രണ്ടര ലക്ഷം പുതു സംരംഭങ്ങൾക്ക് അവസരമൊരുക്കാനായി ‘സ്റ്റാൻഡ് അപ്പ് ഇന്ത്യ’ പദ്ധതി ഈ സാമ്പത്തിക വർഷം മുതൽ തന്നെ നടപ്പാക്കും. 2016 ഏപ്രിൽ 5 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്റ്റാൻഡ് അപ്പ് ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്ത് സാമൂഹികമായി പിന്നാക്കം നിൽക്കുന്ന പട്ടികജാതി-പട്ടികവർഗ സമൂഹങ്ങളെയും വനിതകളേയും സംരംഭ മേഖലയിലേക്ക് കൈപിടിച്ച് കൊണ്ടുവരിക എന്നതാണ് പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം.
ഇതിനായി രാജ്യത്ത് പ്രവർത്തിക്കുന്ന 1,25,000 ബാങ്ക് ശാഖകൾ വഴി ഈ വിഭാഗങ്ങൾക്ക് വായ്പ ലഭ്യമാക്കും. ഓരോ ശാഖയും പട്ടികജാതി-പട്ടികവർഗ വിഭാഗത്തിലെ ഒരു സംരംഭകനെങ്കിലും വായ്പ അനുവദിക്കണം. കൂടാതെ, ഒരു വനിതയ്ക്കും വായ്പ നൽകണം.
അങ്ങനെ 2,50,000 തൊഴിൽ സംരംഭങ്ങൾ പുതുതായി ആരംഭിക്കണം. വളരെ ചെറിയ വായ്പാ തുകയല്ല ഇതിനായി ബാങ്ക് ശാഖകൾ നൽകേണ്ടത്. 10 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ ചെലവ് വരുന്ന പ്രോജക്ടുകൾക്കാണ് വായ്പ അനുവദിക്കേണ്ടത്.
1. സംരംഭകർ പട്ടികജാതി / പട്ടികവർഗ വിഭാഗത്തിൽ പെട്ടതോ വനിതയോ ആയിരിക്കണം.
2. കൂട്ടു സംരംഭങ്ങൾ ആണെങ്കിൽ 51 ശതമാനത്തിൽ കുറയാത്ത ഓഹരി എസ്.സി. /എസ്.ടി/വനിതാ വിഭാഗത്തിന് ഉണ്ടായിരിക്കണം.
3. 18 വയസ്സ് തികഞ്ഞിരിക്കണം. ഉയർന്ന പ്രായപരിധി പറഞ്ഞിട്ടില്ല.
4. പുതുസംരംഭങ്ങൾ ആരംഭിക്കുന്നതിന് മാത്രമാണ് വായ്പ.
5. അപേക്ഷകർ കുടിശ്ശികക്കാർ ആയിരിക്കരുത്.
6. നിർമാണ സ്ഥാപനങ്ങൾക്കും സേവന സ്ഥാപനങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും വായ്പ ലഭിക്കും.
7. ക്രഡിറ്റ് ഗ്യാരണ്ടി എന്ന ആനുകൂല്യം പക്ഷേ, വ്യാപാ ര സ്ഥാപനങ്ങൾക്ക് ലഭിക്കില്ല. അത്തരം അപേക്ഷകർ കൊളറ്ററൽ സെക്യൂരിറ്റി നൽകേണ്ടി വരും എന്ന് ചുരുക്കം.
8. എന്നാൽ നിർമാണ-സേവന സ്ഥാപനങ്ങൾക്ക് കൊളറ്ററൽ സെക്യൂരിറ്റി ഇല്ലാതെ തന്നെ സി.ജി.ടി.എം.എസ്.ഇ. പ്രകാരം വായ്പകൾ ലഭിക്കുന്നതാണ്.
പദ്ധതിച്ചെലവിന്റെ 25 ശതമാനമാണ് സംരംഭകന്റെ വിഹിതം. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വിവിധ പദ്ധതികൾ പ്രകാരം മാർജിൻ മണി ഗ്രാന്റ് ആയോ വായ്പ ആയോ അനുവദിക്കുന്നുണ്ട്. അത്തരം ആനുകൂല്യങ്ങൾ കൈപ്പറ്റി മാർജിൻ ആയി ഉപയോഗിക്കാവുന്നതാണ്. എന്നാൽ, ഏതൊരു സാഹരച്യത്തിലും കുറഞ്ഞത് 10 ശതമാനം തുക സംരംഭകന്റെ വിഹിതമായി കണ്ടെത്തേണ്ടതായിട്ടുണ്ട്.
പ്ളാന്റ്-മെഷിനറികൾ എന്നിവ സമ്പാദിക്കുന്നതിനും പ്രവർത്തന മൂലധനമായി ഉപയോഗിക്കുന്നതിനും വായ്പ ലഭിക്കും. 75 ശതമാനം വരെയാണ് വായ്പ. സർക്കാർ മാർജിൻ മണി ആനുകൂല്യം അനുസരിച്ച് ഇതിൽ വ്യത്യാസം വരാം. ഉദാഹരണത്തിന് 20 ശതമാനം സർക്കാർ മാർജിൻ മണി സഹായം ലഭിക്കുമെങ്കിൽ 10 ശതമാനം സംരംഭകന്റെ വിഹിതവും കഴിച്ചാൽ 70 ശതമാനം മാത്രമേ വായ്പയായി ലഭിക്കുകയുള്ളൂ.
പലിശ നിരക്ക് ആകട്ടെ, അതത് ബാങ്കുകളിൽ നിലവിലുള്ള ഏറ്റവും കുറഞ്ഞ നിരക്ക് ആയിരിക്കണം. മൂന്ന് ശതമാനം ബാങ്ക് പ്രീമിയം എന്ന നിലയിൽ അധികമായി ബാങ്കുകൾക്ക് ഈടാക്കാം. ഏഴ് വർഷത്തിനുള്ളിലാണ് വായ്പ തിരിച്ചടയ്ക്കേണ്ടത്. 18 മാസം വരെ മൊറട്ടോറിയവും ലഭിക്കും.
ഇതിന്റെ ഭാഗമായി സബ്‌സിഡി ആനുകൂല്യങ്ങൾ ഒന്നുംതന്നെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, മറ്റ് സർക്കാർ ഏജൻസികൾ വഴി നൽകുന്ന സബ്‌സിഡി വാങ്ങാവുന്നവാണ്.
നേരിട്ടും ഓൺലൈൻ ആയും അപേക്ഷിക്കാം
വായ്പ ആവശ്യമുള്ള സംരംഭകർ നേരിട്ട് ബാങ്ക് ശാഖയെ സമീപിക്കുകയോ ദേശീയ ചെറുകിട വ്യവസായ ബാങ്കന്റെ (സിഡ്‌ബി) സ്റ്റാൻഡ് അപ്പ് ഇന്ത്യ പോർട്ടൽ വഴി ഓൺലൈൻ ആയി അപേക്ഷിക്കുകയോ ലീഡ് ഡിസ്‌ട്രിക്ട് മാനേജർമാർ വഴി അപേക്ഷ സമർപ്പിക്കുകയോ ചെയ്യാവുന്നതാണ്.
രാജ്യത്തെ എല്ലാ ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകൾ വഴിയും വായ്പ ലഭിക്കും. സംരംഭകന് സ്ഥാപനം തുടങ്ങുന്ന ഏരിയയ്ക്ക് അടുത്തു വരുന്ന മൂന്ന് ബാങ്ക് ശാഖകൾ തിരഞ്ഞെടുക്കാവുന്നതാണ്. ഇതിന് സർവീസ് ഏരിയ നോക്കേണ്ടതില്ല. ‘സിഡ്‌ബി’യുടെ കീഴിലുള്ള 84 ശാഖകളും നബാർഡിന്റെ കീഴിലുള്ള 419 ഓഫീസുകളും അപേക്ഷകരെ ബന്ധപ്പെടുത്തുന്ന മുഖ്യ ഏജൻസികൾ ആയി പ്രവർത്തിക്കും.
അപേക്ഷകരെ, രണ്ട് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. വ്യക്തമായ ആശയവുമായി സംരംഭം തുടങ്ങാൻ തയ്യാറായി വായ്പയ്ക്ക് അപേക്ഷിക്കുന്നവർ, പരിശീലനവും വേണ്ടത്ര നൈപുണ്യവും നേടിയശേഷം സംരംഭക വായ്പയ്ക്കായി ശ്രമിക്കുന്നവർ. ഇതിലെ ആദ്യ വിഭാഗക്കാർക്ക് എളുപ്പം വായ്പയ്ക്ക് അപേക്ഷിക്കാവുന്നതാണ്. മറ്റ് വിഭാഗത്തിന് ആവശ്യമായ പരിശീലനവും കൈത്താങ്ങ് സഹായവും ഏർപ്പെടുത്തും.
സിഡ്‌ബി, നബാർഡ് എന്നീ സ്ഥാപനങ്ങൾ വഴിയാണ് ഈ സൗകര്യം ഏർപ്പാടാക്കുന്നത്. സംരംഭകത്വ വികസന പരിപാടി, നൈപുണ്യ വികസനം, വർക്ക് ഷെഡ്ഡുകൾ, മാർജിൻ മണി, പദ്ധതി രൂപരേഖ തയ്യാറാക്കൽ എന്നീ സഹായങ്ങളാണ് അത്തരം അപേക്ഷകർക്ക് നൽകുക. ഇതിനായി ഐ.ടി.ഐ., എം.എസ്.എം.ഇ.ഡി.ഐ., ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, എസ്.സി. /എസ്.ടി. കോർപ്പറേഷനുകൾ വനിതാ വികസന കോർപ്പറേഷനുകൾ, ഖാദി ബോർഡ്, ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രങ്ങൾ എന്നീ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തും. കൂടാതെ, ദളിത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്‌ട്രി വനിതാ സംഘടനകൾ, എൻ.ജി.ഒ.കൾ, ട്രേഡ് അസോസിയേഷനുകൾ എന്നിവരും വേണ്ട നിർദേശങ്ങളും തുടർച്ചയായ ഉപദേശങ്ങളും നൽകും.
അതുപോലെ തന്നെ, സംരംഭകരുടെ ആശങ്കകളും പരാതികളും വെബ് പോർട്ടലിലൂടെ അറിയിക്കാം. ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന ലീഡ് ഡിസ്‌ട്രിക്ട് മാനേജർ (എൽ.സി.എം.) ഈ പദ്ധതി നടപ്പാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. അപേക്ഷകരെ സിഡ്‌ബി, നബാർഡ്, ബാങ്ക് ശാഖകൾ എന്നിവയുമായി ബന്ധപ്പെടുത്തുന്നതും മോണിറ്റർ ചെയ്യുന്നതും എൽ.ഡി.എം. ആണ്.
ബാങ്കുകളുടെ ഉത്തരവാദിത്വങ്ങളും ഏറെയാണ്. ഓൺലൈൻ ആയോ നേരിട്ടോ ലഭിക്കുന്ന അപേക്ഷകൾ നിശ്ചിത സമയത്തിനുള്ളിൽ തീർപ്പാക്കിയിരിക്കണം.
25 ലക്ഷം രൂപ വരെയുള്ള അപേക്ഷകൾ മൂന്ന് ആഴ്ചകൾക്കുള്ളിലും അതിന് മുകളിൽ ഉള്ളവ ആറ് ആഴ്ചകൾക്കുള്ളിലും തീരുമാനം എടുത്തിരിക്കണം. എസ്.സി./എസ്.ടി. വിഭാഗങ്ങളുടെ വായ്പാ അപേക്ഷകൾ ശാഖാ തലത്തിൽ നിരസിക്കാൻ പാടില്ല എന്ന നിയമം നിലവിൽ ഉണ്ട്. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിലുള്ള ജില്ലാതല ക്രെഡിറ്റ് കമ്മിറ്റി സമയാസമയങ്ങളിൽ യോഗം ചേർന്ന് അപേക്ഷയുടെ സ്ഥിതി വിലയിരുത്തണം.
തിരിച്ചറിയൽ, സ്ഥിരതാമസം, ബിസിനസ് എന്നിവ സംബന്ധിച്ച രേഖകളും ഉടമസ്ഥരുടെ ആസ്തി -ബാദ്ധ്യതാ സ്റ്റേറ്റ്‌മെന്റ്, കൂട്ടു സംരംഭങ്ങൾക്ക് ഘടന സംബന്ധിച്ച രേഖകൾ, വാടക കരാർ, ബാലൻസ് ഷീറ്റ്, വസ്തു പ്രമാണങ്ങൾ (ബാധകമായവർക്ക് മാത്രം), ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ ഹാജരാക്കണം. 25 ലക്ഷം രൂപയ്ക്ക് മുകളിൽ വായ്പയ്ക്ക് അപേക്ഷിക്കുന്നവർ മൂന്ന് വർഷത്തെ ബാലൻസ് ഷീറ്റ്, പ്രോജക്ട് റിപ്പോർട്ട്, ഉത്‌പന്ന (സേവന) നിർമാണ പ്രക്രിയ എന്നിവയും നൽകണം. അധിക രേഖകൾ ആവശ്യമെങ്കിൽ അതും ബാങ്കിന് നൽകേണ്ടി വരും.
കടപ്പാട് : ടി.എസ്. ചന്ദ്രൻ ,ജില്ലാ വ്യവസായ കേന്ദ്രം
അവസാനം പരിഷ്കരിച്ചത് : 2/15/2020