অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മാറുന്ന ജീവിതശൈലി രോഗങ്ങള്‍

മാറുന്ന ജീവിതശൈലി രോഗങ്ങള്‍

മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി പുതുതലമുറയ്ക്കു സമ്മാനിക്കുന്നത് നിരവധി രോഗങ്ങളാണ്. ശരിയായ ആഹാരവും ചിട്ടയായ വ്യായാമവും ആരോഗ്യസംരക്ഷണത്തിന് അവശ്യഘടകങ്ങളാണ്. മുന്‍തലമുറയിലുള്ളവരുടെ ചിട്ടയായ ജീവിതരീതി ഒരുപരിധിവരെ രോഗങ്ങളെ അകറ്റിനിര്‍ത്താന്‍ സഹായിച്ചിരുന്നു. എന്നാല്‍ അതില്‍നിന്നു വ്യത്യസ്തമായി മാറിയ ഭക്ഷണരീതിയും വ്യായാമം ഇല്ലായ്മയും വര്‍ധിച്ചുവരുന്ന മാനസികസംഘര്‍ഷങ്ങളും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗം, അമിതവണ്ണം, ക്യാന്‍സര്‍ തുടങ്ങിയവ ജീവിതശൈലി രോഗങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. രോഗംവന്ന് ചികിത്സിക്കുന്നതിനെക്കാള്‍ രോഗംവരാതെ നോക്കുന്നതാണ് പ്രധാനം. അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണരീതി ജീവിതശൈലി രോഗങ്ങളുടെ പ്രധാന കാരണമാണ്. കൃത്യസമയത്ത് ശരീരത്തിന് ഹിതമായ ആഹാരമാണ് കഴിക്കേണ്ടത്. അമിതമായി കൊഴുപ്പടങ്ങിയവയും കൃത്രിമ ചേരുവകളുള്ളവയുമായ ആഹാരങ്ങളുടെ സ്ഥിരമായ ഉപയോഗം ഭാവിയില്‍ മാറാരോഗങ്ങള്‍ ക്ഷണിച്ചുവരുത്തും. പ്ളാസ്റ്റിക്പാത്രങ്ങളില്‍ പായ്ക്ക്ചെയ്തും ടിന്നിലടച്ചും വിപണിയില്‍ ലഭ്യമാകുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ചൈനീസ് ഫാസ്റ്റ്ഫുഡ് വിഭവങ്ങളില്‍ സ്വാദ്കൂട്ടനായി ഉപയോഗിക്കുന്ന അജിനോമോട്ടോ (മോണോസോഡിയം ഗ്ളൂട്ടാമേറ്റ്)യുടെ സ്ഥിരമായ ഉപയോഗം നമ്മുടെ തലച്ചോറിനെയും ദഹനവ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്നു. ആരോഗ്യം ബലത്തെ ആശ്രയിച്ചിരിക്കുന്നു. തിരിക്കുപിടിച്ച ജീവിതത്തിലെ വ്യായാമമില്ലായ്മ, ഒരേ ഇരിപ്പിലുള്ള ജോലി ഇവയും ജീവിതശൈലി രോഗങ്ങള്‍ക്ക് കാരണമാകുന്നു. തെറ്റായ ആഹാരവിഹാരങ്ങള്‍ മാത്രമല്ല, അമിതചിന്ത, കോപം തുടങ്ങിയ മനഃസംഘര്‍ഷങ്ങളും ദീര്‍ഘകാലത്തില്‍ രോഗോല്‍പാദരായി വര്‍ത്തിക്കുന്നു. ഇന്ന് കുട്ടികളില്‍ കണ്ടുവരുന്ന ഒട്ടുമിക്ക രോഗങ്ങളും ഗര്‍ഭാവസ്ഥയില്‍ അമ്മയുടെ തെറ്റായ ജീവിതശൈലിയുടെ പ്രത്യാഘാതങ്ങളാണ്. പ്രമേഹം. ശരീരത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിക്കുന്ന രോഗാവസ്ഥയാണ് പ്രമേഹം. മുതിര്‍ന്നവരില്‍ കാണപ്പെടുന്ന ടൈപ്പ് രണ്ട് പ്രമേഹമാണ് സര്‍വസാധാരണമായി കണ്ടുവരുന്നത്.  തുടര്‍ച്ചയായി അനുഭവപ്പെടുന്ന മൂത്രശങ്ക, അമിതദാഹം, വിശപ്പ്, പെട്ടെന്നുണ്ടാകുന്ന ഭാരക്കുറവ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പ്രമേഹചികിത്സയില്‍ ജീവിതശൈലി ക്രമീകരണത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ചിട്ടയായ ഭക്ഷണക്രമവും നിത്യേനയുള്ള വ്യായാമവും അത്യാവശ്യമാണ്. പ്രമേഹരോഗികള്‍ അന്നജം കൂടുതലായി അടങ്ങിയ അരി, പഞ്ചസാര, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയുടെ ഉപയോഗം ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് കുറയ്ക്കുക. റാഗി, റവ, ഓട്സ്, ഇലക്കറികള്‍, പയറുവര്‍ഗങ്ങള്‍ ഇവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്താനും ശ്രദ്ധിക്കണം. പ്രമേഹചികിത്സ ഏറെ സൂക്ഷിച്ചുചെയ്യേണ്ടതും, ഡോക്ടറുടെ നിര്‍ദേശപ്രകാരം ദീര്‍ഘകാലം ശീലിക്കേണ്ടതുമാണ്. രക്തസമ്മര്‍ദം 'നിശബ്ദകൊലയാളി' എന്നറിയപ്പെടുന്ന ഉയര്‍ന്ന രക്തസമ്മര്‍ദം, തലവേദന, ഉറക്കക്കുറവ്, ഹൃദയഭാഗത്ത് അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങളോടെ ഉണ്ടാകുന്നു. അമിതവണ്ണം, മാനസികപിരിമുറുക്കം, ഉപ്പിന്റെ അമിതോപയോഗം തുടങ്ങിയവ ഈ രോഗത്തിന്റെ കാരണങ്ങളില്‍ ചിലതാണ്. കൊഴുപ്പുണ്ടാക്കുന്ന പാല്‍, മുട്ട, തൈര് മുതലായവയുടെ ഉപയോഗം കുറയ്ക്കുക, ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക, അതോടൊപ്പം മാനസികാരോഗ്യത്തോടെ വര്‍ത്തിക്കുകവഴി ഒരുപരിധിവരെ ഉയര്‍ന്ന രക്തസമ്മര്‍ദത്തെ അകറ്റിനിര്‍ത്താന്‍ കഴിയും. ഹൃദയസംബന്ധമായ രോഗങ്ങള്‍ ഹൃദയത്തെ സംരക്ഷിക്കുക എന്നതാണ് ആരോഗ്യത്തിലേക്കുള്ള താക്കോല്‍. ഇന്ന് ക്യാന്‍സര്‍ബാധിച്ച് മരിക്കുന്നതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍മൂലമാണ് മരണത്തിന് കീഴടങ്ങുന്നത്. തുടര്‍ച്ചയായുള്ള ശ്വാസതടസ്സം, കാലുകളില്‍ നീര്‍വീക്കം, നെഞ്ചില്‍നിന്ന് ഇടതുകൈയിലേക്ക് വ്യാപിക്കുന്ന വേദന ഇവ ഹൃദ്രോഗലക്ഷണങ്ങളാണ്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, അമിതവണ്ണം, പുകവലി, വ്യായാമമില്ലായ്മ, കുടുംബപാരമ്പര്യം എന്നിവ ഹൃദ്രോഗത്തിലേക്കു നയിക്കുന്ന ചില കാരണങ്ങളാണ്. ഹൃദയത്തിന്റെ ആരോഗ്യത്തിനു ഹിതകരമായ രീതിയിലുള്ള ഭക്ഷണക്രമം പാലിക്കണം. ഫാസ്റ്റ്ഫുഡ്, അധികമായി മുളകും മസാലയും ചേര്‍ന്നതും എണ്ണയില്‍ വറുത്തതും പൊരിച്ചതുമായവ ഒഴിവാക്കുക, നാരിന്റെ അംശവും ആന്റിഓക്സിഡന്റുകളും കൂടുതലായി അടങ്ങിയ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ ഇവ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുകവഴിയും പുകയില, മദ്യപാനം, അമിതമാനസികസമ്മര്‍ദം ഒഴിവാക്കുകവഴിയും ഹൃദ്രോഗത്തെ ഒരുപരിധിവരെ അകറ്റിനിര്‍ത്താന്‍ സാധിക്കും. ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് താഴെപറയുന്ന മാര്‍ഗങ്ങള്‍ ശീലിക്കാവുന്നതാണ്്. അമിതവണ്ണം ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ധിക്കുന്ന അവസ്ഥയാണ് അമിതവണ്ണം (അതിസ്ഥൌല്യം) എന്നു വിളിക്കുന്നത്. ബോഡിമാസ് ഇന്‍ഡെക്സ്-ബിഎംഐ  25-30 ആണെങ്കില്‍ അമിതവണ്ണമുണ്ടെന്നും ബിഎംഐ 30നുമുകളിലാണെങ്കില്‍ പൊണ്ണത്തടിയുണ്ടെന്നും പറയുന്നു. അമിതവണ്ണം മൂലം ടൈപ്പ് രണ്ട് പ്രമേഹം, ഹൃദ്രോഗങ്ങള്‍ ഇവ വരാനുള്ള സാധ്യത വര്‍ധിക്കുന്നു. ഭക്ഷണത്തില്‍ കൊഴുപ്പിന്റെ ആധിക്യം, വ്യായാമക്കുറവ്, ജനിതക കാരണങ്ങള്‍ ഇവ പൊണ്ണത്തടിക്ക് വഴിവയ്ക്കുന്നു. അതുകൊണ്ടുതന്നെ ഭക്ഷണക്രമീകരണവും വ്യായാമവുമാണ് അമിതവണ്ണത്തിനുള്ള പ്രതിവിധി.

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate