অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സുഗന്ധനെല്ല് മരുന്ന്നെല്ല്

ആമുഖം

കേരളത്തിന്‍റെ തനതായ നെല്ലിനങ്ങളിൽ ഔഷധഗുണത്തിനും സുഗന്ധത്തിനും പേരുകേട്ട ഇനങ്ങൾ നിരവധിയാണ്. അരി ഒരു ഭക്ഷണമെന്നതിനു പുറമെ മരുന്നിനും മന്ത്രത്തിനും ഉപയോഗിച്ചിരുന്നതായി പ്രാചീനഗ്രന്ഥങ്ങളിൽ പരാമർശമുണ്ട്. നമ്മുടെ പൗരാണിക ആയുർവേദഗ്രന്ഥങ്ങളിൽ പലതിലും അരിയുടെ ഔഷധഗുണങ്ങളെപ്പറ്റി വിവരിച്ചിട്ടുണ്ട്. കഞ്ഞി, കഞ്ഞിവെള്ളം, തവിട്, മലർ, അവൽ തുടങ്ങി അരിയിൽ നിന്നുള്ള പല വിഭവങ്ങളും പലവിധ രോഗശാന്തിക്കും ഫലപ്രദമായി ഉപയോഗിച്ചിരുന്നുവെന്ന് പഴമക്കാർ അഭിപ്രായപ്പെടുന്നു.

കേരളത്തിലെ ഔഷധനെല്ലുകൾ

ആയുർവേദത്തിൽ ഔഷധ ഗുണമുള്ള നെല്ലിനങ്ങളാണ് "ശാലി'യും 'വ്രീഹി'യും. "വ്രീഹി'യുടെ കീഴിൽ "ഷഷ്ഠിക' എന്ന ഉപസമൂഹത്തിൽപ്പെടുന്ന ഇനമാണ് ‘നവര’. "ശീലി' വിഭാഗത്തിൽ പെടുന്ന വരിനെല്ല് അഥവാ “ദണ്ഡകാണി'യാണ് ആയുർവേദത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള മറ്റൊരു നെല്ലിനം. രാജാക്കന്മാരുടെ മാത്രം ഭക്ഷണമായി കരുതപ്പെടുന്ന "വരിനെല്ല്' വൃക്കരോഗങ്ങൾക്കെതിരെ ഉപയോഗിക്കുന്നതായി ആയുർവേദം പറയുന്നു.

കേരളത്തിൽ പ്രചാരത്തിലിരുന്ന ചില നാടൻ നെല്ലിനങ്ങളായ നല്ല ചെന്നെല്ല്, കുഞ്ഞിനെല്ല്, എരുമക്കാരി, കറുത്തചമ്പാവ് എന്നിവയ്ക്കും ഔഷധഗുണമുള്ളതായി വിശ്വസിക്കുന്നു. മനുഷ്യരിലും കന്നുകാലികളിലും കണ്ടുവരുന്ന ദഹനസംബന്ധമായ പല രോഗങ്ങൾക്കും ഇത് മരുന്നാണ്.

നല്ല ചെന്നെല്ല്

കണ്ണൂർ ജില്ലയിലാണ് "നല്ല ചെന്നെല്ല്' കൂടുതലുള്ളത്. 120-130 ദിവസം മൂപ്പുള്ള ഇതിന്റെ നെന്മണികൾക്ക് കടും ചുവപ്പു നിറമാണ്. ആയുർവേദത്തിൽ പരാമർശമുള്ള "രക്തശാലി' എന്ന ഇനം ഇതാണെന്ന് കരുതുന്നു. ഛർദ്ദി, വയറ്റുവേദന, വയറിളക്കം എന്നിവയ്ക്ക് ഇതിന്റെ മലരുകൊണ്ടുണ്ടാക്കിയ കഞ്ഞി ഫലപ്രദമായ ഔഷധമാണ്. മഞ്ഞപ്പിത്തമുള്ളവർക്ക് നല്ല ചെന്നെല്ലിന്റെ കഞ്ഞിവച്ചു നല്കാറുള്ളതായി പഴമക്കാർ പറയുന്നു.

കുഞ്ഞിനെല്ല്

നല്ല ചെന്നെല്ലിന്റെ ഒരു വകഭേദമാണ് " കുഞ്ഞിനെല്ല്'. നെന്മണികൾക്ക് ചെന്നെല്ലിനേക്കാൾ വലിപ്പം കുറവാണ്. നല്ല ചെന്നെല്ലും കുഞ്ഞിനെല്ലും കരകൃഷിയായാണ് ചെയ്യാറുള്ളത്.

എരുമക്കാരി

തൃശൂർ-എറണാകുളം ഭാഗങ്ങളിൽ നിലവിലിരുന്ന വിത്താണിത്. വിരിപ്പുസമയത്ത് പറമ്പുകളിൽ കൃഷി ചെയ്തിരുന്ന ഈയിനത്തിൽ നെന്മണികൾക്ക് കറുത്ത നിറമാണ്. 120-130 ദിവസം മൂപ്പ്. ഇതിന്റെ അരി തവിടോടെ പൊടിച്ച് മരുന്നിന് ഉപയോഗിക്കാം, കന്നുകാലികൾക്കും ഔഷധമായി നൽകാം.

കറുത്ത ചമ്പാവ്

ദക്ഷിണ കേരളത്തിൽ പ്രചാരത്തിലിരുന്ന ഒരിനമാണ് കറുത്തചമ്പാവ്. 120 ദിവസം മൂപ്പ്. നെല്ലിന് കറുപ്പും തവിടിന് കറുപ്പു കലർന്ന ചുവപ്പും നിറമാണ്. ഇതിൽ ഇരുമ്പിന്റെ അംശം കൂടുതലുണ്ടെന്നു വേണം കരുതാൻ. ഇവയിൽ പല ഇനങ്ങളും ഇന്ന് നാമാവശേഷമായിക്കഴിഞ്ഞു. നവരനെല്ല് മാത്രമാണ് ഇപ്പോഴും ഔഷധഗുണത്തിന്റെ പേരിൽ കൃഷി ചെയ്യുന്നത്.

സുഗന്ധ നെല്ലിനങ്ങൾ

കേരളത്തിലെ വിവിധ ജില്ലകളിൽ തനത് സുഗന്ധയിനങ്ങൾ പ്രചാരത്തിലുണ്ടെങ്കിലും ഇക്കാര്യത്തിൽ മുൻപന്തിയിൽ നില്ക്കുന്നത് വയനാടാണ്. ജീരകശാല, ഗന്ധകശാല എന്നീ ഇനങ്ങൾക്കു പുറമേ ചോമാല, വെളുമ്പാല തുടങ്ങിയ ചില സുഗന്ധ ഇനങ്ങളും വയനാട്ടിൽ കൃഷി ചെയ്തിരുന്നു. വടക്കൻ ജില്ലകളായ കണ്ണൂർ, കാസർഗോഡ്, പാലക്കാട് എന്നിവിടങ്ങളിലെ സമതലപ്രദേശങ്ങളിൽ കുഞ്ഞിക്കയമ, രാജക്കയമ, നെയ്ച്ചീര, പൂക്കുലത്തരി തുടങ്ങിയ സുഗന്ധയിനങ്ങൾ ഇന്നും ചെറിയ തോതിലെങ്കിലും കൃഷി ചെയ്തു വരുന്നു. വയനാട്ടിലും ഇടുക്കിയിലുമായി ഏതാണ്ട് 200 ഹെക്ടർ സ്ഥലത്ത് ജീരകശാലയും ഗന്ധകശാലയും കൃഷി ചെയ്യുമ്പോൾ മറ്റിനങ്ങൾ വളരെ കുറഞ്ഞ അളവിൽ മാത്രമാണ് കൃഷി ചെയ്യുന്നത്.

ജീരകശാല

150-180 ദിവസം മൂപ്പുള്ള ജീരകശാല പ്രധാനമായും വയനാട്ടിലാണ് കൃഷി ചെയ്യുന്നത്. വയനാട്ടിലെ തണുത്ത കാലാവസ്ഥയിലാണ് ജീരകശാല നന്നായി വളരുന്നതും വിളവു നല്കുന്നതും. ജീരകത്തിന്റെ വലിപ്പമുള്ള മെലിഞ്ഞു നീണ്ട നെല്ലാണ് ഇതിന്. അരി വെളുത്തതും സുഗന്ധവാഹിയുമാണ്. പച്ചരിയായി ഉപയോഗിക്കാൻ ഉത്തമം.

ഗന്ധകശാല

ആറു മാസത്തോളം മൂപ്പുള്ള ഇനമാണ് ഗന്ധകശാല. തിളങ്ങുന്ന വയ്ക്കോൽ നിറമുള്ള ചെറിയ ഉരുണ്ട നെന്മണികളാണ് ഇതിന്. നല്ല ചന്ദനത്തിന്റെ മണമാണ് ഗന്ധകശാലയുടെ അരിക്ക്. ഉയരം കൂടിയ ഇനമാകയാൽ ചാഞ്ഞുവീഴാൻ ഇടയുണ്ട്. ജീരകശാല പോലെ തന്നെ ഗന്ധകശാലയും പുഴുങ്ങാതെ പച്ചരിയായാണ് ഉപയോഗിക്കുന്നത്. വയനാട്ടിൽ 'നഞ്ച' (ഒന്നാംവിള) കൃഷിക്കാണ് ഇത് വിളയിക്കാറുള്ളത്.

ചോമാല

സുഗന്ധമുള്ള ചോമാലയും മണമില്ലാത്ത ചോമാലയും വയനാട്ടിലുണ്ട്. സുഗന്ധയിനത്തിൽ നെല്ലിന് ചുവപ്പുകലർന്ന വെള്ള നിറവും അരിക്ക് വെളുത്ത നിറവുമാണ്. ഇത് കരകൃഷിക്കാണ് യോജിച്ചത്. 160-180 ദിവസം മൂപ്പുള്ള ചോമാലയും ചാഞ്ഞുവീഴുന്ന ഇനമാണ്. ജീരകശാലയും ഗന്ധകശാലയും പോലെ ചോമാലയും വ്യാപകമായി കൃഷി ചെയ്യുന്നില്ല.

വെളുമ്പാല

ആറുമാസം മൂപ്പുള്ള ഈയിനത്തിന് നീളമുള്ള ചെറിയ നെന്മണികളാണുള്ളത്. വെളുത്ത അരിയും നല്ലവാസനയുമുള്ള ഈയിനവും നാമാവശേഷമായി മാറിയിരിക്കുന്നു.

കുഞ്ഞിക്കയമ

കണ്ണൂർ ജില്ലയിൽ പ്രചാരത്തിലുള്ള ഈയിനത്തെ ചിലർ "കൊത്തമ്പാലരിക്കയമ' എന്നു വിശേഷിപ്പിക്കുന്നു. എന്നാൽ കൊത്തമ്പാലരിക്കയമയുടെ നെല്ലിന് കറുപ്പു നിറമാണെന്നും കുഞ്ഞിക്കയമ വയ്ക്കോൽ നിറമാണെന്നുമുള്ള വ്യത്യാസം നിലനിൽക്കുന്നു. 4-5 മാസം മൂപ്പുള്ള ഈയിനം ഒന്നാം വിളയ്ക്ക് കൃഷിയിറക്കുന്നു.

നെയ്ച്ചീര

പാലക്കാടൻ പ്രദേശത്ത് രണ്ടാം വിളക്കാലത്ത് കൃഷി ചെയ്യുന്ന സുഗന്ധ ഇനമാണ് നെയ്ച്ചീര. ഋതുബന്ധ സ്വഭാവമുള്ളതിനാലാകാം മകരകൃഷിക്കു മാത്രമേ ഇത് ഉപയോഗിക്കു. മെലിഞ്ഞ ചെറിയ മണികളോടു കൂടിയ ഈയിനം 120-130 ദിവസത്തിൽ വിളവെടുപ്പിന് തയ്യാറാകും.

രാജക്കയമ

പാലക്കാട്, കാസർഗോഡ് ഭാഗങ്ങളിൽ കൃഷി ചെയ്തുവന്നിരുന്ന സുഗന്ധയിനമാണ് രാജക്കയമ. ചെറിയ ഉരുണ്ട അരിക്ക് വെള്ളനിറമാണ്. നെയ്ച്ചോറുണ്ടാക്കാൻ വളരെ വിശേഷപ്പെട്ട ഇനം. 130 ദിവസം മൂപ്പ്.

പൂക്കുലത്തരി

പള്ള്യാൽ നിലങ്ങളിൽ രണ്ടാം കൃഷിക്ക് ഉപയോഗിക്കുന്ന ഈയിനം പാലക്കാടൻ പ്രദേശത്താണ് കണ്ടുവരുന്നത്. ചെറുതും മെലിഞ്ഞതുമായ നെന്മണികൾക്ക് ഭാരം കുറവാണ്. തമിഴ്നാട്, കർണാടക തുടങ്ങിയ അയൽസംസ്ഥാനങ്ങളുമായുള്ള സമ്പർക്കത്തിലൂടെയും പല സുഗന്ധ ഇനങ്ങളും കേരളത്തിൽ എത്തിയിട്ടുണ്ട്. ജീരകശാല പോലതന്നെ "ജീരകസാമ്പ', "ജീരകസണ്ണ' തുടങ്ങിയ ഇനങ്ങൾ അപൂർവ്വമായെങ്കിലം ഇപ്പോഴും കർഷകരുടെ പക്കലുണ്ട്. "വിഷ്ണുഭക്ത്', 'കാലാജീര' തുടങ്ങിയ സുഗന്ധ ഇനങ്ങളും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഇവിടെ കുടിയേറിയവയാണ്.

കടപ്പാട്: കേരളകര്‍ഷകന്‍

അവസാനം പരിഷ്കരിച്ചത് : 4/27/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate