অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മുരിങ്ങ കൃഷി രീതിയും പരിപാലനവും

മുരിങ്ങ കൃഷി രീതിയും പരിപാലനവും

*ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള പച്ചക്കറിയിനമാണ് മുരിങ്ങയും മുരിങ്ങക്കായും*. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ഇവരണ്ടും. മുരിങ്ങക്കായ വിറ്റാമിന്‍ ബി,സി തുടങ്ങിയവയുടെ കലവറയാണ്.മുരിങ്ങയിലയില്‍ വിറ്റാമിന്‍ എ,സി,മാത്സ്യം,കാത്സ്യം,ഫോസ്ഫറസ്,ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നു.
ഔഷധഗുണവും പോഷകങ്ങളും അടങ്ങിയ മുരിങ്ങ പച്ചക്കറികളില്‍ പ്രഥമസ്ഥാനമാണ്. ഉഷ്ണകാലവിളയായ മുരിങ്ങ പ്രധാനമായും സമതലപ്രദേശങ്ങളിലാണ് വളരുന്നത്. മഴകുറഞ്ഞ വരണ്ട പ്രദേശങ്ങളിലും മുരിങ്ങ കൃഷിക്ക് യോജിച്ചതാണ്. ഏതുതരം മണ്ണിലും മുരിങ്ങ വളരുമെങ്കിലും ഫലപൂഷ്ടിയുള്ള മണല്‍കലര്‍ന്ന പശിമരാശിമണ്ണാണ് ഏറ്റവും അനുയോജ്യം.
*ഒരു മരത്തില്‍ നിന്ന് 1000ത്തില്‍ കൂടുതല്‍ കായ്കള്‍ ലഭിക്കും. ജാഫന,ചാവക്കച്ചേരി,ചെംമുരിങ്ങ,കാട്ടുമുരിങ്ങ,കൊടികാല്‍ മുരിങ്ങ എന്നിവയാണ പ്രധാനയിനങ്ങള്‍*.എ.ഡി 4,കെ എം 1 എന്നിവ തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്തതാണ്.
മുരിങ്ങ നടുമ്പോള്‍ വിത്താണ് ഉപയോഗിക്കുന്നതെങ്കില്‍ പൊളിത്തീന്‍ കൂടുകളില്‍ പാകി തൈകള്‍ക്ക് 25 മുതല്‍ 30 സെന്റിമീറ്റര്‍ ആകുമ്പോള്‍ കുഴികളിലേക്ക്.ശിഖരങ്ങളാണ് നടീല്‍ വസ്തുവെങ്കില്‍ കൈയുടെ വണ്ണമുള്ള കമ്പ് ഉപയോഗിക്കുന്നതാണ് നല്ലത്. മേയ്-ജൂണ്‍ മാസങ്ങളാണ് നടുവാന്‍ നല്ലത്.
45 സെന്റിമീറ്റര്‍ സമചതുരത്തില്‍ കുഴികളെടുത്ത് അത്രതന്നെ ആഴവുമുള്ള കുഴികള്‍ എടുക്കണം. ശേഷം അതില്‍ ഒരോന്നിലും 15 കിലോഗ്രാം ജൈവവളം ചേര്‍ത്തിളക്കി വിത്തുനടാം. വരികള്‍ തമ്മിലും 2.5 മീറ്റര്‍ ഇടയകലം വരത്തക്കവിധത്തില്‍ കുഴികള്‍ തയ്യാറാക്കണം.
ഒരു ഹെക്ടര്‍ സ്ഥലത്ത് നടാന്‍ 600 ഗ്രാം മുരിങ്ങവിത്ത് ആവശ്യമാണ്. തൈകള്‍ നട്ടുകഴിഞ്ഞാല്‍ ഇടയ്ക്ക് നനയ്ക്കുന്നത് നല്ലതാണ്. നട്ട് മൂന്ന് മാസംകഴിഞ്ഞ് യൂറിയ,സൂപ്പര്‍ ഫോസ്‌ഫേറ്റ്,മ്യൂറിയേറ്റ്,ഓഫ് പൊട്ടാഷ് എന്നിവ 100:100:50 ഗ്രാം എന്ന അളവില്‍ നല്‍കാം. നനയ്ക്കല്‍ മണ്ണിന്റെ ഘടന അനുസരിച്ച് 10 മുതല്‍ 15 ദിവസം ഇടവിട്ട് നല്‍കണം.
ആറ് മാസത്തിന് ശേഷം ചെടിയൊന്നിന് 100 ഗ്രാം യൂറിയ ചേര്‍ത്ത് കൊടുക്കാം.ഒപ്പം വളപ്രയോഗം നടത്തുന്ന സമയങ്ങളില്‍ നല്ലതുപോലെ നനയ്ക്കണം.തൈകള്‍ 75 സെന്റിമീറ്റര്‍ മുതല്‍ ഒരു മീറ്റര്‍ വരെ ഉയരം വയ്ക്കുമ്പോള്‍ അഗ്രമുകുളം നുള്ളിക്കളയുന്നത് ധാരാളം ശിഖരങ്ങള്‍ പൊട്ടി പന്തലിച്ച് വളരുവാന്‍ സഹായിക്കും.
ഒരാണ്ടന്‍ മുരിങ്ങ വന്‍തോതില്‍ കൃഷിചെയ്യുമ്പോള്‍ തക്കാളി, പയര്‍,വെണ്ട എന്നിവ ഇടവിളയായി കൃഷിചെയ്യാം. മാത്രമല്ല ഇത് തെങ്ങിന്‍ തോപ്പിലും നടുവാന്‍ കഴിയും.
രോമപ്പുഴുക്കള്‍,ഇല കാര്‍ന്നു തിന്നുന്ന പുഴുക്കള്‍,വാട്ടരോഗം എന്നിവ മുരിങ്ങ തൈകളെ ബാധിക്കുന്ന പ്രധാന കീടങ്ങളാണ്.
വാട്ടരോഗം തടയുന്നതിന് ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിക്കുന്നത് നല്ലതാണ്. രോമപ്പുഴുക്കളെ നശിപ്പിക്കുന്നതിന് ഡസ്പാന്‍ മൂന്ന് മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നതോതില്‍ കലക്കി തളിക്കാം.
*വേണ്ട വിധത്തില്‍ പരിപാലിക്കുകയാണെങ്കില്‍ വര്‍ഷത്തില്‍ രണ്ടുതവണ മുരിങ്ങ വിളവെടുക്കാം.* ആദ്യവിളവെടുപ്പ് മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലും രണ്ടാം വിളവെടുപ്പ് ജൂലായ് സെപ്റ്റംബര്‍ മാസത്തിലുമാണ്. ഒരു ചെടിയില്‍ നിന്നും ശരാശരി 30 മുതല്‍ 35 കിലോഗ്രാം വരെ വിളവ് ലഭിക്കും. ഓരോ വിളവെടുപ്പ് കഴിഞ്ഞും ചെടി 90 സെന്റിമീറ്റര്‍ ഉയരത്തില്‍ വെച്ച് മുറിക്കണം. ശേഷം വീണ്ടും വളപ്രയോഗം നടത്താം.
ഇത് മൂലം ചെടികളില്‍ പുതിയ തളിര്‍ വരുകയും വേഗത്തില്‍ പൂക്കുകയും ചെയ്യും. ഇതുവഴി മുരിങ്ങ ആറ് വര്‍ഷം വരെ വിളവ് തരും. മുരിങ്ങയുടെ തടി വളരെ മൃദുവായതിനാല്‍ എളുപ്പത്തില്‍ ഒടിഞ്ഞുപോകാതെ സൂക്ഷിക്കണം.
മുരിങ്ങക്കുരുവില്‍ നിന്നും എണ്ണ വേര്‍തിരിച്ച് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നുണ്ട് എന്നാല്‍ ഇന്ത്യയില്‍ ഇത് അത്ര ഉപയോഗിക്കുന്നില്ല.

അവസാനം പരിഷ്കരിച്ചത് : 6/30/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate