অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ചെന്നെല്ല് – പാരമ്പര്യ നെല്ലിനങ്ങളുടെ രാജാവ്

ചെന്നെല്ല്

ഉത്തരകേരളത്തിൽ കൃഷി ചെയ്യപ്പെടുന്ന ഒരു പാരമ്പര്യ നെൽവിത്തിനമാണ് ചെന്നെല്ല്. വയനാട് ജില്ലയിൽ കൃഷിചെയ്യപ്പെടുന്ന ചെന്നെല്ല് "വലിയചെന്നെല്ല് എന്ന പേരിലാണ് അറിയപ്പെടുന്നത്. വയനാട്ടിൽ പ്രധാനമായും കുറിച്യ, കുറുമ ആദിവാസികർഷകരാണ് ചെന്നെല്ല് കൃഷിചെയ്തുവരുന്നത്. “ആര്യൻ ചെന്നെല്ല്' എന്ന പേരിൽ ചെന്നെല്ലിൽ മറ്റൊരു ഇനം കൂടിയുണ്ടെന്ന്ഇവർ പറയുന്നു. ധാരാളം ഔഷധഗുണമുള്ള നെൽവിത്തിനമാണ് ചെന്നെല്ല്. വയനാട് ജില്ലയിലെ ആദിവാസി വിഭാഗമായ കുറിച്യർ ചെന്നെല്ലിനെ "പാരമ്പര്യ നെല്ലിനങ്ങളുടെ രാജാവ്’ എന്നാണ് വിളിക്കുന്നത്. ഇതിന്റെ ഔഷധഗുണമായിരിക്കാം ചെന്നെല്ലിന് ഇങ്ങനെയൊരു പ്രഥമ സ്ഥാനം നൽകാൻ അവരെ പ്രേരിപ്പിച്ചത്. ചെന്നെല്ലിന്റെ ഔഷധഗുണം തന്നെയാണ് ഇതിനെ ഇതര പാരമ്പര്യനെൽവിത്തിനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ആയൂർവ്വേദത്തിൽ 'രക്തശാലി' എന്ന പേരിൽ അറിയപ്പെടുന്നത് ചെന്നെല്ലാണ്. ചെന്നെല്ലിന് 7 മാസം മൂപ്പുണ്ട്. പറിച്ചു നടൽ കൃഷിരീതിയാണ് സാധാരണയായി അവലംബിച്ചുവരുന്നത്. ഞാറിന് 90 ദിവസം മൂപ്പെത്തുമ്പോഴാണ് സാധാരണ പറിച്ചുനടുന്നത്. കണ്ണൂരിന്റെ ചിലഭാഗങ്ങളിൽ ചെന്നെല്ല് കരകൃഷിക്കായി ഉപയോഗിച്ചുവരുന്നു. ഇതിന്റെ അരി മട്ടയാണ്. ഈ നെല്ലിന്റെ ഉത്ഭവത്തെക്കുറിച്ച് ആധികാരികമായ രേഖകളൊന്നും തന്നെയില്ല. ഈ നെല്ലിന്റെ ഔഷധഗുണത്തെക്കുറിച്ച് ആയൂർവ്വേദത്തിൽ പരാമർശമുള്ളതുകൊണ്ടുതന്നെ ഇതിന് ചരകാശുശ്രുതൻമാരുടെ ജീവിത കാലത്തോളം പഴക്കം കൽപ്പിക്കപ്പെടുന്നു. നെല്ലിന്റെ പുറത്തുള്ള വരകൾ നോക്കിയാണ് ചെന്നെല്ലിനെ ഇതരപാരമ്പര്യനെല്ലിനങ്ങളിൽ നിന്നും പഴമക്കാർ തിരിച്ചറിയുന്നത്.

വിളഞ്ഞുപാകമായ കതിർ വയലിൽ നിന്നും മുറിച്ചെടുത്താണ് ചെന്നെല്ലിന്റെ വിത്ത് ശേഖരിക്കുന്നത്. ഔഷധഗുണമുള്ള നെല്ലായതുകൊണ്ട് വിത്തിൽ കലർപ്പ് വരാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇപ്രകാരം ശേഖരിച്ച് വിത്ത് ഉണക്കാനിടുന്നു. വിത്ത് ഏഴു മഞ്ഞും ഏഴു വെയിലും കൊള്ളിക്കണമെന്നാണ് പഴമക്കാർ പറയുന്നത്. ഇതിനുശേഷം മുളചീന്തി ഉണ്ടാക്കിയ കൊമ്മയിലോ അല്ലെങ്കിൽ പത്തായത്തിലോ വിത്ത് സൂക്ഷിക്കുന്നു. വിത്തിനെ കീടങ്ങൾ ആക്രമിക്കാതിരിക്കാനായി ഉങ്ങ് (Pongamia pinnata) പച്ചക്കർപ്പൂരം (Artemisia Vulgarisis) എന്നിവയുടെ ഇലകൾ ഇട്ടുവെക്കുന്നു. ത്രിദോഷങ്ങൾക്ക് (വാതം, പിത്തം, കഫം) പരിഹാരമായി ആയൂർവ്വേദത്തിൽ ചെന്നെല്ലിന്റെ ഉപയോഗം വിധിച്ചിരിക്കുന്നു. കൂടാതെ ഈ നെല്ലിന്റെ ഉപയോഗത്തിന് ആയുർവ്വേദപ്രകാരം 3000 വർഷത്തെ പഴക്കമുള്ളതായി പറയുന്നു (The Hindu, Feb, 62012), ഈ നെല്ലിനത്തിന് ബാക്ടീരിയൽ ബ്ലൈറ്റീനെ പ്രതിരോധിക്കുവാനുള്ള കഴിവുണ്ടെന്ന് പഠനങ്ങൾ കാണിക്കുന്നു.

ചെന്നെല്ലിന് പല ഇനങ്ങൾ ഉള്ളതായി പറയപ്പെടുന്നുണ്ട്. വയനാട്ടിൽത്തന്നെ ചെന്നെല്ലിലുള്ള (വലിയചെന്നെല്ല്) ആര്യൻ ചെന്നെല്ല്, കണിചെന്നെല്ല് എന്നിങ്ങനെയുള്ള ഇനങ്ങളെപ്പറ്റി ആദിവാസി കർഷക വിഭാഗമായ കുറിച്യർ പറയുന്നുണ്ട്. കണിച്ചെന്നെല്ലിന് വലിപ്പം കുറച്ച് കുറവായിരിക്കും. കണ്ണൂർജില്ലയുടെ ചില ഭാഗങ്ങളിൽ കരയിൽ കൃഷിചെയ്യുന്ന ചെന്നെല്ലിനെപ്പറ്റി പറയുന്നുണ്ട്. (ShowmyK.S. & Yusuf A.) ആണ്ടുവിള ചെന്നെല്ല് എന്ന പേരിൽ ഒരു വർഷം മൂപ്പുള്ളതും കേരളത്തിൽ കൃഷി ചെയ്തിരുന്നതുമായ ചെന്നെല്ലിന്റെ മറ്റൊരിനത്തെക്കുറിച്ച് ഡോ.എസ്. ലീനാകുമാരി പറയുന്നുണ്ട് (ലീനാകുമാരി, 2004). കഫം,പിത്തം എന്നീ ദോഷങ്ങളെ വർധിപ്പിക്കുന്നത് കൊണ്ട് ഇതിന്‍റെ ദിവസേന ഉപയോഗത്തില്‍ നിയന്ത്രണം നിഷ്കര്‍ഷിച്ചിരുന്നുവത്രേ.

ഔഷധഗുണങ്ങൾ

നേരത്തെ സൂചിപ്പിച്ചതുപോലെ ഉത്തരകേരളത്തിലാണ് ചെന്നെല്ല് ഏറിയകൂറും കൃഷിചെയ്തുവരുന്നത്. വലിയചെന്നെല്ല് വയനാട് ജില്ലയിലാണ് കൃഷിചെയ്യുന്നത്. കർഷക ആദിവാസി വിഭാഗമായ കുറുമ-കുറിച്യ വിഭാഗങ്ങളാണ് പ്രധാനമായും ചെന്നെല്ല് കൃഷി ചെയ്യുന്നത്. ചെന്നെല്ലിന്റെ ഔഷധ ഗുണങ്ങൾ ഏറെയാണ്. ചെന്നെല്ലിന്റെ അരിയും ഇടിഞ്ഞിലിന്റെ (Pterospermum rubiginosum) തൊലിയും വേവിച്ച് കഞ്ഞിയാക്കി പ്രസവിച്ച സ്ത്രീകൾക്ക് നൽകിവരുന്നു. പ്രസവശുശ്രൂഷയുടെ ഭാഗമായാണ് ഇങ്ങനെ ചെയ്യുന്നത്. ചെന്നെല്ല് കഞ്ഞിവെച്ചു കുടിക്കുന്നത് വയറിളക്കത്തിന്, വിശേഷിച്ച് വയറ്റിൽ നിന്നും രക്തം പോകുന്നത് തടയാൻ ഉത്തമമാണെന്ന് കുറിച്യർ പറയുന്നു. ചെന്നെല്ലിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ കാണിക്കുന്നു. കണ്ണൂർ ജില്ലയുടെ ചില ഭാഗങ്ങളിൽ ചെന്നെല്ല് അതിസാരത്തെ ചെറുക്കുന്നതിനായി ഉപയോഗിച്ചു വരുന്നതായി പറയുന്നുണ്ട്. ഇതിന്റെ അരി കഞ്ഞിവെച്ചുകുടിക്കുന്നത് മഞ്ഞപ്പിത്തം തടയാൻ ഉപകരിക്കുമെന്ന് കുറിച്യർ പറയുന്നു.

കർക്കിടക കഞ്ഞി ഉണ്ടാക്കാനും ചെന്നെല്ല് ഉപയോഗിച്ചു വരുന്നുണ്ട്. കുരുമുളക്, ചുക്ക്, ചെന്നെല്ല് എന്നിവയുടെ കൂടെ മറ്റ് ചില പച്ചമരുന്നുകൾ കൂട്ടിചേർത്താണ് കർക്കിടകകഞ്ഞി ഉണ്ടാക്കുന്നത്. "മുളക് കഞ്ഞി' എന്ന പേരിലും ഈ കഞ്ഞി അറിയപ്പെടുന്നു. നടുവേദനക്ക് കിഴിവെക്കാനും ചെന്നെല്ല് ഉപയോഗിക്കുന്നുണ്ട്. ഇതിനായി എണ്ണ അല്ലെങ്കിൽ കുഴമ്പ് ആദ്യം ശരീരത്തിൽ തേച്ചു പിടിപ്പിക്കുന്നു. ശേഷം തുണിയിൽ ചെന്നെല്ല് കിഴികെട്ടി മണലിൽ ചൂടാക്കി കിഴിപിടിക്കുന്നു.

ചെന്നെല്ലും ആചാരാനുഷ്ഠാനങ്ങളും

ഔഷധാവശ്യങ്ങൾക്കു പുറമെ നിരവധി അനുഷ്ഠാനങ്ങൾക്കും ചെന്നെല്ല് ഉപയോഗിച്ചുവരുന്നു. ആദിവാസി വിഭാഗമായ കുറിച്യർ "മകം കുളിപ്പിക്കൽ' ചടങ്ങിന് ഉപയോഗിക്കുന്നത് ചെന്നെല്ലാണ്. മലയാളമാസമായ കന്നിമാസത്തിലെ മകം നക്ഷത്രത്തിലാണ് മകം കുളിപ്പിക്കൽ ചടങ്ങ് നടത്തുന്നത്. അന്നേ ദിവസം പുലർച്ചയ്ക്ക് അഞ്ചു മണിയോടുകൂടി തറവാട്ടുകാരണവരുടെ നേതൃത്വത്തിൽ ആണുങ്ങളെല്ലാവരും കൂടി വയലിൽ ചെന്ന് വരമ്പത്ത് നിലവിളക്കും ചന്ദനത്തിരിയും കത്തിച്ചുവെക്കുന്നു. ശേഷം തേങ്ങാവെള്ളം കൊണ്ട് നെൽച്ചെടിയെ കുളിപ്പിക്കുന്നു. ഇതോടൊപ്പം പൂജയും നടത്തുന്നു. തുടർന്ന് നെൽച്ചെടിയെ ചന്ദനം തൊടുവിക്കുന്നു. ഇതുപോലെത്തന്നെ വിശേഷാവസരങ്ങളിൽ നിറപറ വെക്കാനും ചെന്നെല്ലാണ് ഉപയോഗിക്കുന്നത്. തുലാം പത്തിനാണ് പുത്തരികയറ്റൽ ചാർത്ത്. പുലർച്ചെ കാരണവരുടെ നേതൃത്വത്തിൽ തറവാട്ടിലെ ആണുങ്ങൾ വയലിൽ പോയി പൂജ കഴിച്ചശേഷം പാകമായ ചെന്നെല്ലിന്റെ കതിരുകൾ മുറിച്ചുകൊണ്ടു വരുന്നു. ശേഷം ഇത് തറവാട്ടു വീടിന്റെ പൂമുഖത്ത് കെട്ടിത്തൂക്കുന്നു. ചെന്നെല്ല് കൃഷിയില്ലെങ്കിൽ വയലിൽ ആദ്യം വിളയുന്ന പാരമ്പര്യ വിത്തിന്റെ കതിരായിരിക്കും പുത്തരികയറ്റാൻ എടുക്കുന്നത്. അന്നേദിവസം സദ്യയുമുണ്ടായിരിക്കും. മുൻകാലങ്ങളിൽ തുലാപ്പത്തിനോടനുബന്ധിച്ച് നായാട്ടും ഉണ്ടായിരുന്നു. ഇന്ന് വനത്തിലേക്കുള്ള പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതിനുശേഷം കാര്യമായി നായാട്ടിലേർപ്പെടാറില്ല.

ചെന്നെല്ല്: ഒരു കർഷക നെൽവിത്തിനം

ഭാരത സർക്കാർ 2001-ൽ പാസ്സാക്കിയ സസ്യജനിതക സംരക്ഷണനിയമം; കർഷകരുടെ അവകാശങ്ങൾ എന്ന നിയമത്തിനു കീഴിൽ ചെന്നെല്ല് കർഷക ഇനമായി Plant Variety Authority of Indiaയ്ക്കു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എം. എസ്. സ്വാമിനാഥൻ ഗവേഷണ നിലയം മുൻകൈയെടുത്ത് രൂപീകരിച്ച വയനാട്ടിലെ പാരമ്പര്യ നെൽക്കർഷകരുടെ കൂട്ടായ്മയായ "സീഡ് കെയർ' എന്ന സംഘടനയാണ് ചെന്നെല്ലിനെ മേൽപ്പറഞ്ഞ നിയമത്തിനു കീഴിൽ കർഷക ഇനമായി രജിസ്റ്റർ ചെയ്തത്. ചെന്നെല്ല് ഉൾപ്പെടെ 21 പാരമ്പര്യനെല്ലിനങ്ങൾ ഇപ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുകൂടാതെ എം. എസ്. സ്വാമിനാഥൻ ഗവേഷണ നിലയം മുൻകെയ്യെടുത്തു രൂപീകരിച്ച 'വയനാട് ആദിവാസി വികസന പ്രവർത്തകസമിതി' സംരക്ഷിച്ചുവരുന്ന 20 പാരമ്പര്യനെല്ലിനങ്ങൾക്ക് കേന്ദ്രകൃഷിമന്ത്രാലയം നൽകിവരുന്ന 2008 -ലെ 'ജീനോം സേവിയർ പുരസ്കാരം ലഭ്യമായിട്ടുണ്ട്. മേൽപ്പറഞ്ഞ 20 നെല്ലിനങ്ങളിൽ ഒരിനം ചെന്നെല്ലാണ്. ചെന്നെല്ലു പോലുളള സവിശേഷ നെല്ലിനങ്ങളുടെ സംരക്ഷണം പ്രത്യേക ശ്രദ്ധ അർഹിക്കുന്ന ഒന്നാണ്.

കടപ്പാട്: കേരളകര്‍ഷകന്‍

 

അവസാനം പരിഷ്കരിച്ചത് : 7/27/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate