অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മന:ശാസ്ത്രം

അകാരണഭീതി

Phobia

ഒരു വസ്തുവിനോടോ ആളിനോടോ സ്ഥലത്തോടോ സന്ദര്‍ഭത്തോടോ ഒരാള്‍ക്ക് തോന്നുന്ന അടിസ്ഥാനരഹിതമായ ഭയം.

ലഘുമനോരോഗങ്ങളില്‍ (Neurotic Reaction types) ഒന്നാണിത്. ഒബ്സസിവ് കമ്പല്‍സീവ് (Obsessive compulsive) മനോരോഗത്തോടു ചേര്‍ത്ത് ഇതിനെ വര്‍ഗീകരിക്കാന്‍ ചില വിദഗ്ധര്‍ ശ്രമിച്ചു. ബ്യൂലര്‍ (1916) തുടങ്ങിയ ഫ്രഞ്ചു മനോരോഗവിദഗ്ധന്മാര്‍ ഇതിനെ ആശങ്കാമനോരോഗം (Anxiety) ആയി വ്യവഹരിച്ചു. മേല്‍പറഞ്ഞ രോഗമുള്ളവര്‍ക്കും ഒന്നോ രണ്ടോ തരം അകാരണഭീതി കൂടി ഉണ്ടാവുക സാധാരണമായതിനാല്‍ ഈ വര്‍ഗീകരണത്തിന്റെ അടിസ്ഥാനം മനസ്സിലാക്കാന്‍ കഴിയും. പക്ഷേ അകാരണഭീതി മാത്രമുള്ള ധാരാളം രോഗികളുണ്ട് എന്നത് ഒരു വസ്തുതയാകയാല്‍ അതു വേര്‍തിരിച്ചു പഠിക്കേണ്ടതുണ്ട്.

ശിശുക്കള്‍ക്കു പല കാര്യങ്ങളെയും പറ്റി നിരാസ്പദഭീതി ഉണ്ടാകാം. കൂടുതല്‍ അറിവും അനുഭവങ്ങളും ഉണ്ടാകുന്തോറും ഭയം ക്രമേണ ഇല്ലാതാകുന്നു. ഭയപ്പെടേണ്ടതും ഭയപ്പെടേണ്ടാത്തതുമായ വസ്തുക്കളെയും സന്ദര്‍ഭങ്ങളെയും പറ്റി അവര്‍ മനസ്സിലാക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഈ വസ്തുതയുടെ പശ്ചാത്തലത്തില്‍ ശിശുസഹജമായ ഭയം സ്വാഭാവികമാണെന്നും അത് ഒരു പ്രൌഢവയസ്കനില്‍ കണ്ടാല്‍ അസ്വാഭാവികമാണെന്നും തന്മൂലം ലഘുമനോരോഗമാണെന്നും കണക്കാക്കാം. അകാരണഭീതിയുള്ള ആളിന് ഭയജനകമായ വസ്തുവോ, സന്ദര്‍ഭമോ, വ്യക്തിയോ, സാധാരണഗതിയില്‍ ഭയഹേതുകമല്ലെന്ന് അറിയാമെങ്കിലും അയാള്‍ക്ക് അവയെ ഭയപ്പെടാതിരിക്കാന്‍ കഴിയുകയില്ല. ഈ വൈരുധ്യം മനസ്സിലാക്കിയിട്ടുണ്ടെങ്കിലും അപകടശങ്കയ്ക്കടിപ്പെട്ടുപോകുന്ന അയാള്‍ സ്വന്തം അകാരണഭീതിയെ ന്യായീകരിക്കാന്‍ ശ്രമിക്കാറുണ്ട്.

ചരിത്രം. ആധുനിക മനശ്ശാസ്ത്രജ്ഞന്മാരുടെ ശ്രദ്ധയെ അകാരണഭീതിയിലേക്ക് ആദ്യമായി ആകര്‍ഷിച്ചത് 1871-ല്‍ വെസ്റ്റ്ഫാല്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനമാണ്.

വെസ്റ്റ്ഫാലിനു ശേഷം പലരും വിവിധതരം അകാരണഭീതികള്‍ക്കു വിശദീകരണവും പേരും നല്‍കിയിട്ടുണ്ട്. സ്റ്റാന്‍ലി ഹാള്‍ 1914-ല്‍ 136 തരം അകാരണഭീതികളെപ്പറ്റി പരാമര്‍ശിച്ചു.

അഗോറഫോബിയ (Agoraphobia) - വിസ്താരമേറിയ വെളിംപ്രദേശത്തെപ്പറ്റിയുള്ള ഭയം, ക്ളൌസ്ട്രോഫോബിയ-(claustrophobia) ഇടുങ്ങിയതും ഇരുളടഞ്ഞതുമായ സ്ഥലങ്ങളെപ്പറ്റിയുള്ള ഭീതി, അക്രോഫോബിയ (Acrophobia) - ഉയരത്തിലേക്കു കയറുവാനുള്ള ഭയം, മിസോഫോബിയ (Mysophobia) - മാലിന്യഭീതി, സൂഫോബിയ (Zoophobia)- മൃഗങ്ങളെപ്പറ്റിയുള്ള ഭയം, പൈറോഫോബിയ (Pyrophobia)- അഗ്നിഭീതി എന്നിവയെല്ലാം ഹാളിന്റെ വര്‍ഗീകരണത്തിലുള്‍പ്പെടുന്നു.

ഫ്രോയിഡ് ഈ രോഗത്തെ ആങ്സൈറ്റി ഹിസ്റ്റീരിയ (Anxiety hysteria) എന്നു വിളിച്ചു. ശിശുക്കളുടെ അകാരണഭീതിയെപ്പറ്റിയുള്ള പഠനവും അപഗ്രഥനവും പ്രൌഢവയസ്ക്കരിലെ അകാരണഭയത്തിന്റെ പശ്ചാത്തലത്തിലേക്കു വെളിച്ചം വീശുമെന്ന് അദ്ദേഹം വാദിച്ചു.

കുതിരയെക്കുറിച്ച് ഹാന്‍സ് എന്ന ബാലനുണ്ടായ അകാരണഭീതിയെ ഫ്രോയിഡ് വിശകലനം ചെയ്തു. ഹാന്‍സ് സ്വന്തം അമ്മയില്‍ അനുരക്തനായിരുന്നെന്നും തന്മൂലം എതിരാളിയായ അച്ഛനോട് വെറുപ്പു പുലര്‍ത്തിയിരുന്നെന്നും (നോ: ഈഡിപ്പസ് കോംപ്ളക്സ്) അദ്ദേഹം പറയുന്നു. അമ്മയുടെ മേലുള്ള ആഗ്രഹം അച്ഛനുമായുള്ള സ്നേഹബന്ധത്തില്‍ സംഘട്ടനമുണ്ടാക്കി. ഈ സംഘട്ടനം അവനില്‍ ഉളവാക്കിയ ആക്രമണാസക്തി, അച്ഛന്‍ അവന്റെ ലിംഗം ഛേദിച്ചുകളയുമോ എന്നൊരു ഭയം ജനിപ്പിച്ചു. അമ്മയോടുള്ള സ്നേഹവും അച്ഛനോടുള്ള വെറുപ്പും അബോധമനസിലേക്കു താഴ്ന്നിറങ്ങി (Repression)യതോടുകൂടി അച്ഛനോടു തോന്നിയിരുന്ന വെറുപ്പും ഭയവും മുമ്പ് കുതിരയോടുതോന്നിയിരുന്ന ഭയത്തിലേക്ക് (തന്റെ ലിംഗം കുതിര കടിച്ചെടുത്തുകളയുമെന്ന് അവന്‍ നേരത്തെ ഭയപ്പെട്ടിരുന്നു.) ആദേശം ചെയ്യപ്പെട്ടു. ഒരാളോടോ, ഒരു വസ്തുവിനോടോ തോന്നുന്ന വികാരം മറ്റൊരാളിലോ വസ്തുവിലോ ആരോപിക്കുന്ന മനസ്സിന്റെ പ്രതിരോധ (Defence mechanism) തന്ത്രമനുസരിച്ച് കുതിരയോടുള്ള അകാരണഭീതി പ്രബലമായിത്തീര്‍ന്നു. ഈ അകാരണഭീതി ഉണ്ടായതിന് മാനസികാദേശം (Displace -ment), പശ്ചാദ്ഗമനം (Regression)വിപര്യയം (Reversal ഞല്ലൃമെഹ) എന്നീ മൂന്നു മാനസിക പ്രതിരോധതന്ത്രങ്ങള്‍ അവന്റെ ഉപബോധമനസില്‍ പ്രവര്‍ത്തിച്ചതായി ഫ്രോയിഡ് കരുതുന്നു.

ഉപബോധമനസ്സിലേക്ക് പൂഴ്ത്തപ്പെടുന്ന അസന്തുഷ്ടവും അപ്രകാശിതവുമായ ആശകളും അഭിനിവേശങ്ങളും ബോധമനസ്സിലേക്ക് കടന്നുവരുവാന്‍ മാനസികാദേശം എന്ന പ്രതിരോധപ്രക്രിയയിലൂടെ അഹന്ത (ലഴീ) നടത്തുന്ന ശ്രമമാണ് എല്ലാ അകാരണഭീതിയുടെയും പിന്നില്‍ വര്‍ത്തിക്കുന്നതെന്ന് ഫ്രോയിഡ് പ്രസ്താവിക്കുന്നു. ഇവ സാധാരണ പെരുമാറ്റത്തെ തടയുകയോ അമിതമായി നിയന്ത്രിക്കുകയോ ചെയ്യുന്നു. പ്രൌഢവയസ്കരുടെ അകാരണഭീതിയുടെ പിന്നിലെ അസന്തുഷ്ടമായ ആശകള്‍ പലപ്പോഴും അക്രമപരവും ലൈംഗികവുമാകാം. പക്ഷേ അവിടെ ലൈംഗികതയ്ക്ക് മുഖ്യസ്ഥാനമുണ്ട്. അവ മിക്കവാറും ബാല്യകാലത്തെ ആഗ്രഹങ്ങളുടെ പരിഷ്കരിച്ച പതിപ്പായിരിക്കാം. വസ്തുതകളെ വളച്ചൊടിച്ച് അഹന്തയ്ക്കു സംതൃപ്തി നല്‍കി ബോധമനസ്സില്‍ പ്രവേശിക്കുന്നതിന് മാനസികാദേശ പ്രതിരോധം വളരെയേറെ പ്രയോജനകരമാണെങ്കിലും പശ്ചാദ്ഗമനം, വിപര്യയം, സാത്മീകരണം (Identification) എന്നീ മാനസികപ്രതിരോധതന്ത്രങ്ങള്‍ വസ്തുതകളെ വളച്ചൊടിക്കുകയും വികൃതമാക്കുകയും ചെയ്യുന്നു. ഉപബോധമനസ്സില്‍ ആണ്ടുപോയ ഒരുവന്റെ അസംതൃപ്തമായ അഭിലാഷങ്ങള്‍ ബോധമനസ്സിലേക്ക് കടന്നുവരുവാനുള്ള ഒരു കുറുക്കുവഴിയാണ് അകാരണഭീതി എന്നു പറയാം.

സ്വപ്നംപോലെ അകാരണഭീതിയുടെ പ്രകൃതവും പ്രതിജനഭിന്നമായിരിക്കും. ആവര്‍ത്തിക്കപ്പെടുന്ന ചില സ്വപ്നങ്ങള്‍ക്കു പ്രത്യേകം ചില അര്‍ഥമുള്ളതുപോലെ വിവിധതരം അകാരണഭീതികള്‍ക്കും അബോധപൂര്‍വമായ ചില സാമാന്യാര്‍ഥങ്ങള്‍ രോഗികള്‍ കല്പിക്കാറുണ്ടെന്ന് മാനസികാപഗ്രഥനവിദഗ്ധന്മാര്‍ (Psychoanalysts) മനസ്സിലാക്കി. അഗോറാഫോബിയാ ഉള്ള ആളിന് അയാള്‍ ഭയപ്പെടുന്ന വീഥികള്‍ ലൈംഗികകര്‍മങ്ങള്‍ക്ക് സൌകര്യം ലഭിക്കുന്ന സ്ഥലങ്ങളായി അബോധധാരണകള്‍ ഉണ്ടായിരിക്കും. പാലം കടക്കാന്‍ ഭയപ്പെടുന്ന വനിത പ്രസവിക്കാന്‍ ഭയപ്പെടുന്നു. പൊതുനിരത്തിലോ മറ്റെവിടെയെങ്കിലുമോ വീണുപോകുമെന്ന് ഭീതി തോന്നുന്ന സ്ത്രീ 'ലൈംഗികമായ വീഴ്ചയെ' ആലങ്കാരികഭാഷയില്‍ പ്രകടിപ്പിക്കുകയാണ്. ക്ളൌസ്ട്രോഫോബിയയുള്ളവര്‍ക്ക് ജീവനോടുകൂടി കുഴിച്ചുമൂടപ്പെടുമോ എന്ന് അബോധഭയമുണ്ടായിരിക്കാം.

ഒറ്റയ്ക്ക് ഇരിക്കാന്‍ ഭയമുള്ളവര്‍ അത്തരം സന്ദര്‍ഭത്തില്‍ സ്വയംഭോഗം ചെയ്യാന്‍ പ്രേരിതരായി പോകുമെന്ന് ഭയപ്പെടുന്നുണ്ടാവാം. ഭ്രാന്തുവരുമോ എന്ന അകാരണഭീതി ഉള്ളവര്‍ സ്വയംഭോഗത്തെയോ ലിംഗഛേദനത്തെയോ ആഗ്രഹിക്കുന്നവരായിരിക്കാം. ചിലന്തിയെ ഭയപ്പെടുന്നത് സ്ത്രീയുടെ ലൈംഗികാവയവങ്ങളോടുള്ള ഭയം നിമിത്തമാകാം. ചിത്രശലഭങ്ങള്‍ സുന്ദരികളായ സ്ത്രീകളെ പ്രതിനിധാനം ചെയ്യുന്നു. ചെറിയ ചീവീടുകളും ഇഴജന്തുക്കളും ചെറിയ കുട്ടികളുടെ ലിംഗത്തെ പ്രതിനിധാനം ചെയ്യുന്നു.

പൊതുവേ ഈ അബോധപ്രേരണകള്‍ ശിക്ഷയുടെയും (punishment) പ്രലോഭനങ്ങളുടെയും (Temptation) രൂപത്തിലായിരിക്കും ഒരുവന് അനുഭവപ്പെടുന്നത്. വിവിധതരം അകാരണഭീതികള്‍ ഒരുവനില്‍ ഉടലെടുക്കുന്നത് മിക്കപ്പോഴും അയാളുടെ മുന്‍കാലചരിത്രത്തെയും വിവിധ വസ്തുക്കളോടും സന്ദര്‍ഭങ്ങളോടുമുള്ള മനോഭാവത്തെയും ആശ്രയിച്ചായിരിക്കും.

അന്തര്‍മുഖത

Introversion

മനുഷ്യന്റെ പെരുമാറ്റസവിശേഷതകള്‍ക്കു കാരണഭൂതമായ ഒരു മാനസികഭാവം. ബാഹ്യലോകത്തിനും അതിലുള്ള വസ്തുക്കള്‍ക്കും വലിയ വില കല്പിക്കാതിരിക്കുക; ധനം, പ്രതാപം, പ്രശസ്തി, അന്തസ്, അധികാരം മുതലായവയില്‍ താത്പര്യമില്ലാതിരിക്കുക; താനുമായി ഇടപെടുന്നവര്‍ തന്റെ കഴിവുകളെ അംഗീകരിച്ച് വിലമതിക്കണമെന്ന കാംക്ഷയില്ലാതിരിക്കുക; സാമൂഹികസമ്മര്‍ദംകൊണ്ട് സ്വന്തം ആശയങ്ങള്‍ മാറ്റാതിരിക്കുക; പല ആളുകളുമായി ഇടപഴകേണ്ടി വരുന്നതില്‍ വൈമുഖ്യം കാണിക്കുക; സുഹൃത്തുക്കളെ സമ്പാദിക്കുവാന്‍ ഉത്സാഹം കാണിക്കാതിരിക്കുക; ചുറുചുറുക്കും സഞ്ചാരശീലവും കുറവായിരിക്കുക; ആഡംബരവസ്തുക്കളിലും വേഷപ്രൌഢിയിലും ഭ്രമമില്ലാതിരിക്കുക; നിസ്സാരകാര്യങ്ങളില്‍ പെട്ടെന്നു വികാരംകൊള്ളാതിരിക്കുക, പക്ഷേ, വികാരഭരിതനായാല്‍ ഏറെനേരം അതില്‍ത്തന്നെ ==മുഴുകുക; നിയമങ്ങള്‍, ചട്ടങ്ങള്‍, ചര്യകള്‍ മുതലായവ ആദരിച്ചനുസരിക്കുക; ഏതു കാര്യത്തിലും വലിയ മുന്‍കരുതലുകള്‍ കാണിക്കുക; എന്തെങ്കിലും ചെയ്യുന്നതിനെക്കാള്‍ അധികം അതിനെക്കുറിച്ചാലോചിച്ചുകൊണ്ടിരിക്കുക; കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്ക്കാന്‍ മടി കാണിക്കുക; പലപ്പോഴും മനോരാജ്യത്തിലാണ്ടുപോവുക; മനസ്സാക്ഷിയുടെ പ്രേരണകള്‍ക്ക് അതിരുകടന്നു വശംവദനാകുക; തനിയെ മുഷിഞ്ഞിരുന്നു ജോലി ചെയ്യുക; സല്ക്കാരങ്ങളിലും വിരുന്നുകളിലും ഹൃദയപൂര്‍വം പങ്കുകൊള്ളാന്‍ മടി കാണിക്കുക; വഴിയില്‍വച്ച് പരിചിതരെ കണ്ടാല്‍ സംസാരിക്കുന്നതിലും മറ്റും വലിയ താത്പര്യം കാണിക്കാതിരിക്കുക മുതലായവയാണ് അന്തര്‍മുഖതയുടെ ലക്ഷണങ്ങളായി മിക്ക മനഃശാസ്ത്രജ്ഞന്മാരും കരുതിപ്പോരുന്നത്.

യൂങ്ങ്. കാള്‍ ഗുസ്താവ് യൂങ്ങ് (Karl Gustav Jung) എന്ന മനഃശാസ്ത്രജ്ഞനാണ് അന്തര്‍മുഖതയെക്കുറിച്ച് ഏറ്റവും വിസ്തരിച്ച് ഉപന്യസിച്ചിട്ടുള്ളതും മനഃശാസ്ത്രത്തില്‍ ഈ പദത്തിന് പ്രചാരം നല്കിയതും. മനഃശാസ്ത്രരൂപമാതൃകകള്‍ (Psychological Types) എന്ന ഗ്രന്ഥത്തില്‍ അന്തര്‍മുഖതയെക്കുറിച്ച് യൂങ്ങ് പറയുന്നു: 'ഒരാളിന്റെ പെരുമാറ്റത്തെ സശ്രദ്ധം വീക്ഷിച്ചാല്‍ ചിലപ്പോഴൊക്കെ അയാള്‍ ബാഹ്യവസ്തുക്കളാല്‍ ആകര്‍ഷിക്കപ്പെടുകയും അവയാല്‍ നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നതു കാണാം. എന്നാല്‍ മറ്റു ചിലപ്പോഴാകട്ടെ ആന്തരികമായ ചില അവസ്ഥകളായിരിക്കും അയാളുടെ പ്രവൃത്തിയെ നിയന്ത്രിക്കുന്നത്. ബാഹ്യവും വസ്തുനിഷ്ഠവുമായ യാഥാര്‍ഥ്യത്തെ ആത്മനിഷ്ഠമായ മാനസികപ്രവൃത്തികള്‍ക്ക് അടിമപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനെ അന്തര്‍മുഖതയെന്നു പറയാം. മറിച്ച് ആന്തരികാവസ്ഥകളെ ബാഹ്യവസ്തുക്കള്‍ നിയന്ത്രിക്കുന്നതിനെ ബഹിര്‍മുഖത (Exttroversion) എന്നു വ്യവഹരിക്കുന്നു. (നോ: ബഹിര്‍മുഖത).

യൂങ്ങിന് മുമ്പ് ജോര്‍ഡന്‍, ഓട്ടോഗ്രോസ് എന്നിവര്‍ അന്തര്‍മുഖതയോട് ബന്ധപ്പെട്ട മാനസികഭാവങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്. വ്യക്തിസ്വഭാവത്തെ ചിന്തോന്‍മുഖം (Reflective type) എന്നും പ്രവൃത്യുന്‍മുഖം (Active type) എന്നും രണ്ടായി ജോര്‍ഡന്‍ തിരിച്ചിരിക്കുന്നു. ചിന്തോന്‍മുഖര്‍ പ്രവൃത്യുന്‍മുഖരേക്കാള്‍ പെട്ടെന്നു വികാരഭരിതരാകും എന്നും ശാന്തതയും മാന്യതയും തികഞ്ഞ ഇവരുടെ സ്വഭാവത്തിനിടയില്‍ പലപ്പോഴും അഗാധമായ സഹാനുഭൂതിയും സ്നേഹവും രാഗവും കാണപ്പെടുന്നു എന്നും അദ്ദേഹം പറയുന്നു. ഓട്ടോഗ്രോസാകട്ടെ അഗാധവും സങ്കുചിതവുമായ (deep and narrow) സ്വഭാവമുള്ളവരെയും വിശാലവും അഗാധമല്ലാത്തതും ആയ (broad and shallow) സ്വഭാവമുള്ളവരെയും കുറിച്ചാണ് പറയുന്നത്. ആദ്യത്തെ കൂട്ടര്‍ പെട്ടെന്ന് ചിന്താമഗ്നരാവുകയും സാമൂഹികമായ വ്രീളാവിവശത (social shyness) പ്രകടിപ്പിക്കുകയും ചെയ്യും. ഈ രണ്ടു വിഭജനങ്ങളെയും യൂങ്ങ് സ്വീകരിക്കുകയും ചിന്തോന്മുഖസ്വഭാവത്തെയും അഗാധവും സങ്കുചിതവുമായ സ്വഭാവത്തെയും അന്തര്‍മുഖതയ്ക്കു തുല്യമായി കരുതുകയും ചെയ്തു. അന്തര്‍മുഖതയും ബഹിര്‍മുഖതയും ഒരേ സ്വഭാവഘടനയുടെ രണ്ടറ്റങ്ങളോ (extremes) രണ്ടു മുഖങ്ങളുള്ള സ്വഭാവഘടനയോ (bipolar factor) ആയി അദ്ദേഹം കരുതുന്നു. ഒരേ വ്യക്തിയില്‍തന്നെ ഭിന്നാവസരങ്ങളില്‍ ഈ രണ്ടു സ്വഭാവവിശേഷങ്ങളും കാണപ്പെടുമെങ്കിലും സാമാന്യേന ഏതെങ്കിലും ഒരു ഭാവം പൊന്തിനില്ക്കുകയും സ്ഥായിയായി കാണപ്പെടുകയും ചെയ്യുമെന്ന യൂങ്ങിന്റെ നിരീക്ഷണം ആധുനിക മനഃശാസ്ത്രജ്ഞന്മാരും അംഗീകരിച്ചിട്ടുണ്ട്.

ആധുനികപഠനങ്ങള്‍.യൂങ്ങിനു ശേഷം അന്തര്‍മുഖതയെക്കുറിച്ച് പഠനം നടത്തിയിട്ടുള്ള ആധുനികമനഃശാസ്ത്രജ്ഞന്മാരില്‍ പ്രമുഖന്‍ ലണ്ടന്‍ സര്‍വകലാശാലയിലെ മനഃശാസ്ത്ര പ്രൊഫസറായ എച്ച്.ജെ. ഐസങ്കാണ്. വ്യക്തിത്വത്തെ (personality) അളക്കുന്നതിനും വിവരിക്കുന്നതിനും ആവശ്യമെന്ന് ഐസങ്ക് നിര്‍ണയിച്ചിട്ടുള്ള മൂന്നു മാനങ്ങളില്‍ (dimension) ഏറ്റവും പ്രമുഖമായ സ്ഥാനമാണ് അന്തര്‍മുഖത-ബഹിര്‍മുഖത (introversion extroversion) യ്ക്കുള്ളത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ അന്തര്‍മുഖതയുടെ പ്രാഗ്രൂപം (prototype) ഡിസ്തൈമിക് (Dysthymic) എന്ന് അദ്ദേഹം വിളിക്കുന്ന ലഘുമനോരോഗികളിലാണ് കാണപ്പെടുന്നത് (ബഹിര്‍മുഖതയുടേതാകട്ടെ ഹിസ്റ്റീരിയാ രോഗികളിലും). അന്തര്‍മുഖതയുടെയും ബഹിര്‍മുഖതയുടെയും ലക്ഷണങ്ങളായി ജോര്‍ഡന്‍, ഓട്ടോഗ്രോസ്, യൂങ്ങ്, ഹെന്‍ഡേഴ്സന്‍ മുതലായവര്‍ പറഞ്ഞിട്ടുള്ളതെല്ലാം യഥാക്രമം ഡിസ്തൈമിക്കുകളിലും ഹിസ്റ്റീരിക്കുകളിലുമാണു കാണുന്നതെന്ന്, ഈ രണ്ടു തരം രോഗികളെ ഉപയോഗിച്ചു നടത്തിയ അനവധി പരീക്ഷണപഠനങ്ങളിലൂടെ ഐസങ്കും കൂട്ടരും തെളിയിച്ചിട്ടുണ്ട്. മാത്രമല്ല, അന്തര്‍മുഖതയ്ക്ക് (ബഹിര്‍മുഖതയ്ക്കും) ശാരീരികമായ ഒരടിസ്ഥാനം കൂടി കണ്ടെത്താനുണ്ടെന്ന് അദ്ദേഹം കരുതുന്നു.

മസ്തിഷ്കത്തിലെ വൈദ്യുതോര്‍ജം (electrical potential) രണ്ടു വിധമുണ്ട്. ഏതെങ്കിലും ഉത്തേജനം ലഭിക്കുമ്പോഴുണ്ടാകുന്ന ഉത്തേജക-ഊര്‍ജം (excitatory potential) ഒന്ന്. മറ്റൊന്ന്, അതോടൊപ്പമുണ്ടാകുന്ന പ്രതിബന്ധക-ഊര്‍ജം (inhibitory potential). ഇതില്‍ ആദ്യത്തേതിന്റെ ശക്തി കൂടിയിരിക്കുകയും രണ്ടാമത്തേതിന്റെ ശക്തി കുറഞ്ഞിരിക്കുകയും ചെയ്താല്‍ അത്തരക്കാര്‍ അന്തര്‍മുഖരായിത്തീരാനാണ് സാധ്യത എന്ന് ഐസങ്ക് കരുതുന്നു.

ഡിസ്തൈമിക്കുകളില്‍ ഉത്തേജക-ഊര്‍ജം പെട്ടെന്നും പ്രതിബന്ധക-ഊര്‍ജം സാവധാനവും ആണ് ഉണ്ടാകുന്നതെന്ന് പാവ്ലോവിന്റെ പരീക്ഷണങ്ങളുടെ മാതൃകയില്‍ നടത്തിയ വ്യവസ്ഥാപനപരീക്ഷണങ്ങളിലൂടെ (conditioning experiment) തെളിയുകയുണ്ടായി. ഈ കണ്ടുപിടിത്തത്തെ, ഡിസ്തൈമിക്കുകള്‍ അന്തര്‍മുഖരും ഹിസ്റ്റീരിക്കുകള്‍ ബഹിര്‍മുഖരും ആയിട്ടാണ് കാണപ്പെടുന്നതെന്ന അഭിപ്രായത്തിന്റെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ അന്തര്‍മുഖതയ്ക്കു കാരണം ഉത്തേജക-ഊര്‍ജം പെട്ടെന്നും, പ്രതിബന്ധക-ഊര്‍ജം സാവധാനത്തിലും അവരില്‍ ഉണ്ടാകുന്നതായിരിക്കാം എന്നു അനുമാനിക്കാം. ഐസങ്കിന്റെ മേല്‍നോട്ടത്തില്‍ ഫ്രാങ്ക്സ് എന്ന മനഃശാസ്ത്രജ്ഞനാണ് ഈ നിഗമനങ്ങള്‍ക്ക് സഹായകമായ പരീക്ഷണങ്ങള്‍ നടത്തിയത്. ഇതിനെ തുടര്‍ന്ന് അന്തര്‍മുഖര്‍ക്കും ബഹിര്‍മുഖര്‍ക്കും (ഡിസ്തൈമിക്കുകള്‍ക്കും ഹിസ്റ്റീരിക്കുകള്‍ക്കും) തമ്മില്‍ ശാരീരിക-മാനസികവൃത്തികളില്‍ എന്തെല്ലാം വ്യത്യാസങ്ങളുണ്ടെന്നതിനെക്കുറിച്ച് നടത്തിയ നിരവധി പരീക്ഷണങ്ങളില്‍നിന്നു തെളിഞ്ഞ കുറെ വസ്തുതകള്‍ താഴെ ചേര്‍ക്കുന്നു:

അന്തര്‍മുഖര്‍ താരതമ്യേന പൊക്കം കൂടിയവരും മെലിഞ്ഞവരും (leptosomatic) ആയി കാണപ്പെടുന്നു. ഇവരില്‍ ഉമിനീരുത്പാദനം കുറവാണ്. വ്യായാമംകൊണ്ടു വരുന്ന മാറ്റങ്ങള്‍ (കൂടുതല്‍ പ്രാണവായു സ്വീകരിക്കുക, നാഡീസ്പന്ദനം വര്‍ധിക്കുക, രക്തത്തിലെ ഗ്ളൂക്കോസ് അധികമായി ഉപയോഗപ്പെടുത്തുക മുതലായവ) അന്തര്‍മുഖരില്‍ കൂടുതലായി കാണപ്പെടുന്നു. നടക്കാനിരിക്കുന്ന കാര്യങ്ങളില്‍ അധികം പ്രതീക്ഷ പുലര്‍ത്തുകയും കഴിഞ്ഞുപോയ സംഭവങ്ങളെ വിലയിരുത്തുമ്പോള്‍ നേട്ടങ്ങളെ ഉള്ളതിലും ചെറുതാക്കി കാണുകയും ചെയ്യുന്നു. സ്ഥിരോത്സാഹം അന്തര്‍മുഖരില്‍ കൂടുതലാണ്. എന്നാല്‍ പ്രവൃത്തി ചെയ്യുന്നതിന് വേഗം കുറവാണ്. ബുദ്ധിപരമായ നര്‍മബോധം (congnitive humour) ആണ് അവര്‍ ഇഷ്ടപ്പെടുക. കഥകള്‍ കെട്ടിച്ചമയ്ക്കാനുള്ള കഴിവ് അന്തര്‍മുഖര്‍ക്കു കുറവാണ്. അന്തര്‍മുഖരില്‍ വ്യവസ്ഥാപനം (conditioning) എളുപ്പമാണ്. വ്യവസ്ഥാപനം നീക്കല്‍ (exitinction) പ്രയാസകരവും.

മനോരോഗത്തില്‍.ലഘുമനോരോഗം (neurosis) ബാധിക്കാനിടയായാല്‍ അന്തര്‍മുഖര്‍ ഡിസ്തൈമിക്കുകള്‍ ആകാനാണ് സാധ്യത. അതുപോലെ ചിത്തരോഗം ബാധിക്കാനിടയായാല്‍ സ്കിസോഫ്രേനിയ എന്ന രോഗത്തിനടിമപ്പെടാന്‍ കൂടുതല്‍ സാധ്യതയുണ്ട്.

മത-സന്‍മാര്‍ഗ-രാഷ്ട്രീയാഭിപ്രായങ്ങളില്‍ അന്തര്‍മുഖര്‍ മൃദുലമനസ്കരായിട്ടാണ് കാണപ്പെടുന്നത്. അതായത് യുദ്ധം അരുത്; മരണശിക്ഷ പാടില്ല; ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുകയില്ല; ധാര്‍മികമൂല്യങ്ങളില്‍ ഇരട്ടത്താപ്പുനയം പാടില്ല; കുറ്റവാളികളെ ശിക്ഷിക്കുകയല്ല ചികിത്സിക്കുകയാണ് വേണ്ടത്; മതവിദ്യാഭ്യാസം അഭിലഷണീയമാണ്; ദേശവത്കരണം കാര്യക്ഷമത കുറയ്ക്കും; മരണാനന്തരം ജീവിതമുണ്ട്; ദേശീയ വിപത്തുകള്‍ക്ക് സാന്‍മാര്‍ഗിക മൂല്യങ്ങളുടെ തകര്‍ച്ചയാണു കാരണം-ഇങ്ങനെ പോകുന്നു അന്തര്‍മുഖരുടെ വിശ്വാസപ്രമാണങ്ങള്‍. കലാസ്വാദനത്തില്‍ അന്തര്‍മുഖര്‍ ക്ളാസ്സിക് മാതൃകയിലുള്ള കൃതിയാണ് കൂടുതലിഷ്ടപ്പെടുന്നത്.

അന്തര്‍മുഖത എന്നത് പല സ്വഭാവഗുണങ്ങള്‍ ചേര്‍ന്ന പേര്‍സണാലിറ്റി മാതൃക (personality type) ആണെന്ന് ഇന്നുപരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. അന്തര്‍മുഖത അളക്കാനുള്ള പല പരീക്ഷകളും (tests) ഇന്നു നടപ്പിലുണ്ട്. ചോദ്യോത്തരരൂപത്തിലുള്ള പരീക്ഷകളാണ് അധികവും. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രസിദ്ധിയാര്‍ജിച്ചവ ബേണ്‍റൂട്ടര്‍ പെര്‍സണാലിറ്റി ഇന്‍വെന്ററി, ആന്‍ ഇന്‍വെന്ററി ഒഫ് ഫാക്ടേര്‍സ് എസ്.റ്റി.ഡി.സി.ആര്‍., മോഡ്സ്ലേ പെര്‍സണാലിറ്റി ഇന്‍വെന്ററി എന്നിവയാകുന്നു. നോ: മനഃശാസ്ത്രപരീക്ഷകള്‍

അതീതമനഃശാസ്ത്രം

para psychology

അഗോചര സംവേദനം (claivoyance), ഇന്ദ്രിയാതീത വിചാരവിനിമയം (telepathy), ഭാവികാലജ്ഞാനം (precognition), പ്രാകാമ്യചലനം (psychokinesis), മരണാനന്തരജീവിതം (survival after death) തുടങ്ങി ശാസ്ത്രീയവീക്ഷണത്തിന് അതീതമെന്നോ, വിപരീതമെന്നോ തോന്നിക്കുന്ന പ്രതിഭാസങ്ങളെ പ്രതിപാദിക്കുന്ന മനഃശാസ്ത്ര ശാഖ.

കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ചില പ്രമുഖ ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ 1882-ല്‍ ലണ്ടനില്‍ സൊസൈറ്റി ഒഫ് സൈക്കിക്കല്‍ റിസര്‍ച്ച് സ്ഥാപിച്ചതോടുകൂടി അതീതമനഃശാസ്ത്രപഠനം ഊര്‍ജസ്വലമായിത്തീര്‍ന്നു. 1885-ലാണ് 'അമേരിക്കന്‍ സൊസൈറ്റി ഒഫ് സൈക്കിക്കല്‍ റിസര്‍ച്ച്' സ്ഥാപിതമായത്. ഒലിവര്‍ ലോഡ്ജ്, ചാള്‍സ് റിഷേ, എഫ്.ഡബ്ള്യു.എച്ച്. മയേഴ്സ്, വില്യം ക്രൂക്സ് തുടങ്ങിയവര്‍ ആദ്യകാലത്തെ പ്രമുഖ ഗവേഷകരായിരുന്നു. അതീതമനഃശാസ്ത്രപ്രതിഭാസങ്ങള്‍ വാസ്തവമാണെന്ന് കരുതുകയും അവയെപ്പറ്റി പഠനം നടത്തുകയും ചെയ്ത പ്രമുഖ മനഃശാസ്ത്രജ്ഞന്‍മാരില്‍ വില്യം ജെയിംസ്, വില്യം മക്ഡുഗല്‍, ഫ്രോയിഡ്, യൂങ്ങ്, ഗാര്‍ഡനര്‍ മര്‍ഫി, എച്ച്.ജെ. ഐസക് എന്നിവര്‍ പെടുന്നു. ഇന്ന് ഇംഗ്ളണ്ട്, യു.എസ്., റഷ്യ, ജര്‍മനി, ഫ്രാന്‍സ്, ചെക്കസ്ളോവാക്യ തുടങ്ങിയ രാജ്യങ്ങളില്‍ അതീതമനഃശാസ്ത്രഗവേഷണശാലകളുണ്ട്.

1934-ല്‍ യു.എസില്‍ ഡ്യൂക്ക് യൂണിവേഴ്സിറ്റിയില്‍ ജെ.ബി. റൈന്‍ അതീതമനഃശാസ്ത്ര ഗവേഷണശാലയില്‍ നടത്തിയ പരീക്ഷണങ്ങള്‍ ശാസ്ത്രജ്ഞരുടെയും പൊതുജനങ്ങളുടെയും ശ്രദ്ധ ആകര്‍ഷിച്ചു. അതീതമനഃശാസ്ത്രത്തില്‍ ഉപരിപഠനവും പരീക്ഷണവും വിപുലമായതോതില്‍ ആരംഭിച്ചത് ഇതോടുകൂടിയാണ്. ഇന്ത്യയില്‍ ആന്ധ്രാ സര്‍വകലാശാലയുടെ കീഴില്‍ ഇത്തരം ഒരു ഗവേഷണസ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ട്.

അതീന്ദ്രിയ സംവേദനം (Extra Sensory perception-E.S.P). സാധാരണരീതിയില്‍ ഇന്ദ്രിയങ്ങളില്‍ കൂടിയുള്ള ഊര്‍ജോത്തേജനം മൂലമല്ലാതെ ഉണ്ടാകുന്ന അറിവിനെയാണ് അതീന്ദ്രിയസംവേദനം (ഇ.എസ്.പി.) എന്നു പറയുന്നത്. ഇതിനെ മൂന്നായി തിരിക്കാം.

ഇ.എസ്.പി കാര്‍ഡുകള്‍

അഗോചര സംവേദനം. ചുറ്റുപാടുകളെയും ദൂരസ്ഥലങ്ങളെയും ഭൂതകാലത്തെയുംപറ്റി സാധാരണ ഇന്ദ്രിയങ്ങളില്‍ക്കൂടി കിട്ടുന്ന തരത്തിലുള്ള അറിവ് ഇന്ദ്രിയസഹായമില്ലാതെ കിട്ടുന്നതാണ് അഗോചരസംവേദനം (claivoyance).

പരീക്ഷണശാലയില്‍ ഇ.എസ്.പി. ചീട്ടുകള്‍ (E.S.P Cards) ഉപയോഗിച്ചാണ് അഗോചരസംവേദനത്തെപ്പറ്റി ഗവേഷണം നടത്തുന്നത്. ഒരു കുത്ത് ഇ.എസ്.പി. ചീട്ട് 5 വീതമുള്ള 5 തരം ചീട്ടുകള്‍ ചേര്‍ന്നതാണ്. അഞ്ചുതരം ചീട്ടുകളിലുള്ള ചിഹ്നങ്ങള്‍, വൃത്തം, നക്ഷത്രം, അധികചിഹ്നം, ചതുരം, വളഞ്ഞ വരകള്‍ എന്നിവയാണ് ആദ്യമായി ചീട്ടുകളെയും ചിഹ്നങ്ങളെയും പറ്റി പരീക്ഷിക്കപ്പെടേണ്ട വ്യക്തിയെ പറഞ്ഞു മനസ്സിലാക്കുന്നു. അതിനുശേഷം ഒരു കുത്ത് ചീട്ട് എടുത്തു കശക്കി ഒരു ചീട്ടെടുത്ത് ചിഹ്നമുള്ളവശം കമഴ്ത്തിവച്ചിട്ട് ചിഹ്നം ഏതാണെന്ന് അനുമാനിക്കാന്‍ അയാളോട് ആവശ്യപ്പെടുന്നു. 25 ചീട്ടുകളുടെയും അനുമാനഫലം രേഖപ്പെടുത്തിയശേഷം ചീട്ടുകള്‍ എടുത്ത് എത്ര എണ്ണം ശരിയായിട്ട് അനുമാനിച്ചു എന്ന് കണക്കാക്കുന്നു. യാദൃച്ഛികൈക്യം മൂലം ശരിയാകാവുന്ന എണ്ണം 5 ആണ്. ഈ പരീക്ഷണം അനേകം പ്രാവശ്യം ആവര്‍ത്തിക്കുമ്പോള്‍ യാദൃച്ഛികൈക്യം മാത്രമാണ് ശരിയായ അനുമാനത്തിനാധാരമെങ്കില്‍, ശരിയായ അനുമാനനിരക്ക് 5-ന്റെ അടുത്തു വരുന്നതാണ്. പക്ഷേ, അനേക വര്‍ഷങ്ങളായി, നിരവധി ആളുകളില്‍ നടത്തിയ പരീക്ഷണങ്ങളില്‍പ്പോലും അനുമാനനിരക്ക് 5-ല്‍ കൂടുതലാണ് (സാധാരണ 7 ആണ് കിട്ടുക) എന്നു കണ്ടിരിക്കുന്നു.

ഇന്ദ്രിയാതീത വിചാരവിനിമയം. ഒരാളുടെ ബോധമനസ്സിലെയോ അബോധമനസ്സിലെയോ വിചാരവികാരങ്ങള്‍ മറ്റൊരാളുടെ മനസ്സിലേക്ക് സംക്രമിക്കുന്നതാണ് ഈ വിചാരവിനിമയം. പരീക്ഷകന്‍ ഇ.എസ്.പി. ചീട്ടുകളിലെ 5 ചിഹ്നങ്ങളില്‍ ഏതെങ്കിലും ഒന്ന് മനസ്സില്‍ വിചാരിക്കുന്നു. അതു ഏതായിരിക്കാമെന്ന് പരീക്ഷ്യന്‍ ഊഹിച്ച് രേഖപ്പെടുത്തുന്നു. അതിനുശേഷം താന്‍ വിചാരിച്ച ചിഹ്നം പരീക്ഷകന്‍ രേഖപ്പെടുത്തുന്നു. അനേകം തവണ ഇത് ആവര്‍ത്തിച്ചശേഷം എത്ര പ്രാവശ്യം ശരിയായ അനുമാനം ഉണ്ടായെന്ന് കണക്കാക്കുന്നു. ഇത്തരം പരീക്ഷണങ്ങളിലും ശരിയായ അനുമാനങ്ങളുടെ നിരക്ക് 20 ശതമാനത്തില്‍ കൂടുതലാണെന്ന് കാണപ്പെടുന്നു.

ഭാവികാലജ്ഞാനം (Precognition). വരാന്‍പോകുന്ന കാര്യങ്ങളെപ്പറ്റി ഊഹാപോഹങ്ങള്‍ക്കും യുക്തിക്കും ഉപരിയായി നേരിട്ട് അറിവു ലഭിക്കുന്ന അതീന്ദ്രിയ സംജ്ഞാനമാണ് ഇത്. ഒരു കുത്ത് ഇ.എസ്.പി. ചീട്ട് കശക്കുന്നതിന് മുന്‍പായി, കശക്കിക്കഴിഞ്ഞശേഷം വരാന്‍പോകുന്ന ചീട്ടുകളുടെ ക്രമം പരീക്ഷ്യന്‍ ഊഹിച്ച് എഴുതുന്നു. എന്നിട്ട് യന്ത്രസഹായത്തോടുകൂടി ചീട്ടുകള്‍ കശക്കുന്നു. എത്ര ചീട്ടുകളുടെ സ്ഥാനം ശരിയായി അനുമാനിക്കപ്പെട്ടുവെന്ന് നേരത്തെ പറഞ്ഞ രീതിയില്‍ കണക്കാക്കുന്നു. മനുഷ്യമനസ്സിന് ഭാവികാലസംവേദനത്തിന് കഴിവുണ്ടെന്ന് ഇപ്രകാരമുള്ള പരീക്ഷണങ്ങള്‍കൊണ്ട് തെളിയിക്കപ്പെട്ടിട്ടുണ്ട്.

പ്രാകാമ്യചലനം (Psychokinesis). മാനസിക പ്രക്രിയമൂലം, ശാരീരിക പ്രവര്‍ത്തനം വഴിയല്ലാതെ വസ്തുക്കളില്‍ ചലനമോ അവസ്ഥാഭേദമോ ഉണ്ടാകുന്നതാണ് പ്രാകാമ്യചലനം (ചുരുക്കരൂപം ഇംഗ്ളീഷില്‍ P.K). പരീക്ഷണശാലയില്‍ ചതുരക്കട്ടകള്‍ ഉപയോഗിച്ചാണ് ഇതിനെക്കുറിച്ച് പഠിക്കുന്നത്. കട്ടയുടെ 6 വശങ്ങളില്‍ 1 മുതല്‍ 6 വരെയുള്ള അക്കങ്ങള്‍ എഴുതിയിരിക്കും. പരീക്ഷ്യന്‍ ഏതെങ്കിലും ഒരു വശം തിരഞ്ഞെടുത്തിട്ട് കട്ട വീഴുമ്പോള്‍ ആ വശം മുകളില്‍ വരണമെന്ന് ധ്യാനിക്കുന്നു. യന്ത്രസഹായത്തോടുകൂടി കട്ട കുലുക്കി ഇടുന്നു. അനേകം തവണ ഇതാവര്‍ത്തിക്കുമ്പോള്‍ തവണയില്‍ വളരെക്കൂടുതല്‍ പ്രാവശ്യം ആ വശം മുകളില്‍ വരികയാണെങ്കില്‍ പരീക്ഷ്യന് പ്രാകാമ്യചലനത്തിനുള്ള ശക്തി ഉണ്ടെന്ന് കരുതാവുന്നതാണ്.

മേല്‍പ്പറഞ്ഞ കൂടിയ വിജയശതമാനത്തെ കൂടാതെ അതീന്ദ്രിയ സംവേദനം, പ്രാകാമ്യചലനം എന്നീ വസ്തുതകള്‍ക്ക് മറ്റനേകം തെളിവുകള്‍ കിട്ടിയിട്ടുണ്ട്. ഉദാഹരണമായി പരീക്ഷ്യര്‍ക്ക് പരീക്ഷണത്തിലുള്ള താത്പര്യം വിജയശതമാനത്തെ ബാധിക്കുന്നതായി കണ്ടിരിക്കുന്നു. ചില ലഹരി പദാര്‍ഥങ്ങള്‍ കഴിക്കുമ്പോള്‍ വിജയശതമാനം വര്‍ധിക്കുന്നതും മറ്റു ചിലതു കഴിക്കുമ്പോള്‍ വിജയശതമാനം കുറയുന്നതും മറ്റൊരു തെളിവാണ്.

അസാധാരണ കഴിവുകളുള്ള വ്യക്തികള്‍. ഇ.എസ്.പി., പി.കെ. (E.S.P.,P.K.) കഴിവുകള്‍ വളരെ അധികമുണ്ടെന്ന് അവകാശപ്പെടുന്നവരും അതുപയോഗിച്ച് ജീവിക്കുന്നവരും ആയ അനേകം ആളുകള്‍ എല്ലാ രാജ്യങ്ങളിലും ഉണ്ടെങ്കിലും ഇക്കൂട്ടരില്‍ മിക്കവരും തന്നെ തട്ടിപ്പുകാരാണെന്നാണ് ശാസ്ത്രീയ അന്വേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

ഒരാളിനെ കാണുമ്പോഴോ അയാള്‍ ഉപയോഗിക്കുന്ന ഏതെങ്കിലും സാധനം കൈയില്‍ കിട്ടുമ്പോഴോ പേരു തുടങ്ങി ആ ആളിനെപ്പറ്റിയുള്ള നിരവധി കാര്യങ്ങള്‍ കൃത്യമായി പറയാന്‍ കഴിവുള്ള ചില ആളുകളെ ശാസ്ത്രജ്ഞന്മാര്‍ കണ്ടിട്ടുണ്ട്. ചില ആളുകള്‍ക്ക് ഒരു കണ്ണാടി ഗോളത്തിനകത്തേക്കോ, തീനാളത്തിലേക്കോ, ദ്രാവകത്തിന്റെ ഉപരിതലത്തിലേക്കോ, കവടിയുടെ കിടപ്പിലേക്കോ നോക്കുമ്പോഴാണ് അതീന്ദ്രിയസംവേദനം ഉത്തേജിതമാകുന്നത്. ശരിയായി ഫലം പറയുന്ന ഹസ്തരേഖാശാസ്ത്രജ്ഞന്മാരും, ജ്യോത്സ്യന്മാരും, പക്ഷിശാസ്ത്രക്കാരും, മഷിനോട്ടക്കാരും, കിണറു കുഴിക്കാന്‍ സ്ഥാനം നിര്‍ണയിക്കുന്നവരും ഒരുപക്ഷേ അതീന്ദ്രിയ സംവേദനത്തിന് കഴിവുള്ളവരായിരിക്കാം. ആളുകളെ അവര്‍ അറിയാതെ വിചാരവിനിമയം മൂലം ഹിപ്നോട്ടിക് സംസൂചനകള്‍ക്ക് വിധേയരാക്കാന്‍ കഴിവുള്ളവരുമുണ്ടെന്ന് പറയപ്പെടുന്നു. മൃഗങ്ങളിലും ഇ.എസ്.പി. ഉണ്ടെന്നുള്ളതിനു തെളിവുകള്‍ ഉണ്ട്.

മന്ത്രവാദികള്‍ തങ്ങളുടെ പ്രയോഗങ്ങള്‍മൂലം തങ്ങളിലുള്ള പി.കെ. കഴിവിനെ ഉണര്‍ത്തി പ്രവര്‍ത്തിപ്പിക്കുകയാകാം ചെയ്യുന്നത്. പ്രാര്‍ഥനമൂലം തീരാവ്യാധികള്‍ മാറ്റിക്കിട്ടിയ അനേകം സംഭവങ്ങള്‍ ഉണ്ട്. ഹൃദയമിടിപ്പ് തുടങ്ങിയ അനൈച്ഛിക പ്രവര്‍ത്തനങ്ങളെയും വേദനയേയും നിയന്ത്രിക്കാന്‍ കഴിവുള്ള യോഗിമാരുണ്ട്. ബുദ്ധസന്ന്യാസിമാരില്‍ ചിലര്‍ ധ്യാനനിരതരായിക്കുമ്പോള്‍ സൂചികൊണ്ടു കുത്തുക തുടങ്ങിയ ഇന്ദ്രിയോത്തേജനങ്ങള്‍പോലും അവരുടെ തലച്ചോറില്‍നിന്നും വരുന്ന വൈദ്യുതവീചികളെ മാറ്റാന്‍ ശക്തമല്ലെന്നു കണ്ടിട്ടുണ്ട്.

ആത്മാവിന്റെ അസ്തിത്വം (Survival after death). ഇ.എസ്.പി.യും പി.കെ.യും ഉണ്ടെന്ന് ഇന്ന് ഭൂരിഭാഗം മനഃശാസ്ത്രജ്ഞന്മാരും അംഗീകരിക്കുമെങ്കിലും മരണാനന്തരജീവിതം ഇന്നും തര്‍ക്കവിഷയം തന്നെ. ഈ പശ്ചാത്തലത്തില്‍ മായാരൂപങ്ങള്‍, മാധ്യമങ്ങള്‍, പുനര്‍ജന്മം എന്നിവ ചര്‍ച്ചാവിധേയമാക്കേണ്ടതാകുന്നു.

മായാരൂപങ്ങള്‍ (Apparations). നിരവധി കാരണങ്ങള്‍കൊണ്ട് മായാരൂപങ്ങള്‍ ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ വെറും ഒരു വിഭ്രമം (hallucination) മൂലം മായാരൂപങ്ങള്‍ കണ്ടെന്നുവരാം. മരണസമയത്ത് ഒരാള്‍ വേണ്ടപ്പെട്ടവര്‍ക്ക് വിചാരവിനിമയം മൂലം അയയ്ക്കുന്ന വാര്‍ത്ത മായാരൂപങ്ങളായി അവരുടെ ബോധമനസ്സില്‍ പ്രത്യക്ഷപ്പെടുമത്രെ. ചിലപ്പോള്‍ അബോധമനസ്സ് വാര്‍ത്ത സ്വീകരിച്ചിട്ട് കുറേസമയം കഴിഞ്ഞാകാം അത് ബോധമനസ്സില്‍ പ്രവേശിക്കുന്നത്. പരീക്ഷണാര്‍ഥം ഒരാള്‍ക്ക് വേറൊരാളിന്റെ മുന്‍പില്‍ മായാരൂപം പ്രത്യക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇവയ്ക്കുപരിയായി ചില വീടുകളില്‍ പതിവായി കാണപ്പെടുന്ന മായാരൂപങ്ങളെയും ശാസ്ത്രീയ നിരീക്ഷണത്തിനു വിധേയമാക്കിയിട്ടുണ്ട്. പണ്ടു നടന്ന സംഭവങ്ങളുടെ അഗോചരസംവേദനത്തെ ചില പ്രത്യേക ചുറ്റുപാടുകള്‍ ഉത്തേജിപ്പിക്കുമെന്നും അപ്രകാരമാണ് ഇത്തരം മായാരൂപങ്ങളെ ആദ്യമായി കാണാന്‍ തുടങ്ങുന്നതെന്നും, പലരും കണ്ടു കഴിഞ്ഞാല്‍ അടുത്തു താമസിക്കുന്ന ആളുകള്‍ ഇതില്‍ വിശ്വസിക്കുമെന്നും ക്രമേണ ഇ.എസ്.പി. അധികമില്ലാത്തവരും കൂടി ഇതു കാണാന്‍ തുടങ്ങുമെന്നും പറയപ്പെടുന്നു. അതല്ല, മരിക്കുന്ന ആളുടെ അബോധമനസ്സ് അന്ത്യനിമിഷങ്ങളില്‍ സൃഷ്ടിച്ചുവിടുന്ന ഒരു നിഴലാണിതെന്നു പറയുന്നവരും ഉണ്ട്. മരിച്ചുപോയ ആളിന്റെ സൂക്ഷ്മശരീരമാണ് ഈ മായാരൂപമെന്ന് മറ്റൊരുവാദവും നിലവിലുണ്ട്.

മാധ്യമങ്ങള്‍. പരേതന്‍ ജീവിച്ചിരിക്കുന്നവരില്‍ക്കൂടി സംസാരിക്കുമെന്നുള്ള വിശ്വാസം മിക്ക രാജ്യങ്ങളിലുമുണ്ട്. ആരില്‍ക്കൂടിയാണോ സംസാരിക്കുന്നത് അയാളെ മാധ്യമം എന്നു പറയുന്നു. ചിലപ്പോള്‍ മാധ്യമത്തിന്റെ കൈയ്, അയാളുടെ നിയന്ത്രണം വിട്ട് എഴുതിത്തുടങ്ങും. നാലു ചക്രങ്ങളുള്ളതും പെന്‍സില്‍ ഘടിപ്പിച്ചതുമായ ഒരു പലക (Planchette) ഇതിന് ഉപയോഗിക്കാറുണ്ട്. ചിലപ്പോള്‍ ചുറ്റിലും അക്ഷരങ്ങള്‍ എഴുതിയ മിനുസമുള്ള ഒരു പലകയില്‍ (Ouija Board) ഒരു നാണയംവച്ച് അതില്‍ വിരല്‍കൊണ്ട് തൊട്ട് നാണയം ചലിച്ച് വിവിധ അക്ഷരങ്ങളിലേക്ക് നീങ്ങിയാണ് ആശയങ്ങള്‍ വ്യക്തമാക്കുന്നത്. പലപ്പോഴും മാധ്യമത്തിന്റെ അബോധമനോവിക്രിയകളാണ് ഇവയ്ക്കാധാരം. അപരിഷ്കൃതജനതകളില്‍ കണ്ടുവരുന്ന പിശാചുബാധയ്ക്ക് ഹിസ്റ്റീരിയാ എന്ന മാനസികരോഗവുമായി ബന്ധമുള്ളതായി കണ്ടിട്ടുണ്ട്. ചിലപ്പോള്‍ മോഹനിദ്ര (trance)യില്‍ ആയിരിക്കുന്ന മാധ്യമത്തിന്റെ അബോധമനസ്സ് ബോധമനസ്സിന് അറിഞ്ഞുകൂടാത്ത കാര്യങ്ങള്‍ ഇ.എസ്.പി. മൂലം ഗ്രഹിച്ച് നാടകീയമായി അവതരിപ്പിക്കുമത്രെ. ജീവിച്ചിരിക്കുന്ന ആര്‍ക്കും ആ സമയത്ത് അറിഞ്ഞുകൂടാത്ത കാര്യങ്ങള്‍ വളരെ അപൂര്‍വമായി മാധ്യമങ്ങളില്‍ക്കൂടി ലഭിച്ചിട്ടുണ്ട്. മാധ്യമങ്ങളില്‍നിന്ന് ചിലപ്പോള്‍ ഒരു അര്‍ധവസ്തു (Ectoplasm) പുറപ്പെട്ട് വിവിധ രൂപങ്ങള്‍ കൈക്കൊള്ളുമെന്ന് പറയപ്പെടുന്നു. ജീവിച്ചിരുന്നപ്പോള്‍ അതീതമനഃശാസ്ത്രത്തില്‍ ഗവേഷണം നടത്തിയിരുന്ന ചിലര്‍ മരണശേഷം സഹപ്രവര്‍ത്തകര്‍ക്കുവേണ്ടി ഒന്നിലധികം ഭാഗങ്ങളായി ഒരു ആശയം അയച്ചിട്ടുണ്ടത്രെ. ഈ ഭാഗങ്ങളെല്ലാം ഒന്നിച്ച് ചേര്‍ത്താലേ ആശയം പൂര്‍ണമാകുകയുള്ളു. ആത്മാവിന്റെ അസ്തിത്വത്തിനുള്ള ഏറ്റവും പ്രധാന തെളിവായി ഇത്തരം പരീക്ഷണങ്ങള്‍ കണക്കാക്കപ്പെടുന്നു.

പുനര്‍ജന്മം. പൂര്‍വജന്മം ഓര്‍മയുണ്ടെന്നു പറയുന്ന നിരവധി വ്യക്തികളെ ഗവേഷകര്‍ പഠനവിധേയരാക്കിയിട്ടുണ്ട്. പണ്ട് ജീവിച്ചിരുന്ന ആളുകളുമായി മാനസികസാമ്യം ഉള്ളതുകൊണ്ട് ആദ്യത്തെ ആളുടെ അനുഭവങ്ങള്‍ ഇ.എസ്.പി. മൂലം രണ്ടാമത്തെ ആളിന് ലഭ്യമാകുകമാത്രമാണ് ചെയ്യുന്നതെന്നും ഇത് പുനര്‍ജന്മം ആകണമെന്നില്ലെന്നും ഒരു വാദമുഖം ഉണ്ട്.

ദാര്‍ശനികപ്രശ്നങ്ങള്‍. ഇ.എസ്.പി.യും പി.കെ.യും ഭൌതിക-ഊര്‍ജംകൊണ്ടല്ല സംഭവിക്കുന്നതെന്ന് കരുതപ്പെടുന്നു. പരീക്ഷകനും പരീക്ഷ്യനും അനേകം മൈലുകള്‍ ദൂരെയായിരിക്കുമ്പോഴും വിചാരവിനിമയം വ്യത്യാസപ്പെടുന്നില്ല. പ്രാകാമ്യചലനം പഠിക്കുന്നതിനുപയോഗിക്കുന്ന കട്ടയുടെ ഭാരം, കട്ടകളുടെ എണ്ണം, ഇവ പി.കെ.-യെ ബാധിക്കുന്നില്ല. നമ്മുടെ ഇന്ദ്രിയങ്ങളുടെ കര്‍ത്തവ്യം സംവേദനത്തെ നമ്മുടെ അടുത്ത ചുറ്റുപാടിലേക്ക് തടുത്തുനിര്‍ത്തുകമാത്രമാകാം. ഭാവികാലജ്ഞാനം വരാന്‍പോകുന്ന കാര്യങ്ങള്‍ നിശ്ചയിക്കപ്പെട്ടിരിക്കുകയാണെന്ന് കാണിക്കുമ്പോള്‍ പി.കെ. നമുക്ക് ഭൌതിക കാര്യങ്ങളെ നിയന്ത്രിക്കാനുള്ള കഴിവിനെ കാണിക്കുന്നു. നമ്മുടെ ഇച്ഛകളും ഒരുപക്ഷേ നേരത്തെ നിശ്ചയിക്കപ്പെട്ടിരിക്കുകയായിരിക്കും എന്നു ചില ശാസ്ത്രജ്ഞന്‍മാര്‍ കരുതുന്നു.

അനുഭൂതിമനഃശാസ്ത്രം

Psychology of feeling

അനുഭൂതികളെ വിശകലനം ചെയ്യുകയും വിശദീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന മനഃശാസ്ത്രശാഖ.

അനുഭൂതി (feeling) എന്ന വാക്ക് രണ്ട് അര്‍ഥത്തിലാണ് മനഃശാസ്ത്രഗ്രന്ഥങ്ങളില്‍ ഉപയോഗിച്ചുകാണുന്നത്. (1) പരിതഃസ്ഥിതിയില്‍നിന്നുള്ള പ്രേരകങ്ങള്‍ (stimuli) വ്യക്തിയില്‍ പതിക്കുമ്പോള്‍ അയാളില്‍ ഉണ്ടാകുന്ന സുഖകരമോ അസുഖകരമോ ആയ ഒരു പ്രതികരണം. 'മഞ്ഞയേക്കാള്‍ നീലയാണ് ഞാനിഷ്ടപ്പെടുന്നത്' എന്നോ 'ആ ചിത്രത്തില്‍ നിറങ്ങളുടെ ചേര്‍ച്ച വളരെ ഹൃദ്യമായിരിക്കുന്നു' എന്നോ 'അവളുടെ സ്വരം ഞാന്‍ ഇഷ്ടപ്പെടുന്നില്ല' എന്നോ ഒരാള്‍ പറയുമ്പോള്‍ ഇത്തരം അനുഭൂതികള്‍ പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇവിടെ അനുഭൂതി വികാരങ്ങളോട് (emotions) ബന്ധപ്പെട്ടിരിക്കയാണെന്നു പറയാം. വില്‍ഹം വുണ്ട് (Wilhelm Wundt), ടിച്ച്നര്‍ (Titchher), വുഡ്വര്‍ത്ത് (Wood-worth) മുതലായവര്‍ അനുഭൂതിയെ ഇപ്രകാരം വികാരങ്ങളോട് ചേര്‍ത്താണ് വ്യാഖ്യാനിച്ചിട്ടുള്ളത്. (2) ചര്‍മസംവേദനങ്ങള്‍(cutaneous sensations). മോര്‍ഗന്‍ (Morgan), നാഫ് (Naff) മുതലായവര്‍ അനുഭൂതിയെ ത്വക്കില്‍നിന്നും മാംസപേശികളില്‍നിന്നും (kinesthetic) വരുന്ന സംവേദനങ്ങളോട് ബന്ധപ്പെടുത്തിയാണ് പറയുന്നത്. അനുഭൂതിയുടെ പരിമാണസിദ്ധാന്തം (A qantitative Theory of Feelings) എന്ന പേരില്‍ 1929-ല്‍ നാഫ് തനിച്ചും 1960-ല്‍ നാഫും കെന്‍ഷാലും ചേര്‍ന്നും പ്രസിദ്ധീകരിച്ച പ്രബന്ധങ്ങളില്‍ ത്വക്കില്‍നിന്നും വരുന്ന സംവേദനങ്ങളെ (ശീതം, താപം, മര്‍ദം തുടങ്ങിയവയെ) മാത്രമേ പരാമര്‍ശിച്ചിട്ടുള്ളു. ഫീലിങ് എന്ന ഇംഗ്ളിഷ് വാക്കിന് ചര്‍മസംവേദനങ്ങളെ സൂചിപ്പിക്കുന്ന അര്‍ഥംകൂടിയുണ്ട്. ചൂടുതോന്നുന്നു (feeling warmth), വേദന തോന്നുന്നു എന്നൊക്കെ പറയുമ്പോള്‍ കാണുക, കേള്‍ക്കുക മുതലായവയോട് ചേര്‍ത്ത് 'ഫീലിങ്' എന്ന വാക്ക് ഉപയോഗിക്കാറില്ല. അതിനാലാണ് മുമ്പുപറഞ്ഞ ശാസ്ത്രജ്ഞന്മാര്‍ അനുഭൂതിയെ ചര്‍മസംവേദനങ്ങളോട് ബന്ധപ്പെടുത്തിയിരിക്കുന്നത്.

ത്രിമാനപദ്ധതി. അനുഭൂതിയെ വികാരങ്ങളുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിച്ചിട്ടുള്ളവരില്‍ പ്രമുഖന്‍ വില്‍ഹം വുണ്ട് ആണ്. ഓരോ അനുഭൂതിയേയും സുഖകരമോ അസുഖകരമോ, പ്രക്ഷുബ്ധമോ ശാന്തമോ, മുറുക്കം കൂടിയതോ അയഞ്ഞതോ എന്നിങ്ങനെ മൂന്നു തരത്തില്‍ വിവരിക്കാന്‍ കഴിയുമെന്ന് വുണ്ട് പ്രസ്താവിച്ചു. ഓരോ രീതിയിലും തന്നെ മാത്രാവ്യത്യാസം (quantitative difference) കൂടി സൂചിപ്പിക്കാമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം (ഉദാ. ഏറ്റവും അസുഖകരം, അസുഖകരം, സുഖകരം, ഏറ്റവും സുഖകരം എന്നിങ്ങനെ). 'അനുഭൂതിയെ സംബന്ധിച്ച വുണ്ടിന്റെ ത്രിമാനപദ്ധതി' (Wundt's Three Dimensional Theory of Feeling) എന്ന പേരിലാണ് ഈ സിദ്ധാന്തം അറിയപ്പെടുന്നത്.

അനുഭൂതിക്ക് സുഖകരം-അസുഖകരം എന്ന ഒരൊറ്റ മാനം (dimension) മാത്രമേയുള്ളുവെന്ന് വുണ്ടിന്റെ ശിഷ്യരില്‍ പ്രമുഖനായിരുന്ന ടിച്ച്നര്‍ വാദിക്കുകയുണ്ടായി. അനുഭൂതിയുടെ ഈയൊരു വശം മാത്രമേ ആധുനിക മനഃശാസ്ത്രത്തിലും പഠനവിഷയമാക്കപ്പെടുന്നുള്ളു. മാത്രമല്ല ഉത്തേജകങ്ങളെ സുഖകരം-അസുഖകരം എന്നു വകതിരിക്കുന്ന പ്രക്രിയയെ വികാരപരമായ വിലയിരുത്തല്‍ എന്നോ മുന്‍ഗണന നല്കല്‍ എന്നോ പറയാനാണ് ആധുനിക മനഃശാസ്ത്രജ്ഞന്മാര്‍ ഇഷ്ടപ്പെടുന്നത്.

അനുഭൂതിമാപനം. മാത്രാവ്യത്യാസം കണക്കാക്കി അനുഭൂതിയെ അളക്കാന്‍ മൂന്നു മാര്‍ഗങ്ങളുണ്ട്. ഒന്നാമത്തെ മാര്‍ഗം അനുഭൂതിയെ അടിസ്ഥാനമാക്കി ഉത്തേജകങ്ങളുടെ (വസ്തുക്കള്‍) സ്ഥാനം നിര്‍ണയിക്കുകയാണ്. ഉദാഹരണമായി വെളിച്ചെണ്ണ, എള്ളെണ്ണ, പെട്രോള്‍, മരോട്ടിയെണ്ണ, ഡീസലോയില്‍, ആവണക്കെണ്ണ എന്നിവ നിരത്തിവയ്ക്കുക; ഒരാളോട് ഇവയെ ഗന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും സുഖകരം, അതില്‍ കുറച്ചു സുഖകരം, അതിലും കുറച്ചു സുഖകരം, അതിലും കുറച്ച്...... എന്നിങ്ങനെ ക്രമീകരിച്ച് വയ്ക്കാന്‍ പറയുക. രണ്ടാമത്തെ മാര്‍ഗം, ഉത്തേജകങ്ങളെ ഏറ്റവും സുഖകരം, സുഖകരം, സുഖകരമല്ല, അസുഖകരമല്ല, അസുഖകരം, ഏറ്റവും അസുഖകരം എന്നീപ്രകാരം തരംതിരിക്കുകയെന്നതാണ്. ഒരേസമയം ഈ രണ്ടു വസ്തുക്കളെ കാണിച്ച് അതില്‍ ഏതാണ് ഇഷ്ടപ്പെടുന്നതെന്ന് ചോദിക്കുകയാണ് മൂന്നാമത്തെ മാര്‍ഗം. ഈ രീതിയില്‍ ഉത്തേജകങ്ങളെ എല്ലാത്തരത്തിലുമുള്ള ജോടികളാക്കി, ഓരോ തവണയും ഇഷ്ടപ്പെടുന്നത് ഏതെന്ന് കുറിച്ചുവയ്ക്കണം. അവസാനം ഓരോ വസ്തുവും എത്ര തവണ ഇഷ്ടപ്പെട്ടു എന്നു കണക്കാക്കി അതാതിന്റെ വികാരപരമായ മൂല്യം (affective value) നിര്‍ണയിക്കാം.

രസനേന്ദ്രിയാനുഭൂതികളെ മിക്കവരും ഇഷ്ടപ്പെടുന്നത് മധുരം, പുളി, ഉപ്പ്, കയ്പ് എന്നീ ക്രമത്തിലാണ്. ഈ വസ്തുക്കളുടെ ഗാഢത (concentration) വ്യത്യാസപ്പെടുന്നതനുസരിച്ച് രുചിയിലും വ്യത്യാസം അനുഭവപ്പെടും. മധുരം അനുഭവപ്പെടണമെങ്കില്‍ 5 ശ.മാ. ഗാഢത വേണം. ലവണം 1 ശ.മാ.-ലും പുളി 0 ശ.മാ.-ലും ഇഷ്ടപ്പെടുന്നു. സ്ത്രീകളില്‍ 71 ശ.മാ. പേരും നിറങ്ങളിഷ്ടപ്പെടുമ്പോള്‍ പുരുഷന്മാരില്‍ 26 ശ.മാ. മാത്രമേ നിറങ്ങളില്‍ താത്പര്യം പ്രകടിപ്പിക്കുന്നുള്ളു. തരംഗദൈര്‍ഘ്യം (wave length) കുറഞ്ഞ നിറങ്ങളാണ് മിക്കവരും കൂടുതല്‍ ഇഷ്ടപ്പെടുന്നത്. ഉദാ. നീല (400 m/u), പച്ച (500 m/u), ചുവപ്പ് (650 m/u) എന്നീ നിറങ്ങള്‍ ഇതേക്രമത്തിലാണ് ഭൂരിപക്ഷം ആളുകളും ഇഷ്ടപ്പെടുന്നതെന്ന് നിറങ്ങളെ സംബന്ധിച്ച പരീക്ഷണങ്ങളില്‍നിന്നു തെളിഞ്ഞിട്ടുണ്ട്.

ഉത്തേജകങ്ങളുടെ ആവര്‍ത്തനം അനുഭൂതിയെ അനുകൂലമായും പ്രതികൂലമായും ബാധിക്കും. ആവര്‍ത്തനംകൊണ്ട് മധുരാസക്തി വര്‍ധിക്കുന്നതായും കയ്പിനോടുള്ള എതിര്‍പ്പ് കുറയുന്നതായും കണ്ടിട്ടുണ്ട്. അതുപോലെ ലളിതസംഗീതത്തിന്റെ വികാരാത്മകത ആവര്‍ത്തനംകൊണ്ട് കുറയുന്നതായും ക്ളാസിക്കല്‍ സംഗീതത്തിന്റേതു കൂടുന്നതായും പരീക്ഷണങ്ങളില്‍നിന്ന് തെളിഞ്ഞിട്ടുണ്ട്.

ഉത്തേജകങ്ങളുമായുള്ള പരിചയവും അനുഭൂതിയെ ബാധിക്കുന്നു. പരിചയത്തിലൂടെ ആഭിമുഖ്യം വര്‍ധിക്കുകയും അതിപരിചയത്തിലൂടെ വെറുപ്പുണ്ടാവുകയും ചെയ്യുന്നു. മിതമായ പരിചയം ഏറ്റവും കൂടുതല്‍ ആകാംക്ഷയുണര്‍ത്തും. പരിചിത വസ്തുക്കള്‍ സുഖാനുഭൂതിയുണര്‍ത്തുന്നത് അവയില്‍നിന്ന് അപകടം ഉണ്ടാകാനിടയില്ലെന്ന അറിവുകൊണ്ടാണെന്ന് ടിച്ച്നര്‍ കരുതുന്നു.

ശക്തികുറഞ്ഞ ഉത്തേജകങ്ങള്‍ ഉദാസീനവും (neutral) മിതമായവ സുഖദായകവും അമിതമായവ അസുഖകരവുമാണെന്ന് രുചിയെ സംബന്ധിച്ച ഒരു പഠനത്തില്‍ കാണുന്നു. എന്നാല്‍ മധുരം ഇതിന് ഒരപവാദമാണ്. മധുരം എത്ര കൂടിയാലും സുഖകരംതന്നെ.

സഹാനുഭൂതി. മറ്റുള്ളവര്‍ക്കുണ്ടാകുന്ന അനുഭൂതിയില്‍ നാം പലപ്പോഴും പങ്കുകൊള്ളാറുണ്ട്. മന്ദത ബാധിച്ചവന്‍പോലും ഉല്ലാസവാനായ സ്നേഹിതന്റെ സാമീപ്യത്തില്‍ ഉത്സാഹഭരിതനായിത്തീരുന്നു. വിഷാദമൂകനാണ് കൂട്ടുകാരനെങ്കില്‍ നാമും ആ മാനസികാവസ്ഥയിലേക്ക് വീഴും. ഇങ്ങനെ മറ്റൊരാളുടെ അനുഭൂതി തന്നിലും ഉളവാകുന്നതിനെയാണ് സഹാനുഭൂതി (sympathy) എന്നു പറയുന്നത്. സഹാനുഭൂതി അനുകരണമാണോ ജന്മസിദ്ധമാണോ എന്ന കാര്യം ഇതുവരെ തീര്‍ച്ചയായിട്ടില്ല. വെറും അനുകരണത്തില്‍ കൂടുതലെന്തോ സഹാനുഭൂതിയിലുണ്ടെന്നു വുഡ്വര്‍ത്ത് കരുതുന്നു. ഇതുപോലെ മറ്റൊരനുഭൂതിയാണ് സമാനുഭൂതി (empathy). ഇവിടെ തത്കാലത്തേക്കു നാം മറ്റൊരാളായിത്തീരുകയാണ്. ഫുട്ബോള്‍കളി കണ്ടുകൊണ്ടിരിക്കെ ചിലര്‍ കളിക്കാരനൊടൊപ്പം കാലുയര്‍ത്തി വീശുന്നതു കാണാം. ഈ സമാനുഭൂതി അനുകരണമല്ല. കാരണം മറ്റേയാള്‍ എന്തു ചെയ്യുന്നുവെന്നറിയുന്നതിനു മുമ്പാണിതു നടക്കുന്നത്. കലയില്‍കൂടിയും പ്രകൃതിദൃശ്യങ്ങളില്‍ കൂടിയും ആനന്ദം ലഭിക്കുന്നതിനെ സൌന്ദര്യാനുഭൂതി (aesthetic experience) എന്നു പറയുന്നു.

നാഫിന്റെ സിദ്ധാന്തം. ശീതം, താപം, മര്‍ദം, വേദന എന്നീ അനുഭൂതികള്‍ക്ക് പ്രത്യേകം പ്രത്യേകം നാഡികള്‍ ത്വക്കിലുണ്ടെന്നായിരുന്നു പഴയ സിദ്ധാന്തം. 1895-ല്‍ ഫോണ്‍ഫ്രേ എന്ന ശാസ്ത്രജ്ഞനാണ് ഈ സിദ്ധാന്തം അവതരിപ്പിച്ചത്. എന്നാല്‍ 1960-വരെ ഈ രംഗത്തു നടന്നിട്ടുള്ള പരീക്ഷണങ്ങളെ അവലോകനം ചെയ്തശേഷം നാഫ് ചെന്നെത്തിയത് ഇതിനെതിരായ നിഗമനത്തിലാണ്. മര്‍ദം, ചൂട്, തണുപ്പ് എന്നീ ചര്‍മസംവേദനങ്ങള്‍ക്ക് ഓരോന്നിനും പ്രത്യേകം നാഡീതന്തുക്കള്‍ ഉണ്ടെന്നതിന് തെളിവുകള്‍ ഇല്ല. പകരമുള്ള നാഫിന്റെ ഗണപരമായ സിദ്ധാന്തപ്രകാരം ചര്‍മത്തിലെ നാഡീതന്തുക്കള്‍ക്കെല്ലാം ഒരേ ധര്‍മമാണുള്ളത്; അവ വന്നുനില്ക്കുന്ന ശരീരകലകള്‍ (tissues) വ്യത്യസ്തമാണെന്നുമാത്രം. ഒരേ ധര്‍മമുള്ള നാഡീതന്തുക്കളായതുകൊണ്ട് അവയ്ക്കു പൊതുവായി ഒരൊറ്റ ഉത്തേജകമേയുള്ളു. അത് അവയെ പൊതിഞ്ഞിരിക്കുന്ന കലകളിലുണ്ടാകുന്ന ചലനം ആകുന്നു. ചില കലകള്‍ ചൂടുതട്ടുമ്പോള്‍ വികസിക്കയും തണുക്കുമ്പോള്‍ ചുരുങ്ങുകയും ചെയ്യും. ഈ ചലനം ശീതതാപബോധത്തിന് കാരണമായി ഭവിക്കുന്നു. അതുപോലെ മര്‍ദം ഏല്ക്കുമ്പോഴും ഈ കലകളുടെ ചലനത്തിന് വ്യത്യാസമുണ്ടാകുന്നു. മര്‍ദവും ചൂടും ഭിന്നമായി തോന്നുന്നത് നാഡീതന്തുക്കള്‍ കേന്ദ്രസിരാവ്യൂഹത്തില്‍ എവിടെ ബന്ധിച്ചിരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്. കലകളുടെ ചലനരീതിയിലുള്ള വ്യത്യാസംകൊണ്ടാണ് മിനുസവും പരുപരുപ്പും വേര്‍തിരിച്ചറിയുന്നത്, അല്ലാതെ പ്രത്യേകം നാഡീതന്തുക്കള്‍ ഉള്ളതുകൊണ്ടല്ല. ഇതാണ് നാഫിന്റെ അനുഭൂതിയെക്കുറിച്ചുള്ള മാനസിദ്ധാന്തത്തിന്റെ ചുരുക്കം.

കള്ള്, കറുപ്പ്, കഞ്ചാവ്, മരിജുവാന മുതലായ ലഹരി പദാര്‍ഥങ്ങളും മെസ്കാലിന്‍, എല്‍.എസ്.ഡി., ഡി.എം.റ്റി. മുതലായ രാസപദാര്‍ഥങ്ങളും അനുഭൂതിയെ വികസ്വരമാക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

അന്തര്‍നിരീക്ഷണം

Introspection

വ്യക്തിയുടെ മാനസികപ്രക്രിയകളെ സ്വയം നിരീക്ഷണം ചെയ്യല്‍. മനഃശാസ്ത്രചരിത്രത്തിന്റെ ആരംഭത്തില്‍ മാനസിക പ്രക്രിയകളെപ്പറ്റി പഠിക്കാന്‍ ശാസ്ത്രജ്ഞന്‍മാര്‍ അവലംബിച്ചിരുന്ന മുഖ്യമാര്‍ഗം ഇതായിരുന്നു. കാലക്രമേണ മനഃശാസ്ത്രം ശാസ്ത്രീയരീതി കൈക്കൊണ്ടതോടുകൂടി ഇതിനെ മാത്രം ആശ്രയിച്ചാല്‍ പോരെന്ന് അവര്‍ക്കു ബോധ്യമായി.

ബോധമനസ്സിന്റെ (conscious mind) ഘടകങ്ങളായ ഇന്ദ്രിയവേദനങ്ങള്‍(sensation) പ്രതിരൂപങ്ങള്‍ (images), അനുഭവങ്ങള്‍ (experience) എന്നിവയെ ശാസ്ത്രീയോപകരണങ്ങള്‍ ഉപയോഗിച്ച് പഠിക്കാന്‍ സാധ്യമല്ല; എന്നാല്‍ അന്തര്‍നിരീക്ഷണംമൂലം പഠനവിധേയമാക്കാം. 'എവിടെയാണ് വേദന?', 'കടുത്ത വേദനയാണോ?' തുടങ്ങിയ ചോദ്യങ്ങള്‍ക്ക് അന്തര്‍നിരീക്ഷണത്തിലൂടെ മാത്രമേ മറുപടി ലഭിക്കുകയുള്ളു. അബോധമനഃ (unconscious mind) പ്രേരിതമായ പ്രതികരണങ്ങള്‍ പഠിക്കുന്നതിലും അന്തര്‍നിരീക്ഷണത്തിന് സവിശേഷമായ സ്ഥാനമുണ്ട്. പരീക്ഷണ മനഃശാസ്ത്രത്തിന്റെ പിതാവായ വില്‍ഹെം വുണ്ട് (Wilhelm Wundt) മനസ്സിനെ അപഗ്രഥിക്കാന്‍ സ്വീകരിച്ച മാര്‍ഗം ഇതുതന്നെയായിരുന്നു. അദ്ദേഹം സ്വീകരിച്ച മാര്‍ഗം മനോശാരീരികരീതി (Psychophysical method) എന്ന പേരില്‍ അറിയപ്പെടുന്നു. ഇവിടെ നിയന്ത്രിതപരിതഃസ്ഥിതികളില്‍ വ്യക്തിക്ക് ഒരു ചോദനം (stimulus) നല്കുന്നു. ചോദനത്തിന്റെ അര്‍ഥത്തെ സംബന്ധിച്ച വ്യാഖ്യാനത്തിന് മുതിരാതെ, ഉണ്ടാകുന്ന അനുഭവം വ്യക്തി അതേപടി പറഞ്ഞ് അറിയിക്കുന്നു. ഈ രീതി ബോധതലത്തിന്റെ ഘടനയെ വിശദീകരിക്കാന്‍ സഹായിക്കും. ഭൌതികാംശങ്ങള്‍ ചേര്‍ന്നു ഭൌതികവസ്തുക്കള്‍ ഉണ്ടാകുന്നതുപോലെ വിവിധ മാനസികാംശങ്ങള്‍ ചേര്‍ന്നു മനസ്സുണ്ടാകുന്നുവെന്നും ഇവയെ മാനസിക-അന്തര്‍വസ്തു(mental content) എന്നു വിളിക്കാം എന്നുമാണ് വുണ്ടിന്റെ അഭിപ്രായം. മാനസിക-അന്തര്‍വസ്തുക്കളില്‍ അന്തര്‍നിരീക്ഷണം നടത്തുന്നതിനെപ്പറ്റി വുണ്ടിന്റെ ശിഷ്യനായ ടിച്ച്നര്‍ കൂടുതല്‍ പഠനം നടത്തി. ഇന്ദ്രിയവേദനം, മനഃപ്രതിബിംബം, അനുഭവം എന്നീ അന്തര്‍വസ്തുക്കള്‍ ചേര്‍ന്നതാണ് അനുഭവസഞ്ചയം.

പരിമിതികള്‍.ഇന്ദ്രിയവേദനം, ചെറുതരം ചിന്താപ്രക്രിയകള്‍ എന്നിവയില്‍ നിഷ്പ്രയാസം അന്തര്‍നിരീക്ഷണം നടത്താന്‍ കഴിയും. എങ്കിലും അഭിപ്രേരണ (motivation), വികാരം എന്നിവ അന്തര്‍നിരീക്ഷണത്തിനു പെട്ടെന്നു വഴങ്ങുകയില്ല. ഭയം, കോപം തുടങ്ങിയവയുടെ ശക്തമായ പിടിയില്‍ അമര്‍ന്നിരിക്കുമ്പോള്‍ നടത്തുന്ന അന്തര്‍നിരീക്ഷണങ്ങള്‍ പലപ്പോഴും തിരിഞ്ഞുനോട്ടം (retrospection) ആയിപ്പോകുന്നു. കൂടാതെ ചില അഭിപ്രേരണകള്‍ അബോധതലത്തിന്റെ ആഴത്തിലുള്ളവയാകയാല്‍ അന്തര്‍നിരീക്ഷണത്തിന് അവിടെ കടുന്നുചെല്ലാന്‍ സാധിക്കുകയില്ല. മറ്റു രംഗങ്ങളിലും ഈ മാര്‍ഗം അവലംബിച്ചു ലഭിക്കുന്ന വിവരം സൂക്ഷ്മമാകണമെന്നില്ല. സൂചികൊണ്ടു കുത്തുമ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ വേദന തീകൊണ്ടു പൊള്ളുമ്പോള്‍ ഉണ്ടാകുന്നുവെന്ന് പറയുമെങ്കിലും ഈ വേദനകള്‍ തമ്മിലുള്ള വ്യത്യാസം സൂക്ഷ്മമായി നിര്‍ണയിക്കാന്‍ അന്തര്‍നിരീക്ഷണം മതിയാവുന്നില്ല. തന്നെയുമല്ല, ഈമാര്‍ഗംഅവലംബിച്ചലഭിക്കുന്നവിവരംതികച്ചുംആത്മനിഷ്ഠവുമാണ്.ചികിത്സാമനഃശാസ്ത്രത്തിലാണ് അന്തര്‍നിരീക്ഷണം മുഖ്യമായി ഇന്ന് ഉപയോഗിച്ചുവരുന്നത്.

അപകര്‍ഷതാബോധം

Inferiority Complex

സ്വന്തം കഴിവുകേടുകളെപ്പറ്റിയുള്ള അതിബോധം. ഇതു ഭാഗികമായോ പൂര്‍ണമായോ ഒരുവന്റെ അബോധമനസ്സിലാണ് സ്ഥിതിചെയ്യുന്നത്. സ്വന്തം കുറവുകളില്‍ അപകര്‍ഷത തോന്നുക സ്വാഭാവികമാണ്. എന്നാല്‍ ഈ അപകര്‍ഷത ഈഗോ(ego)യ്ക്കു (നോ: അബോധമനസ്സ്.) നിയന്ത്രിക്കാന്‍ കഴിയാതെവരുമ്പോള്‍ അബോധമനസ്സിലേക്ക് തള്ളപ്പെടുകയും അത് അപകര്‍ഷതാബോധമായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. ഈ അര്‍ഥത്തിലാണ് മനഃശാസ്ത്രജ്ഞരും മനോരോഗവിദഗ്ധരും അപകര്‍ഷതാബോധത്തെ മനസ്സിലാക്കുന്നതും വ്യവഹരിക്കുന്നതും. എന്നാല്‍ സ്വാഭാവികമായി തോന്നുന്ന അപകര്‍ഷവിചാരത്തെയാണ് (Inferiority feeling) സാധാരണജനങ്ങള്‍ അപകര്‍ഷതാബോധമെന്ന് പറയാറുള്ളത്.

ആല്‍ഫ്രഡ് ആഡ്ലറാണ് അപകര്‍ഷതാബോധത്തെപ്പറ്റി കൂടുതല്‍ പഠനം നടത്തിയ മനഃശാസ്ത്രജ്ഞന്‍. എല്ലാവരിലും അപകര്‍ഷതാബോധം ഉടലെടുക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. പരസഹായം തേടേണ്ടിവരുന്ന ശിശുവിനു അപകര്‍ഷതാബോധം ഉണ്ടാകും. കഴിവുകള്‍ ക്രമേണ വികസിക്കുകയും മറ്റുള്ളവരെ ആശ്രയിക്കാതെ തന്നെ കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ പ്രാപ്തിയുണ്ടാവുകയും ചെയ്യുമ്പോള്‍ ഇത് ഏറെക്കുറെ പരിഹൃതമാകുന്നു. ശാരീരികമാനസികവൈകല്യങ്ങള്‍, ജനനമുറ, താണ സാമൂഹ്യസ്ഥിതി, പരാജയങ്ങള്‍ തുടങ്ങി അനേകകാര്യങ്ങള്‍ ഒരുവനില്‍ അപകര്‍ഷതാബോധമുളവാക്കാന്‍ പര്യാപ്തമാകുന്നു. ഇവ പരിഹരിക്കാന്‍ ഓരോരുത്തരും പരിശ്രമിക്കുന്നു. ചിലര്‍ ലോകത്തെ ഒരു യുദ്ധക്കളമായി കാണുകയും മാത്സര്യമനോഭാവം വച്ചുപുലര്‍ത്തുകയും ചെയ്യുന്നത് അപകര്‍ഷതാബോധത്തെ അനാരോഗ്യകരമായി പരിഹരിക്കാന്‍ ശ്രമിക്കുക മൂലമാണ്. ശരിയായ രീതിയില്‍ അപകര്‍ഷതാബോധം പരിഹരിക്കാന്‍ സാധിക്കാതെവരുമ്പോഴാണ് ശ്രേഷ്ഠതാബോധം (Superiority Complex) ഉണ്ടാകുന്നത്. ഇത് ഉള്ള വ്യക്തി ആത്മപ്രശംസ ഇഷ്ടപ്പെടുന്ന ആളായിരിക്കും. ലൈംഗികജീവിതത്തിലുള്ള തകരാറുകള്‍ പലപ്പോഴും അപകര്‍ഷതാബോധത്തില്‍നിന്നും ഉളവാകുന്നവയാണ്. അപകര്‍ഷതാബോധം ലഘുമനോരാഗങ്ങള്‍, വിഷാദരോഗം, ഉന്മാദം എന്നിവയ്ക്കെല്ലാം കാരണമാകാം. അഗാധമായ അപകര്‍ഷതാബോധം ചിലരെ ആത്മഹത്യയ്ക്കും പ്രേരിപ്പിക്കാറുണ്ട്.

അപകര്‍ഷതാബോധം പരിഹരിക്കാന്‍ പറ്റിയതരത്തിലുള്ള ജോലികളില്‍ പ്രവേശിക്കാന്‍ ചിലര്‍ ശ്രമിക്കാറുണ്ട്. ഇതിനെ നേരിടുന്നതിന് ഒരാള്‍ കൈക്കൊള്ളുന്ന രീതിയെ ആശ്രയിച്ചാണ് അയാളുടെ വ്യക്തിത്വം രൂപംകൊള്ളുന്നത്. അപകര്‍ഷതാബോധമാണ് ജീവിതത്തില്‍ മനുഷ്യനെ മുന്നേറാന്‍ മുഖ്യമായി പ്രേരിപ്പിക്കുന്നത് എന്നാണ് ആഡ്ലറുടെ അഭിപ്രായം. മനുഷ്യപുരോഗതിക്കുള്ള കാരണം തന്നെ ശ്രേഷ്ഠതയ്ക്കു വേണ്ടിയുള്ള മനുഷ്യന്റെ ശ്രമമാണ്. ഈശ്വരന്‍ എന്ന സങ്കല്പം മനുഷ്യന്റെ അപകര്‍ഷതാബോധത്തില്‍ നിന്നും ഉടലെടുക്കുന്നതാണെന്നും പക്ഷേ, അത് സമൂഹത്തിനു പ്രയോജനകരമാണെന്നും മറ്റും ആഡ്ലര്‍ കരുതുന്നു. അപകര്‍ഷതാബോധത്തില്‍നിന്ന് ആരോഗ്യകരമായ രീതിയില്‍ രക്ഷപ്പെടാനുള്ള മാര്‍ഗം സാമൂഹ്യമനഃസ്ഥിതിയിലും അന്യരെക്കൂടി മെച്ചപ്പെടുത്തിക്കൊണ്ടുവരാനുള്ള പ്രവണതയിലും ആണ് സ്ഥിതിചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. നോ: ആഡ്ലര്‍ ആല്‍ഫ്രഡ്, വ്യക്തിഗത മനഃശാസ്ത്രം

അപഗ്രഥനമനഃശാസ്ത്രം

Analytical Psychology

സൈക്കി

മാനസികാപഗ്രഥനത്തില്‍ പ്രചാരത്തിലിരിക്കുന്ന പല വാക്കുകളും യൂങ്ങ് തന്റേതായ പ്രത്യേകാര്‍ഥത്തിലാണ് ഉപയോഗിച്ചിട്ടുള്ളത്.

ബോധാത്മകവും അബോധാത്മകവുമായ മാനസികപ്രക്രിയകളുടെ സാകല്യത്തിന് യൂങ്ങ് 'സൈക്കി' (Psyche) എന്നു പറയുന്നു. ഇതിന് ആത്മാവിനേക്കാള്‍ (soul) വിപുലമായ അര്‍ഥമുണ്ട്. സൈക്കിയുടെ പ്രവര്‍ത്തനങ്ങള്‍ നാലുവിധത്തിലാണ്: (i) ചിന്തനം (thinking)ബാഹ്യലോകത്തെക്കുറിച്ചറിയുന്നതിന്; (ii) അനുഭൂതി (feeling)സുഖം-അസുഖം, നല്ലത്-ചീത്ത, ശരി-തെറ്റ് എന്നിങ്ങനെയുള്ള അറിവുകള്‍ക്ക്; (iii) അന്തഃപ്രജ്ഞ (intution)-ഉള്‍ക്കാഴ്ചയ്ക്ക്; (iv) സംവേദനം (sensation)പരിതഃസ്ഥിതിയുടെ യാഥാര്‍ഥ്യം അറിയുന്നതിന്.

സൈക്കിയുടെ ഒരു ഭാഗം ബാഹ്യലോകവുമായി സദാ ബന്ധപ്പെട്ടിരിക്കുന്നു. ഫ്രോയ്ഡ് 'ഈഗോ' (Ego) എന്നു പറയുന്ന ഈ ഭാഗത്തിന് യൂങ്ങ് 'പേഴ്സൊണ' (Persona) എന്നു പറയുന്നു. പരിതഃസ്ഥിതിയില്‍ നിന്നുള്ള സമ്മര്‍ദങ്ങളും വ്യക്തിയുടെ ആന്തരികാവശ്യങ്ങളും തമ്മിലുള്ള അനുരഞ്ജനഫലമാണ് 'പേഴ്സൊണ'. യൂങ്ങ് പ്രാധാന്യം നല്കി ഉപയോഗിച്ചുപോന്നതും ഇന്ന് വളരെ പ്രചാരത്തിലിരിക്കുന്നതുമായ മറ്റൊരു വാക്ക് 'കോംപ്ളക്സ്' (Complex) ആണ്. അത്യധികമായ വികാരത്തെ ഉള്‍ക്കൊള്ളുന്നതും അബോധമനസ്സിലാണ്ടുപോയതുമായ ആശയത്തിനോ ആശയസമൂഹത്തിനോ ആണ് 'കോംപ്ളക്സ്' എന്ന് അപഗ്രഥന മനഃശാസ്ത്രത്തില്‍ പറയുന്നത്.

അന്തര്‍മുഖത-ബഹിര്‍മുഖത

അന്തര്‍മുഖതയെന്നും ബഹിര്‍മുഖതയെന്നും ഉള്ള പരികല്പനങ്ങള്‍ക്കു യൂങ്ങിനോടാണ് ആധുനികമനഃശാസ്ത്രം കടപ്പെട്ടിരിക്കുന്നത്. ഒരാളിന്റെ പെരുമാറ്റങ്ങ (behaviour) ളുടെ പ്രയാണദിശ (direction) ഒന്നുകില്‍ തന്നിലേക്കോ അല്ലെങ്കില്‍ ബാഹ്യവസ്തുക്കളിലേക്കോ ആയിട്ടാണ് കാണപ്പെടുന്നത് എന്ന വസ്തുത യൂങ്ങിന്റെ ശ്രദ്ധയെ ആകര്‍ഷിക്കുകയുണ്ടായി. ബാഹ്യവസ്തുക്കളിലേക്കും മറ്റാളുകളിലേക്കും ചേഷ്ടകള്‍ തിരിഞ്ഞുപോകുന്നതിനെ ബഹിര്‍മുഖത (extroversion) എന്നും വ്യക്തിയുടെ ആന്തരാവസ്ഥകളിലേക്ക് ചേഷ്ടകള്‍ തിരിയുന്നതിനെ അന്തര്‍മുഖത (introversion) എന്നും യൂങ്ങ് വിളിച്ചു. ഇവ രണ്ടും പരസ്പരവിരുദ്ധങ്ങളാണെങ്കിലും പരസ്പരപൂരകങ്ങള്‍ കൂടിയാണെന്നു യൂങ്ങ് കരുതുന്നു. ഉദാ. ഒരാളുടെ ബോധമനസ് അന്തര്‍മുഖമാണെങ്കില്‍ അയാളുടെ അബോധമനസ് ബഹിര്‍മുഖമായിരിക്കും. ഈ രണ്ടു മനോഭാവങ്ങളും പരസ്പരപൂരകങ്ങളാണെങ്കിലും ഓരോരുത്തരുടെയും ബോധമണ്ഡലത്തില്‍ ഏതെങ്കിലും ഒരു ഭാവം സ്ഥായിയായി കാണപ്പെടും. രണ്ടു മനോഭാവങ്ങള്‍ക്കും തുല്യ പ്രാധാന്യമുണ്ട്. ഒന്ന് മറ്റൊന്നിനേക്കാള്‍ മെച്ചമാണെന്ന് യൂങ്ങ് കരുതുന്നില്ല.

നേരത്തെ രേഖപ്പെടുത്തിയ സൈക്കിയുടെ നാലുതരം പ്രവര്‍ത്തനങ്ങള്‍ അന്തര്‍മുഖമോ ബഹിര്‍മുഖമോ ആകാം. അങ്ങനെ വരുമ്പോള്‍ മനുഷ്യരെ അവരുടെ വ്യക്തിസ്വഭാവത്തെ അടിസ്ഥാനമാക്കി എട്ടായി തിരിക്കാമെന്ന് യൂങ്ങ് വിശ്വസിക്കുന്നു.

ബഹിര്‍മുഖചിന്താശീലര്‍

Extroverted thinking type

വസ്തുനിഷ്ഠമായി ചിന്തിക്കാനിഷ്ടപ്പെടുന്നവരാണിവര്‍. ഇക്കൂട്ടര്‍ തത്ത്വങ്ങള്‍ കൈകാര്യം ചെയ്യുന്നതുതന്നെ വസ്തുക്കളിലുള്ള തങ്ങളുടെ പിടിമുറുക്കാനായിരിക്കും. എന്‍ജിനീയര്‍മാരും ഡോക്ടര്‍മാരും ശാസ്ത്രജ്ഞന്മാരും ഇവരില്‍പെടും. പരിണാമസിദ്ധാന്ത പ്രണേതാവായ ചാള്‍സ് ഡാര്‍വിനെ(1809-82)യാണ് ഇത്തരം ആളുകള്‍ക്ക് ഉദാഹരണമായി യൂങ്ങ് ചൂണ്ടിക്കാണിക്കുന്നത്.

ബഹിര്‍മുഖാനുഭൂതിശീലര്‍

Extroverted feeling type

വികാരങ്ങളെ ഇളക്കുന്ന വസ്തുക്കളിലാണിവര്‍ക്കു താത്പര്യം.ഒന്നും ചെയ്യാനില്ലാത്ത ദിവസങ്ങളില്‍ 'ഒരു രസമില്ല' എന്ന് ഇവര്‍ പരാതിപ്പെട്ടുകൊണ്ടിരിക്കും.

ബഹിര്‍മുഖ സംവേദനശീലര്‍

Extroverted sensation type

ഭക്ഷണം, മദ്യം, സ്ത്രീ എന്നിവയില്‍ കമ്പമുള്ളവര്‍. 'തിന്നുക, കുടിക്കുക, ആനന്ദിക്കുക; എന്തെന്നാല്‍ നാം മരിക്കാന്‍ പോകുന്നു' എന്ന തത്ത്വചിന്തയില്‍ വിശ്വസിക്കുന്നവര്‍. ഇത്തരക്കാരില്‍ അധികവും പുരുഷന്മാരായിരിക്കും.

ബഹിര്‍മുഖാന്തഃപ്രജ്ഞാശീലര്‍

Extroverted intuition

അന്തര്‍ജ്ഞാനത്തിന് അബോധാത്മകമായ ഉള്‍ക്കാഴ്ച എന്നര്‍ഥം. ജീവിതവിജയത്തിനാവശ്യമായ വസ്തുക്കളെയും ഭൌതികപരിതഃസ്ഥിതികളെയും അബോധമായിത്തന്നെ തെരഞ്ഞെടുക്കുന്നവരാണിവര്‍. ഇക്കൂട്ടര്‍ അധികവും സ്ത്രീകളായിരിക്കും. ഇക്കൂട്ടത്തില്‍പെടുന്ന പുരുഷന്മാര്‍ കച്ചവടക്കാരും രാഷ്ട്രീയപ്രവര്‍ത്തകരും ഊഹക്കച്ചവടക്കാരും ആകാനാണ് സാധ്യത.

അന്തര്‍മുഖചിന്താശീലര്‍

Introverted thinking type

കര്‍ക്കശമായ നിയമങ്ങള്‍, തത്ത്വങ്ങള്‍ മുതലായവ, അവയുടെ പ്രായോഗികഫലങ്ങള്‍ എന്തുതന്നെയായാലും മുറുകെപ്പിടിക്കുന്നവരാണിവര്‍. ഇമ്മാനുവല്‍ കാന്റ് (1724-1804), ഫ്രഡറിക് നിഷേ (1844-1900) എന്നീ തത്ത്വചിന്തകരാണ് ഇക്കൂട്ടര്‍ക്ക് യൂങ്ങ് നല്കുന്ന ഉദാഹരണങ്ങള്‍. മുഷിഞ്ഞ വസ്ത്രം ധരിച്ചു നടക്കുന്നവരും സമയോചിതമായി പെരുമാറാന്‍ അറിയാത്തവരും ഇക്കാരണങ്ങളാല്‍തന്നെ മറ്റാളുകളുമായി ഇടപെടുന്നതില്‍ പരാജയപ്പെടുന്നവരുമാണിവര്‍.

അന്തര്‍മുഖാനുഭൂതിശീലര്‍

Introverted feeling type

തങ്ങളുടെ ഉള്ളിലുള്ളത് മറ്റുള്ളവര്‍ക്ക് പിടികൊടുക്കാത്ത നിശ്ശബ്ദര്‍. പുറമേ നിര്‍വികാരത്വം പ്രദര്‍ശിപ്പിക്കുമെങ്കിലും ഇവരുടെ അകം വികാരച്ചൂളയായിരിക്കും. ഈ വിഭാഗത്തില്‍പെടുന്നത് അധികവും സ്ത്രീകളായിരിക്കും.

അന്തര്‍മുഖസംവേദനശീലര്‍

Introverted sensation type

മനുഷ്യര്‍, നദികള്‍, പര്‍വതങ്ങള്‍ മുതലായ ഭൌതികയാഥാര്‍ഥ്യങ്ങളില്‍ ദൈവികത്വം (രാക്ഷസീയത്വവും) ആരോപിച്ച് ഒരു തരം ആധ്യാത്മികജീവിതം ഇഷ്ടപ്പെടുന്നവര്‍. കലാകാരന്മാരില്‍ ഒരു വിഭാഗം ഇക്കൂട്ടത്തില്‍പെടുന്നു.

അന്തര്‍മുഖാന്തഃപ്രജ്ഞാശീലര്‍

Introverted intuition

പ്രവാചകര്‍, കാല്പനിക കവികള്‍, യന്ത്രങ്ങളും മറ്റും കണ്ടുപിടിക്കുന്നവര്‍, വഴിതെറ്റിപ്പോയ പ്രതിഭാശാലികള്‍, അനുയായികളില്ലാത്ത നേതാക്കള്‍, അപ്രായോഗിക കാര്യങ്ങളെ സ്വപ്നം കണ്ടുകൊണ്ടിരിക്കുന്നവര്‍ എന്നിവരെയൊക്കെ ഇക്കൂട്ടത്തില്‍ പെടുത്താം.

മനോഭാവങ്ങള്‍ക്ക് അപഗ്രഥനമനഃശാസ്ത്രത്തില്‍ പരമ പ്രാധാന്യമുണ്ട്. യൂങ്ങിന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ ഒരുവശത്തു ബാഹ്യവൃത്തികളെ നിയന്ത്രിക്കുകയും മറുവശത്ത് അനുഭവങ്ങളെ രൂപപ്പെടുത്തുകയും ചെയ്യുന്ന കേന്ദ്ര 'സ്വിച്ച് ബോര്‍ഡാ'ണ് മനോഭാവങ്ങള്‍.

മനസ്'

മനസ് എന്ന് യൂങ്ങ് വിളിക്കുന്നത് ബോധാത്മകമായ ബുദ്ധി (conscious Intelligence) യെയാണ്. അബോധമനസ് രണ്ടുതരമുണ്ട്.

വ്യക്തിപരമായ അബോധമനസ്

Personal unconscious

മറവിയിലാണ്ടുപോയതും നിഷേധിക്കപ്പെട്ടതും അമര്‍ത്തിവയ്ക്കപ്പെട്ടതും അവ്യക്തരൂപത്തില്‍ ഉള്ളതുമായ എല്ലാ ആശയങ്ങളും അഭിലാഷങ്ങളും ചേര്‍ന്നുണ്ടാകുന്നതാണിത്.

സമഷ്ടിപരമായ അബോധമനസ്

Collective unconscious

മസ്തിഷ്കത്തിന്റെ ജന്മസിദ്ധമായ ഘടനയോടു ബന്ധപ്പെട്ടതും മനുഷ്യവര്‍ഗത്തിന്റെ മാനസികപരിണാമത്തെ അനുസ്മരിപ്പിക്കുന്നതും നൈസര്‍ഗിക ചോദനകളുടെ (instincts) പ്രതീകങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുള്ളതുമാണിത്. ഈ പ്രതീകങ്ങള്‍ക്ക് യൂങ്ങ് നല്കുന്ന പ്രത്യേക പേര് പ്രാകൃതരൂപങ്ങള്‍ (Arche types) എന്നാണ്.

ബോധമനസ്സിനെക്കുറിച്ച് നേരിട്ടറിയാന്‍ കഴിയും. എന്നാല്‍ അബോധമനസ്സിനെക്കുറിച്ച് പരോക്ഷമായി മാത്രമേ അറിയാന്‍ പറ്റൂ. സ്വപ്നങ്ങളിലും ഭാവനയിലും ഉള്‍ക്കാഴ്ചകളിലും പ്രത്യക്ഷപ്പെടുന്ന രൂപങ്ങള്‍, ആശയങ്ങള്‍, പ്രതീകങ്ങള്‍ എന്നിവയിലൂടെ മാത്രമാണ് അബോധമനസ്സിനെക്കുറിച്ചറിയാന്‍ കഴിയുന്നത്. ബോധമനസും അബോധമനസും പരസ്പരപൂരകങ്ങളാണ്. ബോധമനസ്സിന് ബാഹ്യലോകവുമായുള്ള പൊരുത്തപ്പെടലാണ് ലക്ഷ്യമെങ്കില്‍ അബോധമനസ്സിന് ബാഹ്യലോകവുമായി ബന്ധം ഇല്ല. പിന്നെങ്ങനെ രണ്ടും ഒരു പ്രക്രിയയുടെ രണ്ടുഭാഗങ്ങളാകും? യൂങ്ങ് പറയുന്നത് ബോധമനസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണത കൈവരുന്നത് പാരമ്പര്യമായി ഓരോ ശിശുവിനും ലഭിക്കുന്ന സമഷ്ടിപരമായ അബോധമനസ് കൂട്ടിച്ചേര്‍ക്കുന്ന പ്രതീകങ്ങളിലൂടെയാണെന്നാണ്. ഓരോ വര്‍ഗത്തിന്റെയും വംശത്തിന്റെയും തലമുറകളായുള്ള മാനസികാനുഭവങ്ങള്‍ പാരമ്പര്യംവഴി കൈമാറുന്ന ഒന്നാണ് ഈ അബോധമനസ്. എല്ലാ സംവേദനങ്ങളും സമഷ്ടിപരമായ അബോധമനസ്സാകുന്ന മൂശയിലിട്ടു കരുപ്പിടിച്ചശേഷമാണ് ബോധമണ്ഡലത്തിലെ അനുഭവങ്ങള്‍ ആയിത്തീരുന്നതെന്ന് അപഗ്രഥനമനഃശാസ്ത്രം സിദ്ധാന്തിക്കുന്നു. തന്നെ സമീപിച്ച രോഗികളുടെ സ്വപ്നങ്ങള്‍ അപഗ്രഥിച്ചപ്പോള്‍ യൂങ്ങിനു തോന്നിയത് പുരാണേതിഹാസങ്ങളിലെ പ്രതിപാദ്യങ്ങളുടെ പ്രതിബിംബങ്ങളും അവരുടെ സ്വപ്നങ്ങളില്‍ കാണപ്പെടുന്നുവെന്നാണ്. എന്നാല്‍ രോഗികള്‍ക്ക് ഇവയെക്കുറിച്ച് യാതൊരറിവും ഉണ്ടായിരുന്നില്ല. അതില്‍നിന്നും യൂങ്ങ് ഊഹിച്ചത് അവയിലെ ആശയങ്ങള്‍ ഉറഞ്ഞുകൂടിയ സമഷ്ടിപരമായ അബോധമനസ് എല്ലാ മനുഷ്യര്‍ക്കും ജന്മനാതന്നെ ലഭിക്കുന്നുണ്ടായിരിക്കണമെന്നാണ്.

രണ്ടു തത്ത്വങ്ങള്‍

പ്രധാനമായും രണ്ടു പൊതുതത്ത്വങ്ങള്‍ മാനസികപ്രവര്‍ത്തനങ്ങള്‍ക്കുണ്ടെന്ന് യൂങ്ങ് കരുതുന്നു. ഒന്നാമതായി, എല്ലാ മാനസികവൃത്തികളും ഗതിശീലമുള്ളവ (dynamic) ആണ്. ഭൌതികശാസ്ത്രത്തിലെ 'എനര്‍ജി' (energy) ക്ക് തുല്യമായ ഇതിനെ 'ലിബിഡോ' (libido) എന്നാണ് യൂങ്ങ് പറയുന്നത്. ഫ്രോയിഡിനെ സംബന്ധിച്ചിടത്തോളം ലിബിഡോ ലൈംഗികാനന്ദം തരുന്ന ഊര്‍ജമാണെന്നകാര്യം ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ഓരോ നിറത്തിനും പൂരകവര്‍ണം ഉള്ളതുപോലെ ഓരോ മാനസികധര്‍മത്തിനും പൂരകധര്‍മംകൂടിയുണ്ടെന്ന് യൂങ്ങ് വിശ്വസിക്കുന്നു. സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം വിനാശകരമായ പ്രവൃത്തികളിലേക്ക് മനസുതിരിയുന്നത് പലര്‍ക്കും അനുഭവപ്പെട്ടിരിക്കാനിടയുണ്ട്.

ഭൌതികശാസ്ത്രത്തിലെ ഊര്‍ജസംരക്ഷണനിയമ (The Law of Conservation of Energy) ത്തോട് സാധര്‍മ്യമുള്ളതാണ് രണ്ടാമത്തെ നിയമം; അതായത് 'സൈക്കി'ലെ ഊര്‍ജത്തിന്റെ ആകെ അളവിന് മാറ്റമുണ്ടാകുന്നില്ല. ബോധമണ്ഡലത്തില്‍നിന്ന് അബോധമണ്ഡലത്തിലേക്കും മറിച്ചും ഈ ഊര്‍ജം സദാ പ്രവഹിച്ചുകൊണ്ടിരിക്കുന്നു. ഊര്‍ജം മുഴുവന്‍ ഒരു മണ്ഡലത്തിലായിപ്പോകുന്നത് അപകടകരമാണ്. ബോധമണ്ഡലത്തിലെ ഊര്‍ജം മുഴുവന്‍ അബോധമണ്ഡലത്തിലേക്കൊഴുകി നഷ്ടപ്പെട്ടാല്‍ അബോധമണ്ഡലത്തിലെ പ്രാകൃതരൂപങ്ങള്‍, കോംപ്ളക്സുകള്‍ മുതലായവയ്ക്ക് ശക്തി ലഭിക്കുകയും അവ ബോധമണ്ഡലത്തിലേക്കു നുഴഞ്ഞുകയറി മാനസികസമനിലയെ തെറ്റിക്കുകയും ചെയ്യും. ലഘുമനോരോഗത്തിനും (neurosis) ചിത്തരോഗത്തിനും (psychosis) ഇതാണ് കാരണം. പ്രശ്നപരിഹാരചിന്ത, തീരുമാനമെടുക്കല്‍ മുതലായ മാനസികവൃത്തികളില്‍ അബോധമണ്ഡലത്തില്‍നിന്ന് ബോധമണ്ഡലത്തിലേക്കാണ് ലിബിഡോ പ്രവഹിക്കുന്നത്. ലിബിഡോ രണ്ടു മണ്ഡലങ്ങളിലും സമമായി നില്ക്കുന്നതും അപകടകരമത്രേ. ഭാഗ്യവശാല്‍ അത്തരം സ്ഥിതിവിശേഷം വളരെ അപൂര്‍വമായേ ഉണ്ടാകാറുള്ളു എന്ന് യൂങ്ങ് പറയുന്നു.

മനോരോഗചികിത്സ

അബോധമനസ്സില്‍ ആണ്ടുപോയ കോംപ്ളക്സുകള്‍ക്ക് ശക്തി ലഭിക്കുമ്പോള്‍ ബോധമണ്ഡലത്തിലേക്ക് അവ കടന്നുവരുമെന്നും അതാണ് മാനസികരോഗങ്ങള്‍ക്ക് കാരണമെന്നുമാണ് യൂങ്ങിന്റെ അഭിപ്രായം. രോഗിയുടെ അബോധമനസ്സിലേക്കുള്ള എത്തിനോക്കല്‍ നാലു ഘട്ടങ്ങളായിട്ടാണ് സാധിക്കുന്നത്.

സ്വതന്ത്രമായ ആശയാനുബന്ധം

Free association method

സാധാരണ മനുഷ്യര്‍ക്ക് ഉദാസീന (neutral) മായി തോന്നുന്ന കുറെ വാക്കുകള്‍ ഓരോന്നായി രോഗിയെ കേള്‍പ്പിക്കുന്നു. ഓരോ വാക്കിന്റെയും പ്രഥമ ശ്രവണത്തില്‍തന്നെ രോഗിക്കു തോന്നുന്ന ആശയത്തെ അപഗ്രഥിച്ച് രോഗനിദാനമായ കോംപ്ളക്സുകളെക്കുറിച്ചറിയുന്നു. ഇതിനുവേണ്ടി യൂങ്ങ് നിര്‍മിച്ച പദാനുബന്ധനപരീക്ഷ (word association test) വ്യക്തിത്വപഠനത്തിനുള്ള മനഃശാസ്ത്ര പരീക്ഷകളില്‍ പ്രമുഖമാണ്. ഇത്തരം പരീക്ഷകള്‍ പ്രചാരത്തിലിരിക്കുന്നു.

രോഗലക്ഷണാപഗ്രഥനം

Symptom analysis method

ഹിപ്നോട്ടിക് നിര്‍ദേശങ്ങളിലൂടെ പൂര്‍വകാലസംഭവങ്ങളെ രോഗിയുടെ സ്മൃതിയില്‍ കൊണ്ടുവരുന്നതിനുള്ള ശ്രമമാണ് രണ്ടാം ഘട്ടം.

വിസ്മൃതി നിര്‍മാര്‍ജനം

Anamnestic method

രോഗലക്ഷണത്തോട് ബന്ധപ്പെട്ട സംഭവങ്ങളെ കാലക്രമത്തില്‍ അടുക്കി ഓര്‍മയുടെ ഒരു ശൃംഖല നിര്‍മിക്കുന്നു.

വ്യക്തിത്വവിപുലനം

Amplification method

നാലാമത്തേതായ ഈ ഘട്ടത്തിലാണ് അബോധമനസ്സിലേക്കു ചൂഴ്ന്നിറങ്ങുന്നത്. ഈ സമയം രോഗിയും ചികിത്സകനും തമ്മിലുള്ള ബന്ധം ഏറ്റവും ദൃഢമായിരിക്കും.

സ്വപ്നങ്ങള്‍

അബോധമനസ്സിലേക്കിറങ്ങാനുള്ള പ്രധാനപാത, ഫ്രോയിഡിനെന്നപോലെ, യൂങ്ങിനും സ്വപ്നങ്ങള്‍തന്നെ. സമഷ്ടിപരമായ അബോധമനസ്സാണ് സ്വപ്നങ്ങളെ രൂപപ്പെടുത്തുന്നതെന്ന് യൂങ്ങ് കരുതുന്നു. ഫ്രോയിഡിന്റെ സ്വതന്ത്രമായ ആശയാനുബന്ധനരീതിയില്‍ സ്വപ്നത്തിലെ ആശയങ്ങളോടു ബന്ധപ്പെട്ട് അതിനുമുമ്പുണ്ടായ സംഭവങ്ങളെ സ്മൃതിയിലേക്കു കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നതെങ്കില്‍, അപഗ്രഥനമനഃശാസ്ത്രത്തില്‍ ചെയ്യുന്നത്, സ്വപ്നത്തിലെ ആശയങ്ങള്‍ക്ക് പുരാണം, ഇതിഹാസം, ഐതിഹ്യം, നാടോടിക്കഥകള്‍, കെട്ടുകഥകള്‍ എന്നിവയില്‍നിന്നെല്ലാം നല്കാവുന്നത്ര അര്‍ഥം നല്കി അവയെ വിപുലീകരിച്ച് സംപുഷ്ടമാക്കിത്തീര്‍ക്കുകയാണ്. ഈ മാര്‍ഗത്തിന് യൂങ്ങ് നല്കുന്ന പേര്‍ വിപുലനം എന്നാണ്. മാനസികാപഗ്രഥനത്തില്‍ ആശയാനുബന്ധനം രോഗിയാണ് ചെയ്യുന്നതെങ്കില്‍, വിപുലനത്തില്‍ ചികിത്സകന്റെ സഹായം അനിവാര്യമാണ്. പുരാണേതിഹാസങ്ങളില്‍ ചികിത്സകന് നല്ല പരിജ്ഞാനം ഉണ്ടായിരിക്കണം.

സ്വപ്നത്തില്‍ കാണുന്ന ആശയങ്ങളെ നൈസര്‍ഗികവാസനകളുടെ പ്രതീകങ്ങളായിട്ടാണ് ഫ്രോയിഡ് കരുതുന്നത്. ഉദാഹരണമായി പാമ്പ് പുരുഷലിംഗത്തിന്റെ പ്രതീകമാണ് ഫ്രോയിഡിന്. എന്നാല്‍ യൂങ്ങിനാകട്ടെ മൂര്‍ഖത, ചതി, നന്ദിയില്ലായ്മ മുതലായി പുരാണേതിഹാസങ്ങളിലും ഐതിഹ്യങ്ങളിലും കെട്ടുകഥകളിലും നാടോടിക്കഥകളിലും മറ്റും ആരോപിക്കപ്പെട്ടിട്ടുള്ള സകല പ്രത്യേകതകളും ഉള്‍ക്കൊള്ളുന്ന ഒരു പ്രതീകമാണ് പാമ്പ്. ഫ്രോയിഡ് സ്വപ്നത്തിലൂടെ പ്രത്യക്ഷപ്പെടുന്ന ആശയങ്ങളുടെ ഉറവിടം അന്വേഷിക്കുമ്പോള്‍ യൂങ്ങ് ആ ആശയങ്ങളുടെ ലക്ഷ്യം എന്താണെന്ന് ആരായുന്നു. ഈ ലക്ഷ്യബോധം നിമിത്തം ലഘുമനോരോഗങ്ങളെ ശാപമായിട്ടല്ല അനുഗ്രഹമായിട്ടാണ് കണക്കാക്കേണ്ടതെന്ന് യൂങ്ങ് പറയുന്നു; മധ്യവയസ്സിനുമേല്‍ ഉണ്ടാകുന്ന ലഘുമനോരോഗങ്ങളെ മിക്കവാറും ഇത്തരത്തിലാണ് യൂങ്ങ് കണക്കാക്കുന്നത്.

ബാല്യകാലത്തുണ്ടാകുന്ന ഭീകരാനുഭവങ്ങളില്‍ (trauma) നിന്നും ലഘുമനോരോഗങ്ങള്‍ ഉണ്ടാകാമെന്ന് യൂങ്ങ് വിശ്വസിക്കുന്നുണ്ട്. എന്നാല്‍ ഫ്രോയിഡിനെപ്പോലെ എല്ലാ ലഘുമനോരോഗങ്ങളും അങ്ങനെയുണ്ടാകുന്നവയാണെന്നു കരുതുന്നുമില്ല.

ആത്മാവബോധം

വ്യക്തിത്വത്തിന്റെ കേന്ദ്രബിന്ദുവായ സ്വത്വം അറിയുന്നതിനെയാണ് ആത്മാവബോധം (self realization) എന്നു പറയുന്നത്. സ്വത്വത്തെ പൊതിഞ്ഞിരിക്കുന്നതെന്നു കരുതാവുന്ന പലതരം പോളകളുണ്ട്. ഈ പോളകളെ തിരിച്ചറിഞ്ഞ് ആത്മാവബോധം നേടുന്നതിനുള്ള അപഗ്രഥനാത്മകമായ മാര്‍ഗത്തിന് യൂങ്ങ് നല്കുന്ന പേര് പൃഥക്കരണം (individuation) എന്നാണ്. പൃഥക്കരണത്തിന് പല ശ്രേണികളുണ്ട്; ആദ്യമായി പേര്‍സണാലിറ്റിയുടെ മറുവശം അറിയണം. 'നിഴല്‍' (shadow), 'കറുത്ത സഹോദരന്‍' (dark brother) എന്നൊക്കെയാണ് വ്യക്തിത്വത്തിന്റെ മറുവശത്തിന് യൂങ്ങ് നല്കുന്ന പേരുകള്‍. ആചാരം, കീഴ്വഴക്കം, നല്ലനടത്ത, അന്തസ് എന്നിവയ്ക്കെല്ലാം എതിരായ ആഗ്രഹങ്ങള്‍ എല്ലാ വ്യക്തികള്‍ക്കുമുണ്ട്. വ്യക്തിത്വത്തിന്റെ പുറംമൂടി നീക്കിയാല്‍ ഈ 'കറുത്ത സഹോദര' നെ കണ്ടെത്താന്‍ കഴിയും. നിഴലിനെക്കുറിച്ച് ബോധമണ്ഡലത്തിന് എത്രകണ്ട് അറിവു കുറയുന്നുവോ അത്രകണ്ട് കട്ടികൂടിയിരിക്കും നിഴലിന്. ദാക്ഷിണ്യമില്ലാത്ത നിരൂപണബുദ്ധികൊണ്ടു വേണം നിഴലിനെ നേരിടുക. കാരണം നിഴലിനെക്കുറിച്ച് ഓര്‍മിക്കുന്നതുതന്നെ സാധാരണഗതിയില്‍ എതിര്‍പ്പുളവാക്കുന്നതാണ്. തന്റെ വ്യക്തിത്വത്തിന് ഒരു ഇരുണ്ട വശമുണ്ടെന്നു വിചാരിക്കാന്‍കൂടി മിക്കവരും കൂട്ടാക്കുകയില്ല; പിന്നെ വേണമല്ലോ അതംഗീകരിക്കുക. നിഴലിനെ അംഗീകരിച്ചാല്‍ തന്റെ നിലനില്പുതന്നെ അപകടത്തിലായേക്കുമോ എന്ന് വ്യക്തി ഭയപ്പെടുന്നു. എന്നാല്‍ എത്രമാത്രം ഹൃദയവേദന ഉളവാക്കുന്നതായാലും നിഴലിനെ മനസ്സിലാക്കുകയും വ്യക്തിത്വത്തില്‍നിന്നു മുറിച്ചുകളയുകയും ചെയ്തില്ലെങ്കില്‍ പൃഥക്കരണത്തിന്റെ അടുത്ത പടിയിലേക്കു കടക്കാന്‍ പറ്റുകയില്ല.

പുരുഷനില്‍ 'അനിമ' (anima) എന്നും സ്ത്രീയില്‍ 'അനിമസ്' (animus) എന്നും യൂങ്ങ് വിളിക്കുന്ന ലിംഗവൈരുധ്യത്തെ അറിയുകയാണ് അടുത്ത പടി. പുരുഷന്മാരുടെ സ്വപ്നങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കന്യാസ്ത്രീ, മാലാഖ, ഭിക്ഷക്കാരി മുതലായ രൂപങ്ങള്‍ 'അനിമ'യുടെ പ്രതീകങ്ങളാണ്. ഇതുപോലെ സ്ത്രീകളില്‍ അനിമസും വിവിധ രൂപങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. പുരുഷന്‍, തന്നിലുള്ള സ്ത്രീത്വത്തെ(സ്ത്രൈണാഭിലാഷങ്ങളെ)യും സ്ത്രീ തന്നിലുള്ള പുരുഷത്വത്തെ(പുരുഷാഭിലാഷങ്ങളെ)യും അംഗീകരിക്കണമെന്നു താത്പര്യം. ഓരോ വ്യക്തിയിലും ഉള്ള ലിംഗവൈരുധ്യം അംഗീകരിക്കുകവഴി വ്യക്തിത്വം വിപുലീകരിക്കപ്പെടുന്നുവെന്നാണ് യൂങ്ങിന്റെ അഭിപ്രായം.

പൃഥക്കരണത്തിന്റെ മൂന്നാമത്തെ പടി നമ്മിലുള്ള ആത്മീയ തത്ത്വത്തെ അറിയുകയാണ്. ഓരോ വ്യക്തിയിലും ഓരോ വന്ദ്യവയോധികനും (old wise woman), ഓരോ വന്ദ്യവയോധികയും (old wise woman ) ഉണ്ട്. ആത്മീയതയുടെയും സന്മാര്‍ഗ ചിന്തയുടെയും ഉറവിടമാണിത്. പുരുഷനെ 'പദാര്‍ഥമാക്കപ്പെട്ട ചൈതന്യം' (materialized spirit) എന്നും, സ്ത്രീയെ 'ചൈതന്യമാവേശിച്ച പദാര്‍ഥം' (matter impregnated) എന്നും യൂങ്ങ് വിളിക്കുന്നു. ഒരുവന്റെ വ്യക്തിത്വത്തില്‍ ആത്മീയാംശം ഉണ്ടെന്ന് അദ്ദേഹം കരുതുന്നതാണ് ഇതിനു കാരണം.

പൃഥക്കരണത്തിന്റെ അവസാനഘട്ടമാണ് ആത്മാവബോധം. വ്യക്തിത്വത്തിലെ വൈരുധ്യങ്ങള്‍ അവസാനിക്കുകയും ബോധാബോധമണ്ഡലങ്ങള്‍ സ്വത്വം എന്ന കേന്ദ്രബിന്ദുവില്‍ ഒന്നിച്ചുചേരുകയും ആഭ്യന്തര-ബാഹ്യയാഥാര്‍ഥ്യങ്ങളുമായി വ്യക്തിത്വം പൂര്‍ണയോജിപ്പിലെത്തുകയും അങ്ങനെ വ്യക്തിത്വം സംപൂര്‍ണതയിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്യുന്നു. സ്വത്വം എന്നത് 'അതീന്ദ്രിയമായ ഒരു സങ്കല്പം' (transcendental postulate) മാത്രമായിട്ടാണ് അപഗ്രഥന മനഃശാസ്ത്രത്തില്‍ വ്യവഹരിക്കുന്നത്. അത് മനുഷ്യന്‍ എത്തിച്ചേരേണ്ട സന്മാര്‍ഗാധിഷ്ഠിതമായ ഒരു ലക്ഷ്യം ആകുന്നു. അപഗ്രഥനമനഃശാസ്ത്രത്തിന് ആത്മീയവും മതപരവുമായ പരിവേഷം നല്കുന്നത് ഈ സങ്കല്പമാണ്. യൂങ്ങിന് പൌരസ്ത്യദേശത്തെ, പ്രത്യേകിച്ചും ഭാരതത്തിലെ തത്ത്വചിന്തയോട് നിസ്സീമമായ ആദരം ഉണ്ടായിരുന്നു. മനുഷ്യനില്‍ ആത്മാവ് എന്നറിയപ്പെടുന്ന ശാശ്വതമായ ഒരു തത്ത്വം ഉണ്ടെന്നും അതിനെ ചുറ്റി യഥാക്രമം ആനന്ദമയം, ജ്ഞാനമയം, മനോമയം, പ്രാണമയം, അന്നമയം എന്ന് അഞ്ചു കോശങ്ങള്‍ ഉണ്ടെന്നും മറ്റുമുള്ള ഭാരതീയ തത്ത്വചിന്തയ്ക്കും യൂങ്ങിന്റെ അപഗ്രഥനമനഃശാസ്ത്രസിദ്ധാന്തത്തിനും തമ്മിലുള്ള സാദൃശ്യം ശ്രദ്ധേയമാണ്. പൃഥക്കരണത്തിലൂടെ ആത്മാവബോധം നേടാനുള്ള മനുഷ്യന്റെ ആദ്യകാലപ്രയത്നങ്ങള്‍ക്ക് കാല്പനികരൂപം നല്കിയതാണ് ഇരുമ്പും ചെമ്പും സ്വര്‍ണമാക്കി മാറ്റാമെന്നുള്ള പ്രാചീന ഈജിപ്തുകാരുടെ വിശ്വാസത്തില്‍ (alchemy) കാണുന്നതെന്ന് യൂങ്ങ് എഴുതിയിട്ടുണ്ട്. അതുപോലെതന്നെ, കൂടെക്കൂടെ വര്‍ത്തമാനപത്രങ്ങളിലും മറ്റും സ്ഥലം പിടിക്കുന്ന പറക്കും തളികകളും സ്വത്വത്തെക്കുറിച്ചുള്ള അബോധാത്മക സങ്കല്പത്തില്‍നിന്നു രൂപമെടുക്കുന്ന മിഥ്യാദര്‍ശനങ്ങള്‍ (hallucinations) ആണെന്ന് സമര്‍ഥിക്കാന്‍ യൂങ്ങ് ശ്രമിച്ചിട്ടുണ്ട്.

അപഗ്രഥനമനഃശാസ്ത്രം, ഇന്ന്

യൂങ്ങിന്റെ മനോരോഗചികിത്സയെ പിന്തുടരുന്നവര്‍ അദ്ദേഹത്തിന്റെ കാലത്തെന്നപോലെ, എന്നും അപൂര്‍വമായി മാത്രമേ ഉണ്ടായിരുന്നുള്ളു. എങ്കിലും വ്യക്തിത്വപരിശോധനയ്ക്കും കോംപ്ളെക്സുകള്‍ കണ്ടെത്താനും യൂങ്ങ് നടപ്പില്‍ വരുത്തിയ പദാനുബന്ധനപരീക്ഷ ഇന്ന് വ്യാപകമായി ഉപയോഗിച്ചുവരുന്നു. അതേ രൂപത്തിലല്ലെങ്കിലും അതുപോലെതന്നെ, വ്യക്തിത്വത്തിന് അന്തര്‍മുഖതയെന്നും ബഹിര്‍മുഖതയെന്നും രണ്ടു ഭാവങ്ങള്‍ ഉണ്ടെന്ന യൂങ്ങിന്റെ കണ്ടുപിടിത്തവും സര്‍വാദൃതമായിത്തീര്‍ന്നിട്ടുണ്ട്. വ്യക്തിത്വത്തിന്റെ ഈ പരസ്പരവിരുദ്ധഭാവങ്ങളെ മസ്തിഷ്കപ്രവര്‍ത്തനവുമായി ബന്ധപ്പെടുത്തി അവയ്ക്കു ജീവശാസ്ത്രപരമായ അടിസ്ഥാനംതന്നെ ഉണ്ടെന്ന് ആധുനികമനഃശാസ്ത്രം ഏറെക്കുറെ തെളിയിച്ചുകഴിഞ്ഞിരിക്കുന്നു. 1940-കളില്‍ സ്ഥാപിതമായ ലണ്ടനിലെ അപഗ്രഥന മനഃശാസ്ത്ര സൊസൈറ്റി അപഗ്രഥന മനഃശാസ്ത്രത്തിലധിഷ്ഠിതമായ പഠനങ്ങളും ചികിത്സാരീതികളും പ്രചരിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.

അപസാമാന്യ മനഃശാസ്ത്രം

മനുഷ്യന്റെ അപസാമാന്യമായ പെരുമാറ്റത്തെ പഠനവിധേയമാക്കുന്ന മനഃശാസ്ത്രശാഖ. 'സാമാന്യ'വും 'അപസാമാന്യ'വും തമ്മിലുള്ള അതിര്‍വരമ്പ് കൃത്യമായി നിര്‍വചിക്കുക ക്ളേശകരമാണ്. ദൈനംദിന സന്ദര്‍ഭങ്ങളില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നതിലും സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിലും തടസങ്ങള്‍ നേരിടുന്ന വ്യക്തികളെയാണ് സാധാരണയായി അപസാമാന്യ മനഃശാസ്ത്രത്തില്‍ പഠനവിധേയരാക്കുന്നത്. സാഹചര്യങ്ങളുമായുള്ള ക്രിയാത്മക അനുകൂലനത്തില്‍ വ്യക്തിയുടെ ജനിതക പാരമ്പര്യം, ശാരീരികാരോഗ്യം, പഠനാനുഭവങ്ങള്‍, യുക്തി ചിന്ത, സാമൂഹ്യവത്ക്കരണം എന്നിവ പ്രധാന പങ്ക് വഹിക്കുന്നു.

അപസാമാന്യമായ പെരുമാറ്റവും മനോവൈകല്യങ്ങളും വര്‍ഗീകരിക്കുന്നതിനായി മനഃശാസ്ത്രജ്ഞരും മനോരോഗവിദഗ്ധരും സാധാരണയായി ഉപയോഗിക്കുന്നത് ഡയഗ്നോസ്റ്റിക് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്കല്‍ മാനുവല്‍ ഒഫ് മെന്റല്‍ ഡിസോര്‍ഡേര്‍സ് (The Diagnostic and Statitical Manual of Mental Disorders ) ആണ്. ഡി.എസ്.എം.ന്റെ ഇപ്പോള്‍ (2006) പ്രചാരത്തിലുള്ള പതിപ്പായ ഡി.എസ്.എം.IVടി.ആര്‍. (DSM-IV-TR) ല്‍ അഞ്ച് ആക്സിസുകളിലായി വിവിധ മാനസിക/പെരുമാറ്റവൈകല്യങ്ങളും അവയുമായി ബന്ധമുണ്ടാകാവുന്ന ശാരീരിക അവസ്ഥകളും, സാമൂഹിക പരിതസ്ഥിതികളിലെ പ്രശ്നങ്ങളും, വ്യക്തിയുടെ ആകെയുള്ള പ്രവര്‍ത്തനക്ഷമതയുടെ മാപനത്തിനായി ഒരു അളവുകോലും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇന്റര്‍നാഷണല്‍ ക്ളാസ്സിഫിക്കേഷന്‍ ഒഫ് ഡിസീസസ് (International Classification of Diseases) ന്റെ പത്താം പരിഷ്കൃത പതിപ്പിന്റെ അതായത് ഐ.സി.ഡി.-10 (ICD- 10) ന്റെ അഞ്ചാം അധ്യായത്തിലും മുന്നൂറോളം 'മാനസികവും പെരുമാറ്റപരവുമായ വൈകല്യങ്ങളെ'ക്കുറിച്ച് വിവരിക്കുന്നുണ്ട്.

മാനസിക/പെരുമാറ്റ വൈകല്യങ്ങള്‍

വിവിധ മാനസിക സംഘട്ടനങ്ങള്‍, ഭാരിച്ച ജീവിതപ്രശ്നങ്ങള്‍, വ്യക്തിബന്ധങ്ങളുടെ ഉലച്ചില്‍, പരസ്പരം ധാരണക്കുറവ് എന്നിവ വൈകല്യങ്ങള്‍ക്ക് കാരണമാകുന്നു. വൈകല്യങ്ങളും കാരണങ്ങളും തമ്മിലുള്ള കാര്യകാരണബന്ധം അബോധമനസിന്റെ പ്രക്രിയയാകയാല്‍ അത് സ്വയം നിയന്ത്രിക്കുവാനോ നിഷ്കാസനം ചെയ്യുവാനോ വ്യക്തി അശക്തനാണ്. ഡി.എസ്.എം.IV-ടി.ആര്‍.ല്‍ പരാമര്‍ശിച്ചിട്ടുള്ള ഏതാനും മാനസിക പെരുമാറ്റവൈകല്യങ്ങളെക്കുറിച്ചാണ് തഴെപ്പറയുന്നത്.

ആശങ്കാ വൈകല്യങ്ങള്‍

Anxiety Disorders

സന്തോഷമോ സങ്കടമോ പോലെ തികച്ചും ഒരു സാധാരണ വികാരമായ ആശങ്ക ഒരു പരിധിക്കപ്പുറം കടന്നാല്‍ വ്യക്തിയുടെ കാര്യക്ഷമമായ ദൈനംദിന ജീവിതപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. എന്തോ ആപത്ത് സംഭവിക്കാന്‍ പോകുന്നു എന്ന തരത്തിലുള്ള അകാരണഭയം, ചാഞ്ചല്യം, സംഭ്രമം, മാനസികമായ പിരിമുറുക്കം, അസ്വസ്ഥത തുടങ്ങിയ മാനസിക ലക്ഷണങ്ങളും ശ്വാസം മുട്ടല്‍, നെഞ്ചിടിപ്പ്, ഉറക്കമില്ലായ്മ, തൊണ്ടയ്ക്കും നാക്കിനും വരള്‍ച്ച, ശരീരത്തിന് എരിച്ചിലും പുകച്ചിലും, വിയര്‍പ്പ്, കിതപ്പ്, വയറിളക്കം, വിശപ്പില്ലായ്മ, വര്‍ധിച്ച ദാഹം തുടങ്ങിയ ശാരീരിക ലക്ഷണങ്ങളും ആശങ്കാ വൈകല്യങ്ങളോടനുബന്ധിച്ച് ഉണ്ടാകാറുണ്ട്.

അകാരണ ഭീതി അഥവാ ഫോബിയ (Phobia), ഒബ്സെസ്സീവ് കമ്പല്‍സീവ് വൈകല്യം തുടങ്ങിയവ ആശങ്കാവൈകല്യങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. അപകടഭീഷണി ഒന്നും തന്നെ ഉയര്‍ത്താത്ത വസ്തുക്കളെയോ സാഹചര്യങ്ങളെയോ കുറിച്ചുള്ള അകാരണവും അതിശക്തവുമായ ഭീതിയാണ് ഫോബിയ. തന്റെ ഭയം യുക്തിക്കു നിരക്കാത്തതാണെന്നു വ്യക്തി മനസ്സിലാക്കുന്നുണ്ടെങ്കിലും അത് കീഴടക്കി മുന്നോട്ടു പോകുവാന്‍ സാധിക്കുന്നില്ല. ഫോബിയകളെ അഗോറഫോബിയ (agoraphobia), നിര്‍ദിഷ്ട ഫോബിയ (specific phobia), സാമൂഹ്യ ഫോബിയ (social phobia) എന്ന് മൂന്നായി തിരിക്കാം. ഏതെങ്കിലും പ്രത്യേക വസ്തുവിനെയോ സാഹചര്യത്തെയോ (ഉദാ. ഉയരം, ഇരുട്ട്, മൃഗങ്ങള്‍, വിമാനയാത്ര തുടങ്ങിയവ) സംബന്ധിച്ചുള്ള ഭീതിയാണ് നിര്‍ദിഷ്ട ഫോബിയ. മറ്റുള്ളവര്‍ മോശമായി വിലയിരുത്തുമെന്നും, ആള്‍ക്കാരുടെ മുന്‍പില്‍ നാണംകെടും എന്നും മറ്റുമുള്ള ആശങ്കയാണ് സാമൂഹ്യഫോബിയയുടെ കാതല്‍. സഭാകമ്പം, മറ്റുള്ളവരുടെ മുന്‍പില്‍ വച്ച് ഭക്ഷണം കഴിക്കുവാനുള്ള ഭയം തുടങ്ങിയവ സാമൂഹ്യഫോബിയയുടെ ദൃഷ്ടാന്തങ്ങളാണ്. വീട് പോലെയുള്ള സുരക്ഷിത സങ്കേതങ്ങളില്‍ നിന്ന് അകന്ന് മറ്റേതെങ്കിലും സ്ഥലത്ത് (തുറന്ന സ്ഥലങ്ങള്‍, മാര്‍ക്കറ്റുകള്‍, ഷോപ്പിങ് കോംപ്ളക്സുകള്‍) അകപ്പെട്ടു പോകുമെന്ന ഉല്‍കണ്ഠയാണ് അഗോറഫോബിയയുടെ അടിസ്ഥാനം. വീട്ടില്‍ നിന്ന് പുറത്ത് പോകുവാന്‍ ശ്രമിക്കുമ്പോഴും, അതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെയും അഗോറഫോബിയ ഉള്ളവര്‍ക്ക് തലക്കറക്കം, ഓക്കാനം, ബോധക്ഷയം തുടങ്ങിയവയുണ്ടാകാറുണ്ട്. മറ്റു ഫോബിയകളെ അപേക്ഷിച്ച് അഗോറഫോബിയ വളരെ കുറഞ്ഞ തോതിലാണ് കാണപ്പെടുന്നതെങ്കിലും ദൈനംദിന പ്രവര്‍ത്തനങ്ങളെ വളരെയധികം ബാധിക്കുന്നതിനാല്‍ ഈ ഫോബിയയാണ് കൂടുതല്‍ വ്യക്തികളെ ചികിത്സക്കു നിര്‍ബന്ധിതരാക്കുന്നത്.

വിഡ്ഢിത്തമാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ ചില നിസാര കൃത്യങ്ങള്‍ അനിയന്ത്രിതമായി ആവര്‍ത്തിക്കുക, ചില പ്രത്യേക ചിന്തകള്‍ ആവര്‍ത്തിച്ച് മനസ്സിനെ മഥിച്ചു കൊണ്ടിരിക്കുക തുടങ്ങിയവയാണ് ഒബ്സസ്സീവ് കമ്പല്‍സീവ് വൈകല്യത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ചില പ്രത്യേക രീതിയിലുള്ള സംശയങ്ങളും വ്യക്തിക്കുണ്ടായേക്കാം. ഉദാഹരണമായി, വാതില്‍ പൂട്ടിയാലും പൂട്ടിയോ എന്ന് കൂടെകൂടെ പരിശോധിക്കുക, കൈ കഴുകിയാലും ശുചിയായില്ല എന്ന തോന്നല്‍ മൂലം കൂടെകൂടെ കഴുകിക്കൊണ്ടിരിക്കുക തുടങ്ങിയവ.

വിഘടനാത്മക വൈകല്യങ്ങള്‍

Dissociative Disorders

ഓര്‍മ, ബോധം, വ്യക്തിത്വം എന്നിവയില്‍ പെട്ടെന്നുണ്ടാകുന്ന താല്‍ക്കാലിക വിഘടനമാണ് ഈ വൈകല്യങ്ങളുടെ പ്രത്യേകത. അംനീഷ്യ, ഫ്യൂഗ് തുടങ്ങിയ വൈകല്യങ്ങള്‍ ഇക്കൂട്ടത്തില്‍പെടുന്നു. താനാരാണെന്നും എന്താണ് ചെയ്യുന്നതെന്നും തുടങ്ങി സകലകാര്യങ്ങളും ഒരു വ്യക്തി മറന്നു പോകുന്ന അവസ്ഥയാണ് അംനീഷ്യ. ചിലപ്പോള്‍ വളരെ കുറച്ച് നേരത്തെ അതായത് ഒന്നോ രണ്ടോ മണിക്കൂര്‍ നേരത്തെ ഓര്‍മകളെ മാത്രമായിരിക്കും അംനീഷ്യ ബാധിക്കുന്നത്. നഷ്ടപ്പെട്ട ഓര്‍മ അല്‍പസമയത്തിനുശേഷം തിരിച്ചുവന്നേക്കാം. എന്നാല്‍ ചില സംഭവങ്ങളില്‍ വളരെക്കാലം കഴിഞ്ഞശേഷമാണ് ഓര്‍മ തിരിച്ചു ലഭിച്ചത്. ഫ്യൂഗ് അവസ്ഥയില്‍ ഓര്‍മകളെല്ലാം നഷ്ടപ്പെട്ട വ്യക്തി സ്വന്തം വീട്ടില്‍ നിന്ന് ദൂരേക്ക് യാത്രചെയ്യുകയും വേറൊരു ജീവിതം ആരംഭിക്കുകയും ചെയ്യുന്നു. ആഴ്ചകള്‍ക്കോ മാസങ്ങള്‍ക്കോ വര്‍ഷങ്ങള്‍ക്കോ ശേഷം പെട്ടെന്നൊരിക്കല്‍ ഓര്‍മ തിരിച്ചു ലഭിക്കുമ്പോള്‍ തന്റെ പുതിയ സാഹചര്യങ്ങളെക്കുറിച്ച് പരിഭ്രാന്തനാകുന്നു.

ശാരീരിക രോഗങ്ങളുടെ ലക്ഷണങ്ങള്‍ ഉളവാക്കുന്ന മാനസിക വൈകല്യങ്ങള്‍

Somatoform Disorders

അബോധ മനസിലെ സംഘര്‍ഷങ്ങളെക്കുറിച്ചുള്ള ഉല്‍ക്കണ്ഠ ശാരീരിക ലക്ഷണങ്ങളായോ അവയെക്കുറിച്ചുള്ള ആശങ്കകളായോ പരിവര്‍ത്തനം ചെയ്യപ്പെടുകയാണ് ഇവിടെ സംഭവിക്കുന്നത്. ഇത്തരം പരിവര്‍ത്തനങ്ങള്‍ അസുഖകരമായ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുവാന്‍ വ്യക്തികളെ സഹായിക്കുന്നു എന്ന് മനഃശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണമായി പരീക്ഷയെഴുതുവാന്‍ അതിയായി ഭയപ്പെടുന്ന ഒരു വിദ്യാര്‍ഥിക്ക് പരീക്ഷയുടെ തലേദിവസം മുതല്‍ കൈ മരവിക്കുകയും അനക്കാന്‍ കഴിയാതാവുകയും ചെയ്താല്‍ പരീക്ഷയില്‍ നിന്ന് ഒഴിവാകുവാന്‍ സാധിക്കുകയും സമ്മര്‍ദം കുറയുകയും ചെയ്യുന്നു.

മാനസിക സമ്മര്‍ദങ്ങള്‍ ശാരീരിക രോഗങ്ങളുണ്ടെന്ന നിരന്തരമായ ആശങ്കയ്ക്കു വഴിതെളിക്കുന്ന അവസ്ഥയാണ് ഹൈപൊകോണ്‍ഡ്രിയാസിസ്. ഹൃദ്രോഗം, അര്‍ബുദം തുടങ്ങിയ ഗുരുതരമായ പല രോഗങ്ങളുടെയും ലക്ഷണങ്ങള്‍ തങ്ങള്‍ക്കുള്ളതായി വ്യക്തികള്‍ക്ക് അനുഭവപ്പെടാം. സ്വന്തം ശരീരത്തെക്കുറിച്ച് സദാ ചിന്തിക്കുകയും രോഗലക്ഷണങ്ങള്‍ക്കായി സദാ അന്വേഷണം നടത്തുകയും ചെയ്യുന്ന ഇവര്‍ക്ക് തങ്ങളുടെ രോഗലക്ഷണങ്ങള്‍ വളരെ അവ്യക്തമായും കൃത്യതയില്ലാതെയും മാത്രമെ വിവരിക്കുവാന്‍ സാധിക്കുകയുള്ളൂ.

വികാര വൈകല്യങ്ങള്‍

Mood Disorders

വ്യക്തിയുടെ വൈകാരികാവസ്ഥയിലെ വ്യതിയാനങ്ങളാണ് ഇത്തരം വൈകല്യങ്ങളുടെ പ്രധാന ലക്ഷണം. വിഷാദരോഗവും ദ്വിധ്രുവ വൈകല്യവും ആണ് ഇവയില്‍ പ്രധാനം.

തികഞ്ഞ വിഷാദമൂകത, മൌനം, ചെറിയ ജോലികള്‍പോലും ചെയ്യുവാന്‍ പ്രയാസം തോന്നുക, പുതിയ ഒരു പ്രവൃത്തിയും ഇഷ്പ്പെടാതിരിക്കുക എന്നിങ്ങനെയുള്ള സ്വഭാവവിശേഷങ്ങള്‍ വിഷാദരോഗത്തിന്റെ പ്രത്യേകതകളാണ്.

ദ്വിധ്രുവ വൈകല്യത്തില്‍ വിഷാദാവസ്ഥയും ഉത്തേജിതാവസ്ഥയും മാറിമാറി പ്രത്യക്ഷപ്പെടുന്നു. അമിതമായ സന്തോഷം, ദ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കുന്ന ആശയങ്ങള്‍ തുടങ്ങിയവയാണ് ഉത്തേജിതാവസ്ഥയുടെ പ്രത്യേകതകള്‍.

സ്കിസോഫ്രീനിയയും മറ്റു സൈക്കോട്ടിക് വൈകല്യങ്ങളും

ഇത്തരം വൈകല്യങ്ങള്‍ വ്യക്തിത്വത്തെ ആകെ ബാധിക്കുകയും ചുറ്റുപാടുകളും യാഥാര്‍ഥ്യവുമായുള്ള ബന്ധത്തിന് ഉലച്ചിലുണ്ടാവുകയും ചെയ്യുന്നു. സ്കിസോഫ്രീനിയയാണ് ഇത്തരം വൈകല്യങ്ങളില്‍ കൂടുതലായി കാണപ്പെടുന്നത്. സ്കിസോഫ്രീനിയയില്‍ സംവേദനം, പ്രത്യക്ഷണം, ചിന്ത, വികാരം, പെരുമാറ്റം എന്നിവയെല്ലാം വികലമാക്കപ്പെടുന്നു. ഡല്യൂഷനുകളും (മിഥ്യാ വിശ്വാസങ്ങള്‍) ഹാലുസിനേഷനുകളും (മിഥ്യാദര്‍ശനങ്ങള്‍, ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കുക തുടങ്ങിയ പ്രതിഭാസങ്ങള്‍) ഈ അവസ്ഥയുടെ പ്രത്യേകതകളാണ്. സ്കിസോഫ്രീനിയ ഉള്ളവരുടെ സംസാരത്തില്‍ പരസ്പരബന്ധമില്ലായ്മയും അവ്യക്തതയും അനുഭവപ്പെടുന്നു. സ്കിസോഫ്രീനിയയെ ഡിസ്ഓര്‍ഗനൈസ്ഡ് ടൈപ്, പാരനോയിഡ് ടൈപ്, കാറ്ററ്റോണിക് ടൈപ്പ്, റെസിഡ്യൂല്‍ ടൈപ് തുടങ്ങി വ്യത്യസ്ത തരങ്ങളിലായി വര്‍ഗീകരിച്ചിട്ടുണ്ട്.

ശാരീരിക കാരണങ്ങളാല്‍ ഉണ്ടാകുന്ന മാനസിക വൈകല്യങ്ങള്‍

ശാരീരികരോഗങ്ങളുടെ പരിണതഫലമായാണ് ഇത്തരം മാനസികവൈകല്യങ്ങളുണ്ടാകുന്നത്. തലച്ചോറ്, നാഡീവ്യൂഹം എന്നിവയെ ബാധിക്കുന്ന രോഗങ്ങള്‍, തലച്ചോറിലെ റ്റ്യൂമര്‍, ക്ഷതം, വിഷാംശം ശരീരത്തില്‍ അളവില്‍ കൂടുതലുണ്ടാകുക, ജീവകങ്ങളുടെ കുറവ്, ചില ഗ്രന്ഥികളുടെ പ്രവര്‍ത്തനവൈകല്യം; പ്രായാധിക്യത്തെത്തുടര്‍ന്നുള്ള ദൌര്‍ബല്യം ഇവയെല്ലാം മൂലം പലവിധത്തിലുള്ള മനോവൈകല്യങ്ങള്‍ ഉണ്ടാകുന്നു.

ഓര്‍മക്കുറവ്, ബോധമനസ്സില്‍ പ്രകടമാകുന്ന അവ്യക്തത, ചിന്തയിലും ശ്രദ്ധയിലും വരുന്ന വ്യതിചലനങ്ങള്‍ ഇവയാണ് ശാരീരിക കാരണങ്ങളാല്‍ ഉണ്ടാകുന്ന മനോവൈകല്യങ്ങളില്‍ പ്രധാനമായും കാണുന്ന ലക്ഷണങ്ങള്‍.

അതിമദ്യാസക്തിയും മയക്കുമരുന്ന് വിധേയത്വവും

അമിതമായ മദ്യപാനംമൂലം വരാവുന്ന ചില പ്രധാനരോഗങ്ങളാണ് ഡലീറിയം ട്രമന്‍സ് (delirium tremens), കൊര്‍സാക്കോഫസ് സൈക്കോസിസ് (Korsakoff's psychosis), ക്രോണിക് ആല്‍ക്കഹോളിസം (chronic alcoholism) തുടങ്ങിയവ. സാധാരണയായി മോഹഭംഗത്തെ നേരിടുവാനുള്ള കഴിവില്ലായ്മ, ആശങ്ക എന്നിവയുള്ളവരാണ് മദ്യപാനത്തിന് അടിമകളായിത്തീരാറുള്ളത് നോ: അതിമദ്യാസക്തി

കൊക്കെയ്ന്‍, മരിജുവാന (കഞ്ചാവ്), കറപ്പ് (പെത്തഡിന്‍) മുതലായ പലതരം ലഹരിപദാര്‍ഥങ്ങള്‍ പതിവായി ഉപയോഗിക്കുകയാല്‍ ക്രമേണ അവയുടെ ശക്തിക്കു വിധേയരായി, അവയില്ലാതെ കഴിയാന്‍ വയ്യ എന്ന അവസ്ഥയില്‍ ചിലര്‍ എത്തിച്ചേരുന്നു. തന്മൂലം മദ്യപാനത്തിലെന്നപോലെ വിവിധങ്ങളായ മനോരോഗങ്ങള്‍ക്ക് അവര്‍ വിധേയരായിത്തീരുകയും ചെയ്യുന്നു.

വ്യക്തിത്വ വൈകല്യങ്ങള്‍

ദീര്‍ഘകാലമായി നിലനില്‍ക്കുന്നവയും പ്രത്യേക രീതിയിലുള്ളവയുമായ ജീവിത ശൈലികളാണ് വ്യക്തിത്വ വൈകല്യങ്ങളുടെ പ്രത്യേകത. ഇത്തരം ജീവിത ശൈലികള്‍ അവ പുലര്‍ത്തുന്ന വ്യക്തികളേക്കാളുപരി, അവര്‍ക്ക് ചുറ്റുമുള്ളവര്‍ക്കാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ഉദാഹരണമായി സാമൂഹ്യവിരുദ്ധ വ്യക്തിത്വ വൈകല്യത്തില്‍ വ്യക്തികള്‍ സ്വന്തം സുഖവും ആഹ്ളാദവും മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നു. വീണ്ടുവിചാരമോ തങ്ങളുടെ പ്രവൃത്തിയുടെ അനന്തരഫലങ്ങളെപ്പറ്റി ചിന്തയോ കൂടാതെ പലതും പെട്ടെന്നു ചെയ്യാന്‍ ഇവര്‍ പ്രേരിതരാകുന്നു. മോഷണം, കളവുപറയല്‍, കൊലപാതകം തുടങ്ങിയ പ്രവൃത്തികളില്‍ ഇവര്‍ ഏര്‍പ്പെടുവാന്‍ സാദ്ധ്യത കൂടുതലാണ്. ഇവരെ തിരുത്തുന്നത് വളരെ ശ്രമകരമാണ്.

ബുദ്ധിമാന്ദ്യം

Mental Deficiency

ജന്മനാലോ ശൈശവത്തിലോ ഉണ്ടാകുന്ന അസുഖങ്ങളോ മറ്റു കാരണങ്ങളോകൊണ്ട് മസ്തിഷ്കത്തിന് സാധാരണ വളര്‍ച്ച കിട്ടാതെ മാനസികക്ഷമതകള്‍ മന്ദിച്ചുപോകുകയും സാഹചര്യങ്ങള്‍ക്കൊത്ത് സ്വതന്ത്രമായി ജീവിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്ന അവസ്ഥ. മന്ദബുദ്ധികള്‍ക്ക് ശാരീരികവളര്‍ച്ചയ്ക്ക് അനുസരിച്ച് മാനസികവളര്‍ച്ച ഉണ്ടാകുന്നില്ല. മാനസികവളര്‍ച്ചയുടെ തോത് കണക്കാക്കി ചില തൊഴില്‍പരിശീലനവും അനുയോജ്യമായ വിദ്യാഭ്യാസവും നല്കി ചെറിയ തോതില്‍ സ്വയംപര്യാപ്തത നേടാന്‍ സഹായിക്കാവുന്നതാണ് (നോ: ബുദ്ധിമാന്ദ്യം).

മനോരോഗ നിദാനശാസ്ത്രം

Psychopathology

മനസ്സിന്റെ ഘടനയും പ്രവര്‍ത്തനതത്ത്വവും എങ്ങനെ മനോരോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് വിശദമായി അപഗ്രഥിക്കുന്നതിലൂടെ മനോരോഗചികിത്സയില്‍ ഒരു പുതിയ പന്ഥാവ് വെട്ടിത്തുറന്നത് സിഗ്മണ്ട് ഫ്രോയ്ഡാണ് (1856-1939). സര്‍വരോഗങ്ങളും ശാരീരികകാരണങ്ങള്‍മൂലവും അല്ലെങ്കില്‍ അതിമാനുഷശക്തികള്‍കൊണ്ടും (supernatural powers) ന്യായീകരിക്കപ്പെട്ടിരിക്കുന്ന കാലഘട്ടത്തില്‍ മനോരോഗങ്ങളില്‍ പലതും തികച്ചും മാനസികസംഘട്ടനങ്ങള്‍കൊണ്ടും മനസ്സിന്റെ പ്രവൃത്തിതത്ത്വങ്ങളിലുണ്ടാകുന്ന വ്യതിയാനംമൂലവും ആണെന്ന് ഫ്രോയ്ഡ് ഉറപ്പിച്ചുപറഞ്ഞു.

ബോധമനസ്, ഉപബോധമനസ്, അബോധമനസ് (conscious,subconscious,unconscious) എന്നിങ്ങനെ മൂന്നായി മനസ്സിന്റെ പ്രവര്‍ത്തനങ്ങളെ ഫ്രോയ്ഡ് തരംതിരിച്ചു. ഒരു പ്രത്യേക സമയത്ത് ഒരാളുടെ ഓര്‍മയിലുള്ളതെല്ലാം ബോധമണ്ഡലത്തിലും തത്ക്കാലം ഓര്‍മയിലില്ലെങ്കിലും അല്പം ശ്രമിച്ചാല്‍ ഓര്‍മിക്കാന്‍ കഴിയുന്നവ ഉപബോധമണ്ഡലത്തിലും നേരായ മാര്‍ഗങ്ങളിലൂടെ ഓര്‍മിക്കുവാന്‍ വയ്യാതെ അഗാധതയിലേക്കു പോയവ അബോധമണ്ഡലത്തിലും നിക്ഷിപ്തമായിരിക്കുന്നു. ജന്മവാസനകളും ദുരന്താനുഭവങ്ങളും സംഘട്ടനങ്ങളും മോഹഭംഗങ്ങളും കുറ്റബോധങ്ങളും സദാ ഓര്‍മിച്ചുകൊണ്ടിരുന്നാല്‍ സ്വസ്ഥത നഷ്ടപ്പെടുമെന്നുള്ളതുകൊണ്ട് ഇവയെ ഒതുക്കിവയ്ക്കുന്ന തലമാണ് അബോധമനസ്.

മനസ്സിന്റെ പ്രവര്‍ത്തനതലങ്ങളെ ഇങ്ങനെ വിഭജിച്ചപോലെതന്നെ മനസ്സിന്റെ ഘടനയെയും ഇഡ് (Id), ഈഗോ (Ego), സൂപ്പര്‍ ഈഗോ (Super Ego) എന്നു മൂന്നായി തിരിച്ചിരിക്കുന്നു. ജന്മവാസനകള്‍ക്കെല്ലാംകൂടി നല്കപ്പെട്ട പേരാണ് ഇഡ്. ഉടനടിയുള്ള ആഗ്രഹനിവൃത്തിയും ആനന്ദലബ്ധിയുമാണ് ഇഡിന്റെ പ്രവര്‍ത്തനതത്ത്വം. ഈ പ്രവര്‍ത്തനങ്ങള്‍ മുഴുവനും അബോധതലത്തിലായിരിക്കും. സാമൂഹ്യശാസനങ്ങള്‍, ആചാരമര്യാദകള്‍ എന്നിവയില്‍നിന്നും തെറ്റിനെപ്പറ്റിയും ശരിയെപ്പറ്റിയുമുള്ള ഒരു വൈയക്തികബോധം രൂപം കൊള്ളുന്നതിനെ സൂപ്പര്‍ ഈഗോ എന്ന് പറയുന്നു. സാധാരണഗതിയില്‍ മനഃസാക്ഷി എന്നു വിളിക്കുന്നത് ഇതിനെയാണ്. സ്വന്തം പ്രവൃത്തികള്‍ ശരിയോ തെറ്റോ എന്ന് ചൂണ്ടിക്കാട്ടി നിയന്ത്രണം പാലിക്കുകയാണ് ഇത് ചെയ്യുന്നത്. ഇഡിലും സൂപ്പര്‍ ഈഗോയിലും ബന്ധം സ്ഥാപിച്ചുകൊണ്ട് യാഥാര്‍ഥ്യബോധത്തോടെ ചുറ്റുപാടുകളുമായി പൊരുത്തപ്പെട്ട് ജീവിതം സുഗമമാക്കിത്തീര്‍ക്കുകയാണ് ഈഗോയുടെ പ്രവര്‍ത്തനം. ഈഗോ മുക്കാലും ബോധതലത്തില്‍തന്നെയും, സൂപ്പര്‍ ഈഗോ അബോധതലത്തിലും ബോധതലത്തിലുമായും പ്രവര്‍ത്തിക്കുന്നു. ഈഗോയ്ക്ക് ഇഷ്ടപ്പെടാത്തതും അസ്വസ്ഥതയുണ്ടാക്കുന്നതുമായ കാര്യങ്ങള്‍ റിപ്രഷന്‍ (repression) എന്നു പറയുന്ന ഒരു മാനസികപ്രക്രിയ വഴി അബോധമനസ്സില്‍ പൂഴ്ത്തിവയ്ക്കുന്നു. സാധാരണരീതിയില്‍ ഇത്തരം പൂഴ്ത്തപ്പെട്ട വികാരങ്ങള്‍ ബോധമണ്ഡലത്തില്‍ പ്രവേശിക്കാറില്ല. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഈ വികാരാനുഭൂതികള്‍ പ്രതിരോധങ്ങളെ മറികടന്ന് ബോധതലത്തിലേക്ക് പ്രവേശിക്കും. ഈഗോയും ഇഡും തമ്മില്‍ ഈ സമയത്തുണ്ടാകുന്ന സംഘട്ടനം ആശങ്കയും വ്യാകുലതയും ഉണ്ടാക്കിത്തീര്‍ക്കുന്നു. മാനസികാപഗ്രഥനതത്ത്വപ്രകാരം ഈ സംഘട്ടനങ്ങളാണ് മനോരോഗങ്ങള്‍ക്കു നിദാനം.

സാധാരണരീതിയില്‍ ഈഗോ തന്റെ രക്ഷയ്ക്കായി അനവധി രക്ഷാകവചങ്ങള്‍ ചില മാനസികതന്ത്രങ്ങള്‍വഴി ഉണ്ടാക്കുന്നു. ഈ രക്ഷാകവചങ്ങളെ 'മെന്റല്‍ മെക്കാനിസം' അല്ലെങ്കില്‍ 'ഡിഫന്‍സ് മെക്കാനിസം' (mental mechanism or defence mechanism) എന്നു പറയുന്നു. സംഘട്ടനങ്ങളെ ഇവകൊണ്ട് നേരിടാന്‍ കഴിയാതെ വരുമ്പോള്‍ വ്യക്തി ലഘുമനോരോഗങ്ങളിലേക്കും, അതുകൊണ്ടും സാധ്യമല്ലാത്ത അവസ്ഥയായാല്‍ ഉന്‍മാദരോഗങ്ങളിലേക്കും പതിക്കുന്നു.

ഫ്രോയ്ഡ് വിശദീകരിച്ച ഈ തത്ത്വങ്ങളെ അടിസ്ഥാനപ്പെടുത്തി ചില നവീകരണങ്ങളും പുനഃക്രമീകരണങ്ങളും ഇദ്ദേഹത്തിന്റെ പിന്‍ഗാമികളായ ആഡ്ലര്‍, കാള്‍ യുങ്ങ്, ഓട്ടോ റാങ്ക്, കരണ്‍ ഹോര്‍ണി, എച്ച്. സള്ളിവന്‍ തുടങ്ങിയവര്‍ ചെയ്തിട്ടുണ്ട്്. ഇതില്‍നിന്നും വ്യത്യസ്തമായ സിദ്ധാന്തങ്ങളും പിന്നീട് ഉണ്ടായി. പഠനപ്രക്രിയയും പഠന തത്ത്വങ്ങളും (learning and learning principles) ഉപയോഗിച്ച് പല മനോരോഗങ്ങളും വിശദീകരിക്കുകയും ചികിത്സിക്കുകയും ചെയ്യുന്നതാണ് ആധുനികരീതി.

മാനസിക ചികിത്സ

Psychotherapy

മനഃശാസ്ത്രതത്ത്വങ്ങള്‍ ഉപയോഗിച്ച് മനോരോഗങ്ങളെ ചികിത്സിക്കുന്ന രീതിക്കാണ് 'സൈക്കോതെറാപ്പി' എന്നു പറയുന്നത്. ഫ്രോയ്ഡിന്റെ മാനസികാപഗ്രഥനം (Psychoanalysis) ആണ് ഇതിന്റെ തുടക്കം. ഇതിനെ തുടര്‍ന്ന് തികച്ചും വ്യത്യസ്തമായ ചികിത്സാസമ്പ്രദായങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ബിഹേവിയര്‍ തെറാപ്പി (Behaviour Therapy) ആണ് ഇതിന്റെ ഒരു ആധുനികശാഖ. ജീവിതം സുഗമമായി പോകുന്നതിന് പ്രതിബന്ധമായി നില്ക്കുന്ന ശീലങ്ങളുടെ സ്ഥാനത്ത് കൂടുതല്‍ ആരോഗ്യകരമായ ശീലങ്ങളെ പഠിപ്പിച്ചുറപ്പിക്കുകയാണ് ഇതില്‍ ചെയ്യുന്നത്.

രോഗലക്ഷണങ്ങള്‍ പരിപൂര്‍ണമായി മാറ്റുക, അതുസാധ്യമല്ലാത്ത സ്ഥാനത്ത് അവയുടെ കാഠിന്യം കുറയ്ക്കുക, വ്യക്തിത്വത്തെ പുഷ്ടിപ്പെടുത്തി ചുറ്റുപാടുമായി പൊരുത്തപ്പെട്ടു ജീവിക്കുവാന്‍ സഹായിക്കുക എന്നിവയാണ് എല്ലാത്തരം സൈക്കോത്തെറാപ്പിയുടെയും ലക്ഷ്യം. നോ: സൈക്കോത്തെറാപ്പി, അപഗ്രഥനമനഃശാസ്ത്രം, വ്യക്തിഗതമനഃശാസ്ത്രം

അപായോന്‍മുഖത

അപായങ്ങളില്‍ ചെന്നുപെടുവാന്‍ കാരണമാകുന്ന ഒരു മാനസിക സവിശേഷത (Accident proneness). ചിലരില്‍ ഈ സവിശേഷത താരതമ്യേന അധികമായും മിക്കവാറും സ്ഥിരമായും കാണപ്പെടുന്നു. ഒരുവന് ബോധേന്ദ്രിയങ്ങളും ശാരീരികചലനങ്ങളും തമ്മില്‍ യഥാതഥമായ ബന്ധം ഇല്ലെങ്കില്‍ പലപ്പോഴും അപകടമുണ്ടാകുവാന്‍ സാധ്യതയുണ്ട്. അപകടത്തെ അഭിമുഖീകരിക്കുമ്പോള്‍ സന്ദര്‍ഭത്തെ അവലോകനം ചെയ്യുകയും തദനുസരണം ശാരീരികമായി പ്രതിപ്രവര്‍ത്തനം നടത്തുകയുമാണ് പലരും ചെയ്യാറുള്ളത്. എന്നാല്‍ യഥായോഗ്യമായ അവലോകനം നടത്താതെ പ്രവൃത്തിക്കുന്നവരില്‍ അപായോന്‍മുഖത കൂടിയിരിക്കും. ഒരു പ്രവൃത്തിയില്‍ അതിവൈദഗ്ധ്യം സമ്പാദിച്ചതുകൊണ്ട് അപകടസാധ്യത കുറഞ്ഞിരിക്കും എന്നു കരുതുവാന്‍ സാധ്യമല്ല. അതിവിദഗ്ധര്‍ അമിതമായ ആത്മവിശ്വാസംമൂലം സാഹസങ്ങള്‍ കാട്ടുകയും തന്മൂലം അപകടത്തില്‍പ്പെട്ടുപോവുകയും ചെയ്യാറുണ്ട്.

സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള കഴിവ് ഒരുവന്റെ അപായോന്മുഖതയെ കുറയ്ക്കുന്നു. പൊരുത്തപ്പെടുവാന്‍ ഒരുവനെ അശക്തനാക്കുന്ന ന്യൂറോട്ടിസിസം (Neuroticism) എന്ന പേഴ്സണാലിറ്റി ഘടകം അപായോന്‍മുഖതയെ വര്‍ധിപ്പിക്കുന്നു. ബഹിര്‍മുഖത (Extroversion) പ്രകടമാക്കുന്ന ന്യൂറോട്ടിക് പ്രവണതയുള്ളവരില്‍ അപായോന്മുഖതയുടെ അളവ് കൂടിയിരിക്കും എന്നതിന് എച്ച്.ജെ. ഐസങ്ക് എന്ന മനഃശാസ്ത്രജ്ഞന്‍ തെളിവു നല്കുന്നു. അന്തര്‍മുഖത (Introversion) ഉള്ളവര്‍ താരതമ്യേന പരിസരബോധമുള്ളവരും ശ്രദ്ധയും ഏകാഗ്രതയും കൂടുതല്‍ ഉള്ളവരും ആകയാല്‍ ഈ പ്രത്യേകത അവരില്‍ കുറഞ്ഞിരിക്കും. കൂടാതെ ധാരാളംപേര്‍ ഇഷ്ടപ്പെടുന്ന സ്വഭാവമുള്ളവരും വിശ്വസ്തരും സാമൂഹികപ്രവര്‍ത്തനത്തില്‍ ഉത്സുകരും പൊതുവേ അപായോന്മുഖത കുറവുള്ളവരാണെന്ന് സമര്‍ഥിക്കപ്പെട്ടിരിക്കുന്നു. പ്രവൃത്തി ചെയ്യുന്നതിനുള്ള സാമാന്യബുദ്ധി ഉണ്ടായിരുന്നാല്‍ അപകടസാധ്യത കുറഞ്ഞിരിക്കുമെങ്കിലും ബുദ്ധിശക്തി കൂടുന്തോറും അപായോന്മുഖത കുറയുമെന്നു പറയുവാന്‍ സാധ്യമല്ല.

അപകടം സംഭവിക്കുന്നതിന് മുഖ്യകാരണമായി അപായോന്മുഖത കഴിഞ്ഞ കാലങ്ങളില്‍ പരിഗണിക്കപ്പെട്ടിരുന്നു. 20 ശ.മാ. മുതല്‍ 40 ശ.മാ. വരെ മാത്രമേ ഇതു കാരണമാകുന്നുള്ളു എന്നാണ് ആധുനികഗവേഷകരുടെ നിഗമനം. പ്രായാധിക്യം, വൈദഗ്ധ്യക്കുറവ്, ക്ഷീണം, മാനസികക്ളേശം, അതിമദ്യാസക്തി, രോഗം, ജോലിസ്ഥലത്തെ അസൌകര്യങ്ങള്‍ എന്നിവ അപകടസാധ്യത വര്‍ധിപ്പിക്കുന്ന മറ്റു ഘടകങ്ങളാകുന്നു.

അഭിക്ഷമതാപരീക്ഷകള്‍

Aptitude tests

ഓരോ വ്യക്തിയിലും അന്തര്‍ലീനമായ അഭിക്ഷമത അഥവാ ഏത് പ്രവര്‍ത്തനമേഖലയിലാണ് നൈപുണ്യം നേടാന്‍ സാധ്യതകൂടുതലുള്ളത് എന്ന് കണ്ടെത്തുവാന്‍ സഹായിക്കുന്ന മാനസിക പരീക്ഷകള്‍.

അഭിക്ഷമത അഥവാ പ്രത്യേക വാസന പലര്‍ക്കും പലവിധത്തിലായിരിക്കും. ചിലരില്‍ ഇത് ചെറുപ്പത്തില്‍ തന്നെ പ്രകടമായെന്നുവരും. മറ്റു ചിലരില്‍ കണ്ടെത്തലിന്റേയും തേച്ചുമിനുക്കലിന്റേയും ഫലമായി പിന്നീടാണ് അഭിക്ഷമത വികസിതമാവുക.

പാശ്ചാത്യദേശങ്ങളില്‍ അഭിക്ഷമതാപരീക്ഷകള്‍ സാര്‍വത്രികമായുണ്ട്. പരമ്പരാസിദ്ധമാണ് അഭിക്ഷമത എന്ന അഭിപ്രായത്തിനാണ് ഇന്നും പ്രാമുഖ്യം. നല്ലൊരു സംഗീതജ്ഞന്റെയോ ചിത്രകാരന്റെയോ സന്തതിപരമ്പരകളില്‍ കലാവാസന അന്തര്‍ലീനമായിരിക്കും. സാഹചര്യം അനുകൂലമാകുമ്പോള്‍ അവ പ്രകടമാകുകയും വൈദഗ്ധ്യം പ്രകാശിതമാകയും ചെയ്യുന്നു. പ്രതികൂലസാഹചര്യം അഭിക്ഷമതയെ ഒട്ടൊക്കെ പ്രതികൂലമായി ബാധിക്കാറുണ്ട്.

നിരീക്ഷണത്തിലൂടെ വാസനകള്‍ കുറെയൊക്കെ മനസ്സിലാക്കാം. എന്നാല്‍ കുറെക്കൂടെ വസ്തുനിഷ്ഠമായിരിക്കും പരീക്ഷകളിലൂടെ ചെന്നെത്തുന്ന നിഗമനങ്ങള്‍. ഒരുകാലത്ത് അഭിക്ഷമതയെ ഒന്നായി കണ്ടിരുന്നു. ഇന്ന് ഘടകാപഗ്രഥനത്തിന്റെ (factor analysis) ഫലമായി, പല പ്രത്യേക രംഗങ്ങളില്‍ കാട്ടുന്ന പ്രത്യേക അഭിക്ഷമതയുടെ ആകെത്തുകയാണ് ഏതെങ്കിലും ഒരു രംഗത്ത് അത്യുന്നതസ്ഥാനം കൈവരിക്കാന്‍ ഒരാളെ പ്രാപ്തനാക്കുന്നതെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു. വാചികം (verbal), സാംഖ്യികം (numerical), സ്ഥാലികം (spatial), പ്രാവര്‍ത്തികം (motor), സാമൂഹികം (social), ഗാനാത്മകം (musical), യാന്ത്രികം (mechanical) എന്നിങ്ങനെ ഏഴ് ഘടകങ്ങളാണ് കെല്ലി (Kelly) കണ്ടെത്തിയത്. തഴ്സ്റ്റണ്‍ (Thurstone) വാക്ശേഷി, സംഖ്യാപരസാമര്‍ഥ്യം, ഓര്‍മശക്തി, പ്രതലവിജ്ഞാനം, കാര്യകാരണവിചിന്തനം, സംശ്ളേഷണം, വിശ്ളേഷണം എന്നിവയാണ് ഘടകങ്ങളായി നിര്‍ദേശിച്ചത്. ഒരര്‍ഥത്തില്‍ അഭിക്ഷമതാ പരീക്ഷകളെ 'പ്രവചന പരീക്ഷകള്‍' (Prognostic tests) എന്നു പറയാം.

പ്രസിദ്ധങ്ങളായ ചില അഭിക്ഷമതാ പരീക്ഷകള്‍ ഇവയാണ്.

1. യാന്ത്രികാഭിക്ഷമത (Mechanical Aptitude). ഉദാ. മിനസോട്ടാമെക്കാനിക്കല്‍ അസംബ്ളി ടെസ്റ്റ് (Minnesota Mechanical Assembly Test), ബെന്നറ്റ് മെക്കാനിക്കല്‍ കോംപ്രിഹെന്‍ഷന്‍ ടെസ്റ്റ് (Bennett Mechanical Comperhension Test), ഓകോണര്‍ ഫിംഗര്‍ ഡെക്സ്റ്ററിറ്റി ടെസ്റ്റ് (O'Conner Dexterity Test).

2. ഗുമസ്തനാകാനുള്ള കഴിവ് (Clerical Aptitude). ഉദാ. മിനസോട്ടാ ക്ളെറിക്കല്‍ ടെസ്റ്റ് (Minnesota Clerical Test ).

3. സംഗീതാഭിക്ഷമത (Musical Aptitude), സീഷോര്‍ മെഷേഴ്സ് ഒഫ് മ്യൂസിക്കല്‍ ടാലന്റ്സ് (Seashore Measures of Musical Talents).

4. അധ്യാപനാഭിക്ഷമത (Teacher Aptitude), കോക്സ്-ഓര്‍ലിന്‍സ് പ്രോഗ്നോസ്റ്റിക് ടെസ്റ്റ് ഒഫ് റ്റീച്ചിങ് (Coxe Orleans Prognostic Test of teaching).

ഇവയെല്ലാം ഏതെങ്കിലും പ്രത്യേക മണ്ഡലമോ മണ്ഡലങ്ങളോ മാത്രം ഉദ്ദേശിച്ചുള്ളവയാണ്. എന്നാല്‍ പല മണ്ഡലങ്ങള്‍ക്ക് പല രൂപത്തില്‍ ഉപയോഗിക്കാവുന്ന 'ടെസ്റ്റ് ബാറ്ററി'കളും ലഭ്യമാണ്. അവയില്‍ പ്രധാനപ്പെട്ടവയാണ് 'ഡിഫറന്‍ഷ്യല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്' (Differential Aptitude Test), 'ജനറല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി (G.A.T.B:General Aptitude Test Battery),' 'ഫ്ളാനഗന്‍ ആപ്റ്റിറ്റ്യൂഡ് ക്ളാസിഫിക്കേഷന്‍ ടെസ്റ്റ്' (FACT:Flanagan Aptitude Classification Test) എന്നിവ. ഓരോന്നിനും വെവ്വേറെയും പൊതുവിലും 'പ്രൊഫൈലുകള്‍' (profiles) രേഖപ്പെടുത്തുന്നതുകൊണ്ട് അഭിക്ഷമതാ പരീക്ഷകള്‍ക്ക് ഉത്തരമെഴുതുന്ന ഒരാള്‍ക്ക് ഏതെല്ലാം മണ്ഡലങ്ങളില്‍ പ്രത്യേകാഭിക്ഷമത ഉണ്ടെന്ന് ഏറെക്കുറെ പ്രവചിക്കാന്‍ കഴിയും. അഭിക്ഷമതാപരീക്ഷകള്‍ വിവിധ ഭാഷകളില്‍ ലഭ്യമാണ്. സംഗീതം, ചിത്രരചന, കണക്കെഴുത്ത്, സംഖ്യാത്മകവും പ്രതലസംബന്ധിയുമായ കാര്യങ്ങള്‍, യാന്ത്രികഘടന എന്നിവയിലൊക്കെയുള്ള അഭിക്ഷമതകള്‍ക്ക് പാശ്ചാത്യരാജ്യങ്ങളില്‍ നടപ്പുള്ള പരീക്ഷകളെ അവലംബിച്ചും സ്വതന്ത്രമായും കേരളസര്‍വകലാശാലാ വിദ്യാഭ്യാസവകുപ്പില്‍ പല പരീക്ഷകളും തയ്യാറാക്കിയിട്ടുണ്ട്. വിവിധ പാഠ്യകോഴ്സുകള്‍ തിരഞ്ഞെടുക്കുന്നതിനും വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടുന്നതിനും അഭിക്ഷമതാപരീക്ഷകള്‍ വെളിച്ചം നല്കും. സംഗീതത്തില്‍ വാസനയുള്ളയാളെ ക്ളാര്‍ക്കായും ഡോക്ടറായും നിയമിക്കുന്നതും അധ്യാപനത്തില്‍ താത്പര്യമുള്ളയാളെ ഖനിയില്‍ നിയമിക്കുന്നതും ദേശീയനഷ്ടം വരുത്തും. ഈ നഷ്ടം ഒഴിവാക്കാന്‍ അഭിക്ഷമതാപരീക്ഷകള്‍ ഒരളവില്‍ സഹായിക്കുന്നു. ഓരോരുത്തര്‍ക്കും അഭിക്ഷമതയുള്ള രംഗത്ത് മാത്രം അവരെ കടത്തിവിടുന്നത് വ്യക്തികളുടെ സംതൃപ്തിക്കും സാമൂഹികപുരോഗതിക്കും സഹായകമായിരിക്കും. ഭാരതത്തില്‍ ഇത്തരം പരീക്ഷകള്‍ ഈ കാലഘട്ടത്തില്‍ കൂടുതല്‍ പ്രചാരം ആര്‍ജിച്ചു വരുന്നു.

അഭിഭാവത്തോതുകള്‍

Attitude Scales

ഒരു വ്യക്തിയോടോ, വസ്തുവിനോടോ, സ്ഥാപനത്തോടോ, പ്രവൃത്തിയോടോ ഒരാള്‍ കാട്ടുന്ന മനോഭാവം അഥവാ അഭിഭാവത്തിന്റെ ശാസ്ത്രീയനിര്‍ണയം നടത്താനുള്ള മാനസിക പരീക്ഷകള്‍ (Attitude). ഒരു വ്യക്തിയുടെ വികാരം (Emotion), പ്രത്യക്ഷണം (Perception), അഭിപ്രേരണ (Motivation) എന്നിവയുടെ സംരചനയാണ് മനോഭാവത്തെ സൃഷ്ടിക്കുന്നത്. ഈ മനോഭാവത്തെ ശാസ്ത്രീയ നിര്‍ണയം നടത്താനുള്ള മാനദണ്ഡമാണ് മാനസിക പരിരക്ഷകള്‍.

ചിലര്‍ക്ക് ഒരു പ്രത്യേക വ്യക്തിയെ ഇഷ്ടമായിരിക്കാം; മറ്റു ചിലര്‍ക്ക് വെറുപ്പും. പ്രത്യേകതാത്പര്യമുള്ള വസ്തുക്കളോട് അനുകൂലമനോഭാവവും അല്ലാത്തവയോട് പ്രതികൂലമനോഭാവവും മനുഷ്യസാധാരണമാകുന്നു. വിശ്വാസപ്രമാണങ്ങള്‍ ആചാരങ്ങള്‍ എന്നിവയോട് മനുഷ്യര്‍ക്കുള്ള അഭിഭാവവും പ്രതിജനഭിന്നമായിരിക്കും.

നിരീക്ഷണത്തിലൂടെ മനോഭാവം കുറെയൊക്കെ മനസ്സിലാക്കാം. ഇതിന് സമയവും ക്ഷമയും അവശ്യഘടകങ്ങളാണ്; ഒപ്പം പരിശീലനവും. ചോദ്യാവലികളില്‍ ഉള്‍ക്കൊള്ളുന്ന പ്രത്യക്ഷമോ പരോക്ഷമോ ആയ ചോദ്യങ്ങള്‍ക്ക് നല്കുന്ന ഉത്തരങ്ങള്‍ മനോഭാവം വെളിപ്പെടുത്തും. 'ചെക്ലിസ്റ്റു'കളും ഇതിനായി ഉപയോഗപ്പെടുത്തുന്നു. ഇതില്‍ അനുകൂലമോ പ്രതികൂലമോ ആയ പ്രതികരണം പരീക്ഷ്യര്‍ രേഖപ്പെടുത്തുകയേ വേണ്ടു. ഇവയില്‍ നിന്നും ഭിന്നമാണ് അഭിഭാവത്തോതുകള്‍. വിവിധാഭിപ്രായപ്രകടനങ്ങളോട് വ്യക്തിക്കുള്ള മനോഭാവം രേഖപ്പെടുത്തുന്ന രീതിയാണിവിടെ അനുവര്‍ത്തിക്കുന്നത്. ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നു; ഇഷ്ടപ്പെടുന്നു; സംശയത്തിലാണ്; ഇഷ്ടപ്പെടുന്നില്ല; തീരെ ഇഷ്ടപ്പെടുന്നില്ല; (വെറുക്കുന്നു) എന്നിങ്ങനെ അഞ്ച് അഭിപ്രായങ്ങളില്‍ ഏതാണ് സ്വീകാര്യമെന്ന് നിശ്ചിത കോളത്തില്‍ അടയാളപ്പെടുത്തുകയോ നിര്‍ദിഷ്ടാക്ഷരം എഴുതുകയോ ആണിവിടെ ചെയ്യുന്നത്. അതുപോലെ 'പൂര്‍ണമായി യോജിക്കുന്നു; യോജിക്കുന്നു; നിഷ്പക്ഷത പാലിക്കുന്നു; വിയോജിക്കുന്നു; പൂര്‍ണമായി വിയോജിക്കുന്നു' എന്നും വിവിധ അഭിപ്രായങ്ങളും ചില അഭിഭാവത്തോതുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'വിദ്യാര്‍ഥികള്‍ സത്യസന്ധരായിരിക്കണം' എന്ന പ്രസ്താവന (Statement) നല്കിയാല്‍ ഇതിലേതെങ്കിലും ഒരു അഭിപ്രായമായിരിക്കും ഒരു വ്യക്തി രേഖപ്പെടുത്തുക. അനുകൂലവും പ്രതികൂലവുമായേക്കാവുന്ന പ്രസ്താവനകളില്‍നിന്ന് ശാസ്ത്രീയമായി തിരഞ്ഞെടുത്ത് തയ്യാറാക്കുന്നവയാണ് അഭിഭാവത്തോതുകള്‍. സാധാരണയായി ഇതില്‍ ഇരുപത്തഞ്ചോ മുപ്പതോ പ്രസ്താവനകള്‍ കാണും. ഇവയ്ക്ക് പ്രതികരണത്തിന്റെ ക്രമമനുസരിച്ച് മൂല്യം നല്കി (5 മുതല്‍ 1 വരെയോ 4 മുതല്‍ 0 വരെയോ) ആകെത്തുക നിര്‍ണയിക്കുകയാണ് പതിവ്. ഈ സംഖ്യ ഒരാള്‍ക്ക് നിര്‍ദിഷ്ടവസ്തുവിനോടോ വ്യക്തിയോടോ സ്ഥാപനത്തോടോ മറ്റോ ഉള്ള അഭിഭാവമാണെന്നു പറയാം. തഴ്സ്റ്റണ്‍ (L.L. Thurstone), ലൈക്കര്‍ട് (R.Likert), ബൊഗാര്‍ഡസ് (Bogardus), ഗട്മന്‍ (Guttman), എഡ്വേര്‍ഡ്സ് (A.L. Edwards) എന്നിവര്‍ ഇത്തരം തോതുകള്‍ നിര്‍മിക്കുന്നതിന് വിവിധ രീതികള്‍ അവതരിപ്പിച്ചിട്ടുണ്ട്. താരതമ്യേന കൂടുതല്‍ പ്രചാരം ലൈക്കര്‍ട് രീതിക്കാണ്.

പ്രത്യേക പരിചയമില്ലെങ്കില്‍പ്പോലും അനുകൂലവും പ്രതികൂലവും ആയ പ്രസ്ഥാവനകള്‍ ആവശ്യമുള്ളതിന്റെ ഏതാണ്ട് നാലിരട്ടിയോളം എഴുതിയുണ്ടാക്കി പ്രാരംഭ പരീക്ഷ നടത്തി തിരഞ്ഞെടുത്തവമാത്രം ഉള്‍ക്കൊള്ളിച്ച് അഭിഭാവത്തോതുകള്‍ ഏതിനെ സംബന്ധിച്ചും തയ്യാറാക്കാം. സാമൂഹികം, രാഷ്ട്രീയം, സാമ്പത്തികം, സാംസ്കാരികം, വിദ്യാഭ്യാസപരം തുടങ്ങിയ വിവിധ മണ്ഡലങ്ങളെ ആധാരമാക്കിയും തോതുകള്‍ ധാരാളമായി നിര്‍മിച്ചുവരുന്നു. മനുഷ്യര്‍ വിവിധ മണ്ഡലങ്ങളില്‍ വച്ചുപുലര്‍ത്തുന്ന അഭിഭാവങ്ങളെപ്പറ്റി വെളിച്ചം നല്കുന്നതിനനുസരണമായി പെരുമാറ്റങ്ങളെ നിയന്ത്രിക്കാനും ആത്യന്തികമായ പുരോഗതി സാധിക്കുന്നതിനും ഇവ സഹായിക്കുന്നു. ഭാരതമൊട്ടാകെ ഗവേഷണരംഗത്ത് പ്രചുരപ്രചാരം നേടിയവയാണ് ഇത്തരം തോതുകള്‍. നോ: മാനസിക പരീക്ഷകള്‍

അഭിരുചി പരീക്ഷകള്‍

Interest Tests

പ്രത്യേകതരം പ്രവര്‍ത്തനങ്ങളോട് ഒരുവ്യക്തിക്ക് തോന്നുന്ന താത്പര്യം അഥവാ അഭിരുചി അളക്കുവാന്‍ ഉപയോഗിക്കുന്ന മനഃശാസ്ത്രമാപിനികള്‍. ഒരുവന്റെ ജന്മസിദ്ധമായ അഭിക്ഷമത (aptitude), അഭിരുചിയില്‍ നിന്ന് വ്യത്യസ്തമാണ്. ഒരാള്‍ക്ക് സംഗീതത്തില്‍ അഭിക്ഷമത (കഴിവ്) ഉണ്ടെങ്കില്‍ സാധാരണഗതിയില്‍ അതില്‍ അഭിരുചിയും ഉണ്ടായിരിക്കാം. എന്നാല്‍ അഭിക്ഷമതയുള്ള എല്ലാറ്റിനോടും അയാള്‍ക്ക് അഭിരുചി (താത്പര്യം) ഉണ്ടായിരിക്കണമെന്നില്ല. കൂടാതെ അഭിക്ഷമത ഇല്ലാത്ത കാര്യങ്ങളില്‍ അഭിരുചി ഉണ്ടായെന്നും വരാം. ഉദാഹരണമായി നാടകാഭിനയത്തില്‍ കഴിവുള്ള ഒരുവ്യക്തിക്ക് അതില്‍ താത്പര്യമില്ലായിരിക്കാം. കഴിവില്ലാത്ത ഒരുവ്യക്തിക്ക് അഭിനയത്തില്‍ അതീവ താത്പര്യം ഉണ്ടായെന്നും വരാം. ഒരു പ്രത്യേക കഴിവില്ലായ്മയില്‍ തോന്നുന്ന അപകര്‍ഷതാബോധത്തെ പരിഹരിക്കാന്‍ ആ കഴിവില്‍ ഒരാള്‍ അതീവ താത്പര്യം പ്രകടിപ്പിക്കാനും ഇടയുണ്ട്. അഭിരുചിപരീക്ഷകളും അഭിക്ഷമതാപരീക്ഷകളും (നോ: അഭിക്ഷമതാപരീക്ഷകള്‍) നല്കുന്ന ദത്ത(റമമേ)ങ്ങള്‍ തമ്മില്‍ (യാന്ത്രിക-ശാസ്ത്രപര-അഭിക്ഷമതയൊഴികെ) മിക്കവാറും ഗണനീയമായ സഹസംബന്ധം (correlation) കാണാറില്ല എന്നത് അഭിക്ഷമതയും അഭിരുചിയും തമ്മിലുള്ള ബന്ധത്തിന്റെ അപര്യാപ്തതയ്ക്ക് തെളിവു നല്കുന്നു.

അഭിരുചി പരീക്ഷകളെ പൊതുവേ തൊഴില്‍പരമെന്നും അല്ലാത്തവയെന്നും വിഭജിക്കാം. ദി സ്റ്റ്രോങ് ഇന്ററസ്റ്റ് ഇന്‍വെന്ററി (The Strong Interest Inventory), ദി ഗ്രിഗറി അക്കാഡമിക് ഇന്ററസ്റ്റ് ഇന്‍വെന്ററി (The Gregory Academic Interest Inventory), ദി കൂഡര്‍ പ്രിഫറന്‍സ് റിക്കോര്‍ഡ് (The Kuder Preference Record ), എ സ്റ്റഡി ഒഫ് വാല്യൂസ് (A Study of Values) തുടങ്ങിയവ അഭിരുചി പരീക്ഷകള്‍ക്ക് ഉദാഹരണങ്ങളാണ്.

18-നും 25-നും ഇടയ്ക്ക് ഒരുവന്റെ അഭിരുചികള്‍ക്ക് സാരമായ വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുമെന്ന് സ്റ്റ്രോങ് എന്ന മനഃശാസ്ത്രജ്ഞന്‍ അഭിപ്രായപ്പെടുന്നു. ഹൈസ്കൂള്‍-കോളജ് വിദ്യാര്‍ഥികളുടെ അഭിരുചികള്‍ക്ക് അതിവേഗത്തില്‍ പല മാറ്റങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്നതായി കൂഡറും (Kuder) കണ്ടുപിടിച്ചിട്ടുണ്ട്. തന്‍മൂലം അവരില്‍നിന്നും അഭിരുചി പരീക്ഷകള്‍ മൂലം ലഭിക്കുന്ന ദത്തങ്ങള്‍ക്ക് വിശ്വാസ്യത (reliability) താരതമ്യേന കുറവായിരിക്കും. 25 വയസ്സിനുശേഷം അഭിരുചികള്‍ക്ക് വലിയ മാറ്റം സംഭവിക്കുന്നില്ല. ഈ പരീക്ഷകള്‍ വിവിധതരം നിര്‍ദേശന (guidance) പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചുകാണുന്നു. എങ്കിലും അവ ഒരുവ്യക്തിയുടെ ഭാവികാലവിദ്യാഭ്യാസ നേട്ടങ്ങളെ പ്രവചിക്കാന്‍ അത്ര സഹായകമല്ല.

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate