অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ചെറുധാന്യങ്ങളിലൂടെ...

ചെറുധാന്യങ്ങളിലൂടെ

റാഗി (Finger Millet)

മഴയേ ആശ്രയിച്ചു വരണ്ട പ്രദേശത്ത് കൃഷിചെയ്യുന്ന ഒരു ചെറുധാന്യമാണ്‌ റാഗി. ഇതില്‍ വളരെക്കൂടിയ അളവില്‍ പ്രോട്ടീനും അമിനോ അമ്ലങ്ങളും വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി എന്നിവയും അടങ്ങിയിരിക്കുന്നു. അരിയിലും ഗോതമ്പിലും അടങ്ങിയതിനേക്കാള്‍ 10 ഇരട്ടി കാത്സ്യം ഇരുമ്പ് എന്നിവ റാഗിയില്‍ ഉണ്ട്. അമിതമായ അളവില്‍ നാരുകള്‍ ഉള്ളതിനാല്‍ മലബന്ധം, ഉയര്‍ന്ന രക്തസമ്മര്‍ദം, കുടലില്‍ വരുന്ന കാന്‍സര്‍ എന്നിവ തടയുന്നു.

ചാമ (Little Millet)

അരിക്ക് ബദലായി ഉപയോഗിക്കുന്ന ചെറുധാന്യമാണ്‌ ചാമ. ഇതില്‍ 37 ശതമാനം മുതല്‍ 38 ശതമാനം നാരുകള്‍ അടങ്ങിയിരിക്കുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് വികസിത രാജ്യങ്ങൾ കൂടുതലായി ആശ്രയിക്കുന്നത് ചാമയെയാണ്.

കമ്പം (Pearl Millet)

വിളക്കുറവ് നേരിടുന്ന പ്രദേശങ്ങളിലും ചൂട് വളരെ കൂടുതലുള്ള പ്രദേശങ്ങളിലും നല്ല രീതിയില്‍ കൃഷിചെയ്യുവാൻ ഉപയുക്തമായ വിളയാണ് കമ്പം. ഇതിൽ വളരെ ഉയർന്ന അളവിൽ മഗ്നീഷ്യം, കോപ്പർ, സിങ്ക്, വിറ്റാമിൻ ഇ, ബി കോംപ്ലക്സ് എന്നിവ അടങ്ങിയിരിക്കുന്നു. മറ്റ് ചെറുധാന്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കമ്പിൽ ഉയർന്ന അളവിൽ ഊർജ്ജം അടങ്ങിയിട്ടുണ്ട്.

മണിച്ചോളം (Sorghum)

ഏത് പ്രതികൂല കാലാവസ്ഥയിലും കരുത്തോടെ വളരുന്ന വിളയാണ് മണിച്ചോളം. അരിയിൽ അടങ്ങിയതിനേക്കാൾ കൂടുതൽ പോഷകങ്ങൾ ചോളത്തിൽ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ, ഫൈബർ, തയാമീൻ, ഫോളിക്ക് ആസിഡ്, കാൽസ്യം, ഫോസ്ഫറസ്, അയൺ, ബീറ്റാ കരോട്ടിൻ, സിങ്ക് എന്നിവ നല്ല അളവിൽ അടങ്ങിയിരിക്കുന്നു. ഹൃദയസംബന്ധമായ അസുഖങ്ങൾ കുറയ്ക്കുന്നതിനും, കുട്ടികളിലെ പോഷകക്കുറവ് പരിഹരിക്കുന്നതിനും മണിച്ചോളം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

കുതിരവാലി (Barnyard Millet)

ശരീരത്തിനാവശ്യമായ പ്രാട്ടീൻ ലഭിക്കുന്നതിനും ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും

ഏറ്റവും സഹായകമായ ധാന്യവിളയാണ് കുതിരവാലി. ഹൃദയസംബന്ധിയായ അസുഖങ്ങൾക്കും ഡയബറ്റിക് രോഗികൾക്കും വളരെ നല്ലത്. രക്തത്തിലെ ഗ്ലൂക്കോസിന്റെയും കൊഴുപ്പിന്റെയും അളവ് കുറക്കുന്നതിനും, ആഹാരത്തിൽ നിന്നും വലിച്ചെടുക്കുന്ന കൊഴുപ്പിന്റെ അളവ് നിയന്ത്രിക്കുന്നതിനും കുതിരവാലി ഉപയോഗിക്കാവുന്നതാണ്.

വരഗ് (Kodo Millet)

3000 വർഷങ്ങൾക്ക് മുമ്പ് തന്നെ ഇന്ത്യയിൽ കണ്ട് വന്നിരുന്ന വിളയാണ് വരഗ്. 90 സെ.മീറ്റർ ഉയരത്തിൽ ഇവ വളരുന്നു. ഇതിൽ നല്ല അളവിൽ പ്രോട്ടീൻ, ഭക്ഷ്യനാര് എന്നിവ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ ബി, നിയാസിൻ, ബി-6, ഫോളിക്ക് ആസിഡ്, കാത്സ്യം, സിങ്ക്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും ഉയർന്ന തോതിലുണ്ട്. കൊളസ്ട്രോൾ, ബ്ലഡ് പ്രഷർ എന്നിവ കുറച്ച് ഹൃദയസംബന്ധിയായ അസുഖം കുറയ്ക്കാനും വരഗിനു ശേഷിയുണ്ട്.

തിനെ (Foxtail Millet)

അരിയാഹാരവുമായി താരതമ്യം ചെയ്യുമ്പോൾ തിനയിൽ ഇരട്ടിയിലധികം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ബ്ലഡ്ഷുഗർ, കൊളസ്ട്രോൾ എന്നിവ കുറയ്ക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. ഡയബറ്റിക് രോഗികൾക്കും, വായുകോപമുള്ളവർക്കും വളരെ നല്ലതാണ്. ഇതിൽ വളരെ ഉയർന്ന അളവിൽ ഭക്ഷ്യനാര്, പ്രോട്ടീൻ, കാത്സ്യം, വിറ്റാമിനുകൾ എന്നിവ അടങ്ങിയിരിക്കുന്നു. കുട്ടികളുടെ വളർച്ചയ്ക്കും ഗർഭിണികളുടെ ആരോഗ്യത്തിനും തിനയുടെ ഉപയോഗം വളരെ നല്ലതാണ്.

പനിവരഗ് (Proso Millet)

വേഗത്തിൽ ദഹിക്കുന്നതും, ഗ്ലൂടെൺ മുക്തവുമാണ് പനിവരഗ്, ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ എന്നിവ കുറക്കുന്നു. നാരുകൾ, പ്രോട്ടീൻ, മിനറലുകൾ, ഇരുമ്പ്, സിങ്ക്, മാംഗനീസ്, കോപ്പർ എന്നിവ വളരെക്കൂടിയ അളവിൽ പനിവരഗിൽ അടങ്ങിയിരിക്കുന്നു.

സമഗ്രവികസനത്തിന് മാതൃകാ ഊരുകൾ

'ചെറുധാന്യഗ്രാമം' പദ്ധതിയുടെ ഭാഗമായി സമഗ്ര കാർഷിക വികസനം ലക്ഷ്യമിട്ടുകൊണ്ട് 5 മാത്യകാ ഊരുകൾ തയ്യാറാക്കുവാൻ വിഭാവനം ചെയ്യുന്നുണ്ട്, അഗളി, പുതൂർ, ഷോളയുർ കൃഷിഭവൻ പരിധികളിലായി അട്ടപ്പാടിയിലെ 3 ആദിവാസി വിഭാഗത്തില്‍ ഉള്‍പ്പെട്ട 5 ഊരുകള്‍ ഇതിനായി  തിരഞ്ഞടുക്കുകയുണ്ടായി.

ഊരോന്നിന് 10 ലക്ഷം രൂപ വീതം 200 ലക്ഷം രൂപ ചെലവ് വരുന്ന സമഗ്ര കാർഷികവികസന പദ്ധതി രൂപരേഖയാണ് തയ്യാറാക്കി നടപ്പാക്കിയിരിക്കുന്നത്.

ഇവിടങ്ങളിൽ കാർഷിക വിളകളെ വന്യമ്യഗങ്ങളുടെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി പരീക്ഷണാടിസ്ഥാനത്തിൽ തേനീച്ചവേലി, വൈദ്യുതവേലി എന്നിവ സ്ഥാപിക്കുകയുണ്ടായി.

ആദിവാസി ഊരുകളിൽ ധാന്യങ്ങൾ സംരക്ഷിക്കുന്നതിനായി പരമ്പരാഗതരീതിയിലുള്ള ധാന്യസംഭരണികൾ, തെങ്ങിൻതൈകൾ, കമുകിൻതൈകൾ, ജാതികൾ, കാർഷികോപകരണങ്ങൾ എന്നിവയുടെ വിതരണവും നടപ്പാക്കുകയുണ്ടായി. ഇതുകൂടാതെ ജലസേചന സൗകര്യത്തിനായി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയും നടപ്പാക്കുന്നുണ്ട്. മാത്യകാ ഊരിന്റെ പ്രവർത്തനങ്ങൾ നടത്തുന്നത് അതാത് ഊരിലെ കർഷകരെ സംഘടിപ്പിച്ചുകൊണ്ടു രൂപീകരിക്കുന്ന കർമ്മസേനകളാണ്.

കടപ്പാട്: കേരളകര്‍ഷകന്‍

അവസാനം പരിഷ്കരിച്ചത് : 4/22/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate