অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

2011-ലെ സാമൂഹ്യ-സാമ്പത്തിക ജാതി സെന്‍സസ് (എസ്. ഇ. സി. സി.)

ദാരിദ്ര്യം അളക്കുന്നതിന് നടത്തിയ പഠനങ്ങളുടെ ഒരു ദീര്‍ഘ ചരിത്രം തന്നെ ഇന്ത്യയ്ക്ക് ഉണ്ട്. ദാരിദ്ര്യം കണ്ടെത്തുന്നതിനുള്ള രീതി ശാസ്ത്രം അടിസ്ഥാനമാക്കിയിട്ടുള്ളത് വിവിധ വിദഗ്ദ്ധ സംഘങ്ങള്‍ രൂപീകരിച്ച ശുപാര്‍ശകളെയാണ്. ഓരോ സംസ്ഥാനത്തേയും, കേന്ദ്രഭരണ പ്രദേശങ്ങളിലേയും പാവപ്പെട്ട ജനങ്ങളുടെ ശതമാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍, ഇന്ത്യയിലെ ശരാശരി എന്നിവ നല്‍കുന്നതിന് മാത്രമേ ഇതിന് മുമ്പുള്ള ദാരിദ്ര്യ നിര്‍ണ്ണയ കണക്കുകള്‍ക്ക് കഴിയുകയുള്ളൂ. എന്നിരുന്നാലും ഇതൊന്നും തന്നെ വ്യക്തിഗത പാവങ്ങളെ കണ്ടെത്തുവാന്‍ സാധിക്കാത്തവയാണ്.

2011-ലെ സാമൂഹ്യ-സാമ്പത്തിക ജാതി സെന്‍സസ് (എസ്. ഇ. സി. സി.) എന്നത് ഇന്ത്യയിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളെ കണ്ടെത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ഉദ്യമം ആണ്. സാമൂഹ്യ-സാമ്പത്തിക ജാതി സെന്‍സസ് ദാരിദ്ര്യ സൂചിക നിര്‍ണ്ണയിച്ചിരിക്കുന്നത് ചുവടെ പറയുന്ന 7 ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്.

  • താല്ക്കാലിക ഭിത്തികളും മേല്‍ക്കൂരയും ഉള്ള ഒറ്റ മുറി മാത്രം
  • 16-നും 59-നും ഇടയില്‍ പ്രായമുള്ള മുതിര്‍ന്ന ഒരു അംഗവും ഇല്ലാതിരിക്കുക
  • 16-നും 59-നും ഇടയില്‍ പ്രായമുള്ള മുതിര്‍ന്ന ഒരു പുരുഷഅംഗം ഇല്ലാതിരിക്കുകയും സ്ത്രീ ഗൃഹനാഥയായിട്ടുള്ളതുമായ കുടുംബങ്ങള്‍
  • ഭിന്നശേഷിക്കാരായ അംഗവും പ്രായപൂര്‍ത്തിയായ ശാരീരികശേഷിയുള്ള ഒരു അംഗം പോലും ഇല്ലാതിരിക്കുക
  • പട്ടികജാതി/പട്ടികവര്‍ഗ കുടുംബങ്ങള്‍
  • 25 വയസ്സിനു മുകളില്‍ പ്രായമായതും അക്ഷരാഭ്യാസമില്ലാത്തതുമായ അംഗങ്ങള്‍
  • കായികമായ ആകസ്മിക തൊഴിലില്‍ നിന്നും വരുമാനത്തിന്റെ മുഖ്യപങ്ക് നേടുന്ന ഭൂരഹിത കുടുംബങ്ങള്‍

സാമൂഹ്യ-സാമ്പത്തിക ജാതി സെന്‍സസ് പ്രകാരം (2011) കേരളത്തിലെ 76.99 ലക്ഷം കുടുംബങ്ങളില്‍ 63.19 ലക്ഷം കുടുംബങ്ങള്‍ (82.08 ശതമാനം) ഗ്രാമീണമേഖലയില്‍ വസിക്കുന്നവരാണ്. ഇതില്‍ 10.32 ശതമാനം പട്ടികജാതി കുടുംബങ്ങളും 1.63 ശതമാനം പട്ടികവര്‍ഗ കുടുംബങ്ങളുമാണ്. മൊത്തം ഗ്രാമീണ കുടുംബങ്ങളില്‍ 19.16 ലക്ഷം (30.33 ശതമാനം) ദാരിദ്ര്യത്തിലാണ്. ദാരിദ്ര്യത്തിന്റെ ഉയര്‍ന്ന തോത് പാലക്കാട് (42.33 ശതമാനം) ജില്ലയിലാണ്. തൊട്ടു പുറകില്‍ തിരുവനന്തപുരം (38.36 ശതമാനം), വയനാട് (36.33 ശതമാനം) എന്നീ ജില്ലകളാണ്. എറണാകുളം (20.30 ശതമാനം), കോട്ടയം (23.02 ശതമാനം), കണ്ണൂര്‍ (24.25 ശതമാനം) എന്നീ ജില്ലകളിലാണ് ദാരിദ്ര്യത്തിന്റെ തോത് കുറഞ്ഞ് കാണുന്നത്. സംസ്ഥാനത്തെ മൊത്തം ഗ്രാമീണ പട്ടികജാതി കുടുംബങ്ങളില്‍ 57.66 ശതമാനവും മൊത്തം ഗ്രാമീണ പട്ടികവര്‍ഗ കുടുംബങ്ങളില്‍ 61.68 ശതമാനവും ദരിദ്ര വിഭാഗത്തിലാണ്. കേരളത്തിലെ വിവിധ വിഭാഗങ്ങളില്‍പ്പെടുന്ന മൊത്തം ഗ്രാമീണ കുടുംബങ്ങളില്‍ ദരിദ്ര ഗ്രാമീണ കുടുംബങ്ങളുടെ ജില്ല തിരിച്ചുള്ള ശതമാനക്കണക്ക് അനുബന്ധം 1.24 -ല്‍ നല്‍കിയിരിക്കുന്നു.

ഗ്രാമീണ കുടുംബങ്ങളുടെ ദാരിദ്ര്യത്തിന്റെ വിവിധ സൂചകങ്ങള്‍ പരിഗണിക്കുമ്പോള്‍ ഉയര്‍ന്ന ദാരിദ്ര്യ നിരക്ക് കാണിക്കുന്നത് ‘കായികമായ ആകസ്മിക തൊഴിലിലൂടെ വരുമാനത്തിന്റെ മുഖ്യ പങ്കും കണ്ടെത്തുന്ന ഭൂരഹിതരായ കുടുംബങ്ങള്‍’ (18.86 ശതമാനം) എന്ന സൂചകമാണ്. തൊട്ടു പുറകില്‍ ‘പട്ടികജാതി/പട്ടിക വര്‍ഗ കുടുംബങ്ങള്‍’ (7.11 ശതമാനം), ‘സ്ത്രീ ഗൃഹനാഥയായിട്ടുള്ള കുടുംബങ്ങള്‍’ (3.65 ശതമാനം) എന്നിവയാണ്. ‘ഭിന്നശേഷിക്കാരായ അംഗങ്ങളും പ്രായപൂര്‍ത്തിയായ ശാരീരീകശേഷിയുള്ള ഒരു അംഗം പോലും ഇല്ലാതിരിക്കുക’ (0.19 ശതമാനം), ‘25 വയസ്സിനു മുകളില്‍ പ്രായമായതും അക്ഷരാഭ്യാസമില്ലാത്തതുമായ അംഗങ്ങള്‍’ (1.81 ശതമാനം) എന്നീ സൂചകങ്ങളാണ് കുറഞ്ഞ ദാരിദ്ര്യ അനുപാതം കാണിക്കുന്നത്. വിവിധ ദാരിദ്ര്യ സൂചകങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ദരിദ്ര ഗ്രാമീണ കുടുംബങ്ങളുടെ ജില്ലതിരിച്ചുള്ള ശതമാനക്കണക്ക് അനുബന്ധം 1.25 -ലും വിവിധ ദാരിദ്ര്യ സൂചകങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലേയും കേരളത്തിലേയും ദരിദ്ര ഗ്രാമീണ കുടുംബങ്ങളുടെ ശതമാനക്കണക്ക് ചിത്രം 1.8-ലും നല്‍കിയിട്ടുണ്ട്.

ചിത്രം 1.8 
വിവിധ ദാരിദ്ര്യ സൂചകങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലേയും കേരളത്തിലേയും ദരിദ്ര ഗ്രാമീണ കുടുംബങ്ങളുടെ ശതമാനക്കണക്ക്

അവലംബം: - സാമൂഹ്യ സാമ്പത്തിക ജാതി സെൻസസ് (2011)

ഭൂമിയുടെ ഉടമസ്ഥാവകാശ സമ്പ്രദായമനുസരിച്ച് കേരളത്തിലെ 72.50 ശതമാനം ഗ്രാമീണ കുടുംബങ്ങളും ഭൂരഹിതരാണ്. എന്നാല്‍ ഇന്ത്യയില്‍ ഇത് 56.41 ശതമാനം മാത്രമാണ്. കേരളത്തിലെ ഗ്രാമീണ ഭൂരഹിതരുടെ ശതമാനത്തില്‍ തൃശ്ശൂര്‍ (87.39 ശതമാനം), ആലപ്പുഴ (87.19 ശതമാനം) എന്നീ ജില്ലകള്‍ ഉയര്‍ന്ന നിരക്കും കാസര്‍ഗോഡ് ജില്ല (49.13 ശതമാനം) കുറഞ്ഞ നിരക്കും കാണിക്കുന്നു.

ഭൂപരിഷ്കരണ ചരിത്രം ഉണ്ടായിട്ടുകൂടി കേരളത്തിലെ ഭൂരഹിതരുടെ ഉയര്‍ന്ന നിരക്കിന് സാമൂഹ്യ-സാമ്പത്തിക ജാതി സെന്‍സസ് വിവരം അനുസരിച്ച് നിർവ്വചനീയമായ ഒരു കാരണമുണ്ട്. ഒരു കുടുംബത്തിന്റെ ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള അവസ്ഥ തിട്ടപ്പെടുത്തിയപ്പോള്‍ കുടുംബങ്ങളുടെ കൈവശമുള്ള കുടികിടപ്പ് ഭൂമി സാമൂഹ്യ-സാമ്പത്തിക ജാതി സെന്‍സസ് കണക്കിലെടുത്തിട്ടില്ല. അതിനാല്‍ കേരളത്തിലെ ഭൂമി പുനര്‍ വിതരണ പരിപാടിയുടെ ഭാഗമായി കുടികിടപ്പ് ഭൂമി ലഭിച്ച ഭൂരഹിത കുടുംബങ്ങളെ സെന്‍സസില്‍ നിന്നും ഒഴിവാക്കപ്പെട്ടു. കൂടാതെ കൃഷിഭൂമി ലഭിച്ച ഗുണഭോക്താക്കള്‍ കൃഷിഭൂമി ഉള്‍പ്പെടെയുള്ള സ്ഥലം വീട് നിര്‍മ്മാണത്തിന് പരിവര്‍ത്തനം ചെയ്തതിനാല്‍ അവരുടെ കുടികിടപ്പ് ഭൂമിയും കണക്കിലെടുക്കാതെ വന്നു.

സാമൂഹ്യ-സാമ്പത്തിക ജാതി സെന്‍സസ് പ്രകാരം കേരളത്തിലെ 70.75 ശതമാനം ഗ്രാമീണ കുടുംബങ്ങളിലെയും പ്രധാന കുടുംബ സംരക്ഷകന്‍ പ്രതിമാസം 5000 രൂപയില്‍ താഴെ മാത്രം വരുമാനമുള്ളയാളാണ്. എന്നാല്‍ ഇന്ത്യയില്‍ ഇത് 74.50 ശതമാനമാണ്. വയനാട് (79.67 ശതമാനം), മലപ്പുറം (75.55 ശതമാനം), പാലക്കാട് (74.38 ശതമാനം) എന്നീ ജില്ലകള്‍ ഉയര്‍ന്ന അനുപാതവും എറണാകുളം (64.37 ശതമാനം), കോട്ടയം (64.46 ശതമാനം), പത്തനംതിട്ട (64.66 ശതമാനം) എന്നീ ജില്ലകല്‍ കുറഞ്ഞ അനുപാതവും രേഖപ്പെടുത്തുന്നു.

ഗ്രാമിണ കുടുംബങ്ങളുടെ വരുമാനത്തിന്റെ സ്രോതസ്സ് പ്രകാരം 50.61 ശതമാനം ഗ്രാമീണ കുടുംബങ്ങള്‍ കായികമായ ആകസ്മിക തൊഴിലിനേയും 10.26 ശതമാനം ഗ്രാമീണ കുടുംബങ്ങള്‍ കാര്‍ഷിക മേഖലയെയും അവരുടെ കുടുംബ വരുമാനത്തിന്റെ പ്രധാന സ്രോതസായി ആശ്രയിക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ ഈ നിരക്കുകള്‍ യഥാക്രമം 51.18 ശതമാനവും 30.10 ശതമാനവുമാണ്. കുടുബ വരുമാനത്തിന്റെ സ്രോതസ്സിനെ സംബന്ധിക്കുന്ന ജില്ല തിരിച്ചുള്ള കണക്കുകള്‍ പ്രകാരം കായികമായ ആകസ്മിക തൊഴിലില്‍ ഏര്‍പ്പെടുന്നവരുടെ നിരക്ക് കൂടുതല്‍ ഉള്ളത് മലപ്പുറം ജില്ലയിലും (65.05 ശതമാനം) കുറവ് പത്തനംതിട്ട ജില്ലയിലുമാണ് (31.71 ശതമാനം). കാര്‍ഷികമേഖലയുടെ കാര്യത്തില്‍ ഇടുക്കി ഉയര്‍ന്ന നിരക്കും (32.49 ശതമാനം) ആലപ്പുഴ കുറഞ്ഞ നിരക്കും (4.86 ശതമാനം) കാണിക്കുന്നു.

സാമ്പത്തിക അവലോകനത്തിന്റെ മറ്റ് അധ്യായങ്ങളില്‍ ദാരിദ്ര്യം കുറയ്ക്കുന്നതിന് നടപ്പിലാക്കിയിട്ടുള്ള വിവിധ പദ്ധതികള്‍ വിശദീകരിക്കുന്നുണ്ട്. ദാരിദ്ര്യത്തിന്റെ തോത് കുറയ്ക്കുന്നതില്‍ കേരളം മെച്ചപ്പെട്ട പുരോഗതി നേടിയിട്ടുണ്ടെങ്കിലും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഒരുപാട് വിഭാഗങ്ങള്‍ സംസ്ഥാനത്ത് നിലവിലുണ്ട്. പട്ടിക വര്‍ഗ സമുദായവും മത്സ്യതൊഴിലാളി സമൂഹവും അവരില്‍ ഉള്‍പ്പെടുന്നു. കൂടുതല്‍ കേന്ദ്രസഹായത്തോടെ അനുയോജ്യമായ ജീവനോപാധികള്‍ ഈ വിഭാഗങ്ങള്‍ക്കായി ആവിഷ്ക്കരിച്ചാല്‍ മാത്രമേ കേരളത്തെ സമ്പൂര്‍ണ്ണമായി ദാരിദ്ര്യമുക്തമാക്കുവാന്‍ കഴിയൂ.

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate