অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

രാഷ്ട്രീയ നേതൃത്വത്തിലെ സ്ത്രീകള്‍

രാഷ്ട്രീയ നേതൃത്വത്തിലെ സ്ത്രീകള്‍

മറ്റ് പല സൂചികകളോടൊപ്പം സ്ത്രീകളുടെ രാഷ്ട്രീയ പ്രാതിനിധ്യവും സ്ത്രീ പദവി അളക്കുന്നതിനുള്ള പ്രധാനഘടകമായി കണക്കാക്കപ്പെടുന്നു. ഉദാഹരണത്തിന് സ്ത്രീകള്‍ വഹിക്കുന്ന പാ൪ലമെന്ററിസീറ്റിന്റെ അനുപാതമാണ് യു.എന്‍.ഡി.പി വികസിപ്പിച്ചെടുത്ത ലിംഗപദവി അസമത്വസൂചിക പ്രകാരം ശാക്തീകരണം അളക്കുന്നത്. ലോകസാമ്പത്തിക ഫോറം വികസിപ്പിച്ച ആഗോളലിംഗപദവി ന്യൂനത റിപ്പോര്‍ട്ടില്‍ രാഷ്ട്രീയ ശാക്തീകരണം, സാമ്പത്തിക കാര്യങ്ങളില്‍ അവസരവും പങ്കും, വിദ്യാഭ്യാസനേട്ടം, ആരോഗ്യം, അതിജീവനം എന്നിവ കണക്കാക്കുന്നുണ്ട്.

ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങള്‍ കേരളത്തിലെ സ്ത്രീകളെ ശാക്തീകരിക്കുകയും ജനാധിപത്യത്തില്‍ പങ്കാളികളാക്കാന്‍ കഴിവുറ്റവരാക്കുകയും ചെയ്തിട്ടുണ്ട്. ഇത് തുല്യമായ ജനാധിപത്യ പൗരത്വത്തിന്റെ അവശ്യനിബന്ധനയാണെങ്കിലും ഇത് സാധ്യമാകണമെങ്കില്‍ സ്ത്രീകള്‍ നേരിട്ട് തീരുമാനങ്ങള്‍ എടുക്കുന്നതിലും തുല്യപങ്കാളികളാകണം. നിയമ നിര്‍മ്മാണനടപടികളിലെ സ്ത്രീ പ്രാതിനിധ്യം പ്രാധാന്യമര്‍ഹിക്കുന്നത് ഇക്കാര്യത്തിലാണ്. സ്ത്രീകളുടെ രാഷ്ട്രീയ പ്രാതിനിധ്യം തെരഞ്ഞെടുപ്പുകളില്‍ വോട്ട് രേഖപ്പെടുത്തുന്നതിലേക്ക് മാത്രമായി പരിമിതപ്പെടുത്തരുത്. പകരം തീരുമാനങ്ങള്‍ എടുക്കുന്ന സഭകളിലെ നേതൃത്വസ്ഥാനത്ത് തന്നെ സ്ത്രീകള്‍ ഉണ്ടാകണം. നയരൂപീകരണത്തിലുള്ള പങ്കാളിത്തം കൊണ്ട് സംസ്ഥാനത്തെ സ്ത്രീകള്‍ ശാക്തീകരിക്കപ്പെടുന്നു. ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണം 50 ശതമാനം സീറ്റുകള്‍ ഉന്നത സ്ഥാനങ്ങള്‍ ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് സംവരണം ചെയ്ത കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ്.

പാ൪ലമെന്റും സംസ്ഥാനനിയമസഭയും പോലെയുള്ള ഉയര്‍ന്ന സഭകളില്‍ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം സ്ത്രീകള്‍ക്കുണ്ടായാല്‍ മാത്രമേ ലിംഗപദവി ശാക്തീകരണം രാഷ്ട്രീയത്തില്‍ അര്‍ത്ഥവത്താകൂ. ഉയര്‍ന്ന മാനവവികസനസൂചികയുള്ള വികസിത രാജ്യങ്ങളിലൊക്കെ സ്ത്രീകള്‍ക്ക് നിയമനിര്‍മ്മാണ സഭകളില്‍ ഉയര്‍ന്ന പ്രാതിനിധ്യമുണ്ട്. നോർവെ(39.6ശതമാനം), സ്വീഡന്‍ (44.7 ശതമാനം), ഐസ് ലാന്റ് (39.1 ശതമാനം), ഡെന്‍മാര്‍ക്ക് (39.1 ശതമാനം), ബെല്‍ജിയം (38.9 ശതമാനം), ഫിന്‍ലാന്റ്(42.5 ശതമാനം), നെതര്‍ലാന്റ്(37.8 ശതമാനം), ക്യൂബ (48.9ശ തമാനം) ഇങ്ങനെ മാനവ വികസനസൂചികയില്‍ ഉയര്‍ന്ന സ്ഥാനത്തുള്ള 8 രാജ്യങ്ങളെ പരിഗണിക്കുമ്പോള്‍ അവയിലൊക്കെ നിയമനിര്‍മ്മാണസഭകളിലെ സ്ത്രീ പ്രാതിനിധ്യം 37ശതമാനം ന് മുകളിലാണെന്ന് കാണാം. (ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്നത് ഓരോ രാജ്യത്തിലെയും ദേശീയ പാര്‍ലമെന്റുകളിലെ സ്ത്രീ പ്രാതിനിധ്യമാണ്.)

സംസ്ഥാന നിയമസഭയിലേക്കും ഇന്ത്യന്‍ പാ൪ലമെന്റിലേക്കുമുള്ള സ്ത്രീ പ്രാതിനിധ്യം കേരളത്തില്‍ വളരെ കുറവാണെന്ന് കാണാം. ഇന്ത്യ മുഴുവനായി എടുക്കുമ്പോഴും സ്ഥിതി ഇതു തന്നെയാണ്. എന്നാല്‍ മറ്റു പല സംസ്ഥാനങ്ങളേക്കാളും ദേശീയ ശരാശരിയേക്കാളും താഴെയാണ് ഇക്കാര്യത്തില്‍ കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ എന്നത് അതിശയിപ്പിക്കുന്നതാണ്.

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate