അക്കാദമിക് മികവോടെ എം.എസ്സി/എം.ടെക് ബിരുദമെടുത്തവർക്ക് ശാസ്ത്ര വിഷയങ്ങളിൽ ഗവേഷണ പഠനത്തിനായി കേരള ശാസ്ത്ര-സാേങ്കതിക പരിസ്ഥിതി കൗൺസിൽ (കെ.എസ്.സി.എസ്.ടി.ഇ) നൽകുന്ന റിസർച്ച് ഫെലോഷിപ്പുകൾ. അപേക്ഷ ഒാൺലൈനായി സ്വീകരിക്കും.
ഇനി പറയുന്ന വിഷയങ്ങളിലാണ് റിസർച്ച് ഫെലോഷിപ്പുകൾ നൽകുക: മാതമാറ്റിക്കൽ സയൻസസ്, ലൈഫ് സയൻസസ്, ഫിസിക്കൽ സയൻസസ്, കെമിക്കൽ സയൻസസ്, എർത്-അറ്റ്മോസ്ഫിയറിക് ഒാഷ്യൻ ആൻഡ് പ്ലാനറ്ററി സയൻസസ്, എൻജിനീയറിങ് സയൻസ്, എൻവയോൺമെൻറൽ സയൻസസ്.
ഗവേഷണ പരിശീലനത്തിലൂടെ ശാസ്ത്രജ്ഞരെ വാർത്തെടുക്കുകയാണ് ഫെലോഷിപ്പിെൻറ ലക്ഷ്യം. ബന്ധപ്പെട്ട വിഷയത്തിൽ 70 ശതമാനം മാർക്കിൽ / തുല്യ ഗ്രേഡിൽ കുറയാതെ കേരളത്തിലെ ഏതെങ്കിലും യുനിവേഴ്സിറ്റിയിൽനിന്നും എം.എസ്സി/എം.ടെക് ബിരുദമെടുത്തവർക്ക് അപേക്ഷിക്കാം.
പ്രായം : 35 വയസ്സ് കവിയാൻ പാടില്ല.
അപേക്ഷ ഒാൺലൈനായി www.kscste.kerala.gov.in എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കാവുന്നതാണ്. ഇതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്. ബന്ധപ്പെട്ട രേഖകളുടെ സോഫ്റ്റ്കോപ്പികൾ directorkseste@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലും അയക്കേണ്ടതാണ്.
അർഹരായവരെ കണ്ടെത്തുന്നതിന് ഒാൺലൈൻ ടെസ്റ്റും തുടർന്ന് അഭിമുഖവും നടത്തും. ഒാൺലൈൻ ടെസ്റ്റ് ഡിസംബർ 10ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രങ്ങളിലായി നടത്തുന്നതാണ്. ടെസ്റ്റിൽ രണ്ട് പേപ്പറുകളുണ്ടാവും. പേപ്പർ ഒന്ന് പൊതുവായിട്ടുള്ളതാണ്. രണ്ടാമത്തേത് നിർദിഷ്ട ഗവേഷണ വിഷയത്തെ അധിഷ്ഠിതമാക്കിയുള്ളതും. ടെസ്റ്റിൽ യോഗ്യത നേടുന്നവരെ ഇൻറർവ്യൂ നടത്തി തെരഞ്ഞെടുക്കും. പരമാവധി മൂന്നുവർഷത്തേക്കാണ് റിസർച്ച് ഫെലോഷിപ്പുകൾ ലഭിക്കുക. ആദ്യത്തെ രണ്ടുവർഷം പ്രതിമാസം 20,000 രൂപയും മൂന്നാമത്തെ വർഷം പ്രതിമാസം 25,000 രൂപ വീതവും നൽകും. പുറമെ വാർഷിക കണ്ടിജൻസി ഗ്രാൻറായി 20,000 രൂപയും ഫെലോഷിപ്പ് തുകയുടെ 10 ശതമാനം വീട്ടുവാടക ബത്തയായും ലഭിക്കുന്നതാണ്.
അവസാനം പരിഷ്കരിച്ചത് : 7/7/2020