കുട്ടികളിലെ സംസാര വൈകല്യം കണ്ടുപിടിക്കാന്‍ പലപ്പോഴും മാതാപിതാക്കള്‍ക്ക് കഴിയാറില്ല. ഇതിന്റെ ഫലമായി കുട്ടികള്‍ ആശയവിനിമയത്തില്‍ പിന്നാക്കം പോവുകയും ഒറ്റപ്പെടല്‍ അനുഭവിക്കുകയും ചെയ്യും.
സംസാരത്തിലെ സ്ഫുടതയില്ലായ്മയായിരുന്നു അന്നയുടെ തകരാര്‍. സഹപാഠികളായ മറ്റു കുട്ടികള്‍ ഇതു പറഞ്ഞ് കളിയാക്കിയാക്കാന്‍ തുടങ്ങിയതോടെയാണ് അവള്‍ സ്‌കൂളില്‍ പോകാന്‍ മടികാണിച്ചത്. പക്ഷേ, മാതാപിതാക്കള്‍ക്ക് ഇതൊരു പ്രശ്‌നമായി തോന്നിയില്ല. കാരണം അവര്‍ക്ക് അന്നയുടെ ഭാഷ പരിചിതമായിരുന്നു.
ടീച്ചര്‍ ഒരു സ്പീച്ച് തൊറപ്പിസ്റ്റിനെ അവര്‍ക്കു പരിചയപ്പെടുത്തിക്കൊടുത്തു. അവരുടെ വിശകലനത്തില്‍ അന്നയ്ക്ക് അക്ഷരസ്ഫുടത മാത്രമല്ല പ്രായത്തിനനുസൃതമായ ഭാഷാ വികാസവും ഇല്ലെന്നും മനസിലായി.
കുട്ടികളിലെ സംസാര വൈകല്യം കണ്ടുപിടിക്കാന്‍ പലപ്പോഴും മാതാപിതാക്കള്‍ക്ക് കഴിയാറില്ല. ഇതിന്റെ ഫലമായി കുട്ടികള്‍ ആശയവിനിമയത്തില്‍ പിന്നാക്കം പോവുകയും ഒറ്റപ്പെടല്‍ അനുഭവിക്കുകയും ചെയ്യും. സംസാരത്തില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന കുട്ടികളെ സ്പീച്ച് തെറാപ്പിയിലൂടെ തിരികെകൊണ്ടുവരാന്‍ സാധിക്കും.
പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും അവരുടേതായ രീതിയില്‍ ആശയവിനിമയം നടത്തുന്നു. ശിശു ജനിക്കുമ്പോള്‍തന്നെ തന്റേതായ രീതിയിലുള്ള ആശയവിനിമയം നടത്തുന്നുണ്ട്. മൂന്നുമാസമാകുന്നതോടെ കുട്ടി കരച്ചിലിലൂടെ ആവശ്യങ്ങള്‍ അറിയിക്കുന്നു. ആറുമാസമാകുന്നതോടെ കുട്ടിയുടെ കരച്ചിലിന്റെ സ്വഭാവത്തില്‍ മാറ്റംവന്നുതുടങ്ങുന്നു.
വിശക്കുമ്പോഴുള്ള കരച്ചിലും ഉറക്കം വരുമ്പോഴുള്ള കരച്ചിലിനും വ്യത്യാസം ഉണ്ടാകും. ഇത് അമ്മയ്‌ക്കോ കുട്ടിയുമായി അടുത്തിടപഴകുന്നവര്‍ക്കോ കൃത്യമായി മനസിലാക്കാന്‍ സാധിക്കും.
പിന്നീടുള്ള മാസങ്ങളില്‍ കുട്ടി പലതരത്തിലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിച്ചു തുടങ്ങുന്നു. കുട്ടി പുറപ്പെടുവിക്കുന്ന ശബ്ദത്തില്‍ 'പ', 'ബ' എന്നിങ്ങനെയുള്ള അക്ഷരങ്ങള്‍ വന്നുതുടങ്ങും.9 - 14 മാസത്തിനുള്ളില്‍ കുട്ടി അപ്പ, അമ്മ, വാവ തുടങ്ങിയ അര്‍ഥവത്തായ വാക്കുകള്‍ പറഞ്ഞുതുടങ്ങുന്നു. ക്രമേണ കുട്ടിയുടെ പദസമ്പത്ത് വര്‍ധിക്കുന്നു.
വാക്കുകളില്‍ നിന്ന് രണ്ടു വാക്കുകള്‍ കൂട്ടി യോജിപ്പിച്ചുള്ള വാക്യങ്ങളും ഇതേത്തുടര്‍ന്ന് അര്‍ഥവത്തായ വാചകങ്ങളും രൂപംകൊള്ളുന്നു. എന്നാല്‍ ആശയവിനിമയത്തിന്റെ കാലയളവില്‍ ചില കുട്ടികളില്‍ ചില ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായേക്കാം.
ഒന്നര വയസിനുള്ളില്‍ കുട്ടി അര്‍ഥപൂര്‍ണമായ രണ്ടോ മൂന്നോ വാക്കെങ്കിലും സംസാരിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും ശിശുരോഗ വിദഗ്ധനെയോ സ്പീച്ച് തെറാപ്പിസ്റ്റിനെയോ (ഓഡിയോളജിസ്റ്റ്) കാണിക്കേണ്ടതാണ്. സംസാരം വികസിക്കാത്ത കുട്ടിയെ ആശയവിനിമയപരമായി പിന്നോക്കം നില്‍ക്കുന്നതായി കണക്കാക്കേണ്ടിവരും.
മാസം തികയാതെ ജനിക്കുന്ന ശിശുക്കള്‍, സങ്കീര്‍ണമായ പ്രസവത്തെത്തുടര്‍ന്ന് ജനിക്കുന്ന ശിശുക്കള്‍, തൂക്കം കുറവ്, ജനിക്കുമ്പോള്‍ ഓക്‌സിജന്റെ അളവിലെ വ്യതിയാനം മൂലം നിറംമാറ്റം, ഗര്‍ഭാവസ്ഥയില്‍ ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുകള്‍ നേരിടുന്ന അമ്മമാര്‍ക്ക് ജനിക്കുന്ന ശിശുക്കള്‍ ഇവരെല്ലാം ആശയവിനിമയത്തില്‍ കാലതാമസം കാണിക്കാറുണ്ട്.
സാമൂഹികവും പാരമ്പര്യവും സാമ്പത്തികവുമായ ചുറ്റുപാടിലുള്ള വ്യതിയാനവും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കിയേക്കാം. എന്നാല്‍ ഒരേതലത്തിലുള്ള മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുട്ടി വളരെ പുറകിലാണെങ്കില്‍ ഒരു സ്പീച്ച് തെറാപ്പിസ്റ്റിനെ കാണിച്ച് പരിശോധന നടത്തേണ്ടതാണ്. ആശയവിനിമയത്തില്‍ കുട്ടികള്‍ പിന്നോക്കം നില്‍ക്കാനുള്ള കാരണങ്ങള്‍ പലതാണ്.
സംസാര വൈകല്യങ്ങള്‍ കുട്ടികളില്‍ കാണുകയാണെങ്കില്‍ ആ കുട്ടി ക്ക് സ്പീച്ച് തെറാപ്പിയോ, കേള്‍വിക്കുറവുള്ള കുട്ടിയാണെങ്കില്‍ ശ്രവണസഹായിയോ ആവശ്യമാണ്. സ്പീച്ച് തെറാപ്പിസ്റ്റിന് പരിശീലനത്തിലൂടെ കുട്ടിയുടെ ഭാഷയും ആശയവിനിമയരീതിയും മെച്ചപ്പെടുത്താന്‍ സാധിക്കും. പരിശീലനം ഫലവത്താകാന്‍ ചില അടിസ്ഥാനഘടകങ്ങള്‍ അത്യന്താപേക്ഷിതമാണ്. അതില്‍ പ്രധാനം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവാണ്.
സ്പീച്ച് തെറാപ്പിക്കൊപ്പം രക്ഷിതാക്കള്‍ വീട്ടില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. കുട്ടിയുടെ ദൈനംദിന കാര്യങ്ങള്‍ ചെയ്യുമ്പോഴും മറ്റും അവയെക്കുറിച്ച് ലളിതമായി സംസാരിക്കുന്നത് വലിയ മാറ്റങ്ങള്‍ വരുത്തും. കൂടാതെ ഇന്നത്തെ കുടുംബാന്തരീക്ഷത്തില്‍ ടി.വി. ഒരു പ്രധാന വില്ലനാണ്. ഇതിനൊരു സമയപരിധി ആവശ്യമാണ്.
ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും പല്ലു തേപ്പിക്കുമ്പോഴും, അതായത് ദൈനംദിന കാര്യങ്ങള്‍ എന്തു ചെയ്യുമ്പോഴും ടി.വി.യുടെ സാന്നിധ്യം ഒഴിവാക്കേണ്ടിയിരിക്കുന്നു. ഇത് കൃത്യമായി പാലിക്കാന്‍ ശ്രദ്ധിക്കണം.
കുട്ടിയോടൊപ്പം കഴിയുന്നത്ര സമയം ചെലവഴിക്കുക. മാതാപിതാക്കള്‍ കൂടുതലും ജോലിക്കാരായതിനാല്‍ പ്രായോഗികമായ ധാരാളം ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. എങ്കിലും കുട്ടിയുടെ ഉത്തമ ഭാവിക്കു വേണ്ടി രക്ഷകര്‍ത്താക്കള്‍ ചില വിട്ടുവീഴ്ചകള്‍ക്കു തയാറാകണം.
ഇത്തരത്തിലുള്ള കൂട്ടായ ശ്രമത്തിലൂടെ കുട്ടികളില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാക്കാം. വൈകല്യത്തിന്റെ തീക്ഷ്ണതയനുസരിച്ച് പ്രശ്‌നപരിഹാരത്തിനുള്ള കാലയളവില്‍ വ്യതിയാനം ഉണ്ടാകുമെന്നുമാത്രം.
ഡോ. അഞ്ജു ഓഡിയോളജിസ്റ്റ
എറണാകുളം
അവസാനം പരിഷ്കരിച്ചത് : 6/10/2020