ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ടാണ് നാം എല്‍ ഐ സി എന്ന വാക്ക് കേള്‍ക്കാറുള്ളത്. എന്നാല്‍ വിദ്യാഭ്യാസ രംഗത്ത് മികവ് പുലര്‍ത്തുന്നവര്‍ക്കായി എല്‍ ഐ സി നല്‍കുന്നതാണ് സുവര്‍ണ്ണ ജൂബിലി സ്കോളര്‍ഷിപ്പ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് അവസരങ്ങള്‍ നല്‍കുന്ന സ്കോളര്‍ഷിപ്പാണിത്.
ഇന്ത്യയിലെ സര്‍ക്കാര്‍ സ്വകാര്യ കോളേജുകളിലെ പഠനത്തിന് സ്കോളര്‍ഷിപ്പ് ലഭിക്കും. നാഷണല്‍ കൌണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിങ്ങിന്‍റെ അഫിലിയേഷനുള്ള സ്ഥാപനങ്ങളിലെ സാങ്കേതിക തൊഴിലധിഷ്ഠിത കോഴ്സുകളില്‍ ബിരുദ പഠനം നടത്തുന്നവര്‍ക്കും സ്കോളര്‍ഷിപ്പ് ലഭിക്കും.
പ്ലസ്ടു 60 ശതമാനം മാര്‍ക്കോടെ പാസായി മെഡിസിന്‍, എഞ്ചിനിയറിങ്ങ്, ഏതെങ്കിലും വിഷയത്തിലെ ബിരുദം, ഡിപ്ലോമ എന്നിവ പഠിക്കുന്ന ഒരു ലക്ഷം രൂപയില്‍ കവിയാത്ത കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അപേക്ഷിക്കാം.
വൊക്കേഷണല്‍ കോഴ്സുകള്‍ക്ക് പത്താം ക്ലാസില്‍ 60 ശതമാനം മാര്‍ക്കാണ് വേണ്ടത്.
കോഴ്സിന്‍റെ കാലാവധിയായിരിക്കും സ്കോളര്‍ഷിപ്പിന്‍റേയും കാലാവധി.
പ്രതിമാസം 1000 രൂപ വീതം 10 മാസങ്ങളിലായി വര്‍ഷം 10000 രൂപ ലഭിക്കും. തുക ബാങ്കിലേക്കാണ് വരിക.
ഒരു കുടുംബത്തിലെ ഒരു കുട്ടിക്ക് മാത്രമേ സ്കോളര്‍ഷിപ്പ് ലഭിക്കുകയുള്ളു. പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ 55 ശതമാനം മാര്‍ക്കും മറ്റ് വിദ്യാര്‍ത്ഥികള്‍ 50 ശതമാനം മാര്‍ക്കും ഓരോ വര്‍ഷവും നില നിര്‍ത്തേണ്ടതായിട്ടുണ്ട്.
ഓണ്‍ലൈന്‍ ആയിട്ട് മാത്രമേ അപേക്ഷിക്കുവാന്‍ കഴിയുകയുള്ളു.
വിശദ വിവരങ്ങള്‍ക്ക് https://www.licindia.in/…/Golden-Jubilee-Founda…/Scholarship കാണുക.
അവസാനം പരിഷ്കരിച്ചത് : 9/29/2019