অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

റെസ്റ്റ്‌ലെസ് ലെഗ്‌സ് സില്‍ഡ്രോം

റെസ്റ്റ്‌ലെസ് ലെഗ്‌സ് സില്‍ഡ്രോം

സാധാരണയായി കാലുകള്‍ അനക്കാതെ വയ്ക്കുന്ന അവസരങ്ങളിലാണ് ആര്‍.എല്‍.എസ് കൂടുതലായും ഉണ്ടാകുന്നത്. ഏറെ നേരം ഇരിക്കുന്ന സാഹചര്യങ്ങളിലോ അല്ലെങ്കില്‍ കിടക്കുമ്പോഴോ ആര്‍.എല്‍.എസ് അനുഭവപ്പെടാം.

അല്‍പസമയം കാലുകള്‍ ചലിപ്പിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയെക്കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ. കുറച്ച് നേരമാണെങ്കിലും അസ്വസ്ഥത അനുഭവപ്പെടില്ലേ? ദീര്‍ഘനേരം ഇരിക്കുകയോ കിടക്കുകയോ ചെയ്യുമ്പോള്‍ കാലുകള്‍ ചലിപ്പിക്കണമെന്ന് തോന്നുമെങ്കിലും കാലുകള്‍ അനക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന അവസ്ഥയാണ് റെസ്റ്റ്‌ലെസ് ലെഗ്‌സ് സിന്‍ഡ്രോം (ആര്‍എല്‍എസ്). ഇത് കൂടുതലും ചലനത്തെയാണ് ബാധിക്കുക. അതുകൊണ്ട് തന്നെ ഇതൊരു മൂവ്‌മെന്റ് ഡിസോഡറായി കണക്കാക്കപ്പെടുന്നു.

സാധാരണയായി കാലുകള്‍ അനക്കാതെ വയ്ക്കുന്ന അവസരങ്ങളിലാണ് ആര്‍.എല്‍.എസ് കൂടുതലായും ഉണ്ടാകുന്നത്. ഏറെ നേരം ഇരിക്കുന്ന സാഹചര്യങ്ങളിലോ അല്ലെങ്കില്‍ കിടക്കുമ്പോഴോ ആര്‍.എല്‍.എസ് അനുഭവപ്പെടാം. എന്നാല്‍ കാലുകള്‍ ചലിപ്പിച്ച് തുടങ്ങുമ്പോള്‍ ആര്‍എല്‍എസിന്റെ ബുദ്ധിമുട്ടുകള്‍ ഇല്ലാതാകും.

സാധാരണയായി വൈകുന്നേരങ്ങളിലും രാത്രി സമയങ്ങളിലുമാണ് ആര്‍എല്‍എസിന്റെ ലക്ഷണങ്ങള്‍ കൂടുതലായി അനുഭവപ്പെടുന്നത്. പകല്‍ സമയങ്ങളില്‍ ആര്‍എല്‍എസ് ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്.

രാത്രിയില്‍ ഉറക്കത്തിനിടയില്‍ കാലുകള്‍ ചലിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയെ പി.എല്‍.എം.എസ് (പീരിയോഡിക്കല്‍ ലെഗ് മൂവ്‌മെന്റ് സിന്‍ഡ്രോം)എന്നു പറയുന്നു.

ലക്ഷണങ്ങള്‍


1. കാലുകള്‍ക്ക് വേദന
2. പുകച്ചില്‍

3. കുത്തിക്കൊള്ളുന്നത് പോലുള്ള തോന്നല്‍
4. മരവിപ്പ്

5. ചൊറിച്ചില്‍
6. ഉറക്കത്തെ ബാധിക്കുക

കാരണങ്ങള്‍


ആര്‍എല്‍എസ് ഉണ്ടാകാനുള്ള കാരണങ്ങളില്‍ പാരമ്പര്യം ഒരു പ്രധാന ഘടകമാണ്. അതുകൊണ്ട് തന്നെ പാരമ്പര്യമായി രോഗമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. പ്രായമാകുമ്പോള്‍ രൂപപ്പെടുന്ന രോഗമായി ആര്‍എല്‍എസിനെ കണക്കാക്കാനാകില്ല. ചെറുപ്പത്തില്‍ തന്നെ ഈ രോഗം ബാധിക്കുന്നുണ്ട്. പലപ്പോഴും ചെറുപ്പത്തില്‍ രോഗം തിരിച്ചറിയാറില്ലെന്നു മാത്രം.

കുറച്ച് സമയം കാലുകള്‍ അനക്കാതെ വയ്ക്കുമ്പോള്‍ അനുഭവപ്പെടുന്ന അസ്വസ്ഥത ആയതിനാല്‍ പലരും വേണ്ടത്ര ശ്രദ്ധ നല്‍കാറില്ല. പ്രായമായി രോഗലക്ഷണങ്ങള്‍ അധികരിക്കുമ്പോള്‍ മാത്രമാണ് രോഗത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നത്. അതുകൊണ്ട് ആര്‍എല്‍എസ് ഉണ്ടെന്നു ബോധ്യമായാല്‍ കുടുംബത്തില്‍ മറ്റാര്‍ക്കെങ്കിലും രോഗമുണ്ടോ എന്നു അറിഞ്ഞിരിക്കണം.

റെസ്റ്റ്‌ലെസ് ലെഗ്‌സ് സില്‍ഡ്രോം


പാരമ്പര്യം കൂടാതെ മറ്റ് നാഡിസംബന്ധമായ രോഗങ്ങള്‍കൊണ്ടും ആര്‍എല്‍എസ് ഉണ്ടാകാം. ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങള്‍, മള്‍ട്ടിപിള്‍ സ്‌ക്ലീറോസിസ്, വിളര്‍ച്ച, പ്രമേഹം, കിഡ്‌നി സംബന്ധമായ രോഗങ്ങള്‍, ശ്വാസകോശരോഗങ്ങള്‍, കാന്‍സര്‍, റുമറ്റോയിഡ് ആര്‍ത്രൈറ്റിസ് തുടങ്ങിയവ ആര്‍എല്‍എസിനു കാരണമാകാം. ചില മരുന്നുകളുടെ ഉപയോഗം മൂലം ആര്‍എല്‍എസ് ഉണ്ടാകാനിടയുണ്ട്.

പതിവായി ചില മരുന്നുകള്‍ കഴിക്കുന്നവരില്‍ ആര്‍എല്‍എസ് രോഗമുണ്ടായേക്കാം. ദീര്‍ഘകാലമായുള്ള രോഗങ്ങളും ഈ രോഗത്തിനൂ കാരണമാകും.

ഉദാഹരണത്തിന് പാര്‍ക്കിന്‍സണ്‍ രോഗങ്ങള്‍, അയണിന്റെ അഭാവം ഇവയെല്ലാം രോഗകാരണങ്ങളാണ്. ഇവയെല്ലാം ചികിത്സിക്കുന്നതിലൂടെ ആര്‍എല്‍എസിന്റെ ലക്ഷണങ്ങള്‍ ഒരു പരിധി വരെ നിയന്ത്രിക്കാനാകും.

ഗര്‍ഭാവസ്ഥയുടെ അവസാന മൂന്ന് മാസങ്ങളില്‍ ചിലര്‍ക്ക് ആര്‍എല്‍എസിന്റെ ലക്ഷണങ്ങള്‍ അനുഭവപ്പെടാറുണ്ട്. എന്നാല്‍ പ്രസവാനന്തരം ഈ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാറില്ല. മദ്യത്തിന്റെ അമിത ഉപയോഗം, ഉറക്കക്കുറവ് ഇവയും ആര്‍എല്‍എസിന്റെ ലക്ഷണങ്ങള്‍ കൂടുന്നതിനിടയാക്കും.

ചികിത്സ


ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുകയെന്നതാണ് പ്രാഥമിക ചികിത്സരീതി. ഉറക്കക്കുറവുള്ളവരില്‍ ശരിയായ ഉറക്കശീലം വളര്‍ത്തിയെടുക്കേണ്ടതുണ്ട്.

1. ഉറങ്ങാന്‍ കിടന്ന് അല്‍പസമയത്തിനകം ഉറങ്ങാന്‍ കഴിയണം. മറ്റുകാര്യങ്ങള്‍ ചിന്തിച്ച് ഉറങ്ങുന്നത് വൈകിക്കരുത്.
2. അഞ്ച് മണിക്ക് ശേഷം കഫെയ്ന്‍ അടങ്ങിയ പാനിയങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. ഇവയുടെ അമിത ഉപയോഗം ഉറക്കത്തെ ദോഷമായി ബാധിക്കും. പുകവലി, മദ്യപാനം തുടങ്ങിയ ദുശീലങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്നതിനുള്ള നിര്‍ദേശങ്ങള്‍ ചികിത്സയുടെ ഭാഗമായി നല്‍കും.

3. ഡിപ്രഷന്‍ കുറയ്ക്കാനുള്ള ഗുളികകള്‍ ഒഴിവാക്കുക.
4. വ്യായാമം ശീലമാക്കുക

5. കിടക്കുന്നതിനു മുന്‍പ് കാല്‍ മസാജ് ചെയ്യുക.
6. അല്‍പം നേരം കാല്‍ നിവര്‍ത്തി വയ്ക്കുന്നത് ഗുണം ചെയ്യും.
7. കിടക്കുന്നതിനു മണിക്കൂറുകള്‍ക്ക് മുന്‍പ് ചെറിയ ചൂട് വെള്ളത്തില്‍ കുളിക്കുകയോ കാലുകള്‍ കഴുകുകയോ ചെയ്യുക.

ഇത്തരത്തിലുള്ള നോണ്‍ ഫാര്‍മക്കോളജിക്കല്‍ ചികിത്സയാണ് ആദ്യം നല്‍കുക. അതിനു ശേഷം മാത്രമേ മരുന്നുകള്‍ നല്‍കാറുള്ളൂ. അതായത് ഈ രീതികള്‍ കൊണ്ട് രോഗം ഭേദമാകാത്ത സാഹചര്യത്തില്‍ മാത്രമേ മരുന്നുകളിലേക്ക് പോകാറുള്ളൂ.

വിവരങ്ങള്‍:
ഡോ. ജിബു കെ. ജോ
ന്യൂറോളജിസ്റ്റ്
മുത്തൂറ്റ് മെഡിക്കല്‍ സെന്റര്‍, പത്തനംതിട്ട

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate