অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കിഴങ്ങ് വര്‍ഗങ്ങള്‍ പോഷകന്യൂനതയും പരിഹാരവും

കിഴങ്ങ് വര്‍ഗങ്ങള്‍ പോഷകന്യൂനതയും പരിഹാരവും

കിഴങ്ങ് വര്‍ഗങ്ങള്‍ പോഷകന്യൂനതയും പരിഹാരവും

കിഴങ്ങുവർഗ വിളകളായ മരച്ചീനി, ചേന, ചേമ്പ്, കാച്ചിൽ എന്നിവയുടെ ഉത്പാദനക്ഷമത അധികമാണ്. ഏകദേശം 30-75 ടൺ വരെ ഹെക്ടറിന് ഇത്രത്തോളം വിളവ് ലഭിക്കുമ്പോൾ മണ്ണിൽ നിന്നും വലിച്ചെടുക്കുന്ന മൂലകങ്ങളുടെ അളവും മറ്റു വിളകളായ നെല്ല്, ഗോതമ്പ് എന്നിവയെ അപേക്ഷിച്ച് വളരെ കൂടുതലാണ്.

മണ്ണിൽ പോഷകമൂലകങ്ങളുടെ അഭാവം അഥവാ ലഭ്യത കുറയുമ്പോൾ വിളകൾ പലതരത്തിലുള്ള അഭാവരോഗലക്ഷണങ്ങൾ ചെടിയുടെ പല ഭാഗങ്ങളിൽ, പ്രത്യേകിച്ചും ഇലകളിൽ പ്രകടമാക്കുന്നു. മരച്ചീനി, മധുരക്കിഴങ്ങ്, ചേന, ചേമ്പ്, കാച്ചിൽ മുതലായ പ്രധാന കിഴങ്ങുവർഗവിളകളിൽ പോഷകമൂലകങ്ങളുടെ തോത് കുറയുമ്പോഴും, കൂടുമ്പോഴുമുള്ള പ്രകടമാകുന്ന ലക്ഷണങ്ങളും അവയുടെ പ്രതിവിധികളുമാണ് ഇവിടെ വിവരിക്കുന്നത്. പ്രാഥമിക മൂലകങ്ങളിൽ പ്രധാനിയായ നൈട്രജൻ ചെടിയുടെ വളർച്ചക്ക് അത്യന്താപേക്ഷിതമാണ്. ഇതിന്റെ അഭാവം ചെടിയിലെ മുതിർന്ന താഴത്തെ ഇലകളിൽ മഞ്ഞനിറം ഉണ്ടാക്കുകയും, മൊത്തത്തിലുള്ള വളർച്ച മുരടിക്കുകയും ചെടികൾ വിളർച്ച ബാധിച്ച് ഉണങ്ങിപ്പോകുകയും ചെയ്യുന്നു. ഈ മൂലകം ചെടിയിൽ ചലിക്കുന്ന അവസ്ഥയിലായതിനാൽ ഇതിന്റെ അഭാവം എപ്പോഴും താഴത്തെ ഇലകളിലായിരിക്കും കാണുക. ശുപാർശ ചെയ്ത അളവിൽ തന്നെ നൈട്രജനും, ജൈവവളവും നൽകുന്നതുവഴി ഈ മൂലകത്തിന്റെ അഭാവം വരാതെ വിളയെ സംരക്ഷിക്കാവുന്നതാണ്. അഭാവം കാണുകയാണെങ്കിൽ ചെറിയ അളവിൽ അതായത് 0.1- 0.5% നിരക്കിൽ യൂറിയ തളിച്ചു കൊടുത്താൽ ചെടിയിലെ അഭാവലക്ഷണങ്ങൾ പെട്ടെന്ന് തന്നെ പരിഹരിക്കാവുന്നതാണ്. കൂടാതെ വിളയുടെ ആദ്യഘട്ടത്തിൽ തന്നെ

ഇലകളിൽ ലക്ഷണങ്ങൾ ദൃശ്യമായെങ്കിൽ ശുപാർശ പ്രകാരമുള്ള നൈട്രജനും, ജൈവവളവും ഒറ്റയ്ക്കോ, സംയോജിതമായോ നൽകാൻ ശ്രദ്ധിക്കുക.

പാക്യജനകം കഴിഞ്ഞാൽ അടുത്ത പ്രധാനപ്പെട്ട പോഷക മൂലകമാണ് ഫോസ്ഫറസ്. കേരളത്തിലെ വെട്ടുകൽ അഥവാ ലാറ്ററൈറ്റ് മണ്ണിൽ ആവശ്യത്തിലധികം ലഭ്യതയുള്ള മൂലകമായതിനാൽ സാധാരണയായി ഇവയുടെ അഭാവം വളരെ വിരളമായി മാത്രമേ കാണാറുള്ളൂ. ഈ മൂലകവും ചെടികളിൽ ചലനാവസ്ഥയിലായതിനാൽ, താഴത്തെ മുതിർന്ന ഇലകളിലാണ് സാധാരണയായി ലക്ഷണങ്ങൾ കാണാറുള്ളത്. പർപ്പിൾ നിറമായിട്ട് ഇലകൾ കാണുന്നതാണ് ലക്ഷണം. കിഴങ്ങുവർഗ വിളകളിൽ, സാധാരണയായി മധുരക്കിഴങ്ങിന്റെ ഇലകളിൽ ഭാവഹത്തിന്റെ അഭാവം ചിലപ്പോൾ കാണാറുണ്ട്. പർപ്പിൾ നിറത്തിലുള്ള ഇലകൾ പിന്നീട് മഞ്ഞനിറമുള്ളതായി ഉണങ്ങിപ്പോകുന്നു. ഫോസ്ഫറസ് തീരെ കുറഞ്ഞമണ്ണിൽ ശുപാർശയനുസരിച്ച് അത് അടിവളമായി നൽകുക. അഭാവലക്ഷണം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞാണെങ്കിൽ 19: 19: 19 എന്ന വെള്ളത്തിൽ അലിയുന്ന വളം 0.5-1% എന്ന തോതിൽ ഇലയിൽ തളിച്ചാൽ ഇത് മാറിക്കിട്ടുന്നതാണ്.

കിഴങ്ങുവർഗ വിളകളെ സംബന്ധിച്ചിടത്തോളം താക്കോൽ മൂലകമാണ് ക്ഷാരം അഥവാ പൊട്ടാസ്യം. ഈ മൂലകം വിളയുത്പ്പാദനത്തിനു പുറമേ കിഴങ്ങുകളുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനും സഹായകമാണ്. അതായത് മരച്ചീനിയുടെ “കട്ട് 'അഥവാ "കയ്പ് കുറയ്ക്കുവാനും, അന്നജത്തിന്റെ അളവ് കൂട്ടാനും ക്ഷാരം പ്രയോജനപ്രദമാണ്. പൊട്ടാസ്യത്തിന്റെ അഭാവം താഴത്തെ മുതിർന്ന ഇലകളുടെ വശങ്ങളും, അഗ്രവും കരിയുന്നതിനും പിന്നെ പൂർണമായും ഇലകൾ ഉണങ്ങി കരിഞ്ഞ് കൊഴിയുന്നതിനുമിടയാക്കുന്നു. ചെടിയുടെ മൊത്തത്തിലുള്ള വളർച്ചയെ ഇതു ബാധിക്കുന്നു. ശുപാർശ ചെയ്ത അളവിൽ ജൈവവളവും പൊട്ടാസ്യവും നൽകുന്നതു വഴി അഭാവം വരാതെ പരിപാലിക്കാൻ സാധിക്കും, ലക്ഷണം കണ്ടു തുടങ്ങുന്ന അവസ്ഥയിൽ പൊട്ടാഷ് മണ്ണിൽ ഇടുക. ലക്ഷണം പുരോഗമിച്ചുകഴിഞ്ഞാൽ സൾഫേറ്റ് ഓഫ് പൊട്ടാഷ് 0.5-1% എന്ന തോതിൽ ചെടിയുടെ ഇലകളിൽ കലക്കി തളിക്കുക.

കിഴങ്ങുവർഗ വിളകളിൽ ദ്വിതീയ മൂലകങ്ങളായ കാൽസ്യം, മഗ്നീഷ്യം എന്നിവ പ്രധാനപ്പെട്ടതാണ്. ലക്ഷണങ്ങൾ തളിരിലകളിലും ചെടിയുടെ മുകൾഭാഗത്തുമാണ് സാധാരണ കാണുന്നത്. ഈ ഇലകൾ കുരുടിച്ച് ചെടിയുടെ ഇലയുടെ യഥാർത്ഥ ആകൃതി നഷ്ടപ്പെട്ടരീതിയിലാകുന്നു. ഉദാഹരണത്തിന് മരച്ചീനി ഇലയുടെ അഗ്രം കൂർത്തിരിക്കുന്ന സ്ഥാനത്ത് വൃത്താകൃതിയിലായി മാറുന്നു. കുമ്മായം അഥവാ ഡോളമൈറ്റ് ഹെക്ടറിന് 1-2 ടൺ വരെ ഉപയോഗിക്കുന്നത് ഈ അഭാവം തടയാൻ സഹായിക്കും. ലക്ഷണം പ്രകടമാക്കിക്കഴിഞ്ഞാൽ 0.5-1% കാൽസ്യം നൈട്രേറ്റ് ഇലകളിൽ തളിച്ചാൽ പുതുതായി നാമ്പെടുക്കുന്ന ഇലകളിലെ ലക്ഷണങ്ങൾ വരാതെ തടയാവുന്നതാണ്.

മഗ്നീഷ്യം എന്ന മൂലകം കിഴങ്ങുവർഗവിളകൾക്ക് പ്രത്യേകിച്ചും മരച്ചീനിക്ക് വളരെ ആവശ്യമുള്ളതാണ്. ഇതു ചെടികളിലെ പ്രകാശസംശ്ലേഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവയുടെ അഭാവം

ചെടിയുടെ താഴെയുള്ള മുതിർന്ന ഇലകളുടെ ഞരമ്പുകൾ പച്ചനിറത്തിലും അവയ്ക്കിടയിലെ ഇലയുടെ ഭാഗം മഞ്ഞനിറത്തിലും ആകുന്ന അവസ്ഥ സൃഷ്ടിക്കുന്നു. ഈ ഇലകൾ പിന്നെ മഞ്ഞനിറത്തിലായി ഉണങ്ങി കൊഴിയാനിടയാകുന്നു. മരച്ചീനിക്ക് മണ്ണിൽ മഗ്നീഷ്യം സൾഫേറ്റ് ഹെക്ടറിന് 20 കി.ഗ്രാം തോതിൽ മേൽവളം പ്രയോഗിച്ച ശേഷം ഒരു മാസത്തിനകം നൽകിയാൽ ഇതിന്റെ അഭാവം വരാതെ തടയാവുന്നതാണ്. തുടർച്ചയായി മഗ്നീഷ്യം സൾഫേറ്റ് ഉപയോഗിക്കുമ്പോൾ മണ്ണു പരിശോധനയുടെ അടിസ്ഥാനത്തിൽ ആവശ്യമുണ്ടെങ്കിൽ നൽകുക. ചേനയ്ക്ക് ഡോളമൈറ്റ് ഹൈക്ടറിന് 2 ടൺ എന്ന തോതിലോ മഗ്നീഷ്യം സൾഫേറ്റ് 80 കി.ഗ്രാം എന്ന അളവിലോ അടിവളമായി നടുന്ന സമയത്തോ നൽകാവുന്നതാണ്. ഇലകളിൽ ഇതിന്റെ അഭാവലക്ഷണങ്ങൾ കണ്ടാൽ 0.5% മഗ്നീഷ്യം സൾഫേറ്റ് തളിക്കാവുന്നതാണ്. ചെറുകിഴങ്ങിലും ചേമ്പിലും ഡോളമൈറ്റ് ഉപയോഗിക്കാം. പാൽ ചേമ്പിൽ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ മഗ്നിഷ്യം സൾഫേറ്റിനോടു (0.5%) കൂടെ സിങ്ക് സൾഫേറ്റും (0.5%) യോജിപ്പിച്ച് ഇലയിൽ തളിച്ചാൽ ലക്ഷണങ്ങൾ മാറി പുതിയ ഇലകൾ ലക്ഷണങ്ങൾ പ്രകടമാക്കാത്തവിധമാകും.

കിഴങ്ങുവർഗ വിളകളിൽ വളരെ അപൂർവ്വമായി മാത്രമേ സൾഫറിന്റെ അഭാവം കാണാറുള്ളൂ. സാധാരണയായി തളിരിലയുടെ മഞ്ഞളിപ്പ് ആണ് ലക്ഷണം. കേരളത്തിലെ കൃഷിക്കാർ ഫാക്ടംഫോസ് (15% സൾഫർ) എന്ന രാസവളം ഉപയോഗിക്കുന്നതുകൊണ്ടാണ് സൾഫർ അഭാവം ഇവിടെ കാര്യമായി കാണാത്തത്. പോരെങ്കിൽ മണ്ണിൽ സൾഫറിന്റെ അംശം ആവശ്യത്തിലധികം ഉണ്ടുതാനും.

കേരളത്തിലെ 50-65% മണ്ണിൽ ബോറോൺ എന്ന സൂക്ഷ്മമൂലകത്തിന്റെ അഭാവം കാണുന്നു. ഈ മൂലകത്തിന്റെ അഭാവം വിളകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ശ്രദ്ധയോടുകൂടി ഉപയോഗിക്കേണ്ട ഒരു മൂലകമാണ് ബോറോൺ (മണ്ണിലായാലും, ഇലയിലായാലും). മരച്ചീനിക്ക് 10 കി.ഗ്രാം ഹെക്ടറിന് എന്ന തോതിൽ ബോറോക്സ് / ബോറിക് ആസിഡ് ശുപാർശ ചെയ്യുന്നുണ്ട്. എന്നിരുന്നാലും ബോറോൺ ചെടിയിലും, മണ്ണിലും കൂടുതലായാൽ അത്തരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കുകയും അത് ചെടിയുടെ വളർച്ചയേയും, വിളയുത്പാദനത്തേയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നതിനാൽ മണ്ണുപരിശോധനാടിസ്ഥാനത്തിൽ ബോറോൺ മണ്ണിൽ ഉപയോഗിക്കുന്നതായിരിക്കും അഭികാമ്യം.

മരച്ചീനിയിലും മധുരക്കിഴങ്ങിലും ഈ മൂലകത്തിന്റെ അഭാവലക്ഷണങ്ങൾ പ്രകടമായി കണ്ടിട്ടുണ്ട്. മരച്ചീനിയിൽ തളിരിലയും ചെടിയുടെ അഗ്രഭാഗവും കുരുടിച്ച് ഇലകൾ ശോഷിച്ചുപോകുന്ന അവസ്ഥയുണ്ടാകും. നമ്മുടെ വെട്ടുകൽ മണ്ണിൽ ഇത് കണ്ടുവരുന്നുണ്ട്. അഭാവ ലക്ഷണങ്ങൾ കണ്ടു കഴിഞ്ഞാൽ കാൽസ്യം നൈട്രേറ്റ് (0.5%) സോലുബോർ (0.05-0.1%) ചേർത്ത് രണ്ടാഴ്ചയിൽ ഒരിക്കൽ ഇലകളിൽ ചെടി ഒന്നിന് ഏകദേശം 500-750 ലിറ്റർ വരെ തളിച്ചുകൊടുത്താൽ പുതിയ ഇലകളെ ഈ ലക്ഷണത്തിൽ നിന്നും ഒഴിവാക്കാവുന്നതാണ്. കേരളത്തിലെ വെട്ടുകൽ മണ്ണിൽ ഇരുമ്പ്, മാംഗനീസ് തുടങ്ങിയ മൂലകങ്ങൾ ആവശ്യത്തിനുള്ളതിനാൽ ഇവയുടെ അഭാവം സാധാരണ കാണാറില്ല, കോപ്പർ, സിങ്ക് എന്നീ മൂലകങ്ങളും കേരളത്തിലെ മണ്ണിൽ കുറവല്ലാത്തതിനാൽ അവമൂലമുണ്ടാകുന്ന ലക്ഷണങ്ങൾ തുലോം വിരളമാണ്. മേൽ പ്രസ്താവിച്ച രീതിയിലുള്ള അഭാവലക്ഷണങ്ങൾ മറ്റുള്ള വിളകളിൽ കണ്ടാൽ കൃഷിഭവനുമായി ബന്ധപ്പെട്ട് പരിഹാരമാർഗങ്ങള്‍ തേടാവുന്നതാണ്.

കടപ്പാട്: കേരളകര്‍ഷകന്‍

അവസാനം പരിഷ്കരിച്ചത് : 3/18/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate