തുടര്‍ച്ചയായി നെല്‍കൃഷി ചെയ്യുന്നതുകൊണ്ടും ഭൂപ്രകൃതിയിലേയും കാലാവസ്ഥയിലേയും പ്രത്യേകതകള്‍കൊണ്ടും കുട്ടനാട്ടിലെ നെല്‍കൃഷിയില്‍ കീടരോഗബാധകള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. കൃത്യസമയത്ത് പ്രതിരോധശേഷിയുള്ള ഇനങ്ങള്‍ വിളവിറക്കുകയും കൃത്യമായ കൃഷിയിട സന്ദര്‍ശനത്തിലൂടെ കൃഷിയിട സന്ദര്‍ശനത്തിലൂടെ കീടരോഗ സാധ്യതകള്‍ മുന്‍കൂട്ടി അറിയുകയും പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ കൈക്കൊള്ളുകയും ചെയ്യണം. കര്‍ഷക കൃഷിയിട പാഠശാലകള്‍ കര്‍ഷകരെ ഇക്കാര്യങ്ങളില്‍ പരിചിതരാക്കുകയും സ്വയം തീരുമാനങ്ങള്‍ കൈക്കൊള്ളുവാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്നു. ഓരോ കീടത്തെയും നിയന്ത്രിക്കുന്നതില്‍ ജന്മവൈദഗ്ദ്യമാര്‍ജ്ജിച്ച പരാദികളേയും ഇരപിടിയന്മാരെയും കൃഷിയിടങ്ങളില്‍നിന്നുതന്നെ കണ്ടുപിടിച്ച് ഇവയുടെ ബാഹുല്യവും കീടങ്ങളുടെ ബാഹുല്യവും തമ്മിലുള്ള അനുപാതം നിര്‍ണ്ണയിക്കണം. ഈ അനുപാതം ശാസ്ത്രീയമായി ഓരോ കീടത്തിനും തിട്ടപ്പെടുത്തിയിട്ടുള്ള ശത്രു-മിത്ര അനുപാത പരിധിക്കുള്ളിലാണെങ്കില്‍ സ്വാഭാവികമായ കീടനിയന്ത്രണം സാധ്യമാണ്.
സാധാരണഗതിയില്‍ ഒരു കീടം പ്രത്യുത്പാദനത്തിലൂടെ വിളനാശം വരുത്തുന്നതിനുള്ള ബാഹുല്യം ആര്‍ജ്ജിക്കുന്ന ഘട്ടത്തിന് മുമ്പ് തന്നെ പ്രകൃത്യാ ഉള്ള ശത്രുക്കള്‍ അവയെ നിയന്ത്രണ വിധേയമാക്കിയിരിക്കും. ഇതിനെപ്പറ്റി കൂടുതല്‍ അറിയണമെങ്കില്‍ നെല്‍പ്പാടം എന്ന കാര്‍ഷിക ആവാസവ്യവസ്ഥയെക്കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട്. വനങ്ങള്‍, പുല്‍മേടുകള്‍ എന്നീ പ്രകൃതിദത്ത ആവാസവ്യവസ്ഥകളുടെതിനു സമാനമായ ഒരു സുസ്ഥിര ആവാസവ്യവസ്ഥയാണ് താഴ്ന്ന നിലങ്ങളിലെ വെള്ളം കയറ്റിയുള്ള നെല്‍കൃഷി. പ്രകൃതിദത്ത ആവാസവ്യവസ്ഥകളില്‍ ചാക്രിക ഊര്‍ജ്ജം ഒരു ഘട്ടത്തിലും തിരികെയെടുക്കുന്നില്ല. എന്നാല്‍ മനുഷ്യനിര്‍മ്മിതമായ ആവാസവ്യവസ്ഥകളില്‍ ഒരു ഘട്ടത്തില്‍ ഈ ചാക്രികോര്‍ജ്ജം തിരികെ എടുക്കപ്പെടുന്നു. അതുകൊണ്ടാണ് കാര്‍ഷിക ആവാസവ്യവസ്ഥകള്‍ അസ്ഥിരമാകുന്നത്. എന്നാല്‍ കുട്ടനാട്ടിലെ നെല്‍പ്പാടങ്ങള്‍ ഒരു പരിധിവരെ പ്രകൃതിദത്ത ആവാസവ്യവസ്ഥകളോട് സമാനമാണ്. കാരണം ഇവിടെ വിളവെടുക്കുന്നത് കതിര്‍ക്കുലകള്‍ മാത്രമാണ്. വൈക്കോല്‍ ഉഴുതുചേര്‍ക്കപ്പെടുക വഴി വിളയുടെ പരിണിത ഊര്‍ജ്ജത്തിന്‍റെ ഗണ്യമായ ഒരു ഭാഗം ആവാസവ്യവസ്ഥയുടെ ചാക്രികതയിലെക്ക് സംഭാവന ചെയ്യപ്പെടുന്നു. അങ്ങനെ സ്വയമേവ സുസ്ഥിരത നിലനിര്‍ത്തപ്പെടുന്നുണ്ടെങ്കിലും കീട, രോഗ ബാധകളെ ചൊല്ലി പലപ്പോഴും ഈ ചാക്രികത അനാവശ്യമായി തകര്‍ക്കപ്പെടുകയാണ്.
നെല്‍പ്പാടങ്ങളില്‍ കാണപ്പെടുന്ന ജീവികളാണ് കീടങ്ങള്‍, ഇരപിടിയന്മാര്‍, പരാദികള്‍, ന്യൂട്രലുകള്‍ എന്നിവ.
വിത്ത് വിതച്ച് ആദ്യ 15-20 ദിവസങ്ങളില്‍ ന്യൂട്രലുകള്‍ എന്നറിയപ്പെടുന്ന താരതമ്യേന നിര്‍ദോഷികളായ വിഭാഗക്കാരാവും കൂടുതലായി കാണുക. വിവിധ ജനുസ്സുകളില്‍പ്പെടുന്ന ന്യൂട്രലുകളെ ഈ ഘട്ടത്തില്‍ ധാരാളമായി നെല്‍പ്പാടങ്ങളില്‍ കാണാനാകും. ഈ ന്യൂട്രലുകളെ ആഹാരമാക്കിയാണ് ഇരപിടിയന്മാര്‍ വളര്‍ന്നു പെരുകുന്നത്. ഇങ്ങനെ വളര്‍ന്നു പെരുകുന്ന ഇരപിടിയന്മാരാല്‍ സുസജ്ജമായ ഒരു പ്രതിരോധ സംവിധാനത്തിലേക്കാണ് പലപ്പോഴും കീടങ്ങള്‍ വിരുന്നെത്തുക. അതിനാല്‍ത്തന്നെ കീടങ്ങള്‍ക്ക് നെല്‍പ്പാടങ്ങള്‍ കീഴടക്കുക എന്നത് അത്ര എളുപ്പമല്ല. ഈ ഇരപിടിയന്മാരില്‍ പ്രമുഖര്‍ വിവിധയിനം ചിലന്തികള്‍, തറവണ്ടുകള്‍, തുമ്പികള്‍, വെള്ളത്തില്‍ കാണപ്പെടുന്ന പലയിനം ചാഴികള്‍, മിറിട് ചാഴികള്‍, പുഴുക്കളെ നശിപ്പിക്കുന്ന റെഡ് വിട് ചാഴികള്‍, ആമവണ്ടുകള്‍ മുതലായവയാണ്. ഇവയില്‍ പലതും സമീപത്തുള്ള കളസസ്യങ്ങളിലും മറ്റും മുട്ടയിട്ട് പെരുകിയതിനുശേഷമാണ് നെല്‍പ്പാടങ്ങളിലേക്ക് കുടിയേറുന്നത്. ഏതു കീടത്തിന്‍റെ സാന്നിധ്യമാണോ നെല്‍പ്പാടത്ത് കൂടുതലായി കാണുന്നത്, അതിനനുസൃതമായി അതിനെ ആഹരിക്കുന്ന ഇരപിടിയന്മാരുടെ എണ്ണവും വര്‍ദ്ധിക്കുന്നു.
ഉദാഹരണത്തിന് ഓലചുരുട്ടിപ്പുഴുക്കളെ തിന്നുന്ന ഒഫിയോണിയ എന്ന തറവണ്ടുകളുടെ എണ്ണം, ഓലചുരുട്ടികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനാനുപാതികമായി വര്‍ദ്ധിക്കുന്നു. ഓലചുരുട്ടിപ്പുഴുക്കള്‍ പെരുകുന്നതിന് മുമ്പുതന്നെ ഇവരുടെ സംഖ്യ മെച്ചപ്പെട്ട നിലയിലെത്തിക്കഴിഞ്ഞിരിക്കും. ഒഫിയോണിയ വണ്ടുകള്‍ ഓലചുരുട്ടിയുടെ മുട്ടകളെയും ആദ്യദശയിലുള്ള പുഴുക്കളെയും മാത്രമല്ല കരിഞ്ചാഴികളുടെയും ശലഭവര്‍ഗ്ഗത്തില്‍പ്പെട്ട ചില കീടങ്ങളുടെ മുട്ടകളെയും ആഹരിക്കുന്നു.
ഒഫിയോണിയ വണ്ടുകളെപ്പോലെയോ അതില്‍ കൂടുതലായോ നെല്‍പ്പാടങ്ങളില്‍ കാണപ്പെടുന്ന ഇരപിടിയന്മാരാണ് ആമ വണ്ടുകള്‍. പല ജനുസ്സുകളില്‍പ്പെട്ട ഇവയെ നെല്‍ച്ചെടിയുടെ വളര്‍ച്ചയുടെ എല്ലാ ദശകളിലും കാണാം. മൈക്രാസ്പിസ് ജനുസ്സില്‍പ്പെട്ടവയാണ് എണ്ണത്തില്‍ കൂടുതല്‍. നെല്ലില്‍ പൂമ്പൊടി രൂപപ്പെടുന്ന അവസരത്തില്‍ ഇവ വളരെയേറെ പെരുകുകയും പൂമ്പൊടി ആഹരിക്കുകയും ചെയ്യുമെങ്കിലും ഇരപിടിയന്മാര്‍ എന്ന നിലയില്‍ ഇവര്‍ സുപ്രധാന പങ്കുവഹിക്കുന്നു. പലപ്പോഴും പൂമ്പൊടി രൂപീകരണവേളയില്‍ ഇവയുടെ ബാഹുല്യം നിമിത്തം കര്‍ഷകര്‍ ഇവയെ ഉപദ്രവകാരികളായി തെറ്റിദ്ധരിക്കാറുണ്ട്. ഇലത്തുള്ളന്മാര്‍, മുഞ്ഞകള്‍, ചെറിയ പുഴുക്കള്‍, ചാഴിമുട്ടകള്‍ മുതലായ എന്തിനേയും ആഹരിക്കുന്ന ഇവ വളരെ പെട്ടെന്ന് പെരുകുന്നു. 6 മുതല്‍ 10 ആഴ്ചകള്‍ കൊണ്ട് 150-200 ആമവണ്ടുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നു.
തുഴവണ്ടുകള്‍ (Rove beetle) – ഇവയുടെ ശരീരത്തെ പൊതിയുന്ന കൈറ്റിന്‍ ആവരണം ഉടലിന്‍റെ പകുതി മാത്രമേ പൊതിയുന്നുള്ളൂ. തറവണ്ടുകളെപ്പോലെ ഇവയും വളരെ കൃത്യനിര്‍വ്വഹണ ശേഷിയുള്ള ഇരപിടിയന്മാരാണ്.
മിറിഡ് ചാഴികള്‍ - മുഞ്ഞകളുടെ മുട്ടകളും ആദ്യദശയിലുള്ള നിംഫുകളുമാണ് ഇവയുടെ ആഹാരം. എന്നാല്‍ ഇവയുടെ വംശവര്‍ദ്ധനവിന്‍റെ തോത് മുഞ്ഞകളെ അപേക്ഷിച്ച് കുറവാണ്. 20-30 ദിവസമാണ് ഇവയുടെ ജീവിതകാലം. ഒരു മിറിഡ് ചാഴി നെല്‍ച്ചെടിയില്‍ 10-20 മുട്ടകള്‍ ഇടും. മുട്ട വിരിഞ്ഞിറങ്ങുന്ന നിംഫുകളും മുതിര്‍ന്ന ചാഴികളും നീരൂറ്റിക്കുടിക്കാന്‍ പര്യാപ്തമായ തങ്ങളുടെ വദനഭാഗങ്ങള്‍ ഉപയോഗിച്ച് മുഞ്ഞകളുടെ മുട്ടകളില്‍നിന്നും ആദ്യ ഘട്ടങ്ങളിലുള്ള നിംഫുകളില്‍ നിന്നും നീരൂറ്റിക്കുടിക്കുന്നു. ഒരു മുതിര്‍ന്ന ചാഴി ഒരു ദിവസംകൊണ്ട് 7-10 മുട്ടക്കൂട്ടങ്ങള്‍ അല്ലെങ്കില്‍ 1-5 നിംഫുകള്‍ എന്ന തോതില്‍ ആഹരിക്കും. മുഞ്ഞയ്ക്ക് പുറമേ ഇലത്തുള്ളന്മാരുടെ മുട്ടകളും നിംഫുകളും ഇവര്‍ ആഹാരമാക്കാറുണ്ട്. എന്നാല്‍ പരിണാമത്തിന്‍റെ ആദ്യഘട്ടങ്ങളില്‍ ഇവര്‍ കീടങ്ങളായിരുന്നുവെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.
റെഡ് വിഡ് ചാഴികള്‍ - റോസ്ട്രം എന്നറിയപ്പെടുന്ന വദനഭാഗം കൊണ്ട് പുഴു വര്‍ഗ്ഗത്തില്‍പ്പെട്ട കീടങ്ങളില്‍നിന്നും നീരൂറ്റിക്കുടിക്കുന്നവയാണ് ഈ വിഭാഗത്തില്‍പ്പെട്ട ചാഴികള്‍. മുതിര്‍ന്ന ചാഴിയുടെ മുതുകുഭാഗത്ത് മൂന്നു മുള്ളുകള്‍ പോലെയുള്ള ഭാഗങ്ങളുണ്ട്. പോളിടോക്സിസ് ജനുസ്സില്‍പ്പെടുന്ന ഈ ചാഴികള്‍ കീടശരീരത്തിലേക്ക് ഒരു വിഷവസ്തു കുത്തിവെച്ച് അവയെ നിശ്ചലമാക്കിയതിനുശേഷമാണ് ആഹരിക്കുന്നത്.
വെള്ളത്തിലെ ചാഴികള്‍ - മൈക്രോവേലിയ, മൈനോവെലിയ, മീസോവേലിയ, ലിമ്നോഗോണസ് എന്നീ വ്യത്യസ്ത ജനുസ്സുകളില്‍പ്പെടുന്ന ചാഴികള്‍ നെല്‍പ്പാടങ്ങളില്‍ ഇരപിടിയന്മാരുടെ ധര്‍മ്മം നിര്‍വ്വഹിക്കുന്നു. ഇവയില്‍ മൈക്രോവേലിയ ചാഴികള്‍ കൂട്ടംകൂട്ടമായി വന്ന് ഇരപിടിക്കുന്നവരാണ്. വെള്ളത്തില്‍ വീഴുന്ന ഇലത്തുള്ളന്മാര്‍, മുഞ്ഞകള്‍, പുഴുക്കള്‍ മുതലായവയാണ് ഇവയുടെ ആഹാരം. ഇവ മുട്ടയിടുന്നത് നെല്‍ച്ചെടിയുടെ തണ്ടില്‍ വെള്ളത്തിന് തൊട്ടുമുകളിലുള്ള ഭാഗത്താണ്. ഒരു ചാഴി ഒരു ദിവസം 4-7 മുഞ്ഞകളെ ആഹാരമാക്കും.
മീസോവേലിയ ചാഴികള്‍ ഒറ്റതിരിഞ്ഞ് ഇരപിടിക്കുന്നവരാണ്. ഇവര്‍ കൂടുതലും വരമ്പിനോട് ചേര്‍ന്ന ഭാഗത്താണ് കാണപ്പെടുന്നത്. മുഞ്ഞകളും തണ്ടുതുരപ്പന്‍റെ പുഴുക്കളുമാണ് മുഖ്യ ആഹാരം. വെള്ളത്തിലാശാന്മാര്‍ എന്നറിയപ്പെടുന്ന ലിമ്നോഗോണസ് ചാഴികളും ആഹരിക്കുന്നത് മുഞ്ഞകളെയും വെള്ളത്തില്‍ വീഴുന്ന പുഴുക്കളെയുമാണ്. ഒരു ചാഴി ഒരു ദിവസം 5-10 ഇരകളെ ആഹാരമാക്കും.
തുമ്പികള്‍ - വീതി കുറഞ്ഞ ചിറകുകളുള്ള ഡാംസല്‍ തുമ്പികളും വീതി കൂടിയ ചിറകുകളുള്ള ഡ്രാഗണ്‍ തുമ്പികളും നെല്‍പ്പാടങ്ങളിലെ ഇരപിടിയന്മാരാണ്. ഈ തുമ്പികളുടെ നിംഫുകള്‍ വെള്ളത്തിലാണ് കഴിയുന്നത്. ഇവ ചെടിയിലൂടെ മുകളിലേക്ക് കയറി മുഞ്ഞകളുടെ നിംഫുകളെ പിടിച്ചുതിന്നുന്നു. മുതിര്‍ന്ന തുമ്പികള്‍ വയലിനുമീതെ വട്ടമിട്ടു പറന്നു ഇലവരമ്പിന് മുകളില്‍ കാണുന്ന കീടങ്ങളേയും പറന്നു നടക്കുന്നവയേയും പിടിച്ചുതിന്നുന്നു.
പച്ചത്തുള്ളന്മാര്‍ - നീളമുള്ള സ്പര്‍ശിനിയോടു കൂടിയ പച്ചത്തുള്ളന്മാര്‍ കൂടുതലായും മധ്യമൂപ്പ് കഴിഞ്ഞ പാടങ്ങളിലാണ് കാണപ്പെടുന്നത്. രാത്രികാലങ്ങളിലാണ് ഇവര്‍ കൂടുതല്‍ പ്രവര്‍ത്തനനിരതരാകുന്നത്. ഈ പച്ചത്തുള്ളന്മാര്‍ നെല്‍ച്ചെടിയുടെ ഇലകളും പൂമ്പൊടിയും ആഹാരമാക്കാറുണ്ടെങ്കിലും ഇരപിടിയന്മാര്‍ എന്ന നിലയിലാണ് പ്രാധാന്യമര്‍ഹിക്കുന്നത്. പ്രധാനമായും തണ്ടുതുരപ്പന്‍റെ മുട്ടക്കൂട്ടങ്ങളാണ് ഇവയുടെ മുഖ്യ ആഹാരം. ഒരു പച്ചത്തുള്ളന്‍ ഒരു ദിവസം 3-4 മുട്ടക്കൂട്ടങ്ങള്‍ വരെ അകത്താക്കും. ചാഴിയുടെ മുട്ടക്കൂട്ടങ്ങളെയും ഇത് ആഹാരമാക്കും.
വിട്ടിലുകള്‍ - വാളുപോലെയുള്ള തങ്ങളുടെ മുട്ടനിക്ഷേപണി ഉപയോഗിച്ച് തങ്ങളുടെ മുട്ടകള്‍ ഇലപ്പോളകള്‍ക്കുള്ളിലേക്ക് ആഴ്ത്തിയിറക്കുന്നു. മുട്ട വിരിഞ്ഞുവരുന്ന കുഞ്ഞുങ്ങളും ഒപ്പം മുതിര്‍ന്ന വിട്ടിലുകളെയും ഇലത്തുള്ളന്മാരെയും മുഞ്ഞകളെയും തണ്ടുതുരപ്പന്‍റെയും ഓലചുരുട്ടിയുടെയും പുഴുവര്‍ഗ്ഗത്തില്‍പ്പെട്ട മറ്റ് കീടങ്ങളുടെയും മുട്ടകളും ആഹരിക്കുന്നു.
വിവിധയിനം ചിലന്തികള്‍ - നെല്‍പ്പാടങ്ങളിലെ മുഖ്യ ഇരപിടിയന്മാരാണ് ചിലന്തികള്‍. കുട്ടനാട്ടിലെ നെല്‍പ്പാടങ്ങളില്‍ കാണുന്ന ഇരപിടിയന്മാരില്‍ 35 ശതമാനത്തോളം ചിലന്തികളാണ്. വിവിധ ജനുസ്സുകളില്‍പ്പെടുന്ന വലകെട്ടുന്നവരും കെട്ടാത്തവരുമായ ചിലന്തികളെ നെല്‍പ്പാടങ്ങളില്‍ കാണാം. വലിയ വായന്‍ ചിലന്തി, കടുവാച്ചിലന്തി, ചാട്ടക്കാരന്‍ ചിലന്തി, കുഞ്ഞന്‍ ചിലന്തി, ആര്‍ജിയോപ്പ് ചിലന്തി എന്നിവയാണ് കുട്ടനാട്ടിലെ നെല്‍പ്പാടങ്ങളില്‍ കാണപ്പെടുന്ന മുഖ്യ ചിലന്തിവര്‍ഗ്ഗങ്ങള്‍. ഇലത്തുള്ളന്മാര്‍, മുഞ്ഞകള്‍, തണ്ടുതുരപ്പന്‍, ഓലചുരുട്ടി മുതലായവയുടെ ശലഭങ്ങള്‍, ചെറിയ പുഴുക്കള്‍ എന്നിവയാണ് ഇവയുടെ ഇരകള്‍. ഒരു കടുവാചിലന്തി ഒരു ദിവസം 5-15 ഇരകളെ വരെ അകത്താക്കും.
കീടനാശിനികള്‍ തളിച്ചിട്ടില്ലാത്ത പാടശേഖരങ്ങളില്‍ ഇരപിടിയന്മാരുടെയും ന്യൂട്രലുകളുടെയും സംഖ്യ താരതമ്യേന കൂടുതലായിരിക്കും. കാലാവസ്ഥാ ഘടകങ്ങളില്‍ വലിയ വ്യതിയാനം കാണപ്പെടാതിരിക്കുകയും യഥാസമയം വിതയിറക്കുകയും ശരാശരി കീടപ്രതിരോധ ശേഷിയുള്ള ഇനം കൃഷിയിറക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കീടനാശിനികള്‍ പ്രയോഗിക്കേണ്ടി വരാറില്ല എന്നതാണ് വാസ്തവം.
വിതച്ച് ആദ്യ 30 ദിവസങ്ങളില്‍ ന്യൂട്രലുകളും 30-60 ദിവസംവരെ ഇരപിടിയന്മാരും എണ്ണത്തില്‍ കൂടുതലായിരിക്കും. ഏതാണ്ട് ഇതേ കാലയളവില്‍ത്തന്നെ കീടങ്ങളും എണ്ണത്തില്‍ പെരുകുന്നു. ഈ മൂവര്‍ക്കും ഇടയിലേക്കാണ് പരാദികളുടെ കടന്നുവരവ്. ഇരപിടിയന്മാര്‍ കീടങ്ങളെ നേരിട്ട് ആഹാരമാക്കുമ്പോള്‍ വളരെ തന്ത്രപരമായി അവരുടെ വംശഹത്യ നടത്തുകയാണ് പരാദികള്‍ ചെയ്യുന്നത്. ക്രമേണ എണ്ണത്തില്‍ പെരുകുന്ന പരാദികളും ഏകദേശം 60 ദിവസമാകുമ്പോഴേക്കും പരമാവധി അംഗസംഖ്യ കൈവരിക്കുന്നു. ഇങ്ങനെയാണ് പാരസ്പര്യത്തിലൂന്നി പ്രവര്‍ത്തിക്കുന്ന ഒരു സുസംഘടിത ആവാസവ്യവസ്ഥയായി നെല്‍പ്പാടം മാറുന്നത്. അതുകൊണ്ടുതന്നെ അതിലെ വിവിധ ജാതികളുടെ അംഗസംഖ്യയെക്കുറിച്ച് ഒരേകദേശ ധാരണയില്ലാതെ കീടങ്ങളെ കാണുന്ന മാത്രയില്‍ രാസകീടനാശിനികള്‍ പ്രയോഗിക്കുമ്പോള്‍ ആവാസവ്യവസ്ഥ ഘടകങ്ങളുടെ പാരസ്പര്യം നഷ്ടമാകുകയും അത് പലപ്പോഴും കീടബാധകള്‍ ഏകപക്ഷീയമായി പൊട്ടിപ്പുറപ്പെടുന്നതിനിടയാക്കുകയും ചെയ്യുന്നു. കാര്‍ഷിക ആവാസവ്യവസ്ഥ വിശകലനത്തെ അടിസ്ഥാനമാക്കിയുള്ള സംയോജിത കീടനിയന്ത്രണമാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയാണ് ഇതൊഴിവാക്കുന്നതിന് ഏറ്റവും അനുയോജ്യമായ മാര്‍ഗം.
നെല്‍ച്ചെടിക്ക് അതിന്‍റെ വളര്‍ച്ചയുടെ ആദ്യ 45 ദിവസങ്ങളില്‍ മൊത്തം ഇല വിസ്തൃതിയുടെ 40 ശതമാനംവരെ നഷ്ടപ്പെട്ടാലും വിളവിനെ ബാധിക്കാത്തവിധത്തില്‍ ആ നഷ്ടം സ്വയം പരിഹരിക്കാന്‍ സാധിക്കും. എന്നാല്‍ പ്രതുത്പാദന കാലഘട്ടത്തിലുണ്ടാകുന്ന കീടരോഗബാധകള്‍ പ്രത്യേകിച്ച് കൊതുമ്പോലയിലും ചുറ്റുമുള്ള രണ്ട് മൂന്നു ഇലകളിലും ഉണ്ടാവുന്ന കീടരോഗബാധകള്‍ വിളവിനെ ഏറെ ബാധിക്കും. അതിനാല്‍ കൃത്യമായ ഇടവേളകളില്‍ നടത്തുന്ന ചിട്ടയായ കൃഷിയിട സന്ദര്‍ശനത്തിന്‍റെ അടിസ്ഥാനത്തില്‍ വരാനിടയുള്ള കീടരോഗബാധകള്‍ മുന്‍കൂട്ടി മനസ്സിലാക്കുകയും അതിനനുസൃതമായി നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ കൈക്കൊള്ളുകയും വേണം. ഉദാഹരണത്തിന് വിളക്കുകെണികളിലോ ഫിറമോണ്‍ കെണികളിലോ പരമാവധി തണ്ടുതുരപ്പന്മാരെ കണ്ടുകിട്ടിയാല്‍ 10 ദിവസത്തിനകം പാടത്ത് നടുനാമ്പ് വാട്ടമോ വെണ്‍കതിരോ ചെടിയുടെ വളര്‍ച്ചാഘട്ടമനുസരിച്ച് പ്രത്യക്ഷപ്പെടാം. അതുപോലെ വിളക്കുകെണിയില്‍ പരമാവധി മുഞ്ഞകളെ കിട്ടിയാല്‍ രണ്ടാഴ്ച്ചക്കകം പാടത്ത് മുഞ്ഞ മൂലമുള്ള കരിച്ചില്‍ ഉണ്ടാകാം. ഇവിടെയാണ് കൃത്യമായ കൃഷിയിട സന്ദര്‍ശനത്തിന്‍റെയും ഇതര കീട സാധ്യതാ നിര്‍ണ്ണയ സംവിധാനങ്ങളുടെയും പ്രസക്തി.
കാലാവസ്ഥാഘടകങ്ങള്‍ക്കും കീട, രോഗ ബാധയുമായി അടുത്ത ബന്ധമുണ്ട്. ഉദാഹരണത്തിന് ആപേക്ഷിക ആര്‍ദ്രത 80-100 ശതമാനം വരെയുള്ളപ്പോഴാണ് തണ്ടുതുരപ്പന്‍റെ ആക്രമണസാധ്യത ഏറ്റവും കൂടുതലുണ്ടാവുക. അതേസമയം ആപേക്ഷിക ആര്‍ദ്രത 70 ശതമാനത്തില്‍ താഴെയാകുന്ന സാഹചര്യത്തില്‍ ഈ കീടത്തിന്‍റെ മുട്ടകള്‍ വിരിഞ്ഞിറങ്ങാനുള്ള സാധ്യത തീരെ കുറവാണ്. അതുപോലെ 18 ഡിഗ്രി സെല്‍ഷ്യസിനും 32 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലുള്ള താപനിലയാണ് ഓലചുരുട്ടിക്ക് ഏറ്റവും അനുയോജ്യം. 34 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂടുവന്നാല്‍ ഈ ശലഭകീടത്തിനു തന്‍റെ 5 ലാര്‍വല്‍ ദശകളിലും നാലാം ദിശ വരെ മാത്രമേ വളരാനാവൂ. മിക്ക കീടങ്ങളും ചാന്ദ്രഗതിക്കനുസരിച്ച് അവയുടെ ആക്രമണ പ്രത്യുത്പാദന ശേഷിയില്‍ വ്യത്യാസം പ്രകടിപ്പിക്കുന്നു. ഉദാഹരണത്തിന് ശലഭകീടങ്ങള്‍ വിളക്കുകെണികളില്‍ പരമാവധി ലഭിക്കുന്നത് കറുത്തവാവ് ദിനങ്ങളിലാണ്. മറിച്ച്, ചാഴി, വണ്ടുകള്‍ മുതലായവയെ കൂടുതലായി കിട്ടുന്നതാകട്ടെ വെളുത്തവാവ് ദിനങ്ങളിലും. ഇങ്ങനെ കീടരോഗ സാധ്യതകള്‍ മുന്‍കൂട്ടി നിര്‍ണ്ണയിക്കുകയാണ് ഇവ മൂലമുള്ള വിളനഷ്ടം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം.
ജൈവിക കീടരോഗ നിയന്ത്രണം പ്രോത്സാഹിപ്പിക്കത്തക്കവിധം ഒരു കാര്‍ഷിക ആവാസവ്യവസ്ഥ നടപ്പിലാക്കാന്‍ സാധിക്കുന്ന കാര്‍ഷികപ്രവര്‍ത്തനങ്ങളെല്ലാം ആവാസവ്യവസ്ഥ എഞ്ചിനീയറിംഗിന്‍റെ പരിധിയില്‍ വരും. ഇതില്‍ മണ്‍നിരപ്പിനടിയിലുള്ള പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്നു. വേരുപടലത്തിന്‍റെ വളര്‍ച്ചയും വേരുപടലത്തിനു ചുറ്റുമുള്ള സ്ഥലത്ത് ഉപകാരികളായ സൂക്ഷ്മജീവികളുടെ പരമാവധി സാന്ദ്രതയും ഉറപ്പുവരുത്താനുദേശിച്ചു ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളും മണ്‍നിരപ്പിനടിയിലുള്ള പ്രവര്‍ത്തനങ്ങളില്‍പ്പെടും. മണ്‍നിരപ്പിന് മുകളിലുള്ള പ്രവര്‍ത്തനങ്ങളില്‍ മുഖ്യമായവ കീടങ്ങളെ ആകര്‍ഷിച്ച് നശിപ്പിക്കുവാന്‍ പറ്റുന്ന വിളകള്‍, കീടങ്ങളെ വികര്‍ഷിക്കുവാന്‍ പര്യാപ്തമായ വിളകള്‍, കീടങ്ങളെ പരാദീകരിക്കുന്ന പരാദികളെ ആകര്‍ഷിക്കുവാനായി പൂച്ചെടികള്‍, മറ്റ് ആകര്‍ഷക വിളകള്‍ എന്നിവ പാടശേഖരത്തിന് ചുറ്റുമുള്ള പുറംബണ്ടുകളിലും ഇടബണ്ടുകളിലും മറ്റും വച്ചുപിടിപ്പിക്കുക എന്നതാണ്.
പരാദികള്‍
ഓരോ കീടത്തിന്‍റെയും സാമ്പത്തിക സഹനസൂചിക തിട്ടപ്പെടുത്തി ആക്രമണതീവ്രതയുടെ അളവുനോക്കി ഒരു വിളക്കാലത്ത് എത്രപ്രാവശ്യം കീടബാധ ആവര്‍ത്തിക്കും എന്നതിന്‍റെ അടിസ്ഥാനത്തില്‍ കീടങ്ങളെ തരംതിരിച്ചിരിക്കുന്നു.
മുതിര്‍ന്ന ശലഭങ്ങള്‍ നെല്ലോലയുടെ അഗ്രഭാഗത്താണ് മുട്ടകളിടുന്നത്. ഒരു മുട്ടക്കൂട്ടത്തില്‍ 200-300 മുട്ടകളുണ്ടാവും. പല അടുക്കുകളായി ഇടുന്ന മുട്ടകള്‍ പെണ്‍കീടം സ്വന്തം രോമംകൊണ്ട് പൊതിയുന്നു. മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ നെല്ലിന്‍റെ മുട്ടുഭാഗം തുരന്നു അകത്തുകയറി ഉള്‍ഭാഗം ഭക്ഷിക്കുന്നു. ഇതിന്‍റെ ഫലമായി കായികവളര്‍ച്ച ഘട്ടങ്ങളില്‍ നടുനാമ്പുവാട്ടവും പ്രത്യുത്പാദനഘട്ടത്തില്‍ വെണ്‍കതിരും ഉണ്ടാവുന്നു. മഞ്ഞയും വെള്ളയും തണ്ടുതുരപ്പന്മാരെ കുട്ടനാടന്‍ പാടശേഖരങ്ങളില്‍ കാണാനാവും. വെള്ളത്തോട് ആഭിമുഖ്യം കാണിക്കുന്ന കീടമാണ് തണ്ടുതുരപ്പന്‍. ഒരു ദിവസംകൊണ്ട് ഒരു സ്ഥലത്തുനിന്നും 2 കി.മീ. ദൂരംവരെ പറക്കുവാനും തണ്ടുതുരപ്പന്‍റെ ശലഭങ്ങള്‍ക്കാവും.
നിയന്ത്രണമാര്‍ഗ്ഗങ്ങള്‍
ഒരു ചതുരശ്രമീറ്ററിനുള്ളില്‍ രണ്ടിലധികം പരാദികളെ ഉള്ളൂവെങ്കില്‍ കീടനാശിനി പ്രയോഗം ആവശ്യമില്ലെന്നാണ് വിവക്ഷ.
തണ്ടുതുരപ്പനെപ്പോലെ ഓലചുരുട്ടിയുടെ ശലഭങ്ങളും വെളിച്ചത്തിലേക്ക് ആകര്‍ഷിക്കപ്പെടാറുണ്ടെങ്കിലും വിളക്കു കെണികളില്‍ കൂടുതലായി കിട്ടാറില്ല. ആകയാല്‍ വൈകുന്നേരങ്ങളില്‍ പാടശേഖരങ്ങളില്‍ നിരീക്ഷണം നടത്തി കൂടുതലായി ശലഭങ്ങളെ കാണുകയാണെങ്കില്‍ 10 ദിവസങ്ങള്‍ക്കുശേഷം കീടാക്രമണ ലക്ഷണങ്ങള്‍ പ്രതീക്ഷിക്കാം. ശലഭകീടങ്ങളെല്ലാം കൂടുതലായി പ്രത്യക്ഷപ്പെടുന്നത് കറുത്തവാവിനും അതിനോടടുത്ത ദിവസങ്ങളിലുമാണ്. തണ്ടുതുരപ്പന്‍റെതില്‍നിന്നു വ്യത്യസ്തമായി ഓലചുരുട്ടിയുടെ മുട്ടകള്‍ കൂടുതലായി പരാദീകരിക്കപ്പെടുന്നില്ല. എന്നാല്‍ ലാര്‍വല്‍-പ്യൂപ്പല്‍ പരാദികളാണ് ഈ കീടത്തിന്‍റെ സ്വാഭാവിക നിയന്ത്രണത്തില്‍ മുഖ്യപങ്കു വഹിക്കുന്നത്. ഓലചുരുട്ടിയുടെ മുട്ടകള്‍ ഭക്ഷിക്കുന്ന ഒരു വിട്ടില്‍ വര്‍ഗ്ഗ ജീവിയുമുണ്ട്.
മിക്ക ശലഭകീടങ്ങളുടെയും ആദ്യ 45 ദിവസങ്ങളിലുള്ള ആക്രമണത്തെ സ്വയം പ്രതിരോധിക്കുവാനുള്ള ശേഷി നെല്‍ച്ചെടിയ്ക്കുണ്ട്. ഈ ഘട്ടത്തില്‍ 40 ശതമാനം വരെ ഇലകള്‍ നഷ്ടപ്പെട്ടാലും കൂടുതല്‍ ചിനാലുകള്‍ ഉണ്ടാക്കി ചെടി അത് പരിഹരിക്കും. മാത്രവുമല്ല ആദ്യവളര്‍ച്ചാ ഘട്ടങ്ങളില്‍ ഈ കീടങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് വഴി അവയുടെ പ്രകൃത്യാ ഉള്ള ശത്രുക്കള്‍ എണ്ണത്തില്‍ പെരുകുകയും പ്രത്യുത്പാദന ഘട്ടമാവുമ്പോഴേക്കും സുരക്ഷിതമായ ഒരു ശത്രു മിത്ര അനുപാതം ഉണ്ടാവുകയും ചെയ്യുന്നു.
എന്നാല്‍, പ്രത്യുത്പാദന ഘട്ടങ്ങളിലുണ്ടാകുന്ന കീട രോഗ ബാധകള്‍ വിളവിനെ ബാധിക്കുവാന്‍ ഇടയുള്ളതിനാല്‍ ഈ ഘട്ടത്തില്‍ ഏറെ ശ്രദ്ധവേണം. ഇലചുരുട്ടിപ്പുഴുവിന്‍റെ ആക്രമണം പലപ്പോഴും കുമിള്‍ബാധയ്ക്കും അതുവഴി അവിച്ചിലിനും കാരണമാകുന്നതിനാല്‍ സ്ഥിരമായ കീട രോഗ നിരീക്ഷണം അനിവാര്യമാണ്. താപനില 34 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ വരുന്ന സന്ദര്‍ഭങ്ങളില്‍ ഓലചുരുട്ടിയ്ക്ക് അതിന്‍റെ ജീവിതചക്രം പൂര്‍ത്തീകരിക്കുവാന്‍ കഴിയില്ല. ഈ വര്‍ധിച്ച താപനില പരാദികളെയും പ്രതികൂലമായി ബാധിക്കുന്നു. ഓലചുരുട്ടിയും വളരെ ദൂരം പറന്നെത്തുന്നതിനു കഴിവുള്ള ശലഭമാണ്. രാത്രികാലങ്ങളിലാണ് ഇണചേരലും മുട്ടയിടലും. ഇവയ്ക്കെതിരായി ഫിറമോണുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും തദേശീയമായി ഇവ ലഭ്യമല്ല. എന്നാല്‍ ഓലചുരുട്ടിയുടെ മുട്ടകളെ പരാദീകരിക്കുന്ന ട്രൈക്കോഗ്രാമ ചീലോണിസ് എന്ന മുട്ടപരാദിയുടെ മുട്ടകള്‍ പതിപ്പിച്ച കാര്‍ഡുകള്‍ തണ്ടുതുരപ്പന്‍റെ കാര്‍ഡുകള്‍ക്കൊപ്പം അതേ അനുപാതത്തില്‍ (1 ഏക്കറിന് 2 cc കാര്‍ഡ്) അതേ ഇടവേളകളില്‍ വയ്ക്കാം.
ഏറ്റവും അപകടകാരിയായ കീടമാണ് മുഞ്ഞ. കുട്ടനാട്ടില്‍ മുഞ്ഞ ആക്രമണം കൂടുതലാകുന്നത് രണ്ട് സമയങ്ങളിലാണ്. പുഞ്ചകൃഷിയില്‍ ജനുവരി-മാര്‍ച്ച് മാസങ്ങളും രണ്ടാം കൃഷിയില്‍ ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളും. വിളക്കു കെണിയിലേക്ക് കൂടുതലായി ആകര്‍ഷിക്കപ്പെടുന്ന കീടമാണ് മുഞ്ഞ. വിളക്കു കെണികളില്‍ കൂടുതലായി മുഞ്ഞകളെ കിട്ടിയാല്‍ രണ്ടാഴ്ചയ്ക്കുശേഷം പാടത്ത് മുഞ്ഞ ആക്രമണം പ്രതീക്ഷിക്കാം. മുഞ്ഞബാധ കാണുന്ന സ്ഥലത്തിന് രണ്ട് മീറ്റര്‍ ചുറ്റളവിലായിരിക്കും മുഞ്ഞയുടെ സാന്നിധ്യം കൂടുതലായി കാണപ്പെടുക.
നെല്ലിന്‍റെ ഇലപ്പോളകളുടെ ഉള്ളിലേക്ക് ആഴ്ത്തിയാണ് മുഞ്ഞ മുട്ടയിടുന്നത്. ഒരു മുട്ടക്കൂട്ടത്തില്‍ 8-16 മുട്ടകളുണ്ടാവും. വെളുത്ത വാവിനും അതിനോടടുത്തുമാണ് മുഞ്ഞകളുടെ സംഖ്യ കൂടുതലാവുന്നത്. ചെടികളുടെ സംവഹനനാളികളായ ഫ്ലോയം കുഴലുകളില്‍നിന്നാണ് മുഞ്ഞകള്‍ കൂട്ടമായി നീരൂറ്റിക്കുടിക്കുന്നത്. ആവശ്യത്തിലധികം ആഹരിക്കുന്ന ഇവ പഞ്ചസാര കലര്‍ന്ന ദ്രവങ്ങള്‍ പുറത്തേക്ക് വിടുന്നു. ഇതിലേക്ക് ആകര്‍ഷിക്കപ്പെട്ടെത്തുന്ന റൈസക്ടോണിയ കുമിളുകള്‍ അവിച്ചില്‍ രോഗത്തിന് കാരണമാകുന്നു. മഴക്കാറ് മൂടിയ ദിവസങ്ങളില്‍ മുഞ്ഞ ആക്രമണം ഉണ്ടായാല്‍ ചെടിയ്ക്ക് കൂടുതല്‍ നാശമുണ്ടാകുന്നു. ഈ ദിവസങ്ങളില്‍ പ്രകാശ സംശ്ലേഷണ നിരക്ക് കുറവായതുകൊണ്ടാണിത്. വരിനെല്ല്, നീര്‍വാലിപ്പുല്ല് എന്നിവയാണ് നെല്ലിനെ കൂടാതെയുള്ള മുഞ്ഞയുടെ ആതിഥേയ സസ്യങ്ങള്‍.
നിയന്ത്രണമാര്‍ഗ്ഗങ്ങള്‍
ഇലപ്പേനുകള്‍, ചാഴി, കരിഞ്ചാഴി, ഹിസ്പ, വേള്‍മാഗട്ട്, ഉറപ്പുഴു, പട്ടാളപ്പുഴുക്കള്‍ മുതലായവയാണ് നെല്ലിനെ ബാധിക്കുന്ന മറ്റ് പ്രധാന കീടങ്ങള്‍. എന്നാല്‍, അപൂര്‍വ്വമായി മാത്രമേ ഇവ വിളനാശത്തിനു വഴി തെളിക്കുന്നുള്ളൂ. രാസകീടനാശിനികള്‍ പ്രയോഗിക്കാതെ അനുയോജ്യമായ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ വഴി ഇവയുടെ സംഖ്യ നിയന്ത്രിക്കാവുന്നതാണ്. ഉദാഹരണത്തിന് വെള്ളം കയറ്റിനിര്‍ത്തി ഇലപ്പേന്‍, പട്ടാളപ്പുഴു, കരിഞ്ചാഴി എന്നിവയുടെ ആക്രമണവീര്യം കുറയ്ക്കാം. വെള്ളം വാര്‍ത്തുകളഞ്ഞ് കുഴല്‍പ്പുഴുവിനെ നിയന്ത്രിക്കാം.
ഇലപ്പേനുകള്‍ മാത്രം, അനുയോജ്യമായ പരാദികളോ ഇരപിടിയന്മാരോ ഇല്ല. മാത്രവുമല്ല, വളരെ കുറഞ്ഞ ജീവിത ദൈര്‍ഘ്യം (21 ദിവസം) മാത്രമുള്ളതിനാല്‍ ഇവ പെട്ടെന്ന് വംശവര്‍ധനവ് നടത്തി പെരുകുകയും ചെയ്യുന്നു. ഈയടുത്ത കാലങ്ങളിലായി ഇലപ്പേന്‍ ആക്രമണം അതിരൂക്ഷമായി കാണപ്പെടുകയും ചെടിക്ക് 40 ദിവസം പ്രായമാകുന്നതുവരെ നിലനില്‍ക്കുകയും ചെയ്യുന്നു. നിലങ്ങള്‍ തട്ടുനിരപ്പല്ലാത്തതിനാല്‍ പലപ്പോഴും വെള്ളം കയറ്റിയുള്ള നിയന്ത്രണം പ്രായോഗികമാകാറില്ല.
പുഞ്ചകൃഷിയില്‍ നവംബര്‍ രണ്ടാംതീയതിക്ക് മുന്‍പ് വിത നടത്തുകയെന്നതാണ് വളരെ ദൂരം പറന്നെത്തുന്ന കീടങ്ങളായ ഇലപ്പേനുകളെ നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. ഇവ വിളക്കു കെണികളിലേക്ക് ആകര്‍ഷിക്കപ്പെടാറില്ല.
കുട്ടനാട്ടിലെ ഉയര്‍ന്ന ആപേക്ഷിക ആര്‍ദ്രതയുള്ള കൃഷിയിട കാലാവസ്ഥയില്‍ മിത്രകുമിളുകളില്‍ അഥവാ കീടങ്ങളില്‍ രോഗകാരികളായ കുമിളുകള്‍ ധാരാളമായി പെരുകുകയും ചാഴി, മുഞ്ഞ, കരിഞ്ചാഴി മുതലായ കീടങ്ങളുടെ ജൈവീക നിയന്ത്രണം സുസാധ്യമാവുകയും ചെയ്യുന്നു. വിവിധ ജനുസ്സുകളില്‍പ്പെട്ട മിത്രകുമിളുകളെ കുട്ടനാടന്‍ പാടങ്ങളില്‍നിന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവയെ കീടനിയന്ത്രണത്തിനായി ഉപയോഗിക്കുമ്പോള്‍ വളരെ മുന്‍കരുതലുകള്‍ ആവശ്യമാണ്. പലപ്പോഴും ഇവ ഇരകളെ തെരഞ്ഞെടുക്കുന്നതില്‍ സൂക്ഷ്മത പുലര്‍ത്തുന്നില്ല എന്നതാണ് കാരണം. ചിലന്തികളും മറ്റ് ഇരപിടിയന്മാരും ഇവരാല്‍ ആക്രമിക്കപ്പെടാറുണ്ട്.
സംയോജിത കീടനിയന്ത്രണം – അനുവദനീയവും അല്ലാത്തതുമായ കാര്യങ്ങള്‍ |
|
അനുവദനീയമായവ |
അല്ലാത്തവ |
|
|
ബി.സ്മിത
കൃഷി ഓഫീസര്‍, കേരള സെന്‍റര്‍ ഫോര്‍ പെസ്റ്റ് മാനേജ്മെന്‍റ്, മങ്കൊമ്പ്
കടപ്പാട്: കര്‍ഷകമിത്രം, സമ്പൂര്‍ണ്ണ കാര്‍ഷികഗൈഡ്
അവസാനം പരിഷ്കരിച്ചത് : 7/8/2020