অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കോള്‍റാബി, അടുക്കളത്തോട്ടത്തിലെ പുതിയ താരം

കോള്‍റാബി, അടുക്കളത്തോട്ടത്തിലെ പുതിയ താരം

കോള്‍റാബി, അടുക്കളത്തോട്ടത്തിലെ പുതിയ താരം

കാബേജും കോളിഫ്‌ളവറും ഗ്രോബാഗില്‍ നല്ല പോലെ വളര്‍ത്തിയെടുക്കുന്ന നിരവധി പേരുണ്ട്. ഇനി കോള്‍റാബി ഒന്നു പരീക്ഷിച്ചു നോക്കൂ. കാബേജിനെപ്പോലെ ശീതകാല പച്ചക്കറിയായ കോള്‍റാബി കേരളത്തിലെ അടുക്കളത്തോട്ടങ്ങളിലെ പുതിയതാരമാകാന്‍ ഒരുങ്ങുകയാണ്.

ചെറുപ്പത്തില്‍
കോളിഫ്‌ളവര്‍ പോലെ

ചെറുപ്രായത്തില്‍ കാഴ്ചയില്‍ കോളിഫ്ളവറിനെ പോലെയാണ് കോള്‍റാബി. വലുതാകുന്തോറും മണ്ണിന് മുകളിലായി കാണ്ഡം വീര്‍ത്തു വരും ഒരു പന്ത് പോലെ. കോളിഫ്ളവറിന്റെ പൂവാണ് ഭക്ഷ്യയോഗ്യമെങ്കില്‍ കോള്‍റാബിയുടെ വീര്‍ത്തുവരുന്ന തണ്ടാണ് പച്ചക്കറിയായി ഉപയോഗിക്കുന്നത്. കാബേജും കോളിഫ്ളവറും കൃഷിചെയ്യുന്നതിന് സമാനമാണ് കോള്‍റാബിയുടെ കൃഷിയും.

കൃഷി രീതി

നവംബര്‍-ഡിസംബര്‍ മാസത്തെ തണുപ്പു കാലമാണ് കൃഷിക്ക് അനുയോജ്യം. തവാരണകളില്‍ വിത്ത് മുളപ്പിച്ച് തൈകളുണ്ടാക്കി പ്രധാന കൃഷിയിടത്തിലേക്കോ കൂടകളിലേക്കോ മാറ്റി നടാം. നഴ്‌സറികളിലും മറ്റും വിത്തുകള്‍ ലഭ്യമാണ്. വെളളക്കെട്ടില്ലാത്ത നീര്‍വാര്‍ച്ചയുളള ജൈവാംശം കൂടുതലുളള മണ്ണാണ് അഭികാമ്യം. ചുരുങ്ങിയത് ആറു മണിക്കൂര്‍ സൂര്യപ്രകാശം ആവശ്യമാണ്. ക്രമാതീതമായ ചൂട് നല്ലതല്ല. ദിവസവും നനയ്ക്കണം. ചുവട്ടില്‍ വെളളം തളം കെട്ടി നില്‍ക്കാന്‍ ഇട വരരുത്. രണ്ടാഴ്ചയിലൊരിക്കല്‍ വളപ്രയോഗം നടത്താം. രണ്ടാഴ്ചയിലൊരിക്കല്‍ കടലപ്പിണ്ണാക്ക് പുളിപ്പിച്ച് ചാണകത്തെളി കലര്‍ത്തിയതും, ഗോമൂത്രം ഒരു ലിറ്ററില്‍ 10 ലിറ്റര്‍ വെള്ളം ചേര്‍ത്തും നല്‍കാം. രണ്ട് മാസമാണ് വിളക്കാലം. അധികം മൂപ്പെത്തുന്നതിനു മുമ്പ് വിളവെടുക്കണം. മൂപ്പെത്തിയാല്‍ തണ്ടിന് നാരു കൂടുതലാണ്. നന്നായി വളര്‍ന്നാല്‍ പന്ത് പോലെ തടിച്ച തണ്ടിന് അഞ്ചു മുതല്‍ എട്ട് സെ.മീ. വരെ വ്യാസം ഉണ്ടായിരിക്കും. കാബേജ്, കോളിഫ്‌ളവര്‍ എന്നിവയപ്പോലെ ഗ്രോബാഗിലും നന്നായി വളരും. പച്ച, ചുവപ്പ് കളറുകളിലാണ് സാധാരണ കോള്‍റാബിയുണ്ടാകുക.

രോഗങ്ങള്‍


അഴുകല്‍ രോഗവും തുരപ്പന്‍ പുഴുക്കളുമാണ് പ്രധാന ശത്രുക്കള്‍. അഴുകലിന് പ്രതിവിധിയായി സ്യൂഡോമോണസ് ലായനിയും പുഴുക്കള്‍ക്കെതിരെ വേപ്പെണ്ണ ലായനിയും തളിക്കാം.

ഗുണങ്ങള്‍

കോളിഫ്‌ളവര്‍, കാബേജ് എന്നിവയില്‍ മറ്റു പച്ചക്കറികളെ അപേക്ഷിച്ച് പോഷകങ്ങള്‍ കുറവാണ്. എന്നാല്‍ കോള്‍റാബിയില്‍ നിരവധി ഗുണങ്ങളാണ് അടങ്ങിയിട്ടുള്ളത്. കൊഴുപ്പിന്റെ അംശം കുറഞ്ഞ് നാരിന്റെ അംശം വളരെ കൂടുതലാണ്. വിറ്റാമിന്‍ എ, ബി6,ഡി,ഇ,കെ എന്നിവയും അടങ്ങിയിട്ടുണ്ട്. കാത്സ്യം, അയേണ്‍, പൊട്ടാസ്യം, സോഡിയം എന്നീ ധാതുക്കളുമുണ്ട്. ഇതിനാല്‍ കുട്ടികള്‍ക്കും നല്ലതാണ് കോള്‍റാബി കഴിക്കുന്നത്. നോള്‍കോള്‍, ടര്‍ണിപ് കാബേജ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ധാരാളമായി ഈ പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. ഭക്ഷ്യയോഗ്യമായ തണ്ട് വറുത്തോ മസാലയിട്ട് വഴറ്റിയോട കഴിക്കാം.

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate