മെച്ചപ്പെട്ട രീതിയില്‍ വികാസം പ്രാപിച്ചതും സ്ഥാപിതമായിട്ടുള്ളതുമായ പ്രസ്ഥാനമാണ് കേരളത്തിലെ സഹകരണ ബാങ്കുകള്‍. ഇതിന് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വളരെ നിര്‍ണ്ണായക സ്ഥാനമാണുള്ളത്. സംസ്ഥാനത്തെ മുഴുവന്‍ സഹകരണ ബാങ്കുകളും ലയിപ്പിച്ച് വിഭവസമാഹരണത്തിനായി കേരള ബാങ്ക് സ്ഥാപിക്കുക എന്നത് പുതിയ സര്‍ക്കാരിന്റെ പ്രധാന തീരുമാനമാണ്. സംസ്ഥാനതല സഹകരണ ബാങ്കുകളും ജില്ലാ സഹകരണ ബാങ്കുകളും ചേര്‍ന്ന് ഒരു ബാങ്ക് സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ ആലോചിക്കുന്നതായി ബഹുമാനപ്പെട്ട ധനകാര്യ മന്ത്രി ബഡ്ജറ്റ് പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നു. കൂടാതെ കേരള ബാങ്ക് എന്ന ആശയത്തെക്കുറിച്ചുള്ള വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിന് 10 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. സഹകരണ ബാങ്കുകളുടെ ബ്രാഞ്ചുകള്‍ കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും വ്യാപിച്ച് കിടക്കുന്നതിനാല്‍ കേരള ബാങ്കിന് കേരളത്തിന്റെ സാമ്പത്തിക വികസനത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുവാന്‍ കഴിയും. ലഭ്യമായ കണക്കനുസരിച്ച് ഹ്രസ്വകാല വായ്പകളുടെ പ്രധാന ബാങ്ക് ആയ സഹകരണ ബാങ്കുകള്‍ക്ക് ആകെ 14 ജില്ലാ സഹകരണ ബാങ്കുകളും 1500 പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളും സംസ്ഥാനത്ത് നിലവിലുണ്ട്. എസ്.എല്‍.ബി.സിയുടെ 2016 വരെയുള്ള കണക്ക് പ്രകാരം സഹകരണ ബാങ്കിന്റെ 973 ശാഖകളില്‍ 136 എണ്ണം ഗ്രാമീണ മേഖലയിലും 43 എണ്ണം അര്‍ദ്ധ നഗര മേഖലയിലും 794 എണ്ണം നഗര പ്രദേശത്തുമാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലാ സഹകരണ ബാങ്കുകളുടെയും പ്രഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെയും ക്രയ വിക്രിയങ്ങളുടെ വ്യാപ്തി ഗ്രാമീണ മേഖലയില്‍ സഹകരണ ബാങ്കുകളുടെ പ്രാധാന്യം വെളിവാക്കുന്നു.
2016 ജൂണ്‍ മാസം വരെ സഹകരണ ബാങ്കുളിലെ ഡെപ്പോസിറ്റ് 67534 കോടിയായിരുന്നു. ഇത് കമേഴ്സ്യല്‍ ബാങ്കിന്റെയും സഹകരണ ബാങ്കിന്റേയും ആകെ നിക്ഷേപത്തിന്റെ 15.42 ശതമാനമാണ്. പൊതുമേഖലയിലെ ബാങ്കുകളുടെയും, സ്വകാര്യ ബാങ്കുകളുടെയും, വാണിജ്യ ബാങ്കുകളുടെയും ഉള്‍പ്പടെ കേരളത്തില്‍ ആകെ 7186 ബാങ്ക് ശാഖകളാണുള്ളത്. ജൂണ്‍ 2016 വരെയുള്ള കണക്ക് പ്രകാരം കേരളത്തിലെ ബാങ്കിംഗ് മേഖലയിലുള്ള ആകെ ഡെപ്പോസിറ്റ് 437946 കോടി രൂപയാണ്. കേരളത്തിലെ മുഴുവന്‍ ബാങ്കിംഗ് ഗ്രൂപ്പുകളും നല്‍കിയ അഡ്വാന്‍സ് തുക 282556 കോടി രൂപയാണ്. ഇതില്‍ സഹകരണ ബാങ്ക് നല്‍കിയത് സംസ്ഥാനത്തിന്റെ ആകെ അഡ്വാന്‍സിന്റെ 15.93 ശതമാനമായ 45004 കോടി രൂപയാണ്. കേരളത്തിലെ ബാങ്കിംഗ് മേഖലയിലെ ആകെ ക്രയവിക്രയം 2016 ജൂണ്‍ മാസത്തെ കണക്ക് പ്രകാരം 720502 കോടിരൂപയായിരുന്നു.
അവസാനം പരിഷ്കരിച്ചത് : 2/16/2020