വിദേശത്തുനിന്ന് വിരുന്നെത്തി, മലയാളികളുടെ വീട്ടുമുറ്റത്ത് സ്ഥാനം പിടിച്ച ശ്രേഷ്ഠഫലങ്ങളിലൊന്നാണ് പുലാസാന്‍. കാഴ്ചയില്‍ റംമ്പുട്ടാനോട് സാമ്യമുണ്ടെങ്കിലും, തനതായ രൂപവും, ഉപയോഗക്രമവും, കൃഷിരീതിയും സസ്യസ്വഭാവവുമൊക്കെ പുലാസാനുണ്ട്. റംമ്പുട്ടാന്‍ ഉള്‍പ്പെടെയുള്ള ‘സാപ്പിന്‍ഡിസി’ സസ്യ കുടുംബത്തിലെ അംഗമായ പുലാസാന്‍ നെഫീലിയം മ്യൂട്ടബൈല്‍ എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്നു. ഏതാണ്ട് 12 മീറ്ററോളം ഉയരത്തില്‍ വളരുന്ന നിത്യഹരിത സ്വഭാവിയായ പുലാസാന്‍ കാഴ്ചയില്‍ത്തന്നെ മനോഹരമായ ഒരു അലങ്കാരവൃക്ഷം കൂടിയാണ്. തേനിനെ വെല്ലുന്ന മധുരമാണ് പുലാസാന്‍റെ മറ്റൊരു പ്രത്യേകത. ഉള്‍ക്കാമ്പ് അനായാസമായി വിത്തില്‍നിന്ന് വേര്‍പെടുത്തിയെടുക്കാം. മാംസളഭാഗം നേരിട്ടും ഐസ്ക്രീമുകളിലും പുഡിംഗുകളിലും രുചി വര്‍ധകമായും ഉപയോഗിക്കാം. ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കുവാന്‍ സിദ്ധിയുള്ളതിനാല്‍ ഇത് ദുര്‍മേദസ്സ് ഉള്ളവര്‍ക്ക് നല്ലതാണ്. ചര്‍മ്മത്തെ മൃദുലമാക്കുകയും മുടികൊഴിച്ചില്‍ തടയുകയും ചെയ്യുന്നു. പ്രമേഹരോഗികള്‍ക്കും പുലാസാന്‍ നല്ലതാണെന്ന് പറയപ്പെടുന്നു.
നല്ല വളക്കൂറും നീര്‍വാര്‍ച്ചയുമുള്ള ഏതു മണ്ണിലും പുലാസാന്‍ വളര്‍ത്താമെന്ന് കണ്ടെത്തിയിരിക്കുന്നു. എന്നാല്‍, മണ്ണില്‍ ധാരാളം ജൈവാംശമുള്ളത് ചെടികളുടെ വളര്‍ച്ചയെയും കായ്പിടിത്തത്തെയും മെച്ചപ്പെടുത്തും. ഇടനാട്ടിലും എക്കല്‍മണ്ണടിയുന്ന നദീതീരങ്ങളിലും പുലാസാന്‍ മരങ്ങള്‍ നന്നായി വളര്‍ന്നുകാണുന്നു. അന്തരീക്ഷത്തിലെ ഉയര്‍ന്ന തോതിലുള്ള ആര്‍ദ്രതയും ഊഷ്മളതയും പുലാസാന്‍ മരങ്ങള്‍ സ്വതേ ഇഷ്ടപ്പെടുന്നു.
വ്യാവസായികാടിസ്ഥാനത്തില്‍ പുലാസാന്‍ കൃഷി പ്രോത്സാഹനീയമല്ല. പൂവിടലും കായ്പിടിത്തവും ക്രമത്തിലാക്കേണ്ടതും ‘ഫ്ലാറ്റ്’ പഴങ്ങളുണ്ടാകുന്നതും പ്രധാന കാരണങ്ങളാണ്. ഒരു ‘തെര്‍മേസെന്‍സിറ്റീവ്’ സസ്യമായതിനാല്‍ പുലാസാന് അധിക ചൂടും താങ്ങാനാകില്ല. ചെടികളുടെ ശരിയായ വളര്‍ച്ചയ്ക്ക് 22 മുതല്‍ 32 വരെ ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് അഭികാമ്യം. മണ്ണിന്‍റെ പി.എച്ച് മൂല്യം 5-നും 6-നും ഇടയ്ക്കായിരിക്കുന്നതാണ് നല്ലത്. മൈക്കോറൈസ പോലുള്ള സൂക്ഷ്മജീവികളുടെ കൂട്ടുകെട്ട് പുലാസാന്‍റെ വളര്‍ച്ചയ്ക്ക് വളരെ നല്ലതാണെന്ന് കാണുന്നു. കൂടാതെ, ശരിയായ ജലസേചനം സൂര്യപ്രകാശത്തിന്‍റെ ലഭ്യത എന്നിവയും അത്യന്താപേക്ഷിതമാണ്. മണ്ണ് നല്ല നീര്‍വാര്‍ച്ചയുള്ളതുമായിരിക്കണം.
വിത്ത് മുളച്ചുണ്ടാകുന്ന തൈകള്‍ മുകുളനത്തിനായി ഒരു റൂട്ട് സ്റ്റോക്കായി ഉപയോഗിക്കാം. ആണ്‍-പെണ് ചെടികള്‍ വെവ്വേറെ മരങ്ങളില്‍ ഉണ്ടാകുന്നതിനാല്‍ കൃഷിക്ക് ഉപയോഗിക്കുന്നത് മേല്‍ത്തരം കായ്ഫലമുള്ള മരങ്ങളില്‍നിന്നും ശേഖരിച്ച മുകുളങ്ങള്‍ ഉപയോഗിച്ച് ഒട്ടിച്ചെടുത്ത തൈകളാണെന്നു ഉറപ്പുവരുത്തണം. ഇത്തരം തൈകള്‍ മഴക്കാലത്തിന്‍റെ ആരംഭത്തോടെ നടുന്നതാണ് നല്ലത്. റാംമ്പുട്ടാന്‍റെ കൃഷിരീതിതന്നെ പുലാസാനും അവലംബിക്കാമെങ്കിലും ഉയര്‍ന്ന തോതിലുള്ള ജൈവവളത്തിന്‍റെ ലഭ്യത പുലാസാന് ഉറപ്പുവരുത്തണം.
വേനല്‍ക്കാലത്ത് പകല്‍ നല്ല ചൂടും രാത്രി മഞ്ഞുമുള്ള കാലാവസ്ഥയില്‍ പുലാസാന്‍റെ ശാഖാഗ്രങ്ങളില്‍ കുലകളായി പൂക്കള്‍ വിരിഞ്ഞുതുടങ്ങും. ജനുവരി/ഫെബ്രുവരി മാസങ്ങളാണ് പുലാസാന്‍റെ പൂക്കാലം. കേരളത്തില്‍ നിന്നും കണ്ടെത്തിയ പുലാസാന്‍ മരങ്ങളില്‍ ധാരാളം വൈവിധ്യങ്ങള്‍ പ്രകടമാണ്. ഇവ പഠനവിധേയമാക്കിയപ്പോള്‍ പ്രധാനമായും കണ്ടെത്തിയത് പൂക്കളുടെയും പഴങ്ങളുടെയും പ്രത്യേകതകളാണ്. ചില മരങ്ങളില്‍ സ്വാഭാവികമായി ധാരാളം പുലാസാന്‍ പഴങ്ങള്‍ ആണ്ടുതോറും ലഭ്യമാകുമ്പോള്‍, ചില മരങ്ങള്‍ ക്രമംതെറ്റി ഫലങ്ങളുണ്ടാകുകയും ചില വര്‍ഷങ്ങളില്‍ ‘ഫ്ലാറ്റ്’ കായ്കള്‍ ഉണ്ടാകുകയും ചെയ്യുന്നു. പൂക്കളുടെ ലിംഗവ്യത്യാസവും പരാഗണത്തിന്‍റെ അഭാവവുമാണ് ഫ്ലാറ്റ് കായ്കള്‍ ഉണ്ടാകുന്നതിന്‍റെ കാരണങ്ങള്‍ എന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ഈ പ്രവണത തടയുവാന്‍ 5 ഗ്രാം പൊട്ടാസ്യം നൈട്രേറ്റ് പൂക്കളില്‍ തളിക്കുന്നത് ഫലപ്രദമാണ്. ഈ പ്രയോഗം ഒരു മാസത്തെ ഇടവേളയില്‍ 3 പ്രാവശ്യം കൂടെ കായ്കളുടെ വളര്‍ച്ചാഘട്ടത്തില്‍ പ്രയോഗിക്കണം. എന്നാല്‍, പരാഗണം നടക്കാതെയും കായ്പിടിത്തം പുലാസാനില്‍ സ്വാഭാവികമാണ്. പരാഗണം ഉറപ്പാക്കാന്‍ ഒട്ടുംതന്നെ പരാഗണരേണുക്കള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ചില ദ്വിലിംഗ പുഷ്പങ്ങളിലെ കേസരങ്ങള്‍ പൊട്ടിച്ച പരാഗരേണുക്കള്‍ ലഭ്യമാക്കുവാന്‍ സൂപ്പര്‍ ഫിക്സ്(NAA) പോലുള്ള സസ്യഹോര്‍മോണുകള്‍ പ്രയോഗിക്കേണ്ടിവരും. പൂങ്കുലകളിലെ ഏതാനും ചില പൂക്കള്‍ വിടരുമ്പോള്‍ ഒരു മരത്തിലെ ഏതാനും ചില പൂങ്കുലകളില്‍ (10 ശതമാനം) 30 ppm സൂപ്പര്‍ ഫിക്സ് തളിക്കുന്നത് ഫലപ്രദമാണ്. ഈ പ്രയോഗം രാവിലെ 9 മണിക്ക് മുമ്പും വൈകുന്നേരം 5 മണിക്ക് ശേഷവും നടത്താന്‍ ശ്രദ്ധിക്കേണ്ടതാണ്. പൊതുവേ, രോഗ-കീടബാധകളൊന്നുംതന്നെ പുലാസാനെ ആക്രമിക്കാറില്ല. കായ്കളില്‍ ചിലപ്പോള്‍ മീലിമുട്ടയുടെ ആക്രമണം ഉണ്ടാകാറുണ്ട്. വെര്‍ട്ടിസീലിയം ലിറ്ററിന് 10 മില്ലി വീതം തളിക്കുന്നത് വളരെ ഫലപ്രദമാണ്.
ഡോ. സണ്ണി ജോര്‍ജ്ജ്
കടപ്പാട്: കര്‍ഷകമിത്രം, സമ്പൂര്‍ണ്ണ കാര്‍ഷിക ഗൈഡ്
അവസാനം പരിഷ്കരിച്ചത് : 6/15/2020