ഒക്ടോബര്‍ 1 അന്താരാഷ്ട്ര കാപ്പിദിനം
കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി ആഗോളതലത്തില്‍ ഒക്ടോബര്‍ ഒന്ന് അന്താരാഷ്ട്ര കാപ്പിദിനമായി ആചരിച്ചുവരികയാണ്. ഇന്‍റര്‍നാഷണല്‍ കോഫി ഓര്‍ഗനൈസേഷന്‍റെ ആഭിമുഖ്യത്തിലാണ് കാപ്പിദിനം ആഘോഷിക്കപ്പെടുന്നത്. 2015 മുതല്‍ ഏകീകൃത സ്വഭാവത്തോട് കൂടി ദിനാചരണ പരിപാടികള്‍ നടക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ഈ ദിനത്തിന് വേണ്ടത്ര പ്രചാരണം ലഭിച്ചിട്ടില്ല. രാജ്യത്തെ കാപ്പിയുടെ നാടെന്നറിയപ്പെടുന്ന കര്‍ണ്ണാടകയിലെ ചിക്കമംഗ്ലൂരിലും കുടകിലും കഴിഞ്ഞ വര്‍ഷം കാപ്പിദിനം ആചരിച്ചിരുന്നു. കേരളത്തില്‍ ഈ വര്‍ഷം വയനാട് ജില്ലയിലെ കല്‍പ്പറ്റയില്‍ വച്ചാണ് ആദ്യമായി കാപ്പിദിന പരിപാടികള്‍ നടക്കുന്നത്. വയനാട് ജില്ലയിലെ കാര്‍ഷിക ചരിത്രത്തില്‍ ഇതൊരു പുതിയ അദ്ധ്യായമാണ്.
കാപ്പി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും ഉല്‍പ്പാദനവും ഉപഭോഗവും വര്‍ദ്ധിപ്പിക്കുന്നതിനും കാപ്പിക്ക് ലോകശ്രദ്ധ നേടുന്നതിനും വേണ്ടിയാണ് കാപ്പിദിനം പ്രഖ്യാപിക്കപ്പെട്ടത്. കാപ്പി നിങ്ങള്‍ക്കും എനിക്കും എന്നുള്ളതാണ് ഈ വര്‍ഷത്തെ ചര്‍ച്ചാവിഷയം. ഇതോടനുബന്ധിച്ച് വിവിധ രാജ്യങ്ങളില്‍ സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 1 വരെ പലതരം പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
ജപ്പാന്‍ കോഫി അസോസിയേഷന്‍റെ നേതൃത്വത്തില്‍ 1983 ല്‍ ആദ്യമായി ജപ്പാനില്‍ ദേശീയ കാപ്പിദിനം ആചരിച്ചു. ഇതോ ടെയാണ് കാപ്പിയെ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ശ്രദ്ധ ലഭിച്ചത്. 1997 ല്‍ ചൈനയില്‍ അന്തര്‍ദേശീയ കാപ്പിദിനം ആചരിക്കപ്പെട്ടു. 2005 നവംബര്‍ 17 ന് നേപ്പാളിലും 2006 ഓഗസ്റ്റ് 17 ന് ഇന്തോനേഷ്യയിലും ദേശീയ കാപ്പിദിനം ആഘോഷിച്ചു. ജര്‍മ്മനിയില്‍ എല്ലാ വര്‍ഷവും സെപ്റ്റംബറിലെ ആദ്യ ശനിയാഴ്ചയാണ് കാപ്പിദിനം. എന്നാല്‍ കോസ്റ്റാറിക്കയില്‍ സെപ്റ്റംബര്‍ മാസത്തില്‍ രണ്ടാം വെള്ളിയാഴ്ചയാണ് കാപ്പിദിനം. ഐര്‍ലന്റില്‍ സെപ്റ്റംബര്‍ 18, മംഗോളിയ സെപ്റ്റംബര്‍ 20, സ്വിറ്റ്സര്‍ലന്‍റ് സെപ്റ്റംബര്‍ 28 എന്നിങ്ങനെയാണ് കാപ്പിദിന പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നത്. ഓസ്ട്രേലിയ, കാനഡ, മലേഷ്യ തുടങ്ങി 24 രാജ്യങ്ങളില്‍ സെപ്റ്റംബര്‍ 24 നാണ് ദേശീയ കാപ്പിദിനം. ജപ്പാനിലും ശ്രീലങ്കയിലും ഒക്ടോബര്‍ 1 ന് ദേശീയതലത്തില്‍ കാപ്പിദിനം സംഘടിപ്പിച്ചു വരുന്നുണ്ടായിരുന്നു. 2014 മാര്‍ച്ച് 3 മുതല്‍ 7 വരെ മിലാനില്‍ ചേര്‍ന്ന ഇന്‍റര്‍നാഷണല്‍ കോഫി ഓര്‍ഗനൈസേഷന്‍റെ യോഗത്തിലാണ് 2015 മുതല്‍ ഒക്ടോബര്‍ 1 ന് ആഗോളതലത്തില്‍ കാപ്പിദിനം ആചരിക്കാന്‍ തീരുമാനം എടുത്തത്. ഈ വര്‍ഷം നടക്കുന്ന മൂന്നാമത്തെ ആഗോള കാപ്പിദിനാചരണ പരിപാടിയില്‍ ഓര്‍ഗനൈസേഷന്‍റെ 77 അംഗ രാജ്യങ്ങളും ഡസന്‍ കണക്കിന് കോഫി അസോസിയേഷനും പങ്കാളികളാകുന്നു.
2011 മുതല്‍ ന്യൂ ഇംഗ്ലണ്ട് കോഫി ലവേഴ്സ് എന്ന സംഘടന ഓഗസ്റ്റ് മാസം ദേശീയ കാപ്പി മാസമായി ആചരിക്കുകയും ആഘോഷിക്കുകയും ചെയ്തിരുന്നു. യു.എസ് നാഷണല്‍ കോഫി അസോസിയേഷന്‍റെ നേതൃത്വത്തില്‍ ദേശീയ കാപ്പി ദിനാചരണ പരിപാടികള്‍ നടന്നുവരുന്നുണ്ട്.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കാപ്പികര്‍ഷകരുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ കാപ്പി പ്രോത്സാഹനത്തിന് വിവിധ പദ്ധതികളും പരിപാടികളും നടപ്പിലാക്കി വരുന്നുണ്ട്. സെമിനാര്‍, ചര്‍ച്ച, ബിസിനസ്സ് മീറ്റ്, കാപ്പി സത്ക്കാരം എന്നിവയും നടക്കുന്നുണ്ട്. ഈ വര്‍ഷം കേരളത്തില്‍ കല്‍പ്പറ്റ വൈന്‍ഡ് വാലി റിസോര്‍ട്ടില്‍ ഒക്ടോബര്‍ 1 ന് സംഘടിപ്പിച്ചിരിക്കുന്ന അന്തര്‍ദ്ദേശീയ കാപ്പി ദിനാചരണ പരിപാടികള്‍ക്ക് ഇതിനോടകം തന്നെ ആഗോളശ്രദ്ധ ലഭിച്ചുകഴിഞ്ഞു. 1963 ല്‍ സ്ഥാപിതമായ ഇന്‍റര്‍നാഷണല്‍ കോഫി കരാറിന്‍റെ ഭാഗമായി രൂപീകരിക്കപ്പെട്ട ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍നാഷണല്‍ കോഫി ഓര്‍ഗനൈസേഷന്‍റെ ഇന്ത്യയിലെ ഈ വര്‍ഷത്തെ അംഗീകൃത പരിപാടിയാണ് കല്‍പ്പറ്റയിലേത്. നബാര്‍ഡിന് കീഴിലുള്ള ഉത്പ്പാദക കമ്പനിയായ വേവിന്‍ പ്രൊഡ്യൂസര്‍ കമ്പനിയാണ് ഇതിന് നെടുനായകത്വം വഹിക്കുന്നത്. നബാര്‍ഡിനെ കൂടാതെ കോഫി ബോര്‍ഡ് ഓഫ് ഇന്ത്യ, വികാസ്പീഡിയ, വയനാട് ചേംബര്‍ ഓഫ് കൊമേഴ്സ്, കോഫി ഗ്രോവേഴ്സ് അസോസിയേഷന്‍, അഗ്രികള്‍ച്ചര്‍ വേള്‍ഡ്, ബിസിനസ് ദീപിക തുടങ്ങിയവര്‍ ഇതില്‍ സഹപങ്കാളിത്തം വഹിക്കുന്നു. ദേശീയ കാപ്പികര്‍ഷക സെമിനാര്‍ , കാപ്പി സല്‍ക്കാരം, പൊതു സമ്മേളനം, കലാപരിപാടികള്‍ എന്നിവ ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
സി.വി ഷിബു
അവസാനം പരിഷ്കരിച്ചത് : 3/13/2020