অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മൂക്കില്‍ നിന്നുള്ള രക്തം വരവ്

മൂക്കില്‍ നിന്നുള്ള രക്തം വരവ്

യഥേഷ്‌ടം രക്‌തക്കുഴലുകളുടെ സംഗമസ്‌ഥാനമായ മൂക്കിൽ നിന്ന്‌ രക്‌തം വരുന്നതിന്‌ പല കാരണങ്ങളുണ്ട്‌. വിരലും പെൻസിലും പേനയുമുൾപ്പെടെ കൈയിൽ കിട്ടിയതെന്തും മൂക്കിൽ ഇടുന്ന കുട്ടികൾക്ക്‌ അത്‌ തന്നെയാണ്‌ പ്രധാനകാരണം. മൂക്കിനകത്തെ എല്ലിന്റെ കൂർപ്പ്‌ രക്‌തക്കുഴലിനെ മുറിപ്പെടുത്തുക, സൈനസൈറ്റിസ്‌, കൂടിയ ബ്ലഡ്‌ പ്രഷർ, പരിക്കുകൾ, മൂക്കിലെ ദശ, രക്‌തം കട്ട പിടിക്കാതിരിക്കാനുള്ള മരുന്നുകളുടെ ഉപയോഗം, അലർജി, ചില രാസവസ്‌തുക്കളുമായുള്ള സമ്പർക്കം, തുടർച്ചയായ മൂക്കൊലിപ്പ്‌, മൂക്കിനകത്തെ മുഴകൾ, ഓക്‌സിജൻ സപ്ലൈ ചെയ്യാൻ വേണ്ടി തുടർച്ചയായി നേസൽ കാനുല ഉപയോഗിക്കുന്നത്‌ തുടങ്ങി അപൂർവ്വമായി ആദ്യം പറഞ്ഞ ലൂക്കീമിയ വരെ മൂക്കിൽ നിന്നും രക്‌തം വരുന്നതിന്‌ കാരണമാകാം. ഹൃദയസ്‌തംഭനം, തുടർച്ചയായ കരൾ രോഗം, രക്‌തം കട്ട പിടിക്കാതിരിക്കുന ഐടിപി/ഹീമോഫീലിയ പോലുള്ള രോഗങ്ങൾ, വൈറ്റമിൻ സി/വൈറ്റമിൻ കെ തുടങ്ങിയവയുടെ കുറവ്‌ എന്നിവയും ഈ അവസ്‌ഥയുണ്ടാക്കാം.

ഇതിൽ മിക്കവയും ജീവാപായം ഉണ്ടാക്കുന്ന അവസ്‌ഥകളല്ല, ചികിത്സയുണ്ട്‌ താനും. മൂക്കിന്‌ മീതേ മൂക്കിന്റെ മൃദുലമായ ഭാഗത്ത്‌ തള്ളവിരലും ചൂണ്ടുവിരലും കൊണ്ട്‌ മൂക്ക്‌ ചീറ്റാൻ പിടിക്കുന്നത്‌ പോലെ 5-10 മിനിറ്റ്‌ പിടിക്കുക, തല മുന്നോട്ട്‌ കുനിച്ച്‌ പിടിക്കുക, ഡോക്‌ടർ നിർദേശിച്ച നേസൽ സ്‌പ്രേ ഉപയോഗിക്കുക തുടങ്ങിയവ ചെയ്യാം. എന്നിട്ടും രക്‌തം നിലച്ചില്ലെങ്കിൽ, നേസൽ പാക്കിംഗ്‌ വഴി രക്‌തം നിർത്താൻ ഇ.എൻ.ടി ഡോക്‌ടർക്ക്‌ സാധിക്കും. എല്ലാത്തിലുമുപരി രക്‌തം വരാനുണ്ടായ കാരണത്തെ ചികിത്സിക്കും. എന്നിട്ടും തുടരുകയാണെങ്കിൽ ചെറിയ ശസ്‌ത്രക്രിയകളിൽ അഭയം തേടേണ്ടി വന്നേക്കാം.

എന്നാൽ, അപകടത്തെ തുടർന്നുണ്ടായ രക്‌തസ്രാവം, മൂക്ക്‌ വിരലുകൾ കൊണ്ട്‌ അര മണിക്കൂറോളം അമർത്തിപ്പിടിച്ചിട്ടും രക്‌തം നിലയ്‌ക്കാതിരിക്കുക, സുഗമമായ ശ്വസനത്തെ ബാധിക്കുന്ന തരത്തിലുള്ള രക്‌തസ്രാവം, ഇടക്കിടെ രോഗം വന്നു പോകുന്ന അവസ്‌ഥ, രണ്ട്‌ വയസ്സിൽ താഴെ പ്രായമുള്ള രോഗി എന്നീ അവസരങ്ങളിൽ മടിക്കാതെ ചികിത്സ തേടണം.

ഗർഭിണികളിൽ മൂക്കിൽ നിന്ന്‌ രക്‌തം വരുന്നത്‌ അത്ര അപൂർവ്വമല്ല. ഗർഭകാലത്ത്‌ സ്വാഭാവികമായി വികസിക്കുന്ന രക്‌ത ചംക്രമണവ്യവസഥ കാരണം 'തൊട്ടാൽ പൊട്ടും' എന്ന അവസ്‌ഥയിലാകും ഗർഭിണിയുടെ മൂക്കിനകത്തെ രക്‌തക്കുഴലുകൾ. ഈ അവസ്‌ഥയിൽ മേൽപ്പറഞ്ഞ ഏത്‌ കാരണം ഉണ്ടായാലും ഗർഭമില്ലാത്ത സ്‌ത്രീയെ അപേക്ഷിച്ച്‌ ഗർഭിണിക്ക്‌ മൂക്കിൽ നിന്നും രക്‌തം വരാൻ സാധ്യത കൂടുതലാണ്‌. ചെയ്യേണ്ട പ്രഥമശുശ്രൂഷകൾക്ക്‌ മാറ്റമില്ല. എന്നാൽ, മൂക്കിലെ രക്‌തവും കൊണ്ട്‌ കിടക്കരുത്‌. കാരണം, രക്‌തം മൂക്കിൽ നിന്നും വയറിലേക്കിറങ്ങി ഓക്കാനവും ഛർദ്ദിയും ഉണ്ടാകാം, ശ്വാസകോശത്തിൽ കയറിയാൽ അണുബാധയുമുണ്ടാകാം.

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate