Legislative Assemblies in India
ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥിതിയില്‍ സംസ്ഥാനങ്ങളിലെ നിയമനിര്‍മാണത്തിന്റെ പരിപൂര്‍ണ ഉത്തരവാദിത്വം വഹിക്കുന്ന ജനപ്രതിനിധിസഭകള്‍. ഇന്ത്യന്‍ ഭരണഘടനയുടെ 168-ാം വകുപ്പനുസരിച്ച് സംസ്ഥാന ഗവര്‍ണറും നിയമനിര്‍മാണസഭയും അടങ്ങുന്നതാണ് സംസ്ഥാനനിയമസഭ. ഗവണ്മെന്റിന്റെ ചുമതലയായ നിയമനിര്‍മാണം, ഭരണനിര്‍വഹണം, നിയമപാലനം എന്നിവയില്‍ ഏറ്റവും പ്രാഥമികവും പ്രധാനവുമായ ദൗത്യമാണ് നിയമനിര്‍മാണം. സംസ്ഥാനങ്ങളില്‍ ഇത് നിര്‍വഹിക്കുന്നത് നിയമസഭകളാണ്. പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ (18 വയസ്സ്) അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ അടങ്ങുന്നതാണ് നിയമസഭ. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ എം.എല്‍.എ. (മെമ്പര്‍ ഒഫ് ലെജിസ്ലേറ്റീവ് അസംബ്ലി) അഥവാ നിയമസഭാസാമാജികര്‍ എന്നറിയപ്പെടുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള ആദ്യസമ്മേളനം മുതല്‍ അഞ്ചു വര്‍ഷമാണ് സാധാരണ ഗതിയില്‍ നിയമസഭകളുടെ കാലാവധി. എന്നാല്‍ സവിശേഷ സന്ദര്‍ഭങ്ങളില്‍, പ്രത്യേകിച്ച് ക്രമസമാധാന തകര്‍ച്ചയുടേയോ ഭരണപരമായ അനിശ്ചിതാവസ്ഥയുടെയോ പശ്ചാത്തലത്തില്‍ സംസ്ഥാന നിയമസഭ കാലാവധിക്കുമുമ്പ് പിരിച്ചുവിടാന്‍ ഇന്ത്യന്‍ പ്രസിഡന്റിന് അധികാരമുണ്ട്.
ചില സംസ്ഥാനങ്ങള്‍ക്ക് ജനപ്രതിനിധിസഭയായ ലെജിസ്ലേറ്റീവ് അസംബ്ലിയെക്കൂടാതെ ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗണ്‍സിലും കൂടി ഉണ്ടായിരിക്കും. ദ്വിമണ്ഡല (Bicameral legislature) നിയമനിര്‍മാണസഭകളുള്ള സംസ്ഥാനങ്ങളിലെ ഉപരിസഭ നിര്‍ത്തലാക്കുന്നതിനോ ഏകമണ്ഡല നിയമനിര്‍മാണ സഭ(unicameral legislature)കളുള്ള സംസ്ഥാനങ്ങളില്‍ ആവശ്യമെന്നു തോന്നുന്ന പക്ഷം ഉപരിസഭ കൂടി ഏര്‍പ്പെടുത്തുന്നതിനോ നിയമംമൂലം നിബന്ധന ചെയ്യുവാന്‍ ഭരണഘടന ഇന്ത്യന്‍ പാര്‍ലമെന്റിന് അധികാരം നല്‍കിയിട്ടുണ്ട്. എന്നാല്‍ അങ്ങനെ ചെയ്യുന്നതിന്, ബന്ധപ്പെട്ട സംസ്ഥാന അസംബ്ലി അതിലെ സന്നിഹിതരായ അംഗങ്ങളുടെ മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ പാസ്സാക്കുന്ന ഒരു പ്രമേയം മുഖാന്തിരം പാര്‍ലമെന്റിനോട് ആവശ്യപ്പെട്ടിരിക്കണം. ഈ മൂന്നില്‍രണ്ട് ഭൂരിപക്ഷം പ്രസ്തുത അസംബ്ലിയുടെ ആകെ അംഗങ്ങളുടെ പൂര്‍ണഭൂരിപക്ഷത്തില്‍ കുറവായിരിക്കാന്‍ പാടില്ലെന്നും ഭരണഘടന നിഷ്കര്ഷിച്ചിരിക്കുന്നു.
സ്വാതന്ത്ര്യത്തിനു മുന്‍പുള്ള ബ്രിട്ടീഷ് ഇന്ത്യയില്‍ നിയമങ്ങള്‍ നിര്‍മിക്കുക, വിജ്ഞാപനങ്ങള്‍ പുറപ്പെടുവിക്കുക തുടങ്ങിയ അധികാരങ്ങള്‍ ഈസ്റ്റിന്ത്യാക്കമ്പനിയില്‍ നിക്ഷിപ്തമായിരുന്നു. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാകമ്പനിയുടെ 1773-ലെ റെഗുലേറ്റിങ് ആകറ്റ് പ്രകാരം മദിരാശി, ബോംബെ സര്‍ക്കാരുകള്‍ അവയുടെ നിയമങ്ങളുടെയും ഉത്തരവുകളുടെയും പകര്‍പ്പ് അന്നത്തെ ബംഗാള്‍ ഭരണകൂടത്തിന് സമര്‍പ്പിക്കണമെന്നും വ്യവസ്ഥ ചെയ്യപ്പെട്ടിരുന്നു. ആധുനിക ഇന്ത്യയിലെ പ്രവിശ്യാനിയമസഭകളുടെ ചരിത്രവും വികാസവും പരിശോധിക്കുമ്പോള്‍ നിയമനിര്‍മാണത്തിനുള്ള സ്വതന്ത്ര അധികാരം ആദ്യമായി ലഭിച്ചത് 1797-ല്‍ ബംഗാള്‍ പ്രസിഡന്‍സിക്കാണ്. ഇതേ അധികാരങ്ങള്‍ 1807-ല്‍ മദ്രാസ്, ബോംബെ പ്രസിഡന്‍സികള്‍ക്കും ലഭിക്കുകയുണ്ടായി. എക്സിക്യൂട്ടീവ് ഗവണ്മെന്റില് അധിഷ്ഠിതമായിരുന്ന ഇത്തരം നിയമനിര്‍മാണ അധികാരങ്ങള്‍ ഓരോ പ്രവിശ്യയിലും വ്യത്യസ്തമായിരുന്നതിനാല്‍ പൊതുവില്‍ ബ്രിട്ടീഷ് ഇന്ത്യയിലെ നിയമങ്ങളില്‍ പരസ്പര വൈരുധ്യങ്ങള്‍ പ്രകടമായിരിരുന്നു. 1833-ലെ ചാര്‍ട്ടര്‍ ആക്റ്റ്, നിയമനിര്‍മാണ അധികാരം കേന്ദ്രഗവര്‍ണമെന്റില്‍ നിക്ഷിപ്തമാക്കിക്കൊണ്ട് പ്രവിശ്യാനിയമനിര്‍മാണസഭകളുടെ അധികാരം ഇല്ലാതാക്കുകയും ഇന്ത്യയിലുടനീളം ബാധകമാകുന്ന നിയമനിര്‍മാണാധികാരം ഗവര്‍ണര്‍ ജനറലിനു നല്‍കുകയും ചെയ്തു. ഗവര്‍ണര്‍ ജനറലിന്റെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ഒരു നിയമവിദഗ്ധനെ പ്രതിനിധിയായി നിയമിക്കാന്‍ വ്യവസ്ഥ ചെയ്തു. 1853-ലെ ചാര്‍ട്ടര്‍ നിയമത്തിലൂടെ പ്രസ്തുത നിയമവിദഗ്ദാംഗത്തെ ഗവര്‍ണര്‍ ജനറലിന്റെ എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ സ്ഥിരാംഗമാക്കുകയും അതോടൊപ്പം ഇന്ത്യാ ഗവണ്മെന്റിലേക്ക് ഓരോ പ്രവിശ്യക്കും ഓരോ പ്രതിനിധിയെ അയയ്ക്കാന്‍ അനുവാദം നല്‍കുയും ചെയ്തു. 1861-ലെ ഇന്ത്യന്‍ കൗണ്‍സില്‍ ആകറ്റ് നിയമനിര്‍മാണ ആവശ്യങ്ങള്‍ക്കായുള്ള ഗവര്‍ണര്‍ ജനറലിന്റെ എക്സിക്യൂട്ടീവിലെ അംഗങ്ങളുടെ എണ്ണവും പ്രവിശ്യാ നിയമസഭകളിലെ അംഗങ്ങളുടെ എണ്ണവും വര്‍ധിപ്പിച്ച് കൂടുതല്‍ സ്വതന്ത്രാധികാരം നല്‍കിയെങ്കിലും ഓരോ നിയമത്തിനും ഗവര്‍ണര്‍ ജനറലിന്റെ അനുമതി അനിവാര്യമായിത്തുടര്‍ന്നു. മാത്രവുമല്ല, കേന്ദ്ര നിയമനിര്‍മാണസഭയുടെ തീരുമാനങ്ങള്‍ക്കുമേല്‍ ഗവര്‍ണര്‍ ജനറലിന് വീറ്റോ അധികാരവുമുണ്ടായിരുന്നു.
1892-ലെ ഇന്ത്യന്‍ കൗണ്‍സില്‍ ആകറ്റ് പ്രകാരം കേന്ദ്ര നിയമ നിര്‍മാണസഭയുടെയും പ്രവിശ്യാ നിയമസഭകളുടെയും ഘടനയിലും പ്രവര്‍ത്തനങ്ങളിലും മാറ്റങ്ങള്‍ വന്നു. ബംഗാള്‍, മദ്രാസ്, ബോംബെ നിയമനിര്‍മാണസമിതികളിലെ അംഗങ്ങളുടെ എണ്ണം 20 ആയും വടക്ക്-പടിഞ്ഞാറന്‍ പ്രവിശ്യയിലെയും ഔധിലെയും അംഗങ്ങളുടെ എണ്ണം 15 ആയും ഉയര്‍ത്തി. നിബന്ധനകളുടെ അടിസ്ഥാനത്തില്‍ വാര്‍ഷിക സാമ്പത്തികരേഖ സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുവാനും അംഗങ്ങള്‍ക്ക് അനുമതി ലഭിച്ചു.
മിന്റോ-മോര്‍ലി ശിപാര്‍ശകളെ അടിസ്ഥാനപ്പെടുത്തിയുള്ള 1909-ലെ ഇന്ത്യന്‍ കൗണ്‍സില്‍ ആക്റ്റ് പ്രകാരം ഗവര്‍ണര്‍ ജനറലിന്റെ കൗണ്‍സിലിലെ അംഗങ്ങളുടെ എണ്ണം പരമാവധി 60 ആക്കി ഉയര്‍ത്തി. ഇതില്‍ 37 പേര് ഔദ്യോഗികാംഗങ്ങളും 23 പേര് അനൌദ്യോഗിക അംഗങ്ങളുമായിരുന്നു. ഔദ്യോഗിക അംഗങ്ങളായ 37 പേരില്‍ 28 പേര് ഗവര്‍ണര്‍ ജനറല്‍ നാമനിര്‍ദേശം ചെയ്യുന്നവരും മറ്റുള്ളവര്‍ എക്സ് ഒഫീഷ്യോ (ex-officio) അംഗങ്ങളുമായിരുന്നു. 23 അനൗദ്യോഗിക അംഗങ്ങളില്‍ അഞ്ചുപേര്‍ ഗവര്‍ണര്‍ ജനറലിനാല്‍ നാമനിര്‍ദേശം ചെയ്യപ്പെടുന്നവരായിരുന്നു. ബജറ്റ്, റെയില്‍വേ, പൊതുതാത്പര്യവിഷയങ്ങള്‍, വിദേശ രാജ്യങ്ങളുമായുള്ള ഇടപാടുകള്‍ എന്നിവയില്‍ അംഗങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്തുവാന്‍ അനുവാദം നല്കി. ചുരുക്കത്തില്‍, പാര്‍ലമെന്ററി സംവിധാനത്തിലുള്ള ഭരണവ്യവസ്ഥ 1909-ലെ ആക്റ്റ് വഴി ബ്രിട്ടീഷ് ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കപ്പെട്ടു.
തുടര്‍ന്ന് കേന്ദ്ര നിയമനിര്‍മാണ സഭയ്ക്കു പുറമേ, പ്രവിശ്യാനിയമസഭകളിലും മാറ്റങ്ങള്‍ ഉണ്ടായി. വലിയ പ്രവിശ്യകളിലെ നിയമനിര്‍മാണ സഭകളിലെ അംഗസംഖ്യ 50 ആയും ചെറിയ പ്രവിശ്യകളിലെ നിയമസഭാംഗങ്ങളുടെ എണ്ണം 30 ആയും വര്‍ധിപ്പിച്ചു. 1909-ലെ ആകറ്റ് പ്രകാരം മുഹമ്മദീയര്‍ക്ക് പ്രത്യേക പ്രാതിനിധ്യം ലഭിക്കുകയുണ്ടായി. 1909 മുതല്‍ ബ്രിട്ടീഷ് ഇന്ത്യയിലെ കാര്യനിര്‍വഹണവിഭാഗം അനിവാര്യമായും അഭിപ്രായം തേടേണ്ടുന്ന ഘടകമായി പ്രോവിന്ഷ്യല് നിയമസഭകള്‍ മാറി. അതേ സമയം നിയമനിര്‍മാണ സമിതികള്‍ക്ക് (ലെജിസ്ലേറ്റീവ് കൗണ്‍സില്‍) നിയമനിര്‍മാണത്തിലോ ഭരണകൂടത്തിലോ ഒരു നിയന്ത്രണാധികാരവും അനുവദിക്കപ്പെട്ടുമില്ല.
1919-ലെ ഗവണ്മെന്റ് ഒഫ് ഇന്ത്യാ ആക്റ്റാണ് കേന്ദ്രത്തില്‍ ദ്വിമണ്ഡല സംവിധാനം സാധ്യമാക്കിയത്. അതോടെ കേന്ദ്ര നിയമനിര്‍മാണസഭ(Central Legislative Assembly)യും സംസ്ഥാന കൗണ്‍സിലും (The Council of State) സ്ഥാപിതമായി. കേന്ദ്ര നിയമനിര്‍മാണസഭയുടെ കാലാവധി മൂന്നു വര്‍ഷവും കൗണ്‍സില്‍ ഒഫ് സ്റ്റേറ്റിന്റേത് അഞ്ചു വര്‍ഷവുമായിരുന്നു. എന്നിരുന്നാലും ഇവയുടെ കാലാവധി ദീര്‍ഘിപ്പിക്കാന്‍ ഗവര്‍ണര്‍ ജനറലിന് അധികാരമുണ്ടായിരുന്നു. ഉദാഹരണത്തിന് ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ നിയമസഭയുടെ കാലാവധി 11 വര്‍ഷമായിരുന്നു. നിയമനിര്‍മാണത്തിനായി കേന്ദ്ര നിയമസഭ ഉണ്ടായിരുന്നെങ്കില്‍ക്കൂടി ചില പ്രത്യേക വിഷയങ്ങളില്‍ ഗവര്‍ണര്‍ ജനറലിന്റെ തീരുമാനം അന്തിമമായിരുന്നു. ചുരുക്കത്തില്‍, 1919-ലെ കേന്ദ്ര നിയമസഭ, എക്സിക്യൂട്ടീവിനു വിധേയമായി പ്രവര്‍ത്തിക്കുന്നവിധമാണ് രൂപപ്പെട്ടത്.
പ്രവിശ്യാഭരണസമിതിയുടെ ഘടനയിലും പ്രവര്‍ത്തനങ്ങളിലും 1919-ലെ ഗവണ്മെന്റ് ഒഫ് ഇന്ത്യാ ആക്റ്റ് വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. എല്ലാ പ്രവിശ്യാനിയമസഭകളിലും ഗവര്‍ണര്‍ ജനറലിന്റെ എക്സിക്യൂട്ടീവ് കൗണ്‍സിലിലെ അംഗങ്ങള്‍ നാമനിര്‍ദേശം ചെയ്യപ്പെടുകയും നിയമസഭാതെരഞ്ഞെടുപ്പില്‍ പ്രത്യേക മണ്ഡലങ്ങള്‍ സ്ഥാപിക്കപ്പെടുകയും ചെയ്തു. കൂടാതെ മുസ്ലിം, സിക്ക് വിഭാഗങ്ങള്‍ക്ക് പ്രത്യേക പ്രാതിനിധ്യം ലഭ്യമായി. ഭൂവുടമകള്‍, കര്‍ഷകര്‍, ഖനന-വാണിജ്യ-വ്യവസായ പ്രതിനിധികള്‍, സര്‍വകലാശാലാ പ്രതിനിധികള്‍ തുടങ്ങിയവര്‍ നിയമസഭാംഗങ്ങളാക്കപ്പെട്ടു. സമുദായം, വാസം, തൊഴില്‍ എന്നിവയുടെ അടിസ്ഥാനത്തിലും ആദായനികുതിദായകര്, സൈനിക പെന്ഷന് വാങ്ങുന്നവര്‍, ഭൂമിസ്വന്തമായുള്ളവര്‍ തുടങ്ങിയവര്‍ക്കും വോട്ടവകാശം ലഭിച്ചു. സ്ത്രീകള്‍ക്ക് പ്രത്യേക പ്രാതിനിധ്യം ലഭിക്കുകയുണ്ടായി. നിയമനിര്‍മാണ സമിതികളില്‍ സ്പീക്കറെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്താനും നിയമസഭാംഗങ്ങളില്‍ നിന്നും മന്ത്രിമാരെ നിയമിക്കാനും ഗവര്‍ണര്‍ക്ക് അധികാരം ലഭിച്ചു. കേന്ദ്രത്തിന്റെയും പ്രവിശ്യാഭരണകൂടങ്ങളുടെയും അധികാരങ്ങള്‍ സൂചിപ്പിക്കുന്ന സെന്‍ട്രല്‍ ലിസ്റ്റ്, പ്രോവിന്ഷ്യല് ലിസ്റ്റ് എന്നിവ ആദ്യമായി ഉദ്ഭവിച്ചത് 1919-ലെ ആക്റ്റിന്റെ വെളിച്ചത്തിലാണ്.
1927-ല്‍ സൈമണ്‍ കമ്മിഷന് ഇന്ത്യയില്‍ ഫെഡറല്‍ രാഷ്ട്രീയ സംവിധാനത്തിന് ശിപാര്‍ശ ചെയ്തു. ഇന്ത്യക്കാര്‍ക്കു പ്രാതിനിധ്യമുള്ള ഒരു ഭരണഘടനാസമിതിയാണ് ഇന്ത്യയിലെ നിയമങ്ങള്‍ നിര്‍മിക്കേണ്ടത് എന്നാവശ്യപ്പെട്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ഇതര സ്വാതന്ത്യ്രസമര പോരാളികളും ഉയര്‍ത്തിയ പ്രക്ഷോഭങ്ങളുടെ ഫലമായി 1934 മേയ് മാസത്തില്‍ ഭരണഘടനാ നിര്‍മാണസഭ രൂപീകരിക്കപ്പെട്ടു. എന്നാല്‍ ബ്രിട്ടീഷ് ഗവണ്മെന്റ് ഏകപക്ഷീയമായി 1935-ലെ ഗവണ്മെന്റ് ഒഫ് ഇന്ത്യാ ആക്റ്റ് അനുസരിച്ച് പ്രവിശ്യാനിയമസഭകളില്‍ ദ്വിമണ്ഡലസംവിധാനം നടപ്പിലാക്കി. കൗണ്‍സില്‍ ഒഫ് സ്റ്റേറ്റും ഫെഡറല്‍ അസംബ്ലിയും നിലവില്‍വന്നു. അഞ്ച് വര്‍ഷമായിരുന്നു ഫെഡറല്‍ അസംബ്ലിയുടെ കാലാവധി. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സ്വാഭാവികമായും പിരിച്ചുവിടപ്പെടുന്നവയായിരുന്നു ഇത്. എന്നിരുന്നാലും ഇതിന്റെ കാലാവധി ദീര്‍ഘിപ്പിക്കാനുള്ള അധികാരം ഗവര്‍ണര്‍ ജനറലിനുണ്ടായിരുന്നു. ഫെഡറല്‍ അസംബ്ലിയില്‍ 375 അംഗങ്ങളും കൗണ്‍സില്‍ ഒഫ് സ്റ്റേറ്റില്‍ 260 അംഗങ്ങളുമാണുണ്ടായിരുന്നത്. ഇതിന്‍പ്രകാരം അതതു പ്രവിശ്യകളിലെ ഭരണാധികാരികള്‍ തന്നെയാണ് ഓരോ സംസ്ഥാനത്തിന്റെയും പ്രതിനിധിയെ നാമനിര്‍ദേശം ചെയ്തിരുന്നത്. ബ്രിട്ടീഷ് ഇന്ത്യയിലെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം സാമുദായമായിരുന്നു.
ഇന്ത്യയിലെ നിയമനിര്‍മാണസഭാസംവിധാനം ഭൂമിശാസ്ത്രപരമായും അധികാരവിതരണ ക്രമത്തിലും രണ്ട് വിതാനത്തിലാണ് ഭരണഘടന നിര്‍ദേശിച്ചിട്ടുള്ളത്. ഒന്ന്, ദേശീയതലം. രണ്ട്, സംസ്ഥാനതലം. 1993-നുശേഷം പ്രാദേശികതലം എന്നതുകൂടി ഉള്‍പ്പെടുത്തപ്പെട്ടിട്ടുണ്ട്. ദേശീയതലത്തില്‍ ദ്വിമണ്ഡലസമ്പ്രദായമാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്: ഉപരിമണ്ഡലസഭയും (രാജ്യസഭ-കൗണ്‍സില്‍ ഒഫ് സ്റ്റേറ്റ്സ്) അധോമണ്ഡലസഭയും (ലോക്സഭ-കൗണ്‍സില്‍ ഒഫ് പീപ്പിള്‍). ഇതില്‍ നിന്ന് വ്യത്യസ്തമായി ചില സ്ഥലങ്ങളില്‍ ഏകമണ്ഡലസഭയാണ് നിലവിലുള്ളത്. ഉദാഹരണത്തിന് ഫിന്‍ലാന്‍ഡ്, പോര്‍ച്ചുഗല്‍, ചെക്-സ്ളോവാക് റിപ്പബ്ലിക്കുകള്‍ മുതലായവ. സംസ്ഥാനങ്ങളിലാകട്ടെ ഏകമണ്ഡല-ദ്വിമണ്ഡല രീതികള്‍ നിലവിലുണ്ട്. ഇവയില്‍ തെരഞ്ഞെടുക്കപ്പെട്ടോ, നാമനിര്‍ദേശം ചെയ്യപ്പെട്ടോ ഉള്‍പ്പെടേണ്ടുന്ന അംഗങ്ങളുടെ എണ്ണവും ഇന്ത്യന്‍ ഭരണഘടന നിര്‍ദേശിക്കുന്നുണ്ട്. ബ്രിട്ടീഷ് പാര്‍ലമെന്ററി സമ്പ്രദായത്തെ അനുസരിച്ചാണ് നമ്മുടെ ഭരണഘടനാനിര്‍ദേശങ്ങള്‍ തയ്യാറാക്കപ്പെട്ടിരിക്കുന്നത്.
1950 ജനു. 16-ന് ഇന്ത്യ പരമാധികാര രാഷ്ട്രമാവുകയും ഭരണഘടനപ്രകാരം രാഷ്ട്രപതിയും (പ്രസിഡന്റ്) ലോകസഭയും, രാജ്യസഭയും അടങ്ങുന്ന ഇന്ത്യന്‍ പാര്‍ലമെന്റ് വ്യവസ്ഥാപിതമാകുകയും ചെയ്തു (നോ: പാര്‍ലമെന്റ്). വിവിധ നാട്ടുരാജ്യങ്ങളെയും പ്രവിശ്യകളെയുമെല്ലാം വ്യത്യസ്തത കൂടാതെ 'സംസ്ഥാനങ്ങള്‍' (states) എന്നാണ് ഭരണഘടന അഭിസംബോധന ചെയ്തത്. 75,000 പൗരന്മാര്ക്ക് ഒരു മണ്ഡലം, ഒരു പ്രതിനിധി എന്ന നിലയില്‍ കുറഞ്ഞത് 60-ഉം പരമാവധി 500-ഉം അംഗങ്ങള്‍ അടങ്ങുന്നതാവണം സംസ്ഥാന നിയമസഭയെന്ന് വ്യവസ്ഥചെയ്യപ്പെട്ടു.
ലോകത്തെ ഒട്ടനവധി രാഷ്ട്രങ്ങളില്‍ ജനപ്രാതിനിധ്യസഭകളെ നിയമനിര്‍മാണസഭ എന്നാണ് പൊതുവേ വിളിക്കുന്നതെങ്കിലും, ഫെഡറല്‍ സംവിധാനത്തിലുള്ള ഇന്ത്യന്‍ പാര്‍ലമെന്ററി സംവിധാനത്തില്‍ സംസ്ഥാനങ്ങളിലെ ജനപ്രതിനിധിസഭയെയാണ് സംസ്ഥാന 'നിയമസഭ' അഥവാ 'സ്റ്റേറ്റ് ലെജിസ്ളേറ്റീവ് അസംബ്ളി' എന്നു വിശേഷിപ്പിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനപ്രകാരം സംസ്ഥാന നിയമസഭ എന്നത് സംസ്ഥാന ഗവര്‍ണര്‍, നിയമസഭാസാമാജികര്‍ എന്നിവര്‍ അടങ്ങുന്ന സംവിധാനമാണ്. ഇതിനു പുറമേ ചില സംസ്ഥാനങ്ങളില്‍ നിയമനിര്‍മാണ സമിതിയും (സ്റ്റേറ്റ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍) നിലവിലുണ്ട്.
നിയമസഭയ്ക്ക് മുഖ്യമായും നാല് കര്‍ത്തവ്യമേഖലകള്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു.
നിയമനിര്‍മാണപരമായ കര്‍ത്തവ്യം
അതതു കാലത്തെ സാഹചര്യങ്ങള്‍ക്കനുസൃതമായി ജനതാത്പര്യം സംരക്ഷിക്കാനുതകുന്ന നിയമങ്ങള്‍ നിര്‍മിക്കുക എന്നതാണ് നിയമസഭകളുടെ മുഖ്യ കര്‍ത്തവ്യം. നിലവിലുള്ള നിയമങ്ങളില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തേണ്ടതും നിയമസഭ തന്നെ. സംസ്ഥാനത്തെ ജനങ്ങള്‍ക്കാവശ്യമെന്ന് തോന്നുന്ന എല്ലാ നിയമങ്ങളും ബില്ലിന്റെ രൂപത്തില്‍ നിയമസഭയില്‍ അവതരിപ്പിച്ചു പാസ്സാക്കേണ്ട ചുമതല ഗവണ്മെന്റിന്റേതാണ്. ഇന്ത്യന്‍ ഭരണഘടനയുടെ 196 മുതല്‍ 201 വരെയുള്ള വകുപ്പുകള്‍ സംസ്ഥാനങ്ങളുടെ നിയമനിര്‍മാണവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പ്രതിപാദിച്ചിരിക്കുന്നു. കേന്ദ്ര-സംസ്ഥാന സംയുക്തപ്പട്ടികയില്‍പ്പെട്ട വിഷയങ്ങളില്‍ നിയമനിരീക്ഷണാധികാരവും പാര്‍ലമെന്റില്‍ നിക്ഷിപ്തമായിരിക്കുന്നു.
സാമ്പത്തികമായ കര്‍ത്തവ്യം
ഏതു നികുതി ഏര്‍പ്പെടുത്തുന്നതിനും പിരിക്കുന്നതിനും നിയമസഭയുടെ അംഗീകാരം ഉണ്ടായിരിക്കണം. അതുപോലെ, നിയമസഭയുടെ അംഗീകാരമില്ലാതെ പണം ചെലവാക്കാനും ഗവണ്മെന്റിന് അധികാരമോ അവകാശമോ ഇല്ല. ജനങ്ങളുടെ പണം, അവരുടെ അംഗീകാരമില്ലാതെ പിരിക്കുന്നതോ ചെലവാക്കുന്നതോ ജനാധിപത്യ രീതിക്ക് ചേര്‍ന്നതല്ല. അതുകൊണ്ടാണ് ജനങ്ങളുടെ ഈ അവകാശം അവരുടെ പ്രതിനിധികളുടെ സഭയില്‍-നിയമസഭയില്‍- നിക്ഷിപ്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ധനകാര്യബില്ല് അവതരിപ്പിച്ച്, ചര്‍ച്ചചെയ്ത്, അംഗീകരിക്കാനും അതിന് പ്രാബല്യം നല്‍കാനുമുള്ള അധികാരം അധോമണ്ഡലസഭയായ ലോക്സഭയില്‍ നിക്ഷിപ്തമാണ്.
നീതിന്യായപരമായ കര്‍ത്തവ്യം
നിയമസഭയ്ക്ക് സാധാരണ നീതിന്യായാധികാരം നിര്‍വഹിക്കാനാവില്ല. എന്നാല്‍ സഭയില്‍ നിക്ഷിപ്തമായ അവകാശലംഘനങ്ങള്‍ പരിശോധിക്കാനും വിചാരണ ചെയ്യാനും തീര്‍പ്പാക്കാനും പരിഹാരനിവൃത്തിക്കും സഭയ്ക്ക് തനത് അധികാരമുണ്ട്. സഭാംഗങ്ങളുടെ പ്രത്യേകാവകാശലംഘന കാര്യത്തില്‍ സഭാവകാശസമിതിക്ക് പരിശോധന നടത്താനും സഭയ്ക്കുമുമ്പാകെ തുടര്‍നടപടി ശിപാര്‍ശ ചെയ്യാനും അധികാരമുണ്ട്. ചുരുക്കം സന്ദര്‍ഭങ്ങളിലെങ്കിലും ഇപ്രകാരം നീതിന്യായാധികാരം സഭ ഉപയോഗിക്കുകയും നടപടി നടത്തുകയും ചെയ്തിട്ടുണ്ട്.
ഭരണപരമായ കര്‍ത്തവ്യം
നിയമസഭയ്ക്ക് സാധാരണഗതിയില്‍ ഭരണത്തില്‍ നേരിട്ടു പങ്കുണ്ടായിരിക്കുകയില്ല. എന്നാല്‍ പാര്‍ലമെന്ററി വ്യവസ്ഥയില്‍ നിര്‍വഹണവിഭാഗം അഥവാ മന്ത്രിസഭ നിയമനിര്‍മാണ സഭയോട് ഉത്തരവാദപ്പെട്ടിരിക്കുന്നു. നിയമസഭയ്ക്ക് വിശ്വാസമുള്ള കാലത്തോളം മാത്രമേ മന്ത്രിസഭയ്ക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമുണ്ടായിരിക്കുകയുള്ളു. ഈ വ്യവസ്ഥയിലൂടെ നിര്‍വഹണവിഭാഗത്തെ നിര്‍ണയിക്കാനും നിയന്ത്രിക്കാനും നിയമസഭയ്ക്കു സാധിക്കുന്നു. ഗവണ്മെന്റിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കാന്‍ സഭാചര്‍ച്ചകളിലും ശ്രദ്ധക്ഷണിക്കലിലും ഉപക്ഷേപത്തിലും കൂടിയും ചോദ്യോത്തരവേളയിലും നിയമസഭാംഗങ്ങള്‍ക്ക് അവസരം ലഭിക്കുന്നു. ഒരു അവിശ്വാസ പ്രമേയത്തിലൂടെ നിര്‍വഹണവിഭാഗത്തെ (മന്ത്രിസഭ) അധികാരത്തില്‍ നിന്നു പുറത്താക്കാനും നിയമസഭയ്ക്ക് അധികാരമുണ്ട്.
നിയമസഭയും (Legislative Assembly) നിയമനിര്‍മാണ സമിതിയും (Legislative Council)
നിയമസഭയില്‍ ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുന്ന പ്രതിനിധികളാണുള്ളത്. ആംഗ്ലോ-ഇന്ത്യന്‍ സമുദായത്തിന് പ്രാതിനിധ്യമില്ലെങ്കില്‍ ആ സമുദായത്തില്‍ നിന്ന് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. ഭരണഘടനയുടെ 333-ാം വകുപ്പ് പ്രകാരമാണിത്. സമാനരീതിയില്‍ ലോക്സഭാ പ്രാതിനിധ്യത്തിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ പ്രസിഡന്റിനും അധികാരമുണ്ട്.
ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിയമസഭയുണ്ട്. എന്നാല്‍ ബിഹാര്‍, ഉത്തര്‍പ്രദേശ്, കര്‍ണാടകം, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് നിയമസഭയക്കു പുറമേ ഉപരിസഭയായ നിയമനിര്‍മാണ സമിതി കൂടിയുണ്ട്. തമിഴ്നാട്ടില്‍ നിലനിന്നിരുന്ന നിയമനിര്‍മാണ സമിതി 1986-ല്‍ നിര്‍ത്തലാക്കി.
നിയമനിര്‍മാണ സമിതി ഒരു സ്ഥിരം സമിതിയാണ്. ഇത് പിരിച്ചുവിടലിന് വിധേയമല്ല. ഓരോ രണ്ടു വര്‍ഷത്തിന്റെയും അവസാനം ഇതിലെ മൂന്നിലൊരു ഭാഗം അംഗങ്ങള്‍ പിരിഞ്ഞുപോകുന്നു. ഭരണഘടന 171-ാം വകുപ്പനുസരിച്ച് നിയമനിര്‍മാണ സമിതിയുടെ അംഗസംഖ്യ കുറഞ്ഞത് നാല്‍പ്പതോ അല്ലെങ്കില്‍ ആ സംസ്ഥാനത്തിലെ നിയമസഭയില്‍ ആകെയുള്ള അംഗസംഖ്യയുടെ മൂന്നിലൊന്നില്‍ കവിയാത്ത സംഖ്യയോയായിരിക്കും. നിയമനിര്‍മാണ സമിതിയിലെ ഓരോ അംഗത്തിന്റെയും കാലാവധി ആറ് വര്‍ഷമാണ്.
നിയമനിര്‍മാണ സമിതിയിലേക്ക് ഏതാനും അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുള്ള അധികാരം ഗവര്‍ണര്‍ക്കുണ്ട്. താഴെ വിവരിക്കുന്ന പ്രകാരമാണ് നിയമനിര്‍മാണ സമിതി രൂപീകരിക്കുന്നത്.
(എ) മൂന്നിലൊരുഭാഗം അംഗങ്ങളെ നഗരസഭാംഗങ്ങളും ജില്ലാസമിതിയും തദ്ദേശഭരണ സമിതികളും ഉള്‍പ്പെട്ട സമ്മതിദായകസംഘം (Electorate) തെരഞ്ഞെടുക്കുന്നു.
(ബി) ഏതാണ്ട് പന്ത്രണ്ടിലൊരു ഭാഗം അംഗങ്ങളെ ഇന്ത്യയിലെ സര്‍വകലാശാലകളില്‍ നിന്ന് ബിരുദം നേടി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടുള്ളവരോ അത്തരം ബിരുദത്തിന് തത്തുല്യമായി പാര്‍ലമെന്റ് നിര്‍മിച്ച ഏതെങ്കിലും നിയമമനുസരിച്ചുള്ള യോഗ്യതനേടി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടുള്ളവരോ ആയിട്ടുള്ള ആളുകള്‍ അടങ്ങിയ സമ്മതിദായകസംഘം തെരഞ്ഞെടുക്കുന്നു.
(സി) ഏതാണ്ട് പന്ത്രണ്ടിലൊരു ഭാഗം അംഗങ്ങളെ പാര്‍ലമെന്റ് നിര്‍മിച്ച ഏതെങ്കിലും നിയമമനുസരിച്ച്, സെക്കണ്ടറി സ്കൂളിനു താഴെയല്ലാത്ത വിദ്യാഭ്യാസസ്ഥാപനത്തില്‍ മൂന്ന് വര്‍ഷമായി അധ്യാപകവൃത്തിയിലേര്‍പ്പെട്ടിരിക്കുന്നവരുടെ സമ്മതിദായക സംഘം തെരഞ്ഞെടുക്കുന്നു.
(ഡി) ഏതാണ്ട് മൂന്നിലൊരുഭാഗം അംഗങ്ങളെ നിയമസഭാംഗങ്ങളല്ലാത്തവരില്‍ നിന്ന് നിയമസഭാംഗങ്ങള്‍ തെരഞ്ഞെടുക്കുന്നു.
(ഇ) ശേഷിക്കുന്നവരെ 171-ാം വകുപ്പ് (3)-ാം ഉപവകുപ്പനുസരിച്ച് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്യുന്നു.
മൂന്നാം ഉപവകുപ്പിലെ (ഇ) ഖണ്ഡികയനുസരിച്ച് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്യുന്നവര്‍ സാഹിത്യം, ശാസ്ത്രം, കല, സഹകരണപ്രസ്ഥാനം, സാമൂഹ്യസേവനം എന്നീ രംഗങ്ങളില്‍ പ്രത്യേക പരിജ്ഞാനമോ പ്രായോഗികജ്ഞാനമോ ഉള്ളവരായിരിക്കേണ്ടതാണ്. സമാനമായ രീതിയില്‍ ദേശീയ പാര്‍ലമെന്റിന്റെ ഘടകമായ ഉപരിസഭ അഥവാ രാജ്യസഭ രൂപപ്പെടുത്താനും നിര്‍ണയിക്കപ്പെട്ട എണ്ണം അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനും പ്രസിഡന്റിന് അധികാരമുണ്ട്. ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷനിലായിരിക്കും ഇങ്ങനെ ലോക്സഭ, രാജ്യസഭ, നിയമസഭ, നിയമനിര്‍മാണ സമിതി എന്നിവയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പിന്റെ നിര്‍വഹണാധികാരം.
സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പാനല്‍ ഒഫ് ചെയര്‍ പേഴ്സണ്‍സ്, സഭാനേതാവ്, പ്രതിപക്ഷനേതാവ്, കക്ഷിനേതാക്കള്‍, നിയമസഭാസെക്രട്ടറി, നിയമസഭാംഗങ്ങള്‍ എന്നിവരടങ്ങുന്ന ഒരു നിയതഘടനയാണ് നിയമസഭയ്ക്കുള്ളത്.
സ്പീക്കര്‍
നിയമസഭയുടെ പരമാധികാരി സ്പീക്കര്‍ ആയിരിക്കും. സഭയില്‍ ഭൂരിപക്ഷമുള്ള കക്ഷിയുടെയോ, കക്ഷികളുടെയോ പ്രതിനിധിയായിരിക്കും സ്വാഭാവികമായി സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുക. സ്പീക്കര്‍ പദവിയില്‍ ചുമതലയേറ്റു കഴിഞ്ഞാല്‍, പിന്നെ പ്രകടമായ രാഷ്ട്രീയ ബന്ധമുണ്ടായിക്കൂടാ എന്നാണ് വിവക്ഷ. സഭയുടെ മുഖ്യമായ വക്താവും സ്പീക്കര്‍ ആയിരിക്കും. സ്പീക്കറുടെ ആഫീസ് മുഖേനയാണ് എല്ലാവിധ സര്‍ക്കാര്‍ അറിയിപ്പുകളും വരുന്നതും സഭയിലേക്ക് പോകുന്നതും. സഭയുടെ സ്ഥിരം അധ്യക്ഷന്‍ സ്പീക്കര്‍ തന്നെയാണ്. സ്പീക്കര്‍ എഴുന്നേറ്റ് നിന്നാല്‍ സഭ നിശ്ശബ്ദമാകണം. ഒരു അംഗം സംസാരിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍പ്പോലും സംഭാഷണം നിര്‍ത്തണം.
ഒരംഗത്തെ സംസാരിക്കാന്‍ ക്ഷണിക്കുന്നതും സമയം നിശ്ചയിക്കുന്നതും സ്പീക്കര്‍ ആയിരിക്കും. ഏതെങ്കിലും ഒരു അംഗം ക്രമപ്രശ്നം ഉന്നയിച്ചാല്‍ അതിന്മേല് അന്തിമതീരുമാനം പ്രഖ്യാപിക്കുന്നത് സ്പീക്കര്‍ ആണ് (Ruling). സഭയെ സംബന്ധിച്ച ഭരണഘടനാപരമായ പരാമര്‍ശങ്ങള്‍ വ്യാഖ്യാനിക്കാന്‍ സ്പീക്കര്‍ക്ക് അധികാരമുണ്ട്. ഈ അധികാരത്തെ ചോദ്യം ചെയ്യാനോ വിവാദമാക്കാനോ മറ്റാര്‍ക്കുംതന്നെ അവകാശമില്ല. അപ്രസക്തവും അനാവശ്യവുമായ കാര്യങ്ങള്‍ അംഗങ്ങളുടെ പ്രസംഗത്തില്‍ ഉള്‍പ്പെട്ടാല്‍ അവയെല്ലാം സഭാരേഖയില്‍ നിന്നും നീക്കം ചെയ്യാന്‍ സ്പീക്കര്‍ക്ക് അവകാശമുണ്ട്. സഭയ്ക്കുള്ളില്‍ അനുചിതമായി പെരുമാറുന്ന പക്ഷം ഒരംഗത്തെ സഭയ്ക്ക് പുറത്ത് പോകാന്‍ സ്പീക്കര്‍ക്ക് നിര്‍ദേശിക്കാം. സഭാനടപടികളില്‍ അപമര്യാദയായി ഇടപെടുന്ന ഒരംഗത്തെ സസ്പെന്‍ഡ് ചെയ്യാനും സ്പീക്കര്‍ക്ക് അധികാരമുണ്ട്. സഭയ്ക്കുള്ളില്‍ അതിക്രമങ്ങളും മറ്റു വിധത്തിലുള്ള തടസ്സപ്പെടുത്തലുകളുമുണ്ടായാല്‍, സഭ നിര്‍ത്തിവയ്ക്കാനോ നടപടിക്രമങ്ങള്‍ വെട്ടിച്ചുരുക്കാനോ സ്പീക്കര്‍ക്ക് അവകാശാധികാരങ്ങളുണ്ട്. പക്ഷേ കക്ഷിനേതാക്കളുമായിട്ടും സഭാസെക്രട്ടറിയുമായിട്ടും കൂടിയാലോചിച്ചാണ് ഈ അധികാരം പ്രയോഗിക്കേണ്ടത്. സഭാസമിതികളിലേക്ക് അംഗങ്ങളെ നിര്‍ദേശിക്കുന്നത് സ്പീക്കര്‍ ആയിരിക്കും. ഇതും കക്ഷി നേതാക്കളുമായി കൂടിയാലോചിച്ചായിരിക്കണം ചെയ്യേണ്ടത്.
ഡെപ്യൂട്ടി സ്പീക്കര്‍
സ്പീക്കര്‍ കഴിഞ്ഞാല്‍ ഭരണഘടനാപരമായി അധികാരാവകാശങ്ങളുള്ള സ്ഥാനമാണ് ഉപാധ്യക്ഷന്റേത്. അംഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഡെപ്യൂട്ടി സ്പീക്കര്‍ സഭയോട് മാത്രമാണ് ഉത്തരവാദപ്പെട്ടിരിക്കുന്നത്. സ്പീക്കറുടെ അഭാവത്തില്‍ സഭാധ്യക്ഷസ്ഥാനം നിര്‍വഹിക്കുന്ന ഡെപ്യൂട്ടി സ്പീക്കര്‍ക്ക് സ്പീക്കറുടെ എല്ലാ അധികാരങ്ങളുമുണ്ട്. സഭയുടെ മറ്റ് നടപടിക്രമങ്ങളിലും വോട്ടെടുപ്പിലും ഡെപ്യൂട്ടി സ്പീക്കര്‍ക്ക് സാധാരണഗതിയില്‍ പങ്കെടുക്കാം. എന്നാല്‍ ഈ അവകാശം അധ്യക്ഷസ്ഥാനത്തിരിക്കുമ്പോള്‍ ഉണ്ടായിരിക്കില്ല.
അധ്യക്ഷനിര (Panel of Chairman)
സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവരുടെ അഭാവത്തില്‍ സഭയില്‍ അധ്യക്ഷപദവി അലങ്കരിക്കുന്നതിന് ഓരോ സമ്മേളനത്തിന്റെയും തുടക്കത്തില്‍ സ്പീക്കര്‍ നാമനിര്‍ദേശം ചെയ്യുന്ന മൂന്ന് പരിചയസമ്പന്നരായ അംഗങ്ങള്‍ അടങ്ങിയതായിരിക്കും ഈ സമിതി. സാധാരണയായി ഇതില്‍ രണ്ടുപേര്‍ ഭരണപക്ഷത്തുനിന്നും ഒരാള്‍ പ്രതിപക്ഷത്തുനിന്നുമായിരിക്കും. സഭാധ്യക്ഷസ്ഥാനം അലങ്കരിക്കുന്ന വേളയില്‍ ഈ അംഗങ്ങള്‍ക്ക് സ്പീക്കറുടെ എല്ലാവിധ അവകാശാധികാരങ്ങളുമുണ്ടായിരിക്കും. സ്പീക്കറും, ഡെപ്യൂട്ടി സ്പീക്കറും മറ്റു പരിപാടികളിലായിരിക്കുമ്പോള്‍ അവരുടെ നിര്‍ദേശപ്രകാരമാണ് ഈ സമിതിയിലെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കേണ്ടത്.
സഭാനേതാവ്
സഭാനേതാവ് മുഖ്യമന്ത്രിയായിരിക്കും. മുഖ്യമന്ത്രിയുടെ ഒരു ആഫീസ് നിയമസഭാ സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടാകും. എന്നാല്‍ 'മുഖ്യമന്ത്രി' ഏതെങ്കിലും നിയമസഭാ നിയോജകമണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആളല്ലെങ്കില്‍ തത്കാലത്തേക്ക് ഭരണകക്ഷിയിലെ മുതിര്‍ന്നഅംഗം ആ 'സഭാനേതാവിന്റെ' ചുമതലകള്‍ വഹിക്കും.
സഭാസമ്മേളനം വിളിച്ചുചേര്‍ക്കാനും നിര്‍ത്തിവയ്ക്കുന്നതിനുമുള്ള നിര്‍ദേശം നല്‍കുന്നത് സഭാനേതാവാണ്. നടപടിക്രമങ്ങളും മറ്റ് അജണ്ടകളും അവയുടെ മുന്‍ഗണനയും നിശ്ചയിച്ച് നിര്‍ദേശിക്കുന്നതും സഭാനേതാവായിരിക്കും. സ്പീക്കര്‍ സഭാനേതാവുമായി ആലോചിച്ചുമാത്രമേ നടപടിക്രമങ്ങള്‍ തീരുമാനിക്കാവൂ. സഭയ്ക്കുള്ളിലെ നടപടിക്രമങ്ങള്‍ നിരീക്ഷിച്ച്, എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടായാല്‍ അതില്‍ ഇടപെട്ട് സഭാതലം ശാന്തമാക്കാനും സഭാനേതാവ് ശ്രമിക്കേണ്ടതുണ്ട്. ഗവണ്മെന്റു വക്താവ് എന്ന നിലയില്‍ സഭയില്‍ ഉയര്‍ന്നുവരുന്ന ഭേദഗതികളെ സംബന്ധിച്ചും സ്വകാര്യബില്ലുകളെ സംബന്ധിച്ചും അവസാനവാക്ക് സഭാനേതാവിന്റേതായിരിക്കും. ഇതുകൊണ്ടുതന്നെ നിയമസഭയുടെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും നിര്‍ണായകസ്ഥാനം സഭാനേതാവിനായിരിക്കും. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്ത് സഭാനടപടികള്‍ സുഗമമാക്കുന്നതിനും സഭാനേതാവിന് ബാധ്യതയുണ്ട്.
പ്രതിപക്ഷ നേതാവ്
സഭയില്‍ ഏറ്റവും കൂടുതല്‍ അംഗബലമുള്ള പ്രതിപക്ഷകക്ഷിയുടെ നേതാവാണ് പ്രതിപക്ഷനേതാവ്. സഭാനേതാവിന് സമാനമായ പ്രത്യേക അവകാശം സഭയ്ക്കുള്ളില്‍ പ്രതിപക്ഷനേതാവിനുണ്ട്. പക്ഷേ, അധികാരങ്ങള്‍ ഉണ്ടായിരിക്കില്ല. സഭയുടെ അവിഭാജ്യഘടകമായ കാര്യോപദേശക സമിതിയില്‍ പ്രതിപക്ഷനേതാവും അംഗമാണ്. സുപ്രധാനമായ ഗവണ്മെന്റ് നടപടികള്‍ സഭയില്‍ മറച്ചുവയ്ക്കുകയോ, വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കപ്പെടുകയോ ചെയ്താല്‍ പ്രതിപക്ഷനേതാവിന് ഇതു സംബന്ധിച്ച പ്രത്യേകം ചര്‍ച്ച നടത്താനും പ്രശ്നം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും കഴിയും.
കക്ഷി നേതാക്കള്‍
നിയമസഭയില്‍ ഒരു നിശ്ചിത എണ്ണം അംഗങ്ങള്‍ സ്വന്തമായുള്ള പാര്‍ട്ടിയെ നിയമസഭാകക്ഷി എന്നു പറയാം. എട്ട് അംഗങ്ങള്‍ക്ക് താഴെ രണ്ടുപേര്‍ വരെ മാത്രമുള്ളവയെ നിയമസഭാഗ്രൂപ്പ് (Group) എന്നു വിളിക്കുന്നു. ഓരോ നിയമസഭാ കക്ഷിക്കും ഓരോ നേതാവുണ്ടായിരിക്കും. ഇദ്ദേഹം 'നിയമസഭാകക്ഷി/പാര്‍ട്ടി സെക്രട്ടറി' എന്നറിയപ്പെടുന്നു. പാര്‍ട്ടിയും നിയമസഭയും തമ്മില്‍ ഏകോപിപ്പിക്കുന്നതിന് ഇദ്ദേഹം മുന്‍കൈയെടുക്കും. സഭയില്‍ തന്റെ പാര്‍ട്ടിയില്‍പ്പെട്ട അംഗങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങളില്‍ ഇടപെട്ട് സ്പീക്കറെ സഹായിക്കുന്ന ഉത്തരവാദിത്വം ഇദ്ദേഹത്തിന്റേതാണ്. കക്ഷിനേതാവിനു പുറമേ 'പാര്‍ട്ടി വിപ്പ്' എന്ന പദവിയുമുണ്ട്. സ്വന്തം പാര്‍ട്ടിയംഗങ്ങള്‍ക്ക് യഥാസമയം നിര്‍ദേശം നല്‍കുന്നതും സഭയില്‍ സാന്നിധ്യം ഉറപ്പാക്കുന്നതും ഇദ്ദേഹമാണ്.
നിയമസഭാ സെക്രട്ടറിയും സെക്രട്ടറിയേറ്റും
നിയമസഭാ സെക്രട്ടറി മുഖ്യചുമതലക്കാരനായി ഒരു ഉദ്യോഗസ്ഥവൃന്ദവും നിയമസഭയുടെ ഭാഗമാണ്. സ്പീക്കറുടെ നിയന്ത്രണാധീനതയിലാണ് നിയമസഭാ സെക്രട്ടറിയേറ്റ് പ്രവര്‍ത്തിക്കുന്നത്. നിയമസഭാ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും സമുചിതവുമാകുന്നതിന് ഈ ഔദ്യോഗികവൃന്ദത്തിന്റെ പങ്ക് നിര്‍ണായകമാണ്. നിയമസഭാചട്ടങ്ങളും കീഴ്വഴക്കങ്ങളും രൂപപ്പെടുത്തുന്നതില്‍ സെക്രട്ടറി വിദഗ്ധമായ പങ്കുതന്നെ വഹിക്കണം. നിയമസഭാസമ്മേളനം ചേരുന്ന വേളയില്‍ സെക്രട്ടറി ചേമ്പറില്‍ സന്നിഹിതനായിരിക്കണം. സ്പീക്കറുടെ ചേമ്പറിന് തൊട്ടുതാഴെയാണ് സെക്രട്ടറിയുടെ ഇരിപ്പിടം. എല്ലായ്പ്പോഴും പരസ്പരം കൂടിയാലോചന നടത്തുന്നതിനാണ് ഇത്തരം ഇരിപ്പിടസമ്പ്രദായം ഒരുക്കിയിരിക്കുന്നത്. സ്പീക്കറുടെ അധികാരവും കടമകളും നിര്‍വഹിക്കുന്നതിന് ഒരു 'സഹായി'യായി എപ്പോഴും സെക്രട്ടറി പ്രവര്‍ത്തിക്കും. സെക്രട്ടറിയും സ്പീക്കറും തമ്മില്‍ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് നിയമസഭയുടെ നടപടിക്രമങ്ങളുടെ വിജയത്തിനാധാരം.
സെക്രട്ടറി, ഭരണ-പ്രതിപക്ഷഭേദമന്യേ എല്ലാ അംഗങ്ങള്‍ക്കും സഹായകരമായി പ്രവര്‍ത്തിക്കണം. ഭരണപരമായ ചുമതലകള്‍ ഇദ്ദേഹം മറ്റ് ഉദ്യോഗസ്ഥര്‍ക്കായി വിഭജിച്ചുനല്കും. ജനറല്‍ ബ്രാഞ്ച്, അക്കൗണ്ട്സ് ബ്രാഞ്ച്, കമ്മിറ്റീസ്ബ്രാഞ്ച്, എഡിറ്റിങ്ബ്രാഞ്ച്, റിസര്‍ച്ച്-റഫറന്‍സ് ബ്രാഞ്ച് എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളായിട്ടാണ് നിയമസഭാ സെക്രട്ടറിയേറ്റ് പ്രവര്‍ത്തിക്കുന്നത് നോ: കേരളനിയമസഭ.
സമാനമായ ഘടനയില്‍ പാര്‍ലമെന്റിലെ ഇരുഭസകളുടെയും രൂപീകരണവും നടത്തിപ്പും ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്.
നിയമസഭയും ഗവര്‍ണറും
നിയമസഭ വിളിച്ചുകൂട്ടുക, നിര്‍ത്തിവയ്ക്കുക, പിരിച്ചുവിടുക എന്നിവ ഗവര്‍ണറുടെ അധികാരപരിധിയില്‍പ്പെടുന്നവയാണ്. സംസ്ഥാന നിയമനിര്‍മാണസഭയുടെ അധോമണ്ഡലമായ ലെജിസ്ളേറ്റീവ് അസംബ്ളി പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്കധികാരമുണ്ട്. സംസ്ഥാന നിയമസഭ പാസ്സാക്കുന്ന ബില്ലുകള്‍ ഗവര്‍ണറുടെ അംഗീകാരത്തിനായി സമര്‍പ്പിക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന് അത് അംഗീകരിക്കാനോ, സഭയുടെ തന്നെ പുനരാലോചനയ്ക്കായി തിരിച്ചയയ്ക്കാനോ, വേണമെന്നു കണ്ടാല്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി നീക്കിവയ്ക്കാനോ അവകാശമുണ്ട്.
ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ തലവന്‍ സംസ്ഥാന ഗവര്‍ണറാണ്. ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ എക്സിക്യൂട്ടീവ് അധികാരം മന്ത്രിസഭയിലൂടെ വിനിയോഗിക്കുന്നു. മുഖ്യമന്ത്രിയേയും മുഖ്യമന്ത്രിയുടെ ഉപദേശമനുസരിച്ച് മറ്റു മന്ത്രിമാരെയും നിയമിക്കുന്നത് ഗവര്‍ണറാണ്. സംസ്ഥാന ഗവണ്മെന്റിന്റെ എല്ലാ എക്സിക്യൂട്ടീവ് ഉത്തരവുകളുടെയും ഔദ്യോഗിക പ്രഖ്യാപനം ഗവര്‍ണറുടെ പേരിലാണ്.
ഒരു പൊതുതെരഞ്ഞെടുപ്പിനുശേഷം വിളിച്ചുകൂട്ടുന്ന നിയമസഭാസമ്മേളനത്തിന്റെ പ്രഥമയോഗത്തിലും ഓരോ വര്‍ഷത്തിലുമുള്ള പ്രഥമ സമ്മേളനത്തിലും ഗവര്‍ണര്‍ നിയമസഭയെ അഭിസംബോധനചെയ്തു സംസാരിക്കുന്നു. 'നയപ്രഖ്യാപനം' എന്നാണ് ഇതിനു പറയുക. നിയമനിര്‍മാണസഭ സമ്മേളിക്കാത്ത അവസരത്തില്‍ ഏതെങ്കിലും വിഷയത്തെ സംബന്ധിച്ച് അടിയന്തിര നടപടി ആവശ്യമാണെന്ന് ഗവര്‍ണര്‍ക്ക് ബോധ്യപ്പെട്ടാല്‍ അതിനാവശ്യമായ ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കാന്‍ ഗവര്‍ണര്‍ അധികാരപ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ ഓര്‍ഡിനന്‍സുകള്‍ക്ക് സംസ്ഥാന നിയമസഭയുടെ തൊട്ടടുത്ത പുനഃസമ്മേളനത്തില്‍ വച്ച് അംഗീകാരം നേടേണ്ടതാണ്. അല്ലാത്തപക്ഷം നിയമസഭ സമ്മേളിച്ച് ആറാഴ്ച കഴിയുന്നതോടെ ഓര്‍ഡിനന്‍സ് അസാധുവായിത്തീരും. സാമ്പത്തിക കാര്യങ്ങളില്‍ ഗവര്‍ണറുടെ ശിപാര്‍ശ കൂടാതെ യാതൊരു ധനാഭ്യര്‍ഥനയും പാടില്ല. ഓരോ സാമ്പത്തിക വര്‍ഷത്തിലും അതതു വര്‍ഷത്തെ അടങ്കല്‍ വരുമാനവും ചെലവും അടങ്ങുന്ന ബജറ്റ് അസംബ്ളിയുടെ മുന്പില് സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ധനബില്ലുകളെ സംബന്ധിച്ചിടത്തോളം ഗവര്‍ണര്‍ക്ക് വീറ്റോ അധികാരമില്ല.
ഇന്ത്യന്‍ ഭരണഘടനയുടെ 174(1) വകുപ്പുപ്രകാരം ഗവര്‍ണര്‍ക്ക് കാലാകാലങ്ങളില്‍ സംസ്ഥാന നിയമസഭയുടെ ഒരു സഭയോ ഇരുസഭകളുമോ തനിക്കു യുക്തമെന്നു തോന്നുന്ന സമയത്തും സ്ഥലത്തും സമ്മേളിക്കണമെന്ന് ആവശ്യപ്പെടാം. എന്നാല്‍ ഒരു സമ്മേളനത്തിന്റെ അവസാന സിറ്റിങ്ങും അടുത്ത സമ്മേളനത്തിന്റെ ആദ്യ സിറ്റിങ്ങിനു നിശ്ചയിച്ചിട്ടുള്ള തീയതിയും തമ്മിലുള്ള ദൈര്‍ഘ്യം ആറ് മാസത്തില്‍ കവിയരുത്.
ഓരോ പൊതുതെരഞ്ഞെടുപ്പിനുശേഷവും നിയമസഭയിലേക്കുള്ള ആദ്യത്തെ സമ്മേളനം ആരംഭിക്കുമ്പോഴും, ഓരോ വര്‍ഷത്തെയും ആദ്യ സമ്മേളനാരംഭത്തിലും ഗവര്‍ണര്‍ നിയമസഭയെ അഭിസംബോധന ചെയ്യുകയും സഭ വിളിച്ചുകൂട്ടിയതിന്റെ ലക്ഷ്യങ്ങള്‍ വിശദീകരിക്കുകയും ചെയ്യേണ്ടതാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ഗവര്‍ണര്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ പുറപ്പെടുവിക്കാന്‍ പാടില്ല. അദ്ദേഹം മന്ത്രിസഭയുടെ അഭിപ്രായമാണ് പ്രകടിപ്പിക്കേണ്ടത്. ഇതിനെ 'നയപ്രഖ്യാപന പ്രസംഗം' എന്നു വിശേഷിപ്പിക്കുന്നു.
ഭരണഘടനയുടെ 174(2) (എ) വകുപ്പനുസരിച്ച് നിയമസഭാ സമ്മേളനം നിര്‍ത്തിവയ്ക്കാന്‍ ഗവര്‍ണര്‍ക്കധികാരമുണ്ട്. മുഖ്യമന്ത്രിയുടെ ഉപദേശാനുസരണം ഈ അധികാരം പ്രയോഗിക്കണമെന്നാണ് വിവക്ഷ. ഒരു മന്ത്രിസഭയെ പതനത്തില്‍ നിന്ന് രക്ഷിക്കാന്‍ ഈ അധികാരം ഉപയോഗിക്കാം.
ഭരണഘടനയുടെ 356-ാം വകുപ്പുപ്രകാരം നിയമസഭ പിരിച്ചുവിടാനുള്ള അധികാരം ഇന്ത്യന്‍ പ്രസിഡന്റില്‍ നിക്ഷിപ്തമാണ്. ഇത് ഗവര്‍ണറുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലായിരിക്കണം. ഗവര്‍ണര്‍ ഇങ്ങനെ ശിപാര്‍ശ ചെയ്യുന്നത് സഭാനേതാവായ മുഖ്യമന്ത്രിക്ക് സഭയില്‍ ഭൂരിപക്ഷമുള്ളപ്പോള്‍ നല്കുന്ന ഉപദേശപ്രകാരമാകണം.
നിയമസഭാചട്ടങ്ങളും കീഴ്വഴക്കങ്ങളും
നിയമസഭ ചേരുന്ന ദിവസങ്ങളില്‍ ആദ്യത്തെ ഒരു മണിക്കൂര്‍ പൊതുപ്രാധാന്യമുള്ള വിഷയങ്ങളെ സംബന്ധിച്ച് അംഗങ്ങള്‍ക്ക് ബന്ധപ്പെട്ട മന്ത്രിമാരില്‍നിന്നും വിവരങ്ങള്‍ ആരായുന്നതിനുള്ള അവസരമാണ്. ചോദ്യോത്തരവേള ജനാധിപത്യ വ്യവസ്ഥയില്‍ എക്സിക്യൂട്ടീവിന് നിയമസഭയോടുള്ള ഉത്തരവാദിത്വം ഉറപ്പുവരുത്തുന്നതിനും നിയമസഭയ്ക്ക് എക്സിക്യൂട്ടീവിനുമേല്‍ ഫലപ്രദമായ നിയന്ത്രണം പ്രായോഗികമാക്കുന്നതിനും വേണ്ടിയാണ് ഈ ചോദ്യോത്തരവേള.
[കേരള നിയമസഭയിലെ ഒരു ബജറ്റ് അവതരണ ദൃശ്യം(2008)]
നയപ്രഖ്യാപനം, ബജറ്റവതരണം, പ്രമുഖ വ്യക്തികളുടെ നിര്യാണം സംബന്ധിച്ച റഫറന്‍സ് എന്നിവ നടക്കുന്ന ദിവസങ്ങള്‍ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ചോദ്യോത്തരവേള ഉണ്ടാകാറുണ്ട്. സാധാരണയായി 12 ദിവസങ്ങളില്‍ക്കുറയാത്ത സമയത്തിനുള്ളില്‍ ചോദ്യത്തിനുള്ള നോട്ടീസ് നല്‍കേണ്ടതാണ്. അംഗങ്ങള്‍ ചോദ്യങ്ങള്‍ക്കുള്ള നോട്ടീസ് നിശ്ചിത ഫോറത്തില്‍, മന്ത്രിയുടെ ഔദ്യോഗിക പേരില്‍, ഏത് ദിവസത്തേക്കാണ് മറുപടി ആവശ്യമായിട്ടുള്ളത് എന്ന് രേഖപ്പെടുത്തി നിയമസഭാസെക്രട്ടറിക്കു നല്‍കണം. ചോദ്യം അനുവദിക്കുന്നതിനുള്ള അധികാരം സ്പീക്കര്‍ക്കോ സ്പീക്കറുടെ ചുമതല വഹിക്കുന്ന അംഗത്തിനോ ആണ്. അടിയന്തരഘട്ടങ്ങളില്‍ ചോദ്യങ്ങള്‍ക്കുള്ള നോട്ടീസ്കാലയളവിന് ഇളവ് അനുവദിക്കാന്‍ സ്പീക്കര്‍ക്ക് അധികാരമുണ്ട്. ചോദ്യങ്ങളെ നക്ഷത്രചിഹ്നമിട്ടവ, നക്ഷത്രചിഹ്നമിടാത്തവ, അടിയന്തരചോദ്യം എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നു. സഭാതലത്തില്‍ വാക്കാല്‍ മറുപടി ലഭിക്കേണ്ടതും ഉപചോദ്യങ്ങള്‍ ചോദിക്കാവുന്നതുമായ ചോദ്യങ്ങളെ നക്ഷത്രചിഹ്നമിട്ട ചോദ്യം എന്നു പറയുന്നു. സ്ഥിതിവിവരക്കണക്കുകളോ, സഭയുടെ മേശപ്പുറത്ത് വയ്ക്കാവുന്ന രേഖകളോ ആവശ്യപ്പെടുന്ന ചോദ്യങ്ങളെ നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങളുടെ പട്ടികയില്‍പ്പെടുത്താന്‍ പാടില്ല. പ്രാദേശിക കാര്യങ്ങളെയും വ്യക്തികളെയും സംബന്ധിക്കുന്ന ചോദ്യങ്ങളും സാധാരണഗതിയില്‍ നക്ഷത്രചിഹ്നമിട്ട ചോദ്യമായി പരിഗണിക്കാറില്ല.
നിലവിലുള്ള ചട്ടപ്രകാരം ഒരംഗത്തിന് ഒരു ദിവസം പരമാവധി അഞ്ച് ചോദ്യങ്ങള്‍ക്ക് നോട്ടീസ് നല്‍കാം. ഇതില്‍ത്തന്നെ രണ്ടെണ്ണം മാത്രമേ നക്ഷത്ര ചിഹ്നമിട്ട വിഭാഗത്തില്‍ അനുവദിക്കുകയുള്ളു. വാക്കാല്‍ മറുപടി പറയേണ്ട ചോദ്യങ്ങളുടെ പട്ടികയില്‍ ആകെ 30 ചോദ്യങ്ങള്‍ മാത്രമേ ഒരു ദിവസം അനുവദിക്കുകയുള്ളു. ഒരു ചോദ്യം നക്ഷത്രചിഹ്നമിട്ടതാണോ, അല്ലയോ എന്ന് തീരുമാനിക്കുന്നതിനുള്ള അധികാരം സഭാധ്യക്ഷനാണ്. നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങളുടെ പട്ടികയില്‍ ചേര്‍ത്തിട്ടുള്ള ക്രമമനുസരിച്ച് ഓരോ അംഗത്തെയും ചോദ്യം ഉന്നയിക്കുന്നതിനായി സഭാധ്യക്ഷന് ക്ഷണിക്കുന്നു. നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുള്ള എല്ലാ അംഗങ്ങളുടെയും പേര് ഒന്നിച്ചിട്ട് നറുക്കെടുത്ത് ചോദ്യങ്ങള്‍ ചോദിക്കുന്നതിനുള്ള മുന്‍ഗണനാക്രമം നിശ്ചയിക്കുന്നു. ചോദ്യത്തിന് നോട്ടീസ് നല്കിയ അംഗം സഭയില്‍ ഹാജരില്ലെങ്കില്‍ മറ്റൊരു അംഗത്തിന്റെ അഭ്യര്‍ഥനപ്രകാരം പ്രത്യേക ചോദ്യത്തിന് മറുപടി നല്കാന് സഭാധ്യക്ഷന് മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കാവുന്നതാണ്.
മറുപടി നല്കിയ ഏതെങ്കിലും പ്രശ്നം സംബന്ധിച്ച് കൂടുതല്‍ വിശദീകരണം തേടുന്നതിനായി സ്പീക്കറുടെ അനുമതിയോടെ ഏതൊരംഗത്തിനും ഒരു ഉപചോദ്യം ചോദിക്കാവുന്നതാണ്. സഭയില്‍ തുടര്‍ന്നുവരുന്ന കീഴ്വഴക്കമനുസരിച്ച് നോട്ടീസ് നല്കിയ അംഗത്തിന് രണ്ട് ഉപചോദ്യം ചോദിക്കാവുന്നതാണ്. നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ രേഖാമൂലമാണ് മറുപടി നല്‍കുന്നത്.
ഹ്രസ്വകാല നോട്ടീസ് മുഖേന അടിയന്തര ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിനും അംഗങ്ങള്‍ക്ക് അവകാശമുണ്ട്. അടിയന്തര ചോദ്യം ഉന്നയിക്കാനാഗ്രഹിക്കുന്ന അംഗം അതിനുള്ള കാരണങ്ങള്‍ ചുരുക്കി പ്രതിപാദിക്കണം. പ്രസ്തുത ചോദ്യം അടിയന്തര പ്രാധാന്യമുള്ളതാണെന്ന് സഭാധ്യക്ഷന് അഭിപ്രായമുള്ളപക്ഷം, ബന്ധപ്പെട്ട മന്ത്രിയുടെ സമ്മതത്തോടെ അനുമതി നല്‍കണം. ചോദ്യത്തിന്റെ ഉത്തരത്തില്‍ നിന്നുളവാകുന്ന പൊതു പ്രാധാന്യമുള്ള കാര്യങ്ങളെക്കുറിച്ച് അരമണിക്കൂര്‍ ചര്‍ച്ചയ്ക്ക് നോട്ടീസ് നല്‍കുന്നതിന് അംഗങ്ങള്‍ക്ക് ചട്ടം 49 അനുസരിച്ച് അവകാശമുണ്ട്. ആഴ്ചയില്‍ മൂന്നു ദിവസം വരെ ഇപ്രകാരമുള്ള ചര്‍ച്ചയ്ക്ക് സഭാധ്യക്ഷന് സമയം അനുവദിക്കാവുന്നതാണ്.
ബജറ്റ് അവതരണവും അംഗീകരിക്കലും
ഭരണഘടനയുടെ 202-ാം അനുച്ഛേദം 1-ാം ഖണ്ഡമനുസരിച്ച് ഒരു സാമ്പത്തിക വര്‍ഷത്തെ വരവു ചെലവ് സംബന്ധിച്ച്, നിയമസഭമുമ്പാകെ വയ്ക്കുന്ന ഒരു സ്റ്റേറ്റ്മെന്റാണ് ബജറ്റ്.
ചെലവുകള്‍ നടത്തുന്നതിന് നിയമസഭയുടെ അനുമതിയും അംഗീകാരവും നേടാനുള്ള മാര്‍ഗമെന്നതിനോടൊപ്പം സാമ്പത്തിക കാര്യങ്ങളില്‍ സഭയോടുള്ള ഉത്തരവാദിത്തം പാലിക്കുന്നതിനും സഭയ്ക്കുള്ള നിയന്ത്രണം ഉറപ്പുവരുത്തുന്നതിനുമുള്ള ഒരു ഉപാധി കൂടിയാണിത്. ബജറ്റിന്റെ രൂപരേഖ തയ്യാറാകുന്നതും മന്ത്രിസഭയുടെ അംഗീകാരം നേടുന്നതും ധനകാര്യവകുപ്പാണ്.
ഓരോ വര്‍ഷവും ഒരു നിശ്ചിത ദിവസം നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കപ്പെടുന്നു. സാധാരണഗതിയില്‍ ധനകാര്യമന്ത്രിയാണ് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാറുള്ളത്. ഒരു ബജറ്റ് പ്രസംഗത്തോടുകൂടിയാണ് ബജറ്റ് അവതരിപ്പിക്കുക. ഒരു സാമ്പത്തിക വര്‍ഷത്തേക്ക് (ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവാണ് ഒരു സാമ്പത്തികവര്‍ഷമായി കണക്കാക്കുന്നത്.) പ്രതീക്ഷിക്കുന്ന വരുമാനവും ചെലവും ഉള്‍ക്കൊള്ളുന്ന ധനകാര്യ പ്രസ്താവന ബജറ്റിലുണ്ടായിരിക്കും. അടുത്ത വര്‍ഷത്തേക്ക് എത്ര പണം ചെലവാക്കാമെന്നും അതില്‍ എത്രഭാഗം ആര്‍ക്ക് കൊടുക്കും, ആരില്‍ നിന്നൊക്കെ എങ്ങനെ സംഭരിക്കും എന്നുമെല്ലാം ഇതില്‍ വിശദീകരിക്കും. മന്ത്രിയുടെ പ്രസംഗം സമാപിക്കുന്നതോടെ മന്ത്രിയുടെ പ്രസംഗത്തിന്റെയും ബജറ്റിന്റേയും പകര്‍പ്പ് സഭയില്‍ വിതരണം ചെയ്യുന്നു. ചട്ടം 139(1) പ്രകാരം ബജറ്റ് സഭയില്‍ അവതരിപ്പിക്കുന്ന ദിവസം അതു സംബന്ധിച്ച ചര്‍ച്ച അനുവദിക്കുന്നതല്ല.
ബജറ്റ്-ചര്‍ച്ചയും വോട്ടെടുപ്പും
ബജറ്റ് പാസ്സാക്കുന്നതുമായി ബന്ധപ്പെട്ട നിയമസഭാ നടപടിക്ക് താഴെപ്പറയുന്ന ഘട്ടങ്ങള്‍ ഉണ്ട്.
പൊതുചര്‍ച്ച. ബജറ്റ് അവതരണത്തെത്തുടര്‍ന്നുള്ള ഘട്ടമാണ് ബജറ്റ് നിര്ദേശങ്ങളിന്മേലുള്ള പൊതുചര്‍ച്ച. ഈ ഘട്ടത്തില്‍ എല്ലാ അംഗങ്ങള്‍ക്കും ബജറ്റിനെ വിലയിരുത്താം. നികുതികളുടെയും ചെലവുകളുടെയും വിശദാംശങ്ങളിലേക്ക് കടക്കുകയില്ല. എന്നാല്‍, എല്ലാവിധ ചെലവുകളെക്കുറിച്ചും സഭയില്‍ ചര്‍ച്ചയാവാം. കണ്‍സോളിഡേറ്റഡ് ഫണ്ടിന്റെ പരിധിയില്‍ വരുന്നവയെപ്പോലും സാമാജികര്‍ക്ക് വിമര്‍ശനവിധേയമാക്കാം.
ധനാഭ്യര്‍ഥന. നടപടിക്രമത്തിലെ അടുത്തഘട്ടം ധനാഭ്യര്ഥനകളിന്മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പുമാണ്. വിവിധങ്ങളായ വകുപ്പുകളിന്മേലുള്ള ധനാഭ്യര്‍ഥനകളെ അതാതു വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിമാര്‍ തന്നെയാണ് സഭയില്‍ വിശദീകരിക്കുക. തുടര്‍ന്ന് അംഗങ്ങള്‍ക്ക് സംസാരിക്കാം. ധനാഭ്യര്‍ഥനകള്‍ സ്വീകരിക്കാനോ തള്ളിക്കളയാനോ അതിലുള്ള തുക കുറവു ചെയ്യാനോ ആവശ്യപ്പെടുകയും ചെയ്യാം. എന്നാല്‍ ഇതിന്മേലുള്ള തുക വര്‍ധിപ്പിക്കാന്‍ സഭയ്ക്ക് അധികാരമില്ല. സ്പീക്കര്‍ സഭാനേതാവുമായി ആലോചിച്ച് ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമുള്ള സമയം അനുവദിക്കുന്നു. ഒരു ധനാഭ്യര്‍ഥനയുടെ സമയപരിധി കഴിഞ്ഞാല്‍ ക്ളോഷര്‍ (അവസാനിപ്പിക്കല്‍) തീരുമാനപ്രകാരം അത് വോട്ടിനിടുന്നു.
ധനവിനിയോഗ ബില്ലിന്മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പും. എല്ലാ ധനാഭ്യര്‍ഥനകളും സഭ പാസ്സാക്കിയതിനുശേഷം ധനവിനിയോഗബില്‍ സഭയില്‍ അവതരിപ്പിക്കുന്നു. ധനാഭ്യര്‍ഥനയുടെ ചര്‍ച്ചാവേളയില്‍ പരാമര്‍ശിച്ചിട്ടില്ലാത്ത വിഷയങ്ങള്‍ മാത്രമേ ധനവിനിയോഗബില്‍ ചര്‍ച്ചയില്‍ ഉന്നയിക്കാവൂ. അതിനാല്‍ ധനവിനിയോഗബില്ലില്‍ ഏതെങ്കിലും തരത്തിലുള്ള വ്യതിയാനങ്ങളോ മാറ്റമോ ഉണ്ടാക്കുന്ന ഭേദഗതികള്‍ അനുവദനീയമല്ല. ധനവിനിയോഗബില്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്കായി അയയ്ക്കുകയില്ല; ഇതിന്മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പും ഒരേദിവസം തന്നെ നടത്തുന്നതാണ്.
വോട്ട് ഓണ്‍ അക്കൗണ്ട്. പുതിയ സാമ്പത്തികവര്‍ഷം ആരംഭിക്കുന്നതിനുമുന്പ് മുകളില്‍ പ്രതിപാദിച്ച നടപടിക്രമം പാലിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ഒരു ചെറിയ കാലയളവിലേക്ക് തുക ചെലവഴിക്കുന്നതിനുള്ള അനുവാദം തേടിക്കൊണ്ട് ധനകാര്യമന്ത്രി വോട്ട് ഓണ്‍ അക്കൗണ്ട് അവതരിപ്പിക്കുന്നു. വോട്ട് ഓണ്‍ അക്കൗണ്ട് സബ്ജക്ട് കമ്മിറ്റിക്ക് അയയ്ക്കാതെ തന്നെ സഭ പാസ്സാക്കുന്നു.
ധനകാര്യബില്‍. സര്‍ക്കാരിന്റെ ധനകാര്യ നിര്‍ദേശങ്ങള്‍ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുന്നതിനായി ബജറ്റിന്മേലുള്ള പൊതുചര്‍ച്ചയ്ക്കുശേഷം ധനകാര്യബില്‍ അവതരിപ്പിക്കുന്നു. ധനകാര്യബില്‍ 120 ദിവസത്തിനുള്ളില്‍ പാസ്സാക്കണം.
ഉപധനാഭ്യര്‍ഥനകള്‍. ഭരണഘടനയുടെ 205-ാം അനുച്ഛേദം ഉപധനാഭ്യര്‍ഥനകള്‍ അവതരിപ്പിക്കുന്നതിനുള്ള നിബന്ധനകളാണ്. ഭരണഘടനയുടെ നിബന്ധനയനുസരിച്ച് സഭ വോട്ട് ചെയ്ത തുകയേക്കാള്‍ കൂടുതല്‍ തുക ചെലവ് ചെയ്തുകൂട. ഏതെങ്കിലും ഘട്ടത്തിലുണ്ടാകുന്ന അധികചെലവുകളും സാമ്പത്തികവര്‍ഷാവസാനം ശ്രദ്ധയില്‍വരുന്ന അധികചെലവുകളും നിയമസഭയില്‍ ഉപധനാഭ്യര്‍ഥനയായി അവതരിപ്പിച്ച് സഭയുടെ അംഗീകാരം തേടേണ്ടതാണ്. ചില സാഹചര്യങ്ങളില്‍ സാമ്പത്തികവര്‍ഷം കഴിഞ്ഞു മാത്രമേ ഇത്തരം അധികച്ചെലവുകള്‍ ശ്രദ്ധയില്‍പ്പെടുകയുള്ളു. അതുപോലെ തന്നെ നിയമസഭ വോട്ട് ചെയ്ത് അനുവദിച്ച തുക ഒരിക്കലും ചെലവഴിക്കാതിരിന്നുകൂടാ. ധനാഭ്യര്‍ഥനകളുടെ കാര്യത്തില്‍ പാലിക്കുന്ന അതേനടപടിക്രമം തന്നെയാണ് ഉപധനാഭ്യര്‍ഥനയുടെയും കാര്യത്തില്‍ അനുവര്‍ത്തിക്കുന്നത്.
കണ്‍സോളിഡേറ്റഡ് ഫണ്ട്. ഓരോ സാമ്പത്തിക വര്‍ഷത്തിലും തന്നാണ്ടത്തെ അടങ്കല്‍ വരുമാനവും ചെലവും അടങ്ങുന്ന ബജറ്റ് നിയമസഭയുടെ മുന്പില് അവതരിപ്പിക്കുവാന്‍ ഗവര്‍ണര്‍ നടപടി സ്വീകരിക്കുന്നു. ബജറ്റിലെ ചെലവുകളെ കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ ചുമത്തപ്പെട്ടിരിക്കുന്ന ചെലവുകളെന്നും കണ്‍സോളിഡേറ്റ് ഫണ്ടില്‍ ചുമത്തപ്പെടാത്ത ചെലവുകളെന്നും വെവ്വേറെ കാണിച്ചിരിക്കും. സംസ്ഥാനത്തെ കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ ചുമത്തിയിരിക്കുന്ന ചെലവുകള്‍ ഇവയാണ്:
1.ഗവര്‍ണറുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും അദ്ദേഹത്തിന്റെ ഓഫീസുമായി ബന്ധപ്പെട്ട മറ്റുചെലവുകളും
2.നിയമസഭാധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടെയും ശമ്പളവും മറ്റലവന്‍സുകളും
3.ഗവണ്മെന്റിന്റെ കടങ്ങള്‍
4.ഹൈക്കോടതികളിലെ ജഡ്ജിമാരുടെ ശമ്പളവും മറ്റലവന്‍സുകളും
5.കോടതിയുടെയോ ട്രൈബൂണലുകളുടെയോ തീരുമാനമനുസരിച്ചുള്ള തുക
6.ഭരണഘടനയനുസരിച്ചോ നിയമസഭയുടെ നിയമംമൂലമോ ചെലവിനത്തില്‍ ഉള്‍പ്പെടുത്താന്‍ സമ്മതിച്ചിട്ടുള്ള മറ്റു ചെലവുകള്‍
7.ഹൈക്കോടതിയുടെ ഭരണപരമായ ചെലവുകള്‍
8.ഭരണാധികാരികള്‍ക്ക് നല്കാന് രാഷ്ട്രപതി നിശ്ചയിച്ചിട്ടുള്ള പ്രിവിപര്‍സ്
9.സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മിഷന് വരാവുന്ന ചെലവുകള്‍
ഇതില്‍ ഒന്നു മുതല്‍ ആറു വരെയുള്ള ചെലവുകള്‍ സഭയില്‍ വോട്ടിനിടാവുന്നതല്ല. എന്നാല്‍ ഇവ സഭയില്‍ ചര്‍ച്ചയ്ക്കു വിധേയമാക്കാവുന്നതാണ്.
നിയമനിര്‍മാണഘട്ടങ്ങള്‍
നിയമനിര്‍മാണസഭയുടെ പ്രധാന കര്‍ത്തവ്യം നിയമനിര്‍മാണമാണ്. ജനങ്ങളെ ബാധിക്കുന്ന ഏതെങ്കിലും വിഷയം സംബന്ധിച്ച് നിയമം നിര്‍മിക്കേണ്ടതിന്റെ ആവശ്യകത ഉണ്ടായാല്‍ പ്രസ്തുത വിഷയം സംബന്ധിച്ച് ഏതെങ്കിലും കേന്ദ്രനിയമമോ, സംസ്ഥാനനിയമമോ നിലവിലുണ്ടോ, നിയമനിര്‍മാണത്തിന് ഭരണഘടനാ സാധുതയുണ്ടാകുമോ എന്നീ കാര്യങ്ങള്‍ നിയമവകുപ്പ് പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കുന്നതോടെ നിയമനിര്‍മാണ പ്രക്രിയയുടെ പ്രഥമഘട്ടം ആരംഭിക്കുകയായി. ബന്ധപ്പെട്ട വകുപ്പ്, നിയമം നിര്‍മിക്കേണ്ട വിഷയം സംബന്ധിച്ച നിര്‍ദേശങ്ങള്‍ മന്ത്രിസഭാംഗീകാരത്തിന് സമര്‍പ്പിച്ച് അംഗീകാരം നേടണം. തുടര്‍ന്ന് നിയമവകുപ്പ് തയ്യാറാക്കുന്ന കരട് ബില്ലിന് ക്യാബിനറ്റ് അംഗീകാരം നേടിയശേഷം ബന്ധപ്പെട്ട വകുപ്പുമന്ത്രിയുടെ അംഗീകാരത്തോടെ നിയമസഭാ സെക്രട്ടേറിയറ്റിലേക്ക് പ്രസിദ്ധീകരണത്തിന് നല്കുന്നു.
സ്പീക്കറുടെ ഉത്തരവനുസരിച്ച് ബില്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നു. പ്രസിദ്ധപ്പെടുത്തിയ ബില്‍ സഭയില്‍ അവതരിപ്പിക്കുന്നതിന് വീണ്ടും അവതരണാനുമതി നേടേണ്ടതില്ല. മന്ത്രിമാര്‍ അവതരിപ്പിക്കുന്ന ബില്ലുകള്‍ ഗവണ്മെന്റിന്റെ ബില്ലുകളാണ്. മന്ത്രിമാരല്ലാത്ത അംഗങ്ങള്‍ അവതരിപ്പിക്കുന്ന ബില്ലുകളെ അനൗദ്യോഗിക ബില്ലുകള്‍ (സ്വകാര്യ ബില്ലുകള്‍) എന്നു പറയുന്നു.
നിയമനിര്‍മാണത്തിനു രണ്ടു ഘട്ടങ്ങളുണ്ട്. ഒരു നിയമനിര്‍മാണത്തിന്റെ ആദ്യ നടപടി അതിന്റെ കരട് അഥവാ ബില്‍ തയ്യാറാക്കുക എന്നതാണ്. സാങ്കേതികജ്ഞാനം ആവശ്യമുള്ള ഈ കര്‍ത്തവ്യം നിര്‍വഹിക്കുന്നത് നിയമസഭയുടെ ഒരു ചെറിയ കമ്മിറ്റിയോ (വിഷയ നിര്‍ണയസമിതി/സെലക്ട് കമ്മിറ്റി) നിയമ മന്ത്രാലയത്തിലെ നിയമവിദഗ്ധരായ ഉദ്യോഗസ്ഥരോ ആയിരിക്കും. ബില്‍ തയ്യാറാക്കിക്കഴിഞ്ഞാല്‍ ഗവര്‍ണമെന്റിനുവേണ്ടി ബന്ധപ്പെട്ട വകുപ്പ് മന്ത്രി നിയമസഭയില്‍ അവതരിപ്പിക്കും.
നിയമ നിര്‍മാണ പ്രക്രിയയുടെ രണ്ടാമത്തെ ഘടകമായ പര്യാലോചന (ചര്‍ച്ച) ആരംഭിക്കുന്നത് ഗവണ്മെന്റ് നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുന്നതോടെയാണ്. സമൂഹത്തിനുതകുന്നതരത്തില്‍ രാജ്യത്തിനാവശ്യമായ നിയമം നിര്‍മിക്കുക എന്ന കര്‍ത്തവ്യമാണ് നിയമനിര്‍മാണ വിഭാഗത്തിന്റെ പരമപ്രധാനമായ ധര്‍മം. നിയമസഭാംഗങ്ങള്‍ സമൂഹത്തിലെ വിവിധ താത്പര്യങ്ങളെ പ്രതിനിധാനം ചെയ്യുന്നവരും, വിവിധ കാഴ്ചപ്പാടുകളുള്ളവരുമായിരിക്കും. നിയമസഭയില്‍ അവതരിപ്പിക്കുന്ന ബില്‍ അംഗങ്ങളുടെ നിഷ്കൃഷ്ടമായ പരിശോധനയ്ക്കും പരിചിന്തനത്തിനും ക്രിയാത്മകമായ ചര്‍ച്ചയ്ക്കും വിമര്‍ശനത്തിനും വിധേയമാകും എന്നാണ് സങ്കല്പം.
ബില്ലിന്റെ ഉള്ളടക്കത്തെ ആധാരമാക്കി ബില്ലുകളെ ഒറിജിനല്‍ ബില്‍, ഭേദഗതിബില്‍, കണ്‍സോളിഡേറ്റഡ് ബില്‍, കാലഹരണപ്പെട്ടുപോകുന്ന ബില്ലുകള്‍ തുടര്‍ന്ന് നിലനിര്‍ത്താനുള്ള ബില്‍, ഭരണഘടനാ ഭേദഗതിബില്‍, ഓര്‍ഡിനന്‍സിനു പകരമുള്ള ബില്‍, ധനബില്‍, മണിബില്‍ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു.
ബില്‍ പാസ്സാക്കുന്ന ഘട്ടങ്ങള്‍. ഒരു ബില്‍ നിയമം ആകുന്നതിനുമുന്പ് ചട്ടപ്രകാരമുള്ള നിരവധി നടപടികളുണ്ട്. നേരത്തെ ഗസറ്റില്‍ പ്രസിദ്ധീകരിക്കാത്ത ബില്ലുകളും അനൗദ്യോഗിക ബില്ലുകളും സഭയില്‍ അവതരിപ്പിക്കുന്നതിന് സഭാധ്യക്ഷന്റെ അനുമതി ആവശ്യമാണ്.
ഒന്നാം വായന. ഗവണ്മെന്റ് ബില്‍ മന്ത്രിയും അനൗദ്യോഗികബില്‍ സഭാംഗവും സഭയില്‍ അവതരിപ്പിക്കുന്ന ഘട്ടമാണ് ഒന്നാം വായന. "ബില്‍ അവതരിപ്പിച്ചിരിക്കുന്നു എന്ന് സ്പീക്കര്‍ പ്രഖ്യാപിക്കുന്നതോടെ ഒന്നാം വായന കഴിയുന്നു.
രണ്ടാം വായന. ഈ ഘട്ടത്തില്‍ ഒരു പൊതുചര്‍ച്ച, കമ്മിറ്റിതല പരിശോധനാ റിപ്പോര്‍ട്ടിനു ശേഷമുള്ള പൊതുചര്‍ച്ച, വകുപ്പ് തിരിച്ചുള്ള പരിഗണന എന്നീ ഘട്ടങ്ങള്‍ ഉള്‍പ്പെടുന്നു. രണ്ടാം വായനയ്ക്ക് രണ്ടു ഘട്ടങ്ങള്‍ ഉണ്ട്. ആദ്യ ഘട്ടത്തില്‍ ബില്ലില്‍ അന്തര്‍ലീനമായിട്ടുള്ള വിഷയത്തെക്കുറിച്ച് ഒരു പൊതുചര്‍ച്ച നടക്കുന്നു. ബില്ലിന്റെ അവതാരകന് താഴെപ്പറയുന്ന ഏതെങ്കിലും ഒരു പ്രമേയം അവതരിപ്പിക്കും.
1.ബില്‍ ഒരു സെലക്ട് കമ്മിറ്റിക്ക് വിടണം
2.ബില്‍ ബന്ധപ്പെട്ട സബ്ജക്ട് കമ്മിറ്റിക്ക് അയയ്ക്കണം
3.ബില്‍ പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനായി നിശ്ചിത തീയതിവരെ സര്‍ക്കുലേറ്റ് ചെയ്യണം.
ചര്‍ച്ച തുടങ്ങിവയ്ക്കുന്ന അംഗം ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് അയയ്ക്കണമെന്ന പ്രമേയമാണ് അവതരിപ്പിക്കുന്നതെങ്കില്‍ അംഗങ്ങള്‍ക്ക്, ബില്‍ ഒരു സെലക്ട് കമ്മിറ്റിക്ക് അയയ്ക്കണമെന്നോ പൊതുജനാഭിപ്രായം ആരായുന്നതിനായി ഒരു നിശ്ചിത തീയതി വരെ സര്‍ക്കുലേറ്റ് ചെയ്യണമെന്നോ ഉള്ള ഭേദഗതി അവതരിപ്പിക്കാം.
അവതരിപ്പിക്കുന്ന ഭേദഗതികള്‍ വോട്ടിനിട്ടശേഷം ബില്‍ സെലക്ട് കമ്മിറ്റിക്കോ, സബ്ജക്ട് കമ്മിറ്റിക്കോ പൊതുജനാഭിപ്രായം ആരായുന്നതിനോ അയയ്ക്കുന്നു.
ബില്‍ കമ്മിറ്റിയില്‍. നിയമസഭയില്‍ 10 സബ്ജക്ട് കമ്മിറ്റികള്‍ നിലവിലുണ്ട്. ബില്ലിലെ വിഷയം ഉള്‍ക്കൊള്ളുന്ന സബ്ജക്ട് കമ്മിറ്റിയ്ക്കാണ് പരിശോധനയ്ക്കായി ബില്ലയയ്ക്കുന്നത്. സ്പീക്കറാണ് 30 മാസം കാലാവധിയുള്ള പ്രസ്തുത കമ്മിറ്റിയിലെ അംഗങ്ങളെ നോമിനേറ്റ് ചെയ്യുന്നത്. സെലക്ട് കമ്മിറ്റി ഒരു അഡ്ഹോക്ക് കമ്മിറ്റിയാണ്. ഇതിലെ അംഗങ്ങളെ ബില്‍ പ്രസ്തുത സമിതിയിലേക്ക് അയയ്ക്കുമ്പോള്‍ സഭ നിശ്ചയിക്കുകയാണ് ചെയ്യുന്നത്. ബില്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ സെലക്ട് കമ്മിറ്റിയുടെ കാലാവധി തീരുന്നു. ബില്‍കമ്മിറ്റിയില്‍ വകുപ്പ് തിരിച്ച് പരിഗണിക്കുന്നു. കമ്മിറ്റിക്ക്, ബില്‍ സംബന്ധിച്ച് വിദഗ്ധരില്‍ നിന്നും മറ്റ് ബന്ധപ്പെട്ടവരില്‍ നിന്നും തെളിവ് എടുക്കാവുന്നതാണ്. സമിതി അതിന്റെ ശിപാര്‍ശകള്‍ ഒരു റിപ്പോര്‍ട്ടായി സഭയില്‍ സമര്‍പ്പിക്കുന്നു. ബില്ലിനെ സംബന്ധിച്ച റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിക്കുന്നതിന് സമയം നിശ്ചയിച്ചിട്ടില്ല. എങ്കിലും സെലക്ട് കമ്മിറ്റിക്ക് സബ്ജക്ട് കമ്മിറ്റിക്ക് അയയ്ക്കണമെന്ന പ്രമേയം പാസ്സായ തീയതി മുതല്‍ മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
മൂന്നാംവായന. ബില്‍ പാസ്സാക്കിത്തരണമെന്ന പ്രമേയമാണ് മൂന്നാം വായനയില്‍ അവതരിപ്പിക്കുന്നത്. പ്രസ്തുത പ്രമേയം പാസ്സാക്കുന്നതോടെ ബില്‍ പാസ്സായതായി സ്പീക്കര്‍ പ്രഖ്യാപിക്കുന്നു. ബില്‍ പാസ്സാക്കിക്കഴിഞ്ഞാല്‍ പിന്നീട് അതില്‍ യാതൊരു മാറ്റവും വരുത്താന്‍ പാടില്ല. എന്നാല്‍ പ്രകടമായ തെറ്റുകള്‍ ഉണ്ടെങ്കില്‍ സ്പീക്കര്‍ക്ക് അത് തിരുത്തുന്നതിന് അധികാരമുണ്ട്.
ഗവര്‍ണറുടെ അംഗീകാരം. നിയമസഭ പാസ്സാക്കുന്ന ബില്‍ സ്പീക്കറുടെ ഒപ്പോടുകൂടി ഗവര്‍ണറുടെ അനുമതിക്കായി അയയ്ക്കുന്നു. ഗവര്‍ണര്‍ പ്രസ്തുത ബില്ലിന് അനുമതി നല്കുന്നു എന്നോ ഇല്ല എന്നോ അത് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വയ്ക്കുകയാണെന്നോ അറിയിക്കേണ്ടതാണ്. ധനകാര്യബില്ലിന്റെ കാര്യത്തില്‍ ഈ വിവേചനാധികാരം ഗവര്‍ണര്‍ക്കില്ല. ഗവര്‍ണര്‍ അതിന് അംഗീകാരം നല്‍കണം എന്നതാണ് നിയമം. ഗവര്‍ണറുടെ അനുമതി ലഭിച്ച ബില്‍ ആക്റ്റ് (നിയമം) ആയി ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നു. ഇതോടെ നിയമനിര്‍മാണഘട്ടങ്ങള്‍ പൂര്‍ണമാവുകയും ചെയ്യും.
സഭമുമ്പാകെ വരുന്ന നിയമനിര്‍മാണപരവും ഭരണപരവുമായ കാര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുന്നവയാണ് നിയമസഭാസമിതികള്‍. പാര്‍ലമെന്ററി ഭരണസംവിധാനത്തിന്റെ വിജയത്തിന് അത്യന്താപേക്ഷിതമായ ഒരു ഉപാധിയുമാണത്. ആധുനികകാലത്തെ നിയമസഭാപ്രവര്‍ത്തനം വൈവിധ്യമേറിയതും സങ്കീര്‍ണവുമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന സമയമാകട്ടെ വളരെ പരിമിതവും. ഈ സാഹചര്യത്തിലാണ് നിയമസഭാസമിതിയുടെ പ്രസക്തി.
നിയമസഭാസമിതികള്‍ പൊതുവില്‍ രണ്ടു തരമുണ്ട് - അഡ്ഹോക്ക് കമ്മിറ്റികള്‍, സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍.
അഡ്ഹോക്ക് കമ്മിറ്റികള്‍. ഒരു നിശ്ചിത നടപടി പൂര്‍ത്തീകരിക്കുന്നതിനുവേണ്ടി മാത്രമായി രൂപീകരിക്കപ്പെടുന്ന സമിതികളാണ് അഡ്ഹോക്ക് സമിതികള്‍. പ്രസ്തുത നടപടികള്‍ പൂര്‍ത്തീകരിക്കുന്നതോടുകൂടി അവ ഇല്ലാതാവുകയും ചെയ്യും. ഏതെങ്കിലും ഒരു ബില്ലിന്റെ പരിശോധനയ്ക്കായി രൂപീകരിക്കപ്പെടുന്ന സെലക്ട് കമ്മിറ്റി അഡ്ഹോക്ക് കമ്മിറ്റിക്ക് ഉദാഹരണമാണ്.
സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍. വിവിധ സംസ്ഥാന നിയമസഭകള്‍ പൊതുവേ രൂപം കൊടുത്തിട്ടുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ ചുവടെ സൂചിപ്പിക്കുന്നു.
ധനകാര്യസമിതികള്‍ (സഭ തെരഞ്ഞെടുത്തത്)
1.പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി
2. എസ്റ്റിമേറ്റ് കമ്മിറ്റി
3. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായുള്ള സമിതി
സ്പീക്കര്‍ നാമനിര്‍ദേശം ചെയ്യുന്ന സമിതികള്‍
(സഭാനടപടിച്ചട്ടം അനുസരിച്ച്)
1. കാര്യോപദേശക സമിതി
2. അനൗദ്യോഗിക പ്രമേയങ്ങളും ബില്ലുകളും സംബന്ധിച്ച സമിതി
അവസാനം പരിഷ്കരിച്ചത് : 10/23/2019
ആധുനിക രാഷ്ട്രങ്ങളില്‍ സമൂഹത്തിനാവശ്യമായ നിയമനിര്...
കമ്പനികളുടെ രൂപീകരണം, ഭരണം, കമ്പനികളിന്മേലുള്ള ഗവണ...
മനുഷ്യാവകാശം - വിവരങ്ങൾ
നിയമം,നിയമത്തിന്റെ ഉപയോഗം