অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

അച്യുതമേനോന്‍, സി. (1913 - 91)

അച്യുതമേനോന്‍, സി. (1913 - 91)

തൃശൂര്‍ ജില്ലയില്‍ പുതുക്കാട് രാപ്പാള്‍ ദേശത്ത് മടത്തിവീട്ടില്‍ അച്യുതമേനോന്റെയും ചേലാട്ട് ലക്ഷ്മിക്കുട്ടിയമ്മയുടെയും പുത്രനായി 1913 ജനു. 13-ന് ജനിച്ചു. നാലാം ക്ളാസു മുതല്‍ ബി.എ. വരെ മെരിറ്റ് സ്കോളര്‍ഷിപ്പോടുകൂടിയാണ് ഇദ്ദേഹം പഠിച്ചത്. തൃശൂര്‍ സി.എം.എസ്. ഹൈസ്ക്കൂളിലും സെന്റ് തോമസ് കോളജിലും പഠിച്ചിരുന്ന കാലത്തുതന്നെ ഒരു മാതൃകാവിദ്യാര്‍ഥി എന്ന നിലയില്‍ ഇദ്ദേഹം പ്രശസ്തനായിരുന്നു. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ കൊച്ചി സംസ്ഥാനത്ത് ഒന്നാമനായി വിജയം വരിച്ചു. പല വിഷയങ്ങളിലും പ്രാഗല്ഭ്യത്തിനുള്ള സ്വര്‍ണമുദ്രകള്‍ നേടി; ഇന്റര്‍മീഡിയറ്റിനു റാങ്കും സ്കോളര്‍ഷിപ്പും സമ്പാദിച്ചു; ബി.എ.യ്ക്കു മദിരാശി സര്‍വകലാശാലയില്‍ ഒന്നാമനായി ജയിച്ചു. ബി.എല്‍. പരീക്ഷയ്ക്കു തിരുവനന്തപുരം ലാ കോളജില്‍ ഹിന്ദുനിയമത്തില്‍ ഒന്നാം സ്ഥാനം നേടി 'വി. ഭാഷ്യം അയ്യങ്കാര്‍ സ്വര്‍ണമെഡല്‍' കരസ്ഥമാക്കി.

അല്പകാലം തൃശൂര്‍ കോടതികളില്‍ പ്രാക്റ്റീസു ചെയ്തതിനുശേഷം അച്യുതമേനോന്‍ സജീവരാഷ്ട്രീയത്തില്‍ പ്രവേശിച്ചു. 1937-ല്‍ തൃശൂരില്‍ നടന്ന രാഷ്ട്രീയ സമ്മേളനത്തിന്റെ സ്വാഗതസംഘം സെക്രട്ടറി ഇദ്ദേഹമായിരുന്നു. കൊച്ചി പ്രജാമണ്ഡലത്തിലും പിന്നീട് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയിലും തുടര്‍ന്ന് അതിന്റെ എക്സിക്യൂട്ടീവിലും കേന്ദ്ര സെക്രട്ടറിയേറ്റിലും അംഗമായി. പല തവണ തടവുശിക്ഷ അനുഭവിക്കുകയും ഒളിവില്‍ കഴിയുകയും ചെയ്തിട്ടുണ്ട്. ഒളിവില്‍ കഴിഞ്ഞ കാലത്താണ്, 1952-ല്‍ തിരു-കൊച്ചി നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 1957-ലും 1960-ലും 70-ലും നടന്ന തെരഞ്ഞെടുപ്പുകളിലും ഇദ്ദേഹം വിജയം വരിച്ചു. ഈ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ രൂപവത്കരിക്കപ്പെട്ട ആദ്യത്തെ കമ്യൂണിസ്റ്റു മന്ത്രിസഭയില്‍ (1957-59) അച്യുതമേനോന്‍ ധനകാര്യമന്ത്രി ആയിരുന്നു. 1968-ല്‍ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1969-ല്‍ കേരളത്തിലെ ഐക്യമുന്നണി ഗവണ്‍മെന്റ് രൂപവത്കരിച്ചപ്പോള്‍ മേനോന്‍ മുഖ്യമന്ത്രിയായി. 1970-ല്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിനുശേഷവും (1977 വരെ) അച്യുതമേനോന്‍ തന്നെയായിരുന്നു മുഖ്യമന്ത്രി. കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി പലതവണ തെരഞ്ഞെടുക്കപ്പെട്ട അച്യുതമേനോന്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ദേശീയ കൌണ്‍സില്‍ അംഗമായിരുന്നു. സോവിയറ്റ് കമ്യൂണിസ്റ്റു പാര്‍ട്ടിയുമായി സംഭാഷണം നടത്തുന്നതിന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധി എന്ന നിലയില്‍ ഇദ്ദേഹം മോസ്കോ സന്ദര്‍ശിച്ചിട്ടുണ്ട്.

പ്രതിഭാധനനായ ഒരു സാഹിത്യകാരന്‍കൂടിയായിരുന്നു അച്യുതമേനോന്‍. ബഹുകാര്യവ്യഗ്രമായ രാഷ്ട്രീയജീവിതത്തിനിടയ്ക്ക് അനുഭവിക്കേണ്ടിവന്ന ജയില്‍വാസം ഇദ്ദേഹത്തിനു ഗ്രന്ഥരചനയ്ക്ക് അവസരം നല്കി. എഛ്.ജി. വെല്‍സിന്റെ ലോകചരിത്രസംഗ്രഹം പരിഭാഷയും, സോവിയറ്റ് നാടും ഇദ്ദേഹത്തിന്റെ പ്രസിദ്ധമായ രണ്ടു ഗ്രന്ഥങ്ങളാണ്. കിസാന്‍ പാഠപുസ്തകം, കേരളം-പ്രശ്നങ്ങളും സാധ്യതകളും, സ്മരണയുടെ ഏടുകള്‍, വായനയുടെ ഉതിര്‍മണികള്‍, ഉപന്യാസമാലിക, പെരിസ്ട്രോയിക്കയും അതിന്റെ തുടര്‍ച്ചയും, മനുഷ്യന്‍ സ്വയം നിര്‍മിക്കുന്നു (വിവര്‍ത്തനം) സി. അച്യുതമേനോന്‍ സമ്പൂര്‍ണ കൃതികള്‍ - 15 വാല്യങ്ങള്‍ എന്നിവയാണ് അച്യുതമേനോന്റെ പ്രധാന കൃതികള്‍. ഇവയ്ക്കുപുറമേ നിരവധി ലേഖനങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്.

ആത്മാര്‍ഥത കൊണ്ടും ആര്‍ജവം കൊണ്ടും ബഹുജനപ്രീതിനേടിയ രാഷ്ട്രീയനേതാവായിരുന്നു അച്യുതമേനോന്‍. അച്യുതമേനോന്റെ കത്തുകളും ഡയറിക്കുറിപ്പുകളും ചരമാനന്തരം പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. എന്റെ ബാല്യകാലസ്മരണകള്‍ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും (1978) സോവിയറ്റ് ലാന്റ് നെഹ്രു അവാര്‍ഡും ലഭിക്കുകയുണ്ടായി. മികച്ച പൊതു പ്രവര്‍ത്തനത്തിനുള്ള 1991-ലെ വി. ഗംഗാധരന്‍ സ്മാരക അവാര്‍ഡ് അച്യുതമേനോന് നല്കപ്പെട്ടു. 1991 ആഗ. 16-ന് അന്തരിച്ചു.

 

കടപ്പാട് : സര്‍വ്വ വിജ്ഞാനകോശം

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate