പഞ്ഞിപ്പുരോഗം അഥവാ ക്രോണിക് സോഫ്റ്റ് ഷെല്‍ സിന്‍ഡ്രോം എന്ന രോഗം ചെമ്മീനുകളില്‍ സാധാരണയായി കണ്ടുവരുന്നതാണ്. എല്ലാവര്‍ഷവും കേരളത്തിൽ കാലവർഷത്തിന്‍റെ ആരംഭത്തിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. കാരച്ചെമ്മീന്‍, നാരന്‍ ചെമ്മീന്‍, വനാമി ചെമ്മീന്‍ തുടങ്ങിയ ലവണജല ഇനങ്ങളിലും ശുദ്ധജല കൊഞ്ചുകളിലും പഞ്ഞിപ്പുരോഗം കണ്ടു വരുന്നു.
ചെമ്മീനുകളുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ് തോടിളക്കല്‍. ചെമ്മീനുകള്‍ വളര്‍ച്ചയുടെ ഓരോഘട്ടത്തിലും അവയുടെ പുറംതോട് ഇളക്കിക്കളയാറുണ്ട്. ഇതിനെ മോള്‍ട്ടിങ് അഥവാ തോടിളക്കല്‍ എന്നുപറയുന്നു. തോടിളക്കലിനുശേഷം പുതിയ ബാഹ്യകവചം രൂപപ്പെടുന്നതുവരെ ചെമ്മീനുകള്‍ പഞ്ഞിപോലെ മൃദുവായിരിക്കും.സാധാരണയായി വളര്‍ച്ചാ ദശയ്ക്കനുസരിച്ച് രണ്ടുമൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ചെമ്മീന്‍റെ തോട്കട്ടിയുള്ളതാവും. എന്നാല്‍, ദിവസങ്ങളോളം ബാഹ്യകവചം കട്ടി പിടിക്കാതെ പഞ്ഞിപോലെ കാണപ്പെടുന്നുവെങ്കില്‍ അത് പഞ്ഞിപ്പുരോഗം കാരണമാവാം. ഇത്തരം ചെമ്മീനുകള്‍ ശക്തി ക്ഷയിച്ചും ചലനശേഷി നന്നേ കുറഞ്ഞും കാണപ്പെടുന്നു. ഈ സമയം മറ്റ് ചെമ്മീനുകള്‍ അവയെ ആഹരിക്കാന്‍ സാധ്യതയേറെയുണ്ട്. അതുപോലെ ബാക്ടീരിയ, ഫംഗസ് എന്നിവമൂലമുള്ള രോഗബാധയും ഈസമയം ഉണ്ടാകാം.
ചെമ്മീനുകളില്‍ മധ്യഉദര ഗ്രന്ഥിയില്‍നിന്ന് പുറംതോട് നിര്‍മാണത്തിനാവശ്യമായ കാത്സ്യവും ഫോസ്ഫറസും ബാഹ്യകവചത്തില്‍ എത്തിക്കുന്നതിനുള്ള പരാജയമാണ് പഞ്ഞിപ്പുരോഗത്തിന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. വളര്‍ത്തുകുളങ്ങളിലെ കാത്സ്യം, ഫോസ്ഫറസ് എന്നിവയുടെ അപര്യാപ്തതയോ ഇവയുടെ അനുപാതത്തിലെ വ്യതിയാനമോ പഞ്ഞിപ്പുരോഗത്തിന് കാരണമാവാം. വെള്ളത്തില്‍ ലവണാംശം പൊടുന്നനെ കുറയുമ്പോള്‍ പഞ്ഞിപ്പുരോഗം ഉണ്ടാവുന്നതിന് സാധ്യത വളരെ കൂടുതലാണ്.
തീറ്റയില്‍ കാത്സ്യത്തിന്റെയും ഫോസ്ഫറസിന്‍റെയും അപര്യാപ്തത, തെറ്റായ അനുപാതം എന്നിവയും പഞ്ഞിപ്പുരോഗത്തിന് കാരണമാവും. ഇതിനുപുറമെ പോഷകാഹാരക്കുറവ്, കീടനാശിനികളുടെ സാന്നിധ്യം, ജലത്തിന്‍റെ ഗുണനിലവാരക്കുറവ് എന്നിവയും പഞ്ഞിപ്പുരോഗത്തിന് ഹേതുവാകാം.
ആരോഗ്യകരമായ ചുറ്റുപാടുകളില്‍ കൃഷിചെയ്യുക, പോഷകഗുണമുള്ള തീറ്റ നല്‍കുക, മണ്ണിന്‍റെയും ജലത്തിന്റെയും ഗുണനിലവാരം ഉറപ്പുവരുത്തുക, കനത്ത മഴയ്ക്ക് മുമ്പേ വിളവെടുപ്പ് നടത്തുക, തീറ്റയില്‍ കാത്സ്യത്തിന്റെയും ഫോസ്ഫറസിന്റെയും അനുപാതം 1:1 നും 1:1.5 നുംഇടയില്‍ നിലനിര്‍ത്തുക എന്നിവയാണ് രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍.രോഗാരംഭത്തില്‍ കല്ലുമ്മക്കായ ഇറച്ചി, കക്കയിറച്ചി എന്നിവ തീറ്റയായി നല്‍കിയാല്‍ രോഗശമനം സാധ്യമാവുന്നതായി കണ്ടിട്ടുണ്ട്. കുളങ്ങളില്‍ കുമ്മായം (ഹെക്ടറിന് 100 കി.ഗ്രാം തോതില്‍) ഇടുന്നതും രോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കും
കടപ്പാട്:.krishijagran