താല്‍ക്കാലിക രജിസ്ട്രേഷനാണ് ആദ്യം നടത്തേണ്ടത്. ടിപി ( ടെംപററി പെര്‍മിറ്റ്) എടുക്കുകയെന്നാണ് ഇതിനു പറയാറുള്ളത്. ഇതു വാഹന ഡീലര്‍ഷിപ്പ് നടത്തിത്തരും. ടെംപററി രജിസ്ട്രേഷനു 30 ദിവസമാണ് കാലാവധി. പുതിയ വാഹനങ്ങള്‍ വാങ്ങുന്ന സ്ഥലത്തുനിന്ന് രജിസ്റ്റര്‍ ചെയ്യുന്ന സ്ഥലത്തേക്ക് കൊണ്ടുപോകാന്‍ നല്‍കുന്ന രജിസ്‌ട്രേഷനാണിത്.
ബോഡി നിര്‍മ്മിക്കേണ്ട വാഹനങ്ങള്‍ക്ക് അവശ്യ സന്ദര്‍ഭങ്ങളില്‍ താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നീട്ടിനല്‍കും. താല്‍ക്കാലിക രജിസ്‌ട്രേഷന്‍ കാലാവധി തീരുംമുന്‍പ് ഇതിനായി നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. 50 രൂപയാണ് അപേക്ഷാ ഫീസ്. ടെംപററി രജിസ്ട്രേഷന്‍ കാലാവധി തീര്‍ന്നാല്‍ സ്വകാര്യവാഹനങ്ങള്‍ക്ക് 2,000 രൂപ പിഴ അടച്ചശേഷമേ വണ്ടി രജിസ്റ്റര്‍ ചെയ്യാനാവൂ എന്ന കാര്യം പ്രത്യേകം ഓര്‍മിക്കുക. ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് 3,000 രൂപ മുതല്‍ 5,000 രൂപ വരെ പിഴ അടയ്ക്കണം.
പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ വാഹനം വാങ്ങി 30 ദിവസത്തിനകം പ്രദേശത്തെ ആര്‍ടി ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോം 20 ലാണ് അപേക്ഷ നല്‍കേണ്ടത്. വാഹന വായ്പയുണ്ടെങ്കില്‍ അതു നല്‍കിയ ധനകാര്യസ്ഥാപനത്തിന്റെ ഒപ്പും സീലും പ്രസ്തുത ഫോമില്‍ പതിക്കണം.
അപേക്ഷയ്‌ക്കൊപ്പം നല്‍കേണ്ട മറ്റു രേഖകള്‍
1. ഓണ്‍ലൈന്‍ ഫീ റെമിറ്റന്‍സ് സര്‍ട്ടിഫിക്കറ്റ്
2. ഫോം 21 ല്‍ ഉള്ള വില്‍പ്പന സര്‍ട്ടിഫിക്കറ്റ്
3. ഡീലര്‍ഷിപ്പ് ഇന്‍വോയ്സ്
4. ഫോം 22 ല്‍ വാഹന നിര്‍മ്മാതാവ് നല്‍കുന്ന ഉപയോഗക്ഷമതാ സര്‍ട്ടിഫിക്കറ്റ്
5. താല്‍ക്കാലിക രജിസ്‌ട്രേഷന്‍ ഫോം 19
6. ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്
7. ബോഡി നിര്‍മ്മിച്ച വാഹനമാണെങ്കില്‍ ഫോം 22 എ യില്‍ അതുസംബന്ധിച്ച സാക്ഷ്യപത്രം
8. മേല്‍വിലാസം തെളിയിക്കുന്ന രേഖയുടെ സാക്ഷ്യപ്പെടുത്തിയ പതിപ്പ്
9. പാന്‍ കാര്‍ഡ് അല്ലെങ്കില്‍ പൂരിപ്പിച്ച ഫോം 60
(ഒരു ലക്ഷം രൂപയ്ക്ക് മേല്‍ വിലയുള്ള വാഹനങ്ങള്‍ക്ക്)
10. പഴയ സൈനിക വാഹനം ആണെങ്കില്‍ ഫോം 21 ല്‍ അതുസംബന്ധിച്ച സാക്ഷ്യപത്രം.
11. ഷാസി നമ്പറിന്റെ പെന്‍സില്‍ പ്രിന്റ്
12. ഇറക്കുമതി ചെയ്ത വാഹനമാണെങ്കില്‍ കസ്റ്റംസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്
13. റൂള്‍ 81 പ്രകാരമുള്ള നിശ്ചിത ഫീസ് അടച്ചതിന്റെ രസീത്
14. 40 രൂപ സ്റ്റാംപ് ഒട്ടിച്ച കവര്‍ ( വിലാസം ,പിന്‍കോഡ് , മൊബൈല്‍ നമ്പര്‍ എന്നിവ എഴുതണം )
15. ചെക്ക് ലിസ്റ്റ്
മേല്‍ കൊടുത്തിരിക്കുന്ന നീണ്ട ലിസ്റ്റ് കണ്ട് പരിഭ്രമിക്കേണ്ട. പട്ടികയിലെ ആദ്യ അഞ്ച് സംഗതികളും ഡീലര്‍ഷിപ്പില്‍ നിന്നു തന്നെ ലഭിക്കും. 2015 മാര്‍ച്ചില്‍ മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും വാഹന രജിസ്ട്രേഷന്‍ നടത്താം. മുമ്പ് ശനിയാഴ്ചകളില്‍ രജിസ്ട്രേഷന്‍ ഇല്ലായിരുന്നു.
മേല്‍പറഞ്ഞ ഫോമുകളും ഫീസ് - റോഡ് ടാക്സ് എന്നിവ അടച്ചതിന്റെ രസീതുമായി രജിസ്ട്രേഷനു നിശ്ചയിച്ചിരിക്കുന്ന സ്ഥലത്ത് ഹാജരാകണം. ഉച്ചയ്ക്ക് 12.30 വരെ വരെ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കും. വാഹനം വളരെ വൃത്തിയായി വേണം രജിസ്ട്രേഷന്‍ അധികാരിക്കു മുമ്പാകെ ഹാജരാക്കേണ്ടത്. വാഹനത്തിന്റെ ഷാസി, എന്‍ജിന്‍ നമ്പരുകള്‍ ശരിയാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന്‍ ഉറപ്പുവരുത്തും. ഓണേഴ്സ് മാന്വല്‍ പരിശോധിച്ച് ഇവ രേഖപ്പെടുത്തിയിരിക്കുന്ന സ്ഥാനം മനസിലാക്കി പോകുന്നത് നന്ന്. സമര്‍പ്പിച്ച രേഖകളിലെ വിവരങ്ങള്‍ വാഹനവുമായി ഒത്തുനോക്കി അപാകതകള്‍ ഇല്ലെങ്കില്‍ രജിസ്ട്രേഷന്‍ നമ്പര്‍ നല്‍കും.
റോഡ് ടാക്സ് നിരക്ക്
ഇരുചക്രവാഹനം - ഒരു ലക്ഷം രൂപ വരെ എക്സ്‍ഷോറൂം വിലയുള്ളതിന് 8 ശതമാനം. ഒരു ലക്ഷം രൂപയ്ക്ക് മേല്‍ വിലയുള്ളതിന് 10 ശതമാനം, രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ളവയ്ക്ക് 20 ശതമാനം.
ഓട്ടോറിക്ഷ - ആറ് ശതമാനം
കാര്‍ - അഞ്ചു ലക്ഷം രൂപ വരെയുള്ളതിന് 6 ശതമാനവും അഞ്ചുലക്ഷത്തിനും പത്തുലക്ഷത്തിനും ഇടയ്ക്ക് വിലയുള്ള വാഹനങ്ങള്‍ക്ക് വിലയുടെ എട്ടുശതമാനവും. 10 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയ്ക്ക് വിലയുള്ളവയ്ക്ക് 10 ശതമാനവും 15 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയിലുളളവയ്ക്ക് 15 ശതമാനവും 20 ലക്ഷത്തിനു മുകളില്‍ വിലയുള്ളവയ്ക്ക് 20 ശതമാനവും റോഡ് നികുതി നല്‍കണം.
നാല്‍പ്പത് ശതമാനത്തില്‍ കൂടുതല്‍ അംഗവൈകല്യമുള്ളവര്‍ക്ക് അവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് ടാക്സ് അടയ്ക്കുന്നതില്‍ നിന്നും ഒഴിവ് ലഭിക്കും. ഇതിനായി അപേക്ഷകന്‍ സംസ്ഥാന മെഡിക്കല്‍ ബോര്‍ഡില്‍ നിന്നും ലഭിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. ഈ ഇളവ് സ്വകാര്യ വാഹനങ്ങള്‍ക്ക് മാത്രമേ ലഭിക്കൂ. കൂടാതെ ഒരേ സമയം ഒരേ വിഭാഗത്തില്‍ പെട്ട ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ക്ക് ഈ ഇളവ് ലഭിക്കില്ല.
സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ കാലാവധി 15 വര്‍ഷമാണ്. അതു കഴിഞ്ഞാല്‍ റീ രജിസ്ട്രേഷന്‍ നടത്തണം. അഞ്ച് വര്‍ഷത്തേയ്ക്കാണ് റീ രജിസ്ട്രേഷന്‍ .
രജിസ്ട്രേഷന്‍ കാലാവധി തീരുന്നതിനു 30 ദിവസം മുമ്പ് മുതല്‍ രജിസ്ട്രേഷന്‍ പുതുക്കുവാനുള്ള അപേക്ഷ സമര്‍പ്പിക്കാം. കാലാവധിയ്ക്ക് ശേഷം ഒരു ദിവസം വൈകിയാല്‍ പോലും 2,000 രൂപ പിഴയടയ്ക്കേണ്ടി വരും.
ഹാജരാക്കേണ്ട രേഖകള്‍
പുതിയ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തപാലില്‍ ലഭിക്കുന്നതിന് 40 രൂപയുടെ സ്റ്റാംപ് പതിച്ച കവര്‍ നല്‍കണം. ഇതില്‍ അപേക്ഷകന്റെ ഫോണ്‍ നമ്പരും വിലാസവും എഴുതിയിരിക്കണം.
മേല്‍പ്പറഞ്ഞ രേഖകളുമായി വാഹനം ടെസ്റ്റ് ചെയ്യുന്ന സ്ഥലത്ത് എത്തണം. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി വണ്ടി നല്ല കണ്ടീഷനിലാക്കി വേണം മോട്ടോര്‍ വാഹന വകുപ്പ് അധികാരിയുടെ മുമ്പാകെ പരിശോധനയ്ക്ക് ഹാജരാക്കേണ്ടത്. വാഹനം പരിശോധിച്ച് നിയമവിധേയം ആണെന്ന് ബോധ്യപ്പെട്ടാല്‍ രജിസ്ട്രേഷന്‍ പുതുക്കി നല്‍കും. അഞ്ച് വര്‍ഷത്തേയ്ക്കുള്ള റോഡ് ടാക്സ് ഒരുമിച്ച് അടയ്ക്കണം.
അന്യസംസ്ഥാനങ്ങളില്‍നിന്ന് വാങ്ങുന്ന വാഹനങ്ങള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പലരും ഇടനിലക്കാരെ ആശ്രയിക്കുകയാണ് പതിവ്. എന്നാല്‍ ഇതിനുള്ള നടപടി ക്രമങ്ങള്‍ വളരെ ലളിതമാണ്.
ഹാജരാക്കേണ്ട രേഖകള്‍
അന്യസംസ്ഥാനത്തുനിന്ന് വാങ്ങിയ വാഹനം ഒരു കേസിലും ഉള്‍പ്പെട്ടതല്ലെന്നും താന്‍ തന്നെയാണ് നിയമപരമായ അവകാശിയെന്നും വാഹനം മോഷ്ടിച്ചതല്ലെന്നും ഭാവിയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ താന്‍ മാത്രമാണ് ഉത്തരവാദിയെന്നുമാണ് മുദ്രപത്രത്തില്‍ എഴുതിനല്‍കേണ്ട സത്യവാങ്മൂലം. ഇത് നോട്ടറി സാക്ഷ്യപ്പെടുത്തിയിരിക്കണം. ഫോര്‍മാറ്റ് ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
മതിയായ രേഖകളും ഫീസടച്ചതിന്റെ രസീതുകളും സത്യവാങ്മൂലവും അടങ്ങുന്ന അപേക്ഷ ആര്‍.ടി.ഒക്ക് ലഭിച്ചാലുടന്‍ പ്രാഥമിക പരിശോധനയ്ക്കു ശേഷം കൂടുതല്‍ പരിശോധനക്കായി എം.വി.ഐ/എ.എം.വി.ഐമാര്‍ക്ക് കൈമാറും. രേഖകളിലെ എന്‍ജിന്‍ - ഷാസി നമ്പറുകള്‍ വാഹനത്തിലെ നമ്പറുമായി ഒത്തുനോക്കി കൃത്യതയുണ്ടെന്ന് അവര്‍ ഉറപ്പുവരുത്തും. വാഹനം നിയമവിധേയവും സാങ്കേതികയോഗ്യതയുള്ളതുമാണെന്ന് ബോധ്യപ്പെട്ടാല്‍ അപേക്ഷ സ്വീകരിച്ചതിന്റെ രസീത് ലഭിക്കുന്നതാണ്. തുടര്‍ന്ന് ഏഴുദിവസത്തിനകം അപേക്ഷകനുമായി രജിസ്റ്ററിങ് അതോറിറ്റി കൂടിക്കാഴ്ച നടത്തും. ഇതിനുള്ള അറിയിപ്പ് രജിസ്റ്റേര്‍ഡ് തപാലില്‍ ലഭിക്കും. കൂടിക്കാഴ്ചയില്‍ അപേക്ഷയുടെ നിജസ്ഥിതി ബോധ്യപ്പെടുന്ന പക്ഷം ഒരാഴ്ചയ്ക്കകം തന്നെ പുതിയ രജിസ്‌ട്രേഷന്‍ നമ്പര്‍ കിട്ടുന്നതാണ്.
വാഹനം വില്‍ക്കുമ്പോള്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചില്ലെങ്കില്‍ വാഹന ഉടമയ്ക്ക് നിരവധി കഷ്ടനഷ്ടങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ചതിനെത്തുടര്‍ന്ന് വാഹനം കൈമാറ്റം ചെയ്ത ഉടമ ക്രിമിനല്‍ കേസില്‍ പ്രതിയായ സംഭവങ്ങള്‍ നിരവധിയാണ്. വിറ്റ വാഹനം അപകടത്തില്‍ പെട്ടതിനെത്തുടര്‍ന്ന് പഴയ ഉടമ നഷ്ടപരിഹാരം നല്‍കേണ്ട വന്ന സംഭവങ്ങളുണ്ട്. നികുതി കുടിശ്ശിക ഉള്‍പ്പെടെയുള്ള ബാധ്യതകള്‍ പഴയ ഉടമയുടെ പേരില്‍വന്നേക്കാം. മോട്ടോര്‍ വാഹനങ്ങള്‍ കൈമാറ്റം ചെയ്യുമ്പോള്‍ നിയമാനുസൃതമായ ചട്ടങ്ങള്‍ പാലിച്ചാല്‍ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാം.
വാഹന കൈമാറ്റം സംബന്ധിച്ച കരാര്‍ എഴുതി അതില്‍ റവന്യൂം സ്റ്റാംപും പതിച്ച് ഒപ്പു വച്ചാല്‍ വാഹന കൈമാറ്റം നിയമപരമായി എന്ന തെറ്റിധാരണ മിക്കവര്‍ക്കുമുണ്ട്. അതിനു നിയമസാധുതയില്ലെന്നതാണ് വാസ്തവം.
വാഹനം വില്‍പ്പന നടത്തി 14 ദിവസത്തിനകം വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള അപേക്ഷ നല്‍കണം. വാഹന ഉടമയുടെ പരിധിയിലുള്ള ആര്‍ടി അല്ലെങ്കില്‍ ജോയിന്റ് ആര്‍ടി ഓഫിസില്‍ ഇതിനായി അപേക്ഷിക്കാം. ഓണ്‍ലൈനായി ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷ നല്‍കാനുള്ള സൗകര്യം കേരള മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്‍സൈറ്റിലുണ്ട്.
1. ഫോം 29 ല്‍ ലഭിച്ച സെയില്‍ റിപ്പോര്‍ട്ടിന്റെ രണ്ട് കോപ്പി - ഫോം ഡൗണ്‍ലോഡ്
2. ഫോം 30 ലുള്ള അപേക്ഷ - ഫോം ഡൗണ്‍ലോഡ്
വാഹനത്തിന്റെ വായ്പ കാലാവധി കഴിഞ്ഞിട്ടില്ലെങ്കില്‍ മേല്‍പ്പറഞ്ഞ രണ്ട് ഫോമുകളിലും ഫിനാന്‍സ് കമ്പനിയുടെ അനുമതി ആവശ്യവാണ്. കൂടാതെ ഫോം 30 ഒരെണ്ണം അധികമായി വേണം. ഉടമസ്ഥാവകാശം മാറ്റുന്നതിന് എതിര്‍പ്പില്ലെന്ന് കാണിച്ച് ഫിനാന്‍സ് കമ്പനി നല്‍കുന്ന നോ ഒബ്‍ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ( എന്‍ഒസി)യും ആവശ്യമാണ്. ഫോം ഡൗണ്‍ലോഡ് ചെയ്യാനുളള ലിങ്ക്
3. വാഹനം വാങ്ങുന്നയാളുടെ വിലാസം തെളിയിക്കുന്ന രേഖയുടെ അറ്റസ്റ്റ് ചെയ്ത പകര്‍പ്പും ( ആധാര്‍ കാര്‍ഡ് , ഡ്രൈവിങ് ലൈസന്‍സ് , പാസ്‍പോര്‍ട്ട് മുതലായവ )രണ്ടു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളും
4. ആര്‍സി ബുക്ക് , ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് , പുകപരിശോധന സര്‍ട്ടിഫിക്കറ്റ്
5. നിശ്ചിത ഫീസ് അടച്ചതിന്റെ രസീത് (പുതിയ രജിസ്ട്രേഷനു നിര്‍ദ്ദേശിച്ചിട്ടുള്ള തുകയുടെ പകുതി)
ഉടമസ്ഥാവകാശം മാറ്റിയ ആര്‍സി ബുക്ക് പുതിയ ഉടമയ്ക്ക് തപാല്‍ മുഖേന അയച്ച് കിട്ടും. ഇതിനായി 40 രൂപയുടെ സ്റ്റാംപ് പതിച്ച കവര്‍ ( ആര്‍സി അടക്കമുള്ള വാഹന രേഖകള്‍ വയ്ക്കാന്‍ വലുപ്പമുള്ളത്) അപേക്ഷയോടൊപ്പം നല്‍കണം. കവറിനു പുറത്ത് വാഹനം വാങ്ങിയ വ്യക്തിയുടെ പേരും വിലാസവുമാണ് എഴുതേണ്ടത്.
വാഹനത്തിന്റെ ഉടമസ്ഥന്‍ മരിച്ചാല്‍ 30 ദിവസത്തിനകം ആ വിവരം ബന്ധപ്പെട്ട ആര്‍ടി ഓഫീസില്‍ അറിയിക്കണം . ഉടമസ്ഥന്‍ മരിച്ച തീയതി മുതല്‍ മൂന്ന് മാസം വരെ പേരു മാറാതെ തന്നെ വാഹനം ഉപയോഗിക്കാവുന്നതാണ്. അനന്തരാവകാശി മേല്‍പ്പറഞ്ഞ മൂന്നു മാസത്തിനുള്ളില്‍ പേരുമാറ്റുന്നതിനുള്ള അപേക്ഷ ആര്‍ടി ഓഫീസില്‍ നല്‍കണം.
അപേക്ഷ നല്‍കേണ്ടത് ഫോറം 31 ലാണ്. അപേക്ഷയോടൊപ്പം നല്‍കേണ്ട രേഖകള്‍
1. മരണ സര്‍ട്ടിഫിക്കറ്റ്.
2. അവകാശം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് ( അനന്തവകാശി വില്ലേജ് ഓഫീസ് മുഖേന നല്‍കുന്ന അപേക്ഷയിന്മേല്‍ തഹസീല്‍ദാരാണ് ഇത് നല്‍കുന്നത്).
3. വാഹനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്.
4. ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്.
5. പുകമലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ്.
6. അപേക്ഷകന്റെ മേല്‍വിലാസവും പ്രായവും തെളിയിക്കാനുള്ള സര്‍ട്ടിഫിക്കറ്റ് (പാസ്‍പോര്‍ട്ട് , ഡ്രൈവിങ് ലൈസന്‍സ് , എസ്എസ്‍എല്‍സി ബുക്ക് , എല്‍ഐസി പോളിസി , ആധാര്‍ കാര്‍ഡ് , തിരിച്ചറിയല്‍ കാര്‍ഡ് മുതലായവ ).
7. ഫീസ് അടച്ചതിന്റെ രസീത് . രജിസ്ട്രേഷന്‍ ഫീസിന്റെ പകുതിയാണ് ഉടമസ്ഥാവകാശം മാറ്റാനുള്ള ഫീസ്.
8. ഹൈപ്പോത്തിക്കേഷന്‍ ഉണ്ടെങ്കില്‍ ഫിനാന്‍സ് സ്ഥാപനം നല്‍കിയ എന്‍ഒസി.
9. ഒന്നില്‍ കൂടുതല്‍ അവകാശികള്‍ ഉള്ള പക്ഷം മറ്റ് അവകാശികളുടെ സമ്മത പത്രം കൂടി അപേക്ഷകന്‍ ഹാജരാക്കേണ്ടതാണ്. 100 രൂപയുടെ മുദ്രപേപ്പറില്‍ തയ്യാറാക്കിയ സമ്മത പത്രം നോട്ടറി സാക്ഷ്യപ്പെടുത്തിയിരിക്കണം.
ഇവയെല്ലാം ആര്‍ടി സമര്‍പ്പിച്ചാല്‍ , ആര്‍ടിഒ അനന്താരാവകാശി(കളെ) യെ ആര്‍ടിഒ കൂടിക്കാഴ്ചയ്ക്ക് വിളിച്ചശേഷം ആര്‍സി ബുക്കിലെ ഉടമസ്ഥാവകാശം മാറ്റി നല്‍കും.
ആര്‍സി ബുക്ക് നഷ്ടപ്പെട്ടാല്‍ ഉടമയുടെ താമസപരിധിയിലുള്ള പോലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കുകയാണ് ആദ്യം വേണ്ടത്. പോലീസിന്റെ അന്വേഷണത്തില്‍ ആര്‍സി ബുക്ക് കണ്ടെത്താനായില്ലെങ്കില്‍ അക്കാര്യം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം പോലീസ് സ്റ്റേഷനില്‍ നിന്നു കൈപ്പറ്റണം. ഇതടക്കം വാഹനം രജിസ്റ്റര്‍ ചെയ്ത ആര്‍ടി ഓഫീസില്‍ ഫോം 26 ല്‍ അപേക്ഷ സമര്‍പ്പിക്കണം. വാഹനവായ്പ എടുത്തിട്ടുള്ള പക്ഷം ഫോം 26 രണ്ടെണ്ണം വേണം. വാഹനവായ്പ എടുത്ത ധനകാര്യ സ്ഥാപനത്തില്‍നിന്ന് നോ ഒബ്‍ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും ( എന്‍ഒസി) ആവശ്യമാണ്. നിശ്ചിത ഫീസും ( രജിസ്ട്രേഷന്‍ ഫീസിന്റെ പകുതി) അടക്കണം.
ആര്‍സി ബുക്ക് നഷ്ടപ്പെട്ടുവെന്നും കണ്ടുകിട്ടിയാല്‍ തിരികെ ഏല്‍പ്പിക്കണമെന്നും കാണിച്ചുള്ള പത്ര പരസ്യം നല്‍കുകയാണ് അടുത്തപടി. ആര്‍ടിഒ നല്‍കുന്ന പരസ്യവാചകം അപേക്ഷകന്റെ ചെലവില്‍ പത്രത്തില്‍ കൊടുക്കണം. പരസ്യം പ്രസിദ്ധീകരിച്ച് 15 ദിവസം കഴിഞ്ഞ് അപേക്ഷകനെ ആര്‍ടിഒ ഹിയറിങ്ങിനു വിളിക്കും. തദ്ദവസരത്തില്‍ വാഹനം നേരിട്ട് ഹാജരാക്കേണ്ടതാണ്. ആര്‍സി ബുക്ക് നഷ്ട്ടപ്പെട്ട സാഹചര്യം 100 രൂപയുടെ മുദ്രപത്രത്തില്‍ നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ് മൂലവും സമര്‍പ്പിക്കണം. വാഹന നികുതി , റോഡ് സുരക്ഷ സെസ് എന്നിവ അടച്ചതിന്റെ രേഖകളും ഹാജരാക്കണം.
വാഹനത്തിന്റെ ടാക്സ് അടച്ചതിന്റെ രേഖകള്‍ കണ്ടെത്താനായില്ലെങ്കില്‍ റോഡ് ടാക്സ് വീണ്ടും അടയ്ക്കണം. 2007 മുതല്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ ടാക്സ് വിവരങ്ങള്‍ കംപ്യൂട്ടറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനു മുമ്പ് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ കാര്യത്തില്‍ മേല്‍പ്പറഞ്ഞ പ്രശ്നം ഉണ്ടാകാനിടയുണ്ട്.
ഇത്രയും നടപടിക്രമങ്ങള്‍ തൃപ്തികരമായി പൂര്‍ത്തിയാക്കിയാല്‍ ഡ്യൂപ്ലിക്കേറ്റ് ആര്‍സി ബുക്കു് അനുവദിക്കും. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വിരൂപമായാല്‍ ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിന് പൊലീസ് റിപ്പോര്‍ട്ട് , പത്ര പരസ്യം എന്നിവ ആവശ്യമില്ല.
സത്യവാങ്മൂലത്തിന്റെ ഫോര്‍മാറ്റ് ഇവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം
കൂടുതല്‍ വിവരങ്ങള്‍ക്ക് : RTO KERALA
കടപ്പാട് : മധു മധുരത്തില്‍
അവസാനം പരിഷ്കരിച്ചത് : 3/12/2020