സമുദ്ര മത്സ്യബന്ധന മേഖലയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ട്രോള്‍ വലകളുടെ ആവിര്‍ഭാവവും പ്രചാരവും. കടലില്‍ മത്സ്യങ്ങളുടെ വാസസ്ഥാനമനുസരിച്ച് അടിത്തട്ടിലോ, ഉപരിതലത്തിലോ മദ്ധ്യതലങ്ങളിലോ ട്രോള്‍ വലകള്‍ ഉപയോഗിക്കുന്നു. സമുദ്രത്തിന്റെ അടിത്തട്ടില്‍ വളരുന്ന മത്സ്യങ്ങളെ പിടിക്കുന്നതിന് അടിത്തട്ടുവലകള്‍ അഥവ Botton trawls ആണ് ഉപയോഗിക്കുക.ചെമ്മീന്‍, ഞണ്ട്, മാന്തള്, കുട്ടന്, പരവ, പാന്പാട, ഏട്ട, വറ്റ, കലവ തുടങ്ങിയ മത്സ്യങ്ങളെ അടിത്തട്ടുവലകള്‍ ഉപയോഗിച്ചാണ് പിടിക്കുന്നത്. ചാള, നത്തോലി, മുള്ളല്, പാന്പാട, പാര തുടങ്ങി കടലിന്റെ മദ്ധ്യതലങ്ങളില് കണ്ടുവരുന്ന മത്സ്യങ്ങളെ പിടിക്കുന്നതിന് ഇടത്തട്ടുവലകള് അഥവ Mid Water Trawls ആണ് ഉപയോഗിക്കുക. ഭാരതത്തില്‍ മത്സ്യബന്ധനം നടത്തുന്ന യന്ത്രവല്‍കൃത ബോട്ടുകളില്‍ ബഹുഭൂരീപക്ഷവും അടിത്തട്ടുട്രോള് വലകളാണ് ഉപയോഗിക്കുന്നത്. ലക്ഷ്യവിഭവങ്ങള്ക്കനുസൃതമായി ഈ വലകള്‍ മാറി മാറി ഉപയോഗിക്കുന്നു.
അടിത്തട്ടുവലകള്‍ നീളം കൂടിയ ഒരു ജോടി കന്പിവടങ്ങളുടെ സഹായത്തോടെ യാണ് ബോട്ടുമായി ബന്ധിപ്പിച്ചിരിക്കുക. ബോട്ടിന്റെ Deck ല്‍ ഉള്ള Winch ന്റെ സഹായത്തോടെ ട്രോള്‍ വലയും ഒട്ടര് ബോഡും, കന്പിവടംവഴി കടലിലേക്ക് അയച്ചുവിടുകയും ചുരുട്ടിയെടുക്കുകയും ചെയ്യാവുന്നതാണ്. കന്പി വടത്തെ വലയുമായി ബന്ധിപ്പിക്കുന്നത് ഒരു ജോഡി ഒട്ടര്ബോര്ഡുകളിലൂടെയാണ്. ദീര്‍ഘ ചതുരാകൃതിയിലുള്ള ഒട്ടര്ബോര്ഡുകള് ഇരുന്പുചട്ടകൂട്ടിനുള്ളില് പലകകള്‍ നിരത്തി ഉണ്ടാക്കിയിട്ടുള്ളതാണ്. ബോട്ടുപയോഗിച്ച് വല വലിക്കുന്പോള്‍ ബോട്ടുചലിക്കുന്ന ദിശയില്‍ നിന്ന് ചെരിഞ്ഞ് പ്രവര്‍ത്തിച്ചാല്‍ മാത്രമെ ഒട്ടര് ബോര്‍ഡുകള്‍ കൊണ്ട് ട്രോള്‍ വലകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയുള്ളൂ. ഒട്ടര് ബോര്‍ഡ് ഇപ്രകാരം ചലിക്കുന്പോള് ഫണലിന്റെ ആകൃതിയിലുള്ള വലയുടെ ഇരുവശങ്ങളും തിരശ്ചീനമായി തുറക്കുന്നു. അതേസമയം വലയുടെ മുന്‍ ഭാഗത്തിന്റെ മുകള്‍ അറ്റം (Head line) പൊങ്ങുകളുടെ (Float) സഹായത്തോടെ മുകളിലേക്കും താഴ്ഭാഗം (Ground line) വേണ്ടത്ര ഭാരം കെട്ടിയിട്ടുള്ളതിനാല്‍ താഴേക്കും നീങ്ങുന്പോള്‍ വല ലംബമാനമായി (Vertically) തുറന്ന് വലയുടെ വായ്ഭാഗം പൂര്‍ണ്ണമായും തുറക്കപ്പെടുന്നു. ഇങ്ങനെ പൂര്‍ണ്ണമായും തുറക്കപ്പെട്ട വലയുടെ വായ് ഭാഗത്തിനെ ദീര്‍ഘവൃത്താകൃതിയായിരിക്കും ഉണ്ടാവുക. ഇത്തരത്തില്‍ തുറന്ന വല കടലിനടിത്തട്ടിലൂടെ ഏകദേശം മൂന്ന് നോട്ട് അഥവ 4.8 കി.മീറ്റര്‍ വേഗതയില്‍ ചലിക്കുന്പോള് ചെമ്മീനടക്കമുള്ള കടല്‍തട്ടിലെ മത്സ്യങ്ങള്‍ വലയില്‍ അകപ്പെടുകയും വലയുടെ പിന്നറ്റത്ത് ശേഖരിക്കപ്പെടുകയും ചെയ്യുന്നു. മത്സ്യങ്ങളുടെ ലഭ്യത അനുസരിച്ച് മൂന്നുമണിക്കൂര്‍ നേരം വരെ തുടര്‍ച്ചയായി വല വലിച്ചശേഷം കന്പിവടം (Wrap) വിഞ്ചിന്റ സഹായത്തോടെ ചുറ്റി എടുക്കുന്പോള്‍ സ്യാഭാവികമായും വല ചുരുങ്ങി വരുകയും ബോട്ടില്‍ നിക്ഷേപിക്കപ്പെടുകയും ചെയ്യുന്നു. അതിനുശേഷം വലയുടെ (Codend) അഴിച്ചുപിടിച്ച മത്സ്യത്തെ പുറത്തെടുത്ത് തരം തിരിച്ച് ബോട്ടിന്റെ അറയില്‍ ഐസിട്ടോ, തണുപ്പിച്ചോ സൂക്ഷിക്കുന്നു.
സമുദ്രത്തിന്റെ മദ്ധ്യഭാഗത്തുള്ള മത്സ്യത്തെ പിടിക്കുന്നതിന് ഉപയോഗിക്കുന്ന വലകളാണ് ഇടത്തട്ടുവലകള് ലംബനമായും തിരശ്ചീനമായും വല നന്നായി തുറക്കപ്പെടുന്നു എന്നതാണ് ഈ വലകളുടെ സവിശേഷത. ഒരേ പോലെ ദീര്‍ഘചതുരാകൃതിയിലുള്ള നാലു പാനല്‍ തുന്നികൂട്ടിയതാണ് ഇതിന്റെ രൂപഘടന. ഇതിന്റെ താഴത്തെ പാളി മുകളിലെ പാളിയേക്കാള്‍ വലുപ്പം കൂടിയതാണ്. അടിത്തട്ടില്‍ വളരുന്ന മത്സ്യങ്ങളെ അപേക്ഷിച്ച് കടലിന്റെ മധ്യഭാഗങ്ങളില്‍ വളരുന്ന മത്സ്യങ്ങള്‍ക്ക് വേഗത കൂടുതലായതിനാല്‍ ഈ വല അടിത്തട്ടുവലയേക്കാള് കൂടുതല്‍ വേഗത്തിലാണ് വലിക്കേണ്ടത്. ഇങ്ങനെ വേഗത്തില്‍ വല വലിക്കുന്പോള്‍ മത്സ്യബന്ധനത്തെ ഗുരുതരമായി സ്വാധീനിക്കുന്ന വലയുടെ മുന്‍ഭാഗത്തിന്റെ പ്രതിരോധം കുറക്കാന്‍ വെള്ളം വലയുടെ മുന്‍ഭാഗത്തുനിന്ന് വളരെ ആയാസേന ഒഴുതിപോകണം.
അന്‍പതുകളുടെ അവസാനത്തോടെ യന്ത്രവല്ക്കൃതബോട്ടുകളും പുതിയ മീന്‍പിടിത്തരീതികളും സംവിധാനങ്ങളും പ്രചാരത്തില്‍ വന്നതോടെ മത്സ്യബന്ധനം ഒരു വ്യവസായമായി വളര്‍ന്നു. എണ്‍പതുകളില്‍ ആവശ്യാനുസരണം വള്ളങ്ങളില്‍ ഘടിപ്പിക്കാവുന്നതും എടുത്തു മാറ്റാവുന്നതുമായ Out board motor ലഭ്യമായതോടെ പരന്പരാഗത മത്സ്യബന്ധനരംഗത്തും മാറ്റങ്ങള്‍ വന്നു.Out board motor ന്റെ ഉപയോഗത്തോടെ പരന്പരാഗത മത്സ്യബന്ധനം കൂടുതല്‍ ആഴത്തിലേക്കും പരപ്പിലേക്കും വ്യാപിച്ചു.
നാടന്‍ വള്ളങ്ങള്‍ ഉപയോഗിച്ചുള്ള പരന്പരാഗത മത്സ്യബന്ധനം പൂര്‍ണ്ണമായും മനുഷ്യാദ്ധ്വാനമാണ് ഉപയോഗപ്പെടുത്തുന്നത്. എന്നാല്‍ യന്ത്രവല്‍കൃതബോട്ടുകള്‍ മത്സ്യബന്ധനസഥലത്തെത്തുന്നതിനും തിരിച്ചുവരുന്നതിനും മത്സ്യബന്ധനം നടത്തുന്നതിനും യാന്ത്രികാദ്ധ്വാനം ഉപയോഗപ്പെടുത്തുന്നു. മറ്റൊരു വിഭാഗം യാനങ്ങള്‍ യന്ത്രങ്ങള്‍ ഘടിപ്പിച്ചുട്ടുള്ളവയാണെങ്കിലും മത്സ്യബന്ധനത്തിന് പോകുന്നതിനും തിരികെ വരുന്നതിനും മാത്രം അവയെ ഉപയോഗപ്പെടുത്തുകയും മത്സ്യബന്ധനം മനുഷ്യ കായികശേഷികൊണ്ട് നടത്തുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള മത്സ്യബന്ധനത്തെ ഊര്‍ജ്ജാവശ്യകത കുറഞ്ഞ മത്സ്യബന്ധനരീതി അഥവാ Low energy fishing technique എന്നു പറയുന്നു.
ഊര്‍ജ്ജാവശ്യകത കുറഞ്ഞ മത്സ്യബന്ധനരീതികള്‍ പ്രാവര്ത്തികമാക്കുന്നതുകൊണ്ട് പല മെച്ചങ്ങളുണ്ട്. ഭാഗികമായി മാത്രം യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതുകൊണ്ട് ഇന്ധനചിലവ് കുറയുന്നു. ഇന്ധന ലഭ്യത കുറഞ്ഞതും വിലകൂടിയും വരുന്ന സാഹചര്യത്തില്‍ കുറഞ്ഞ ഇന്ധനോപയോഗത്തിന് പ്രസക്തിയേറുന്നു. പോക്കുവരവിന് മനുഷ്യപ്രയത്നം ആവശ്യമില്ലാത്തതുകൊണ്ട് ജോലിക്കാര്‍ തളരുന്നില്ല. ഇത് അവരുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നു. മത്സ്യബനധനത്തിനു കൂടുതല്‍ സമയം ലഭ്യമാകുന്നു. പിടിച്ച മത്സ്യം വേഗത്തില്‍ കരയിലെത്തിക്കാന്‍ സാധിക്കുന്നതുകൊണ്ട് അവയുടെ ഗുണം നഷ്ടപ്പെടാതിരിക്കുകയും കൂടുതല്‍ വില കിട്ടുകയും ചെയ്യുന്നു.
നീട്ടുവല, ഒഴുക്കുവല, ലൂപ്പുവല എന്നുള്ള പേരുകളിലറിയപ്പെടുന്ന ഗില്നെറ്റികളുപയോഗിച്ചുള്ള മീന്‍ പിടുത്തമാണ് ഏറ്റവും പ്രധാനപ്പെട്ട രീതി. നമ്മുടെ മുഴുവന്‍ തീരത്തും ഗില്‍ നെറ്റിന്റെ ഉപയോഗം പ്രചാരത്തിലുണ്ട്. അടിസ്ഥാനപരമായി ഇത് ദീര്‍ഘചതുരാകൃതിയിലുള്ള ഒരു വലക്കഷ്ണമാണ്. വലക്കഷ്ണത്തിന്റെ മുകള്‍ നിരയിലെ കണ്ണികള്‍ Head rope മായും കീഴ് നിരയിലെ കണ്ണികള്‍ foot rope മായും ബന്ധിപ്പിക്കുന്നു. കണ്ണികള്‍ റോപ്പുമായി ബന്ധിപ്പിക്കുന്ന അനുപാതമനുസരിച്ച് കണ്ണികളുടെ വിസ്തൃതിയില്‍ മാറ്റം സംഭവിക്കുന്നു. വല വെള്ളത്തില്‍ ലംബമായി നില്‍ക്കുന്നതിന് റോപ്പില്‍ ഫ്ളോട്ടുകളും foot rope ല്‍ ശെിസലൃ കളും ആവശ്യാനുസരണം കെട്ടുന്നു. ഗില്‍നെറ്റ് യൂണിറ്റുകളുടെ നീളവും ഇറക്കവും കൃത്യമായി പരിമിതിപ്പെടുത്തിയിട്ടില്ല. ഉപയോഗിക്കുന്നതിനുള്ള സൗകര്യം, പിടിക്കാന്‍ ഉദ്ദേശിക്കുന്ന മത്സ്യം, സ്ഥലത്തിന്റെ ആഴം, വ്യാപ്തി എന്നിവയെ ആശ്രയിച്ചാണ് വലിപ്പം തിട്ടപ്പെടുത്തുന്നത്. ബോട്ടിന്റെ വലിപ്പവും ജോലിക്കാരുടെ എണ്ണവും അനുസരിച്ച് വേണ്ടത്ര യൂണിറ്റുകള്‍ കൂട്ടിച്ചേര്‍ത്ത് മത്സ്യബന്ധനത്തിന് സജ്ജമാക്കുന്നു.
ഗില്നെറ്റില് വലക്കണ്ണിയാണ് അടിസ്ഥാനഘടകം. പിടിക്കാനുദ്ദേശിക്കുന്ന മത്സ്യത്തിന്റെ വലിപ്പം, ശരീരഘടന എന്നിവയനുസരിച്ച് കണ്ണിയുടെ വലിപ്പം കൂടുതലോ കുറവോ ആയിരിക്കും. മത്സ്യത്തിന്റെ ചെകിളഭാഗമോ ചെകിളക്കും മുതുകിലെ ചിറകിനുമിടക്കുള്ള ഏതെങ്കിലും ഭാഗമോ കണ്ണിയില്‍ കുടുങ്ങിയോ വലയില്‍ ചുറ്റിപ്പിണഞ്ഞോ ആണ് മത്സ്യം പിടിക്കപ്പെടുന്നത്. മത്സ്യത്തിന്റെ വലിപ്പമനുസരിച്ച് വലയുണ്ടാക്കുന്ന നൂലിന്റെ വണ്ണവും വ്യത്യാസപ്പെട്ടിരിക്കും.
മത്സ്യബന്ധനത്തിനായി കരയില്‍ നിന്നും പുറപ്പെടുന്പോള് തന്നെ വലകള്‍ സജ്ജമാക്കിയിരിക്കും. മീന്‍പിടുത്തത്തിനു തിരഞ്ഞെടുത്ത സ്ഥലത്തെത്തിയാല്‍ ആഴം, ഒഴുക്ക്, കാറ്റിന്റെ ഗതി എന്നിവ നിരീക്ഷിക്കുന്നു. അതിനുശേഷം വല കുറേശ്ശെയായി ഒരറ്റം മുതല്‍ കടലിലിറക്കുന്നു. വലയുടെ ഒരറ്റം നീളമുള്ള റോപ്പുപയോഗിച്ച് ബോട്ടുമായി ബന്ധിച്ചിരിക്കും. ഫ്ളോട്ടിന്റെ എണ്ണവും സിങ്കറിന്റെ ഭാരവും ക്രമപ്പെടുത്തിയാണ് വല ഉദ്ദേശിക്കുന്ന തലത്തില്‍ വിന്യസിക്കുന്നത്. മത്സ്യങ്ങളുടെ സഞ്ചാരമേഖല, ലഭ്യത എന്നിവയനുസരിച്ച് കടലിന്റെ അടിത്തട്ടിലോ മുകള്പരപ്പിലോ ഇതിനിടയ്ക്കുള്ള ഏതെങ്കിലും തലത്തിലോ വല വിന്യസിച്ച് മീന്‍ പിടിക്കാം. ഒഴുക്കിനൊപ്പം നീങ്ങുന്ന വിധത്തിലോ സ്ഥിരമായി നില്ക്കുന്ന വിധത്തിലോ വല ക്രമീകരിക്കാം. മീന്‍ വലയില്‍ കുടുങ്ങുന്നതിനാവശ്യമായ ഏകദേശം ആറുമണിക്കൂറിന് ശേഷം വല തിരികെ വലിച്ച് കയറ്റി കുടുങ്ങിയ മത്സ്യത്തെ ശേഖരിക്കുന്നു.
ആയിരം ചൂണ്ട എന്ന പേരിലറിയുന്ന ലോങ്ങ് ലൈന്‍ ഊര്‍ജ്ജാവശ്യകത കുറഞ്ഞ മറ്റൊരു പ്രധാന മത്സ്യബന്ധനരീതിയാണ്. നല്ല മുറുക്കത്തില്‍ പിരിച്ച മൂന്നു മുതല്‍ ആറ് മില്ലീമീറ്റര്‍ വരെ വണ്ണമുള്ള റോപ്പ് പ്രധാന ലൈനായി ഉപയോഗിക്കുന്നു. പ്രധാന ലൈനില്‍ നിശ്ചിത അകലത്തില്‍ ശാഖകള്‍ അല്ലെങ്കില്‍ ബ്രാഞ്ചുലൈനിന്റെ അറ്റത്തായി ചൂണ്ടക്കൊളുത്തുകള്‍ കെട്ടിയുറപ്പിക്കുന്നു. ബ്രാഞ്ചുലൈനില് പ്രധാന ലൈനിനോടു ബന്ധിപ്പിക്കുന്നതിനുമുന്പായി സ്വിവല്‍ (swivel) കൂടി ചിലപ്പോള്‍ ഉപയോഗിക്കാറുണ്ട്. ഉപരിതലത്തില്‍ ഉപയോഗിക്കുന്പോള്‍ ബ്രാഞ്ച് ലൈനിന് നീളക്കൂടുതലും അടിത്തട്ടില്‍ ഉപയോഗിക്കുന്പോള്‍ നീളക്കുറവുമായിരിക്കും. നീളക്കൂടുതലുള്ള ബ്രാഞ്ചുലൈനില് ചൂണ്ടക്കൊളുത്തിനോടടുത്ത ഭാഗം സ്റ്റീല്‍ വയറ് ചേര്‍ത്ത് പിരിച്ചാണുണ്ടാക്കുന്നത്. ബ്രാഞ്ചുലൈനുകള് തമ്മിലുള്ള അകലം രണ്ടു ബ്രാഞ്ചുലൈനുകളുടെ മൊത്തം നീളത്തേക്കാള്‍ കൂടുതലായിരിക്കും.
സ്രാവ്, ഏട്ട, നെയ്മീന്, ചൂര മുതലായ കൂടുതല്‍ വേഗതയുള്ളതും ഇരയെ ഓടിച്ചു പിടിക്കുന്നതുമായ മത്സ്യങ്ങളെ പിടിക്കാനാണ് ഈ രീതി പ്രയോഗിക്കുന്നത്. ചൂണ്ടകള്‍ തിരഞ്ഞെടുക്കുന്പോള്‍ മത്സ്യത്തിന്റെ വലിപ്പത്തിനു പുറമെ വായ് വലിപ്പം, വായുടെ ആകൃതി എന്നിവ കൂടി പരിഗണിക്കുന്നു. വ്യത്യസ്ത വലിപ്പത്തിലും വിവിധ ആകൃതിയിലുമുള്ള ചൂണ്ടകള്‍ ലഭ്യമാണ്.
ഇപ്പോള്‍ പരുത്തി നൂലിന് പകരം നൈലോണ്‍ നൂലും പോളി എത്തിലീന്‍ നൂലുമാണ് ഉപയോഗത്തിലുള്ളത്. ഇവയ്ക്കു പുറമെ 1 മുതല്‍ 2.5 മില്ലിമീറ്റര്‍ വരെ വണ്ണമുള്ള മോണോഫിലമെന്റും ഉപയോഗിക്കുന്നു. ചില സ്ഥലങ്ങളില്‍ സ്റ്റീല്‍ വയറ് ചേര്‍ത്ത് പിരിച്ച ബ്രാഞ്ചുലൈനുകളാണ് ഉപയോഗിക്കുന്നത്. പ്രധാന ലൈനില്‍ ബ്രാഞ്ചു ലൈന്‍ ബന്ധിപ്പിക്കുന്നതിനിരുപുറവും കുറെ ഭാഗം സ്റ്റീല്‍ വയര്‍ ചേര്‍ത്തു പിരിച്ച ലൈന്‍ ഉപയോഗിക്കുന്നരീതിയും നിലവിലുണ്ട്. ബോട്ടിന്റെ വലിപ്പം, ജോലിക്കാരുടെ എണ്ണം എന്നിവയെ ആശ്രയിച്ച് മത്സ്യബന്ധനത്തിനുള്ള ലൈനിന്റെ നീളവും ചൂണ്ടയുടെ എണ്ണവും നിശ്ചയിച്ചിരിക്കുന്നു.
ചൂര മുതലായ മത്സ്യങ്ങള്‍ക്ക് ജലപരപ്പിലും സ്രാവ് മത്സ്യങ്ങള്‍ക്ക് അടിത്തട്ടിലും നെയ്മീന് പോലെയുള്ളവര്‍ക്ക് മദ്ധ്യതലത്തിലും ലോങ്ങ് ലൈന്‍ വിന്യസിക്കുന്നു. കടലിന്റെ അടിത്തട്ടുമായി സ്ഥിരമായി നില്ക്കുന്ന രീതിയിലോ ഒഴുക്കിനൊപ്പം നീങ്ങുന്ന വിധത്തിലോ ലൈന്‍ ഉപയോഗിക്കാം. മറ്റു മത്സ്യബന്ധനരീതികള്‍ പ്രായോഗികമല്ലാത്തിടത്തും ലോങ്ങ് ലൈന്‍ ഉപയോഗിച്ച് മത്സ്യബന്ധനം സുഗമമായി നടത്താനാകുന്നു.
വളരെ ലളിതവും ചിലവു കുറഞ്ഞതുമായ ഒരു മത്സ്യബന്ധനോപാതിയാണ് ഹാന്‍ഡ് ലൈന്‍. 1.5 മുതല്‍ 2.0 മില്ലീമീറ്റര്‍ വരെ വണ്ണമുള്ള മോണോഫിലമെന്റ് ലൈനിന്റെ അറ്റത്ത് രണ്ടോ മൂന്നോ കിലോഗ്രാം വരുന്ന ഭാരം കൊടുക്കുന്നു. ഇതിനു കുറച്ചു മുകളിലായി ഇടവിട്ട് നീളം വളരെ കുറഞ്ഞ ബ്രാഞ്ചു ലൈനുകളും അവയില്‍ ചൂണ്ടകളും കെട്ടുന്നു. അറ്റത്തുള്ള ഭാരം ലൈനിനെ നേരെ നിര്‍ത്തുന്നതു കൂടാതെ ഒഴുക്കില്‍ ലൈന്‍ ലംബമായി നില്ക്കുന്നതിനും സഹായിക്കുന്നു. ചൂണ്ടകളില്‍ ഇര കോര്‍ത്ത് ലൈന്‍ വെള്ളത്തില്‍ താഴ്ത്തുകയും ലൈനിന്റെ ഇളക്കത്തില്നിന്നും ചൂണ്ടയില്‍ മീന്‍ പിടിച്ചതായി മനസ്സിലാക്കി ലൈന്‍ വേഗത്തില്‍ വലിച്ചെടുക്കുകയും ചെയ്യുന്നു. മീന്‍ ചൂണ്ടയില്‍ നിന്നും വേര്‍പ്പെടുത്തി വീണ്ടും ഇര കോര്‍ത്ത് മത്സ്യബന്ധനം തുടരാം. കൈ കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന റോളറുകള്‍ ഉപയോഗിക്കുന്നത് കൂടുതല്‍ എളുപ്പവും സൗകര്യപ്രദവും ആണ്. കലവ മുതലായ മത്സ്യങ്ങളെ ഈ രീതിയില്‍ പിടിക്കുന്നു. മത്സ്യങ്ങള്‍ കൂട്ടം കൂടുവാന്‍ കൃതൃമമായി നിര്‍മ്മിക്കുന്ന സങ്കേതങ്ങളിലും മറ്റു മത്സ്യബന്ധന രീതികളൊന്നും സാദ്ധ്യമല്ലാത്ത സ്ഥലങ്ങളിലും ഈ രീതി കാര്യക്ഷമമാണ്.
കടലിന്റെ അടിത്തട്ടില്‍ പാറക്കെട്ടുകള്‍, പവിഴപ്പുറ്റുകള്‍ മുതലായവയുള്ള ഭാഗങ്ങളില്‍ മത്സ്യബന്ധനത്തിനുകൂടുകളും ഉപയോഗിക്കുന്നു. ഇരുന്പുകന്പിയുപയോഗിച്ച് ചട്ടക്കൂടുണ്ടാക്കുകയും വലക്കഷ്ണംകൊണ്ട് അവക്ക് ആവരണം ഇടുകയും ചെയ്യുന്നു. കൂടിന്റെ ഒരു വശത്ത് ഉള്ളിലേക്ക് തുറക്കാവുന്ന പ്രവേശന ദ്വാരങ്ങള്‍ ഘടിപ്പിക്കുന്നു. കൂട്ടില്‍ കിട്ടുന്ന മത്സ്യങ്ങളെ പുറത്തെടുക്കുന്നതിന് എതിര് വശത്ത് ചെറിയ വാതിലുകളും സജ്ജമാക്കിയിരിക്കും. കൂടിനുള്ളില്‍ ഇര തൂക്കി കയറില്‍ കെട്ടി കൂടുകള്‍ വെള്ളത്തില്‍ ഇറക്കിവെയക്കുന്നു. കയറിന്റെ മുകളറ്റത്ത് വലിയ ഫ്ളോട്ട് കെട്ടിയിടുന്നു. കൂടുകള്‍ ഓരോന്നും സ്വതന്ത്രമായോ പരസ്പരം കയറുകൊണ്ട് ബന്ധിച്ചോ കടലിലിടുന്നു. കൂടുതല്‍ തിരിച്ചെടുക്കുന്നതിന് ആദ്യം ഫ്ളോട്ട് പടിച്ചെടുക്കുകയും സാവധാനത്തില്‍ കയറുവലിച്ച് കൂട് കയറ്റി എടുക്കുകയും ചെയ്യുന്നു. പല ആകൃതിയിലും വലിപ്പത്തിലുമുള്ള കൂടുകള്‍ പ്രയോഗത്തിലുണ്ട്. കൂടുകള്‍ ഇടുകയും എടുക്കുകയും ചെയ്യുന്ന ഇടവേളയില്‍ ഹാന്ഡ്ലൈനുപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നത് ലാഭകരമാണ്. തീരക്കടലില്‍ കൊഞ്ചു പിടിത്തത്തിനു കൂടുകള്‍ വ്യാപകമായി ഉപയോഗിക്കുന്നു.
കേരളതീരത്ത് വ്യാപകമായി റിങ്ങ് സീന്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തപ്പെടുന്നു. അടിസ്ഥാനപരമായി ഇത് നാടന്‍ വള്ളങ്ങളില്‍ നിന്നും ഉപയോഗിച്ചു കൊണ്ടിരുന്ന താങ്ങുവലയാണ്. ഔട്ട് ഡോര്‍ മോട്ടോറിന്റെ പ്രചാരത്തോടെ താങ്ങു വലയില്‍ മാറ്റങ്ങള്‍ വരുത്തിയാണ് റിങ്ങ് സീന്‍ വികസിപ്പിച്ചെടുത്തത്. യന്ത്രവല്‍ക്കൃത നാടന്‍ വള്ളങ്ങളില്‍ നിന്നും പ്രവര്‍ത്തിപ്പിക്കാവുന്ന Mini purse seine നിലവില്‍ ഉണ്ട്.
ഇപ്പോള്‍ ഉപയോഗത്തിലിരിക്കുന്ന റിങ്ങ് സീനിന് ദീര്‍ഘ ചതുരാകൃതിയാണുള്ളത്. 800 മീറ്റര്‍ വരെ നീളമുള്ള വലിയ വലകള്‍ അയില, ചാള മുതലായ മത്സ്യങ്ങളെ പിടിക്കുവാന്‍ ഉപയോഗിക്കുന്നു. ഇതിന്റെ പ്രധാന വലയുടെ കണ്ണി വലിപ്പം 18-20 മില്ലിമീറ്ററാണ്. നത്തോലി മുതലായ മത്സ്യങ്ങള്ക്കുവേണ്ടിയുള്ള വലക്ക് കണ്ണിവലിപ്പം 10-12 മില്ലിമീറ്റര്‍ ആയിരിക്കും. പ്രധാന വല നൈലോണ്‍ നൂലുപയോഗിച്ചുള്ളതാണ്. വലയുടെ മദ്ധ്യഭാഗം ദീര്‍ഘചതുരാകൃതിയിലുള്ള വലകഷ്ണങ്ങള് കുറുകെ ചേര്‍ത്തു പിടിപ്പിച്ചും പാര്‍ശ്വങ്ങള്‍ നെടുകെ ചേര്‍ത്തു പിടിപ്പിച്ചുമാണ് ഉണ്ടാക്കുന്നത്.
കൂട്ടമായി സഞ്ചരിക്കുന്ന മത്സ്യങ്ങളെ പിടിക്കാനാണ് ഈ വലകള്‍ ഉപയോഗിക്കുന്നത്. മീനിനു വേണ്ടിയുള്ള തെരച്ചില്‍ നടത്തുകയും മീന്‍ കൂട്ടത്തെ കണ്ടശേഷം മാത്രം വലയിറക്കുകയുമാണ് ചെയ്യുന്നത്. കാറ്റിന്റെ ഗതി നീരൊഴുക്ക്, മത്സ്യക്കൂട്ടത്തിന്റെ പ്രയാണദിശ, വേഗത എന്നിവ നിരീക്ഷിച്ചശേഷം അധിവേഗത്തില്‍ മത്സ്യക്കൂട്ടത്തെ വലയം ചെയ്ത് വല മുഴുവന്‍ വെള്ളത്തില്‍ വിടുന്നു. വളയങ്ങളില്‍ക്കൂടി കടത്തിയിരിക്കുന്ന റോപ്പു വലിച്ച് വലയുടെ അടിഭാഗം അടച്ച് മീനിനെ വലക്കുള്ളിലാക്കുന്നു. മീന്‍ കൂട്ടത്തെ വളയലും വലക്കുള്ളിലാക്കലും എത്രയും വേഗത്തില്‍ നടത്തുന്നുവോ എന്നതിനനുസരിച്ചായിരിക്കും വിജയവും. തുടര്‍ന്ന് രണ്ടറ്റത്തുനിന്നും വല വലിച്ചെടുക്കുകയും വലയില്‍ അകപ്പെട്ട മത്സ്യക്കൂട്ടത്തെ പിടിച്ചെടുക്കുകയും ചെയ്യുന്നു.
കോണാകൃതിയില്‍ വളരെ നീളമുള്ള വലകളാണ് സ്റ്റെയിക്ക് നെറ്റുകള്‍. ഇതിന്റെ വായ് ഭാഗത്തിന് ദീര്‍ഘചതുരാകൃതിയാണുള്ളത്. വടക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ഇവ ഡോള്നെറ്റ് എന്ന പേരിലറിയപ്പെടുന്നു.
പരിസ്ഥിതിക്കിണങ്ങുന്നതും മത്സ്യങ്ങള്‍ക്ക് വംശനാശം വരുത്താത്തതുമായ ഗില്‍ നെറ്റുകള്‍, ലൈനുകള്‍ മുതലായ ഊര്‍ജ്ജാവശ്യകത കുറഞ്ഞ മത്സ്യബന്ധനരീതികള്‍ക്ക് ഊന്നല്‍ കൊടുക്കുകയും അവയെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യേണ്ടതാണ്.
കടപ്പാട് : കേരള കാർഷിക സർവകലാശാല
അവസാനം പരിഷ്കരിച്ചത് : 6/22/2020
കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ഏറ്റവും കൂടുതലായി കൃ...
അലങ്കാരമത്സ്യം സൂക്ഷിക്കുന്നതും പ്രചരിപ്പിക്കുന്നത...
തീരക്കടലുകളിലും, അഴിമുഖങ്ങളിലും ഓരുവെള്ളത്തിലും കണ...
കേരളത്തിലെ പൊക്കാളി നിലങ്ങള്‍ ഉള്‍പ്പടെയുള്ള ചെമ്മീന...