অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പേര അത്ര നിസാരക്കാരനല്ല

പേര അത്ര നിസാരക്കാരനല്ല

പേര അത്ര നിസാരക്കാരനല്ല
തൊടികളിലും വീട്ടുമുറ്റത്തും അധികം പരിചരണങ്ങളില്ലാതെ തന്നെ നന്നായി വളരുന്ന മരമാണ് പേര. അതിന്റെ ഫലമായ പേരക്കയുടെ ഗുണഗണങ്ങള്‍ വര്‍ണിച്ചാല്‍ തീരുകയില്ല. ഒരു ചിലവുമില്ലാതെ തന്നെ ആരോഗ്യ പരിപാലനത്തിന് പേരക്കായ നല്‍കുന്ന സഹായം ചില്ലറയല്ല. ദഹന പ്രശ്നങ്ങള്‍ മുതല്‍ പ്രമേഹത്തിനും കൊളസ്ട്രോളിനും എന്തിനേറെ കാന്‍സറിനെ പ്രതിരോധിക്കാന്‍ പോലും പേരക്കയ്ക്കു സാധിക്കും
വൈറ്റമിൻ എ, സി, വൈറ്റമിൻ ബി2, ഇ, കെ, ഫൈബർ, മാംഗനീസ്, പോട്ടാസ്യം, അയൺ, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമാണ് പേരക്ക. സാധാരണ വലിപ്പമുള്ള ഒരു ഓറഞ്ചിലുള്ളതിനേക്കാൾ നാലിരട്ടി വൈറ്റമിൻ സി ഒരു പേരയ്ക്കയിലുണ്ട് എന്ന് എത്രപേര്‍ക്കറിയാം? ദിവസം ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ കാണാതെ ജീവിക്കാം എന്ന് പറയാറുണ്ട്. സത്യത്തില്‍ ഇത് ഏറെ ഇണങ്ങുക പേരക്കയുടെ കാര്യത്തിലാണ്. പേരയിലയും പേരത്തണ്ടുമെല്ലാം ആരോഗ്യ സംരക്ഷണത്തിനായി ഉപയോഗിക്കാം.
ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ ദിവസവും ഒരു പേരയ്ക്ക വീതം കഴിച്ചാൽ മതി. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി, പൊട്ടാസ്യം എന്നിവ രക്തസമ്മർദം കുറയ്ക്കുകയും രക്തത്തിൽ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യും. നേരിയ ചുവപ്പു കലർന്ന പേരയ്ക്ക പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
പേരയ്ക്കയിൽ ധാരാളടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. സാധാരണ രോഗങ്ങളായ പനി, ചുമ, ജലദോഷം എന്നിവയിൽ നിന്നു രക്ഷനേടാൻ ദിവസവും ഒരു പേരയ്ക്ക വീതം കഴിച്ചാൽ മതി. സാലഡായോ, ജ്യൂസായോ എങ്ങനെ വേണമെങ്കിലും പേരയ്ക്ക കഴിച്ച് രോഗങ്ങളിൽ നിന്നു രക്ഷനേടാം. പുരുഷൻമാരിലെ പ്രോസ്റ്റേറ്റ് കാൻസർ, സ്തനാർബുദം, സ്കിൻ കാൻസർ, വായിലുണ്ടാകുന്ന കാൻസറുകൾ എന്നിവ ത‌ടയാൻ പേരയ്ക്ക കഴിക്കാം.
കാഴ്ച ശക്തി നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമായ പോഷകമാണ് വൈറ്റമിന്‍ എ. ഇതിനായി നിരവധി മരുന്നുകള്‍ വിപണിയില്‍ ലഭ്യമാണ് താനും. എന്നാല്‍ കണ്ണ് പോകാതിരിക്കാന്‍ കണ്ണുമടച്ച് വിശ്വസിച്ച് കഴിക്കാവുന്ന ഫലമാണ് പേരക്ക. കാരണം വൈറ്റമിൻ എയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. വൈറ്റമിൻ എയുടെ അഭാവം മൂലമുണ്ടാകുന്ന നിശാന്ധത തടയാൻ പേരയ്ക്ക ധാരാളമായി കഴിച്ചാൽ മതി.പ്രായാധിക്യം മൂലവുള്ള കാഴ്ചക്കുറവു പരിഹരിക്കാൻ പതിവായി പേരക്കാ ജ്യൂസ് കുടിക്കാം.
ബുദ്ധിശക്തി വർദ്ധിപ്പിക്കാനും ചർമ സൗന്ദര്യം കൂട്ടാനും തൈറോയിഡ് നിയന്ത്രിക്കാനുമെല്ലാം പേരയ്ക്കായെ ഒപ്പം കൂട്ടാം. പ്രമേഹം നിയന്ത്രിക്കാൻ ദിവസവും തൊലികളയാത്ത ഒന്നോ രണ്ടോ പേരയ്ക്കാ കഴിച്ചാൽ മതി. പേരക്ക മാത്രമല്ല പേരയുടെ ഇലയും വളരെ നല്ലതാണ്. പല്ല് വേദന, മോണരോഗങ്ങൾ, വായ് നാറ്റം എന്നിവയകറ്റാൻ പേരയില സഹായിക്കും. പേരയുടെ ഒന്നോ രണ്ടോ തളിരില വായിലിട്ടു ചവച്ചാൽ മതി.
വായ്നാറ്റം പോയ വഴിയില്‍ പിന്നെ പുല്ലുപോലും കിളിക്കില്ലത്രേ! വായ്‌നാറ്റമകറ്റാന്‍ വിപണിയില്‍ നിന്ന് വിലകൂടിയ മൌത്ത് വാഷുകള്‍ വാങ്ങി ഉപയോഗിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ ചിലവില്ലാത്ത മുത്ത് വാഷ് പേരയിലകൊണ്ട് നിങ്ങള്‍ക്ക് വീട്ടിലുണ്ടാക്കാം. അതെങ്ങനെയെന്നാല്‍ ഒരു പിടി പേരയിലയിട്ടു തിളപ്പിച്ച വെള്ളം ആറിയ ശേഷം അൽപം ഉപ്പു കൂടി ചേർത്താൽ മാത്രം മതി. വിപണിയില്‍ ലഭിക്കുന്ന ഏത് മൌത്ത് വാഷിനോടും കിടപിടിക്കുന്നതാണ് ഈ സിമ്പിള്‍ മൌത്ത് വാഷ്. മാത്രമല്ല ഇതു പതിവായി ഉപയോഗിച്ചാൽ ദന്തരോഗങ്ങളെ അകറ്റി നിർത്താം.
രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാൻ ഉണക്കിപ്പൊ‌ടിച്ച പേരയിലയിട്ട വെള്ളം കുടിക്കാം. മാത്രമല്ല പേരയില ഉണക്കി പൊടിച്ചത് ചേർത്ത് വെള്ളം തിളപ്പിച്ചു കുടിക്കുന്നത് കൊളസ്ട്രോൾ കുറയാൻ സഹായിക്കും. ഇനിയുമുണ്ട് പേരയിലയുടെ വൈഭവം. അതിസാരവും അതിനോടനുബന്ധിച്ചുള്ള കടുത്ത വയറുവേദനയും മാറാന്‍ പേരയിലയിട്ടു വെന്ത വെള്ളം കുടിച്ചാൽ മതി. വയറുവേദനയും, ശോചനവും നിയന്ത്രിക്കാന്‍ പേരയിലക്കു കഴിയും. അതിസാരത്തിനു കാരണമായ ബാക്ടീരിയയെ നിയന്തിക്കാൻ പേരയിലയ്ക്കു കഴിയുമെന്ന് തെളിയിക്കപ്പെട്ടതാണ്.
പറഞ്ഞു തുടങ്ങിയാൽ എണ്ണിയാൽ തീരാത്ത ഗുണങ്ങളുണ്ട് പേരയ്ക്ക്. തൊടിയിലെ കുഞ്ഞുമരമായ പേര ആളു നിസാരക്കാരനല്ലെന്നു ഇപ്പോൾ മനസിലായില്ലേ...അപ്പോള്‍ പിന്നെ നിങ്ങളെന്തിനാണ് അമാന്തിക്കുന്നത്. പേരയുടെ കൈയ്യും പിടിച്ച് നടക്കാം ആരോഗ്യത്തിലേക്ക്.

Source:malayalamhealthtips

അവസാനം പരിഷ്കരിച്ചത് : 7/27/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate