വീണ്ടും കൃത്രിമ കോഴിമുട്ടകള്‍; കണ്ടെത്താനാവാതെ ആരോഗ്യവകുപ്പ്
അച്ചാറിട്ട മുട്ട. ചൈനയിലെ ഒരു വിശിഷ്ടഭോജ്യം അച്ചാറിട്ട മുട്ട. ചൈനയിലെ ഒരു വിശിഷ്ടഭോജ്യം ചിത്രം വിക്കിപ്പീഡിയയിൽ നിന്ന്വൈ കിയാണെങ്കിലും ചൈനീസ് മുട്ട സംബന്ധിച്ച വാർത്ത നമ്മുടെ നാട്ടിലും എത്തി. മലയാളത്തിലെ ഉത്തരവാദിത്തമുള്ള പത്രങ്ങളും ഓൺലൈൻ മാധ്യമങ്ങളും തിരിഞ്ഞ് നോക്കാതെ ഈ വാർത്ത വെച്ച് കാച്ചുകയാണ്. പണ്ട് കുന്നംകുളത്തങ്ങാടിയെപറ്റി പൊലിപ്പിച്ച കഥ പറയാറുണ്ട്. അവിടെ എന്തിനും ഡൂപ്ലിക്കേറ്റ് ഇറങ്ങും എന്ന്. ശിവകാശിയിൽ കള്ളനോട്ടടിച്ചപ്പോൾ അക്കമറിയാത്ത തൊഴിലാളി 25 രൂപയുടെ നോട്ടടിച്ചത്രെ. അടിച്ച് കഴിഞ്ഞാണ് അബദ്ധം മനസിലാവുന്നത്. നോട്ട് ചെലവാക്കാൻ അവർ കുന്നംകുളത്തങ്ങാടിയിലെ ഒരു പെട്ടിക്കടയിൽ ചില്ലറ ചോദിച്ചത്രെ. 12 ന്റെയും 13 ന്റെയും നോട്ടുകൾ കടക്കാരൻ കൊടുത്തെന്നാണ് കഥ. അതുപോലെയാണ് ചൈനയെപറ്റിയുള്ള കഥകൾ. അവിടെ എന്തിനും ഡൂപ്ലിക്കേറ്റ് ഉണ്ട് എന്ന്. അതും കൂടാതെ എന്തും അവർ ചില്ലറപ്പൈസക്ക് ഉണ്ടാക്കി വിറ്റ് കളയും. പ്ലാസ്റ്റിക്ക് അരി മുതൽ സൂത്ര ഇറച്ചിവരെ.
ചൈനീസ് മുട്ട എന്ന വാർത്ത വളരെ പഴയതാണ്.പക്ഷേ ഇന്റർനെറ്റിൽ ഇത് ഇടക്കൊക്കെ പൊങ്ങിയും താഴ്ന്നും ഇരിക്കും. കേരളത്തിലെ ഏതോ വാർത്താന്വേഷകൻ ഗൂഗിളിൽ തപ്പിയപ്പോൾ അയാൾക്കു കിട്ടിയ പുതിയ അറിവാണിത്. പ്രകൃതി കൃഷിയും, വാക്സിൻ വിരുദ്ധതയും ഒക്കെ ഫാഷനായി കൊണ്ടാടുന്ന കാലമാണല്ലോ. വായനക്കാർ തൊണ്ട തൊടാതെ വിഴുങ്ങിക്കോളും എന്നവർക്ക് അറിയാം.
കൺസ്യൂമറിസ്റ്റ് എന്ന സൈറ്റിൽ 2007ൽ പ്രസിദ്ധീകരിച്ച ഒരു വാർത്തയിലാണ് ചൈനീസ് മുട്ടക്കഥകളുടെ ആരംഭം. അന്നു മുതൽ, നിരവധി ബ്ലോഗുകളിലും ഇ-മെയിൽ പങ്കുവെക്കലുകളിലും മറ്റുമായി ഇതങ്ങിനെ കറങ്ങി നടക്കുകയായിരുന്നു. മാർക്കറ്റിലെ കോഴിമുട്ടയുടെ പകുതി വിലയ്ക്ക് കണ്ടാലും തിന്നാലും തിരിച്ചറിയാനാകാത്ത കോഴിമുട്ടകൾ ചൈനയിൽ ഉത്പാദിപ്പിക്കുന്നു എന്നാണ് രത്നച്ചുരുക്കം. ജെലാറ്റിൻ , ബെൻസോയിക്ക് ആസിഡ്, ആലം, കൊയാഗുലന്റുകൾ, പിന്നെ ഒരു അത്ഭുത ദ്രാവകം, തുടങ്ങി നിരവധി രാസപദാർത്ഥങ്ങൾ ചേർത്താണ് ഈ കൃത്രിമ കോഴിമുട്ട ഉണ്ടാക്കുന്നതത്രെ. 2004 ഡിസംബർ 28 ന് സിൻഹുഅ ന്യൂസ് ഏജൻസി (Xinhua News Agency) പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ വ്യക്തതയില്ലാത്ത പരിഭാഷയിൽ നിന്നാണ് ഇത്തരം ഒരു കഥ പുറത്ത് വരുന്നത്. ടിയാൻ എന്ന സ്ത്രീക്ക് ഒരു തെരുവുകച്ചവടക്കാരൻ ‘’മനുഷ്യ നിർമ്മിതമായ’’ കോഴിമുട്ട വിൽക്കുന്നതായാണ് കേട്ടുകേൾവി. പരിശോധിച്ചപ്പോൾ അത് കാൽഷ്യം കാർബണേറ്റ്, സ്റ്റാർച്ച്, റെസിൻ, ജെലാറ്റിൻ, എന്നിവയോടൊപ്പം മറ്റു ചില രാസവ്സ്തുക്കളും ചേർത്താണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് മനസിലായി. അലക്സാണ്ടർ സി-യാൻ ലീ, B. H. Sci.; Dip. Prof. Counsel.; MAIPC; MACA, Queers Network Research, Hong Kong എന്നയാളുടെ അഭിപ്രായം ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേട്ടുകേൾവികളുടെ അനുമാനത്തിൽ ചില പത്രങ്ങളിൽ വന്ന വാർത്തയെക്കുറിച്ചാണ് അദ്ദേഹം അഭിപ്രായം പറയുന്നത്. ഒരു സ്ത്രീ ബീജിങ്ങിൽ മുട്ട വാങ്ങിയ കഥ കൂടാതെ പത്രങ്ങളിൽ വന്ന മുട്ട നിർമ്മാണ ക്ലാസിന്റെ പരസ്യത്തേക്കുറിച്ചും, മുട്ട നിർമ്മാണ ക്ലാസുകാർ ഉപയോഗിക്കുന്നതായി അവകാശപ്പെടുന്ന കെമിക്കലുകളെക്കുറിച്ചുമാണ് ഇതിൽ പറയുന്നത്. എന്തെങ്കിലും പഠനങ്ങളോ അന്വേഷണമോ നടത്താതെ ഇട്ട കുറേ അഭിപ്രായങ്ങൾ മാത്രം. ഇത്തരം കെമിക്കലുകൾ ഉപയോഗിച്ച് ഇവ നിർമ്മിക്കാൻ ആകുമായിരിക്കാം. അവ ഉള്ളിൽ പോയാൽ മേൽ പറഞ്ഞ അസുഖങ്ങളും ഉണ്ടാകാം. പക്ഷെ അങ്ങിനെ ഒരു മുട്ട കേട്ടുകേൾവി മാത്രമാണ്. ആരും ഒരു കെമിക്കൽ ലാബിലും പരീക്ഷിച്ചിട്ടില്ല, പരിശോധിച്ചിട്ടില്ല. ഈ സ്ത്രീയും മുട്ടക്കഥയും ചൈനയിലെ പല സ്ഥലങ്ങളിൽ നടന്നതായാണ് പല സൈറ്റുകളിൽ കാണുക പത്രക്കാരുടെ അന്വേഷണ കഥയും.അതിൽ ചോദിച്ച പ്രഫസർമാർ മാറും എന്നു മാത്രം ടൈമിൽ 2012ൽ വന്ന റിപ്പോർട്ട് ഇവിടെ വായിക്കാം.
വളരെ ശാസ്ത്രീയമായി വ്യാജമുട്ട എങ്ങിനെ തിരിച്ചറിയാം എന്നൊക്കെ ഈ പ്രഫസർ പരഞ്ഞുകൊടുക്കുന്നുണ്ട്..മണപ്പിച്ചാൽ മതി, കൊട്ടി നോക്കിയാലും മനസിലാകും വ്യാജനോ ഒറിജിനലോ എന്ന്. പൊട്ടിച്ചാൽ, മഞ്ഞയും വെള്ളയും വേഗം കലരുകയും ചെയ്യും. ആരോ പടച്ച് വിട്ട ഒരു കൗതുക കഥ എത്തി നിൽക്കുന്ന അവസ്ഥ നോക്കു, ശരിക്കുള്ള കോഴിമുട്ടയും വ്യാജമുട്ടയും എന്ന് പറഞ്ഞ് ഒരു ഫോട്ടോയും അതോടൊപ്പം പ്രസിദ്ധീകരിച്ചിരുന്നു. ഒരാൾ മുട്ടകൾ വിൽക്കുന്നത് കണ്ട ഒരു വീട്ടമ്മ രണ്ടര കിലോ മുട്ടകൾ വാങ്ങിയ കഥ ഇതിലുമുണ്ട്. ഈ വാർത്തയായിരുന്നു കൺസ്യൂമറിസ്റ്റ്.കോം കൊടുത്ത വാർത്തയുടെ അടിസ്ഥാനം. ഇന്റെർനെറ്റ് ജേർണൽ ഓഫ് ടോക്സിക്കോളജി ( internet Journal of Toxicology) ഈ വാർത്തയുടെ പിന്നാലെ ഇത്തരം മുട്ടകളുടെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ഒരു വാർത്ത നൽകിയിരുന്നു എന്ന രീതിയിലാണത്. പക്ഷെ കൺസ്യൂമറിസ്റ്റ് ആ വാർത്ത ഒരു കിംവദന്തിയാവാം എന്ന മുന്നറിയിപ്പോടെ ആണ് പിന്നീട് പ്രസിദ്ധീകരിച്ചത്. അതുപോലെ ജെർണൽ ഓഫ് ടോക്സിക്കോളജി സൈറ്റ് കൃത്രിമ ചൈനീസ് മുട്ട (Fake Eggs) യെക്കുറിച്ച് സൈറ്റിലെ ആർക്കൈവുകളിൽ അന്വേഷണം നടത്തുന്നത് ടെക്സ്റ്റ് റോബോട്ട് ഫയൽ ഉപയോഗിച്ച് പിന്നീട് തടയുകയും ചെയ്തു. അവർക്കും കാര്യം വെറും പുക മാത്രമാണെന്ന് മനസിലായി എന്നർത്ഥം. കൃത്രിമ പാൽ ചൈനയിൽ നിർമ്മിക്കുന്നു എന്ന പരാതി വ്യാപകമായിരുന്നതിനാൽ ഈ വാർത്തയും പെട്ടന്ന് പ്രചാരം നേടി. ഒരു സാധു തെരുവു കച്ചവടക്കാരന് ഇത്രയും സാങ്കീർണ സാങ്കേതിക വിദ്യയും രാസജ്ഞാനവും ഉണ്ടാകുമോ എന്ന് ഓർത്തില്ല പലരും. കേടായ മുട്ടകൾ ഒരു കച്ചവടക്കാരൻ വിലകുറച്ച് നൽകിയതും, അത് പാചകം ചെയ്യാൻ ശ്രമിച്ച വീട്ടമ്മ അതിന്റെ കോലം കണ്ട് അമ്പരന്നതും ‘’മനുഷ്യ നിർമ്മിത കോഴി മുട്ട’’യായി കഥയിൽ എത്തിയതും അത് അവിടത്തെ പത്രലേഖകൻ കൗതുക വാർത്തയായി നൽകിയത് ചൈനീസ് ഭാഷയിൽ നിന്ന് പരാവർത്തനം ചെയ്തപ്പോൾ ഇത്തരത്തിൽ ആയി മാറിയതും ആകാനാണ് സദ്ധ്യത. ചൈനയുടെ സൈറ്റുകളിലെ വിവരങ്ങൾ എന്തൊക്കെയാണെന്ന് വായിച്ചറിയാൻ ശ്രമിക്കുന്നത് ഗൂഗിൾ ട്രൻസ്ലേഷൻ വഴിയാണ്. കിട്ടുന്ന വിവരങ്ങൾ വെച്ച് ആ സൈറ്റുകളുടെ വിശ്വസനീയതയെക്കുറിച്ച് ഒട്ടും നമുക്ക് മനസിലാവുകയില്ല. ഇത്തരം മുട്ടകളുടെ നിർമ്മാണ രഹസ്യമാണ് പലതിലും ഉള്ളത്. അവയിലെ ചേരുവകളും പല വിധത്തിൽ കൊടുത്തിട്ടുണ്ട്. ആൽജിനിക് ആസിഡിന്റെ കാൽസിഫിക്കേഷനാണത്രെ പ്രധാന പരിപാടി. സെമി സോളിഡ് രൂപത്തിലുള്ള ജെല്ലുകളാണ് ഇത്തരം മുട്ടകളുടെ ഉള്ളിലുള്ളതത്രെ. ഇവയ്ക്ക് ന്യൂട്രീഷണൽ വാല്യു ഒട്ടും ഇല്ല എന്നും ഇവർ പറയുന്നുണ്ട്.
ആഴ്ചകളോ മാസങ്ങളോ സൂക്ഷിച്ചുവച്ച മുട്ട, മറ്റൊരു ചൈനീസ് വിശിഷ്ട ഭോജ്യം. | ചിത്രം വിക്കിപ്പീഡിയയിൽ നിന്ന്.
ഇതു മായി ബന്ധപ്പെട്ട് കോഴിമുട്ട നിർമ്മിക്കുന്ന വീഡിയോകളും പ്രചാരത്തിലുണ്ട് . പലതിലും ഇവയുണ്ടാക്കാനുള്ള കൗതുക വഴികൾ പരിചയപ്പെടുത്തുകയാണ്. യൂട്യൂബിൽ ബ്ളോബുകൾ നിർമ്മിക്കുന്നതിനുള്ള വീഡിയോകൾ ഉള്ളതുപോലെ .
തമാശ ഇതുമാത്രമല്ല Qilu Evening News ന് വേണ്ടി 2009 മാർച്ച് 27 ന് ഒരു ജേർണലിസ്റ്റ് എഴുതിയ വാർത്ത അതീവരസകരമാണ്. പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ‘’മനുഷ്യ നിർമ്മിത മുട്ട’’യുടെ പിതാവായി സ്വയം അവരോധിച്ച ഒരാൾ നൽകിയ പത്ര പരസ്യം ഉണ്ടായിരുന്നത് ഈ ജേർണലിസ്റ്റ് പിന്തുടർന്നത്രെ . അറിഞ്ഞ കാര്യം അത്ഭുതകരമായിരുന്നു. കോളെജ് വിദ്യാർത്ഥികൾക്കും പാവം കർഷകർക്കും ഈയാൾ ഇത്തരം മുട്ടകൾ ഉണ്ടാക്കാനുള്ള പഠനക്ലാസ് ഫീസ് വെച്ച് നടത്തുന്നു. ക്ലാസിൽ ഈ ‘ഉപജ്ഞാതാവ് ‘ മുട്ടത്തോടുകൾ നിർമ്മിക്കുന്ന അത്ഭുത രഹസ്യവും മഞ്ഞക്കരുവും വെള്ളക്കരുവും പരസ്പരം ചേരാതെ നിർത്തുന്നതിനുള്ള സൂത്രവും പഠിപ്പിക്കുന്നുണ്ടത്രെ. വ്യാജമുട്ടകൾ ഉണ്ടാക്കി എങ്ങിനെ പണക്കാരനാകാം എന്നതാണ് ക്ലാസിന്റെ പ്രധാന ഭാഗം. (നമ്മുടെ നാട്ടിലെ സന്താന സൗഭാഗ്യ യന്ത്രത്തേയും ലക്ഷ്മീ കടാക്ഷ യന്ത്രത്തേയും കുറിച്ചുള്ള പരസ്യങ്ങൾ ചൈനയിൽ എങ്ങിനെയൊക്കെയാണാവോ വായിക്കപ്പെടുന്നത്!)
വേറെ ചില വിരുതന്മാർ കൊടുത്തിരിക്കുന്ന പരസ്യം അതിലും കേമമാണ്. മനുഷ്യ നിർമ്മിത മുട്ടയുടെ ടെക്നോളജി ഇതു വരെയായി ഞങ്ങൾ 20 പ്രവിശ്യകളിലെ 70000 പേർക്ക് നൽകിക്കഴിഞ്ഞു. ഞങ്ങൾക്ക് ഗോൾഡ് മെഡൽ കിട്ടീട്ടുണ്ട് എന്നൊക്കെ. മുട്ടയുണ്ടാക്കുന്നതിലും എളുപ്പം ഈ ട്രെയിനിങ്ങ് പരിപാടി നടത്തി കാശാക്കുന്നതാണ് എന്നറിയുന്നവരും ഉണ്ടെന്ന് സാരം . പക്ഷെ നമ്മുടെ നാട്ടിലെ ആട് മാഞ്ചിയം പരിപാടിപോലെ ഈ ട്രെയിനിങ്ങ് തട്ടിപ്പ് 2009 കഴിയുമ്പോഴേക്കും തീർന്നു. എല്ലാം അവിടെ തീരുമ്പോഴാണ് നമ്മുടെ നാട്ടിലെ പത്രക്കാർ വാർത്ത കാണുന്നത് . ആറേഴ് കൊല്ലമൊക്കെ വൈകുന്നത് ഒരു വൈകലല്ലായിരിക്കാം. Better late than never എന്നുണ്ടല്ലോ.
വീഡിയോകളിൽ കാണുന്നത് വിശ്വസിക്കും മുമ്പ് ഒരു മുട്ട എന്താണെന്ന് ഓർക്കണം. കോമൺസെൻസുള്ള ഏതാൾക്കും ഒരു മുട്ട കണ്ടാൽ മനസിലാകും. അത് പൂർണ്ണമായും ഉരുണ്ടതല്ല എന്നതാണ് പ്രധാനകാര്യം. പുറമേ നിന്ന് വേഗത്തിൽ പൊട്ടാത്തതും അകമേനിന്ന് വേഗത്തിൽ പൊട്ടിക്കാവുന്നതും ആയ ഒരു അത്ഭുത അണ്ഡാകാരവസ്തു ആണല്ലോ മുട്ട. അത്തരത്തിലൊരു അടഞ്ഞ പാത്രം കാൽഷ്യം സംയുക്തങ്ങൾ കൊണ്ട് ഉണ്ടാക്കാൻ ചിലപ്പോൾ കഴിയും. എന്നാൽ അതിനുള്ളിൽ മഞ്ഞക്കരുവും വെള്ളക്കരുവും പോലുള്ള ദ്രാവകങ്ങൾ നിറച്ച് ജോയിന്റുകൾ ഒന്നും ആർക്കും മനസിലാകാത്ത വിധം പൂർണതയോടെ നിർമ്മിക്കാനുള്ള ടെക്നോളജി നിലവിൽ കണ്ടുപിടിച്ചിട്ടില്ല. മുട്ടുമ്പോൾ മുട്ടത്തോടു പോലെതന്നെ പൊട്ടണം, ഉള്ളിലുള്ളവ ചൂടാകുമ്പോൾ വെളുത്തും മഞ്ഞച്ചും വേറേ വേറേ ഇരിക്കണം, അവയിക്കിടയിൽ വേർതിരിക്കുന്ന മറ്റൊരു വസ്തുവും ഉണ്ടാകരുത്, പുഴുങ്ങുമ്പോൾ ഒരു നേർത്ത സ്തരം തോടിനും വെള്ളയ്ക്കുമിടയിൽ രൂപപ്പെടണം. (അതൊക്കെ ഉണ്ടത്രെ) ചൈനക്കാരല്ലെ , അവർക്ക് എന്തും സാധിക്കും എന്ന് ആശ്വസിക്കാൻ വരട്ടെ.. ഈ മുട്ട ഉണ്ടാക്കുന്നത് വലിയ യന്ത്രസംവിധാനമുള്ള ഫാക്ടറികളിലൊന്നുമല്ല എന്നാണല്ലോ നമ്മുടെ പത്രക്കാരുടെ വിവരണം. കുടിൽ വ്യവസായമായി ആയിരക്കണക്കിനാളുകൾ പണ്ട് ഉജാല കുപ്പിയിൽ നിറക്കുന്നതുപോലെ മുട്ടയുണ്ടാക്കി അത് ഏജന്റിനെ ഏൽപ്പിച്ച് പണം വാങ്ങുകയാണ്. മലയാള പത്ര ലേഖകൻ ഒരാൾ 1500 മുട്ടവരെ ഒരു ദിവസം ഇടും എന്നും പറയുന്നുണ്ട്. ഹാവൂ ആ പാക്കിങ്ങ് സംവിധാനം കിട്ടിയിരുന്നെങ്കിൽ പ്ലാസ്റ്റിക്ക് പാക്കിങ്ങുകൾ ഒഴിവാക്കി പ്രകൃതിയുമായി ഇണങ്ങുന്ന കവറുകളിൽ എന്തൊക്കെ സാധനങ്ങൾ നമുക്ക് മാർക്കറ്റിൽ ഇറക്കിക്കൂട! ചിന്തിക്കുമ്പോൾ തന്നെ രോമാഞ്ചമുണ്ടാകുന്നു. അല്പം ഉറപ്പ് കൂട്ടണം എന്ന് മാത്രം. ഉച്ചക്ക് ചോറ് ഒരു ഒട്ടകപക്ഷിമുട്ടത്തോടിലും, കറി ലഗോൺ കോഴിമുട്ടത്തോടിലും സുരക്ഷിതമായി പാക്ക് ചെയ്ത് കൊണ്ടു പോകാമായിരുന്നു. ഭക്ഷണം കഴിച്ച് വാഴയില കളയും പോലെ മുട്ടത്തോട് വാഴയുടെ ചുവടിൽ പൊടിച്ചിട്ടാൽ മതി.
രണ്ടാമതുണ്ടാകേണ്ട സംശയം. നിലവിൽ എന്തും വളരെ വിലകുറച്ച് ഉണ്ടാക്കാൻ കഴിവുള്ളവരാണ് ചൈനക്കാർ എന്നാണല്ലോ നമ്മുടെ ‘പ്രധാന പരാതി’ . അവർക്ക് ഒറിജിനൽ കോഴിയെക്കൊണ്ട് മുട്ടയിടീപ്പിക്കാനും ചെറിയ ചെലവേ വരൂ.ഇപ്പോൾ അവിറ്റത്തെ മാർക്കറ്റിൽ 50 ഇന്ത്യൻ പൈസയുടെ മൂല്യത്തിൽ ഒരു കോഴിമുട്ടകിട്ടും. അതായത് മൊത്തത്തിൽ വാങ്ങുന്നെങ്കിൽ 40 പൈസക്ക് നമുക്ക് തരും. അത് ഇന്ത്യയിൽ എത്തിക്കാൻ കൃത്രിമ മുട്ട എത്തിക്കുന്നതിന്റെ ചിലവല്ലേ വരൂ. ഇതിലും ലാഭത്തിൽ കൃത്രിമ മുട്ട ഉണ്ടാക്കാൻ അവർക്ക് കഴിയും എന്നായിരിക്കും ന്യായം. ശരി 20 പൈസക്ക് അവർക്ക് കൃത്രിമ മുട്ട ഉണ്ടാക്കാൻ കഴിയണം.പറഞ്ഞിടത്തോളം ഇത്തരം കെമിക്കലുകൾ ചേർത്ത് ഇത്തരം പാക്കിങ്ങിൽ നിറച്ച് പൊട്ടാതെ പൊളിയാതെ കരിവെള്ളൂരിലെ തട്ടുകടയിൽ ചൈനയിൽ നിന്ന് ഇതെത്തിക്കാൻ അവർ പെട്ട പാട്! ഹോ… കഷ്ടം തന്നെ! എന്നിട്ടോ ഒരു മുട്ടയിൽ അവർക്ക് നിർമ്മാണ ചെലവടക്കം കിട്ടുക 20 പൈസ! (നാട്ടിൽ 4 രൂപയേ ഉള്ളല്ലോ നല്ല കോഴിമുട്ടയ്ക്ക്, ബ്രേക്കേജും ഡാമേജും കൈക്കൂലിയും, കമ്മീഷനും എല്ലാം തീർത്ത് ഇതിന്റെ കച്ചവടക്കാരനും ഇത്രയേ കിട്ടുന്നുള്ളു ) .എന്നിട്ട് അത് എവിടത്തേക്കാണ് കയറ്റി അയക്കേണ്ടത്? കുന്നങ്കുളത്ത്കാരുടെ അടുത്തേക്ക്! ഈ വ്യാജ മുട്ട കഴിച്ച് ആർക്കെങ്കിലും രണ്ട് പ്രാവശ്യം അധികം കക്കൂസിൽ പോകാൻ തോന്നിയാൽ ഉടൻ കാര്യം കുഴപ്പമാകും. പിന്നെ എന്തു കെമിക്കൽ കൊണ്ട് ഉണ്ടാക്കിയാലും രാസപരിശോധനയിൽ അത് ഒരു മണിക്കൂർ കൊണ്ട് തെളിയില്ലേ? ഇത് ഡി.എൻ.ഏ ടെസ്റ്റൊന്നുമല്ലല്ലോ. ഇതും പരിശോധിക്കാനുള്ള ലാബ് നമുക്കില്ല എന്നു പറഞ്ഞുകളയുമോ? പച്ചക്കറിയിൽ പറ്റിയ കീടനാശിനി കണ്ടെത്താൻ മൊബൈൽ ലാബുമായി കറങ്ങുന്ന നമ്മുടെ കൃഷി-മൃഗ സംരക്ഷണ വകുപ്പുകൾ ഇനി ചൈനക്കാരിൽ നിന്ന് കൈക്കൂലി വാങ്ങി റിപ്പോർട്ട് തിരുത്തും എന്നാകും അടുത്ത മറുപടി. ഇത്രയും വാർത്തകൾ തീപാറും പോലെ പടർന്നിട്ടും ഇതുവരെ ഒരു മുട്ടക്കച്ചവടക്കാരനെയും അറസ്റ്റ് ചെയ്തിട്ടില്ലല്ലോ. എന്താണാവോ!
ചൈനീസ് മുട്ട സംബന്ധിച്ച രണ്ട് സിദ്ധാന്തങ്ങളാണ് പ്രചാരത്തിലുള്ളത്. ഒന്നാമത്തേത്, ചൈനീസ് ഒളിമ്പിക്സിനെത്തിയ സന്ദർശകർ ചെലവു കുറഞ്ഞ ഭക്ഷണ ശാലകളിൽ പോയി ഭക്ഷണം കഴിക്കുന്നത് തടയാൻ വേണ്ടി അവിടങ്ങളിൽ ആരോഗ്യത്തിന് തകരാറുണ്ടാക്കുന്ന സാധനങ്ങൾ കൊണ്ടാണ് ഭക്ഷണം ഉണ്ടാക്കുന്നത് എന്ന് വരുത്തിത്തീർക്കാൻ പഞ്ചനക്ഷത്ര ഹോട്ടൽ ശൃംഘലകൾ പ്രചരിപ്പിച്ച വ്യാജ വാർത്തയാണിത് എന്നാണ്. രണ്ടാമത്തെ സിദ്ധാന്തം. ഇത് ചൈനീസ് സർക്കാരിന്റെ രഹസ്യ പ്രോഗ്രാം ആണെന്നാണ്. വലിയ നഷ്ടം സഹിച്ചായാലും അവർ ഇവിടെ മുട്ടയിറക്കുന്നത് നമ്മളെയെല്ലാം കൊല്ലാനാണ്. ഇഞ്ചിഞ്ചായി കൊല്ലാൻ. ഡിമെൻഷ്യ വന്ന് ഇന്ത്യയെന്റെ രാജ്യം എന്ന് പാട്ട് പാടാൻ പോലും അറിയാത്തവരാക്കി ഇന്ത്യക്കാരെ മാറ്റാൻ. പിന്നെ യുദ്ധമൊന്നും ഇല്ലാതെ ചൈനക്കാർക്ക് നമ്മളെ കീഴ്പെടുത്താമല്ലൊ. ഇത് ജനസംഖ്യ കുറയ്ക്കാൻ വാക്സിനേഷൻ നടത്തുന്നു എന്ന കിഴങ്ങൻ ചേരിമാരുടെ ഗൂഢാലോചനയിലും കടുപ്പം. അതെ, കൊക്കിനെ പിടിക്കാൻ എളുപ്പ മാർഗമുണ്ടെന്ന് നമ്മളല്ലെ കണ്ടെത്തിയത്? ആദ്യം, അതിന്റെ തലയിൽ അല്പം വെണ്ണ വയ്ക്കുക. വെയിൽ കൊണ്ട് അത് ഉരുകി ഒഴുകി കൊക്കിന് കണ്ണ് കാണാതാവുമ്പോൾ പോയി പിടിക്കുക. ഈ സൂത്രമൊക്കെ ചൈനക്കാർ എങ്ങിനെ അറിഞ്ഞു ആവോ!
പെട്ടന്ന് ചൂടിൽ മുട്ടകൾ കേടായിപ്പോവാതിരിക്കാൻ മുട്ട ഫാമുകാർ കടുപ്പം കൂടിയ പ്രിസർവേറ്റീവുകൾ ഉപയോഗിക്കുന്നുണ്ടാവാം. തോടിലുള്ള സൂക്ഷ്മസുഷിരങ്ങളിലൂടെ മുട്ടകളുടെ ഉള്ളിൽ അവ എത്തിക്കാൻ വലിയ മെനക്കേടില്ല. കൂടാതെ കോഴിത്തീറ്റയിലും അതിനാവശ്യമായ മരുന്നുകളോ മറ്റോ ചേർത്തുകൂടെന്നില്ല. അതുകൊണ്ടാവാം ചിലപ്പോൾ മുട്ട പുഴുങ്ങുമ്പോഴും, പൊട്ടിക്കുമ്പോഴും സ്വാഭാവികമല്ലാത്ത വിധം തോന്നാൻ കാരണം. നിലവിലെ സാഹചര്യത്തിൽ കൃത്രിമ മുട്ട എന്നത് വെറും ഊഹാപോഹം മാത്രം
നമ്മുടെ മാദ്ധ്യമപ്രവർത്തകർക്ക് പത്താം ക്ലാസ് വരെയുള്ള ശാസ്ത്രപുസ്തകങ്ങൾ ഒന്ന് വായിക്കാനും പഠിക്കാനും കൊടുക്കുക
കടപ്പാട് : ലൂക്ക
അവസാനം പരിഷ്കരിച്ചത് : 1/11/2022