অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വെള്ളം കുടി കൊണ്ടുള്ള ഗുണങ്ങള്‍

വെള്ളം കുടി കൊണ്ടുള്ള ഗുണങ്ങള്‍

ജലം എന്നത് ശരീരത്തിന്റെ ഒരു പ്രധാന ഘടകമാണ്. അതുപോലെതന്നെ ശരീരത്തിലെ അവയവങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് വെള്ളം. മനുഷ്യ ശരീരം ഭാരം 2/3 വെള്ളം കൊണ്ടുള്ളതാണ്. രക്തം, പേശികള്‍, മസ്തിഷ്‌ക ദ്രവ്യങ്ങള്‍, എല്ലുകള്‍ എന്നിവയില്‍ യഥാക്രമം 83%, 75%, 74%, 22% ജലം അടങ്ങിയിരിക്കുന്നു. ഭൂമിയിലെ ഏറ്റവും സമ്പന്നമായ സംയുക്തമാണ് വെള്ളം.

എല്ലാ ജീവജാലങ്ങളും, ഒന്നോ അതിലധികമോ രൂപത്തില്‍, ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം ആവശ്യമുണ്ട്. അത് നമ്മുടെ ശരീരത്തിലെ ഒരു സുപ്രധാന പങ്കാണ് വഹിക്കുന്നത്. സുതാര്യമായ, നിറമുള്ള ദ്രാവകമായ വെള്ളം എല്ലാ വിധത്തിലും ഒരു ഓള്‍റൗണ്ടറാണ്.

നിര്‍ജലീകരണം (Dehydration) എന്ന അവസ്ഥ സാധാരണ ശരീരത്തിലെ ജലാംശം കുറയുേമ്പാഴാണ് ഉണ്ടാകുന്നത്. വേനല്‍ക്കാലത്ത് മാത്രമല്ല നിര്‍ജലീകരണം ഉണ്ടാകുക, ശൈത്യകാലത്തും ശരീരത്തിന് സമാനമായ വെള്ളം ആവശ്യമാണ്. നിര്‍ജലീകരണം മൂലം ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബുദ്ധിമുട്ടുണ്ടാകും എന്നതിനാല്‍ ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരത്തിലെ ആവശ്യമുള്ള ജലാംശം നിലനിര്‍ത്തേണ്ടതുണ്ട്. ദിവസവും കുറഞ്ഞത് 68 ഗ്ലാസ് വെള്ളമെങ്കിലും ശരാശരി ആരോഗ്യമുള്ള ഒരാള്‍ കുടിക്കണം എന്നാണ്. നമ്മുടെ ചുറ്റുമുള്ള കാലാവസ്ഥ അനുസരിച്ചും നിങ്ങളുടെ രോഗാവസ്ഥകള്‍ അനുസരിച്ചും ഈ അളവിനു മാറ്റങ്ങള്‍ ഉണ്ടാവും.

ജലാംശവും ആരോഗ്യവും

ശരീരത്തില്‍ വെള്ളത്തിന്റെ അംശം കുറയുന്നത് മലബന്ധം വരുന്നതിന്റെ ഒരു പ്രധാന കാരണമാണ്. ശരീരം ദഹനവ്യവസ്ഥയ്ക്ക് ആവശ്യമായ ജലം ലഭ്യമായ എല്ലാ ഉറവിടങ്ങളില്‍ നിന്നും വലിച്ചെടുക്കുന്നു. അതിനാല്‍ ശരീരത്തില്‍ ജലാംശം കുറയുമ്പോള്‍ മലബന്ധം, കടും മഞ്ഞനിറത്തിലുള്ള മൂത്രം എന്നിവ ഉണ്ടാക്കും. നീണ്ട നിര്‍ജലീകരണം മൂത്രത്തില്‍ ലവണങ്ങളുടെയും ധാതുക്കളുടെയും അംശം കൂട്ടുകയും, അവ പിന്നെ സ്ഫടികോപമമായി മാറാനുള്ള സാഹചര്യം വര്‍ധിക്കുകയും അതുവഴി വൃക്കയില്‍ കല്ലുണ്ടാക്കുകയും ചെയ്യുന്നു. എന്നിരുന്നാലും ഗുരുതരമായ വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍, സ്വയംചികിത്സ ചെയ്യാതെ നിങ്ങളുടെ പ്രാഥമികാരോഗ്യ ഡോക്ടര്‍മാരുമായി ഇക്കാര്യത്തിനായി സമീപിക്കുക.

നിര്‍ജലീകരണം ക്ഷണിച്ചുവരുത്തുന്ന മറ്റുചില ആരോഗ്യപ്രശ്‌നങ്ങളാണ് ക്ഷീണം, മൂഡ് സ്വിങ്, തലവേദന, ശ്രദ്ധക്കുറവ്, ഹ്രസ്വകാല ഓര്‍മ, ഉത്കണ്ഠ. വ്യായാമ സമയങ്ങളില്‍ ശരീരത്തിന്റെ ഊര്‍ജം വര്‍ധിപ്പിക്കുന്നതിനും ജലത്തിന്റെ അളവ് വളരെ പ്രധാനമാണ്.

വെള്ളം കുടിക്കുന്നതു കൊണ്ടുണ്ടാകുന്ന നേട്ടങ്ങള്‍:

1. വാതരോഗം നിയന്ത്രിക്കുന്നതിന്:

സന്ധികള്‍ തമ്മിലുള്ള ഘര്‍ഷണം സാധാരണമാണ്. ആവശ്യമായ ജലത്തിന്റെ അളവ് ഉപയോഗിച്ച് സന്ധികളുടെ സംയുക്തരൂപം നിലനിര്‍ത്താന്‍ കഴിയും. കൂടാതെ, അസ്ഥികളുടെ തേയ്മാനം കുറയ്ക്കുന്നതിന് വെള്ളം സഹായിക്കുന്നു. ജല ഉപഭോഗത്തിലെ കുറവ്, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് പോലെയുള്ള, ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. എല്ലുകളുടെ ശക്തി വര്‍ധിപ്പിക്കുന്നതിന് വെള്ളം കുടിക്കുന്നത് നല്ലതാണ്. എല്ലുകളില്‍ 22  ശതമാനം അടങ്ങിരിക്കുന്നത് ജലമാണ്.

2. ജൈവിക വിഷം ശരീരത്തില്‍ നിന്ന് നിര്‍മാര്‍ജനം ചെയ്യാന്‍

ശരീരഭാഗങ്ങളില്‍ ഓക്‌സിജന്‍, പോഷകഘടകങ്ങള്‍, ഹോര്‍മോണുകള്‍ എന്നിവ എത്തിക്കാന്‍ മാത്രമല്ല, വിഷവസ്തുക്കള്‍, മൃതകോശങ്ങള്‍, മാലിന്യങ്ങള്‍ എന്നിവ നീക്കംചെയ്യുന്നതിനായി ഒരു മാധ്യമവുമാണ് ജലം. ശരീരത്തിന്റെ വിവിധ അടിസ്ഥാനപരമായ പ്രക്രിയകളില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രോട്ടീനുകളുടെയും എന്‍സൈമുകളുടെയും ശരിയായ പ്രവര്‍ത്തനത്തിനായി വെള്ളം ആവശ്യമാണ്. യൂറിയയുടെ രൂപത്തില്‍ വിസര്‍ജനവസ്തുക്കള്‍ ശരീരത്തില്‍ തങ്ങുന്നത് കോശജാലങ്ങള്‍ക്ക് വളരെ ദോഷകരമാണ്. ഇവ ശരീരത്തില്‍ നിന്ന് പുറംതള്ളുന്നതിനു മുന്‍പ് ഇവയെ നേര്‍പ്പിക്കേണ്ടത് (സാന്ദ്രത കുറയ്‌ക്കേണ്ടത്) അത്യാവശ്യമാണ്. ഇതിനും ലായകമായ ജലം ആവശ്യംതന്നെ.

3. ചര്‍മസംരക്ഷണത്തിനു വേണ്ടി

ചര്‍മത്തെ സംരക്ഷിക്കുന്നതിന് വിലകൂടിയ ക്രീമുകളെ ആശ്രയിക്കുന്നതിലും നല്ലത് ശുദ്ധമായ വെള്ളം കുടിക്കുന്നതാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ചര്‍മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുകയും അതുവഴി ചര്‍മത്തിലെ ചുളിവുകളെ ഒരു പരിധിവരെ മാറ്റിനിര്‍ത്താനും കഴിയും.

4. ശരീരഭാരം കുറയ്ക്കാന്‍

ധാരാളം വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഇതെങ്ങനെ എന്നായിരിക്കും നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. ജലത്തിന് നമ്മുടെ ഉപാപചയ നിരക്ക് വര്‍ധിപ്പിക്കാന്‍ കഴിയും എന്നതാണ് ഈ കടങ്കഥയുടെ ഉത്തരം. അമേരിക്കന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്  അര ലിറ്റര്‍ (17 ഔണ്‍സ്) വെള്ളം കുടിക്കുന്നത് ഉപാപചയം 2430 ശതമാനം വരെ 1.5 മണിക്കൂര്‍ സമയത്തേക്ക്  വര്‍ധിപ്പിക്കുമെന്നതാണ്. അതായത്, ദിവസവും രണ്ട് ലിറ്റര്‍ വെള്ളം കുടിക്കുന്നത് മൊത്തം ഊര്‍ജ ചെലവ് ദിവസം 96 കലോറി വര്‍ധിപ്പിക്കും എന്നാണ്.

വെള്ളം എപ്പോള്‍ കുടിക്കണം എന്നതും പ്രാധാന്യമര്‍ഹിക്കുന്നു. ഊണിന് അര മണിക്കൂര്‍ മുന്‍പ് ഒരുഗ്ലാസ് വെള്ളം കുടിക്കുക, ഇത് ഭാരം കുറയ്ക്കാന്‍ മാത്രമല്ല, വിശപ്പിനെ ശമിപ്പിക്കാനും സഹായകമാണ്. ഭക്ഷണം കഴിക്കുന്നതിന് അര മണിക്കൂര്‍ മുന്‍പ് വെള്ളം കുടിക്കുകയാണെങ്കില്‍, നമുക്ക് വയറുനിറഞ്ഞതായി തോന്നിപ്പിക്കുകയും അതിനാല്‍ അധികഭക്ഷണം കഴിക്കുന്നത് തടയാനും കഴിയും.

മറ്റൊരു പഠനത്തില്‍ പറയുന്നത് ഭക്ഷണം കഴിക്കുന്നതിനു മുമ്പ് ഒരു ലിറ്റര്‍ ജലം കുടിച്ചവര്‍ക്ക് 12 ആഴ്ച (30) കാലയളവില്‍ 44% കൂടുതല്‍ ഭാരം നഷ്ടപ്പെട്ടു എന്നതാണ്.

വെള്ളം ഒരു അത്ഭുതവസ്തുവാണ്. പ്രകൃതി പല ആരോഗ്യ ആനുകൂല്യങ്ങളും ജലത്തിന് നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, ദൈനംദിന പതിവിലേക്ക് എട്ടു ഗ്ലാസ് വെള്ളമെങ്കിലും ചേര്‍ക്കുന്നത് ശീലമാക്കൂ. ഊണുസമയത്ത് അധികം കഴിക്കാതെ, ഉള്ളിലെത്തുന്ന ആഹാരത്തെ സ്വീകരിക്കാന്‍ വയറിനെ സജ്ജമാക്കുകയും ചെയ്യും. ദിവസത്തിന്റെ രണ്ടാം പകുതിയില്‍ (ഉച്ചയ്ക്കു ശേഷം) വെള്ളം കുടിക്കുന്നതിനെക്കാളും ഉത്തമം ആദ്യ പകുതിയില്‍ കുടിക്കുന്നതാണ്. ഇത് രാത്രിയില്‍ മൂത്രശങ്ക ഒഴിവാക്കി ഉറക്കം സുഗമമാക്കാനും സഹായിക്കും.

കടപ്പാട്:മാതൃഭൂമി

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate