অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പാല്‍ക്കൂണ്‍

"പ്രമേഹരോഗികളുടെ ആനന്ദം'', "ദേവതകളുടെ ആഹാരം'' എന്നും മറ്റും വിശേഷിപ്പിക്കപ്പെടുന്ന കൂണുകള്‍ അഥവാ കുമിളുകള്‍ പ്രകൃതി മഴക്കാലത്ത് മാത്രമാണ് നമുക്ക് നല്കുന്നത്. എന്നാല്‍ ഈ സംരക്ഷിതാഹാരം എല്ലാ കാലങ്ങളിലും തടമൊരുക്കി വീടുകളില്‍ കൃഷി ചെയ്തെടുക്കാവുന്നതാണ്. കേരളത്തിലെ കാലാവസ്ഥയില്‍ അനുയോജ്യമായി കൃഷി ചെയ്തെടുക്കാവുന്ന കൂണുകളാണ് ചിപ്പിക്കുണും പാല്‍ക്കൂണും. 20-30 ഡിഗ്രി സെല്‍ഷ്യസ് അന്തരീക്ഷ ഊഷ്മാവില്‍ ചിപ്പിക്കൂണ്‍ മികച്ച് വിളവ് തരുന്നു. എന്നാല്‍ പാല്‍ക്കൂണാകട്ടെ 25-35 ഡിഗ്രി സെല്‍ഷ്യസ് അന്തരീക്ഷ ഊഷ്മാവില്‍ - ജനുവരി മുതല്‍ മെയ് കാലഘട്ടത്തിലും- വളരെ ആദായകരമായി കൃഷി ചെയ്യാം.

തൂവെള്ള നിറത്തില്‍ കുടയുടെ ആകൃതിയില്‍ കാണപ്പെടുന്ന പാല്‍ക്കൂണിന് 200 മുതല്‍ 250 രൂപവരെ വിലയുണ്ട്. മാര്‍ക്കറ്റില്‍ കവറുകളിലും മറ്റും ലഭ്യമായ ഇവ മനസ്സുവച്ചാല്‍ നമുക്കും ആവശ്യാനുസരണം വീട്ടില്‍ ഉത്പാദിപ്പിക്കാവുന്നതേ ഉള്ളൂ. ഒരു കവര്‍ കൂണ്‍വിത്ത് ഉപയോഗിച്ച് ഒന്ന്-ഒന്നര കിലോഗ്രാം പാല്‍കൂണ്‍ ഉണ്ടാക്കാം.


പാല്‍കൂണ്‍ കൃഷിക്ക് ആവശ്യമുള്ള സാധനങ്ങള്‍


കച്ചിത്തിരി - 1 തിരി

കൂണ്‍ വിത്ത് - 1 കവര്‍

പോളിത്തീന്‍ കവര്‍ - 2 എണ്ണം

മാധ്യമം തയ്യാറാക്കല്‍


ഹരിതകരഹിതമായ കൂണുകള്‍ മറ്റു വിളകളുടെ /സസ്യങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്നാണ് ആഹാരം വലിച്ചെടുക്കുന്നത്. കൂണ്‍ വളര്‍ത്തുവാന്‍ ഉപയോഗിക്കുന്ന സസ്യാവശിഷ്ടങ്ങളാണ് മാധ്യമം എന്ന് പറയുന്നത്. വൃത്തിയുള്ളതും അധികം പഴകാത്തതും നന്നായി ഉണങ്ങിയതുമായ വൈക്കോലാണ് പാല്‍ക്കൂണ്‍ കൃഷിക്ക് ഏറ്റവും അനുയോജ്യമായ മാധ്യമം.


* വൈക്കോള്‍ 8-10 സെ. മീ. നീളമുള്ള കഷ്ണങ്ങളാക്കുക

* 12-14 മണിക്കൂറോളം ശുദ്ധജലത്തില്‍ കുതിരാനിടുക

* വെള്ളം വാര്‍ത്തുകളയുക

* അര-മുക്കാല്‍ മണിക്കുറോളം വൈക്കോല്‍

ആവി കയറ്റുക.

* തണുത്തതും പിഴിഞ്ഞാല്‍ വെള്ളം തുള്ളിയായി

വീഴാത്തവിധം തോര്‍ന്നതുമായ വൈക്കോലാണ് കൂണ്‍

കൃഷിചെയ്യുവാന്‍ ഉപയോഗിക്കുന്നത്.


തടം തയ്യാറാക്കല്‍


40 സെ. മീ നീളവും 30 സെ. മീ വീതിയും 150 ഗേജ് കനവുമുള്ള സുതാര്യമായ പോളീത്തീന്‍ കവറിലാണ് പാല്‍ക്കൂണ്‍ കൃഷി ചെയ്യുവാനുള്ള തടം തയ്യാറാക്കുന്നത്. ക്രമമായ വായുപ്രവാഹത്തിനും അധികജലമുണ്െടങ്കില്‍ വാര്‍ന്നുപോകുന്നതിനുമായി പോളിത്തീന്‍ സഞ്ചിയുടെ അടിഭാഗത്തും മറ്റു ഭാഗങ്ങളിലും 10-15 ചെറിയ സുഷിരങ്ങള്‍ ഇട്ടു കൊടുക്കണം. കവറിന്റെ അടിഭാഗം പരന്നിരിക്കാന്‍ കയര്‍/റബര്‍ ബാന്‍ഡിട്ട് കെട്ടണം.

കൂണ്‍തടം ഒരുക്കുന്ന ആള്‍ ഒരു ശതമാനം വീര്യമുള്ള ഡെറ്റോള്‍ ലായനി ഉപയോഗിച്ച് കൈകള്‍ വൃത്തിയായി തുടയ്ക്കണം. പോളിത്തീന്‍ കവറിന്റെ അടിഭാഗത്ത് 2'' കനത്തില്‍ അണുവിമുക്തമാക്കിയ വൈക്കോല്‍ വായു അറകള്‍ രൂപപ്പെടാത്ത രീതിയില്‍ അമര്‍ത്തി നിറയ്ക്കണം. അതിനു മുകളിലായി എല്ലാ ഭാഗത്തും വീഴത്തക്കവിധം ഒരു പിടി കൂണ്‍ വീത്ത് വിതറുക. വീണ്ടും ഒരടുക്ക് വൈക്കോല്‍ നിരത്തിയതിനുശേഷം കൂണ്‍ വിത്ത് വിതറുക. ഇപ്രകാരം രണ്േടാ മൂന്നോ അടുക്ക് വൈക്കോലുംകൂണ്‍വിത്തും നിരത്തിയശേഷം പോളിത്തീന്‍സഞ്ചി അമര്‍ത്തി കെട്ടി വയ്ക്കണം.


പരിചരണം

കൂണ്‍തടങ്ങള്‍ വായുസഞ്ചാരമുള്ള ഒരു ഇരുട്ടുമുറിയിലാണ് സൂക്ഷിക്കേണ്ടത്. അവിടെ അവ വൃത്തിയുള്ള രണ്ട് ഇഷ്ടികയുടെ പുറത്തുവയ്ക്കുന്നതാണ് ഉചിതം. കൂണിന്റെ കായികവളര്‍ച്ച പൂര്‍ത്തിയാകുവാന്‍- അതായത് വെള്ളതന്തുകള്‍ പൂപ്പല്‍ പോലെ തടത്തിനുള്ളിലെ വൈക്കോലിനെ മൂടി കാണപ്പെടാന്‍- ഏകദേശം 20-22 ദിവസത്തെ സമയം എടുക്കുന്നു. തുടര്‍ന്ന് കൂണ്‍ തടം തുറന്ന് ഒരിഞ്ച് വിട്ട് വൃത്താകൃതിയില്‍ പോളീത്തീന്‍ സഞ്ചിയുടെ മുകള്‍ഭാഗം ചുരുട്ടി വയ്ക്കുക.

കൂണ്‍ തടത്തിന്റെ മുകള്‍ഭാഗത്താണ് 'പുതയിടീല്‍' അഥവാ 'കേസിംഗ്' നടത്തുന്നത്. മുക്കാലിഞ്ച് കനത്തില്‍ മാത്രമേ പുതയിടുവാന്‍ പാടുള്ളൂ.

കേസിംഗിന് ഉപയോഗിക്കാവുന്ന വസ്തുക്കള്‍

ആറ്റുമണല്‍ + മണ്ണ് - 1:1 അനുപാതം

ആറ്റുമണല്‍ + ചാണകപ്പൊടി - 1:1 അനുപാതം

ചകിരിച്ചോര്‍ കമ്പോസ്റ് + ചാണകപ്പൊടി - 1:1/3:1 അനുപാതം

മണ്ണിരക്കമ്പോസ്റ് + മണല്‍ - 1:1 അനുപാതം

മേല്‍പറഞ്ഞിരിക്കുന്ന ഏതെങ്കിലുമൊരു മിശ്രിതം നനച്ച് പോളി പ്രൊപ്പലീന്‍ കവറുകളില്‍ നിറച്ച് ആവിയില്‍ അര-മുക്കാല്‍ മണിക്കൂറോളം പുഴുങ്ങി എടുക്കുകയോ ഒരു മണിക്കൂറോളം ചട്ടിയില്‍ വറത്തെടുക്കുകയോ ചെയ്ത് അണുനശീകരണം നടത്തേണ്ടതാണ്.

പുതയിടീല്‍


അണുവിമുക്തമാക്കിയ മിശ്രിതം നന്നായി തണുത്തശേഷം മുക്കാലിഞ്ച് കനത്തില്‍ കൂണ്‍ തടം മുകളില്‍ തുറന്ന് കവര്‍ ചുരുട്ടിവെച്ചതിനുശേഷം നിരത്തണം.കേസിംഗ് മിശ്രിതം/പുതയിട്ട ഭാഗം ആവശ്യത്തിന് വെള്ളം തളിച്ച് ഈര്‍പ്പം നിലനിര്‍ത്തണം. (പുട്ടുപൊടി പരുവത്തിന് നനവ്). വെള്ളം കെട്ടി നില്‍ക്കാന്‍ പാടില്ല.

പുതയിടീലിനുശേഷം കൂണ്‍ വളര്‍ത്തുന്ന മുറിയില്‍ നല്ല വായുസഞ്ചാരവും 80 ശതമാനം അന്തരീക്ഷ ഈര്‍പ്പവും ആവശ്യമാണ്. പുതയിട്ട ഭാഗത്തുനിന്നും 8-10 ദിവസങ്ങള്‍ക്കുള്ളില്‍ പാല്‍ക്കൂണിന്റെ ചെറുമുകുളങ്ങള്‍ പൊട്ടി വരും. ഒരാഴ്ചക്കുള്ളില്‍ അവയില്‍ മൂന്നോ-നാലോ എണ്ണം വളര്‍ന്ന് വിളവെടുക്കാന്‍ പാകമാകും. പുതയിട്ട ഭാഗത്തുനിന്നും മുകളിലോട്ടാണ് പാല്‍കൂണ്‍ മുളച്ചുവരുന്നത്.

വിളവെടുപ്പ്


കൃഷി തുടങ്ങി 30-35 ദിവസങ്ങള്‍ക്കുള്ളില്‍ ആദ്യ വിളവെടുപ്പ് നടത്താം. പാകമായ കൂണുകള്‍ തണ്ടിന്റെ അടിഭാഗത്ത് പിടിച്ച് തിരിച്ച് വലിച്ച് ബെഡ്ഡില്‍ നിന്നും വേര്‍പെടുത്താവുന്നതാണ്. ആദ്യ വിളവെടുപ്പിനുശേഷം വീണ്ടും പുതയിട്ട ഭാഗം നനച്ചു കൊടുക്കണം. നനയ്ക്കുമ്പോള്‍ പുതയിട്ട ഭാഗം തറഞ്ഞു പോകാതെ പ്രത്യേകം ശ്രദ്ധിക്കണം. 8-10 ദിവസത്തിനുള്ളില്‍ 2-ാം മത്തെ വിളവെടുപ്പും തുടര്‍ന്ന് ഇതേ ഇടവേളയ്ക്കുശേഷം 3-ാംമത്തെ വിളവെടുപ്പും നടത്താം. ആകെ 55-60 ദിവസങ്ങള്‍കൊണ്ട് ബെഡ്ഡിന്റെ വിളവെടുപ്പ് കാലാവധി തീരും.


വിളവ്


രണ്ട് മാസത്തിനുള്ളില്‍ ഒരു ബെഡ്ഡില്‍ നിന്നും 600-700 ഗ്രാം പാല്‍ക്കൂണ്‍ ലഭിക്കുന്നു.

പാല്‍ക്കൂണിന്റെ പ്രത്യേകതകള്‍

* തൂവെള്ള നിറം

* ദൃഡത

* ഉയര്‍ന്ന ഉത്പാദനക്ഷമത

* നീണ്ട സൂക്ഷിപ്പുകാലം (4-5 ദിവസം)

* വേനല്‍ക്കാലത്ത് നല്ല വിളവ്

* കുറഞ്ഞ കീടബാധ

* ഉയര്‍ന്ന ഔഷധമൂല്യം

പാല്‍ക്കൂണിന് ഒരു ദുസ്വാദും ഗന്ധവും ഉള്ളതായി ചിലര്‍ പറയാറുണ്ട്. എന്നാല്‍ ഇത് ഇല്ലാതാക്കുവാനായി കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ഒരു എളുപ്പവഴി കണ്െടത്തിയിട്ടുണ്ട്. വെള്ളം തിളപ്പിച്ച് ഒരു ലിറ്ററിന് രണ്ട് ടീസ്പൂണ്‍ എന്ന തോതില്‍ ഉപ്പ് ചേര്‍ക്കുക. വെള്ളം വീണ്ടും ഒരു മിനിട്ട് തിളപ്പിച്ചതിനുശേഷം വാങ്ങി കറിക്കായി അരിഞ്ഞുവെച്ച പാല്‍ക്കൂണ്‍ കഷണങ്ങള്‍ ഇട്ട് വെള്ളം നന്നായി തണുക്കുന്നതുവരെ വയ്ക്കുക. തണുത്തതിനുശേഷം ഊറ്റി വീണ്ടും പച്ചവെള്ളം ഒഴിച്ച് കൂണ്‍ കഷണങ്ങള്‍ നന്നായി കഴുകി ചെറുതായി ഞെക്കി പിഴിഞ്ഞെടുത്ത് പാചകത്തിനായി ഉപയോഗിക്കുക.


ഇഷ്ടവിഭവങ്ങളൊരുക്കാന്‍ പാല്‍കൂണ്‍


കൂണ്‍ കുറുമ

കൂണ്‍ - 250 ഗ്രം

തക്കാളി - 1

കുറുകിയ തേങ്ങാപ്പാല്‍    -    1 കപ്പ്

വെളുത്തുള്ളി - 6 അല്ലി

ഇഞ്ചി - 1 കഷ്ണം

സവാള അരിഞ്ഞത് - 1/4 കപ്പ്

പച്ചമുളക് - 5

ഗരം മസാല - 1 ടീസ്പൂണ്‍

മല്ലിപ്പൊടി - 2 ടീസ്പൂണ്‍

മുളകുപൊടി - 1/2 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി - 1/4 ‘ടീസ്പൂണ്‍

എണ്ണ - 2 ടേബിള്‍സ്പൂണ്‍

മല്ലിയില - 2 തണ്ട്

കടുക് - 1/4 ടീസ്പൂണ്‍

നാരങ്ങാനീര് - 1/2 ടീസ്പൂണ്‍

ഉപ്പ് - പാകത്തിന്

കടുക് വറുത്ത് സവാള വഴറ്റുക. കൂടാതെ ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, തക്കാളി എന്നിവ അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. വാടുമ്പോള്‍ പൊടികള്‍ വെള്ളത്തില്‍ കലക്കി ചേര്‍ക്കുക. വെള്ളം വറ്റിക്കഴിഞ്ഞ് കൂണ്‍ കഷ്ണങ്ങളും ഉപ്പും ചേര്‍ത്തിളക്കി അടച്ച്വെച്ച് ചെറുതീയില്‍ വേവിക്കുക. വെന്തതിനു ശേഷം തേങ്ങാപ്പാല്‍ ചേര്‍ത്ത് ഒന്ന് തിളച്ചാലുടന്‍ മല്ലിയിലയും നാരങ്ങാനീരും ചേര്‍ക്കുക.

കായംകുളം സി.പി.സി.ആര്‍.ഐ യില്‍ പ്രവര്‍ത്തിക്കുന്ന ആലപ്പുഴ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ മേല്‍നോട്ടത്തില്‍ ചെറിയനാട് പഞ്ചായത്തില്‍ "ഗ്രാമീണ വനിതകളിലൂടെ പാല്‍കൂണ്‍ കൃഷി പ്രചരണം'' എന്ന മുന്‍നിരപ്രദര്‍ശനതോട്ടം നടത്തുകയുണ്ടായി. കൂണ്‍കൃഷിയില്‍ തത്പരരായ 15 വനിതകളാണ് ഇതില്‍ പങ്കാളികളായത്. ചിപ്പിക്കൂണ്‍ കൃഷി മാത്രം ചെയ്തിരുന്ന ഇവര്‍ പാല്‍ക്കൂണിന്റെ ഗുണങ്ങള്‍ മനസ്സിലാക്കി കൃഷി ചെയ്തുവരുന്നു. കൂടാതെ കൃഷി കഴിഞ്ഞ കൂണ്‍ തടങ്ങള്‍ മണ്ണിരക്കമ്പോസ്റാക്കി മാറ്റി അധികവരുമാനമാക്കുന്നു.

പാല്‍ക്കൂണ്‍ കൃഷിക്ക് വേണ്ട സൌജന്യ പരിശീലനം കൃഷി വിജ്ഞാന കേന്ദ്രങ്ങളില്‍ ലഭ്യമാണ്. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍, കൃഷി വിജ്ഞാന കേന്ദ്രം, കൃഷ്ണപുരം പി. ഒ. കായംകുളം എന്ന മേല്‍വിലാസത്തിലോ 0479 - 2449268 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.

കൂണ്‍ കൃഷിയുടെ ലളിതവും ചെലവു കുറഞ്ഞതുമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഗ്രാമീണ വനിതകള്‍ക്ക് വീടുകളില്‍ തന്നെ അധികവരുമാനം നേടാവുന്നതാണ്. കൂടാതെ കൃഷിസ്ഥലം തീരെ കുറവുള്ളവര്‍ക്കും ലഭ്യമായ ജൈവാവശിഷ്ടങ്ങള്‍ ഉപയോഗിച്ച് കൂണ്‍ കൃഷി ചെയ്തെടുക്കാം.

അവസാനം പരിഷ്കരിച്ചത് : 4/14/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate