തിരുവിതാംകൂറിലെ സ്വാതന്ത്യസമര സേനാനിയും ആദ്യത്തെ ജനകീയ മന്ത്രിസഭയുടെ പ്രധാനമന്ത്രിയും. തിരു-കൊച്ചി സംസ്ഥാനത്തിലേയും കേരള സംസ്ഥാനത്തിലേയും മുന്‍ മുഖ്യമന്ത്രിയാണിദ്ദേഹം. പഞ്ചാബിലും ആന്ധ്രയിലും ഗവര്‍ണറായും പട്ടം താണുപിളള സേവനമനുഷ്ഠിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയില്‍പ്പെട്ട കൊല്ലങ്കോട്ടുനിന്ന് തിരുവനന്തപുരത്ത് പട്ടം എന്ന പ്രദേശത്ത് താമസമാക്കിയ ഒരു ഇടത്തരം കുടുംബത്തിലെ ഈശ്വരി അമ്മയുടെ മകനായി 1885 ജൂല. 15-ന് ഇദ്ദേഹം ജനിച്ചു. കൊല്ലങ്കോട് മുമ്പ് തെക്കന്‍ തിരുവിതാംകൂറില്‍ ഉള്‍പ്പെട്ട പ്രദേശമായിരുന്നു. പിതാവ് വരദയ്യര്‍ തിരുവനന്തപുരത്ത് അറിയപ്പെടുന്ന വ്യക്തിയായിരുന്നു.
താണുപിള്ളയുടെ വിദ്യാഭ്യാസം തിരുവനന്തപുരത്തായിരുന്നു. ഇദ്ദേഹം 1903-ല്‍ മെട്രിക്കുലേഷന്‍ പരീക്ഷ ജയിച്ചു. തുടര്‍ന്ന് എഫ്.എ.യ്ക്ക് (ഇന്നത്തെ ഹയര്‍ സെക്കന്‍ഡറിക്കു തുല്യം) ചേര്‍ന്നുവെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുമൂലം വിദ്യാഭ്യാസം മുടങ്ങി. അല്പകാലം അധ്യാപകവൃത്തിയിലേര്‍പ്പട്ടശേഷം പഠനം തുടര്‍ന്ന ഇദ്ദേഹം 1907-ല്‍ എഫ്.എ. പരീക്ഷ ജയിച്ചു. രസതന്ത്രം ഐച്ഛികവിഷയമായെടുത്ത് 1909-ല്‍ ബി.എ. ബിരുദം സമ്പാദിച്ചു. കുറച്ചുകാലം കൃഷിവകുപ്പില്‍ ജോലിനോക്കി. അതിനുശേഷം അധ്യാപകനായും സേവനമനുഷ്ഠിച്ചു. പിന്നീട് നിയമപഠനത്തിനു ചേര്‍ന്ന ഇദ്ദേഹം 1917-ല്‍ ബി.എല്‍.ബിരുദമെടുത്തു. തിരുവനന്തപുരത്ത് അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെടുകയുണ്ടായി. സമര്‍ഥനായ അഭിഭാഷകനെന്ന ഖ്യാതി നേടി. 1919-ല്‍ സുമുഖിയമ്മയെ വിവാഹം കഴിച്ചു. രാഷ്ട്രീയരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചുതുടങ്ങിയ താണുപിള്ള തിരുവനന്തപുരം നഗരസഭയില്‍ അംഗമായി. ശ്രീമൂലം പ്രജാസഭയില്‍ അംഗമാകാനും ഇദ്ദേഹത്തിനു കഴിഞ്ഞു. ഇതിനിടെ വിദ്യാലയങ്ങളിലെ ഫീസ് വര്‍ധിപ്പിച്ചതിനെതിരെ 1922-ല്‍ ആരംഭിച്ച വിദ്യാര്‍ഥി പ്രക്ഷോഭണം അടിച്ചമര്‍ത്താന്‍ ഗവണ്മെന്റ് ശ്രമിച്ചു. ദിവാന് രാഘവയ്യയുടെ ഈ നടപടിയില്‍ പ്രതിഷേധിച്ച് താണുപിള്ള സഭാംഗത്വം രാജിവച്ചു. തിരുവിതാംകൂറിലെ രാജഭരണ വ്യവസ്ഥയിലെ ദോഷവശങ്ങള്‍ക്കെതിരെ ഇദ്ദേഹം പൊരുതുകയുണ്ടായി.
സേതു ലക്ഷ്മീഭായിയുടെ ഭരണകാലത്ത് തിരുവിതാംകൂര്‍ നിയമസഭയിലേക്ക് 1928-ല്‍ തെരഞ്ഞെടുപ്പു നടത്തിയപ്പോള്‍ താണുപിള്ള തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നു മത്സരിച്ചു ജയിച്ചു. നിയമസഭയില്‍ ഗവണ്മെന്റിന്റെ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ക്കെതിരെ നിശിത വിമര്‍ശനമുയര്‍ത്തി. ആദ്യ ഭാര്യ മരണമടഞ്ഞതിനെത്തുടര്‍ന്ന് 1928-ല്‍ ഇദ്ദേഹം വീണ്ടും വിവാഹിതനായി. 1931-ലെ തെരഞ്ഞെടുപ്പില്‍ താണുപിള്ളയ്ക്ക് വാശിയേറിയ മത്സരം നേരിടേണ്ടിവന്നു. അന്നാ ചാണ്ടി ആയിരുന്നു എതിര് സ്ഥാനാര്‍ഥി. താണുപിള്ള തെരഞ്ഞെടുക്കപ്പെട്ടു. 1934-ല്‍ ഇദ്ദേഹം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയാണുണ്ടായത്.
1938-നു ശേഷമുള്ള ഏതാനും വര്‍ഷങ്ങളില്‍ താണുപിളള ഉത്തരവാദപ്രക്ഷോഭണത്തിലും മറ്റു രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും മുഴുകിയിരുന്നു. ഇക്കാലത്ത് അറസ്റ്റും ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. പട്ടം താണുപിള്ള, സി.കേശവന്, ടി.എം.വര്‍ഗീസ് എന്നിവര്‍ അക്കാലത്തെ തിരുവിതാംകൂര്‍ രാഷ്ട്രീയത്തിലെ പ്രമുഖരായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റേയും അറസ്റ്റിന്റേയും മറ്റും പേരില്‍ 1939-നു ശേഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ താണുപിള്ളയ്ക്ക് അയോഗ്യത കല്പിച്ചിരുന്നു.
സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്ന താണുപിളള പൗരാവകാശങ്ങളും ഉത്തരവാദപ്രക്ഷോഭവും ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി. നിയമസഭാവേദിയിലും ഇദ്ദേഹം ഉത്തരവാദഭരണത്തിനുവേണ്ടി വാദിക്കുകയുണ്ടായി. ദിവാന് സര് സി.പി.രാമസ്വാമി അയ്യരെ താണുപിള്ള ശക്തമായി എതിര്‍ത്തിരുന്നു. നിയമസഭാവേദിയിലെ പ്രഭാഷണവും വാദപ്രതിവാദ സാമര്‍ഥ്യവും മുഖേന ഗണനീയനായ പാര്ലമെന്റേറിയന് എന്ന ഖ്യാതി ഇദ്ദേഹം സമ്പാദിച്ചു. ഇന്ത്യയുടെ സ്വാതന്ത്യാനന്തരം ഇദ്ദേഹം തിരുവിതാംകൂറില്‍ രൂപവത്കരിക്കപ്പെട്ട ഭരണപരിഷ്കാര കമ്മിറ്റിയുടെ നേതൃപദവിയിലെത്തി. പിന്നീടുനടന്ന പ്രതിനിധിസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച താണുപിള്ള കോണ്‍ഗ്രസ് കക്ഷിയുടെ നേതാവായി. 1948 മാര്‍ച്ചില്‍ താണുപിളള പ്രധാനമന്ത്രിയായുളള മൂന്നംഗ ജനകീയ മന്ത്രിസഭ തിരുവിതാംകൂറില്‍ അധികാരത്തില്‍ വന്നു. മന്ത്രിസഭയുടെ തലവന്‍ പ്രധാനമന്ത്രി എന്നായിരുന്നു അന്ന് അറിയപ്പെട്ടിരുന്നത്. ടി.എം.വര്‍ഗീസും സി.കേശവനും ആയിരുന്നു മറ്റു രണ്ട് മന്ത്രിമാര്‍. ഈ മന്ത്രിസഭ പിന്നീട് വിപുലീകരിച്ചു. കോണ്‍ഗ്രസില്‍ അഭിപ്രായവ്യത്യാസം ഉടലെടുത്തതുമൂലം താണുപിളളയ്ക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നതോടെ ഏഴുമാസത്തെ ഭരണത്തിനുശേഷം 1948-ല്‍ ഇദ്ദേഹം പ്രധാനമന്ത്രിപദം രാജിവച്ചു. ഇതോടെ താണുപിള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുമായുള്ള ബന്ധം വിച്ഛേദിക്കുകയാണുണ്ടായത്. പിന്നീടിദ്ദേഹം പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി (പി.എസ്.പി.) എന്ന രാഷ്ട്രീയ കക്ഷിയിലാണ് പ്രവര്‍ത്തിച്ചത്.
തിരുവിതാംകൂറും കൊച്ചിയും ചേര്‍ന്ന് തിരു-കൊച്ചി സംസ്ഥാനം രൂപവത്കൃതമായശേഷം 1954-ലെ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കോണ്‍ഗ്രസ്സിന്റെ പുറത്തുനിന്നുളള പിന്തുണയോടെ താണുപിളള മുഖ്യമന്ത്രിയായി മന്ത്രിസഭ നിലവില്‍ വന്നു. കോണ്‍ഗ്രസ് പാര്‍ട്ടി പിന്തുണ പിന്‍വലിച്ചതോടെ 1955 ഫെബ്രുവരിയില്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. 1956 ന. 1-ന് തിരുവിതാംകൂറും കൊച്ചിയും മലബാറും ചേര്‍ന്ന് കേരള സംസ്ഥാനം രൂപവത്കൃതമായി. 1957-ല്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് എതിരായി വിമോചനസമരത്തിന് നേതൃത്വം നല്‍കിയവരുടെ കൂട്ടത്തില്‍ താണുപിള്ളയും ഉള്‍പ്പെട്ടിരുന്നു. 1960-ല്‍ കോണ്‍ഗ്രസ്സും പി.എസ്.പി.യും ചേര്‍ന്ന് താണുപിള്ള മുഖ്യമന്ത്രിയായുള്ള സംയുക്ത മന്ത്രിസഭ രൂപവത്കരിച്ചു. കോണ്‍ഗ്രസ് നേതൃത്വവും താണുപിള്ളയും തമ്മില്‍ അഭിപ്രായഭിന്നത ഉണ്ടാവുകയും കോണ്‍ഗ്രസ്സിന്റെ കേന്ദ്രനേതൃത്വം ഇടപെട്ട് താണുപിള്ളയെ 1962 സെപ്.-റില്‍ പഞ്ചാബ് ഗവര്‍ണറായി നിയമിക്കുകയും ചെയ്തു. തുടര്‍ന്ന് ആന്ധ്രയിലെ ഗവര്‍ണറായും താണുപിള്ള സേവനമനുഷ്ഠിച്ചു. 1968 ഏ.-ലില്‍ ഗവര്‍ണര്‍ പദവിയില്‍ നിന്നു വിരമിച്ചശേഷം തിരുവനന്തപുരത്ത് പട്ടത്തുള്ള വസതിയില്‍ വിശ്രമജീവിതം നയിച്ചുപോന്നു. 1970 ജൂല. 26-ന് പട്ടം താണുപിള്ള നിര്യാതനായി.
കടപ്പാട് : സര്‍വ വിജ്ഞാനകോശം
അവസാനം പരിഷ്കരിച്ചത് : 2/16/2020
ഇന്ത്യന്‍ സ്വാതന്ത്ര്യസമരം - വിശദ വിവരങ്ങൾ
ഇന്ത്യയിലെ ആദ്യത്തെ വനിതാജഡ്ജിയാണ് അന്നാ ചാണ്ടി.കേ...