অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സംസ്‌കരിക്കാം സോയാബീൻ

സംസ്‌കരിക്കാം സോയാബീൻ

പാലിനുവേണ്ടിയും മാംസത്തിന്റെ നേർപകർപ്പായും നാം ഉപയോഗിക്കുന്ന പച്ചക്കറിയിനമാണ് സോയാബീൻ. സോയാബീനിന്റെ പാലും അതിന്റെ എണ്ണയും എണ്ണയെടുത്തതിന് ശേഷമുള്ള കേക്കും(പിണ്ണാക്ക്, നാം സാധാരണയായി ഉപയോഗിക്കുന്നത്) നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമായിമാറാൻ തുടങ്ങിയിരിക്കുന്നു. മഹാരാഷ്ട്രയിലും ഗുജറാത്തിലും ഉത്തരേന്ത്യയിൽ മറ്റുപല സംസ്ഥാനങ്ങളിലും സോയാബീൻ വ്യാവസായികമായി ഉത്പാദിപ്പിച്ചുവരുന്നുണ്ട്. കേരളത്തിൽ മിക്ക കർഷകരും സോയാബീൻ കൃഷിയിറക്കാൻ തയ്യാറാണെങ്കിലും അതിന്റെ ഉപയോഗവും സംസ്‌കരണവും അവരെ വല്ലാതെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.

പയർ രൂപത്തിലുള്ള സോയാബീനിന്റെ ഉപയോഗം കായകളുടെ നല്ല ഇളം പ്രായത്തിൽ മാത്രമേ നടക്കൂ. അല്പം മൂത്താൽപ്പിന്നെ അതിന് നിറയെ കറയായിരിക്കും. മാത്രമല്ല അത് ഉപ്പേരിയോ തോരനോ ഉണ്ടാക്കിക്കഴിച്ചാൽ ചൊരുക്ക് അനുഭവപ്പെടും. എല്ലില്ലാത്ത മാംസം എന്ന് അപരനാമത്തിൽ അറിയപ്പെടുന്ന ഈ അദ്്ഭുതവിളയുടെ  മൂത്തതിനുശേഷമുള്ള സംസ്‌കരണം എങ്ങനെയെന്ന് മനസ്സിലാക്കിയാൽ വളരെയധികം ലാഭകരമായ സോയാബീൻ കൃഷിയിലേക്ക് അവർ എത്തുമെന്ന കാര്യത്തിൽ സംശയംവേണ്ട.

സോയാമിൽക്ക്

സാധാരണ പശുവിൻപാലിലെ പ്രോട്ടീന് തുല്യമാണ് സോയാബീനിലെ പ്രോട്ടീൻ. എന്നാൽ, മത്സ്യത്തിലും മുട്ടയിലുമുള്ള മൂന്നിരട്ടി പ്രോട്ടീനാണ് ഇതിലടങ്ങിയിരിക്കുന്നത്. സോയാബീൻ പയറിന്റെ വിത്തുകൾ വേവിച്ചു കഴിക്കുമ്പോൾ ഒരു പ്രത്യേക മണവും അരുചിയും തോന്നും ഇതൊഴിവാക്കാൻ അതിനെ പാലാക്കി സംസ്‌കരിക്കാം.

നന്നായിവിളഞ്ഞുപാകമായ സോയാബീൻപയറുകൾ വിളവെടുത്ത് ഉള്ളിലെ പയർമണികൾ വേർതിരിച്ചെടുത്ത് കുറഞ്ഞത് പത്തുമണിക്കൂർനേരമെങ്കിലും വെള്ളത്തിൽ കുതിർത്തുവെക്കുക. അതിനുശേഷം കൈകൊണ്ട് തിരുമ്മി വിത്തിന്റെ പുറമേയുള്ള തൊലിനീക്കം ചെയ്യണം. നന്നായി കഴുകിയതിന് ശേഷം നല്ലവണ്ണം അരച്ച് മാവാക്കുക. അതിലേക്ക് 8 ഇരട്ടി വെള്ളം ചേർത്ത് തിളപ്പിച്ചശേഷം ചൂടാറ്റി ഒരു മസ്‌ലിൻ തുണിയിൽ അരിച്ചെടുത്തതിന്‌ശേഷം ഒന്നുകൂടി ചെറുതായി തിളപ്പിക്കണം ഇടയ്ക്കിടക്ക് ഇളക്കിക്കൊടുത്തുവേണം തിളപ്പിക്കാൻ. സോയാബീൻപാൽ നല്ല പ്രോട്ടീൻ സമ്പുഷ്ടമാണെങ്കിലും അതിന്റെ മണം പലർക്കും പിടിക്കില്ല അതിനാൽ അഞ്ചു ശതമാനം സറ്റാർച്ച് ലായനി തിളപ്പിച്ച് ചേർക്കണം. അല്ലെങ്കിൽ കഞ്ഞിവെള്ളം ചേർത്താലും മതി. അല്ലെ്ങ്കിൽ കുതിർത്തുവെക്കുന്നത് പച്ചവെള്ളത്തിന് പകരം ചൂടുള്ള കഞ്ഞിവെള്ളത്തിലായാലും മതി. ഇങ്ങനെ സംസ്‌കരിച്ചെടുത്ത സോയാപ്പാൽ തണുപ്പിച്ച് വെച്ച് എത്രകാലം വേണമെങ്കിലും ഉപയോഗിക്കാം.

എണ്ണയെടുക്കാം

ഉയർന്ന തിളനിലകാണിക്കുന്ന, ചീത്തകൊളസേ്ട്രാളിന്റെ അളവ് തീരെയില്ലാത്ത സോയാബീൻ എണ്ണ എല്ലാം കൊണ്ടും ശരീരത്തിന്റെ പോഷണത്തിന് അനുയോജ്യമാണ്. അതിന്റെ എണ്ണ നമുക്ക് വ്യാവസായികമായും കുറഞ്ഞരീതിയിലും തയ്യാറാക്കാവുന്നതാണ്

ആദ്യമായി പയറിൽ നിന്ന് വേർതിരിച്ചെടുക്കുന്ന സോയാബീൻ വിത്തുകൾ നന്നായി ഉണക്കിയെടുത്തതിന് ശേഷം നെടുകെ പിളർത്തുക. അത് പിന്നീട് 165 ഡിഗ്രി ചൂടിൽ വറുത്തെടുക്കുക എന്നാൽ വളരെപ്പെട്ടെന്ന് എണ്ണ വേർതിരിച്ചെടുക്കാൻ സാധിക്കും വറുത്തില്ലെങ്കിൽ എണ്ണയുടെ അളവ് കുറവായിരിക്കും. അത് വ്യാവസായികമായി എണ്ണയെടുക്കുന്നവർ അതിനുള്ള യന്ത്രങ്ങളുടെ സഹായത്തോടെയാണ് അത് ചെയ്യുന്നത്. ാദയം വൃത്തിയാക്കുന്നു പിന്നീട് പിളർത്തി ഒരുക്കിയെടുത്തതിന് ശേഷം യന്ത്രസഹായത്താൽ എണ്ണവേർതിരിച്ചെടുത്ത് ശുദ്ധീകരിക്കുന്നു. ആയതിന് ചെറിയതോതിലും വലിയതോതിലും യന്ത്രങ്ങൾ കെ.എം.ഇ.സി. പോലുള്ള പല അന്താരാഷ്ട്ര കമ്പനികളും വിതരണം ചെയ്യുന്നുണ്ട്. അതിൽനിന്ന് ലഭിക്കുന്ന പിണ്ണാക്കാണ് നമ്മൾ സോയാ കേക്കായി കഴിക്കുന്നത്. ഗാർഹികമായി എണ്ണയെടുക്കാൻ സോയാബീൻ പാല് തിളപ്പിച്ച് വേവിച്ചാണ് സാധ്യമാകുന്നത്. തേങ്ങാപ്പാലിൽ നിന്ന് തേങ്ങവെന്തവെളിച്ചെണ്ണയെടുക്കുന്നതുപോലെ.

പൊടിച്ചെടുക്കാം

സോയിബീൻപൊടിച്ചെടുത്ത് നമ്മൾ സാധാരണ ഉപയോഗിക്കുന്ന മൈദ ഗോതമ്പ് പൊടികളുടെയും അരിപ്പൊടിയുടെയും കൂടെച്ചേർത്തും അല്ലാതെയും ഉപയോഗിക്കാം. കഴുകിയുണക്കിയെടുത്ത സോയാബീൻവിത്തുകൾ നെടുകെ പിളർത്തിയെടുത്ത് പാനിൽ 10-15 മിനിറ്റ് ചൂടാക്കിയെടുത്തതിന് ശേഷം ചൂടാറ്റി ഗ്രൈൻഡറിൽ പൊടിച്ചെടുക്കാം. നല്ല പ്രോട്ടീനും വിറ്റാമിനുകളും പ്രദാനം ചെയ്യുന്ന ഭക്ഷ്യവിഭവമായ സോയാബീൻ കൃഷിചെയ്തും സംസ്‌കരിച്ചും ലാഭംനേടാം.

പ്രമോദ്കുമാർ വി.സി.

pramodpurath@gmail.com

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate