অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ശിശു ആരോഗ്യ സംരക്ഷണം.

ശിശു ആരോഗ്യ സംരക്ഷണം.

നവജാത ശിശുവിന്റെ ചര്‍മ്മം വളരെ മൃദുലമായതിനാല്‍ വീര്യമേറിയ വസ്തുക്കള്‍ പുരട്ടരുത്. പ്രധാനമായും ശ്രദ്ധ വേണ്ടത് കുളിപ്പിക്കുമ്പോഴാണ്. പണ്ടുതൊട്ടേ നമ്മുടെയിടയില്‍ പ്രചാരത്തിലുള്ള എണ്ണതേയ്പ്പിക്കുന്ന രീതി വളരെ ഉത്തമമാണ്. പലപ്പോഴും അമ്മമാര്‍ക്കുള്ള സംശയം ബേബി ഓയില്‍ ഉപയോഗിക്കണോ അല്ലെങ്കില്‍ ഏതെങ്കിലം പ്രത്യേകതരം എണ്ണവേണോയെന്നാണ്. എല്ലാത്തരം എണ്ണയും ഒരു പോലെ ഫലപ്രദമാണ്. രണ്ടാമത് ശ്രദ്ധിക്കേണ്ട കാര്യം സോപ്പിന്റെ ഉപയോഗമാണ്. നമ്മുടെ ത്വക്കിന് പൊതുവേ ചെറിയ അമ്ലഗുണമാണുള്ളത് (Acidic pH). ഈ അമ്ലാംശം രോഗാണുക്കളെ ചെറുക്കാന്‍ വേണ്ടി ശരീരം നിര്‍മ്മിച്ചിട്ടുള്ള പടച്ചട്ടയാണ്. പക്ഷേ നമ്മള്‍ കുഞ്ഞുങ്ങള്‍ക്ക് നല്ലതെന്ന് കരുതുന്ന പല സോപ്പുകളും ക്ഷാരാംശമുള്ളവ ആയതുകൊണ്ട് ത്വക്കിലെ അമ്ലഗുണത്തെ ഇല്ലായ്മ ചെയ്യുകയും തദ്വാര രോഗാണുക്കള്‍ ചര്‍മ്മത്തില്‍ ഇരിപ്പുറപ്പിക്കുകയും ചെയ്യും. ഇതു കൂടാതെ പല ബേബി സോപ്പുകളും ത്വക്കിലെ സ്വാഭാവികമായ എണ്ണയെ കഴുകികളയും. ഇത്തരം എണ്ണ അണുനാശകമായ ഘടകങ്ങള്‍ (Antibacterial, Antifungal) അടങ്ങിയതാണ്. സ്വാഭാവിക എണ്ണമയം നഷ്ടമാകും എന്നു മാത്രമല്ല തൊലി വരണ്ടതാകുകയും ചെയ്യും.
അറ്റോപ്പിക് ഡര്‍മ്മറ്റൈറ്റിസ് (Atopic Dermatitis) എന്ന അലര്‍ജി രോഗമുണ്ടാകാന്‍ സാധ്യതയുള്ളവരില്‍ ത്വക്കിന്റെ വരള്‍ച്ച കൂടുതല്‍ ദോഷകരമാണ്. അതുകൊണ്ട് കഴിവതും സാമാന്യേന (Neutral) അല്ലെങ്കില്‍ മിതമായി അസിഡിക് അംശം ഉള്ളതും ഗ്ലിസറിന്‍, മോയ്‌സ്ചറൈസിംഗ് ക്രീം (Moisturising cream) തുടങ്ങിയവ അടങ്ങിയതുമായ സോപ്പുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഇനി ഇപ്രകാരമുള്ള സോപ്പാണ് ഉപയോഗിക്കുന്നതെങ്കില്‍ പോലും എന്നും ശരീരം മുഴുവനും സോപ്പ് തേച്ച് കുളിപ്പിക്കണമെന്നു നിര്‍ബന്ധമില്ല. കുഞ്ഞുങ്ങള്‍ ഇഴഞ്ഞു തുടങ്ങുന്ന പ്രായമാകുംവരെ അവരുടെ ത്വക്കില്‍ അധികം അഴുക്കുപുരളാന്‍ ഇടയില്ല. അതുകൊണ്ട് ശരീരം മുഴുവന്‍ സോപ്പ് തേച്ച് കുളിപ്പിക്കുന്നത് ഒന്നിടവിട്ട ദിവസങ്ങളില്‍ മതി. കഴുത്തും കക്ഷവും തുടയിടുക്കും എല്ലാ ദിവസവും സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കാം. ഇപ്രകാരം ചെയ്യുകയാണെങ്കില്‍ നേരത്തെ സൂചിപ്പിച്ച ത്വക്കിന്റെ സ്വാഭാവിക എണ്ണമയം നഷ്ടമാകുന്നത് ഒരു പരിധി വരെ നമുക്ക് തടയാന്‍ കഴിയും.
കുഞ്ഞുങ്ങളെ കുളിപ്പിക്കാന്‍ ഇളം ചൂടുവെള്ളമാകാം. കുളി കഴിഞ്ഞതിനുശേഷം ശരീരത്തിലെ ഇടുക്കുകളില്‍ നിന്ന് പ്രത്യേക ശ്രദ്ധ നല്‍കി വേണം വെള്ളം ഒപ്പിയെടുക്കാന്‍. അല്ലെങ്കില്‍ ക്രമേണ പൂപ്പല്‍ബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വെള്ളം ഒപ്പിയെടുത്തതിനുശേഷം ശരീരം മുഴുവനും ഏതെങ്കിലും മോയിസ്ചറൈസിംങ് ക്രീം പുരട്ടുന്നത് തൊലിയുടെ സ്‌നിഗ്ദ്ധത നിലനിര്‍ത്താന്‍ സഹായിക്കും. നവജാതശിശുക്കളില്‍ കഴുത്തിന്റെ മടക്കിനിടയില്‍ പൂപ്പല്‍ബാധയുണ്ടാകാനുളള ഒരു കാരണം കവിട്ടുന്ന പാല്‍ കഴുത്തില്‍ പുരളുന്നതും വായു സഞ്ചാരമേല്‍ക്കാത്തതുമാണ്. അതുകൊണ്ട് ഇടയ്ക്കിടയ്ക്ക് കഴുത്തിന്റെ മടക്ക് വിടര്‍ത്തി ഈര്‍പ്പം ഒപ്പിയെടുക്കുകയും വായുസഞ്ചാരമേല്‍പ്പിക്കുകയും ചെയ്യേണ്ടതാണ്. വൃത്തിയാക്കുമ്പോള്‍ അധികം മര്‍ദ്ദം നല്‍കി തുടയ്ക്കരുത്.
നവജാതശിശുക്കള്‍ മലമൂത്രവിസര്‍ജ്ജനം നടത്തുമ്പോള്‍ അപ്പപ്പോള്‍ തന്നെ നനഞ്ഞ തുണി മാറ്റേണ്ടതാണ്. സോപ്പ് ഉപയോഗിച്ച് കഴുകേണ്ടതില്ല. ശുദ്ധമായ വെള്ളം ഒഴിച്ച് കഴുകുകയും അതിനുശേഷം മൃദുവായ കോട്ടണ്‍ തുണി ഉപയോഗിച്ച് ഈര്‍പ്പം ഒപ്പിഎടുക്കുകയും ചെയ്യേണ്ടതാണ്. ഒരിക്കലും മലദ്വാരത്തില്‍ വീഴുന്ന വെള്ളമോ അവിടെ തുടയ്ക്കുന്ന തുണിയോ മൂത്രനാളിയുമായി സമ്പര്‍ക്കത്തില്‍ വരരുത് എന്നതാണ്. അല്ലാത്തപക്ഷം ഇതു കാരണം മൂത്രാശയത്തില്‍ അണുബാധ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ഡയപ്പര്‍ ഉപയോഗം
ഡയപ്പര്‍ ഉപയോഗം കഴിവതും കുറയ്ക്കാന്‍ ശ്രമിക്കണം. യാത്ര പോകുമ്പോഴോ ഏതെങ്കിലും ചടങ്ങുകള്‍ക്ക് പോകുമ്പോഴോ അത് അത്യാവശ്യമായി വന്നേയ്ക്കാം. ഡയപ്പര്‍ ധരിച്ചശേഷം പിന്നെ വളരെയധികം സമയം അത് കെട്ടിവച്ചിരിക്കുന്നത് നല്ലതല്ല. രണ്ട് മണിക്കൂര്‍ കൂടുമ്പോഴെങ്കിലും അഴിച്ചു നോക്കിയശേഷം, കുഞ്ഞ് മൂത്രമൊഴിച്ചിട്ടുണ്ടെങ്കില്‍ മാറ്റേണ്ടതാണ്. മലവിസര്‍ജ്ജനം ചെയ്താല്‍ ഉടനെ തന്നെ ഡയപ്പര്‍ മാറ്റണം. കുഞ്ഞിന് പാകമായ (അധികം ഇറുകിയതോ അയഞ്ഞതോ അല്ലാത്ത) ഡയപ്പര്‍ തന്നെ തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അമിതമായ ഡയപ്പര്‍ ഉപയോഗം കാരണം ത്വക്കില്‍ ചുവന്നുതടിച്ച കുരുക്കളും ചൊറിച്ചിലും ഉണ്ടാകാറുണ്ട്. അതു കൂടാതെ സ്ഥിരമായി ഡയപ്പര്‍ ധരിക്കുന്നതു കാരണം പൂപ്പല്‍ ബാധയുണ്ടാകാനും സാധ്യതയേറെയാണ്. ഡയപ്പര്‍ ഉപയോഗം കഴിഞ്ഞാല്‍ കുറച്ച് സമയത്തേക്ക് ആ ഭാഗത്ത് കാറ്റ് കൊള്ളിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
വസ്ത്രങ്ങള്‍
മൃദുവായതും കട്ടികുറഞ്ഞതും ഇളം നിറമുള്ളതുമായ (വെളുത്തതായാല്‍ എറ്റവും നല്ലത്) കോട്ടണ്‍ ഉടുപ്പുകളാണ് കുഞ്ഞിന്റെ ആരോഗ്യത്തിന് നല്ലത്. പോളിസ്റ്ററും കമ്പിളി ഉടുപ്പുകളും ഒഴിവാക്കേണ്ടതാണ്. പ്രത്യേകിച്ച് അലര്‍ജി ഉണ്ടാകാന്‍ സാധ്യതയുള്ള കുട്ടികള്‍ക്ക്, കമ്പിളി ഉടുപ്പുകള്‍ ഹാനികരമാണ്. കുട്ടിയുടുപ്പുകള്‍ വാങ്ങി നന്നായി കഴുകി ഉണക്കിയതിനുശേഷം മാത്രം ഉപയോഗിക്കുക. കുഞ്ഞിന്റെ വസ്ത്രങ്ങള്‍ കഴുകാന്‍ അണുനാശിനികള്‍ ഉപയോഗിക്കുന്ന പതിവുണ്ട്. പൊതുവേ അതിന്റെ ആവശ്യമില്ല. അണുനാശിനി ഉപയോഗിക്കുന്നുണ്ടെങ്കില്‍ കഴുകിയ വസ്ത്രങ്ങള്‍ വീണ്ടും ധാരാളം ശുദ്ധജലത്തില്‍ ഉലച്ച് കഴുകി അണുനാശിനിയുടെ അംശം ഒട്ടും അവശേഷിക്കുന്നില്ലായെന്നു ഉറപ്പുവരുത്തണം. വസ്ത്രങ്ങള്‍ വെയിലത്തിട്ടുണക്കുന്നതിനുപുറമേ ഇസ്തിരി കൂടിയിട്ടു ഉപയോഗിക്കുന്നതാണ് ഉത്തമം. നവജാത ശിശുക്കളെ എപ്പോഴും തുണി കൊണ്ട്, തല ഉള്‍പ്പടെ നന്നായി പൊതിഞ്ഞു വയ്ക്കണം. അല്ലെങ്കില്‍ ശരീരതാപം പെട്ടെന്ന് താഴ്ന്ന് പോകാന്‍ ഇടയുണ്ട്. കുഞ്ഞിനെ ധരിപ്പിക്കുന്ന വസ്ത്രങ്ങളുടെ കാര്യംപോലെ തന്നെ മൂടാന്‍ ഉപയോഗിക്കുന്ന തുണിയുടെ കാര്യത്തിലും കാര്യമായ ശ്രദ്ധ വേണം.
കൊതുക്
നവജാതശിശുക്കളെ കൊതുകുപോലുള്ള പ്രാണികള്‍ കടിക്കുന്നത് കഴിവതും ഒഴിവാക്കണം. കാരണം അവരുടെ ചര്‍മ്മം ഇത്തരം കടികളോട് രൂക്ഷമായി പ്രതികരിക്കാം. അതുകാരണം ശരീരത്തില്‍ ചുവന്നുതടിച്ച കുരുക്കളോ കുമിളകളോ ഒക്കെ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിനായി കൊതുകുവല ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. മറ്റു മാര്‍ഗ്ഗങ്ങളൊന്നും ഫലിക്കുന്നില്ലെങ്കില്‍ കൊതുകുതിരിയോ റിപ്പല്ലന്റുകളോ ഉപയോഗിച്ച് കൊതുകിനെ തുരത്തിയതിനുശേഷം ആ മുറിയില്‍ കുഞ്ഞിനെ കിടത്താവുന്നതാണ്. കുഞ്ഞ് കിടക്കുന്ന മുറിയില്‍ ഇത്തരം കൊതുകുനാശിനികള്‍ സ്ഥിരമായി ഉപയോഗിക്കരുത്.
താരന്‍
ചില കുഞ്ഞുങ്ങള്‍ക്ക് തലയില്‍ കട്ടിയുള്ള താരന്‍ പോലെയുള്ള പൊറ്റ കാണപ്പെടാറുണ്ട്. അമ്മമാര്‍ പലപ്പോഴും അത് ചീകി മാറ്റാന്‍ ശ്രമിച്ചെന്നു വരാം. ഇതു പാടില്ല. പകരം കുളിപ്പിക്കുന്ന സമയത്ത് തലയില്‍ എണ്ണ തേയ്ക്കുകയും ആവശ്യമെങ്കില്‍ ഇടയ്ക്ക് വീര്യം കുറഞ്ഞ ബേബി ഷാംപൂ നേര്‍പ്പിച്ച് ഉപയോഗിച്ച് കഴുകുകയും ചെയ്യാം. അപ്പോള്‍ ഇളകിവരുന്ന ശല്ക്കങ്ങളെ മാറ്റാമെന്നല്ലാതെ മനപ്പൂര്‍വ്വം അവ നീക്കം ചെയ്യാന്‍ ഒരിക്കലും ശ്രമിക്കരുത്. ഇതോര്‍ത്ത് ഒട്ടും തന്നെ വേവലാതി വേണ്ട. കുറച്ച് കഴിയുമ്പോള്‍ അത് സ്വയമേ ഇല്ലാതായിക്കൊള്ളും.
ഇതോടൊപ്പം പ്രധാനമാണ് കുഞ്ഞിനെ എത്രപേര്‍ പരിചരിക്കുന്നു എന്നത്. കഴിവതും നവജാത ശിശുവിനെ പരിചരിക്കുന്നത് അമ്മയെ കൂടാതെ ഒരാള്‍കൂടി (അമ്മൂമ്മയോ മറ്റോ) മാത്രമാകുന്നതാണ് നല്ലത്. അല്ലെങ്കില്‍ കുഞ്ഞിന് അണുബാധ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കുഞ്ഞിനെ പരിചരിക്കുന്നവര്‍ കൈ നല്ലവണ്ണം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിയതിനുശേഷം കുഞ്ഞിനെ തൊടുന്നതാണ് നല്ലത്. അതുപോലെ നവജാതശിശുക്കളെ സന്ദര്‍ശിക്കുന്നവരെല്ലാം കുഞ്ഞിനെ സ്പര്‍ശിക്കുന്നതും ഒഴിവാക്കേണ്ടതാണ്. എത്രയൊക്കെ പരിചരിച്ചാലും, കുഞ്ഞിന് വേണ്ടത് അനുസ്യുതമായ സ്‌നേഹം തന്നെയാണ്.

ആര്യ ഉണ്ണി

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate