অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

അമിത മദ്യപാനം

അമിത മദ്യപാനം

മദ്യപാനത്തിന്റെ മരുന്നുകള്‍

എന്നെങ്കിലുമൊരിക്കലുള്ള നിയന്ത്രിതമായ മദ്യപാനത്തെ ആധുനിക വൈദ്യശാസ്ത്രം ഒരു അസുഖമായി പരിഗണിക്കുന്നില്ല. എന്നാല്‍ മദ്യം ഒരു വ്യക്തിയുടെ ശരീരത്തെയും മനസ്സിനെയും ദൈനംദിനജീവിതത്തെയും നിയന്ത്രിക്കുന്ന ഒരവസ്ഥയിലേക്ക് മദ്യപാനം വളരുമ്പോള്‍ അത് ചികിത്സ ആവശ്യമായ ഒരു രോഗാവസ്ഥയായി മാറുന്നു. ആല്‍ക്കഹോള്‍ ഡിപ്പെന്‍ഡന്‍സ് (alcohol dependence) എന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ താഴെപ്പറയുന്നവയാണ്:

  1. മുമ്പ് ഉപയോഗിച്ചുപോന്ന അതേ അളവില്‍ മദ്യം കഴിക്കുമ്പോള്‍ ലഹരി തോന്നാതെ വരികയും, ലഹരി കിട്ടാന്‍ വേണ്ടി പഴയതിലും കൂടുതല്‍ അളവില്‍ മദ്യം ഉപയോഗിക്കേണ്ടി വരികയും ചെയ്യുക.
  2. മദ്യപാനത്തില്‍ നിന്നു വിട്ടുനില്‍ക്കുമ്പോള്‍ വിറയല്‍, ഉറക്കമില്ലായ്മ, ഉത്ക്കണ്ഠ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. ഇതൊഴിവാക്കാന്‍ വേണ്ടി തുടര്‍ച്ചയായി മദ്യം ഉപയോഗിക്കേണ്ട അവസ്ഥയുണ്ടാവുക.
  3. കുറഞ്ഞ അളവില്‍, അല്ലെങ്കില്‍ കുറച്ചു സമയം, മാത്രമേ മദ്യം ഉപയോഗിക്കൂ എന്നു തീരുമാനിച്ചാലും അതിനു പറ്റാതെ വരിക.
  4. മദ്യപാനം നിയന്ത്രിക്കാനോ നിര്‍ത്താനോ അതിയായ ആഗ്രഹമുണ്ടാവുകയോ, അതിനുള്ള പരിശ്രമങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുകയോ ചെയ്യുക.
  5. മദ്യം സംഘടിപ്പിക്കാനും കഴിക്കാനും പിന്നെ അതിന്റെ ലഹരിയിറങ്ങാനുമായി വളരെയധികം സമയം പാഴാവുന്ന സ്ഥിതിയുണ്ടാവുക.
  6. മദ്യപാനം കാരണം ജോലിയോ മറ്റ് ഉത്തരവാദിത്തങ്ങളോ ശരിയായി നിര്‍വഹിക്കാന്‍ പറ്റാതെ വരിക. മദ്യപാനമല്ലാതെ മറ്റൊരു നേരമ്പോക്കുമില്ലാത്ത അവസ്ഥയുണ്ടാവുക.
  7. മദ്യപാനം കാരണം ശാരീരികവും മാനസികവുമായ ദൂഷ്യങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന് ഉത്തമബോധ്യമുണ്ടായിട്ടും മദ്യം ഉപയോഗിച്ചുകൊണ്ടേയിരിക്കുക.

ഒരു വര്‍ഷത്തിനിടയില്‍ ഇതില്‍ ഏതെങ്കിലും മൂന്നു ലക്ഷണങ്ങള്‍ ഒരു വ്യക്തിയില്‍ പ്രകടമാണെങ്കില്‍ അയാള്‍ക്ക് ആല്‍ക്കഹോള്‍ ഡിപ്പെന്‍ഡന്‍സ് ഉണ്ട് എന്നുപറയാം.

ചികിത്സയുടെ ഘട്ടങ്ങള്‍

ആല്‍ക്കഹോള്‍ ഡിപ്പെന്‍ഡന്‍സിന്റെ ചികിത്സ രണ്ടു ഘട്ടങ്ങളായാണ് ചെയ്യുന്നത്. മദ്യപാനം പെട്ടെന്ന് നിര്‍ത്തുമ്പോള്‍ ശരീരത്തില്‍ നേരത്തേ സൂചിപ്പിച്ച പല പ്രതിപ്രവര്‍ത്തനങ്ങളും ഉണ്ടാവാറുണ്ട്. അവയെ നിയന്ത്രിക്കാനുള്ള ഡീറ്റോക്സിഫിക്കേഷന്‍ (detoxification) ആണ് ചികിത്സയുടെ ആദ്യഘട്ടം. അതിനു ശേഷം മദ്യപാനം പുനരാരംഭിക്കാതിരിക്കാന്‍ രോഗിയെ പ്രാപ്തനാക്കുന്ന റിലാപ്സ് പ്രിവെന്‍ഷന്‍ (relapse prevention) എന്ന ഘട്ടവും. ഈ രണ്ടു ഘട്ടങ്ങളിലും വ്യത്യസ്തമരുന്നുകളാണ് ഉപയോഗിക്കപ്പെടുന്നത്.

ഡീറ്റോക്സിഫിക്കേഷന്‍

സ്ഥിരമായി മദ്യം ഉപയോഗിക്കുന്ന ഒരാള്‍ മദ്യപാനം നിര്‍ത്തുമ്പോള്‍ ഏകദേശം എട്ടുമണിക്കൂര്‍ കഴിഞ്ഞാണ് അയാളുടെ ശരീരത്തില്‍ മദ്യം കിട്ടാത്തതിന്റെ പ്രതികരണങ്ങള്‍ (withdrawal symptoms) ആരംഭിക്കുന്നത്. വിറയല്‍, ഉറക്കമില്ലായ്മ, മനംപിരട്ടല്‍ തുടങ്ങിയവയാണ് ആദ്യം പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങള്‍. അടുത്ത ഒന്നുരണ്ടു ദിവസങ്ങളില്‍ അകാരണമായ ഉത്ക്കണ്ഠ, വെപ്രാളം, തലവേദന, അമിതമായ വിയര്‍പ്പ് എന്നിവയും പ്രകടമായേക്കാം.  രണ്ടാംദിവസത്തിനു ശേഷം 5 ശതമാനത്തോളം ആളുകള്‍ക്ക് അപസ്മാരം കാണപ്പെടാറുണ്ട്. മൂന്നാമത്തെയും നാലാമത്തെയും ദിവസങ്ങളില്‍ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കൂടുതല്‍ വഷളായേക്കാം. ഈ ദിവസങ്ങളില്‍ ഏകദേശം 5 ശതമാനം ആളുകള്‍ക്ക് ഡെലീരിയം ട്രെമന്‍സ് (delirium tremens) എന്ന കൂടുതല്‍ മാരകമായ അസുഖം പ്രത്യക്ഷപ്പെടാറുണ്ട്. പനി, സ്ഥലകാലങ്ങളെക്കുറിച്ചുള്ള വിഭ്രമം, അകാരണമായ പേടികള്‍, അസ്ഥാനത്തുള്ള സംശയങ്ങള്‍, ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കുകയും മായക്കാഴ്ചകള്‍ കാണുകയും ചെയ്യുക (hallucinations) തുടങ്ങിയവ ഡെലീരിയം ട്രെമന്‍സിന്റെ ലക്ഷണങ്ങളാണ്. തക്കചികിത്സ ലഭിച്ചില്ലെങ്കില്‍ ഡെലീരിയം ട്രെമന്‍സ് ബാധിക്കുന്നവരില്‍ 15 ശതമാനത്തോളം ആളുകള്‍ക്ക് മരണം സംഭവിക്കാറുണ്ട്

തക്കചികിത്സ ലഭിച്ചില്ലെങ്കില്‍ ഡെലീരിയം ട്രെമന്‍സ് ബാധിക്കുന്നവരില്‍ 15 ശതമാനത്തോളം ആളുകള്‍ക്ക് മരണം സംഭവിക്കാറുണ്ട്.

ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എല്ലാ രോഗികളിലും കാണപ്പെടണമെന്നില്ല.  മദ്യം പെട്ടെന്ന് നിര്‍ത്തുന്നവരില്‍ ഏകദേശം 8 ശതമാനം ആളുകള്‍ക്കേ ചികിത്സ ആവശ്യമുള്ളത്ര ശക്തിയുള്ള ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാറുള്ളൂ. മുമ്പ് അപസ്മാരം വന്നിട്ടുള്ളവര്‍, അമിതമായ അളവില്‍ മദ്യം കഴിക്കുന്നവര്‍, മുമ്പ് മദ്യം നിര്‍ത്തിയപ്പോള്‍ ഡെലീരിയം ട്രെമന്‍സിന്റെ ലക്ഷണങ്ങള്‍ കാണിച്ചിട്ടുള്ളവര്‍, കൂടുതല്‍ പ്രായമുള്ളവര്‍, മദ്യപാനം മൂലമുണ്ടാകുന്ന കരള്‍രോഗങ്ങള്‍ ബാധിച്ചവര്‍, ഹൃദ്രോഗികള്‍ തുടങ്ങിയവര്‍ക്ക് ഡെലീരിയം ട്രെമന്‍സ് വരാനുള്ള സാദ്ധ്യത കൂടുതലാണ്. അതുകൊണ്ട് ഈ വിഭാഗങ്ങളില്‍പ്പെട്ടവര്‍‍ക്ക് മദ്യപാനം നിര്‍ത്തുമ്പോള്‍ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ടോ എന്നറിയാനുള്ള നിരീക്ഷണങ്ങളും ഡീറ്റോക്സിഫിക്കേഷനുള്ള മരുന്നുകളും അത്യാവശ്യമാണ്.

ബെന്‍സോഡയാസെപിന്‍സ് (Benzodiazepines) എന്ന വിഭാഗത്തില്‍പ്പെടുന്ന ചില മരുന്നുകളാണ് ഡീറ്റോക്സിഫിക്കേഷന് ഉപയോഗിക്കാറുള്ളത്. മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതു തടയാനും അവയുടെ ശക്തി ലഘൂകരിക്കാനും ഈ മരുന്നുകള്‍ ഏറെ പ്രയോജനകരമാണ്. സാധാരണയായി ഏകദേശം 5 ദിവസത്തേക്കാണ് ഇവ ഉപയോഗിക്കാറുള്ളത്. ലക്ഷണങ്ങളുടെ കാഠിന്യമനുസരിച്ച് ചിലപ്പോള്‍ ഇവ ഒന്നോരണ്ടോ ആഴ്ചകള്‍ വരെ കഴിക്കേണ്ടി വരാറുണ്ട്. കൂടുതല്‍ അളവില്‍ മദ്യം ഉപയോഗിക്കാറുണ്ടായിരുന്നവര്‍ക്ക് അതിനനുസൃതമായി ഈ മരുന്നുകളുടെ കൂടിയ ഡോസ് ആവശ്യമാവാറുണ്ട്. ആദ്യത്തെ ഒന്നുരണ്ടുദിവസങ്ങളില്‍ കൂടിയ ഡോസ് മരുന്നുകള്‍ കൊടുത്ത ശേഷം അടുത്തദിവസങ്ങളില്‍ അളവ് പതിയെ കുറച്ചുകൊണ്ടുവരികയാണ് ചെയ്യാറുള്ളത്.

സാധാരണനിലയില്‍ ഗുളികകള്‍ പര്യാപ്തമാണെങ്കിലും ശക്തിയായ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ഇഞ്ചക്ഷനുകള്‍ ആവശ്യമായേക്കാം. അതുപോലെത്തന്നെ, ശക്തികുറഞ്ഞ ലക്ഷണങ്ങള്‍ മാത്രം ഉള്ളവര്‍ക്ക്  അഡ്മിറ്റ് ആവേണ്ട ആവശ്യമുണ്ടാവാറില്ല. പക്ഷേ ഡെലീരിയം ട്രെമന്‍സിന്റെ ലക്ഷണങ്ങളുള്ളവര്‍ക്കും, വീട്ടില്‍ താമസിച്ച് മദ്യത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും, ശക്തിയായ വിറയല്‍, അപസ്മാരം തുടങ്ങിയവ കാണപ്പെടുന്നവര്‍ക്കും ആശുപത്രികളിലോ ലഹരിവിമുക്തികേന്ദ്രങ്ങളിലോ കിടന്നുള്ള ചികിത്സയാവും കൂടുതല്‍ നല്ലത്.

ഡീറ്റോക്സിഫിക്കേഷനു മരുന്നു കഴിക്കുമ്പോള്‍ വണ്ടിയോടിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഈ മരുന്നുകള്‍ കഴിച്ചുകൊണ്ടിരിക്കെ ഏതെങ്കിലും കാരണവശാല്‍ മദ്യപാനം പുനരാരംഭിക്കുകയാണെങ്കില്‍ ഉടനടി മരുന്നുകള്‍ നിര്‍ത്തിവെക്കേണ്ടതുമാണ്.

വീട്ടില്‍ വെച്ച് മരുന്നുകഴിക്കുന്ന പലരും പിന്നീട് ഡോക്ടറെക്കാണാതെ ഈ മരുന്നുകള്‍ തുടര്‍ച്ചയായി കഴിക്കാറുണ്ട്. മരുന്ന്‍ സ്വയം നിര്‍ത്തിനോക്കുമ്പോള്‍ ഉറക്കക്കുറവ് അനുഭവപ്പെടുകയും, അതുകാരണം തനിക്കിനി മരുന്നില്ലാതെ ഉറങ്ങാന്‍ സാധിക്കില്ലെന്ന് സ്വയം വിധിയെഴുതി ഈ മരുന്നുകള്‍ ദീര്‍ഘകാലം ഉപയോഗിക്കുകയും ചെയ്യുന്നവരുമുണ്ട്. മരുന്നുകളുടെ ഈ രീതിയിലുള്ള അനാവശ്യ ഉപയോഗം പാര്‍ശ്വഫലങ്ങളിലും പാഴ്ച്ചെലവുകളിലുമാണ് ചെന്നെത്തിക്കുക. അതുകൊണ്ട് ഒരു ഡോക്ടറുടെ മേല്‍നോട്ടത്തില്‍ പറ്റുന്നത്ര നേരത്തെ ഈ മരുന്നുകളുടെ ഉപയോഗം അവസാനിപ്പിക്കുന്നതാണ് അഭികാമ്യം.

ഡീറ്റോക്സിഫിക്കേഷനു മരുന്നു കഴിക്കുമ്പോള്‍ വണ്ടിയോടിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

തുടര്‍ച്ചയായി മദ്യം ഉപയോഗിക്കുന്നവരുടെ ശരീരത്തില്‍ പല വൈറ്റമിനുകളുടെയും ദൌര്‍ലഭ്യം സാധാരണമായതിനാല്‍ ഡീറ്റോക്സിഫിക്കേഷന്റെ സമയത്ത് ചില വൈറ്റമിന്‍ ഗുളികകള്‍ നിര്‍ദ്ദേശിക്കപ്പെടാറുണ്ട്. അതുപോലെ മദ്യപാനം മൂലം വരുന്ന വയറെരിച്ചില്‍, കരള്‍വീക്കം തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള മരുന്നുകളും ഈ സമയത്ത് ആരംഭിക്കാറുണ്ട്. ഡെലീരിയം ട്രെമന്‍സ് ഉള്ളവര്‍ക്ക് മാനസികരോഗചികിത്സയില്‍ സാധാരണ ഉപയോഗിക്കുന്ന ചില മരുന്നുകള്‍ താല്‍ക്കാലികമായി കൊടുക്കാറുണ്ട്.

റിലാപ്സ് പ്രിവെന്‍ഷന്‍

കുറച്ചു ദിവസം മദ്യത്തില്‍ നിന്നു മാറിനിന്ന ശേഷം ഉറക്കക്കുറവ്, വിറയല്‍ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ പരിഹരിക്കപ്പെട്ട് രോഗി വിശദമായ ചര്‍ച്ചകള്‍ക്കും കൌണ്‍സലിങ്ങിനും ശാരീരികമായും മാനസികമായും തയ്യാറാവുന്ന അവസരത്തിലാണ് ചികിത്സയുടെ ഈ രണ്ടാംഘട്ടം ആരംഭിക്കുന്നത്. മദ്യപാനം വീണ്ടും തുടങ്ങാതിരിക്കാന്‍ രോഗിയെ പ്രാപ്തനാക്കുക എന്നതാണ് ഈ ഘട്ടത്തിന്റെ ലക്ഷ്യം.

റിലാപ്സ് പ്രിവെന്‍ഷനില്‍ മരുന്നുകളെക്കാള്‍ പ്രാധാന്യം വിവിധ കൌണ്‍സലിങ്ങുകള്‍ക്കാണ്. മദ്യപാനം മൂലമുണ്ടായ നഷ്ടങ്ങളുടെ വ്യാപ്തി രോഗിയെ ബോദ്ധ്യപ്പെടുത്തുക, മദ്യത്തിലേക്കു തിരിച്ചുപോകാതിരിക്കാന്‍ അവലംബിക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കുക, മദ്യത്തില്‍ നിന്ന് മാറിനില്‍ക്കുമ്പോള്‍ കയ്യില്‍വരുന്ന അധികസമയം ഫലപ്രദമായി ചെലവഴിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുക, മദ്യമുക്തമായ ഒരു പുതിയ ജീവിതരീതി ആവിഷ്ക്കരിച്ചെടുക്കുക തുടങ്ങിയവയാണ് ഈ കൌണ്‍സലിങ്ങുകളുടെ ലക്ഷ്യങ്ങള്‍..

ചില മരുന്നുകളും ഈ ഘട്ടത്തില്‍ പ്രയോജനപ്പെടാറുണ്ട്. മൂന്നു ഗണങ്ങളില്‍പ്പെട്ട മരുന്നുകളാണ്റി ലാപ്സ് പ്രിവെന്‍ഷന് ഉപയോഗിക്കാറുള്ളത്:

  1. വിഷാദരോഗം (Depression), ഉത്ക്കണ്ഠാരോഗങ്ങള്‍ (Anxiety disorders) തുടങ്ങിയ മാനസികരോഗങ്ങള്‍ കാരണം മദ്യപാനത്തിലേക്കു തിരിഞ്ഞവര്‍ക്ക് ഈ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ അത്യാവശ്യമാണ്. അല്ലാത്തപക്ഷം ഇവയുടെ ലക്ഷണങ്ങള്‍ ബാക്കിനില്‍ക്കാനും അതുവഴി മദ്യപാനം വീണ്ടും തുടങ്ങിപ്പോവാനുമുള്ള സാദ്ധ്യത കൂടുതലാണ്.
  2. മദ്യപാനം നിയന്ത്രിക്കാന്‍ കൂടുതല്‍ പ്രയാസമുള്ളവര്‍ക്ക് ഡൈസള്‍ഫിറാം (Disulfiram) എന്ന ഗുളിക ഉപകാരപ്പെടാറുണ്ട്. ഡൈസള്‍ഫിറാം ഉപയോഗിക്കുന്ന ഒരാള്‍ മദ്യം കഴിക്കാന്‍ തുടങ്ങുമ്പോള്‍ മനംപിരട്ടല്‍, തലവേദന, തളര്‍ച്ച തുടങ്ങിയ ബുദ്ധിമുട്ടുകള്‍ പ്രത്യക്ഷപ്പെടുന്നു. അതുകാരണം അയാള്‍ക്ക് മദ്യം ഉപയോഗിക്കാന്‍ ഭയം തോന്നുകയും പതിയെ മദ്യത്തോട് വിരക്തി തോന്നിത്തുടങ്ങുകയും ചെയ്യുന്നു.

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാലുടന്‍ മദ്യപാ‍നം നിര്‍ത്തുകയാണെങ്കില്‍ ഒരു മണിക്കൂറിനുള്ളില്‍ ഈ ബുദ്ധിമുട്ടുകള്‍ സ്വയം കുറയുന്നതാണ്. പക്ഷേ ഇവയെ അവഗണിച്ച് തുടര്‍ന്നും മദ്യം ഉപയോഗിക്കുകയാണെങ്കില്‍ ഹൃദയസ്തംഭനം, അപസ്മാരം തുടങ്ങിയ പ്രശ്നങ്ങളോ മരണം തന്നെയോ സംഭവിച്ചേക്കാം.

മദ്യം ഉപയോഗിച്ചുകഴിഞ്ഞ് ചുരുങ്ങിയത് 3 ദിവസങ്ങള്‍ക്കു ശേഷമേ ഡൈസള്‍ഫിറാം തുടങ്ങാന്‍ പാടുള്ളൂ. ഡൈസള്‍ഫിറാം കഴിക്കുമ്പോള്‍ ആല്‍ക്കഹോള്‍ അടങ്ങിയ മരുന്നുകള്‍, പെര്‍ഫ്യൂം, ആഫ്റ്റര്‍ഷേവ് ലോഷന്‍ തുടങ്ങിയവ ഉപയോഗിച്ചാലും ചെറിയ തോതില്‍ മനംപിരട്ടല്‍, തലവേദന തുടങ്ങിയവ പ്രകടമാവാന്‍ സാദ്ധ്യതയുള്ളതിനാല്‍ ഇവയുടെ ഉപയോഗം ഒഴിവാക്കേണ്ടതാണ്.

  1. മദ്യത്തോടുള്ള ആസക്തി കുറക്കാന്‍‍ നാല്‍ട്രെക്സോണ്‍ (Naltrexone), അക്കാമ്പ്രോസേറ്റ് (Acamprosate), എസ്സിറ്റാലോപ്രാം (Escitalopram) തുടങ്ങിയ  മരുന്നുകള്‍ സഹായിക്കാറുണ്ട്. പക്ഷേ വിശദമായ കൌണ്‍സലിങ്ങുകളുടെ കൂടെയല്ലാതെ ഈ മരുന്നുകള്‍ ഉപയോഗിക്കുന്നത് വേണ്ടത്ര ഫലം ചെയ്തേക്കില്ല.

മദ്യം ഉപയോഗിച്ചുകഴിഞ്ഞ് ചുരുങ്ങിയത് 3 ദിവസങ്ങള്‍ക്കു ശേഷമേ ഡൈസള്‍ഫിറാം തുടങ്ങാന്‍ പാടുള്ളൂ.

തുടര്‍ചികിത്സ

മരുന്നുകളും കൌണ്‍സലിങ്ങുകളും വേണ്ടതുപോലെ ഉപയോഗിച്ചാലും ചില രോഗികള്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ വീണ്ടും മദ്യം കഴിച്ചുപോവാറുണ്ട്. അങ്ങിനെ സംഭവിക്കുകയാണെങ്കില്‍ തനിക്കൊരിക്കലും മദ്യത്തില്‍ നിന്ന് മോചനം നേടാന്‍ കഴിയില്ല എന്ന് സ്വയം വിധിയെഴുതി വീണ്ടും തുടര്‍ച്ചയാ‍യ മദ്യപാനത്തിലേക്കു വഴുതാതെ ഉടനടി വിദഗ്ദ്ധസഹായം തേടുകയാണു വേണ്ടത്. ആല്‍ക്കഹോള്‍ ഡിപ്പെന്‍ഡന്‍സ് അപസ്മാരമോ ആസ്ത്മയോ പ്രമേഹമോ പോലെ ദീര്‍ഘകാലം നീണ്ടുനിന്നേക്കാവുന്ന, തുടര്‍ചികിത്സ ആവശ്യമായ ഒരു രോഗമാണെന്ന തിരിച്ചറിവ് പ്രധാനമാണ്. എത്ര വിദഗ്ദ്ധമായി ചികിത്സിച്ചാലും ചിലപ്പോള്‍ പ്രമേഹരോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ വരുന്നതുപോലെ, അല്ലെങ്കില്‍ മരുന്നു കഴിച്ചുകൊണ്ടിരുന്നാലും ചിലപ്പോള്‍ ആസ്ത്മാരോഗികളിലും അപസ്മാരരോഗികളിലും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതു പോലെ, ആല്‍ക്കഹോള്‍ ഡിപ്പെന്‍ഡന്‍സ് ബാധിച്ചവരിലും മദ്യപാനമെന്ന ലക്ഷണം ഇടക്ക് തലപൊക്കിയേക്കാം. ഏതു സാഹചര്യത്തിലാണ് വീണ്ടും മദ്യം ഉപയോഗിച്ചുതുടങ്ങിയതെന്നു മനസ്സിലാക്കി, ആ അനുഭവത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട്, ആ പിഴവ് ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകളെടുത്ത്, ചികിത്സയില്‍ തക്കതായ മാറ്റങ്ങള്‍ വരുത്തി മുന്നോട്ടു പോവുകയാണു വേണ്ടത്.

ഡീഅഡിക്ഷന്‍ ചികിത്സയെടുത്താല്‍ ഭ്രാന്തു വരുമോ?

മദ്യപാനം നിര്‍ത്താന്‍ വിദഗ്ദ്ധസഹായം തേടുന്ന കാര്യം പരിഗണിക്കുമ്പോള്‍ നമ്മുടെ നാട്ടിലെ ആല്‍ക്കഹോള്‍ ഡിപ്പെന്‍ഡന്‍സ് രോഗികളുടെയും കുടുംബാംഗങ്ങളുടെയും മനസ്സില്‍ സാധാരണ ഉയര്‍ന്നുവരാറുള്ള ഒരു സന്ദേഹമാണ് മുകളില്‍ക്കൊടുത്തത്. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ഇടയില്‍പ്പോലും ഈയൊരു ആശങ്ക വെച്ചുപുലര്‍ത്തുന്നവരുണ്ട്. ഈ പേടി കാരണം വിദഗ്ദ്ധചികിത്സകളെ പടിപ്പുറത്തു നിര്‍ത്തുന്നവരും തമ്മില്‍ ഭേദം മദ്യപിച്ചു ജീവിക്കുന്നതാണെന്നു നിശ്ചയിക്കുന്നവരും അനവധിയാണ്. ഇതുകൊണ്ടൊക്കെത്തന്നെ ഈ ഭയത്തിന് വല്ല അടിസ്ഥാനവുമുണ്ടോ എന്ന ഒരു അവലോകനം പ്രസക്തമാണ്.

ഈ സംശയം ഉന്നയിക്കുന്നവര്‍ സാധാരണയായി ഉദാഹരിക്കാറുള്ള ചില അനുഭവങ്ങള്‍ താഴെപ്പറയുന്നു.

  1. “എന്റെ ഒരയല്‍ക്കാരന്‍ ഒരു ഡീഅഡിക്ഷന്‍ സെന്ററില്‍ കിടന്ന് മദ്യപാനം നിറുത്തിയിരുന്നു. കുറച്ചു നാള്‍ കഴിഞ്ഞ് വീണ്ടും മദ്യമുപയോഗിച്ചപ്പോള്‍ അയാള്‍ തികച്ചും ഒരു മാനസികരോഗിയെപ്പോലെ പെരുമാറുകയുണ്ടായി.”
  2. “എന്റെ ഒരു ബന്ധു പണ്ട് മരുന്നു കഴിച്ച് മദ്യപാനം നിറുത്തി. കുറേക്കാലം കഴിഞ്ഞ് ഒരു തവണ മരുന്നെടുക്കാതെ മദ്യപാനം നിറുത്തിയപ്പോള്‍ അദ്ദേഹം ഓര്‍മയും സ്ഥലകാലബോധവുമില്ലാതെ പെരുമാറാനും തുമ്പിയെപ്പിടിക്കുന്നതു പോലെ കാണിക്കാനും തുടങ്ങി.”
  3. “എനിക്ക് പരിചയമുള്ള ഒരാള്‍ക്ക് ഡീഅഡിക്ഷന്‍ സെന്ററില്‍ നിന്നിറങ്ങിയതിനു ശേഷം ഒരു ഓര്‍മയും ബോധവുമില്ല.”

ഈ മൂന്ന് അനുഭവങ്ങളും സത്യമാവാമെന്ന് സമ്മതിച്ചുകൊണ്ടു തന്നെ പറയട്ടെ, ലേഖനത്തിന്റെ തലക്കെട്ടിലുന്നയിച്ച ചോദ്യത്തിന്റെ ഉത്തരം “ഇല്ല” എന്നു തന്നെയാണ്. അപ്പോള്‍ മേല്‍പ്പറഞ്ഞ കേസുകളില്‍ എന്താവും സംഭവിച്ചിട്ടുണ്ടാവുക? നമുക്കു നോക്കാം.

മദ്യപാനം പുനരാരംഭിച്ച അയല്‍ക്കാരന്‍ സമനില വിട്ട് പെരുമാറിയത് എന്തുകൊണ്ടാവാം?

ഇതിന്റെ ഉള്ളുകള്ളികള്‍ മനസ്സിലാവാന്‍ ആദ്യം ടോളെറന്‍സ് (tolerance) എന്ന പ്രതിഭാസത്തെക്കുറിച്ചറിയണം. കുറേക്കാലം നിരന്തരമായി മദ്യമുപയോഗിക്കുമ്പോള്‍ ശരീരകോശങ്ങളിലുണ്ടാകുന്ന ചില പരിവര്‍ത്തനങ്ങളുടെ ഫലമായി കരള്‍ മദ്യത്തെ കൂടുതല്‍ വേഗത്തില്‍ ദഹിപ്പിക്കാന്‍ തുടങ്ങുകയും പതിവ് അളവിലുള്ള മദ്യം തലച്ചോറില്‍ ഏശാതാവുകയും ചെയ്യാറുണ്ട്. അങ്ങിനെ വരുമ്പോള്‍ ആദ്യമൊക്കെ രണ്ടോ മൂന്നോ പെഗ് കഴിച്ചാല്‍ അത്യാവശ്യം ലഹരി അനുഭവപ്പെടാറുണ്ടായിരുന്ന ആളിന് അതേ ലഹരി കിട്ടാന്‍ ക്വാര്‍ട്ടറോ പൈന്റോ കഴിക്കേണ്ട അവസ്ഥയുണ്ടാകുന്നു. ഇതിനെയാണ് ടോളെറന്‍സ് എന്നു വിളിക്കുന്നത്.

ചികിത്സയെടുത്തോ അല്ലാതെയോ കുറച്ചുകാലത്തേക്ക് മദ്യപാനം നിറുത്തിവെക്കുമ്പോള്‍ ടോളെറന്‍സിലേക്കു നയിച്ച ശാരീരികമാറ്റങ്ങള്‍ പതിയെപ്പതിയെ പൂര്‍വസ്ഥിതിയിലാവുകയും ടോളെറന്‍സ് അപ്രത്യക്ഷമാകുകയും ചെയ്യും. ഇതിനെക്കുറിച്ച് ബോധവാനല്ലാത്ത ഒരാള്‍ കഴിപ്പു നിര്‍ത്തിയ സമയത്തെ അതേ അളവ് മദ്യം വീണ്ടും ഉപയോഗിച്ചു തുടങ്ങുകയാണെങ്കില്‍ അയാളുടെ തലച്ചോറിന് അതു താങ്ങാന്‍ കഴിയാതെ വരികയും അത് താല്‍ക്കാലികമായ മാനസികവിഭ്രാന്തികള്‍ക്ക് കാരണമാവുകയും ചെയ്തേക്കാം.

അപ്പോള്‍ ര‍ണ്ടാമതും മദ്യപാനം നിര്‍ത്തിയ ബന്ധു സ്ഥലകാലബോധമില്ലാതെ പെരുമാറിയതോ?

ഡെലീരിയം ട്രെമന്‍സ് (delirium tremens) എന്നാണ് ഈ പ്രശ്നത്തിന്റെ പേര്. വിറയല്‍, ഉറക്കമില്ലായ്മ, സ്ഥലകാലബോധം നഷ്ടപ്പെടുക, അശരീരികള്‍ കേള്‍ക്കുക, മായാക്കാഴ്ചകള്‍ കാണുക, ഓര്‍മക്കേട്, പരസ്പരബന്ധമില്ലാതെ സംസാരിക്കുക തുടങ്ങിയവയാണ് ഡെലീരിയം ട്രെമന്‍സിന്റെ ലക്ഷണങ്ങള്‍. നിരന്തരമായി തലച്ചോറില്‍ത്തട്ടിക്കൊണ്ടിരുന്ന മദ്യം പെട്ടെന്ന് പിന്‍വാങ്ങുന്നത് ചില നാഡീപഥങ്ങളിലുണ്ടാക്കുന്ന രാസമാറ്റങ്ങളാണ് ഈ ലക്ഷണങ്ങള്‍ക്കു പിന്നിലുള്ളത്. സാധാരണനിലയില്‍ നാലുമുതല്‍ പത്തുവരെ ദിവസങ്ങള്‍ക്കുള്ളില്‍ ഡെലീരിയം ട്രെമന്‍സ് ഭേദമാകാറുണ്ട്.

ദീര്‍ഘകാലമായി മദ്യമുപയോഗിച്ചു കൊണ്ടിരുന്നവര്‍, പല തവണ മദ്യപാനം നിറു‍ത്തുകയും പുനരാരംഭിക്കുകയും ചെയ്തവര്‍, പ്രായം ചെന്നവര്‍, തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങളുള്ളവര്‍ തുടങ്ങിയവരിലാണ് ഡെലീരിയം ട്രെമന്‍സ് കൂടുതലായി കണ്ടുവരുന്നത്. മുമ്പ് മദ്യപാനം നിര്‍ത്തിയപ്പോള്‍ ചികിത്സയെടുത്തിരുന്നോ ഇല്ലയോ എന്നത് ഡെലീരിയം ട്രെമന്‍സിന്റെ ആവിര്‍ഭാവത്തെ സ്വാധീനിക്കുന്ന ഒരു ഘടകമല്ല. മാത്രമല്ല, മദ്യപാനം നിര്‍ത്തുന്നത് സൈക്ക്യാട്രിസ്റ്റുകളുടെ മേല്‍നോട്ടത്തിലാണെങ്കില്‍ മരുന്നുകളുടെ ആവശ്യാനുസരണമുള്ള ഉപയോഗത്തിലൂടെ ഡെലീരിയം ട്രെമന്‍സിനെ ഒരു പരിധി വരെ തടയാന്‍ കഴിയുന്നതാണ്.

മുമ്പ് മദ്യപാനം നിര്‍ത്തിയപ്പോള്‍ ചികിത്സയെടുത്തിരുന്നോ ഇല്ലയോ എന്നത് ഡെലീരിയം ട്രെമന്‍സിന്റെ ആവിര്‍ഭാവത്തെ സ്വാധീനിക്കുന്ന ഒരു ഘടകമല്ല.

ഡീഅഡിക്ഷന്‍ ചികിത്സയെടുത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞും ഓര്‍മ തിരിച്ചു കിട്ടാത്തവരുണ്ടെന്ന് കേള്‍ക്കുന്നതോ?

അപൂര്‍വമായി ഇങ്ങിനെ സംഭവിക്കാറുണ്ട്. ഇത്തരം കേസുകളില്‍ രണ്ടു സാദ്ധ്യതകളാണുള്ളത്.

  1. വെര്‍ണിക്കീസ് എന്‍കെഫലോപതി (Wernicke's encephalopathy) : - തയമിന്‍ (Thiamine) എന്ന വിറ്റാമിന്റെ കുറവ് തലച്ചോറിന്റെ ചില ഭാഗങ്ങളെ നശിപ്പിക്കുമ്പോഴാണ് ഈ രോഗമുണ്ടാകുന്നത്. നിരന്തരമായി മദ്യം ഉപയോഗിക്കുന്നവരുടെ ശരീരത്തില്‍ തയമിന്റെ അളവ് പൊതുവെ കുറവായിരിക്കും. ഇത്തരക്കാരില്‍ തയമിന്‍ അടങ്ങിയ ഇഞ്ചക്ഷനുകള്‍ കൊടുക്കാതെ ഗ്ലൂക്കോസ് കയറ്റുന്നത് ചികിത്സാവേളയില്‍ വെര്‍ണിക്കീസ് എന്‍കെഫലോപതി വരുന്നതിന് കാരണമാവാറുണ്ട്. എന്നാല്‍ ദൈനംദിനമേല്‍നോട്ടത്തിന് ഡോക്ടര്‍മാരും നഴ്സുമാരുമുള്ള സെന്ററുകളില്‍ ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കാനുള്ള സാദ്ധ്യത നന്നേ കുറവാണ്.
  2. മദ്യപാനം മൂലമുണ്ടാകുന്ന മേധാക്ഷയം (Alcohol-induced dementia) : - വര്‍ഷങ്ങള്‍ നീളുന്ന മദ്യപാനം തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുമ്പോഴാണ് ഈ പ്രശ്നം ഉണ്ടാകുന്നത്. ഇതിന്റെ ആവിര്‍ഭാ‍വത്തിന് ഡീഅഡിക്ഷന്‍ ചികിത്സയുമായി ബന്ധമുണ്ടാവാറില്ല. മദ്യപാനം നിര്‍ത്തി രോഗി വളരെക്കാലം കൂടി ദൈനംദിന ഉത്തരവാദിത്തങ്ങളില്‍ ഏര്‍പ്പെടാന്‍ തുടങ്ങുമ്പോള്‍ ഓര്‍മക്കുറവ്, ശ്രദ്ധക്കുറവ് തുടങ്ങിയ ലക്ഷണങ്ങള്‍ കൂടുതല്‍ പ്രകടമാവാന്‍ തുടങ്ങിയേക്കാമെന്നു മാത്രം. ഒന്നോ രണ്ടോ വര്‍ഷം മദ്യം കഴിക്കാതിരിക്കുമ്പോള്‍ ഈ ഡെമന്‍ഷ്യയുടെ ലക്ഷണങ്ങള്‍ പതിയെ കുറഞ്ഞുവരാറുണ്ട്.

ഡീഅഡിക്ഷന്‍ ചികിത്സയുടെ പാര്‍ശ്വഫലമായി ഒരിക്കലും ഒരു മാനസികപ്രശ്നവും ഉണ്ടാകില്ല എന്നാണോ പറഞ്ഞുവരുന്നത്?

മദ്യത്തോട് വിരക്തി തോന്നുവാനായി ചില രോഗികള്‍ക്ക് ഡൈസള്‍ഫിറാം (Disulfiram) എന്ന ഗുളിക കൊടുക്കാറുണ്ട്. ഈ മരുന്ന് അപൂര്‍വമായി അനാവശ്യസന്ദേഹങ്ങള്‍, ദേഷ്യം തുടങ്ങിയ പ്രശ്നങ്ങള്‍ക്കു കാരണമാവാറുണ്ട്. (നൂറുകണക്കിനു രോഗികള്‍ക്ക് ഡൈസള്‍ഫിറാം നല്‍കിയിട്ടുള്ള ഈ ലേഖകന്‍ ഒരാളില്‍ പോലും ഇങ്ങിനെയൊരു പാര്‍ശ്വഫലം നേരിട്ടിട്ടില്ല.) ഡൈസള്‍ഫിറാം നിറുത്തിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഈ പ്രശ്നങ്ങള്‍ ശമിക്കാറുമുണ്ട്.

മദ്യപാനം നിറുത്തുന്നവരില്‍ ഈ പറഞ്ഞവയല്ലാതെ മറ്റെന്തെങ്കിലും മാനസികപ്രശ്നങ്ങള്‍ കണ്ടുവരാറുണ്ടോ?

മദ്യപാനം നിറുത്തി ആദ്യത്തെ കുറച്ചുമാസങ്ങളില്‍ നേരിയ ഓര്‍മക്കുറവ് സാധാരണമാണ്.

മദ്യപാനം നിറുത്തി ആദ്യത്തെ കുറച്ചുമാസങ്ങളില്‍ നേരിയ ഓര്‍മക്കുറവ് സാധാരണമാണ്. മദ്യലഹരിയിലിരിക്കുമ്പോള്‍ ഓര്‍മയില്‍ രേഖപ്പെടുത്തപ്പെട്ട കാര്യങ്ങള്‍ മദ്യമില്ലാത്തപ്പോള്‍ ചികഞ്ഞെടുക്കാന്‍ തലച്ചോറിന് ബുദ്ധിമുട്ടു നേരിടുന്നതു കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. പ്രത്യേക ചികിത്സയൊന്നുമില്ലാതെ തന്നെ ഈ പ്രശ്നം കാലക്രമേണ പതിയെ മാറാറുണ്ട്. ചില രോഗികളില്‍ കുറച്ചുകാലത്തേക്ക് അകാരണമായ നിരാശ, വെപ്രാളം, തളര്‍ച്ച തുടങ്ങിയ ലക്ഷണങ്ങള്‍ കാണപ്പെടാറുണ്ട്. തക്കതായ ചികിത്സകളിലൂടെ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാവുന്നതാണ്.

മദ്യത്തിനടിപ്പെട്ടു പോയവര്‍ ചികിത്സയോടു മുഖം തിരിക്കുമ്പോള്‍

ആല്‍ക്കഹോളിസം ബാധിതരുടെ കുടുംബാംഗങ്ങള്‍, പ്രത്യേകിച്ച് ഭാര്യമാര്‍, രോഗിയെ മദ്യത്തില്‍ നിന്നു പിന്തിരിപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നത് സാധാരണമാണ്. സ്നേഹവും സാമാന്യബുദ്ധിയും മാത്രം കൈമുതലാക്കിയുള്ള ഇത്തരം പ്രയത്നങ്ങള്‍ പക്ഷെ പലപ്പോഴും ഫലപ്രദമാകാറില്ലെന്നു മാത്രമല്ല, ചിലപ്പോഴെങ്കിലും രോഗിയുടെ മദ്യപാനം വഷളാവുന്നതിനു വഴിവെക്കാറുമുണ്ട്. ഈ രോഗികളോട് എങ്ങനെ ഇടപഴകണം, ചികിത്സയെടുക്കാനും മദ്യപാനം നിര്‍ത്താനും അവരെ എങ്ങനെ പ്രേരിപ്പിക്കാം, തങ്ങളുടെ മനസ്സമാധാനം വീണ്ടെടുക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാം തുടങ്ങിയ വിഷയങ്ങളില്‍ ഈ മേഖലയിലെ വിദഗ്ദ്ധര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഒന്നു പരിചയപ്പെടാം.

മദ്യപാനത്തെപ്പറ്റി വേവലാതിപ്പെടേണ്ടതെപ്പോള്‍

തങ്ങളുടെ മദ്യപാനത്തിന്റെ ഗൌരവത്തെ വല്ലാ‍തെ കുറച്ചു കാണുക എന്നത് ഈ രോഗികളുടെ മുഖമുദ്രയായതിനാല്‍ അവരുടെ കുടുംബാംഗങ്ങള്‍ക്ക് പലപ്പോഴും പ്രശ്നം തങ്ങളുടെ ഇടപെടല്‍ ആവശ്യമുള്ളത്ര ഗുരുതരമാണോ എന്നു നിശ്ചയിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടാറുണ്ട്. ഇടക്കെപ്പോഴെങ്കിലുമുള്ള നിയന്ത്രിതമായ മദ്യപാനത്തെ ആധുനിക വൈദ്യശാസ്ത്രം ഒരു രോഗമായി ഗണിക്കുന്നില്ല. എന്നാല്‍ കൌമാരപ്രായക്കാരും, ആല്‍ക്കഹോളിസം വ്യാപകമായ കുടുംബങ്ങളില്‍ നിന്നുള്ളവരും, മദ്യം മൂലം വഷളായേക്കാവുന്ന ശാരീരികമോ മാനസികമോ ആയ അസുഖങ്ങളുള്ളവരും, ഗര്‍ഭിണികളും മദ്യം പൂര്‍ണമായും വര്‍ജിക്കുന്നതാണു നല്ലത്. മദ്യമുപയോഗിച്ചില്ലെങ്കില്‍ കൈവിറയല്‍, ഉറക്കമില്ലായ്മ തുടങ്ങിയ പിന്മാറ്റ അസ്വാസ്ഥ്യങ്ങള്‍ തലപൊക്കുക‍, ലഹരിയനുഭവിക്കാന്‍ പഴയതിലും കൂടുതല്‍ മദ്യമുപയോഗിക്കേണ്ടി വരിക, മദ്യപാനം കാരണം ജോലിയോ മറ്റ് ഉത്തരവാദിത്തങ്ങളോ ശരിയായി നിര്‍വഹിക്കാന്‍ പറ്റാതെ വരിക, കഴിക്കുന്ന മദ്യത്തിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതെ വരിക, മദ്യത്തെ ചുറ്റിപ്പറ്റി വളരെയധികം സമയം പാഴാകുന്ന സ്ഥിതിയുണ്ടാവുക, കുടിയല്ലാതെ മറ്റൊരു നേരമ്പോക്കുമില്ലാത്ത അവസ്ഥയുണ്ടാവുക തുടങ്ങിയവ മദ്യപാനം ചികിത്സയാവശ്യമുള്ള ഒരു രോഗമായി വളര്‍ന്നു എന്നതിന്റെ സൂചനകളാണ്. മദ്യപാ‍നം ശാരീരികമോ മാനസികമോ നിയമപരമോ സാമൂഹികമോ ആയ പ്രശ്നങ്ങള്‍ക്കു വഴിവെക്കാന്‍ തുടങ്ങുന്നതും ഗൌരവത്തിലെടുക്കേണ്ടതാണ്.

ആദ്യം സ്വന്തം മാനസികാരോഗ്യം വീണ്ടെടുക്കാം

ആല്‍ക്കഹോളിസം ബാധിതരുടെ കുടുംബാംഗങ്ങളില്‍ ലജ്ജ, കുറ്റബോധം, പേടി, ആശങ്കകള്‍, അമര്‍ഷം, നിരാശ തുടങ്ങിയവ സ്വാഭാവികവും സാധാരണവുമാണ്. പക്ഷെ രോഗിയുമായുള്ള തങ്ങളുടെ ഇടപെടലുകളില്‍ തക്കതായ മാറ്റങ്ങള്‍ വരുത്തി അയാളെ മദ്യത്തില്‍ നിന്നകലാന്‍ പ്രാപ്തനാക്കുന്നതിന് നല്ല ക്ഷമയും മനക്കരുത്തും ആത്മവിശ്വാസവും ശുഭപ്രതീക്ഷയും അത്യാവശ്യമാണ്.

മദ്യപാനത്തിന്റെ തിമര്‍പ്പില്‍ അവഗണിക്കപ്പെട്ടുപോയ സ്വന്തം ആരോഗ്യം, ഹോബികള്‍ തുടങ്ങിയവയില്‍ വീണ്ടും ശ്രദ്ധ ചെലുത്താന്‍ തുടങ്ങുക. ദിവസത്തില്‍ പതിനഞ്ചു മിനിട്ടെങ്കിലും സ്വന്തം സന്തോഷത്തിനു മാത്രമായി മാറ്റിവെക്കുക. “നീ ഒരൊറ്റയൊരാള്‍ കാരണമാണ് ഞാന്‍ ഇങ്ങനെയായത്” എന്ന ജല്പനം വിശ്വസിച്ച് സ്വയം പഴിക്കാതിരിക്കുക. ആല്‍ക്കഹോളിസം ഒരു രോഗമാണ്. നിങ്ങള്‍ക്ക് എന്തൊക്കെ ന്യൂനതകളുണ്ടെങ്കിലും മറ്റൊരാള്‍ക്ക് ഈ രോഗം പിടിപെടുത്താന്‍ നിങ്ങള്‍ക്കാവില്ല. “ഇനി ഞാന്‍ സാധനം കൈ കൊണ്ടു തൊടില്ല” എന്ന വാക്ക് നിരന്തരം തെറ്റിക്കുമ്പോള്‍ “അതെന്നോടു സ്നേഹമില്ലാത്തതു കൊണ്ടാണ്” എന്നു വിലയിരുത്താതിരിക്കുക. രോഗവും മദ്യവും തലച്ചോറിനെ മാറ്റിമറിക്കുന്നതു മൂലമാണ് പലര്‍ക്കും പിടിച്ചുനില്‍ക്കാനാവാതെ പോകുന്നത്. ഇടക്കെപ്പോഴെങ്കിലും ഒന്നു പൊട്ടിത്തെറിച്ചു പോകുന്നതിനെക്കുറിച്ച് അനാവശ്യ കുറ്റബോധം ഒഴിവാക്കുക. കുടുംബാംഗത്തിന്റെ മദ്യപാനത്തെപ്പറ്റി എങ്ങനെ നാട്ടില്‍ പാടിനടക്കും എന്നു ശങ്കിക്കാതെ സങ്കടങ്ങള്‍ ബന്ധുക്കളും കൂട്ടുകാരുമായി പങ്കുവെക്കുക. ആവശ്യമെങ്കില്‍ കൌണ്‍സലിങ്ങിനു വിധേയരാകുക. റിലാക്സേഷന്‍ വ്യായാമങ്ങള്‍, പ്രശ്നപരിഹാരവിദ്യകള്‍ എന്നിങ്ങനെ മാനസികസമ്മര്‍ദ്ദത്തെ ചെറുക്കാനുതകുന്ന മാര്‍ഗങ്ങള്‍ അഭ്യസിക്കുക.

പൊതുവായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

  • ആല്‍ക്കഹോളിസത്തെക്കുറിച്ച് കഴിയുന്നത്ര അറിവു നേടുക

സൈക്ക്യാട്രിസ്റ്റുമാര്‍, അഡിക്ഷന്‍ കൌണ്‍സിലര്‍മാര്‍ തുടങ്ങിയവരോട് സംസാരിക്കുക. ഇതൊരു ദുശ്ശീലമല്ല, രോഗമാണ് എന്ന തിരിച്ചറിവ് മദ്യപാനിയെ ഒരു പുതിയ കാഴ്ചപ്പാടില്‍ കാണാനും നാണക്കേടും കുറ്റബോധവും കുറയാനും സഹായിക്കും. മദ്യപാനം പെട്ടെന്നു നിര്‍ത്താന്‍ ‍പാടില്ല, ചികിത്സയെടുത്ത് കുടി നിര്‍ത്തിയാല്‍ ‍പിന്നീടെപ്പോഴെങ്കിലും മദ്യം തൊട്ടാല്‍ ‍ഭ്രാന്തായിപ്പോകും തുടങ്ങിയ അബദ്ധധാരണകള്‍ ‍തിരുത്തപ്പെടാനും, രോഗിയുടെ മറുവാദങ്ങളോട് വസ്തുനിഷ്ഠമായി പ്രതികരിക്കാനാവാനും ഈ അറിവുസമ്പാദനം ഉപകരിക്കും. ആല്‍ക്കഹോളിക്സ് അനോണിമസ് മീറ്റിങ്ങുകളില്‍ പങ്കെടുക്കുന്നത് ഇതു തന്റെ കുടുംബത്തിന്റെ മാത്രം പ്രശ്നമല്ലെന്നു ബോദ്ധ്യപ്പെടാനും, ആല്‍ക്കഹോളിസത്തെ അതിജീവിച്ചവരെ പരിചയപ്പെടാനും, അതുവഴി നിങ്ങളുടെ ആത്മവിശ്വാസം മെച്ചപ്പെടാനുമൊക്കെ സഹായിക്കും. ആള്‍ക്കഹോളിസം ബാധിതരുടെ കുടുംബാംഗങ്ങളുടെ കൂട്ടായ്മയായ അല്‍ – ആനോണിന്റെ മീറ്റിങ്ങുകള്‍ നിങ്ങളുടെ പ്രദേശത്തു നടക്കാറുണ്ടെങ്കില്‍ അവ ഒഴിവാക്കാതിരിക്കുക.

  • ചെറുകൈസഹായങ്ങള്‍ അവസാനിപ്പിക്കുക
  • മദ്യപാനത്തെ പരോക്ഷമായിപ്പോലും പ്രോത്സാഹിപ്പിക്കാതിരിക്കുക.

മദ്യപാനത്തെ പരോക്ഷമായിപ്പോലും പ്രോത്സാഹിപ്പിക്കാതിരിക്കുക. “ആണുങ്ങളായാല്‍ ഇത്തിരി കുടിച്ചേക്കും" എന്നൊക്കെപ്പറഞ്ഞ് പ്രശ്നത്തിന്റെ ഗൌരവം കുറച്ചു കാണാതിരിക്കുക. “എന്നാല്‍പ്പിന്നെ വീട്ടിലിരുന്ന് നല്ല സാധനം കഴിച്ചോട്ടെ” എന്ന ന്യായത്തിലും മറ്റും രോഗിക്കു വേണ്ടി മദ്യം വാങ്ങിവെക്കാതിരിക്കുക. മദ്യം വിളമ്പുന്ന ചടങ്ങുകളില്‍ രോഗിയോടൊപ്പം പങ്കെടുക്കാതിരിക്കുക.

മിക്ക രോഗികളും കുടിനിര്‍ത്താന്‍ തീരുമാനിക്കുന്നത് മദ്യം കൊണ്ടുള്ള കഷ്ടനഷ്ടങ്ങള്‍ പരിധി വിടുന്നു എന്ന തിരിച്ചറിവുണ്ടാകുമ്പോഴാണ്. അതുകൊണ്ടു തന്നെ മദ്യം രോഗിക്കുണ്ടാക്കുന്ന വൈഷമ്യങ്ങളെ ലഘൂകരിക്കുന്ന ഒരു നടപടിയും നിങ്ങളുടെ ഭാഗത്തു നിന്നുണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുക. എവിടെയെങ്കിലും വീണുറങ്ങുന്നവരെ എടുത്തുകൊണ്ടുപോയി കിടക്കയില്‍ കിടത്തുകയോ, അവരുണരുന്നതിനു മുമ്പ് ഛര്‍ദ്ദിലും പൊട്ടിയ പാത്രങ്ങളും കാലിക്കുപ്പികളും മറ്റും വൃത്തിയാക്കി വെക്കുകയോ ചെയ്യാതിരിക്കുക. ജോലിക്കു ചെല്ലാതിരുന്നതിന്റെ കാരണത്തെപ്പറ്റി തൊഴിലുടമയോട് കള്ളം പറയാതിരിക്കുക. രോഗി അവഗണിക്കുന്ന അയാളുടെ ഉത്തരവാദിത്തങ്ങള്‍ സ്വയം ഏറ്റെടുത്ത് ചെയ്തുതീര്‍ത്തു കൊടുക്കാതിരിക്കുക. തന്റെ വാഗ്ദത്തലംഘനങ്ങള്‍ മറച്ചുപിടിക്കാന്‍ രോഗിക്ക് കൂട്ടുനില്‍ക്കാതിരിക്കുക. ഏതെങ്കിലും പ്രശ്നത്തില്‍ അകത്തായാല്‍ ഉടനെ പോയി ജാമ്യത്തിലിറക്കാതിരിക്കുക.

മദ്യം വാങ്ങാനെന്നല്ല, കാര്‍ നന്നാക്കുക, പിഴയടക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കു വേണ്ടി പോലും പണം നല്‍കാതിരിക്കുക. വീട്ടുവാടക, കറണ്ടുചാര്‍ജ്ജ് തുടങ്ങിയ അത്യാവശ്യബില്ലുകളൊഴികെ ഒന്നും സ്വന്തമായി അടച്ചു തീര്‍ക്കാതിരിക്കുക. മദ്യം വാങ്ങാന്‍ പണമില്ലാതെ കൈവിറക്കാനും പേടിസ്വപ്നങ്ങള്‍ കാണാനും തുടങ്ങുമ്പോഴാണ് പല രോഗികളും ചികിത്സയെക്കുറിച്ച് ചിന്തിച്ചു പോവുന്നത്. അതിനുള്ള അവസരങ്ങള്‍ നിങ്ങളായിട്ട് നശിപ്പിക്കാതിരിക്കുക.

നിങ്ങള്‍ ഇപ്പറഞ്ഞ രീതികളിലൊക്കെ പെരുമാറാന്‍ തുടങ്ങുമ്പോള്‍ രോഗി പ്രതിഷേധിച്ചേക്കാം. ചില കുടുംബാംഗങ്ങളും രോഗിയുടെ പക്ഷം പിടിച്ചേക്കാം. ഇതൊക്കെ “മനുഷ്യത്വരഹിത”മാണെന്ന് ചിലപ്പോഴെങ്കിലും നിങ്ങള്‍ക്കു തന്നെ തോന്നിയേക്കാം. അപ്പോഴൊക്കെ പഴയ ശീലങ്ങള്‍ തുടരുന്നത് രോഗിക്ക് ബോധോദയമുണ്ടാകാനുള്ള അവസരം വൈകിക്കുമെന്ന് സ്വയം ഓര്‍മിപ്പി‍ക്കുക.

രോഗിയെ പരിഹസിക്കുന്നതും ചീത്തപറയുന്നതും താഴ്ത്തിക്കെട്ടുന്നതും എപ്പോഴും കുറ്റപ്പെടുത്തുന്നതുമൊക്കെ അവസാനിപ്പിക്കുക. ഇതുകൊണ്ടൊന്നും മദ്യപാനം കുറയില്ലെന്നു മാത്രമല്ല, ഇതെല്ലാമുണ്ടാക്കുന്ന സങ്കടത്തിനും കുറ്റബോധത്തിനും ദേഷ്യത്തിനുമൊക്കെ രോഗി കണ്ടെത്തുന്ന പ്രതിവിധി മദ്യം തന്നെയായിരിക്കും. പ്രശ്നം മദ്യപാനമല്ല, മറിച്ച് നിങ്ങളുടെ പ്രതികരണങ്ങളാണ് എന്ന രീതിയിലേക്ക് ചര്‍ച്ചകള്‍ വഴിമാറാനും ഇത്തരം പെരുമാറ്റങ്ങള്‍

ഒഴിവാക്കേണ്ട ചില കാര്യങ്ങള്‍

  • മദ്യം ഒഴിച്ചു കളയുകയോ ഒളിപ്പിച്ചു വെക്കുകയോ ചെയ്യാതിരിക്കുക. കുടുംബത്തിന്റെ മറ്റാവശ്യങ്ങള്‍ക്ക് ഉപകരിച്ചേക്കാവുന്ന പണം കൂടി മദ്യത്തിനു വേണ്ടി ചെലവഴിക്കപ്പെടാനേ ഇതു സഹായിക്കൂ.
  • മദ്യലഹരിയില്‍ നില്‍ക്കുന്ന ഒരാളോട് തര്‍ക്കിക്കാതിരിക്കുക.
  • മദ്യപിച്ച് വണ്ടിയോടിക്കുമ്പോള്‍ കൂടെ യാത്രചെയ്യാതിരിക്കുക.
  • താമസസ്ഥലം മാറിയാല്‍ മദ്യപാനം കുറഞ്ഞേക്കുമെന്നു വ്യാമോഹിക്കാതിരിക്കുക.
  • രോഗിയുടെ ചിട്ടകള്‍ക്കനുസരിച്ച് നിങ്ങളുടെ ദിവസത്തെ ക്രമീകരിക്കാതിരിക്കുക.
  • നിര്‍ബന്ധിച്ചു സത്യം ചെയ്യിക്കാതിരിക്കുക. രോഗിക്ക് പ്രതിജ്ഞകള്‍ നിറവേറ്റാന്‍ കഴിയില്ല. സമയനഷ്ടത്തിനും രോഗിക്ക് നിങ്ങളോട് വിദ്വേഷം തോന്നാനും ഇത് വഴിവെക്കുകയും ചെയ്യും.

കാര്യങ്ങളവതരിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

രോഗിയോടു സംസാരിക്കുമ്പോള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ മനസ്സിരുത്തുന്നത് അയാള്‍ ദേഷ്യത്തോടെ പ്രതികരിക്കാനുള്ള സാദ്ധ്യത കുറയ്ക്കും.

വാചകങ്ങളില്‍ നിഷേധാത്മകത ഒഴിവാക്കുക. “നിങ്ങളിന്നും എന്നെ നാണംകെടുത്തും" എന്നതിനു പകരം “ഇന്നു നിങ്ങള്‍ ഞങ്ങളോടൊപ്പം സൂപ്പും ജ്യൂസുമൊക്കെ മാത്രം കഴിക്കുകയാണെങ്കില്‍ എല്ലാര്‍ക്കും അതാവും സന്തോഷം” എന്നും, “പിന്നേം എന്നോട് പച്ചക്കള്ളം പറയാന്‍ തുടങ്ങി അല്ലേ" എന്നു പറയാതെ “എനിക്കു നിങ്ങളെ വിശ്വസിക്കണമെന്നുണ്ട്. പക്ഷേ ഈ കഥയില്‍ എന്തോ പന്തികേടു തോന്നുന്നു.” എന്നും പറയാം.

രോഗിയുടെ ചെയ്തി ശരിയല്ലെന്ന് അധിക്ഷേപിക്കുന്നതിനു പകരം നിങ്ങളുടെ അഭിപ്രായമോ വികാരമോ ഇന്നതാണെന്നു പറയുക. “നീയാ വണ്ടി ആരുടെയെങ്കിലും നെഞ്ചത്തോട്ടു കയറ്റാന്‍ നോക്കിനടക്കുകയാണ്” എന്നതിനെ “നീ മദ്യപിച്ച് വണ്ടിയോടിക്കുമ്പോള്‍ എന്റെ നെഞ്ചില്‍ തീയാണ്” എന്നു പരിഷ്കരിക്കാം.

ദേഷ്യപ്പെട്ടു സംസാരിക്കുന്നത് നിങ്ങള്‍ക്ക് സ്വന്തം പെരുമാറ്റത്തിലും ആ സാഹചര്യത്തിലുമുള്ള നിയന്ത്രണം നഷ്ടപ്പെടുത്തുകയും, രോഗിക്ക് “നീയിങ്ങനെ കിടന്നലറുന്നതു കൊണ്ടു മാത്രമാണ് ഞാന്‍ കുടിച്ചു പോകുന്നത്” എന്നു വാദിക്കാന്‍ അവസരമൊരുക്കുകയും ചെയ്യും. വല്ലാതെ ദേഷ്യം തോന്നുമ്പോള്‍ മുറിവിട്ടു പോവുക. എന്നിട്ട് ദീര്‍ഘശ്വാസമെടുക്കുകയോ, റിലാക്സേഷന്‍ വിദ്യകള്‍ ഉപയോഗിക്കുകയോ, പ്രാര്‍ത്ഥിക്കുകയോ, നിങ്ങള്‍ക്ക് ആശ്വാസം തരുന്ന എന്തിലെങ്കിലും മുഴുകുകയോ ചെയ്യുക.

എങ്ങുമെത്താതെ നീളുന്ന വാദപ്രതിവാദങ്ങള്‍ ഒഴിവാക്കുക. വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ മനസ്സ് ശാന്തമായിരിക്കുന്ന ഏതെങ്കിലും സമയം തെരഞ്ഞെടുക്കുക. കാര്യം ഒരിക്കല്‍ മാത്രം പറയുക. അതിനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചക്ക് വഴങ്ങാതിരിക്കുക. രോഗി തര്‍ക്കത്തിനു വരികയാണെങ്കില്‍ രോഗം മണക്കുന്ന ന്യായവാദങ്ങള്‍ക്കു കാതുകൊടുത്ത് അയാളെ പ്രോത്സാഹിപ്പിക്കാതിരിക്കുക. വേണമെങ്കില്‍ മുറിയോ വീടോ വിട്ടു പുറത്തുപോവുക.

നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെക്കുമ്പോള്‍ നിങ്ങള്‍ക്ക് രോഗിയുടെ വശം മനസ്സിലാക്കാനാവുന്നുണ്ട് എന്നു കൂട്ടിച്ചേര്‍ക്കുന്നത് അയാള്‍ പ്രതിരോധത്തിലേക്കു വലിയുന്നത് തടയാന്‍ സഹായിക്കും. “ഇക്കാലത്ത് ഒരു ജോലിയന്വേഷിച്ചു നടക്കുന്നത് അത്ര സുഖമുള്ള കാര്യമല്ല എന്നെനിക്കറിയാം. പക്ഷെ ഇങ്ങിനെ മുന്നോട്ടു പോയാല്‍...” എന്ന രീതി ഉപയോഗിക്കാം. പരിഹാരങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അനുയോജ്യമാണെങ്കില്‍ പ്രശ്നത്തില്‍ നിങ്ങള്‍ക്കും കുറച്ച് കൂട്ടുത്തരവാദിത്തമുണ്ട് എന്ന്‍ വെറുതയാണെങ്കിലും വകവെച്ചു കൊടുക്കാം‍.

മദ്യപാനം നിയന്ത്രിക്കാന്‍ കുറച്ചു പൊടിക്കൈകള്‍

ചില പ്രത്യേക സംഭവങ്ങള്‍, സാഹചര്യങ്ങള്‍, സ്ഥലങ്ങള്‍, വ്യക്തികള്‍, നേരങ്ങള്‍, ദിവസങ്ങള്‍ തുടങ്ങിയവ രോഗിയുടെ മദ്യപാനത്തിനു പ്രചോദനമാകുന്നുണ്ടോ എന്നു കണ്ടെത്തുക. എന്നിട്ട് ആ ഘടകങ്ങളെയോ അവയുടെ പ്രഭാവത്തെയോ ഇല്ലാതാക്കാനോ ലഘുവാക്കാനോ ശ്രമിക്കുക. ഉറക്കക്കുറവ്, ബോറടി, തലവേദന തുടങ്ങിയവക്ക് ഉപദ്രവം കുറഞ്ഞ മറ്റു പരിഹാരങ്ങള്‍ കണ്ടുപിടിക്കാനും പ്രാവര്‍ത്തികമാക്കാനും സഹായിക്കുക. ആവശ്യമെങ്കില്‍ ഇതിനൊക്കെ ആരുടെയെങ്കിലും സഹായം തേടുക.

മദ്യപാനമല്ലാതെ രോഗിക്കു താല്പര്യമുള്ള മറ്റു കാര്യങ്ങളുടെ, പ്രത്യേകിച്ച് മദ്യപിച്ച് ചെയ്യാന്‍ പറ്റാത്ത പ്രവൃത്തികളുടെ, പട്ടിക തയ്യാറാക്കുക. രോഗി സാധാരണ മദ്യപിക്കാറുള്ള സമയങ്ങളില്‍ പകരം ഈ പ്രവൃത്തികളില്‍ ഏര്‍പ്പെടാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുക. അയാള്‍ക്കിഷ്ടമുള്ള മറ്റു പാനീയങ്ങളും ഭക്ഷണപദാര്‍ഥങ്ങളും വീട്ടില്‍ പറ്റുന്നത്ര ലഭ്യമാക്കുക.

മദ്യപിച്ചു നില്‍ക്കുന്ന രോ‍ഗിയോടുള്ള നിങ്ങളുടെ പ്രതികരണങ്ങള്‍ അയാള്‍ പിന്നെയും കഴിക്കാന്‍ ഇടവരുത്തുന്നുണ്ടോ എന്നു പരിശോധിക്കുക. അങ്ങിനെയുണ്ടെങ്കില്‍ നിങ്ങളുടെ പെരുമാറ്റത്തില്‍ അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തുക.

ശാരീരികോപദ്രവം തടയാന്‍ ശ്രമിക്കാം

രോഗി അക്രമാസക്തനാകുന്ന പതിവുണ്ടെങ്കില്‍ കൂടുതല്‍ കരുതലോടെ നീങ്ങുക.

രോഗി അക്രമാസക്തനാകുന്ന പതിവുണ്ടെങ്കില്‍ കൂടുതല്‍ കരുതലോടെ നീങ്ങുക. എന്തെങ്കിലും മാറ്റങ്ങള്‍ നടപ്പിലാക്കുന്നതിനു മുമ്പ് അത് മര്‍ദ്ദനത്തില്‍ കലാശിച്ചേക്കുമോ എന്ന് അവലോകനം ചെയ്യുക. ശാരീരികോപദ്രവം ഒരു സുപ്രഭാതത്തില്‍ സ്വയം നിലക്കുകയില്ലെന്നും, നിങ്ങള്‍ പ്രതികരിച്ചില്ലെങ്കില്‍ പതിയെ വഷളാവുകയേ ഉള്ളൂ എന്നും ഓര്‍ക്കുക. കുറ്റം രോഗിയുടേതല്ല മദ്യത്തിന്റേത് മാത്രമാണെന്നോ നിങ്ങള്‍ പ്രകോപിപ്പിക്കുന്നത് കൊണ്ടാണ് രോഗി വയലന്റാവുന്നതെന്നോ വിശ്വസിക്കാതിരിക്കുക. സംഭവത്തിലെ നിങ്ങളുടെ “പങ്കി”നെക്കുറിച്ച് ആരുമായും ഒരു ചര്‍ച്ചക്കും വഴങ്ങാതിരിക്കുക.

നിങ്ങള്‍ക്കും കുട്ടികള്‍ക്കും രണ്ടുമൂന്നു ദിവസത്തേക്കു വേണ്ട അവശ്യസാധനങ്ങള്‍ എപ്പോഴും ഒരു ബാഗില്‍ ഒരുക്കിവെക്കുക. എല്ലാവര്‍ക്കും കുറച്ചു ദിവസം സുരക്ഷിതമായി കഴിയാന്‍ പറ്റുന്ന എന്നാല്‍ രോഗിക്ക് പ്രവേശനമനുവദിക്കാത്ത ഒന്നോ രണ്ടോ വീടുകള്‍ മുന്‍കൂട്ടി കണ്ടുവെക്കുക. കുടുംബാംഗങ്ങളുടെയോ കൂട്ടുകാരുടെയോ സന്നദ്ധസംഘടനകളുടെയോ സഹായം ഇതിനു വേണ്ടി ഉപയോഗിക്കാവുന്നതാണ്.

ഏറ്റവുമൊടുവില്‍ നേരിട്ട മര്‍ദ്ദനത്തിന്റെ വിശദാംശങ്ങള്‍ ഓര്‍ത്തെടുക്കുക. നിങ്ങള്‍ എവിടെ എന്തു ചെയ്യുകയായിരുന്നു പ്രശ്നം തുടങ്ങിയതും വഷളായതും എങ്ങിനെയൊക്കെയാണ് ആരൊക്കെ എന്തൊക്കെയാണ് പറഞ്ഞതും ചെയ്തതും എന്നൊക്കെ അവലോകനം ചെയ്യുക. പീഢനം തടയാന്‍ ഓരോ ഘട്ടത്തിലും നിങ്ങള്‍ക്ക് എന്തു ചെയ്യാമായിരുന്നു എന്നു പരിശോധിക്കുക. അക്രമം തുടങ്ങുന്നതിനു മുമ്പ് രോഗികളുടെ ഭാവത്തിലും സംസാരത്തിലും പെരുമാറ്റത്തിലുമൊക്കെ ചില ദുസ്സൂചനകള്‍ പ്രകടമാവാറുണ്ട്. മുഖം ചുവക്കുക അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുക തുടങ്ങിയവ ഇത്തരം ദുസ്സൂചനകളുടെ ഉദാഹരണങ്ങളാണ്. ഇത്തരം എന്തൊക്കെ സൂചനകളാണ് നിങ്ങളുടെ രോഗി പ്രദര്‍ശിപ്പിച്ചത് എന്നോര്‍ത്തെടുത്ത് എവിടെയെങ്കിലും കുറിച്ചു വെക്കുക. എന്നിട്ട് ഓരോ ദുസ്സൂചനയുടെയും നേരെ അത് പൊട്ടിത്തെറിയിലേക്കു വളരാതിരിക്കാന്‍ നിങ്ങള്‍ക്ക് എന്തു ചെയ്യാമായിരുന്നു എന്നും കണ്ടുപിടിച്ചെഴുതി വെക്കുക. രണ്ടുദാഹരണങ്ങള്‍ താഴെക്കൊടുക്കുന്നു.

  1. എന്നോട് പുറത്തു പോവാന്‍ പറഞ്ഞു - “ഞാന്‍ പോക്കോളാം. നേരം ഇത്രയുമായി എന്നൊന്ന് സൂചിപ്പിക്കാമെന്നേ ഞാനുദ്ദേശിച്ചുള്ളൂ” എന്നു പറഞ്ഞ് മുറിവിട്ടു പോകാമായിരുന്നു.
  2. എന്റെ മുഖത്ത് തുറിച്ചു നോക്കി - “ഞാന്‍ പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഞാനിനി അതേപ്പറ്റി മിണ്ടുന്നില്ല” എന്നു പറഞ്ഞ് വിഷയം മാറ്റാമായിരുന്നു.

ഓരോ ദിവസവും കുറച്ചു സമയമെടുത്ത് ഇത്തരം സാഹചര്യങ്ങളും ദുസ്സൂചനകളും സുരക്ഷിതമായ പ്രതികരണങ്ങളും മനക്കണ്ണില്‍ സങ്കല്പിക്കുന്നത് അവസരം വരുമ്പോള്‍ അവ ഫലപ്രദമായി ഉപയോഗിക്കാന്‍ നിങ്ങളെ പ്രാപ്തരാക്കും.

എന്നിട്ടും മര്‍ദ്ദനം ആവര്‍ത്തിക്കുകയാണെങ്കില്‍ എത്രയും പെട്ടെന്ന് നേരത്തെ കണ്ടുവെച്ച വീട്ടിലേക്കു മാറുക. നിങ്ങള്‍ എവിടെയാണെന്ന് രോഗിയെ അറിയിക്കാതിരിക്കുക. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ആരുടെയെങ്കിലും അകമ്പടിയോടെ മാത്രം തിരിച്ചു ചെല്ലുക. നടന്നതിന്റെ ശരിതെറ്റുകളെക്കുറിച്ച് ഒരു ചര്‍ച്ചക്കും തയ്യാറാവാതിരിക്കുക. ശാരീരികപീഢനം ഒരു കാരണവശാലും അനുവദിക്കുന്നതല്ല എന്ന വ്യക്തമായ താക്കീതു മാത്രം നല്‍കുക.

രോഗിയറിയാതെ കൊടുക്കാവുന്ന മരുന്നുകള്‍

ആല്‍ക്കഹോളിസം രോഗികള്‍ക്ക് അവരറിയാതെ കലക്കിക്കൊടുക്കാവുന്ന മരുന്നുകളുടെ പരസ്യങ്ങള്‍ നമ്മുടെ പത്രവാരികകളില്‍ സാധാരണമാണ്. എന്നാല്‍ ഈ മരുന്നുകളില്‍ ചിലതെങ്കിലും വളരെയധികം മുന്‍കരുതലുകളോടും മുന്നറിയിപ്പുകളോടും കൂടി മാത്രം കുറിക്കപ്പെടാറുള്ള, മദ്യവുമായി രൂക്ഷവും അപകടകരവുമായ പ്രതിപ്രവര്‍ത്തനം സൃഷ്ടിക്കുന്ന ഡൈസള്‍ഫിറാം എന്ന സൈക്ക്യാട്രി മരുന്നിന്റെയതേ സ്വഭാവമുള്ളവയാണ്. ഇത്തരം മരുന്നുകള്‍ നല്‍കപ്പെട്ട രോഗികള്‍ അമിതമായി മദ്യപിച്ച് മേല്‍പ്പറഞ്ഞ പ്രതിപ്രവര്‍ത്തനം തരണം ചെയ്യാനാവാതെ മരിച്ചുപോകുന്ന സംഭവങ്ങള്‍ വിരളമല്ല.

കൂനില്‍ കുരുക്കള്‍ കൂടിയുള്ളപ്പോള്‍

ചില ആല്‍ക്കഹോളിസം ബാധിതരില്‍ വിഷാദരോഗം, സംശയരോഗം തുടങ്ങിയ മാനസിക അസുഖങ്ങളും കണ്ടുവരാറുണ്ട്. പ്രസ്തുത രോഗങ്ങള്‍ക്കുള്ള ചികിത്സ ലഭ്യമാക്കാതെ ഇങ്ങിനെയുള്ളവരുടെ മദ്യപാനത്തില്‍ മാറ്റം വരുത്തുക ദുഷ്കരമായിരിക്കും.

ആന്റിസോഷ്യല്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ എന്ന വ്യക്തിത്വവൈകല്യമുള്ളവര്‍ക്ക് ആല്‍ക്കഹോളിസത്തിന്റെ വിദഗ്ദ്ധചികിത്സകള്‍ പോലും ഫലം ചെയ്യാന്‍ സാദ്ധ്യത കുറവാണ്. മദ്യലഹരിയിലല്ലാത്തപ്പോള്‍ പോലും സാമൂഹ്യമര്യാദകളും നിയമങ്ങളും പാലിക്കാനുള്ള കനത്ത വിമുഖത, അക്ഷമ, ആക്രമണോത്സുകത, എന്തിനുമേതിനും മറ്റുള്ളവരെ കുറ്റപ്പെടുത്താനുള്ള വാസന, മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാനുള്ള കടുത്ത വൈമനസ്യം, അശേഷം കുറ്റബോധമില്ലായ്മ തുടങ്ങിയവയാണ് ഇക്കൂട്ടരുടെ സവിശേഷതകള്‍.

ചികിത്സക്കു പ്രേരിപ്പിക്കാവുന്നതെങ്ങനെ

ചികിത്സയുടെ കാര്യം രോഗിയുടെ മുന്നില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് നല്ല തയ്യാറെടുപ്പ് അത്യാവശ്യമാണ്.

ചികിത്സയുടെ കാര്യം രോഗിയുടെ മുന്നില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് നല്ല തയ്യാറെടുപ്പ് അത്യാവശ്യമാണ്. അടുത്തുള്ള ചികിത്സാകേന്ദ്രങ്ങളുടെ രീതികളും മറ്റു വിശദാംശങ്ങളും അന്വേഷിച്ചറിയുകയും, രോഗിയുടെ മദ്യപാനത്തിന്റെയും അതുകാരണം അയാള്‍ക്കും മറ്റുള്ളവര്‍ക്കും ഉണ്ടായിട്ടുള്ള കഷ്ടനഷ്ടങ്ങളുടെയും കണക്കുകള്‍ ശേഖരിക്കുകയും ചെയ്യേണ്ടതാണ്.

മദ്യപാനം മൂലം രോഗിക്ക് എന്തെങ്കിലും കാര്യമായ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നതിനു തൊട്ടുപിറകെ ചികിത്സാക്കാര്യം എടുത്തിടുന്നതാണ് ഏറ്റവും ഫലപ്രദം. അതേ സമയം, പറ്റിയ മുഹൂര്‍ത്തത്തിനു വേണ്ടി ഏറെ നാള്‍ കാത്തിരിക്കുന്നത് രോഗിയുടെ കരളിനും തലച്ചോറിനുമൊക്കെ മദ്യമേല്‍പ്പിക്കുന്ന ക്ഷതങ്ങള്‍ വഷളാവുന്നതിനു നിമിത്തമാവുമെന്നും ഓര്‍ക്കേണ്ടതാണ്.

ഭാര്യമാര്‍ക്കു തനിയെ ചെയ്യാവുന്നത്

രോഗി മദ്യലഹരിയിലല്ലാത്ത, നിങ്ങള്‍ രണ്ടുപേരും ശാന്തരായിരിക്കുന്ന, സ്വകാര്യതയോടെ കുറച്ചുനേരം സംസാരിക്കാന്‍ സാഹചര്യമുള്ള ഒരവസരം തെരഞ്ഞെടുക്കുക. വളച്ചുകെട്ടില്ലാതെ കാര്യമവതരിപ്പിക്കുക. അയാളുടെ മദ്യപാനത്തെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടെന്നറിയിക്കുക. ചികിത്സയെടുക്കാന്‍ താല്പര്യമുണ്ടോ എന്നന്വേഷിക്കാതെ ഇനി ചികിത്സയെടുക്കാതെ നിര്‍വാഹമില്ല എന്നു പ്രസ്താവിക്കുക. അതിനു വേണ്ട എന്തു സഹായവും ചെയ്യാന്‍ നിങ്ങള്‍ തയ്യാറാണെന്നും കൂട്ടിച്ചേര്‍ക്കുക. രോഗിയുടെ ചെയ്തികളെ നേരിട്ടു വിമര്‍ശിക്കാതെ അവയുടെ അനന്തരഫലങ്ങളില്‍ ഊന്നല്‍ നല്‍കുക. മദ്യപാനം മൂലമുണ്ടായ പ്രശ്നങ്ങളും അവയുടെ വിശദാംശങ്ങളും അക്കമിട്ടു നിരത്തുക. കൃത്യം തിയ്യതികള്‍, സാമ്പത്തികനഷ്ടത്തിന്റെ സൂക്ഷ്മമായ കണക്കുകള്‍, അകത്താക്കുന്ന മദ്യത്തിന്റെ അളവ് എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ച് വസ്തുനിഷ്ഠമായി സംസാരിക്കുക. ജോലി, കുട്ടികള്‍, ലൈംഗികത എന്നിങ്ങനെ രോഗിക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്ന മേഖലകളെ മദ്യം എങ്ങിനെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു എന്ന് പ്രത്യേകം വിശദീകരിക്കുക. ഒന്നിനെയും പര്‍വതീകരിച്ചു സംസാരിക്കാതിരിക്കുക. “കുടിയന്‍”, “മദ്യപാനി”, “അഡിക്റ്റ്” തുടങ്ങിയ പദപ്രയോഗങ്ങള്‍ ഒഴിവാക്കുക. ചികിത്സയെ രോഗിയുടെ ന്യൂനതകള്‍ പരിഹരിക്കാനുള്ള ഒരുപാധിയായി അവതരിപ്പിക്കാതെ നിങ്ങളുടെ ബന്ധവും ഒന്നിച്ചുള്ള ജീവിതവും മെച്ചപ്പെടുത്താനുള്ള ഒരു മാര്‍ഗമായി നിര്‍ദ്ദേശിക്കുക. മറുപടി പെട്ടെന്നു തന്നെ വേണമെന്നു നിഷ്ക്കര്‍ഷിക്കുക.

എതിര്‍പ്പുകള്‍ പ്രതീക്ഷിക്കുക. മറുവാദങ്ങള്‍ക്ക് സമചിത്തതയോടെ തെളിവുകള്‍ സഹിതം ഉത്തരം നല്‍കുക. ഉദാഹരണത്തിന്, “ഞാനത്രക്കൊന്നും കുടിക്കുന്നില്ല” എന്നു തര്‍ക്കിക്കുകയാണെങ്കില്‍ തലേന്നു രാത്രി കാലിയാക്കിയ കുപ്പി ചൂണ്ടിക്കാണിക്കുക. ശരീരത്തിന് ഒരു കുഴപ്പവുമില്ലെന്നു വാദിക്കുന്നവരോട് മെഡിക്കല്‍ ടെസ്റ്റുകള്‍‍ക്ക് വിധേയരാവാന്‍ ആവശ്യപ്പെടുക. നിര്‍ദ്ദേശങ്ങളോട് സഹകരിച്ചില്ലെങ്കില്‍ നിങ്ങള്‍ എങ്ങിനെയാണു പ്രതികരിക്കാന്‍ ‍പോകുന്നതെന്ന് മുന്നറിയിപ്പു നല്‍ക്കുക. അത് രോഗിയെ ശിക്ഷിക്കാന്‍ ‍വേണ്ടിയല്ല, മറിച്ച് മദ്യത്തിന്റെ അപകടങ്ങളില്‍നിന്ന് നിങ്ങളെത്തന്നെ സംരക്ഷിക്കാന്‍ ‍വേണ്ടിയാണെന്ന് വ്യക്തമാക്കുക. നടപ്പിലാക്കാവുന്നതെന്ന് നിങ്ങള്‍ക്കുറപ്പുള്ള ഭീഷണികള്‍ മാത്രം മുഴക്കുക.

മദ്യപിച്ചു വണ്ടിയോടിക്കാതിരിക്കാം, കുടി ആഴ്ചയില്‍ നാലുദിവസം മാത്രമാക്കി ചുരുക്കാം തുടങ്ങിയ ചെറിയ മാറ്റങ്ങള്‍ക്കേ ‍രോഗി തയ്യാറാകുന്നുള്ളൂവെങ്കില്‍ തല്‍ക്കാലത്തേക്ക് അത് സമ്മതിച്ച് ചര്‍ച്ച അവസാനിപ്പിക്കുക. അടുത്ത അവസരത്തിനായി ക്ഷമയോടെ കാത്തിരിക്കുക. “ഞാന്‍ തനിയെ നിര്‍ത്തിക്കോളാം” എന്നു ശപഥം ചെയ്യുന്നവര്‍ക്ക് കഴിക്കാതിരിക്കുമ്പോള്‍ ശക്തമായ പിന്മാറ്റ അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടുന്ന ശീലമില്ലെങ്കില്‍ മാത്രം ആ വാക്കുപാലിക്കാന്‍ ഒന്നോ രണ്ടോ അവസരങ്ങള്‍ ‍കൊടുക്കാം.

മദ്യപാനം അമിതമാണെന്ന് ഒരു നിലക്കും സമ്മതിക്കുന്നില്ലെങ്കില്‍ ആയിടെയുണ്ടായ പ്രശ്നങ്ങളുടെ കാര്യകാരണങ്ങളിലേക്ക് ചര്‍ച്ച തിരിച്ചുവിടുക. ജോലി നഷ്ടപ്പെട്ടതോ, അപകടം സംഭവിച്ചതോ, സാമ്പത്തികപ്രശ്നങ്ങള്‍ ഉടലെടുത്തതോ ഒക്കെ എന്തുകൊണ്ടായിരുന്നുവെന്നും, ഇനി അതാവര്‍ത്തിക്കാതിരിക്കാന്‍ എന്തു മുന്‍കരുതലുകളാണ് രോഗി എടുക്കാനുദ്ദേശിക്കുന്നതെന്നും ചോദിക്കുക.

രോഗി അക്രമാസക്തനായേക്കുമെന്ന സൂചന കിട്ടിയാല്‍ ‍ഉടനെ വിഷയം മാറ്റുക. “നിങ്ങള്‍ക്കു താല്പര്യമുണ്ടെങ്കില്‍ ഞാനും സഹായിക്കാമെന്നേ ഉദ്ദേശിച്ചുള്ളൂ” എന്നോ മറ്റോ പറഞ്ഞൊഴിയുക. ചര്‍ച്ച കലഹത്തിലേക്കു വഴുതാതെ നോക്കിയാല്‍ അടുത്ത അവസരം വരുമ്പോള്‍ ‍വിഷയം വീണ്ടും എടുത്തിടാന്‍ ‍കൂടുതല്‍ ‍എളുപ്പമായിരിക്കുമെന്നോര്‍ക്കുക.

ആദ്യശ്രമം പരാജയപ്പെട്ടാലും തന്റെ ജീവിതത്തിന്റെ ഒരു പുനരവലോകനത്തിന് രോഗിയെ പ്രേരിപ്പിക്കുകയെന്ന ദുഷ്കരദൌത്യത്തിന്റെ ആദ്യപടി നിങ്ങള്‍ ‍ചെയ്തു തീര്‍ത്തുവെന്നും, അയാളുടെ മനസ്സില്‍ കുറച്ചെങ്കിലും മറുചിന്തകള്‍ പാകാന്‍ നിങ്ങള്‍ക്കായിട്ടുണ്ടാകാമെന്നും, അവ പതിയെ വളര്‍ന്ന് ഭാവിയിലെപ്പോഴെങ്കിലും അയാള്‍ ചികിത്സക്ക് തയ്യാറായേക്കുമെന്നും ആശ്വസിക്കുക.

ഒത്തുപിടിച്ചാല്‍…

ഒരു കൂട്ടമാളുകള്‍ ഒത്തുചേര്‍ന്നുള്ള ഇടപെടലുകളാണ് പലപ്പോഴും ഒറ്റക്കുള്ള ഉദ്യമങ്ങളെക്കാള്‍ പ്രയോജനകരം.

ഒരു കൂട്ടമാളുകള്‍ ഒത്തുചേര്‍ന്നുള്ള ഇടപെടലുകളാണ് പലപ്പോഴും ഒറ്റക്കുള്ള ഉദ്യമങ്ങളെക്കാള്‍ പ്രയോജനകരം. നിങ്ങളോടു സഹകരിക്കാന്‍ തയ്യാറുള്ള, രോഗി വിലമതിക്കുന്ന അഞ്ചാറു പേരെ കൂട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും തെരഞ്ഞെടുക്കുക. മദ്യപാനം വിജയകരമായി നിര്‍ത്തിയ ആരെയെങ്കിലും ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുക. ലഹരിയുപയോഗമോ മാനസികരോഗങ്ങളോ കടുത്ത ദാമ്പത്യപ്രശ്നങ്ങളോ ഉള്ളവരെ കൂട്ടാതിരിക്കുക. ആസൂത്രണത്തിന് വേണ്ടത്ര സമയമെടുക്കുക. രോഗിയുമായുള്ള കൂടിക്കാഴ്ചക്ക് അനുയോജ്യമായ ദിവസവും സമയവും സ്ഥലവും നിശ്ചയിക്കുക. പദ്ധതി രഹസ്യമാക്കി വെക്കുക. സംഘത്തിലെ ഓരോ അംഗവും താന്‍ രോഗിയോട് എന്താണു സംസാരിക്കുകയെന്നും, രോഗി ചികിത്സക്കു വിസമ്മതിച്ചാല്‍ താന്‍ അയാളോടുള്ള പെരുമാറ്റത്തില്‍ എന്തൊക്കെ മാ‍റ്റങ്ങള്‍ വരുത്തുമെന്നാണ് മുന്നറിയിപ്പു കൊടുക്കുകയെന്നും മുന്‍കൂട്ടി തീരുമാനിച്ചിരിക്കണം.

ആരൊക്കെ സ്ഥലത്തുണ്ടെന്നോ വിഷയമെന്താണെന്നോ മുന്‍കൂട്ടി അറിയിക്കാതെ രോഗിയെ യോഗസ്ഥലത്തേക്കു വിളിക്കുക. വേണമെങ്കില്‍ ഒരു കുടുംബയോഗമോ ഫാമിലി പാര്‍ട്ടിയോ ഇതിനുവേണ്ടി അറേഞ്ച് ചെയ്യാം.

ഫലപ്രദമായ സംഭാഷണരീതികള്‍

ചില രോഗികളുടെ ചിന്തകളിലും സംസാരങ്ങളിലും മദ്യപാനം നിര്‍ത്തണമെന്നും തുടരണമെന്നുമുള്ള ആഗ്രഹങ്ങള്‍ ഒരേ സമയത്ത് ‍ഒന്നിച്ചു കാണപ്പെടാറുണ്ട്. ഈ ഉഭയമനസ്ഥിതിയുടെ സവിശേഷത കാരണം ഇത്തരക്കാരെ ആരെങ്കിലും മദ്യത്തിനെതിരായി ഉപദേശിച്ചാല്‍ അത് വിപരീതഫലമുണ്ടാക്കുകയും, അവരുടെ മനസ്സില്‍ മദ്യത്തിനനുകൂലമായ ചിന്തകള്‍ക്ക് ആഭിമുഖ്യം കിട്ടുന്നതില്‍ കലാശിക്കുകയുമാണു ചെയ്യുക. ഇനിയും ചിലര്‍ മറ്റുള്ളവരുടെ ഉപദേശങ്ങള്‍ ‍ചെവിക്കൊള്ളാനുള്ള പൊതുവായ വിമുഖതയൊന്നു കൊണ്ടു മാത്രം ചികിത്സാനിര്‍ദ്ദേശങ്ങളെ തിരസ്ക്കരിക്കാറുണ്ട്. ഈ രണ്ടു കൂട്ടരോടും ‍സഹാനുഭൂതിയോടെയും പരസ്പരബഹുമാനത്തോടെയും മാത്രം ഇടപഴകുക. ഇത്തരക്കാരോട് ചര്‍ച്ചകള്‍ക്കു തുടക്കമിടാന്‍ താഴെക്കൊടുത്തതു പോലുള്ള ഒറ്റ വാക്കിലൊതുങ്ങാത്ത മറുപടികള്‍ വേണ്ട ചോദ്യങ്ങള്‍ ഉപയോഗിക്കുക.

  • നിന്റെ മദ്യപാനത്തെപ്പറ്റി മറ്റുള്ളവര്‍ക്കുള്ള പരാതികള്‍ ‍എന്തൊക്കെയാണ്?
  • ഒരഞ്ചു വര്‍ഷം കഴിഞ്ഞാല്‍ ജീവിതം എങ്ങിനെയായിരിക്കണമെന്നാണ് നിന്റെ ആഗ്രഹം<?
  • ഇങ്ങിനെത്തന്നെ തുടര്‍ന്നാല്‍ ‍കാര്യങ്ങള്‍ എവിടെച്ചെന്നെത്തുമെന്നാണ് നിനക്കു തോന്നുന്നത്<?
  • മദ്യപാനം കാരണം നിനക്ക് ‍എന്തൊക്കെ കാര്യങ്ങള്‍ സാധിക്കാന്‍ ‍കഴിയാതെ പോയിട്ടുണ്ട്?
  • മദ്യപാനം നിന്റെ ജീവിതത്തില്‍ ‍എന്തൊക്കെ പ്രശ്നങ്ങള്‍ വരുത്തിവെച്ചിട്ടുണ്ട്?
  • മദ്യപാനം നിര്‍ത്തുന്നതു കൊണ്ട് എന്തൊക്ക ഗുണങ്ങളുണ്ടായേക്കാമെന്നാണ് നിന്റെ അഭിപ്രായം?

ഈ ചോദ്യങ്ങള്‍ക്കു മറുപടിയായി രോഗി മദ്യപാനത്തിനെതിരായ വല്ലതും പറയുകയാണെങ്കില്‍ ശരീരഭാഷയിലൂടെയും വാക്കുകളിലൂടെയും അയാളെ പ്രോത്സാഹിപ്പിക്കുക. അയാള്‍ പറഞ്ഞ കാര്യത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ‍ആരായുക. (ഉദാഹരണത്തിന്, രോഗി “ഇതിന്റെ പിറകെ ഏതായാലും കാശ് കുറെ പൊടിയുന്നുണ്ട്" എന്നു പറയുകയാണെങ്കില്‍ “ഒരു ദിവസം ഏകദേശം എത്ര രൂപ?” എന്നു തിരിച്ചു ചോദിക്കുക.) മദ്യപാനത്തിനെതിരായി അയാള്‍ അതുവരെ പറഞ്ഞ കാര്യങ്ങളുടെ ഒരു സംഗ്രഹം ഇടക്കിടെ അയാളോട് അങ്ങോട്ടു പറയുക. (ഉദാ:- ”അപ്പോള്‍ ‍നീ പറഞ്ഞു വരുന്നത് മദ്യപാനം കൊണ്ട് നിനക്ക് ഇതുവരെ മൂന്നു ജോലികള്‍ ‍നഷ്ടപ്പെട്ടിട്ടുണ്ടെന്നും, രണ്ട് അപകടങ്ങള്‍ ‍പറ്റിയിട്ടുണ്ടെന്നും,...) ഇടക്ക് അയാള്‍ മദ്യപാനത്തിനനുകൂലമായ എന്തെങ്കിലും വാദമുഖങ്ങള്‍ എടുത്തിടുകയാണെങ്കില്‍ ‍തിരിച്ച് തര്‍ക്കിക്കാനോ ഉപദേശിക്കാനോ മുതിരാതെ താഴെപ്പറഞ്ഞ ഏതെങ്കിലും രീതിയില്‍ ‍പ്രതികരിക്കുക.

പതിയെ വിഷയം മാറ്റുക.
  • അയാളുടെ വാചകത്തെ ഒന്ന് ഘടന മാറ്റിയോ കുറച്ചു പര്‍വതീകരിച്ചോ തിരിച്ചു പറയുക. (ഉദാഹരണത്തിന്, രോഗി “ഈ കൌണ്‍സലിങ്ങൊക്കെ വെറുതെ ആളെപ്പറ്റിക്കാനാണ്” എന്നു പറയുകയാണെങ്കില്‍ “അപ്പോള്‍ കൌണ്‍സലിങ്ങു കൊണ്ട് ഒരാള്‍ക്കും ഒരിക്കലും ഒരു പ്രയോജനവും കിട്ടില്ല എന്നാണ് നിന്റെ അഭിപ്രായം” എന്ന് മറുപടി പറയാം.)
  • അയാളുടെ വാദത്തെ മുമ്പ് അയാള്‍ മാറ്റത്തിനനുകൂലമായി പറഞ്ഞ ഏതെങ്കിലും കാര്യവുമായി കൂട്ടിച്ചേര്‍ത്ത് തിരിച്ചു പറയുക. (ഉദാ:-”മദ്യം ശരീരത്തെയും ജോലിയെയും കുടുംബത്തിലെ സമാധാനത്തെയും ബാധിക്കുന്നുണ്ടെന്ന് നീ നേരത്തെ സമ്മതിച്ചു. അതേസമയം ഞാനെന്റെ കൂട്ടുകാരെക്കാളും കൂടുതലൊന്നും കുടിക്കുന്നില്ലല്ലോ, എന്നിട്ടുമെന്താ ഇങ്ങനെ എന്ന സംശയവും നിനക്കുണ്ട്.”)
  • “ഞാന്‍ ‍പറഞ്ഞെന്നേയുള്ളൂ. ഇക്കാര്യത്തില്‍ അവസാന തീരുമാനമെടുക്കാനുള്ള പൂര്‍ണസ്വാതന്ത്ര്യം നിനക്കുണ്ട്" എന്ന് അനുനയിപ്പിക്കുക.

ഒഴിച്ചുകൂടാനാവാത്ത എന്തെങ്കിലും ഉപദേശമോ നിര്‍ദ്ദേശമോ നല്‍കാനുണ്ടെങ്കില്‍ അതിനു മുമ്പ് അനുവാദം ചോദിക്കുന്നതും, “എന്റെ ഒരു പരിചയക്കാരന്‍ ഇത്തരമൊരു സാഹചര്യത്തില്‍ ഇങ്ങനെയാണ് ചെയ്തത്” എന്ന രീതിയില്‍ ‍അക്കാര്യം ‍അവതരിപ്പിക്കുന്നതും, ഒന്നിലധികം നിര്‍ദ്ദേശങ്ങള്‍ ‍മുന്നോട്ടുവെച്ച് അതില്‍നിന്ന് താല്പര്യമുള്ളത് തെരഞ്ഞെടുക്കാന്‍ രോഗിക്ക് സ്വാതന്ത്ര്യം കൊടുക്കുന്നതും, നിങ്ങളുടെ ആശയങ്ങളെക്കുറിച്ച് അയാള്‍ക്കുള്ള അഭിപ്രായം ആരായുന്നതും നല്ലതാണ്.

നിങ്ങളുടെയും രോഗിയുടെയും ജീവിതരീതികളില്‍ അനേകവര്‍ഷങ്ങളുടെ നിരന്തരമായ മദ്യപാനത്തിന്റെ സ്വാധീനമുണ്ടെന്നും, അതുകൊണ്ടു തന്നെ അവയില്‍ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കാന്‍ സമയമെടുക്കുമെന്നും എപ്പോഴും ഓര്‍ക്കുക. ഒറ്റയടിക്ക് വലിയ മാറ്റങ്ങള്‍ക്കു ശ്രമിക്കാതെ, മുകളില്‍ പറഞ്ഞ നിര്‍ദ്ദേശങ്ങളോരോന്നിനെയും വെവ്വേറെ ലക്ഷ്യങ്ങളായിക്കണ്ട്, ശ്രദ്ധയോടെ ആസൂത്രണം ചെയ്ത്, ചെറിയ ചെറിയ മാറ്റങ്ങള്‍ പടിപടിയായി നടപ്പാക്കുക. ഓരോ ഘട്ടത്തിലും നിങ്ങളുടെ അപ്പോഴത്തെ ലക്ഷ്യമെന്താണെന്നും, അതു കൈവരിക്കാന്‍ നിങ്ങള്‍ എന്തൊക്കെയാണു ചെയ്യാനുദ്ദേശിക്കുന്നതെന്നും, പദ്ധതി പ്രയോഗത്തില്‍ വരുത്താന്‍ ശ്രമിച്ചപ്പോള്‍ എന്തൊക്കെ തടസ്സങ്ങള്‍ നേരിട്ടുവെന്നും<, അവയെ എങ്ങനെ മറികടന്നുവെന്നുമൊക്കെ എവിടെയെങ്കിലും കുറിച്ചുവെക്കുക. ഇടക്കിടെ ആ കുറിപ്പുകളുടെ അവലോകനം നടത്തുക.

ശ്രമങ്ങളെല്ലാം വിഫലമാകുമ്പോള്‍

തന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്തു എന്ന ആശ്വാസത്തോടെ ഒരു കുറ്റബോധവും കൂടാതെ സ്വന്തം ജീവിതത്തെ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങുക. നിങ്ങളുടെ ജീവിതത്തില്‍ അവശേഷിക്കുന്ന സൌഭാഗ്യങ്ങളുടെ കണക്കെടുക്കുക. ഏറെ നാള്‍ അവഗണിക്കപ്പെട്ടു കിടന്ന നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും വീണ്ടും സ്നേഹിക്കാന്‍ തുടങ്ങുക. രോഗിയെച്ചുറ്റിയുള്ള ആകുലതകളെയും കുറ്റബോധങ്ങളെയും ഒന്നൊന്നായി മനസ്സില്‍ നിന്നു ചവിട്ടിപ്പുറത്താക്കുക. അയാളെക്കുറിച്ചുള്ള ചിന്തകള്‍ അലട്ടാന്‍ തുടങ്ങുമ്പോഴൊക്കെ നിങ്ങള്‍ക്ക് സംതൃപ്തി തരുന്ന എന്തെങ്കിലും ചെയ്യുക. അയാള്‍ക്ക് എക്കാലവും ഇങ്ങിനെ തുടരാനാവില്ലെന്നും നിയമവ്യവസ്ഥയോ ഭ്രാന്തോ മരണമോ എല്ലാറ്റിനും അധികം വൈകാതെ തടയിടുമെന്നും ഓര്‍ക്കുക. നിങ്ങളുടെ മൂഡ് രോഗി ഇന്ന് കുടിച്ചിട്ടുണ്ടോ ഇല്ലയോ വീട്ടില്‍ വന്നിട്ടുണ്ടോ ഇല്ലയോ തുടങ്ങിയ കാര്യങ്ങളില്‍ ആശ്രിതമല്ലാത്ത അവസ്ഥയുണ്ടാക്കിയെടുക്കുക.

പഴയ സുഹൃത്തുക്കളുമായി ബന്ധം പുനസ്ഥാപിക്കുക. മദ്യപാനം സൃഷ്ടിച്ച ജാള്യതയും ലജ്ജയും കുറ്റബോധവുമൊക്കെക്കാരണമാണ് ഇത്രയും കാലം ബന്ധപ്പെടാതിരുന്നത് എന്ന് അവരോട് തുറന്നുപറയുക. സ്വന്തമായൊരു ജോലിയില്ലെങ്കില്‍ ഒന്നിനു ശ്രമിക്കുക. ഏതെങ്കിലും തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്കോ സ്വയംതൊഴില്‍പരിശീലനകേന്ദ്രങ്ങളിലോ ചേരുക. ദിവസത്തില്‍ കുറച്ചു മണിക്കൂറുകളെങ്കിലും ആ വീട്ടില്‍നിന്ന് അകന്നു നില്‍ക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തുക. കാശു വല്ലതും കയ്യില്‍ വരാന്‍ തുടങ്ങിയാല്‍ അത് സ്വന്തം പേരില്‍ രഹസ്യമായി എവിടെയെങ്കിലും നിക്ഷേപിക്കുക.

കളഞ്ഞിട്ടു പോകുന്നതിനെപ്പറ്റി ചിലത്

ഭര്‍ത്താവ് ഒരു ആല്‍ക്കഹോളിസം രോഗിയാണെന്ന് തിരിച്ചറിയുമ്പോള്‍ തന്നെ വിവാഹമോചനത്തെക്കുറിച്ച് ചിന്തിക്കുന്നത് അപക്വമാണെങ്കിലും ഒരു ഘട്ടത്തില്‍ ഈയൊരു സാദ്ധ്യതയും ഗൌരവത്തോടെ പരിഗണിക്കേണ്ടി വന്നേക്കാം. പക്ഷേ ചിലപ്പോഴെങ്കിലും രോഗിയോടൊത്തുള്ള വര്‍ഷങ്ങളുടെ ജീവിതം ഭാര്യമാര്‍ക്ക് കാര്യങ്ങളെ വസ്തുനിഷ്ഠമായി നോക്കിക്കാണാനുള്ള കഴിവ് നഷ്ടപ്പെടുത്താറുണ്ട്. രോഗിയുടെ അവസ്ഥക്ക് താന്‍ കൂടി കാരണക്കാരിയാണ് പ്രശ്നം രോഗിയുടേതല്ല മറിച്ച് മദ്യത്തിന്റേതു മാത്രമാണ് എന്നൊക്കെയുള്ള തെറ്റിദ്ധാരണകളും ക്രൂരമര്‍ദ്ദനങ്ങള്‍ക്കു വിധേയരാകുന്നവര്‍ക്ക് പീഡകരോട് സ്നേഹവും അനുകമ്പയും തോന്നാന്‍ തുടങ്ങുന്ന സ്റ്റോക്ക്ഹോം സിന്‍ഡ്രോം എന്ന പ്രതിഭാസവുമൊക്കെ ഇതിനു കാരണമാകാറുണ്ട്. ഇത്തരമൊരവസ്ഥയില്‍ രോഗിയില്‍ നിന്നും ആ വീട്ടില്‍ നിന്നും കുറച്ചു ദിവസത്തേക്കു മാറിനിന്ന് ബന്ധം തുടരുന്നതു കൊണ്ടും വിഛേദിക്കുന്നതു കൊണ്ടും തനിക്കും മറ്റു കുടുംബാംഗങ്ങള്‍ക്കും ഉടനെയും ദീര്‍ഘകാലത്തേക്കും ഉണ്ടായേക്കാവുന്ന ഗുണദോഷങ്ങളുടെ ഒരു കണക്കെടുപ്പു നടത്താവുന്നതാണ്. കുട്ടികളുടെ ഭാവിയെക്കരുതി ബന്ധം തുടരാന്‍ തീരുമാനിക്കുന്നവര്‍ ഒരു രോഗിയോടൊത്തുള്ള ജീവിതവും കുട്ടികളെ പ്രതികൂലമായി ബാധിക്കുമെന്നതും കണക്കിലെടുക്കേണ്ടതാണ്

ആല്‍ക്കഹോളിസം ഒരു പാരമ്പര്യരോഗമോ?

മദ്യപാനത്തിനും ആല്‍ക്കഹോളിസത്തിനും മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ടെങ്കിലും മദ്യം ഉപയോഗിക്കുന്നവരില്‍ ഒരു ന്യൂനപക്ഷം മാത്രം എന്തുകൊണ്ട് ആല്‍ക്കഹോളിസത്തിലേക്കു വഴുതുന്നു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കുക ഇന്നും പ്രയാസമാണ്. ലഭ്യമായ വിവരങ്ങള്‍ വെച്ച് പ്രമേഹത്തെയും രക്തസമ്മര്‍ദ്ദത്തെയും പോലുള്ള ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന മറ്റു രോഗങ്ങളുടേതു (chronic diseases) പോലെത്തന്നെ ആല്‍ക്കഹോളിസത്തിന്റെയും പിന്നില്‍ ജനിതകഘടകങ്ങള്‍ക്കും ജീവിതസാഹചര്യങ്ങള്‍ക്കും പങ്കുണ്ട് എന്നു പറയാം.

ജനിതകഘടകങ്ങളുടെ സ്വാധീനത്തിന്റെ തെളിവുകള്‍

ആല്‍ക്കഹോളിസത്തിന്റെ ആവിര്‍ഭാവത്തില്‍ ജനിതകഘടകങ്ങള്‍ക്കു പങ്കുണ്ടെന്ന അനുമാനത്തില്‍ ശാസ്ത്രജ്ഞര്‍ എത്തിച്ചേര്‍ന്നത് നാലുതരം പഠനങ്ങളുടെ അടിസ്ഥാനത്തിലാണ്.

1. ആല്‍ക്കഹോളിസം ബാധിച്ചവരുടെ കുടുംബാംഗങ്ങളില്‍ നടത്തിയ പഠനങ്ങള്‍ (FAMILY STUDIES)

ആല്‍ക്കഹോളിസമുള്ളവരുടെ കുടുംബാംഗങ്ങളിലും ആണ്‍മക്കളിലും ആ രോഗം കാണപ്പെടാനുള്ള സാദ്ധ്യത ആല്‍ക്കഹോളിസമില്ലാത്തവരുടെ കുടുംബാംഗങ്ങളേയും ആണ്‍മക്കളെയും അപേക്ഷിച്ച് യഥാക്രമം നാലിരട്ടിയും ഒമ്പതിരട്ടിയുമാണ്. ആല്‍ക്കഹോളിസത്തിന്റെ കുടുംബപാരമ്പര്യമുള്ളവര്‍ക്ക് മദ്യം കഴിക്കുമ്പോള്‍ കുറച്ചു ലഹരിയേ അനുഭവപ്പെടുന്നുള്ളൂ എന്നും, മദ്യാസക്തിയുടെ വൈകാരികതീവ്രത നിര്‍ണയിക്കുന്ന തലച്ചോറിലെ അമിഗ്ഡാല (amygdala) എന്ന ഭാഗം അവരില്‍ താരതമ്യേന ചെറുതാണെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ആല്‍ക്കഹോളിസം ബാധിച്ചവരുടെ മക്കളില്‍ പകുതിയിലധികം പേര്‍ക്കും ഈ അസുഖം പിടിപെടുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഒരാളുടെ എത്ര ബന്ധുക്കള്‍ക്ക് ആല്‍ക്കഹോളിസമുണ്ട്, അവരുടെ അസുഖത്തിന്റെ കാഠിന്യം എത്രത്തോളമാണ്, ഇത്തരം കുടുംബാംഗങ്ങളുമായി അയാള്‍ക്ക് എത്ര അടുത്ത രക്തബന്ധമാണുള്ളത് എന്നതൊക്കെ അയാള്‍ ആല്‍ക്കഹോളിസത്തിലേക്കു നീങ്ങുമോ എന്നു നിശ്ചയിക്കുന്നതില്‍ പ്രസക്തമായ ഘടകങ്ങളാണ്.

ആല്‍ക്കഹോളിസം ഇങ്ങിനെ കുടുംബാംഗങ്ങളിലേക്കു വ്യാപിക്കുന്നതിനു പിന്നില്‍ ജനിതകകാരണങ്ങളാണോ അതോ ഗൃഹാന്തരീക്ഷത്തിന്റെ സ്വാധീനവും കുടുംബാംഗങ്ങളെ അനുകരിക്കാനുള്ള പ്രവണതയുമാണോ എന്ന്‍ വേര്‍തിരിച്ചറിയാന്‍ പക്ഷേ ഇത്തരം പഠനങ്ങള്‍ പര്യാപ്തമല്ല. അതിന് ഇരട്ടകളിലോ ദത്തെടുക്കപ്പെട്ടവരിലോ ഉള്ള പഠനങ്ങള്‍ വേണം.

2. ഇരട്ടകളില്‍ നടത്തിയ പഠനങ്ങള്‍ (TWIN STUDIES)

രൂപത്തിലും ഭാവത്തിലും ഒരേ പോലുള്ള ഐഡന്റിക്കല്‍ ട്വിന്‍സ്, ഒരേ പ്രസവത്തില്‍ ജനിച്ചവരെങ്കിലും തമ്മില്‍ രൂപസാദൃശ്യമൊന്നുമില്ലാത്ത ഫ്രറ്റേര്‍ണല്‍ ട്വിന്‍സ് എന്നിങ്ങനെ ഇരട്ടകള്‍ രണ്ട് തരമുണ്ട്. ഐഡന്റിക്കല്‍ ട്വിന്‍സില്‍ നൂറു ശതമാനം ജീനുകളും സദൃശമായിരിക്കും. എന്നാല്‍‍ വ്യത്യസ്ത പ്രസവങ്ങളില്‍ ജനിച്ച സഹോദരങ്ങള്‍ തമ്മിലുള്ള ജനിതകസാദൃശ്യമേ ഫ്രറ്റേര്‍ണല്‍ ട്വിന്‍സ് തമ്മില്‍ ഉണ്ടാവൂ. അതുകൊണ്ടു തന്നെ ഇരട്ടകളിലൊരാള്‍ക്ക് ഒരു പാരമ്പര്യരോഗമുണ്ടെങ്കില്‍ മറ്റേയാളെയും അതു ബാധിക്കാനുള്ള സാദ്ധ്യത ഫ്രറ്റേര്‍ണല്‍ ട്വിന്‍സിനെ അപേക്ഷിച്ച് ഐഡന്റിക്കല്‍ ട്വിന്‍സില്‍ കൂടുതലായിരിക്കും.

ഇരട്ടകളില്‍ ഒരാള്‍ക്ക് ആല്‍ക്കഹോളിസമുണ്ടെങ്കില്‍ മറ്റേയാള്‍ക്കും അതു പിടിപെടാനുള്ള സാദ്ധ്യത ഫ്രറ്റേര്‍ണല്‍ ട്വിന്‍സിനെ അപേക്ഷിച്ച് ഐഡന്റിക്കല്‍ ട്വിന്‍സില്‍ വളരെ കൂടുതലാണെന്ന് പല പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ഈ കണ്ടെത്തലുകള്‍ ആല്‍ക്കഹോളിസത്തിനു പിന്നില്‍ ജനിതകഘടകങ്ങള്‍ക്കു പങ്കുണ്ടെന്നതിന് ശക്തമായ തെളിവാണ്.

3. ദത്തെടുക്കപ്പെട്ടവരില്‍ നടത്തിയ പഠനങ്ങള്‍ (ADOPTION STUDIES)

ആല്‍ക്കഹോളിസം ബാധിച്ചവരുടെ കുട്ടികളെ മദ്യപാനികളല്ലാത്തവര്‍ ദത്തെടുത്തു വളര്‍ത്തുമ്പോഴും അമിതമായി മദ്യം കഴിക്കാത്തവരുടെ മക്കളെ ആല്‍ക്കഹോളിസമുള്ളവര്‍ ദത്തെടുത്തു വളര്‍ത്തുമ്പോഴും ആ കുട്ടികള്‍ വലുതാകുമ്പോള്‍ അവര്‍ക്ക് ആല്‍ക്കഹോളിസം പിടിപെടാനുള്ള സാദ്ധ്യതകള്‍ താരതമ്യം ചെയ്യുകയാണ് ഇത്തരം പഠനങ്ങളുടെ രീതി. ആല്‍ക്കഹോളിസത്തിന്റെ ആവിര്‍ഭാവത്തില്‍ ഒരാള്‍ വളര്‍ന്നുവരുന്ന കുടുംബാന്തരീക്ഷത്തിനാണു കൂടുതല്‍ പ്രസക്തിയെങ്കില്‍ ആല്‍ക്കഹോളിസമുള്ളവര്‍ വളര്‍ത്തിയ കുട്ടികളിലും, അതല്ല ജനിതകഘടകങ്ങള്‍ക്കാണു കൂടുതല്‍ പ്രാധാന്യമെങ്കില്‍ ആല്‍ക്കഹോളിസമുള്ളവര്‍‍ക്കു ജനിച്ച കുട്ടികളിലുമാണ് രോഗം കൂടുതലായി കാണപ്പെടേണ്ടത്.

ആല്‍ക്കഹോളിസം രോഗികള്‍‍ക്കു ജനിച്ച കുട്ടികളിലേക്ക് അസുഖം വ്യാപിക്കാനുള്ള സാദ്ധ്യത താരതമ്യേന രണ്ടു മുതല്‍ നാലു വരെ ഇരട്ടിയാണെന്നാണ് ഇത്തരം പഠനങ്ങളുടെ കണ്ടെത്തല്‍. ഇതും ആല്‍ക്കഹോളിസത്തില്‍ പാരമ്പര്യത്തിനുള്ള പങ്കിനെ അടിവരയിടുന്നു.

4. മൃഗങ്ങളില്‍ നടത്തിയ പഠനങ്ങള്‍ (ANIMAL STUDIES)

പരീക്ഷണമൃഗങ്ങളില്‍, പ്രത്യേകിച്ച് എലികളില്‍, നടത്തിയ പല പഠനങ്ങളും സൂചിപ്പിക്കുന്നത് മദ്യമുപയോഗിക്കുമ്പോള്‍ അവയ്ക്ക് എത്രത്തോളം ലഹരി പിടിക്കുന്നുണ്ട്, മദ്യപാനം നിര്‍ത്തുമ്പോള്‍ അവയ്ക്ക് എന്തൊക്കെ ബുദ്ധിമുട്ടുകള്‍ വരുന്നുണ്ട് തുടങ്ങിയ കാര്യങ്ങളൊക്കെ ചില ജീനുകളുടെ നിയന്ത്രണത്തിലാണ് എന്നാണ്.

ആല്‍ക്കഹോളിസത്തിലേക്കു നയിക്കുന്ന ജീനുകള്‍

ആല്‍ക്കഹോളിസം എന്ന് വിളിക്കപ്പെടുന്ന അസുഖം സത്യത്തില്‍ സമാനലക്ഷണങ്ങളുള്ള പല രോഗങ്ങളുടെ ഒരു കൂട്ടമാണ്.

ആല്‍ക്കഹോളിസം എന്ന് വിളിക്കപ്പെടുന്ന അസുഖം സത്യത്തില്‍ സമാനലക്ഷണങ്ങളുള്ള പല രോഗങ്ങളുടെ ഒരു കൂട്ടമാണ്. ഈ ലേബലിനുള്ളില്‍ ഉള്‍ക്കൊള്ളിക്കപ്പെട്ട ഓരോ അസുഖത്തിനും അതിന്റേതായ ജനിതകകാരണങ്ങളുണ്ടാവാമെന്ന സാദ്ധ്യത ആല്‍ക്കഹോളിസത്തിന്റെ ജീനുകളെ നിര്‍ണയിക്കുന്ന ജോലി ദുഷ്ക്കരമാക്കുന്നു. എങ്കിലും ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആല്‍ക്കഹോളിസത്തിന്റെ ആവിര്‍ഭാവത്തെ സ്വാധീനിക്കുന്നവയെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്ന ജീനുകള്‍ ഏതൊക്കെയെന്ന് താഴെപ്പറയുന്നു. ചില ജീനുകള്‍ ആല്‍ക്കഹോളിസത്തിനുള്ള സാ‍ദ്ധ്യത വര്‍ദ്ധിപ്പിക്കുമ്പോള്‍ മറ്റു ചില ജീനുകള്‍ ഒരാള്‍ അമിതമദ്യപാനത്തിലേക്കു വഴുതാനുള്ള സാദ്ധ്യത കുറക്കുകയാണു ചെയ്യുന്നത്.

1. ശരീരം മദ്യത്തെ എന്തു വേഗത്തില്‍ ദഹിപ്പിച്ചു തീര്‍ക്കുന്നു എന്നു നിര്‍ണയിക്കുന്ന ജീനുകള്‍

ശരീരത്തിലെത്തുന്ന മദ്യത്തിന്റെ നല്ലൊരു പങ്കിനെയും ആല്‍ക്കഹോള്‍ ഡീഹൈഡ്രോജിനേസ് (Alcohol dehydrogenase) എന്ന എന്‍സൈം അസറ്റാല്‍ഡി‍ഹൈഡ് (Acetaldehyde) ആക്കി മാറ്റുകയാണു ചെയ്യുന്നത്. ഈ അസറ്റാല്‍ഡി‍ഹൈഡ് കുറഞ്ഞ അളവില്‍പ്പോലും ശരീരത്തില്‍ കെട്ടിക്കിടക്കുന്നത് ദേഹം ചുവക്കുക, ഹൃദയമിടിപ്പ് കൂടുക, മനംപുരട്ടല്‍ തോന്നുക തുടങ്ങിയ പ്രശ്നങ്ങള്‍ക്കു കാരണമായേക്കാം. എന്നാല്‍ അസറ്റാല്‍ഡി‍ഹൈഡിനെ ആല്‍ഡിഹൈഡ് ഡീഹൈഡ്രോജിനേസ് (Aldehyde dehydrogenase) എന്ന വേറൊരു എന്‍സൈം പെട്ടെന്നു തന്നെ വിഘടിപ്പിച്ചുകളയുന്നതിനാല്‍ മദ്യപിക്കുന്നവര്‍ക്ക് സാധാരണയായി ഈ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാറില്ല.

പക്ഷേ ജനിതകകാരണങ്ങളാല്‍ ശരീരത്തില്‍ ആല്‍ഡിഹൈഡ് ഡീഹൈഡ്രോജിനേസിന്റെ അളവ് കുറവുള്ള വ്യക്തികള്‍ മദ്യമുപയോഗിക്കുമ്പോള്‍‍ അവരുടെ രക്തത്തില്‍ അസറ്റാല്‍ഡി‍ഹൈഡ് കുമിഞ്ഞുകൂടുകയും അങ്ങനെ മേല്‍പ്പറഞ്ഞ ബുദ്ധിമുട്ടുകള്‍ തലപൊക്കുകയും ചെയ്തേക്കാം. ഇത് ഇത്തരമാളുകള്‍ അമിതമദ്യപാനത്തിലേക്ക് വഴുതാനുള്ള സാദ്ധ്യത നന്നേ കുറക്കുന്നു. ജപ്പാന്‍ , ചൈന, കൊറിയ എന്നീ രാജ്യങ്ങളിലെ പകുതിയോളം ആളുകള്‍ ഇങ്ങനെ ജന്മനാ ആല്‍ഡിഹൈഡ് ഡീഹൈഡ്രോജിനേസിന്റെ കുറവുള്ളവരാണ്.

ചില ഏഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങളില്‍ ആല്‍ക്കഹോള്‍ ഡീഹൈഡ്രോജിനേസിന്റെ വളരെ വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു വകഭേദമാണ് ഉള്ളത്. ഇത്തരമാളുകള്‍ മദ്യമുപയോഗിക്കുമ്പോള്‍ ഈ ആല്‍ക്കഹോള്‍ ഡീഹൈഡ്രോജിനേസ് മദ്യത്തെ വളരെപ്പെട്ടെന്ന് അസറ്റാല്‍ഡി‍ഹൈഡാക്കി മാറ്റുകയും അത് അവര്‍ക്ക് മേല്‍പ്പറഞ്ഞ അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും ചെയ്യുമെന്നതിനാല്‍ ഈ വിഭാഗം ആളുകളും ആല്‍ക്കഹോളിസത്തിലേക്ക് പോകാനുള്ള സാധ്യത കുറവാണ്.

2. വ്യക്തിത്വസവിശേഷതകളെ നിര്‍ണയിക്കുന്ന ജീനുകള്‍

എടുത്തുചാട്ടം, ആത്മനിയന്ത്രണമില്ലായ്മ തുടങ്ങിയ സ്വഭാവരീതികളുള്ളവര്‍ക്ക് ആല്‍ക്കഹോളിസം പിടിപെടാനുള്ള സാദ്ധ്യത കൂടുതലാണെന്നും, ഇത്തരം സ്വഭാവങ്ങള്‍ രൂപപ്പെടുന്നതിനു പിന്നില്‍ ചില ജീനുകള്‍ക്ക് പങ്കുണ്ടെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ മാനസികസമ്മര്‍ദ്ദം, ആഹ്ലാദം, നേട്ടങ്ങള്‍ തുടങ്ങിയവയോട് ഒരാളുടെ തലച്ചോറ് എങ്ങിനെയാണു പ്രതികരിക്കുന്നത് എന്നു നിശ്ചയിക്കുന്ന ജീനുകള്‍ക്കും ആല്‍ക്കഹോളിസത്തിന്റെ ആവിര്‍ഭാവത്തില്‍ പങ്കുണ്ടാവാമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.

3. മദ്യം തലച്ചോറിനെ എത്രത്തോളം ബാധിക്കുമെന്ന് നിര്‍ണയിക്കുന്ന ജീനുകള്‍

ആല്‍ക്കഹോളിസത്തിന്റെ ചികിത്സയിലുപയോഗിക്കുന്ന ചില മരുന്നുകള്‍ ആര്‍ക്കൊക്കെ പ്രയോജനം ചെയ്യുമെന്നു നിശ്ചയിക്കുന്നതിലും ജനിതകഘടകങ്ങള്‍ക്ക് പങ്കുണ്ട്.

ചിലര്‍ക്ക് ചെറുപ്പം തൊട്ടേ വളരെ കൂടിയ അളവില്‍ മദ്യം കഴിച്ചാല്‍ മാത്രമേ ലഹരി അനുഭവപ്പെടൂ എന്ന പ്രശ്നം കാണാറുണ്ട് . ഇതും ജനിതകകാരണങ്ങളാല്‍ സംഭവിക്കുന്നതാണ്. ആല്‍ക്കഹോളിസമുള്ളവരുടെ മക്കള്‍ക്ക് മദ്യമുപയോഗിക്കുമ്പോള്‍ മറ്റുള്ളവരുടെയത്ര ലഹരിയനുഭവപ്പെടാറില്ല എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ലഹരി തോന്നാന്‍ വളരെയേറെ മദ്യം കഴിച്ചേ പറ്റൂ എന്ന പ്രശ്നമുള്ള ഇത്തരമാളുകള്‍ അമിതമായി മദ്യം കഴിക്കുന്നവരുമായി കൂട്ടുകൂടാനും, തുടര്‍ച്ചയായി കൂടിയ അളവില്‍ മദ്യമുപയോഗിക്കാനും, മദ്യപാനം മൂലമുള്ള ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ കൂടുതലായി നേരിടേണ്ടിവരാനുമൊക്കെയുള്ള സാദ്ധ്യത ഏറെയാണ്.

വേറെ ചിലര്‍ക്ക് മദ്യപാനം പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ ആനന്ദം കൊടുക്കുന്നതായി കാണാറുണ്ട്. ഇത് അവരുടെ തലച്ചോറിലെ ചില നാഡീപഥങ്ങളില്‍ ഡോപ്പമിന്‍ (Dopamine) എന്ന നാഡീരസത്തിന്റെ (neurotransmitter) അളവിലുള്ള വ്യതിയാനങ്ങള്‍ കൊണ്ടാണെന്നു കരുതപ്പെടുന്നു. ആല്‍ക്കഹോളിസമുള്ളവരുടെയും അമിതമായി പുകവലിക്കുന്നവരുടെയും നാഡികളില്‍ ഡോപ്പമിന്‍ പ്രവര്‍ത്തിക്കുന്ന സ്വീകരണികളുടെ (Dopamine receptors) ഒരു പ്രത്യേക വകഭേദമാണുള്ളതെന്നും ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇത്തരം സവിശേഷതകളെല്ലാം ജനിതകകാരണങ്ങളാല്‍ സംജാതമാകുന്നവയാണ്.

ഇതിനെല്ലാം പുറമെ മദ്യം ഒരാളുടെ കരള്‍, തലച്ചോറ് തുടങ്ങിയ അവയവങ്ങള്‍ക്ക് എത്രത്തോളം നാശനഷ്ടങ്ങള്‍ വരുത്തും എന്നു നിര്‍ണയിക്കുന്നതിലും, ആല്‍ക്കഹോളിസത്തിന്റെ ചികിത്സയിലുപയോഗിക്കുന്ന ചില മരുന്നുകള്‍ ആര്‍ക്കൊക്കെ പ്രയോജനം ചെയ്യുമെന്നു നിശ്ചയിക്കുന്നതിലും ജനിതകഘടകങ്ങള്‍ക്ക് പങ്കുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

ജനിതകകാരണങ്ങളാല്‍ വരുന്ന ആല്‍ക്കഹോളിസത്തിന്റെ സവിശേഷതകള്‍

ഭൂരിഭാഗം രോഗികളിലും ആല്‍ക്കഹോളിസത്തിന്റെ ആവിര്‍ഭാവത്തിനു പിറകില്‍ ജനിതകഘടകങ്ങള്‍ക്കും വളര്‍ന്നു വരുന്ന ചുറ്റുപാടുകള്‍ക്കും പങ്കുണ്ടാവാറുണ്ട്.

ഭൂരിഭാഗം രോഗികളിലും ആല്‍ക്കഹോളിസത്തിന്റെ ആവിര്‍ഭാവത്തിനു പിറകില്‍ ജനിതകഘടകങ്ങള്‍ക്കും വളര്‍ന്നു വരുന്ന ചുറ്റുപാടുകള്‍ക്കും പങ്കുണ്ടാവാറുണ്ട്. ജനിതകകാരണങ്ങള്‍ക്കു മുന്‍തൂക്കമുള്ള ആല്‍ക്കഹോളിസത്തെ ടൈപ്പ് റ്റു ആല്‍ക്കഹോളിസം (Type II alcoholism) എന്നു വിളിക്കാറുണ്ട്. പ്രധാനമായും പുരുഷന്മാരില്‍ കണ്ടുവരാറുള്ള ഈ അസുഖത്തിന്റെ ലക്ഷണങ്ങള്‍ താഴെപ്പറയുന്നു:

  • കുട്ടിക്കാലം തൊട്ടേ അക്രമവാസന, ശ്രദ്ധയിലായ്മ തുടങ്ങിയ സ്വഭാവവൈകല്യങ്ങള്‍ പ്രകടമാവുക
  • പതിനഞ്ചു വയസ്സിനുള്ളില്‍ തന്നെ മദ്യപാനം തുടങ്ങുക
  • അക്രമണവാസന, ദയാദാക്ഷിണ്യങ്ങളുടെ അഭാവം തുടങ്ങിയ വ്യക്തിത്വവൈകല്യങ്ങള്‍
  • ക്രിമിനല്‍ മനസ്ഥിതി
  • കൂടുതല്‍ തീവ്രമായ ആല്‍ക്കഹോളിസം
  • പ്രധാനമായും ലഹരി ആസ്വദിക്കാന്‍ വേണ്ടിയുള്ള മദ്യപാനം (മറിച്ച് ടൈപ്പ് വണ്‍ ആല്‍ക്കഹോളിസമുള്ളവര്‍ ടെന്‍ഷന്‍ കുറക്കാനും മറ്റുമാവും മദ്യം ഉപയോഗിക്കുന്നത്.)
  • മദ്യപാനം നിര്‍ത്തിക്കിട്ടാന്‍ കൂടുതല്‍ പ്രയാസം നേരിടുക

ആല്‍ക്കഹോളിസത്തിന്റെ കുടുംബപാരമ്പര്യമുള്ളവര്‍ ശ്രദ്ധിക്കേണ്ടത്

ആല്‍ക്കഹോളിസത്തിലേക്കു വഴുതാനുള്ള സാദ്ധ്യത അറിയാന്‍ ആഗ്രഹമുള്ളവര്‍ ജനിതകഘടന മനസ്സിലാക്കാനുള്ള ടെസ്റ്റുകള്‍ നടത്തുന്നതിനോട് വിദഗ്ദ്ധര്‍ ഇപ്പോള്‍ യോജിക്കുന്നില്ല.

ആല്‍ക്കഹോളിസം ബാധിച്ചവരുടെ കുടുംബാംഗങ്ങളെല്ലാവരും തന്നെ അമിതമദ്യപാനത്തിലേക്കു വഴുതാന്‍ വിധിക്കപ്പെട്ടവരാണെന്ന് ഈ ലേഖനം അര്‍ത്ഥമാക്കുന്നില്ല. ലഭ്യമായ വിവരങ്ങളനുസരിച്ച് ഒരാള്‍ക്ക് ആല്‍ക്കഹോളിസം പിടിപെടാനുള്ള സാദ്ധ്യതയുടെ 60% അയാളുടെ ജീനുകളും ബാക്കി 40% അയാളുടെ ജീവിതസാഹചര്യങ്ങളുമാണ് തീരുമാനിക്കുന്നതെന്ന് സാമാന്യമായി പറയാം. അതുകൊണ്ടുതന്നെ ജീവിതശൈലിയില്‍ തക്കതായ മാറ്റങ്ങള്‍ വരുത്തുകയും ആവശ്യമായ മുന്‍കരുതലുകളെടുക്കുകയും ചെയ്ത് ആല്‍ക്കഹോളിസത്തിന്റെ ആവിര്‍ഭാവത്തെ പ്രതിരോധിക്കാവുന്നതേയുള്ളൂ. ആല്‍ക്കഹോളിസം രോഗികളുടെ കുടുംബാംഗങ്ങള്‍ക്കുള്ള ചില നിര്‍ദ്ദേശങ്ങള്‍ താഴെപ്പറയുന്നു:

  1. മാനസിക സമ്മര്‍ദ്ദം, മുന്‍കോപം, ഉറക്കക്കുറവ് തുടങ്ങിയവയെ നിയന്ത്രിക്കാനുള്ള വിദ്യകള്‍ പരിശീലിച്ച് ഇവയുടെ സ്വയംചികിത്സക്കായി മദ്യം കഴിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുക.
  2. പ്രായപൂര്‍ത്തിയെത്തുന്നതിനു മുമ്പുള്ള മദ്യപാനം തീര്‍ച്ചയായും ഒഴിവാക്കുക. തലച്ചോറിനു പൂര്‍ണവളര്‍ച്ചയെത്തുന്നത് 20-25 വയസ്സോടെ മാത്രമാണ്. ഇതിനു മുമ്പ് മദ്യം കഴിക്കുന്നത് വലുതാകുമ്പോള്‍ ആല്‍ക്കഹോളിസം പിടിപെടാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കും.
  3. മദ്യപിക്കുന്നവരുടെ കൂട്ടുകെട്ടുകളില്‍ പെടാതെ സൂക്ഷിക്കുക.
  4. ഇടക്കെപ്പോഴെങ്കിലുമൊക്കെ മിതമായ അളവില്‍ മദ്യം കഴിച്ചു മുന്നോട്ടുപോവാമെന്നു വ്യാമോഹിക്കാതിരിക്കുക. ആല്‍ക്കഹോളിസത്തിന്റെ പാരമ്പര്യമുള്ളവര്‍ക്ക് മദ്യപാനത്തെ നിയന്ത്രിതമായ അളവില്‍ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ (controlled drinking) വളരെ പ്രയാസമായിരിക്കും.
  5. മദ്യപാനം നിയന്ത്രണം വിടുന്നു എന്ന തോന്നലുണ്ടാവുമ്പോഴേ വിദഗ്ദ്ധസഹായം തേടുക.

ഈ വിഷയവുമായി ബന്ധപ്പെട്ട പലകാര്യങ്ങളിലും ഇപ്പോഴും അവ്യക്തത തുടരുന്നുണ്ട്. അതുകൊണ്ടുതന്നെ ആല്‍ക്കഹോളിസത്തിലേക്കു വഴുതാനുള്ള സാദ്ധ്യത അറിയാന്‍ ആഗ്രഹമുള്ളവര്‍ ജനിതകഘടന മനസ്സിലാക്കാനുള്ള ടെസ്റ്റുകള്‍ നടത്തുന്നതിനോട് വിദഗ്ദ്ധര്‍ ഇപ്പോള്‍ യോജിക്കുന്നില്ല. സ്വന്തം കുടുംബചരിത്രം സ്വയം വിശകലനം ചെയ്ത് ആല്‍ക്കഹോളിസമുള്ളവര്‍ ഉണ്ടോ എന്ന് മനസ്സിലാക്കുന്നതു തന്നെയാണ് ഇപ്പോഴത്തെ നിലയില്‍ ഓരോരുത്തരുടെയും റിസ്ക് അറിയാനുള്ള ഏറ്റവും ഉള്‍ക്കാഴ്ച തരുന്നതും ചെലവുകുറഞ്ഞതും ലളിതവും പ്രായോഗികവുമായ മാര്‍ഗം.

രതിയെ മദ്യത്തില്‍ ചാലിക്കുമ്പോള്‍

ആദ്യം, ചില വാര്‍ത്താശകലങ്ങള്‍:

“മദ്യലഹരിയില്‍ പൊതുനിരത്തില്‍ പരസ്യമായി ചുംബിക്കുകയും കാമകേളികള്‍ക്കു മുതിരുകയും ചെയ്ത കാമുകീകാമുകന്‍മാരെ നാട്ടുകാര്‍ പൊലീസിലേല്‍പ്പിച്ചു.” — വെഞ്ഞാറമൂട്, 2014 ഏപ്രില്‍ 19.

“മദ്യപിച്ചെത്തിയ ഭര്‍ത്താവിന്‍റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യത്തിനടിമയായ ഭര്‍ത്താവ് സംശയരോഗം മൂലം മുളവടികൊണ്ട് അടിക്കുകയായിരുന്നെന്ന് യുവതി പറഞ്ഞു.” — കാഞ്ഞങ്ങാട്, 2012 ജൂലൈ 1.

“നാലുവയസുകാരിയായ മകളെ മദ്യലഹരിയില്‍ പീഡിപ്പിച്ചുവന്ന പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അത്യാസന്ന നിലയിലായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.” — കല്ലമ്പലം, 2014 ഓഗസ്റ്റ് 25.

“ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്‌റ്റില്‍. വിവാഹവാഗ്‌ദാനം നല്‍കി സമീപത്തെ കാട്ടിലേക്കു കൊണ്ടുപോയി മദ്യം കൊടുത്തായിരുന്നു പീഡനം.” — അമ്പലവയല്‍, 2015 ഏപ്രില്‍ 10.

മദ്യവും മൈഥുനവും. മലയാളിയുടെ രണ്ടു മുഖ്യാഭിനിവേശങ്ങള്‍.

സംസ്ഥാനത്തെ മദ്യോപഭോഗം വിലയിരുത്തുന്ന ആല്‍ക്കഹോള്‍ അറ്റ്ലസിന്‍റെ ഈ മേയ്മാസത്തിലെ റിപ്പോര്‍ട്ടു പ്രകാരം കേരളത്തിലെ പുരുഷന്മാരില്‍ ആറിലൊരാളും (4,96,850 പേര്‍) സ്ത്രീകളില്‍ മുപ്പതിലൊരാളും (10,427 പേര്‍) നിത്യവും മദ്യപിക്കുന്നവരാണ്. സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ച ഡോ. വിജയകുമാര്‍സമിതി കണ്ടെത്തിയത് പുരുഷന്മാരിലും സ്ത്രീകളിലും യഥാക്രമം 38.7, 3.8 ശതമാനം പേര്‍ മദ്യപിക്കുന്നെന്നാണ്.

മദ്യംകഴിക്കാറുള്ളവരില്‍ നല്ലൊരു ശതമാനം രതിവേളകളിലും അതിനെയാശ്രയിക്കാറുണ്ട്. ഇതു പലരീതിയിലാവാം. ലൈംഗികതൃഷ്ണയും ശേഷിയും കൂടും, സങ്കോചം കുറയും എന്നൊക്കെയുള്ള ധാരണകളില്‍ ചിലര്‍ വേഴ്ചകള്‍ക്ക് മദ്യത്തിന്‍റെ കൈത്താങ്ങു തേടാം. സദാ പുതുമയന്വേഷിക്കുന്നതിലും വല്ലാതെ റിസ്കുകളെടുക്കുന്നതിലും ഏറെ ഹരംകിട്ടുന്ന തരം വ്യക്തിത്വശൈലിയുള്ളവര്‍ അമിതമദ്യപാനത്തിലും അനേകരുമായുള്ള വേഴ്ചകളിലും കൂടുതലായി മുഴുകാം. നിത്യമദ്യപാനികളാവട്ടെ, സ്വാഭാവികമായും വേഴ്ചാസമയങ്ങളിലും ലഹരിപ്പുറത്താവാം.

മദ്യം ലൈംഗികശേഷിയെ ബാധിക്കുന്നതെങ്ങിനെയാണ്‌, ലൈംഗികപീഡനങ്ങള്‍ക്കു വളമാകുന്നതെന്തുകൊണ്ടാണ്, ഇവിടെയെല്ലാം അവലംബിക്കാവുന്ന പ്രതിരോധ നടപടികളെന്തൊക്കെയാണ് എന്നെല്ലാമുള്ള അവലോകനമാണ് ഇനിച്ചെയ്യാന്‍ പോവുന്നത്.

മസ്തിഷ്കകേന്ദ്രങ്ങള്‍ മദ്യസ്വാധീനത്തില്‍

ആത്മനിയന്ത്രണം, സാഹചര്യങ്ങളെ വിശകലനംചെയ്ത് അനുയോജ്യ തീരുമാനങ്ങളെടുക്കാനുള്ള കഴിവ് എന്നിവ നമുക്കുതരുന്നത് തലച്ചോറിലെ ഫ്രോണ്ടല്‍ലോബ് എന്ന ഭാഗമാണ്. ഇതിനും, മൊത്തം നാഡീവ്യവസ്ഥക്കു തന്നെയും, ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ നാഡീകോശങ്ങള്‍ തമ്മിലുള്ള ആശയവിനിമയം തടസ്സമില്ലാതെ നടക്കേണ്ടതുണ്ട്. എന്നാല്‍ ചെറിയൊരളവു മദ്യം പോലും ഈ ആശയവിനിമയത്തെ മന്ദീഭവിപ്പിക്കും. മദ്യസ്വാധീനത്തില്‍ ഫ്രോണ്ടല്‍ലോബ് ദുര്‍ബലമാവുമ്പോള്‍ ഒരു മൂഢധൈര്യവും വായാടിത്തവും ശൃംഗാരതല്‍പരതയും തനിക്ക് ഏറെ ശക്തിയും സെക്സ് അപ്പീലുമുണ്ടെന്ന മിഥ്യാധാരണകളുമൊക്കെ ബുദ്ധിയെ കയ്യേറുകയും ആള്‍ തദനുസൃതം പെരുമാറുകയും ചെയ്യാം. അപായസാദ്ധ്യതകളെ അവഗണിക്കാനും, മനസ്സിലെ കൊതികളെ ബെല്ലും ബ്രേക്കുമില്ലാതെ നടപ്പാക്കാനും, അപരിചിതരുമായിപ്പോലും ലൈംഗികബന്ധങ്ങള്‍ക്കു മുന്‍കയ്യെടുക്കാനും, ആ നേരത്ത് ഒന്നിനെയുംപറ്റി ഒരു കുറ്റബോധവുമാശങ്കയും തോന്നാതിരിക്കാനുമൊക്കെ കളമൊരുങ്ങാം. സുബോധത്തില്‍ അറപ്പോടെ മാത്രം ചിന്തിക്കാറുള്ള ലൈംഗികകേളികളില്‍പ്പോലും ഏര്‍പ്പെട്ടുപോവുകയും പിന്നീട് അതേപ്പറ്റി അവജ്ഞ തോന്നുകയും ചെയ്യാം. നമുക്ക് മെയ്’വഴക്കം പ്രദാനംചെയ്യുന്നത് സെറിബെല്ലം എന്ന മസ്തിഷ്കഭാഗമാണ്. ഇതിനെ മദ്യം ബാധിക്കുന്നത് ചലനങ്ങളുടെ മേല്‍ നിയന്ത്രണം നഷ്ടമാവാനും വേഴ്ചക്കിടയില്‍ അനുബന്ധ വൈഷമ്യങ്ങളുണ്ടാവാനും ഇടയാക്കാം. വേഴ്ചക്കിടയില്‍ ഉറങ്ങിപ്പോവാനും മദ്യം ഹേതുവാകാം. ആനന്ദകരവും സംതൃപ്തിദായകവുമായ ലൈംഗികതക്ക് തന്‍റെയും പങ്കാളിയുടെയും ഇഷ്ടാനിഷ്ടങ്ങളെപ്പറ്റിയുള്ള ഓര്‍മയും വേഴ്ചാവേളയില്‍ പരസ്പരം പ്രകോപിപ്പിക്കാതെ സ്നേഹസൌഹൃദങ്ങളോടുള്ള ഇടപഴകലുകളും അവശ്യമാണ് — എന്നാല്‍ വിവിധ മസ്തിഷ്കഭാഗങ്ങള്‍ക്കുമേല്‍ നാഡീമന്ദീഭവത്തിന്‍റെ ബ്രേക്കമര്‍ത്തി മദ്യം ഇതിനൊക്കെയും വിഘാതമാവാറുണ്ട്.

സുരയും സുരതവും

സെക്സോളജിസ്റ്റുകളുടെ വീക്ഷണത്തില്‍ വേഴ്ചക്ക് നാലു ഘട്ടങ്ങളുണ്ട്: ലൈംഗികഭാവനകളും രതിമോഹവും അനുഭവപ്പെടുന്ന “ആസക്തിഘട്ടം” (desire), ലൈംഗികോദ്ദീപനം തുടങ്ങുകയും പുരുഷലിംഗം ഉദ്ധരിക്കുകയും യോനീസ്രവങ്ങള്‍ കൂടുകയും ചെയ്യുന്ന “ഉത്തേജിതഘട്ടം” (excitement), പുരുഷന്മാരില്‍ സ്ഖലനവും സ്ത്രീകളില്‍ ലൈംഗികാവയവങ്ങളുടെ വികാസസങ്കോചങ്ങളുമൊക്കെ നടക്കുന്ന “രതിമൂര്‍ച്ചാഘട്ടം” (orgasm), ശരീരവും മനസ്സും പൂര്‍വസ്ഥിതിയിലേക്കു മടങ്ങുന്ന “പരിസമാപ്തിഘട്ടം” (resolution) എന്നിവയാണവ. ഇവയോരോന്നിനെയും മദ്യം താറുമാറാക്കുന്നുണ്ട്.

ചെറിയ അളവിലെ മദ്യപാനം “സഭാകമ്പ”ങ്ങളെ പരിഹരിക്കുന്നെന്നും ലൈംഗികചോദനയും ഉണര്‍വും കൂട്ടുന്നെന്നും ചിലര്‍ പറയാറുണ്ട്. ഈ ഗുണങ്ങള്‍ പക്ഷേ മദ്യത്തിന്‍റെ പ്രവര്‍ത്തനഫലമായി ഉളവാകുന്നതല്ല — ലൈംഗികശേഷിയുടെ മേല്‍ മനസ്സിന് ഏറെ സ്വാധീനമുള്ളതിനാല്‍, മേല്‍പ്പറഞ്ഞ പ്രയോജനങ്ങളുണ്ടാവുമെന്ന വിശ്വാസവും വെച്ചു മദ്യമെടുക്കുന്നവര്‍ക്ക് അതങ്ങിനെത്തന്നെ സംഭവിക്കുന്നതായി വെറുതെ തോന്നുക മാത്രമാണു ചെയ്യുന്നത്. ഒരു ഗവേഷണത്തില്‍ കുറച്ചാളുകള്‍ക്കു മദ്യവും മറ്റു ചിലര്‍ക്ക് മദ്യമെന്ന വ്യാജേന ആല്‍ക്കഹോളില്ലാത്ത ഒരു പാനീയവും കൊടുത്തപ്പോള്‍ ഇരുകൂട്ടരും ഒരുപോലെ ലൈംഗിക ഉണര്‍വ് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി! ഇപ്പറഞ്ഞതൊക്കെ ചെറിയൊരളവു മദ്യത്തിന്‍റെ കാര്യമാണ് — ശരാശരി മലയാളി സാധാരണ അകത്താക്കാറുള്ള അളവുകളില്‍ മദ്യം ലൈംഗികതൃഷ്ണയുടെ റെഗുലേറ്ററിനെ താഴേക്കുതന്നെയാണ് തിരിക്കുക എന്നതു നിസ്തര്‍ക്കമാണ്.

സ്ഥിരമദ്യപാനികളായ സ്ത്രീകളില്‍ മുപ്പതു മുതല്‍ നാല്‍പതുവരെ ശതമാനം പേര്‍ ഉത്തേജനപ്രശ്നങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്.

പുരുഷന്മാര്‍ക്ക് ഉദ്ധാരണം കിട്ടുന്നത് ലിംഗത്തിലേക്ക് രക്തം ഇരച്ചുകയറുമ്പോഴാണ്. ഇതിന് ശരീരത്തില്‍ ആവശ്യത്തിനു ജലാംശം വേണ്ടതുണ്ട്. മൂത്രത്തിന്‍റെയും വിയര്‍പ്പിന്‍റെയും അളവു വര്‍ദ്ധിപ്പിച്ച് മദ്യം നിര്‍ജലീകരണമുണ്ടാക്കുന്നത് അതിനാല്‍ത്തന്നെ ഉദ്ധാരണപ്രശ്നങ്ങള്‍ക്കു നിമിത്തമാവാം. ലിംഗത്തില്‍നിന്നു തലച്ചോറിലേക്കും തിരിച്ചും ഉള്ള നാഡീസന്ദേശങ്ങളെ മുമ്പുപറഞ്ഞപോലെ മദ്യം മന്ദീഭവിപ്പിക്കുന്നതും ഉദ്ധാരണത്തെ ദുര്‍ബലമാക്കാം. ഏറെ നാളത്തെ മദ്യോപയോഗം പുരുഷലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ അപര്യാപ്തതയുണ്ടാക്കുന്നതും മദ്യമുളവാക്കുന്ന കരള്‍രോഗങ്ങള്‍ സ്ത്രീഹോര്‍മോണായ ഈസ്ട്രൊജന്‍റെ അളവു കൂടാനിടയാക്കുന്നതും പുരുഷന്മാര്‍ക്ക് മദ്യലഹരിയിലല്ലാത്തപ്പോള്‍പ്പോലും തൃഷ്ണക്കുറവും ഉദ്ധാരണവൈഷമ്യങ്ങളുമുണ്ടാക്കാം. നിരന്തര മദ്യപാനം നാഡികള്‍ക്കും ലിംഗത്തിലെ രക്തക്കുഴലുകള്‍ക്കും വരുത്തുന്ന കേടുപാടുകളും സ്ഥായിയായ ഉദ്ധാരണപ്രശ്നങ്ങള്‍ക്കു വഴിയൊരുക്കാം. സ്ഥിരമദ്യപാനികളായ സ്ത്രീകളിലും മുപ്പതു മുതല്‍ നാല്‍പതുവരെ ശതമാനം പേര്‍ വിവിധ ഗവേഷകരോട് ഉത്തേജനപ്രശ്നങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

നാഡീവ്യവസ്ഥയെ മന്ദീഭവിപ്പിക്കുക വഴി രതിമൂര്‍ച്ചാഘട്ടത്തെയും മദ്യം അലങ്കോലമാക്കുന്നുണ്ട്. പരീക്ഷണത്തിനു സമ്മതിച്ചെത്തിയ പുരുഷവളണ്ടിയര്‍മാര്‍ക്കു മദ്യം കൊടുത്ത് അവരോടു സ്വയംഭോഗം ചെയ്യാനാവശ്യപ്പെട്ട ഗവേഷകര്‍ കണ്ടത് രക്തത്തില്‍ മദ്യാംശമേറുന്തോറും സ്ഖലനം കൂടുതല്‍ക്കൂടുതല്‍ വൈകുന്നുവെന്നാണ്. പരീക്ഷണശാലകള്‍ക്കു പുറത്തും, പതിനൊന്നു ശതമാനത്തോളം മദ്യപാനികളില്‍ വേഴ്ചാവേളകളില്‍ സ്ഖലനം ഏറെ വൈകുകയോ തീരെ നടക്കാതിരിക്കുക പോലുമോ ചെയ്യാം. (മദ്യം ഇവ്വിധം സ്ഖലനത്തെ വൈകിക്കുന്നതിനാല്‍ ചിലരതിനെ ശീഖ്രസ്ഖലനത്തിന് ഒരു സ്വയംചികിത്സയായി ഉപയോഗിക്കാറുണ്ട് — എന്നാല്‍ ഈ പ്രശ്നത്തിന് കൂടുതല്‍ ഫലപ്രദവും സുരക്ഷിതവുമായ മറ്റു പല ചികിത്സകളും ലഭ്യമായുണ്ട്.)

മദ്യലഹരിയിലുള്ള സ്ത്രീകള്‍ക്ക് രതിമൂര്‍ച്ച കിട്ടാന്‍ പതിവിലുമധികം ഉത്തേജനം വേണ്ടിവന്നേക്കാം. നിര്‍ജലീകരണം യോനീസ്രവങ്ങളുടെ ഉറവകളെ വറ്റിക്കുന്നത് വേഴ്ചയുടെ ആസ്വാദ്യത കുറക്കുകയും അതിനെ വേദനാജനകമാക്കുക പോലും ചെയ്യാം. ഫോട്ടോപ്ലെത്തിസ്മോഗ്രാഫ് എന്ന ഉപകരണം കൊണ്ട് സ്വയംഭോഗനേരത്ത് യോനീഭാഗത്തേക്കുള്ള രക്തയോട്ടമളന്ന ഗവേഷകര്‍ക്ക് മദ്യലഹരിയിലുള്ള സ്ത്രീകളില്‍ക്കിട്ടിയത് താരതമ്യേന ചെറിയ റീഡിങ്ങുകളാണ്. മറുവശത്ത്, മദ്യസഹായമുള്ളപ്പോള്‍ ചില സ്ത്രീകള്‍ക്കു രതിമൂര്‍ച്ച കൂടുതല്‍ ആനന്ദകരമായിത്തോന്നാറുമുണ്ട്. എന്നാല്‍ മദ്യം സ്ത്രീലൈംഗികപ്രക്രിയയെ ഒരു വിധത്തിലും ഉത്തേജിപ്പിക്കുന്നില്ല എന്നു പല പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. മറിച്ച്, സ്വയം വല്ലാതെ അടക്കിനിര്‍ത്തി ശീലിച്ചവര്‍ക്ക് മദ്യത്തിന്‍റെ കൈകള്‍ മനസ്സിലെ കെട്ടുകള്‍ പൊട്ടിക്കുമ്പോള്‍ സങ്കോചഭയാശങ്കകളില്ലാതെ സെക്സിലേര്‍പ്പെടാനാവുന്നതിനാലാവാം അത് കൂടുതല്‍ ആസ്വാദ്യകരമായിത്തോന്നുന്നത് എന്നാണ് വിദഗ്ദ്ധര്‍ അനുമാനിക്കുന്നത്.

രതിമൂര്‍ച്ചാവേളയില്‍ സംഭവിക്കേണ്ട ഹൃദയമിടിപ്പിന്‍റെയും ശ്വാസോച്ഛ്വാസത്തിന്‍റെയും ത്വരിതപ്പെടല്‍ നാഡീവ്യവസ്ഥയുടെ മന്ദിപ്പു മൂലം നടക്കാതെ പോവുന്നതിനാലും ഇരുലിംഗങ്ങളിലും മദ്യലഹരിയില്‍ രതിമൂര്‍ച്ചയുടെ തീവ്രതയും സന്തോഷസംതൃപ്തികളും ദുര്‍ബലമാവാറുണ്ട്.

മനോവിഭ്രമവും ആകെയൊരു സൌഖ്യക്കുറവും ഹാംഗോവറുമൊക്കെ ജനിപ്പിച്ച് പരിസമാപ്തിഘട്ടത്തിലും മദ്യം പ്രശ്നകാരിയാകാം.

മദ്യസൃഷ്ടികളായ ഒഥല്ലോമാര്‍

ജീവിതപങ്കാളിക്ക് അവിഹിതബന്ധങ്ങളുണ്ട് എന്ന തെറ്റിദ്ധാരണ ചില മദ്യപര്‍ പ്രകടിപ്പിക്കാറുണ്ട്. ഇത് ദാമ്പത്യകലഹങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കു വരെയും നിമിത്തമാവാറുമുണ്ട്. മദ്യലഹരിയിലുള്ള വേളകളിലേ മിക്കവരും ഈ സംശയം പുലര്‍ത്താറുള്ളൂവെങ്കില്‍ ചിലര്‍, പ്രത്യേകിച്ച് ദീര്‍ഘനാളായി ഏറെയളവില്‍ മദ്യമെടുക്കുന്നവര്‍, ഏതുനേരത്തും ഇതു പ്രകടിപ്പിക്കാം. മദ്യം മൂലം ലൈംഗികബലഹീനതകള്‍ വന്നുഭവിച്ചവര്‍ പങ്കാളി ലൈംഗികസംതൃപ്തിക്ക് മറ്റാരെയോ ആശ്രയിക്കുന്നുണ്ട് എന്ന നിഗമനത്തിലെത്താം. ഇനിയും ചിലര്‍ മദ്യപാനത്തെ എതിര്‍ക്കുന്ന പങ്കാളിയോട് വാദിച്ചുജയിക്കാന്‍ ഇത്തരം വ്യാജപ്രത്യാരോപണങ്ങളെ കൂട്ടുപിടിക്കാം. ഈ ചിന്താഗതി മദ്യം തലച്ചോറിലെ നാഡീപഥങ്ങളില്‍ വരുത്തുന്ന വൈകല്യങ്ങളുടെ ഫലവുമാകാം.

സ്ത്രീകളും കൌമാരക്കാരും

എക്‌സ്‌സൈസ് വകുപ്പും സര്‍ക്കാരിന്‍റെ തന്നെ “അവര്‍ റെസ്‌പോണ്‍സിബിലിറ്റി റ്റു ചില്‍ഡ്രന്‍” (ഒ.ആര്‍.സി.) പ്രൊജക്റ്റും ചേര്‍ന്ന് 2013-ല്‍ നടത്തിയ സര്‍വേ വെളിപ്പെടുത്തിയത് കഴിഞ്ഞ പത്തുവര്‍ഷങ്ങളില്‍ സ്ത്രീകളുടെ മദ്യപാനം കേരളത്തില്‍ നാലിരട്ടിയായെന്നാണ്. മദ്യം സ്ത്രീകളുടെ ലൈംഗികാരോഗ്യത്തിനും ശരീരത്തിനു പൊതുവില്‍ത്തന്നെയും ഹാനിവരുത്താനുള്ള സാദ്ധ്യത താരതമ്യേന അധികമാണ് — സ്ത്രീശരീരങ്ങളില്‍ താരതമ്യേന കൊഴുപ്പിന്‍റെയളവ് കൂടുതലും ജലാംശം കുറവും ആയതിനാല്‍ മദ്യം അവരില്‍ ഏറെ വേഗത്തിലും തീവ്രമായും പ്രവര്‍ത്തിക്കുന്നതുകൊണ്ടാണിത്. നിരന്തര മദ്യപാനം സ്തനാര്‍ബുദത്തിനു നിമിത്തമാവാറുമുണ്ട്.

പതിമൂന്നര വയസ്സാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ മദ്യപാനം തുടങ്ങുന്ന ശരാശരി പ്രായം എന്ന് ആല്‍ക്കഹോള്‍ അറ്റ്ലസ് റിപ്പോര്‍ട്ടും, പതിമൂന്നു വയസ്സുകാര്‍ പോലും മദ്യപിക്കുന്നതായിക്കാണുന്നു എന്ന് എക്സൈസ്-ഓ.ആര്‍.സി. സര്‍വേയും ചൂണ്ടിക്കാട്ടുന്നുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നത് കൌമാരത്തിലേ മദ്യപിക്കുന്നവരില്‍ നല്ലൊരു പങ്ക് ആ പ്രായത്തില്‍ത്തന്നെ വേഴ്ചകളിലേക്കും കടക്കുന്നു, മദ്യപാനത്തോതിന് ആനുപാതികമായി കൌമാരക്കാരില്‍ ലൈംഗികരോഗനിരക്കും കൂടുന്നു, പെണ്‍കുട്ടികള്‍ വര്‍ദ്ധിച്ച തോതില്‍ ഗര്‍ഭിണികളാവുന്നതിനു പിന്നില്‍ അവരുടെ മദ്യപാനത്തിനും പങ്കുണ്ട് എന്നൊക്കെയാണ്. പരിചയം സ്ഥാപിച്ചെടുക്കാനും ചെറുക്കാനുള്ള ശേഷി ദുര്‍ബലപ്പെടുത്താനും മദ്യത്തെയുപയോഗപ്പെടുത്തി ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുന്നതിന്‍റെ വാര്‍ത്തകള്‍ മലപ്പുറം പോലുള്ള ജില്ലകളില്‍ നിന്നു പുറത്തുവരുന്നുണ്ട്.

കിട്ടാം ലൈംഗികരോഗങ്ങളും

മദ്യപാനം ലൈംഗികരോഗബാധക്കുള്ള സാദ്ധ്യത കൂട്ടുമോ എന്നു പരിശോധിച്ച പതിനൊന്നു പഠനങ്ങളില്‍ എട്ടും നല്‍കിയ ഉത്തരം “അതെ” എന്നാണ്. ലൈംഗികരോഗമുള്ളവരില്‍ പകുതി പേര്‍ക്കും അതു കിട്ടുന്നത് മദ്യപാനം കൊണ്ടാണ്. മദ്യവെറിയില്‍ മുന്‍പിന്‍നോക്കാതെ പലരുമായും ബന്ധപ്പെടുന്നതും, കോണ്ടമുപയോഗിക്കാന്‍ മറന്നുപോവുകയോ അല്ലെങ്കിലത് ശരിയാംവിധം ധരിക്കാനാവാതെ പോവുകയോ ചെയ്യുന്നതും, വദനസുരതം പോലുള്ള ലൈംഗികകൃത്യങ്ങളോടു പൊതുവെ വിമുഖതയുള്ളവര്‍ മദ്യസ്വാധീനത്തില്‍ അതിനൊക്കെ റെഡിയാവുന്നതും, നിരന്തര മദ്യപാനത്താല്‍ ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി ദുര്‍ബലമാവുന്നതുമെല്ലാം ഇതിന് ഇടനിലക്കാരാവുന്നുണ്ട്. ഇങ്ങിനെ കിട്ടുന്ന ലൈംഗികരോഗങ്ങള്‍ പലതും വന്ധ്യതക്കോ കാന്‍സറിനോ മരണത്തിനോ ഒക്കെ നിദാനമാവുകയും ചെയ്യാം.

ചില മുന്‍കരുതലുകള്‍

ഇന്നത്തേക്കുമെന്നത്തേക്കും നല്ല ലൈംഗികാരോഗ്യം കാംക്ഷിക്കുന്നുവെങ്കില്‍ ഒട്ടുമേ മദ്യപിക്കാതിരിക്കുന്നതു തന്നെയാണ് ഏറ്റവുമുത്തമം.

ചില വിഭാഗങ്ങള്‍ മദ്യപിക്കുകയേ ചെയ്യരുത് എന്ന് ആധുനിക വൈദ്യശാസ്ത്രം ഊന്നിപ്പറയുന്നുണ്ട്. ആള്‍ക്കഹോളിസംബാധിതരുടെ കുടുംബാംഗങ്ങളും ഇരുപത്തൊന്ന് വയസ്സു തികഞ്ഞിട്ടില്ലാത്തവരും ഗര്‍ഭിണികളും ആള്‍ക്കഹോളിസത്തിന് ചികിത്സയെടുത്തിട്ടുള്ളവരും മദ്യം മൂലം വഷളായേക്കാവുന്ന (കരള്‍രോഗങ്ങള്‍ പോലുള്ള) ആരോഗ്യപ്രശ്നങ്ങളുള്ളവരും മദ്യപിച്ചാല്‍ റിയാക്ഷന്‍ വന്നേക്കാവുന്ന മരുന്നുകളെടുക്കുന്നവരും വണ്ടിയോടിക്കാനുള്ളവരും ജാഗ്രത വേണ്ട തരം യന്ത്രോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നവരും ഇതിനുദാഹരണങ്ങളാണ്. ഇതിലൊന്നും പെടാത്തവര്‍ അഥവാ മദ്യപിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ വെറുംവയറ്റില്‍ കഴിക്കാതിരിക്കാനും ഒറ്റയടിക്ക് വലിച്ചുകുടിക്കാതെ ഇടവിട്ട് ഓരോ സിപ്പ് മാത്രം എടുക്കാനും എത്രയളവു കുടിച്ചുവെന്നത് ഓര്‍മയില്‍ നിര്‍ത്താനും ശ്രദ്ധവെച്ചാല്‍ ആത്മനിയന്ത്രണം മദ്യത്തിലലിഞ്ഞുളവാകുന്ന ലൈംഗിക പ്രത്യാഘാതങ്ങള്‍ തടയാനായേക്കും. ഇടക്ക് ഓരോ ഗ്ലാസ് വെള്ളം കുടിച്ചാല്‍ നിര്‍ജലീകരണവും അനുബന്ധപ്രശ്നങ്ങളും വരാതെ കാക്കാനാവും. മദ്യം ചിന്തകളെയും തീരുമാനങ്ങളെയും വികലമാക്കിത്തുടങ്ങിയെന്ന സൂചന കിട്ടിയാലുടന്‍ മദ്യപാനം നിര്‍ത്തി കുറേ വെള്ളംകുടിക്കുകയോ ആഹാരം കഴിക്കുകയോ ചെയ്യുക. ആരെങ്കിലും പിന്നെയും മദ്യമെടുക്കാന്‍ നിര്‍ബന്ധിച്ചാല്‍ “വേണ്ട” എന്ന് മുഖത്തു നോക്കി, വളച്ചു കെട്ടില്ലാതെ, ഒരു സംശയത്തിനും ചര്‍ച്ചക്കും ഇടകൊടുക്കാത്ത വിധം വ്യക്തമാക്കുക.

മദ്യോന്മത്തതയിലെ പീഡനങ്ങള്‍

ലൈംഗികപീഡനങ്ങള്‍ നടത്താനും അവക്ക് ഇരയാവാനും രണ്ടിനുമുള്ള സാദ്ധ്യതകള്‍ മദ്യം വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് 2013-ല്‍ കേരളാ പോലീസിനു വേണ്ടി ചെയ്ത സര്‍വേ വെളിപ്പെടുത്തിയത് സംസ്ഥാനത്തെ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ നല്ലൊരു പങ്കും മുന്‍പരിചയമുള്ള പുരുഷന്മാര്‍ മദ്യലഹരിയില്‍ച്ചെയ്യുന്നതാണ് എന്നാണ്. ലൈംഗികപീഡനങ്ങളില്‍ മൂന്നിലൊന്നും നടത്തുന്നത് മദ്യലഹരിയിലുള്ളവരാണ് എന്ന് വിവിധ നാടുകളില്‍ നിന്നുള്ള ഗവേഷണങ്ങള്‍ പറയുന്നുണ്ട്. ഇക്കൂട്ടര്‍ പീഡനത്തോടൊപ്പം പരിക്കുകളും ശാരീരികോപദ്രവവും കൂടി ഏല്‍പിക്കാനുള്ള സാദ്ധ്യതയും ഏറെയാണ്.

ഇതിനു പല വിശദീകരണങ്ങളുമുണ്ട്. മദ്യം ആത്മനിയന്ത്രണത്തെയും തീരുമാനമെടുക്കാനുള്ള കഴിവിനെയും മുമ്പുപറഞ്ഞ പോലെ ക്ഷയിപ്പിക്കുന്നതും, ഉള്ളിലെ കോപവിദ്വേഷാദികളെ പെരുപ്പിക്കുന്നതും, തനിക്കും ഇരക്കും നേരിട്ടേക്കാവുന്ന ദുഷ്പ്രത്യാഘാതങ്ങളെപ്പറ്റിയുള്ള ബോധത്തെ നശിപ്പിക്കുന്നതുമൊക്കെ ചില കേസുകളില്‍ പ്രസക്തമാവാറുണ്ട്. അമിതമായ എടുത്തുചാട്ടം, ആരോടും സഹാനുഭൂതിയില്ലായ്മ, ഒന്നിലും കുറ്റബോധം തോന്നായ്ക തുടങ്ങിയ വ്യക്തിത്വവിശേഷതകളുള്ളവരില്‍ ഇതിന്‍റെ ഭാഗമായി ഏറെ മദ്യപിക്കാനുള്ള ത്വരയും അടങ്ങാത്ത പീഡനോന്മുഖതയും ഒരുപോലെ ദൃശ്യമാവാം. പീഡനത്തിനു “ന്യായീകരണം” കിട്ടാനോ കുറ്റാരോപണത്തില്‍ നിന്നു രക്ഷപ്പെടാനായേക്കുമെന്ന അബദ്ധധാരണയുടെ പുറത്തോ മന:പൂര്‍വ്വം മുന്‍‌കൂര്‍ മദ്യംകഴിക്കുന്നവരും ഉണ്ട്.

മദ്യലഹരിയിലുള്ള സ്ത്രീകള്‍ തങ്ങളുടെ സമ്മതത്തോടല്ലാതുള്ള സ്പര്‍ശവും ചുംബനവും തൊട്ട് ബലാത്സംഗം വരെ നേരിടേണ്ടിവരാന്‍ സാദ്ധ്യത കൂടുതലാണ്. മദ്യം ബുദ്ധിയെ മരവിപ്പിച്ചു കഴിഞ്ഞാല്‍ പാര്‍ട്ടികളില്‍ നിന്ന് താമസസ്ഥലത്തേക്കു നടന്നുപോവാന്‍ തീരുമാനിക്കുക, പരിചയമില്ലാത്തവരുടെ ലിഫ്റ്റ് സ്വീകരിക്കുക തുടങ്ങിയ അബദ്ധങ്ങള്‍ക്കുള്ള സാദ്ധ്യതയേറുന്നതും, മദ്യപിക്കുന്ന സ്ത്രീകള്‍ “പിഴ”കളായിരിക്കുമെന്ന മുന്‍വിധിയും, മദ്യം മെയ്’വഴക്കത്തിലും ചലനങ്ങളിലും സൃഷ്ടിക്കുന്ന ക്ലേശങ്ങള്‍ ചെറുത്തുനില്‍പ്പ് ദുഷ്ക്കരമാക്കുന്നതും ഒക്കെ ഇവിടെ കുഴപ്പത്തിന്‍റെ മദ്ധ്യവര്‍ത്തികളാവാം. പാര്‍ട്ടികളിലോ മറ്റോ മദ്യപിക്കാന്‍ തീരുമാനിക്കുന്നെങ്കില്‍ വിശ്വസ്തസുഹൃത്തുക്കളില്‍ നിന്നു കൂട്ടംതെറ്റാതെ ശ്രദ്ധിക്കുന്നതും, ഗ്ലാസിലേക്കാരും ഉറക്കഗുളികകളോ മറ്റോ ഇടുന്നില്ല എന്നു ജാഗ്രത പുലര്‍ത്തുന്നതും, അപരിചിതരില്‍ നിന്നു മദ്യം സ്വീകരിക്കാതിരിക്കുന്നതും ഒരു പരിധി വരെ രക്ഷയായേക്കും.

ഇനിയുമൊരു പ്രവണതയുള്ളത് സന്ധ്യക്ക് കാമുകനോടോത്തു മദ്യപിക്കാന്‍ തുടങ്ങുന്ന പെണ്‍കുട്ടി അടുത്ത പ്രഭാതത്തില്‍ താന്‍ പോലുമറിയാതെ പൊട്ടിയ കന്യാചര്‍മവുമായി ഉറക്കമുണരുന്നതാണ്. കാമുകന്‍ ദുരുദ്ദേശത്തോടെ ഏറെ മദ്യം കഴിപ്പിക്കുക, മദ്യം തുളകള്‍ വീഴ്ത്തിയ ചിന്താശേഷിയും വെച്ച് ഇടക്കെപ്പോഴോ സ്വയമറിയാതെ “സമ്മതം” മൂളിപ്പോവുക, മദ്യലഹരിയില്‍ രണ്ടിലൊരാള്‍ മറ്റേയാളുടെ വാക്കുകളെയോ ശരീരഭാഷയെയോ വേഴ്ചക്കുള്ള ക്ഷണമോ സമ്മതമോ ആയി തെറ്റായി വായിച്ചെടുക്കുക, കുഴഞ്ഞ നാക്കും മനസ്സും വെച്ച് താല്‍പര്യമില്ലായ്കയും എതിര്‍പ്പും പറഞ്ഞുഫലിപ്പിക്കാനാവാതെ പോവുക തുടങ്ങിയവ ഇവിടെ പ്രശ്നനിമിത്തമാവാം. ലൈംഗികബന്ധം നടന്നോ ഇല്ലയോ, നടന്നെങ്കില്‍ അതു തന്‍റെ സമ്മതത്തോടെയായിരുന്നോ അല്ലയോ എന്നൊക്കെയുള്ള കാര്യങ്ങളില്‍ സംഭവശേഷം സന്ദേഹങ്ങള്‍ നിലനില്‍ക്കുക പോലുമാവാം.

എന്തൊക്കെയാണ് അനുവദനീയം, എന്തൊക്കെയാണ് അനുവദനീയമല്ലാത്തത് എന്നൊക്കെയുള്ള അതിര്‍വരമ്പുകള്‍ മുന്‍‌കൂര്‍ വ്യക്തമാക്കുക, തിരക്കഥയും സംവിധാനവും മദ്യത്തിന്‍റെ കയ്യിലെത്തിക്കഴിഞ്ഞാല്‍പ്പിന്നെ വാക്കുകളും ചെയ്തികളും ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടേക്കാം എന്നതോര്‍മയില്‍ വെക്കുക, സംസാരം കുഴയുന്ന, നടക്കുമ്പോള്‍ വേച്ചുപോവുന്ന, പതിവില്ലാതെ വിഡ്ഢിത്തങ്ങള്‍ വിളമ്പുന്ന പങ്കാളി ആ ഒരവസ്ഥയില്‍ സെക്സിനു സമ്മതം മൂളുന്നെങ്കില്‍ അത് സുബോധത്തോടെയാവില്ല എന്നു തിരിച്ചറിയുക തുടങ്ങിയ മുന്‍കരുതലുകള്‍ ഇവിടെ സഹായകമായേക്കും.

സെക്സും ഡീഅഡിക്ഷനും

ആള്‍ക്കഹോളിസത്തിനു ചികിത്സയെടുത്താല്‍ ചിലര്‍ കുറച്ചു കാലത്തേക്ക് ലൈംഗികവിരക്തിയോ വേഴ്ചക്കുള്ള കഴിവില്ലായ്മയോ പ്രകടിപ്പിച്ചേക്കാം. ഇത് ചികിത്സയുടെ പാര്‍ശ്വഫലമാണെന്ന തെറ്റിദ്ധാരണയില്‍ മരുന്നുകള്‍ നിര്‍ത്തുന്നവരും ഈ കേട്ടറിവുവെച്ച് ഒരിക്കലും ചികിത്സക്കു സമ്മതിക്കുകയേ ചെയ്യാത്തവരും ഉണ്ട്. എന്നാല്‍ ഇത്തരം ലൈംഗികപ്രശ്നങ്ങള്‍ പല ഘടകങ്ങളുടെയും ഒരാകത്തുകയായിരിക്കും എന്നതാണ് യാഥാര്‍ത്ഥ്യം. മദ്യം സൃഷ്ടിച്ചുകഴിഞ്ഞ മുമ്പുസൂചിപ്പിച്ച ഹോര്‍മോണ്‍ വ്യതിയാനങ്ങളും നാഡികളുടെയും രക്തക്കുഴലുകളുടെയും കേടുപാടുകളും, മദ്യവിടുതിയില്‍ രോഗിക്കനുഭവപ്പെട്ടേക്കാവുന്ന ആത്മവിശ്വാസക്കുറവ്, മുമ്പ് മദ്യലഹരിയില്‍ സംഭവിച്ച ലൈംഗികപരാജയങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ തികട്ടിവരുന്നത്, മദ്യപാനവും അനുബന്ധ പ്രശ്നങ്ങളും ദാമ്പത്യത്തില്‍ വീഴ്ത്തിക്കഴിഞ്ഞ വിള്ളലുകള്‍, പങ്കാളിയുടെ മനസ്സില്‍ ബാക്കിനില്‍ക്കുന്ന പകയും അവിശ്വാസവും ആശയക്കുഴപ്പങ്ങളും എന്നിവ ഉദാഹരണങ്ങളാണ്. ഇത്തരം ലൈംഗികവൈഷമ്യങ്ങള്‍ താല്‍ക്കാലികമാണ് എന്നു തിരിച്ചറിയാതെ പോയാലുളവാകുന്ന മന:ക്ലേശം അവ ശരിക്കും ചിരസ്ഥായിയായിത്തീരാനോ ആള്‍ മദ്യത്തിലേക്കു തിരിച്ചുപോവാന്‍ പോലുമോ ഇടയൊരുക്കുകയും ചെയ്യാം.

മദ്യമില്ലാത്തൊരു ജീവിതം തുടങ്ങുമ്പോള്‍ മറ്റു പല കാര്യങ്ങളെയും പോലെ ലൈംഗികാരോഗ്യവും തിരിച്ചു പിടിക്കാന്‍ അല്‍പനാള്‍ വേണ്ടിവന്നേക്കും.

മദ്യമില്ലാത്തൊരു ജീവിതം തുടങ്ങുമ്പോള്‍ മറ്റു പല കാര്യങ്ങളെയും പോലെ ലൈംഗികാരോഗ്യവും തിരിച്ചു പിടിക്കാന്‍ അല്‍പനാള്‍ വേണ്ടിവന്നേക്കുമെന്ന് പങ്കാളികള്‍ ഇരുവരും തിരിച്ചറിയേണ്ടതുണ്ട്. സെക്സ് ഏറ്റവും ആസ്വാദ്യകരമാവാന്‍ പങ്കാളികള്‍ തമ്മില്‍ നല്ല വ്യക്തിബന്ധം കൂടിയേതീരൂ എന്നതിനാല്‍ മദ്യമെന്ന “സ്വര്‍ഗത്തിലെ കട്ടുറുമ്പ്” ഒഴിഞ്ഞുപോയ തക്കത്തിന് ആശയവിനിമയവും പരസ്പര വിശ്വാസവും മെച്ചപ്പെടുത്തുക. ബെഡ്റൂമുമായി ബന്ധപ്പെട്ട ദുരോര്‍മകള്‍ ഒരു പ്രശ്നമാണെങ്കില്‍ മുറി റീഅറേഞ്ച് ചെയ്യുകയോ സെക്സിന് മറ്റൊരു മുറി ഉപയോഗിക്കുകയോ ചെയ്യുക. രോഗിക്കു വല്ല ലൈംഗികരോഗവും പിടിപെട്ടോ, അത് പങ്കാളിയിലേക്കും പകര്‍ന്നേക്കുമോ എന്നൊക്കെ ആശങ്കയുണ്ടെങ്കില്‍ പരിശോധനകള്‍ക്കു വിധേയരാവുക.

തന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാന്‍ ക്ഷമയോടെ കാത്തിരിക്കുമ്പോഴും ആവുന്ന രീതികളില്‍ പങ്കാളിക്കു ലൈംഗികസുഖം നല്‍കാന്‍ ശ്രദ്ധിക്കുക, ചെറുപ്രായം തൊട്ടേ മദ്യമായിരുന്നു സര്‍വതും എങ്കിലോ ഏറെനാളത്തെ മദ്യപാനം കിടപ്പറശീലങ്ങളെ ദുഷിപ്പിച്ചിട്ടുണ്ടെങ്കിലോ ആവശ്യമെങ്കില്‍ തക്ക ലൈംഗികവിദ്യാഭ്യാസം ആര്‍ജിക്കുക, പോഷകാഹാരം കഴിക്കുക, ശാരീരികവ്യായാമങ്ങള്‍ ചെയ്യുക, പുകവലിയുണ്ടെങ്കില്‍ അതവസാനിപ്പിക്കുക എന്നിവ രോഗിക്കു കൈക്കൊള്ളാവുന്ന നടപടികളാണ്. മദ്യമുക്തിയുടെ ആദ്യനാളുകളില്‍ സെക്സിനായി രോഗിയില്‍ സമ്മര്‍ദ്ദം ചെലുത്താതിരിക്കാന്‍ പങ്കാളിയും ശ്രദ്ധിക്കേണ്ടതുണ്ട്. മദ്യം നിര്‍ത്തി ഒരാറുമാസത്തിനു ശേഷവും ലൈംഗികപ്രശ്നങ്ങള്‍ വിട്ടുമാറാതെ നില്‍ക്കുന്നെങ്കില്‍ വിദഗ്ദ്ധസഹായം തേടേണ്ടതുമാണ്.

മദ്യാസക്തിയെ മറികടക്കാനുള്ള മാര്‍ഗങ്ങള്‍

ഡീഅഡിക്ഷന്‍ ചികിത്സ പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആദ്യത്തെ രണ്ടുമൂന്നു മാസങ്ങളില്‍ ഇടക്കിടെ മദ്യത്തോടുള്ള അമിതമായ ആസക്തി അനുഭവപ്പെടാറുണ്ട്. ആസക്തിയുടെ ഈ നിമിഷങ്ങളെ വിജയകരമായി അതിജീവിക്കുകയാണെങ്കില്‍ ഈ ആസക്തിയുടെ വരവും കാഠിന്യവും പതിയെപ്പതിയെ കുറഞ്ഞില്ലാതാവും. പക്ഷേ ചില വ്യക്തികളില്‍ ഈ ആസക്തി മദ്യപാനത്തിലേക്കുള്ള തിരിച്ചുപോക്കിനു കാരണമാവാറുണ്ട്. അതുകൊണ്ടു തന്നെ ആസക്തിയുടെ ഈ നിമിഷങ്ങളെ മറികടക്കാനുള്ള പരിശീലനം പ്രസക്തമാണ്. ചികിത്സയുടെ ഭാഗമായി ഇത്തരം വ്യക്തികള്‍ക്ക് ഞങ്ങള്‍ നല്‍കാറുള്ള ചില നിര്‍ദ്ദേശങ്ങള്‍ താഴെക്കൊടുത്തിരിക്കുന്നു.

  1. മദ്യാസക്തി ഉളവാക്കുന്ന സാഹചര്യങ്ങളെ ഒഴിവാക്കുക
  • കഴിയുന്നതും ഇത്തരം സാഹചര്യങ്ങളില്‍ അകപ്പെടാതെ സൂക്ഷിക്കുക
  • മദ്യപാനത്തിലേ ചെന്നവസാനിക്കൂ എന്ന് തോന്നുന്ന സാഹചര്യങ്ങളില്‍ നിന്ന് എത്രയും പെട്ടെന്ന് പുറത്തുകടക്കുക
  1. മദ്യം കഴിക്കാന്‍ പ്രേരിപ്പിക്കുന്ന ചിന്തകളെ എതിര്‍ക്കുക
  2. മദ്യപാനം നിര്‍ത്തിയാലുള്ള ഗുണങ്ങളെക്കുറിച്ചോര്‍ക്കുക.
  3. മദ്യപാനത്തിലേക്കു വീണ്ടും വഴുതിയാല്‍ താങ്കള്‍ നിരാശപ്പെടുത്തിയേക്കാവുന്ന പ്രിയപ്പെട്ടവരുടെ ഫോട്ടോകള്‍ പഴ്സിലോ മറ്റോ കൊണ്ടുനടക്കുക
  4. മദ്യം കഴിക്കണോ എന്ന തീരുമാനമെടുക്കുന്നത് കഴിയുന്നത്ര വൈകിക്കുക. മദ്യാസക്തി സമയം പോകുന്നതിനനുസരിച്ച് കുറഞ്ഞുകുറഞ്ഞുവരുമെന്ന് ഓര്‍ക്കുക
  5. മദ്യാസക്തി കുറഞ്ഞില്ലാതാകുന്നതു വരെ താഴെക്കൊടുത്തിരിക്കുന്നതു പോലെയുള്ള ഏതെങ്കിലും സുരക്ഷിതമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക.
  • ഒന്നുപുറത്തിറങ്ങി കാറ്റുകൊള്ളുക
  • ഒന്നു നടന്നിട്ടു വരിക
  • ഡയറി എഴുതുക
  • ദീര്‍ഘമായി ശ്വാസം എടുത്തു വിടുക
  • വീട് ഒന്നു വൃത്തിയാക്കുക
  • ഒരു അലമാരയിലെ സാധനങ്ങള്‍ അടുക്കിയൊതുക്കി വെക്കുക
  • പൂന്തോട്ടത്തില്‍ എന്തെങ്കിലും ജോലികള്‍ ചെയ്യുക
  • യോഗ ചെയ്യുക
  • മദ്യം കഴിക്കാത്ത ഏതെങ്കിലും സുഹൃത്തിന് ഫോണ്‍ ചെയ്യുക
  • റേഡിയോയോ ടെലിവിഷനോ ഓണ്‍ ചെയ്യുക
  • പാട്ടു കേള്‍ക്കുക
  • പ്രാര്‍ത്ഥിക്കുക
  • ആരോടെങ്കിലും സംസാരിക്കുക
  • ആര്‍ക്കെങ്കിലും എന്തെങ്കിലും ചെറിയ സഹായം ചെയ്യുക
  • ഏതെങ്കിലും സംഗീതോപകരണം വായിക്കുക
  • പത്രം വായിക്കുക
  • കുളിക്കുക
  • ഷേവ് ചെയ്യുകയോ മുടി വെട്ടിക്കുകയോ ചെയ്യുക
  • വല്ലതും കഴിക്കുക
  • തന്റെയോ കൂട്ടുകാരുടെയോ കുട്ടികളുമൊത്ത് ഒന്നു പുറത്തുപോവുക
  1. മദ്യത്തില്‍ നിന്നു മാറിനില്‍ക്കാന്‍ താങ്കളെ ഏറ്റവുമധികം പ്രോത്സാഹിപ്പിക്കുന്ന ആരെയെങ്കിലും വിളിച്ച് കാര്യം ചര്‍ച്ച ചെയ്യുക

റിലാപ്സ്: ചില അപായസൂചനകള്‍

ആല്‍ക്കഹോള്‍ ഡിപ്പെന്‍ഡന്‍സ് ഉള്ളവര്‍ കുറച്ചുനാളത്തേക്ക് മദ്യപാനം നിര്‍ത്തിയതിനു ശേഷം വീണ്ടും സ്ഥിരമായി മദ്യം ഉപയോഗിക്കാന്‍ തുടങ്ങുന്നതിനെയാണ് റിലാപ്സ് എന്നു വിളിക്കുന്നത്. മദ്യപാനം നിര്‍ത്തി ആദ്യത്തെ മൂന്നുനാലു മാസങ്ങളിലാണ് റിലാപ്സിന് ഏറ്റവുമധികം സാദ്ധ്യതയുള്ളത്. ഒറ്റ നോട്ടത്തില്‍ ഒരു ദിവസം ഓര്‍ക്കാപ്പുറത്ത് രോഗി മദ്യപാനത്തിലേക്ക് വഴുതിയതാണെന്ന് തോന്നാമെങ്കിലും, പലപ്പോഴും ഘട്ടംഘട്ടമായാണ് റിലാപ്സ് സംഭവിക്കുന്നത്. റിലാപ്സില്‍ ചെന്നവസാനിക്കുന്ന സംഭവപരമ്പരകളുടെ തുടക്കമാവാറുള്ള ചില ലക്ഷണങ്ങള്‍ താഴെപ്പറയുന്നു. രോഗികളും കുടുംബാംഗങ്ങളും ഈ സൂചനകളെക്കുറിച്ച് ജാഗരൂകരായിരിക്കേണ്ടതും, ഇവയിലേതെങ്കിലും തലപൊക്കുന്നുണ്ടെങ്കില്‍ കൂടുതല്‍ മുന്‍കരുതലുകളെടുക്കുകയും അത്യാവശമെങ്കില്‍ തങ്ങളുടെ ട്രീറ്റ്മെന്റ് ടീമിനെ ബന്ധപ്പെടേണ്ടതുമാണ്.

ഒറ്റ നോട്ടത്തില്‍ ഒരു ദിവസം ഓര്‍ക്കാപ്പുറത്ത് രോഗി മദ്യപാനത്തിലേക്ക് വഴുതിയതാണെന്ന് തോന്നാമെങ്കിലും, പലപ്പോഴും ഘട്ടംഘട്ടമായാണ് റിലാപ്സ് സംഭവിക്കുന്നത്.

  1. മുമ്പ് മദ്യം കഴിച്ചു കൊണ്ടിരുന്ന സ്ഥലങ്ങള്‍ വീണ്ടും സന്ദര്‍ശിക്കാന്‍ തുടങ്ങുക
  2. ഒന്നിച്ചിരുന്ന് മദ്യപിക്കാറുണ്ടായിരുന്നവരുമായി വീണ്ടും ചങ്ങാത്തം തുടങ്ങുക
  3. മദ്യത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ സഹായിക്കുന്നവരുമായി പതിയെപ്പതിയെ ബന്ധം വിഛേദിക്കുക
  4. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമില്ലാതെ മരുന്നുകളും ഫോളോഅപ്പുകളും സ്വയം നിര്‍ത്തുക
  5. മറ്റ് ഒഴികഴിവുകള്‍ പറഞ്ഞ് വീട്ടില്‍ മദ്യം സൂക്ഷിക്കാന്‍ തുടങ്ങുക
  6. ഒരിടവേളക്കു ശേഷം മദ്യത്തെക്കുറിച്ചുള്ള ചിന്തകള്‍ നിരന്തരമായി വരാന്‍ തുടങ്ങുക
  7. മദ്യത്തില്‍ നിന്നു മാറിനില്‍ക്കാന്‍ ഇനി ചികിത്സകളോ മറ്റുള്ളവരുടെ സഹായമോ ആവശ്യമില്ല എന്ന അതിരുകടന്ന ആത്മവിശ്വാസം പ്രത്യക്ഷപ്പെടുക
  8. വീട്ടില്‍ മറ്റാരെങ്കിലും മദ്യം ഉപയോഗിക്കാന്‍ തുടങ്ങുക
  9. കുടുംബബന്ധങ്ങളില്‍ ഏതെങ്കിലും കാരണങ്ങളാല്‍ ഉലച്ചിലുകള്‍ വരിക
  10. ശരീരത്തിന് ആരോഗ്യം തിരിച്ചുകിട്ടിയെന്നും ഇനി ഇടക്കൊരു ബിയറോ വൈനോ കഴിക്കുന്നതു കൊണ്ട് ഒരു കുഴപ്പവുമില്ലെന്നുമുള്ള ചിന്താഗതി രൂപപ്പെടുക
  11. മദ്യം കഴിച്ചുകൊണ്ടിരുന്ന കാലഘട്ടത്തിലെ നല്ല സമയങ്ങളെക്കുറിച്ച് മാത്രം ഓര്‍ക്കാന്‍ തുടങ്ങുകയും, മദ്യം മൂലമുണ്ടായ ബുദ്ധിമുട്ടുകളെ സൌകര്യപൂര്‍വം വിസ്മരിക്കാന്‍ തുടങ്ങുകയും ചെയ്യുക
  12. മറ്റുള്ളവരോടുള്ള ഇടപെടലുകളില്‍ വാശി, രഹസ്യാത്മകത, അമിതമായ ആവശ്യങ്ങള്‍, വഞ്ചന, പക, എടുത്തുചാട്ടം, ദേഷ്യം, ഉത്തരവാദിത്തമില്ലായ്മ തുടങ്ങിയ പ്രവണതകള്‍ തിരിച്ചുവരിക
  13. മദ്യപാനം നിര്‍ത്തിയാലുണ്ടായേക്കാവുന്ന നേട്ടങ്ങളെക്കുറിച്ച് അമിതപ്രതീക്ഷ വെച്ചുപുലര്‍ത്തുകയും, അവ പ്രാവര്‍ത്തികമായില്ലെന്ന തോന്നല്‍ രൂപപ്പെടുകയും ചെയ്യുക
  14. അമിതമായ മാനസികസമ്മര്‍ദ്ദമോ വിഷാദമോ ചിന്താക്കുഴപ്പമോ തോന്നിത്തുടങ്ങുക
  15. ഒന്നും ചെയ്യുന്നതിന് ഉന്മേഷം തോന്നാതാവുക
  16. സമയത്ത് ആഹാരം കഴിക്കുന്നതിലും ഉറങ്ങുന്നതിലുമെല്ലാമുള്ള അശ്രദ്ധ തിരിച്ചുവരിക.
  17. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കാതാവുക
  18. പഴയ വാശികളെക്കുറിച്ചോ ദുരനുഭവങ്ങളെക്കുറിച്ചോ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലാത്ത പ്രശ്നങ്ങളെക്കുറിച്ചോ ആവശ്യത്തിലധികം ചിന്തിച്ചുകൊണ്ടിരിക്കുക
  19. ദൈനംദിനപ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള പ്രവണത കാണിക്കാന്‍ തുടങ്ങുക
  20. പ്രിയപ്പെട്ടവരുടെ മരണം, ജോലിനഷ്ടപ്പെടല്‍ തുടങ്ങി ജീവിതത്തെ പിടിച്ചുലക്കുന്ന സംഭവവികാസങ്ങള്‍
  21. ഓണം, വിഷു, ക്രിസ്തുമസ് തുടങ്ങിയ ആഘോഷാവസരങ്ങള്‍
  22. മുകളില്‍ക്കൊടുത്ത അപായസൂചനകളെ അവഗണിക്കാന്‍ തുടങ്ങുക

മദ്യം മുടങ്ങുന്നത് വിഭ്രാന്തിക്കു വഴിവെക്കുമ്പോള്‍

അമിതമദ്യപാനമുള്ളവര്‍ പൊടുന്നനെ കുടിനിര്‍ത്തുമ്പോള്‍ സംജാതമാവാറുള്ള ഡെലീരിയം ട്രെമന്‍സ് (ഡി.റ്റി.) എന്ന രോഗാവസ്ഥക്ക് ഈയിടെ പല സംഭവങ്ങളിലായി വാര്‍ത്താപ്രാധാന്യം കിട്ടുകയുണ്ടായി. കണ്ണൂര്‍ സബ്’ജയിലിലൊരു തടവുകാരന്‍ മദ്യംകിട്ടാതെ ഡി.റ്റി. ബാധിച്ചു മരിച്ചതിനെത്തുടര്‍ന്ന് ജയിലാശുപത്രികളിലെല്ലാം ഡീഅഡിക്ഷന്‍ സൗകര്യം ലഭ്യമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജനുവരിയില്‍ ആവശ്യപ്പെടുകയുണ്ടായി. സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിച്ച ബീഹാറില്‍ ഡി.റ്റി.ക്കിരയായി രണ്ടുപേര്‍ മരിച്ചത് ഏപ്രിലിലാണ്. ഏറ്റവുമൊടുവില്‍, ആസാമില്‍ നിന്നു കേരളത്തിലേക്കുള്ള നീണ്ട ട്രെയിന്‍യാത്രക്കിടയില്‍ മദ്യം കഴിക്കാതെ ഡി.റ്റി. ബാധിച്ച യുവാവ് കോട്ടയത്തിനടുത്ത് മനോവിഭ്രാന്തി കാണിക്കുകയും നാട്ടുകാരുടെ മര്‍ദ്ദനമേറ്റു കൊല്ലപ്പെടുകയുമുണ്ടായി.

വിരളമായേ ഇങ്ങനെ വാര്‍ത്തകളില്‍ സ്ഥാനംപിടിക്കാറുള്ളൂവെങ്കിലും ഡി.റ്റി. നമ്മുടെ നാട്ടിലൊരു നിത്യസംഭവമാണ്. മദ്യം നിര്‍ത്താനുള്ള ആഗ്രഹത്തോടെ ധ്യാനകേന്ദ്രങ്ങളിലും മറ്റും പോവുന്നവരും വല്ല ഓപ്പറേഷനും വിധേയരാവേണ്ടിവരുന്ന മദ്യപാനശീലക്കാരും നാട്ടിലെ അവധിക്കാലം കുടിച്ചുതിമിര്‍ത്താഘോഷിച്ച് മദ്യം കിട്ടാത്ത വിദേശനാടുകളിലേക്കു തിരിച്ചുപോവുന്നവരുമെല്ലാം പലപ്പോഴും രണ്ടുമൂന്നു നാള്‍ തികയുമ്പോഴേക്ക് ഡി.റ്റി.യുടെ ഭാഗമായ വിഭ്രാന്തികള്‍ കാണിച്ചുതുടങ്ങാറുണ്ട്. മദ്യാസക്തിക്കു ചികിത്സയെടുക്കുന്നവരില്‍ത്തന്നെ അഞ്ചു ശതമാനത്തോളം പേര്‍ക്ക് ഡി.റ്റി.യിലൂടെക്കടന്നുപോവേണ്ടി വരാറുണ്ട്.

മനോവിഭ്രാന്തിക്കുപരിയായ ഒരു മാനവും ഡി.റ്റി.ക്കുണ്ട് — ചികിത്സയൊന്നും ലഭിക്കാതെ പോവുന്ന ഡി.റ്റി. ബാധിതരില്‍ മുപ്പത്തഞ്ചു ശതമാനത്തോളവും ചികിത്സ കിട്ടുന്നവരില്‍പ്പോലും അഞ്ചു ശതമാനത്തോളവും പേര്‍ രോഗമദ്ധ്യേ മരണപ്പെടാമെന്നതാണത്. ഭീതിജനകമായ ഈ സ്ഥിതിവിവരക്കണക്ക് ഡി.റ്റി.യെ തടയേണ്ടതും തിരിച്ചറിയേണ്ടതും ചികിത്സിപ്പിക്കേണ്ടതും സുപ്രധാനമാക്കുന്നുണ്ട്.

ബാധിക്കുന്നതാരെ?

കുടി നിയന്ത്രിക്കുകയോ നിര്‍ത്തുകയോ ചെയ്യുമ്പോള്‍ എന്തെല്ലാമസ്വാസ്ഥ്യങ്ങളാണു നേരിടേണ്ടിവരികയെന്നത് ആ വ്യക്തിയുടെ അഡിക്ഷന്‍ എത്രത്തോളം തീവ്രമാണ് എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. നേരിയ അഡിക്ഷന്‍ മാത്രമുള്ളവര്‍ക്ക് മൂന്നുനാലു നാള്‍ നീളുന്ന കൈവിറയല്‍, ഉറക്കക്കുറവ്, അമിതവിയര്‍പ്പ്, ഉത്ക്കണ്ഠ, വിശപ്പില്ലായ്ക, ഓക്കാനം, ഛര്‍ദ്ദില്‍, ദുസ്വപ്നങ്ങള്‍ എന്നിങ്ങനെ ചില ലഘുലക്ഷണങ്ങളേ കണ്ടേക്കൂ. എന്നാല്‍ അഡിക്ഷന്‍ കുറച്ചുകൂടി പുരോഗമിച്ചിട്ടുള്ള ചിലര്‍ക്ക് ഒന്നോ രണ്ടോ തവണ അപസ്മാരവും വന്നേക്കാം. ഡി.റ്റി. ബാധിക്കാറുള്ളതോ, അഡിക്ഷന്‍ അതിന്‍റെ പാരമ്യത്തിലെത്തിയവരെയുമാണ്.

സ്ഥിരം മദ്യപിക്കുന്നവരില്‍ അഞ്ചു തൊട്ടു പത്തു വരെ ശതമാനം പേര്‍ക്ക് ജീവിതത്തിലൊരിക്കലെങ്കിലും ഡി.റ്റി. പിടിപെടാമെന്നാണു കണക്ക്. ഈ റിസ്കു കൂടുതലുള്ളത് താഴെപ്പറയുന്നവര്‍ക്കാണ്:

  • വയസ്സ് നാല്പത്തഞ്ചു കഴിഞ്ഞവര്‍
  • പത്തുവര്‍ഷത്തിലധികമായി വല്ലാതെ മദ്യപിക്കുന്നവര്‍
  • കുടി പലവുരു നിര്‍ത്തുകയും പിന്നെയും തുടങ്ങുകയും ചെയ്തിട്ടുള്ളവര്‍
  • കരളിന്‍റെയോ പാന്‍ക്രിയാസിന്‍റെയോ രോഗങ്ങളോ എന്തെങ്കിലും അണുബാധകളോ മറ്റു ശാരീരികപ്രശ്നങ്ങളോ ബാധിച്ചവര്‍
  • തലക്കു പരിക്കേറ്റിട്ടുള്ളവര്‍
  • കുടിനിര്‍ത്തുമ്പോള്‍ അപസ്മാരമുണ്ടായിട്ടുള്ളവര്‍
  • മദ്യം നിര്‍ത്തുന്നതിനു തൊട്ടുമുന്‍ദിവസങ്ങളില്‍ ഏറെയളവില്‍ കഴിപ്പുണ്ടായിരുന്നവര്‍

ഡി.റ്റി. ഒരിക്കല്‍ വന്നിട്ടുള്ളവര്‍ക്ക് പിന്നീടെപ്പോഴെങ്കിലും കുടിനിര്‍ത്തുമ്പോഴും അതാവര്‍ത്തിക്കാന്‍ സാദ്ധ്യതയേറെയുണ്ട്. കോലഞ്ചേരി എം.ഓ.എസ്.സി. മെഡിക്കല്‍കോളേജില്‍ ഡീഅഡിക്ഷനു വേണ്ടി അഡ്മിറ്റായ 104 രോഗികളില്‍ നടത്തപ്പെട്ട കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകൃതമായ പഠനത്തിന്‍റെ കണ്ടെത്തല്‍, അക്കൂട്ടത്തില്‍ മുമ്പു ഡി.റ്റി. വന്ന പതിനാറുപേര്‍ ഉണ്ടായിരുന്നതില്‍ മുഴുവനും പേര്‍ക്കും ആ തവണയും ഡി.റ്റി. പിടിപെട്ടുവെന്നാണ്.

ലക്ഷണങ്ങളെന്തൊക്കെ?

കൈകാലുകള്‍ ശക്തിയായി വിറക്കുക, വല്ലാതെ വിയര്‍ക്കുക, തീരെ ഉറക്കമില്ലാതാവുക, ചുറ്റുമുള്ള ശബ്ദങ്ങളും വെളിച്ചങ്ങളും ഏറെ കഠോരമായിത്തോന്നുക, അശരീരിശബ്ദങ്ങള്‍ കേള്‍ക്കുക, പേടിപ്പെടുത്തുന്ന മായക്കാഴ്ചകള്‍ കാണുക, ശരീരത്തില്‍ ജീവികളും മറ്റും പാഞ്ഞുനടക്കുന്നതായിത്തോന്നുക, സ്ഥലകാലബോധം നഷ്ടമാവുക, അടുത്ത ബന്ധുക്കളെപ്പോലും തിരിച്ചറിയാനാവാതിരിക്കുക, പരസ്പരബന്ധമില്ലാതെ സംസാരിക്കുക, ആരോ കൊല്ലാന്‍ വരുന്നെന്നും മറ്റും അകാരണമായി പേടിക്കുക എന്നിവയാണ് ഡി.റ്റി.യുടെ മുഖ്യലക്ഷണങ്ങള്‍. അടങ്ങിയിരിക്കായ്കയും അമിതകോപവും അക്രമാസക്തതയും കാണപ്പെടുകയുമാവാം. ശ്വാസോച്ഛ്വാസമോ ഹൃദയമിടിപ്പോ രക്തസമ്മര്‍ദ്ദമോ പരിധിവിട്ടുയരാം. നേരിയ പനി കണ്ടേക്കാം. ഇടക്ക് അല്‍പനേരമൊക്കെ നോര്‍മലായിപ്പെരുമാറുകയും പിന്നീട്, പ്രത്യേകിച്ച് നേരമിരുട്ടിക്കഴിഞ്ഞാല്‍, പ്രശ്നങ്ങള്‍ വീണ്ടും പ്രകടമാവുകയും ചെയ്യാം.

മരണത്തിനിടയാക്കുന്നതെങ്ങനെ?

അപകടങ്ങള്‍ക്കും ചില ശാരീരികപ്രശ്നങ്ങള്‍ക്കും ഇടയൊരുക്കിക്കൊണ്ടാണ് ഡി.റ്റി. മരണനിമിത്തമാവാറുള്ളത്. നിര്‍ജലീകരണമോ ലവണങ്ങളുടെ അപര്യാപ്തതയോ ഹൃദയതാളത്തില്‍ വ്യതിയാനങ്ങള്‍ വരുത്തുന്നതും, ബോധക്കുറവു മൂലം ഭക്ഷണമോ വെള്ളമോ വഴിതെറ്റി ശ്വാസകോശത്തിലെത്തി ന്യൂമോണിയ ഉളവാക്കുന്നതും, ശ്വാസോച്ഛ്വാസത്തെ നിയന്ത്രിക്കുന്ന മസ്തിഷ്കകേന്ദ്രങ്ങളെ മന്ദത ബാധിക്കുന്നതും, ശരീരോഷ്മാവ് ക്രമാതീതമാവുന്നതുമൊക്കെ ഡി.റ്റി. രോഗികളുടെ ജീവനെടുക്കാം.

വരുന്നതെന്തുകൊണ്ട്?

ഉറക്കത്തിന്‍റെയും ഉണര്‍വിന്‍റെയും ചാക്രികതയിലൂടെ നമ്മെ ചുവടുപിഴക്കാതെ വഴിനടത്തുന്നതു മുഖ്യമായും ഗാബ, ഗ്ലൂട്ടമേറ്റ് എന്നീ നാഡീരസങ്ങളാണ്. ഗാബ ഉറക്കത്തിനും ഗ്ലൂട്ടമേറ്റ് ഉണര്‍വിനുമാണ് സഹായകമാവുന്നത്. മദ്യം തലച്ചോറില്‍ പ്രവര്‍ത്തിക്കുന്നതു ഗാബയെപ്പോലാണ് എന്നതിനാല്‍ ഒരാള്‍ ദിനംപ്രതി മദ്യമെടുക്കുമ്പോള്‍ അത് ഗാബക്കു ഗ്ലൂട്ടമേറ്റിന്മേല്‍ ഒരു മേല്‍ക്കൈ കിട്ടാനിടയാക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ബാലന്‍സ് പുനസ്ഥാപിക്കേണ്ടതുള്ളതിനാല്‍ തലച്ചോര്‍ കാലക്രമത്തില്‍ ഗാബയുടെ പ്രവര്‍ത്തനക്ഷമത കുറക്കുകയും ഗ്ലൂട്ടമേറ്റിന്റേതു കൂട്ടുകയും ചെയ്യും. ഇതിനൊക്കെ ശേഷം പെട്ടെന്നൊരു മുഹൂര്‍ത്തത്തില്‍ മദ്യം കളമൊഴിയുമ്പോള്‍ തലച്ചോറിങ്ങനെ ശക്തിമത്താക്കി നിര്‍ത്തിയിരിക്കുന്ന ഗ്ലൂട്ടമേറ്റിന് എതിരാളിയില്ലാത്ത അവസ്ഥ വരുന്നതാണ് ഉറക്കക്കുറവിനും കൈവിറയലിനും തൊട്ട് അപസ്മാരത്തിനും ഡി.റ്റി.ക്കും വരെ അടിസ്ഥാനമാവുന്നത്.

മറ്റു സമാനപ്രശ്നങ്ങള്‍

മദ്യപാനമുള്ളൊരാള്‍ പെരുമാറ്റക്കുഴപ്പങ്ങള്‍ കാണിച്ചാല്‍ അതെപ്പോഴും ഡി.റ്റി. മൂലം തന്നെയാവണമെന്നില്ല; താഴെക്കൊടുത്തതിലേതെങ്കിലും പ്രശ്നം കൊണ്ടുമാവാം.

  • പാതോളജിക്കല്‍ ഇന്‍ടോക്സിക്കേഷന്‍: ചെറിയ അളവില്‍ മദ്യപിക്കുമ്പോള്‍പ്പോലും കടുത്ത അക്രമാസക്തതയും നശീകരണസ്വഭാവവും പ്രകടമാവുന്നു. മദ്യമിറങ്ങിയ ശേഷം ആള്‍ക്ക് അതൊന്നും ഓര്‍മയില്ലാതിരിക്കുകയും ചെയ്യാം.
  • ആല്‍ക്കഹോളിക് ഹാലൂസിനോസിസ്: മദ്യലഹരിയിലുള്ളപ്പോഴോ അതിറങ്ങിയ ഉടനെയോ ഭീഷണിപ്പെടുത്തുന്ന അശരീരി ശബ്ദങ്ങള്‍ കേട്ടുതുടങ്ങുന്നു. അവ യഥാര്‍ത്ഥമാണെന്നു ധരിച്ച് രോഗി ഭയചകിതനാവുന്നു.
  • വെര്‍ണിക്കീസ് എന്‍കെഫലോപതി: അമിതമദ്യപാനവും പോഷകാഹാരമെടുക്കായ്കയും തയമിന്‍ എന്ന വിറ്റമിന്‍റെ അപര്യാപ്തതക്കിടയാക്കുന്നു. ഓര്‍മക്കുറവും നടക്കുമ്പോള്‍ വേച്ചുപോവലും മറ്റും രൂപപ്പെടുന്നു.
  • ഹെപ്പാറ്റിക് എന്‍കെഫലോപതി: മദ്യത്താല്‍ കേടുപാടുകള്‍ വരുന്ന കരളിന് വിഷപദാര്‍ത്ഥങ്ങളെ ദഹിപ്പിക്കാന്‍ പറ്റാതാവുന്നു. അവ ശരീരത്തില്‍ കുമിഞ്ഞുകൂടി തലച്ചോറിനെ ഗ്രസിച്ച് ഓര്‍മക്കുറവും ഉറക്കക്കൂടുതലും മറ്റും സംജാതമാക്കുന്നു.

തടയാനെന്തുചെയ്യാം?

ഡി.റ്റി. വരാതെ സ്വയംകാക്കാനുള്ള ഏറ്റവും നല്ല ഉപായം, സ്വാഭാവികമായും, അമിതമദ്യപാനം ഒഴിവാക്കുകയെന്നതു തന്നെയാണ്. മദ്യപാനം നിയന്ത്രണാതീതമാവുന്നതിനു മുന്നേതന്നെ ചികിത്സയെടുത്തോ അല്ലാതെയോ അതില്‍നിന്നു പിന്‍വാങ്ങുന്നതു പരിഗണിക്കുക.

മദ്യത്തിനടിപ്പെട്ടുകഴിഞ്ഞവര്‍, പ്രത്യേകിച്ച് ഡി.റ്റി. വരാന്‍ സാദ്ധ്യത കൂടുതലുണ്ടെന്ന് മുമ്പുസൂചിപ്പിച്ച വിഭാഗങ്ങളില്‍പ്പെടുന്നവര്‍, മദ്യപാനം കുറക്കാനോ നിര്‍ത്താനോ തീരുമാനിച്ചാല്‍ അത് ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍, മരുന്നുകളുടെ സഹായത്തോടെ മാത്രമാവാന്‍ ശ്രദ്ധിക്കുക. മറ്റെന്തെങ്കിലും പ്രശ്നത്തിനായാണ് അഡ്മിറ്റാവുന്നത് എങ്കിലും മദ്യപാനക്കാര്യം ഡോക്ടര്‍മാരോടു നിശ്ചയമായും വെളിപ്പെടുത്തുക. മദ്യംനിര്‍ത്തുന്നതിന്‍റെ ആദ്യ ദിവസങ്ങളില്‍ നന്നായി വിശ്രമിക്കുകയും ആഹാരം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുക. അസാധാരണ ശബ്ദങ്ങളോ ദൃശ്യങ്ങളോ സ്പര്‍ശങ്ങളോ അനുഭവപ്പെട്ടു തുടങ്ങുന്നെങ്കില്‍ ഡോക്ടറെയോ നഴ്സുമാരെയോ അറിയിക്കുക.

കുടി നിര്‍ത്തുന്ന ആരെങ്കിലും വല്ല അസ്വസ്ഥതകളും വെളിപ്പെടുത്തിയാല്‍ അത് “വീണ്ടും കഴിക്കാനുള്ള ആശകൊണ്ടു തോന്നുന്നതാണ്” എന്നും മറ്റും പരിഹസിക്കാതെ അതിനെ മുഖവിലക്കെടുക്കുകയും വിദഗ്ദ്ധാഭിപ്രായം തേടാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക.

ഹാനികരമാവാറുള്ള തെറ്റിദ്ധാരണകള്‍

  • മദ്യംനിര്‍ത്തുന്ന ഒരാള്‍ക്ക് ശരിക്കൊന്നുറങ്ങാനാവാന്‍ എന്തളവില്‍ മരുന്നുകള്‍ ആവശ്യമായേക്കുമെന്നു മുന്‍കൂട്ടി പ്രവചിക്കുക എളുപ്പമല്ല. അതുകൊണ്ടുതന്നെ, ഫലംചെയ്തേക്കാമെന്നനുമാനിക്കുന്ന ഒരു ഡോസ് കുറിക്കുകയും, ഉറക്കക്കുറവുണ്ടെങ്കില്‍ ആവശ്യാനുസരണം കൂടുതല്‍ മരുന്നു നല്‍കാന്‍ നഴ്സുമാരോടു നിര്‍ദ്ദേശിക്കുകയുമാണ്‌ മിക്ക ഡോക്ടര്‍മാരും ചെയ്യാറ്. എന്നാല്‍ ഉറക്കംവരാത്ത കാര്യം പക്ഷേ പലരും നഴ്സുമാരെ അറിയിക്കാറില്ല. മരുന്നുകള്‍ക്ക് അഡിക്ഷനായിപ്പോവും എന്ന പേടിയാണ് പലപ്പോഴും ഇതിനുപിന്നിലുണ്ടാവാറുള്ളത്. ഉറക്കക്കുറവ് ഇത്തരത്തില്‍ യഥാവിധി ചികിത്സിക്കപ്പെടാതെ പോവുന്നത് അപസ്മാരത്തിനും ഡി.റ്റി.ക്കും സാദ്ധ്യതയേറ്റുമെന്നും, രണ്ടോ മൂന്നോ രാത്രി വിദഗ്ദ്ധ മേല്‍നോട്ടത്തില്‍ ഉറക്കമരുന്നുകളെടുത്തെന്നുവെച്ച് അവക്ക് അഡിക്ഷനൊന്നുമാവില്ലെന്നും ഓര്‍ക്കുക.
  • ആശുപത്രിയില്‍ പ്രവേശിച്ചു രണ്ടാമത്തെയോ മൂന്നാമത്തെയോ നാള്‍ ഡി.റ്റി. പ്രത്യക്ഷമാവുമ്പോള്‍ അത് അവിടെനിന്നു നല്‍കപ്പെട്ട എന്തോ മരുന്നോ ഇഞ്ചക്ഷനോ മൂലം സംഭവിച്ചതാണ് എന്ന അനുമാനത്തിലെത്തുകയോ അതിന്‍റെ പേരില്‍ ചികിത്സകരുമായി വഴക്കിനു ചെല്ലുകയോ ചെയ്യാതിരിക്കുക.
  • ഡി.റ്റി. മാറിക്കഴിഞ്ഞാല്‍ മദ്യാസക്തിക്കുള്ള തുടര്‍ചികിത്സയെടുക്കേണ്ടത് അതിപ്രധാനമാണെങ്കിലും പലപ്പോഴും രോഗികളും ബന്ധുക്കളും അതിനോടു മുഖംതിരിക്കാറുണ്ട്. ഡീഅഡിക്ഷന്‍ചികിത്സയെടുത്താല്‍ ജീവിതത്തിലൊരിക്കലുംപിന്നെ അല്‍പംപോലും മദ്യം തട്ടാന്‍ പറ്റില്ലെന്നും അഥവാ അങ്ങിനെ സംഭവിച്ചാല്‍ മനോരോഗമാവുകയോ മരിച്ചുപോവുകയോ ചെയ്യുമെന്നുമൊക്കെയുള്ള ഭീതികളാണ് പൊതുവെയിതിനു നിമിത്തമാവാറ്. അവ പക്ഷേ അടിസ്ഥാനരഹിതമാണ്.

പ്രതിവിധിയെന്താണ്?

ഡി.റ്റി. തന്നെയാണ്, മറ്റസുഖങ്ങളൊന്നുമല്ല എന്നുറപ്പുവരുത്താന്‍ ചില ടെസ്റ്റുകള്‍ ആവശ്യമായേക്കാം. കരളിന്‍റെയോ വൃക്കയുടെയോ മറ്റോ കുഴപ്പങ്ങളുണ്ടോ, സോഡിയവും പൊട്ടാഷ്യവും പോലുള്ള ലവണങ്ങളുടെ പോരായ്‌മയുണ്ടോ എന്നൊക്കെയറിയാന്‍ രക്തം പരിശോധിക്കേണ്ടതായി വരാം. ശ്വാസംമുട്ടുള്ളവര്‍ക്ക് ന്യൂമോണിയയോ മറ്റോ പിടിപെട്ടിട്ടുണ്ടോ എന്നറിയാന്‍ നെഞ്ചിന്‍റെ എക്സ്റേയും, അപസ്മാരമിളകുകയോ തലക്കു പരിക്കേല്‍ക്കുകയോ ചെയ്തവര്‍ക്ക് തലയുടെ സ്കാനിംഗും വേണ്ടിവന്നേക്കാം.

ഡി.റ്റി. ബാധിച്ചവര്‍ക്കു കിടത്തിച്ചികിത്സ കൂടിയേതീരൂ. വലിയ ബഹളങ്ങളില്ലാത്ത, ആവശ്യത്തിനു വെളിച്ചമുള്ള ഇടങ്ങളാണ് ഇത്തരം രോഗികള്‍ക്കു വേണ്ടത്. മുറിക്കകത്തുനിന്ന് ഒരാക്രമണത്തിനുപയോഗിച്ചേക്കാവുന്ന വസ്തുക്കളൊക്കെ മാറ്റേണ്ടതുമുണ്ട്.

ഡി.റ്റി.യുടെ ലക്ഷണങ്ങള്‍ക്കു ശമനമുണ്ടാക്കുക, മരണമടക്കമുള്ള സങ്കീര്‍ണതകള്‍ വരാതെ കാക്കുക, മദ്യപാനം പിന്നെയും തുടങ്ങാതിരിക്കാന്‍ രോഗിയെ പ്രാപ്തനാക്കുക എന്നിങ്ങനെ മൂന്ന് ഉദ്ദേശങ്ങളാണ് ചികിത്സക്കുണ്ടാവുക. ഉറക്കക്കുറവും വിറയലും പോലുള്ള, ഗ്ലൂട്ടമേറ്റിന്‍റെ അതിപ്രവര്‍ത്തനം മൂലമുളവാകുന്ന, ലക്ഷണങ്ങളെ മയപ്പെടുത്താന്‍ ഗാബയെപ്പോലെ പ്രവര്‍ത്തിക്കുന്ന “ബെന്‍സോഡയാസെപിന്‍സ്” എന്ന ഗണത്തില്‍പ്പെട്ട മരുന്നുകളാണ് ഉപയോഗിക്കാറ്. അശരീരികള്‍ക്കും മായക്കാഴ്ചകള്‍ക്കും അനാവശ്യ ഭീതികള്‍ക്കും “ആന്‍റിസൈക്കോട്ടിക്സ്‌” എന്ന തരം മരുന്നുകള്‍ വേണ്ടിവരാം. ആവശ്യത്തിനു ശ്വാസവും ഭക്ഷണപാനീയങ്ങളും കിട്ടുന്നുണ്ടെന്നുറപ്പുവരുത്തുക, ആവശ്യമെങ്കില്‍ ഓക്സിജന്‍ നല്‍കുകയോ ഡ്രിപ്പിടുകയോ മൂക്കിലൂടെ ആഹാരം കൊടുക്കുകയോ ചെയ്യുക, ഗ്ലൂക്കോസും തയമിനും കയറ്റുക, വയറ്റില്‍നിന്നു പോവുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നീ നടപടികളും പ്രധാനമാണ്.

സാധാരണ നിലക്ക് ഡി.റ്റി. അഞ്ചോളം ദിവസമേ നീളൂ. അപൂര്‍വം ചിലരില്‍ പക്ഷേയത് ആഴ്ചകളോളം തുടരുകയും ചെയ്യാം. ഡി.റ്റി.യുടെ ലക്ഷണങ്ങള്‍ വിട്ടുപോവുന്നതുവരെയേ മുമ്പുപറഞ്ഞ ബെന്‍സോഡയാസെപിന്‍സോ ആന്‍റിസൈക്കോട്ടിക്സോ കൊടുക്കേണ്ടതുള്ളൂ.

മദ്യം മുടങ്ങിയതാണു പ്രശ്നനിമിത്തമായത് എന്നയനുമാനത്തില്‍ തിരിച്ചു മദ്യം കഴിക്കാനോ കൊടുക്കാനോ തുടങ്ങുന്നതു ബുദ്ധിയല്ല — എന്തുതന്നെ ചെയ്താലും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞ ലക്ഷണങ്ങള്‍ തിരിച്ചുപോവാന്‍ അതിന്റേതായ സമയമെടുക്കുമെന്നും, ഇങ്ങിനെയൊരു നടപടി മദ്യം ഉളവാക്കിക്കഴിഞ്ഞ ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ കൂടുതല്‍ തീവ്രമാവാനും പിന്നീടെപ്പോഴെങ്കിലും മദ്യം നിര്‍ത്താന്‍ നോക്കിയാല്‍ കൂടുതല്‍ വേഗത്തില്‍, കൂടുതല്‍ രൂക്ഷതയോടെ ഡി.റ്റി. വീണ്ടും വരാനും വഴിയൊരുക്കുമെന്നും ഓര്‍ക്കുക.

ഡി.റ്റി. കലങ്ങിത്തെളിഞ്ഞ ശേഷം മദ്യപാനം പുനരാരംഭിക്കാതിരിക്കാന്‍ വേണ്ട മരുന്നുകളും കൌണ്‍സലിംഗും ലഭ്യമാക്കേണ്ടത് ഏറെ പ്രധാനമാണ്. ഡി.റ്റി.വേളയില്‍ പ്രകടിപ്പിച്ച പെരുമാറ്റ വൈകല്യങ്ങള്‍ വീഡിയോയില്‍പ്പിടിച്ച് ഡി.റ്റി. മാറിക്കഴിഞ്ഞിട്ടു കാണിച്ചുകൊടുക്കുന്നത് മദ്യത്തിലേക്കു വീണ്ടും മടങ്ങാതിരിക്കാന്‍ രോഗിക്കു പ്രചോദനമേകുമെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നുമുണ്ട്.

കടപ്പാട്: Dr. Shahul Ameen.

കൂടുതല്‍ വിവരങ്ങള്‍ക്ക് : www.mind.in

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate