অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വായില്‍ പൂപ്പല്‍

വായില്‍ പൂപ്പല്‍

ശിശുക്കളിലും നീണ്ടകാലം രോഗഗ്രസ്തരായവരിലും സാധാരണ കാണുന്ന ഒരു രോഗമാണ് ത്രഷ് അഥവാ വായില്‍ പൂപ്പല്‍. ഇതു വെളുത്ത പാട പോലുള്ള ഒരു ആവരണം കുഞ്ഞുങ്ങളുടെയും മുതിര്‍ന്നവരുടെയും വായില്‍ ഉണ്ടാക്കുന്നു. നാവിലും മോണയിലും കവിളിന്റെ ഉള്‍ഭാഗത്തും ചിലപ്പോള്‍ നാവിന്റെ പിന്‍ഭാഗം മുഴുവനും വളരെ കട്ടിയുള്ള വിധത്തില്‍ ഇതു കാണാറുണ്ട്. കൂടുതലും കുപ്പിപാല്‍ കുടിക്കുന്ന ശിശുക്കളിലാണ് ഇതു വരുന്നത്.

പൂപ്പല്‍ ഉണ്ടാക്കുന്നത് കാന്‍ഡിഡ എന്ന വിഭാഗത്തില്‍പെട്ട ഫംഗസുകളാണ്. ഇതു സാധാരണഗതിയില്‍ തന്നെ വായില്‍ ഉള്ളതാണ്. ശരീരത്തിലെ പ്രതിരോധശക്തി കുറയുമ്പോഴും നിപ്പിള്‍ ഉപയോഗിച്ചു കുപ്പിപാല്‍ കുടിക്കുമ്പോഴും മാത്രമാണ് ഇതു ശിശുക്കളില്‍ സര്‍വസാധാരണമായി കണ്ടുവരുന്നത്. നവജാതശിശുക്കളില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഇതു വളരെ കൂടുതലാണ്.

കാരണങ്ങളേറെ

വായില്‍ പൂപ്പലിനു നിരവധി കാരണങ്ങള്‍ ഉണ്ട്. നിരന്തരം കുപ്പിപാല്‍ കുടിക്കുന്നതിലൂടെ രോഗപ്രതിരോധത്തിലുണ്ടാവുന്ന കുറവാണ് ഇതിനു കാരണം. മുലപ്പാലിലൂടെ ലഭിക്കുന്ന രോഗപ്രതിരോധത്തിനുള്ള ആന്റിബോഡികളും രോഗപ്രതിരോധശക്തിയുള്ള കോശങ്ങളും കിട്ടാത്തതിനാലാണ് എളുപ്പത്തില്‍ ത്രഷ് ഉണ്ടാവുന്നത്. കുപ്പിയുടെയും നിപ്പിളിന്റെയും ശുചിത്വക്കുറവും നിരന്തരം നിപ്പിള്‍ വലിച്ചാല്‍ വായിലെ കോശങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങളും പ്രധാനമാണ്. നവജാത ശിശുക്കളെ പരിപാലിക്കുന്ന നഴ്സറികളില്‍ കുപ്പിപാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക് എല്ലാവര്‍ക്കും ത്രഷ് വരുന്നതായി കണ്ടുവരാറുണ്ട്. ചില കുഞ്ഞുങ്ങള്‍ക്കു ത്രഷ് ഉള്ളപ്പോള്‍ അവരുടെ അമ്മമാരുടെ സ്തനഞെട്ടിലും ത്രഷ് ഉണ്ടാവും.

ആന്റിബയോട്ടിക്കുകളുടെ ഉപയോഗം മൂലം ശരീരത്തില്‍ സാധാരണ കാണുന്ന രോഗപ്രതിരോധത്തിനുള്ള അണുക്കളില്‍ കുറവുവരികയും ത്രഷ് ഉണ്ടാക്കുന്ന കാന്‍ഡിഡ ആല്‍ബിക്കന്‍സ് അവയുടെ സ്ഥാനം ഏറ്റെടുക്കുകയും ചെയ്യുന്നു.

നീണ്ടകാലത്തെ കോര്‍ട്ടിക്കോസ്റ്റീറോയ്ഡ് ഉപയോഗം ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തില്‍ കുറവു വരുത്തും. അത് വളരെ വേഗം ത്രഷ് വരുന്നതിനും കാരണമാണ്. അതോടൊപ്പം ഈ ഫംഗസിന്റെ അമിത വളര്‍ച്ചയ്ക്കും ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് ഇവ വ്യാപിക്കുന്നതിനും കാരണമാകുന്നു.

ജനിതക രോഗങ്ങളോടൊപ്പം സ്വതവേ രോഗപ്രതിരോധശക്തി നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ തിരിച്ചറിയുന്നതുതന്നെ കൂടെക്കൂടെ ത്രഷ് ഉണ്ടാകുമ്പോഴാണ്. അതോടൊപ്പം തന്നെ അവര്‍ക്ക് നിരന്തരമായി അണുബാധ വന്നുകൊണ്ടിരിക്കുകയും ചെയ്യും.

വായിലുണ്ടാകുന്നതുപോലെ ത്രഷ് ചില പെണ്‍കുട്ടികളില്‍ യോനിയിലും ഉണ്ടാകുന്നു. ഈ ഫംഗസ് ശരീത്തിലെ ഈര്‍പ്പം കൂടുതലുള്ള ഭാഗങ്ങളില്‍ എത്തിപെടുകയും വളരെ വേഗം അവിടെ വളരുകയും ശക്തിപ്രാപിക്കുകയും ചെയ്യും. അതുകൊണ്ടാണു കഴുത്തിലും കഷത്തിലും കാലിന്റെ ഇടുപ്പിലും മലദ്വാരത്തിനു ചുറ്റും ഇവ കൂടുതലായി കാണുന്നത്.

എയ്ഡ്സും പ്രമേഹവും

എയ്ഡ്സ്- എച്ച്ഐവി രോഗികളില്‍ കാണുന്ന പൂപ്പല്‍ ഈ രോഗത്തിന്റെ ഒരു സൂചനയാണ്. ഇവരുടെ രോഗപ്രതിരോധം പാടേ തകര്‍ന്നിരിക്കുകയാണ്. ഇവരിലും രോഗാണുക്കളായ കാന്‍ഡിഡ അമിതമായി ശരീരം മുഴുവന്‍ വ്യാപിക്കുന്നു. മെനിഞ്ജൈറ്റിസ്, ന്യൂമോണിയ, സെപ്റ്റീസിമിയ എന്നീ മാരകരോഗങ്ങളും ഉണ്ടാക്കുന്നു.

പ്രമേഹരോഗികളിലും ക്ഷയരോഗികളിലും കാന്‍ഡിഡ ഉണ്ടാക്കുന്ന രോഗലക്ഷണങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ വളരെ ഗുരുതരമാകാം.

വൃക്കരോഗങ്ങള്‍ ഉള്‍പ്പെടെ ശാരീരികമായി അവശതയുണ്ടാക്കുന്ന എല്ലാ ക്രോണിക് രോഗാവസ്ഥകളിലും ത്രഷ് വരാം.

പൂപ്പലിന് ചികിത്സ

ബാഹ്യമായി നോക്കുമ്പോള്‍ വളരെ ചെറിയ രോഗമായേ ഇതു മിക്കവരിലും ഉണ്ടാവുന്നുള്ളൂ.ചില ലേപനങ്ങള്‍ മാത്രം തേച്ച് ഇതു സുഖപ്പെടുത്താം. എന്നാല്‍ നവജാതശിശുക്കളിലും ചെറിയ കുഞ്ഞുങ്ങളിലും അവരുടെ പാലുകുടിക്കലിനെത്തന്നെ ഇതു പ്രതികൂലമായി ബാധിക്കുന്നു. ഒട്ടും പാലിറക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ എത്തുന്നു. ഇതു ചെറിയ കുഞ്ഞുങ്ങളില്‍ ശക്തമായ വേദനയും ഉണ്ടാക്കും.

ആധുനിക ചികിത്സാരീതികളുടെ കടന്നുവരവ് വിദേശരാജ്യങ്ങളിലെപ്പോലെ നമ്മുടെ രാജ്യത്തും ഫംഗസ് രോഗങ്ങളുടെ വര്‍ധനയ്ക്ക് ഒരു പരിധിവരെ കാരണമായിട്ടുണ്ട്. പ്രായമേറിയവരും ശിശുക്കളും നീണ്ട ചികിത്സ ചെയ്യുമ്പോള്‍ ഫംഗസ് അണുബാധ ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതല്‍ നിര്‍ബന്ധമായും എടുക്കണം.

ത്രഷ് മാത്രമുള്ളവരില്‍ ആന്റിഫംഗല്‍ ലേപനമായ കോര്‍ട്രിമസോള്‍ ദിവസവും പലതവണ വായില്‍ പുരട്ടണം. കുട്ടികള്‍ക്കും ഇതു പുരട്ടാവുന്നതാണ്. മുലയൂട്ടുന്ന അമ്മമാരാണെങ്കില്‍ ഈ ലേപനം സ്തനഞെട്ടിലും പുരട്ടണം. എങ്കിലേ ഇതിനെ പൂര്‍ണമായും നിവാരണം ചെയ്യാന്‍ കഴിയൂ. വളരെ ഗുരുതരമായി രോഗം ബാധിച്ചവരില്‍ രോഗനിര്‍ണയത്തിനു ശേഷം ഫംഗസിനെതിരെ ഉപയോഗിക്കുന്ന ഫലപ്രദമായ മരുന്നുകള്‍ ഇന്നു ലഭ്യമാണ്.

മാതാപിതാക്കള്‍ അറിയാന്‍

. നവജാതശിശുക്കളെ മുലപ്പാല്‍ മാത്രം കൊടുത്തു വളര്‍ത്തുക. മുലപ്പാല്‍ ഇല്ലാത്ത അവസ്ഥയില്‍ കുപ്പിയില്‍ പാല്‍ നല്‍കുന്നതിനു പകരം സ്പൂണ്‍ ഉപയോഗിച്ചു മാത്രം പാല്‍ കൊടുക്കുക.

. ഡയപ്പര്‍ ഉപയോഗിക്കുന്ന ശീലം കഴിയുന്നതും ഒഴിവാക്കുക. മലവും മൂത്രവും ഡയപ്പറില്‍ കിടന്നാല്‍ അതുണ്ടാക്കുന്ന രോഗലക്ഷണങ്ങളില്‍ ഒന്നു ഫംഗസ് ബാധയാണ്.

. അവശതയിലുള്ള രോഗികളുടെ പരിചരണം കാര്യക്ഷമമാക്കുന്നതോടൊപ്പം ഫംഗസ് ബാധ തടയുന്നതിനുള്ള ബാരിയര്‍ നഴ്സിങ് (രോഗീകേന്ദ്രീകൃതമായ പരിചരണം) കൃത്യമായി പാലിക്കുക.

. ജന്മനാല്‍ രോഗപ്രതിരോധ ശക്തി ഇല്ലാത്തവരിലും എച്ച് ഐ വി, എയ്ഡ്സ്, ക്ഷയം മുതലായ രോഗങ്ങള്‍ ഉള്ളവരിലും ഫംഗസ് ബാധ തടയാനുള്ള മാര്‍ഗങ്ങള്‍ നടപ്പാക്കുക.

. ഏറ്റവും ലളിതമായ ചികിത്സാരീതിയിലൂടെ വായിലെ ത്രഷ് കളയുന്നതോടൊപ്പം അതേ മരുന്ന് മുലയൂട്ടുന്ന അമ്മമാരുടെ സ്തനഞെട്ടിലും പുരട്ടണം.

ഫംഗസ് പരിശോധിച്ചറിയാം

കാന്‍ഡിഡ ഫംഗസിനെ കണ്ടെത്തുന്നതിനായി പൂപ്പലിന്റെ ഒരു ഭാഗം എടുത്തു ലബോറട്ടറിയില്‍ പരിശോധനയ്ക്കു വിധേയമാക്കണം. അതില്‍ നിന്നാണ് ഏതു തരത്തിലുള്ള ഫംഗസാണെന്നു തിരിച്ചറിയുന്നത്. ശരീരം മുഴുവന്‍ ഫംഗസ് വ്യാപിച്ച അവസ്ഥയില്‍ രക്തപരിശോധനയും സ്രവപരിശോധനയും സെറിബ്രോ സ്പൈനല്‍ ഫ്ളൂയിഡ് പരിശോധനയും അവയുടെ കള്‍ചറും ആവശ്യമായേക്കാം.

ഡോ സി കെ ശശിധരന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ശിശുരോഗവിഭാഗം മുന്‍ തലവന്‍.പീഡിയാട്രിക് സീനിയര്‍ കണ്‍സല്‍ട്ടന്റ്, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, കോഴിക്കോട്.

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate