অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മുടികൊഴിച്ചിലും കഷണ്ടിയും

മുടികൊഴിച്ചിലിനും കഷണ്ടിക്കും പിന്നിലെന്ത്?

മുടികൊഴിച്ചിൽ എല്ലാവരിലും കണ്ടുവരുന്ന ഒരു അവസ്ഥയാണ്. മുടി കൊഴിയുമ്പോൾ അതിനനുസരിച്ച് പുതിയ മുടി വളരുന്നു. ഈ കൊഴിച്ചിലും വളർച്ചയും തമ്മിൽ ബാലൻസ് ഇല്ലാതാകുമ്പോൾ മാത്രമാണ് ശ്രദ്ധ കൊടുക്കേണ്ടി വരുന്നത്. ജനിച്ചാൽ മരിക്കുന്നതുവരെയും കൊഴിച്ചിലും വളർച്ചയും ഉണ്ടാകും. മുടിയുടെ ആയുർദൈർഘ്യം കഴിയുമ്പോൾ മുടി കൊഴിയണം.

സാധാരണ രീതിയിൽ 40 മുതൽ 60 മുടി വരെ ഒരു ദിവസം കൊഴിയാറുണ്ട്. കൂടുതൽ മുടി ഉള്ളവരെ സംബന്ധിച്ച് ഈ കൊഴിച്ചിൽ ഒരു പ്രശ്നമല്ല. എന്നാൽ കുറവുള്ളവരെ സംബന്ധിച്ച് മാനസിക പിരിമുറുക്കത്തിലേക്കു വരെ നയിക്കുന്ന ഒരു സംഭവം തന്നെയാണ്. കാര്യമായ മുടികൊഴിച്ചിൽ ഉണ്ടെങ്കിൽ മാത്രം ചികിത്സയെക്കുറിച്ച് ചിന്തിച്ചാൽ മതിയാകും.

പുരുഷൻമാരിൽ സാധാരണ 20നും 25 വയസ്സിനും ഇടയിലാണ് മുടികൊഴിച്ചിൽ കണ്ടുവരുന്നത്. പെൺകുട്ടികളിൽ ആദ്യ മെൻസ്ട്രൽ സൈക്കിളിനു ശേഷമാണ് സാധാരണ കൊഴിച്ചിൽ കാണുന്നത്. ഹോർമോണൽ പ്രശ്നങ്ങളാണ് ഇവിടെ വില്ലനാകുന്നത്. കുട്ടികളിലെ മുടികൊഴിച്ചലിനു പ്രധാനകാരണം സ്ട്രെസ്സ് ആണ്. 

മുടികൊഴിച്ചിലിനെ നമുക്കു പലതായി തംതിരിക്കാം. സാധാരണ ആണുങ്ങളിൽ കാണുന്നതിനെ കഷണ്ടി അഥവാ Male pattern baldness എന്നു പറയും. സ്ത്രീകളിൽ മുടിയുടെ ഉള്ളു കുറഞ്ഞു വരുന്നതിനെ Female alopecia എന്നും പറയും. 

പുരുഷൻമാരിൽ 60 ശതമാനത്തിനും Male pattern baldness ആണു കണ്ടു വരുന്നത്. 20 വയസ്സു തൊട്ടാണ് ഇതിന്റെ ലക്ഷണങ്ങൾ കണ്ടുവരുന്നത്. രണ്ടു ജനറേഷനു മുൻപ് 35–40 വയസ്സിലായിരുന്നു ഇതു സാധാരണയായി കണ്ടുവന്നിരുന്നത്. എന്നാൽ ഇപ്പോഴത്തെ ജനറേഷനിൽ 25–30 വയസ്സ് ആകുമ്പോഴേക്കും പല പുരുഷൻമാരും കഷണ്ടി എന്ന സ്റ്റേജിലേക്കെത്തുന്നു. പുറകു വശത്തെ മുടി മാത്രം നിന്നുകൊണ്ട് ബാക്കിയുള്ള ഭാഗം മുഴുവൻ കഷണ്ടിയാകുകയാണ് സാധാരണ കാണാറ്. 

അച്ഛന്റെയോ അമ്മയുടെയോ കുടുംബത്തിൽ കഷണ്ടി പാരമ്പര്യമാണെങ്കിൽ ഇതു ബാധിക്കാം. പാരമ്പര്യ ഘടകങ്ങൾ ഉണ്ടെങ്കിൽ അതു പുറത്തു കണ്ടു തുടങ്ങേണ്ടത് ഒരു 40–45 വയസ്സിലാണ്. നേരത്തേ കഷണ്ടി ആകുന്നുണ്ടെങ്കിൽ അതിനു പിന്നിൽ മറ്റു കാരണങ്ങളുമുണ്ടാകാം. അതെന്താണെന്നു കണ്ടുപിടിച്ച് ചികിത്സയിലേക്ക് പോകുകയാണെങ്കിൽ ഉറപ്പായും ഇതിനെ പ്രതിരോധിക്കാൻ സാധിക്കും.

ടെൻഷൻ വേണ്ട, മുടി കൊഴിച്ചിൽ തനിയെ മാറും

ഹോർമോൺ മാറ്റങ്ങൾ, തൈറോയ്ഡ് പ്രശ്നങ്ങൾ എന്നിവയാണ് പുരുഷൻമാരിലെ മുടികൊഴിച്ചിലുനു പ്രധാന കാരണം. 20–നും 30 നും ഇടയിലാകും മിക്ക പുരുഷൻമാരും ജോലി അന്വേഷിച്ചോ ഉന്നത വിദ്യാഭ്യാസത്തിനായോ ഒക്കെ വീടു വിട്ട് മാറി നിൽക്കേണ്ടി വരിക. ഈ സ്ഥലം മാറ്റവും സ്ട്രെസുമൊക്കെ പലപ്പോഴും മുടികൊഴിച്ചിലുനുള്ള കാരണങ്ങളിലേക്കുള്ള സാധ്യത കൂട്ടുന്നു. 

ഹോർമോണുകളെ അടിസ്ഥാനപ്പെടുത്തിയാണ് സ്ത്രീകളിൽ മുടികൊഴിച്ചിൽ സംഭവിക്കുക. തടി കൂടുക, തൈറോയ്ഡ് പ്രശ്നങ്ങളുണ്ടാകുക, പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രമിന്റെ ലക്ഷണങ്ങൾ, തടി കൂട്ടുക– കുറയ്ക്കുക, പോഷകാഹാരക്കുറവ്, പ്രസവത്തിനു മുമ്പും ശേഷവുമുള്ള സമയം എന്നിവയെല്ലാം ഹോർമോൺ സംതുലനത്തെയും ബാധിക്കും. ചില മരുന്നുകളുടെ പാർശ്വഫലമായും കൊഴിച്ചിൽ ഉണ്ടാകാം. ആർത്തവവിരാമത്തോടനുബന്ധിച്ചും ഇതു സംഭവിക്കാം. പുരുഷൻമാരിലെ കഷണ്ടി പോലെയുള്ള അവസ്ഥ സ്ത്രീകളിൽ വളരെ അപൂർവമായേ സംഭവിക്കാറുള്ളു. 100 പേരിൽ ഒരാൾക്കു മാത്രമേ ഈ അവസ്ഥ കാണാൻ സാധിക്കൂ. 

മുടി പാച്ചു പോലെ കൊഴിഞ്ഞു പോകുന്നതാണ് മറ്റൊരവസ്ഥ. ആദ്യം 25 പൈസാ വട്ടത്തിലും പിന്നീട് അതിന്റെ അളവ് വലുതായി വലുതായി അത്രയും ഭാഗം മുടി ഇല്ലാത്ത അവസ്ഥയിലേക്കെത്തുന്നു. നമ്മുടെ രോഗപ്രതിരോധ വ്യൂഹത്തിന്റെ പ്രശ്നങ്ങൾ കൊണ്ടാണ് ഇതു സംഭവിക്കുന്നത്. ടെൻഷനും സമ്മർദവും കൂടുന്ന സാഹചര്യത്തിലും ഈ പ്രശ്നങ്ങൾ കാണാറുണ്ട്. തലയിലെ മുടി മൊത്തത്തിൽ കൊഴിഞ്ഞു പോകുക, ദോഹമാസകലമുള്ള മുടി നഷ്ടപ്പെടുക എന്നീ അവസ്ഥകളും കണ്ടു വരാറുണ്ട്. ഈ അവസ്ഥയിൽ നഖത്തിൽ വരെ ഇതിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്. 

ചിലരാകട്ടെ ഉള്ള മുടി സ്വന്തമായി പറിച്ചു കളയുന്നവരാണ്. ഇതൊരു സൈക്കോളജിക്കൽ കണ്ടീഷൻ ആണെന്നു പറയാം. നമ്മുടെ രാജ്യത്ത് ഇതു വളരെ കുറവാണ്. എന്നാൽ വെസ്റ്റേൺ കൺട്രീസിൽ ഇതു നല്ല അളവിൽതന്നെയുണ്ട്. 

മുടി കൊഴിച്ചിലിനെക്കുറിച്ച് ചിന്തിച്ച് ടെൻഷനടിച്ച് വീണ്ടും കൊഴിച്ചിലിന്റെ അളവു കൂട്ടുന്നവരാണ് നമ്മിൽ പലരും. ഇതു മാറ്റാാൻ പറ്റുന്നതാണെന്ന ഉറപ്പ് നൽകുന്നതുതന്നെ വലിയൊരു ആശ്വാസമാകും. ഇതുവഴി കൊഴിച്ചിലിന്റെ അളവു കുറയ്ക്കാനും സാധിക്കും.

മുടി സംരക്ഷിക്കാം

മുടിയുടെ വളർച്ചയെ ബാധിക്കുന്ന ധാരാളം ഘടകങ്ങളുണ്ട്. ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ നല്ല മുടി വളരുകയുള്ളു. മുടിയുടെ നീളവും തരവും ജനിതകവുമായി ബന്ധപ്പെട്ടിരിക്കുന്നു. ടൈഫോയ്ഡ്, മലേറിയ പോലുള്ള ശാരീരികമായ അസുഖങ്ങൾ, താരൻ, പൂപ്പൽ പോലുള്ള തലയിലെ അസുഖങ്ങൾ , വിറ്റമിനുകളുടെയും ആവശ്യത്തിനുള്ള പോഷകങ്ങളുടെയും കുറവ് എന്നിവയെല്ലാം മുടി വളർച്ചയെ ബാധിക്കുന്ന ഘടകങ്ങളാണ്. ടെൻഷൻ, സ്ട്രസ്സ് എന്നിവ മുടികൊഴിച്ചിലിലേക്കും നയിക്കും. അത്രയും സങ്കീർണമാണ് മുടിയുടെ വളർച്ച. 

മുടി കൊഴിഞ്ഞു തുടങ്ങുമ്പോൾതന്നെ കാണുന്ന എണ്ണകളുടെയും ജെല്ലുകളുടെയും ഷാംപൂവിന്റെയുമൊക്കെ പിറകേ പായാൻ ടെൻഡൻസി കൂടുതലാണ് നമ്മളിൽ പലർക്കും. ശരിക്കും പറഞ്ഞാൽ നമ്മുടെ ശരീരത്തിന് ഒരുതരത്തിലുള്ള എണ്ണയുടെയും ആവശ്യമില്ല. പുറംരാജ്യങ്ങളിലുള്ളവർ എണ്ണ ഉപയോഗിക്കാതെ ഷാംപൂ മാത്രം ഉപയോഗിക്കുന്നവരാണ്. ഇവിടെ സ്ഥിതി അങ്ങനെയല്ല. 

കുളിക്കു മുൻപും കുളി കഴിഞ്ഞുമൊക്കെ തലയിൽ എണ്ണ തേയ്ക്കുന്നവരുണ്ട്. തലയോട്ടി ക്ലീനായി ഇരിക്കണമെന്നു മാത്രമേയുള്ളു. ഇതുതന്നെയാണ് അടിസ്ഥാനപരമായി ചികിത്സയിലും ചെയ്യുന്നത്. പിഎച്ച് വാല്യു നോർമൽ ആയിട്ടുള്ള ഷാംപൂവും എണ്ണയും ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 

മുടി സ്ട്രെയ്റ്റനിങ്, കളറിങ് എന്നിവ ഇപ്പോൾ ട്രെൻഡിങ്ങാണ്. നല്ല ആരോഗ്യമുള്ള മുടിയിൽ ഇവ ചെയ്യുന്നതിൽ മറ്റു പാർശ്വഫലങ്ങളൊന്നുമുണ്ടാകില്ല. മുടി കൊഴിച്ചിൽ ടെൻഡൻസി ഉള്ള സമയങ്ങളിൽ ഇവ ചെയ്യാതിരിക്കുന്നതാകും നല്ലത്. ഇവ ചെയ്യുന്നതിനു മുൻപ് ഒരു വിദഗ്ധോപദേശം സ്വീകരിക്കുന്നത് നല്ലതാകും. കളർ ചെയ്യുമ്പോൾ ആദ്യം ചെയ്ത കളർ പോയതിനു ശേഷം മാത്രം അടുത്തത് തിരഞ്ഞെടുക്കുക. ഇതിലുള്ള കെമിക്കലുകൾ എപ്പോഴും മുടിയെ പോസിറ്റീവായി ബാധിക്കണമെന്നില്ല. സ്ട്രോങ് ഷാംപൂവും സ്ട്രെയ്റ്റനിങും കളറിങും പലപ്പോഴും മുടിയുടെ ഗുണമേൻമയെ ബാധിക്കാറുണ്ട്. സ്ട്രെയ്റ്റൻ ചെയ്ത് ഒരു മൂന്നു മാസം കഴിയുമ്പോൾ പലരിലും മുടികൊഴിച്ചിൽ കൂടുന്നതായും കാണുന്നുണ്ട്. എന്നാൽ ആരോഗ്യമുള്ള മുടിയെ ഇതൊന്നും ബാധിക്കാറുമില്ല.

കഷണ്ടി വന്നോട്ടെ.. ഇനി പേടിച്ചോടേണ്ട

അയ്യോ.. ഞാൻ കഷണ്ടിയായിക്കൊണ്ടിരിക്കുകയാണോ എന്നോർത്ത് ഇനി ടെൻഷനടിക്കേണ്ട കാര്യമില്ല. മറ്റുള്ളവരുടെ കരത്തുറ്റ മുടി കണ്ട് എന്തൊരു മുടി എന്നു പറഞ്ഞ് അസൂയപ്പെടേണ്ടതുമില്ല. ഡിഎച്ച്ഐ ( ഡയറക്ട് ഹെയർ ഇംപ്ലാന്റേഷൻ) വഴി കരുത്തുറ്റത്തും അഴകേറിയതുമായ മുടി നിങ്ങൾക്കും സ്വന്തമാക്കാം. 

സാധാരണ രണ്ടുരീതിയിലാണ് കഷണ്ടി പ്രത്യക്ഷമാകുന്നത്. ഒന്ന്് മുടിയുടെ ഉള്ളു കുറഞ്ഞുവരിക. ഇവിടെ സുഷിരങ്ങൾ നശിക്കുന്നില്ല. രണ്ടാമത്തേതിൽ സുഷിരങ്ങൾ നശിക്കും. ഇത്തരം സാഹചര്യങ്ങളിൽ അവിടെ എണ്ണയോ ക്രീമുകളോ ഒക്കെ ഉപയോഗിച്ചാലും ഫലം കിട്ടില്ല. ഇവിടെ ട്രാൻസ്പ്ലാന്റേഷൻ മാത്രമേ ചെയ്യാൻ സാധിക്കൂ. 

എത്ര കഷണ്ടി കയറിയ വ്യക്തികളിലും ഡോണർ ഏരിയ( ഉച്ചിക്കു താഴെയുള്ള സ്ഥലം) യിൽ മുടി അവശേഷിക്കുന്നുണ്ടാകും. അവിടെ നിന്നും മുടിയുടെ റൂട്ട്സ് എടുത്ത് മുടി വയക്കേണ്ട സ്ഥലത്ത് പിടിപ്പിക്കുന്നു. ഡോണർ ഏരിയയുടെ ക്വാളിറ്റിയും തിക്ക്നസും അനുസരിച്ചാകും ട്രാൻസ്പ്ലാന്റ് നിർണയിക്കപ്പെടുന്നത്. 

ഒരിക്കൽ എടുത്ത മുടി നല്ല രീതിയിൽ ഇംപ്ലാന്റ് ചെയ്താൽ അതു സ്ഥിരമായി ആജീവനാന്തകാലം വരെ നിലനിൽക്കും. മുടി ഡോണർ ഏരിയയിൽ നിന്നെടുത്തു കഴിഞ്ഞാൽ 8 മുതൽ 10 മണിക്കൂറുനുള്ളിൽതന്നെ അത് തലയിൽ പിടിപ്പിച്ചിരിക്കണം. കഷണ്ടി വന്ന ആളിന് ആത്രയും ഭാഗം മുഴുവൻ പിടിപ്പിക്കാനുള്ള മുടി ചിലപ്പോൾ ഡോണർ ഏരിയയിൽ നിന്നു കിട്ടണമെന്നില്ല. ആ വ്യക്തിയെ അനുസരിച്ചാകും ക്വാളിറ്റിയും മറ്റും തീരുമാനിക്കപ്പെടുക. 

ട്രാൻസ്പ്ലാന്റ് ചെയ്ത മുടി വളർത്താം, വെട്ടാം, കളർ ചെയ്യാം തുടങ്ങി നിങ്ങൾക്കിഷ്ടപ്പെട്ട സ്റ്റൈലുകളെല്ലാം കാണിക്കാം. കഷണ്ടി വന്ന ഭാഗത്ത് അഞ്ചു മുതൽ ആറു മാസത്തിനുള്ളിൽ സാധാരണ പോലെ മുടി വളർന്നിട്ടുമുണ്ടാകും.

ട്രാൻസ്പ്ലാന്റ് ചെയ്യുന്നതിനു മുമ്പും ശേഷവും

ഡിഎച്ച്ഐ ചെയ്യുന്നത് നല്ല പരിശീലനം ലഭിച്ച സർട്ടിഫൈഡ് ഡോക്ടർമാരുടെ അടുത്തു നിന്നാകണം. ട്രാൻസ്പ്ലാന്റ് ചെയ്യുന്നതിനു മുമ്പും ശേഷവും ആ വ്യക്തി ചെയ്തിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. മദ്യപാനശീലം ഉള്ളവരാണെങ്കിൽ ട്രാൻസ്പ്ലാന്റ് ചെയ്യുന്നതിനു രണ്ടു ദിവസം മുന്നേ മദ്യം നിർത്തണം. ട്രാൻസ്പ്ലാന്റ് ചെയ്യുന്ന ദിവസം രാവിലേ ചായയോ കോഫിയോ കുടിക്കാൻ പാടില്ല. ഏതെങ്കിലും രീതിയിലുള്ള മരുന്നുകൾ സ്ഥിരമായി കഴിച്ചുകൊണ്ടിരിക്കുന്നവരാണെങ്കിൽ ചിലപ്പോൾ അതു നിർത്തേണ്ടിയും വരും. ഡിഎച്ച്ഐക്കു മുന്‍പ് നിർബന്ധമായും ചെയ്തിരിക്കേണ്ട ചില ടെസ്റ്റുകളുമുണ്ട്. 

ലോക്കൽ അനസ്തേഷ്യയിലാണ് ട്രാൻസ്പ്ലാന്റേഷൻ ചെയ്യുന്നത്. അലോപേഷ്യ ടെസ്റ്റ് നടത്തി മുടിയുടെ അളവ് എടുത്തിട്ടാണ് എങ്ങനെ പ്ലാന്റ് ചെയ്യണം എന്നു തീരുമാനിക്കുക. യാതൊരുവിധ പാർശ്വഫലങ്ങളുമുണ്ടാകില്ല എന്നതുതന്നെയാണ് ഇതിന്റെ പ്രത്യേകത. യാതൊരു റെസ്റ്റും എടുക്കേണ്ട സാഹചര്യം വരുന്നില്ല. അടുത്ത ദിവസം മുതൽ ഓഫീസിലോ മറ്റു ജോലികൾക്കോ ഒക്കെ പോകാനും സാധിക്കും. 

ഓരോ വ്യക്തിയുടെയും മുഖത്തിന്റെ ഘടന അനുസരിച്ചാകും എങ്ങനെയാണ് ഇംപ്ലാന്റ് ചെയ്യേണ്ടത് എന്നതിന്റെ രൂപരേഖ തയാറാക്കുക. നീളത്തിലുള്ള മുഖം, വട്ടമുഖം എന്നിവ ഇതിന് ആസ്പദമായിരിക്കും. എത്ര എണ്ണം മുടിയാണ് വച്ചു പിടിപ്പിക്കുന്നത് എന്നതനുസരിച്ചായിരിക്കും ഇതിന്റെ സമയദൈർഘ്യം തീരുമാനിക്കപ്പെടുക. എന്തായാലും ഒരുദിവസം വേണ്ടിവരുമെന്നു സാരം. 

യാതൊരുവിധ പാർശ്വഫലങ്ങളുമില്ലാത്തതിനാൽതന്നെ ട്രാൻസ്പ്ലാന്റ് കഴിഞ്ഞുള്ള അടുത്ത നിമിഷം മുതൽതന്നെ ആ വ്യക്തിക്ക് സാധാരണ ജീവിത്തതിലേക്കു മടങ്ങാനും സാധിക്കും. തല കീറുന്നു, സർജറി ചെയ്യുന്നു തുടങ്ങിയ ട്രാൻസ്പ്ലാന്റേഷനെക്കുറിച്ചുള്ള മിഥ്യാധാരണകൾ ഇപ്പോഴും പലർക്കുമിടയിലുണ്ട്. എന്നാൽ ഇവിടെ അങ്ങനെയൊന്നും സംഭവിക്കുന്നില്ല. മാത്രമല്ല ഇതൊരു വേദനാരഹിത പ്രക്രിയയുമാണ്. 

കഷണ്ടി കയറിയത് ഓർത്ത് വിഷമിക്കുന്ന ആളാണോ നിങ്ങൾ? എങ്കിൽ ഇന്നുതന്നെ ഡിഎച്ച്ഐക്കു റെഡിയായിക്കൊള്ളു. എന്നിട്ടു കഷണ്ടിയോട് ഒരു ഗുഡ്ബൈ അടിച്ചോളൂ

ഹെയർ ഡൈ ഉപയോഗിക്കുമ്പോൾ

ഹെയർഡൈകൾക്ക് ആൺ സൗന്ദര്യത്തിൽ ഒഴിവാക്കാനാകാത്ത സ്ഥാനമാണുള്ളത്. മുടിക്കു വേറിട്ട നിറങ്ങൾ നൽകുന്നതു മുതൽ നരയുടെ വെള്ളിരേഖകളെ കറുപ്പിച്ച് ചെറുപ്പമാക്കുന്നതു വരെയുള്ള ദൗത്യങ്ങൾ ആൺ സൗന്ദര്യത്തിനായി ഡൈകൾ നിറവേറ്റുന്നു. ഏത് ഹെയർ ഡൈ തിരഞ്ഞെടുക്കുമ്പോഴും ആദ്യം ശ്രദ്ധിക്കേണ്ടത് അതു സ്വന്തം ചർമത്തിന് ഇണങ്ങുമോ എന്നാണ്. 

പ്രമുഖ കമ്പനികളുടെ ബ്രാന്റഡ് ഡൈകളാണു തിരഞ്ഞെടുക്കുന്നതെങ്കിലും അതിലടങ്ങിയിരിക്കുന്ന ദൂഷ്യഫലങ്ങളുണ്ടാക്കുന്ന രാസവസ്തുക്കളുടെ പേര് കമ്പനി പായ്ക്കറ്റിൽ രേഖപ്പെടുത്താറില്ല. മുടിക്ക് കൂടുതൽ കറുപ്പു നിറം പകരാനായി മിക്ക ഡൈകളിലും പാരാസിനഡിൻഡൈയാമിൻ എന്ന രാസവസ്തു ചേർക്കാറുണ്ട്. ഇത് ഗുരുതരമായ ചർമരോഗങ്ങളുണ്ടാക്കും. 

ഇത്തരം ദോഷങ്ങളില്ലാതെ ഹെയർഡൈകൾ ഉപയോഗിക്കാനായാണ് ചിലർ ഹെർബൽ ഡൈകൾ തേടിപ്പോകുന്നത്. എന്നാൽ, എല്ലാ ഹെർബൽ ഡൈകളിലും പ്രകൃതിദത്ത വസ്തുക്കൾ മാത്രമല്ല അടങ്ങിയിരിക്കുന്നത്. 

ചിലതരം ഹെർബൽ ഡൈകളിൽ ഹെന്ന അടങ്ങിയിട്ടുണ്ടാകും. ഒറിജിനൽ ഹെർബൽഡൈ തിരിച്ചറിയാൻ മാർഗമുണ്ട്. ഒരു മഗിലോ ചെറിയ പാത്രത്തിലോ അല്പം പൊടിയെടുത്ത് വെള്ളം ചേർത്തു നോക്കുക. പൊടിയുടെ മുകൾ ഭാഗത്ത് ബ്രൗൺ നിറമാണെങ്കിൽ ഡൈയിലെ പ്രധാന ചേരുവ ഹെന്ന ആണെന്ന് ഉറപ്പിക്കാം. 

എന്നാൽ, കാപ്പിപ്പൊടിയുടെ നിറമാണുണ്ടാകുന്നതെങ്കിൽ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന പാരാസിനഡിൻ ഡൈയാമിൻ എന്ന രാസവസ്തു ആയിരിക്കും അതിൽ അടങ്ങിയിട്ടുള്ളത്. ഈ ഡൈ ഉപയോഗിക്കാതിരിക്കുകയാണു നല്ലത്. 

കൺപീലിയിലോ പുരികത്തിലോ ഹെയർ ഡൈ ഉപയോഗിക്കരുത്. ഇതു കാഴ്ച ഇല്ലാതാക്കുന്നതിനു വരെ കാരണമാകാം. ഹെയർ ഡൈയുടെ പായ്ക്കറ്റിൽ ഉപയോഗക്രമം രേഖപ്പെടുത്തിയിട്ടുണ്ടാകും. അതു പാലിക്കുക. കൂടുതൽ സമയം ഡൈ തലയിൽ പുരട്ടി വച്ചാൽ കൂടുതൽ കറുക്കും എന്ന ധാരണ തെറ്റാണ്. ഡൈ ഉപയോഗിച്ച ശേഷം 25 മനിറ്റിനു ശേഷം ശുദ്ധജലത്തിൽ ഡൈ കഴുകിക്കളയണം.

കടപ്പാട് : മലയാള മനോരമ

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate