অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

രക്ഷകര്‍ത്തൃത്വം എന്ന കല

എന്താണ് പാരെന്റിംഗ്?

മലയാള ഭാഷയില്‍ രക്ഷകര്‍തൃത്വം എന്നതിനെ നിര്‍വചിക്കാം. പക്ഷെ എന്താണീ രക്ഷാകര്‍തൃത്വം വളരെ ബൃഹത്തായ ഒട്ടനവധി തലങ്ങളിലൂടെ കടന്നു പോവുന്ന ഒരു കലയാണ് പാരെന്റിംഗ്. കുട്ടികള്‍ ഉള്ള എല്ലാവരും രക്ഷാകര്‍ത്താക്കള്‍ തന്നെ. രക്ഷ ചെയ്തതാരോ അവരാണ് രക്ഷകര്‍ത്താവ്. രക്ഷ എന്നാല്‍ കുട്ടികളെ സംരക്ഷിക്കലും പരിചരിക്കലും അവര്‍ക്ക് വേണ്ട ഭക്ഷണം പാചകം ചെയ്തു കൊടുക്കലും അവരെ വിദ്യാഭ്യസം ചെയ്യിക്കലും ഒടുവില്‍ തങ്ങള്‍ കണ്ടെത്തുന്ന വധു/വരന്മാരെക്കൊണ്ട് വിവാഹം കഴിച്ചു സ്വസ്ഥമാകലും മാത്രമാണോ അതെ എന്നാണു 90% മാതാപിതാക്കളും ഉറച്ചു വിശ്വസിക്കുന്നത്.

ചെറുപ്പത്തില്‍ മക്കളെ അകമഴിഞ്ഞ് സ്‌നേഹിക്കുന്ന പല മാതാപിതാക്കളും വളരുമ്പോള്‍ മുതല്‍ അവരില്‍ നിന്നും അദൃശ്യമായ മതിലുകള്‍ പണിയുന്നു. മക്കള്‍ തന്നോടൊപ്പമായാല്‍ താന്‍ എന്ന് വിളിക്കണം എന്ന പൂര്‍വികരുടെ നിര്‍ദേശം ആരും പരിഗണിക്കാറില്ല. എന്നാല്‍ സ്‌നേഹം, ബഹുമാനം എന്നിവയുടെ കാര്യത്തില്‍ അവര്‍ ഉദാഹരിക്കുന്നത് പഴയ തലമുറയെയാണ്. പണ്ടുള്ള കുട്ടികള്‍ അച്ഛനമ്മമാരോട് സ്‌നേഹമുള്ളവരായിരുന്നു, ബഹുമാനം ഉള്ളവരായിരുന്നു. ഇപ്പോഴത്തെപ്പോലെ തല തെറിച്ചവരായിരുന്നില്ല എന്നൊക്കെ വളര്‍ന്ന മക്കളുടെ മുന്നില്‍ ദേഷ്യത്തില്‍ വിളിച്ചു കൂവുമ്പോള്‍ അതൊരിക്കലും അവരെ സ്പര്‍ശിക്കുന്നില്ല. ആരുടെ തെറ്റാണിത്?

മാതാപിതാക്കള്‍ ഓര്‍ക്കേണ്ട ഒരു പ്രധാന കാര്യം തങ്ങള്‍ വളര്‍ന്ന ചുറ്റുപാടില്‍ അല്ല തങ്ങളുടെ മക്കള്‍ വളരുന്നത് എന്നാണ്. രണ്ടു തലമുറ മുന്‍പ് മരുമക്കളെ പട്ടിണിക്കിടുന്ന അമ്മായിഅമ്മമാര്‍ നമ്മുടെ കേരളത്തില്‍ ഉണ്ടായിരുന്നു. നമ്മുടെ അമ്മമാരുടെ കാലം വന്നപ്പോഴെയ്ക്ക് അതിനു വളരെയധികം മാറ്റം വന്നു. അവരുടെ അമ്മമാര്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ അവര്‍ അനുഭവിക്കേണ്ടി വന്നിട്ടില്ല. അപ്പോള്‍ മിക്കതും കാലാനുസൃതമായി മാറി കൊണ്ടിരിക്കുന്നു. ഈ മാറ്റം അംഗീകരിച്ച്, ശരിയായി വളര്‍ത്തിയാല്‍ നല്ല മക്കളായി നമ്മുടെ കുട്ടികളെ നമുക്ക് മാറ്റിയെടുക്കാം.

കുട്ടികളുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍

1. ശൈശവം
2. ബാല്യം
3. കൗമാരം

1. ശൈശവം

ശൈശവ ഘട്ടം യഥാര്‍ഥത്തില്‍ ആരംഭിക്കുന്നത് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വച്ച് തന്നെയാണ്.ഘട്ടം ഘട്ടമായുള്ള വളര്‍ച്ചയ്ക്ക് ഗര്‍ഭസ്ഥ ശിശു വിധേയമാവുന്നുണ്ട്. മാതാവിന്റെ ആരോഗ്യം ആഹാരം വൈകാരികാനുഭവങ്ങള്‍ ആഗ്രഹങ്ങള്‍ തുടങ്ങിയവ ശിശു വികസനത്തെ സ്വാധീനിക്കുന്ന പ്രധാനഘടകങ്ങളാണ്. അത് കൊണ്ടാണ് ഗര്‍ഭകാലത്ത് മാനസികാരോഗ്യം കാത്തു സൂക്ഷിക്കണമെന്ന് പറയുന്നതിന്റെ ശാസ്ത്രവശം. ഗര്‍ഭപാത്രത്തില്‍നിന്ന് പുറത്തുവരുന്ന ശിശുവിന്റെ പൊക്കിള്‍കൊടി മുറിക്കപ്പെടുമ്പോള്‍ കുഞ്ഞിന്റെ സ്വതന്ത്ര ജീവിതത്തിലേക്കുള്ള ആദ്യ വാതിലാണ് തുറക്കുന്നത്.

ഒരു കുട്ടിയുടെ ജീവിതത്തിലെ ആദ്യത്തെ മൂന്നുവര്‍ഷമാണ് ശൈശവം. കുഞ്ഞിന്റെ വ്യക്തിത്വ വികസനത്തില്‍ ഈ മൂന്നു വര്‍ഷങ്ങള്‍ ഏറ്റവും പ്രധാനമാണ്. കുഞ്ഞ് അമ്മയുടെ ശരീരത്തിനു പുറത്തുള്ള പുതിയ പരിസ്ഥിതിയുമായി ഈ കാലത്ത് ഇടപെട്ടുതുടങ്ങുന്നു. ഓരോ വസ്തുക്കളെയും പഠിക്കാന്‍ തുടങ്ങുന്നു. പഠിച്ച കാര്യങ്ങള്‍ ഓര്‍മയില്‍ ഫീഡ് ചെയ്യപ്പെടുന്നതും ഈ ഘട്ടത്തിലാണ്. മാത്രമല്ല നമ്മുടെ നിര്‍ദ്ദേശങ്ങളോട് പ്രതികരിക്കാനും തുടങ്ങുന്നു. ശൈശവത്തിന്റെ അവസാനത്തോടെ മുതിര്‍ന്നവരെപ്പോലെ കാണുക, കേള്‍ക്കുക, സ്പര്‍ശിക്കുക രുചിക്കുക, മണക്കുക എന്നീ ധര്‍മ്മങ്ങള്‍ നിര്‍വഹിക്കാനുള്ള കഴിവുകള്‍ ഉണ്ടാകുന്നു. ജനന സമയത്തെ കരച്ചിലാണ് ഭാഷാവികസനത്തിന്റെ തുടക്കം. കുഞ്ഞ് ഒരു വയസ്സാകുമ്പോഴേക്ക് ഏതാണ്ട് മൂന്നു വാക്കുകളും രണ്ടുവയസ്സില്‍ 300 വാക്കുകളും പദസമ്പത്തായി നേടുന്നു. ഇത് മൂന്നാം വയസ്സില്‍ 1000 വും അഞ്ചാം വയസ്സില്‍ 2000 ആയും വളരുന്നു. എട്ട് ഒമ്പത് മാസങ്ങളില്‍ കേട്ട ശബ്ദങ്ങള്‍ ആവര്‍ത്തിച്ച് മറ്റുള്ളവരുടെ സംഭാഷണം അനുകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. കുട്ടികളിലെ വൈകാരിക വികസനത്തെപറ്റി പഠനം നടത്തിയ മനഃശ്ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത് നവജാത ശിശുക്കളില്‍ ഒരുതരം ഇളക്കം മാത്രമാണുള്ളത് എന്നാണ്. പിന്നീട് അസ്വാസ്ഥ്യമോ ഉല്ലാസമോ ആയി വികസിക്കുന്നു. ശൈശവകാലത്തെ വികാരങ്ങള്‍ക്ക് ചില പ്രധാന സവിശേഷതകള്‍ ഉണ്ട്. ഒന്നാമതായി വികാരം ഉണര്‍ത്തുന്ന സാഹചര്യം നിസ്സാരമായാല്‍ പോലും ശിശുക്കളുടെ വികാരങ്ങള്‍ തീവ്രമായിരിക്കും. അവരുടെ വികാരങ്ങള്‍ അല്പസമയത്തേക്ക് മാത്രമേ നിലനില്ക്കുകയുള്ളു. കോപത്തില്‍നിന്ന് പുഞ്ചിരിയിലേക്കും പുഞ്ചിരിയില്‍നിന്ന് കണ്ണീരിലേക്കും മാറാന്‍ കുട്ടികള്‍ക്ക് അധികസമയം ആവശ്യമില്ല. വികാരങ്ങള്‍ മാറിമാറിവരുന്നു. കൂടാതെ വികാരപ്രകടനം പ്രായമായവരുടേതില്‍നിന്നും കൂടുതലായിരിക്കും.

ഒളിച്ചുവയ്ക്കാനുള്ള കഴിവില്ലാത്തതിനാല്‍ അവരുടെ വികാരങ്ങള്‍ നിരീക്ഷിക്കുവാന്‍ എളുപ്പമാണ്. രണ്ടുമാസം തികയുമ്പോള്‍ തന്നെ കുഞ്ഞ് അമ്മയെ വ്യക്തമായി തിരിച്ചറിയുന്നു. അഞ്ചോ ആറോ മാസമാവുമ്പോള്‍ പുഞ്ചിരിയോടും ശകാരത്തോടും വ്യത്യസ്ഥരീതിയില്‍ പ്രതികരിക്കുന്നു. അപരിചിതരോട് പ്രതികൂലഭാവത്തില്‍ പെരുമാറുന്നു. പന്ത്രണ്ടുമാസമാകുമ്പോഴേക്കും `അരുത്’ എന്നു പറഞ്ഞാല്‍ പിന്‍മാറാന്‍ കുട്ടി പഠിക്കുന്നു. പതിനെട്ടു മാസമാകുമ്പോഴേക്കും മുതിര്‍ന്നവരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി നിക്ഷേധാത്മക വ്യവഹാരം പ്രകടിപ്പിക്കുന്നു. കുഞ്ഞിന് ശൈശവ ദശയില്‍ അമ്മയുടെ സഹായം അത്യാവശ്യമാണ്. അമ്മയാണ് കുഞ്ഞിന്റെ ആദ്യവിദ്യാലയം.

2. ബാല്യം

3 വയസ്സിനു ശേഷമുള്ള കാലഘട്ടമാണ് ബാല്യം. ലേര്‍ണിംഗ് അഥവാ പഠനം ആരംഭിക്കുന്നത് ഈ കാലഘട്ടത്തിലാണ്. അതാരംഭിക്കുന്നത് പ്രധാനമായും അമ്മയില്‍ നിന്ന് തന്നെ. അത് കഴിഞ്ഞാല്‍ സഹോദരങ്ങളില്‍ നിന്നും. മാസത്തിനുശേഷം കുട്ടി ആദ്യകാല ബാല്യത്തിലേക്ക് പ്രവേശിക്കുന്നു. ഈ കാലഘട്ടത്തില്‍ ഏറിയ സമയവും കളിപ്പാട്ടങ്ങളോടൊപ്പം ചെലവഴിക്കാനാവും. പിടിവാശിയും ശാഠ്യവും ഈ പ്രായത്തില്‍ കുട്ടികളില്‍ കൂടുതലായിരിക്കും. പദങ്ങള്‍ കൂടിച്ചേര്‍ന്ന് അര്‍ത്ഥമുള്ള വാചകങ്ങള്‍ പറയാന്‍ കുട്ടിക്ക് കഴിയുന്നു. ശാരീരികമായും മാനസികമായും നൂതന അറിവുകളും കഴിവുകളും ഈ പ്രായത്തില്‍ കുട്ടി നേടിയെടുക്കുന്നു. ഒട്ടേറെ അറിവുകള്‍ നേടുന്ന ഒരു സമയമാണിത്. കളികളിലൂടെ കുട്ടികള്‍ ഒരുപാടു കാര്യങ്ങള്‍ പഠിക്കുന്നുണ്ട്. എഴുത്തിന്റെയും വായനയുടെയും ബാലപാഠങ്ങള്‍ ഈ പ്രായത്തില്‍ കുട്ടി അഭ്യസിക്കുന്നു. ലജ്ജ ഉത്കണ്ഠ ഈര്‍ഷ്യ, പ്രതീക്ഷ, നിരാശ, പ്രിയം എന്നീ വൈകാരിക ഭാവങ്ങള്‍ വേറിട്ട് വികസിക്കുന്നു.

കുടുംബം, അയല്‍വാസികള്‍, ടി.വി, ബന്ധുക്കള്‍ തുടങ്ങിയവ വ്യക്തിത്വത്തില്‍ നിര്‍ണായക സ്വാധീനം ഈ കാലത്തില്‍ നടത്തുന്നുണ്ട്. പില്‍ക്കാല ബാല്യത്തെ സംഘബന്ധങ്ങളുടെ കാലം എന്നാണ് വിളിക്കുന്നത്. മറ്റു കുട്ടികളുമായി സമ്പര്‍ക്കത്തിലാകുന്നതും വിദ്യാലയ ജീവിതം അനുഭവിക്കുന്നതും ഈ ഘട്ടത്തോടെയാണ്. സംഘം ചേര്‍ന്നുള്ള കളികളാണ് ഈ പ്രായത്തില്‍ കുട്ടികള്‍ക്ക് ഇഷ്ടം. സാമൂഹിക നിയമങ്ങള്‍ക്കും ആചാരങ്ങള്‍ക്കും അനുസരണമായി പ്രവര്‍ത്തിക്കാനും കുട്ടി ശ്രമിക്കുന്നു. സമപ്രായക്കാരുടെ സംഘത്തില്‍ ചേരുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. സ്വന്തം ലിംഗത്തില്‍പെട്ടവരുമായി മാത്രം സൗഹൃദം കൂടുന്ന സ്വഭാവക്കാരാണ് ഈ പ്രായത്തിലധികവും. ഈ സമയങ്ങളില്‍ കുട്ടിയില്‍ സ്ഥിരദന്തങ്ങള്‍ ഉണ്ടാകുന്നു. അസ്ഥികള്‍ ശക്തമാകുന്നു. തൂക്കവും പൊക്കവും വര്‍ദ്ധിക്കുന്നു. നെഞ്ചുവിരിയുകയും, മൂക്ക് നീണ്ടുകൂര്‍ത്ത് വളരുകയും ചെയ്യുന്നു. നിരീക്ഷണം ശ്രദ്ധ യുക്തിചിന്തനം ആത്മവിശ്വാസം സംഘബോധം അച്ചടക്കബോധം, ലക്ഷ്യബോധം കൂട്ടുത്തരവാദിത്വബോധം, സഹാനുഭൂതി തുടങ്ങിയവ കൂടുതല്‍ വളരുന്നത് ഈ പ്രായത്തിലാണ്. ഈ കാലഘട്ടത്തില്‍ സാങ്കല്പിക കാര്യങ്ങളെ പറ്റിയുള്ള ഭയം ഇവരില്‍ കൂടുതലായിരിക്കും.

രക്ഷിതാക്കള്‍ക്ക് ചെയ്യാനുള്ളത്

A . കുടുംബം എന്ന സുരക്ഷിതത്വം കുട്ടികള്‍ക്ക് നല്കുക.

B . മാതാപിതാക്കള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളും കുട്ടികളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കും. അതിനാല്‍ സമാധാനപരമായ കുടുംബ ജീവിതം നയിക്കുക. വഴക്ക് കൂടുന്ന സാഹചര്യം പരമാവധി ഒഴിവാക്കുക.

C . കുട്ടികളുമായി കളികളില്‍ ഏര്‍പ്പെടാനും അവരോടു സംസാരിക്കാനും സമയം കണ്ടെത്തുക.

D . നല്ല കഥകളിലൂടെ ദയ സ്‌നേഹം സഹാനുഭൂതി, കരുണ, ബഹുമാനം, ധൈര്യം തുടങ്ങിയ മാനുഷിക മൂല്യങ്ങള്‍ കുട്ടികളെ പഠിപ്പിക്കുക.

E . ഒരിക്കലും കുട്ടികളുടെ ഹോം വര്‍ക്കുകളും, പ്രൊജക്റ്റ് കളും മാതാപിതാക്കള്‍ ചെയ്തു കൊടുക്കരുത്. മറിച്ച് അതിനു വേണ്ട സഹായങ്ങള്‍ നല്കുക.

F . നല്ല കേള്‍വിക്കരാവുക. കുട്ടികള്‍ പറയുന്നതിന് ചെവിയോര്‍ക്കുക.

3. കൌമാരം

കൗമാരം വ്യക്തിയില്‍ കായികവും ജൈവശാസ്ത്രപരവുമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ചിന്താക്കുഴപ്പങ്ങളുടെയും പിരിമുറക്കങ്ങളുടെയും അരക്ഷിതത്വബോധത്തിന്റെയും കാലഘട്ടമാണിത്. കൌമാരത്തിന് രണ്ടു സ്റ്റേജുകള്‍ ഉണ്ട്. വയസ്സു മുതല്‍ 14 വയസ്സു വരെ ആദ്യഘട്ടം. 15 മുതല്‍ 19 വയസ്സു വരെ രണ്ടാം ഘട്ടം.

ശരീരപരമായ മാറ്റങ്ങള്‍ ആണ്‍കുട്ടികളില്‍

ശരീരം അതി വേഗത്തില്‍ വളര്‍ന്നു വലുതാവുന്നു. ശബ്ദം മുഴക്കമുള്ളതാവുന്നു.
മുഖത്തു നനുത്ത രോമങ്ങള്‍ അഥവാ മീശ മുളച്ചു തുടങ്ങുന്നു.
ജനനേന്ദ്രിയ ഭാഗത്തും കക്ഷത്തിലും രോമവളര്‍ച്ച ആരംഭിക്കുന്നു.
ലിംഗ വളര്‍ച്ച പ്രാപിക്കുകയും ശുക്ല വിസര്‍ജ്ജനം ആരംഭിക്കുകയും പ്രജനന ശേഷി കൈവരികയും ചെയ്യുന്നു.

പെണ്‍കുട്ടികളില്‍

ശരീര വളര്‍ച്ച ആരംഭിക്കുന്നു.
>ശബ്ദം സൗമ്യവും മധുരമുള്ളതുമായിമാറുന്നു.
ജനനേന്ദ്രിയ ഭാഗത്തും കക്ഷത്തിലും രോമവളര്‍ച്ച ആരംഭിക്കുന്നു.
ആര്‍ത്തവം ആരംഭിക്കുന്നു.
പെണ്‍കുട്ടികളുടെ നിതംബങ്ങള്‍ തടിക്കുകയും മാറിടങ്ങള്‍ വളരുകയും ചെയ്യുന്നു.

സ്വഭാവത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍

നിഷേധം പ്രധാനമായും ഉണ്ടാകുന്നത് ഈ കാലഘട്ടത്തിലാണ്. മാതാപിതാക്കളുടെയും അധ്യാപകരുടെയും, മുതിര്‍ന്നവരുടെയും നിര്‍ദേശങ്ങളെ നിഷേധിക്കാനുള്ള ത്വര വര്‍ധിക്കുന്നു.

എതിര്‍ ലിംഗത്തോട് ലൈംഗികാഭിനിവേശം തോന്നിതുടങ്ങുന്നതും ഈ ഘട്ടത്തിലാണ്.
അറിയാത്ത കാര്യങ്ങള്‍ പ്രത്യേകിച്ച് എതിര്‍ലിംഗത്തിന്റെ ലൈംഗികാവയവങ്ങള്‍ എന്നിവയെക്കുറിച്ച് അറിയാനുള്ള ഒടുങ്ങാത്ത ത്വര ഉണ്ടാവുന്നത് ഈ ഘട്ടത്തിലാണ്.

വൈകാരിക വികസനം അതിന്റെ അന്തിമ രൂപം കൈവരിക്കുന്നതും കൗമാരകാലത്താണ്. വികാരപ്രകടനത്തില്‍ ഇവര്‍ സ്ഥിരസ്വഭാവം പുലര്‍ത്താറില്ല. ആവേശഭരിതരായും അല്ലാതായും ഇവരെ കാണാം. വിനയം മര്യാദ, നിഷേധപ്രവണത അനുസരണക്കേട് എന്നിവ ഇവര്‍ കാണിക്കുന്നു.

രക്ഷിതാക്കള്‍ സൂക്ഷിക്കേണ്ടത്

ലൈംഗിക വികാരങ്ങളുടെ പിടിയില്‍ അകപ്പെട്ടുപോകുന്ന പ്രായമാണ് കൗമാരം. ഈ പ്രായത്തില്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യത വളരെയധികമാണ്.

എടുത്തുചാട്ടവും പൊട്ടിത്തെറിയും ഇവരുടെ പ്രത്യേകതകളാണ്.

ആത്മാഭിമാനം മാനത്തോളം കൊണ്ടുനടക്കുന്നവരാണ്. മാതാപിതാക്കളുടെ ഉപദേശവും ശകാരവും തങ്ങളുടെ വ്യക്തിത്വത്തിന്‌മേലുള്ള കടന്നു കയറ്റമായും, സ്‌നേഹമില്ലായ്മ ആയുമാണ് കുട്ടികള്‍ തെറ്റിദ്ധരിക്കുന്നത്. അതുകൊണ്ടുതന്നെ വ്യാജമായ സ്‌നേഹം കാണുമ്പോള്‍ അതില്‍ മയങ്ങിപ്പോകുകയും ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ട്..

ആണ്‍കുട്ടികള്‍ മാതാപിതാക്കളോടുള്ള ദേഷ്യത്തില്‍ വീട് വിട്ടിറങ്ങി പോകാന്‍ വരെ തയ്യാറായി എന്നുവരാം. പണത്തിനു വേണ്ടി മയക്കു മരുന്ന് കാരിയര്‍മാരായും, ബൈക്ക് മോഷ്ടാക്കളായും മാറുന്നത് നാം പത്രങ്ങളിലൂടെ വായിക്കുന്നതാണല്ലോ.

ഉയര്‍ന്ന സാമൂഹികബോധം വികസിപ്പിച്ചെടുക്കാന്‍ കൗമാര പ്രായക്കാര്‍ക്കു കഴിയുന്നു. സമപ്രായക്കാരോടൊപ്പം ഇടപഴകാനാണ് അവര്‍ കൂടുതല്‍ താല്പര്യം കാണിക്കാറുള്ളത്. അത് കൊണ്ട് തന്നെ മക്കളുടെ സൌഹൃദങ്ങള്‍ സൂക്ഷമായി നിരീക്ഷിക്കേണ്ടതും ചീത്ത സൌഹൃദങ്ങളില്‍ നിന്നും നയപരമായി മാറ്റി നിര്‍ത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

പാരെന്റിംഗ് ടിപ്പുകള്‍

ശാരീരികമായും ഹോര്‍മോണുകളില്‍ സംഭവിച്ച മാറ്റങ്ങളാണ് ഈ സമയത്തിലെ സ്വഭാവ വ്യതിയാനങ്ങള്‍ക്ക് കാരണം എന്നുള്ള തിരിച്ചറിവ് ഓരോ രക്ഷിതാക്കളും തിരിച്ചറിയണം. എന്ന് മാത്രമല്ല ആ തിരിച്ചറിവ് അവരോടുള്ള മനോഭാവത്തില്‍ പുലര്‍ത്തുകയും വേണം.

നിഷേധി, അഹങ്കാരി എന്ന് മുദ്രകുത്താതെ അവരുടെ വശം കൂടി കാണാന്‍ ശ്രമിക്കുക. നമ്മുടെ വശത്ത് നിന്ന് മാത്രം ചിന്തിക്കാതെ അവരുടെ വശത്ത് നിന്നും ചിന്തിച്ചാല്‍ അവരുടെ ന്യായീകരണങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. ദേഷ്യപ്പെടാതെ, ശാന്തമായി, സൌഹൃദപരമായി അവരെ തെറ്റ് എന്താണെന്ന് പറഞ്ഞു മനസ്സിലാക്കണം.

അച്ഛനമ്മമാര്‍ ഏതു വിഷമാവസ്ഥയിലും തങ്ങളുടെ കൂടെയുണ്ട് എന്ന ഉറച്ച വിശ്വാസം കുട്ടികളില്‍ ഉണ്ടാക്കിയെടുക്കണം.

അച്ഛന്‍/അമ്മ എന്ന പഴയ ചിന്തയില്‍ കടിച്ചു തൂങ്ങാതെ ഒരു ഫ്രണ്ട്, ഗൈഡ് എന്ന തലത്തിലേക്ക് നാം എത്തിച്ചേരുക തന്നെ വേണം.

എന്ത് കാര്യങ്ങളെകുറിച്ചും മറയില്ലാതെ സംസാരിക്കാന്‍ കുട്ടികളെ ശീലിപ്പിക്കാം..

A . പാരെന്റിംഗ് എന്ന കലയില്‍ ഇത് ഒഴിച്ച് കൂടാനാവാത്തതാണ്. ഓര്‍ക്കുക അറിയുന്ന കാര്യങ്ങളെക്കാള്‍ അറിയാത്തവയുടെ പിന്നില്‍ പോകുന്ന ഘട്ടമാണിത്. നാമെല്ലാവരും ഈ ഘട്ടം കടന്നു വന്നവരാണ്. അതുകൊണ്ട് തന്നെ കൗമാര ചിന്തകളെക്കുറിച്ചറിയാന്‍ നമ്മള്‍ കൌണ്‍സിലര്‍മാര്‍ ആവേണ്ട കാര്യമൊന്നുമില്ല.

ഉദാഹരണത്തിന് ലൈംഗികത. കൗമാരവും, ലൈംഗികതയും തമ്മിലുള്ള ബന്ധം അഭേദ്യമായതിനാല്‍ ലൈംഗികതയെക്കുറിച്ച് പരമാര്‍ശിക്കാതെ പാരെന്റിംഗ് ആര്‍ട്ട് പൂര്‍ണ്മാകുകയില്ല.

ലൈംഗികതയെക്കുറിച്ച് ഒട്ടനവധി ചിന്തകളും അറിയാനുള്ള ആഗ്രവും, ആസ്വദിക്കാനുള്ള ത്വരയും നിറയുന്ന കാലമാണ് കൗമാരം. ലൈംഗികതയെ കുറിച്ച് എന്തെങ്കിലും പരമാര്‍ശം മക്കളില്‍ നിന്നുണ്ടായാല്‍ കണ്ണുരുട്ടി പേടിപ്പിക്കുകയും, വൃത്തികെട്ടവനായി മുദ്ര കുത്തുകയും ചെയ്യുന്ന രക്ഷിതാക്കളാണ് ഭൂരിപക്ഷവും. ഒടുവില്‍ കുട്ടികള്‍ സംശയം തീര്‍ക്കുന്നത് അശ്ലീല പുസ്തകങ്ങളിലും, വെബ് സൈറ്റുകളിലും ആയിരിക്കും. ലൈംഗികമായി വികലമായ ധാരണകള്‍/വൈകൃതങ്ങള്‍ ആണ് അത്തരം പുസ്തകങ്ങളില്‍ നിന്നും കുട്ടികള്‍ക്ക് ലഭിക്കുന്നത്. സ്ത്രീകള്‍ ഇപ്പോഴും ലൈംഗികതയില്‍ തല്‍പരരാണ്. എന്നാല്‍ സുരക്ഷിത സാഹചര്യങ്ങളില്‍ മാത്രമേ ഏതു പെണ്ണും വഴങ്ങിത്തരൂ.. ബലാല്‍സംഘങ്ങളും, ശരീരത്തിന് മേലുള്ള കടന്നു കയറ്റങ്ങളും സ്ത്രീകള്‍ ആസ്വദിക്കുന്നു എന്നീ നിഗമനത്തില്‍ എത്തിച്ചേര്‍ന്ന എത്ര കൌമാരക്കാരുണ്ട്. പക്ഷെ അതാണോ ശരിയായ വഴി

ലൈംഗികതയുടെ ബാലപാഠങ്ങള്‍ കുട്ടികള്‍ക്ക് അശ്ലീലം കലരാത്ത ഭാഷയില്‍ മനസ്സിലാക്കി കൊടുക്കാന്‍ നമുക്ക് കഴിയണം. ഓരോ പ്രായത്തിലും അതിനുള്ള ഭാഷ നമുക്ക് തീരുമാനിക്കാം. മകന്റെ സംശയങ്ങള്‍ അച്ഛനു പറഞ്ഞു കൊടുക്കാം. സ്ത്രീ ശരീരം പവിത്രമാണെന്നും,അതിനു മേലുള്ള കടന്നു കയറ്റം അക്ഷന്തവ്യമായ കുറ്റമാണെന്നും പറഞ്ഞു അവരുടെ മനസ്സില്‍ ഉറപ്പിക്കാം. ആരുമില്ലാത്ത അവസ്ഥയില്‍ നിങ്ങള്‍ സ്ത്രീകളുടെ രക്ഷകരാവണം എന്ന് ഉപദേശിക്കാം. ലഹരി എന്നത് മനുഷ്യ ശരീരത്തെ കാര്‍ന്നു തിന്നുന്ന ഒന്നാണെന്നും അതില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും പറഞ്ഞു കൊടുക്കാം.

അമ്മമാര്‍ക്കും പെണ്‍മക്കളോട് ഇതുപോലെ ഫ്രീ ആയി സംസാരിക്കാന്‍ കഴിയണം. അവരുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്കാന്‍ കഴിയണം. എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യവും, ആത്മബന്ധവും മക്കളില്‍ വളര്‍ത്തിയെടുക്കണം. അതിനു കൃത്രിമായി നടിക്കുന്ന ഗൌരവം കൊണ്ട് കഴിയില്ല. പകരം കുട്ടികളുമായി സൗഹൃദം പങ്കിടാം.

B. രക്ഷിതാക്കള്‍ റോള്‍ മോഡലുകള്‍ ആവുക.

കുട്ടികളുടെ മനസ്സില്‍ തങ്ങളുടെ മാതാപിതാക്കളോടുള്ള ബഹുമാനം തോന്നണമെങ്കില്‍ അവര്‍ കുട്ടികള്‍ക്ക് മാതൃകയാകണം. പല രക്ഷിതാക്കളും തങ്ങള്‍ ബഹുമാനം അര്‍ഹിക്കുന്നവരാണെന്നും അതിനാല്‍ കുട്ടികളുടെ മുന്‍പില്‍ ഗൌരവം നടിക്കണമെന്നുമുള്ള മിഥ്യാ ധാരണ വെച്ച് പുലര്‍ത്തുന്നവരാണ്. ഒന്ന് മനസ്സിലാക്കുക ബഹുമാനവും, സ്‌നേഹവും ഉണ്ടാകേണ്ടത് മനസ്സില്‍ നിന്നുമാണ്. പിടിച്ചെടുക്കാന്‍ കഴിയുന്നതല്ല ഇവ രണ്ടും.

കുട്ടികളെ ഉപദേശിക്കുന്നതിനു മുന്‍പ് സ്വയം ഒന്ന് വിലയിരുത്തുന്നത് നല്ലതാണ്. പല കുടുംബങ്ങളിലും വെള്ളിയാഴ്ച പോലും പള്ളികളില്‍ കയറാത്ത ബാപ്പമാര്‍,അല്ലെങ്കില്‍ ക്ഷേത്ര ദര്‍ശനം നടത്താത്ത അച്ഛന്മാര്‍ മക്കളെ മതപരമായി ആരാധന കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാത്തതിനു വഴക്ക് പറയാറുണ്ട്. തങ്ങള്‍ക്കു അതിനുള്ള അര്‍ഹത ഉണ്ടോ എന്നവര്‍ ചിന്തിക്കുന്നില്ല. നിങ്ങളെ കണ്ടാണ് അവര്‍ പഠിക്കുന്നത് എന്ന് മനസ്സിലാക്കുക.

നമ്മുടെ സ്വഭാവം, സമൂഹത്തോടുള്ള മനോഭാവം,സേവന സന്നദ്ധത, കരുണ, മുതിര്‍ന്നവരോടുള്ള ബഹുമാനം, അച്ഛനമ്മമാരോടുള്ള സമീപനം തുടങ്ങിയവയെല്ലാം തന്നെയാണ് നമ്മുടെ മക്കളും പിന്തുടരുക. അതിനാല്‍ മാനുഷിക ഗുണങ്ങള്‍ അവരെ പഠിപ്പിക്കുന്നത് സ്വന്തം ജീവിതം കൊണ്ടാവണം.

C. മറ്റുള്ള കുട്ടികളുമായി മക്കളെ താരതമ്യം ചെയ്യാതിരിക്കുക.

ഓരോ കുട്ടിയുടെയും കഴിവുകള്‍ വ്യത്യസ്ഥമാവാം. സുഹൃത്തുക്കളുടെ മക്കളുടെ മാര്‍ക്കുമായി നമ്മുടെ കുട്ടികളുടെ മാര്‍ക്ക് താരതമ്യപ്പെടുത്തി അവരെ കുറ്റപ്പെടുത്താതിരിക്കുക. തങ്ങള്‍ കഴിവ് കുറഞ്ഞവരാണ് എന്ന ധാരണ കുട്ടികളെ മാനസികമായി തകര്‍ക്കുകയും അന്തര്‍മുഖരാക്കുകയും ചെയ്യാം. മാത്രമല്ല കുട്ടികളുടെ ആത്മവിശ്വാട്ട്‌തെ ഇത് സാരമായി ബാധിക്കാം. അറിയുന്ന ചോദ്യങ്ങള്‍ക്ക് പോലും ശരിയായി ഉത്തരം എഴുതാനുള്ള കഴിവ് വരെ അവര്‍ക്ക് നഷ്ടപ്പെട്ടേക്കാം.

അവരെ കുറ്റപ്പെടുത്തുന്നതിനു പകരം സമാധാനിപ്പിക്കാം. അടുത്ത തവണ നിനക്ക് കഴിയും എന്ന് തോളില്‍ തട്ടി പറയാം. അതവരില്‍ ഉണ്ടാക്കുന്ന മാറ്റം വളരെ വലുതായിരിക്കും.

D . കഴിവുകളെ പ്രോത്സാഹിപ്പിക്കുക.

തന്റെ മക്കളുടെ അഭിരുചിയും കഴിവുകളേയും ആദ്യം കണ്ടെത്തേണ്ടതും പ്രോല്‍സാഹിപ്പിക്കേണ്ടതും മാതാപിതാക്കള്‍ ആയിരിക്കണം. കഴിവുകള്‍ വളര്‍ത്താനുള്ള സാഹചര്യവും അവര്‍ക്കൊരുക്കി കൊടുക്കുക.

E. നല്ല ശീലങ്ങളെ അംഗീകരിക്കുക.

ഒരു നല്ല ശീലം അഥവാ പ്രവൃത്തി നമ്മുടെ കുട്ടികളില്‍ കണ്ടാല്‍ അതിനെ അംഗീകരിക്കാം. ഒരു മുഖഭാവത്തില്‍ക്കൂടെയെങ്കിലും. അതവര്‍ക്കൊരു ഇന്‍സ്പിറേഷന്‍ ആയിരിക്കുകയും ജീവിതത്തിലുടനീളം അതാവര്‍ത്തിക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യാം.

F. തങ്ങളുടെ ഭാവി തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്ക് നല്കുക.

ഇതൊരു പ്രധാന പോയിന്റ് ആണ്. കാരണം 1718 വയസ്സോടെ പ്ലസ് ടു കഴിയും. പിന്നീട് ഉന്നത വിദ്യാഭ്യാസത്തിനു തങ്ങളുടെ ഇഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് മിക്ക രക്ഷിതാക്കളും ശ്രമിക്കുക. പക്ഷെ ഓര്‍ക്കുക ഇത് നിങ്ങളുടെ കുട്ടിയോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയാണ്.

ഉദാഹരണത്തിന് കംമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയില്‍ അതീവ താല്പര്യമുള്ള കുട്ടിയെ ഇന്നെല്ലാവരും പഠിക്കുന്ന ശാഖയാണ് എന്ന് പറഞ്ഞു നിര്‍ബന്ധിച്ചു ലക്ഷങ്ങള്‍ മുടക്കി മെഡിക്കലിനു ചേര്‍ത്താല്‍ എന്ത് സംഭവിക്കും? ഒന്നുകില്‍ ആ കുട്ടി മുഴുമിക്കാന്‍ കഴിയാതെ ഇടയ്ക്കു വെച്ച് നിര്‍ത്തും. അതല്ലെങ്കില്‍ ഇഷ്ടമില്ലാതെ പഠിച്ചു പാസായി ഒരു ഡോക്ടര്‍ ആവും. പക്ഷെ മനസ് മുഴുവന്‍ കമ്പ്യൂട്ടര്‍ ആയതിനാല്‍ തന്റെ ജോലിയില്‍ ഒരിക്കലും ഉയരാന്‍ ആ കുട്ടിക്ക് കഴിയണം എന്നില്ല. അതിനു പകരം കുട്ടിയുടെ താല്പര്യത്തിനു വിട്ടാല്‍ ഒരു പക്ഷെ ബില്‍ഗേറ്റോ, സുക്കര്‍ബര്‍ഗോ ഒക്കെയായി കുട്ടി മാറാം.

നിങ്ങള്‍ നല്ല രക്ഷിതാവാണോ? സ്വയം പരിശോധിക്കാം.

1. നിങ്ങള്‍ അനാവശ്യമായി കുട്ടികളുടെ മുന്‍പില്‍ ഗൌരവം നടിക്കാറുണ്ടോ?
2. നിങ്ങള്‍ കുട്ടികളെ വഴക്ക് പറയുമ്പോള്‍ അവരുടെ ഭാഗം കേള്‍ക്കാറുണ്ടോ?
3. കുട്ടികളുടെ വായില്‍ നിന്നും അശ്ലീല/ലൈംഗികത വന്നാല്‍ നിങ്ങള്‍ എന്ത് ചെയ്യും?
4. കുട്ടികളോട് കളിക്കാനും, അവരുടെ ഇഷ്ടങ്ങള്‍ അറിയാനും നിങ്ങള്‍ ശ്രമിക്കാറുണ്ടോ
5. കുട്ടികളുമായി നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്നയളാണോ നിങ്ങള്‍?
6. മനസിലെ സ്‌നേഹം നിങ്ങള്‍ പ്രകടിപ്പക്കാറുണ്ടോ

നല്ല രക്ഷിതാവല്ല ഞാന്‍ എന്ന തിരിച്ചറിവില്‍ നിങ്ങള്‍ എത്തിയാല്‍ പിന്നെ വൈകരുത്. എത്രയും പെട്ടെന്ന് നല്ല രക്ഷിതാക്കളായി മാറാന്‍ ശ്രമിക്കുക. വേണമെങ്കില്‍ നല്ല കൌണ്‍സിലറുടെ ഉപദേശം തേടുക. കാരണം നമ്മുടെ മക്കള്‍ക്ക് വേണ്ടിയാണ് നാം കഷ്ടപ്പെടുന്നതും, അധ്വാനിക്കുന്നതും എല്ലാം.

കടപ്പാട് : www.malabarbeats.com

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate