ്പോഴും 5 % വരെ വൈദ്യുതി ഉപയോഗം കുറയും. അതിനാല്‍ 25 ഡിഗ്രി സെല്‍ഷ്യസില്‍ തെര്‍മോസ്റ്റാറ്റ് സെറ്റ് ചെയ്യുന്നതാണ് ഉത്തമം.
- എയര്‍ കണ്ടീഷണറിന്റെ ഫില്‍ട്ടര്‍ എല്ലാ മാസവും വൃത്തിയാക്കുക.
- എയര്‍ കണ്ടീഷണറിന്റെ കണ്ടെന്സര് യൂണിറ്റ് ഒരിക്കലും വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഘടിപ്പിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക.
- എയര്‍ കണ്ടീഷണറിന്റെ കണ്ടെന്സരിനു ചുറ്റും ആവശ്യത്തിന് വായു സഞ്ചാരം ഉറപ്പു വരുത്തുക.
- കുറഞ്ഞ ചൂട്, അനുഭവപ്പെടുന്ന കാലാവസ്ഥകളില്‍ കഴിവതും സീലിംഗ് ഫാന്‍, ടേബിള്‍ ഫാന്‍ മുതലായവ ഉപയോഗിക്കുക.
വാട്ടര്‍ ഹീറ്റര്‍
- ഏറെ വൈദ്യുതി ചെലവാക്കുന്ന ഉപകരണമാണ് വൈദ്യുത വാട്ടര്‍ ഹീറ്റര്‍ /ഗീസര്‍. അതിനാല്‍ ചൂടുവെള്ളം ധാരാളം ആവശ്യമുള്ള വീടുകളില്‍ സോളാര്‍ വാട്ടര്‍ ഹീറ്റര്‍ സ്ഥാപിക്കുക.
- താപനഷ്ടം കുറയ്ക്കുന്നതിനായി താപജല വിതരണ പൈപ്പുകള്‍ ഇന്സുലെറ്റ് ചെയ്യുക.
- ചൂടുവെള്ളം എടുക്കാന്‍ ഉപയോഗിക്കുന്ന ടാപ്പുകളില്‍ ലീക്കേജ് മൂലം വെള്ളം പാഴായി പോകുന്നില്ലെന്ന് ഉറപ്പു വരുത്തുക.
കമ്പ്യൂട്ടര്‍
കമ്പ്യൂട്ടറുകള്‍ സര്‍വ്വസാധാരണമായി കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ശരിയായ ഉപയോഗത്തിലൂടെ എങ്ങനെ ഊര്‍ജ്ജ നഷ്ടം കുറയ്ക്കാം എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
- 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പ്യൂടര് ഊര്‍ജ്ജക്ഷമത കൂടിയ ഒരു റെഫ്രിജറേറ്ററിനേക്കാള് കൂടുതല്‍ വൈദ്യുതി ഉപയോഗിക്കും.
- പഴയ സി ആര് ടി മോണിട്ടറുകള്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കും. എല്‍ ഇ ഡി മോണിട്ടറുകള്‍ ഉപയോഗിക്കുക വഴി വൈദ്യുതി ഉപയോഗം കാര്യമായി കുറക്കാന്‍ സാധിക്കും.
- ഉപയോഗം കഴിഞ്ഞാല്‍ കമ്പുട്ടരുകള് ഷട്ട് ഡൌണ്‍ ചെയ്യുക. ശുറ്റ് ഡൌണ്‍ ചെയ്യാന്‍ പറ്റാത്ത സാഹചര്യത്തില്‍ മോണിട്ടര്‍ ഓഫ് ചെയ്യുക. അത് വഴി 50 ശതമാനത്തോളം വൈദ്യുതി ലാഭിക്കാന്‍ സാധിക്കും.
- കമ്പ്യൂട്ടര്‍ സ്ലീപ് മോഡ് ആക്ടിവേറ്റ് ചെയ്യുക വഴി 40 ശതമാനത്തോളം വൈദ്യുതി ലാഭിക്കാം.
ഇന്‍വെര്‍ട്ടര്‍
വൈദ്യുതി ഉള്ള അവസരങ്ങളില്‍ നമുക്ക് ലഭിക്കുന്ന വൈദ്യുതിയെ എ സി യില്‍ നിന്നും ഡി സി ആക്കി മാറ്റി ബാറ്ററിയില്‍ സ്റ്റോര്‍ ചെയ്ത് വൈദ്യുതി ഇല്ലാത്ത അവസരങ്ങളില്‍ ബാറ്ററിയില്‍ നിന്നും ഡി സി യെ തിരികെ എ സി യാക്കി മാറ്റി നമുക്ക് ത്യാവശ്യം വേണ്ട ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സൗകര്യം ഒരുക്കുന്ന ഉപകരണമാണ് ഇന്‍വെര്‍റ്റര്‍.
കടപ്പാട് : അനെര്‍ട്ട്