കൃഷി തുടങ്ങിയ കാലം മുതല്‍ കീടങ്ങള്‍ കൃഷിയുടെ ശത്രുക്കളായിരുന്നു. കര്‍ഷകര്‍ വിവിധ കീടനിയന്ത്രണമാര്‍ഗ്ഗങ്ങള്‍ അവംലംബിച്ച് കീടങ്ങളുടെ ഉപദ്രവം ചെറുക്കുകയും മെച്ചപ്പെട്ട വിളവെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തോടെ കീടനാശിനികള്‍ കണ്ടുപിടിക്കുകയും അവ ഉപയോഗിച്ചു തുടങ്ങുകയും ചെയ്തു. അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങളുടെ ആവിര്‍ഭാവവും രാസവളപ്രയോഗവും രാസകീടനാശിനി ഉപയോഗിച്ചുള്ള കീടനിയന്ത്രണവും കാര്‍ഷിക മേഖലയില്‍ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു. ആവര്‍ത്തിച്ചുള്ള കീടനാശിനി പ്രയോഗം കാലക്രമത്തില്‍ ഗുണത്തേക്കാളേറെ ദോഷങ്ങള്‍ ഉണ്ടാക്കിത്തുടങ്ങി. പരിസ്ഥിതി പ്രശ്നങ്ങളും ആരോഗ്യപ്രശ്നങ്ങളുമാണ് ഇതില്‍ പ്രധാനപ്പെട്ടത്. കീടനാശിനിയുടെ ഏകദേശം ഇരുപതുശതമാനം മാത്രം ഉപയോഗിക്കുന്ന വികസ്വര രാജ്യങ്ങളിലാണ് കീടനാശിനി പ്രയോഗം കൊണ്ടുള്ള എണ്പതു ശതമാനം മരണവും നടക്കുന്നതെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ കാണിക്കുന്നത്. ഈ കാലഘട്ടത്തിലാണ് കീടനാശിനി പ്രയോഗം പരമാവധി കുറച്ചുകൊണ്ട് മറ്റുകീടനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ അവംലംബിച്ച് കീടനിയന്ത്രണം നടത്തേണ്ടതിന്റെ ആവശ്യകത ഉടലെടുക്കുന്നതും സംയോജിത കീടനിയന്ത്രണത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ചുവന്നതും.
വിവിധ കീടനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ ആവശ്യാനുസരണം ശ്രദ്ധയോടെ തെരഞ്ഞെടുത്ത്, ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടാത്തരീതിയിലും മനുഷ്യര്‍ക്കും മറ്റുജന്തുക്കള്ക്കും ദോഷം വരാത്ത രീതിയിലും പ്രയോഗിച്ച് കീടനിയന്ത്രണം നടപ്പിലാക്കി ലാഭകരമായി കൃഷി നടത്തുന്ന രീതിയാണ് സംയോജിത കീടനിയന്ത്രണം. ഇന്ന് ഈ സമ്പ്രദായം എല്ലാവിളകളിലും വിജയകരമായി നടപ്പിലാക്കാമെന്ന് തെളിഞ്ഞിട്ടുണ്ട്.
കീടനാശിനി ഉപയോഗിക്കുമ്പോള്‍ കീടനിയന്ത്രണം വളരെവേഗം സാധ്യമാകുമെങ്കിലും അതിന്റെ ഫലം അധികനാള്‍ നീണ്ടുനില്കാറില്ല എന്നുള്ള പരമാര്‍ത്ഥം കര്‍ഷകര്‍ അറിഞ്ഞിരിക്കണം. ആവര്‍ത്തിച്ചുള്ള കീടനാശിനി പ്രയോഗം കീടനാശിനിയെ ചെറുത്തുനില്കാനുള്ള കഴിവ് കീടങ്ങള്‍ക്ക് സമ്മാനിക്കുന്നു. ഏകദേശം നാനൂറ്റിഅമ്പതോളം കീടങ്ങളും, നൂറോളം കുമിളുകളും, അന്‍പതോളം കളച്ചെടികളും ഇതിനകം തന്നെ ഈ പ്രതിഭാസത്തിന് വിധേയമായി കഴിഞ്ഞു. ഇതിനുപുറമെ, അശാസത്രീയമായ കീടനാശിനി പ്രയോഗം മൂലം പ്രകൃതിയിലുള്ള മിത്രകീടങ്ങള്‍ നശിക്കുകയും, അതിന്റെ ഫലമായി വിളകള്‍ക്ക് വലിയ നാശം വരുത്താതിരുന്ന കീടങ്ങള്‍ പോലും വലിയ നാശകാരികളായിമാറി. ആവര്‍ത്തിച്ചുള്ള കീടനാശിനി പ്രയോഗം കൊണ്ട് ലഭിക്കുന്ന പ്രയോജനം ക്രമേണ കുറഞ്ഞു വരുകയും അവസാനം അവയുടെ പ്രയോജനം തീരെ ഇല്ലാതാകുകയും ചെയ്യുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
ഈ അവസരത്തിലാണ് ഫലപ്രദമായതും നീണ്ടനാള്‍ നിലനില്ക്കുന്നതും ദൂഷ്യവശങ്ങള്‍ കുറഞ്ഞതുമായ ഒരു കീടനിയന്ത്രണമാര്‍ഗ്ഗം ആവിഷികരിച്ചെടുക്കാന് സസ്യസംരക്ഷണ ശാസ്ത്രജ്ഞന്മാര് മുന്നോട്ടുവന്നത്. എല്ലാ ജീവജാലങ്ങളും, ഭൂമിയില്‍ ആവശ്യമാണെന്നും അവയെ ഉന്മൂലനാശം ചെയ്യാന്‍ കഴിയില്ലെന്നും അങ്ങനെ ചെയ്താല്‍ ഗുണത്തേക്കാളേറെ ദൂഷ്യഫലങ്ങളുണ്ടാകുമെന്നുള്ള നിഗമനത്തില്‍ ശാസ്ത്രജ്ഞന്മാര് എത്തിച്ചേര്‍ന്നു. അതിന്റെ ഫലമായി ശത്രുകീടങ്ങളെ മുഴുവനായും നശിപ്പിക്കാതെ, വിളവില്‍ കുറവ് വരുത്താതെ കീടങ്ങളെ ഒരു പരിധിക്കുതാഴെ നിലനിര്‍ത്തുന്നതിനാല്‍ ഏറ്റവും യോജിച്ച മാര്‍ഗ്ഗമെന്ന് പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കണ്ടെത്താന്‍ സാധിച്ചു.
സംയോജിത കീടനിയന്ത്രണത്തില്‍ പ്രധാനമായും അഞ്ചുമാര്ഗ്ഗങ്ങളാണുള്ളത്. കീടങ്ങളെ ചെറുത്തുനില്ക്കാന് കഴിവുള്ള വിത്തിനങ്ങള്‍ കൃഷിചെയ്യുക എന്നതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. നാം കൃഷി ചെയ്യുന്ന വിളകളെ ആക്രമിക്കുന്ന കീടങ്ങളെ മനസ്സിലാക്കി അവയെ ഒരു പരിധിവരെയെങ്കിലും ചെറുത്തുനില്ക്കാന് കഴിവുള്ള വിത്തിനങ്ങളുണ്ടെങ്കില് അവ കൃഷി ചെയ്യണം. അധികച്ചെലവു വരുത്താത്ത ഒരു കീടനിയന്ത്രണ മാര്‍ഗ്ഗമാണിത്. ഇത്തരം വിത്തിനങ്ങള്‍ ഉപയോഗിച്ചുള്ള കൃഷിയില്‍, കീടങ്ങള്‍ കുറഞ്ഞ തോതില്‍ വിളകളെ ആക്രമിക്കുന്നതുകൊണ്ട് വിളവില്‍ കുറവ് വരുന്നില്ല. നാം കൃഷി ചെയ്യുന്ന പല വിത്തിനങ്ങള്‍ക്കും കീടങ്ങളെ ചെറുത്തുനില്ക്കാനുള്ള കഴിവുണ്ടെങ്കിലും, അതുമനസ്സിലാക്കാതെ, കീടാക്രമണം കണ്ടാലുടന്‍, പഴയ രീതിയിലുള്ള കീടനിയന്ത്രണമാര്‍ഗ്ഗങ്ങള്‍ അവംലംബിച്ചു വരുന്നു.
സംയോജിത കീടനിയന്ത്രണത്തിലെ അടുത്ത മാര്‍ഗ്ഗം യാന്ത്രിക കീടനിയന്ത്രണമാണ്. കീടവല ഉപയോഗിച്ചോ, മറ്റേതെങ്കിലും രീതിയിലോ കീടങ്ങളുടെ വിവിധ ദശകളെ ശേഖരിച്ച് നശിപ്പിക്കുകയാണ് ചെയ്യേണ്ടത്. കൃത്യമായി, കൃഷിസ്ഥലം പരിശോധിച്ച് കീടശല്യം തുടക്കത്തിലെ കണ്ടുപിടിച്ച് കീടങ്ങളെ നശിപ്പിക്കണം. സംയോജിത കീടനിയന്ത്രണത്തില്‍ അവംലംബിക്കാവുന്ന മറ്റൊരു മാര്‍ഗ്ഗമാണ് കാര്‍ഷിക കീടനിയന്ത്രണം. കൃഷി മുറകളില്‍ വ്യതിയാനം വരുത്തി നടപ്പാക്കാവുന്ന വളരെ ഫലപ്രദമായ മാര്‍ഗ്ഗമാണിത്. ജൈവകീടനിയന്ത്രണമാണ് മറ്റൊരു പ്രധാനപ്പെട്ട മാര്‍ഗ്ഗം. ജൈവകീടനാശിനി പ്രയോഗവും മിത്രകീടങ്ങളെ ഉപയോഗിച്ചുള്ള കീടനിയന്ത്രണവും ഇതില്‍പ്പെടുന്നു. പ്രകൃതിയില്‍ കണ്ടുവരുന്ന മിത്രകീടങ്ങളെ നശിപ്പിക്കാതിരുന്നാല്‍, അവ ശത്രുകീടങ്ങളെ ഒരു പരിധിയില്‍ അധികമാകാതെ നിലനിര്‍ത്തുന്നു. അതിനാല്‍ ജൈവ കീടനാശിനി പ്രയോഗവും മിത്രകീടങ്ങളെ സംരക്ഷിച്ചുകൊണ്ടുള്ള കീടനിയന്ത്രണവും ഉറപ്പുവരുത്തണം. സംയോജിത കീടനിയന്ത്രണത്തിലെ അവസാനമാര്‍ഗ്ഗമാണ് രാസകീടനിയന്ത്രണം. മേല്‍വിവരിച്ച മാര്‍ഗ്ഗങ്ങള്‍കൊണ്ട് കീടനിയന്ത്രണ സാധ്യമാകുന്നില്ലെങ്കില്‍ മാത്രം രാസകീടനാശിനി പ്രയോഗം നടത്തണം.
കീടങ്ങളെ ചെറുത്തുനില്ക്കാന് കഴിവുള്ള വിത്തിനങ്ങള്‍ കൃഷിചെയ്യുക.
കൃഷിസ്ഥലം കൃത്യമായി പരിശോധിക്കുകയും കീടശല്യം തുടക്കത്തിലെ കണ്ടുപിടിക്കുകയും അവയോടൊപ്പമുള്ള മിത്രകീടങ്ങളെ മനസ്സിലാക്കുകയും ചെയ്യുക.
കെണിവച്ചോ കീടവല ഉപയോഗിച്ചോ കീടങ്ങളെ ശേഖരിച്ച് നശിപ്പിക്കുക.
കേടുപാടുകള്‍ വന്ന ഭാഗം കീടത്തോടുകൂടി ശേഖരിച്ച് നശിപ്പിക്കുക.
ചെടികളിലെ കേടുപാടുകള്‍ മാത്രം കണക്കിലെടുത്തുകൊണ്ടുള്ള കീടനാശിനിപ്രയോഗം അശാസ്ത്രീയമാണ്. അതിനാല്‍ ശത്രുമിത്രകീടങ്ങളെ കൂടി കണക്കിലെടുത്തുകൊണ്ടുള്ള കീടനിയന്ത്രണം നടപ്പിലാക്കുക.
ജൈവകീടനാശിനി പ്രയോഗിച്ചുള്ള കീടനിയന്ത്രണത്തിന് മുന്‍തൂക്കം നല്‍കുക.
അവസാന പ്രയോഗമായി മാത്രം രാസകീടനിയന്ത്രണം നടപ്പാക്കുക.
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടുള്ള കീടനിയന്ത്രണം നടപ്പിലാക്കുകയാണെങ്കില്‍ പരിസ്ഥിതി സൗഹൃദ കീടനിയന്ത്രണം ഉറപ്പാക്കാം.
നെല്‍ച്ചെടിയ്ക്ക് വളരാന്‍ വേണ്ട ചുറ്റുപാട് മറ്റുള്ള ചെടികളില്‍ നിന്നും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ നെല്പാടങ്ങളില് കാണുന്ന കീടങ്ങളും കുറെയൊക്കെ വ്യത്യാസപ്പെട്ടിരിക്കുന്നു. പാടങ്ങളില്‍ കാണുന്ന കീടങ്ങളെ പൊതുവേ ന്യൂട്രല്സുകള്, മിത്രകീടങ്ങള്‍, ശത്രുകീടങ്ങള്‍ എന്ന് മൂന്നായി തരം തിരിക്കാം. ഇവ അന്വോന്യം ആശ്രയിച്ചു ജീവിക്കുന്നതിനാല്‍ ശത്രുകീടങ്ങളുടെ വംശവര്‍ദ്ധനവും വളര്‍ച്ചയും മറ്റു വിളകളില്‍ കാണുന്ന ശത്രുകീടങ്ങളില്‍ നിന്നും വ്യത്യസ്ഥമാണ്.
നാം കൃഷിചെയ്യുന്ന വിളകളില്‍ നെല്ച്ചെടിമാത്രമാണ് കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ വളരുന്നവ. വെള്ളം കെട്ടിനില്‍ക്കുന്ന പാടത്ത് ഈര്പ്പമുള്ളമണ്ണില് ധാരാളം ചെറുസസ്യങ്ങളും ജന്തുക്കളും വളരുന്നു. ഇവയെ ആഹാരമാക്കി കഴിഞ്ഞുകൂടുന്ന ചെറുകീടങ്ങള്‍ നമ്മുടെ പാടങ്ങളില്‍ സുലഭമാണ്. ഇവയെ രണ്ടായി തരം തിരിക്കാം. ചെറുസസ്യങ്ങളെ തിന്നു വളരുന്ന കീടങ്ങളെ ഫില്‍ട്ടര്‍ ഫീഡേഴ്സ് എന്നും ചെറുജന്തുക്കളെ തിന്നുന്നവയെ ഡെട്രിറ്റിവോര്സ് എന്നും അറിയപ്പെടുന്നു. ഇവ രണ്ടും പ്രത്യക്ഷത്തില്‍ നെല്‍ച്ചെടികളെ യാതൊരു വിധത്തിലും സ്വാധീനിക്കുന്നില്ല. അതിനാല്‍ ഈ കൂട്ടം പ്രാണികളെ ന്യൂട്രല്‍സ്സുകള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ കൂട്ടത്തില്‍ പലതരം കീടങ്ങള്‍ ഉണ്ടെങ്കിലും ചെറുവണ്ടുകളും കൊതുകുവര്ഗ്ഗത്തില്പ്പെട്ട കീടങ്ങളുമാണ് ധാരാളമായികാണാറുള്ളത്. അടുത്ത കാലത്തായി നടന്ന പരീക്ഷണ നിരീക്ഷണങ്ങളില്‍ നെല്‍പ്പാടങ്ങളില്‍ കാണുന്ന മിത്രകീടങ്ങളുടെ മുഖ്യാഹാരം ഈ പ്രാണികളാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇക്കാരണത്താലാണ് നെല്ച്ചെടിയും ശത്രുകീടങ്ങളും പാടത്തിലില്ലാത്തപ്പോഴും പാടത്ത് ധാരാളം മിത്രകീടങ്ങള്‍ കാണാറുള്ളത്.
മിത്രകീടങ്ങളെ പൊതുവെ ഇരപിടിയന്മാരെന്നും പരാദങ്ങളെന്നും രണ്ടായി തരം തിരിക്കാം. ഇരപിടിയന്മാരില് പ്രധാനപ്പെട്ടത് ചിലന്തികള്‍, (ലൈക്കോസാ സ്യൂഡോ അന്നുലേറ്റ, ടെട്രാഗ്നാത്ത മാക്സില്ലോസ, അര്‍ജിയോപ്പ് സ്പീഷീസ്, ഓക്സിയേപ്സ് സ്പീഷീസുകള്‍, അറ്റിപ്പീനാ ഫോര്മോസാനാ, അരേനിയസ് സ്പീഷീസ്) പലതരത്തിലുള്ള ചെറുതും വലുതുമായ തുമ്പികള്‍, (അഗ്രിയോക്നിമിസ് സ്പീഷീസുകള്‍, ന്യൂറോതെര്മിസ് സ്പീഷീസ്) പലതരം വണ്ടുകള്‍ - ആമവണ്ടുകള്‍ (മൈക്രാസ്പിസ്, ഹാര്‍മോണിയ സ്പീഷീസുകള്‍), കാരാബിഡ് വണ്ട് (ഒഫിയേണിയ നൈഗ്രോഫാസിയേറ്റ), ചീവിടുകള്‍ (മെറ്റിയോക്കി വിറ്റാറ്റിക്കോളിസ്, അനാക്സിഫാ ലോന്‍ജിപെന്നീസ്), പുല്‍ച്ചാടി (കോണോസിഫാലസ് ലോന്‍ജിപെന്നീസ്), ചാഴികള്‍ (സിര്റ്റോറൈനസ് ലിവിഡിപെന്നിസ്, പോളിറ്റോക്സസ് ഫസ്കോവിറ്റേറ്റസ്, മൈക്രോവേലിയ ഡൗഗ്ലാസി അട്രോലിനിയേറ്റ, മീസോവേലിയ വിറ്റിജിറാ, ലിംനോഗോനസ് ഫോസേറം) തുടങ്ങിവയാണ്.
പരാദങ്ങളുടെ കൂട്ടത്തില്‍ ശത്രുകീടത്തിന്റെ മുട്ടയേയും പുഴുവിനേയും സമാധിദശയേയും പൂര്‍ണ്ണവളര്‍ച്ച എത്തിയ കീടത്തിനേയും ആക്രമിച്ചു നശിപ്പിക്കുന്ന പരാദങ്ങള്‍ ഉള്‍പ്പെടുന്നു. നമ്മുടെ പാടങ്ങളില്‍ ധാരാളമായി കണ്ടുവരുന്ന മുട്ടയെ നശിപ്പിക്കുന്ന പരാദങ്ങള്‍ (ടെട്രാസ്റ്റിക്കസ്, ട്രൈക്കോഗ്രാമ, ടെലിനോമസ്) എന്നിവയുടെ പല സ്പീഷിസുകള്‍, പുഴുവിന്റെ പരാദങ്ങളായ ചാറോപ്സ് ബ്രാക്കിപ്റ്റീറം, സന്തോപിംപ്ലാ ഫ്ളാവോലിനിയേറ്റാ, കോട്ടീസിയ സ്പീഷീസുകള്‍, ബ്രാക്കിമീറിയ സ്പീഷീസും ഗോണിയോസസ് സ്പീഷീസ്, ഇലാസ്മസ് സ്പീഷീസ് തുടങ്ങിയവയാണ്. സമാധിദശയെ ആക്രമിക്കുന്ന പരാദങ്ങള്‍ പൊതുവെ കുറവാണെങ്കിലും പ്ലാറ്റിഗാസ്റ്റര്‍ ഒറൈസേ, ടെട്രാസ്റ്റിക്കസ് ഇസ്രേലി, ബ്രാക്കിമീറിയ എക്സകാരിനേറ്റ തുടങ്ങിയവ നമ്മുടെ പാടങ്ങളില്‍ സാധാരണ കാണാറുണ്ട്. പൂര്‍ണ്ണവളര്‍ച്ച എത്തിയ കീടങ്ങളെ നശിപ്പിക്കുന്ന പരാദങ്ങളായ ഹാപ്ളോഗോണാട്ടോപ്പസ്, സ്യൂഡോഗോണാട്ടോപ്പസ് സ്പീഷീസുകളും നമ്മുടെ പാടങ്ങളില്‍ സുലഭമാണ്.
ധാരാളം ശത്രുകീടങ്ങള്‍ നമ്മുടെ പാടത്ത് കാണുന്നുണ്ടെങ്കിലും അവയില്‍ പലതും അത്യുല്പാദന ശേഷിയുള്ള പുതിയ വിത്തിനങ്ങള്‍ക്ക് കാര്യമായ നാശനഷ്ടം വരുത്താറില്ല. എന്നാല്‍ കാലാവസ്ഥ അനുകൂലമായി വന്നാല്‍ നെല്‍ച്ചെടിയെ ആക്രമിച്ച് സാരമായ നഷ്ടം വരുത്താന്‍ കഴിയുന്ന കീടങ്ങളാണ് തണ്ടുതുരപ്പന്‍ (സിര്പോഫാഗാ ഇന്സെര്റ്റുലാസ്), ഇലചുരുട്ടി (സ്റ്റെഫാലോക്രോസിസ് മെഡിനാലിഡ്), കുഴല്‍പുഴു (നിംഫുലാ ഡിപന്ക്റ്റാലിസ്), ഗാളീച്ച (ഒര്സിയോളിയ ഒറൈസേ), മുഞ്ഞ (നീലപര്വ്വതാ ലൂജന്‍സ്), നെല്ക്കതിര് ചാഴി (ലപ്റ്റോകൊറൈസാ അക്യൂട്ടാ), ത്രിപ്സ് (ബാലിയോത്രിപ്സ് ബൈഫോര്മിസ്), കാരവണ്ട് (ഡൈക്ലാഡിസ്പാ ആര്മിജിറാ) ഇവ കൂടാതെ മറ്റനേകം കീടങ്ങള്‍ നമ്മുടെ പാടത്തു കാണുന്നുണ്ടെങ്കിലും അവ ഒന്നും തന്നെ വിളവില്‍ സാരമായ കുറവ് വരുത്തുന്നില്ല.
നെല്‍പ്പാടങ്ങളില്‍ ഈ മൂന്നു തരം കീടങ്ങളും ഒരുമിച്ച് അന്വോന്യം ആശ്രയിച്ച് ജീവിക്കുന്നു. അതായത് ഒരു കൂട്ടവും ഒരിക്കലും നിശേഷം നശിക്കാതെയും എന്നാല്‍ ഒരു കൂട്ടത്തിനേയും അധികരിക്കാന്‍ അനുവദിക്കാതേയും കഴിഞ്ഞുകൂടുന്നു. പൊതുവെ പറഞ്ഞാല്‍ കീടനാശിനി തളിച്ചിട്ടില്ലാത്ത ഒരു പാടത്ത് നെല്ല് പറിച്ച് നട്ട് ഇരുപത് ദിവസത്തിനകം ന്യൂട്രല്‍സ് വളരെ കൂടുതലും ശത്രുകീടങ്ങള്‍ വളരെ കുറഞ്ഞും കാണുന്നു. ശത്രുകീടങ്ങളെക്കാള് കൂടുതല്‍ മിത്രകീടങ്ങള്‍ ഈ കാലയളവില്‍ സ്വാഭാവികമാണ്. എന്നാല്‍ ഇരുപത് ദിവസത്തിന്മേല്‍ നാല്പത്തിയഞ്ച് ദിവസത്തിനകം മിത്രകീടങ്ങള്‍ കൂടിയും ഏകദേശം അതില്‍ പകുതിമാത്രം ശത്രുകീടങ്ങളും കുറഞ്ഞതോതില്‍ ന്യൂട്രല്സുകളും കാണുന്നു. നാല്പത്തിയഞ്ചു ദിവസത്തിനും എഴുപത്തിയഞ്ചു ദിവസത്തിനുമിടയ്ക്ക് ശത്രുകീടങ്ങള്‍ കൂടിയും മിത്രകീടങ്ങള്‍ കുറഞ്ഞും ന്യൂട്രല്സുകള് നിശ്ശേഷം ഇല്ലാതാകുകയും ചെയ്യുന്നു. എഴുപത്തിയഞ്ചു ദിവസത്തിനുശേഷം പാടത്ത് ശത്രുമിത്രകീടങ്ങള് പൊതുവെ കുറവായിരിക്കും.
1 ലൈക്കോസാ സ്യൂഡോ അന്നുലേറ്റാ ചിലന്തികള്‍
2 ടെട്രാഗ്നാത്ത മാക്സില്ലോസാ ചിലന്തികള്‍
3 ഓക്സിയോപ്സ് സ്പീഷീസ് ചിലന്തികള്‍
4 അറ്റിപ്പീനാ ഫോര്മോസാനാ
5 അര്ജിയോപ് സ്പീഷീസ് ചിലന്തികള്‍
6 അരേനിയസ് സ്പീഷീസ് ചിലന്തികള്‍
7 അഗ്രിയോക്നിമിസ് സ്പീഷീസ്
തുമ്പികള്‍
8 ന്യൂറോതെര്മിസ് സ്പീഷീസ് തുമ്പികള്‍
9 മൈക്രാസ്പിസ് സ്പീഷീസ് ആമവണ്ടുകള്‍
10 ഹാര്‍മോണിയ സ്പീഷീസ് ആമവണ്ടുകള്‍
11 ഒഫിയോണിയ നൈഗ്രോഫാസിയേറ്റാ ഗ്രൗണ്ട് ബീറ്റില്‍
12 മെറ്റിയോക്കി വിറ്റാറ്റിക്കോളിസ് ചീവീട്
13 അനാക്സിഫാ ലോന്‍ജിപെന്നീസ് ചീവീട്
14 കോണോസിഫാലസ് ലോന്‍ജിപെന്നീസ് പുല്‍ച്ചാടി
15 സിര്റ്റോറൈനസ് ലിവിഡിപെന്നീസ് പച്ചച്ചാഴി
16 പോളിറ്റോക്സസ് ഫസ്കോവിറ്റേറ്റസ് ചാഴി
17 മൈക്രോവേലിയ ഡൗഗ്ലാസി - അഭ്രോലിനിയേറ്റാ വെള്ളത്തിലെ ചാഴി
18 മീസോലേവിയ വിറ്റിജിറാ വെള്ളത്തിലെ ചാഴി
19 ലിംനോഗോനസ ഫോസേറം വെള്ളത്തിലെ ചാഴി
1. ടെട്രാസ്റ്റിക്കസ് സ്പീഷീസ് മുട്ടകളെ ആക്രമിക്കുന്നവ
2. ട്രൈക്കോഗ്രാമാ സ്പീഷീസ് മുട്ടകളെ ആക്രമിക്കുന്നവ
3. ടെലിനോമസ് സ്പീഷീസ് മുട്ടകളെ ആക്രമിക്കുന്നവ
4. ചാറോപ്സ് ബ്രാക്കിപ്റ്റീറം പുഴുക്കളെ ആക്രമിക്കുന്നവ
5 . സാന്തോപിംപ്ലാ ഫ്ളാവോലിനിയേറ്റം പുഴുക്കളെ ആക്രമിക്കുന്നവ
6. കോട്ടീസിയ സ്പീഷീസ് പുഴുക്കളെ ആക്രമിക്കുന്നവ
7. ബ്രാക്കിമിറീയാ സ്പീഷീസ് പുഴുക്കളെ ആക്രമിക്കുന്നവ
8. ഗോണിയോസസ് സ്പീഷീസ് പുഴുക്കളെ ആക്രമിക്കുന്നവ
9. ഇലാസ്മസ് സ്പീഷീസ് പുഴുക്കളെ ആക്രമിക്കുന്നവ
10. പ്ലാറ്റിഗാസ്റ്റര്‍ ഒറൈസേ പുഴുക്കളെ ആക്രമിക്കുന്നവ
11. ഹാപ്ലോഗോണോട്ടോപ്സ് സ്പീഷീസ് പൂര്‍ണ്ണ വളര്‍ച്ചയെത്തിയ മുഞ്ഞയെനശിപ്പിക്കുന്നവ
12. സ്യൂഡോഗോണോട്ടോപ്സ് സ്പീഷീസ് പൂര്‍ണ്ണ വളര്‍ച്ചയെത്തിയ മുഞ്ഞയെനശിപ്പിക്കുന്നവ
1. സിര്പോഫാഗാ ഇന്സെര്റ്റുലാസ് തണ്ടുതിരപ്പന്
2. സ്നെഫാലോ ക്രോസിസ് മെഡിനാലിസ് ഇലചുരുട്ടി
3. നിംഫുലാ ഡിപന്ക്റ്റാലിസ് കുഴല്‍പ്പുഴു
4. ഒര്സിയോളിയ ഒറൈസേ ഗാളീച്ച
5. നീലപര്വതാ ലൂജന്‍സ് മുഞ്ഞ
6. ലപ്റ്റോകൈറൈസാ അക്യൂട്ടാ ചാഴി
7. ബാലിയോത്രിപ്സ് ബൈഫോര്മിസ് ത്രിപ്സ്
8. ഡൈക്ലാഡിസ്പാ ആര്മിജിറാ കാരവണ്ട്
കീടനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ ആവശ്യാനുസരണം തെരഞ്ഞെടുത്ത് ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടാതെ പ്രയോഗിച്ച് കീടനിയന്ത്രണം സാധ്യമാക്കുന്ന രീതിയാണല്ലോ സംയോജിത കീടനിയന്ത്രണം. നെല്‍ച്ചെടിയെ ധാരാളം കീടങ്ങള്‍ ആക്രമിക്കാറുണ്ടെങ്കിലും സാധാരണ കാണാറുള്ള ആറു കീടങ്ങളാണ് വിളവിന് വലിയ നാശം വരുത്തുന്നത്. ഈ കീടങ്ങളെ ഏതെല്ലാം മാര്‍ഗ്ഗങ്ങള്‍ സംയോജിപ്പിച്ച് നിയന്ത്രിക്കാമെന്ന് പരിശോധിക്കാം.
നീലപര്വതാ ലൂജന്‍സ് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന മുഞ്ഞകളാണ് നെല്‍ച്ചെടിയെ ആക്രമിക്കുന്ന കീടങ്ങളില്‍ പ്രധാനപ്പെട്ടത്. ഈ കീടം നെല്‍ച്ചെടിയുടെ ചുവട്ടില്‍ ജലനിരപ്പിന് മുകളിലായി കൂട്ടമായിരുന്ന് നീര് വലിച്ചൂറ്റിക്കുടിക്കുന്നതോടൊപ്പം, ഉമിനീര് ചെടിയിലേയ്ക്ക് കുത്തിവെയ്ക്കുകയും ചെയ്യുന്നു. ചെടിയില്‍ നിന്നും അധികം നീര് വലിച്ചുറ്റിക്കുടിക്കുന്നതുകൊണ്ടും വിഷമുള്ള ഉമിനീര് ചെടിയിലേയ്ക്ക് കുത്തിവെയ്ക്കുന്നതിനാലും ചെടി പെട്ടെന്ന് മഞ്ഞളിച്ച് കരിഞ്ഞുപോകുന്നു. ഇങ്ങനെ ഉണ്ടാകുന്ന കരിച്ചില്‍ പാടത്ത് അവിടവിടെ വട്ടംവട്ടമായി കാണുന്നു. വെള്ളക്കെട്ടുള്ള പാടത്തിലാണ് ഇവയുടെ ആക്രമണം കൂടുതലായി കാണുന്നത്. മുഞ്ഞ അവയുടെ മുട്ടകള്‍ നെല്പ്പോളകള്ക്കുള്ളില് കുത്തിയിറക്കുകയാണ് ചെയ്യുന്നത്. മുട്ടവിരിഞ്ഞിറങ്ങുന്ന ചെറുകീടം വളരെ ചെറുതും വെള്ള നിറത്തോടുകൂടിയതുമാണ്. ഏകദേശം പതിനഞ്ചു ദിവസം കൊണ്ട് ഇവ പൂര്‍ണ്ണവളര്‍ച്ചയെത്തുന്നു.
മുഞ്ഞ നെല്‍ച്ചെടിയുടെ എല്ലാദശയിലും ആക്രമിക്കുന്നതിനാല്‍ തക്കസമയത്തുതന്നെ നിയന്ത്രണ നടപടികള്‍ കൈക്കൊള്ളേണ്ടതാണ്. ഈ കീടത്തെ ചെറുത്തു നില്ക്കാന് കഴിവുള്ള ധാരാളം വിത്തിനങ്ങള്‍ കേരളകാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടവ ത്രിവേണി, മട്ടത്രിവേണി, ജ്യോതി, അരുണ, ഭാരതി, നിള, ആഷ, രമ്യ, കനകം, ലക്ഷ്മി, ജയന്തി, ആതിര, ഐശ്വര്യ, ആരതി തുടങ്ങിയവയാണ്. കീടശല്യം തുടര്‍ച്ചയായി കാണുന്ന പ്രദേശങ്ങളില്‍ ഇത്തരം വിത്തിനങ്ങളുടെ കൃഷി ഏറെ ഗുണം നല്‍കും. ഞാറ് കൂടുതല്‍ അകലത്തില്‍ നടുന്നതും ഈ കീടത്തിന്റെ വര്‍ദ്ധന ഒരു പരിധിവരെ തടയാന്‍ സഹായിക്കും.
മുഞ്ഞയോടൊപ്പം പാടത്ത് പച്ചനിറത്തില്‍ കറുത്ത തലയുമായി ഒരു ചെറിയ ചാഴി ധാരാളമായി കാണുന്നു. സിര്‍ട്ടോറൈനസ് ലിവിഡിപെന്നിസ് എന്ന ശാസ്ത്രനാമത്താല്‍ അറിയപ്പെടുന്ന ഈ ചാഴി, മുഞ്ഞയെ നിയന്ത്രിച്ചു നിര്‍ത്തുന്ന ഏറ്റവും പ്രധാനപ്പെട്ട എതിര്പ്രാണിയാണ്. ഈ ചാഴിയ്ക്ക് ഇലപ്പോളകള്ക്കുള്ളിലിരിക്കുന്ന മുഞ്ഞയുടെ മുട്ടകളെ കണ്ടുപിടിച്ച് അതിനുള്ളിലെ ദ്രവ്യം വിലിച്ചൂറ്റിക്കുടിച്ച് അവയെ നശിപ്പിക്കാനുള്ള കഴിവുണ്ട്. ഒരു ദിവസം ഒരു ചാഴിയ്ക്ക് പത്തുപതിനഞ്ച് മുട്ടയേയോ, ചെറുകുഞ്ഞുങ്ങളെയോ കൊല്ലാന്‍ കഴിയും. ഇതുകൂടാതെ ലൈക്കോസാ വര്‍ഗ്ഗത്തില്‍പ്പെട്ട ചിലന്തിയും നെല്‍പ്പാടങ്ങളില്‍ മുഞ്ഞയോടൊപ്പം നെല്‍ച്ചെടിയുടെ ചുവട്ടില്‍ കാണുന്നു. ഇവയും മുഞ്ഞകളെ പിടിച്ചുതിന്നു നശിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ഈ മിത്രകീടങ്ങള്‍ മുഞ്ഞയോടൊപ്പം കാണുന്നുണ്ടെങ്കില്‍ ഉടനെയുള്ള കീടനാശിനി പ്രയോഗം മാറ്റിവയ്ക്കണം.
അടഞ്ഞുമൂടിയ അന്തരീക്ഷവും തുടരെയുള്ള മഴയും നെല്‍ച്ചെടിയുടെ വളര്‍ച്ചയുടെ ആദ്യദശയില്‍ കാണുന്നുണ്ടെങ്കില്‍ ഗാളീച്ചയുടെ ആക്രമണം പ്രതീക്ഷിക്കാം. സാധാരണ ഗാളീച്ച കാലവര്‍ഷം തുടങ്ങുന്നസമയത്ത് മറ്റ് പുല്‍ച്ചെടികളില്‍ നിന്നും വിരിഞ്ഞിറങ്ങുന്നു. ഈ കീടം ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ആഹാരം നെല്‍ച്ചെടികളാണ്. ഇലകളുടെ ചുവട്ടില്‍ മുട്ടകള്‍ ഇടുന്നു. മുട്ട വിരിഞ്ഞു വരുന്ന കാലില്ലാത്ത പുഴുക്കള്‍ ചെടിയിലുള്ള നനവിലൂടെ ഉരുണ്ടുനീങ്ങി ചെടിയുടെ പുതുനാമ്പ് രൂപം കൊള്ളുന്ന ഭാഗത്തെത്തുന്നു. ഇവിടം തിന്നു നശിപ്പിക്കുന്നതിന്റെ ഫലമായി ഇലയായി പുറത്തേയ്ക്ക് വരേണ്ട നാമ്പ് കുഴല്‍ രൂപത്തില്‍ പുറത്തുവരുന്നു. കുഴല്‍ പുറത്ത് പ്രത്യക്ഷപ്പെടുന്നതിനുമുമ്പുതന്നെ സമാധിദശകഴിഞ്ഞ് ഈച്ച വിരിഞ്ഞിറങ്ങി കഴിഞ്ഞിരിക്കും. ഗാളീച്ചയുടെ എല്ലാദശയ്ക്കും വളരുന്നതിന് കൂടിയ അന്തരീക്ഷ ആര്‍ദ്രത ആവശ്യമാണ്. ഇരുപത്തിനാല് മണിക്കൂര്‍ നേരത്തേയ്ക്ക് അന്തരീക്ഷ ആര്‍ദ്രതയില്‍ കുറവുവന്നാല്‍ ഇവയുടെ പുഴുക്കള്‍ ചത്തുപോകും.
ഗാളീച്ചയുടെ വംശവര്‍ദ്ധനവിന് യോജിച്ച കാലാവസ്ഥ തുടരുകയും, ചെടി ചിനപ്പ് പൊട്ടിതീരുന്നതിന് മുമ്പുള്ള ദശയിലുമാണെങ്കില് ആക്രമണം പ്രതീക്ഷിക്കാം. എന്നാല്‍ ആക്രമണം പ്രതീക്ഷിച്ചുകൊണ്ട് മഴസമയത്തുള്ള കീടനാശിനി പ്രയോഗം പലപ്പോഴും ഗുണം ചെയ്യില്ല. ആക്രമണം പതിവായി കാണാറുള്ള പാടങ്ങളില്‍ ഈ കീടത്തെ ചെറുത്തുനില്ക്കാന് കഴിവുള്ള വിത്തിനങ്ങള്‍ ഉപയോഗിക്കണം. കൈരളി, കാഞ്ചന, അരുണ, മകം, ധന്യ, നിള, രമ്യ, രശ്മി തുടങ്ങിയ വിത്തിനങ്ങളില്‍ ഏതെങ്കിലും ഒന്ന് കൃഷി ചെയ്താല്‍ ഒരുപരിധിവരെ ഗളീച്ചയുടെ ആക്രമണം തടയാം. പാടത്ത് പലതരം ചിലന്തികളും തുമ്പികളും ഈ കീടത്തെ തിന്നുനശിപ്പിക്കുന്നുണ്ട്. കൃത്യമായി പാടം പരിശോധിക്കുകയും നെല്‍ച്ചെടിയില്‍ വെള്ളിത്തിരി കണ്ടുതുടങ്ങുമ്പോള്‍, ചെടിചിനപ്പു പൊട്ടിക്കഴിഞ്ഞിട്ടില്ലെങ്കില് കീടനാശിനി പ്രയോഗം നടത്തേണ്ടതുമാണ്.
തണ്ടുതുരപ്പന്‍ നെല്‍ച്ചെടിയുടെ ഏറ്റവും പ്രധാനപ്പെട്ട ശത്രുവായിരുന്നു. എന്നാല്‍ ഈ കീടത്തെ ചെറുത്തുനില്ക്കാന് കഴിവുള്ള വിത്തിനങ്ങളുടെ ഉപയോഗവും പാടത്ത് ധാരാളമായി കണ്ടുവരുന്ന എതിര്‍പ്രാണികളുടെ ആക്രമണ ഫലവുമായി ഈ കീടത്തിന്റെ ആക്രമണം ഇപ്പോള്‍ വളരെ കുറഞ്ഞ തോതിലെ കാണുന്നുള്ളൂ. ഇതൊരു നിശാശലഭമാണ്. ആയതിനാല്‍ പകല്‍ സമയം പാടം പരിശോധിച്ചാല്‍ ഇവയെ കണ്ടുപിടിക്കാന്‍ പ്രയാസമാണ്. ഈ കീടത്തിന്റെ പുഴുക്കള്‍ നെല്ച്ചെടിയേയും കാട്ടുനെല്ച്ചെടിയേയും മാത്രമെ ആക്രമിക്കുകയുള്ളൂ. പാടം കൊയ്തശേഷം കിളിര്‍ത്തു വരുന്ന നെല്‍ച്ചെടിയെ ഉടനെ തന്നെ നശിപ്പിച്ചാല്‍ ഇവയുടെ നിയന്ത്രണം വളരെയേറെ സാധ്യമാകും. ആയതിലേയ്ക്ക് കൊയ്തുകഴിഞ്ഞ ഉടനെ പാടം ഉഴുതോ, കിളച്ചോ ഇടണം. ഈ കീടത്തിനെ ചെറുത്തുനില്ക്കാന് കഴിവുള്ള വിത്തിനങ്ങളായ ഐ.ആര്. 20, കനകം, കാഞ്ചന, ധന്യ, നിള, അരുണ, മകം, ഭാഗ്യ, സ്വര്‍ണ്ണപ്രഭ തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്ന് കീടശല്യം തുടര്‍ച്ചയായി കാണുന്ന പാടങ്ങളില്‍ കൃഷി ചെയ്യണം. കുറച്ചുനാള്‍ മുമ്പുവരെ തണ്ടുതുരപ്പന്‍ ശലഭത്തിന്റെ മുട്ടകള്‍ ശേഖരിച്ചുനശിപ്പിക്കുക എന്നത് ഒരു കീടനിയന്ത്രണമായിരുന്നു. എന്നാല്‍ ആ ശുപാര്‍ശ ഇപ്പോഴില്ല കാരണം ഈ മുട്ടകളില്‍ അന്‍പതു ശതമാനത്തിലേറെയും പരാദങ്ങളാല്‍ ആക്രമിക്കപ്പെട്ടതായിരിക്കും. തണ്ടുതുരപ്പന്റെ എതിര്പ്രാണികളായ ഇരപിടിയന്മാരും പരാദങ്ങളും പാടത്ത് ധാരാളമുണ്ടെങ്കിലും അവയില്‍ ഏറ്റവും ഫലപ്രദമായി കണ്ടിരിക്കുന്നത് മുട്ടയെ കൊല്ലുന്ന പരാദങ്ങളായ ട്രൈക്കോഗ്രാമയും, റ്റെട്രാസ്റ്റിക്കസും, ടെലിനോമസുമാണ്.
നെല്‍ച്ചെടി വളരുന്ന എല്ലാ പ്രദേശത്തും ഈ കീടത്തിന്റെ ആക്രമണം കാണാറുണ്ടെങ്കിലും മഴക്കാലത്താണ് ആക്രമണം രൂക്ഷമാകുന്നത്. ശലഭം ഇളംഇലകളില് മുട്ടയിടുന്നു. മുട്ട വിരിഞ്ഞു വരുന്ന പുഴുക്കള്‍ തളിരില കാര്‍ന്നു തിന്നുന്നതിന്റെ ഫലമായി ഇലയില്‍ വെളുത്ത പാടുകള്‍ ഉണ്ടാകുന്നു. സാധാരണ തണല്‍ കൂടുതലുള്ള ഭാഗത്താണ് ഇവയുടെ ആക്രമണം കണ്ടുതുടങ്ങുന്നത്.
ഈ കീടത്തെ ചെറുത്തുനില്ക്കാന് കഴിവുള്ള വിത്തിനങ്ങളായ കൈരളി, മകം, ഭാഗ്യ, ജയന്തി, നീരജ, ലക്ഷ്മി, രശ്മി ഇവയിലേതെങ്കിലുമൊന്ന് കൃഷി ചെയ്യുക. ഈ കീടത്തിന്റെ എല്ലാദശയിലും പ്രകൃത്യായുള്ള നിയന്ത്രണം സാധ്യമാകുന്നുണ്ട്. എന്നാല്‍ ഒഫിയോണിയ നൈഗ്രോഫാസിയോ എന്നയിനം കറുപ്പും തവിട്ടും നിറമുള്ളന വണ്ട്, പാടത്ത് കാണുന്നുണ്ടെങ്കില്‍ ഇലചുരുട്ടിപുഴുവിന്റെ നിയന്ത്രണത്തിന് മറ്റ് മാര്‍ഗ്ഗങ്ങള്‍ ആലോചിക്കേണ്ടകാര്യമില്ല. ഇവ ഇലചുരുളിനകത്തുകടന്ന് അതിനുള്ളിലുള്ള പുഴുക്കളെ തിന്നുന്നു. ഒരു ദിവസം അഞ്ചുപുഴുക്കളെവരെ തിന്നു നശിപ്പിക്കാന്‍ ഒരു വണ്ടിനുകഴിയും. പലപ്പോഴും ഈ കീടത്തിന്റെ ആക്രമണം മൂലം ഇലകളില്‍ വെളുത്ത പാടുകള്‍ കണ്ട ശേഷമാണ് ആക്രമണം തുടങ്ങിയതായി കര്‍ഷകര്‍ മനസ്സിലാക്കുന്നത്. രാസകീടനിയന്ത്രണം നടപ്പാക്കുന്നതിനുമുമ്പ് ഇലചുരുളുകള്‍ ശേഖരിച്ച് ജീവനുള്ള പുഴുക്കള്‍ ഉണ്ടെന്ന് തീര്‍ച്ചപ്പെടുത്തണം. അങ്ങിനെ ചെയ്യാതെയുള്ള കീടനാശിനിപ്രയോഗം ഫലപ്രമദമായിരിക്കില്ല.
കുഴല്‍പ്പുഴു വെള്ളത്തില്‍ ജീവിക്കുന്ന കീടമാണ്. ഇവ നെല്ലോല മുറിച്ചുണ്ടാക്കുന്ന കുഴലുകള്ക്കുള്ളിലിരുന്ന് ഇലയുടെ അടിവശത്ത് തൂങ്ങിക്കിടന്ന് ഇലകളിലെ ഹരിതകം കാര്‍ന്നുതിന്നുന്നു. ഇതിന്റെ ഫലമായി നെല്ലോലകള്‍ വെളുത്തുപോകുന്നു. ഇടയ്ക്കിടെ കുഴലിനുള്ളിലെ പുഴുക്കള്‍ കുഴലോടുകൂടി വെള്ളത്തില്‍ വീണ് കുഴലിനകത്ത് വെള്ളം നിറച്ചശേഷം വീണ്ടും ചെടിയിലേയ്ക്കുകയറി ഇലകള്‍ കാര്‍ന്നു തിന്നുന്നു. ഇതു മഴക്കാലത്തും വെള്ളം കെട്ടിനില്‍ക്കുന്ന പാടത്തും ഉള്ള ഇളംചെടികളില്‍ മാത്രം കാണുന്ന ഒരു കീടമാണ്. കൃത്യമായി പാടം പരിശോധിച്ചുകൊണ്ടിരുന്നാല്‍ ഇവയുടെ ആക്രമണം തുടക്കത്തിലെ തടയാവുന്നതാണ്. മുട്ടയില്‍ നിന്നും വിരിഞ്ഞുവരുന്ന പുഴുക്കള്‍ തളിരിലയുടെ അറ്റം ഏകദേശം മൂന്നുസെന്റിമീറ്റര്‍ നീളത്തില്‍ കത്രിക കൊണ്ട് മുറിക്കുന്നതുപോലെ മുറിച്ച് പാടത്തുള്ള വെള്ളത്തില്‍ ഇടുന്നു. ഇലയുടെ അടുത്തഭാഗം മുറിച്ച് കുഴലുണ്ടാക്കി അതിനുള്ളില്‍ ജീവിക്കുന്നു. സമാധിയും കുഴലിനുള്ളിലാണ്.
ഈ കീടത്തെ നശിപ്പിക്കാന്‍ കീടശല്യം കാണുന്ന പാടത്തെ വെള്ളം നാല്പത്തെട്ടു മണിക്കൂര്‍ നേരം വാര്‍ത്തുകളയണം. കീടശല്യം തുടര്‍ച്ചയായി കാണുന്ന പാടങ്ങളില്‍ കീടത്തെ ചെറുത്തുനിക്കാന്‍ കഴിവുള്ള വിത്തിനമായ 'ഭാഗ്യാ' കൃഷി ചെയ്യണം. വെള്ളത്തില്‍ കാണുന്ന പലതരം വണ്ടുകളും ചിലന്തികളും ഈ കീടത്തിനെ തിന്നുന്നു. ആക്രമണം രൂക്ഷമാവുകയും വെള്ളം വാര്‍ത്തുകളയാന്‍ സാധിക്കാത്തതുമായ പാടങ്ങളില്‍ കീടനാശിനി തളിക്കേണ്ടതാണ്.
വളരെ പെട്ടെന്ന് പാടത്ത് കൂട്ടമായി പ്രത്യക്ഷപ്പെട്ട് നെല്ക്കതിരില് നിന്നും പാല് വലിച്ചൂറ്റി കുടിക്കുന്ന ഒരു കീടമാണ് ചാഴി. നെല്ക്കതിരില്ലാത്തപ്പോള് ഇവ ചെടിയില്‍നിന്നും നീരൂറ്റിക്കുടിക്കുന്നു. പ്രകൃതിയില്‍ തന്നെ പലതരം എതിര്‍പ്രാണികള്‍ ഇവയെ നശിപ്പിക്കുന്നു. പുല്‍ച്ചാടികള്‍ ചാഴിയുടെ മുട്ടകള്‍ തിന്നു നശിപ്പിക്കുമ്പോള്‍ ചിലന്തികള്‍ കുഞ്ഞുചാഴികളെ തിന്നുന്നു. പലതരം കുമിളുകള്‍ പൂര്‍ണ്ണവളര്‍ച്ച എത്തിയ ചാഴികളെ നശിപ്പിക്കുന്നു. നെല്ക്കതിരില് പാലൂറിനില്ക്കുന്ന സമയത്ത് അധികം ചാഴികള്‍ കാണുന്നുണ്ടെങ്കില്‍ കീടനാശിനിപ്രയോഗം നടത്താം. വൈകുന്നേരങ്ങളില്‍ കീടനാശിനി തളിക്കുന്നതാണുത്തമം.
കഴിവതും കീടങ്ങളെ ചെറുത്തുനില്ക്കാന് കഴിവുള്ളവിത്തിനങ്ങള് കൃഷി ചെയ്യുക. ആഴ്ചയിലൊരിക്കലെങ്കിലും പാടത്തിലിറങ്ങി നെല്‍ച്ചെടികള്‍ പരിശോധിക്കണം. രാസകീടനിയന്ത്രണം നടപ്പാക്കുന്നതിനുമുമ്പ് പാടത്തുള്ള ശത്രു-മിത്രകീടങ്ങളുടെ നിലവാരം മനസിലാക്കണം. പറിച്ചുനട്ട് നാല്പതു ദിവസത്തിനകം കീടനാശിനിപ്രയോഗം കഴിവതും ഒഴിവാക്കണം. ആ സമയത്ത് പാടങ്ങളില്‍ ധാരാളം മിത്രകീടങ്ങള്കാണുന്നു. അതോടൊപ്പം പ്രായം കുറഞ്ഞ നെല്‍ച്ചെടിയ്ക്ക് കുറച്ചൊക്കെ കേടുപാടുകള്‍ അതിജീവിക്കാനുള്ള കഴിവുണ്ട്. മേല്‍വിവരിച്ച കാര്യങ്ങളൊക്കെ പരിഗണിച്ചാലും കീടബാധ അധികരിക്കുന്നു എന്നുകണ്ടാല്‍, കീടബാധ പടരുന്നതിനെ തടയുകയും അതോടൊപ്പം മറ്റ് ഭാഗത്തുകാണുന്ന മിത്രകീടത്തെ സംരക്ഷിക്കുകയും ചെയ്യണം.
നെല്‍കൃഷിയിലെ സംയോജിത കീടനിയന്ത്രണ പരിശീലന പരിപാടി
കീടങ്ങളെ ചെറുത്തുനില്ക്കാന് കഴിവുള്ള വിത്തിനങ്ങള്‍ കൃഷിചെയ്തും പാടത്തുകാണുന്ന മിത്രകീടങ്ങളുടെ സംരക്ഷണത്തിലൂടെയും കീടനാശിനി പ്രയോഗത്തേക്കാള്‍ മെച്ചമായി കീടങ്ങളെ നിയന്ത്രിച്ച് വിളവ് സംരക്ഷിക്കാമെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ ആശയം കര്‍ഷകരിലെത്തിക്കാനാണ് കേരളത്തിലുടെനീളം കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ സംയോജിതകീടനിയന്ത്രണ പരിശീലന പരിപാടി നടപ്പിലാക്കുന്നത്.
പാടത്ത് കൃഷിയിറക്കുന്നതുമുതല് കൊയ്യുന്നതുവരെ എന്തൊക്കെ സംഭവിക്കുന്നു എന്ന് കര്‍ഷകര്‍ തന്നെ നിരീക്ഷിച്ചും പരിശോധിച്ചും മനസിലാക്കുക എന്നതാണ് പ്രഥമപരിപാടി. ഇതിനുവേണ്ട സാധനങ്ങള്‍ എല്ലാം അടങ്ങുന്ന ഐ.പി.എം. കിറ്റ് കര്‍ഷകര്‍ക്ക് കൃഷിവകുപ്പ് നല്‍കുന്നുണ്ട്. ഇതില്‍ കീടങ്ങളെ പാടത്തുനിന്നും ശേഖരിക്കാന്‍ ആവശ്യമായ കീടവല, ചെറുകീടങ്ങളെ തിരിച്ചറിയാന്‍ ഉപകരിക്കുന്ന സൂക്ഷ്മദര്‍ശിനി, കീടങ്ങളെ ശേഖരിച്ചുവയ്ക്കാന്‍ പാകത്തിനനുള്ള പ്ലാസ്റ്റിക് കവര്‍, റബ്ബര്‍ ബാന്റ്, ബ്രഷ്, ബുക്ക്, പെന്‍സില്‍ തുടങ്ങിയ സാധനങ്ങള്‍ ഉണ്ടായിരിക്കും.
ആദ്യഘട്ടമായി, തെരഞ്ഞെടുത്ത കര്‍ഷകരുമായി അഭിമുഖം നടത്തി മുന്‍കാല കൃഷികളില്‍ അവര്ക്കഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ള പ്രശ്നങ്ങളും അവയെ തരണം ചെയ്ത രീതിയും മനസിലാക്കുകയാണ് ചെയ്യേണ്ടത്.
പരിശീലന പരിപാടിയില്‍ നടപ്പിലാക്കേണ്ട പ്രധാനകാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു
ചെടികളെയും അവയ്ക്കു വളരാന്‍ വേണ്ട ചുറ്റുപാടിനേയും പറ്റി ശരിയായി മനസ്സിലാക്കുക എന്നതാണ്. ആവാസ വ്യവസ്ഥാ വിശകലനം കൊണ്ടുദ്ദേശിക്കുന്നത്. ഇതിലേയ്ക്കായി താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.
ചെടികളുടെ ശരിയായ വളര്‍ച്ചയ്ക്ക് ആവശ്യമായ വെള്ളം പാടത്തുണ്ടോ?
കള ശല്യം അധികരിച്ചിട്ടുണ്ടോ?
രോഗബാധ എത്രത്തോളമുണ്ട്?
ചെടികളില്‍ എന്തെങ്കിലും കേടുപാടുകള്‍ കാണുന്നുണ്ടോ?
ചെടികളിലും ചെടികള്‍ക്കുള്ളിലും, വെള്ളത്തിലും ഏതൊക്കെ കീടങ്ങള്‍ കാണുന്നു?
ചെടിയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ കാലാസ്ഥയാണോ?
മേല്‍ വിവരിച്ച കാര്യങ്ങളില്‍ കീടങ്ങളുടെ കണക്കൊഴിച്ച് മറ്റെല്ലാം പാടത്തിറങ്ങി പരിശോധിച്ചാല്‍ അറിയാന്‍ കഴിയും. എന്നാല്‍ കീടങ്ങളുടെ രൂക്ഷത തുടക്കത്തിലെ അറിയുന്നതിനും അവ ഏതൊക്കെയാണെന്ന് മനസ്സിലാക്കുന്നതിനും പാടത്തിനു കുറുകെ (കോണോടു കോണ്‍) നടന്ന് കീടവല ഉപയോഗിച്ച് പത്തുപ്രാവശ്യം വീശി കീടങ്ങളെ ശേഖരിക്കണം. വലയില്‍ ശേഖരിച്ച കീടങ്ങള്‍ പുറത്തുപോകാതിരിക്കാന്‍ വലയുടെ പിടി 180 ഡിഗ്രി ചരിച്ചു പിടിക്കണം. പഞ്ഞിയില്‍ മുക്കിയ ക്ലോറോഫോമോ, മണ്ണെണ്ണയോ കീടങ്ങളെ ശേഖരിച്ച കവറിനുള്ളിലേയ്ക്കു പിടിച്ചാല്‍ അഞ്ചു മിനിട്ടു കൊണ്ട് കീടങ്ങള്‍ മയങ്ങി കിട്ടും. ഇങ്ങനെ മയക്കിയ കീടങ്ങളെ ഒരു വെള്ള പേപ്പറിലിട്ട് ശത്രുകീടങ്ങളേയും മിത്ര കീടങ്ങളേയും തരം തിരിക്കണം. ഓരോ ആഴ്ചയിലും ശേഖരിക്കുന്ന കീടങ്ങളുടെ കണക്ക് എളുപ്പത്തില്‍ ഓര്‍ത്തിരിക്കാന്‍ ഇവയുടെ ആകെ എണ്ണത്തെ അനുപാതമാക്കണം. ഇതേ രീതിയില്‍ എല്ലാ ആഴ്ചയിലും ഒരു ദിവസം ആവര്‍ത്തിക്കുന്നതിന്റെ ഫലമായി കര്‍ഷകര്‍ക്ക് അവരവരുടെ പാടത്ത് മാറിമാറി വരുന്ന ശത്രുകീടങ്ങളേയും മിത്രകീടങ്ങളേയും തിരിച്ചറിയാനും, അവയുടെ ഏറ്റക്കുറച്ചില്‍ മനസ്സിലാക്കാനും, ഓരോ കീടവും നെല്‍ച്ചെടിയുടെ ഏതു ദശയില്‍ ആക്രമിക്കുന്നു എന്ന് അറിയാനും അവസരം ലഭിക്കുന്നു.
അടുത്തകാലത്തായി കീട-രോഗ പ്രതിരോധ ശക്തിയുള്ള സങ്കരയിനം നെല്‍ വത്തിനങ്ങള് കേരള കാര്‍ഷിക സര്‍വ്വകലാശാല പുറത്തിറക്കിയിട്ടുണ്ട്. കൃഷി ചെയ്യുന്ന വിത്തിനങ്ങള്‍ക്ക് കീട-രോഗ പ്രതിരോധ ശക്തി എത്രമാത്രം ഉണ്ടെന്ന് കര്‍ഷകര്‍ക്ക് ബോധ്യമാകണം. ഇതിലേയ്ക്ക് തെരെഞ്ഞെടുത്തിട്ടുള്ള പാടശേഖരത്തില്‍ വിവിധയിനം നെല്ലിനങ്ങള്‍ കൃഷി ചെയ്തിട്ടുള്ള ഓരോ പാടം തെരെഞ്ഞെടുക്കണം. ഓരോ പാടത്തിന്റേയും പകുതി ഭാഗം കീടനാശിനി തളിച്ചും അടുത്ത പകുതിയില്‍ ഒരിക്കലും കീടനാശിനി തളിക്കാതെയും കൃഷി ചെയ്യണം. ചെടിയുടെ വളര്‍ച്ചയ്ക്കുവേണ്ട മറ്റെല്ലാ ഘടകങ്ങളും കൃത്യമായ അളവില്‍ കൃത്യസമയത്ത് രണ്ടു ഭാഗത്തും ഒരു പോലെ നല്‍കണം. വിളവും വെവ്വേറെ തിട്ടപ്പെടുത്തണം. ആഴ്ചയിലൊരുദിവസം രണ്ടു ഭാഗത്തു നിന്നും കീടങ്ങളെ ശേഖരിച്ച് തരം തിരിച്ച് എണ്ണം എടുത്ത് അനുപാതമാക്കണം. ഈ പരീക്ഷണത്തില്‍ നിന്നും പുതിയ വിത്തിനങ്ങള്‍ക്ക് കീടങ്ങങ്ങളെ ചെറുത്തുനില്ക്കാന് കഴിവുണ്ടോ എന്നും, കീടനാശിനി പ്രയോഗം കൊണ്ട് കീടങ്ങള്‍ എത്ര നാളത്തേയ്ക്ക് ഒഴിവായി കിട്ടുമെന്നും, മിത്രകീടങ്ങള്‍ക്ക് എന്തു സംഭവിക്കുന്നതെന്നും, കീടങ്ങളുടെ ആക്രമണം കൊണ്ട് വിളവില്‍ എത്രമാത്രം കുറവ് ഉണ്ടാകുമെന്നും മനസ്സിലാക്കാന്‍ കഴിയും.
പരിശീലന പരിപാടിയുടെ അവസാനമാകുമ്പോള്‍ നെല്‍ച്ചെടിയെ ഓരോ ദശയിലും ആക്രമിക്കുന്ന ശത്രുകീടങ്ങളെയും അവയോടൊപ്പം കാണുന്ന മിത്രകീടങ്ങളേയും തിരിച്ചറിയാം. വിളവെടുക്കുമ്പോള്‍ കീടനാശിനി പ്രയോഗം നടത്തിയ പാടത്തും നടത്താത്ത പാടത്തും ഒരേ വിളവ കിട്ടുകയാണെങ്കില്‍, കൃഷി ചെയ്തിരുന്ന നെല്ലിനത്തിന് കീടങ്ങളെ ചെറുത്തു നില്ക്കാന് കഴിവുണ്ടെന്നും ആ പാടത്തുണ്ടായിരുന്ന ശത്രുകീടങ്ങള്ക്കൊപ്പം മിത്രകീടങ്ങളും കുറവുവരത്തക്ക രീതിയില്‍ അധികരിച്ചില്ലെന്നും ബോധ്യമാകകും. ഏതെങ്കിലും പാടത്ത് വിളവ് കുറഞ്ഞുകണ്ടെങ്കില് ആ പാടത്ത് ഓരോ ആഴ്ചയിലും ഉണ്ടായിരുന്ന ശത്രു-മിത്ര കീടങ്ങളുടെ കണക്ക് പരിശോധിച്ച് ഏതു കീടം ഏതു സമയത്ത് അധികരിച്ചതുകൊണ്ടാണ് വിളവില്‍ കുറവു വന്നതെന്ന് മനസ്സിലാക്കാം.
ആവാസവ്യവസ്ഥാ വിശകലനം ചെയ്തു മനസ്സിലാക്കിയശേഷം കീടനിയന്ത്രണം നടപ്പാക്കുക എന്നതാണ് ആധുനിക കീടനിയന്ത്രണത്തിന്റെ അടിസ്ഥാന തത്വം. ഒരു പ്രദേശം പരിശോധിച്ചാല്‍ അവിടെ പല തരത്തിലുള്ള പ്രാണികള്‍ കാണാം. പ്രകൃതിയില്‍ ഓരോ തരം പ്രാണിയും, മറ്റു പ്രാണികളുമായും, മറ്റു ജന്തുക്കളുമായും, സസ്യങ്ങളുമായും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പൊതുവില്‍ ഒരു ജീവി മറ്റൊന്നിന് ആഹാരമാകുമ്പോള്‍ രണ്ടാമത്തേത് വേറൊന്നിനെ ഉപകരിക്കുന്നതോ ഉപദ്രവിക്കുന്നതോ ആകാം. അങ്ങനെ പരസ്പരം ഉപകാരമോ, ഉപദ്രവമോ ചെയ്ത് ബന്ധപ്പെട്ടു കിടക്കുന്ന കൂട്ടത്തിനെയാണ് ഒരു സമൂഹം അഥവാ കമ്മ്യൂണിറ്റി എന്ന് വിശേഷിപ്പിക്കുന്നത്. ഒരു പ്രദേശത്തെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന സസ്യങ്ങളും ജന്തുക്കളും അവയുടെ മേല്‍ കാലാവസ്ഥയ്ക്കുള്ള സ്വാധീനവും ഒത്തു ചേരുന്നതിനെയാണ് ആവാസ വ്യവസ്ഥ അഥവാ എക്കോ സിസ്റ്റം എന്നു പറയുന്നത്. കാര്‍ഷിക വിളയും അതിന്റെ വളര്‍ച്ചയെ സ്വാധീനിക്കുന്ന കാലാവസ്ഥയും ദൗതിക ജൈവഘടകങ്ങളും ഒത്തു ചേര്‍ന്നതാണ് കാര്‍ഷികാവാസ
വ്യവസ്ഥ.
കാര്‍ഷികാവാസ വ്യവസ്ഥയ്ക്ക് ഉദാഹരണമായി നെല്പ്പാടങ്ങളെടുക്കാം. ന്യൂതന കീടനിയന്ത്രണത്തിന്റെ അടിസ്ഥാന ഘടകം നെല്ച്ചെടിയും അവയെ ആക്രമിക്കുന്ന കീടങ്ങളും മാത്രമല്ലെന്നും, ചെടി വളരുന്ന ആവാസ വ്യവസ്ഥ ആണെന്നിരിക്കെ നെല്‍പ്പാടങ്ങളെയും നെല്‍ച്ചെടിയ്ക്കു വളരാന്‍ വേണ്ട ഘടകങ്ങളെയും, ഹാനികരമായി സ്വാധീനിക്കുന്ന ഘടകങ്ങളെയും വിശകലനം ചെയ്തു മനസ്സിലാക്കണം.
വെള്ളക്കെട്ടുള്ള പാടത്ത് ധാരാളം ന്യൂട്രല്സുകളും, അവയെ ആശ്രയിച്ചു കഴിയുന്ന പലതരം മിത്രകീടങ്ങളും കാണുന്നു. അതായത് മിത്രകീടങ്ങളാല് സമ്പുഷ്ടമായിരിക്കുന്ന പാടത്താണ് വിത്തു വിതയ്ക്കുകയോ ഞാറുനടുകയോ ചെയ്യുന്നത്. അതിനുശേഷം എട്ടു പത്തു ദിവസം കഴിഞ്ഞ് പുതിയ ഇലകള്‍ ഉണ്ടായതിനുശേഷം ശത്രുകീടങ്ങള്‍ പാടങ്ങളില്‍ എത്തുന്നു. ധാരാളം മിത്രകീടങ്ങളുള്ള ഒരു പാടശേഖരത്തില്‍ എത്തുന്ന ശത്രുകീടങ്ങള്‍ മുട്ടയിട്ട് അതില്‍ നിന്നും വിരിഞ്ഞുവരുന്ന പുഴുക്കളോ ചാഴിക്കുഞ്ഞുങ്ങളോ നെല്‍ച്ചെടിയെ ആക്രമിച്ചു തുടങ്ങുന്നു. മുട്ട വിരിയുന്നതിനു മുമ്പുതന്നെ പലതരം പുല്‍ച്ചാടികളും വണ്ടുകളും ചാഴികളും പരാദങ്ങളും അവയെ നശിപ്പിക്കുന്നു. ഇരപിടയന്മാരില് പലതും, ഒരു ദിവസം ഏകദേശം പതിനഞ്ചു മുട്ടകള്‍ തിന്നു നശിപ്പിക്കുമ്പോള്‍ പരാദങ്ങള്‍ ഏകദേശം അന്‍പതു ശതമാനം മുട്ടകളെ നശിപ്പിക്കുന്നതായിട്ടാണ് പരീക്ഷണ ഫലങ്ങള്‍ കാണിക്കുന്നത്. മിത്രകീടങ്ങളുടെ ആക്രമണം മൂലം നശിക്കാത്ത മുട്ടകളില്‍ നിന്നും വിരിഞ്ഞു വരുന്ന ശത്രുകീടത്തിന്റെ വളരെ ചെറുപ്രാണികള്‍ ചെടികളെ ആക്രമിച്ചു തുടങ്ങുമ്പോള്‍ തന്നെ പലതരം ഇരപിടിയന്മാരും പരാദങ്ങളും ഇവയേയും ആക്രമിക്കുന്നു. ഇതില്‍ നിന്നെല്ലാം രക്ഷപ്പെട്ടുവരുന്ന വളരെ കുറച്ചു കീടങ്ങള്‍ മാത്രമാണ് ചെടികളെ ആക്രമിച്ച് കേടുപാട് വരുത്തുന്നത്.
ആവാസ വ്യവസ്ഥാ വിശകലനത്തില്‍ ചെടിയുടെ പ്രായം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. പാടത്തു കാണുന്ന എല്ലാ ശത്രു കീടങ്ങളും എല്ലായ്പ്പോഴും നെല്‍ച്ചെടിയെ ആക്രമിക്കാറില്ല. ചില കീടങ്ങള്‍ ചെടിയുടെ ചില ദശയില്‍ മാത്രം ആക്രമിക്കുന്നവയാണെങ്കില് മറ്റു ചിലത് ചെടിയെ എല്ലായ്പ്പോഴും ആക്രമിക്കുന്നു. അതിനാല്‍ കീടനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നതിനു മുമ്പ് ഏതൊക്കെ കീടങ്ങള്‍ ഉണ്ടെന്നു മനസ്സിലാക്കുന്നതിനോടൊപ്പം നെല്‍ച്ചെടിയുടെ അപ്പോഴത്തെ അവസ്ഥ ആ കീടങ്ങളാല്‍ ആക്രമിക്കപ്പെടുന്നതാണോ എന്നും അറിയേണ്ടതായിട്ടുണ്ട്. ഗാളീച്ചയുടെ പുഴുവും കുഴല്‍ പുഴുവും നെല്‍ച്ചെടിയുടെ ചിനപ്പുപൊട്ടുന്ന കാലം വരെ മാത്രമേ ആക്രമിക്കുകയുള്ളൂ. അതുപോലെ ചാഴി, കതിരില്‍ പാലൂറി നില്ക്കുന്ന അവസരത്തില്‍ ആക്രമിച്ചാല്‍ മാത്രമേ വിളവിന് നാശം വരുത്തുകയുള്ളൂ. ഒരു പാടത്ത് ഈ കീടങ്ങളുടെ ആക്രമണം കണ്ടുതുടങ്ങിയാല്‍ ഉടനെ പാടശേഖരത്തില്‍ മുഴുവനും കീടനാശിനി തളിക്കേണ്ട ആവശ്യമില്ല. പാടങ്ങളിലെ നെല്‍ച്ചെടിയ്ക്ക് ഈ കീടങ്ങളുടെ ആക്രമണം കൊണ്ട് നാശം വരാവുന്ന പ്രായമാണോ എന്ന് പരിശോധിക്കുകയാണ് ആദ്യം വേണ്ടത്. അതേ സമയം മുഞ്ഞ, തണ്ടുതുരപ്പന്‍ പുഴു, ഇലചുരുട്ടിപുഴു എന്നിവയ്ക്ക് നെല്‍ച്ചെടിയുടെ എല്ലാ ദശയേയും ആക്രമിക്കാന്‍ കഴിവുള്ളതിനാല്‍ ഇവയുടെ ഏറ്റക്കുറച്ചില്‍ ശ്രദ്ധിച്ചു മനസ്സിലാക്കണം. ഇങ്ങനെ ഓരോ കീടവും നെല്‍ച്ചെടിയെ എങ്ങിനെ, എപ്പോള്‍ ഉപദ്രവിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ ആവാസ വ്യവസ്ഥാ വിശകലനം നടത്തേണ്ടത് ആവശ്യമാണ്.
ആവാസ വ്യവസ്ഥാ വിശകലനത്തില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു ഘടകമാണ് കാലാവസ്ഥ. ചെടികള്‍ക്ക് ഈര്‍പ്പം ആവശ്യമാണെങ്കിലും ചൂടുള്ള കാലാവസ്ഥയാണ് അനുയോജ്യം. എന്നാല്‍ കീടങ്ങള്‍ക്ക് മുട്ടയിട്ട് പെരുകുന്നതിന് ചൂടുള്ളതും അന്തരീക്ഷാര്‍ദ്രത കൂടിയതുമായ കാലാവസ്ഥയാണ് വേണ്ടത്. അതിനാല്‍ കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങള്‍ ശ്രദ്ധിച്ച് മനസ്സിലാക്കേണ്ടതുണ്ട്. മൂടിക്കെട്ടിയ അന്തരീക്ഷവും, ഇടവിട്ടുള്ള മഴയും വെയിലും കീടങ്ങളുടെ സംഖ്യ വളരെ പെട്ടെന്ന് വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നു.
അങ്ങനെ ആവാസ വ്യവസ്ഥാ വിശകലനം ചെയ്ത് കാലാവസ്ഥയും ചെടിയുടെ പ്രായവും പാടത്തു കാണുന്ന വിവിധ തരം കീടങ്ങളേയും മനസ്സിലാക്കിയശേഷം മറ്റു കീടനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ കൊണ്ട് നിയന്ത്രണം സാധ്യമാകുന്നില്ലെന്നു കണ്ടാല്‍ മാത്രം രാസകീടനാശിനി പ്രയോഗിക്കണം
കര്‍ഷകര്‍ അവരവരുടെ പാടങ്ങളിലാണ് ആവാസ വ്യവസ്ഥാ വിശകലനം നടത്തേണ്ടത്. ഞാറ് നട്ട് രണ്ടാഴ്ച മുതല്‍ വിളവെടുക്കുന്നതിന് രണ്ടാഴ്ച മുമ്പുവരെ ആഴ്ചയിലൊരു പ്രാവശ്യം എന്ന കണക്കിന് പത്താഴ്ച ആവാസ വ്യവസ്ഥാ വിശകലനം നടത്തണം. ഓരോ ആഴ്ചയിലും ശേഖരിക്കുന്ന വിവരങ്ങള്‍ ഒരു ചാര്‍ട്ടാക്കി സൂക്ഷിക്കുകയും പത്താഴ്ചയിലും ഇപ്രകാരം ആവര്‍ത്തിക്കുകയും വേണം. എന്നാല്‍ മാത്രമേ നെല്ലു വളരുന്ന ആവാസ വ്യവസ്ഥയില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുന്നു എന്നുള്ള വിവരം ശരിക്കും മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ.
ഒരു പേപ്പറിന്റെ മദ്ധ്യഭാഗത്ത് പാടത്തു കണ്ട പ്രായത്തിലുള്ള നെല്‍ച്ചെടി വരയ്ക്കണം. ഷീറ്റിന്റെ ഇടതുവശത്ത് മുകളില്‍ അതാതു പാടത്തുനിന്നും ശേഖരിക്കപ്പെട്ട ശത്രുകീടങ്ങളുടെ പേരും എണ്ണവും കുറിക്കണം. അതുപോലെ മിത്രകീടങ്ങളുടെ കണക്ക് വലതുവശത്ത് മുകളില്‍ എഴുതണം. ഈ രണ്ടുക്കൂട്ടം കീടങ്ങളുടെയും ആകെ എണ്ണം കണ്ടുപിടിച്ച് അനുപാതമാക്കി നെല്‍ച്ചെടിയുടെ പടത്തിന് താഴെ എഴുതണം. ഈ ശത്രുമിത്ര കീടാനുപാതം അഥവാ പെസ്റ്റ് ഡിഫെന്റര്‍ റേഷ്യോ സാധാരണ പി.ഡി. റേഷ്യോ എന്നാണ് കുറിക്കാറ്. ഷീറ്റിനു വലതു വശത്ത് താഴെ അന്നത്തെ കാലാവസ്ഥ, ചെടിയുടെ പൊതുവായ അവസ്ഥ, നെല്‍ച്ചെടിയില്‍ കാണുന്ന രോഗലക്ഷണങ്ങളുടെ വിവരം, കളച്ചെടിയുടെ നിലവാരം, ജലനിരപ്പിന്റെ വിവരം തുടങ്ങിയ കാര്യങ്ങള്‍ കുറിക്കണം. ഇത്രയും കാര്യങ്ങള്‍ കണക്കിലെടുത്ത് അതാതു പാടത്ത് ചെയ്യേണ്ടതായ കൃഷി മുറകള്‍. "ശുപാര്‍ശ" എന്ന തലക്കെട്ടില്‍ ഷീറ്റിനു താഴെ ഇടതുവശത്ത് കുറിക്കണം. ഈ ശുപാര്‍ശയിലാണ് വരുന്ന ആഴ്ച ആ പാടത്ത് നടപ്പാക്കേണ്ട കൃഷിപ്പണികള്‍ ഏതൊക്കെയാണെന്ന് കുറിക്കേണ്ടതാണ്.
ഓരോ പാടത്തും എത്രമാത്രം ശത്രുമിത്ര കീടങ്ങള്‍ ഉണ്ടായിരുന്നു എന്ന് എളുപ്പത്തില്‍ ഓര്‍മ്മിച്ചു വയ്ക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ പി.ഡി. റേഷ്യോ കണക്കാക്കുന്നത്. ശത്രു കീടങ്ങളുടെ എണ്ണമെടുക്കുമ്പോള്‍ അതില്‍ നെല്‍ച്ചെടിക്ക് വലിയ കേടു വരുത്താന്‍ കഴിവുള്ളതും ഇല്ലാത്തതുമായ കീടങ്ങള്‍ ഉള്‍പ്പെടുന്നു. ആയതിനാല്‍ ഈ അനുപാതം കീടരൂക്ഷതയുള്ള ഒരു അളവു കോലല്ല. കീടനാശിനി തളിയ്ക്കുന്നതിലേയ്ക്കായി ആലോചിക്കുമ്പോള്‍ അപ്പോഴത്തെ കാലാവസ്ഥയും ചെടിയുടെ പ്രായവും അവസ്ഥയും, ആ സമയത്ത് ആക്രമിച്ച് വലിയ കേടുവരുത്തുവാന്‍ കഴിയുന്ന കീടങ്ങളെയും അവയെ നശിപ്പിക്കാന്‍ കഴിവുള്ള മിത്രകീടങ്ങളേയും മാത്രം കണക്കിലെടുക്കണം. ഇവിടെ ശത്രുകീടങ്ങള്‍ കഴിഞ്ഞ ആഴ്ചത്തേത്തില് നിന്നും വളരെ കൂടുകയും മിത്രകീടങ്ങള്‍ വളരെ കുറയുകയും ചെയ്യുന്നു എന്നു കണ്ടാല്‍ പാടം നല്ല വണ്ണം പരിശോധിച്ച് ആക്രമണ രൂക്ഷത തിട്ടപ്പെടുത്തണം. കാര്യമായ ആക്രമണം കാണുന്നുണ്ടെങ്കിലും കീട നിയന്ത്രണത്തിന് ശുപാര്‍ശ ചെയ്തിട്ടുള്ള കീടനാശിനി കൃത്യ അളവില്‍ കീട ശല്യം കണ്ട പാടങ്ങളില്‍ മാത്രം തളിച്ച്, ആക്രമണം മറ്റു ഭാഗത്തേയ്ക്ക് പടരാതെ നോക്കണം.
അങ്ങനെ പത്താഴ്ചയില്‍ പാടത്തുനിന്നും ശേഖരിച്ച വിവരങ്ങളും പാടത്തു നടപ്പാക്കിയ കാര്യങ്ങളും അടങ്ങുന്ന പത്തു ചാര്ട്ടുകളിലുള്ള വിവരങ്ങള്‍ സംഗ്രഹിച്ച് പാടത്ത് സംഭവിച്ച വിവരങ്ങള്‍ കൃത്യമായി മനസ്സിലാക്കാനും വരുംകാല കൃഷിയില്‍ ഇക്കാര്യങ്ങള്‍ നടപ്പാക്കാനുള്ള അറിവ് ആര്‍ജ്ജിക്കുകയും ചെയ്യാം.
കാര്ഷികാവാസവ്യവസ്ഥാ വിശകലനചാര്ട്ടിന്റെ മാതൃക
(ആധുനിക സംയോജിത കീടനിയന്ത്രണം നെല്‍കൃഷിയില്‍) |
ശത്രുകീടങ്ങള്‍ |
തണ്ടുതുരപ്പന്‍ 3 |
ഇലചുരുട്ടി 4 |
മുഞ്ഞ 3 |
കാരവണ്ട് 2 |
നീലവണ്ട് 10 |
പച്ചതുള്ളന്‍ 14 |
പുല്‍ച്ചാടി 4 |
ആകെ 40 |
|
മിത്രകീടങ്ങള്‍ |
പച്ചചാഴി 6 |
പുല്‍ച്ചാടി 1 |
പരാദങ്ങള്‍ 7 |
ചിലന്തി 2 |
തുമ്പി 4 |
|
ആകെ 20 |
|
മറ്റു വിവരങ്ങള്‍ |
|
കാലാവസ്ഥ - തെളിഞ്ഞ അന്തരീക്ഷം |
ചെടിയുടെ പൊതുവായ അവസ്ഥ - മഞ്ഞളിപ്പുണ്ട് |
രോഗലക്ഷണങ്ങള്‍ - ഒന്നും കാണുന്നില്ല |
കളച്ചെടികള്‍ - ഇല്ല |
ജനനിരപ്പ് - ആവശ്യത്തിനുണ്ട്. |
അവസാനം പരിഷ്കരിച്ചത് : 6/21/2020
കൂടുതല്‍ വിവരങ്ങള്‍
വിവിധ തരം എണ്ണകുരുക്കളെ കുറിച്ചുള്ള വിവരങ്ങൾ
ആഹാരം മുതൽ ഒൗഷധം വരെ സകലതിനും ആശ്രയിക്കാവുന്ന മുള ...
കൂടുതല്‍ വിവരങ്ങള്‍