অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഭക്ഷ്യസുരക്ഷയും ജനങ്ങളും

ഭക്ഷ്യസുരക്ഷയും ജനങ്ങളും - ആമുഖം

പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ 2009 ജൂണ്‍ നാലിനാണ് ഭക്ഷ്യസുരക്ഷാ നിയമം ഉടന്‍ അംഗീകരിക്കുമെന്ന് രാഷ്ട്രപതിയെക്കൊണ്ട് പ്രസംഗിപ്പിച്ചത്. പക്ഷേ, നിയമനിര്‍മാണ നടപടികള്‍, മനഃപൂര്‍വമെന്നുതോന്നുംവിധം, അനന്തമായി നീട്ടിക്കൊണ്ടുപോയി. നാലരവര്‍ഷത്തിനുശേഷം 2013 ഒക്ടോബര്‍ 30ന് ദേശീയ ഭക്ഷ്യസുരക്ഷാനിയമം നിലവില്‍വന്നു. വോട്ടര്‍മാരെ സ്വാധീനിക്കാനാണ് ഭക്ഷ്യസുരക്ഷാ നിയമം അംഗീകരിച്ചതെന്ന വിമര്‍ശം പ്രസക്തമാകുന്നത് ഈ പശ്ചാത്തലത്തിലാണ്.

രാഷ്ട്രീയലക്ഷ്യം എന്തുതന്നെയായാലും നിയമത്തിന്റെ ഉള്ളടക്കം ഗൗരവതരമായ പരിശോധനയ്ക്ക് വിധേയമാകണം. പ്രധാന ചോദ്യം, എല്ലാവര്‍ക്കും ആവശ്യത്തിന് ഗുണമേന്മയുള്ള ഭക്ഷ്യധാന്യങ്ങള്‍ കുറഞ്ഞ ചെലവില്‍ എല്ലായ്പ്പോഴും ലഭ്യമാക്കാന്‍ നിയമം പര്യാപ്തമാണോ എന്നതാണ്.

ഭക്ഷ്യസുരക്ഷാ നിയമം ജനങ്ങളെ രണ്ടുവിഭാഗങ്ങളായി തിരിക്കുന്നു: മുന്‍ഗണനാവിഭാഗവും അതല്ലാത്തതും. മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുന്ന ഗ്രാമീണജനസംഖ്യയില്‍ 75 ശതമാനത്തിനും പട്ടണത്തിലെ 50 ശതമാനത്തിനും പ്രതിമാസം അഞ്ചുകിലോവീതം, മൂന്നുരൂപയ്ക്ക് അരിയും രണ്ടുരൂപയ്ക്ക് ഗോതമ്പും ഒരു രൂപയ്ക്ക് പരുക്കന്‍ ധാന്യങ്ങളും നിയമം വ്യവസ്ഥചെയ്യുന്നു. 81 കോടി ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. അവശേഷിക്കുന്ന 41 കോടി ഇന്ത്യക്കാര്‍ക്ക് ഒരു പ്രയോജനവും ലഭിക്കില്ല എന്നര്‍ഥം. ബിപിഎല്‍- എപിഎല്‍ എന്ന് ജനങ്ങളെ രണ്ടുതട്ടായി തിരിച്ചത് 1997 മുതലാണ്. സബ്സിഡി ചെലവുചുരുക്കുകയായിരുന്നു ലക്ഷ്യം. ആ വിഭജനം ഭക്ഷ്യസുരക്ഷാ നിയമത്തിലും നിലനിര്‍ത്തി. ഒരു വ്യത്യാസംമാത്രം. എപിഎല്‍കാര്‍ക്ക് കുറഞ്ഞനിരക്കില്‍ അരിയും ഗോതമ്പും മണ്ണെണ്ണയും ലഭിച്ചുവരുന്നുണ്ട്. ഇനിമേല്‍ അതുണ്ടാകില്ല. എപിഎല്‍ വിഭാഗം പൂര്‍ണമായും പൊതുവിതരണസമ്പ്രദായത്തിന് പുറത്താകും. എല്ലാവര്‍ക്കും ആവശ്യത്തിന് ഭക്ഷ്യധാന്യം എന്ന ലക്ഷ്യത്തിന് അതോടെ അന്ത്യമാകും. ആരോഗ്യശാസ്ത്രജ്ഞര്‍ നിര്‍ദേശിക്കുന്നത് ഗ്രാമീണന് പ്രതിദിനം 2300 കലോറി ഭക്ഷ്യ ഊര്‍ജമെങ്കിലും കിട്ടണമെന്നാണ്. പട്ടണവാസിക്ക് 2100 ഉം. 100 ഗ്രാം അരിയില്‍നിന്ന് ലഭിക്കുക 120 കലോറി ഭക്ഷ്യ ഊര്‍ജമാണ്. അപ്പോള്‍ അഞ്ചുകിലോഗ്രാം അല്ലെങ്കില്‍ 5000 ഗ്രാം അരിയില്‍നിന്ന് ലഭിക്കുക 6000 കലോറി ഭക്ഷ്യ ഊര്‍ജം. അഥവാ, പ്രതിദിനം 200 കലോറി ഭക്ഷ്യ ഊര്‍ജം. ചോറും ചപ്പാത്തിയും ഒപ്പം ഭക്ഷിക്കുമെങ്കില്‍ കൂടുതലായി 333 കലോറി ഭക്ഷ്യ ഊര്‍ജം ലഭിക്കും. 100 ഗ്രാം ഗോതമ്പില്‍നിന്ന് 200 കലോറി ഭക്ഷ്യ ഊര്‍ജം കിട്ടുന്നതുകൊണ്ടാണ് ഈ വര്‍ധന. പക്ഷേ, രണ്ടും തുല്യ അളവില്‍ ചേര്‍ന്ന ഭക്ഷണമല്ല കേരളീയന്റേത്. അരിയാണ് മുഖ്യ ആഹാരം. അഞ്ചുകിലോഗ്രാം അരിയില്‍നിന്ന് ആരോഗ്യശാസ്ത്രജ്ഞന്മാര്‍ നിര്‍ദേശിക്കുന്നതിന്റെ എത്രയോ കുറവുമാത്രം ഭക്ഷ്യ ഊര്‍ജമാണ് കിട്ടുക!

സന്ദേശം വളരെ വ്യക്തമാണ്. ഭക്ഷ്യധാന്യംകൊണ്ടുമാത്രം ജനങ്ങളുടെ പോഷകാഹാരക്കുറവ് പരിഹൃതമാവുകയില്ല. ചോറും ചപ്പാത്തിയും ഭക്ഷണത്തില്‍ ഒരുഭാഗംമാത്രമാണ്. ധാന്യേതര പദാര്‍ഥങ്ങളാണ് മറുഭാഗം. പോഷകമൂല്യവും ഉയര്‍ന്ന കലോറിയും നല്‍കുന്നവയാണ് പച്ചക്കറികളും പഴങ്ങളും പയറും പഞ്ചസാരയും എണ്ണയും ഇറച്ചിയും മത്സ്യവും പാലും മുട്ടയും മറ്റും. ഇന്ന് അവയെല്ലാം പണമുള്ളവരുടെ ഭക്ഷണ ഇനങ്ങളാണ്. അവ സാധാരണക്കാര്‍ക്കും ലഭ്യമാകണം. എങ്കില്‍മാത്രമേ ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങള്‍ നേരിടുന്ന അടിസ്ഥാന പ്രശ്നം- പോഷകാഹാരക്കുറവും തജ്ജന്യമായ രോഗങ്ങളും മറ്റും- പരിഹരിക്കപ്പെടൂ. യൂണിസെഫിന്റെ ഒടുവിലത്തെ പഠനപ്രകാരം ഇന്ത്യയില്‍ മൂന്നിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങളില്‍ 50 ശതമാനത്തിനും പ്രായത്തിനൊത്ത തൂക്കമില്ല. പുതുതായി ജനിക്കുന്ന കുഞ്ഞുങ്ങളില്‍ 30 ശതമാനവും തൂക്കക്കുറവോടെയാണ് ജനിക്കുന്നത്. 50 ശതമാനം സ്ത്രീകളും 74 ശതമാനം കുഞ്ഞുങ്ങളും വിളര്‍ച്ചരോഗബാധിതരാണ്. അരിയും ഗോതമ്പും തിന്ന് പരിഹരിക്കാവുന്നതല്ല പോഷകാഹാരക്കുറവ്. പച്ചക്കറികള്‍, പയര്‍, പഞ്ചസാര, എണ്ണ, പാല്‍ തുടങ്ങിയവ കുറഞ്ഞനിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ക്കൊപ്പം വിതരണംചെയ്യണം. അതിനു പക്ഷേ, ഭക്ഷ്യസുരക്ഷാ നിയമത്തില്‍ വ്യവസ്ഥയില്ല. ഗര്‍ഭിണികള്‍ക്ക് വേണ്ടത്ര പോഷകാഹാരം ലഭിക്കായ്ക കുഞ്ഞുങ്ങളുടെ തൂക്കത്തെയും വളര്‍ച്ചയെയും ബാധിക്കും.

വിദ്യാഭ്യാസ- ആരോഗ്യ- സാമ്പത്തിക കാര്യങ്ങളില്‍ കടുത്ത സ്ത്രീ- പുരുഷ അസമത്വമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്ന് ഗ്ലോബല്‍ ഇക്കണോമിക് ഫോറം പുറത്തുവിട്ട ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 136 രാജ്യങ്ങളെ വിലയിരുത്തിയതില്‍ ഇന്ത്യ 101-ാം സ്ഥാനത്താണ്. സ്ത്രീ- പുരുഷ അസമത്വം സംബന്ധിച്ച നാലു സൂചകങ്ങളില്‍ രാഷ്ട്രീയ ശാക്തീകരണത്തില്‍ ഒമ്പതാംസ്ഥാനത്താണ് രാജ്യം. വിദ്യാഭ്യാസത്തില്‍ പക്ഷേ 120-ാം സ്ഥാനത്തും. സാമ്പത്തിക പങ്കാളിത്തത്തില്‍ 124-ാം സ്ഥാനത്തും ആരോഗ്യത്തില്‍ 135-ാം സ്ഥാനത്തുമാണ്. ഫുഡ്പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്സ് പ്രകാരം ആഗോള വിശപ്പു സൂചികയുടെ കാര്യത്തില്‍ 120 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 63-ാം സ്ഥാനത്ത് നില്‍ക്കുന്നു. പാകിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും ചൈനയുടെയും പിന്നില്‍. വിശന്നുപൊരിയുന്ന കോടിക്കണക്കിനു ജനങ്ങള്‍ വസിക്കുന്ന രാജ്യമാണ് ഇന്ത്യ. "ആശങ്കാജനക"മാണ് രാജ്യത്തെ വിശപ്പിന്റെ സ്ഥിതിയെന്ന് റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. ദേശീയവരുമാനത്തെക്കുറിച്ചും ഓഹരി വിലസൂചികയെപ്പറ്റിയും വിദേശ മൂലധനത്തെക്കുറിച്ചും വീറോടെ സംസാരിക്കുമ്പോഴും ഇന്ത്യക്കൊരു മറുവശമുണ്ട്. വിശപ്പും പോഷകാഹാരക്കുറവും രോഗാതുരതയും വേട്ടയാടുന്ന കറുത്ത ഇന്ത്യ! പ്രശ്നത്തിന്റെ അരികുപോലും സ്പര്‍ശിക്കാന്‍ ഭക്ഷ്യസുരക്ഷാ നിയമത്തിനാവുകയില്ല. വരുമാനം കുറഞ്ഞവര്‍ക്കും ധാന്യേതര വസ്തുക്കള്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കേണ്ടത് ആവശ്യമാണ്. കൂടുതലായി അവ ഉല്‍പ്പാദിപ്പിക്കുകയും സബ്സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ക്കൊപ്പം ലഭ്യമാക്കുകയും വേണം. ഭക്ഷ്യസുരക്ഷയുടെ അവിഭാജ്യഭാഗമാണത്. പക്ഷേ, അതേക്കുറിച്ച് ഭക്ഷ്യസുരക്ഷാ നിയമം മൗനംപാലിക്കുന്നു.

സാധാരണക്കാര്‍ക്ക് എത്തിപ്പിടിക്കാനാകാത്തവിധം നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. ഒക്ടോബറില്‍ പച്ചക്കറി സാധനങ്ങളുടെ വില മുന്‍മാസത്തെ അപേക്ഷിച്ച് 89 ശതമാനം ഉയര്‍ന്നു. ഉള്ളിവില 323 ശതമാനമാണ് ഉയര്‍ന്നത്. ധാന്യങ്ങളുടെയും ധാന്യോല്‍പ്പന്നങ്ങളുടെയും ഉപഭോക്തൃ വിലസൂചിക 2012 ആഗസ്തില്‍ 115 ആയിരുന്നത് 2013 ആഗസ്തില്‍ 131.2 ആയി. പച്ചക്കറി സാധനങ്ങളുടെ വിലസൂചിക 137.1ല്‍ നിന്ന് 173.4 ആയി. വിലനിയന്ത്രണം ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഭാഗമാക്കുന്നില്ല എന്നത് നിയമത്തിന്റെ പ്രധാന പോരായ്മകളിലൊന്നാണ്. എല്ലായ്പ്പോഴും സബ്സിഡി നിരക്കില്‍ അരിയും ഗോതമ്പും ലഭിക്കുന്നതിന് ഭക്ഷ്യസുരക്ഷാനിയമം വ്യവസ്ഥചെയ്യുന്നില്ല. മൂന്നുകൊല്ലത്തേക്കാണ് സബ്സിഡി നിരക്കില്‍ വിതരണം. മൂന്നുകൊല്ലം കഴിഞ്ഞാല്‍ വിലകള്‍ അതതു സമയം കേന്ദ്രസര്‍ക്കാര്‍ പുതുക്കി നിശ്ചയിക്കും. കുറഞ്ഞ താങ്ങുവിലയേക്കാള്‍ കൂടരുതെന്ന് വ്യവസ്ഥചെയ്തിട്ടുണ്ട്. അരിയുടെ ഇപ്പോഴത്തെ താങ്ങുവില ക്വിന്റലിന് 1250 രൂപയാണ്. അതായത്, കിലോയ്ക്ക് 12.50 രൂപ. ഗോതമ്പിന്റേത് കിലോയ്ക്ക് 12.85 രൂപയും. ഓരോ സീസണിലും ഉല്‍പ്പാദനച്ചെലവ് വര്‍ധനയ്ക്കനുസരിച്ച് താങ്ങുവിലയും ഉയര്‍ത്തും. ഇതിനര്‍ഥം സബ്സിഡിനിരക്ക് താല്‍ക്കാലിക പ്രതിഭാസം മാത്രമാണ്; ഉയര്‍ന്ന വില നല്‍കാന്‍ മുന്‍ഗണനാ കുടുംബങ്ങള്‍ തയ്യാറായിരിക്കണം. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാന്‍ കേന്ദ്രം കോടികള്‍ ചെലവിടുന്നു എന്ന് കരുതുന്നവര്‍ക്ക് തെറ്റി. സാമ്പത്തിക ബാധ്യത സംബന്ധിച്ച് നിയമത്തില്‍ വിശദീകരണമുണ്ട്. ആകെ ചെലവ് 1,24,747 കോടി രൂപയാണ്. നിലവില്‍ പൊതുവിതരണത്തിനും മറ്റുക്ഷേമപദ്ധതികള്‍ക്കുമായി കേന്ദ്രം 1,00,953 കോടി രൂപ ചെലവിടുന്നുണ്ട്. അപ്പോള്‍ അധികബാധ്യത 23,794 കോടി രൂപമാത്രം. കേന്ദ്ര സാമ്പത്തിക സര്‍വേപ്രകാരം 2011-12ല്‍ മാത്രം കോര്‍പറേറ്റ് നികുതി ഇനത്തില്‍ നല്‍കിയ ഇളവ് 51,292 കോടി രൂപയാണ്. കുത്തകകള്‍ക്ക് നല്‍കിയ കോര്‍പറേറ്റ് നികുതി ഇളവിന്റെ 46 ശതമാനമേ വരൂ ഭക്ഷ്യസുക്ഷാനിയമംമൂലമുള്ള അധികബാധ്യത!

ഇന്ത്യയിലെ 15 സംസ്ഥാനങ്ങളില്‍ ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കുറഞ്ഞനിരക്കില്‍ ഭക്ഷ്യധാന്യവിതരണം നിലവിലുണ്ട്. തമിഴ്നാട്ടില്‍ 1967 മുതല്‍ ഒരു രൂപ നിരക്കില്‍ അരി നല്‍കുന്നു. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ രണ്ടുരൂപയ്ക്ക് അരിവിതരണം ആരംഭിച്ചിരുന്നു. പല സംസ്ഥാനങ്ങളും കുറ്റമറ്റരീതിയില്‍ നടപ്പാക്കിവരുന്ന പദ്ധതിയാണ് കേന്ദ്രം സയോജിപ്പിച്ച് കേന്ദ്രപദ്ധതിയായി കൊട്ടിഘോഷിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. നൂറ്റി ഇരുപതു കോടി ജനങ്ങളെ പ്രതിനിധാനംചെയ്യുന്ന 543 അംഗ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കി, ഇന്ത്യയുടെ രാഷ്ട്രപതി ഒപ്പുവച്ച നിയമത്തിന് സാധൂകരണം കിട്ടണമെങ്കില്‍ ഡിസംബറില്‍ ബാലിയില്‍ ചേരുന്ന ഡബ്ല്യുടിഒ മന്ത്രിതലയോഗത്തിന്റെ അനുമതി വേണം. ഡബ്ല്യുടിഒ കരാറിന്റെ ദുരന്തമാണത്. കരാര്‍ ഇന്ത്യയുടെ പരമാധികാരം നഷ്ടപ്പെടുത്തുമെന്ന ഇടതുപക്ഷത്തിന്റെ വിമര്‍ശം തള്ളിക്കളഞ്ഞവര്‍ക്ക് ഇപ്പോള്‍ സത്യം ബോധ്യമാകുന്നുണ്ട്.

കാര്‍ഷികോല്‍പ്പാദനത്തിന്റെ പത്തുശതമാനത്തില്‍ കൂടരുത് സബ്സിഡി എന്നാണ് ഡബ്ല്യുടിഒ കരാറിന്റെ ഭാഗമായ കാര്‍ഷിക ഉടമ്പടിയുടെ അന്തഃസത്ത. ഗൃഹപാഠം തെറ്റിച്ച വിദ്യാര്‍ഥി ക്ലാസുമുറിയില്‍ കൈയുംകെട്ടി നില്‍ക്കുംപോലെ കെ വി തോമസും ആനന്ദ്ശര്‍മയും നില്‍ക്കുന്ന കാഴ്ച ഇന്ത്യക്കാര്‍ക്ക് കാണാം. സബ്സിഡി പത്തുശതമാനം കവിയാതെ നോക്കുമെന്നും ഭക്ഷ്യധാന്യ കയറ്റുമതി വര്‍ധിപ്പിക്കുമെന്നും അവരവിടെ വിശദീകരിക്കും. അതുകേട്ട് വിധികല്‍പ്പിക്കാനുള്ള ഡബ്ല്യുടിഒ മന്ത്രിതല സമിതിയില്‍ കൃഷിക്കാര്‍ക്കുള്ള സബ്സിഡി 1995ലെ 6100 കോടി ഡോളറില്‍നിന്ന് 2010ല്‍ 13,000 കോടിയായി വര്‍ധിപ്പിച്ച അമേരിക്കയുമുണ്ടാകും

ഇതോ ഭക്ഷ്യസുരക്ഷ

കഴിഞ്ഞ ദിവസമാണ് ഭക്ഷ്യസുരക്ഷാ നിയമം പാര്‍ലമെന്റ് പാസാക്കിയത്. ഇനി പാവപ്പെട്ടവര്‍ ഭക്ഷണം കിട്ടാതെ വലയേണ്ടി വരില്ലെന്നാണ് യുപിഎ സര്‍ക്കാരും അതിന് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസും അവകാശപ്പെടുന്നത്. യഥാര്‍ഥ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ബില്‍ പരിഗണിക്കുന്ന വേളയില്‍ ഇടതുപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല. സാര്‍വത്രിക റേഷന്‍ സംവിധാനമാണ് ഇടതുപക്ഷം വിഭാവനംചെയ്ത ഭേദഗതിയിലൂടെ ഉദ്ദേശിച്ചത്. അതിന് യുപിഎ സര്‍ക്കാര്‍ തയ്യാറല്ല. ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടുകയെന്ന ലക്ഷ്യംമാത്രമേ കേന്ദ്ര നിയമത്തിനുള്ളൂവെന്ന് അതില്‍നിന്നുതന്നെ വ്യക്തം. അത് യുപിഎയുടെയും അതിന് നേതൃത്വംനല്‍കുന്ന കോണ്‍ഗ്രസിന്റെയും പൊതുനയത്തിന്റെ ഭാഗമാണ്. കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നതും അതേ നയംതന്നെ.

കേരളത്തില്‍ നിലവിലുള്ള സ്റ്റാറ്റ്യൂട്ടറി റേഷനിങ് സംവിധാനം അട്ടിമറിക്കാനാണ് കോണ്‍ഗ്രസ് അധികാരത്തില്‍ വന്ന ഓരോ ഘട്ടത്തിലും ശ്രമിച്ചത്. കേരളത്തിന്റെ ദേശീയ ഉത്സവമായി കണക്കാക്കുന്ന ഓണക്കാലമായിട്ടുകൂടി വിലക്കയറ്റം മുമ്പൊരിക്കലുമില്ലാതെ കുതിച്ചുയരുമ്പോള്‍ നിസ്സംഗമായി നോക്കിനില്‍ക്കുന്ന സര്‍ക്കാര്‍ നിലവിലുള്ള സംവിധാനമാകെ അട്ടിമറിക്കാന്‍കൂടി ഉത്തരവിറക്കിയിരിക്കുകയാണ്. വര്‍ഷങ്ങളായി ശക്തമായി വിപണിയില്‍ ഇടപെടുന്ന കണ്‍സ്യൂമര്‍ഫെഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഇനി ഇടപെടരുതെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ (സപ്ലൈകോ) ഒഴികെയുള്ള സ്ഥാപനങ്ങള്‍ ഇനി മുതല്‍ ഉത്സവ സീസണില്‍മാത്രം വിപണിയില്‍ ഇടപെട്ടാല്‍ മതിയത്രെ. ഇതിനര്‍ഥം സ്വകാര്യലോബികള്‍ ജനങ്ങളെ ആവുന്നത്ര കൊള്ളയടിച്ചോട്ടെ എന്നാണ്. അതല്ല, സീസണുകളില്‍മാത്രം വില കുറഞ്ഞാല്‍ മതിയെന്നാണോ?

ഭക്ഷ്യസാധനങ്ങള്‍ വില കുറച്ച് നല്‍കുന്നതിലൂടെ സംസ്ഥാന സര്‍ക്കാരിനുണ്ടാകുന്ന നഷ്ടത്തിന്റെ പേരിലാണ് അതിരൂക്ഷമായ വിലക്കയറ്റം നേരിടുമ്പോഴും വിപണി ഇടപെടലുകളില്‍നിന്ന് സ്ഥാപനങ്ങളെ വിലക്കുന്നത്. കണ്‍സ്യൂമര്‍ഫെഡ്, ഹോര്‍ട്ടികോര്‍പ്, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ തുടങ്ങിയ എജന്‍സികളെയെല്ലാം വിലനിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍നിന്ന് വിലക്കിയിട്ടുണ്ട്. വിപണിയില്‍ ഇടപെടുന്നതുമൂലം സര്‍ക്കാരിന് വരുന്ന നഷ്ടം നികത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന മന്ത്രിസഭാ തീരുമാനപ്രകാരം ചീഫ് സെക്രട്ടറി അധ്യക്ഷനായി രൂപീകരിച്ച സമിതിയുടെ ശുപാര്‍ശയുടെ മറവിലാണ് പൊതുജനങ്ങളുടെ നട്ടെല്ലൊടിക്കുന്ന ഈ ഉത്തരവും സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. നഷ്ടക്കണക്ക് പറഞ്ഞ് പാവപ്പെട്ട കുട്ടികള്‍ പഠിക്കുന്ന സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ മടികാണിക്കാത്തവരില്‍നിന്ന് ഇതേ പ്രതീക്ഷിക്കാവൂ എന്ന സൂചനയുമുണ്ട് ഈ ഉത്തരവില്‍.

സപ്ലൈകോ ഒഴികെയുള്ള സ്ഥാപനങ്ങള്‍ ഓണം, ബക്രീദ്, റമദാന്‍, ക്രിസ്മസ്, വിഷു എന്നീ ഉത്സവ സീസണുകളില്‍പോലും വിപണിയില്‍ ഇടപെടുന്നതിന് നിയന്ത്രണമുണ്ട്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ദിവസങ്ങളില്‍മാത്രമേ ഇടപെടാന്‍ ഇനി അനുവാദമുള്ളൂ. പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടെ ഏതാണ്ട് മൂവായിരം ന്യായവില സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. കണ്‍സ്യൂമര്‍ഫെഡിന്റെ കീഴില്‍ സംസ്ഥാനത്താകെ 142 ത്രിവേണി സ്റ്റോറുകളും എണ്ണൂറോളം നീതി സ്റ്റോറുകളും 220 നീതി മെഡിക്കല്‍ സ്റ്റോറുകളും പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച വന്‍ നഗരങ്ങളിലെ മെഗാ മാര്‍ക്കറ്റുകളും ചെറുനഗരങ്ങളിലെ ലിറ്റില്‍ ത്രിവേണി സ്റ്റോറുകളും പൊതുവിപണിയേക്കാള്‍ പത്ത് ശതമാനം വിലകുറച്ച് നിത്യോപയോഗസാധനങ്ങള്‍ വിതരണംചെയ്യുന്നു. കുട്ടനാട്ടില്‍ ഒഴുകുന്ന ത്രിവേണി പ്രവര്‍ത്തിക്കുന്നു. ലോകത്തിലെതന്നെ ആദ്യത്തെ ഒഴുകുന്ന സൂപ്പര്‍മാര്‍ക്കറ്റാണിത്. മലമ്പ്രദേശങ്ങള്‍, തീരദേശം എന്നിവിടങ്ങളില്‍ നിത്യോപയോഗ സാധനങ്ങളെത്തിക്കാന്‍ ഏഴ് സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകളും പ്രവര്‍ത്തിക്കുന്നു. കണ്‍സ്യൂമര്‍ഫെഡിന്റെ സഹായ സഹകരണത്തോടെ വിവിധ സഹകരണസംഘങ്ങളുടെ കീഴില്‍ ആയിരത്തിയിരുനൂറിലേറെ സഹകരണ ന്യായവില സ്റ്റോറുകളുണ്ട്. ഇതെല്ലാം പൂട്ടേണ്ടി വരും.

ഹോര്‍ട്ടികോര്‍പ് നേതൃത്വത്തില്‍ സംസ്ഥാനത്താകെ 250 വിപണനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. പഴം- പച്ചക്കറി വികസന കോര്‍പറേഷന് 274 ഔട്ട്ലെറ്റുകളുണ്ട്. ഇതെല്ലാം വിപണിവിലയ്ക്ക് സാധനം വില്‍ക്കുന്നവയായാല്‍ ജനങ്ങള്‍ അകന്നുനില്‍ക്കും; സ്വാഭാവിക പരിണാമം ഈ സ്ഥാപനങ്ങളുടെ അന്ത്യവുമാകും. സപ്ലൈകോ സബ്്സിഡി നിരക്കില്‍ വിതരണംചെയ്യുന്ന 13 അവശ്യസാധനങ്ങള്‍ ഇനിമുതല്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ 20 ശതമാനംമാത്രം കുറച്ചു നല്‍കിയാല്‍ മതിയെന്ന ഉത്തരവിലെ നിര്‍ദേശവും വിചിത്രമാണ്. മാര്‍ക്കറ്റില്‍ ഇടപെടുന്നതിന് ഓരോ വര്‍ഷവും എത്ര തുകയുടെ നഷ്ടം വരുമെന്ന് മുന്‍കൂട്ടി കണക്കാക്കി നല്‍കണം. ഇത് എന്തുതന്നെയായാലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 90 ശതമാനം മാത്രമായിരിക്കണം. വരും വര്‍ഷങ്ങളിലും 90 ശതമാനം കണക്കാക്കിമാത്രമേ സര്‍ക്കാര്‍ നഷ്ടം നികത്തൂവെന്നും ഉത്തരവില്‍ പറയുന്നു. ഇങ്ങനെ ഘട്ടംഘട്ടമായി സപ്ലൈകോയ്ക്ക് നല്‍കുന്ന സബ്സിഡിയും ഇല്ലാതാക്കുകയാണ്.

ചില്ലറക്കച്ചവടം കുത്തകയാക്കുന്ന വന്‍കിട മാളുകള്‍ക്കും അവയ്ക്കുപിന്നിലെ കോര്‍പറേറ്റുകള്‍ക്കും വേണ്ടി ചെറുകിട വ്യാപാരികളെ കുരുതികൊടുക്കുന്നവര്‍, ജനങ്ങള്‍ക്ക് ന്യായവിലയില്‍ അവശ്യസാധനങ്ങള്‍ ലഭിക്കാനുള്ള എല്ലാ സാധ്യതയും അടയ്ക്കുകയാണ്; സഹകരണ പ്രസ്ഥാനത്തിന്റെ വിപണിയിലെ ഇടപെടലിന് വിലങ്ങുവയ്ക്കുകയാണ്്. ഇതിനെ ജനദ്രോഹമെന്നല്ല- ജനങ്ങളോടുള്ള യുദ്ധം എന്നാണ് വിളിക്കേണ്ടത്. ന്യായവിലയ്ക്ക് അവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്നത് സര്‍ക്കാരിന്റെ ചുമതല അല്ല എന്ന് വാദിക്കുന്നവര്‍, പിന്നെ എന്താണ് സര്‍ക്കാരിന്റെ പണി എന്നുകൂടി വ്യക്തമാക്കേണ്ടിവരും.

ദാരിദ്ര്യരേഖ: തെറ്റായ രീതി, തെറ്റായ കണക്കുകള്‍

വികസ്വര രാജ്യങ്ങളിലും അന്താരാഷ്ട്ര സ്ഥാപനങ്ങളിലും നൂറുകണക്കിന് സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ക്ക് തൊഴില്‍ നല്‍കുന്ന (പ്രത്യേകിച്ചും അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍) വളരെ ആദായകരമായ ഒരു ബിസിനസ്സ് ആണ് ദാരിദ്ര്യത്തിന്റെ കണക്കെടുപ്പ് എന്നത്, ശ്രദ്ധേയമായ ഒരു വിരോധാഭാസമാണ്. പൊതുപണം ഇത്രയൊക്കെ ചെലവാക്കിയിട്ട്, ദാരിദ്ര്യത്തില്‍ മാറ്റമുണ്ടാകുന്നതെങ്ങനെയെന്നതു സംബന്ധിച്ച ശരിയായ ധാരണ ലഭിക്കുന്നുവെങ്കില്‍ അതിന് അര്‍ഥമുണ്ട്. എന്നാല്‍ ഖേദകരമെന്നു പറയട്ടെ, സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ സാര്‍വത്രികമായി ഉപയോഗിച്ചുവരുന്ന (അവര്‍ ലോകബാങ്കിലുള്ളവരായിരുന്നാലും ശരി, ഗവണ്‍മെന്‍റിലുള്ളവരായിരുന്നാലും ശരി, സ്വകാര്യ സ്ഥാപനങ്ങളില്‍ ഉള്ളവരായിരുന്നാലും ശരി) തികച്ചും തെറ്റായ ദാരിദ്ര്യ നിര്‍ണയ രീതികളുടെ അര്‍ഥം, അവരുടെ ദാരിദ്ര്യ കണക്കുകളും ദാരിദ്ര്യം കുറയുന്നതിനെ സംബന്ധിച്ച അവരുടെ അവകാശവാദങ്ങളും തികച്ചും തെറ്റാണെന്നു തന്നെയാണ്. അവയ്ക്ക് അവ അച്ചടിക്കുന്നതിന് ഉപയോഗിച്ച പേപ്പറിന്റെ വിലപോലുമില്ല.

ഇന്ത്യയിലെ ഔദ്യോഗിക ദാരിദ്ര്യ നിര്‍ണയ കണക്കുകള്‍ പരിശോധിച്ചുകൊണ്ടുതന്നെ, നമുക്ക് ആരംഭിയ്ക്കാം. നഗരപ്രദേശങ്ങളില്‍ മാസത്തില്‍ 1000 രൂപ (ദിവസത്തില്‍ 33.3 രൂപ) എന്ന ദാരിദ്ര്യരേഖയും ഗ്രാമപ്രദേശങ്ങളില്‍ മാസത്തില്‍ 816 രൂപ (ദിവസത്തില്‍ 27.2 രൂപ) എന്ന ദാരിദ്ര്യരേഖയും ഉപയോഗപ്പെടുത്തിക്കൊണ്ട്, 2011-12 വര്‍ഷത്തില്‍ നഗരപ്രദേശങ്ങളിലെ ദരിദ്ര ജനങ്ങളുടെ ശതമാനം 13.7 ആണെന്നും ഗ്രാമപ്രദേശങ്ങളിലെ ജനസംഖ്യയില്‍ 25.7 ശതമാനം ദരിദ്രരാണെന്നും ഉള്ള, തികച്ചും യാഥാര്‍ഥ്യത്തിന് നിരക്കാത്ത കണക്കുകള്‍ അവതരിപ്പിച്ചുകൊണ്ട്, ആസൂത്രണ കമ്മീഷന്‍ ഈയിടെ ദാരിദ്ര്യം ഏറെ കുറഞ്ഞിട്ടുണ്ട് എന്ന് അവകാശപ്പെട്ടുകൊണ്ട് നമ്മെയെല്ലാം അമ്പരപ്പിയ്ക്കുകയുണ്ടായി. വളരെ താഴ്ന്ന ഇടത്തരക്കാര്‍ക്കുള്ള ബാര്‍ബര്‍ ഷാപ്പില്‍ ചെന്ന് ഒരാള്‍ക്ക് തലമുടി വെട്ടുന്നതിനു കഷ്ടി തികയുന്ന ഈ സംഖ്യകൊണ്ടാണ് ഒരാള്‍ ദിവസത്തില്‍ എല്ലാ ഭക്ഷണാവശ്യങ്ങളും ഭക്ഷണേതര ആവശ്യങ്ങളും നിര്‍വഹിയ്ക്കുന്നുവെന്ന് ആസൂത്രണ കമ്മീഷന്‍ അവകാശപ്പെടുന്നത്. 2009-10ല്‍ ഔദ്യോഗിക കണക്കനുസരിച്ച് നഗരപ്രദേശങ്ങളിലെ ദരിദ്രര്‍ 20.9 ശതമാനവും ഗ്രാമപ്രദേശങ്ങളിലെ ദരിദ്രര്‍ 33.8 ശതമാനവും ആയിരുന്നു. അത് രണ്ടു വര്‍ഷത്തിനുള്ളില്‍ ഗ്രാമപ്രദേശങ്ങളില്‍ 8 ശതമാനം കണ്ട് കുറഞ്ഞുവെന്നും നഗരപ്രദേശങ്ങളില്‍ 7 ശതമാനം കണ്ട് കുറഞ്ഞുവെന്നും ആണ് സര്‍ക്കാരിന്റെ കണക്ക്. അതേ അവസരത്തില്‍ത്തന്നെ കടുത്ത വരള്‍ച്ചയുടെയും കുറഞ്ഞ തൊഴില്‍ വളര്‍ച്ചാ നിരക്കിന്റെയും ദ്രുതഗതിയിലുള്ള ഭക്ഷ്യവിലക്കയറ്റത്തിന്റെയും ആഘാതം അനുഭവപ്പെട്ട വര്‍ഷങ്ങളായിരുന്നു ഇവ എന്നും നാം ഓര്‍ക്കണം.

ആസൂത്രണ കമ്മീഷന്‍ തുടര്‍ന്നും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന തെറ്റായ കണക്കെടുപ്പ് രീതിയുടെ അടിസ്ഥാനത്തില്‍, 2014 - 15 വര്‍ഷത്തിലെ സര്‍വെ ഫലങ്ങള്‍ ലഭ്യമാകുമ്പോഴേയ്ക്കും, അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍, നഗരപ്രദേശങ്ങളിലെ ദരിദ്രരുടെ ജനസംഖ്യ ഏതാണ്ട് പൂജ്യത്തിലെത്തിയെന്നും ഗ്രാമപ്രദേശങ്ങളിലെ ദരിദ്രരുടെ ജനസംഖ്യ ഏതാണ്ട് 12 ശതമാനത്തോളമേ വരൂ എന്നും ആസൂത്രണ കമ്മീഷന്‍ അവകാശപ്പെടാതിരിയ്ക്കുകയില്ല എന്നത് ഏതാണ്ട് ഉറപ്പുതന്നെയാണ്. യഥാര്‍ത്ഥ ദാരിദ്ര്യം എത്രമാത്രം തീക്ഷ്ണമായിരുന്നാലും, ദരിദ്രര്‍ വീണ്ടും എത്രമാത്രം കവര്‍ന്നെടുക്കപ്പെട്ടാലും, അതൊന്നും ഗൗനിയ്ക്കാതെ, ആസൂത്രണ കമ്മീഷന്‍ ഇങ്ങനെയുള്ള നിഗമനത്തിലെത്തിച്ചേരും! 

ദാരിദ്ര്യം കുറഞ്ഞു, ദാരിദ്ര്യ നിലവാരം വളരെ താഴ്ന്നതാണ് എന്നൊക്കെയുള്ള എല്ലാ അവകാശവാദങ്ങളും കള്ളത്തരമാണ്; തെറ്റായ കണക്കെടുപ്പ് രീതിയുടെ മാത്രം ഫലമാണ്. യഥാര്‍ഥത്തില്‍ ദാരിദ്ര്യം ഉയര്‍ന്ന നിലവാരത്തിലാണ്; അത് വര്‍ധിച്ചുകൊണ്ടിരിയ്ക്കുകയുമാണ്. ഭക്ഷണമൊഴിച്ചുള്ള മറ്റ് അനിവാര്യമായ ആവശ്യങ്ങളെല്ലാം നിറവേറ്റിക്കഴിഞ്ഞപ്പോള്‍ (വാടക, യാത്രക്കൂലി, ആരോഗ്യം, വിദ്യാഭ്യാസം, നിര്‍മിത വസ്തുക്കള്‍, സേവനങ്ങള്‍ തുടങ്ങിയവ) 2009-10 വര്‍ഷത്തില്‍ ഗ്രാമീണ മേഖലയിലെ 75.5 ശതമാനം ജനങ്ങള്‍ക്കും ദിവസത്തില്‍ 2200 കലോറി ഊര്‍ജ്ജം നല്‍കുന്നതിന് ഉതകുന്ന ഭക്ഷണം ഉപഭോഗം ചെയ്യാന്‍ കഴിഞ്ഞില്ല; അതേപോലെത്തന്നെ മറ്റെല്ലാ ആവശ്യങ്ങളും നിര്‍വഹിച്ചതിനുശേഷം നഗരപ്രദേശങ്ങളിലെ 73 ശതമാനം ജനങ്ങള്‍ക്കും ദിവസത്തില്‍ 2100 കലോറി ഊര്‍ജ്ജം ലഭിക്കുന്നതിന് ഉതകുന്ന ഭക്ഷണം ഉപഭോഗം ചെയ്യാന്‍ കഴിഞ്ഞില്ല. ഇതുമായി താരതമ്യപ്പെടുത്താവുന്ന 2004-05ലെ കണക്കുകള്‍ ഗ്രാമപ്രദേശങ്ങളില്‍ 69.5 ശതമാനവും നഗരപ്രദേശങ്ങളില്‍ 64.5 ശതമാനവും എന്നതായിരുന്നു. അതായത് ഈ കാലയളവിനുള്ളില്‍ ദാരിദ്ര്യം വലിയ അളവില്‍ വര്‍ധിക്കുക തന്നെയാണ് ഉണ്ടായിട്ടുള്ളത്.

നാഷണല്‍ സാമ്പിള്‍ സര്‍വെ, 2011-12 വര്‍ഷത്തേയ്ക്കുള്ള പോഷകാഹാര ഉപഭോഗ കണക്കുകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ആ വര്‍ഷം വരെയുണ്ടായ മാറ്റം എന്താണ് എന്ന് നമുക്ക് അറിയാന്‍ കഴിയും. എന്നാല്‍ വളരെ ഉയര്‍ന്ന പണപ്പെരുപ്പ നിരക്കും മുരടിച്ച തൊഴില്‍വളര്‍ച്ചയും പരിഗണിച്ചാല്‍ സ്ഥിതി കൂടുതല്‍ വഷളായിട്ടില്ലെങ്കില്‍ത്തന്നെ മുമ്പത്തെപ്പോലെ അത്ര തന്നെ മോശമാണെന്ന് വരാനാണ് സാധ്യത. ആസൂത്രണ കമ്മീഷെന്‍റ തന്നെ ദാരിദ്ര്യരേഖയെ സംബന്ധിച്ച ആദ്യത്തെ നിര്‍വചനം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഈ കണക്കുകളില്‍ നാം എത്തിച്ചേര്‍ന്നിട്ടുള്ളത്.

സ്വകാര്യവല്‍ക്കരിക്കപ്പെട്ട ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം, സേവനങ്ങള്‍ (വൈദ്യുതി, വെള്ളം, പെട്രോള്‍, യാത്രക്കൂലി തുടങ്ങിയവ) എന്നിവയും അതോടൊപ്പം ഭക്ഷ്യസാധന വിലകളുടെ ഉയര്‍ന്ന വളര്‍ച്ചാനിരക്കും യഥാര്‍ഥത്തില്‍ ദരിദ്രരായവരില്‍ മഹാഭൂരിപക്ഷവും പൊതുവിതരണ സംവിധാനത്തില്‍നിന്ന് ഒഴിവാക്കപ്പെടുന്നതും കണക്കിലെടുക്കുമ്പോള്‍, ജനങ്ങളില്‍ മഹാഭൂരിഭാഗവും കൂടുതല്‍ പാപ്പരായിത്തീരുകയും അവരുടെ പോഷകാഹാര നിലവാരം മുമ്പത്തേക്കാള്‍ കൂടുതല്‍ വേഗത്തില്‍ ഇടിയുകയും ചെയ്താല്‍ അതില്‍ അല്‍ഭുതപ്പെടേണ്ടതില്ല. 

ദുരിതരേഖകള്‍

സമൂഹത്തിന്റെ അടിത്തട്ടിലെ യാഥാര്‍ത്ഥ്യങ്ങളൊന്നും പരിഗണിയ്ക്കാതെ ഇങ്ങനെ താഴ്ന്നതും താഴ്ന്നുകൊണ്ടിരിക്കുന്നതുമായ കണക്കുകള്‍ അവതരിപ്പിയ്ക്കുന്ന ആസൂത്രണ കമ്മീഷനുമായി ബന്ധപ്പെട്ട മൗലിക പ്രശ്നം എന്താണ്? ദാരിദ്ര്യരേഖയെ സംബന്ധിച്ച സ്വന്തം നിര്‍വചനം ആസൂത്രണ കമ്മീഷന്‍ ഉപേക്ഷിച്ചിരിക്കുകയാണ്. 1973-74ല്‍ കണക്കുകള്‍ ഉണ്ടാക്കുന്നതിനുവേണ്ടി, ഒരിക്കല്‍ മാത്രമേ ആ നിര്‍വചനം ഉപയോഗപ്പെടുത്തുകയുണ്ടായുള്ളൂ. ഭക്ഷണം ഒഴിച്ചുള്ള ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനു വേണ്ടിവരുന്ന ചെലവ് മാറ്റിവെച്ചതിനുശേഷം, പോഷകാഹാരത്തിന്റെ അടിസ്ഥാനത്തില്‍ അതേ ജീവിത നിലവാരം നിലനിര്‍ത്തുന്നതിന് ആവശ്യമായ ചെലവ് എന്തായിരിക്കും എന്ന്,അപ്പോഴത്തെ യഥാര്‍ഥ ചെലവ് നിലവാരം അനുസരിച്ച്, കണക്കുകൂട്ടുന്നതിനും അതിനനുസരിച്ച് ദാരിദ്ര്യരേഖ നിര്‍ണയിയ്ക്കുന്നതിനും 1973 - 74നുശേഷം കഴിഞ്ഞ 40 വര്‍ഷക്കാലത്തിനുള്ളില്‍ ഒരൊറ്റത്തവണപോലും ആസൂത്രണ കമ്മീഷന്‍ തുനിയുകയുണ്ടായില്ല - അയ്യഞ്ചുകൊല്ലം കൂടുമ്പോള്‍ നാഷണല്‍ സാമ്പിള്‍ സര്‍വെ നടത്തുന്ന സര്‍വെകളില്‍നിന്ന് ഇതിനാവശ്യമായ വിവരങ്ങള്‍ ലഭ്യമായിരുന്നുവെങ്കിലും. അതിനുപകരം ആസൂത്രണ കമ്മീഷന്‍ ചെയ്തത്, 1973-74 അടിസ്ഥാന വര്‍ഷത്തിലെ പ്രതിമാസ ദാരിദ്ര്യരേഖയായ ഗ്രാമീണ മേഖലയിലെ 49 രൂപയിലും നഗരപ്രദേശങ്ങളിലെ 56 രൂപയിലും, അന്നന്നത്തെ വില സൂചികയനുസരിച്ചുള്ള വര്‍ധന കൂടി ഉള്‍പ്പെടുത്തി പുതിയ ദാരിദ്ര്യരേഖ നിര്‍ണയിയ്ക്കുക മാത്രമാണ്. ടെണ്ടുല്‍ക്കര്‍ കമ്മീഷനും ഈ രീതിയില്‍ മാറ്റം വരുത്തുകയുണ്ടായില്ല. പ്രത്യേക സൂചികയുടെ കാര്യത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയെന്ന് മാത്രം. 

ദീര്‍ഘമായ കാലയളവിന്നുള്ളില്‍ ജീവിതച്ചെലവിലുണ്ടാകുന്ന യഥാര്‍ഥ വര്‍ധന, വില സൂചിക കണക്കാക്കുന്നതില്‍ പ്രതിഫലിക്കുന്നില്ല. എന്നാല്‍ തങ്ങളുടെ ശമ്പളത്തെ ഡിഎ വര്‍ധനയിലൂടെ മാത്രമാണ് വില സൂചികയുമായി ബന്ധപ്പെടുത്തുന്നതെങ്കില്‍ ആദ്യം പ്രതിഷേധിക്കുന്നവര്‍, ദാരിദ്ര്യത്തിന്റെ കണക്കെടുക്കുന്നവര്‍ തന്നെയായിരിക്കുകയും ചെയ്യും. ഉദാഹരണത്തിന് 1973-74ല്‍ 1000 രൂപ പ്രതിമാസ ശമ്പളം ലഭിച്ചുകൊണ്ടിരുന്ന ഗവണ്‍മെന്‍റ് ജീവനക്കാരന്‍ സാമാന്യം ഭേദപ്പെട്ട ശമ്പളം വാങ്ങിയിരുന്ന ആള്‍ തന്നെയാണ്. അയാളുടെ ശമ്പളം വിലസൂചികയുമായി മാത്രമാണ് ബന്ധിപ്പിക്കുന്നത് എങ്കില്‍ ഇന്നത് പ്രതിമാസം 18,000 രൂപയായിത്തീര്‍ന്നിരിയ്ക്കും. കാരണം നഗരപ്രദേശങ്ങളിലെ ശാരീരികാധ്വാനം ഇല്ലാത്ത ജീവനക്കാരെ സംബന്ധിച്ച ഉപഭോക്തൃ വില സൂചിക, ഈ കാലയളവിനുള്ളില്‍ 18 മടങ്ങായിട്ടാണ് വര്‍ധിച്ചത്. (എന്നാല്‍ ഈ സൂചിക ഈ അടുത്തകാലത്ത് വേണ്ടെന്ന് വെയ്ക്കപ്പെട്ടിരിക്കുന്നു.വ്യവസായ തൊഴിലാളികള്‍ക്ക് ബാധകമായ ഉപഭോക്തൃ വില സൂചികയ്ക്ക് ഏറെക്കുറെ തുല്യമായ സൂചികയാണ് ഇപ്പോള്‍ ഈ വിഭാഗത്തിനും ബാധകമാക്കിയിരിക്കുന്നത്). 

ഈ സൂചികകള്‍ കണ്ട് വിഷമിയ്ക്കുകയൊന്നും വേണ്ട. 2010-11 വര്‍ഷത്തെ പ്രതിമാസ നഗര ദാരിദ്ര്യരേഖയായ 1000 രൂപയെ അടിസ്ഥാന വര്‍ഷമായ 1973-74ലെ പ്രതിമാസ നഗര ദാരിദ്ര്യരേഖയായ 56 രൂപ കൊണ്ട് ചുമ്മാ ഹരിച്ചാല്‍ മതി. 1973-74 വര്‍ഷത്തിനുശേഷം ഉപഭോക്തൃ വില സൂചികയിലുണ്ടായ വര്‍ധനയായ 17.8 മടങ്ങിനു തുല്യമായിരിക്കും അത് എന്ന് കാണാം. ഔദ്യോഗികമായി ഉപയോഗിക്കുന്ന ഉപഭോക്തൃ വില സൂചികയും അതു തന്നെയാണല്ലോ. അതുപോലെത്തന്നെ ഗ്രാമീണമേഖലയ്ക്കുള്ള ഉപഭോക്തൃ വില സൂചികയുടെ കാര്യത്തില്‍ 816 രൂപയെ 49 രൂപ കൊണ്ട് ഹരിച്ചാല്‍ 16.7 എന്നു കിട്ടും. ഇക്കാലത്തിലുണ്ടായ വിലക്കയറ്റവും 16.7 മടങ്ങാണെന്ന് കാണാം. എന്നാല്‍ വിലക്കയറ്റത്തിന്റെ സൂചിക കണക്കാക്കുകയും ജീവനക്കാര്‍ക്ക് ഡിഎ അനുവദിക്കുകയും ചെയ്യുമ്പോള്‍ ജീവിതച്ചെലവില്‍ ഉണ്ടാകുന്ന യഥാര്‍ഥ വളര്‍ച്ച കണക്കിലെടുക്കപ്പെടുന്നില്ല എന്ന വസ്തുത ഗവണ്‍മെന്‍റ് തന്നെ അംഗീകരിക്കുന്നുണ്ടല്ലോ. കാലാകാലങ്ങളില്‍ ശമ്പളക്കമ്മീഷനെ നിയമിക്കുന്നത് ഇത് അംഗീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണല്ലോ. ആ ശമ്പളക്കമ്മീഷനുകള്‍ ശമ്പളഘടന മുഴുവനും ഉയര്‍ത്തി നിശ്ചയിക്കുന്നതും ഇതിന്റെ അടിസ്ഥാനത്തിലാണ്. അതിനാല്‍ 1973 - 74 വര്‍ഷത്തില്‍ പ്രതിമാസം 1000 രൂപ ശമ്പളം വാങ്ങിയിരുന്ന ഒരു ഗവണ്‍മെന്‍റ് ജീവനക്കാരെന്‍റ അതേ സ്ഥാനത്ത് ഇരിക്കുന്ന ജീവനക്കാരന് ഇന്ന് ലഭിക്കുന്ന ശമ്പളം അതിനാല്‍ 18000 രൂപയല്ല; മറിച്ച് അതിന്റെ നാലിരട്ടിയോളം വരുന്ന 70,000 രൂപയില്‍ അധികമായിരിക്കും.

എന്നിട്ടും ദാരിദ്ര്യരേഖ കണക്കാക്കുന്ന ഉദ്യോഗസ്ഥന്മാര്‍ വാദിക്കുന്നത്, 1973-74ലെ അതേ ജീവിതനിലവാരം നിലനിര്‍ത്തുന്നതിന്, പട്ടിണിപ്പാവങ്ങളുടെ അന്നത്തെ ദാരിദ്ര്യരേഖയുടെ കൂടെ വിലക്കയറ്റ സൂചികയനുസരിച്ചുള്ള വര്‍ധന കൂടി കൂട്ടിച്ചേര്‍ത്ത് പുതിയ ദാരിദ്ര്യരേഖ കണക്കാക്കിയാല്‍ മതി എന്നാണ്. എന്നാല്‍ ഇന്നത്തെ ദാരിദ്ര്യരേഖയനുസരിച്ചുള്ള തുകകൊണ്ട് അന്നത്തെ പോഷകാഹാര നിലവാരം നിലനിര്‍ത്താന്‍ കഴിയില്ല എന്ന കാര്യം അവര്‍ അംഗീകരിയ്ക്കുന്നതേയില്ല. അവര്‍ ഉണ്ടാക്കിയ ഇന്നത്തെ ദാരിദ്ര്യരേഖയനുസരിച്ചുള്ള തുകകൊണ്ട് അന്നത്തേതിനേക്കാള്‍ എത്രയോ താഴ്ന്ന അളവിലുള്ള പോഷകാഹാര പ്രാപ്യതയേ സാധ്യമാകുന്നുള്ളൂ. അതിനാല്‍ ഈ രേഖകളെ നമുക്ക് ദുരിതരേഖകള്‍ എന്നു വിളിയ്ക്കാം. 

ഔദ്യോഗികമായി നിശ്ചയിയ്ക്കപ്പെടുന്ന ദാരിദ്ര്യരേഖയനുസരിച്ചുള്ള തുകകൊണ്ട്, ഓരോ കൊല്ലം കഴിയുംതോറും, കൂടുതല്‍ കൂടുതല്‍ താഴ്ന്ന ജീവിത നിലവാരമേ നിലനിര്‍ത്താന്‍ കഴിയുന്നുള്ളൂ എന്നതാണ് വസ്തുത. ജീവിത നിലവാരം അടിയ്ക്കടി കുറഞ്ഞുകൊണ്ടിരിക്കുമ്പോഴും, ദാരിദ്ര്യരേഖയെ സംബന്ധിച്ച സൂചിക പ്രത്യക്ഷത്തില്‍ മെച്ചപ്പെടുന്നതായി തോന്നിയേയ്ക്കാം. എന്നാല്‍ ജനങ്ങളുടെ മേലുള്ള യഥാര്‍ഥ കവര്‍ച്ച, അഥവാ അവരുടെ ദുരിതങ്ങള്‍ അടിയ്ക്കടി രൂക്ഷമായിക്കൊണ്ടിരിക്കുക തന്നെയാണ്. 

കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ പാസ്സായ കുട്ടികളുടെ ശതമാനത്തെ ഈ വര്‍ഷത്തെ പരീക്ഷയില്‍ പാസായവരുടെ ശതമാനവുമായി താരതമ്യപ്പെടുത്തണമെങ്കില്‍, കഴിഞ്ഞ വര്‍ഷത്തെയും ഈ വര്‍ഷത്തെയും പാസ്മാര്‍ക്ക് ഒന്നു തന്നെയായിരിക്കണം എന്ന് ഏതൊരു സ്കൂള്‍ കുട്ടിയ്ക്കും അറിയാം. കഴിഞ്ഞ വര്‍ഷത്തെ പാസ്മാര്‍ക്ക് 100ല്‍ 50 ആയിരുന്നുവെന്നും അതിനനുസരിച്ച് പാസായവരുടെ ശതമാനം 75 ആയിരുന്നുവെന്നും ഇരിയ്ക്കട്ടെ. ഈ വര്‍ഷം രക്ഷിതാക്കളെയൊന്നും അറിയിയ്ക്കാതെ, സ്കൂള്‍ പ്രിന്‍സിപ്പല്‍ പാസ്മാര്‍ക്ക് 100ല്‍ 40 എന്നാക്കി കുറയ്ക്കുകയും അതനുസരിച്ച് 80 ശതമാനം കുട്ടികള്‍ പാസ്സായിയെന്ന് അവകാശപ്പെടുകയും ചെയ്യുന്നുവെന്നിരിയ്ക്കട്ടെ. കഴിഞ്ഞ വര്‍ഷം വിജയശതമാനം 75 ആയിരുന്നത് ഈ വര്‍ഷം 80 ആയി എന്നും സ്കൂളിന്റെ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ അവകാശപ്പെടുന്നു. കഴിഞ്ഞ വര്‍ഷത്തെ പാസ്മാര്‍ക്ക് ആയ 50 തന്നെയാണ് ഈ വര്‍ഷവും അവലംബിച്ചിരുന്നതെന്നും വിജയശതമാനം ഈ വര്‍ഷം 70 ആണെന്നും ഇരിയ്ക്കട്ടെ. അപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനത്തെ അപേക്ഷിച്ച് ഈ വര്‍ഷം വിജയശതമാനം കുറഞ്ഞിരിയ്ക്കുകയാണ്. അതായത് സ്കൂളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുന്നതിനുപകരം മോശമാവുകയാണ് ചെയ്തിരിക്കുന്നത്. തെറ്റായ ഈ രീതിയനുസരിച്ച് പാസ്മാര്‍ക്ക് കുറയ്ക്കാന്‍ അടുത്ത വര്‍ഷവും അതിനടുത്ത വര്‍ഷവും അതിന്നടുത്ത വര്‍ഷവും അങ്ങനെ അനന്തമായി പാസ്മാര്‍ക്ക് കുറയ്ക്കാന്‍ ആ സ്കൂളിനെ അനുവദിയ്ക്കുകയാണെങ്കില്‍, ഒടുവില്‍ 100 ശതമാനം പാസ്സാവുന്ന, അഥവാ തോല്‍വി പൂജ്യം ശതമാനം ആകുന്ന, അവസ്ഥ എത്തിച്ചേരും. 

മുകളില്‍ പാസ്മാര്‍ക്കിനെപ്പറ്റി പറഞ്ഞ കാര്യം, ഔദ്യോഗിക ദാരിദ്ര്യരേഖയ്ക്കും ബാധകമാണ്. 40 കൊല്ലം മുമ്പത്തെ നിലവാരത്തില്‍നിന്ന് എത്രയോ താഴേയ്ക്ക്, ദാരിദ്ര്യരേഖ, ഇക്കഴിഞ്ഞ കാലയളവില്‍, തുടര്‍ച്ചയായി താഴ്ത്തി താഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെപോയാല്‍, ദാരിദ്ര്യത്തെ ഇങ്ങനെ അളന്നാല്‍, അത് ഇന്ത്യയില്‍നിന്ന് അപ്രത്യക്ഷമാവാതിരിക്കുകയില്ല - എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് വളരെ ഉയര്‍ന്ന തോതില്‍ ഇന്ത്യയില്‍ നിലനില്‍ക്കുകയായിരിക്കും; വര്‍ഷംപ്രതി കൂടുതല്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയായിരിക്കും. ഡെല്‍ഹി എന്ന നഗര സംസ്ഥാനത്തിന് 2009-10 വര്‍ഷത്തിലേയ്ക്ക് ആസൂത്രണ കമ്മീഷന്‍ കണക്കാക്കിയ ദാരിദ്ര്യരേഖ പ്രതിമാസം 1040 രൂപയാണ്. എന്നാല്‍ ഭക്ഷണമൊഴിച്ചുള്ള മറ്റെല്ലാ ചെലവുകളും (അവ ദ്രുതഗതിയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയുമാണ്) നിറവേറ്റിക്കഴിഞ്ഞാല്‍, ഈ തുകകൊണ്ട് ഒരു ഉപഭോക്താവിന് ദിവസത്തില്‍ 1400 കലോറി ഊര്‍ജാവശ്യത്തിനുള്ള ഭക്ഷണമേ ഉപഭോഗം ചെയ്യാന്‍ കഴിയുന്നുള്ളൂ. (പട്ടിക കാണുക). 2100 കലോറി ഊര്‍ജ്ജം ലഭിക്കുന്നതിന് ആവശ്യമായ ദാരിദ്ര്യരേഖ ഇന്ന് 5000 രൂപയായിരിക്കണം. അങ്ങനെ നോക്കുമ്പോള്‍, സംസ്ഥാനത്തെ ജനസംഖ്യയില്‍ 90 ശതമാനവും ദാരിദ്ര്യരേഖയ്ക്കു താഴേയ്ക്ക് തള്ളി മാറ്റപ്പെടുന്നു.


2004-05 വര്‍ഷത്തില്‍ ഭക്ഷണമൊഴിച്ചുള്ള ആവശ്യങ്ങളെല്ലാം നിറവേറ്റി കഴിഞ്ഞാല്‍ 2100 കലോറി ഊര്‍ജ്ജം ലഭിക്കുന്നതിന് ആവശ്യമായിരുന്ന ശരിയായ ദാരിദ്ര്യരേഖ 1150 രൂപയായിരുന്നു; അതനുസരിച്ച് 57 ശതമാനം പേര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നു. ഭക്ഷ്യസാധനങ്ങളുടെ ഉയര്‍ന്ന നിരക്കിലുള്ള വിലക്കയറ്റവും പണപ്പെരുപ്പവും അതോടൊപ്പം സ്വകാര്യവല്‍കൃതമായ ആരോഗ്യപരിരക്ഷയ്ക്കും മറ്റ് സേവനങ്ങള്‍ക്കും വേണ്ടിവരുന്ന ഉയര്‍ന്ന ചെലവും കൂടി കണക്കിലെടുക്കുമ്പോള്‍, ഭക്ഷണത്തിനുള്ള ചെലവ് വെട്ടിക്കുറയ്ക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായിത്തീരുന്നതില്‍ ആശ്ചര്യമില്ല - കാരണം മറ്റെല്ലാ ചെലവുകളും അവരുടെ നിയന്ത്രണത്തിനപ്പുറത്തുള്ളവയാണല്ലോ. ഒരു ഡല്‍ഹി നഗരവാസിയുടെ ശരാശരി ദിനംപ്രതി കലോറി ഉപഭോഗം 2004-05ല്‍ 2072 ആയിരുന്നത് ഇപ്പോള്‍ 1756 കലോറിയായി ഇടിഞ്ഞിരിക്കുന്നു (എക്കാലത്തേയും കുറഞ്ഞ കലോറി ഉപഭോഗമാണിത്). അതേ അവസരത്തില്‍ പ്രതിദിന പ്രോട്ടീന്‍ ഉപഭോഗം അഞ്ചുവര്‍ഷം മുമ്പ് 61.3 ഗ്രാം ആയിരുന്നത് ഇന്നിപ്പോള്‍ 54 ഗ്രാമായി ഇടിഞ്ഞിരിക്കുന്നു.

സ്ഥായിയായ വരുമാനമുള്ള വളരെ ചെറിയ ഒരു ന്യൂനപക്ഷത്തിന് (വളരെ പ്രകടമായി ഉയര്‍ന്ന രീതിയില്‍ ജീവിക്കുന്ന ഒരു ന്യൂനപക്ഷത്തിന്) ഒരു കുടുംബത്തിന് ഒന്നിലധികം കാറുകള്‍ തവണയടിസ്ഥാനത്തില്‍ കടമായി വാങ്ങാന്‍ കഴിയുന്നു; മറ്റ് വില പിടിച്ച, ഏറെക്കാലം നിലനില്‍ക്കുന്ന സാധനങ്ങള്‍ വാങ്ങിയ്ക്കാന്‍ കഴിയുന്നു; തിന്നു മദിയ്ക്കാനും ഒഴിവു ദിവസങ്ങള്‍ ആസ്വദിയ്ക്കാനും കഴിയുന്നു. അതേ അവസരത്തില്‍ അധ്വാനിക്കുന്ന മഹാഭൂരിപക്ഷം വരുന്ന ജനങ്ങള്‍, താഴെക്കിടയിലുള്ള ജനങ്ങള്‍, ജീവിതം നിലനിര്‍ത്തുന്നതിനായി അത്യധ്വാനം ചെയ്യുന്നു. അവര്‍, സമ്പന്നരുടെ കണ്ണില്‍ പെടുന്നതേയില്ല. 

യാഥാര്‍ത്ഥ്യത്തെ അവഗണിക്കുന്നു

ഡെല്‍ഹിയിലെ നഗരവാസികളായ ജനസംഖ്യയില്‍ 55 ശതമാനത്തിനും 2009-10 വര്‍ഷത്തില്‍ ദിനംപ്രതി 1800 കലോറി ഊര്‍ജ്ജം ആര്‍ജിയ്ക്കാനുള്ള കഴിവുണ്ടായിരുന്നില്ല. അഞ്ചുവര്‍ഷം മുമ്പ് ആ അവസ്ഥയില്‍ ഉണ്ടായിരുന്നത് 25 ശതമാനത്തില്‍ താഴെ വരുന്ന ജനങ്ങളായിരുന്നുവെന്ന് നാം ഓര്‍ക്കണം. നാഷണല്‍ സാമ്പിള്‍ സര്‍വെയുടെ പ്രസക്തമായ കണക്കുകള്‍ പട്ടികയില്‍ കൊടുത്തിരിക്കുന്നു. എല്ലാ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുംവേണ്ടിവരുന്ന പ്രതിമാസ- പ്രതിശീര്‍ഷച്ചെലവിന്റെ അടിസ്ഥാനത്തില്‍, ഏറ്റവും ദരിദ്രരായവര്‍ തൊട്ട് ഏറ്റവും ധനികരായവര്‍ വരെയുള്ള ഉപഭോക്താക്കളെ പത്ത് വിഭാഗങ്ങളാക്കി 2009-10ലെ എന്‍എസ്എസ് റിപ്പോര്‍ട്ടുകളില്‍ തരംതിരിച്ചിരിക്കുന്നു. ഓരോ വിഭാഗത്തിലും ജനസംഖ്യയിലെ 10 ശതമാനം വീതം വരത്തക്കവിധത്തിലാണ് ഇതില്‍ ഓരോ വിഭാഗത്തിന്റെയും ചെലവ് പരിധി നിശ്ചയിച്ചിട്ടുള്ളത്. ഒന്നാം കോളത്തില്‍, ഓരോ വിഭാഗത്തില്‍പെട്ടവരും ചെലവാക്കുന്ന തുകയുടെ ഏറ്റവും ഉയര്‍ന്ന പരിധിയാണ് കൊടുത്തിരിക്കുന്നത്. ഈ ചെലവ് പരിധിയ്ക്ക് താഴെ വരുന്ന ജനങ്ങളുടെ ശതമാനമാണ് രണ്ടാം കോളത്തില്‍ കൊടുത്തിരിക്കുന്നത്. ഓരോ വിഭാഗത്തിലുംപെടുന്നവര്‍ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വേണ്ടി ചെലവാക്കുന്ന പ്രതിശീര്‍ഷത്തുകയാണ് മൂന്നാം കോളത്തില്‍ കൊടുത്തിരിക്കുന്നത്. ഓരോ വിഭാഗവും ഭക്ഷണത്തിനുവേണ്ടി ചെലവാക്കുന്ന തുകയില്‍ നിന്ന് അവര്‍ക്ക് ലഭിക്കുന്ന പ്രതിശീര്‍ഷ പ്രതിദിന ശരാശരി കലോറി ഊര്‍ജമാണ് നാലാമത്തെ കോളത്തിലെങ്കില്‍, അവര്‍ക്ക് ലഭിക്കുന്ന പ്രോട്ടീന്‍ അളവാണ് അഞ്ചാമത്തെ കോളത്തില്‍ കൊടുത്തിരിക്കുന്നത്. വിപണിയില്‍നിന്ന് വാങ്ങിക്കുന്നതിനെ മാത്രമല്ല ചെലവിന്റെ കോളത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്.കൃഷിക്കാര്‍ നേരിട്ട് ഉല്‍പാദിപ്പിക്കുന്നതും ഉപഭോഗം ചെയ്യുന്നതും കൂലിയായി കിട്ടുന്ന സാധനങ്ങളും എല്ലാം അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ആസൂത്രണക്കമ്മീഷനിലെ ഉന്നത പരിശീലനം സിദ്ധിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ എന്തുകൊണ്ടാണ് ഇങ്ങനെ യാഥാര്‍ത്ഥ്യത്തെ അവഗണിക്കുകയും അവരുടെ തെറ്റായ രീതി തുടരുകയും ചെയ്യുന്നത് എന്ന ചോദ്യം ഉയര്‍ന്നുവരാവുന്നതാണ്. അവരുടെ 1040 രൂപയുടെ ദാരിദ്ര്യരേഖ കൊണ്ട് കഷ്ടിച്ച് 1400 കലോറി ഊര്‍ജ്ജം നിലനിര്‍ത്താനേ ഉതകുന്നുള്ളൂ എന്ന് നമ്മെപ്പോലെ അവര്‍ക്കും അറിയാം എന്ന കാര്യം ഉറപ്പാണ്. അതിനുള്ള ഉത്തരത്തിന്റെ ഒരു ഭാഗം ഇങ്ങനെയാണ്: തെറ്റായ രീതി ഉപയോഗിക്കുന്ന സമ്പ്രദായം ആഗോളതലത്തില്‍ത്തന്നെ വ്യാപിച്ചിട്ടുള്ളതാണ്. ഇന്ത്യയും ചൈനയും അടക്കമുള്ള വികസ്വര രാജ്യങ്ങളിലെ പ്രാദേശിക കറന്‍സികളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെട്ട ഔദ്യോഗിക ദാരിദ്ര്യരേഖകളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടാണ് ലോകബാങ്കിലെ സാമ്പത്തിക വിദഗ്ദ്ധന്മാര്‍ കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ദാരിദ്ര്യത്തെ സംബന്ധിച്ച അവരുടെ കണക്കുകള്‍ തയ്യാറാക്കുന്നത്. അതേ അവസരത്തില്‍ ഈ ദാരിദ്ര്യരേഖകള്‍ അതതു രാജ്യങ്ങളിലെ യഥാര്‍ഥ ജീവിതച്ചെലവില്‍നിന്ന് എത്രയോ താഴെയാണ് താനും. 

ചൈനയില്‍ 1980കളില്‍ വിപണിയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങിയതോടുകൂടി, മേല്‍പറഞ്ഞ, സാര്‍വത്രികമായ തെറ്റായ രീതികള്‍ തന്നെ സ്വീകരിക്കാന്‍ തുടങ്ങി. പോഷകാഹാരത്തിന്റെ അടിസ്ഥാനത്തിലുള്ള ദാരിദ്ര്യരേഖ ശരിയായ വിധത്തില്‍ കണക്കാക്കിയത് 1984 അടിസ്ഥാനവര്‍ഷമായിട്ടെടുത്തുകൊണ്ട്, ഒരിക്കല്‍ മാത്രമാണ്. പിന്നീടെല്ലാം വില സൂചികയ്ക്കനുസരിച്ച് അതില്‍ മാറ്റം വരുത്തുകയാണുണ്ടായത്. അതിന്റെ ഫലമായിട്ടാണ് 2011ല്‍ 3.5 യുവാന്‍ ആണ് (ദിവസത്തില്‍) ദാരിദ്ര്യരേഖ എന്ന നിഗമനത്തില്‍ ചൈന എത്തിച്ചേര്‍ന്നത്. അബദ്ധജടിലമായ ഈ തുക കൊണ്ട് ഏറ്റവും വില കുറഞ്ഞ അരി ഒരു കിലോ പോലും വാങ്ങിയ്ക്കാന്‍ കഴിയുകയില്ല. ഏഷ്യന്‍ രാജ്യങ്ങളില്‍ ദാരിദ്ര്യം കുറഞ്ഞുകൊണ്ടിരിക്കുന്നു എന്ന ലോകബാങ്കിന്റെ അവകാശവാദം, ഏഷ്യയിലെ അതതു രാജ്യങ്ങളുടെ അവകാശവാദം പോലെത്തന്നെ വഞ്ചനാപരമാണ്. കാരണം ഓരോ രാജ്യവും തയ്യാറാക്കുന്ന പ്രാദേശിക കറന്‍സിയുടെ അടിസ്ഥാനത്തിലുള്ള ദാരിദ്ര്യരേഖകള്‍ വെച്ച്, അതിന്റെ ശരാശരി കണ്ടാണ് ലോകബാങ്ക് അങ്ങനെ അവകാശപ്പെടുന്നത്.

ഇന്നത്തെ വിനിമയനിരക്ക് അനുസരിച്ച് ദിവസത്തില്‍ ഏതാണ്ട് അരഡോളര്‍ വരുന്ന തുകയാണത്. എന്നാല്‍ പ്രാദേശിക കറന്‍സികളുടെ അടിസ്ഥാനത്തിലുള്ള ഈ ദാരിദ്ര്യരേഖ തന്നെ നാം കണ്ടപോലെ, വളരെ വളരെ താഴ്ന്ന ജീവിത നിലവാരത്തെ മാത്രമാണ് പ്രതിനിധീകരിക്കുന്നത്. ഏഷ്യയിലെ വിവിധ രാജ്യങ്ങളിലെ ദാരിദ്ര്യരേഖകളുടെ ശരാശരി കണ്ട്, ഈ രാജ്യങ്ങളിലെ വാങ്ങല്‍ക്കഴിവും ആഗോളതലത്തിലെ വാങ്ങല്‍ക്കഴിവും തമ്മിലുള്ള അന്തരം കണക്കിലെടുത്തുകൊണ്ട്, ഏഷ്യന്‍ ശരാശരിയെ ആഗോളതലത്തിലെ വാങ്ങല്‍ക്കഴിവിനൊത്ത വിധത്തില്‍ മാറ്റിക്കണക്കാക്കുമ്പോള്‍ (അതിനായി 2.5 കൊണ്ട് ഗുണിയ്ക്കുകയാണ് ചെയ്യുന്നത്)

ആഗോള പ്രതിദിന ദാരിദ്ര്യരേഖയായ 1.25 ഡോളര്‍ എന്ന സംഖ്യയില്‍ ലോകബാങ്ക് ചെന്നെത്തുന്നു. ലോകബാങ്കിന്റെ ആഗോള ദാരിദ്ര്യരേഖയായ ഈ 1.25 ഡോളര്‍ എന്ന സംഖ്യ, വിനിമയനിരക്ക് ഒരു ഡോളറിന് 60 രൂപ എന്ന് കണക്കാക്കിയാല്‍, 75 രൂപയാവും. എന്നാല്‍ നേരെമറിച്ചാണ് അവര്‍ കണക്കുകൂട്ടുന്നത്. നേരിട്ടുള്ള വിനിമയനിരക്കില്‍ കണക്കാക്കുന്നതിനുപകരം ആഗോളതലത്തിലെ വാങ്ങല്‍ക്കഴിവും ഇന്ത്യയിലെ വാങ്ങല്‍ക്കഴിവും തമ്മില്‍ വമ്പിച്ച അന്തരമുണ്ടെന്നതിന്റെ പേരില്‍ (1 : 0.4 എന്ന തോതില്‍) ഇന്ത്യയിലെ വാങ്ങല്‍ക്കഴിവിന്റെ തലത്തിലേക്ക് താഴ്ത്തി നിശ്ചയിക്കുകയാണ് ചെയ്യുന്നത്. പുറത്ത് 1.25 ഡോളറിന് കിട്ടുന്ന സാധനം ഇന്ത്യയില്‍ അതിന്റെ 2/5 ഭാഗത്തിന് ലഭിക്കുമെന്ന വാദത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ദാരിദ്ര്യരേഖ 2013ല്‍ 30 രൂപയായിരിക്കും എന്ന് താഴ്ത്തി നിശ്ചയിക്കുന്നു. ഇന്ത്യയ്ക്കുവേണ്ടി ലോകബാങ്ക് തയ്യാറാക്കുന്ന ഈ ദാരിദ്ര്യരേഖ, ഇന്ത്യയിലെ ഔദ്യോഗിക ദാരിദ്ര്യരേഖയ്ക്ക് വളരെ അടുത്തുവരുന്നുണ്ട്. അങ്ങിനെ ദാരിദ്ര്യം കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്ന അവകാശവാദത്തില്‍ അവര്‍ എത്തിച്ചേരുന്നു.

തൊഴിലവസരങ്ങളുടെ വളര്‍ച്ച വളരെ നിസ്സാരമായതിന്റെയും ഉയര്‍ന്ന ഭക്ഷ്യധാന്യ വിലക്കയറ്റത്തിന്റെയും പശ്ചാത്തലത്തില്‍ യഥാര്‍ഥത്തില്‍ ഏഷ്യയില്‍ ദാരിദ്ര്യം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇക്കാര്യം അംഗീകരിക്കുകയാണെങ്കില്‍, നൂറുകണക്കിന് സാമ്പത്തിക ശാസ്ത്രജ്ഞന്മാരെ ജോലിയ്ക്കുവെച്ച് ലോകബാങ്ക് തയ്യാറാക്കിയ ദാരിദ്ര്യരേഖയെ സംബന്ധിച്ച കണക്കുകള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴും. തെറ്റായ രീതി തന്നെ ഉപയോഗിച്ചുകൊണ്ട് ദാരിദ്ര്യരേഖ കണക്കാക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരത്തിന്റെ അടുത്തഭാഗം ഇങ്ങനെയാണ്: അങ്ങനെയുള്ള രീതിയില്‍നിന്ന് ലഭിക്കുന്ന ദാരിദ്ര്യരേഖയെ സംബന്ധിച്ച വഞ്ചനാപരമായ കണക്കുകള്‍, ആഗോളവല്‍ക്കരണവും നവലിബറല്‍ നയങ്ങളും ജനങ്ങള്‍ക്ക് വളരെ ഗുണകരമാണ് എന്ന വാദം സൗകര്യപൂര്‍വം ഉന്നയിയ്ക്കുന്നതിന് ഉതകുന്നതാണ്. എന്നാല്‍ സത്യം എന്നായാലും പുറത്തുവരും. കാരണം കാര്യങ്ങള്‍ എങ്ങിനെയാണെന്ന് ജനങ്ങള്‍ അനുഭവിച്ചറിയുന്നുണ്ടല്ലോ.

ഭക്ഷ്യസുരക്ഷയോ രാഷ്ട്രീയലക്ഷ്യമോ?

കാത്തിരുന്ന ഭക്ഷ്യസുരക്ഷാ ബില്‍ ഒടുവില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വന്നിരിക്കയാണ്. സ്വാതന്ത്ര്യത്തിന്റെ 65 വര്‍ഷം പിന്നിട്ടിട്ടും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. സ്വാതന്ത്ര്യം ലഭിക്കുന്ന വേളയില്‍ രാജ്യത്തുണ്ടായിരുന്ന ജനസംഖ്യക്ക് ഏതാണ്ട് തുല്യമാണ് ഇന്ന് ഇന്ത്യയിലെ പട്ടിണിക്കാരുടെ എണ്ണം. ആഗോള ഹംഗര്‍ റിപ്പോര്‍ട്ടുപ്രകാരമുള്ള പട്ടിണിസൂചിക അനുസരിച്ച് 81 രാജ്യങ്ങളില്‍ 67-ാംസ്ഥാനത്താണ് ഇന്ത്യ. പോഷകാഹാരക്കുറവുള്ളവരുടെ എണ്ണത്തിലും ഇന്ത്യതന്നെ മുന്നില്‍. 1991നുശേഷം രാജ്യത്ത് നടപ്പാക്കിയ ഉദാരവല്‍ക്കരണനയങ്ങള്‍ ഭക്ഷ്യസുരക്ഷയെ ബാധിച്ചു. കാര്‍ഷികപ്രതിസന്ധി, ഭക്ഷ്യോല്‍പ്പാദനത്തിലുണ്ടായ ചാഞ്ചാട്ടം, ജനങ്ങളുടെ വാങ്ങല്‍ശേഷിയിലുണ്ടായ ഗണ്യമായ കുറവ്, പൊതുവിതരണസമ്പ്രദായം വിഭജിച്ച് പരിമിതപ്പെടുത്തിയത് എന്നിവയാണ് പ്രധാന കാരണങ്ങള്‍.

എല്ലാ പൗരന്മാര്‍ക്കും ഭക്ഷ്യസുരക്ഷ നിയമപ്രകാരം ഉറപ്പാക്കുന്ന, ലോകത്ത് സമാനതകളില്ലാത്ത പദ്ധതിയെന്ന് അവകാശപ്പെട്ടാണ് ഭക്ഷ്യസുരക്ഷാ ബില്‍ കൊണ്ടുവരുന്നത്. എന്നാല്‍, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനേക്കാള്‍ തെരഞ്ഞെടുപ്പില്‍ വോട്ട് സുരക്ഷിതമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയായുധമാണ് ഈ ബില്ലെന്ന വിമര്‍ശവുമുണ്ട്. ആ വിമര്‍ശം ശരിവയ്ക്കുന്നതും സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യംചെയ്യുന്നതുമായ ചില സാഹചര്യങ്ങള്‍ അവഗണിക്കാനാകില്ല. രണ്ടാം യുപിഎ സര്‍ക്കാര്‍ നൂറുദിവസംകൊണ്ട് ഭക്ഷ്യസുരക്ഷാ ബില്‍ പാസാക്കുമെന്നാണ് ആദ്യത്തെ നയപ്രഖ്യാപനപ്രസംഗത്തില്‍ പറഞ്ഞത്. അതിനുശേഷം 1500 ദിവസം പിന്നിട്ടിട്ടാണ് ഈ ബില്‍ കൊണ്ടുവരുന്നത്. ഈ കാലതാമസത്തിന് മറ്റാരുമല്ല ഉത്തരവാദി. ബില്‍ അവതരിപ്പിക്കുന്നതില്‍നിന്ന് സര്‍ക്കാരിനെ ഇത്രയുംകാലം ആരും തടഞ്ഞിട്ടില്ല. അപ്പോള്‍ ഭക്ഷ്യസുരക്ഷാപദ്ധതി നടപ്പാക്കുക എന്നതിനേക്കാള്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒരു നിയമം പാസാക്കി സ്വന്തം രാഷ്ട്രീയസുരക്ഷ ഉറപ്പാക്കാന്‍ ശ്രമിക്കുക എന്നതാണ് യുപിഎയുടെ ഉദ്ദേശ്യമെന്ന് കരുതുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. പാര്‍ലമെന്റ് സമ്മേളനത്തിന് തൊട്ടുമുമ്പ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതുതന്നെ അനുചിതമായ നടപടിയായിരുന്നു. രാഷ്ട്രീയപ്രചാരണമെന്ന ലക്ഷ്യമല്ലാതെ മറ്റൊന്നും അതിനുണ്ടായിരുന്നില്ല. ഈ രാഷ്ട്രീയ ഉദ്ദേശ്യവും ആത്മാര്‍ഥതയില്ലായ്മയും പ്രതിഫലിപ്പിക്കുന്നതാണ് ബില്ലിലെ പല വ്യവസ്ഥകളും.

സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ ബില്‍ യഥാര്‍ഥത്തില്‍ പഴയതില്‍നിന്നുള്ള പിന്നോക്കംപോക്കാണ്. 2011ലെ ബില്‍ അഞ്ചംഗകുടുംബത്തിന് മൂന്നു രൂപ നിരക്കില്‍ 35 കിലോ ഭക്ഷ്യധാന്യം നല്‍കാന്‍ വ്യവസ്ഥചെയ്ത സ്ഥാനത്ത്, ഒരു വ്യക്തിക്ക് അഞ്ചു കിലോ എന്നാക്കി ചുരുക്കിയിരിക്കയാണ് ഇപ്പോഴത്തെ ബില്ലില്‍. അതായത് അഞ്ചംഗകുടുംബത്തിന് നേരത്തെ 35 കിലോ ലഭിക്കുമായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 25 കിലോമാത്രമാകും. കുടുംബങ്ങളിലെ അംഗസംഖ്യ കുറവായ കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ നഷ്ടം വലുതായിരിക്കും. വില നിശ്ചയിക്കുന്നതിലും ഒളിച്ചുകളി പ്രകടമാണ്. അരി, ഗോതമ്പ്, പയര്‍ എന്നിവയ്ക്ക് യഥാക്രമം മൂന്നു രൂപ, രണ്ടു രൂപ, ഒരു രൂപ എന്നിങ്ങനെയാണ് വില നിശ്ചയിച്ചിരുന്നത്. പുതിയ ബില്ലില്‍ മൂന്നുവര്‍ഷത്തേക്കുമാത്രമായിരിക്കും ഈ വില പ്രാബല്യത്തിലുണ്ടാവുക. അതിനുശേഷം താങ്ങുവിലയേക്കാള്‍ കൂടാത്ത വില കേന്ദ്രസര്‍ക്കാരിന് നിശ്ചയിക്കാമെന്നാണ് വ്യവസ്ഥ. വില വര്‍ധിപ്പിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിന് നല്‍കുന്ന ഈ വ്യവസ്ഥയില്‍ അപകടം പതിയിരിക്കുന്നുണ്ട്.

രാജ്യത്തെ ഗ്രാമീണജനതയില്‍ 75 ശതമാനവും നഗരജനതയില്‍ 50 ശതമാനവും ആകെ ജനസംഖ്യയുടെ 67 ശതമാനവും ഭക്ഷ്യസുരക്ഷാപദ്ധതിയുടെ പരിധിയില്‍ വരുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഒന്നാമതായി, 67 ശതമാനത്തെമാത്രം ഉള്‍ക്കൊള്ളുന്ന ഭക്ഷ്യസുരക്ഷാപദ്ധതിതന്നെ അപര്യാപ്തമാണ്. സാര്‍വത്രികമായ പൊതുവിതരണസമ്പ്രദായമാണ് നടപ്പാക്കേണ്ടത്. ഏറ്റവും ചുരുങ്ങിയത് 90 ശതമാനത്തെയെങ്കിലും ഉള്‍ക്കൊള്ളുന്നതായിരിക്കണം പൊതുവിതരണസംവിധാനം. ദാരിദ്ര്യം കണക്കാക്കാന്‍ ആസൂത്രണ കമീഷന്‍ ആവിഷ്കരിച്ച പഴയ മാനദണ്ഡമനുസരിച്ച് ഗ്രാമപ്രദേശങ്ങളില്‍ 2100 കലോറിയും നഗരങ്ങളില്‍ 2200 കലോറിയും ഊര്‍ജം ഭക്ഷണത്തില്‍നിന്ന് ഒരു വ്യക്തിക്ക് ലഭിക്കേണ്ടതുണ്ട്. ആ മാനദണ്ഡമനുസരിച്ച് കണക്കാക്കിയാല്‍ ഇപ്പോള്‍ ഇന്ത്യയിലെ ഗ്രാമീണജനതയില്‍ 75 ശതമാനവും നഗരജനതയില്‍ 69 ശതമാനവും പട്ടിണിക്കാരാണെന്നാണ് പ്രൊഫ. ഉത്സ പട്നായിക്കിന്റെ പഠനം ചൂണ്ടിക്കാട്ടുന്നത്.

അറുപത്തേഴ് ശതമാനത്തെ ഉള്‍ക്കൊള്ളുന്നതെന്ന സര്‍ക്കാരിന്റെ അവകാശവാദത്തിലും പഴുതുകളുണ്ട്. 2011-12ലെ കണക്ക് അടിസ്ഥാനമാക്കി ആസൂത്രണ കമീഷന്‍, പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ അനുപാതം സംബന്ധിച്ച പട്ടിക ഭക്ഷ്യമന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. അതനുസരിച്ച് കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവയടക്കം 13 സംസ്ഥാനങ്ങളില്‍ ദേശീയ ശരാശരിയായ 67 ശതമാനത്തില്‍ കുറവ് ആളുകളേ പദ്ധതിയില്‍ ഉള്‍പ്പെടുകയുള്ളൂ. യുപി, ബിഹാര്‍, മധ്യപ്രദേശ് തുടങ്ങിയ എട്ട് സംസ്ഥാനങ്ങളില്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നവരുടെ അനുപാതം ദേശീയ ശരാശരിയേക്കാള്‍ കൂടും. മാത്രമല്ല, 12 സംസ്ഥാനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്ന 75 ശതമാനത്തേക്കാള്‍ കുറവായിരിക്കും പദ്ധതിക്കുകീഴില്‍ വരുന്ന ഗ്രാമീണ ഗുണഭോക്താക്കളുടെ എണ്ണം. 12 സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ അവകാശപ്പെടുന്ന 50 ശതമാനത്തേക്കാള്‍ കുറവായിരിക്കും നഗര ഗുണഭോക്താക്കളുടെ എണ്ണം. പദ്ധതി 67 ശതമാനത്തിനുമാത്രമായി പരിമിതപ്പെടുത്താന്‍ ആസൂത്രണ കമീഷന്‍ സ്വീകരിച്ച യുക്തിസഹമല്ലാത്ത മാനദണ്ഡങ്ങളുടെയും യാന്ത്രികസമീപനങ്ങളുടെയും ഫലമാണിത്. എപിഎല്‍, ബിപിഎല്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ ആസൂത്രണ കമീഷന്‍ സ്വീകരിച്ചതും വിശ്വാസ്യത നഷ്ടപ്പെട്ടതുമായ മാനദണ്ഡങ്ങള്‍ ചില്ലറ ഭേദഗതികളോടെ ബാധകമാക്കിയാണ് 67 ശതമാനമെന്ന ദേശീയ ശരാശരിയില്‍ എത്തിച്ചത്. ഈ പ്രക്രിയയില്‍ ഭക്ഷ്യസുരക്ഷാപദ്ധതിക്കുകീഴില്‍ വരേണ്ടവരെ സംബന്ധിച്ച് മാനദണ്ഡം നിശ്ചയിക്കേണ്ട സംസ്ഥാന സര്‍ക്കാരിന്റെ അധികാരം അട്ടിമറിക്കപ്പെട്ടു. ആസൂത്രണ കമീഷന്‍ നിശ്ചയിച്ച പരിധിക്കകത്ത് ഗുണഭോക്താക്കളുടെ എണ്ണം പരിമിതപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ബന്ധിതമായി.

കേരളം, തമിഴ്നാട്, കര്‍ണാടകം, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ഒഡിഷ, ത്രിപുര, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങി ഒരുഡസന്‍ സംസ്ഥാനങ്ങളിലെങ്കിലും ഈ ബില്ലില്‍ അവകാശപ്പെടുന്നതിനേക്കാള്‍ ആളുകളെ ഉള്‍ക്കൊള്ളുന്ന ഭക്ഷ്യസുരക്ഷാപദ്ധതികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്നുണ്ട്. ഇവിടങ്ങളിലെല്ലാം കൂടുതല്‍ ബിപിഎല്‍ കാര്‍ഡുകള്‍ നല്‍കുകയും സബ്സിഡി നിരക്കില്‍ ഭക്ഷ്യധാന്യം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. എപിഎല്‍ കാര്‍ഡുടമകള്‍ക്കും മിതമായ വിലയ്ക്ക് ഭക്ഷ്യധാന്യം ഉറപ്പാക്കിയിട്ടുണ്ട്. ഈ ബില്‍ ഇപ്പോഴുള്ള രൂപത്തില്‍ നടപ്പാക്കുകയെന്നാല്‍ കേരളമുള്‍പ്പെടെ മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങളില്‍ വലിയൊരു വിഭാഗം ഇപ്പോള്‍ അനുഭവിക്കുന്ന ഭക്ഷ്യസുരക്ഷാ ആനുകൂല്യത്തില്‍നിന്ന് പുറത്താകുമെന്നര്‍ഥം. 2010-11നും 2013-14നുമിടയിലുള്ള കണക്കുകള്‍ കാണിക്കുന്നത്, എപിഎല്‍ വിഭാഗത്തിനുള്ള കേന്ദ്രവിഹിതമായ അരി തുടര്‍ച്ചയായി 70 ശതമാനത്തിനുമുകളില്‍ എടുത്തിട്ടുണ്ട്. പലപ്പോഴും ഇത് 90 ശതമാനംവരെ എത്തിയിട്ടുമുണ്ട്. എപിഎല്‍ വിഭാഗത്തില്‍പ്പെടുന്നവരെ ഭക്ഷ്യവിലക്കയറ്റം എത്രത്തോളം ബാധിക്കുന്നുവെന്നതിന്റെ തെളിവാണ് പൊതുവിതരണസംവിധാനത്തോടുള്ള അവരുടെ വര്‍ധിച്ച ആശ്രിതത്വം കാണിക്കുന്നത്. എപിഎല്‍, ബിപിഎല്‍ വിഭജനത്തിന്റെ മാനദണ്ഡം എത്രത്തോളം അശാസ്ത്രീയമാണെന്നതിന്റെ മാനദണ്ഡംകൂടിയാണിത്. ആസൂത്രണ കമീഷന്റെ പരിധി നടപ്പാക്കുമ്പോള്‍ മിതമായ വിലയ്ക്ക് ഭക്ഷ്യധാന്യം ലഭിക്കുന്ന എപിഎല്‍ വിഭാഗത്തിന്റെ അവകാശംകൂടിയാണ് ഹനിക്കപ്പെടുക.

വിവിധ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ത്തന്നെ നിലനില്‍ക്കുന്ന മെച്ചപ്പെട്ട ഭക്ഷ്യസുരക്ഷാപദ്ധതികളെ മാതൃകയാക്കിയും ഉള്‍ക്കൊണ്ടും ഭക്ഷ്യസുരക്ഷാനിയമം വിപുലീകരിക്കുന്നതിനുപകരം സംസ്ഥാനങ്ങള്‍ക്ക് വേണമെങ്കില്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ട പദ്ധതികള്‍ സ്വന്തം നിലയില്‍ പണം കണ്ടെത്തി തുടരാമെന്ന ബില്ലിലെ വ്യവസ്ഥ വിചിത്രമാണ്. കൊട്ടിഘോഷിക്കപ്പെടുന്ന ഭക്ഷ്യസുരക്ഷാനിയമത്തിന്റെ പരിമിതിയും പരാജയവും സ്വയം സമ്മതിക്കലാണ്. കേന്ദ്രം ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള ചുമതല സംസ്ഥാനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കുകയാണ്.

നിയമം ഈ രൂപത്തില്‍ നടപ്പായാല്‍ ഏറെക്കുറെ സാര്‍വത്രിക പൊതുവിതരണസംവിധാനമുള്ള കേരളത്തിന് അതൊരു നഷ്ടക്കച്ചവടമായിരിക്കും. കേന്ദ്രവിഹിതം കുറയാനും വില കൂടാനും എപിഎല്‍ കാര്‍ഡുടമകള്‍ ഒഴിവാക്കപ്പെടാനും ഇന്നത്തെ നിലയിലുള്ള നിയമം കാരണമാകും. ആശങ്കകള്‍ പരിഹരിക്കുമെന്നും സംസ്ഥാനതാല്‍പ്പര്യം സംരക്ഷിക്കുമെന്നും കേന്ദ്ര- സംസ്ഥാന മന്ത്രിമാര്‍ ഭംഗിവാക്ക് പറയുന്നതല്ലാതെ മൂര്‍ത്തമായ നിര്‍ദേശങ്ങളോ ഭേദഗതികളോ ഒന്നും കേന്ദ്രം ഇതുവരെ അംഗീകരിച്ചിട്ടില്ല.

യഥാര്‍ഥത്തില്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൂട്ടി നിശ്ചയിച്ച തുകയ്ക്കുവിധേയമായി ഗുണഭോക്താക്കളുടെ എണ്ണവും ഭക്ഷ്യധാന്യവിഹിതവും കണക്കാക്കി ബില്‍ കൊണ്ടുവരികയാണ് ചെയ്തിട്ടുള്ളത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നതിനേക്കാള്‍ രാഷ്ട്രീയനേട്ടമുണ്ടാക്കുക എന്നതുമാത്രമായി കേന്ദ്രസര്‍ക്കാരിന്റെ ഉദ്ദേശ്യം ചുരുങ്ങുന്നു. നിയമം നടപ്പാക്കാന്‍ ആവശ്യമായിവരുന്ന അധിക ഭക്ഷ്യധാന്യം ഭക്ഷ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 40 ലക്ഷം ടണ്‍മാത്രമാണ്. കഴിഞ്ഞ കുറെക്കാലമായി രാജ്യത്തിന് ആവശ്യമുള്ളതിന്റെ ഇരട്ടിയോളം ഭക്ഷ്യധാന്യ കരുതല്‍ശേഖരം നമുക്കുണ്ട്. വന്‍തോതില്‍ കരുതല്‍ശേഖരം കാത്തുസൂക്ഷിക്കാന്‍ വലിയ സാമ്പത്തികബാധ്യതയുണ്ടാകും. യഥാര്‍ഥത്തില്‍ കേന്ദ്രസര്‍ക്കാരിന് ഈ സാധ്യത ഉപയോഗിച്ച് ഇതിനേക്കാള്‍ മെച്ചപ്പെട്ടതും വിപുലവുമായ ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാന്‍ കഴിയും.

ഇതിനകം വിവാദമായ പണം നേരിട്ട് കൈമാറല്‍ പദ്ധതിയുമായി ഭക്ഷ്യസുരക്ഷാപദ്ധതിയെ ഭാവിയില്‍ ബന്ധപ്പെടുത്താനുള്ള ആപല്‍സാധ്യത നിലനില്‍ക്കുന്നു. ഇത് ഭക്ഷ്യസുരക്ഷാപദ്ധതിയുടെ ഉദ്ദേശ്യത്തെത്തന്നെ തകര്‍ക്കാന്‍ കാരണമാകും. ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളുടെ ശമനമില്ലാത്ത ഒരു പാര്‍ശ്വഫലമായി വിലക്കയറ്റം തുടരുമ്പോള്‍, ഭക്ഷ്യസബ്സിഡിക്കുപകരം നേരിട്ട് പണം നല്‍കുന്നത് ജനങ്ങളെ സുരക്ഷിതരാക്കുകയല്ല, അരക്ഷിതരാക്കുകയാണ് ചെയ്യുക. ബാങ്കിലെത്തുമെന്ന് പറയുന്ന സബ്സിഡിപ്പണം മുന്‍കൂട്ടി നിശ്ചയിച്ചതായിരിക്കുകയും ഭക്ഷ്യധാന്യങ്ങളുടെ വില നിരന്തരം വര്‍ധിക്കുകയും ചെയ്യുമ്പോള്‍ എങ്ങനെയാണ് ഭക്ഷ്യസുരക്ഷ ഉണ്ടാവുക.

സിപിഐ എമ്മും ഇടതുപക്ഷവും വ്യക്തവും മൂര്‍ത്തവുമായ ഒട്ടേറെ ഭേദഗതികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആദായനികുതി നല്‍കുന്നവരൊഴികെയുള്ള എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സാര്‍വത്രിക പൊതുവിതരണം ലക്ഷ്യമാക്കുന്നതാണ് സിപിഐ എമ്മിന്റെ ഭേദഗതികള്‍. ഭക്ഷ്യധാന്യങ്ങള്‍ക്കുപുറമേ ആവശ്യമായ അളവില്‍ പഞ്ചസാര, പാചക എണ്ണ, പയര്‍വര്‍ഗങ്ങള്‍ എന്നിവ ഉറപ്പാക്കാന്‍ ആവശ്യമായ ഭേദഗതികളും മുന്നോട്ടുവച്ചിട്ടുണ്ട്. ബില്‍ ഒരു വ്യക്തിക്ക് അഞ്ചു കിലോ ഭക്ഷ്യധാന്യം വ്യവസ്ഥചെയ്യുമ്പോള്‍ സിപിഐ എം ആവശ്യപ്പെടുന്നത്, വ്യക്തിക്ക് ഏഴു കിലോയോ കുടുംബത്തിന് 35 കിലോയോ ഏതാണ് കൂടുതല്‍ അതുറപ്പാക്കണമെന്നാണ്. മൂന്നുവര്‍ഷത്തിനുശേഷം ഭക്ഷ്യധാന്യവില താങ്ങുവിലയുമായി ബന്ധപ്പെടുത്തുന്ന നിര്‍ദേശത്തെ സിപിഐ എം എതിര്‍ക്കുകയും മൂന്നു രൂപയ്ക്കുപകരം രണ്ടു രൂപയ്ക്ക് അരി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ബില്ലിന് അമിതമായ കേന്ദ്രീകൃതസ്വഭാവം ഉള്ളതിനാല്‍ പദ്ധതിനടത്തിപ്പിന്റെ ചെലവു പങ്കുവയ്ക്കല്‍ ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളിലും സംസ്ഥാന സര്‍ക്കാരുകളോട് കൂടിയാലോചന നടത്തുകയും സമ്മതം വാങ്ങുകയും ചെയ്യണമെന്ന ഭേദഗതിയും മുന്നോട്ടുവയ്ക്കുന്നു. പണം നേരിട്ട് നല്‍കുന്ന പദ്ധതി ഭക്ഷ്യസുരക്ഷയുമായി ബന്ധിപ്പിക്കരുതെന്ന ഭേദഗതിയും സിപിഐ എം മുന്നോട്ടുവച്ചു. രാഷ്ട്രീയ അഭ്യാസമെന്നതിലുപരി, ഭക്ഷ്യസുരക്ഷ ഒരു അവകാശമായി ഉറപ്പുവരുത്തുന്നതിന് ഈ ഭേദഗതികള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കേണ്ടതുണ്ട്.

ഭക്ഷ്യസുരക്ഷ എന്ന ജാലവിദ്യ

പ്രാണവായുവും ജീവജലവുംപോലെ എല്ലാ ജീവജാലങ്ങളുടെയും പ്രാഥമികാവശ്യമാണ് ഭക്ഷണം. മനുഷ്യന്റെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്കും പ്രവര്‍ത്തനക്ഷമതയ്ക്കും ഊര്‍ജവും പോഷകങ്ങളും ലഭിക്കുന്നത് ഭക്ഷണത്തില്‍നിന്നാണ്. ഭക്ഷ്യക്ഷാമംമൂലമുള്ള പട്ടിണിമരണങ്ങള്‍ ചരിത്രത്തിലെ ക്രൂരതയാണ്.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഭക്ഷ്യസുരക്ഷാനിയമത്തില്‍ ഭക്ഷണം അവകാശമാണ് എന്ന് എഴുതിച്ചേര്‍ത്തിരിക്കുന്നു. ഇന്ത്യന്‍ ജനസംഖ്യയുടെ മൂന്നില്‍രണ്ടുവരുന്ന 81 കോടി ജനങ്ങള്‍ക്ക് ഈ നിയമത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്നത്. മൂന്നുവയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും പോഷകാഹാരവും 14 വയസ്സുവരെയുള്ളവര്‍ക്ക് സൗജന്യഭക്ഷണവും നല്‍കുമെന്നാണ് പ്രഖ്യാപനം. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് പ്രതിമാസം അഞ്ചുകിലോ ധാന്യം സൗജന്യനിരക്കില്‍ നല്‍കും. അരിക്ക് മൂന്നുരൂപയും ഗോതമ്പിന് രണ്ടുരൂപയും ചെറിയ ധാന്യങ്ങള്‍ക്ക് ഒരു രൂപയുംമാത്രം. "വിശപ്പ് ഇനി ചരിത്രമാകും" എന്നാണ് ഭാരത സര്‍ക്കാര്‍ കോടികള്‍ മുടക്കി എല്ലാ മാധ്യമങ്ങള്‍ക്കും നല്‍കിയിട്ടുള്ള പരസ്യവിളംബരം. വിശക്കുന്നവന്റെ മുമ്പില്‍ ദൈവം ഭക്ഷണത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടുമെന്നാണ് പഴമൊഴി. സര്‍ക്കാര്‍ പരസ്യത്തില്‍ ദേവതയുടെയും ദേവന്റെയും വര്‍ണചിത്രം കാണാം- സോണിയ ഗന്ധിയും മന്‍മോഹന്‍സിങ്ങും പാല്‍പുഞ്ചിരി പൊഴിക്കുന്നു. ഭാരതീയര്‍ക്ക് ഇനി വിശപ്പിന്റെ വിളി കേള്‍ക്കേണ്ടിവരില്ലെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.

ക്ഷേമരാഷ്ട്രസങ്കല്‍പ്പത്തിന്റെ ഭാഗമായാണ് അറുപതുകളില്‍ സ്റ്റാറ്റ്യൂട്ടറി റേഷനിങ് സമ്പ്രദായം നിലവില്‍വന്നത്. ദാരിദ്ര്യനിര്‍മാര്‍ജനത്തിനും വില നിയന്ത്രണത്തിനും ഇത് സഹായകമായി. റേഷന്‍ വില കുറവായതിനാല്‍ പൊതുകമ്പോളത്തിലെ ചൂഷണത്തിന് അറുതിവരുത്തി. കരിഞ്ചന്തയും പൂഴ്ത്തിവയ്പും കേരളംപോലെയുള്ള സംസ്ഥാനങ്ങളില്‍ തടയാനും കഴിഞ്ഞിരുന്നു. എഴുപതുകളില്‍ ഹരിതവിപ്ലവത്തെത്തുടര്‍ന്നുണ്ടായ ഭക്ഷ്യപുരോഗതി വലിയ ആശ്വാസമേകി. ഭക്ഷ്യധാന്യങ്ങളുടെ സംഭരണത്തിനും വിതരണത്തിനുമാണ് ഫുഡ്കോര്‍പറേഷന്‍ രൂപീകരിച്ചത്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവശ്യസാധനങ്ങള്‍ ചുരുങ്ങിയ വിലയ്ക്ക് ലഭ്യമാക്കുന്ന പൊതുവിതരണസമ്പ്രദായത്തിന് ഊന്നല്‍ നല്‍കിയാണ് ഇന്ദിരാഗാന്ധി ഇരുപതിന സാമ്പത്തികപരിപാടി പ്രഖ്യാപിച്ചത്. കേരളത്തില്‍ ഇടതുപക്ഷസര്‍ക്കാരുകള്‍ അധികാരത്തിലിരുന്നപ്പോഴാണ് പൊതുവിതരണ ശൃംഖല വിപുലപ്പെടുത്തിയത്. 1980 ല്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രിയും ഇ ചന്ദ്രശേഖരന്‍നായര്‍ ഭക്ഷ്യമന്ത്രിയുമായിരുന്നപ്പോഴാണ് മാവേലിസ്റ്റോറുകള്‍ സ്ഥാപിച്ചത്. നിത്യോപയോഗസാധനങ്ങള്‍ ന്യായവിലയ്ക്ക് നല്‍കുന്ന മാവേലിസ്റ്റോറുകള്‍ ഗ്രാമതലംവരെയുള്ള ജനങ്ങള്‍ക്ക് വലിയ ആശ്വാസമായിരുന്നു. മാവേലിസ്റ്റോറുകള്‍ക്കുമുമ്പിലെ നീണ്ട ക്യൂ അല്‍ഭുതപ്രതിഭാസമായിരുന്നു. കൊള്ളലാഭക്കാരായ സ്വകാര്യകച്ചവടക്കാര്‍ പിന്നീട് വാമനന്‍ സ്റ്റോറുകള്‍ തുടങ്ങി മാവേലിസ്റ്റോറുകളെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആഗോളവല്‍ക്കരണ അജന്‍ഡ നടപ്പാക്കിയ 1991മുതലാണ് റേഷന്‍ കടകളുടെ ശനിദശ ആരംഭിച്ചത്. ഭക്ഷ്യസബ്സിഡി വെട്ടിച്ചുരുക്കുകയും റേഷന്‍സാധന വില വര്‍ധിപ്പിക്കുകയും ചെയ്തതോടെ റേഷന്‍ കടകളുടെ മരണമണി മുഴങ്ങി. 1997 മുതല്‍ നടപ്പാക്കിയ ബിപിഎല്‍-എപിഎല്‍ വേര്‍തിരിവും, വിലകുറഞ്ഞ റേഷന്‍ പരമദരിദ്രര്‍ക്കായി പരിമിതപ്പെടുത്തിയതും റേഷന്‍ സംവിധാനത്തില്‍ ഘടനാപരമായ മാറ്റങ്ങളുണ്ടാക്കി. റേഷന്‍ വിതരണം ടാര്‍ജറ്റഡ് ആയപ്പോള്‍ നല്ലൊരു വിഭാഗം പുറന്തള്ളപ്പെട്ടു. റേഷന്‍വില നിരവധിതവണ കൂട്ടിയതോടെ പൊതുകമ്പോളത്തിലെ വിലയുമായി വലിയ അന്തരമില്ലാതായി. പൊതുവിതരണസമ്പ്രദായത്തിന്റെ തകര്‍ച്ചയാണ് സമീപകാലത്തെ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് മുഖ്യകാരണം. ഇന്നത്തെ റേഷന്‍സമ്പ്രദായം മുഖേന യഥാര്‍ഥ ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണ്ടുപിടിത്തം. റേഷന്‍ വാങ്ങാത്ത ആളുകളുടെ പേരിലുള്ള ഭക്ഷ്യവിഭവങ്ങള്‍ റേഷന്‍കടയുടമകള്‍ മറിച്ചുവില്‍ക്കുന്ന കാര്യം ഒറ്റപ്പെട്ടതല്ല. ഇത് പരിഹരിക്കാന്‍ പുതിയ ഭക്ഷ്യസുരക്ഷാനിയമത്തില്‍ പറയുന്ന വ്യവസ്ഥകളൊന്നും പ്രായോഗികമല്ല. ഭക്ഷ്യസുരക്ഷാനിയമം നടപ്പാവുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പറയുന്ന കണക്കുപ്രകാരം ഖജനാവില്‍നിന്ന് പ്രതിവര്‍ഷം ഒരു ലക്ഷത്തി മുപ്പത്തിമൂവായിരം കോടി രൂപയാണ് മുടക്കേണ്ടത്. ഗുരുതരമായ സാമ്പത്തികപ്രതിസന്ധി നേരിടുന്ന ഒരു രാജ്യമെന്നനിലയില്‍ ഈ തുക സ്ഥിരമായി വിനിയോഗിക്കാന്‍ കഴിയുമെന്ന് ആര്‍ക്കും പറയാനാവില്ല.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചനിരക്ക് ഒന്‍പതുശതമാനത്തില്‍നിന്ന് 4.6 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. രൂപയുടെ മൂല്യം ഇടിഞ്ഞ സാഹചര്യത്തില്‍ ഭക്ഷ്യധാന്യ ഇറക്കുമതി അസാധ്യമാണ്. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ ആദ്യം ചെയ്യേണ്ടത് ഭക്ഷ്യഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള തീവ്രയജ്ഞമാണ്. ആഗോളസാമ്പത്തികമാന്ദ്യം ഇന്ത്യയെ ബാധിക്കാതിരുന്നത് കാര്‍ഷിക സമ്പദ്ഘടന ഒരു പരിധിവരെ ബലവത്തായിരുന്നതുകൊണ്ടാണ്. എന്നാല്‍, കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പുവരുത്താനും കൃഷിനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും വേണ്ടത്ര ശുഷ്കാന്തിയില്ല. വന്‍തുക സബ്സിഡിയായി അന്താരാഷ്ട്ര കുത്തകകള്‍ക്ക് നല്‍കി അവരെക്കൊണ്ട് കൃഷിയും ഭക്ഷ്യശേഖരണവും നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ഗൂഢപദ്ധതി. ഭക്ഷ്യധാന്യ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ പുതിയ ഇനം വിത്തിനങ്ങള്‍ ഉപയോഗിക്കുന്നതോടെ പരമ്പരാഗത കാര്‍ഷികമേഖല തകരും. ഇന്ത്യയിലെ ധാന്യ ഉല്‍പ്പാദനത്തിന്റെ 30 ശതമാനംമാത്രമാണ് സര്‍ക്കാരിന് ശേഖരിക്കാന്‍ കഴിയുന്നത്. 70 ശതമാനവും പൊതുവിപണിയിലെത്തുന്നു. പഴയ ജന്മിയുടെ പത്തായപ്പുരയുടെ സ്ഥാനമാണ് ഫുഡ്കോര്‍പറേഷന്‍ ഗോഡൗണുകള്‍ക്ക് ഉണ്ടായിരുന്നത്. ഭക്ഷ്യധാന്യസംഭരണം ഫലപ്രദമായി നിര്‍വഹിക്കാന്‍ എഫ്സിഐയ്ക്ക് കഴിയുന്നില്ല. ധാന്യങ്ങള്‍ സംഭരണശാലകളില്‍ കുമിഞ്ഞുകൂടുന്നതിനാല്‍ സൂക്ഷിച്ചുവയ്ക്കാന്‍ ഇടമില്ല. തുറസ്സായ സ്ഥലങ്ങളില്‍ കിടന്ന് പുഴുവരിച്ച് ടണ്‍കണക്കിന് ധാന്യമാണ് നശിക്കുന്നത്. ഉപയോഗശൂന്യമായവ കത്തിക്കുകയോ കുഴിച്ചുമൂടുകയോ ചെയ്യേണ്ടിവരുന്നു. പുതിയ നിയമപ്രകാരം കേരളത്തില്‍ 46 ശതമാനംപേര്‍ക്കുമാത്രമാണ് റേഷന്‍ ലഭിക്കുക. എപിഎല്‍ വിഭാഗത്തില്‍പെട്ടവര്‍ക്ക് നേരത്തെ ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാവും. ബിപിഎല്‍ കുടുംബത്തിന് 35 കിലോ അരി എന്നത് ഒരു വ്യക്തിക്ക് അഞ്ചുകിലോയായി പരിമിതപ്പെടുത്തിയിരിക്കുന്നു. കേരളത്തിലെ മഹാഭൂരിപക്ഷം കുടുംബങ്ങളും മൂന്നോ നാലോ പേര്‍ മാത്രമുള്ള അണുകുടുംബങ്ങളാണ്. അഞ്ചുകിലോ അരിയോ ഗോതമ്പോ ലഭിക്കുന്നതുകൊണ്ട് വിശപ്പടക്കാമെന്നല്ലാതെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നില്ല. സമ്പൂര്‍ണ പോഷണത്തിനും അന്നജത്തിനും പുറമെ മാംസ്യവും കൊഴുപ്പും ജീവകങ്ങളും ധാതുലവണങ്ങളുമൊക്കെ ആവശ്യമാണ്. അങ്കണവാടികളിലും സ്കൂളുകളിലും കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞിയോ ഉപ്പുമാവോ നല്‍കിയതുകൊണ്ട് ഭക്ഷ്യസുരക്ഷയാവില്ല. മൂന്നുരൂപയ്ക്ക് അരികിട്ടിയാലും പഴവും പച്ചക്കറികളും പയര്‍വര്‍ഗങ്ങളും ഇറച്ചിയും മീനും പാലും മുട്ടയും ഭക്ഷ്യഎണ്ണയും വാങ്ങണമെങ്കില്‍ തീവില നല്‍കണം. പാചകത്തിനുള്ള ഇന്ധനവില അതിഭീമമാണ്.

ഭക്ഷ്യസുരക്ഷാപദ്ധതിയുടെ ഉപജ്ഞാതാക്കള്‍ സോണിയ ഗാന്ധിയും കെ വി തോമസുമാണ്. കേംബ്രിഡ്ജില്‍ ഭക്ഷണശാലയില്‍ പരിചാരികയായിരുന്ന സോണിയ ഗാന്ധിക്കും പോഷകസമൃദ്ധമായ കേരളീയ ഭക്ഷ്യവിഭവങ്ങള്‍ ഡല്‍ഹിയിലെ ദാദാമാര്‍ക്ക് സ്ഥിരമായി എത്തിച്ചുകൊടുക്കുന്ന കെ വി തോമസിനും സമീകൃതാഹാരം എന്താണെന്ന് ആരും പഠിപ്പിച്ചുകൊടുക്കേണ്ട കാര്യമില്ല. അരിയും ഗോതമ്പും മാത്രം നല്‍കിയതുകൊണ്ട് വിശപ്പടക്കാമെന്നല്ലാതെ ഭക്ഷ്യസുരക്ഷയാവില്ല. 2014ലെ തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടുകൊണ്ടുള്ള സോണിയഗാന്ധിയുടെ ജാലവിദ്യയാണ് ഭക്ഷ്യസുരക്ഷാനിയമം. 1977ല്‍ ഇന്ദിരാഗാന്ധി "ഗരീബി ഹഠാവോ" എന്നും 1989ല്‍ രാജീവ്ഗാന്ധി "ഗരീബീ ഉന്മൂലന്‍" എന്നും മുദ്രാവാക്യം മുഴക്കിയെങ്കിലും പരാജയത്തിന്റെ കയ്പുനീര്‍ കുടിക്കേണ്ടിവന്നു. ഭക്ഷ്യ അവകാശം എന്ന സമ്മാനപ്പൂച്ചെണ്ട് ഇന്ത്യയിലെ ജനകോടികളുടെ കണ്ണില്‍ പൊടിയിടുന്ന വന്‍ തട്ടിപ്പാണ്.

ഭക്ഷ്യസുരക്ഷ ആര്‍ക്ക്?

ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ കാര്യത്തില്‍ തുടക്കംമുതല്‍തന്നെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഒളിച്ചുകളി പ്രകടമായിരുന്നു. ഇപ്പോള്‍ പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തിനുമുമ്പ് തിരിക്കിട്ട് ഭക്ഷ്യസുരക്ഷാ ബില്‍ ഓഡിനന്‍സ് ആയി പുറത്തിറക്കിറക്കിയിരിക്കുന്നു. പാര്‍ലമെന്റിനെ ഇരുട്ടില്‍നിര്‍ത്തി ഓര്‍ഡിനന്‍സ് കൊണ്ടുവന്നതുതന്നെ ആത്മാര്‍ഥതയില്ലായ്മയുടെ വിളംബരമായിരുന്നു. ബില്ലിലെ ന്യൂനതകളെക്കുറിച്ച് സിപിഐ എമ്മും മറ്റ് ഇടതുപക്ഷ പാര്‍ടികളും ഉന്നയിച്ച കാര്യങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയാവരുതെന്ന നിര്‍ബന്ധമുള്ളപോലെയായിരുന്നു ഓര്‍ഡിനന്‍സ് തിരക്കിട്ട് പാസാക്കിയത്. ഇടതുപക്ഷ പാര്‍ടികളുടെ സമ്മര്‍ദഫലമായി ഒന്നാം യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ തൊഴിലുറപ്പ് പദ്ധതി 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയമുണ്ടാക്കാന്‍ സഹായിച്ചെന്ന വിലയിരുത്തലാണ് ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. ഭക്ഷ്യരാഷ്ട്രീയം പയറ്റി വോട്ടു ബാങ്ക് ഉറപ്പിക്കാനുള്ള കുടിലതന്ത്രമായി വേണം പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാതെ ഓര്‍ഡിനന്‍സ് പുറത്തിറക്കിയതിനെ കാണാന്‍.

പാര്‍ലമെന്റില്‍ ഇടതുപക്ഷം ഉന്നയിക്കുന്ന ഭേദഗതികള്‍ക്ക് മറ്റുപാര്‍ടികളുടെ പിന്തുണ കിട്ടിയാല്‍ അതിനെ അതിജീവിക്കാന്‍ കഴിയില്ലെന്ന് മുന്‍കൂട്ടി കണ്ടാണ് ഓര്‍ഡിനന്‍സില്‍ അഭയം തേടിയതെന്നുവേണം മനസിലാക്കാന്‍. കെട്ടിക്കിടന്ന് നശിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ പാവങ്ങള്‍ക്ക് വിതരണംചെയ്യണമെന്ന സുപ്രീംകോടതി നിര്‍ദേശം പാലിക്കാത്ത സര്‍ക്കാര്‍ തിരക്കിട്ട് ഓര്‍ഡിനന്‍സ് ഇറക്കിയതില്‍ നിന്നുതന്നെ ലക്ഷ്യം വോട്ടുമാത്രമാണെന്ന് വ്യക്തം.

ആളൊന്നിന് മാസം അഞ്ചു കിലോ ഭക്ഷ്യധാന്യംമാത്രമാണ് ഓര്‍ഡിനന്‍സ് ഉറപ്പാക്കുന്നത്. അരി മൂന്നു രൂപയ്ക്കും ഗോതമ്പ് രണ്ടു രൂപയ്ക്കും പയര്‍വര്‍ഗങ്ങള്‍ ഒരു രൂപയ്ക്കും നല്‍കുമെന്നാണ്് വ്യവസ്ഥ. പല സംസ്ഥാനങ്ങളും ഒരു രൂപയ്ക്ക്് 35 കിലോ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുമ്പോഴാണ് കേന്ദ്രം അതിലും കൂടിയ വിലയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നത്. നഗരത്തിലെ 50 ശതമാനത്തിനും ഗ്രാമങ്ങളിലെ 75 ശതമാനത്തിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതാണ് നിയമം. അതായത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നത് ജനസംഖ്യയുടെ 67 ശതമാനത്തിനു മാത്രം. എല്ലാവര്‍ക്കും ഭക്ഷ്യസുരക്ഷ ഏര്‍പ്പെടുത്തണമെന്ന ആവശ്യം വേണ്ടത്ര ഭക്ഷ്യോല്‍പ്പാദനമില്ലെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ അംഗീകരിക്കാത്തത്. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരമേറിയപ്പോള്‍ നൂറുദിവസത്തിനകം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണ് ഭരണം അവസാനിക്കാന്‍ ഏതാനും മാസങ്ങള്‍മാത്രം ബാക്കിയുള്ളപ്പോള്‍ വളഞ്ഞവഴിയിലൂടെ കൊണ്ടുവരുന്നത്.

ബില്ലിന്റെ വ്യവസ്ഥകളില്‍ നിരവധി ന്യൂനതകള്‍ ഉണ്ടെന്ന സിപിഐ എം അടക്കമുള്ള പാര്‍ടികളുടെ അഭിപ്രായം ശരിവയ്ക്കുന്നതാണ് നിലവില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. നൂറുശതമാനം പേര്‍ക്കും നിയമപരമായി റേഷന്‍ ആനുകൂല്യം ഉറപ്പാക്കിയ സംസ്ഥാനമായ കേരളത്തില്‍ ഈ പദ്ധതിയില്‍ 58 ശതമാനവും പുറത്താകുമെന്ന് നേരത്തെ ഉന്നയിക്കപ്പെട്ട ഉല്‍ക്കണ്ഠകള്‍ അസ്ഥാനത്തല്ലെന്ന് പുതിയ വാര്‍ത്തകള്‍ പറയുന്നു. നിലവില്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 35 കിലോ ഭക്ഷ്യധാന്യം അനുവദിക്കുന്നുണ്ട്. പുതിയ നിയമപ്രകാരം അവര്‍ക്ക് പരമാവധി ലഭിക്കുക 20 കിലോ മാത്രം. കേരളത്തിന്റെ റേഷന്‍ വിഹിതത്തില്‍ 42,000 ടണ്‍ കുറവുണ്ടാവാനിടയാക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. പൊതുവിപണിയിലെ സര്‍ക്കാരിന്റെ ഇടപെടലുകള്‍ കുടുതല്‍ ദുര്‍ബലമാക്കാനേ ഇത് ഇടവരുത്തൂ.

കേന്ദ്രത്തില്‍നിന്ന് 8.90 രൂപയ്ക്ക് ലഭിക്കുന്ന അരിയാണ് ഇപ്പോള്‍ 6.90 രൂപ സബ്സിഡി നല്‍കി രണ്ടുരൂപയ്ക്ക് കേരളത്തിലെ എപിഎല്‍ കുടുംബങ്ങള്‍ക്ക് നല്‍കുന്നത്. 6.20 രൂപയ്ക്ക് ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള അരി ഒരു രൂപയ്ക്ക് നല്‍കുമ്പോള്‍ സബ്സിഡി ഇനത്തില്‍ 5.20 രൂപയാണ് സംസ്ഥാനം ചെലവിടുക. ഭക്ഷ്യസുരക്ഷാനിയമം നടപ്പാകുന്നതോടെ മൂന്നുരൂപ നിരക്കില്‍ കേന്ദ്രത്തില്‍നിന്ന് അരി ലഭിക്കും. ഇത് കേരളത്തിന്റെ സബ്സിഡി ചെലവില്‍ 500 കോടി രൂപയെങ്കിലും കുറയാന്‍ ഇടയാക്കും. റേഷന്‍ പരിധിക്ക് പുറത്താകുന്നവരെ സംരക്ഷിക്കാന്‍ ഈ തുക വിനിയോഗിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. നിലവില്‍ രണ്ടു രൂപയ്ക്കും ഒരു രൂപയ്ക്കും റേഷന്‍ ലഭിക്കുന്നതിനാല്‍ കേരളത്തിലെ കാര്‍ഡ് ഉടമയ്ക്ക് പുതിയ പദ്ധതി കൂടുതല്‍ ആശ്വാസം പകരില്ല. അതേസമയം, സബ്സിഡി ബാങ്ക് അക്കൗണ്ടിലേക്ക് പണമായി എത്തുന്നത് ബുദ്ധിമുട്ടുകള്‍ക്ക് ഇടയാക്കും. പലയിടത്തും പരീക്ഷിച്ച് പരാജയപ്പെട്ട ഈ സമ്പ്രദായം കേരളത്തിലെ റേഷന്‍ വിതരണത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കും.

കേരളത്തിലെ സ്ഥിതി ഇതാണെങ്കില്‍ പൊതുവിതരണ സംവിധാനം പേരിനുപോലുമില്ലാത്ത മറ്റു സംസ്ഥാനങ്ങളില്‍ ഈ നിയമം ഗുണത്തെക്കാളേറെ ദോഷമാകും ഉണ്ടാക്കുക. ജനങ്ങളെ കബളിപ്പിച്ച് വോട്ടുതട്ടാനുള്ള കോണ്‍ഗ്രസിന്റെ ഗൂഢതന്ത്രം ഒരിക്കല്‍ കൂടി വെളിപ്പെടുകയാണ് ഇതിലൂടെ.

ബംഗാള്‍ക്ഷാമം - വിശപ്പിന്റെ പാഠങ്ങള്‍

മനുഷ്യനെന്തിനാണ് പട്ടിണികിടക്കുന്നത്? എന്തുകൊണ്ടാണ് പട്ടിണികിടക്കേണ്ടിവരുന്നത്? ഇനി അതുമല്ലെങ്കില്‍ ആരാണ് കുറേപേരെ പട്ടിണിക്കിടുന്നത്? ഇത് കുറേ ചോദ്യാവര്‍ത്തനങ്ങളല്ല. ആരും വെറുതെ ഒരു മോഹത്തിന് പട്ടിണികിടക്കുകയല്ല. അതിനെ നാം നിരാഹാരമൊന്നോ, ഉണ്ണാവ്രതമെന്നോ ഒക്കെ വിളിക്കാം. അറിഞ്ഞുകൊണ്ട് ഉണ്ണാതിരിക്കുന്നത് പട്ടിണി പട്ടികയില്‍ പെടില്ല. നിരാഹാരമോ, നോമ്പോ ഒക്കെ ആവാം. അതിനു പിന്നില്‍ മറ്റുചില താല്‍പര്യങ്ങളുണ്ട്. എന്തുകൊണ്ട് എന്നാവുമ്പോള്‍, ഒരു വ്യവസ്ഥയുടെ ചില പാളിച്ചകളോ, അസന്തുലിതത്വമോ കടന്നുവരുന്നു. അത് നയപരമായ, രാഷ്ട്രീയമായ ചില വ്യാഖ്യാനങ്ങളിലേയ്ക്കുപകരും. പിന്നെ പ്രധാനമായൊരു ചോദ്യമാണ്. ആരാണ് മറ്റുള്ളവരെ പട്ടിണിക്കിടുന്നത്? അതാണിന്നത്തെ പ്രശ്‌നം. അതായത് പട്ടിണി, മനുഷ്യനുണ്ടാക്കുന്നതാണ്. അത് പ്രകൃത്യാ സംഭവിക്കുന്നതല്ല. ഉല്‍പാദനക്കുറവുകൊണ്ടല്ല. പ്രകൃതിനാശം കൊണ്ടും മാത്രമല്ല.

മനുഷ്യന്‍, മനുഷ്യരെ പട്ടിണിക്കിടുന്നു. കുറച്ചുപേര്‍ കുറേപേരെ. അതില്‍ സര്‍ക്കാരിന്റെ നിസംഗതയോ, ഒത്താശയോ, കാര്യക്ഷമത കുറവോ ഉണ്ടാവാം. അതാണ് മൂന്നാമത്തെ ചോദ്യത്തിന്റെ പ്രസക്തി. 
ഇതൊക്കെ ഇപ്പോള്‍ എന്തിനാണ് പറയുന്നത്. ഭക്ഷണമുണ്ടായകാലം മുതലുള്ളതാണല്ലോ ഭക്ഷണം ഇല്ലായ്മയും കിട്ടായ്മയും. പിന്നെ ഇപ്പോഴെന്ത് കാര്യം. പോരാത്തതിന് ദാരിദ്ര്യവും വിശപ്പും പഠനവിധേയമാക്കി സകല സംബന്ധ, അസംബന്ധ സിദ്ധാന്തങ്ങളും അവതരിപ്പിച്ച്, പട്ടിണി മാറ്റുന്ന 'അക്കാദമിയ'യും സമൃദ്ധമാണ്. അങ്ങനെ പോകുന്നു കാര്യങ്ങള്‍. അതിനിടയിലാണ് 2013 ന്റെ ഒരു പ്രസക്തി. അതായത് 1942-43 എന്നൊരു കാലത്ത് സംഭവിച്ച, ഒരു മഹാദുരന്തത്തിന്റെ എഴുപതാം വര്‍ഷം. ബംഗാള്‍ ക്ഷാമമെന്ന നാണക്കേടിന്റെ ഏഴു പതിറ്റാണ്ട്. ഏതാണ്ട് 15 മുതല്‍ 30 വരെ വര്‍ഷം മനുഷ്യ ജന്മങ്ങള്‍ ദാരിദ്ര്യംകൊണ്ട് മണ്ണടിഞ്ഞ കറുത്തകാലം.

അന്ന് എന്തൊക്കെ ന്യായീകരണങ്ങളായിരുന്നു പുറത്തുവന്നത്. ഉല്‍പ്പാദനക്കുറവും വിളനഷ്ടവുമായിരുന്നു സര്‍ക്കാര്‍ ഭാഷ്യം. കുറ്റം പ്രകൃതിക്ക്. പിന്നെയും കാരണങ്ങളുണ്ടായിരുന്നു. ഒരുകൂട്ടം കാരണങ്ങള്‍. ബര്‍മ്മയില്‍ ജപ്പാന്റെ കയ്യേറ്റം, കൃഷി രോഗം കാരണം ഖാരിഫ് വിള നഷ്ടം, ധനികരുടെ ഭാവി ദൗര്‍ഭിക്ഷ്യം മുന്നില്‍കണ്ട് വെപ്രാളം പിടിച്ച് വാങ്ങിക്കൂട്ടല്‍, ഭരണപരാജയം, വിതരണ തകര്‍ച്ച തുടങ്ങി ഒരുകൂട്ടം വ്യാഖ്യാനങ്ങള്‍ കഴിഞ്ഞപ്പോള്‍, ആത്യന്തിക കാരണം ധനശാസ്ത്രത്തിലെ 'സപ്ലൈ-ഡിമാന്റ് മിസ്മാച്ച്' തന്നെ. അങ്ങനെ 30 ലക്ഷത്തിലധികം പേരുടെ പട്ടിണിമരണം, ഓര്‍മ്മയായി. പക്ഷേ അവിഭക്ത ബംഗാളിലെ ഭക്ഷ്യ എമര്‍ജന്‍സിയെ ബ്രിട്ടീഷ് സര്‍ക്കാര്‍ മൂടിവെച്ചതും ദാരിദ്ര്യം നിറഞ്ഞുനിന്നപ്പോഴും അവിടന്ന് ഭക്ഷ്യസാധനങ്ങള്‍ മിലിറ്ററി ആവശ്യങ്ങള്‍ക്കായി കടത്തിയതും ഏറെ പറയാതെപോയ സത്യങ്ങളായിരുന്നു.

കൊളോണിയല്‍ ഇന്ത്യയില്‍ ഇതുപോലെ ഭീകരമായ ഭക്ഷ്യ ക്ഷാമവും വ്യാപക മരണവും നിറയെ ഉണ്ടായിരുന്നു. ബിഹാറിലും തമിഴ്‌നാട്ടിലും ബംഗാളിലും 19-ാം നൂറ്റാണ്ടിന്റെ പകുതിയില്‍ ഏതാണ്ട് 40 ലക്ഷം പേര്‍ പൊലിഞ്ഞുപോയിരുന്നു. എത്യോപ്യയിലും സബ് സഹാറന്‍ രാജ്യങ്ങളിലും മനുഷ്യന്‍ വിശന്നു പൊരിഞ്ഞു മരിച്ചത്, സര്‍ക്കാരിന്റെ ഹീനമായ നടപടികള്‍ കൊണ്ടായിരുന്നു. ബംഗാള്‍ ഫാമിന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്ന ഒരു സത്യമുണ്ട്. എല്ലാ ഭക്ഷ്യക്ഷാമങ്ങളും, മരണങ്ങളും മനുഷ്യന്റെ ആസുര സൃഷ്ടിയാണ്. ഈ സത്യം പറഞ്ഞുതന്നത് ഡോ. അമര്‍ത്യാസെന്നായിരുന്നു.. സ്വന്തം നാട്ടില്‍ ഈ നാരകീയ അനുഭവമുണ്ടായപ്പോള്‍ കുട്ടിയായിരുന്ന സെന്‍, പിന്നീട് നടത്തിയ പഠനങ്ങള്‍ പറഞ്ഞ സത്യം ഭക്ഷ്യ ജനാധിപത്യത്തിന്റെ അഭാവത്തെപ്പറ്റിയായിരുന്നു. മനുഷ്യന്‍ സൃഷ്ടിച്ച ബംഗാള്‍ ദൗര്‍ഭിക്ഷ്യം!

എഴുപതു വര്‍ഷങ്ങള്‍ക്കുമുമ്പ് പട്ടിണികിടന്നു മരിച്ചവര്‍ നമുക്കു നല്‍കിയ പാഠം വേണ്ടത്ര ഉള്‍ക്കൊണ്ടില്ല. അന്നത് കൊളോണിയല്‍ ഭരണത്തിന്റെ ദുഷ്ഫലമായിരുന്നെങ്കില്‍ ഇന്നും എല്ലാ രാജ്യങ്ങളിലും അതെങ്ങനെ പലവ്യാപ്തിയില്‍ സംഭവിക്കുന്നു. ഇന്നും കോടിക്കണക്കിനു മനുഷ്യര്‍ ഭക്ഷണമില്ലാതെയും പോഷകാഹാരമില്ലാതെയും മരിക്കുന്നു. ഉള്ള ധാന്യം വന്‍കോര്‍പ്പറേറ്റുകള്‍ വാങ്ങിക്കൂട്ടി, സംഭരിച്ച്, നിയന്ത്രിതമായി വിറ്റ്, വിലകൂട്ടി ലാഭം കൊയ്യുമ്പോള്‍, പട്ടിണിമരണങ്ങള്‍ പഴയപടി തുടരുന്നു. അതാണ് ആരാണ് പട്ടിണിക്കിടുന്നതെന്ന് ആരംഭത്തില്‍ ചോദിച്ചത്. അന്നം പിടിച്ചുവയ്ക്കുന്ന ഒരൂ കൂട്ടം കോര്‍പ്പറേറ്റുകളാണിതിനു പിന്നില്‍. പണ്ട് പത്തായം നിറച്ചു പൂട്ടിയിട്ട്, അടിയാളരെ പട്ടിണിക്കിട്ട വര്‍ഗത്തെക്കാള്‍ എത്രയോ രാക്ഷസാകാരമുള്ള ഫുഡ് ബിസിനസ് കോര്‍പ്പറേറ്റുകള്‍.
ഇനി എന്താണ് പുറംവഴികള്‍ എന്ന ഗൗരവത്തോടെ ചിന്തിക്കാറായി. ഈ കോര്‍പ്പറേറ്റുകളുടെ  ദയാദാക്ഷിണ്യത്തിന് വിട്ടുകൊടുക്കേണ്ടതാണോ നമ്മുടെ ഭക്ഷ്യ പ്രശ്‌നം. അതല്ല ആഭ്യന്തര ഉല്‍പാദന-വിതരണ സംവിധാനം മെച്ചപ്പെടുത്തി നേരിടേണ്ടതാണോ? അതിലിനി സംശയമില്ല. ബംഗാള്‍ ദുരന്തത്തിന്റെ ഏഴുദശകം തികയുമ്പോള്‍ നാഷണല്‍ ഫുഡ് സെക്യൂരിറ്റി ബില്‍ പാര്‍ലമെന്റില്‍ വരുന്നു. ഭക്ഷണം അവകാശമാണെന്നതാണതിന്റെ സന്ദേശം. അന്നത്തെ കെടുകാര്യസ്ഥതകള്‍ക്കും ആരുടെയോ ഔദാര്യത്തിനും ജനത്തിന്റെ ഭക്ഷണ പ്രശ്‌നം വിട്ടുകൊടുക്കാനാവില്ല. ഭക്ഷ്യസുരക്ഷ അതിന്റെ സമഗ്രതയില്‍ കണ്ട് പരിഹരിക്കാന്‍ നെഹ്‌റു തന്റെ ഭരണകാലത്ത് ജാഗ്രത്തായ ശ്രമങ്ങള്‍ നടത്തിയിരുന്നു. കൃഷി ഇടങ്ങള്‍ വര്‍ധിപ്പിക്കല്‍, രോഗനിവാരണം, ജലസേചനം, ഇന്‍ഫ്രാസ്ട്രക്ചര്‍ വിപുലീകരണം, പുതിയ ഇനം വിത്തുകള്‍ പ്രചരിപ്പിക്കല്‍ തുടങ്ങി ബഹുവിധ പരിപാടികള്‍ ആരംഭത്തിലേ കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു.

എന്നാല്‍ തുടക്കത്തിലെ ആവേശവും കാര്യക്ഷമതയും രണ്ടാം പദ്ധതി കാലത്തോടെ ദുര്‍ബലമായി. അക്കാലത്ത് വ്യവസായങ്ങള്‍ക്കായിരുന്നു പ്രാമാണ്യം. അതോടെ കാര്‍ഷികരംഗം പാതിവഴിയില്‍ അനാഥമായി. ഇന്ന് പ്രഖ്യാപിത കാര്‍ഷിക വളര്‍ച്ചയുടെ (4 ശതമാനം) പകുതി പോലും നേടാന്‍ നമുക്ക് കഴിയുന്നില്ല. ഓരോ ബജറ്റിലും നാലുശതമാനം വളര്‍ച്ച, ഭക്ഷ്യസുരക്ഷ, പോഷകാഹാരം ഉറപ്പാക്കല്‍, ശിശു സംരക്ഷണം തുടങ്ങി പലതും കേള്‍ക്കാറുണ്ട്. അടുത്ത ബജറ്റിനുമുമ്പ് നേടാത്ത ലക്ഷ്യങ്ങളുടെ പട്ടികയും കുമ്പസാരങ്ങളുമായി പ്രഭാഷണങ്ങള്‍ നീളും. കൃഷി ചെയ്യാനുള്ള കര്‍ഷകന്റെ ആത്മവിശ്വാസമാണ് രാഷ്ട്രീയ, ശാസ്ത്രീയ പിന്തുണയോടെ സംരക്ഷിക്കേണ്ടത്. ശാസ്ത്രത്തിന് എന്തുചെയ്യണമെന്നറിയാം. സര്‍ക്കാര്‍ എങ്ങനെ ചെയ്യാം (ഡു ഹൗ) എന്നു കാണിച്ചുകൊടുക്കണം. ഇത്തരമൊരു 'സൈനര്‍ജി' യാണ്, ആവണം, ബംഗാള്‍ ക്ഷാമത്തിന്റെ ഈ എഴുപതാമാണ്ടിന്റെ പാഠം.

ഭക്ഷ്യസുരക്ഷയെ അട്ടിമറിക്കുന്ന ഒരുപാട് ആഗോള, ദേശീയ പ്രശ്‌നങ്ങളുണ്ട്. ഏറ്റവും ഭീഷണമായ ഒന്നാണ് ബയോ ഫ്യൂവല്‍. നമുക്കുവേണ്ട ഗതാഗത ഇന്ധനത്തിന്റെ 10 ശതമാനം ബയോ ഫ്യൂവല്‍ ആക്കിയാല്‍ വിള ഉല്‍പ്പാദനത്തിന്റെ 26 ശതമാനം ആ വഴിക്ക് നഷ്ടമാവും. പട്ടിണി കീറാമുട്ടിയാക്കുന്ന ഒരു പ്രശ്‌നമാണ് ജൈവ ഇന്ധനം. മാത്രമല്ല 85 ശതമാനം ശുദ്ധജല വിഭവവും ബയോ ഇന്ധനം കവര്‍ന്നെടുക്കും. ഭക്ഷണം, കുടിവെള്ളം എന്നീ രണ്ടു പ്രധാന ജീവന്‍ രക്ഷാ വസ്തുക്കളും ഗതാഗത ഇന്ധനത്തിന് ജൈവ ഇന്ധനമുപയോഗിച്ചാല്‍ ഇല്ലാതാവും. ഇതുവരെ ആരും ഇത് ഗൗരവമായി ചിന്തിച്ച മട്ട് കാണുന്നില്ല.

കൃഷി പ്രദേശം കുറയുന്നു. ആഗോളതാപനം കൃഷി നശിപ്പിക്കുന്നു. ജലക്ഷാമം മറ്റൊരു ഭീഷണി. ബഹുതല പ്രശ്‌നമാണ്. ഭക്ഷ്യ സുരക്ഷാ ബില്ല് മാത്രം ഒരു ഗുണവും ചെയ്യില്ല. ഭക്ഷ്യക്ഷാമത്തിന്റെ എഴുപതാം വര്‍ഷത്തില്‍ നാം ഭക്ഷ്യ അവകാശം എന്ന സ്ഥിതിയിലെത്തണം.

ബംഗാള്‍ ക്ഷാമം ഒരുപാട് കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു.

ഭക്ഷ്യസുരക്ഷ പരമപ്രധാനം

രണ്ടാം യുപിഎ സര്‍ക്കാര്‍ ജനങ്ങളുടെമേല്‍ ഭാരമേല്‍പ്പിച്ചുകൊണ്ട് പരിഷ്ക്കാരങ്ങളുടെ പെരുമഴയാണ് നടപ്പിലാക്കുന്നത്. നവലിബറല്‍ നയങ്ങള്‍ ശക്തമായി പ്രയോഗത്തില്‍ വരുത്തിക്കൊണ്ടിരിക്കുന്ന മന്‍മോഹന്‍ സര്‍ക്കാര്‍ രാജ്യത്തിനകത്തെയും പുറത്തെയും കുത്തകകളുടെ താല്‍പ്പര്യമാണ് സംരക്ഷിക്കുന്നത്. ഇന്ത്യയിലെ സാമ്പത്തികരംഗം കൂടുതല്‍ ഉദാരവത്ക്കരിക്കാത്തതില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഒബാമ രോഷംകൊണ്ടപ്പോള്‍ വിനീതദാസനായി മന്‍മോഹന്‍ സര്‍ക്കാര്‍ ചില്ലറവില്‍പ്പനരംഗമടക്കം വിദേശമൂലധനത്തിനായി തുറന്നുകൊടുത്തു. രാജ്യത്തെങ്ങും പ്രതിഷേധമുയര്‍ന്നിട്ടും ഭരണസഖ്യത്തില്‍നിന്നും കക്ഷികള്‍ പുറത്തുപോയിട്ടും പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്ന മട്ടില്‍ ജനദ്രോഹ പരിഷ്ക്കാരങ്ങള്‍ ശക്തിയായി മുന്നോട്ടുകൊണ്ടുപോകുമെന്ന വാശിയിലാണ് കേന്ദ്രസര്‍ക്കാറും കോണ്‍ഗ്രസ്സ് പാര്‍ടിയും. ഈ നയങ്ങളുടെ ആഘാതങ്ങള്‍ സമൂഹം പലതലത്തില്‍ പലരീതിയില്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ വെല്ലുവിളികള്‍ നേരിടുന്നതും തിരിച്ചടികള്‍ ഏറ്റുകൊണ്ടിരിക്കുന്നതുമായൊന്ന് ഭക്ഷ്യരംഗമാണ്.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭക്ഷ്യസുരക്ഷാ ബില്‍ അതേപോലെ അംഗീകരിക്കപ്പെടുകയാണെങ്കില്‍ വലിയൊരു വിഭാഗത്തിന് ഭക്ഷണം നിഷേധിക്കുന്ന അവസ്ഥയുണ്ടാവും. കേന്ദ്ര ആസൂത്രണ കമ്മീഷന്‍ തികച്ചും അശാസ്ത്രീയമായ രീതിയില്‍ തയ്യാറാക്കിയ ദാരിദ്ര്യരേഖയുടെ അടിസ്ഥാനത്തില്‍ എപിഎല്‍, ബിപിഎല്‍ തരംതിരിവ് നടത്തി ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കാനാണ് ശ്രമം. ഇതിലൂടെ അര്‍ഹതപ്പെട്ട വലിയൊരുവിഭാഗം പദ്ധതിയില്‍നിന്നും പുറത്താവുന്നു. എതിര്‍ക്കപ്പെടേണ്ട മറ്റൊരു സുപ്രധാനകാര്യം സബ്സിഡി പിന്നീട് ഉപഭോക്താവിന് നല്‍കുമെന്നതാണ്. അതായത് സാധനങ്ങള്‍ കമ്പോളവിലയ്ക്ക് ഉപഭോക്താവ് വാങ്ങണം, സര്‍ക്കാര്‍ സബ്സിഡി പിന്നീട് നേരിട്ട് കൊടുക്കും എന്നതാണ് നയം. ഇവിടെ ഭക്ഷ്യവിതരണം മുടങ്ങാതെ നടക്കും എന്നതില്‍ യാതൊരുറപ്പുമില്ല. അതേപോലെ പിന്തിരിപ്പനായ മറ്റൊരുകാര്യം അധികാരകേന്ദ്രീകരണമാണ്, സംസ്ഥാനങ്ങളെ പൂര്‍ണമായും ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍ മുഴുവന്‍ നിയന്ത്രണവും കയ്യാളുന്നു.

ഏതാനും വര്‍ഷങ്ങളായി ഭക്ഷ്യസാധനങ്ങളുടെ വില കൂടിവരികയാണ് എന്ന യാഥാര്‍ത്ഥ്യം ഭക്ഷ്യസുരക്ഷയില്‍ പ്രധാനപ്പെട്ടതാണ്. ഇതിന് ആക്കംകൂട്ടുന്നതരത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില സര്‍ക്കാരും എണ്ണക്കമ്പനികളും കൂട്ടുന്നു. ഭക്ഷ്യസാധനങ്ങളുടെ വില അടിക്കടികൂടാന്‍ കാരണം പ്രധാനമായും ഭക്ഷ്യ ഉല്‍പാദനത്തില്‍ വന്ന തകര്‍ച്ചയാണ്. 1991നു മുന്‍പ്, അതായത് നവലിബറല്‍ പരിഷ്കാരങ്ങള്‍ നടപ്പിലാക്കിത്തുടങ്ങുന്നതിനുമുന്‍പ് ഭക്ഷ്യ ഉല്‍പാദന വളര്‍ച്ചാനിരക്ക് 2.7 ശതമാനമായിരുന്നത് കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ 1.3 ശതമാനമായി കുറഞ്ഞു. 2011ലെ സാമ്പത്തിക സര്‍വെ ഭക്ഷ്യധാന്യ ഉല്‍പ്പാദനത്തിലെ തകര്‍ച്ച വരച്ചുകാട്ടുന്നുണ്ട്. 1996-97ല്‍ ഒരുവര്‍ഷം ഒരാള്‍ക്ക് 208 കിലോഗ്രാം എന്നകണക്കിന് ഭക്ഷ്യധാന്യം ഉല്‍പ്പാദിപ്പിച്ചിരുന്നത് 2009-10 ആയപ്പോഴേക്കും 186 കിലോഗ്രാമായി കുറഞ്ഞു, ഏതാണ്ട് പതിനൊന്ന് ശതമാനത്തിന്റെ ഇടിവ്. ഇത് സമൂഹത്തിലെ ഏറ്റവും താഴ്ന്നവരുമാനക്കാരെയാണ് സാരമായി ബാധിച്ചത്. ഈയൊരവസ്ഥ മുതലെടുക്കുന്നു ഈ രംഗത്തെ ഊഹക്കച്ചവടക്കാര്‍. അവധിവ്യാപാരവും ഊഹക്കച്ചവടവും ആയതിനാല്‍ നിരോധിക്കണം. വിലക്കയറ്റത്തിന്റെകാലം ഒഴിച്ചുനിര്‍ത്തിയാലും ഇന്ത്യക്കാരാണ് മറ്റുപല രാജ്യക്കാരെക്കാളും ഭക്ഷ്യാവശ്യത്തിനായി ചെലവഴിക്കുന്നത്. അമേരിക്കക്കാര്‍ വരുമാനത്തിന്റെ 9.3 ശതമാനവും ജപ്പാന്‍കാര്‍ 19.1 ശതമാനവും ഫ്രഞ്ചുകാര്‍ 16.3 ശതമാനവും ബ്രിട്ടീഷുകാര്‍ 11.5 ശതമാനവും ചെലവഴിക്കുന്നു. എന്നാല്‍ ഇന്ത്യക്കാര്‍ വരുമാനത്തിന്റെ 53 ശതമാനമാണ് ഭക്ഷ്യാവശ്യത്തിനായി ചെലവഴിക്കുന്നത്. അത്രയ്ക്ക് കൂടിയ വിലയാണ് ഭക്ഷ്യസാധനങ്ങള്‍ക്ക് രാജ്യത്തുള്ളത്. ഭക്ഷ്യസാധനങ്ങളുടെ വില കൂടിവരുന്നതിനാല്‍ ഉപഭോഗം കുറഞ്ഞുവരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 105 രാജ്യങ്ങളുടെ ഭക്ഷ്യസുരക്ഷാ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 66 ആണ്. ആഫ്രിക്കന്‍ രാജ്യങ്ങളാണ് പട്ടികയില്‍ ഏറ്റവും താഴെ, അമേരിക്ക ഒന്നാം സ്ഥാനത്തും. വലിയതോതിലുള്ള പട്ടിണി, കുറഞ്ഞ വരുമാനം, കാര്‍ഷിക ഗവേഷണത്തിന് സര്‍ക്കാര്‍ ചെലവഴിക്കല്‍ കുറവ്, ഭൗതികസാഹചര്യങ്ങളുടെ പോരായ്മകള്‍, പോഷകാഹാരക്കുറവ് എന്നിവ ഇന്ത്യ നേരിടുന്ന വെല്ലുവിളികളായി പട്ടികയില്‍ വ്യക്തമാക്കുന്നു. വ്യപാര ഉദാരവത്ക്കരണവും സ്വതന്ത്രവ്യാപാരക്കരാറുകളും കയറ്റുമതി സാധ്യതയുള്ള ഉല്‍പ്പന്നങ്ങള്‍ കൃഷിചെയ്യുന്നതിലേക്ക് കര്‍ഷകരെ നയിച്ചു. പരുത്തി, കരിമ്പ്, പച്ചക്കറികള്‍, പഴങ്ങള്‍, പൂക്കള്‍ എന്നിവ കൂടുതലായി ഭക്ഷ്യധാന്യങ്ങള്‍ കൃഷിചെയ്തിരുന്നിടത്ത് കൃഷിചെയ്യാന്‍ തുടങ്ങി. ഇത് ഭക്ഷ്യ അരക്ഷിതത്വത്തിലേക്ക് നയിക്കുന്നു.

ലോകബാങ്കിന്റെയും നാണയനിധിയുടെയും നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ 1997ല്‍ സാര്‍വത്രിക പൊതുവിതരണം എന്ന ആശയം തന്നെ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി. 1991ല്‍ റേഷന്‍കടകള്‍വഴി രണ്ടുകോടി പത്തുലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണംചെയ്തിരുന്നു. രാജ്യത്ത് മൊത്തം വില്‍ക്കുന്നതിന്റെ 45 ശതമാനവും റേഷന്‍കടകള്‍ വഴിയായിരുന്നു. ഇത് ശക്തിപ്പെടുത്താതെ ചിലവിഭാഗങ്ങളെ കേന്ദ്രീകരിച്ചുള്ള റേഷന്‍വിതരണം ഏര്‍പ്പെടുത്തി. 2001 ആയപ്പോഴേക്കും റേഷന്‍കടകള്‍ വഴിയുള്ള ഭക്ഷ്യധാന്യ വിതരണം ഒരുകോടി മുപ്പതു ലക്ഷം ടണ്ണായി കുറഞ്ഞു. ദാരിദ്ര്യരേഖാ നിര്‍ണയത്തിലെ പിഴവാണിതിനു കാരണം. 2012 ആവുമ്പോഴേക്കും സ്ഥിതി വീണ്ടും ഗുരുതരമാവുന്നു. ബിപിഎല്‍ വിഭാഗക്കാരുടെ എണ്ണം വീണ്ടും കുറഞ്ഞതാണ് കാരണം. 1973-74ല്‍ ഗ്രാമീണമേഖലയില്‍ പ്രതിദിനം 2200 കലോറിക്കുവേണ്ട ഭക്ഷ്യധാന്യം ഉപഭോഗം ചെയ്യാന്‍ കഴിയാത്തവരാണ് ദാരിദ്ര്യരേഖയ്ക്കു താഴെവരുന്നവര്‍. മൊത്തം ഗ്രാമീണരില്‍ 56.4 ശതമാനം വരുമായിരുന്നു അത്. 2009-10ല്‍ അത് 1890 കലോറി എന്നാക്കിക്കുറച്ചു. 2200 കലോറി പ്രതിദിനം ഉപഭോഗം ചെയ്യാനാവാത്ത ഗ്രാമീണര്‍ 1973-74ല്‍ 56.4 ശതമാനമായിരുന്നെങ്കില്‍ 2009-10ല്‍ അത് 75 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ പട്ടികതയ്യാറാക്കുന്നതില്‍ വരുത്തിയ മാറ്റങ്ങള്‍ കാരണം ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്നവരുടെ എണ്ണം കേന്ദ്രത്തിന്റെ കണക്കില്‍ കുറഞ്ഞു. ശാസ്ത്രീയമായ രീതിയില്‍ സംസ്ഥാനങ്ങളുടെ പ്രത്യേകതകള്‍ അംഗീകരിച്ച് ബിപിഎല്‍/എപിഎല്‍ വിഭാഗങ്ങളെ കണ്ടെത്തണം. ബിപിഎല്‍/എപിഎല്‍ തരംതിരിവില്ലാതെ സാര്‍വത്രിക റേഷന്‍വിതരണം ഭക്ഷ്യസുരക്ഷ എന്ന ലക്ഷ്യത്തിലെത്തുന്നതിന് അനിവാര്യമാണ്. കൃഷിയുടെ തകര്‍ച്ച ഭക്ഷ്യസുരക്ഷയെ നേരിട്ടുബാധിക്കുന്നതാണ്. ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും ആശ്രയിക്കുന്ന കൃഷിയെ തകര്‍ക്കുന്ന സമീപനമാണ് നവലിബറല്‍ നയങ്ങളിലൂടെ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. അവയുടെ ഫലമായി കാര്‍ഷികരംഗത്തിനേറ്റ തിരിച്ചടി പ്രധാനപ്പെട്ടതാണ്. കാര്‍ഷികരംഗത്തിന്റെ തകര്‍ച്ച ഇപ്പോള്‍ ഗുരുതരമായിരിക്കുന്നു. കേവലം 2.8 ശതമാനമാണ് 2011-12ലെ വളര്‍ച്ച, 2010-11ല്‍ അത് 7 ശതമാനമായിരുന്നു. 2012 ജനുവരി - മാര്‍ച്ച് കാലത്തെ വളര്‍ച്ച കേവലം 1.7 ശതമാനംമാത്രമാണ്. 2005-06ല്‍ കാര്‍ഷികരംഗത്തിന്റെ വളര്‍ച്ചാനിരക്ക് 5.92 ശതമാനമായിരുന്നത് 2006-07ല്‍ 3.76 ശതമാനമായും 2007-08ല്‍ 4.9 ശതമാനമായും 2008-09ല്‍ അത് 1.6 ശതമാനമായും കുറഞ്ഞു. എട്ടാംപദ്ധതിക്കാലത്ത് 4.8 ശതമാനമായിരുന്ന വളര്‍ച്ച ഒന്‍പതാം പദ്ധതിക്കാലത്ത് 2.5 ശതമാനമായും പത്താംപദ്ധതിക്കാലത്ത് 2.4 ശതമാനമായും താഴ്ന്നു. മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ കാര്‍ഷികരംഗത്തിന്റെ സംഭാവനയില്‍ ഗണ്യമായ കുറവ് ഉണ്ടായി. 1990-91ല്‍ ജിഡിപിയുടെ 30 ശതമാനമായിരുന്നത് 2011-12ല്‍ 15 ശതമാനത്തിലും കുറഞ്ഞു. ഉദാരവത്കരണ കാലഘട്ടത്തില്‍ ഗവണ്‍മെന്റ് ചെലവഴിക്കല്‍ ഗണ്യമായി കുറച്ചതിനാല്‍ കൃഷി മുരടിക്കാന്‍ തുടങ്ങി, പ്രതിസന്ധി വര്‍ധിച്ചു. രാസവളങ്ങളുടെ വില സംബന്ധിച്ച നയം ഒരു പ്രധാന ഉദാഹരണം.

പരിഷ്കാരങ്ങളുടെ തുടക്കകാലത്തുതന്നെ രാസവളങ്ങളുടെ സബ്സിഡി കുറയ്ക്കാന്‍ തുടങ്ങിയിരുന്നു. 2010 ജൂലൈമാസത്തില്‍ പ്രാബല്യത്തില്‍വന്ന രാസവളം സബ്സിഡി സംബന്ധിച്ച നയപ്രകാരം യൂറിയ ഒഴികെയുള്ള രാസവളങ്ങളുടെ വിലനിയന്ത്രണം ഒഴിവാക്കിയിരുന്നു. സൗമിത്രചൗധരി കമ്മിറ്റിയുടെ നിര്‍ദ്ദേശമായിരുന്നു രാസവളങ്ങളുടെ വിലനിയന്ത്രണം എടുത്തുകളഞ്ഞതിനാധാരം. അന്നുമുതല്‍ രാസവളങ്ങളുടെ വില കമ്പനികള്‍ അവര്‍ക്കിഷ്ടപ്രകാരം നിശ്ചയിക്കുന്ന സ്ഥിതിയുണ്ടായി. പുതിയനയത്തില്‍ രാസവളത്തിനു സബ്സിഡി നല്‍കാതെ അതില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ക്ക് മാത്രമായി സബ്സിഡി ചുരുക്കി. യൂറിയയുടെയും വിലനിയന്ത്രണം ഒഴിവാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ താല്‍പര്യം. ഒരുവശത്ത് തുടര്‍ച്ചയായി രാസവളങ്ങളുടെ വിലകൂട്ടുന്നതായി കാണാം, മറുവശത്ത് സബ്സിഡി വെട്ടിക്കുറയ്ക്കുന്നതും. രണ്ടായാലും വളത്തിന്റെ വില കൂടിക്കൊണ്ടേയിരിക്കുന്നു. കമ്പനികള്‍ വില കൂട്ടുമ്പോള്‍ സര്‍ക്കാര്‍ നിസ്സംഗതപാലിക്കുന്നു. ഒരു ഒത്തുകളി. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികരംഗത്തോടുള്ള അവഗണന കാരണം വളരെയധികംപേര്‍ കൃഷി ഉപേക്ഷിക്കുന്നു, മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ കൃഷിയുടെ വിഹിതം കുറയുന്നു എന്നിങ്ങനെ പോകുന്നു പ്രതികൂലഫലങ്ങള്‍. ഭക്ഷ്യസുരക്ഷയെപ്പറ്റി ചര്‍ച്ചകള്‍ നടക്കുന്ന സമയത്താണ്് കേന്ദ്രത്തിന്റെ പിന്തിരിപ്പന്‍ നടപടി. കാര്‍ഷികരംഗത്തിന്റെ ശക്തിപ്പെടുത്തല്‍ ഗ്രാമീണജീവിതത്തിനുതന്നെ ഒഴിച്ചുകൂടാനാവാത്തതാണ്.

ഭക്ഷ്യസുരക്ഷ: അടിയന്തര പരിഹാരം ആവശ്യമായ പ്രശ്നം

എപിഎല്‍, ബിപിഎല്‍ ടാര്‍ജറ്റിങ് കൈവെടിഞ്ഞ് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി സാര്‍വത്രിക പൊതുവിതരണ സമ്പ്രദായം നടപ്പിലാക്കുന്നതിനുവേണ്ടി ദേശവ്യാപക പ്രക്ഷോഭം നടത്തണമെന്ന ഇടതുപക്ഷ പാര്‍ടികളുടെ ആഹ്വാനം തികച്ചും അവസരോചിതമാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി, ഭക്ഷ്യധാന്യ ഉല്‍പാദനത്തിലും സംഭരണത്തിലും വര്‍ദ്ധനവ് ഉണ്ടായതോടെ, വേണ്ടത്ര കരുതല്‍ശേഖരം നിലനിര്‍ത്തുന്നതിനൊപ്പം തന്നെ ടാര്‍ജറ്റിങ് ഇല്ലാത്ത പൊതുവിതരണ സമ്പ്രദായം ഉറപ്പാക്കുന്നതിനാവശ്യമായ ഭക്ഷ്യധാന്യശേഖരം രാജ്യത്തുണ്ട്. എന്നാല്‍, നവലിബറല്‍ നയം അനുസരിച്ച്, ഈ വര്‍ഷം ഉണ്ടായതുപോലെ ഭക്ഷ്യധാന്യ ഉല്‍പാദനത്തില്‍ മൂന്ന് ശതമാനം വര്‍ദ്ധനവ് ഉണ്ടാകുന്നത് പോഷണ ദാരിദ്ര്യ പ്രശ്നം കൈകാര്യം ചെയ്യുന്നതിനുള്ള അവസരമായി കാണുകയല്ല ചെയ്യുന്നത്; മറിച്ച്, ""ഒരു പ്രശ്നം"" എന്ന നിലയിലും ""ഉല്‍പാദ""ത്തിലെയും ""സംഭരണ""ത്തിലെയും ശേഷിയിലുള്ള ""ഒരു പൊരുത്തക്കേട്"" എന്ന നിലയിലുമാണ് പരിഗണിക്കുന്നത്.

ധാരാളിത്തത്തിനിടയില്‍ പട്ടിണിയും പോഷണ ദാരിദ്ര്യവും എന്ന നാണംകെട്ട അവസ്ഥയാണ് ഇവിടെ നിലനില്‍ക്കുന്നത്. എന്നാല്‍, അതേ സമയം തന്നെ, സംഭരണ സ്ഥലത്തിെന്‍റ അഭാവംമൂലം തുറസ്സായ സ്ഥലത്ത് കിടന്ന് ഭക്ഷ്യധാന്യങ്ങള്‍ ചീഞ്ഞളിയുന്നത് എങ്ങനെ തടയാം എന്നാണ് നമ്മുടെ മന്ത്രിമാര്‍ ചര്‍ച്ച ചെയ്യുന്നത്. എന്തു ചെയ്യണമെന്ന് തീരുമാനിക്കുന്നതിന് ആസൂത്രണ കമ്മീഷന്‍ അധികാരികള്‍ക്കൊപ്പം കൃഷി, ധനകാര്യം, ഭക്ഷ്യം എന്നീ വകുപ്പു മന്ത്രിമാരുടെയും യോഗം പ്രധാനമന്ത്രി ഏപ്രില്‍ 30ന് വിളിച്ചു ചേര്‍ത്തിരുന്നു. ലോകത്ത് ഏറ്റവും അധികം ആളുകള്‍ പോഷണ ദാരിദ്ര്യം അനുഭവിക്കുന്ന ഒരു രാജ്യത്ത് കുറഞ്ഞ വിലയ്ക്ക് ആളുകള്‍ക്ക് ഭക്ഷ്യധാന്യം ലഭ്യമാകുമെന്ന ഉറപ്പാക്കലാണ് ഏക ""പരിഹാരം"" എന്നറിയാന്‍ ഇത്രമേല്‍ ഉന്നതതലത്തിലുള്ള യോഗത്തിെന്‍റയൊന്നും ആവശ്യമേ ഉണ്ടായിരുന്നില്ല. എപിഎല്‍, ബിപിഎല്‍ വിഭാഗങ്ങള്‍ക്കുള്ള വകയിരുത്തല്‍ (മഹഹീരമശേീി) ഇരട്ടിയാക്കണമെന്നും എ പി എല്ലിന് നല്‍കുന്ന ധാന്യത്തിെന്‍റ വില കുറയ്ക്കണമെന്നും അടുത്ത വിളവെടുപ്പ് കാലത്ത് ധാന്യങ്ങള്‍ സംഭരിക്കുന്നതിനായി അങ്ങനെ ""ഗോഡൗണുകള്‍ കാലിയാക്കാം"" എന്നും ഭക്ഷ്യമന്ത്രാലയം നിര്‍ദ്ദേശിച്ചതായാണ് അറിയുന്നത്. ഇതിനായി 1.06 ലക്ഷം കോടി രൂപ വകയിരുത്തണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടതായാണ് ഭക്ഷ്യവകുപ്പിെന്‍റ പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ഭക്ഷ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പ്രസ്താവിച്ചത്. 2012-13ലെ ബജറ്റില്‍ വകയിരുത്തിയിരുന്നതിനേക്കാള്‍ ഏകദേശം 30,000 കോടി രൂപ മാത്രമാണ് ഇതിനായി അധികം ആവശ്യപ്പെട്ടത്. എന്നാല്‍, അത് അംഗീകരിക്കപ്പെടുകയുണ്ടായില്ല. നേരെമറിച്ച്, വന്‍കിട കാര്‍ഷിക മുതലാളിമാരും ഗവണ്‍മെന്‍റിലെ കാര്‍ഷിക വിപണനരംഗത്തിെന്‍റ പ്രതിനിധികളും വാദിക്കുന്നത്, കര്‍ഷകര്‍ക്ക് സബ്സിഡി നല്‍കിക്കൊണ്ട് ഭക്ഷ്യധാന്യ കയറ്റുമതി പ്രോല്‍സാഹിപ്പിക്കണമെന്നും നിയന്ത്രണങ്ങള്‍ നീക്കം ചെയ്യണമെന്നുമാണ്. ഉപഭോക്താക്കള്‍ക്കെതിരെ കര്‍ഷകരുടെ താല്‍പര്യങ്ങളെ പ്രതിഷ്ഠിക്കാനുള്ള ഈ ബോധപൂര്‍വമായ പരിശ്രമം വന്‍കിട കര്‍ഷകരെയും വന്‍കിട വ്യാപാരികളെയും മാത്രമേ സഹായിക്കുകയുള്ളൂ. സമീപകാലത്തെ നിരവധി അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.

ഉദാഹരണത്തിന് 2008-09ല്‍ ബോധപൂര്‍വം സൃഷ്ടിക്കപ്പെട്ട പഞ്ചസാര ക്ഷാമം, പഞ്ചസാര കയറ്റുമതിയിലും ഇറക്കുമതിയിലും നിന്ന് കൊള്ള ലാഭമടിക്കാന്‍ വന്‍കിട പഞ്ചസാര മില്ലുകാരെയാണ് സഹായിച്ചത്. അന്ന് ഉപഭോക്താക്കള്‍ ഒരു കിലോ പഞ്ചസാരയ്ക്ക് 100 രൂപ വരെ കൊടുക്കേണ്ടതായി വന്നപ്പോള്‍ കയറ്റുമതിക്കും ഇറക്കുമതിക്കും ഒരേപോലെ സര്‍ക്കാര്‍ സബ്സിഡി നല്‍കുകയാണുണ്ടായത്.

അതേപോലെ 2006ലും 2007ലും ബോധപൂര്‍വം ഗോതമ്പ് സംഭരണം സര്‍ക്കാര്‍ നടത്താതെ മിനിമം താങ്ങുവിലയെക്കാള്‍ ചെറിയൊരു വര്‍ദ്ധന നല്‍കി സംഭരിക്കാന്‍ സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുത്തത് സര്‍ക്കാരിന് ഗണ്യമായ നഷ്ടമാണ് ഉണ്ടാക്കിയത്. ഇന്ത്യന്‍ കര്‍ഷകര്‍ക്ക് നല്‍കിയതിനെക്കാള്‍ വളരെ ഉയര്‍ന്ന വില കൊടുത്ത് ഇന്ത്യ ഗോതമ്പ് ഇറക്കുമതി ചെയ്യേണ്ടതായി വന്നതായിരുന്നു ഖജനാവിന് വലിയ നഷ്ടത്തിന് ഇടയാക്കിയത്. ഇവിടെയും വന്‍കിട കര്‍ഷകരും വന്‍കിട വ്യാപാരികളുമാണ് കൊള്ളലാഭം ഉണ്ടാക്കിയത്. കയറ്റുമതി നിയന്ത്രണം നീക്കം ചെയ്യുന്നതുകൊണ്ട് ഇടത്തരം കര്‍ഷകര്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും ഒരു നേട്ടവും ഉണ്ടാകുന്നില്ല. ഉല്‍പാദന ചെലവ് കണക്കാക്കി അതിനൊപ്പം 50 ശതമാനം ലാഭം കൂടി ചേര്‍ത്ത് തുക മിനിമം താങ്ങുവിലയായി നല്‍കണമെന്ന സ്വാമിനാഥന്‍ കമ്മീഷെന്‍റ ശുപാര്‍ശ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നെങ്കില്‍ കടത്തില്‍ മുങ്ങിനില്‍ക്കുന്ന മഹാഭൂരിപക്ഷം കര്‍ഷകര്‍ക്കും അടിയന്തിരാശ്വാസമാകുമായിരുന്നു. മുന്‍പ് നടപ്പാക്കിയിരുന്ന ജോലിക്ക് കൂലി, ഭക്ഷണം എന്ന പരിപാടിയുടെ കാര്യത്തിലെന്നപോലെ ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് കൂലിയില്‍ ഒരു ഭാഗം ഭക്ഷ്യധാന്യമായി നല്‍കണമെന്നതാണ് മറ്റൊരു ശുപാര്‍ശ.

സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അതാതിടത്തെ സാഹചര്യമനുസരിച്ച് ഇക്കാര്യത്തില്‍ തീരുമാനിക്കാമെന്ന ഒരു നിര്‍ദ്ദേശം ഉയര്‍ന്നുവന്നത് നടപ്പാക്കണമെന്ന് ഞങ്ങള്‍ വാദിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാരിെന്‍റ മറുപടി യുക്തിക്ക് നിരക്കുന്നതായിരുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് പകരം പണം കൈമാറ്റത്തെ പ്രോല്‍സാഹിപ്പിക്കുകയാണ്. അങ്ങനെ റേഷന്‍ കടകളിലൂടെ ഭക്ഷ്യധാന്യങ്ങള്‍ക്കുപകരം ആളുകള്‍ക്ക് പണം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതേസമയം പണിസ്ഥലത്ത് പണത്തിനുപകരം ആളുകള്‍ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങണമെന്നും വാശിപിടിക്കുന്നു. ഒരു വര്‍ഷത്തിലെ ഓരോ പാദത്തിലേക്കും വേണ്ട കരുതല്‍ ധാന്യശേഖരത്തെ സംബന്ധിച്ച് ഇന്ത്യയില്‍ വ്യക്തമായ മാനദണ്ഡമുണ്ട്. ഓരോ കാലത്തെയും ആവശ്യം കണക്കിലെടുത്താണ് അത് നിശ്ചയിച്ചിട്ടുള്ളത്. അതിന്റെ കണക്ക് ചുവടെ ചേര്‍ക്കുന്നു: മാസം അരി ഗോതമ്പ് മൊത്തം ലക്ഷം ടണ്ണില്‍ ലക്ഷം ടണ്ണില്‍ ലക്ഷം ടണ്ണില്‍ ഏപ്രില്‍ 1 122 40 162 ജൂണ്‍ 1 98 171 269 ഒക്ടോബര്‍ 1 52 100 152 ജനുവരി 1 118 82 200 കഴിഞ്ഞ രണ്ട് വര്‍ഷമായി കരുതല്‍ശേഖരം ആവശ്യമുള്ളതിനേക്കാള്‍ വളരെ അധികമാണ്. ഉദാഹരണത്തിന്, 2010 ജനുവരിയില്‍ ഇത് 474.45 ലക്ഷം ടണ്ണുണ്ടായിരുന്നു - മാനദണ്ഡപ്രകാരം ആവശ്യമുള്ളതിനെക്കാള്‍ 137 ശതമാനം അധികം. 2012 ഏപ്രില്‍ മാസത്തില്‍ ഇത് 545 ലക്ഷം ടണ്ണുണ്ടായിരുന്നു - അതായത് 236 ശതമാനം കൂടുതല്‍. റാബി വിളവെടുപ്പ് വളരെ മികച്ചതായതിനാല്‍ സംഭരണം മെച്ചപ്പെട്ട തോതിലായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അരിയുടെയും ഗോതമ്പിെന്‍റയും മൊത്തം ശേഖരം 700 ലക്ഷം ടണ്ണില്‍ അധികം ആകും. ഭക്ഷ്യധാന്യങ്ങളുടെ ആഗോള വിപണിയില്‍ വില കുറവായിരുന്നതിനാല്‍ വന്‍കിട കര്‍ഷകരുടെയും വ്യാപാരികളുടെയും വക്താക്കള്‍ കയറ്റുമതി നിയന്ത്രണങ്ങളെക്കുറിച്ച് ഒച്ചപ്പാടുണ്ടാക്കിയതേയില്ല. എന്നാല്‍, അന്താരാഷ്ട്ര വില ഉയരുമെന്ന് കരുതുന്നതായി എഫ്എഒ പറഞ്ഞതോടെ ഈ സംഘം വീണ്ടും സജീവമായി. സംഭരിച്ച് സൂക്ഷിക്കാനുള്ള സൗകര്യം കുറവാണെന്ന പേരില്‍ ഭക്ഷ്യധാന്യസംഭരണം ഒഴിവാക്കുക എന്നതാണ് അവരുടെ ലക്ഷ്യം. കയറ്റുമതി നിയന്ത്രണങ്ങള്‍ നീക്കം ചെയ്താല്‍ കമ്പോളത്തില്‍ ഗൂഢതന്ത്രങ്ങള്‍ മെനയുന്നവര്‍ വീണ്ടും മേല്‍ക്കൈ നേടും. 2002-03ല്‍ ഇത്തരത്തില്‍ ഒരു സാഹചര്യം ഉണ്ടായി. ആ കാലത്ത് (ബിജെപി ഗവണ്‍മെന്‍റായിരുന്നു അന്ന് അധികാരത്തില്‍) അരിയുടെ കരുതല്‍ ശേഖരം 156 ലക്ഷം ടണ്ണായിരുന്നു - ആവശ്യമുള്ളതിനെക്കാള്‍ വളരെ അധികം. ഭക്ഷ്യധാന്യങ്ങള്‍ ചീഞ്ഞു നശിക്കുന്നതായുള്ള മുറവിളി അന്നും ഉയരുകയുണ്ടായി. പൊതുവിതരണ സംവിധാനത്തിലൂടെ ലഭ്യമാക്കുന്ന ധാന്യവിഹിതം വര്‍ദ്ധിപ്പിക്കുന്നതിനായിരുന്നില്ല, ഈ മുറവിളി; മറിച്ച് കയറ്റുമതിക്കായിരുന്നു. ബിജെപി ഗവണ്‍മെന്‍റ്, ബിപിഎല്‍ വിലയ്ക്കുള്ള കരുതല്‍ ശേഖരം കയറ്റുമതി ചെയ്യാന്‍ വ്യാപാരികളെ അനുവദിക്കുകയാണുണ്ടായത്. അങ്ങനെ വ്യാപാരികള്‍ക്ക് കൊള്ളലാഭമടിക്കാന്‍ അവസരമൊരുക്കിക്കൊടുത്തു. ഒരു വര്‍ഷത്തിനുള്ളില്‍, കരുതല്‍ ശേഖരം വേണ്ടതിനെക്കാള്‍ ഗണ്യമായി കുറഞ്ഞു. ഇങ്ങനെ ആവശ്യത്തിന് ഭക്ഷ്യധാന്യശേഖരം ഇല്ലാതായതോടെ വില കുതിച്ചുയരാന്‍ തുടങ്ങി. ""സംഭരിച്ചുവെയ്ക്കാന്‍ സ്ഥലം ഇല്ലെന്"" ഇപ്പോഴത്തെ മുറവിളിയുടെയും ലക്ഷ്യം കയറ്റുമതി അനുവദിക്കണമെന്ന വന്‍കിട കര്‍ഷകരുടെയും കച്ചവടക്കാരുടെയും ആവശ്യം അംഗീകരിക്കലായിരിക്കെ, സര്‍ക്കാര്‍ ഏജന്‍സികളുടെ സംഭരണം മന്ദഗതിയിലാവുകയായിരിക്കും ഫലം. തങ്ങള്‍ ഉദ്ദേശിക്കുന്ന അളവില്‍ വില ഉയരുന്നതുവരെ ധാന്യങ്ങള്‍ പൂഴ്ത്തിവെയ്ക്കാന്‍ വന്‍കിട വ്യാപാരികള്‍ക്ക് ശേഷിയുമുണ്ട്. ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് ഭാവിയില്‍ ഭക്ഷ്യധാന്യക്ഷാമം ഉണ്ടാകുന്നതിനും അങ്ങനെ വില വര്‍ദ്ധനവിന് ഇടയാക്കുന്നതിനും വേണ്ടിയാണ്. എന്നാല്‍, സംഭരണശേഷി ഇല്ലെന്ന വാദം തന്നെ ശരിയല്ല എന്നതാണ് യാഥാര്‍ത്ഥ്യം. പാര്‍ലമെന്‍റില്‍ ആവര്‍ത്തിച്ച് ഉറപ്പു നല്‍കിയിട്ടും സംഭരണശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഒരു നടപടിയും കൈക്കൊണ്ടിരുന്നില്ല. ഭക്ഷ്യ വകുപ്പ് സെക്രട്ടറിയുടെ അഭിപ്രായത്തില്‍ അടുത്ത ഏതാനും മാസത്തെ സംഭരണത്തിന് സൗകര്യം കുറവാകുന്നത് 100 ലക്ഷം ടണ്ണിന് മാത്രമാണ്. വിവിധ പദ്ധതികളിലൂടെ സ്വകാര്യമേഖലയ്ക്ക് സബ്സിഡി നല്‍കലാണ് സര്‍ക്കാരിെന്‍റ നയം. പാര്‍ലമെന്‍ററി സമിതിയുടെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത് ആശങ്കാജനകമായ ഒരു ചിത്രമാണ്. 2009 ജൂണിനും 2012 ഫെബ്രുവരിക്കുമിടയില്‍ എഫ്സിഐ സ്വന്തം ഗോഡൗണുകളുടെ സംഭരണശേഷിയില്‍ ഒരു ലക്ഷം ടണ്‍ മാത്രമാണ് വര്‍ദ്ധിപ്പിച്ചത്. അതേസമയം, സ്വകാര്യ ഗോഡൗണുകളിലെ സംഭരണശേഷിയില്‍നിന്ന് 50 ലക്ഷം ടണ്ണിനുള്ളതാണ് എഫ്സിഐ വാടകയ്ക്കെടുത്തത്. ദശലക്ഷക്കണക്കിനാളുകള്‍ പട്ടിണികിടന്ന് നരകിക്കുമ്പോള്‍ ഭക്ഷ്യധാന്യങ്ങള്‍ ചീഞ്ഞ് അഴുകി നശിക്കുന്നു എന്നത് ഒരു ധാര്‍മിക പ്രശ്നമാണ്. എന്നാല്‍, ഈ പ്രശ്നം കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും അധികം യുക്തിസഹവും സാമൂഹ്യമായി അഭികാമ്യവുമായ മാര്‍ഗം എന്താണ് എന്നതാണ് പ്രധാന പ്രശ്നം. ചിലര്‍ ആവശ്യപ്പെടുന്നതുപോലെ കയറ്റുമതിക്ക് അനുമതി നല്‍കേണ്ടതുണ്ടോ? അതോ പൊതുവിതരണ സംവിധാനത്തിനുള്ള ഭക്ഷ്യധാന്യവിഹിതം അടിയന്തിരമായി വര്‍ദ്ധിപ്പിക്കുകയും പൊതുവിതരണ സംവിധാനത്തിെന്‍റ പരിധിയില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തുകയും ചെയ്ത് സാര്‍വത്രിക പൊതുവിതരണ സംവിധാനം നടപ്പിലാക്കുകയാണോ അഭികാമ്യം?

ഉല്‍പാദനം, സംഭരണം, സൂക്ഷിപ്പ് എന്നീ പ്രശ്നങ്ങളെ സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്ന സംവാദം ഭക്ഷ്യസുരക്ഷാപ്രശ്നത്തിന്റെ അടിയന്തിര സ്വഭാവത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. തികച്ചും വികലവും അപര്യാപ്തവുമായ ഇപ്പോഴത്തെ ഭക്ഷ്യസുരക്ഷാബില്ലിനുപകരം രണ്ടു രൂപയ്ക്ക് ചുരുങ്ങിയത് 35 കിലോ ഗ്രാം ഭക്ഷ്യധാന്യം നല്‍കുമെന്ന് ഉറപ്പാക്കുന്ന സാര്‍വത്രിക ഭക്ഷ്യസുരക്ഷാനിയമം കൊണ്ടുവരുന്നതിനുള്ള സമരം രൂക്ഷമാക്കുകയും വിപുലമാക്കുകയും ചെയ്യേണ്ടത് അനിവാര്യമായിരിക്കുകയാണ്. ഈ ആവശ്യം നടപ്പിലാക്കാനാകുന്നതാണെന്നു മാത്രമല്ല, മറിച്ച് ഉപഭോക്താക്കളെയും കര്‍ഷകരെയും സംബന്ധിച്ചിടത്തോളം ഇത് അടിയന്തിരാവശ്യംകൂടിയാണ്.

പട്ടിണി രാജ്യം

രണ്ടു ദശകമായി നടപ്പാക്കുന്ന ഉദാരവല്‍ക്കരണനയങ്ങള്‍ രണ്ടു വ്യത്യസ്ത ഇന്ത്യയെ സൃഷ്ടിച്ചെന്ന് ലോകബാങ്കിന്റെ 2012ലെ ആഗോളപട്ടിണിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ സന്ദേഹമില്ലാതെ വ്യക്തമാക്കുന്നു. സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം രാജ്യത്ത് ഭീമമായ തോതില്‍ വര്‍ധിച്ചുവരുന്നതാണ് ഏറ്റവും ആശങ്കാജനകമായ വസ്തുത. 1990കളുടെ മധ്യംമുതല്‍ 2006-08 വരെയുള്ള കാലയളവില്‍ ആഗോളതലത്തില്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു. പരമാവധി ലാഭംകൊയ്യാന്‍ മൂലധനത്തെ വിവേകശൂന്യമായി ഉപയോഗിക്കുന്ന സാമ്രാജ്യത്വ ആഗോളവല്‍ക്കരണമാണ് ഈ അവസ്ഥ സൃഷ്ടിച്ചത്. ഒരുഭാഗത്ത് മൂലധനം കുമിഞ്ഞുകൂടുമ്പോള്‍ ലോകജനതയില്‍ ബഹുഭൂരിപക്ഷത്തിന്റെയും ജീവിതം ദുരിതപൂര്‍ണമാവുകയാണ്.

മൂന്നു ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പട്ടിണിയെ നിര്‍വചിക്കുന്നത്- ശിശുക്കളുടെ ഭാരക്കുറവ്, നവജാത ശിശുമരണനിരക്ക്, പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുടെ എണ്ണം. ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ലോകബാങ്ക് തയ്യാറാക്കിയ ആഗോളപട്ടിണി സൂചികയില്‍ (ജിഎച്ച്ഐ) ഉള്‍പ്പെടുത്തിയ 79 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 65 ആണ്. അയല്‍പക്കത്തുള്ള പാകിസ്ഥാനും നേപ്പാളിനും ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട സ്ഥാനമുണ്ട്. ഏറ്റവും മോശമായ സംഗതി, 2005-10 കാലയളവില്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ലോകബാങ്ക് തയ്യാറാക്കിയ 129 രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും താഴെനിന്ന് രണ്ടാമതാണ് ഇന്ത്യയെന്നതാണ്. 1996ല്‍ ഇന്ത്യയുടെ ജിഎച്ച്ഐ 22.6 ആയിരുന്നു. രണ്ടു ദശകം നീണ്ട ഉദാരവല്‍ക്കരണത്തിനുശേഷം ഇത് 22.9 ആയി മാത്രമാണ് ഉയര്‍ന്നത്. ശക്തമായ സാമ്പത്തികവളര്‍ച്ച നേടിയിട്ടും ജിഎച്ച്ഐയുടെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥിതി മെച്ചപ്പെടാത്തത് നിരാശാജനകമാണെന്ന് ലോകബാങ്ക് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ആഭ്യന്തരയുദ്ധത്തില്‍ ഉലഞ്ഞ ശ്രീലങ്കയ്ക്ക് ഇക്കാലയളവിലും സാക്ഷരതാനിരക്കും ആയുര്‍ദൈര്‍ഘ്യവും വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതും വിദ്യാഭ്യാസ- ആരോഗ്യമേഖലകളില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ സാധിച്ചതും എങ്ങനെയെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. പൊതു മുതല്‍മുടക്കുകളുടെ കാര്യത്തില്‍ പരിമിതിയുണ്ടെങ്കിലും നവജാതശിശുമരണനിരക്ക് കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ബംഗ്ലാദേശിന് ഇന്ത്യയെ മറികടക്കാന്‍ കഴിഞ്ഞു. ഈ രണ്ടു രാജ്യത്തിനും ഇത്തരം നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞത് കമ്പോളശക്തികളുടെ പ്രവര്‍ത്തനഫലമായല്ല, സര്‍ക്കാര്‍ മുതല്‍മുടക്കുകള്‍ വഴിയാണ്. ഗര്‍ഭിണികളാകാന്‍ സാധ്യതയുള്ള പ്രായപരിധിയില്‍വരുന്ന സ്ത്രീകളില്‍ ഇന്ത്യയില്‍ 36 ശതമാനവും ഭാരക്കുറവ് നേരിടുന്നവരാണ്. 23 സബ്-സഹാറന്‍ രാജ്യങ്ങളില്‍ ഈ നിരക്ക് 16 ശതമാനം മാത്രമാണ്. സഹസ്രാബ്ദ വികസനലക്ഷ്യങ്ങളില്‍ ഒന്നുപോലും നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭയ്ക്ക് സമര്‍പ്പിച്ച വാര്‍ഷികറിപ്പോര്‍ട്ടില്‍ പറയുന്നു. നിത്യോപയോഗസാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം അനുദിനം കൂടുതല്‍ ജനവിഭാഗങ്ങളെ ദാരിദ്ര്യത്തിലേക്കും പോഷകാഹാരക്കുറവിലേക്കും തള്ളിവിടും. ഇക്കഴിഞ്ഞ സെപ്തംബറില്‍ ഉപഭോക്തൃ മൊത്തവിലസൂചികയില്‍ 7.8 ശതമാനത്തിന്റെ റെക്കോഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. ചില്ലറ വിപണിയില്‍ വിലക്കയറ്റം ഇതിലേറെ രൂക്ഷമാകും. നഗരങ്ങളില്‍ പണപ്പെരുപ്പനിരക്ക് 9.7 ശതമാനമാണ്, മൊത്തസൂചികയേക്കാള്‍ രണ്ടു ശതമാനം കൂടുതല്‍. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചതോടെ ഒക്ടോബറില്‍ കഠിനമായ വിലക്കയറ്റമാണ് സര്‍വമേഖലകളിലും അനുഭവപ്പെടുന്നത്. 

ഉദാരവല്‍ക്കരണനയങ്ങളുടെ നേട്ടം രാജ്യത്തെ ചെറുന്യൂനപക്ഷത്തിനുമാത്രമാണ് ലഭിക്കുന്നത്. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരായി മാറുന്നു. രാജ്യത്ത് ശതകോടീശ്വരന്മാരുടെ എണ്ണം വര്‍ധിച്ചു. ഇവരില്‍ 54 പേരാണ് രാജ്യത്തിന്റെ മൊത്തം ആഭ്യന്തരവരുമാനത്തിന്റെ മൂന്നിലൊന്ന് കൈയാളുന്നത്. രാജ്യത്തെ ഏറ്റവും പ്രമുഖ 500 കമ്പനികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, 2012 മാര്‍ച്ചില്‍ അവസാനിച്ച മൂന്നുവര്‍ഷത്തിനുള്ളില്‍ അവര്‍ സമ്പാദിച്ചുകൂട്ടിയത് 9.3 ലക്ഷം കോടി രൂപയുടെ കറന്‍സിശേഖരമാണെന്നാണ്. ഇന്ത്യയുടെ വൈദ്യുതി ഉല്‍പ്പാദനം ഇരട്ടിയാക്കാനോ പ്രതിവര്‍ഷം 40,000 കിലോമീറ്റര്‍ ദൈര്‍ഘ്യംവരുന്ന ആറുവരിപ്പാത നിര്‍മിക്കാനോ പര്യാപ്തമായ തുകയാണിത്. നിലവില്‍ പ്രതിവര്‍ഷം 800 കിലോമീറ്റര്‍ പാതമാത്രമാണ് പുതുതായി നിര്‍മിക്കുന്നതെന്ന് ഓര്‍ക്കണം.

കോര്‍പറേറ്റുകള്‍ നിക്ഷേപം നടത്താതെ വന്‍ സമ്പാദ്യത്തിനുമേല്‍ അടയിരിക്കുകയാണ്. കൂടുതല്‍ ഉല്‍പ്പാദിപ്പിച്ചാല്‍ വാങ്ങാന്‍ ആളില്ല. ജനങ്ങളുടെ ക്രയശേഷി കുറഞ്ഞു. ആഭ്യന്തരകമ്പോളത്തിലുണ്ടായ ക്ഷീണസങ്കോചങ്ങള്‍ നിക്ഷേപങ്ങളെയും ബാധിച്ചിരിക്കുന്നു. പണം റിയല്‍എസ്റ്റേറ്റിലേക്കും സ്വര്‍ണത്തിലേക്കും മാത്രം ഒഴുകുന്നതിനാല്‍ അവയുടെ വില കുതിക്കുന്നു. സര്‍ക്കാര്‍ ഉദാരവല്‍ക്കരണ നയങ്ങളില്‍നിന്ന് പിന്മാറിയാല്‍മാത്രമേ ഈ സ്ഥിതിക്ക് മാറ്റമുണ്ടാകൂ. വന്‍തോതില്‍ പൊതുമുതല്‍മുടക്ക് നടത്തണം. ദാരിദ്ര്യവും പോഷകാഹാരക്കുറവും പരിഹരിക്കാന്‍ ആവശ്യമായ വിഭവങ്ങള്‍ക്ക് രാജ്യത്ത് കുറവൊന്നുമില്ല. എന്നാല്‍, സമ്പന്നര്‍ക്ക് വന്‍ നികുതി ഇളവുകള്‍ നല്‍കുകയും പ്രകൃതിവിഭവങ്ങള്‍ ചുളുവിലയ്ക്ക് കൈമാറുകയും ചെയ്യുന്ന സര്‍ക്കാര്‍ പാവങ്ങള്‍ക്കുള്ള സബ്സിഡി വെട്ടിക്കുറച്ച് അവരുടെ വയറ്റത്തടിക്കുകയാണ്. ഈ നയം തിരുത്താന്‍ വന്‍ പ്രക്ഷോഭം ഉയര്‍ന്നുവരേണ്ടത് രാജ്യത്തിന്റെ മുഴുവന്‍ ആവശ്യമാണ്.

വിലക്കയറ്റവും ഭക്ഷ്യസുരക്ഷയും

അതിരൂക്ഷമായ വിലക്കയറ്റമാണ് രാജ്യം നേരിടുന്നത്. എല്ലാത്തരം സാധനങ്ങളുടെയും വിലകള്‍ ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഭക്ഷ്യവസ്തുക്കള്‍, കെട്ടിടനിര്‍മാണ സാമഗ്രികള്‍, അസംസ്കൃത പദാര്‍ഥങ്ങള്‍, ഔഷധങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങി സകലതിനും തീപിടിച്ച വില. കയ്യിലുള്ള പണം ഒന്നിനും തികയാത്ത നിസ്സഹായാവസ്ഥയിലാണ് ജനങ്ങള്‍. റിസര്‍വ് ബാങ്കിന്റെ കറന്‍സിനോട്ടുകള്‍ വെറും കടലാസുകഷണങ്ങളായി മാറുന്നു. നൂറുരൂപ മാറിയാല്‍ മണിക്കൂറുകള്‍ക്കകം തീരുന്ന നിലവിട്ട് അഞ്ഞൂറുരൂപ മാറിയാല്‍ മിനിറ്റുകള്‍ക്കകം തീരുന്ന സ്ഥിതി. കുറഞ്ഞ വരുമാനക്കാരും നിശ്ചിത വരുമാനക്കാരുമാണ് ഏറ്റവും കഷ്ടപ്പെടുന്നത്. കടം വാങ്ങുകയല്ലാതെ അവര്‍ക്കുമുന്നില്‍ മാര്‍ഗങ്ങളില്ല. അതല്ലെങ്കില്‍ കുറച്ചുമാത്രം സാധനങ്ങള്‍ വാങ്ങി മുണ്ടുമുറുക്കിയുടുത്ത് ജീവിക്കണം.

കെട്ടിടനിര്‍മാണമുള്‍പ്പെടെയുള്ള നിര്‍മാണമേഖല സ്തംഭനത്തിലാണ്; തൊഴിലാളികള്‍ക്കാകട്ടെ ജോലിയുമില്ല. ദാരിദ്ര്യരേഖയെ നിര്‍വചിച്ചിട്ടുള്ളത് നിശ്ചിത ഭക്ഷ്യഊര്‍ജം കിട്ടാന്‍വേണ്ട ഭക്ഷണത്തിനുള്ള തുക എന്നാണല്ലോ. ഗ്രാമങ്ങളില്‍ പ്രതിദിനം 22.42 രൂപയും പട്ടണങ്ങളില്‍ 28.35 രൂപയുമാണ് ദാരിദ്ര്യരേഖ. ഇത്രപോലും പ്രതിദിനവരുമാനമില്ലാത്ത പരമദരിദ്രരാണ് 35.46 കോടി ഇന്ത്യക്കാര്‍. അതായത് ജനസംഖ്യയുടെ 29.8 ശതമാനം. ഇത്ര വരുമാനമോ അതിനേക്കാള്‍ കുറച്ചു കൂടുതലോ ഉള്ളവരും ദരിദ്രര്‍തന്നെയാണ്. ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിനും രാജ്യം പുരോഗമിക്കുകയാണെന്ന് പ്രചരിപ്പിക്കുന്നതിനുമാണ് ദാരിദ്ര്യരേഖ താഴ്ത്തി വരയ്ക്കുന്നത്. പ്രതിദിന ഉപഭോക്തൃചെലവ് സംബന്ധിച്ച് നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ നടത്തിയ പഠനറിപ്പോര്‍ട്ട് ആഗസ്ത് ഒന്നിന് പുറത്തുവന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. അങ്ങേയറ്റം ദരിദ്രരായ പത്തുശതമാനം ഗ്രാമീണരുടെ പ്രതിദിനവരുമാനം 16.78 രൂപയും പട്ടണത്തിലുള്ളവരുടേത് 23.40 രൂപയുമാണ്. ഗ്രാമങ്ങളിലെ പകുതി ജനങ്ങള്‍ പരമദരിദ്രരാണ്. വിലക്കയറ്റം ഭക്ഷ്യലഭ്യത കുറയ്ക്കും. ദരിദ്രര്‍ പരമദരിദ്രരുടെ പട്ടികയിലേക്ക് എറിയപ്പെടും; ദാരിദ്ര്യരേഖയ്ക്കുമുകളിലുള്ളവര്‍ ദരിദ്രരുടെ പട്ടികയിലേക്കും. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചനിരക്ക് മുന്നോട്ടല്ല, പിന്നോട്ടാണ്.

2004-05 മുതല്‍ 2010-11വരെ ആറുവര്‍ഷത്തെ ശരാശരി വാര്‍ഷിക വളര്‍ച്ച നിരക്ക് 8.7 ശതമാനമായിരുന്നു. 2011-12ല്‍ കേവലം 6.5 ശതമാനമായി ഇടിഞ്ഞു. 2011 മാര്‍ച്ചില്‍ അവസാനിച്ച മൂന്നുമാസം കൈവരിച്ചത് 5.2 ശതമാനം വളര്‍ച്ചമാത്രം. ദേശീയ വരുമാന വളര്‍ച്ചനിരക്ക് ഇടിയാനുള്ള കാരണങ്ങളിലൊന്ന് വിലക്കയറ്റമാണ്. എത്ര വെട്ടിക്കുറച്ചാലും അരിഭക്ഷണം ഉപേക്ഷിക്കാനാവില്ലല്ലൊ. ഒരു ഗ്രാമീണ കുടുംബം അല്ലെങ്കില്‍ പട്ടണത്തിലെ കുടുംബം കിലോഗ്രാമിന് 32 രൂപക്ക് അരി വാങ്ങിയാല്‍ അവശേഷിക്കുന്നത് എത്രയെന്ന് ആലോചിച്ചാല്‍ മതി.

വിലക്കയറ്റം വ്യവസായ- സേവന ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഡിമാന്‍ഡ് കുറയ്ക്കും. ആ മേഖലയില്‍ ഉല്‍പ്പാദനം നടത്തിയിട്ട് ഫലമില്ലെന്നുവരും. സ്വാഭാവികമായും നിക്ഷേപം ചുരുക്കും. ഒപ്പം തൊഴിലവസരങ്ങളും ചുരുങ്ങും. ഭക്ഷ്യസാധനങ്ങളുടെ മാത്രമല്ല, അസംസ്കൃതവസ്തുക്കളുടെയും എല്ലാവിധ നിര്‍മാണസാമഗ്രികളുടെയും വിലകള്‍ ഉയരുകയാണ്. ഇത് ഉല്‍പ്പാദനച്ചെലവ് വര്‍ധിപ്പിക്കും. നിക്ഷേപം ലാഭകരമല്ലാതാകും. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന മൂലധനിക്ഷേപനിരക്കാണ് 2011-12ല്‍ രേഖപ്പെടുത്തിയത്. 29.75 ശതമാനം. 2007-08ല്‍ അത് 32.9 ശതമാനമായിരുന്നു. അവിടെനിന്നാണ് 29.75ലേക്ക് താഴ്ന്നത്. ദേശീയവരുമാനത്തിന്റെ ചെറിയൊരു ഭാഗംമാത്രമേ നിക്ഷേപമായി മാറുന്നുള്ളൂ. വരുംവര്‍ഷങ്ങളില്‍ ഉല്‍പ്പാദനവും തൊഴിലും ഗണ്യമായി ഇടിയുമെന്നതിന് വേറെന്തു തെളിവാണ് വേണ്ടത്?

കാര്‍ഷിക വളര്‍ച്ച ഇപ്പോള്‍ത്തന്നെ മുന്‍വര്‍ഷത്തെ ഏഴ് ശതമാനത്തില്‍നിന്ന് 2.8 ശതമാനമായും വ്യവസായ വളര്‍ച്ച 7.6 ശതമാനത്തില്‍നിന്ന് 2.5 ശതമാനമായും ഇടിഞ്ഞിരിക്കുകയാണ്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ നല്‍കുന്ന കണക്കുകളാണിവ. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് റിസര്‍വ് ബാങ്ക് നടത്തുന്ന ശ്രമങ്ങള്‍ ഫലം തരുന്നില്ലെന്നുമാത്രമല്ല വിപരീതഫലം സൃഷ്ടിക്കുകയുംചെയ്യുന്നു. പലിശനിരക്ക് (റിപ്പോനിരക്ക്) നിരന്തരമായി ഉയര്‍ത്തിയാണ് ബാങ്ക് വായ്പയുടെ അളവ് ചുരുക്കാന്‍ റിസര്‍വ് ബാങ്ക് ശ്രമിക്കുന്നത്. റിസര്‍വ് ബാങ്ക് നിസ്സഹായമാണെന്നും പ്രവര്‍ത്തിക്കേണ്ടത് സര്‍ക്കാരാണെന്നും ഏറ്റവും ഒടുവിലെ ധനയം വ്യക്തമാക്കിക്കൊണ്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പ്രസ്താവിച്ചു.

വായ്പയുടെ പലിശ ആകെ ഉല്‍പ്പാദനച്ചെലവിന്റെ ഭാഗമാണ്. പലിശനിരക്ക് ഉയരുമ്പോള്‍ ഉല്‍പ്പാദനച്ചെലവ് വര്‍ധിക്കും. ഈ സ്ഥിതി മറികടക്കാന്‍ വ്യവസായികള്‍ വിദേശവായ്പകളെ ആശ്രയിക്കുന്നു. കാരണം പലിശനിരക്ക് കുറവാണ്. സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടാന്‍ ആ രാജ്യങ്ങള്‍ പലിശനിരക്ക് ഗണ്യമായി വെട്ടിക്കുറച്ചുവരികയാണ്. പക്ഷേ, വിദേശവായ്പകള്‍ (കമേര്‍ഷ്യല്‍ വായ്പകള്‍) രാജ്യത്തിന്റെ കടഭാരം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. രാജ്യത്തിന്റെ മൊത്തം വിദേശകടത്തിന്റെ 30.2 ശതമാനം വിദേശ വായ്പകളാണ്. വായ്പ ലഭിക്കുന്നത് ഡോളറിലോ മറ്റ് വിദേശകറന്‍സികളിലോ ആണ്. വായ്പ വര്‍ധിക്കുമ്പോള്‍ ഡോളറിന് ആവശ്യമുയരും. കൂടുതല്‍ രൂപ കൊടുത്താലേ ഡോളര്‍ കിട്ടൂവെന്നു വരും. രൂപയുടെ മൂല്യമിടിയും. രൂപയുടെ മൂല്യത്തകര്‍ച്ച, ഇറക്കുമതിച്ചെലവ് വര്‍ധിപ്പിക്കും. ഇറക്കുമതിക്കൊപ്പം കയറ്റുമതിയും ഉയരുന്നില്ലെങ്കില്‍ (ഉയരുകയില്ല, കാരണം, ആഗോള സാമ്പത്തിക പ്രതിസന്ധി), വ്യാപാരകമ്മി താങ്ങാനാവാത്തവിധം ഉയരും. ഇന്ത്യയുടെ വ്യാപാരകമ്മി ഏറ്റവും ഉയര്‍ന്നതോതില്‍ എത്തിയിരിക്കുകയാണിപ്പോള്‍. ആഗോള സാമ്പത്തികപ്രതിസന്ധിയുടെ പ്രത്യാഘാതംമൂലമാണ് ദേശീയവരുമാനം ഇടിഞ്ഞതെന്ന് വാദിക്കാം. അമേരിക്കയിലേക്കും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമാണ് ഇന്ത്യ പ്രധാനമായും കയറ്റുമതി നടത്തുന്നത്. കയറ്റുമതിയുടെ തോത് ഇടിഞ്ഞിരിക്കുന്നു. എന്നാല്‍, ദേശീയവരുമാനം ഇടിഞ്ഞതിന്റെ മുഖ്യകാരണം ആഭ്യന്തരകമ്പോളം വിപുലപ്പെടാത്തതാണ്. കൃഷിചെയ്യാന്‍ കൃഷിഭൂമിയോ തൊഴിലോ ബഹുഭൂരിപക്ഷത്തിനും ഇല്ലാത്തതാണ് ആഭ്യന്തര കമ്പോളം ചുരുങ്ങുന്നതിനുള്ള കാരണം.

ദേശീയ വരുമാന വളര്‍ച്ചനിരക്ക് കുറഞ്ഞ നിലയില്‍ (സ്റ്റാഗ്നേഷന്‍) തുടരുമ്പോള്‍ മറുവശത്ത് വിലക്കയറ്റം സകലസീമകളും ലംഘിച്ച് വളരുന്നു (ഇന്‍ഫ്ളേഷന്‍). രണ്ടും ചേര്‍ന്ന സ്റ്റാഗ്ഫ്ളേഷനാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ നേരിടുന്നത്. രണ്ടും സാധാരണക്കാരുടെ നില പരുങ്ങലിലാക്കുന്നു. വേണ്ടത്ര മഴ ലഭിക്കാത്തത് കാര്‍ഷികോല്‍പ്പാദനത്തെ പിന്നോട്ടടിക്കുമെന്ന ആശങ്ക റിസര്‍വ് ബാങ്ക് അതിന്റെ ധനയം സംബന്ധിച്ച റിപ്പോര്‍ട്ടില്‍ പങ്കുവയ്ക്കുന്നുണ്ട്. കാര്‍ഷികോല്‍പ്പാദനത്തിലെ ഇടിവ് ഭക്ഷ്യവിലകള്‍ ഇനിയുമുയര്‍ത്തും; കാര്‍ഷിക അസംസ്കൃതവസ്തുക്കളുടെ ദൗര്‍ലഭ്യം വ്യവസായ വളര്‍ച്ചയെ തളര്‍ത്തുകയുംചെയ്യും. ഇതിനെതിരായ മുന്‍കരുതല്‍ സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ ദുരിതകാലത്തേക്കു വാങ്ങി സൂക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

എന്നാല്‍, മറിച്ചാണ് സര്‍ക്കാരിന്റെ പ്രവൃത്തി. 2011-12ല്‍ മുന്‍വര്‍ഷത്തെ ഏഴ് ശതമാനത്തില്‍നിന്ന് കാര്‍ഷികോല്‍പ്പാദനം 2.8 ശതമാനമായി ഇടിഞ്ഞെങ്കിലും അരിയുടെയും ഗോതമ്പിന്റെയും വിളവ് മെച്ചമായിരുന്നു. 25.7 ടണ്‍ അരിയും ഗോതമ്പും ഉല്‍പ്പാദിപ്പിച്ചു. താങ്ങുവില നല്‍കി എഫ്സിഐ മുഖേന സമാഹരിച്ച ഭക്ഷ്യധാന്യത്തിന്റെ നല്ലൊരുഭാഗം സംഭരിച്ചുസൂക്ഷിക്കാന്‍ ഇടമില്ലാതെ കാറ്റിലും മഴയിലും നശിക്കുകയാണ്. പട്ടിണിക്കാര്‍ക്ക് കുറഞ്ഞ നിരക്കിലോ സൗജന്യമായോ വിതരണംചെയ്യാത്തതെന്തെന്ന ചോദ്യം സാധാരണക്കാരുടേത് മാത്രമല്ല; സുപ്രീംകോടതി ചോദിച്ചതും ഇതേ ചോദ്യമാണ്. സര്‍ക്കാരിന് പക്ഷെ മറുപടിയില്ല. അപ്രകാരം വിതരണംചെയ്യുമ്പോള്‍ നഷ്ടം സബ്സിഡിയായി സര്‍ക്കാര്‍ വഹിക്കണം. അതിന് സര്‍ക്കാരിന് സമ്മതമല്ല.

പകരം സ്വീകരിക്കുന്ന മാര്‍ഗമാണ് ഏറെ ഗര്‍ഹണീയം. താങ്ങുവില നല്‍കി സംഭരിച്ച അരിയും ഗോതമ്പും സബ്സിഡി നല്‍കി കുറഞ്ഞവിലയ്ക്ക് മൊത്ത വ്യാപാരികള്‍ക്കും കയറ്റുമതിക്കാര്‍ക്കും കൈമാറുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ടണ്ണിന് 12750 രൂപയ്ക്ക് സംഭരിച്ച ഗോതമ്പ് കയറ്റുമതിക്കാര്‍ക്ക് നല്‍കുന്നത് 11700 രൂപയ്ക്കാണ്. നഷ്ടം സര്‍ക്കാര്‍ വഹിക്കും. ഇങ്ങനെ വാങ്ങുന്ന ഭക്ഷ്യധാന്യം വ്യാജകൃഷിക്കാരുടെ മേല്‍വിലാസത്തില്‍ താങ്ങുവിലയ്ക്കുതന്നെ സര്‍ക്കാരിന് വില്‍ക്കുന്നു. അല്ലെങ്കില്‍ കയറ്റുമതി വിപണി ലാഭകരമെങ്കില്‍ കയറ്റുമതിചെയ്യുന്നു. അതുമല്ലെങ്കില്‍ കയറ്റുമതി നടത്തിയതായി ഇറക്കുമതി പങ്കാളിയുമായി ചേര്‍ന്ന് വ്യാജരേഖയുണ്ടാക്കി ഇന്ത്യന്‍ കമ്പോളത്തില്‍ത്തന്നെ കരിഞ്ചന്ത വിലയ്ക്ക് വില്‍ക്കുന്നു.

ഭക്ഷ്യസുരക്ഷയെക്കുറിച്ച് രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍വന്ന നാള്‍മുതല്‍ സംസാരിക്കപ്പെടുന്നതാണ്. 2011 ഫെബ്രുവരിയില്‍ ഭക്ഷ്യസുരക്ഷാനിയമത്തിന്റെ കരടുരൂപം പുറത്തിറക്കി. നീണ്ടുപോകുന്ന ചര്‍ച്ചകളല്ലാതെ ബില്‍ നിയമമാക്കുന്നതിന് ഒരു നീക്കവും നടത്തുന്നില്ല. 80 ശതമാനം ജനങ്ങള്‍ ദരിദ്രരാണെന്നതും അതില്‍ പകുതി ജനങ്ങള്‍ പരമദരിദ്രരാണെന്നതുമാണ് ഇന്ത്യന്‍ യാഥാര്‍ഥ്യം. ഇവരുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയാകണം ലക്ഷ്യം. പക്ഷെ, നിര്‍ദേശിക്കപ്പെട്ട ബില്‍, ജനങ്ങളെ മൂന്നു തട്ടുകളായി തരംതിരിച്ച് ബഹുഭൂരിപക്ഷത്തിനും ഭക്ഷ്യസുരക്ഷ നിരസിക്കുന്നു. ഒഴിവാക്കപ്പെടുന്നവരാണ് ആദ്യത്തെ വിഭാഗം. ശേഷിക്കുന്നവരെ വീണ്ടും രണ്ടായി തിരിക്കുന്നു: മുന്‍ഗണനാ വിഭാഗവും പൊതുവിഭാഗവും.  മുന്‍ഗണനാവിഭാഗ കുടുംബങ്ങളിലാണ് കിലോഗ്രാമിന് 3 രൂപ നിരക്കില്‍ പ്രതിമാസം 35 കിലോ അരിക്ക് അര്‍ഹതയുണ്ടാകുക. പൊതുവിഭാഗം കുടുംബങ്ങള്‍ താങ്ങുവിലയുടെ അമ്പതുശതമാനം വില നല്‍കണം. താങ്ങുവില ഉയര്‍ത്തുമ്പോള്‍, വിലയും കൂടും. ബിപിഎല്‍- എപിഎല്‍ ഭേദമില്ലാതെ എല്ലാ വിഭാഗം കുടുംബങ്ങള്‍ക്കും കിലോഗ്രാമിന് 2 രൂപ നിരക്കില്‍ അരി വിതരണംചെയ്ത എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതിയില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് കേന്ദ്ര ഭക്ഷ്യസുരക്ഷാ നിയമത്തിലെ നിര്‍ദേശങ്ങള്‍.

പാവങ്ങള്‍ക്ക് സബ്സിഡി നല്‍കാന്‍ വിസമ്മതിക്കുന്ന സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് ഭീമമായ ആനുകൂല്യങ്ങളാണ് വച്ചുനീട്ടുന്നത്. കേന്ദ്ര സാമ്പത്തിക സര്‍വേ പ്രകാരം 2010-11ല്‍ ഭക്ഷ്യ സബ്സിഡി ഇനത്തില്‍ ചെലവായത് 62929 കോടി രൂപയാണ്. അക്കൊല്ലം കോര്‍പറേറ്റുകള്‍ക്ക് മാത്രമായി നല്‍കിയത് 88263 കോടി രൂപയുടെ ആനുകൂല്യങ്ങളാണ്. ആകെ നല്‍കപ്പെട്ട പ്രത്യക്ഷ നികുതി ഇളവാകട്ടെ 1,38,921 കോടി രൂപയും.
വ്യവസ്ഥിതിയുടെ ഉല്‍പ്പന്നമാണ് വിലക്കയറ്റം. ഉല്‍പ്പാദനവും വിതരണവും കൈയാളുന്നവര്‍ വില നിശ്ചയിക്കും. ഉല്‍പ്പാദനവും വിതരണവും സര്‍ക്കാര്‍ കൈയാളുന്ന വ്യവസ്ഥയില്‍, വില നിയന്ത്രണാധികാരം സര്‍ക്കാരിനായിരിക്കും. സ്വകാര്യ വിപണിയാണ് കൈയാളുന്നതെങ്കില്‍, മുതലാളികള്‍ വില നിയന്ത്രിക്കും. സബ്സിഡികള്‍ വെട്ടിച്ചുരുക്കിയും നിയന്ത്രണങ്ങള്‍ ഒഴിവാക്കിയും വില നിര്‍ണയാവകാശം സ്വകാര്യമേഖലയ്ക്ക് കൈമാറിയും ഊഹവ്യാപാരത്തെ പ്രോത്സാഹിപ്പിച്ചും സ്വതന്ത്ര കമ്പോളവ്യവസ്ഥ സ്ഥാപിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. ഈ നടപടികളാണ് വിലക്കയറ്റം സൃഷ്ടിക്കുന്നതും രൂക്ഷമാക്കുന്നതും. സര്‍ക്കാര്‍ ഇടപെടല്‍ ശക്തിപ്പെടുത്തുകയാണ് വിലനിയന്ത്രണത്തിനുള്ള വഴി.

അവസാനം പരിഷ്കരിച്ചത് : 4/23/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate