অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മൂത്രപ്പഴുപ്പ് സ്വയംചികിത്സ അരുത്

മൂത്രപ്പഴുപ്പ് സ്വയംചികിത്സ അരുത്

മൂത്രാശയത്തിന്റെ ഘടനാവ്യതിയാനങ്ങൾ മൂത്രക്കടച്ചിലിന് ഒരു കാരണമാണ്. മൂത്രസഞ്ചിയിൽ കെട്ടിനിൽക്കുന്ന മൂത്രം എളുപ്പം അണുബാധയ്ക്ക് വിധേയമാകും. മൂത്രത്തിന്റെ പുറത്തേക്കുള്ള ഒഴുക്കിന് തടസ്സമുണ്ടാക്കുന്ന എന്തും ഇങ്ങനെ മൂത്രം കെട്ടിനിൽക്കാൻ കാരണമാകും. പ്രായമായ സ്ത്രീകളിൽകാണുന്ന മൂത്രദ്വാരം ചുരുങ്ങിപ്പോകൽ, പുരുഷന്മാരിൽ കാണുന്ന മൂത്രനാളിയുടെ ചുരുങ്ങൽ, പ്രോസ്റ്റേറ്റ്ഗ്രന്ഥി വീക്കം, മൂത്രസഞ്ചിയിലെ കല്ലുകൾ ഇവയെല്ലാംതന്നെ മൂത്രം കെട്ടിനിൽക്കാനും പഴുപ്പിനും കാരണമാണ്. ചില രോഗങ്ങൾ മൂത്രസഞ്ചിയുടെ ശക്തികുറയാൻ കാരണമാകുന്നു. മുഴുവൻ മൂത്രവും പുറത്തോട്ടുകളയാനുള്ള കഴിവ്‌ കുറയുമ്പോഴും മൂത്രം കെട്ടിനിൽക്കാം. പിന്നെ മൂത്രസഞ്ചിയിൽനിന്ന്‌ വൃക്കയിലേക്ക് മൂത്രം തിരിച്ചുപോവുമ്പോഴും വൃക്കയിൽ കല്ല്, മൂത്രനാളിയിൽ കാണുന്ന തടസ്സങ്ങൾ എന്നിവയും മൂത്രപ്പഴുപ്പിന് കാരണമാണ്.

പ്രമേഹരോഗികൾ, ഗർഭിണികൾ എന്നിവരിൽ മൂത്രപ്പഴുപ്പ് വരാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങൾ കൊണ്ടുതന്നെ അണുബാധ മനസ്സിലാക്കാം. മൂത്രം പരിശോധിച്ച് അണുബാധയുടെ കാഠിന്യവും രോഗാണുവിന്റെ വിധവും മനസ്സിലാക്കാം. ഏതൊക്കെ ആന്റിബയോട്ടിക്കുകളാണ് അണുവിന് ഹാനികരം എന്നും മനസ്സിലാക്കാം. മറ്റുപരിശോധനകൾ ചെയ്യുന്നത് രോഗിയുടെ ചില വിശേഷതകൾ നോക്കിയാണ്. രക്തപരിശോധന, സ്കാനിങ് എന്നിവ വേണ്ടിവരും ചിലരിൽ. ഇടവിട്ടുവരുന്ന മൂത്രപ്പഴുപ്പ്, പ്രമേഹം, ഗർഭിണികൾ, പാർക്കിൻസോണിസം തുടങ്ങിയ രോഗമുള്ളവർ ഇവർക്ക് കൂടുതൽ പരിശോധനവേണം. തുടരെയുണ്ടാവുന്ന മൂത്രപ്പഴുപ്പിന്റെ കാരണം കണ്ടുപിടിച്ച് ചികിത്സചെയ്യാനാണ് ഇത്തരത്തിൽ പരിശോധനകൾ കൂട്ടുന്നത്. ഒരു സാധാരണ മൂത്രപരിശോധന ആദ്യം നടത്തണം. പഴുപ്പിന്റെ കോശങ്ങൾ ധാരാളമായി കാണും ചിലപ്പോൾ രക്തകോശങ്ങളും കാണും. ചിലപ്പോൾ പഴുപ്പിന്റെ കോശങ്ങൾ വളരെ കുറവായിരിക്കും. എന്നാൽ, രോഗലക്ഷണങ്ങൾ കൂടുതലുണ്ടാവും. ചിലപ്പോഴൊക്കെ ഇങ്ങനെ കാണാറുണ്ട്‌. ഇതുപോലെ വലിയ രോഗലക്ഷണങ്ങൾ ഇല്ലാത്ത ഒരാളുടെ മൂത്രത്തിൽ പഴുപ്പിന്റെ കോശങ്ങൾ കൂടുതലായി കാണാറുണ്ട്‌. മൂത്രം കൾച്ചർ പരിശോധനയ്ക്ക്‌ വിധേയമാക്കി ചികിത്സ നിശ്ചയിക്കണം.

സാധാരണയായി കാണുന്ന രോഗാണുക്കൾ ഇ-കോളി, ക്ലബ്സില്ല, സ്യൂഡോമോണസ്‌ എന്നിവയാണ്‌. ആന്റിബയോട്ടിക്‌ ഉപയോഗിച്ച്‌ ഇവയെ നിർമാർജനംചെയ്യണം. ഇതെല്ലാം ഒരു ഡോക്ടറുടെ നിർദേശപ്രകാരമേ ചെയ്യാവൂ. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ആന്റിബയോട്ടിക്കുകൾ നിശ്ചയിച്ച്‌ ഉപയോഗിക്കുന്ന സ്വഭാവം നല്ലതല്ല. കാരണം, ഇത്‌ പലപ്പോഴും അപൂർണമാവുകയും ഈ ആന്റിബയോട്ടിക്കുകളെ ചെറുത്തുനിൽക്കാൻ കഴിവുള്ള രോഗാണുക്കൾ ഉണ്ടാവാനുള്ള സാധ്യത കൂടുകയുംചെയ്യും. എല്ലാവർക്കും എല്ലാ പരിശോധനകളും ആവശ്യമില്ലെങ്കിലും കുടുംബഡോക്ടറുടെ ഉപദേശംതേടിമാത്രം ചികിത്സചെയ്യണം.അണുബാധയുടെ കാഠിന്യമനുസരിച്ച്‌ ആസ്പത്രിയിൽ കിടത്തിച്ചികിത്സ വേണ്ടിവരും. വൃക്കയിലുള്ള പഴുപ്പ്‌, ഗർഭിണികളിൽകാണുന്ന പഴുപ്പ്‌, മറ്റു അനുബന്ധരോഗമുള്ളവർ, കുട്ടികളിൽകാണുന്ന രോഗാണുബാധ എന്നിവ ഗൗരവമായി കാണേണ്ടതാണ്‌.

ക്ഷയരോഗമുണ്ടാക്കുന്ന അണുക്കൾ ശ്വാസകോശത്തിൽ മാത്രമല്ല രോഗമുണ്ടാക്കുക. ശരീരത്തിന്റെ ഏതുഭാഗത്തും അത്‌ പ്രശ്നങ്ങളുണ്ടാക്കാം. വൃക്കയിലും മൂത്രാശയത്തിന്റെ മറ്റു ഭാഗങ്ങളിലും ഇത്‌ പഴുപ്പുണ്ടാക്കും. സാധാരണ ഒരു മൂത്രപ്പഴുപ്പുപോലെ തുടങ്ങുമെങ്കിലും പിന്നീട്‌ രോഗലക്ഷണങ്ങൾ വേറിട്ടുകാണിച്ചുതുടങ്ങും. ഇത്‌ ഗുരുതരമായ ഒരു രോഗമാണ്‌. എന്നാൽ, നേരത്തെ ചികിത്സ നടത്തിയാൽ ഏതാണ്ട്‌ പരിപൂർണമായി മാറ്റാവുന്നതാണ്‌.പറഞ്ഞുവന്നത്‌ എന്താണെന്നുവെച്ചാൽ മൂത്രപ്പഴുപ്പ്‌ ലാഘവമായി കാണേണ്ട ഒന്നല്ല. ഒളിച്ചുകിടക്കുന്ന ഒരു വലിയരോഗത്തിന്റെ മുന്നറിയിപ്പ്‌ ആവാമത്‌.

അവസാനിപ്പിക്കുന്നതിനുമുമ്പ്‌ ഒന്നുകൂടി ആവർത്തിക്കട്ടെ. രോഗം വരാതിരിക്കുന്നതാണ്‌ രോഗം ചികിത്സിക്കുന്നതിനേക്കാൾ അഭികാമ്യം. വ്യക്തിശുചിത്വം വളരെ പ്രധാനപ്പെട്ടതാണ്‌. ഹണിമൂൺ സിസ്റ്റെറ്റിസ്‌ എന്ന്‌ തമാശരൂപേണ പറയുന്ന ഒരു 'രോഗ'മുണ്ട്‌. മലയാളത്തിൽ പറഞ്ഞാൽ മധുവിധുനാളുകളിൽ കാണുന്ന മൂത്രപ്പഴുപ്പ്‌. ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ വരാൻ സാധ്യതയുള്ളതുകൊണ്ടാണ്‌ ഈ പേര്‌. ഇത്‌ തടയാൻ വ്യക്തിശുചിത്വം വളരെ അത്യാവശ്യമാണ്‌. രണ്ടുവ്യക്തികളും ബന്ധത്തിനുമുമ്പും ശേഷവും മൂത്രം ഒഴിച്ചുകളയുക, ഗുഹ്യഭാഗങ്ങൾ സോപ്പുപയോഗിച്ച്‌ വൃത്തിയാക്കുക, രോമം മുറിച്ചുമാറ്റുക എന്നിവയിൽ ശ്രദ്ധവേണം. ധാരാളം വെള്ളം കുടിക്കുകയും മൂത്രം പിടിച്ചുവെയ്ക്കാതെ ഒഴിച്ചുകളയുകയുംവേണം.ആഹാരക്രമം വളരെ പ്രധാനമാണ്‌. എരിവ്‌, കൊഴുപ്പ്‌ എന്നിവ കുറയ്ക്കുകയും കൂടുതൽ പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവ ഉപയോഗിക്കുകയും ചെയ്യണം. പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിക്കുന്നത്‌ നല്ലത്‌. മൂത്രത്തിൽ പഴുപ്പ്‌ ഒരു നിസ്സാരരോഗമായി കാണരുത്‌. യഥാസമയം ചികിത്സതേടിയാൽ വലിയപ്രശ്നങ്ങൾ ഒഴിവാക്കാം.

അവസാനം പരിഷ്കരിച്ചത് : 1/11/2022



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate