കനത്ത ചൂടും വേനൽമഴയുടെ അഭാവവും മനുഷ്യനെ മാത്രമല്ല വളർത്തുമൃഗങ്ങളെയും പക്ഷികളെയും സാരമായി ബാധിക്കും. അമിതമായ ചൂട് പ്രതിരോധിക്കാനുള്ള ശാരീരിക അവസ്‌ഥയില്ലാത്തതാണ് കാരണം. കോഴികളിൽ ഉയർന്ന താപനിലമൂലം മരണനിരക്ക് കൂടുന്നതായി കണ്ടുവരുന്നു.
കോഴികളുടെ സാധാരണ ശരീര ഊഷ്മാവ് 40– 41 ഡിഗ്രി സെൽഷ്യസാണ്. അതുകൊണ്ടുതന്നെ അന്തരീക്ഷ ഊഷ്മാവിലുള്ള വ്യതിയാനം കോഴികളെ പെട്ടെന്നു ബാധിക്കാറുണ്ട്. കോഴിയുടെ വളർച്ച, മുട്ട ഉത്പാദനം, ആരോഗ്യം എന്നിവയെ കൂടിയ താപനില നന്നായി ബാധിക്കുന്നു. അതുകൊണ്ടുതന്നെ അനുയോജ്യമായ ശരീര ഊഷ്മാവ് കോഴികൾക്കു ലഭ്യമാക്കണം. എന്നാൽ മാത്രമേ മികച്ച വളർച്ചാനിരക്കും വരുമാനവും ലഭിക്കൂ.
മികച്ച തീറ്റ പരിവർത്തനശേഷിക്ക് 21–24 ഡിഗ്രി സെൽഷ്യസ് താപനിലയാണ് അനുയോജ്യം. എന്നാൽ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഈ താപനില ശീതകാലത്തു മാത്രമേ ലഭിക്കൂ. ചൂടുകാലങ്ങളിൽ താപനില സാധാരണയിൽനിന്ന് ഉയരുകയും അത് കേഴികളിൽ ചൂടുമൂലമുള്ള സമ്മർദ്ദത്തിനും കുറഞ്ഞ വളർച്ചാനിരക്കിനും മുട്ട ഉത്പാദനത്തിനും കാരണമാകുന്നു. ഇത് കർഷകനു വലിയ നഷ്ടമുണ്ടാക്കുന്നു.
വിയർപ്പു ഗ്രന്ഥികളുടെ അഭാവവും ഉയർന്ന ശരീര ഊഷ്മാവു മുള്ളതിനാൽ അന്തരീക്ഷ ഊഷ്മാവ് 38 ഡിഗ്രി സെൽഷ്യസിൽ കൂടുന്നത് കോഴികൾക്ക് അസഹനീയമാണ്. തീറ്റ എടുക്കുന്നതിലും ഉത്പാദനക്ഷമതയിലും ഗണ്യമായ കുറവു വരിക, മരണനിരക്ക് കൂടുക എന്നിവ ഉഷ്ണകാലത്ത് ഇറച്ചിക്കോഴികളിലും മുട്ടക്കോഴികളിലും കണ്ടുവരുന്നു.
കിതപ്പ്, അനങ്ങാതെ നിൽ ക്കുക, ചുമരിനടുത്തോ തണുത്ത പ്രതലത്തിലോ പതുങ്ങിയിരിക്കുക, കൂടുതൽ വെള്ളം കുടിക്കുക, ചിറകുകൾ വിടർത്തി വയ്ക്കുക, നനഞ്ഞ പൂവും താടയും എന്നിവ ഉയർന്ന താപനിലയിൽ കോഴികൾ പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങളാണ്.
കൂടു നിർമാണം ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നേരിട്ടു സൂര്യപ്രകാശം കോഴിക്കൂട്ടിൽ പതിയാതിരിക്കാൻ കിഴക്ക്– പടിഞ്ഞാറ് ദിശയിൽ വേണം കൂട് പണിയാൻ. കൂടാതെ കിഴക്ക് ഭാഗത്തു നിന്ന് തെക്ക് വശത്തേക്കും പടിഞ്ഞാറു ഭാഗത്തു നിന്നു വടക്കു വശത്തേക്കും ചെറിയ ഒരു ചരിവ് ഉണ്ടായിരിക്കണം, ഇത്തരത്തിലുള്ള കൂടു നിർമാണം മഴക്കാലത്ത് മഴവെള്ളം കോഴിക്കൂടിനകത്തേക്ക് ഒലിച്ചിറങ്ങുന്നത് തടയും. അനുയോജ്യമായ മേൽക്കൂര ഉപയോഗിക്കുന്നത് വഴി കോഴിക്കൂടിനകത്ത്, പുറത്തുള്ള താപനിലയേക്കാൾ അഞ്ചു മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെ കുറയ്ക്കാൻ സാധിക്കും. ഉഷ്ണകാലത്ത് ആറിഞ്ച് കനത്തിൽ ഓലമേഞ്ഞ മേൽക്കൂരയിൽ നിർമിച്ച കൂട് മറ്റേതു മേൽക്കൂര നിർമാണ സാമഗ്രിയേക്കാളും കോഴികൾക്ക് ചൂടിൽ നിന്ന് ആശ്വാസം നൽകുന്നു. വലിയ ഫാമുകളിൽ അലുമിനിയത്തിന്റെ മേൽക്കൂരയാണ് കൂടുതൽ ഉപയോഗിച്ചുകാണുന്നത്. കൂടുതൽ കാലം നിലനിൽക്കും എന്നുള്ളതും ചൂട് പ്രതിരോധി ക്കും എന്നുള്ളതും ഇതിന്റെ നേട്ടമാണ്. ഇതൊന്നുമല്ലാത്ത കൂടുകളിൽ മേൽക്കൂര തറയിൽ നിന്ന് അത്യാവശ്യം ഉയരത്തിലായിരിക്കണം. അങ്ങനെയെങ്കിലേ കോഴിക്കൂടിനകത്ത് കൂടുതൽ തണുപ്പ് അനുഭവപ്പെടുകയുള്ളു. തറയും മേൽകൂരയും തമ്മിലുള്ള ഉയരം പൗൾട്രി ഷെഡിന്റെ നടുവിൽ നാലു മീറ്ററും വശങ്ങളിൽ 3.5 മീറ്ററും ആയിരിക്കണം.
ഉഷ്ണകാലത്ത് ചൂട് കൂടുകയാണെങ്കിൽ ഓലമേയുകയോ മേൽക്കൂരയുടെ പുറത്തെ പ്രതലത്തിൽ വെള്ള പെയിന്റോ അലൂമിനിയം പെയിന്റോ പൂശുകയോ ചെയ്യണം. ഇത് സൂര്യരശ്മികളെ പ്രതിരോധിപ്പിക്കാൻ സഹായിക്കും. കൂടാതെ അകത്തെ പ്രതലത്തിൽ കറുത്ത പെയിന്റ് അല്ലെങ്കിൽ ടാർ പൂശുന്നത് ചൂട് വലിച്ചെടുക്കാൻ സഹായകമാകും.
ഉഷ്ണകാലത്ത് കോഴികൾ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കണം. ഇതിന് തറ വിസ്തീർണം 10 ശതമാനം വർധിപ്പിക്കണം. കനമുള്ളതും നനഞ്ഞതുമായ ലിറ്റർ കൂടുതൽ ചൂട് ഉത്പാദിപ്പിക്കും. അതുകൊണ്ട് ലിറ്ററിന്റെ കനം ആറു സെന്റീമീറ്ററിൽ അധികമാകാൻ പാടില്ല. നനഞ്ഞ ലിറ്റർ ഉടനെ നീക്കം ചെയ്യുകയും വേണം. അറക്കപ്പ ടി, മരച്ചീന്ത് തുടങ്ങിയ ലിറ്ററുകളിൽ വളരുന്ന കോഴികളെക്കാളും കമ്പിക്കൂടുകളിലും സ്ളാറ്റ് തറയിലും വളർത്തുന്ന കോഴികൾക്കാണ് ഉയർന്ന അന്തരീക്ഷതാപനില മൂലം കൂടുതൽ ക്ലേശമനുഭവിക്കേണ്ടിവരുന്നത്.
വായുസഞ്ചാരം
പൗൾട്രി ഹൗസിന്റെ വീതി ഏഴു മീറ്ററിൽ കൂടാൻ പാടില്ല. അങ്ങനെ സംഭവിച്ചാൽ കൂട്ടിലേക്ക് ആവശ്യത്തിന് വായു പ്രവേശിക്കുകയില്ല. മേൽക്കുരയ്ക്ക് മുകളിൽ സ്പ്രിംഗ്ളർ ഫിറ്റ് ചെയ്ത് 10 മുതൽ അഞ്ചുവരെ ഉപയോഗിക്കുന്നത് മേൽ ക്കൂര തണുപ്പിക്കാൻ സഹായിക്കും. കഠിനമായ ചൂടുകാറ്റ് തടയുന്നതിനു വേണ്ടി പൗൾട്രി ഹൗസിനു ചുറ്റും പെട്ടെന്നു വളരുന്ന തണൽ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാം.
തീറ്റ ക്രമീകരണം
ചൂടുകാലങ്ങളിൽ തീറ്റ ഒരാഴ്ചയിൽ കൂടുതൽ സൂക്ഷിക്കരുത്. അതിരാവിലെയും വൈകുന്നേരവും തീറ്റകൊടുക്കുന്നത് വഴി കോഴികളിലെ മരണനിരക്ക് കുറയ്ക്കാൻ സാധിക്കും. മുട്ടക്കോഴികൾക്ക് ഉച്ചയ്ക്കുശേഷം കാൽ സ്യം കൊടുക്കുന്നതാണ് നല്ലത്. ഉഷ്ണകാലത്ത് ഉത്പാദനം കുറയുന്നതിനുള്ള മുഖ്യകാരണം തീറ്റഎടുക്കുന്നത് കുറയുന്നതാണ്. നനഞ്ഞപൊടിതീറ്റയുടെയോ പെല്ലെറ്റ് തീറ്റയുടെയോ കൂടെ കൊഴുപ്പോ ശർക്കരപ്പാവോ ചേർക്കുന്നത് തീറ്റ എടുക്കുന്നത് വർധിപ്പിക്കും.
ചൂടുകാലത്ത്, സാധാരണ കുടിക്കുന്നതിന്റെ രണ്ടിരട്ടി വെള്ളം കുടിക്കുന്നു. അതുകൊണ്ടു തന്നെ കൂടുകളിൽ വെള്ളപ്പാത്രത്തിനുള്ള വിസ് തീർണം കൂടുതലായിരിക്കണം. ശുദ്ധവും വൃത്തിയുള്ളതും തണുത്തതുമായ വെള്ളം മുഴുവൻ സമയവും കൂടുകളിൽ ലഭ്യമാക്കണം. വെള്ളപൈപ്പുകളിൽ സൂര്യപ്രകാശമേൽക്കരുത്. വെള്ളം ചൂടാകുന്ന പക്ഷം ദിവസത്തിൽ രണ്ടോ അതിൽ കൂടുതൽ തവണയോ വെള്ളം മാറ്റേണ്ടതാണ്.
തീറ്റ എടുക്കുന്നത് വർധിപ്പിക്കാൻ തീറ്റയിൽ ഊർജത്തിന്റെ അളവ് 10 ശതമാനം കുറയ്ക്കാവുന്നതാണ്. തീറ്റയിൽ രണ്ടുശതമാനം കൂടുതൽ മാംസ്യം ചേർക്കാം. കൂടാതെ വിറ്റാമിനുകൾ, ധാതുക്കൾ, അമിനോ അമ്ലം, രക്‌താതിസാരം തടയുന്നതിനുള്ള മരുന്ന് എന്നിവയുടെ അളവ് വർധിപ്പിക്കാവുന്നതാണ്. തീറ്റയിൽ 0.5 ശതമാനം അപ്പക്കാരം 0.5 ശതമാനം അമോണിയം ക്ലോറൈഡ് എന്നിവ ചേർക്കുന്നത് ഗുണം ചെയ്യും.
ചൂടുകാലങ്ങളിൽ ഇറച്ചിക്കോഴികളിൽ കരളിൽ നിന്ന് രക്‌തം വാർന്നുപോകുന്ന രോഗം കൂടുതലായി കാണുന്നു. രാവിലെ കഴിച്ച തീറ്റയുടെ ദഹനം സംഭവിക്കുക ഉച്ചയ്ക്കു ശേഷമായിരിക്കും. ഈ സമയത്ത് ശരീരോഷ്മാവ് വർധിക്കുന്നു. ചൂടുകാലങ്ങളിൽ ഉയർന്ന ശരീര ഊഷ്മാവും അന്തരീക്ഷ ഊഷ്മാവും കോഴിയുടെ മരണത്തിനു കാരണമാകുന്നു. അതുകൊണ്ടു തന്നെ ചൂടുമൂലമുണ്ടാകുന്ന മരണം കൂടുതലും ഉച്ചസമയത്തായിരിക്കും. ചൂടുകാലത്ത് കോഴികൾ കൂടുതലായി തൂവൽ പൊഴിക്കാറുണ്ട്. ശരീരത്തിൽ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്ന ചൂട് പുറം തള്ളുന്നതിനുവേണ്ടിയാണിത്. ഈ കാലയളവിൽ ബാഹ്യപരാദജീവികൾ കൂടുതലായിരിക്കും.
ഭക്ഷണക്രമീകരണം വഴി ഒരു പരിധിവരെ ദഹനസമയത്തെ ശരീര ഊഷ്മാവ് വർധിക്കുന്നതു തടയാൻ സാധിക്കും. തീറ്റയിലെ ഊർജത്തിന്റെയും അമിനോ അമ്ലങ്ങളുടെയും അളവ് ചൂടുകാലത്ത് കോഴികളിൽ അനുഭപ്പെടുന്ന ആയാസം നിയന്ത്രിക്കുന്നുണ്ട്. കിതപ്പ് കോഴികളുടെ ശരീരത്തിലെ വെള്ളം നഷ്ടമാക്കുന്നു. അതുകൊണ്ടുതന്നെ ഉഷ്ണകാലത്ത് നിർജലീകരണം സംഭവിക്കാതിരിക്കാൻ കൂടുതൽ വെള്ളം കൂടുകളിൽ ലഭ്യമാക്കണം. തണുത്ത കുടിവെള്ളം കൂടുതൽ തീറ്റയും വെള്ളവും എടുക്കാൻ പ്രേരിപ്പിക്കുന്നതാണ്. പൗൾട്രിഫാമിനു ചുറ്റും തണൽ മരങ്ങൾ വച്ചു പിടിപ്പിക്കുന്നതുവഴി ചൂട് ഒരുപരിധിവരെ നിയന്ത്രിക്കാൻ സാ ധിക്കും.കൂടുതൽ വിവരങ്ങൾക്ക് – 9496502915, 9495333400.
ഡോ. സോമ ടി. ജി
ഡോ. ബിനോജ് ചാക്കോ
ഡിപ്പാർട്ട്മെന്റ് ഓഫ് പൗൾട്രി സയൻസ്
കോളജ് ഓഫ് വെറ്ററിനറി ആൻഡ് ആനിമൽ സയൻസ്, മണ്ണുത്തി, തൃശൂർ.
ഡോ. പ്രേംകൃഷ്ണൻ ജി. എൻ
ഡെപ്യൂട്ടി മാനേജർ, കെഎൽഡിബി, കോലാഹലമേട്, ഇടുക്കി.
കടപ്പാട് : ദീപിക
അവസാനം പരിഷ്കരിച്ചത് : 10/14/2019
കോഴി വളർത്തലിനെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ
കൂടുതല് വിവരങ്ങള്
പക്ഷികളില് വരുന്ന വൈറല് പനിയാണ് പക്ഷിപ്പനി. ഏവിയ...
പൂവന്കോഴികളില്നിന്ന് ബീജം ശേഖരിച്ച് പിടക്കോഴികളു...