অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മൊബൈൽ ബാംങ്കിംഗ് എങ്ങനെ, എത്ര സുരക്ഷിതം?

മൊബൈൽ ബാംങ്കിംഗ് സുരക്ഷിതമോ?

കറൻസി നിരോധനം മൂലം ഉപഭോഗ-വാണിജ്യ മേഖലകൾ നേരിടുന്ന പ്രതിസന്ധിയും അതിന്റെ പരിഹാരമായി നിര്ദേശിക്കപ്പെടുന്ന ക്യാഷ് രഹിത ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ എന്ന ആശയവും സമീപ കാലത്ത് വലിയ ചർച്ചയായിട്ടുണ്ട്.

ഈ മാറ്റങ്ങൾ കാലഘട്ടത്തിന്റെ അനിവാര്യതയും സ്വാഗതാര്ഹമായ കാര്യവുമാണെന്നു സമ്മതിക്കുമ്പോൾ തന്നെ ഇന്ത്യൻ ജനതയിൽ എത്ര ശതമാനത്തിന് മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ക്രയവിക്രയത്തിന് പ്രാപ്തിയുണ്ടെന്നും അതിന്റെ സങ്കീർണതകൾ മനസിലാക്കാൻ കഴിയുമെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.

സാങ്കേതിക വിദ്യയുടെ പ്രയോജനങ്ങളോടൊപ്പം തന്നെ സന്തത സഹചാരിയാണ് അതിന്റെ ദുരുപയോഗവും. അതിന്റെ ഉപയോഗവും അതിലുള്ള ചതിക്കുഴികളും ശ്രദ്ധയോടുകൂടി മനസിലാക്കിയില്ലെങ്കിൽ ഫലം അക്കൗണ്ടിലുള്ള പണം നഷ്ടപ്പെടൽ മാത്രമായിരിക്കില്ല, ഭാവിയിലേക്ക് നമ്മളറിയാതെ കടബാധ്യതകൾ വരെ വരുത്തിവച്ചേക്കാം.

മൊബൈൽ പണമിടപാട് എന്താണെന്നും എങ്ങനെയാണെന്നും മനസിലാക്കേണ്ടത് സാങ്കേതിക വിദ്യ തെറ്റായി ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകാവുന്ന നഷ്ടങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

‘നെറ്റ് ബാങ്കിങ്’, ‘മൊബൈൽ വാലറ്റ്’ എന്നിവ തമ്മിലുള്ള വ്യത്യാസം മനസിലാക്കേണ്ടതെങ്ങനെ?

 

നെറ്റ് ബാങ്കിങ്

ബാങ്കിന്റെ ക്യുവിൽ പോയി നിൽക്കാതെ ഒരു കംപ്യൂട്ടറിന്റെയോ മൊബൈൽ ഫോണിന്റെയോ സഹായത്തോടെ ഇടപാടുകൾ നടത്തുന്നതാണ് നെറ്റ് ബാങ്കിങ്. ഇന്ത്യയിലോ വിദേശത്തോ ഉള്ള കക്ഷികളുമായി പണം സ്വീകരിക്കുന്നതും അയക്കുന്നതും ഉൾപ്പടെയുള്ള കാര്യങ്ങൾ, ചെക്ക് ബുക്ക്, ഇ-സ്റ്റേറ്റ്മെന്റ്, ബാങ്ക് സ്റ്റെമെന്റിന്റെ പ്രിന്റൗട്ട് എന്നിവ സ്വീകരിക്കുന്നതും ഈ വഴിക്ക് സാധ്യമാണ്. ഒരു ലാപ്ടോപ്പോ ടാബ്ലെറ്റോ മൊബൈൽ ഫോണോ ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ അക്കൗണ്ടിൽ ദേശവ്യത്യാസമില്ലാതെ എവിടെനിന്നും ഇടപാട് നടത്താൻ സാധിക്കും. സ്വീകരിക്കുകയും കൊടുക്കുകയും ചെയ്യുന്ന തുകയുടെ വലിപ്പവും പ്രശ്നമല്ല.

നിങ്ങൾക്ക് ബാങ്കിന്റെ ശരിയായ വെബ്സൈറ്റ് അഡ്രസ്സും നിങ്ങൾക്കായി മാത്രം സൃഷ്ടിക്കപ്പെട്ട യൂസർനെയിം, പാസ്സ്‌വേർഡ് എന്നിവയും വേണം. ചില ബാങ്കുകൾക്ക് രണ്ടാം നില പാസ്‌വേഡ് സമ്പ്രദായം ഉണ്ട്. ഇടപാട് നടത്താൻ നിങ്ങൾ ആവശ്യപ്പെടുമ്പോൾ അധിക സുരക്ഷക്കായി വൺ ടൈം പാസ്‌വേഡ് (OTP) മൊബൈലിലേക്ക് അയച്ചുതരും. ഈ പാസ്‌വേഡുകൾക്ക് ഏതാനും മിനിറ്റുകളുടെ ആയുസേ ഉണ്ടായിരിക്കുകയുള്ളൂ.

തുറന്ന നെറ്റ് വർക്കുകൾ ഉൾപ്പടെ എവിടെനിന്നും നെറ്റ് ബാങ്കിങ് ഇടപാട് നടത്താം.

(ശ്രദ്ധിക്കേണ്ട ഒരു കാര്യം ബാങ്കിന്റെ വെബ് അഡ്രസ് പൂർണമായും മാച്ചു ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തണം. സാമ്യം തോന്നിക്കുന്ന വെബ് അഡ്രസ്, ഡിസൈൻ എന്നിവയുള്ള വ്യാജ വെബ്സൈറ്റുകളും നിലവിലുണ്ട്.)

മൊബൈൽ വാലെറ്റ്

നെറ്റ് ബാങ്കിങ്ങിനെക്കാൾ പുതിയതും സ്മാർട്ട് ഫോണുകളുടെ പ്രചാരത്തോടെ ജനകീയമായതുമാണ് മൊബൈൽ വാലറ്റ്. വിവിധ അംഗീകൃത മൊബൈൽ വാലെറ്റുകൾ നിലവിലുണ്ട്. നിങ്ങൾ മൊബൈലിൽ ഇന്റർനെറ്റ് ഉപയോഗിച്ച് വാലറ്റ് അപ്ലിക്കേഷൻ (ആപ്പ്) ഡൌൺലോഡ് ചെയ്യുന്നു. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് നിശ്ചിത തുക വാലെറ്റിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നു. ഇതേ ‘ആപ്പു’ള്ള മറ്റൊരു വ്യക്തിയുടെ വാലെറ്റിലേക്ക് മൊബൈൽ നമ്പർ ഐഡന്റിറ്റി ഉപയോഗിച്ച് ട്രാൻസ്ഫർ ചെയ്യുന്നു. എത്ര ചെറിയ തുകയും ഇങ്ങനെ കൊടുക്കാം. വാലറ്റ് ആപ്പുകൾക്ക് അവർ നിശ്ചയിക്കുന്ന ഉയർന്ന പരിധിയുണ്ട്. അക്കൗണ്ടിലുള്ള പണം തീരുന്ന മുറയ്ക്ക് റീചാർജ് ചെയ്തുകൊണ്ടിരിക്കണം.

ക്രെഡിറ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ

ഇത് താരതമ്യേന പഴയ സമ്പ്രദായവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നതുമാണ്. ഡെബിറ്റ് കാർഡും ക്രെഡിറ്റ് കാർഡും ഉപയോഗിക്കാൻ വ്യാപാര സ്ഥാപനത്തിൽ ഏതെങ്കിലും ബാങ്കിന്റെ പോയിന്റ് ഓഫ് സെയിൽ (POS) മെഷീൻ ഉണ്ടായിരിക്കണം. ടെലിഫോൺ സേവനം വഴിയോ മൊബൈൽ വഴിയോ ഇത് ബാങ്കുകൾ ലഭ്യമാക്കുന്നു.

ക്രെഡിറ് കാർഡ് നിങ്ങൾക്ക് അനുവദിച്ചിട്ടുള്ള തുകയുടെ പരിധിക്കകത്ത് കടം കൊള്ളാൻ അനുവദിക്കുന്നു. മൂല്യം കൂടുതലുള്ള ഷോപ്പിങ്ങിനും പെട്രോളിനും മറ്റുമാണ് ആളുകൾ ഈ സൗകര്യം ഉപയോഗിക്കുന്നത്. ബാങ്കുകൾ എല്ലാ ഇടപാടിലും സർവീസ് ചാർജ് ഈടാക്കും. എന്നാൽ ചില ഇടപാടുകൾക്ക് ബാങ്കുകൾ വ്യാപാരിയിൽനിന്നും അതിന് സാധ്യതയില്ലാത്ത പെട്രോൾ, റെയിൽവേ ടിക്കറ്റ് പോലുള്ള ഇടപാടുകൾക്ക് നിങ്ങളിൽനിന്ന് നേരിട്ടും സർവീസ് ചാർജ് ഈടാക്കും. കൃത്യമായി തിരിച്ചടച്ചില്ലെങ്കിൽ അടുത്ത സർവീസ് ചാര്ജും മിനിമം തുക സമയത്ത് അടച്ചില്ലെങ്കില് പിഴയും നിങ്ങളിൽനിന്ന് ഈടാക്കും.

ഡെബിറ്റ് കാർഡാകട്ടെ, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലുള്ള പണത്തിൽനിന്നാണ് നിങ്ങൾ കൊടുക്കുന്നത്. യുക്തിപരമായി ഇതിന് സർവീസ് ചാർജിന്റെ ആവശ്യമില്ലെങ്കിലും ഇതിനും ചില ബാങ്കുകൾ സർവീസ് ചാർജ് ഈടാക്കുന്നു.

മൊബൈൽ ബാങ്കിങ് ഇടപാടുകളുടെ ദുരുപയോഗം എങ്ങനെ തടയാം?

  • സുരക്ഷാ ഉറപ്പുവരുത്താൻ ഒന്നാമതായി പാസ്സ്‌വേർഡ്‌കളുടെ സ്വഭാവം മനസിലാക്കണം. ഇതിനെ സംബന്ധിക്കുന്ന ആഗോള പഠനങ്ങൾ കാണിക്കുന്നത് കൂടുതൽ ആളുകളും മറ്റുള്ളവർക്ക് അനുമാനിക്കാൻ കഴിയുന്ന പാസ്സ്‌വേർഡ് ഉപയോഗിക്കുന്നുവെന്നാണ്. കുട്ടികളുടെ പേര്, വളർത്തുമൃഗത്തിന്റെ ഓമനപ്പേര്, ജനനത്തീയതി, വാഹനത്തിന്റെ നമ്പർ, xxx, 007, 1212 എന്നിങ്ങനെ പൊതു സങ്കലങ്ങൾ, എന്നിങ്ങനെ. കൂടുതൽ സുരക്ഷിതമായ പാസ്സ്‌വേർഡുകളിൽ ഇംഗ്ലീഷിലെ വലിയക്ഷരങ്ങളും ചെറിയാക്ഷരങ്ങളും, അക്കങ്ങൾ, #, @, * എന്നിങ്ങനെയുള്ള പ്രത്യേക ചിഹ്നങ്ങൾ എന്നിവ ഇടകലർത്തി സൃഷ്ടിക്കേണ്ടതാണ്. പാസ്സ്‌വേർഡിന്റെ നീളം കൂടുന്നതിനനുസരിച്ച് അക്കൗണ്ടിൽ നുഴഞ്ഞുകയറാൻ സാധ്യമല്ലാതായിത്തീരും. എന്നാൽ ഒരിക്കൽ സൃഷ്‌ടിച്ച പാസ്സ്‌വേർഡ് ഓർത്തു വയ്ക്കെടണതും അത്യാവശ്യമാണ്.
  • ഇടയ്ക്കിടെ പാസ്സ്‌വേർഡ് മാറ്റിക്കൊണ്ടിരിക്കുന്നത് സുരക്ഷ ഉറപ്പുവരുത്തും. പാസ്സ്‌വേർഡുകൾ വർഷങ്ങളോളം നിലനിർത്തുന്നത് ചിലർ ചെയ്യുന്ന അബദ്ധമാണ്.
  • പാസ്സ്‌വേർഡുകൾ നിങ്ങളുടെ കമ്പ്യൂട്ടറിലോ മൊബൈൽ ഫോണിലോ ഇമെയിൽ അക്കൗണ്ടിലോ സൂക്ഷിക്കുന്നത് നന്നല്ല. അത്യാവശ്യമെങ്കിൽ പ്രത്യേകം പാസ്സ്‌വേർഡ് ലോക്കുള്ള ഫോൾഡറിൽ സൂക്ഷിക്കാവുന്നതാണ്. അങ്ങനെ ചെയ്യുമ്പോഴും മുകളിൽ പറഞ്ഞ പ്രകാരം ഇടക്കിടെ പാസ്സ്‌വേർഡ് മാറ്റിക്കൊണ്ടിരിക്കണം.
  • നിങ്ങൾ ആർക്കും പാസ്സ്‌വേർഡ് കൊടുത്തിട്ടുണ്ടാവുകയില്ല. എന്നാൽ നാം അറിയാതെ നമ്മുടെ പി സി യിലും മൊബൈലിലും കടന്നുകൂടുന്ന മാൾവെയർ, സ്പൈവെയർ, ആഡ് വെയർ എന്നൊക്കെ വിളിക്കുന്ന വൈറസുകൾ നമ്മുടെ കംപ്യൂട്ടറിലുള്ള വിവരങ്ങൾ ചോർത്തി വെളിയിലേക്ക് കൊടുത്തേക്കാം.
  • അങ്ങനെ സൂക്ഷിക്കുന്ന മൊബൈൽ ഫോണിലും പി സി യിലും വിശ്വസനീയമായ ആൻറിവൈറസ് പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യുക. ഇൻറർനെറ്റിൽ സൗജന്യമെന്ന പേരിൽ പ്രചരിക്കുന്ന ആന്റിവൈറസുകളും ദോഷകരമാണ്. നിർഭാഗ്യമെന്നു പറയട്ടെ, പി സി യിൽ ആൻറിവൈറസ് ഇടുന്ന ആളുകളും മൊബൈൽ ഫോണുകൾ അത്തരം സംരക്ഷണമില്ലാതെയാണ് ഉപയോഗിക്കുന്നത്.
  • ഹാക്കർമാർക്ക് കൂടുതൽ സങ്കീർണമായ നുഴഞ്ഞുകയറൽ പ്രോഗ്രാമുകൾ കിട്ടാം. മൊബൈലുകൾ അത്തരം മാൽവെയറുകൾക്ക് വിധേയപ്പെടാമെന്ന് പലർക്കും അറിയില്ല. ചിലപ്പോൾ “നിങ്ങളുടെ മൊബൈലിൽ നിലവിൽ ആൻറിവൈറസ് സംരക്ഷണമില്ല” എന്ന മെസ്സേജുകളും അതോടൊപ്പം സൗജന്യ പ്രോഗ്രാം ഡൌൺലോഡ് ചെയ്യാനുള്ള ആഹ്വാനവും വന്നേക്കാം. അത്തരം വെബ്‌സൈറ്റുകളെ തീർച്ചയായും ഒഴിവാക്കുക.
  • മൊബൈൽ ഫോൺ പാസ്സ്‌വേർഡ് ലോക്ക് ചെയ്ത് സൂക്ഷിക്കുക.
  • മൊബൈൽ ഫോണോ കമ്പ്യൂട്ടറോ മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്താൽ ഉടൻ ബാങ്കിന്റെ കസ്റ്റമർ കെയറിൽ വിളിച്ച് അക്കൗണ്ട് ബ്ലോക്ക് ചെയ്യുക. മൊബൈൽ വാലറ്റ് ആപ്പിന്റെ കാര്യത്തിലും ഇത് തന്നെ ചെയ്യണം. അതോടൊപ്പം മൊബൈൽ സർവീസ് ദാതാവിനെ വിളിച്ച് മൊബൈൽ സർവീസും ബ്ലോക്ക് ചെയ്യണം.
  • പാസ്സ്‌വേർഡുകൾ കുടുംബാംഗങ്ങൾ ഉൾപ്പടെ മറ്റാർക്കും കൊടുക്കരുത്.

 

യു പി ഐ

പുതിയ സുരക്ഷിതമായ ഇടപാട് സംവിധാനം വരുന്നു.

യുണൈറ്റഡ് പേയ്മെന്റ് ഇന്റർഫേസ് (UPI) നാഷണൽ പേയ്മെന്റ്സ് കോര്പറേഷൻ ഓഫ് ഇന്ത്യ (NPCI) റിസേർവ് ബാങ്ക്, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ എന്നിവയുമായി ചേർന്ന് പുറത്തിറക്കുന്ന പുതിയ സംവിധാനമാണിത്.

നിലവിൽ 30 ബാങ്കുകൾ ഈ സേവനം സ്വതന്ത്രമായി നൽകുന്നു. യുപിഐ ഉപയോഗിച്ച് എല്ലാ ബാങ്കുകളും ഒരൊറ്റ പ്രതലത്തിൽ പ്രവർത്തിക്കും. ബാങ്കുകൾ തമ്മിലും ബാങ്കും കസ്റ്റമറും തമ്മിലും എണ്ണമറ്റ ഇടപാടുകൾ മൊബൈൽ ഫോൺ ഉപയോഗിച്ച് നടത്തുവാൻ സാധിക്കും.മറ്റൊരു തരത്തിൽ പറഞ്ഞാൽ നിങ്ങളുടെ മൊബൈൽ ഫോൺ ഒരു ഡെബിറ്റ് കാർഡായി പ്രവർത്തിക്കും.

UPI എല്ലാ ഫീച്ചർ ഫോണുകളിലും പ്രവർത്തിക്കും, ഇത് ഇന്ത്യയിൽ എവിടെനിന്നും ആർക്കും പ്രവർത്തിപ്പിക്കാൻ കഴിയും. നിലവിൽ ഏകദേശം 25 കോടി സ്മാർട്ഫോണുകളും 5 കോടി ഇ-വാലറ്റ് ഉപയോക്താക്കളുമുണ്ട്. UPI ജനകീയമാകുന്നതോടെ ഈ സംഖ്യ പതിന്മടങ്ങ് വർധിക്കുകയും ഈ രംഗത്തെ മത്സരം നാടകീയമായി വർധിക്കുകയും ചെയ്യും.

യുപിഐ യിലേക്ക് മാറുന്നതിന്റെ പ്രയോജനങ്ങൾ നിരവധിയാണ്. നിലവിൽ 30 ബാങ്കുകൾ ഈ പ്ലാറ്റഫോമിൽ ഉണ്ടെന്നുള്ളതും കൂടുതൽ ബാങ്കുകൾ ഇതിൽ വരുമെന്നുള്ളതുമാണ് ഏറ്റവും വലിയ ഗുണം. ഇത് കൂടുതൽ ഉപയോക്താക്കളെയും ആകർഷിക്കും.

യുപിഐ വികസിപ്പിച്ച NPCI ആണ് RuPay എന്ന, വിസയുടെയും മാസ്റ്റർകാർഡിന്റെയും മാതൃകയിൽ ഇന്റർ ബാങ്ക് വിനിമയ സേവനം വികസിപ്പിച്ചത്. വിസ/മാസ്റ്റർ കാർഡുകളേക്കാൾ സേവന ചാർജ് കുറവാണെന്നുള്ളതും ആഭ്യന്തരമായി വികസിപ്പിച്ചതാണെന്നതും റു-പേ യുടെ ജനപ്രീതി വർധിപ്പിക്കുന്നു. വ്യാപാരികൾ മുടക്കേണ്ട സെറ്റപ്പ് ചാര്ജും കുറവാണ്.

UPI ഓരോ ഉപയോക്താവിനും ബാങ്ക് അക്കൗണ്ട് നമ്പറിൽനിന്ന് വ്യത്യസ്തമായ യൂണിക് ഐഡന്റിഫിക്കേഷൻ നമ്പർ സൃഷ്ടിക്കുകയും വളരെ സുരക്ഷിതമായി ഇടപാടുകൾ നടത്തുകയും ചെയ്യുന്നു.

മൊബൈൽ വാലെറ്റുകൾ പണം അയക്കാൻ മാത്രമായി ‘പുഷ്’ സൗകര്യം കൊടുക്കുമ്പോൾ പണം ആവശ്യപ്പെടാനും സ്വീകരിക്കാനും ഉതകുന്ന ‘പുഷ്’, ‘പുൾ’ സൗകര്യങ്ങൾ UPI നൽകുന്നു.

യുപി ഐ ഉപയോഗം തുടങ്ങുന്നതിന് അതിന്റെ ആപ്പ് മൊബൈലിൽ ഡൌൺലോഡ് ചെയ്യുകയും ഒരു സാങ്കല്പിക (virtual) വിലാസം സൃഷ്ടിക്കുകയും ചെയ്യണം. ആദ്യത്തെ ഇടപ്പാടോടെ ഒരു MPIN നമ്പർ സൃഷ്ടിക്കപ്പെടുന്നു. പിന്നീട് നിങ്ങൾക്ക് മറ്റൊരാളുടെ മൊബൈലിലേക്ക് പണമയക്കാൻ കഴിയുന്നു. പണം സ്വീകരിക്കുന്ന ആളിന്റെ UPI നമ്പർ മാത്രം മതിയാകും.

കടപ്പാട് : malayalam.mapsofindia.com

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate