অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

അടിമത്തം

അടിമത്തം

അടിമകളുടെ ചരിത്രം ശരീരവും ജീവനും കുടുംബവും മറ്റൊരാൾക്ക് അധീനമാക്കപ്പെട്ട നിലയിൽ ജീവിതം നയിക്കേണ്ടി വരുന്ന അവസ്ഥയാണ് അടിമത്തം എന്നറിയപ്പെടുന്നത്. ഒരു മനുഷ്യൻ അന്യന്റെ സമ്പൂർണാധികാരത്തിനു വിധേയനായിത്തീരുന്ന സ്ഥിതിയാണ് അടിമത്തം എന്ന് 1926 ൽ ലീഗ് ഒഫ് നേഷൻസ് ഇതിനെ നിർവചിച്ചിരിക്കുന്നു. അന്യന്റെ സമ്പൂർണാധികാരത്തിനു അധീനനായിത്തീരുന്ന ഒരു മനുഷ്യൻ ഉടമസ്ഥന്റെ ജംഗമ വസ്തു അഥവാ ചലിക്കുന്ന സ്വത്ത് (movable property) ആയിത്തീരുന്നു. അടിമ ഉടമസ്ഥന്റെ വസ്തു അല്ലെങ്കിൽ വക ആണെന്ന സങ്കല്പം അടിമ സമ്പ്രദായത്തിൽ ഉടനീളമുണ്ട്.
മാനവരാശിയുടെ പ്രാകൃത ചരിത്രം വ൪ഗരഹിതമാണ്. കൂട്ടായ വേട്ടയാടലും പൊതുവായ ഉപയോഗവും, അവിടെ സ്വകാര്യസ്വത്ത് ലവലേശമില്ല. ഉല്പാദനോപകരണങ്ങളുടെ വള൪ച്ചയല്ല, മറിച്ച് അവയുടെ അപരിഷ്കൃതത്വമാണ് മനുഷ്യനെ പ്രാകൃത കമ്മ്യൂണിസം എന്നറിയപ്പെടുന്ന ആ വ്യവസ്ഥിതിയിൽ തളച്ചിട്ടത്. എന്നാൽ ഉൽപാതനോപകരണങ്ങൾ പരിഷ്കരിക്കപ്പെട്ടതോടെ സ്ഥിതി മാറി. അമ്പും വില്ലും ഉല്പാദനവ്യവസ്ഥയിൽ വമ്പിച്ച വിപ്ലവമുണ്ടാക്കി. കൂട്ടംകൂട്ടമായി കന്നുകാലികളെ പോറ്റി വള൪ത്താമെന്നായി. കൃഷിയുടെ കണ്ടുപിടുത്തം തങ്ങളുടെ സ്വന്തം ആവശ്യത്തിൽ കവിഞ്ഞ ഉല്പാദനത്തിലേക്ക് മനുഷ്യ സമുദായത്തെ നയിച്ചു. ഇതാകട്ടെ ചിലരുടെ പക്കൽ കുറച്ചും മറ്റുചിലരുടെ പക്കൽ അധികവും സ്വത്തുക്കൾ കേന്ദ്രീകരിക്കുന്നതിലേക്ക് നയിച്ചു. സമൂഹം പതിയെ അസമത്വത്തിലേക്ക് നീങ്ങി. സ്വകാര്യസ്വത്ത് ഉത്ഭവിച്ചു. കന്നുകാലികളും മറ്റുസ്വത്തുക്കളും പിൻഗാമികൾക്ക് ലഭിക്കുന്ന പിൻതുട൪ച്ചാവകാശം കൈവന്നു. ഇതിന്റെയെല്ലാം ഫലമായി പ്രാകൃത കമ്മ്യൂണിസ്റ്റ് വ്യവസ്ഥയ്ക്ക് ഇടിവുതട്ടി. നദീതീരങ്ങളിൽ വാസമുറപ്പിച്ചതോടെ വിസ്തൃതിയും വളക്കൂറുള്ളതുമായ ഭൂമിയിൽ കൃഷിചെയ്യാൻ തുടങ്ങി. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകൽച്ച വ൪ധിച്ചു. ഇരുമ്പിന്റെ കണ്ടുപിടുത്തത്തോടെ കൃഷിയും കൈതൊഴിലുകളും അഭിവൃദ്ധിപ്പെട്ടു. അടിമകളും ഉടമകളും തമ്മിൽ മത്സരിക്കുന്ന ഒരു പുതിയ സാമൂഹിക വ്യവസ്ഥിതി രൂപം കൊണ്ടു. ഇവിടെ ഭൂമിയും അടിമയും ഉൾപ്പെടെയുള്ള സകലതിന്റെയും അവകാശം ഉടമക്കായിരുന്നു. യുദ്ധങ്ങളിൽ ലഭിച്ച അടിമകളെ ഉപയോഗിച്ച് ഉല്പാദനം വ൪ധിപ്പിച്ചു.
അടിമത്തം എവിടെ, എന്ന്, എങ്ങനെ തുടങ്ങി എന്ന് ഉറപ്പിച്ചു പറയുവാൻ സാധിക്കില്ല. മാനുഷികാവശ്യങ്ങൾ യാതൊന്നും ഇല്ലാതിരുന്ന അടിമ ചരിത്രകാലോദയം മുതൽ അസ്വതന്ത്രനായിരുന്നു. സ്വവർഗത്തിൽപ്പെട്ടവരെ അടിമയാക്കുന്നതിൽ സ്വാഭാവികമായ വിമുഖത മിക്കയിടങ്ങളിലും കണ്ടിരുന്നു. അന്യ നാടുകളിൽ നിന്ന് അടിമകളെ സമ്പാദിക്കുവാൻ അതിപ്രാചീനമാർഗ്ഗം യുദ്ധം തന്നെയായിരുന്നു. സംഘടിതശക്തിയും കേന്ദ്രീകൃതമായ അധികാരവും വൻതോതിലുള്ള കൃഷിയും വ്യവസായവുമെല്ലാം അടിമത്തത്തിന്റെ വളർച്ചയ്ക്ക് കാരണമായി. ചില പതിറ്റാണ്ടുകൾക്ക് മുമ്പ് വരെ നിയമത്തിന്റെ കണ്ണിൽ അടിമ ഒരു വ്യക്തിയേ അല്ലായിരുന്നു . സ്വകീയമായ സാമൂഹിക-സാംസ്കാരിക ബന്ധങ്ങളെല്ലാം വിച്ഛേദിക്കപ്പെട്ട്, വേരറ്റ ചെടിപോലെ ഉടമകളുടെ ലോകത്തിന്റെ ഏറ്റവും താഴ്ന്ന പടിയിൽ നിക്ഷിപ്തമാകുന്ന അടിമകളുടെ യാതനകൾ എണ്ണമറ്റതാണ്. മിക്ക ഉടമാ സമുദായങ്ങളും അടിമ ഒരു മനുഷ്യ ജീവിയാണെന്ന കാര്യം തന്നെ ഓർത്തിരുന്നില്ല. ഇതിനൊരുദാഹരണം, യു.എസ്സിലെ തെക്കൻ സംസ്ഥാനങ്ങളിൽ അടിമയും മനുഷ്യനാണെന്ന് അവിടുത്തെ വെള്ളക്കാർ സമ്മതിക്കുന്നതായി അവരുടെ വാക്കിലും പ്രവൃത്തിയിലും കാണിച്ചിരുന്നില്ലെന്നതാണ്.
തൊഴിലാളി, മുതലാളിയുടെ ആശ്രിതനോ സേവകനോ അല്ലെന്നുള്ള ആശയം ആധുനിക സമുദായങ്ങൾ അടുത്തകാലത്താണ് സ്വീകരിക്കാൻ തുടങ്ങിയത്. വേതനത്തിനുവേണ്ടി ഇന്നത്തെ തൊഴിൽ വിപണിയിൽ തൊഴിലാളി കൈമാറ്റം ചെയ്യുന്നത് അവന്റെ അദ്ധ്വാനം മാത്രമാണ്. പക്ഷേ, പൗരാണികസമുദായങ്ങൾ സ്വീകരിച്ചിരുന്ന നിലപാട് അങ്ങനെ ആയിരുന്നില്ല, വേതനം നൽകുന്നവന്റെ ആശ്രിതനോ കീഴാളനോ ദാസനോ ആണ് തൊഴിലാളി എന്നതായിരുന്നു അവരുടെ വിശ്വാസം. ആശ്രിത തൊഴിലിന്റെ (dependent labour) നീചമായ വകഭേദമാണ് അടിമത്തം. ഇന്ത്യയിലെ ശൂദ്രർ, ബാബിലോണിയയിലെ മുഷ്കെനു (Mushkenu), ചൈനയിലെ കോ (Ko'), റോമിലെ ക്ളയന്റ്സ് (Clients) എന്നിവരെല്ലാം അടിമകളെപ്പോലെ വേല ചെയ്തിരുന്ന ആശ്രിത തൊഴിലാളികളായിരുന്നു. വളരെ പരിമിതമായ അവകാശങ്ങളും സ്വാതന്ത്ര്യവും മാത്രമുണ്ടായിരുന്ന ഇത്തരത്തിലുള്ള തൊഴിലാളികൾ വിരളമായ സമുദായത്തിലാണ് യഥാർത്ഥ അടിമത്തത്തിന് പ്രചാരം സിദ്ധിച്ചത്. പ്രാചീന റോമാസാമ്രാജ്യം, പ്രാചീന ഗ്രീസ്, യു.എസ്സിലെ തെക്കൻ സംസ്ഥാനങ്ങൾ എന്നിവയുടെ സമ്പദ് വ്യവവസ്ഥ അടിമത്തൊഴിലിൽ അധിഷ്ഠിതമായിരുന്നു.
പരാജിതരായ ശത്രുക്കളെ തടവുകാരായി പിടിച്ച് അടിമകളാക്കി ഉൽപാദനം സുഗമമാക്കുന്ന രീതിയുണ്ടായിരുന്നു. കച്ചവടംവഴി അടിമകളെ സംഭരിക്കുന്നതായിരുന്നു രണ്ടാമത്തെ മാർഗം. അതിനുപുറമേ അടിമസ്ത്രീകൾ പെറ്റുപെരുകി അടിമകളുടെ എണ്ണം സ്വാഭാവികമായി വർദ്ധിച്ചു. അടിമവ്യാപാരം വൻകിട വ്യാപാരമായത് 17-ാം നൂറ്റാണ്ട് മുതൽക്കാണ്. യൂറോപ്യൻ രാജാക്കൻമാരുടെ ചാർട്ടർ വാങ്ങിയും വലിയ കമ്പനികൾ അടിമ വ്യാപാരത്തിനു വേണ്ടി രജിസ്റ്റർ ചെയ്തും ധനികന്മാരായിത്തീർന്ന പലരും പോർച്ചുഗൽ, ഇംഗ്ളണ്ട്, ഫ്രാൻസ്, ഹോളണ്ട് എന്നീ രാജ്യങ്ങളിലുണ്ടായിരുന്നു.
അടിമകൾ ചെയ്യാൻ നിർബദ്ധമായിരുന്ന തൊഴിലുകളുടെ പട്ടിക വളരെ നീണ്ടതാണ്. തോട്ടിപ്പണി തൊട്ട് മന്ത്രി ജോലിവരെ അടിമകൾ ചെയ്തിരുന്നു. ഗ്രീസിൽ അടിമകൾ ചെയ്തിരുന്ന പ്രവൃത്തികളിൽ പ്രയാസമേറിയത് ഖനികളിലെ ജോലിയായിരുന്നു. തോട്ടിപ്പണി, കൃഷിപ്പണി, വ്യവസായ ശാലകളിലെ പണി മുതലായ ജോലികൾ ചെയ്യുന്നവരും കണക്കപ്പിള്ള, എഴുത്തുകാർ, കച്ചവടക്കാർ, അദ്ധ്യാപകർ, നടൻമാർ, ഗുസ്തിക്കാർ, കാവൽക്കാർ, പട്ടാളക്കാർ, മല്ലൻമാർ, വേശ്യകൾ, സുൽത്താൻമാരുടെയും പ്രഭുക്കളുടെയും അന്തഃപുരാംഗങ്ങൾ എന്നിവരും ഈ പട്ടികയിൽ ഉൾപ്പെടുന്നു. അടിമയിൽ നിന്നും സ്വാതന്ത്രനായിത്തീർന്ന പാസിയോൺ കിഴക്കൻ ഗ്രീക്ക് സാമ്രാജ്യത്തിലെ ഏറ്റവും പേരുകേട്ട ബാങ്കറായി. അതുപോലെ സിസറോവിന്റെ സെക്രട്ടറിയായിരുന്നതും അദ്ദേഹത്തിന്റെ കത്തുകൾ പ്രസാധനം ചെയ്തതും ടിറോ എന്ന അടിമയായിരുന്നു. എ.ഡി. 13-ാം നൂറ്റാണ്ടിൽ ഈജിപ്തിൽ രാജ്യാധികാരം കൈക്കലാക്കിയ മാമ്ലുക്ക്മാർ അടിമകളായിരുന്നു.
അടിമത്തത്തെപ്പറ്റിയുള്ള ആദ്യകാല ചരിത്രരേഖകൾ കാണുന്നത് ബാബിലോണിയയിലാണ്. സുമേറിയൻ-സെമിറ്റിക് വിഭാഗങ്ങളുടെ കലർപ്പായിരുന്ന ബാബിലോണിയൻ സങ്കരസമുദായത്തിൽ മൂന്നു വിഭാഗങ്ങളാണുണ്ടായിരുന്നത്: പ്രഭുക്കൾ, സാധാരണക്കാർ, അടിമകൾ. ഹമ്മുറബിയുടെ (ആദി ബാബിലോണിയൻ സാമ്രാജ്യ സ്ഥാപകൻ) നിയമ സംഹിതയനുസരിച്ച് അടിമകൾക്ക് സ്വത്തവകാശമുണ്ടായിരുന്നു. അവർക്ക് വിവാഹം ചെയ്യാമായിരുന്നു. ഒളിച്ചു രക്ഷപ്പെടാൻ ശ്രമിച്ചിരുന്ന അടിമകളെ മാത്രമേ പൂട്ടി വച്ചിരുന്നുള്ളു. ഈജിപ്തിലെ വൻപിരമിഡുകൾ നിർമ്മിക്കുന്നതിന് അടിമകളെ ഉപയോഗിച്ചിരുന്നെന്നും ഇല്ലെന്നും രണ്ട് വാദങ്ങൾ ചരിത്രകാരന്മാർക്കിടയിലുണ്ട്.
ചരിത്രകാലത്ത് ഗ്രീസിലെ അടിമകളുടെ എണ്ണം വർദ്ധിച്ചു. അവിടെ ഉടമകൾക്ക്‌ അടിമക്കുട്ടികളെ വളർത്തിയെടുക്കുന്നത് ലാഭകരമല്ലാത്തത് കൊണ്ട് വേണ്ടാത്ത കുട്ടികളെ വിൽക്കുന്ന പതിവുണ്ടായിരുന്നു. യുദ്ധവും ആൾപിടിത്തവും വ്യാപാരവും വഴി, ഗ്രീക്കുകാരും വിദേശീയരുമായ അടിമകളുടെ എണ്ണം വളരെ വർദ്ധിച്ചു. സിറിയ, പോണ്ടസ്, ലിഡിയ, മലേഷ്യ, ഈജിപ്ത്, അബിസീനിയ, ഇറ്റലി എന്നിവിടങ്ങളിൽ നിന്നെല്ലാം അടിമകൾ ഗ്രീക്ക് നഗരത്തിലെത്തി. ഏഷ്യൻ അടിമകൾക്കായിരുന്നു വലിയ വില. വിദേശങ്ങളിലേക്കു കയറ്റി അയക്കുന്നതിനായി ഗ്രീസിലെ അടിമപ്പെണ്ണുങ്ങൾക്കും നല്ല വിലയുണ്ടായിരുന്നു. ഏഥൻസ് നഗരത്തിലെവിടെയും അടിമകളെ കാണാമായിരുന്നു. ഏഥൻസ് മുതലായ സ്റ്റേറ്റുകളിൽ അടിമ വില്പന നികുതി ഒരു നല്ല ധനാഗമ മാർഗ്ഗമായിരുന്നു. അവിടെ ഗവൺമെന്റുകൾക്കും അടിമകളുണ്ടായിരുന്നു. തുറമുഖങ്ങളും റോഡുകളും മറ്റു പൊതുമരാമത്തുകളും നാണയമടിക്കലും നിർവഹിച്ചിരുന്നത് അടിമകളായിരുന്നു. ഏഥൻസിലെ പൊലീസുകാർ സിതിയൻ വില്ലാളികളായിരുന്നു; ആരാച്ചാരൻമാരും സഹായികളും അടിമകൾ തന്നെ. ഗവൺമെന്റ് ഖനികളിൽ തൊഴിൽ ചെയ്തിരുന്നതും അടിമകളാണ്. ധാരാളം അടിമകൾ ഉണ്ടായിരുന്ന പ്രമാണിമാർ അടിമകളെ വാടകയ്ക്കു കൊടുത്തിരുന്നു.
മെരുക്കുവാൻ പ്രയാസമുള്ള അടിമകളെ, പ്രത്യേകിച്ച് ദൂരദേശങ്ങളിൽ പണിയെടുക്കുന്നവരെ, ചങ്ങലയിട്ട് ബന്ധിക്കുന്ന പതിവ് ഗ്രീസിൽ നിലനിന്നിരുന്നു. യജമാനൻമാരുടെ ക്രൂരമായ മർദനത്തിൽ നിന്ന് രക്ഷ നേടുന്നതിന് അടിമകൾക്ക് ചില കാവുകളും ക്ഷേത്രങ്ങളും രക്ഷാസങ്കേതങ്ങളും ഉണ്ടായിരുന്നു. യജമാനൻമാരുമായുള്ള കരാർപ്രകാരമോ, മരണപത്രം വഴിയോ, ക്ഷേത്രങ്ങളിലേക്ക് വഴിപാടു കൊടുത്തോ അടിമയ്ക്ക് വിമുക്തനാകാം. എന്നാൽ വിമുക്തനായ അടിമയ്ക്ക് പൗരത്വം കിട്ടുകയില്ല; അവന്റെ നില വിദേശിയായ ഒരു കുടിയേറ്റക്കാരന്റെതു മാത്രമാണ്.
ഗ്രീസിലെപ്പോലെയാണ് പ്രാചീനറോമിലും അടിമത്തം വളർന്നത്. പിൽക്കാലത്ത് റോം വലിയ ഒരു സാമ്രാജ്യമായി വികസിച്ചതിനുശേഷവും അടിമത്തമെന്ന ഏർപ്പാട് അതിന്റേതായ നിയമാവലിയോടുകൂടി ബൃഹത്തായ ഒരു പ്രസ്ഥാനമായി നിലനിന്നു. ഗ്രീസിലെപ്പോലെ റോമിലും പൊതു അടിമകളും സ്വകാര്യ അടിമകളും ഉണ്ടായിരുന്നു. 1,000-ന് മേൽ 4,000 വരെ അടിമകളുള്ള സ്വകാര്യ ഉടമകൾ റോമിലും പരിസരത്തുള്ള ചെറു നഗരങ്ങളിലുമുണ്ടായിരുന്നു. ആദ്യകാലത്ത് റോമിലെ അടിമകൾക്ക്‌ വിവാഹത്തിനവകാശമില്ല. അടിമകളെ ചങ്ങലകൊണ്ട് കെട്ടിയിടുന്ന പതിവും പലയിടങ്ങളിലും ഉണ്ടായിരുന്നു. വയസ്സായ അടിമകളെ ഏസ്കുലാപിയസ് ദ്വീപിൽ ചാവാൻ തള്ളിക്കളയുക എന്ന പതിവും ഉണ്ടായിരുന്നു. 20-ാം നൂറ്റാണ്ട് മുതലാണ് ഇവിടെ അടിമകളുടെ അവകാശങ്ങളും നിയമപരമായ നിലയും മെച്ചപ്പെട്ടു തുടങ്ങിയത്. പ്രാചീന റോമിൽ അടിമത്തത്തിനെതിരെ ഒരടിമയായിരുന്ന സ്പാർട്ടാക്കസിന്റെ നേതൃത്വത്തിൽ നടന്ന വിപ്ളവം ചരിത്രപ്രസിദ്ധമാണ്.
ക്ഷാമബാധിതരായ ദരിദ്രർ തങ്ങളുടെ കുട്ടികളെ ചുരുങ്ങിയ തുകയ്ക്ക് വിൽക്കുന്ന പതിവ് ചൈനയിൽ 1930 വരെയുണ്ടായിരുന്നു. ബി.സി. 4-ാം നൂറ്റാണ്ടിൽ ഇന്ത്യയിലുണ്ടായിരുന്ന ഗ്രീക്ക്‌ സ്ഥാനപതി മെഗാസ്തനീസ് ഇന്ത്യയിൽ അക്കാലത്ത് അടിമത്തമില്ലായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രീസിലെ വിപുലമായ അടിമ സമ്പ്രദായം കണ്ടു പരിചയമുള്ള മെഗാസ്തനീസിന് ഇന്ത്യയിലെ ദാക്ഷിണ്യ പൂർണമായ അടിമത്തം ശരിക്കും അടിമത്തമല്ലെന്ന് തോന്നിയിരിക്കാം. എങ്ങനെയാണ് മൌര്യകാലത്ത് ദാസ്യം (അടിമത്തം) നിയന്ത്രിച്ചിരുന്നതെന്ന് കൌടില്യന്റെ അർത്ഥശാസ്ത്രത്തിൽ ദാസകർമ കരകല്പമെന്ന 13-ാം അധ്യായത്തിൽ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. യുദ്ധത്തിൽ പിടിക്കപ്പെട്ടവർ (ധ്വജഹൃത), തന്നെത്താൻ വിറ്റവർ (ആത്മവിക്രയി), ദാസിക്കു ജനിച്ചവർ (ഉദരദാസ), ക്രീതൻ, ലബ്ധൻ, ദണ്ഡപ്രണീതൻ (നിയമവിധിപ്രകാരം അടിമയാക്കപ്പെട്ടവൻ), ആഹിതകൻ (പണയമായി വന്നവൻ) എന്നീ വിവിധതരത്തിലായിരുന്നു ദാസൻമാർ. മര്യാദവില മടക്കിക്കൊടുത്താൽ ദാസന് സ്വതന്ത്രനാകാം. ഈ അവകാശം യുദ്ധത്തിൽ പിടിക്കപ്പെട്ട ദാസനും ഉണ്ടായിരുന്നു. കുട്ടികളെ വിൽക്കുന്നവർ ശിക്ഷാർഹരായിരുന്നു. ആര്യൻമാരെ അടിമകളാക്കരുത് എന്നായിരുന്നു അർത്ഥ ശാസ്ത്രത്തിലെ വിധി. കൊട്ടാരങ്ങളിൽ ധാരാളം ദാസൻമാരും ദാസിമാരും ഉണ്ടായിരുന്നു. സ്വഭാവദൂഷ്യം മൂലം സമുദായഭ്രഷ്ടരായ സ്ത്രീകൾക്ക് ദാസികളാകുക എന്നതായിരുന്നു അവസാനത്തെ ഗതി.
ഒറീസയിലെ പിന്നോക്കം നില്ക്കുന്ന ചില ജില്ലകളിൽ 1966 - 1967 ലെ ക്ഷാമകാലത്ത് നിരവധി കുട്ടികൾ വിൽക്കപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 15 മുതൽ 50 രൂപാ വിലക്കാണ് അവർ വിൽക്കപ്പെട്ടിരുന്നത്. ദക്ഷിണേന്ത്യയിലെ അടിമസമ്പ്രദായത്തിന് എത്ര പഴക്കമുണ്ടെന്ന് പറയാൻ പ്രയാസമാണ്. പണിയർ, പറയർ, പുലയർ, ചെറുമർ, പള്ളർ മുതലായ ആദിമനിവാസികളെ ഓരോ ദേശങ്ങളിലെ പ്രമാണിമാർ കീഴടക്കി ബലം പ്രയോഗിച്ച് അടിമകളാക്കിയിരിക്കണം എന്ന അനുമാനം ശരിയായിരിക്കണം. അടിമ വ്യക്തികൾക്കു പകരം, പ്രധാന തൊഴിലായ കൃഷിപ്പണിക്കായി അടിമജാതികൾ തന്നെ ഇവിടെ ഉണ്ടായിവന്നു. അടിമജാതികൾ ഉണ്ടായിരുന്നതുകൊണ്ട്, അല്പാല്പം കൈമാറ്റങ്ങളല്ലാതെ വൻതോതിലുള്ള അടിമവ്യാപാരം ഇന്ത്യയിലുണ്ടായിരുന്നില്ല. ചില രാജാക്കൻമാർ അവരുടെ ആർഭാടത്തിനുവേണ്ടി കുറച്ചു വിദേശീയ അടിമകളെ വാങ്ങിയിരുന്നു. അടിമകളെ തുറമുഖങ്ങളിൽ വിൽക്കുന്ന പതിവ് ഇന്ത്യയിൽ തുടങ്ങിയത് പറങ്കികളുടെ വരവിനുശേഷം മാത്രമായിരുന്നു. അടിമകളെ വിൽക്കുന്നവരിൽ നിന്ന് മധ്യകാല കേരളത്തിൽ 'അടിമപ്പണം' എന്നു പേരുള്ള വില്പന നികുതി ചില രാജാക്കൻമാർ പിരിച്ചിരുന്നു.
തെക്കേ ഇന്ത്യയിലെ, വിശേഷിച്ച് കേരളത്തിലെ അടിമത്തത്തെപ്പറ്റി വിശ്വസനീയമായ വിവരങ്ങളില്ല. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഡോക്ടർ ബുക്കാനൻ മലബാറിലെ അടിമകളെപ്പറ്റി എഴുതിയിട്ടുള്ളതിന്റെ ചുരുക്കം ഇതാണ്. 'ചെറുമർ' ആണ് കൃഷിപ്പണിക്കാരിൽ ഭൂരിഭാഗവും. ഉടമകളുടെ ജൻമസ്വത്താണവർ. ഭൂസ്വത്തിന്റെ ഒരു ഭാഗമായി അവരെ ഗണിക്കുന്നില്ല. അവരെ ഇഷ്ടപ്പടി കൈമാറാം. ഭർത്താവിനെയും ഭാര്യയെയും വേർപിരിക്കരുതെന്ന് ഒരു പതിവുണ്ട്. കുട്ടികളെ തനിയെ വിൽക്കാം. പണിയെടുക്കാൻ പ്രാപ്തിയുള്ള ചെറുമന് രണ്ടിടങ്ങഴി നെല്ലാണ് ദിവസക്കൂലി. അടിമകളെ ജൻമമോ കാണമോ പാട്ടമോ ആയി കൈമാറാം. ഒരു ജോടി(ആണ് 1, പെണ്ണ് 1)യ്ക്ക് ജൻമവില 250-400 പണമാണ്. പാട്ടത്തിനാണെങ്കിൽ പുരുഷന് 8 പണവും സ്ത്രീയ്ക്ക് 4 പണവും. മറ്റു വസ്തുക്കൾ വിൽക്കുമ്പോൾ എഴുതുന്ന പ്രമാണങ്ങൾ അടിമകളെ വിൽക്കുമ്പോഴും വിൽക്കുന്നവൻ എഴുതിക്കൊടുത്തിരുന്നു.
അടിമസമ്പ്രദായം നിലവിലിരിക്കുന്ന സമുദായത്തിലെ ദാസൻമാർക്കു മാത്രമല്ല ഉടമകൾക്കും മാനസികമായ ചില വൈകല്യങ്ങൾ ഉണ്ടാകാറുണ്ടെന്ന് പല പണ്ഡിതൻമാർക്കും അഭിപ്രായമുണ്ട്. അമേരിക്കയിലെ നീഗ്രോ അടിമ മടിയനാണ്, ബുദ്ധിഹീനനാണ്, മൃഗസദൃശമായ ലൈംഗിക വാസനയുള്ളവനാണ് എന്നൊക്കെയാണ് യജമാന സമുദായത്തിൽപ്പെട്ടവർ പറയുക. റോമൻനാടകങ്ങളിൽ അടിമകളെ സൂത്രക്കാരായാണ് സാധാരണ ചിത്രീകരിച്ചിരുന്നത്. അമേരിക്കയിലെ തെക്കൻ സംസ്ഥാനങ്ങളിലെ വെള്ളക്കാർക്ക് അടിമ നീഗ്രോ സ്ത്രീകളുമായി ലൈംഗിക വേഴ്ച സുഗമമായിരുന്നു. ഇതിനുളള പ്രതികാരമോ പ്രത്യാഘാതമോ എന്നപോലെ ആ സംസ്ഥാനങ്ങളിലെ വെള്ളക്കാരികളും പൊതുവേ ലൈംഗിക കാര്യങ്ങളിൽ കൂസലില്ലാത്തവരായിത്തീർന്നു. അടിമത്തം മൂർധന്യത്തിലുള്ള സ്ഥലങ്ങളിലെല്ലാം തന്നെ ദരിദ്രരായ വെള്ളക്കാർക്ക് സാധാരണ, അടിമകൾ ചെയ്തുവരുന്ന ചില തൊഴിലുകൾ നിഷിദ്ധയിരുന്നു. ദക്ഷിണേന്ത്യയിലെ ബ്രാഹ്മണർക്ക് കൃഷിപ്പണി നിഷിദ്ധമായിട്ടുള്ളത് അത് അടിയാർപ്പണിയായതു കൊണ്ടാണ്. യാതൊരു താൽപര്യവും ലാഭവുമില്ലാത്ത പണി അടിമ ചെയ്തിരുന്നത് പട്ടിണിയും ശിക്ഷയും ഭയന്നിട്ടു മാത്രമായിരുന്നു. തലമുറകളായി ഒരു നല്ല ഭാവിയുടെ നിഴലാട്ടം കൂടി കാണാൻ കഴിയാത്ത അടിമ അവന്റെ വികാരങ്ങൾ ഒളിച്ചുവക്കുന്നതിൽ സമർഥനാണ്.
ഉടമകൾക്ക് സൂക്ഷിക്കാൻ പ്രയാസമുള്ള സ്വത്തായിരുന്നു അടിമകൾ. ഓടിപ്പോകുക, അസുഖം നടിച്ച് മടിയായിരിക്കുക, കൃഷി നശിപ്പിക്കുക തുടങ്ങി യജമാനന് വിഷം കൊടുക്കുകവരെയുള്ള പ്രവൃത്തികളിൽ അടിമകൾ പലപ്പോഴും ഏർപ്പെട്ടിരുന്നു. അടിമകളുടെ എണ്ണം വളരെ അധികമുണ്ടായിരുന്ന റോമാ സാമ്രാജ്യത്തിൽ അങ്ങിങ്ങായി പല ലഹളകളും ഉണ്ടായിരുന്നു. 18-ഉം 19-ഉം നൂറ്റാണ്ടുകളിൽ കരീബിയൻ അടിമകൾ ഉടമകൾക്കെതിരെ സമരങ്ങൾ നടത്തിക്കൊണ്ടിരുന്നു. പൗരാണികറോമിലെ സംഘടിത ദാസ വിപ്ലവങ്ങൾമാതിരിയുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കുവാൻ യു.എസ്സിലെ നീഗ്രോ അടിമകൾക്കു കഴിഞ്ഞില്ല. ഉടമകളുടെ നിയന്ത്രണശക്തി കുറവായിരുന്ന സമയങ്ങളിലും സ്ഥലങ്ങളിലും ഒരേഭാഷ സംസാരിക്കുന്ന അടിമകൾക്ക് ഏകോപിച്ചു പ്രവർത്തിക്കുവാൻ സാഹചര്യങ്ങളുള്ള സ്ഥിതിവിശേഷങ്ങളിലും മാത്രമേ അടിമകൾക്ക് ഉടമകളെ ചെറുക്കുവാൻ കഴിഞ്ഞിരുന്നുള്ളു.
ഇംഗ്ലണ്ടിലും അമേരിക്കയിലും സാമ്രാജ്യത്വ കാലത്ത് ഭൂരിഭാഗം വെള്ളക്കാരും അവരുടെ മേധാവിത്വത്തിന്റെ ഒരു സ്വാഭാവികമായ അംശം മാത്രമാണ് നീഗ്രോ ജനങ്ങളുടെ സേവനം എന്ന് കരുതിയവരായിരുന്നു. ക്വേക്കർ എന്ന ക്രൈസ്തവ സഭാവിഭാഗം ആദ്യം തന്നെ അടിമ വ്യവസ്ഥയ്ക്കെതിരായിരുന്നു. 1776 കളിൽ തന്നെ ക്വേക്കർമാർ അടിമക്കച്ചവടവുമായി എന്തെങ്കിലും ബന്ധമുള്ളവരെ തങ്ങളുടെ സഭയിൽനിന്നു പുറത്താക്കിയിരുന്നു. അടിമത്തത്തിന്റെ നിർമാർജ്ജനത്തിനുവേണ്ടി പ്രക്ഷോഭണം നടത്താൻ പല സമിതികളും ഇംഗ്ലണ്ടിലും അമേരിക്കയിലും രൂപവൽകരിക്കപ്പെട്ടു. ബ്രിട്ടിഷ് പാർലമെന്റിൽ ഈ വിഷയം ആദ്യം ഉന്നയിച്ചതും പ്രക്ഷോഭണത്തിന് നേതൃത്വം നൽകിയതും വില്യം വിൽബർ ഫോർസ് ആയിരുന്നു. ബ്രിട്ടിഷ് പാർലമെന്റ് 1807-ൽ അടിമക്കച്ചവടം തടയുന്നതിനുള്ള നിയമം പാസ്സാക്കി. ഡെൻമാർക്ക് 1792-ൽ അടിമക്കച്ചവടം നിർത്തലാക്കി. 1878-ൽ ഫ്രാൻസും 1815-ൽ പോർച്ചുഗലും അടിമക്കച്ചവടം തങ്ങളുടെ കോളനികളിൽ തടഞ്ഞു.
അടിമക്കച്ചവടം നിർത്തിയതിനെത്തുടർന്ന് നാനാ ദേശങ്ങളിലുമുള്ള അടിമകളുടെ സ്ഥിതി നന്നാക്കുന്നതിനും അവർക്കു വിമോചനം കൊടുക്കുന്നതിനുമുള്ള ശ്രമങ്ങൾ വിൽബർ ഫോർസ് മുതലായവർ തുടങ്ങി. 1838-ൽ ബ്രിട്ടിഷ് ഗവൺമെന്റ് അടിമസമ്പ്രദായം തന്നെ നിർത്തുന്ന നിയമം പാസ്സാക്കി. 1878-ൽ പോർച്ചുഗലും 1827-ൽ മെക്സിക്കോയും ഇതേമാതിരിയുള്ള നിയമങ്ങൾ പാസ്സാക്കിയിരുന്നു. യു.എസ്സിലെ പല സ്റ്റേറ്റുകളും 1777 മുതൽ അടിമത്തം നിർത്തലാക്കാൻ ശ്രമം നടത്തിയെങ്കിലും ഇവയ്ക്ക് അടിമകളെ വടക്ക്‌ നിന്ന് തെക്കൻ സ്റ്റേറ്റുകളിലേക്ക് മാറ്റുക എന്ന ഫലമേ ഉണ്ടായുള്ളു. തെക്ക്‌ പള്ളിക്കാരും പാതിരിമാരും അടക്കം എല്ലാ വെള്ളക്കാരും അടിമ വിമോചനത്തിനെതിരായിരുന്നു. തെക്കും വടക്കും തമ്മിലുള്ള ഈ വൈപരീത്യം അമേരിക്കൻ ആഭ്യന്തരയുദ്ധത്തിലും പ്രസിഡന്റ് ലിങ്കണിന്റെ ജീവബലിയിലും അവസാനിച്ചു.
1863-ൽ അമേരിക്കൻ നീഗ്രോ അടിമകൾക്ക് വിമോചനം ലഭിച്ചു. ഇതിനായുള്ള ഭരണഘടനാമാറ്റം 1865-ലാണ് പാസ്സാക്കിയത്. അമേരിക്കൻ നീഗ്രോകളുടെ ദേശീയതാ-പൌരത്വാവകാശസമരം ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു. പറങ്കികളും മറ്റു യൂറോപ്യരും തുടങ്ങിയ അടിമക്കച്ചവടത്തിൽ കേരളീയരും വ്യാപൃതരായിരുന്നു. പരമ്പരാഗതമായ അടിമകളല്ലാതെ മറ്റുള്ള തിരുവിതാംകൂർ പ്രജകളെ നാട്ടിനകത്തോ പുറംരാജ്യങ്ങളിലോ വിപണനം ചെയ്യുന്നതു റാണി ലക്ഷ്മീബായി 1811-ൽ തടഞ്ഞു. ബ്രിട്ടിഷ് ഇന്ത്യൻ ഗവൺമെന്റ് 1843-ൽ അടിമസമ്പ്രദായം നിർത്തലാക്കി. കൊച്ചി 1854-ലും തിരുവിതാംകൂർ 1855-ലും അടിമസമ്പ്രദായം നിർത്തൽ ചെയ്തു. പല തത്വചിന്തകരും ഗവേഷകരും പറയുന്നത് ഭാവിയിൽ അടിമത്ത സമ്പ്രദായം തിരികെ വന്നേക്കാമെന്നാണ് അങ്ങനെ ഉണ്ടാവാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം

അവസാനം പരിഷ്കരിച്ചത് : 3/2/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate